സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



നിലനില്‍പ്പിനു വേണ്ടിയുള്ള സമരം - ഡാര്‍വിന്‍ തിയറി

December 21, 2010 സുരേഷ് ബാബു

"ത്ഫൂ !!...
നായിന്റെ മോന്‍ ...!"
രാഘവന്‍ നായര്‍ രാവിലെ തന്നെ മകനെ ഞാന്‍ നിന്റെ തന്തയല്ല എന്നറിയിച്ചു ..
"നാല് ചക്രം കിട്ടുന്ന കാര്യം അവന് ആക്ഷേപമാണ് പോലും ..
ബാക്കിയൊള്ളോര് ഒരോരുത്തന്റെ മുന്നീ തലേം ചൊറിഞ്ഞ് കൈയും കാലും പിടിച്ചു ഒരു വിധം ഒപ്പിച്ചെടുത്തപ്പോ ഇവിടുത്തെ തമ്പുരാന് കുറച്ചിലാണ് പോലും ..
കാശ് മാത്രമല്ല കാര്യം ..ചെയ്യുന്ന തൊഴിലിനു മാന്യത വേണമത്രേ ..

ത്ഫൂ ! സ്റ്റയിലന്‍ കഴുവേറി" !!

അയാള്‍ നീട്ടി തുപ്പുന്നതിനിടയില്‍ ഈണത്തില്‍ തെറി വിളിച്ചു .
വര്‍ഷങ്ങളായി ശ്രീമാന്‍ രാഘവന്‍ നായര്‍ അവര്‍കള്‍ സ്വപുത്രന്‍ രവിയോടുള്ള അഗാധമായ പുത്രവാത്സല്യം ഒട്ടും മറയില്ലാതെ പ്രകടമാക്കുന്ന വേളകളില്‍ ഒന്നാണ് ഇപ്പോള്‍ കണ്ടത് ..

"നിങ്ങള്‍ക്ക് രാവിലെ തന്നെ വാ തുറന്നു നല്ല വര്‍ത്തമാനം എന്തേലും പറഞ്ഞൂടെ മനുഷ്യാ ..
ഒന്നുമില്ലേലും അവനൊരു ജോലിക്കാര്യത്തിനു പോകുവല്ലേ..
'പിള്ളേ തല്ലിയാല്‍ തള്ളയ്ക്കു കൊള്ളുമെന്ന് ' ഭാര്‍ഗ്ഗവിയമ്മ..കണവനെ ബോദ്ധ്യപ്പെടുത്തി..
"പിന്നേ...മൂന്നു കൊല്ലം ഡിഗ്രിക്ക് ചെരയ്ക്കാന്‍ നടന്നിട്ട് കഷ്ടിച്ച് കിട്ടിയ പാസ് സര്‍ട്ടിഫിക്കെറ്റും കൊണ്ടു ചെന്നാലുടനെ നിന്റെ മോനെ അവര് സബ് കലക്ടറാക്കാന്‍ പോവല്ലേ ..
നാളത്തെ പത്രത്തില് നാല് കോളം വാര്‍ത്തേം കാണും ..നീ ഒരുങ്ങിയിരുന്നോ "...

"ഇതും കൂടി കിട്ടിയില്ലെങ്കിലും എന്നേക്കൊണ്ടു വയ്യാ ബ്രാണ്ടിക്കടെല് കണക്കപ്പിള്ളയാവാന്‍..
ഞാന്‍ മദ്യ വിരുദ്ധ സമിതി പ്രസിഡന്റാണെന്ന കാര്യം ഈ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാവുന്ന പകല് പോലത്തെ സത്യമാ..
ഈ കരിങ്കാലിപ്പണിക്കു പോയാ പിന്നേ അവരെടെ ഒക്കെ മുഖത്ത് ഞാനെങ്ങനെ നോക്കും" .....
രവി തന്തപ്പടിക്ക് മുന്നില്‍ തന്റെ നയം വെട്ടിത്തുറന്നു വ്യക്തമാക്കി .
"അയ്യോ ! പ്രസിഡണ്ട് സാറ് നോക്കിയില്ലെങ്കില്‍ പിന്നേ അവര് വലത്തേ കൈ കൊണ്ടു ചായേം കുടിക്കില്ലാ ..ഇടത്തേ കൈ കൊണ്ടു ചന്തീം കഴുകില്ലാ "....

അച്ഛന് വല്ലപ്പോഴുമെങ്കിലും അല്‍പ്പം സംസ്കാരത്തോടെ സംസാരിച്ചൂടെ....
"
പ് ഫാ ! തന്തെ സംസ്കരിക്കരിക്കാനെറങ്ങിയേക്കുന്നു ഒരു പുണ്യവാളന്‍ ....നാട്ടുകാര് ഇപ്പഴും പറേന്നൊണ്ട് ...പോന്റെ പഴേ കൊണവതിയാരങ്ങള്..
വെറുതെയല്ല കാര്‍ന്നോന്മാര് പണ്ടേ പറഞ്ഞു വെച്ചത് ...വാഴ വെയ്ക്കണ്ട നേരത്ത്" ..............................

"നിങ്ങളൊന്നു നിര്‍ത്തുന്നുണ്ടോ ..പ്രായമായ ചെറുക്കനോടാ പറേന്നേന്നോര്‍ക്കണം"...
ഭാര്‍ഗ്ഗവിയമ്മ ഭര്‍ത്താവിനെ അര്‍ത്ഥ ശാസ്ത്രം മുഴുവിക്കാന്‍ അനുവദിച്ചില്ല.
"മ്ഹൂം ..പ്രായം ...പുന്നയ്ക്കാ മൂത്തിട്ടെന്തിനാ...മണ്ണീ വീണു പൊടിയാന്‍ കൊള്ളാം ..
മുടിയാനായോരോ ജന്മങ്ങള് "....അയാള്‍ പിറു പിറുത്തു കൊണ്ടു പുറത്തേയ്ക്കിറങ്ങി

"മോനിതൊന്നും കാര്യമാക്കണ്ടാ ...
അല്ലെങ്കീ തന്നെ ഇതിപ്പം ആദ്യ മായിട്ടൊന്നുമല്ലല്ലോ".
അവര്‍ മകനെ സമാധാനിപ്പിച്ചു ....
"നീ നേരം കളയാണ്ട് പോകാന്‍ നോക്ക് ....പോന്ന വഴി അമ്പലത്തീ കേറി തൊഴാന്‍ മറക്കണ്ടാ.."

രവി ഇരുണ്ട മുഖത്തോടെ അമ്മയോട് യാത്ര പറഞ്ഞിറങ്ങി ..
ബസ്‌ സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ അച്ഛന്റെ പുലഭ്യം പറച്ചില്‍ നിഴല്‍ പോലെ അയാളെ ആലോസരപ്പെടുത്തുന്നുണ്ടായിരുന്നു.. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഈ തെറി കഷായത്തിന്റെ കവര്‍പ്പ് ഒരു തവണ പോലും അളവ് തെറ്റാതെ പകര്‍ന്നു തരുന്നതില്‍ അച്ഛനൊരു പ്രത്യേക വിരുതു തന്നെ പ്രകടിപ്പിച്ചു പോന്നു. സാധാരണ എല്ലാ വീടുകളിലും ഇളയ കുട്ടിയോട് ഒരു പ്രത്യേക വാത്സല്യം ..വീട്ടുകാര്‍ക്കെല്ലാം ഉണ്ടായിരിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ....എനിക്കാ പ്രത്യേകത വേണ്ടാ... മറിച്ച് അച്ഛന്റെ വായില്‍ നിന്ന് ഒരിക്കലെങ്കിലും നാമ വിശേഷ ണങ്ങളാല്‍ അലങ്കരിക്കപ്പെടാതെ നാല് ചുമരുകള്‍ പൊളിഞ്ഞു വീഴാത്ത മൃദുലതയില്‍ 'മോനേന്ന്' ഒരു വിളി ....അത്രെയെങ്കിലും കാലം തെറ്റി പിറന്ന ഒരിള മുറക്കാരന്റെ അവകാശ രേഖയില്‍ ഉള്‍പ്പെടില്ലേ.....

കുട്ടിക്കാലത്ത് പലപ്പോഴും തന്നെ മടിയിലിരുത്തി നെറ്റിയിലേക്ക് അനുസരണയില്ലാതെ പടര്‍ന്നു കിടക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കി നിറ കണ്ണുകളൊപ്പി അമ്മ പറയുമായിരുന്നു......
"അച്ഛന് രവിക്കുട്ടനോട് സ്നേഹ മില്ലാഞ്ഞിട്ടൊന്നുമല്ല ....
അനുസരണക്കേട്‌ കാട്ടാണ്ട് ..ചീത്ത കൂട്ടൊന്നും കൂടാതെ നല്ല കുട്ടിയായി വളര്‍ന്നു മിടുക്കനാവാനല്ലേ അച്ഛന്‍ വഴക്ക് പറേന്നെ "....
പൊള്ളലേറ്റ ഒരു ബാല്യത്തിനു അമ്മയുടെ ഈ തേന്‍ പുരട്ടല്‍ കുറച്ചൊന്നുമല്ലാ ആശ്വാസം പകര്‍ന്നിരുന്നത് ....

ഒരു തവണ തെക്കിനിയിലെ സംസാരം ശ്രദ്ധിച്ചു നടന്നതാണ് ..തൂണിനു മറഞ്ഞ് നിന്നു കണ്ടു ..വടക്കേതിലെ ബാലന്‍ മാമയോടു വെടി പറഞ്ഞിരിക്കുകയാണ് അച്ഛന്‍ ..ഉണ്ണിയേട്ടന്‍ അച്ഛന്റെ പിറകില്‍ നിന്നും തോളില്‍ക്കൂടി രണ്ട് കൈയും മുന്നോട്ടു കൊരുത്ത് ഊഞ്ഞാല്‍ ആടുന്നു .......
സത്യമായിട്ടും അമ്മയുടെ തേന്‍ പുരട്ടല്‍ അങ്ങാടി മരുന്നുപോലെ വെറും കളിപ്പീര് മാത്രമാണെന്ന് മനസ്സിലായി.

അച്ഛന്റെ തുടര്‍ന്നുള്ള സംസാരം അതിന്റെ വിശ്വാസ്യതയെ ബലപ്പെടുത്തുകയും കൂടി ചെയ്തു..
"ബാലാ ...ഉണ്ണിയുടെ കാര്യത്തില്‍ എനിക്കൊരു പേടിയുമില്ലാ.
മിടുക്കനാ ഇവന്‍...ഇവന്‍ നല്ലൊരു നിലേലെത്തും ..
അതെനിക്കുറപ്പാ ....ഒരു സംശയവും വേണ്ടാ..

പക്ഷെ രണ്ടാമത്തേത് വിത തെറ്റി ഉണ്ടായതാ ...
കൂമ്പ് പോയ വാഴക്കന്ന് പോലെ ....
ഒന്നുകില് വിത്ത് ഗുണം പത്തു ഗുണാകണം ..
അല്ലാച്ചാ ഒരസുര ജന്മമെങ്കിലും..
ഇത് രണ്ടും കെട്ടതാ...വെറും മൊണ്ണ ..
ഗതി പിടിക്കുമെന്ന് തോന്നുന്നില്ലാ"...

"അങ്ങനെ തീര്‍ത്തൊരു വിധിയെഴുത്ത് വേണ്ട രാഘവേട്ടാ ...
രവി കുട്ടിയല്ലേ ...അവന്‍ നന്നായിക്കോളും ....
സമയം ഇനിയുമെത്ര കെടക്കുന്നു" ...
"ഇല്ല ബാലാ ..എനിക്ക് തീരെ പ്രതീക്ഷയില്ല ...
മുള കണ്ടാലറിയാം, വിള എങ്ങനാരിക്കൂന്നു .."

ഇടവപ്പാതിയിലെ മഴപോലെ തോര്‍ന്നു നിന്ന രണ്ട് കുഞ്ഞു കണ്ണുകള്‍ തൂണിനു പിറകില്‍ വീണ്ടും പെയ്തു തുടങ്ങി ....
വിത തെറ്റി ഉണ്ടായെതാണ് താനെന്നു പലപ്പോഴും അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട് ....പക്ഷേ അന്നൊന്നും അതിന്റെ പൊരുള്‍ പിടി കിട്ടിയിരുന്നില്ല .....

പത്താം തരത്തില് കഷ്ടപ്പെട്ടൊരു ഫസ്റ്റ് ക്ലാസ്സ് വാങ്ങീട്ടും അച്ഛന് വലിയ മതിപ്പൊന്നും ഇല്ലാരുന്നു ...
"ഇന്നത്തെക്കാലത്ത് ടെക്നിക്കലായിട്ടെന്തെങ്കിലും അറിഞ്ഞില്ലെങ്കില്‍ ജോലി തെണ്ടി തെക്കുവടക്ക് നടക്കാമെന്നെയുള്ളൂ .... പോളിക്കോ മറ്റോ നോക്കാമെന്ന് വെച്ചാല്‍ സയന്‍സിനും, കണക്കിനും കൊട്ടക്കണക്കിനാ മാര്‍ക്ക് വാങ്ങി കൂട്ടിയെക്കുന്നെ "....
അദ്ദേഹം ആധികാരികമായിത്തന്നെ ഒരു വിലയിരുത്തല്‍ നടത്തി..

അച്ഛന്‍ ഉണ്ണിയേട്ടനെ എന്ട്രന്‍സ് എഴുതിക്കുന്ന തിരക്കിലായിരുന്നു എന്നതാണ് സത്യം ...
അതിനടയില്‍ തന്റെ ഫസ്റ്റ് ക്ലാസ് വെറും ചേനക്കാര്യം മാത്രം.
ഒടുവില്‍ ബാലന്‍ മാമന്റെ മോന്‍ പ്രകാശേട്ടനാണ് കുറച്ച് ദൂരെയാണെങ്കിലും ടൌണിലെ കോളേജില്‍ പ്രീഡിഗ്രിക്ക് അഡ്മിഷന്‍ തരപ്പെടുത്തിയത് .....വീട്ടിലെ ശ്വാസം മുട്ടലില്‍ നിന്നും ശരിക്കും ഒരു മോചനം തന്നെയായിരുന്നു അത് ..

"എന്താ രവി ഇന്ന് ഇന്റര്‍വ്യൂ ഉണ്ടെന്നു തോന്നുന്നു ...
വേഷം കണ്ടിട്ട് ഊഹിച്ചതാണേ .".
എതിരെ വന്ന ശിവേട്ടന്റെ ചോദ്യം ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി ...
"മം .. പോണ വഴിയാ ..."
"എന്നാ പിന്നെ വൈകണ്ട ..
ബെസ്റ്റ് ഓഫ് ലക്ക് ..
വൈകിട്ട് ലൈബ്രറി വെച്ച്‌ കാണാം" ..
"ശരി ശിവേട്ടാ .."..
അയാള്‍ നടത്തം തുടര്‍ന്നു ..ഇന്നിനി ഒരു വേഷം കെട്ടല് വേണോ ?
സത്യം പറഞ്ഞാല്‍ തീരെ മൂഡില്ലാ..
അല്ലെങ്കീ തന്നെ സ്ഥിരം കലാപരിപാടിക്കപ്പുറം വലിയ പ്രതീക്ഷയ്ക്ക് സ്കോപ്പില്ല താനും ...
അയാള്‍ ടൈ ഊരി പോക്കറ്റിലിട്ടു ..ഇന്‍സേര്‍ട്ട് ചെയ്തിരുന്ന ഷേര്‍ട്ടു പുറത്തിട്ടു പാടവരമ്പത്തൂടെ വായനശാല ലക്ഷ്യമാക്കി നടന്നു ..

ഇപ്പൊ കൃഷി ഇല്ലാത്തോണ്ട് വരമ്പ് നിരന്നു റോഡു പോലെ ആയിരിക്കുന്നു. അച്ഛന്‍ വില്‍ക്കണേനു മുന്‍പ് തെക്കേ കണ്ടത്തിലെ മകരക്കൊയ്ത്തു ഇപ്പഴും നല്ല ഓര്‍മ്മയുണ്ട് ..തനിക്കു ഒരു പ്രത്യേക വിളിപ്പേര് അച്ഛന്‍ ഇട്ട് തന്നത് അക്കാലത്താണ് ...പ്രീ ഡിഗ്രിക്ക് ചേര്‍ന്ന സമയമാണ് ..അച്ഛനപ്പോഴും വീട്ടു പണി എടുപ്പിക്കുന്നതില്‍ ഒരു കുറവും വരൂത്തീട്ടില്ലാരുന്നു ..നെല്ല് വിളഞ്ഞതോടെ ശനീം ,ഞായറും പാടത്ത് കിളിയെ ഓടിക്കല്‍ അധിക ഡ്യൂട്ടിയായി ..

ഒരു ദിവസം അടുക്കളേല് അമ്മയോട് സങ്കടം പറഞ്ഞു നില്‍ക്കുവാരുന്നു ...
"അമ്മേ..ഞാനിനി പാടത്ത് പോകില്ല ..
കൂട്ടുകാര് മുഴുവന്‍ എന്നെ വിളിക്കുന്നതെന്താന്നു അറിയാമോ ?
'വെട്ടുക്കിളീന്നു '..
അച്ഛനോട് പറഞ്ഞേര് ..എന്നേ കൊന്നാലും ഞാനിനി പോവില്ലാ".

ഭാഗ്യത്തിന് അച്ഛനപ്പുറത്തുതന്നുണ്ടാരുന്നു ...വടക്കേപ്പുറത്തൂന്നു ചീറിക്കൊണ്ടാണ് അടുക്കളേലേയ്ക്ക് വന്നത് ...
"ന്നാ പിന്നേ.. തമ്പുരാന്‍ കാലും കൈയും കഴുകി എലേടെ മുന്നിലോട്ടിരുന്നാട്ടെ ......
മൂന്നു നേരം വെട്ടി വിഴുങ്ങാന്‍ നിന്റെ മറ്റവന്‍ പത്തായം നിറച്ചു വെച്ചേക്കുന്നോടാ അസത്തേ.......
അവന് നാണക്കേടാണ് പോലും ...
'സ്റ്റയിലന്‍ കഴുവര്‍ടാന്‍ മോന്‍' "
പിന്നീടും പല അവസരങ്ങളിലും അച്ഛന്‍ തന്നെ ഒരു സ്റ്റയിലനായി കണ്ടിട്ടുണ്ട് ....

ഡിഗ്രി ഫൈനലിയറിന് പഠിക്കുമ്പോഴായിരുന്നു വെള്ളിടി വെട്ടി നടക്കുന്നോനെ പാമ്പ് കടിച്ചൂന്നു പറഞ്ഞ പോലെ അത് സംഭവിച്ചത് ..അഞ്ചു കൊല്ലം പഠിച്ച കോളേജില്‍ ആരുമറിയാത്ത ഒരു മൂലയ്ക്കൊതുങ്ങി മാത്രമായിരുന്നു ..പഞ്ചാരക്കുട്ടന്മാരെ കൊണ്ടു നിറഞ്ഞ കാമ്പസില്‍ നാല് ചുരിദാറു പീസുകളെ ഒന്നിച്ചു കണ്ടാല്‍ തന്നെ തന്റെ മുട്ടിടിച്ചു വഴി മാറി ഓടുമായിരുന്നു. ഈ ഒരു വിറയല്‍ കൊണ്ടു മാത്രമാണ് ഒഴിവു സമയങ്ങളധികവും കോളേജ് ലൈബ്രറിയില്‍ കഴിച്ചു കൂട്ടിയത് .ഒരു തരം ഒളിച്ചോട്ടം ...

അങ്ങനെ ഒരു വെറും നിര്‍ഗുണ പരബ്രഹ്മമായി കാലം കഴിക്കുന്നതിനിടയിലാണ് വനജയെ പരിചയപ്പെടുന്നത് ..വെളുത്ത് വട്ട മുഖമുള്ള ഒരു മീഡിയം സുന്ദരി . ബി .കോം ഫൈനലിയര്‍ ബാച്ചിലാണ് . ലൈബ്രറിയില്‍ വെച്ച്‌ പുസ്തകങ്ങളുടെ പേരു ചോദിച്ചു തുടങ്ങിയ പരിചയപ്പെടല്‍.. പതുക്കെ അതൊരു നല്ല സൌഹൃദത്തിലേക്ക് വഴിമാറി ...പിന്നേ ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത സ്ഥിരം കാമ്പസ് ഫോര്‍മാറ്റില്‍ ഒരു പ്രണയ കഥ ...അവളെ കാണാന്‍ വേണ്ടി മാത്രം ലൈബ്രറിയിലേക്കുള്ള യാത്രകളുടെ എണ്ണം കൂടി ....

കാമ്പസിലെ പ്രണയങ്ങള്‍ വിരഹത്തിന്റെ ഇല കൊഴിക്കുന്ന മാര്‍ച്ച് മാസമായിരുന്നു അത് . പൈന്മരച്ചോട്തോറും പെയ്തൊഴിയാത്ത മേഘക്കീറുകള്‍ പോലെ മണിക്കൂറുകള്‍ സല്ലപിക്കുന്ന കുമാരികളും കുമാരന്മാരും, ..
തികച്ചും ഗൌരവപരമായ തീരുമാനങ്ങള്‍ രൂപം കൊള്ളുന്ന ഭാവിയുടെ ആസൂത്രണ കമ്മീഷന്‍ എന്ന നിലയ്ക്കാവും ഈ സമയത്തെ സല്ലാപങ്ങള്‍ ..

"നാളെ എനിക്കൊരു ജോലി ...
പിന്നേ ആരേം പേടിക്കേണ്ട കാര്യമില്ല
അത് വരെ നീ കാത്തിരിക്കില്ലേ..."
കേട്ടു മടുത്ത കുമാരന്റെ ചോദ്യത്തിന് ..
"നിനക്കെന്നെ വിശ്വാസമില്ലേ "..
എന്ന കുമാരിയുടെ പൊടി പിടിച്ച മറുചോദ്യം..

എക്സാം ഡേറ്റ് അടുത്ത സമയമായിരുന്നതിനാല്‍ കാമ്പസ് പൊതുവേ ശാന്തമായിരുന്നു ...
ലൈബ്രറിയില്‍ ചില ബുക്കുകള്‍ മടക്കി കൊടുത്തു തിരിച്ചു പോന്ന വഴി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിന്റെ
ഇടനാഴിയിലൂടെ കാന്റീന്‍ ലക്‌ഷ്യം പിടിച്ചു നടക്കുവാരുന്നു..ഇടതു വശത്തെ രണ്ടാമത്തെ ക്ലാസ് റൂമില്‍ നിന്നും ചില അടക്കിപ്പിടിച്ച സംസാരങ്ങള്‍ കേള്‍ക്കാം ..അടഞ്ഞു കിടന്ന ജനല്പ്പാളിയോടു ചെവി വട്ടം പിടിച്ചു ...ഇപ്പോള്‍ നേര്‍ത്ത ഒച്ചയില്‍ ചില ശീല്‍ക്കാരങ്ങള്‍ കേള്‍ക്കാം ..ഒരു ജിജ്ഞാസാ കുതുകിയുടെ ആവേശത്താല്‍ ഞാന്‍ ജനല്‍ പാളി തളളിത്തുറന്ന് നോക്കി ..ഞെട്ടിപ്പോയി അകത്തു പിടഞ്ഞു മാറിയ രണ്ട് അര്‍ദ്ധ നഗ്ന രൂപങ്ങള്‍ ..ആര്‍ട്സ് ക്ലബ് സെക്രട്ടറി ബിജു വര്‍ഗീസും ...ഒരു പെണ്‍കുട്ടിയും ..അവളേതാണെന്ന് പിടി കിട്ടിയില്ലാ ...അവന്‍ ജനലിലൂടെ പുറത്തേയ്ക്ക് ചാടിയതും താനവിടുന്നു ഓടിക്കഴിഞ്ഞിരുന്നു ..നേരെ കോളേജ് ഗേറ്റില്‍ ചെന്നാണ് അത് നിന്നത്..

ആദ്യം കിട്ടിയ ബസ്സിനു നേരെ വീട്ടിലേക്കു വെച്ച്‌ പിടിച്ചു ....ഉച്ചയൂണും കഴിഞ്ഞു മുറിയില്‍ കയറി വാതിലടച്ചു ..ഏതാണ്ടൊരു പത്തു മിനിട്ടായിക്കാണും ...ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു..അച്ഛന്റെ ഹലോ വിളി ഒരു തവണ കേട്ടു . തുടര്‍ന്ന് ഒരലര്‍ച്ച കേട്ടാണ് ചാടി എഴുന്നേറ്റത്.

"എടീ അവനിവിടില്ലേ ..
എടാ രവി .."
പേടിച്ചു വിറച്ചു അച്ഛന്റെ മുന്നില്‍ ഹാജരായി ...
വലതു കൈ വീശി ഇടത്തേ കവിളില്‍ ആഞ്ഞോരടി ..
വട്ടം കറങ്ങി നിലത്തു വീണു പോയി ..
"അയ്യോ !!
അമ്മ നിലവിളിച്ചു കൊണ്ടോടി വന്നു ..
"നിങ്ങക്കിതെന്തു പ്രാന്താ...
എന്തിനാ അവനെ തല്ലിയെ" ..
"നിന്റെ പുന്നാര മോനോട് തന്നെ ചോദിക്ക്.."
അമ്മ എന്‍റെ നേര്‍ക്ക്‌ നോക്കി ..
"എനിക്കൊന്നും അറിയില്ലമ്മേ ....സത്യം" ..
"ഇപ്പൊ ഫോണ്‍ വന്നത് ഇവന്റെ കോളേജീന്നാ."
താന്‍ അപ്പോഴും നെറ്റി ചുളിച്ചു നോക്കി ..
"ഒന്നുമറിയാത്ത പോലെ അവന്‍റെ നോട്ടം കണ്ടില്ലേ ..
തറവാടിന്റെ മാനം കളഞ്ഞ പട്ടി"..
അച്ഛന്‍ വീണ്ടും കൈ ഓങ്ങി ..
ഇത്തവണ അമ്മയുടെ സമയോചിതമായ ഇടപെടല്‍ അടുത്ത പ്രഹരത്തില്‍ നിന്നു രകഷപ്പെടുത്തി .
"നിങ്ങളെന്താ കാര്യമെന്ന് പറഞ്ഞെ ..
അമ്മ ഒച്ചയെടുത്തു ..
"ഈ സല്‍ഗുണ സമ്പന്നന്‍
ഒരു പെണ്ണിനെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു ..
പിള്ളേര് പിടിക്കാന്‍ ഓടിച്ചിട്ട്‌ ,രക്ഷപെട്ടു വന്നേക്കുവാണത്രേ..
പെണ്ണിന്റെ വീട്ടുകാര് പോലീസ് കേസ് കൊടുക്കാന്‍ പോകുവാ ..
അതോണ്ട് ഈ പട്ടീടെ മോന്റെ തന്തയായ ഞാന്‍ എത്രയും വേഗം അവിടെത്തണമെന്ന്..
ഇത്രയുമാണ് മംഗള വര്‍ത്തമാനം ..
എന്താ പോരെ .."

"ഇല്ലമ്മേ... ഞാനല്ല ..ഞാന്‍ കണ്ടതാ അവര് രണ്ടും "........
"പ് ഫാ..വായടയ്ക്കടാ നാറീ.."
ഇത്തവണ അമ്മയ്ക്ക് പ്രവര്‍ത്തിക്കാന്‍ സമയം കിട്ടും മുന്‍പേ ഒരെണ്ണം കൂടി കിട്ടി ..


പിന്നീട് നാണം കെട്ട് നരകിച്ച കുറെ ദിവസങ്ങള്‍ ..
പുറത്തിറങ്ങിയാല്‍ ആളുകളുടെ പരിഹാസച്ചിരി ...
ആത്മഹത്യെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട് ..പിന്നേ മനസ്സിലായി അതിനും മിനിമം ആത്മ ധൈര്യം ആവിശ്യമാണെന്ന്. ഒടുവില്‍ പ്രകാശേട്ടന്റെ ചില രാഷ്ട്രീയ പിടിപാടുകള്‍ വെച്ച്‌ അച്ഛന്‍ കുറെ പണിപ്പെട്ടാണ് എല്ലാം ഒതുക്കിയത് .

വനജയുടെ മുന്നില്‍ എല്ലാം തുറന്നു പറയാന്‍ ശ്രമിച്ചെങ്കിലും മുഴുവനാക്കാന്‍ കൂടി അവള്‍ നിന്നില്ലാ..
പിന്നീടൊരിക്കലും അവളെ കാണാന്‍ നിന്നിട്ടുമില്ലാ ..
വര്‍ഷങ്ങള്‍ക്കു ശേഷം ഒരുതവണ കണ്ടിരുന്നു ഭര്‍ത്താവുമൊന്നിച്ചു അമ്പലത്തില്‍ വെച്ച്‌ ..
വായനശാലയ്ക്കടുത്തു പുതിയ വീട് വെച്ചിരിക്കുന്നത് അവരാണത്രെ ...

ഒരേ ഒരാശ്വാസം അമ്മ മാത്രം തന്നെ മനസ്സിലാക്കി എന്നതാണ് ..
വിതുംമ്പലുകള്‍ക്കിടയില്‍ അമ്മയുടെ മന്ത്രണം ഇപ്പോഴും കാതിലുണ്ട് ....

"ന്റെ കുട്ടി അങ്ങനൊന്നും ചെയ്യില്ലാ ..എനിക്കുറപ്പാ ...
അതെന്റെ വിശ്വാസാ ..."

ഓര്‍മ്മകളില്‍ നിന്നുണര്‍ന്നു നോക്കുമ്പോഴേക്കും മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു ..
അയാള്‍ ഒന്നു രണ്ട് ബൂക്സുമെടുത്തു പുറത്തേയ്ക്കിറങ്ങി ...
തികച്ചും യാദുശ്ചികമായിട്ടാരുന്നു എതിരെ വന്ന വനജെയും കുട്ടിയേയും കണ്ടത് ..
അവള്‍ പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു :
"രവി ലൈബ്രറീന്നാരിക്കും."
"മം ..അതേ അയാള്‍ മൂളി ."..
"ഞങ്ങള്‍ ഒന്നു ടൌണ്‍ വരെ പോയതാ .....
അടുത്താഴ്ച ഹരിയേട്ടന്‍ കുവൈത്തീന്നൂ വരുന്നുണ്ട് ..
ഫാമിലീ വിസ ശരിയായിട്ടുന്ടെന്നു പറഞ്ഞു .....
ഞങ്ങളെക്കൂടി കൊണ്ടു പോകാനുള്ള .... വരവാ"
"നന്നായി".
അയാള്‍ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു..

"രവി ഇനിയെങ്കിലും ഒരു സ്ഥിര ജോലിക്ക് ശ്രമിക്കണം ..
ഒരു കല്യാണം കഴിക്കേണ്ട പ്രായവും കടന്നു പോകുവാന്നോര്‍ക്കണം .".

"മം ..ജോലി ശരിയായാലും മംഗലം പെട്ടെന്ന് നടക്കുമെന്ന് തോന്നുന്നില്ല ...
പട്ടാപ്പകല്‍ ഒരു പെണ്ണിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചവന് അത്ര വേഗം പെണ്ണ് കിട്ടുമോ ?
നല്ല കാര്യമായി !"

"പത്തു കൊല്ലം പഴക്കമുള്ളതിന്റെ റീ പോസ്റ്റ്മോര്ട്ടത്തെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത് ...
ആദ്യം അത് മനസീന്നു കളയാന്‍ നോക്കൂ.."
"മറവി എല്ലാരേം ഒരു പോലെ അനുഗ്രഹിച്ചൂന്നു വരില്ല വനജേ ....
ചിലര്‍ക്ക് ചിലപ്പോള്‍ അത് സാഹചര്യം ആവശ്യപ്പെടുന്ന ഒഴിവാക്കാനാകാത്ത ഒന്നാവും ..
നില നില്‍പ്പിന്റെ ഡാര്‍വിന്‍ തിയറി പോലെ ..
മറ്റു ചിലര്‍ക്ക് ജീവിതാവസാനം വരെ മനസ്സ് നീറ്റാന്‍ കനിഞ്ഞു കിട്ടുന്ന ഭാഗ്യവും"..

"രവി എങ്ങോട്ടാണ് പറഞ്ഞു പോകുന്നതെന്ന് മനസ്സിലായി ...
ഞാന്‍ മറന്നിട്ടൊന്നുമില്ല...ആ ഒരു സംഭവം കൊണ്ടൊന്നുമല്ല ഞാന്‍ രവിയില്‍ നിന്നകന്നത് ...
ഞാന്‍ അതൊന്നും വിശ്വസിച്ചിട്ടുമില്ല."

"പിന്നെ, എന്ത് കൊണ്ടു ഞാന്‍ രവിക്കൊരു താങ്ങായില്ലാന്നു ചോദിച്ചാല്‍ ..താന്‍ പറഞ്ഞത് തന്നെ ഉത്തരം ..
ഒരു പെണ്ണെന്ന നിലയില്‍ എനിക്ക് പരിമിതികളുണ്ടായിരുന്നു..
കൌമാരത്തിലെ പ്രണയത്തിനെ ഏതൊരു പെണ്ണിനും അതില്‍ കൂടുതലായി നെഞ്ചോട്‌ ചേര്‍ക്കാന്‍ കഴിയുമെന്നെനിക്ക് തോന്നുന്നില്ല...അതിന്റെ ആവിശ്യമില്ല താനും ....ഇന്നോര്‍ക്കുമ്പോള്‍ ഒരു തരം നൊസ്റ്റാള്‍ജിക്ക് ഫീലിംഗ്സ് അത്ര മാത്രം ..അന്നത്തെ ചുറ്റുപാടില്‍ എന്‍റെ വീട്ടുകാരെ അനുസരിക്കാതെ എനിക്കൊരു നില നില്‍പ്പില്ലാരുന്നു താനും ....എനിക്കിന്നും രവിയെ ഇഷ്ടമാണ് ..പൂര്‍വ കാമുകനായിട്ടല്ല ഒരു നല്ല മനുഷ്യന്‍ എന്ന നിലയില്‍ ....ഒരു നല്ല കൂട്ടുകാരന്‍ എന്ന നിലയില്‍"

"മ്ഹും ...അയാള്‍ ചുണ്ട് കോട്ടി ചിരിച്ചു ...
ഞാനൊന്ന് ചോദിച്ചോട്ടെ വനജേ ....
നാളെ ഹരി ഒരു പ്രത്യേക സാഹചര്യത്തില്‍ ...അതെന്തുമായിക്കോട്ടേ ....ഇത് പോലൊരു തിര്സ്കരണം നടത്തിയാല്‍ നീ അത് താങ്ങുമോ ?...ഇത്ര ലാഘവത്തോടെ അതിനെ കാണാന്‍ നിനക്ക് കഴിയുമോ?...
ഇല്ല ..കാരണം വ്യവസ്ഥാപിതമായ ഒരു ചങ്ങലക്കെട്ടിനുള്ളിലാണ് ആ ബന്ധം ..അതിന്റെ കണ്ണി പൊട്ടിയാല്‍ പിന്നെ ഈ കുട്ടി പോലും ഒരു ബാധ്യതയാണ് ....അത് കൊണ്ടു സൂക്ഷിച്ചേ പറ്റൂ ...
ആ ചങ്ങലക്കെട്ടിനു പുറത്തുള്ളതൊക്കെ എപ്പോ വേണേലും വലിച്ചെറിയാം ...

അന്ന് ആരോ ചെയ്ത തെറ്റിന് ഹോമിക്കപ്പെട്ട എന്‍റെ ജീവിതവും ഇങ്ങനെ തന്നെ" ..

"രവീ ഇവിടെയാണ്‌ ഞാന്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞതും ..
അന്ന് ആരോ തെറ്റ് ചെയ്തെന്നു പറഞ്ഞു ...
എന്നിട്ടവ്ര്‍ക്കെന്തു പറ്റി..
ആരെങ്കിലും അവരെ ശിക്ഷിച്ചോ ?"

"ജീവിതത്തെ പ്രായോഗിക ബുദ്ധിയിലൂടെ കാണുന്നവര്‍ കുറ്റവാളികളെപ്പോലെ തല കുനിച്ചു നില്‍ക്കാറില്ല ....തെറ്റും ശരിക്കുമപ്പുറം പിടി കൊടുക്കാതിരിക്കലാണ് ജീവിതം ..രവി കണ്ട തെറ്റ് ഒരു പക്ഷെ ഇന്നും അവര്‍ക്ക് തെറ്റായിരിക്കില്ല..ഈ ലോകത്ത് ഓരോരുത്തരും അവരുടെ സുഖം നോക്കി തന്നെയാണ് ജീവിക്കുന്നത് ..നേരിട്ട് പറ്റാത്തത് മറവിലൂടെയും സാദ്ധ്യമാക്കി വെള്ള പൂശി ജീവിക്കുന്നു ..
അതിനിടയിലേക്ക് കോല് പോലെ വലിഞ്ഞു കേറുന്ന രവിയെപ്പോലെ ചില ത്രാണിയില്ലാത്ത കാരക്റ്റേഴ്സ് വല്ലോന്റേം വിഴുപ്പു ചുമക്കുവേം ചെയ്യും ...
അത്രേ ഉള്ളൂ ഈ ജീവിതം.."

"ഞങ്ങള്‍ നടക്കട്ടെ ..നേരം ഒരു പാടായി ..
മോളേ അങ്കിളിനു ടാറ്റാ കൊടുത്തെ ..."

അവര്‍ നടന്നു നീങ്ങുന്നതും നോക്കി അയാള്‍ കുറെ നേരം നിന്നു ..
പിന്നേ ഒരു ദീര്‍ഘ നിശ്വാസം വിട്ട് നടത്തം തുടര്‍ന്നു ....
പ്രകാശേട്ടനെ ഒന്നു കാണണം ...അടുത്ത ആഴ്ചയിലെ മീറ്റിങ്ങിന്റെ കാര്യമോന്നോര്‍മ്മപ്പെടുത്തണം ....

ഓടാമ്പല്‍ നീക്കി ഗേറ്റു തുറന്നു അകത്തു കയറി ...
മുന്‍ വാതില്‍ പൂട്ടിയിരിക്കുവാണ്..ആരുമുള്ള മട്ടില്ല ..
അയാള്‍ അടുക്കള വാതില്‍ തളളി നോക്കി ..ചാരിയിട്ടേയുള്ളൂ ...
വാതില്‍ മലക്കെ തുറന്നു അകത്തു കടന്നു ..

"പ്രകാശേട്ടാ ..ഇവിടാരുമില്ലേ" ....അയാള്‍ നീട്ടി വിളിച്ചു കൊണ്ടു ഹാളിലേക്ക് നടന്നു.
പെട്ടെന്ന് അകത്തെ മുറിയില്‍ നിന്നും കാറ്റിന്റെ വേഗതയില്‍ ഒരുത്തന്‍ രവിയെ തളളിത്തെറിപ്പിച്ച് അടുക്കള ഭാഗത്തെയ്ക്കോടി....വീഴ്ചയ്ക്കിടയിലും ഒരു മിന്നായം പോലെ രവി ആ മുഖം കണ്ടു...കല്‍പ്പണിക്കാരന്‍ മാധവന്റെ മോന്‍ വേണു ..അയാള്‍ അകത്തെ മുറിയിലേക്ക് നോക്കി ..
പ്രകാശേട്ടന്റെ ഭാര്യ വിമലേട്ടത്തി വെപ്രാളത്തില്‍ സാരി വാരി ചുറ്റി ബ്ലൌസിന്റെ കുടുക്കുകളിടാന്‍ പാട് പെടുന്നു...
മോനെ രവീ ..
അവര്‍ വിറച്ചു വിളിച്ചു ..
അയാള്‍ പെട്ടെന്ന് പുറത്തു കടന്നു ...
വനജയുടെ വാക്കുകള്‍ ചാട്ടുളി പോലെ മനസ്സില്‍ പ്രകമ്പനം കൊണ്ടു ...

"അതിനിടയിലേക്ക് കോല് പോലെ വലിഞ്ഞു കേറുന്ന രവിയെ പ്പോലെ ചില ത്രാണിയില്ലാത്ത കാരക്റ്റേഴ്സ് വല്ലോന്റേം വിഴുപ്പു ചുമക്കുവേം ചെയ്യും ...
അത്രേ ഉള്ളൂ ഈ ജീവിതം.."

രവിക്ക് പുറത്തേയ്ക്കിറങ്ങി ഓടണമെന്ന് തോന്നി .. കാലുകള്‍ നില്‍ക്കുന്നിടത്ത് ഉറച്ച പോലെ ..
ഒരു വിധം പുറത്തിറങ്ങി ഗേറ്റു വലിച്ചു തുറന്നു പുറത്തു കടന്നു കിതയ്ക്കുമ്പോള്‍ താന്‍ നടക്കുകയായിരുന്നോ അതോ ..പറക്കുകയായിരുന്നോന്നു അയാള്‍ക്ക്‌ സംശയിച്ചു ....
കിതയ്ക്കുന്നതിനിടയിലും അയാള്‍ സ്വയം പറഞ്ഞു ..

ഇല്ല ഞാനിവിടെ വന്നിട്ടില്ല ...
ഞാനൊന്നും കണ്ടിട്ടില്ലാ ..........

ഇത്തിരിക്കുഞ്ഞന്‍

December 19, 2010 പട്ടേപ്പാടം റാംജി

ഒരു പെഗ്ഗ്‌ അകത്താക്കി വീണ്ടും ഒന്നുകൂടി ഗ്ലാസ്സിനകത്തൊഴിച്ച്‌ ഷിവാസ്‌ റീഗിളിന്റെ കുപ്പി അടച്ചുവെച്ചു. അലമാരി തുറന്ന് സഞ്ചിയില്‍ നിന്ന് ഒരുപിടി കശുവണ്ടിപ്പരിപ്പ്‌ വാരി മേശപ്പുറത്തിട്ടു.

നിവേദനത്തോടൊപ്പം സന്തോഷത്തിന്‌ അവര്‍ നല്‍കിയതാണ്‌ ഒരു സഞ്ചി നിറയെ കശുവണ്ടിപ്പരിപ്പ്‌. അതങ്ങിനെത്തന്നെ അലമാരയില്‍ തള്ളുകയായിരുന്നു. പിന്നീടത്‌ ഇപ്പോഴാണ്‌ ഓര്‍മ്മ വന്നത്‌.

അകത്തേക്കിറങ്ങിയ മദ്യത്തിന്റെ അലകള്‍ ഒരുറുമ്പുകടി പോലെ ശരീരത്തെ തഴുകി. മേശപ്പുറത്തിനൊരലങ്കാരം പോലെ വെളുത്ത്‌ മുഴുത്ത കശുവണ്ടിപ്പരിപ്പുകള്‍‍ ചിതറിക്കിടന്നു. അതിലൊന്നെടുത്ത്‌ വായിലിട്ട്‌ ചവച്ചു. മറ്റുള്ളവ തന്നെ നോക്കി ചിരിക്കുന്നതായി തോന്നി.

അതെന്താ..ഒരു കശുവണ്ടിപ്പരിപ്പിന്റെ തല മാത്രം വലുതായിരിക്കുന്നത്‌..?കണ്ണുകള്‍ നന്നായി തിരുമ്മി നോക്കി. കണ്ണിന്റെ കുഴപ്പമല്ല. അതിന്റെ തല വളരുകയാണ്‌. സോമാലിയായിലെ കുട്ടികളുടെ തല‍ പോലെ അത് വളര്‍ന്നു. ചെറിയ കൈകാലുകള്‍. തൊലിയ്ക്കടിയില്‍ കൊഴുപ്പിന്റെ അംശം പോലുമില്ലാതെ എല്ലുന്തി ശുഷ്ക്കിച്ച ശരീരം അസ്ഥികൂടം പോലെ പല്ലിളിച്ചു.

മറ്റുള്ളവ ഓരോന്നായി ജീവന്‍ വെക്കുന്നു.

മുലപ്പാല്‍ തിങ്ങി കഴപ്പ്‌ ഒലിച്ചിറങ്ങുന്ന മുലഞെട്ടുകള്‍ കുഞ്ഞിന്റെ വായിലേക്ക്‌ വെയ്ക്കാന്‍ വെമ്പുന്ന അമ്മ, വായയുടെ സ്ഥാനത്ത്‌ ഒരു ചെറിയ കീറല്‍ മാത്രം കണ്ട്‌ അന്ധാളിക്കുന്നു.

തല നരച്ച്‌ വാര്‍ദ്ധക്യത്തിന്റെ വടുക്കള്‍ പാകിയ മുപ്പത്കാരി യൗവ്വനം അറിയാതെയും, ഇനിയും കൗമാരത്തിലേക്ക്‌ എത്തിനോക്കാന്‍ കഴിയാതെ മുരടിച്ച്‌ നില്‍ക്കുന്ന മുപ്പത്കാരിയും ഒരുപോലെ...

ക്യാന്‍സര്‍ ബാധിച്ച്‌ വീര്‍ത്ത്‌ തൂങ്ങിയ നാവ്‌ വായിനകത്തേക്ക്‌ ഇടാന്‍ കഴിയാതെ വര്‍ഷങ്ങളോളം നരകയാതന തുടരുന്ന കുരുന്നുകള്‍ കശുവണ്ടിപ്പരിപ്പില്‍ നിര്‍വ്വികാരമായി നിലകൊള്ളുന്നു.

മരിയ്ക്കാത്തവന്റെ മരിച്ച നോട്ടം തീഷ്ണത വിതക്കുമ്പോള്‍ ഗ്ലാസ്സിലൊഴിച്ചുവെച്ച പച്ചച്ചോര വളരെ ലാഘവത്തോടെ അയാള്‍ മോന്തി. കശുവണ്ടിപ്പരിപ്പിലെ പച്ച മനുഷ്യന്റെ പ്രതീക്ഷകള്‍ വായിലിട്ട്‌ ചവച്ചിറക്കി.

"എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ല. ഇത്തവണ തെളിച്ച മരുന്ന് മൂലം ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല."

വലിയ വായില്‍ നിന്നുള്ള വാക്ക്‌ കേട്ട്‌ വിഷം ഉറഞ്ഞുകൂടിയ മണ്ണിന്‌ പോലും ചിരി വന്നു. നിവേദനം സ്വീകരിക്കുകയും പാരിതോഷികങ്ങള്‍ വാങ്ങി അനുഭവിക്കുകയും ചെയ്യുക എന്നതിനപ്പുറത്തേക്ക്‌ അയാള്‍ക്ക്‌ ചിന്തകളില്ലായിരുന്നു.

വളരെ നാളുകള്‍ക്കു മുന്‍പ്‌ പതിനാറു കമ്മിറ്റികള്‍ അന്വേഷിച്ച റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്‌ എന്നത്‌ അറിയാതെയല്ല വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്‌.

എഴുപത്തിനാല്‌ രാജ്യങ്ങള്‍ ഈ വിഷം നിരോധിച്ചിട്ടുണ്ട്‌ എന്നത്‌ മനസ്സിലാക്കാതെയല്ല ഇവിടെ നിരോധിക്കേണ്ടതില്ല എന്ന്‌ പറയുന്നത്‌.

പണ്ടൊരിക്കല്‍ ആകാശത്ത്‌ പാറിക്കളിച്ച നീണ്ട വാല്‍ത്തുമ്പി പോലുള്ള ഹെലികോപ്റ്ററില്‍ നിന്ന് മഴവില്ലിന്റെ വര്‍ണ്ണങ്ങള്‍ വിരിയിച്ച്‌ പുറത്തേക്ക്‌ ചീറ്റിയ വിഷം അറിവില്ലായ്മയുടെ കൌതുകക്കാഴ്ചകളായിരുന്നു. ആ കാഴ്ച മരണത്തിന്റെ മണം പിടിക്കലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കാസര്‍ഗോട്ടെ നെഞ്ചംപറമ്പെന്ന പാവം ഗ്രാമത്തിന്റെ നെറുകയില്‍ കശുമാവ്‌ തണല്‍ വിരിച്ച മണ്ണില്‍ ആഴത്തില്‍ കുഴിവെട്ടി ഗര്‍ഭഗൃഹം തീര്‍ത്ത്‌ ബാക്കി വന്ന ക്വിന്റല്‍ കണക്കിന്‌ വിഷക്കുപ്പികള്‍ അതിലിട്ട്‌ മൂടി.

കാലപ്പഴക്കത്തില്‍ കുപ്പികളില്‍ നിന്ന് പുറത്ത്‌ ചാടിയ വിഷം മണ്ണിനെ പ്രണയിച്ച്‌ ആശ്ലേഷിച്ച്‌ ഒന്നായി കിനിഞ്ഞിറങ്ങി. കഴിക്കുന്ന ഭക്ഷണത്തിലും ശ്വസിക്കുന്ന വായുവിലും എത്തി നോക്കി. പിതാവിന്റെ ബീജത്തിലും അമ്മയുടെ ഗര്‍ഭപാത്രത്തിലും ഊഴ്ന്നിറങ്ങിയപ്പോള്‍ ജനിക്കുന്ന കുട്ടികളുടെ കണ്ണുകള്‍ വികൃതമായി, ചുണ്ടുകള്‍ കോടി, തലയിലെ രോമങ്ങള്‍ വറ്റി, കൈകാലുകള്‍ ശോഷിച്ചു, ബാല്യമറിയാതെ കൗമാരമറിയാതെ വാര്‍ദ്ധക്യം പെട്ടെന്നായി.

ദുരിതങ്ങള്‍ കൂട്ടുതാമസക്കാരായി വീടുകളില്‍ ചേക്കേറിയപ്പോള്‍ വേദനകളും ശബ്ദങ്ങളും നിശ്ശബ്ദതയില്‍ മുങ്ങി മരിച്ചു. യജമാനനായി ദാരിദ്ര്യവും കൂട്ടുകാരനായി രോഗവും കടന്നു വന്നപ്പോള്‍ മരണം രക്ഷകനായി മാറിയ ഒരു പുതിയ ജീവിതക്രമം രൂപപ്പെട്ടത്‌ കാണേണ്ടവര്‍ കണ്ടില്ലെന്ന് നടിച്ചു.

അന്‍പത്‌ വ്യത്യസ്ഥ തരത്തിലുള്ള രോഗങ്ങളാണ്‌ ഈ വിഷം നല്‍കുന്നതെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്‌. ബ്രിട്ടണിലെ രാജകൊട്ടാരത്തിലേക്ക്‌ ആയിരങ്ങള്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ റാലി നടത്തിയതും, അന്‍പത്തിഎട്ട്‌ രാജ്യങ്ങളിലെ മുലപ്പാല്‍ സാമ്പിളുകളില്‍ എന്‍ഡോസള്‍ഫാന്‍ ഉള്ളതായി തെളിഞ്ഞതും, ലോകമന:സ്സാക്ഷി എന്‍ഡോസള്‍ഫാന്‌ ആഗോള നിയന്ത്രണം വേണമെന്ന് വാദിക്കാന്‍ ഇടയാക്കി.

ഇതൊന്നും അയാള്‍ക്ക്‌ പ്രശ്നമായിരുന്നില്ല.

മദ്യക്കുപ്പികള്‍ കാലിയാകാതെ അയാള്‍ ശ്രദ്ധിച്ചു. നിവേദനക്കാര്‍ നല്‍കിയ കശുവണ്ടിപ്പരിപ്പ്‌ അവസാനിക്കാറായിരിക്കുന്നു.

അന്നയാള്‍ പതിവില്‍ കൂടുതല്‍ മദ്യപിക്കുകയും കശുവണ്ടിപ്പരിപ്പ്‌ ചവക്കുകയും ചെയ്തു. പെട്ടെന്നു തന്നെ തളര്‍ന്നുറങ്ങി.

നല്ല ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു. ചുറ്റും കൂരിരുട്ടിന്റെ ആവരണം. അയാളുടെ തല പെരുത്തു. പൊട്ടിപ്പൊളിയുന്ന വേദന. എഴുന്നേറ്റിരിക്കാന്‍ നോക്കി. കഴിയുന്നില്ല. തല പൊങ്ങുന്നില്ല. എന്താണ്‌ സംഭവിക്കുന്നത്‌... അയാള്‍ക്കാകെ വെപ്രാളമായി. തല വ‍ളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുന്നു എന്ന അറിവ്‌ ഞെട്ടലുളവാക്കി. കൈകാലുകള്‍ ചെറുതായി. അയാള്‍ ഒച്ചവെച്ചു. വീട്ടുകാര്‍ എഴുന്നേറ്റു വന്നു ലൈറ്റിട്ടു.

അത്ഭുതം...

അയാളുടെ സ്ഥാനത്ത്‌ തല വളര്‍ന്ന ഇത്തിരിക്കുഞ്ഞന്‍.

എഴുന്നേല്‍പ്പിച്ചിരുത്താന്‍ ശ്രമിച്ചു. തലയുടെ ഭാരം താങ്ങാനാവാതെ വീണ്ടും കിടന്നു.

വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്തയുമായി നേരം പുലര്‍ന്നു. അയാളുടെ പണത്തിന്റേയും പദവിയുടേയും പാദസേവകരായിരുന്ന അനുയായികള്‍ ഒത്തുകൂടി. സംഭവിച്ചത്‌ എന്താണെന്ന് അജ്ഞാതമായിരുന്നെങ്കിലും അവരും മദ്യം കഴിച്ച്‌ ചര്‍ച്ച തുടങ്ങി.

മനുഷ്യബീജത്തില്‍ വരെ എന്‍ഡോസള്‍ഫാന്‍ ചലനം സൃഷ്ടിക്കുന്നുവെങ്കില്‍ അത്‌ തെളിക്കുന്ന പ്രദേശത്തെ ചെടികളെക്കുറിച്ച്‌ പറയാനുണ്ടൊ...അപ്പോള്‍ സ്വാഭാവികമായും ആ ചെടിയുടെ കായ്ഫലങ്ങളില്‍ അതിന്‍റെ അംശം നിലനില്‍ക്കും. അവ കഴിക്കുന്ന മറ്റ്‌ മനുഷ്യരിലേക്കും വിഷത്തിന്‍റെ സ്വാധീനം കടന്ന് വരുന്നു എന്നതിലേക്ക്‌ ചര്‍ച്ച നീങ്ങി.

അല്‍പം മദ്യം ബുദ്ധി ഉണര്‍ത്തും എന്ന് പറഞ്ഞാല്‍ അധികം മദ്യം അപാര ബുദ്ധിയോടെ തെരുവിലേക്ക്‌ ചാടാന്‍ പ്രേരിപ്പിക്കും എന്നു തീര്‍ച്ച.

ബസ്സുകള്‍ കത്തിച്ചു. കടകള്‍‍ തകര്‍ത്തു. നാടും നഗരവും നിശ്ചലമാക്കി നേതാവിനോട്‌ കൂറ്‌ പുലര്‍ത്തി.

അപ്പോഴും അയാളുടെ വീടിന്‌ മുകളില്‍ ഭീകരജീവി നിഴല്‍ വിരിച്ച്‌ പരന്നു കിടന്നു. ചിറകുകളില്‍ നിന്ന് നാല്‌ ഭാഗത്തേക്കും കാറ്റടിച്ചു. നിഴലിനടിയില്‍ അയാളും കുടുംബവും അപ്പോഴും കാറ്റേല്‍ക്കാതെ കഴിഞ്ഞ്‌ കൂടാന്‍ ശ്രമിച്ചു.

ഇത്തിരിക്കുഞ്ഞനായി രൂപാന്തരം പ്രാപിച്ച്‌ ദുരന്തം ഏറ്റ്‌ വാങ്ങേണ്ടി വന്നപ്പോഴും സ്വയം മനസ്സിലാക്കി തിരുത്താനാകാതെ ഭീകര ജീവിയുടെ ചിറകിനടിയില്‍ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും കീഴടങ്ങി വീണ്ടും അയാളുടെ നാവിറങ്ങിയത്‌ അയാളുടെ തന്നെ അനുയായികള്‍ തിരിച്ചറിഞ്ഞു.

കാര്‍മേഘം ഉരുണ്ടുകൂടി. തുള്ളി തുള്ളിയായി മഴ ചാറി. പിന്നെ പെരുമഴയായി. കലക്കവെള്ളം കുത്തിയൊലിച്ച് കുളവും തോടും പുഴയും നിറഞ്ഞു. എല്ലാം ഒന്നായ്‌ ഒഴുകിച്ചേര്‍ന്ന് കടലിലെ ഗര്‍ജിക്കുന്ന തിരമാലകളായി ഉയര്‍ന്നു.

കലിയടങ്ങാത്ത തിരമാലകളുടെ ഭീതിത താണ്ഡവങ്ങളില്‍ ഭീകര ജീവിയുടെ തണലില്‍ സുരക്ഷിതത്വം തേടിയിരുന്ന വീടുകളുടെ അടിത്തറ പൊളിഞ്ഞു. നമ്മുടെ മണ്ണിലേക്ക്‌ ആഴ്ന്നിറങ്ങിയിരുന്ന ജീവിയുടെ നാരായവേര്‌ പിഴുത് മാറ്റി.

ജയിനിന്റെ മരണം ഒരു ഫ്ലാഷ് ബാക്ക്

December 17, 2010 റോസാപ്പൂക്കള്‍

കല്ലറയ്ക്കുള്ളില്‍ വല്ലാത്ത തണുപ്പായിരുന്നു. ഇരുട്ടും. അതിനുള്ളില്‍ ജെയിനിന്റെ ശരീരം ഇനിയും വാടിയിട്ടില്ലാത്ത പൂക്കളുടെ നടുവില്‍ തണുത്തു മരവിച്ചുകിടന്നു. ഏതാനും മണിക്കൂറുകളേ ആയിട്ടുള്ളു അവളുടെ സംസ്കാരം നടന്നിട്ട്. ദുര്മ്മരണം സംഭവിച്ച അവളുടെ ശരീരത്തിന്റെ അടുത്തു നിന്നും പോകുവാന്‍ കൂട്ടാക്കാതെ ആത്മാവ് അവളുടെ കൂടെ നിന്നു. പണ്ടേ ഇരുട്ട് പേടിയുള്ള പെണ്കുട്ടിയായിരുന്നു ജെയിന്‍. കല്യാണത്തിനു മുന്പ് കറണ്ടു പോകുന്ന ദിവസങ്ങളില് അവള്‍ മമ്മിയുടെ മുറിയിലേ ഉറങ്ങുമായിരുന്നുള്ളു. കല്യാണം കഴിഞ്ഞ് രണ്ടു ദിവസമായിക്കാണും പെട്ടെന്നു രാത്രി കറണ്ടു പോയപ്പോള്‍ ഭയന്നു കെട്ടിപ്പിടിച്ച ജെയിനിനെ ടോം കുറച്ചൊന്നുമല്ല കളിയാക്കിയത്. ആ ജെയിനാണ് ഇപ്പോള്‍ കൂരിരുട്ടില്‍ തനിയെ.... കല്ലറക്കു മുകളില്‍ നല്ല മഴ പെയ്യുന്നുണ്ട്. പെരുമഴ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി അവളുടെ ശരീരത്തെ നനക്കുമോ എന്ന് ആത്മാവ് സന്ദേഹിച്ചു..



അവളില്നിന്നും വേര്പിരിയാനുണ്ടായ സാഹചര്യങ്ങള്‍ ഓര്ത്തുകൊണ്ട് ആത്മാവ് അവളുടെ ശരീരത്തെ ചുറ്റിപ്പറ്റി നിന്നു. അല്ലാതെ പിന്നെ അതെന്തു ചെയ്യും...? അതിന് ശരീരത്തിലേക്ക് വീണ്ടുമൊരു തിരിച്ചു പോക്ക് സാധ്യമല്ലല്ലോ. ഇപ്പോള്‍ അവളുടെ ശരീരവും ആത്മാവും രണ്ടും രണ്ടായി പിരിഞ്ഞിരിക്കുന്നു. ശരീരത്തിലായിരിക്കുമ്പോള് താന്‍ അവള്‍ തന്നെയായിരുന്നു. അവളുടെ മനസ്സായിരുന്നു. ഇപ്പോള്‍ നല്ലവളായ ഈ പെണ്കുട്ടിയില്നിന്നും പിരിയേണ്ടി വന്നല്ലോ എന്ന് ആത്മാവ് ഖേദത്തോടെ ഓര്ത്തു. സംഭവങ്ങളിലേക്ക് പിന്നോട്ട് ആത്മാവ് സഞ്ചരിച്ചു തുടങ്ങി.

ഒരു മഴക്കാലത്താണ് അവളുടെ മരണം സംഭവിച്ചത്. ശവമടക്കു സമയത്തും പെരുമഴ. കൂടി നിന്നവര്ക്ക് എങ്ങനെയെങ്കിലും ആ ചടങ്ങ് ഒന്നു കഴിഞ്ഞെങ്കില്‍ എന്നായിരുന്നു. അല്ലെങ്കിലും അധികം ആളൊന്നും അവളുടെ ശവ സംസ്കാരത്തിനുണ്ടായിരുന്നില്ല. അവളുടെ അമ്മയും അടുത്ത ബന്ധുക്കളും കരഞ്ഞു കൊണ്ട് ആ മഴയത്തു തന്നെ നിന്നു. മറ്റുള്ളവര്‍ സെമിത്തേരിയില്‍ മരിച്ചവര്ക്കു വേണ്ടിയുള്ള പ്രാര്ഥനക്കായി കെട്ടിയുണ്ടാക്കിയിട്ടുള്ള ചെറിയ കപ്പേളയിലേക്ക് നീങ്ങി നിന്നു. തുള്ളിക്കൊരു കുടമുള്ള മഴയില്നിന്നും രക്ഷപ്പെടാമല്ലോ. .മഴ ശക്തിയായപ്പോള്‍ പണിക്കാരാരോ കൊണ്ടു കൊടുത്ത കുട നിവര്ത്തി ടോമിന്റെ അപ്പന്‍ അവനെക്കൂടെ അതിന്റെ ചുവട്ടില്നിറുത്തി. കുഴി മൂടിക്കഴിഞ്ഞിട്ടും ജെയിനിന്റെ അമ്മ ആലീസ് അവിടെ നിന്നും പോരാന്‍ കൂട്ടാക്കാതെ ആ പെരുമഴയത്തു നിന്നു. ഒടുവില്‍ ജെയിനിന്റെ കുഞ്ഞമ്മ ലിസ്സാമ്മ നിര്ബന്ധിച്ചു പിടിച്ചു കൊണ്ടു വന്നു കപ്പേളയിലെ ബെഞ്ചില്‍ ഇരുത്തി. നനഞ്ഞു കുതിര്ന്ന വസ്ത്രങ്ങളുമായി ആ സ്ത്രീ പ്രഞ്ജയറ്റ് പതുക്കെ ബെഞ്ചിലേക്കു വീണു.


പുരാതന തറവാടായ വലിയകുളത്തിൽ വീടിന്റെ വിശാലമായ ഹാള്‍. പോസ്റ്റുമാര്ട്ടം കഴിഞ്ഞ ജയിന്റെ മൃതദേഹം പെട്ടിയില്‍ അലങ്കരിച്ചു കിടത്തിയിരിക്കുന്നു. വീടിനുള്ളില്‍ അയല്ക്കാരും ബന്ധുക്കളും.. ആരുടെയും മുഖത്ത് ഒരു സഹതാപ ഭാവവുമില്ല. ഒരു ഞെട്ടലാണ് എല്ലാ കണ്ണുകളിലും. അവള്‍ എന്തിന് ഇതു ചെയ്തു എന്നൊരു ചോദ്യ ഭാവം എല്ലാ മുഖത്തും
 നിഴലിച്ചു. അവരെല്ലാം അവളുടെ ഭര്ത്താവ് ടോമിനെ ഓര്ത്ത് ദു:ഖിച്ചു.

അവള്ക്ക് ശവസംസ്കാര ചടങ്ങുകള് ഒന്നും ഉണ്ടായിരുന്നില്ല. എപ്പോഴോ പള്ളിയില് നിന്നും അച്ചന്‍ വന്ന് പ്രാര്ഥിച്ചിട്ടു പോയി. അതു തന്നെ ആ വലിയ കുടുംബത്തെ ഓര്ത്ത് ‌. ഏന്തൊക്കെയാണെങ്കിലും വലിയ കുളത്തില്കാ രെ പള്ളിക്കാര്ക്ക് അങ്ങനെ ഒഴിവാക്കുവാന്‍ പറ്റില്ലല്ലോ. അല്ലാതെ തൂങ്ങി മരിച്ച പെണ്ണിന്റെ അടക്കിന് പള്ളിക്കാര്‍ വരുമോ..?. പണ്ടായിരുന്നെങ്കില്‍ തെമ്മാടിക്കുഴിയിലായിരുന്നു അവള്ക്ക് സ്ഥാനം.

പുതുമ മങ്ങാത്ത റോസ് നിറത്തില്‍ നിറയെ കസവു പൂക്കളുള്ള മന്ത്രകോടിയാണ് അവളെ ഉടുപ്പിച്ചിരിക്കുന്നത്. തലയില് വെളുത്ത പൂക്കളുടെ കിരീടം. കയ്യില്‍ ചെറിയ ഒരു കുരിശും കൊന്തയും. ആറു മാസം മുന്പ് പൂക്കള് കൊണ്ടുള്ള കിരീടവും കൈകളില് ബെക്കെയുമായി വെളുത്ത ഗൌണനിഞ്ഞു വന്ന സുന്ദരിയായ മണവാട്ടിയെ കാണുവാന്‍ വന്നതിന്റെ പകുതി പോലും ആളുകള്‍ ഇപ്പോഴവിടെയില്ല. അന്ന് ആ മണവാട്ടിയുടെ ചുണ്ടുകളില്‍ മന്ദസ്മിതമായിരുന്നെങ്കില്‍ ഇന്ന് തണുത്ത മരണത്തിന്റെ നിര്ജ്ജീവത.


“വല്ലാത്ത പിടി വാശിക്കാരി പെണ്ണായിരുന്നു. ഒറ്റ മോളായി വളര്ത്തിയതിന്റെയാ...”

“അതേ..അതേ...അല്ലെങ്കില് കെട്ട്യോന്‍ എന്തോ പറഞ്ഞതിന് പെണ്ണുങ്ങള് ഇതു മാതിരി കടും കൈ ചെയ്യുമോ...?”

“പാവം ടോം. എന്തു നല്ല ചെറുക്കനാ..അവന്റെ ജീവിതം പോയി..”

“അമ്മായിയപ്പന്‍ വര്ഗ്ഗീസിന് പിടിപാടുണ്ടായതു ഭാഗ്യം. അല്ലെങ്കില്‍ ഇത്ര പെട്ടെന്നു പോസ്റ്റുമാര്ട്ടം കഴിഞ്ഞ് ശരീരം കിട്ടുമായിരുന്നോ..?”ചുറ്റും കൂടിനിന്ന പെണ്ണുങ്ങള്‍ ഓരോരുത്തരായി അടക്കം പറയുന്നുണ്ടായിരുന്നു.

ജെയിനിന്റെ ആത്മാവിനു ചിരി വന്നു അതു നിശ്ശബ്ദം ചിരിച്ചു. അതു കുറച്ചു ഉറക്കെ ചിരിച്ചാലും കുഴപ്പമില്ല. അതിനെ കേള്ക്കാന്‍ ജയിനിന്റെ ശരീരത്തിനല്ലാതെ മറ്റാര്ക്കുമാവില്ലല്ലോ. ടോം അതീവ ദു:ഖിതനായി ശവത്തിനരികെ നിന്നു. അതു ദു:ഖമല്ല, പരിഭ്രമമാണെന്ന് ആത്മാവിനു മാത്രം മനസ്സിലായി. അവളുടെ അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങല്‍ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ടിരുന്നു.



ജെയിനിന്റെ മൃതദേഹം ചുറ്റുമുണ്ടായിരുന്ന കുറച്ചാളുകളുടെ സഹായത്തോടെ പോലീസ് താഴെയിറക്കി.“അവളുടെ വീട്ടില് അറിയിക്കണ്ടേടാ… “കോണ്ട്രാക്ടര് വര്ഗ്ഗീസ് മകനോടു ചെവിയില്‍ ചോദിച്ചു. ടോം ഒന്നും മിണ്ടാനില്ലാത്തവനെപ്പോലെ അപ്പനെ നോക്കി.

“അല്ലെങ്കില്‍ വേണ്ട കുറച്ചു കഴിയട്ടെ.. ഇതൊന്നു കൊണ്ടു പോയിട്ടു മതി.“


അര മണിക്കൂര്‍ യാത്രയേ ഉള്ളു ജെയിനിന്റെ വീട്ടിലേക്ക്.

മൃതദേഹം കയറ്റിയ ആംബുലന്സ് ഗേറ്റു കടന്നു പോയപ്പോള് വര്ഗ്ഗീസിന്റെ സുഹൃത്തായ മേടയില്‍ ആണ്ട്രൂസ് ധൃതിയില് ലാന്ഡ് ഫോണിനടുത്തേക്ക് ചെന്ന് ജെയിനിന്റെ വീട്ടിലേക്ക് വിളിച്ചു വിവരമറിയിച്ചു. ആണ്ട്രൂസ് വലിയ കുളത്തില് വീടിന് വേണ്ടപ്പെട്ട ആളാണ്.വര്ഗ്ഗീസിന്റെ് വലം കൈ. രാഷ്ട്രീയത്തിലും നല്ല പിടിപാട് ഉണ്ട്.

തലേന്നു രാത്രി….ടോം കിടക്ക മുറിയുടെ പുറത്ത് ഡൈനിങ്ങ് ഹാളിലെ കസേരയില്‍ അസ്വസ്ഥനായി ഇരിക്കുന്നു. അകത്തു നിന്നും അപ്പന്‍ ജെയിനിനോട് സംസാരിക്കുന്നത് കേള്ക്കാം. അയാള്‍ അത് ചെവിയോര്ത്തു ഇരിക്കുകയാണ്.

“അതു നിനക്കായിട്ടു തന്നതല്ലേ..? പിന്നെന്തിനാ നിന്റെ മമ്മിയുടെ ഒരു സമ്മതം..?”

“മമ്മി എതിരൊന്നും പറയുകയുകയില്ല. പക്ഷേ മമ്മിയോടു ചോദിക്കാതെങ്ങനെയാ..?” ജെയിന്‍ വിഷമത്തോടെ ചോദിക്കുന്നു

“കല്യാണം കഴിഞ്ഞാല്‍ പിന്നെ കെട്ടിയ വീട്ടുകാരോടാ ചോദ്യവും സമ്മതവുമൊക്കെ. അല്ലാ.... ആ മൂന്നേക്കര്‍ തോട്ടം തന്നില്ലായിരുന്നെങ്കില്‍ നിനക്കീ വീട്ടില്‍ കാലു കുത്തുവാന്‍ പറ്റുമായിരുന്നോ..? ഈ വീടിന്റെ നിലയും വിലയും നിന്റെ വീട്ടുകാര്ക്കും അറിയാവുന്നതല്ലേ..?”


അപ്പന് ദേഷ്യം വരുന്നുണ്ടെന്നു ടോമിനു മനസ്സിലായി. ഇനി എന്തെല്ലാമായിരിക്കും സംഭവിക്കുക എന്നോര്ത്തേയാള്‍ ആശങ്കാ ഭരിതനായി. തെല്ലു നിശബ്ദതക്കു ശേഷം അപ്പന്റെ ശബ്ദം വീണ്ടും കേട്ടു.


“ഇപ്പോ എനിക്കു കുറച്ചു പൈസക്കാവശ്യം വന്നു. അതിനു വേണ്ടിയല്ലേ ആ തോട്ടമങ്ങു വില്ക്കാമെന്നു പറഞ്ഞത്. നിന്റെ മൊതല് ഈ വീട്ടിലെ മൊതലാ..അല്ലെങ്കില് ജപ്തിയാ വരാന്‍ പോകുന്നേ..ജപ്തി.. ഞാന്‍ മാത്രമല്ല നീയും ഇറങ്ങേണ്ടി വരും കെട്ട്യവന്റെ കൂടെ പെരുവഴിയിലേക്ക്. ഈ കുടുബത്തിന്റെ അന്തസ്സും കൂടെയിറങ്ങും. നാട്ടുകാരിതറിഞ്ഞാല്‍ പിന്നെ എനിക്ക് തലയുയര്ത്തി നടക്കാണോ..? വലിയ കുളത്തില്‍ തറവാട് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് നിനക്ക് നിന്റെ വീട്ടുകാരെ അറിയിച്ചേ അടങ്ങൂ..അല്ലേ…?”

“വില്ക്കുന്നതിലൊന്നും എനിക്കു തടസ്സമില്ല. മമ്മിയോടൊന്നു പറയണം എന്നേ പറഞ്ഞുള്ളു.”വീണ്ടും ജെയിനിന്റെ അപേക്ഷാ സ്വരം.

ടോം അസ്വസ്ഥനായി കൈ നഖം കടിച്ചു കൊണ്ട് കസേരയില്നിറന്നും എഴുന്നേറ്റു. അയാള്ക്കും വല്ലാതെ അരിശം വരുന്നുണ്ടയിരുന്നു. മുറിക്കു പുറത്തേക്ക് ക്രുദ്ധനായി ഇറങ്ങിയ വര്ഗ്ഗീസ് മകനോടലറി.

“ഒന്നു സമ്മതിപ്പിക്കടാ.. ആ അനുസരണകെട്ടവളെ…കെട്ടിയവനാണെന്നും പറഞ്ഞു നടക്കുന്നു.. നാണമില്ലാതെ..“

കലി തുള്ളി മുകളിലേക്കു കയറിപ്പോയ അപ്പനെ ടോം ഒരു നിമിഷം നോക്കി നിന്നു. പിന്നീട് കിടക്കമുറിയിലേക്കു പാഞ്ഞു. മുറിക്കുള്ളിലേക്കു വന്ന ടോമിനെ ജെയിന്‍ ഭീതിയോടെ നോക്കി. അവന്റെഅ അങ്ങനെയൊരു ഭാവം അവള്‍ ആദ്യമായിട്ടാണ് കാണുന്നത്.



താഴെനിന്നും ടോമിന്റെ പരിഭ്രാന്തമായ വിളികേട്ട് മുകളിലത്തെ മുറിയിലായിരുന്ന വര്ഗ്ഗീസ് അങ്ങോട്ടു ചെന്നു. ജെയിനിന്റെ ചേതനയറ്റ ശരീരം കണ്ട് അയാള്‍ മിഴിച്ച കണ്ണുകളോടെ മകനെ നോക്കി. അന്നു രാത്രി പന്ത്രണ്ടു മണിയോടെ കോണ്ട്രാക്ടര്‍ വലിയ കുളത്തില് വര്ഗ്ഗീസിന്റെ. മകന്റെ ഭാര്യ ജെയിന്‍ തൂങ്ങി മരിച്ചു. അത് ആ കുടുംബത്തിന്റെ സല്പ്പേരിന് കളങ്കമായി.


ഒരു റൌണ്ട് ഫ്ലാഷ് ബാക്ക് കഴിഞ്ഞപ്പോള് ആത്മാവ് ഇഹലോകത്തിന്റെ നാടകങ്ങളോര്ത്ത് ചിരിക്കാന്‍ തുടങ്ങി. കുറച്ച് ഉറക്കെ.. അത് കേട്ട് ജെയിന്റെ ശരീരം ചോദിച്ചു.

“എന്താ നീ സാധാരണ ആത്മാവുകളെപ്പോലെ എന്നില്നിലന്നും പിരിഞ്ഞ ഉടനെ പരലോകത്തേക്കു പോകാത്തത്..? എന്റടുത്തു നിന്നും പോകാന്‍ ഇത്ര വിഷമമാണോ നിനക്ക്..?”

“എന്താണെന്ന് എനിക്കും വ്യക്തമായി അറിയില്ല. എന്തോ അപ്പോള്‍ എനിക്കു നിന്നെ വിട്ടു പോകാന്‍ തോന്നിയില്ല. നിന്നോട് ആര്ക്കും തോന്നാത്ത കരുണ തോന്നിയതു കൊണ്ടായിരിക്കും.”

“അതു നന്നായി. നീ കൂടെയുള്ളതു കൊണ്ടു മരിച്ചിട്ടും ജീവിച്ചിരിക്കുന്നു എന്നൊരു തോന്നല്‍ എനിക്കുണ്ട്.”

ഒരു ആത്മാവും ചെയ്യാത്ത കാര്യമാണ് നിനക്കു ഞാന്‍ ചെയ്തത് …എനിക്കു പോകാന്‍ സമയമായി.. ഞാന്‍ തിരിച്ചു നിന്റെ ശരീരത്തില് കയറി ജീവന്‍ ലഭിക്കുമെന്നു നീ വിചാരിക്കുന്നുണ്ടോ..?ഏതെങ്കിലും ആത്മാവിന്‍ സാധിച്ചിട്ടുണ്ടോ അത്..?”

“ആത്മാവിനു പോകണമെങ്കില്‍ ശരീരത്തിന്റെ അനുവാദം വേണോ..?എന്റെ ശരീരത്തില്‍ നിന്നും പിരിഞ്ഞ നിന്റെ മേല്‍ എനിക്ക് എന്തു നീയന്ത്രണമാണ് ഉള്ളത്...?പിന്നെ നീ പോകാതെ നില്ക്കുന്നത് എനിക്ക് ഒരു ആശ്വാസമാണെന്നു മാത്രം.” ശരീരം മറുപടി പറഞ്ഞു

“നീ ഭൂമിയില്‍ ജീവിച്ചു കൊതി തീരാത്തവളായതു കൊണ്ടായിരിക്കും എനിക്ക് അപ്പോള്‍ പോകാന്‍ തോന്നാതിരുന്നത്.”

“ഭൂമിയില്‍ ജീവിച്ചു കൊതി തീരുക അത്ര ഏളുപ്പമുള്ള കാര്യമണോ, ഒരു മനുഷ്യ ജന്മത്തിന്..?”

“അതില്ല...പക്ഷേ നിന്റെ ഈ പ്രായത്തില്‍ ഒരു ജന്മം ഒടുങ്ങുക എന്നത് ദു:ഖകരമായ സത്യം തന്നെ.”

“അതേ.. ഞാന്‍ എത്ര ദു:ഖിക്കുന്നു. ഇഹലോകം എനിക്കു നഷ്ടപ്പെട്ടതോര്ത്ത്.. എന്റെ മമ്മിയെ ഓര്ത്ത്, ബന്ധുക്കളെ ഓര്ത്ത്. അങ്ങനെ പലതും…”

“അപ്പോള് നിന്റെ. ടോം..?”

“അവനെയും എനിക്കു സ്നേഹിച്ചു മതിയായില്ല.”

“നിന്നെ കൊന്നവനായിട്ടും..?”

“ടോമിനെ ഞാന്‍ അത്രക്കു സ്നേഹിച്ചിരുന്നതല്ലേ…? എന്റെം ആത്മാവായിരുന്നിട്ടും നിനക്ക് എന്റെന മനസ്സു വായിക്കാനാവുന്നില്ലേ…?”

“കഷ്ടം!!!!!!!!! ” ആത്മാവ് ശബ്ദമില്ലാതെ പറഞ്ഞു.

“കഴിഞ്ഞ കാര്യങ്ങള്‍ എന്തെങ്കിലും നിനക്ക് ഓര്മ്മയുണ്ടോ…?” ആത്മാവ് വീണ്ടും ചോദിച്ചു

“പൂര്ണ്ണമായും ഇല്ല. കൊല്ലണം എന്നോര്ത്തായിരിക്കില്ല ടോം എന്നെ അടിച്ചത്. ഏറ്റവും സ്നേഹം തോന്നുമ്പോള്‍ ടോം എന്റെ കഴുത്തിലാണ് ചുംബിക്കാറുള്ളത്. അടികൊണ്ട് വീഴാന്‍ പോയ എന്റെണ കഴുത്തിലേക്ക് കൈ കൊണ്ടുവന്നപ്പോള് ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു കണ്ണുകളടച്ചു പോയി. എന്നെ സാന്ത്വനിപ്പിക്കാന്‍ വരുന്നു എന്നാണ് ഞാന്‍ കരുതിയത്. അത്രയേ എനിക്കോര്മ്മയുള്ളു.പിന്നീടെന്തു സംഭവിച്ചതെന്നു എനിക്കറിയില്ല.

എന്റെ ബോധം അപ്പോള്‍ മറഞ്ഞു പോയായിരുന്നല്ലോ..“

ആത്മാവ് അവളെ സഹതാപത്തോടെ നോക്കി..പിന്നെ പറഞ്ഞു.

“അപ്പോള്‍ ഞാന്‍ നിന്നില്നിന്നും വേര്പെടാതിരിക്കുവാനുള്ള തത്രപ്പാടിലായിരുന്നല്ലോ. വേര്പെടാതിരിക്കാന്‍ ഞാന്‍ ആവതു ശ്രമിച്ചതാണ്. നീയും ദീര്ഘമായി ശ്വാസം വലിച്ച് എന്നെ പിരിയാതിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നല്ലോ. സാരമില്ല നിന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ നമ്മള്‍ തമ്മില്‍ പിരിയണം എന്നത് വിധിയായിരിക്കും“

“ഓ…നീയോര്പ്പിച്ചതു നന്നായി. നാളെ എന്റെ പിറന്നാളാണ്…“

“പിറന്നാളെല്ലാം ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്ക്കല്ലേ..നീ ഇപ്പോള്‍ ഭൂമിയില്‍ നിന്നും മറഞ്ഞവളാണ്..ശരീരവും ആത്മാവും രണ്ടായവള്‍. അതു നീ മറന്നോ..?”

“മറന്നിട്ടല്ല…എന്റെന കഴിഞ്ഞ പിറന്നാളുകള് ആഘോഷിച്ചത് ഓര്ത്ത് അറിയാതെ പറഞ്ഞു പോയതാണ്..” ശരീരം ദു:ഖത്തോടെ പറഞ്ഞു.

“ഇനിയും നിന്റെ. കൂടെ നില്ക്കുവാന്‍ എനിക്ക് സാധിക്കില്ല. ഇപ്പോള് തന്നെ ഞാന്‍ എന്റെ ലോകത്തേക്കു പോകുവാന്‍ എത്ര വൈകി. ഇനിയും വൈകിയാല്‍ ഏനിക്ക് ഇനി ആ ലോകത്തേക്ക് പ്രവേശനം നിഷേധിച്ചെന്നിരിക്കും. ഗതി കിട്ടാതെ ഭൂമിയില് അലയുക എന്നത് നമുക്കു രണ്ടുപേര്ക്കും നല്ലതല്ല.” ആത്മാവ് ഓര്മ്മിപ്പിച്ചു

“ശരി എനിക്ക് എന്റെ വിധി. നിനക്ക് നിന്റെയും“

ജെയിനിന്റെ ശരീരം മനസ്സില്ലാ മനസ്സോടെ തന്നില്‍ നിന്നും പിരിഞ്ഞ ആത്മാവിനെ അതിന്റെ ലോകത്തേക്കു യാത്രയാക്കി. ശരീരത്തെ ഒരു നിശ്വാസത്തോടെ നോക്കിയ ശേഷം അതിനെ ആറടി മണ്ണിനു വിട്ടു കൊടുത്തിട്ട് അവളുടെ ആത്മാവ് പരലോകത്തേക്കു യാത്രയായി. പോകുന്ന വഴിയില് അത് ജെയിനിന്റെ കല്ലറയെ ഒന്നു തിരിഞ്ഞു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

ജെയിന്‍ ടോം

ജനനം: 10-6-1987

മരണം: 9-6-2009

ആത്മാവിന്‍റെ ഭാഷണം !!

December 14, 2010 സുരേഷ് ബാബു

ജീവിതാവസാനം വരെ അയാള്‍ 'ഒരു നല്ല മനുഷ്യന്‍' എന്ന പേര് നിലനിര്‍ത്തി ..
ഒന്നോര്‍ത്താല്‍ ഒരു മനുഷ്യ ജീവിതത്തില്‍ അധികമാര്‍ക്കും സാധിക്കാത്തത് തന്നെ.

അച്ഛനും, അമ്മയ്ക്കും താങ്ങും തണലുമായ മകന്‍ ...

ഭാര്യയ്ക്ക് സ്നേഹനിധിയായ ഭര്‍ത്താവ്...

മക്കളെ നെഞ്ചോടു ചേര്‍ത്ത്‌ ഇരുള്‍ വഴിയില്‍ സ്വയം എരിഞ്ഞു നേര്‍ വഴി നടത്തി ..

തനിക്കു ചുറ്റും നിലവിളിക്കുന്നവന്‍റെ ശബ്ദത്തിലെ മാറ്റൊലി തന്റേതു തന്നെ എന്ന തിരിച്ചറിവില്‍ , മനസ്സ് ജീര്‍ണിച്ച ഒരു സമൂഹത്തിന് അയാള്‍ മുന്‍പേ നടക്കുന്നവനായി .

ഒടുവില്‍ ഭൂമി കറങ്ങുന്നു എന്ന സത്യത്തിനു അടിവരയിട്ടു കൊണ്ട് അയാളും ആറടി മണ്ണിന്‍റെ അടിത്തട്ടിലേക്ക് വിട വാങ്ങി ...
.......................................................................................................................................

മരണാനന്തരം അയാളുടെ ആത്മാവ് സൃഷ്ടികര്‍ത്താവിനെ തേടിയെത്തി ..ദൈവം സ്വപുത്രനെ സ്നേഹത്തോടെ ആശ്ലേഷിച്ചു ....

"മകനെ ഏതൊരു പിതാവിനും തെല്ല് അഹങ്കാരത്തോടെ അഭിമാനിക്കാന്‍ നിന്നെപ്പോലൊരു പുത്രനെ കിട്ടുന്നത് മഹാഭാഗ്യം തന്നെ !!.ഒരു പക്ഷെ പതിനായിരം സൃഷ്ടികളില്‍ ഒന്ന് മാത്രം .. എന്‍റെ കല്‍പ്പനകള്‍ അണുവിട തെറ്റാതെ ഭൂമിയില്‍ ഒരു ജീവചക്രം പൂര്‍ത്തിയാക്കിയ നിനക്ക് അടുത്ത ജന്മം ശാന്തസുന്ദരമായ ഒരു വെള്ളരിപ്രാവിന്‍റെതാകും ...."

"വേണ്ട പിതാവേ !..പൊടുന്നനെ ആത്മാവ് സംസാരിച്ചു തുടങ്ങി ..

എനിക്ക് വെള്ളരി പ്രാവിന്‍റെ ശാന്തത വേണ്ട ..പകരം എതിരാളിയെ കീഴടക്കാന്‍ ,

ഏതു പാറക്കല്ലിലും ആഴ്ന്നിറങ്ങാന്‍ ശേഷിയുള്ള മൂര്‍ച്ചയേറിയ ചുണ്ടുകള് ‍വേണം ..

ഏതു കൊടുങ്കാറ്റിലും ഉലയാതെ നില്‍ക്കാന്‍ ഉറച്ച ചിറകുകള്‍ വേണം ..

ഒറ്റക്കുതുപ്പില്‍ ഇരയെ റാഞ്ചി പറക്കാന്‍ കൂര്‍ത്തു വളഞ്ഞ നഖങ്ങള് ‍വേണം..

എല്ലാം ഒത്തിണങ്ങിയ ഒരു ശവംതീനി പക്ഷിയായാല്‍ ഏറെ നന്ന്" ...

"എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല കുഞ്ഞേ നിന്‍റെ വാക്കുകള്‍ ! ..ഒരു ജന്മം മുഴുവന്‍ ‍നന്മയുടെ.. ,സ്നേഹത്തിന്‍റെ...,കരുണയുടെ.. പ്രതിരൂപമായിരുന്ന നീ.....പകയുടെയും ,പ്രതികാരത്തിന്റെയും, മാംസ ദാഹത്തിന്റെയും മറു ജന്മം കൊതിക്കുന്നുവെന്നോ "?..

"എന്നോട് പൊറുക്കണം പ്രഭോ..എന്തെന്നാല്‍ ...................................................

അവര്‍ക്കിടയില്‍ തളം കെട്ടിയ മൌനത്തിലേക്ക്‌ കാറ്റ് ചൂളം വിളിക്കുന്നുണ്ടായിരുന്നു....

ലക്ഷ്മിയുടെ സ്വന്തം ശ്രീ..

December 09, 2010 മഴനിലാവ്

2009 ജനുവരി 20
ഇന്ന് നമ്മുടെ ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ..ഓര്‍മ്മയുണ്ടോ ലക്ഷ്മി നിനക്ക് ..?
എങ്ങനെ മറക്കാന്‍ കഴിയും അല്ലെ..?? ദേവുമോള്‍ക്ക്‌ കല്യാണപ്രായമായിരിക്കുന്നു .
ഇത്തവണ അവധിക്കു വരുമ്പോള്‍ അവളോട്‌ ഇക്കാര്യം ഒന്ന് സൂചിപ്പിച്ചാലോ ..?
എനിക്കിനി അധിക നാള്‍ ഇല്ല എന്നൊരു തോന്നല്‍ .
നിന്നെ ദേവുമോളെ ഏല്‍പ്പിച്ചു സമാധാനത്തോടെ എനിക്ക് പോകാം ..,
കാരണം അവള്‍ നിന്നെ അത്രയേറെ സ്നേഹിക്കുന്നു ..
എനിക്കറിയാം ഇപ്പോള്‍ നീ പറയും 'എങ്കിലും ശ്രീയേട്ടന്റെ അത്ര ഇല്ലാന്ന് ' ...
ഇവിടെ നിര്‍ത്തട്ടെ ....

നിന്റെ ശ്രീ..

ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ദേവിക അച്ഛന്റെ ഡയറി കുറുപ്പുകളിലൂടെ കണ്ണോടിച്ചു .
ന്യൂസ്‌ പേപ്പര്‍ പുറകില്‍ നിന്നും വായിച്ചു ശീലമുള്ള അവള്‍ അതെ സിദ്ധാന്തം ഇവിടെയും പ്രയോഗിച്ചു .
അച്ഛന്‍ എഴുതിയത് ശരി അല്ലെ ? എന്താണ് താന്‍ അമ്മയെ ഇത്ര അതികം സ്നേഹിക്കുന്നത് ?
പെണ്‍കുട്ടികള്‍ക്ക് പൊതുവേ അച്ഛനോട് ആണ് അടുപ്പം കൂടുതല്‍ എന്ന് അച്ഛമ്മ പറയാറുണ്ട്‌.
പക്ഷെ തന്റെ കാര്യത്തില്‍ നേരെ മറിച്ചാണ് .
എന്തിനും എപ്പോഴും ദേഷ്യപ്പെടുന്ന ,വീട്ടില്‍ നിയന്ത്രണ രേഖ വരച്ചു തന്നെ വളര്‍ത്തിയ
അച്ഛനോടുള്ള കടുത്ത അമര്‍ഷത്തിന്റെ പ്രതിഫലനം ആണോ വെറുപ്പായി അച്ഛനിലേക്കും
സ്നേഹമായി അമ്മയിലെക്കും ഒഴുകിയത് ?

ടെന്‍ത്തില്‍ പഠിക്കുമ്പോള്‍ഒരു ദിവസം ട്യൂഷന്‍ കഴിഞ്ഞ് ലേറ്റ് ആയി വന്നതിനു തന്നെ അടിച്ച അച്ഛനോട് തീര്‍ത്താല്‍ തീരാത്ത പക ആയിരുന്നു മനസ്സില്‍ അന്നും ഇന്നും .എം ബി എ ക്ക് പഠിക്കാന്‍ മൈസൂരില്‍ അഡ്മിഷന്‍ കിട്ടിയ ദിവസം ..അന്നാണ് ദേവിക മതി മറന്നു ആഹ്ലാദിച്ചത്‌ .
അന്ന് അവള്‍ കണ്ടു അച്ഛന്റെ മ്ളാനമായ മുഖം .എല്ലാരും പറഞ്ഞു ദേവൂട്ടി പോകുന്നതിന്റെ സങ്കടം ആണെന്ന് .പക്ഷെ ദേവൂട്ടി വിശ്വസിച്ചില്ല ..യുദ്ധത്തില്‍ തോറ്റ പടയാളിയുടെ മുഖം ആണ് അവള്‍ അച്ഛനില്‍ കണ്ടത്.
ഓര്‍മ്മകള്‍ ചിന്തകളായി ദേവികയുടെ മനസ്സിനെ ആക്രമിച്ചു കീഴ്പ്പെടുത്തികൊണ്ടിരുന്നു ..,അക്ഷമയോടെ അവള്‍ ഡയറിയുടെ താളുകള്‍ മറിച്ചു.
അച്ഛന് അമ്മയോടുള്ള പ്രണയത്തിന്റെ കാവ്യ ഭാവനകള്‍ ആയിരുന്നു അവയില്‍ ഏറെയും .
പലതും വായിക്കുവാന്‍ അവള്‍ മിനക്കെട്ടില്ല . അച്ഛന്റെ ഉള്ളില്‍ പ്രണയം കുടി കൊണ്ടിരുന്നു എന്ന് അംഗീകരിച്ചു കൊടുക്കാനുള്ള മടി ആവാം കാരണം .


2006 ജൂണ്‍ 1 .
ലക്ഷ്മി ..,ഇന്ന് നമ്മുടെ ദേവൂട്ടിയുടെ ഇരുപത്തൊന്നാം പിറന്നാള്‍ ആണ് .
പക്ഷെ അവള്‍ക്കു അവധി കിട്ടില്ലപോലും ഇവിടം വരെ ഒന്ന് വന്നുപോകാന്‍ .
സാരമില്ല ...ഈ അച്ഛന്റെ മുഖം കാണാന്‍ അവള്‍ക്കു ഇഷ്ട്ടമില്ലായിരിക്കും അല്ലെ ..?
നിന്നെ എങ്കിലും വന്നു ഒന്ന് കാണാമായിരുന്നു .
ഞാന്‍ വാങ്ങിയ പിറന്നാള്‍ സമ്മാനം നിന്റെ കൈ കൊണ്ട് കൊടുക്കുന്നത്
കൊണ്ട് അവള്‍ വാങ്ങുന്നു.അപ്പോള്‍ ആ മുഖത്തു വിടരുന്ന സന്തോഷം ..,
പിന്നെ നിന്നെ കെട്ടിപിടിച്ചു ദേവൂട്ടി ഉമ്മ വെയ്ക്കും ..,അത് കാണുമ്പോള്‍ എന്റെ മനസ്സ് നിറയും .പക്ഷെ ദേവൂട്ടിയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു നില്‍ക്കാന്‍ എനിക്ക് വയ്യ ..,
എന്തിനായിരിക്കാം അവള്‍ കരയുന്നത്..?? അപ്പോള്‍ എന്റെ നെഞ്ചു പിടയും ലക്ഷ്മി .
എന്നിട്ടും നീ എന്തെ കരയാത്തത് ?? അതോ നീയും കരയുക ആണോ ? കണ്ണുനീരില്ലാതെ?
ദേവൂട്ടിയുടെ മനസ്സിലെ എന്റെ പ്രതിച്ഹായയെ മാറ്റുവാന്‍ സാധ്യമല്ല ..
അത് അങ്ങനെ തന്നെ ഇരിക്കട്ടെ .
എനിക്ക് അതില്‍ സങ്കടമില്ല ..കാരണം അവള്‍ നിന്നെ ഒത്തിരി സ്നേഹിക്കുന്നു ..
എന്റെ കാലശേഷം അവള്‍ നിന്നെ പൊന്നു പോലെ നോക്കും .
ഉറക്കം കണ്ണിമകളെ വലയ്ക്കുന്നു..ഇനീ കിടക്കട്ടെ

നിന്റെ ശ്രീ..

ദേവികയുടെ കണ്ണുകളില്‍ നിന്നും കണ്ണ് നീര്‍ത്തുള്ളികള്‍ അടര്‍ന്നു വീണു കൊണ്ടിരുന്നു ..
ആര്‍ക്കു വേണ്ടി എന്ന് അവള്‍ തിരിച്ചറിഞ്ഞില്ല .

'ദേവൂട്ടിയേ കിടക്കാനായില്ലേ ?? രാവിലെ എണീറ്റ്‌ അച്ഛനെ കാണാന്‍ പോകേണ്ടതല്ലേ?..
ലൈറ്റ് അണച്ചു കിടക്കാന്‍ നോക്ക് കുട്ടീ ..'
അപ്പുറത്തെ റൂമില്‍ നിന്നും അച്ചമ്മയാണ് .

ഒരു നോവല്‍ വായിക്കുന്ന ആകാംക്ഷയോടെ ദേവിക ഡയറികള്‍ ഓരോന്നായി മറിച്ചു കൊണ്ടിരുന്നു .
അവിടെ അവള്‍ കണ്ടു പുതിയ ഒരാളെ ..മകളുടെ കുട്ടിയുടുപ്പുകള്‍ ഭദ്രമായി അലമാരയില്‍ സൂക്ഷിച്ചു വെയ്ക്കുന്ന അച്ഛനെ ..,മകള്‍ പഠിക്കാന്‍ ദൂരത്തേക്കു പോയപ്പോള്‍ അവളുടെ കുഞ്ഞു നാളിലെ കളിപ്പാട്ടങ്ങള്‍ ക്കൊപ്പം ഉറങ്ങുന്ന അച്ഛനെ ..ഓരോ പിറന്നാളിനും അവള്‍ക്കിഷ്ട്ടപെട്ട സമ്മാനങ്ങള്‍ വാങ്ങി അമ്മയുടെ കൈയ്യില്‍ കൊടുക്കുന്ന അച്ഛനെ ..എന്ത് കൊണ്ട് ഈ അച്ഛന്‍ നേരത്തെ തന്റെ മുന്‍പില്‍ വന്നില്ല ..
താനും മനസിലാക്കിയില്ല ..അച്ഛനെ..


2003 ഓഗസ്റ്റ് 10
ഈ ദിവസം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല ..
പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസമാണ് നിന്റെ മനസ്സിന്റെ താളം നഷ്ട്ടപെട്ടത് .അപ്പുറത്ത് കളിച്ചുകൊണ്ടിരുന്ന ദേവൂട്ടിയെ കാണാതായപ്പോള്‍ നീ പരിഭ്രാന്ത ആയതും അലമുറ ഇട്ടു കരഞ്ഞതും ഒക്കെ ഇന്നെന്ന പോലെ മനസ്സില്‍ തെളിയുന്നു ..ദേവൂട്ടിയെ തിരിച്ചു കിട്ടി ..
പക്ഷെ എന്റെ ലക്ഷ്മിയെ എനിക്ക് നഷ്ട്ടപെട്ടു ..ഇന്നും നീ ദേവൂട്ടി എന്ന് വിളിച്ചു വീടിനു ചുറ്റും നടക്കുമ്പോള്‍ എനിക്ക് ഒരു പ്രാര്‍ഥനയെ ഉള്ളൂ ..
എന്നെങ്കിലും എന്റെ ലക്ഷ്മിക്ക് ദേവൂട്ടിയെ തിരിച്ചറിയാന്‍ കഴിയണമേ എന്ന്..
നിനക്ക് അറിയാന്‍ കഴിയാതെ പോയ സ്നേഹവുമായി അവള്‍ നിന്റെ കൂടെയുണ്ട് ..
ഭക്ഷണം കഴിച്ചു കൈ കഴുകി നിന്റെ സാരിതലപ്പിലാണ് അവള്‍ ഇന്നും കൈ തുടക്കുന്നത് .
നീ ഉറങ്ങുന്നത് വരെ അവള്‍ നിന്നെ തന്നെ നോക്കി ഇരിക്കും ..ലക്ഷ്മീ നിനക്കറിയാമോ
നമ്മുടെ മോള്‍ നന്നായി പടം വരയ്ക്കും..സത്യം .നിന്റെ എത്ര പടം ദേവൂട്ടി വരച്ചിരിക്കുന്നു ?

എല്ലാവരും (അമ്മപോലും)എന്നോട് പറഞ്ഞു നിന്നെ ഉപേക്ഷിക്കാന്‍ ..
നീ ഇല്ലാതെ ഞാന്‍ എങ്ങനെ ജീവിക്കാന്‍..? അഞ്ചു വര്‍ഷത്തെ പ്രണയത്തിനോടുവില്‍ ഒരുമിച്ച
നമ്മുടെ സ്വപ്‌നങ്ങള്‍ എല്ലാം പാതി വഴിയില്‍ ആണ് ..
നീ എന്റെ കൂടെ ഉണ്ടാവണം ..നമ്മുടെ മോളെ വളര്‍ത്തി മിടുക്കി ആക്കണ്ടേ ?
അച്ഛനും അമ്മയും ആകുന്നതിനിടയില്‍ അവളോടുള്ള സ്നേഹം പ്രകടിപ്പിക്കുവാന്‍ ഞാന്‍ മറന്നു പോയി ..എനിക്ക് ഭയം ആയിരുന്നു മാനസിക രോഗി ആയ അമ്മയെ അവള്‍ വെറുക്കുമോഎന്ന് ..
അവള്‍ നമ്മുടെ മോള്‍ അല്ലെ ? അവള്‍ക്കു അതിനു കഴിയില്ല..
ദേവൂട്ടി നിന്നെ ഒരുപാട് സ്നേഹിക്കുന്നു ..
നിന്നോട് പറയാനുള്ളത് എല്ലാം ഞാന്‍ ഇവിടെ എഴുതിവെയ്ക്കും ..,
അപ്പോള്‍ മനസ്സിന് ആശ്വാസമാകും ..
ഒരിക്കല്‍ നമ്മുടെ ദേവൂട്ടിയെ നിനക്ക് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഞാന്‍ ഇല്ലെങ്കിലും
എല്ലാം നീ അറിയണം ..നമ്മുടെ മോള്‍ എങ്ങനെ നിന്നെ സ്നേഹിച്ചെന്നും ഒക്കെ ..
ഇന്ന് നിന്നോട് ഒത്തിരി സംസാരിച്ചു അല്ലെ ??
പണ്ടും നീ പറയുമായിരുന്നു ശ്രീയേട്ടന്‍ സംസാരം തുടങ്ങിയാല്‍ നിര്‍ത്തില്ലാ എന്ന് ..
ഇപ്പോഴും അതെ ശീലം തന്നെ ..എന്റെ ലക്ഷ്മിയോടല്ലേ..?
തല്‍കാലം നിര്‍ത്തട്ടെ ..

ലക്ഷ്മിയുടെ സ്വന്തം ശ്രീ..

പുറത്തു മഴ പെയ്തു തുടങ്ങി ..ദേവിക കരച്ചില്‍ ഒതുക്കാന്‍ പാടുപെട്ടു ..അവള്‍ പൊട്ടികരഞ്ഞു ..
കരച്ചിലിന്റെ ശബ്ദം ഇടിവെട്ടി പെയ്യുന്ന മഴയില്‍ അലിഞ്ഞുചേര്‍ന്നു ..
ആദ്യമായി ദേവൂട്ടി കരയുകയാണ് അച്ഛന് വേണ്ടി ..
അര്‍ബുദം എന്ന മഹാരോഗം അച്ഛന്റെ ശ്വാസ കോശത്തെ കാര്ന്നുതിന്നുംപോഴും
അതൊന്നും തന്നെ അറിയിച്ചില്ല ..
ഇപ്പോള്‍ ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ ജീവനും മരണത്തിനും ഇടയില്‍ ..
ഇല്ല ..എനിക്ക് എന്റെ അച്ഛനെ വേണം ..കൊതി തീരെ സ്നേഹിക്കുവാന്‍ ..
നെഞ്ചോടു അടുക്കിപിടിച്ച ഡയറികളുമായി അവള്‍ അമ്മയുടെ അരികിലേക്ക് ചെന്നു ..
പാവം .. ഉറക്കം പിടിച്ചിരിക്കുന്നു ..
ദേവിക അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു .
അവളുടെ കരച്ചിലിന്റെ ശബ്ദം അകാശസീമകളെ പോലും
മറികടക്കുന്നതായിരുന്നു .

ആരോ കതകു തുറന്നു ..
'അപ്പൊ കുട്ടി എല്ലാം അറിഞ്ഞോ..?'
കണ്ണ്നീരിനിടയിലൂടെ അവള്‍ കണ്ടു, അച്ചമ്മയാണ് .

'എന്താ..അച്ചമ്മേ ..?'
വിറയ്ക്കുന്ന സ്വരത്തില്‍ ദേവിക ചോദിച്ചു .

'ആശുപത്രീന്ന് മോഹന്‍ വിളിച്ചിരുന്നു ..ശ്രീ.....'

അവരെ മുഴുമിക്കുവാന്‍ ദേവിക സമ്മതിച്ചില്ല ..അലറി കരഞ്ഞു കൊണ്ട് അവള്‍ പുറത്തേക്കോടി ..
അപ്പോഴും ലക്ഷ്മി ഉറങ്ങുകയായിരുന്നു ...

നിഴല്‍ക്കുത്ത്.

December 06, 2010 സുരേഷ് ബാബു





ഇരുപുറവും പടര്‍ന്നു കയറിയ കുറ്റിക്കാടിനു നടുവിലെ നടപ്പാതയിലൂടെ നടന്ന്‌ ഒടുവില്‍ വീട്ടുമുറ്റത്തെത്തിയപ്പോള്‍ അയാള്‍ പിടിച്ച് നിര്‍ത്തിയപോലെ
നിന്നു. നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ . ...ഇനി ഈ മണല്‍ത്തരികള്‍ കാലു
നക്കില്ലെന്നുറപ്പിച്ചു പടിയിറങ്ങിയതാണ് ...
എന്നിട്ടും......
ജ്വലിച്ചുനിന്ന സൂര്യന്‍ അയാളെയും നിഴലിനെയും ഒരേ ബിന്ദുവില്‍ തളച്ചു നിര്‍ത്താന്‍ പണിപ്പെട്ടു ..
ഉമ്മറത്തെയ്ക്ക് വിറച്ചു ചുവടു വെയ്ക്കാന്‍ തുടങ്ങവേ , ഇപ്പൊ പൊട്ടിവീണ പോലെ അവള്‍ വാതില്‍ക്കല്‍ .......
അയാളുടെ കണ്ണുകള്‍ അവളെ പിടച്ചു നോക്കി ....
കുതറി മാറിയ നിമിഷങ്ങളില്‍ അവളറിയാതെ മിഴികള്‍ ചാല് കീറി കവിളുകളില്‍ കളം വരച്ചു..

"ന്നാലും ........നിങ്ങള്‍.. ..ഇത്രേം നാളും ..ഒന്നു തിരിഞ്ഞു നോക്കാതെ .........
വിളറി വിറച്ച വാക്കുകള്‍ പാതി വഴിയില്‍ പിടഞ്ഞു വീണു .
ഇപ്പൊ എന്തിനാ ഈ വരവ് ..എന്റെ കൊച്ചനെ തച്ചു കൊല്ലാനോ ?
അവനെ നരകിപ്പിച്ചത് മതിയാവാഞ്ഞിട്ടാണോ പിന്നേം വന്നത് ..
ഓടിക്കളിക്കേണ്ട പ്രായത്തില്‍ തുടങ്ങി ഇപ്പഴും എന്റെ കുഞ്ഞ് പെടാപ്പാട് പെടുന്നോണ്ടാ ഞാനും മോളും ജീവിച്ചു പോന്നേ..
ചത്താലും നിങ്ങളോട് ദൈവം പൊറുക്കുകേലാ .....നോക്കിക്കോ...

കുറച്ചു നേരം കൂടി അയാള്‍ അതേനില്‍പ്പ് തുടര്‍ന്നു ..
പിന്നെ വാക്കുകള്‍ മറന്നവനെപ്പോലെ ചലിക്കുന്ന കാലുകളില്‍ മിഴിയൂന്നി സാവധാനം തിരിഞ്ഞു നടന്നു...

'നീ പറഞ്ഞതൊക്കെ ശരി തന്നെ ...
ന്നാലും ...ഓന്റെ കവിളില്‍ കുന്നിക്കുരു വലുപ്പത്തില്‍ ആ കറുത്ത മറുക് ...
എനിക്കും നിനക്കുമില്ലാത്ത കറുത്ത മുദ്ര .
നിന്‍റെ വീട്ടുകാര്‍ക്കോ എന്റെ വീട്ടുകാര്‍ക്കോ ഒന്നിനെങ്കിലും പേരിനു പോലുമില്ലാത്ത ആ അലങ്കാര മുദ്ര ..
തിളയ്ക്കുന്ന ചിന്തകള്‍ കരളിന്റെ ഭിത്തിയില്‍ എണ്ണക്കറുപ്പില്‍ ചുട്ടി കുത്തുമ്പോള്‍ ഓനെ ഞാനെങ്ങനെ നമ്മുടെ മോനെന്നു വിളിച്ചു നെഞ്ചോടണയ്ക്കും ....."
വഴുതിയുള്ള നടപ്പിനു ഗതിവേഗം കൂടുന്നതിനിടയില്‍ അയാള്‍ ശബ്ദമില്ലാതെ നിലവിളിച്ചു ...

ഇല കരിഞ്ഞ മരങ്ങളെ തഴുകി വന്ന മീനമാസത്തിലെ വരണ്ട കാറ്റ് വാതില്‍പ്പടിയോളമെത്തി നിഷ്പ്പക്ഷതയുടെ അടയാളമായ് അവളുടെ കവിളൊപ്പി .. .

കൃഷ്‌ണേന്ദു ഇങ്ങനെയാണ്.....

December 04, 2010 anju minesh

ഞാനിപ്പോള്‍ ഇങ്ങനെ ഒരു കത്തെഴുതാന്‍ എന്താ കാരണമെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. ഒരു പക്ഷേ ഞാനിപ്പോള്‍ അനുഭവിക്കുന്ന മാനസികവ്യഥ നിങ്ങള്‍ക്ക് തമാശയായി തോന്നുന്നത് കൊണ്ടാവാം അത്. എനിക്ക് വട്ടാണെന്ന് ഓര്‍ത്ത് നിങ്ങള്‍ ചിരിക്കുകയാണോ?

അല്ല.....കൃഷ്‌ണേന്ദു ഇങ്ങനെയാണ്.

ഈ ഒരു അവസരത്തില്‍ കത്തെഴുതാന്‍ ഇരിക്കുമ്പോള്‍ എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം എഴുതേണ്ടതാണ്. പക്ഷേ ജന്മനാല്‍ കിട്ടിയ മടി എന്നെ അതില്‍ നിന്ന് വിലക്കുകയാണ്. എന്നെ മാത്രം സ്വപ്നം കണ്ടുറങ്ങുന്ന ഭര്‍ത്താവിനേയും അദ്ദേഹത്തിന്റെ തനിസ്വരൂപമായ മൂത്തമകളെയും എന്റെ വാശിയും ദേഷ്യവും അപ്പാടെ പകര്‍ത്തിവച്ച ഇളയമകനെയും ബുദ്ധിമുട്ടിക്കാതെ അവര്‍ക്കരികിലിരുന്ന് ഒരു മെഴുകുതിരിയുടെ പ്രകാശത്തിലാണ് ഞാനിത് എഴുതുന്നത്.

എങ്ങനെ തുടങ്ങണമെന്നറിയാതെ കുറേ നേരം ഉരുകിയൊലിക്കുന്ന മെഴുകില്‍ തൊട്ട് കളിച്ചുകൊണ്ടിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കും എന്നാണ് സംബോധന ചെയ്യാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ ശത്രുക്കള്‍ എന്ന പ്രയോഗത്തിന്റെ തീവ്രത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തോന്നി. അതു കൊണ്ട് എന്റെ സുഹൃത്തുക്കള്‍ക്ക്...എന്നു മാത്രമാക്കാന്നു കരുതി.

അതില്‍ എല്ലാരും പെടുമല്ലോ?എനിക്കപ്പോള്‍ സമയമാം രഥത്തില്‍... എന്ന പാട്ട് കേള്‍ക്കണമെന്ന് തോന്നിയെങ്കിലും ഉറങ്ങിക്കിടക്കുന്ന എന്റെ മൂന്നു വാവകളെ ഓര്‍ത്ത് ഞാന്‍ ആ മോഹം വേണ്ടാന്നു വച്ചു.

ഇടയ്‌ക്കെപ്പോഴോ ഉറക്കത്തില്‍ കിടക്കയില്‍ എന്നെ പരതിയ ഭര്‍ത്താവിന്റെ കൈകള്‍ക്കിടയില്‍ ഞാന്‍ തലയിണ വച്ചപ്പോള്‍ എന്തു കൊണ്ടോ എന്റെ മനസ് ആര്‍ദ്രമായില്ല. മോനുണര്‍ന്നു ചിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ അറിയാതെ എന്റെ കൈകള്‍ നൈറ്റിയുടെ ഹുക്ക് അഴിച്ചെങ്കിലും പെട്ടെന്ന് ബോധോദയം വന്നതു പോലെ ഞാന്‍ പാല്‍ക്കുപ്പിയെടുത്ത് ആ ഇളം ചുണ്ടുകള്‍ക്കിടയില്‍ തിരുകിവച്ചു. ചൂടും രുചിയും നഷ്ടപ്പെട്ടത് ഉറക്കത്തിലായത് കൊണ്ടാവാം അവന്‍ അറിഞ്ഞില്ല. നിങ്ങള്‍ക്കിപ്പോള്‍ അതിശയം തോന്നുന്നില്ലേ കൃഷ്‌ണേന്ദു എന്തേ ഇങ്ങനെയാവാനെന്ന്?

സമയം കടന്നു പോകുന്നു. എന്തൊക്കെയോ പറയാനുണ്ട്. പണ്ടേ എനിക്കു വലിച്ചു നീട്ടി എഴുതുന്നത് ഇഷ്ടമല്ല. ആറ്റിക്കുറുക്കി എഴുതി റാങ്ക് വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അലമാരക്കുള്ളില്‍ ഭദ്ര്മായി ഇരിപ്പുണ്ടാവുമെന്ന് ഞാനോര്‍ത്തു. ഡിഗ്രിക്‌ളാസില്‍ എന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഞാന്‍ വാങ്ങിയ മാര്‍ക്ക് ഇതു വരെ ആരും തിരുത്തിയിട്ടില്ലെന്ന് ഞാനെപ്പോഴും അഹങ്കാരത്തോടെ ഓര്‍ക്കാറുണ്ട്.

എങ്കിലും ഞാനൊന്നുമായില്ല, എനിക്കു പിമ്പേ കടന്നു വന്നവര്‍ക്കു വഴിമാറി ഞാന്‍ ഓരത്ത് കിട്ടാത്തതെന്തിനോ വേണ്ടി കാത്തിരുന്നു.കിട്ടാത്തതൊന്നും നമുക്കുള്ളതല്ലെന്ന് ഭഗവത് ഗീത വായിച്ച് മനപ്പാഠമാക്കിയെങ്കിലും പലപ്പോഴും ആ വാക്കുകള്‍ക്ക് മുന്നില്‍ മനസ് പിണങ്ങി നിന്നു. ചുമരില്‍ തറച്ചിരുന്ന ഗീതോപദേശ രൂപത്തില്‍ ചമ്മട്ടിയും പിടിച്ചിരുന്ന കൃഷ്ണന്‍ ഇടയ്ക്ക് കണ്ണുരുട്ടി കാണിച്ചതൊക്കെ കണ്ടില്ലെന്ന് നടിച്ചു.

ഗ്രാനൈറ്റ് പതിച്ച വെറും നിലത്ത് കറങ്ങുന്ന ഫാനിനെ നോക്കി കിടന്നപ്പോള്‍ കടന്നു വന്ന വഴിത്താരകളുടെ അവ്യക്തമായ രേഖാചിത്രം മനസിലൂടെ കടന്നു പോയി. സ്‌കൂള്‍, കോളേജ്, സുഹൃത്തുക്കള്‍, നാട് ഒക്കെ ഒന്നുകൂടി കാണണമെന്ന് തോന്നിയപ്പോള്‍ അവയുടെയൊന്നും പടം എടുത്തു സൂക്ഷിക്കാത്തതില്‍ ആദ്യമായി ഇച്ഛാഭംഗം തോന്നി.


ചുമര്‍കേ്‌ളാക്കിലെ കിളി നാല് പ്രാവശ്യം ചിലച്ചപ്പോള്‍ ഞാന്‍ പരിഭ്രാന്തിയോടെ ചാടിയെഴുന്നേറ്റു. കൈയില്‍ കിട്ടിയ ഗുളികകള്‍ എണ്ണം പോലും നോക്കാതെ വാരി വിഴുങ്ങി വെള്ളം കുടിച്ചിട്ട് ഈ ലോകത്തെ എന്റെ ഏക സമ്പാദ്യങ്ങളായ മൂന്ന് പേരുടെ അടുക്കല്‍ ചെന്നു കിടന്നപ്പോള്‍ മേശപ്പുറത്ത് അപൂര്‍ണ്ണമായ കത്ത് കണ്ടു.

പക്ഷേ അപ്പോള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത വിധം എന്റെ വിരലുകള്‍ തളര്‍ന്നു കഴിഞ്ഞിരുന്നു.ഇപ്പോള്‍ എന്തേ ഇങ്ങനെ ചിന്തിക്കാനെന്ന് നിങ്ങള്‍ ചോദിക്കരുത്.

എനിക്കതിന് ഒരുത്തരമേയുള്ളൂ;

കൃഷ്‌ണേന്ദു ഇങ്ങനെയാണ്്......

ശിക്ഷാ വിധി

December 02, 2010 ജന്മസുകൃതം

ശിക്ഷാ വിധി

**************

ലീല എം ചന്ദ്രന്‍

സെന്‍ട്രല്‍ ജയിലിന്റെ കവാടം കടന്നു മെയിന്‍ റോഡിലെത്തിയപ്പോള്‍ ഗൌതമന്റെ മനസ്സ് ആഹ്ലാദാതിരേകത്താല്‍ തുടിച്ചു തുള്ളി.
സ്വതന്ത്രന്‍ ...!താനിന്നു സ്വതന്ത്രനാണ് ..
നീണ്ട പതിനാലു വര്ഷം ...ഒരു കൊലപാതകത്തിനുള്ള ശിക്ഷ.
അത് വളരെ നിസ്സാരമായേ തോന്നിയുള്ളൂ. ചെയ്തു കൂട്ടിയ പാപകര്‍മ്മങ്ങള്‍ എണ്ണം അറ്റതാണ് .
അതിനുള്ള ശിക്ഷ അനുഭവിക്കാന്‍ ഒരു ജന്മം തികച്ചും അപര്യാപ്തം.
ഈ ശിക്ഷയും ഒഴിവാക്കാവുന്നതായിരുന്നു .കരാര്‍ പ്രകാരമുള്ള തുക കൈപ്പറ്റി
സുരക്ഷിതനായി രക്ഷപ്പെടാന്‍ റയില്‍വേ സ്റ്റേഷന്‍ വരെ എത്തിയതാണ്.
നേരെ മഹാനഗരത്തിലേയ്ക്ക് ...തല്ലിനും കൊല്ലിനും സര്‍വ്വ സ്വാതന്ത്ര്യമുള്ള
തന്റെ തട്ടകത്തി
ലേയ്ക്ക് .
പക്ഷെ...,
മനസ്സിന്റെ അടിത്തട്ടില്‍ എവിടെയോ ഊറിക്കൂടിയ അസ്വസ്ഥതയുടെ ബഹിര്‍സ്ഫുരണം ആയിരുന്നുവോ..?
ചോരക്കറ പുരണ്ട മാര്‍ഗ്ഗത്തില്‍ നിന്നും പിന്തിരിയാന്‍ നിരന്തരം ഉള്ളിലിരുന്നു മന്ത്രിച്ച ഏതോ അദൃശ്യ ശക്തിയുടെ പിന്‍ വിളി ആയിരുന്നുവോ..? നിശ്ചയമില്ല
വെട്ടേറ്റു മുറിഞ്ഞ കഴുത്തില്‍ നിന്നും രക്തം ചീറ്റിത്തെറിക്കുന്നത് ക്രൂരമായ ആത്മ സംതൃപ്തിയോടെ നോക്കിനിന്നിട്ടുണ്ട്.
അതിനികൃഷ്ടമായ എത്രയെത്ര കൊലപാതകങ്ങള്‍...കൊള്ളകള്‍...
കേവലം ഒരു ഉറുമ്പിന്റെ വിലപോലും മനുഷ്യജീവന് കല്‍പ്പിച്ചില്ല.
ഓരോ കുറ്റകൃത്യങ്ങളും സ്വയം സൃഷ്ടിക്കുന്ന വലക്കണ്ണികളായി .
നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ചലിക്കുന്ന വെറും ഒരു യന്ത്രം.
ആളെ നിശ്ചയിക്കുന്നതും സമയം കുറിക്കുന്നതുമെല്ലാം മറ്റാരോ....
കൊല്ലണം എങ്കില്‍ അങ്ങനെ...ജീവന്‍ ബാക്കി വയ്ക്കണമെങ്കില്‍ അങ്ങനെ..
എന്തിനെന്ന്‍ അറിയേണ്ട . ആരാണെന്ന് ശ്രദ്ധിക്കേണ്ട.

ചോരയുടെ മണം ആസ്വാദ്യകരമായ ഒരനുഭവമായിരുന്നു.
ശങ്കിച്ചു നിന്നിട്ടില്ല .കൈ വിറച്ചിട്ടില്ല .ഒരറവുകാരന്റെ മനസ്സിലെ നിസ്സംഗതയും നിര്‍വികാരതയും.
ആ ലാഘവത്വത്തോടെ തന്നെയാണ് അന്ന് ജീപ്പില്‍ കയറിയത്.
ബോംബും സൈക്കിള്‍ ചെയിനും തോക്കും വടിവാളും ഒക്കെ മുന്നില്‍ .
സഹായികള്‍ എടുത്തു നീട്ടിയത്‌ വാളാണ് .ചെയ്യേണ്ട ജോലി വ്യക്തം ....
എല്ലാ അര്‍ത്ഥത്തിലും പരമാവധി .
ഈ ഒരു ജോലിക്കായി മാത്രം അമീര്‍ദാദയുടെ അരികില്‍ നിന്നും എത്തിപ്പെട്ടവനാണ്.
ജോലി തീര്‍ക്കുക. കനത്ത പ്രതിഫലം കൈപ്പറ്റുക. സ്ഥലം വിടുക. പക്ഷെ,
അമീര്‍ ദാദയുടെ അനുചരനില്‍ മുന്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത
ഒരു അസ്വാസ്ഥ്യം .ചാഞ്ചല്ല്യം ....!


ബലിമൃഗം മുന്നില്‍ എത്തിയപ്പോഴോ ,സഹായികളുടെ മര്‍ദ്ദനമേറ്റ്‌ കണ്‍മുന്നില്‍ക്കിടന്നു പിടഞ്ഞപ്പോഴോ ,'അരുതേ' എന്ന നിലവിളി കേട്ടപ്പോഴോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
ദയയുടെ ഒരു കണികപോലും മനസ്സില്‍ ഉണ്ടായില്ല.
അവസാന ശ്രമം പോലെ പിടഞ്ഞെഴുന്നേറ്റ്‌ ഓടാന്‍ തുടങ്ങിയ അയാളുടെ നേരെ
വടിവാള്‍ ആഞ്ഞു വീശി .നിലവിളി നിന്നു ...
ഒരു നിമിഷത്തെ നിശ്ശബ്ദത ..
പിന്നെ കുഴഞ്ഞു നിലത്തേയ്ക്ക് വീഴുംനേരം അഭയത്തിനായി നീട്ടിയ കൈകളോടെ .
ഇടറിത്തുളുമ്പിയ ഒരു വിളിയൊച്ച...
"മോനെ...''
പൊടുന്നനെ ഹൃദയത്തിലേയ്ക്ക് ആരോ ചുട്ടു പഴുത്ത ഒരു ഇരുമ്പാണി
തുളച്ചു കയറ്റിയത് പോലെ തോന്നി...
സ്ഥലകാല ബോധം ഇല്ലാതായി .
ഓര്‍മ്മയിലെന്നും അവ്യക്തമായ ഒരു ഉത്സവമേളം ഉച്ചസ്ഥായിയില്‍ കേട്ടു.
ചെവിടടപ്പിക്കുന്ന കതിനാ വെടികളും ...നക്ഷത്രപ്പൂക്കള്‍ വിരിയിക്കുന്ന വെടിക്കെട്ടുകളും
കണ്‍മുന്‍പില്‍ തെളിഞ്ഞു.
പിന്നെ...ആളിക്കത്തുന്ന തീയില്‍ നിന്നും ദൂരേയ്ക്ക് പറന്നു പറന്നു പോകും പോലെ...
കൂട്ടുകാര്‍ പിടിച്ചു വലിച്ച് ജീപ്പില്‍ കയറ്റിയപ്പോഴും പണപ്പെട്ടിയും ടിക്കറ്റും തന്നു റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചപ്പോഴും മിണ്ടാനായില്ല. കൂടെയുള്ളവര്‍ ഓരോ മാര്‍ഗത്തിലൂടെ ചിതറിയോടി രക്ഷപ്പെട്ടു.
പക്ഷെ, എന്തിനെന്നറിയാതെ കാലുകള്‍ ചലിച്ചത് പോലിസ് സ്റ്റേഷനിലേയ്ക്കാണ് .
" അതെ. ഞാനാണ് അയാളെ കൊന്നത്."
''എന്തിന്‌?' '
''നിര്‍ദ്ദേശം കിട്ടി. ചെയ്തു. ''
ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്നും എന്തിനാണ് എന്നും അറിയാത്ത കാര്യം .അറിയണം എന്ന് ആഗ്രഹിക്കാത്ത കാര്യം. അന്വേഷണങ്ങളും ചോദ്യം ചെയ്യലുകളും മുറപോലെ നടന്നു.
കേസ് ...കോടതി...റിമാണ്ട് ....
പാര്‍ട്ടി നേതാക്കള്‍ കൈ മലര്‍ത്തി.

''ഞങ്ങള്‍ക്കിതില്‍ ഒരു പങ്കുമില്ല.''
ഏതു ദുര്‍ഘട സന്ധികളെയും തരണം ചെയ്യാറുള്ള ഗൌതമന്റെ കീഴടങ്ങല്‍
അമീര്‍ദാദയേയും അത്ഭുതപ്പെടുത്തി.
ഇത്തരക്കാരെ എത്രയും വേഗം ഇല്ലാതാക്കുക എന്നതായിരുന്നു അധോലോക നിയമം .
എന്നിട്ടും തയ്യാറാണെങ്കില്‍ രായ്ക്കുരാമാനം രക്ഷപ്പെടുത്താം എന്ന സന്ദേശമാണ്
അമീര്‍ ദാദ യില്‍ നിന്നും കിട്ടിയത്.ഗൌതമനോട് മാത്രം ഉണ്ടായിരുന്ന പ്രത്യേക പരിഗണന.
പക്ഷെ തയ്യാറായില്ല.ഈ ചോരക്കളി മതിയെന്ന് മനസ്സ് ശഠിച്ചു.
ഏതു ശിക്ഷയും ഏറ്റു വാങ്ങാനാണ് തീരുമാനിച്ചത്.
സത്യം മാത്രമേ പറഞ്ഞുള്ളൂ.
''അയാള്‍ ആരെന്നു എനിക്കറിയില്ല.എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ ഭംഗിയായി ചെയ്തു.അത്രമാത്രം''
ഒറ്റുകാരന്‍ എന്ന കുറ്റബോധം ഉണ്ടായിട്ടും വരുന്നത് വരട്ടെ എന്ന് കരുതി.
അമീര്‍ ദാദയ്ക്കും സംഘത്തിനും കുഴപ്പം ഉണ്ടാകുമെന്നത് ഉറപ്പായിരുന്നു.
അന്വേഷണങ്ങള്‍ അവിടേയ്ക്കും നീണ്ടു.
രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ തന്നെ വിലയ്ക്കെടുത്തവര്‍ സുഖമായി രക്ഷപ്പെട്ടു.
മാത്രമല്ല അവസരം മുതലെടുത്ത് എതിരാളികളുടെ പ്രതിച്ഛായ തകര്‍ക്കാനും അവര്‍ക്കായി .
തന്നെപ്പോലുള്ളവര്‍ ആണ് രാഷ്ട്രീയക്കാരുടെ കൊടുംകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഗൌതമന് ബോധ്യമായി.
തന്റെ ഈ കീഴടങ്ങല്‍ കൊണ്ട് ഒന്നും തീരുന്നില്ലല്ലോ.
തന്നെപ്പോലെ ഇനിയും എത്ര എത്രപേര്‍ ..
പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചത്.
എന്നാല്‍ നിയമത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ എവിടെ നിന്നോ വീണു കിട്ടിയ സംശയത്തിന്റെ ആനുകൂല്യം...
ജീവപര്യന്തം കഠിന തടവ്.
അത് എത്ര നിസ്സാരമായ ശിക്ഷ ..പതിനാലു സംവത്സരങ്ങള്‍ ഇരുണ്ടു വെളുത്ത് കഴിഞ്ഞു പോയി.
ജയിലഴികളുടെ വിഘ്നങ്ങളില്ലാത്ത വിശാലമായ ഒരു ലോകമാണ് തനിക്കു മുന്നില്‍ എന്നോര്‍ത്തപ്പോള്‍ ഗൌതമന് അഭിമാനം തോന്നി.
ഇത്തരം ഒരനുഭൂതി ആദ്യമായാണ്‌ .കാറ്റില്‍ പെട്ട് പറന്നു പോകുന്ന ഒരു അപ്പൂപ്പന്‍ താടി പോലെ ..
അനുകൂലമായ ഒരു സാഹചര്യത്തില്‍ എത്തിപ്പെട്ട് ഒരു പുതു ജീവിതം തുടങ്ങാനാണ് അതിന്റെ യാത്ര....
പക്ഷെ ...തനിക്കോ...?!!
ഒരു പുതിയ ജീവിതം സ്വപ്നം കാണുകയായിരുന്നു ഇത്രനാള്‍ ...
ജീവഭയം കൂടാതെ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്ന രാവുകള്‍...ബന്ധുക്കള്‍... സ്വന്തക്കാര്‍...
എല്ലാവരോടുമൊപ്പം ഒരു ജീവിതം...!
പക്ഷെ തനിക്ക് ആരാണുള്ളത്?
ഒരു അനാഥന്റെ ഒടുങ്ങാത്ത നിരാശ ഗൌതമനെ വീര്‍പ്പുമുട്ടിച്ചു.
വിശാലമായ മൈതാനത്തിലെ നിരത്തിക്കെട്ടിയ തമ്പുകളില്‍
കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു കൊച്ചു കുട്ടി.
വിരല്‍ അറ്റ് പോയ വികൃതരൂപിയായ ഒരു മനുഷ്യക്കോലം അവനെ ആശ്വസിപ്പിച്ചു.
വിശന്നപ്പോള്‍ കിട്ടിയ ആഹാരത്തിന്റെ പേരില്‍,
കുഷ്ഠരോഗം വികൃതമാക്കാത്ത ആ മനസ്സിലെ ദയാവായ്പ്പിന്റെ പേരില്‍,
അയാളെ അച്ഛന്‍ എന്ന് വിളിച്ചു.
പട്ടിണിയും പരിവട്ടവുമായി ആ നാട് തെണ്ടികളോടൊപ്പം നടന്നു.
വളര്‍ന്നു.അനുഭവങ്ങള്‍ നല്‍കിയ അറിവുകള്‍ മാത്രം സ്വായത്തമായി.
യാത്രയ്ക്കിടയില്‍ വഴിവക്കില്‍ എവിടെയോ വീണു മരിച്ച ആ കുഷ്ഠരോഗിയുടെ സ്നേഹം ഒരു നഷ്ടമായി തോന്നാത്ത വിധം കഠിനമായ മനസ്സോടെയാണ് നാട് വിട്ടതും അമീര്‍ ദാദയോടൊപ്പം ചേര്‍ന്നതും.
കൈക്കരുത്തും എന്തിനും പോന്ന ചക്കൂറ്റവും അമീര്‍ ദാദയുടെ പ്രിയപ്പെട്ടവനാക്കി.
ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്തു.
കിട്ടിയ പണം ധൂര്‍ത്തടിച്ച് ജീവിച്ചു.
ആരോടും ബാധ്യതയില്ലാതെ .
ആര്‍ക്കുവേണ്ടിയും നീക്കി വയ്ക്കാതെ..
സ്വന്തം നിലനില്‍പ്പിനപ്പുറം ഒരു ബന്ധവും വിലപ്പെട്ടതായില്ല.
പക്ഷെ,
ശ്വാസം നിലയ്ക്കുന്നതിനു മുന്‍പേ കേട്ട ഹൃദയം തകര്‍ന്ന ഒരു നിലവിളി....
ചാരം മൂടിക്കിടന്ന മൃദുല വികാരങ്ങളെ അത് തൊട്ടുണര്‍ത്തി .
ഒരു വഴിത്തിരിവിന് അത് പ്രേരകമായി.കിട്ടിയ ശിക്ഷ ആശ്വാസത്തോടെ അനുഭവിക്കുമ്പോഴും സ്വസ്ഥത നശിപ്പിക്കാന്‍ ആ ശബ്ദത്തിനു കഴിഞ്ഞിരുന്നു.
വെറും ഒരസ്വാസ്ഥ്യം അല്ല .ആര്‍ദ്ര മായ സാന്ത്വനം പോലെ ഉള്ളുലയ്ക്കുന്ന ഒരു വൈകാരികാനുഭവം ...!
അതിനൊരു വ്യാഖ്യാനം കണ്ടെത്താന്‍ ഇത് വരെ ആയില്ല.
ശിക്ഷകഴിഞ്ഞു പുറത്തു വന്ന ഈ നിമിഷത്തിലും ആ വിളി തന്റെ ചുറ്റും പ്രകമ്പനം കൊള്ളുന്നുണ്ടെന്ന് ഗൌതമന് തോന്നി.
ബസ് സ്റ്റോപ്പിലെ വെയ്റ്റിംഗ് ഷെഡില്‍ നിരാശയോടെ അയാള്‍ ഇരുന്നു.
എവിടെയ്ക്കാണ് പോകേണ്ടത്..? തന്റെ കീഴടങ്ങലും കുറ്റസമ്മതവും അമീര്‍ ദാദയുടെ മരണത്തിനും സംഘത്തിന്റെ നാശത്തിനും ഇടയാക്കിയെന്നു പിന്നീട് അറിഞ്ഞിരുന്നു.
തിരിച്ചു ചെന്നാല്‍ അവരില്‍ ഒരാളെങ്കിലും പ്രതികാരത്തിന് ഒരുങ്ങി എങ്കിലോ...?
അല്ലെങ്കില്‍ തന്നെ ഒരു തിരിച്ചു പോക്ക് അസാദ്ധ്യമാണല്ലോ.
''ഗൌതം..''
തന്നെ പേര് ചൊല്ലി വിളിക്കുന്നതാരാണ്? ജയിലില്‍ വെറും നമ്പര്‍ ആയിരുന്നു.
ഇടയ്ക്കൊക്കെ അമീര്‍ ദാദ പേര് വിളിച്ചിരുന്നു.
പക്ഷെ ഇപ്പോള്‍...?
കാറില്‍ നിന്നിറങ്ങി തനിക്ക് നേരെ നടന്നു വരുന്ന അപരിചിതനെ സംശയത്തോടെ നോക്കി.
''ഓര്‍മ്മയുണ്ടോ എന്നെ...?ഞാന്‍ സിദ്ധാര്‍ഥന്‍ ...നിന്റെ ചിത്തുവേട്ടന്‍ ...''
ഗൌതമിന്റെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു. .
''ഒരിക്കല്‍ നിന്നെ കാണാന്‍ ഞാന്‍ ജയിലില്‍ വന്നിരുന്നു....''
പെട്ടെന്ന് അയാള്‍ ചാടി എഴുന്നേറ്റു.
സിദ്ധാര്‍ത്ഥന്റെ കൈകള്‍ കൂട്ടി പിടിച്ച് ആവേശത്തോടെ ചോദിച്ചു.
''എവിടെ ....?ആ അമ്മ എവിടെ..?എനിക്ക് ഒരിക്കല്‍ക്കൂടി അവരെ ഒന്ന് കാണാന്‍ പറ്റ്വോ ?
പുഞ്ചിരിയോടെ സിദ്ധാര്‍ഥന്‍ ഗൌതമന്റെ തോളില്‍ തട്ടി .
''തീര്‍ച്ചയായും. അമ്മ നിന്നെ കാത്തിരിക്കുകയാണ് ...വരൂ...''
അന്തര്പ്രേരണ കൊണ്ടെന്നപോലെ ഗൌതം സിദ്ധാര്‍ഥനെ അനുഗമിച്ചു.
കാര്‍ നഗരത്തിന്റെ തിരക്കിനിടയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഗൌതമന്റെ മനസ്സ് നിറയെ ആ അമ്മയുടെ രൂപമായിരുന്നു.
അന്ന്,
തനിക്കു സന്ദര്‍ശകരുണ്ടെന്നു കേട്ടപ്പോള്‍ അമീര്‍ ദാദയുടെ ആള്‍ക്കാര്‍ ആരെങ്കിലും
ആയിരിക്കുമെന്നെ കരുതിയുള്ളു.
മറ്റാരും വരാനില്ലല്ലോ.
പക്ഷെ കണ്ടത് തന്നെപ്പോലൊരു ചെറുപ്പക്കാരനെയും ദു:ഖ ത്തിന്റെ മൂര്‍ത്തി മദ്ഭാവമായ ആ അമ്മയെയും ആണ്.
അമ്പരപ്പിനറുതി വരുത്തി ചെറുപ്പക്കാരന്‍ പറഞ്ഞു.
''വെറുതെ ....ഒന്ന് കാണാന്‍ വന്നതാണ്.''
തന്നെ നിര്‍ന്നിമേഷം നോക്കി നിന്ന അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു .
ചുണ്ടുകള്‍ വിതുമ്പുന്നുണ്ടായിരുന്നു
പ്രതീക്ഷിക്കാത്ത ഒരു നിമിഷം അവര്‍ അരികിലെത്തി വിറയ്ക്കുന്ന കൈകള്‍ക്കുള്ളില്‍ മുഖമൊതുക്കി തന്റെ നെറ്റിയില്‍ ചുംബിച്ചു .
ആ കണ്ണുനീര്‍ തന്റെ മുഖത്തും നെഞ്ചിലും പടര്‍ന്നു.
പെട്ടെന്ന് അവരെ പിടിച്ച് മാറ്റി പുറത്തേയ്ക്ക് നയിക്കുന്നതിനിടയില്‍ ആ മകന്‍ ശാസിക്കുന്നത് വ്യക്തമായി കേട്ടു.
''ഒന്ന് കണ്ടാല്‍ മാത്രം മതി എന്ന് പറഞ്ഞിട്ടല്ലേ കൊണ്ടുവന്നത്..എന്നിട്ടിപ്പോ....''
വെള്ള സാരിത്തുമ്പ് കടിച്ചു പിടിച്ച് കരച്ചിലമര്‍ത്തി തിരിഞ്ഞു തിരിഞ്ഞു നോക്കി നടന്നു നീങ്ങിയ ആ രൂപം മനസ്സില്‍ നിന്നും മാഞ്ഞതേയില്ല.
ഒന്നും പറഞ്ഞില്ലെങ്കിലും ആ മൌനം എത്ര വാചാലമായിരുന്നു.
അന്നത്തെ ചുംബനത്തിന്റെ ചൂട് ഇപ്പോഴും അനുഭവപ്പെട്ടതുപോലെ ഗൌതമന്‍ നെറ്റി തടവി.
അയാളുടെ നോട്ടം സിദ്ധാര്‍ത്ഥനില്‍ ആയി .
നോക്കും തോറും അപരിചിതത്വത്തിന്റെ മറ നീങ്ങുകയാണെന്നും
സ്വന്തം രൂപം മുന്നില്‍ കാണുകയാണെന്നും ഗൌതമിന് തോന്നി.
പേരറിയാത്ത ഒരു വികാരം ഉള്ളില്‍ ഉണര്‍ന്നു.
അയാള്‍ മന്ത്രിച്ചു. ''ചിത്തുവേട്ടന്‍ ...!'
വിളികേട്ടത്‌ പോലെ സിദ്ധാര്‍ഥന്‍ മുഖം തിരിച്ചു.ആ കണ്ണുകളില്‍ കനിവും വാത്സല്യവും തുളുമ്പി.
''എന്താണ് ആലോചിക്കുന്നത് ? ''
ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ഗൌതമന്‍ തുറന്നു പറഞ്ഞു.
''എനിക്ക് ..... എനിക്കൊന്നും ...മനസ്സിലാകുന്നില്ല.''
ആര്‍ദ്ര സ്വരത്തില്‍ സിദ്ധാര്‍ഥന്‍ ആശ്വസിപ്പിച്ചു..
''ഒക്കെ പറയാം.''
മുത്തശ്ശിക്കഥ കേള്‍ക്കാന്‍ വെമ്പുന്ന കൊച്ചു കുഞ്ഞിന്റെ ഭാവം ആയിരുന്നു ഗൌതമനില്‍.
സിദ്ധാര്‍ഥന്റെ വാക്കുകള്‍ കേള്‍ക്കുന്തോറും അത്ഭുതവും സന്തോഷവും കൊണ്ടയാള്‍ വീര്‍പ്പുമുട്ടി....
ഓര്‍മ്മകളില്‍ അവ്യക്തമായിരുന്ന കാഴ്ചകള്‍ തെളിഞ്ഞു വന്നു.
ചെവിക്കുള്ളില്‍ മുഴങ്ങുന്ന ഉത്സവമേളം...കണ്ണുകളില്‍ തിളങ്ങുന്ന നക്ഷത്രപ്പൂക്കള്‍...അച്ഛന്റെ നെഞ്ചില്‍ മുഖം ഒളിപ്പിച്ചിരുന്ന കുട്ടി...
കാതടപ്പിക്കുന്ന പൊട്ടിത്തെറി...അഗ്നിപ്രളയം ..

''എല്ലാം തീര്‍ന്നു എന്നാണ് കരുതിയത്..കത്തിക്കരിഞ്ഞു തിരിച്ചറിയാന്‍ കഴിയാത്തവരുടെ ഇടയില്‍ നിന്നും കിട്ടിയ ഒരു കൊച്ചു ശരീരം...അത് നിന്റെതെന്നു വിശ്വസിച്ചു.പക്ഷെ...''
കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ സിദ്ധാര്‍ഥന്‍ തുടര്‍ന്നു.

''കേസിന്റെ അന്വേഷണത്തിനിടയില്‍ നിന്റെ വേര് തേടി എത്തിപ്പെട്ടത് ഒരു നാടോടിക്കൂട്ടത്തില്‍
ആയിരുന്നു.നീ ഒരു കുഷ്ഠരോഗിയുടെ വളര്‍ത്തു പുത്രന്‍..അല്ലേ..?ശരിയല്ലേ?''
ഗൌതമന്‍ മറുപടി പറഞ്ഞില്ല.
ചിത്തു വേ ട്ടന്‍ ..!...അമ്മ....!.അച്ഛന്‍...!
ഗൌതമന്റെ മിഴികള്‍ നിറഞ്ഞൊഴുകി.ആശ്വസിപ്പിക്കും പോലെ സിദ്ധാര്‍ഥന്‍ മൊഴിഞ്ഞു.

''ഒരു പോലിസ് ഉദ്യോഗസ്ഥന്റെ മനസ്സായത് കൊണ്ടാകാം വ്യക്തമായ തെളിവ് കിട്ടും വരെ ഞാന്‍ വിശ്വസിച്ചില്ല. പക്ഷെ ഒറ്റ നോട്ടത്തില്‍ തന്നെ അമ്മ നിന്നെ തിരിച്ചറിഞ്ഞു.''
എന്നോ നഷ്ടപ്പെട്ട മകനെ ഒരു കൊലപാതകിയുടെ വേഷത്തില്‍ കാണേണ്ടി വന്ന അമ്മയുടെ തളര്‍ന്ന മുഖം ആയിരുന്നു ഗൌതമന്റെ മനസ്സില്‍.
കരയണോ ചിരിക്കണോ എന്നയാള്‍ സംശയിച്ചു.
ഇതൊന്നും സ്വപ്നമല്ല. താന്‍ അനാഥനല്ല .
ഈ തിരിച്ചു പോക്ക് അച്ഛനമ്മമാരുടെ സന്നിധിയിലേയ്ക്കാണ്
അരികിലിരിക്കുന്നത് സഹോദരന്‍.....
പലവട്ടം ആവര്‍ത്തിച്ചപ്പോള്‍ മനസ്സില്‍ വിശ്വാസം തോന്നി.
പക്ഷെ,
ആ സ്നേഹതീരത്ത് അണയാന്‍ തനിക്കെന്തു യോഗ്യതയാണ് ഉള്ളത്?
പാപി....മഹാപാപി...!!
മനസ്സ് വായിച്ചതുപോലെ സിദ്ധാര്‍ഥന്‍ പറഞ്ഞു.

''കഴിഞ്ഞതൊന്നും ഇനി ഓര്‍ക്കേണ്ട .കുറ്റബോധം മനസ്സിനെ പരുവപ്പെടുത്താന്‍ ശിക്ഷയുടെ കാലാവധി വേണ്ടുവോളം ഉപകരിച്ചില്ലേ?അതിനു വേണ്ടി ഉപവാസവും പ്രാര്‍ത്ഥനയുമായി ഓരോ ദിവസവും എണ്ണിത്തീര്‍ത്ത് അമ്മ നിന്നെ കാത്തിരിക്കുകയാണ്.''

ഗൌതമന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അയാള്‍ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.
ഒക്കെ മറക്കാന്‍ ശ്രമിച്ചു കൊണ്ട് വരും നിമിഷങ്ങളിലെ ആനന്ദം അയാള്‍ അനുഭവിച്ചു.
അച്ഛനമ്മമാരുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി.
സ്നേഹ ചുംബനങ്ങള്‍ ഏറ്റ് കോരിത്തരിച്ചു.
അമ്മയുടെ കൈപിടിച്ച് മുറ്റത്ത്‌ പിച്ചവച്ചു.
അച്ഛന്റെ നെഞ്ചില്‍ ചേര്‍ന്നിരുന്നു.

സിദ്ധാര്‍ഥന്‍ ചിന്തകളില്‍ നിന്നും ഗൌതമനെ തൊട്ടുണര്‍ത്തി .
''വരൂ...ഇതാണ് നമ്മുടെ വീട്....''

കാറില്‍ നിന്നിറങ്ങുമ്പോള്‍ ഗൌതമന്റെ പാദങ്ങള്‍ വിറച്ചു.
മണല്‍ത്തരികളുടെ സ്പര്‍ശം അയാളെ ഇക്കിളിപ്പെടുത്തി.
ശരീരത്തിനുള്ളില്‍ ഉഷ്ണജല പ്രവാഹം ഉറവെടുത്തു.
സിദ്ധാര്‍ഥന്റെ തോളോട് ചേര്‍ന്ന് മുറ്റത്തെത്തുമ്പോള്‍ ,
'മോനെ...'എന്ന വിളിയോടെ വാതില്‍ക്കല്‍ അമ്മ.

അടക്കാനാവാത്ത ആനന്ദത്തിരത്തള്ളലോടെ
ആ കൈകളിലേയ്ക്ക് ഗൌതമന്‍ ഓടി അണഞ്ഞു.
പെട്ടെന്ന് തീപ്പൊള്ളല്‍ ഏറ്റപോലെ അയാള്‍ പിന്നോട്ട് മാറി.
അമ്മയുടെ ദീപ്ത രൂപത്തിനും അപ്പുറം ചുവരില്‍ പൂമാല ഇട്ട് അലങ്കരിച്ച ഒരു മുഖം...

ഇതുവരെ വ്യാഖ്യാനിക്കാന്‍ കഴിയാതിരുന്ന ശബ്ദ സാന്നിധ്യം അയാള്‍ തിരിച്ചറിഞ്ഞു.
പ്രതിക്കൂട്ടില്‍ വിധിവാചകത്തിനു കാതോര്‍ത്തു നില്‍ക്കുന്ന കുറ്റവാളി ..
ന്യായാധിപന് അമ്മയുടെ മുഖം.
ദൈവം പോലും മാപ്പ് തരാത്ത കുറ്റത്തിന് മരണശിക്ഷ അല്ല
മരണം വരെ ശിക്ഷ....
സ്വീകരിക്കാതെ വയ്യാ. ...അനുഭവിക്കാതെ വയ്യാ...
ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരയുന്ന ഗൌതമനെ
സ്നേഹത്തിന്റെ കൈവിലങ്ങിനുള്ളില്‍
ആ അമ്മ പൊതിഞ്ഞു പിടിച്ചു.

സദാചാരത്തിന്റെ വെയര്‍ഹൌസ്

November 30, 2010 Thabarak Rahman Saahini


മുന്കുറിപ്പ് :
ഇക്കഥയില്‍ രതിയും, രതി മൂര്‍ച്ഛയുമെല്ലാം വിഷയമാകുന്നുണ്ട്, അതെല്ലാം ഇക്കഥയുടെ സ്വാഭാവികതയ്ക്കിണങ്ങുന്ന തരത്തില്‍ മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. അത് കാരണം ഇക്കഥയില്‍ എന്റെ സുഹൃത്തുക്കളും എഴുത്തുകാരുമായ വായനക്കാര്‍ക്ക് എന്തെങ്കിലും അപാകതകള്‍ തോന്നുന്നുവെങ്കില്‍ സദയം ക്ഷമിക്കണമെന്നപേക്ഷിക്കുന്നു.

എന്ന് , സ്നേഹപൂര്‍വ്വം,
താബു.

ബസ് ഏറാന്‍മുക്കില്‍ വന്നു തിരിയുന്നതിന് മുന്‍പേ ചാടിയിറങ്ങി ഞാന്‍ നടത്തത്തിനു വേഗം കൂട്ടി. ചെറിയ ഒരു ഓട്ടം എന്നുതന്നെ പറയാം. നേരിയ ഖദര്‍ കുപ്പായം വിയര്‍പ്പോടൊട്ടി കിടക്കുന്നു . പോരിവെയിലിലും മുതുകത്ത് അല്‍പ്പം ഈര്‍പ്പം തട്ടുന്നതായി അനുഭവപ്പെട്ടു. ട്രെയിന്‍ സ്റ്റേഷനിലെത്തുന്നതിനു മുന്‍പ് ചെറിയ ടവ്വല്‍ നനച്ചു മുഖത്തെ കരിയും പൊടിയും തുടച്ചുകളഞ്ഞത് നന്നായി . ദേശാടനക്കാരനാണന്ന് കണ്ടപാടെ ആരും വിളിച്ചുകൂവില്ലല്ലോ.

വളവു തിരിഞ്ഞു വീട്ടിലേക്കുള്ള ഇടവഴി ഇറങ്ങാന്‍ ഭാവിക്കുമ്പോഴാണു ഹുസൈന്‍ ഓടിക്കിതച്ചു മുന്നിലേക്കെത്തിയത് ഞാന്‍ ഒത്തിരി താമസിച്ചുപോയോ എന്ന കുറ്റബോധത്തോടെ അവനോടു തന്നെ ചോദിച്ചു, മയ്യത്തെടുത്തുവോ? ഇല്ലിക്കാ എടുത്തിട്ടില്ല, താമസിക്കും, അഞ്ചുമണിയാകും. ബാംഗ്ളൂരുന്നു ആമിന വന്നുകൊണ്ടിരിക്കുകയാണ്.

ഇക്ക ഏതായാലും ഇപ്പോള്‍ അങ്ങോട്ടുവരണ്ട. ഇക്ക വന്നാല്‍ നമ്മുടെ ബന്ധുക്കള്‍ ഒന്നിനും സഹകരിക്കില്ലന്നാ പറയുന്നത്. മതം മാറിയവനുമായി ഒരിടപാടിനുമില്ലന്നാ അവരുടെ നിലപാട്. ഇക്കാ ഇനിയെങ്കിലും ഇതെല്ലാം ഉപേക്ഷിച്ചിട്ട് വീട്ടിലടങ്ങിക്കഴിഞ്ഞുകൂടെ. അത് പറയുമ്പോള്‍ ഉമ്മയില്‍ സ്ഥായിയായിട്ടുള്ള ദൈന്യത ഞാനവന്റെ മുഖത്തും കണ്ടു. വെയിലിനു ശക്തിയേറുന്നു അവനും വല്ലാതെ വിയര്‍ത്തുത്തുടങ്ങിയിട്ടുണ്ട്.

ഇക്കാ ഉമ്മ ഇന്നന്വേഷിച്ചിരുന്നു ഇക്കാനെ, നേരം വെളുത്ത ഉടനെ. ബ്ബാപ്പയ്ക്ക് പ്രത്യേകിച്ച് അസുഖമോന്നുമുണ്ടായിരുന്നില്ല, ഇന്നലെ പകല്‍ പതിനൊന്നുമണിക്ക് പതിവുപോലെ ക്ലോക്കിന് കീയും കൊടുത്ത് ,പത്രവുമെടുത്തുകൊണ്ട് മാവിന്‍ ചോട്ടിലേക്ക് പോയതാണ് ഊണിനു കാലമായപ്പോള്‍ ഉമ്മ വിളിക്കാന്‍ ചെന്നപ്പോഴാണ്. . . . . . . . . .

ഇക്കായോടു വിവരം പറയാനായി കവലയിലേക്കു ഓരോ ബസ്സും വന്നു തിരിയുമ്പോള്‍ ഞാനോടിവന്നു നോക്കുകയായിരുന്നു. നമ്മുടെ കുമാരന്റെ കടയുടെ മുകളിലെ ലൈബ്രറിയോട് ചേര്‍ന്നുള്ള മുറി ഒഴിഞ്ഞു കിടപ്പുണ്ട്, ഇക്ക തത്ക്കാലം അവിടെ താമസിക്ക്. ബാപ്പയുടെ പത്തു കഴിഞ്ഞതിനു ശേഷം വീട്ടിലേക്കു വന്നാല്‍ മതി. എന്താ ആവശ്യാന്നു വച്ചാല്‍ ഞാനതവിടെ എത്തിച്ചോളാം.

മറുപടിയൊന്നും പറയാന്‍ തോന്നിയില്ല, എല്ലാം അനുസരിക്കുന്നു എന്നമട്ടില്‍ തലയാട്ടി. ഉമ്മയെ കാണാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഒറ്റക്കുതിപ്പിനു അവനെയും തള്ളിമാറ്റി വീട്ടിലെക്കോടിയാലോയെന്നു ആലോചിച്ചു പോയി. തത്കാലം ഹുസൈനെ അനുസരിക്കുകയെ തരമുള്ളൂ. ബന്ധുക്കള്‍ പിണങ്ങിമാറിയാല്‍ ബാപ്പയുടെ മയ്യത്തുമായി ഞാനെങ്ങോട്ടുപോകും. വേണ്ട തത്കാലം ആരുമായും ഒരു ബലാബലം വേണ്ട. എന്റെ സ്വന്തം നാട് തന്നെ, എന്നാലും കുറച്ചുവര്‍ഷത്തെ അപരിചിതത്വം ഇപ്പോഴുണ്ട്. ഇപ്പോഴത്തെ പ്രശ്നക്കാര്‍ പഴയ കിളവന്മാര്‍ ആയിരിക്കില്ല. അവര്‍ക്കാകുമ്പോള്‍ ചിലതൊക്കെ സഹിക്കാനും, പൊറുക്കാനും കഴിഞ്ഞേക്കും, ചോരത്തിളപ്പുള്ള പുതിയ യുവാക്കള്‍ കൂട്ടം കൂടിയാല്‍ അത്ത്യന്തം അപകടകാരികളാണ്. അവരാണല്ലോ പുതിയ കാലത്തെ സദാചാരത്തിന്റെ വെയര്‍ ഹൌസ് കാവല്‍ക്കാര്‍.

പുറത്തു വെയില്‍ കനത്തുകിടക്കുന്നു. പുറത്തേക്ക് നോക്കി കൊണ്ട് ജനലിനരികില്‍ മിടിക്കുന്ന ഹൃദയത്തോടെ നിന്നു. കവലയില്‍ നിന്നും തുടങ്ങുന്ന വീട്ടിലേക്കുള്ള നീണ്ട വഴിയിലെ ആളനക്കങ്ങള്‍ മാവിന്റെ ചില്ലകള്‍ക്കിടയിലൂടെ വ്യക്തമായും കാണാം. വീട്ടിലേക്കു പോകുന്ന സന്ദര്ശകരുടെയിടയില്‍ അപരിചിത മുഖങ്ങളും ധാരാളമുണ്ട്. ചിലപ്പോള്‍ അതൊക്കെ ഹുസൈന്റെ കെട്ട്യോളുടെ ബന്ധുക്കളായിരിക്കാം. എല്ലാവരുടെയും മുഖത്തു ഒരേ നിസ്സംഗത. കവലയില്‍ വണ്ടിയിറങ്ങിയ ഉടനെ അവര്‍ അത് എവിടുന്നാണെടുത്തണിയുന്നതെന്നറിയില്ല.

അമ്മായിയുടെ മകള്‍ സബീന അവളുടെ വീട്ടില്‍ നിന്നും എന്തോ ആഹാരസാധനം പാത്രത്തിലാക്കി എന്റെ വീട്ടിലേക്കു നടന്നു നീങ്ങുന്നു. അവള്‍ക്കു മാത്രം ഏതോ ഒരു ഗൃഹതുരത്ത്വം എന്റെ വീടിനോടുള്ളത് പോലെ തോന്നുന്നു. ഓര്‍മയിലേക്ക് ഗുലാം അലിയുടെ ഗസലുകള്‍ അരിച്ചെത്തുകയാണ്. പരസ്പരം കൈമാറിയിരുന്ന ഗസല്‍ ഡിസ്ക്കുകള്‍ മനസ്സിന്റെ ആഴത്തിലിരുന്നു പ്ലേ ചെയ്യുന്നു. ഒന്നും വേണ്ടായിരുന്നു. ഞാന്‍ വരച്ച ചില ചിത്രങ്ങള്‍ അവള്‍ക്കായി വച്ച് നീട്ടുമ്പോള്‍ അവളുടെയുള്ളില്‍ ചില മനോഹര വര്‍ണ്ണങ്ങള്‍ വീണു ചിതറിയത് മനസ്സിലാക്കിയിട്ടും ഏന്തേ ഞാന്‍ അറിയാത്ത ഭാവത്തില്‍ ഒളിച്ചു കളിച്ചത്

കവലയില്‍ വന്ന ബസ്സില്‍ നിന്നിറങ്ങിയ ആളുകളുടെയിടയില്‍ നിന്നും പെട്ടോന്നുരു മുഖം തിരിച്ചറിയാന്‍ കഴിഞ്ഞു. തിരുനെല്‍വേലിയില്‍ നിന്നുള്ള ഗഫൂര്‍ സേഠ്. ബാപ്പയുടെ കണക്കുപിള്ളയായിരുന്നു കുറേക്കാലം മദ്രാസ്സില്‍. പല വിശേഷങ്ങള്‍ക്കും ബാപ്പ അറിയിച്ചാലുടനെ വീട്ടിലെത്താറുണ്ട്. അവസാനമായി കണ്ടത് പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് പെങ്ങള്‍ ആമിനയുടെ നിക്കാഹിന്. ആളല്‍പ്പം ക്ഷീണിച്ചിട്ടുണ്ട്. ബാപ്പയെക്കാളും പതിനാറു വയസ്സെങ്കിലും ഇളപ്പം കാണണം ഗഫൂര്‍ സേഠിന്. എനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ ഞങ്ങള്‍ ബായ് എന്ന് വിളിക്കുന്ന സേഠ് എന്നെയും കൂട്ടി ബാപ്പയുടെ നിര്‍ദ്ദേശ പ്രകാരം മദ്രാസ്സിലേക്ക് വണ്ടി കയറിയിട്ടുണ്ട്. ബാപ്പ ജ്വരം ബാധിച്ച ശേഷം മദ്രാസ്സില്‍ ഒരു ബന്ധുവീട്ടില്‍ അപ്പോള്‍ വിശ്രമത്തിലായിരുന്നു.

എന്റെ ആദ്യത്തെ ട്രെയിന്‍ യാത്ര. രണ്ടുജോടി ഡ്രെസ്സും ഉമ്മ വാങ്ങിത്തന്ന രണ്ടു പുസ്തകങ്ങളുമായിരുന്നു എന്റെ കൈവശം. എനിക്കോര്‍മയുണ്ട് വിക്രമാദിത്യന്‍ കഥകളും, എഡിസന്റെ ജീവചരിത്രവുമായിരുന്നു അവ. അദ്ദേഹത്തോടൊപ്പം ബര്‍മ ബസാറില്‍ ചെന്ന് കളിപ്പാട്ടങ്ങള്‍ വാങ്ങിയത് ഓര്മ വരുന്നു. കോട്ടില്‍ ക്ലിപ്പ് ചെയ്തു വയ്ക്കാവുന്ന സ്വര്‍ണനിറത്തില്‍ ചിത്രങ്ങള്‍ പതിപ്പിച്ച വലിയ ബട്ടന്‍സ് അദ്ദേഹത്തിന്റെ വകയായി എനിക്ക് സമ്മാനിച്ചിരുന്നു. സൂക്ഷിച്ചു വച്ചിരുന്ന പഴയ സാധനങ്ങളുടെ കൂട്ടത്തില്‍ കുറച്ചുകാലം മുന്‍പുവരെ അതുണ്ടായിരുന്നു. ആറു വര്ഷം മുന്‍പു വീടുവിട്ടിറങ്ങിയപ്പോള്‍ നിരന്തരമുള്ള യാത്രകളിലെവിടെയോ അത് കൈമോശം വന്നു. ഒപ്പം ചില സ്മരണകളും.

പെങ്ങള്‍ ആമിനയും കുടുംബവും എത്തുന്നതും കാത്തു ബാപ്പയുടെ മയ്യിത്ത് കിടക്കുകയാണ്. തീര്‍ച്ചയായും നടുത്തളത്തിലായിരിക്കണം ബാപ്പയെ കിടത്തിയിരിക്കുന്നത്. ബാപ്പ പകല്‍ വിശ്രമിക്കാറുള്ളത് അവിടെയാണ്. അവിടെത്തന്നെയാണ് ബാപ്പയുടെ പ്രവൃത്തികളെ നിയന്ത്രിക്കാറുള്ള ഒരു അലമാരയോളം ഉയരമുള്ള ഘടികാരവും ഇരിക്കുന്നത്.

ഉച്ചസമയം അല്പനേരം അടച്ചിടാറുള്ള കൂനന്‍ ഇസ്മായിലിന്റെ പീടിക അയാള്‍ ധൃതിപെട്ടു തുറക്കുന്നത് കണ്ടു. തൊട്ടടുത്ത വ്യാപാരി വ്യവസായി ഓഫീസിനു മുന്നില്‍ ഒരു കരിങ്കൊടി പാറിക്കളിക്കുന്നു. പകല്‍ വീട്ടിലുള്ളപ്പോള്‍ ബാപ്പ ചിരിക്കുന്നത് കണ്ടിട്ടേയില്ല. നിരന്തരം വഴക്കിടുന്ന ഒരു മനുഷ്യന്റെ മുഖത്തെ തീഷ്ണതയാണ് ഞാനെപ്പോഴും കണ്ടിട്ടുള്ളത്. ഇപ്പോഴെങ്ങനെയായിരിക്കും ബാപ്പയുടെ ഭാവം, ഉറങ്ങുന്ന ഒരു കുഞ്ഞിന്റേതുപോലെ ശന്തതയുള്ളതായിരിക്കുമോ, അതോ എല്ലോവരോടുമുള്ള വെറുപ്പ്‌ കാര്‍മേഘം പോലെ കനത്തു കിടക്കുകയാണോ.

ധൃതിയില്‍ ഒരു ടാക്സി പൊടിപറത്തിക്കൊണ്ട് വീട്ടിലേക്കുള്ള നിരത്തിലേക്ക് തിരിഞ്ഞു കയറി. കാറിന്റെ മുകളില്‍ ലഗ്ഗേജുണ്ട്. അവള്‍ തന്നെ, ആമിനയും കെട്ട്യോനും കുട്ടികളും. കരച്ചിലുകള്‍ മുറിഞ്ഞു നില്‍ക്കുന്ന വീട്ടില്‍ അല്‍പ്പം കഴിയുമ്പോള്‍ അവളുടെ സാന്നിധ്യത്തില്‍ വീണ്ടും ഏങ്ങലടികള്‍ ഉയര്‍ന്നു താഴും. വൈകുന്നേരം വീണ്ടുമൊരു കൂട്ടക്കരച്ചില്‍ കാണും. ബാപ്പയെ എല്ലെവരും ചേര്‍ന്ന് തോളിലേറ്റുമ്പോള്‍. പക്ഷെ യഥാര്‍ത്ഥത്തില്‍ കരയുക മയ്യത്ത് പെട്ടിക്കുള്ളില്‍ കിടന്നു ബാപ്പയായിരിക്കും. നിശബ്ദമായ വിടവാങ്ങലിന്റെ തേങ്ങലുകള്‍. ബാപ്പ ഉപയോഗിക്കാറുള്ള ചാരുകസേരയോ, ഘടികാരമോ, അങ്ങനെ ഏതെങ്കിലും വസ്തുക്കളായിരിക്കും തേങ്ങലുകള്‍ തിരിച്ചറിയുക. ചിലപ്പോള്‍ പടിഞ്ഞാറ് വശത്തെ മാവും മാവിലകളും, അതില്‍ കൂടുകൂട്ടിയ ഉറുമ്പുകളും ഒക്കെയാവും ബാപ്പയ്ക്ക് ശരിക്കും വിട നല്‍കുക.

ലാ ഇലാഹ ഇല്ലള്ള , ലാ ഇലാഹ ഇല്ലള്ള. മുഴക്കമുള്ള ശബ്ദങ്ങള്‍ അടുത്തടുത്ത് വരുന്നു. ബാപ്പയെയും ചുമന്നു കൊണ്ടുള്ള ആള്‍ക്കൂട്ടം വരി വരിയായി ചെമ്മന്പാതയില്‍ നിന്നും കവലയിലേക്കു കയറുന്നു. മുറിയിലെ ജനാലക്കരികില്‍ നിന്നും താഴേക്കു നോക്കിയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. ഹുസൈന്‍ മുന്നില്‍ത്തന്നെ നിന്നുകൊണ്ട് മയ്യത്തുപ്പെട്ടിയുടെ വലതു ഭാഗം അവന്റെ ഇടതു ചുമലില്‍ ഏറ്റിയിട്ടുണ്ട്. ഉറക്കം തൂങ്ങി കാണപ്പെട്ട അവന്റെ കണ്ണുകള്‍ നന്നേ ചുവന്നു കാണപ്പെട്ടു. എല്ലാവരും കടന്നു പൊയ്ക്കഴിഞ്ഞപ്പോള്‍ തണുത്ത ശാന്തത. മച്ചിലെ ഇണപ്രാവുകള്‍ പകലിരുന്നു ഉറക്കം തൂങ്ങുന്നു. ഞാന്‍ താമസിക്കാറുള്ള മുറികളെല്ലാം എപ്പോഴും ഇങ്ങനെത്തന്നെയായിരുന്നു. തിരക്കുള്ള നഗരങ്ങളില്‍ എപ്പോഴും തിരക്കൊഴിഞ്ഞതായിരിക്കും എന്റെ മുറികള്‍. ഏകാന്തത പലപ്പോഴും ഒരു മെഡിസിന്‍ പോലെയാണ് നമ്മില്‍ പ്രവര്‍ത്തിക്കുക. ഇവിടെ എന്റെ അസാന്നിദ്ധ്യത്തില്‍ ഒരു മരണാഘോഷത്തിന്റെ അവസാന തിരശ്ശീല വീഴുവാന്‍ ഇനി ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി.

ബാപ്പാന്റെ മയ്യിത്ത് മുന്നില്‍ നിന്ന് ചുമന്നുകൊണ്ടു പോകേണ്ട ആളാ കൂട്ടിലിട്ട മാതിരി ഇവിടെ ഒറ്റയ്ക്ക് നില്‍ക്കണേ ?
വേറൊന്തെക്കൊയോ പറയാന്‍ തത്രപ്പെടുന്ന ചുണ്ടുകളുമായി ബാലുമാഷ് മുറിയിലേക്ക് കടന്നു വന്നു.

വാ ഒറ്റയ്ക്ക് നിക്കണ്ട ലൈബ്രറിയുടെ അകത്തേക്ക് കയറിയിരിക്കാം.

നീ സെലക്ട്‌ ചെയ്തു തന്ന പുസ്തകങ്ങള്‍ തന്നെയാണ് ഇപ്പോഴും ഇവിടെ കൂടുതലായുള്ളത്‌.

വയ്യ മന്സൂറെ, എല്ലാം നിര്‍ത്തി ഒന്ന് വിശ്രമിക്കാമെന്നു വച്ചാല്‍ പറ്റിയൊരാളെ കിട്ടണ്ടേ. നീ നാട്ടിലുണ്ടായിരുന്നപ്പോള്‍ യുള്ളവന് ഇടയ്ക്ക് അല്‍പ്പം വിശ്രമമുണ്ടായിരുന്നു.

അറിഞ്ഞോ നീ, നമ്മുടെ മുഹമ്മദുഖാന്‍ വീണു. ഇടതു ഭാഗം മുഴുവന്‍ തളര്‍ന്നു കിടപ്പാ. വല്ലതും മിണ്ടാന്‍ തന്നെ വലിയ ബുദ്ധിമുട്ടാ. ഞാന്‍ പോയിരുന്നെടോ അവന്റെയടുത്ത്, സബീനയെ ഓര്‍ത്തിട്ടാ അവന്റെ ആധി മുഴുവന്‍. സ്വന്തം മകളെ ഭര്‍ത്താവ് ഉപേക്ഷിക്കാന്‍ തീരുമാന്നിച്ചൂന്നു അറിഞ്ഞാ ഏതു പിതാവാ തകര്‍ന്നു പോകാത്തത്. ഇരുന്ന ഇരുപ്പില്‍ മറിഞ്ഞു വീഴുകയായിരുന്നു. സിക്കന്തര്‍ വിവരം അറിയിച്ചു ഞങ്ങള്‍ ചെല്ലുമ്പോഴേക്കും തണുത്തുറഞ്ഞിരുന്നു ഇടതു ഭാഗം മുഴുവന്‍. ഇനി ഏതു കാലത്താണാവോ അവന്‍ ഞങ്ങളോടൊപ്പം നടക്കാന്‍ വരുക.

ഉള്ളൊന്നു പിടഞ്ഞുവോ, ചെറിയ വേദന, പക്ഷെ അതൊന്നും വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല. ആഘാതങ്ങളുടെ ഘോഷയാത്രയാണല്ലോ ഇന്നലെ മുതല്‍.

രാത്രിയായപ്പോള്‍ മുറിയിലേക്ക് ഹുസൈന്‍ ആഹാരം കൊണ്ടുവന്നു. ഉണ്ണാനിരിക്കുമ്പോള്‍ അടുക്കു പാത്രം വളരെ പരിചിതമുള്ളതുപോലെ തോന്നി. ലൈറ്റിനടുത്തേക്ക്‌ തിരിച്ചുവച്ച് വെറുതെ പേര് വായിച്ചു. 'സബീനാ മന്‍സില്‍' ഇംഗ്ലീഷില്‍ കൂട്ടക്ഷരത്തില്‍ കൊത്തിയിരിക്കുന്നു. കറിക്ക് എരിവല്‍പ്പം കൂടുതലുണ്ട്, സംശയമില്ല അവിടന്നുതന്നെ.

ഉമ്മയ്ക്ക് ദീനം വരുമ്പോള്‍ എത്രയോ തവണ അവള്‍ ഞങ്ങള്‍ക്ക് വേണ്ടി അടുക്കളയില്‍ കയറിയിട്ടുണ്ട്. പുക കയറി കനത്ത കണ്ണുകളോടെ ഒരു പരാതിയുമില്ലാതെ അവള്‍ ഞങ്ങള്‍ക്ക് വിളമ്പിത്തരും. അപ്പോള്‍ ഞാന്‍ കേള്‍ക്കെ ഉമ്മ പറയും, അവള്‍ നല്ല മനസ്സുള്ളവളാ.

കവലയില്‍ ആളൊഴിഞ്ഞു തുടങ്ങി, വെറുതെ ഒന്ന് പുറത്തിറങ്ങിയാലോയെന്നാലോചിച്ചു. വേണ്ട പരിചിതമുഖങ്ങള്‍ ചിലപ്പോള്‍ തിരിച്ചറിയും. ഒളിച്ചുപാര്‍ക്കല്‍ പോകെപ്പോകെ എനിക്ക് തമാശയായി തോന്നുന്നു. എല്ലാ ചടങ്ങുകളും ഭംഗിയായി നടക്കട്ടെ. നിഷേധി കാരണം ഒന്നിനും മുടക്കം വരണ്ട. സബീന മനസ്സില്‍ നിന്നും മാറുന്നേയില്ല. ഇപ്പോള്‍തന്നെ അവളെ നേരിട്ട് കാണണമെന്ന് ആഗ്രഹം തോന്നുന്നു. പക്ഷേ അപ്പോഴും മനസ്സിന്റെ മറ്റൊരു കോണില്‍, കാണരുതെന്ന് ആരോ കലമ്പല്‍ കൂട്ടുന്നു. ഉമ്മ പറയാറുള്ള ചെകുത്താനാണോ അത്.

നാട്ടില്‍
വരുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുന്നതിനായി ഏതോ കൊടിയ ശൈത്താന്‍ എന്നോടൊപ്പം കൂടിയിട്ടുണ്ടെന്നാണ് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പെരുന്നാളിന് വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ ഉമ്മ ആധിയോടെ എന്നെ ഓര്‍മിപ്പിച്ചത്. എന്റെ ഉമ്മാ അത് ശൈത്താനൊന്നുമല്ല, അതൊരു മനുഷ്യസ്ത്രീയായിരുന്നു. ആറുമാസത്തോളമായി അവളെപ്പിരിഞ്ഞിട്ട്‌. കുറച്ചുകാലം വരെ എന്റെ ശരീരത്തിന്റെ കെമിസ്ട്രിയും ഗന്ധവും അവള്‍ക്കു ഹരമായിരുന്നു. പിന്നെ പിന്നെ എനിക്കും ബോറായിത്തുടങ്ങി. പരസ്പരം പഴിചാരാതെ സന്തോഷത്തോടെ തന്നെ പിരിഞ്ഞു. കാരണം പരസ്പരം, സ്വന്തം സെക്സ് ലൈഫിനോട് നീതിപുലര്‍ത്താന്‍ വേണ്ടി മാത്രമായുള്ള ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമായിരുന്നു അത്. ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ലായിരുന്നു. ഞങ്ങളെന്തുചെയ്യുന്നു എന്ന് വ്യാകുലപ്പെടുവാന്‍ ഞങ്ങള്‍ക്ക് ചുറ്റും ആരുമില്ലായിരുന്നു.

കബീറെന്നല്ലേ സബീനയുടെ കെട്ട്യോന്റെ പേര്. കല്യാണക്കുറി ബാലുമാഷ് അയച്ചു തന്നിരുന്നു.. കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. മതം മാറിയ നിനക്ക് നിന്റെ സമുദായത്തില്‍ നിന്നും നിക്കാഹു ചെയ്യാന്‍ പറ്റില്ലാന്ന് നിനക്കറിഞ്ഞുകൂടെ. എല്ലാം മറന്നു നീ തിരിച്ചു വരണം. തിരിച്ചു വരവ്, പഴയ ഓര്‍മ്മകള്‍ നമ്മെ പൊള്ളിക്കാന്‍ ഇടയാക്കുമെന്ന് മാഷ് അറിയാതെ മറന്നതുപോലെ. സബീനയെ നേരിട്ട് കാണമേന്നുണ്ട്. കൂട്ടത്തിലെവിടെയെങ്കിലും വച്ച് ദൂരെനിന്നു കാണണം. അപ്പോള്‍ പരിഭവങ്ങള്‍ക്ക് അവസരം ഉണ്ടാകില്ലല്ലോ. മൌനമായ ചില ചാട്ടുളി നോട്ടങ്ങള്‍ മാത്രം. വാക്കുകളെക്കാളും പതിന്മടങ്ങ്‌ ശക്തിയുള്ളതാണ് അതെങ്കിലും മറ്റെന്തിലെങ്കിലും ശ്രദ്ധ തിരിച്ചു തത്കാലം അതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞേക്കും. നേര്‍ക്കുനേരെ കാണുമ്പോള്‍ വാക്കുകളെത്തടുക്കാന്‍ ഞാനേതായുധമാണ് ഉപയോഗിക്കേണ്ടത്.

ബന്ധുക്കള്‍ക്ക് ഇത്രകാലമായിട്ടും എന്നോടുള്ള പക തീര്‍ന്നിട്ടില്ലേ, എവിടുന്നയിരുന്നു എതിര്‍പ്പിന്റെ തീയുടെ തുടക്കം.

നാല്‍പ്പതു വര്‍ഷത്തെ കടുത്ത തണുപ്പനുഭവപ്പെട്ട ബോംബയിലെ ഒരു പകല്‍. നാട്ടില്‍ നിന്നും സി, എസ്, റ്റി സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ മൂന്നു യുവാക്കള്‍ മസ്ജിദ് സ്ട്രീറ്റിലെ ഹയാത്ത് ലോഡ്ജിലെ റിസപ്ഷനിലേക്ക് എനിക്ക് ഫോണ്‍ ചെയ്യുന്നു. ബാലു മാഷ്‌ നമ്പര്‍ കൊടുത്തിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ഉടനെ റൂമിലേക്ക്‌ വരുവാന്‍ പറഞ്ഞു. ഒരാഴ്ചയോളം അവര്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ബുദ്ധന്റെ സ്പിരിച്വല്‍ സ്ട്രെങ്ങ്തിനെക്കുരിച്ചും, വര്‍ത്തമാനകാലത്തില്‍ നമ്മോടോപ്പമുള്ള ടെലിപ്പതിക് എനെര്ജിയെക്കുറിച്ചും ഞാന്‍ ആയിടക്കു പത്രത്തിലെഴുതിയിരുന്നു. അതൊക്കെ വായിച്ചിട്ട് അതിനെക്കുറിച്ച് കൂടുതലറിയാനുള്ള മോഹത്തോടെ വന്നവരായിരുന്നു അവര്‍.

എനിക്കവരോട്
പ്രത്യേകിച്ചൊന്നും പറയുവാനുണ്ടായിരുന്നില്ല. താമരപ്പൂവില്‍ വീണുകിടക്കുന്ന മഞ്ഞുകണങ്ങള്‍ മനോഹരമല്ലേ എന്നവരൊടു സാധാരണ മട്ടില്‍ ചോദിച്ചു. അത് വിരല്‍ത്തുമ്പിലെടുക്കുമ്പോള്‍ മറ്റൊരു തലം, മറ്റൊരു കാഴ്ച. അങ്ങനെ കാഴ്ചകളിലേക്ക് കണ്‍തുറക്കുമ്പോള്‍ ഉള്ക്കാഴ്ച്ചകളിലേക്കും, മനസ്സിനെ അല്പം അലയാന്‍ വിടുക എന്നു അവരോടു പറഞ്ഞു. ബുദ്ധമതം ആകര്‍ഷകമായി തോന്നിയതുകൊണ്ട് അതിനെക്കുറിച്ച് അല്‍പ്പം ഗവേഷണം നടത്തി, ലഭിച്ചവിവരങ്ങളും പൊടിപ്പും തൊങ്ങലും വച്ച് എഴുതുകയായിരുന്നു. ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെയും, ഗുരുനിത്യചൈതന്യയതിയുടെയും ആശയങ്ങള്‍ എന്ത് കൊണ്ട് ആകഷകമായിതോന്നുന്നുവെന്നും അവരെ പറഞ്ഞു മനസ്സിലാക്കി. ഒരു ബുദ്ധഭിക്ഷുവിന്റെ പരിവേഷം അവര്‍ എനിക്ക് ചാര്‍ത്തിത്തരുമോ എന്ന് നല്ലതുപോലെ ഭയപ്പെട്ടു. എത്രയും വേഗം അവരെ പറഞ്ഞയക്കണമെന്നുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന കുറച്ചു റഫറന്‍സ് ഗ്രന്ഥങ്ങള്‍ അവര്‍ക്ക് നല്‍കി അവരെ എന്റെ സുഹൃത്തായ ബുദ്ധഭിക്ഷു ശ്രീ ഹരിഹരന്റെ ചെറിയ ആശ്രമത്തിലേക്കു പറഞ്ഞയച്ചു.

പക്ഷേ
എനിക്കറിയാമായിരുന്നു. ജീവിതത്തില്‍ തോന്നിയ കൌതുകങ്ങളിലോന്നു മാത്രമായിരുന്നു, ബുദ്ധമതപ്രേമവും മറ്റുമെന്നും. തത്വങ്ങള്‍ മാത്രമല്ല ചില പ്രണയങ്ങളും വ്യക്തികളും കുറച്ചുകാലം കൌതുകമായി നിലനിന്നു. ആദ്യം സബീന, പിന്നെ പ്രസീത, ഇതാ ഇപ്പോള്‍ ലക്ഷ്മീറാണി എന്ന നര്‍ത്തകി, അവരുമായുള്ള വേഴ്ചകള്‍ അങ്ങനെ പലതും. എന്തോ ഭാഗ്യം, മദ്യവും, മയക്കുമരുന്നുകളും അതിന്റെ ലഹരിയും മാത്രം ഇപ്പോള്‍ തീണ്ടാപ്പാടകലെ നില്‍ക്കുന്നു. പക്ഷെ ചിലത് ജീവിതത്തില്‍ അല്‍പ്പം ദീര്‍ഘമായി നിലനില്‍ക്കും ലക്ഷ്മീ റാണി ഏറോബിക്സിലൂടെ നേടിയെടുത്ത ശില്പ സൌന്ദര്യമുള്ള അവളുടെ ശരീര വടിവുപോലെ തത്വ സംഹിതകളും അല്പകാലം എന്നില്‍ കൌതുകത്തോടെ നിലനില്‍ക്കും. അത് തത്വ സംഹിതയുടെ ഗുണം കൊണ്ടാണ്, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടാണ്.

യുവാക്കളോട് നാട്ടിലെ വിശേഷങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു, സബീനയെക്കുറിച്ചും. ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല, അല്ല അപ്പോള്‍ മനസ്സ് മറ്റെന്തിലോക്കെയോ ആയിരുന്നു. ഒരു തരം രക്ഷപ്പെടല്‍. എഴുതിയെഴുതി കൈ വേദനിക്കുമ്പോള്‍ തലകനക്കുമ്പോള്‍ ബോള്‍പെന്നിലെ മഷിയുടെ മണം അല്പല്പ്പമായി മുറിയില്‍ നിറയുമ്പോള്‍, ചിലപ്പോള്‍ സബീനയെ ഓര്‍മവരും. വീട്ടിലാകുമ്പോള്‍ അവള്‍ ചായയുമായി മുറിയിലേക്ക് വരാറുണ്ട്. അതൊക്കെ ഓര്‍മ്മിക്കാന്‍ തുടങ്ങുമ്പോള്‍ പിന്നെ എഴുത്തുമുറിഞ്ഞുപോകും. ലീവുള്ള പകലാണെങ്കില്‍ അപ്പോള്‍ തന്നെ മുറിയടച്ചു പുറത്തിറങ്ങും. മസ്ജിദ് സ്ട്രീറ്റിലെ ജനങ്ങളോടൊപ്പം നഗരത്തിന്റെ തിരക്കിലേക്ക് ഒഴുകിയിറങ്ങും. പിന്നത്തെ മണിക്കൂറുകള്‍ ഫുട്‌പ്പാത്തിലെ പുസ്തകകച്ചവടക്കാരുടെ ഇടയിലാണ്. അതിലൊരാളിനു ഞാനിട്ടിരിക്കുന്ന പേര് റൂമി എന്നാണ് , അതെ! ജലാലുദ്ദീന്‍ റൂമി. വളരെ നന്നായി സംസാരിക്കുന്നവന്‍, ഇടയ്ക്കു സൂഫിക്കവിതകളും, പാട്ടുകളും അവന്‍ പാടും.

പിന്നീടറിഞ്ഞു എന്നെത്തേടിയെത്തിയ യുവാക്കള്‍ ബുദ്ധമതം സ്വീകരിച്ചുവെന്നു. മൂന്നുപേരും വീട്ടില്‍ നിന്നും പുറത്തായി. ഊരുവിലക്ക്‌ ഭയന്നു വീട്ടുകാര്‍ അവരെ പുറത്താക്കുകയായിരുന്നു. അവസാനം അന്വേഷണങ്ങളെല്ലാം വന്നു നിന്നത് എന്നിലേക്ക്‌. നാട്ടുകാര്‍ ബന്ധുക്കള്‍ എല്ലാവരും പറഞ്ഞു. അവനാ ഇവരെ വഴിതിരിച്ചത്. അവന്‍ ആദ്യം യുക്തിവാദിയായി, ഇപ്പോ ബുദ്ധ മതക്കാരന്‍, ഇനി അടുത്ത് ഏതാണാവോ.

ലക്ഷ്മീ
റാണിയെ പറഞ്ഞയച്ചു ഞാന്‍ മുറി പൂട്ടി ഓഫീസ്സിലേക്കിറങ്ങാന്‍ ഭാവിക്കുമ്പോള്‍ നാട്ടില്‍ നിന്നും ബാലുമാഷിന്റെ ഫോണ്‍ കോള്‍, നാട്ടിലേക്ക് ഉടനെയൊന്നും തിരിക്കണ്ട, ഭയമുള്ളാരു താക്കീതുണ്ടായിരുന്നു ശബ്ദത്തില്‍. അവഞ്ജയോട് കൂടി ഫോണ്‍ കട്ട് ചെയ്തിട്ട് , ലക്ഷ്മീ റാണിയെ ഫോണ്‍ ചെയ്തു തിരികെ വിളിച്ചു. അവള്‍ വന്നപ്പോള്‍ ഓഫീസ് ലീവെടുത്ത് പകല്‍ മുഴുവന്‍ അവളോടൊപ്പം കഴിച്ചുകൂട്ടി.

2

മുറിയടച്ചു താക്കോല്‍ ബാലുമാഷെ ഏല്‍പ്പിച്ചു ഞാന്‍ വീട്ടില്‍ പോകാനൊരുങ്ങി. ചതുരക്കണ്ണാടിയുടെ ഫ്രെയിമിനു മുകളിലൂടെ വാത്സല്യപൂര്‍വ്വം നോക്കിക്കൊണ്ട്‌ മാഷ്‌ പറഞ്ഞു.

തിരിച്ചുപോകുന്നതിനു മുന്‍പ് ഉറപ്പായിട്ടും കാണണം. പേടിക്കണ്ടടൊ , ഗുണദോഷിക്കാനൊന്നുമല്ല .

പത്തു ദിവസത്തെ എകാന്തതക്ക്‌ ശേഷം പുറത്തിറങ്ങി വെയിലിലൂടെ നടന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ അടഞ്ഞു പോയി. വീട്ടിലേക്കുള്ള പാതയിറങ്ങി നടത്തത്തിനു വേഗത കൂട്ടി.

പഴയ പടിപ്പുര ഇപ്പോഴില്ല, പകരം ഹോളോബ്രിക്സ് കല്ലുകള്‍ കൊണ്ട് കേട്ടിയുയര്‍ത്തിയ സാമാന്യം പൊക്കമുള്ള രണ്ടു തൂണുകള്‍, വല്യ ഇരുമ്പ് ഗെയ്റ്റ്, എല്ലാം റെഡ് ഓക്സൈഡ് പൂശി പെയിന്റിങ്ങിനായി തയ്യാറാക്കിയിരിക്കുന്നു.

മുറ്റത്തേക്കു കയറിയപാടെ വേദന തോന്നി. തണല്‍ മരങ്ങളെല്ലാം മുറിച്ചു മാറ്റിയിരിക്കുന്നു. തെക്കേ അതിരില്‍ പഴയ മാവ് മാത്രം അവശേഷിക്കുന്നു. മുറ്റത്തു അവിടവിടെയായി കുറച്ചു ചെടിച്ചട്ടികള്‍. അതില്‍ കുറ്റിച്ചെടികള്‍. ഊഷരമുറ്റം പോലെ വരണ്ടതാണ് ഇതിനുള്ളിലെ ജീവികളെന്നും, ഇതിനകത്തേക്ക് ആരും അതിക്രമിച്ചു കയറേണ്ടതില്ല എന്നും ആരോ വിളിച്ചുകൂവുന്നതുപോലെ പെട്ടൊന്നൊരു ഉള്‍വിളി. ഓടുകള്‍ മാറ്റി പുതുക്കിയ മേല്‍ക്കൂരയുടെ തണലില്‍ നിന്നുകൊണ്ട് പതറിയ സ്വരത്തില്‍ വിളിച്ചു ' ഉമ്മാ'.

ആളനക്കമില്ല, ഒന്നുകൂടി നീട്ടിവിളിച്ചപ്പോള്‍, നടുത്തളത്തില്‍ നിന്നും കാല്‍പ്പെരുമാറ്റം കേട്ടു.

സ്വര്‍ണ നിറത്തില്‍ പൂക്കള്‍ പ്രിന്റു കടും ചുവപ്പ് കോട്ടണ്‍ സാരിയുടുത്ത് സബീന ഉമ്മറത്തേക്ക് വന്നു. ഒരു നിമിഷം സ്തബ്ധയായി നിന്നശേഷം അവള്‍ അകത്തേക്കോടി. അമ്മായി, അമ്മായി എന്ന് പതറിയതെങ്കിലും അല്‍പ്പം ഉച്ചത്തിലുള്ള ശബ്ദം രണ്ടു തവണ അകത്തുനിന്നും കേട്ടു.

ഉമ്മയുടെ മുന്പിലിരുന്നപ്പോള്‍, ഉമ്മയുടെ പുറകില്‍ പകുതി മറഞ്ഞിരുന്നു സബീന എന്നെ സസൂഷ്മം വീക്ഷിച്ചു. മുറിയില്‍ സാമ്പ്രാണിത്തിരിയുടെ മണം തങ്ങിനിന്നു. അവളുടെ കണ്തടങ്ങളില്‍ അല്‍പ്പം കറുപ്പ് പടര്‍ന്നിട്ടുണ്ട്. കീഴ്ച്ചുന്ടിന് അല്‍പ്പം വിളര്‍ച്ച ബാധിച്ചതുപോലെ.

ഉമ്മ എന്റെ തലമുടിയില്‍ തലോടി, തസ്ബീഹെടുത്തു (ജപമാല) മന്ത്രിച്ചു എന്റെ നെറുകയില്‍ 'ഭ്ശൂ' എന്ന് ശബ്ദമുണ്ടാക്കി മൂന്നു തവണ ഊതി. ഞാന്‍ കണ്ണുകളടച്ചു, ഉമ്മയുടെ മടിയില്‍ തലവച്ചു കിടന്നു. ഉമ്മ എന്റെ നെറ്റിയില്‍ നിന്നും തലയിലേക്ക് വിരലുകള്‍ കൊണ്ട് പരതി. ഉമ്മയുടെ ചൂണ്ടുവിരല്‍ തലയുടെ ഇടതു ഭാഗത്തെ ചെറിയ മുഴയില്‍ തടഞ്ഞു നിന്നു.

കണ്ടിടത്തെ വെള്ളത്തിലൊക്കെ കുളിച്ചിട്ടു ഇവന്റെ തലേല് ചെരങ്ങു പിടിച്ചല്ലോ പടച്ചോനെ . . .

സബീനാ നീപോയി ഒരു ചെമ്പ് വെള്ളം കൊണ്ട് താ, ഒന്ന് മന്ത്രിച്ചോട്ടെ, കുളിക്കുന്നതിനു മുന്‍പ് ബിസ്മി ചൊല്ലി അത് തലേലോഴിച്ച ശേഷം കുളിക്ക് മോനെ . . .

ആളുകള് ഓരോന്ന് പറയുന്നല്ലോ മോനെ, നിനക്ക് മതവും കിതാബും ഒന്നും ഇല്ലാന്ന്. കേള്‍ക്കുന്നതൊക്കെ ഒള്ളതാണോ, നീയിപ്പോ ഏതാ, കമ്മ്യൂണിസ്റ്റോ അതോ യുക്തിവാദിയോ. പടച്ചോനെ മറന്നു നടക്കല്ലേ മോനെ, എന്റെ ആങ്ങളെയെപ്പോലെ ആകല്ലേ നീയ്.

സബീന വെള്ളവുമായി വന്നു ഉമ്മയ്ക്കരികിലിരുന്നപ്പോള്‍, അവളുടെ കവിളില്‍ പതിയെ നുള്ളിക്കൊണ്ട് ഉമ്മ പറഞ്ഞു. എന്റെ ചെല്ലക്കുട്ടി, എന്റെ മരുമോളായി ഇവിടെ കേറി വരേണ്ടവളായിരുന്നു ഇവള്‍. എന്തോ അത് പടച്ചോന് ഇഷ്ടമില്ലാന്നു തോന്നുന്നു. സബീന നേരിയ ചിരിയോടെ കുനിഞ്ഞിരുന്നു.

നടുത്തളത്തിലിരുന്നു വലിയ ക്ലോക്ക് മണി രണ്ടടിച്ചു. രണ്ടല്ല, മൂന്നു, നാല് അതങ്ങനെ മുഴങ്ങിക്കൊണ്ടിരുന്നു. ഉമ്മ പെട്ടന്ന് എന്റെ തലയെടുത്ത് താഴെവച്ച്. എന്റെ പടച്ചോനെ ഇതെന്തു മറിമായം, എന്താ ഇത് ഇപ്പൊ ഇങ്ങനെഎന്ന്, പേടിച്ചതുപോലെ പുലമ്പി . സബീന നടുത്തളത്തിലേക്കെഴുന്നെറ്റോടി. ഞാന്‍ പുറകെ ചെന്നപ്പോള്‍ അവള്‍ പരിഭ്രമത്തോടെ വലിയ ക്ലോക്കിനെ നോക്കി നില്‍ക്കുകയാണ്. അത് മുഴങ്ങിക്കൊണ്ടേയിരുന്നു. ഞാന്‍ പെന്‍ഡുലത്തിന്റെ മുന്നിലെ ഡോര്‍ തുറന്നു പെന്‍ഡുലത്തിനെയും, ബെല്ലിന്റെ കമ്പികളെയും ചേര്‍ത്തുപിടിച്ചു. ചെറിയൊരു ഞരക്കത്തോടെ ബെല്ലിന്റെ ശബ്ദം നേര്‍ത്തുവന്നു, പക്ഷെ അത് എന്റെ കൈകളിരുന്നു കുതറിത്തെറിക്കാനായി ശ്രമിച്ചുകൊണ്ടേയിരുന്നു. ഞാന്‍ സബീനയോടു അതിനെ കൂട്ടിക്കെട്ടുവാനായി ചരടു കൊണ്ടുവരുവാനായി ആംഗ്യം കാണിച്ചു. ഉമ്മ ചാരുകസേരയില്‍ തളര്‍ന്നിരുന്നു.

പത്തു ദിവസം കൊണ്ട് തന്നെ ഉമ്മ വല്ലാതെ ക്ഷീണിച്ചു വിളറിപ്പോയിരിക്കുന്നു. നാല്‍പ്പതു ദിവസത്തെ ഇദ്ദ കൂടിയാകുമ്പോള്‍ (മറയിരിക്കല്‍) അധികം പ്രകാശം കടക്കാത്ത മുറിയിലിരുന്നു ഉമ്മ വല്ലാതെ വിഷമിക്കുമെന്നുറപ്പാണ്. സ്വര്‍ഗത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ മനുഷ്യനെ എന്തെല്ലാം വേഷങ്ങള്‍ കെട്ടിക്കുന്നു എന്നതിനെക്കുറിച്ചാണ് ഞാനപ്പോള്‍ ആലോചിച്ചു കൊണ്ടിരുന്നത്.

ഞാന്‍ ഉമ്മയുടെ അടുത്തുചെന്നു ഉമ്മയുടെ രണ്ടു കൈകളും എന്റെ കൈക്കുള്ളിലാക്കി ഉമ്മയോട് പതിയെ ചോദിച്ചു. ഉമ്മാ എന്റെകൂടെ പഴയതുപോലെ നമ്മുടെ തോടിയിലേക്കൊക്കെയിറങ്ങിക്കൂടെ നിങ്ങള്ക്ക്. ഉമ്മ പെട്ടെന്ന് തീപ്പൊള്ളലേറ്റമാതിരി കൈ വലിച്ചെടുത്തു.

നീ എന്ത് വിചാരിച്ചിട്ടാ, ഞാന്‍ ഇപ്പോത്തന്നെ ഇദ്ദാനിയമം തെറ്റിചിട്ടാ ഇപ്പോള്‍ ഹാളിലേക്ക് വന്നിരിക്കുന്നേ, ആരെങ്കിലും കണ്ടാല്‍ അതുമതി പുതിയ പുകിലിന്, എന്റെ റഹീമായ തമ്പുരാനേ.

നിനക്കറിയോ, ക്ലോക്കിനെ എനിക്ക് വല്യ പേടിയാ, അതാ ഞാന്‍ ഇപ്പോത്തന്നെ മുറി വിട്ടോടിവന്നെ, ഭ്രാന്തന്‍ ക്ലോക്കിന് മുന്‍പൊരിക്കല്‍ ഹാളിലകിയിരുന്നു. നിനക്ക് മുകളിലുള്ളതിനെ ഞാന്‍ വയറ്റീ ചുമക്കുമ്പോഴാ. പ്രസവവേദന കാരണം എന്റെ ബോധം മറയണപോലെ തോന്നി, ഒന്നും കാണാന്‍ വയ്യാതായി, അടുത്തുനിന്ന വയറ്റാട്ടിയും മറ്റു പെണ്ണുങ്ങളും ഒക്കെ മങ്ങിമങ്ങി തീരെ ഇല്ലാതാവുന്നു. അപ്പോള്‍ ഒരു ശബ്ദം മാത്രം ഞാന്‍ കേട്ടു. ക്ലോക്കിന്റെ നിര്‍ത്താതെയുള്ള അലറിക്കരച്ചില്‍ മാത്രം. കണ്ണ് തുറന്നു നോക്കുമ്പോള്‍ കുഞ്ഞിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുന്നു. അവള്‍ പോയി, പടച്ചോന് അവള്‍ ഭൂമിയില്‍ ജീവിക്കുന്നത് ഇഷ്ടമില്ലാന്നു തോന്നുന്നു.

സബീന ഉമ്മയുടെ അടുത്തിരുന്നു ഉമ്മയുടെ വലതു കൈ അവളുടെ കൈക്കുള്ളിലാക്കി തിരുമ്മിക്കൊണ്ടിരുന്നു .

അമ്മായി ഇതുപോലെ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ കൈ മരവിച്ചു പോകാറുണ്ട്, അപ്പോഴൊക്കെ ഇടയ്ക്ക ഇങ്ങനെ ചൂട് കൊടുക്കണം. പേടിക്കണ്ടാ അപസ്മാരമോന്നുമല്ല.

സബീന ഉമ്മയുടെ തുടയില്‍ തലചായ്ചിരുന്നുകൊണ്ട് തീഷ്ണമായ കണ്ണുകളോടെ എന്നെ നോക്കിക്കൊണ്ടിരുന്നു. അത് കണ്ടില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ഞാന്‍ ക്ലോക്കില്‍ വെറുതെ അഴിച്ചുപണികള്‍ നടത്തിക്കൊണ്ടിരുന്നു.

ഞാനപ്പോള്‍ ഓര്‍ത്തത് രണ്ടുകൈകളിലും വാച്ച് കെട്ടിക്കൊണ്ടു നടന്നിരുന്ന കാസിമിനെയാണ്. മാറി മാറി രണ്ടു വാച്ചുകളിലും അലാറം സെറ്റ് ചെയ്തു ചെവിയിലേക്ക് അമര്‍ത്തിപ്പിടിച്ചു, കലുങ്കില്‍ കയറിയിരുന്നുകൊണ്ട് വിസ്മയം നിറഞ്ഞ കണ്ണുകളോടെ അയാള്‍ വഴിപോക്കരെ നോക്കി ചിരിക്കുമായിരുന്നു. കാസിം ഇപ്പോഴില്ല, കഴിഞ്ഞ തവണ പുഴ നിറഞ്ഞു കവിഞ്ഞപ്പോള്‍, കരയില്‍ പകുതി ചെളിയില്‍ പുതഞ്ഞു കിടന്ന ശരീരം നാട്ടുകാര്‍ തിരിച്ചറിഞ്ഞു. അപ്പോഴും അയാളുടെ വാച്ചുകള്‍ കൃത്യ സമയം പാലിച്ചിരുന്നു. അയാള്‍ എവിടെ നിന്ന് വന്നുവെന്ന് കൃത്യമായി ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷേ അയാള്‍ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അയാളുടെ കൂടെ ഏതുനേരവും രണ്ടു പൂച്ചകള്‍ ഉണ്ടായിരുന്നതായി, ഷാഫി മാമ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

മുകളിലെ
മുറിയിലേക്ക് കയറുമ്പോള്‍ സബീന എന്റെ പഴയ പുസ്തകങ്ങള്‍ അടുക്കി വയ്ക്കുന്നു.

തുളസിയില നുള്ളി കഴുകി വെള്ളം തളിച്ച് വച്ചിട്ടുണ്ട് മേശപ്പുറത്ത്‌, പഴയ ശീലങ്ങള്‍ ഇപ്പോഴും ഉണ്ടോ എന്തോ . . . .

നില്‍ക്കൂ,

അവള്‍ കോണിയിറങ്ങാന്‍ ഭാവിക്കുമ്പോള്‍ പറഞ്ഞു.

പുതുതായി ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല, പക്ഷെ അവള്‍ ഇപ്പോള്‍ തെല്ലു വിളിപ്പുറത്തു നില്‍ക്കുമ്പോള്‍, വികാരങ്ങള്‍ സ്വയം തടവിലായതുപോലെ. അല്‍പനേരം മുഖത്തോടു മുഖം നോക്കി നിന്നു. മുന്‍പ് അവസരം കിട്ടുമ്പോള്‍ കെട്ടിപ്പിടിച്ചു ഉമ്മവച്ചു രസിക്കുന്ന കൌമാരക്കരനല്ല ഞാനിപ്പോള്‍, അല്പം സംയമനം പാലിച്ചേ മതിയാകൂ. വിവാഹ മോചനം നേടുന്നതുവരെയെങ്കിലും അവള്‍ മറ്റൊരാളുടെ ഭാര്യയാണ്.

എന്താ പറയാന്‍ വന്നത്, ഞാന്‍ പൊയ്ക്കോട്ടേ, ബാപ്പയ്ക്ക് മരുന്ന് നല്‍കാനുള്ള സമയമായി. ട്യൂഷന്‍ ക്ലാസ്സിനായി കുട്ടികളും എത്തിയിട്ടുണ്ടാവും.

കുട്ടികള്‍ ?

അതെ പടച്ചോന്‍ എനിക്ക് താലോലിക്കാനും വഴക്ക് പറയാനും ഒക്കെയായി ഏഴെട്ടു കുട്ടികളെ തന്നിട്ടുണ്ട്. എല്ലാം അയല്‍പ്പക്കത്തുള്ള കുട്ടികളാ. ട്യൂഷന്‍ കഴിഞ്ഞു എന്റെ കൈകൊണ്ടു ചായയും കുടിച്ചിട്ടേ അവര്‍ പോവുകയുള്ളൂ.

കെട്ട്യോന്‍ എന്ത് പറയുന്നു ?

എല്ലാം അറിഞ്ഞുകാണില്ലേ, ഇത്തവണ വരും മൊഴി ചൊല്ലുവാനും, പുതിയ നിക്കാഹിനും മറ്റുമായി രണ്ടുമാസത്തെ ലീവിന്. ഏതായാലും ഒരുപകാരം അവര്‍ ചെയ്തു തന്നു. മൊഴി ചൊല്ലുന്ന വിവരം നേരത്തെ അറിയിച്ചു. മനസ്സിനെ പാകപ്പെടുത്തിയെടുക്കാനായി അവര്‍ ചെയ്തു തന്ന ഏറ്റവും വലിയ ഉപകാരം. സ്വയം ഒപ്പിടാന്‍ കൂടി അറിഞ്ഞുകൂടാത്ത ആള്‍ ഇത്രയ്ക്കും സാമര്‍ത്ഥ്യക്കാരനാന്നറിഞ്ഞില്ല. മൊഴി ചോല്ലുവാനായി ഒരു കാരണം കണ്ടെത്തി, എനിക്ക് കുട്ടികളുണ്ടാവില്ലാന്നു.

വേണ്ട ഒന്നും ചോദിക്കണ്ടായിരുന്നു . . .

അവള്‍ പറയുന്ന മറുപടികള്‍ മനസ്സിനെ വല്ലാതെ ഞെരുക്കുന്നു .

ടവ്വലെടുത്ത് മുഖത്തെ വിയര്‍പ്പു തുടച്ചു, അവള്‍ മിഴികള്‍ കാണാതിരിക്കാന്‍ പ്രവര്‍ത്തി ഞാന്‍ രണ്ടു മൂന്ന് തവണ ആവര്‍ത്തിച്ചു . . .

അവസാന കോണിയിറങ്ങുമ്പോള്‍ അവള്‍ തിരിഞ്ഞു നിന്നു ചോദിച്ചു . . .

ബുദ്ധമതത്തില്‍ സ്വാതന്ത്ര്യം ഉണ്ടോ ?

എന്താ പറയേണ്ടത് , ഒറ്റ വാക്കില്‍ പറയാന്‍ കഴിയുമോ, അന്വേഷണത്തിന് വേണ്ടിയുള്ള ഇച്ഛതന്നെ സ്വയം ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമല്ലേ. മനുഷ്യനെപ്പോഴാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാവുക. മരിച്ചതിനു ശേഷമോ, അതോ അതിനു മുന്‍പോ, ജീവിക്കുന്ന ഓരോ നിമിഷവും സ്വതന്ത്രനാവാന്‍ നാം ആഗ്രഹിക്കുന്നു, പക്ഷെ മനസ്സിലെ രാവണന്‍ കോട്ട അതിനു സമ്മതിക്കുമോ,

കോണിയിറങ്ങി അടുത്തു ചെന്ന് അവളുടെ നേരെ കൈനീട്ടി, അവള്‍ കൈ തന്നു, തിരികെ കോണി കയറിയപ്പോള്‍ അവളെന്നെ അനുഗമിച്ചു.

ഇരിക്കാന്‍ പറഞ്ഞു, അവള്‍ തന്നെ കുറച്ചുമുന്പ് മെത്തമേല്‍ വിരിച്ചിട്ട നീലപ്പൂക്കളുള്ള വെള്ള ബെഡ്ഷീറ്റില്‍ ഇടതു കൈ ഊന്നി അവളിരുന്നു, പിന്നെ പിന്നെ പുറത്തേയ്ക്ക് നോക്കിയിരുന്നു .

പകല്‍ അവസാനിക്കാറായാതെയുള്ളൂ , ഇളം ചുവപ്പ് കലര്‍ന്ന മേഘം അസ്വസ്ഥമായി നീങ്ങിക്കൊണ്ടിരുന്നു, പക്ഷെ മുറിയില്‍ നിതാന്തമായ ശാന്തതയായിരുന്നു.

ചുണ്ട് ചുണ്ടോടടുത്തപ്പോള്‍ അനുഭവപ്പെട്ടു, പഴയ അതെ മാര്ദ്ധവം, ഉമിനീരിനു ആതേ രുചി, മാറില്‍ അതേ സുഗന്ധം, ഉടലിലെ താപനിലപോലും കണിശമായി അളന്നെടുത്തതുപോലെ, രതിമൂര്‍ച്ഛയുടെ പകുതിയില്‍ അവളില്‍ നിന്നുയര്‍ന്ന മൃദു ശബ്ദങ്ങള്‍ പോലും മാറ്റമില്ലാതെ, ഒടുവില്‍ ശരീരങ്ങള്‍ പരസ്പരം വേര്പെടുത്തിയപ്പോള്‍ അങ്ങിങ്ങായി പൊടിഞ്ഞുതുടങ്ങിയ വിയര്‍പ്പു മണികളിലെ ഉഷ്ണത്തിന്റെ സാമ്യത എന്നെ അല്‍പ്പം അസ്വസ്ഥനാക്കി. ഏതെങ്കിലും ഒരു ഘട്ടത്തില്‍ നേരിയ വ്യത്യാസം പ്രതീക്ഷിച്ചത് കൊണ്ടാകാം ഞാനല്‍പ്പനേരത്തേയ്ക്ക് പതറിപ്പോയത്. ലജ്ജയുടെ ഉടയാടകള്‍ ഉരിഞ്ഞെറിഞ്ഞു നഗ്നമായ ശരീരങ്ങളെ പരസ്പരം നോക്കി ഞങ്ങള്‍ ചിരിച്ചു, വീണ്ടും ചിരിച്ചു, ചിരിച്ചു കൊണ്ടേയിരുന്നു.

ഒടുവില്‍ ഞാനവളോട് പറഞ്ഞു,

സബീനാ, ഞാന്‍ പോകും.

എങ്ങോട്ട് ?

എനിക്ക് പോയേ മതിയാകൂ.

ഇനി വരില്ലേ ?

വരും വരാം . . .

ഞാന്‍ അവളുടെ ഇടതു തുടയിലെ പഴയ മുറിവിന്റെ തഴമ്പിലേക്ക് നോക്കിക്കൊണ്ട് കിടന്നു. രണ്ടറ്റവും തുന്നലിന്റെ അടയാളത്തോടുകൂടി നീണ്ടു നിവര്‍ന്നു, ഒരു ചുവന്ന അട്ടയപ്പോലെ തോന്നിച്ച തഴമ്പിനു മുകളിലൂടെ ഞാന്‍ ചൂണ്ടുവിരലോടിച്ചു. അപ്പോള്‍ അവളുടെ മുഖത്തു നിന്നും ചിരി മായുന്നത് ഞാനറിഞ്ഞു. വളരെ ചെറുപ്പത്തില്‍ അവള്‍ തനിയെ ഉണ്ടാക്കിയ മുറിവായിരുന്നു അത്.

ഞാന്‍ മുറിവില്‍ ചുണ്ടുകള്‍ ചേര്‍ത്തു. അവള്‍ കിടക്കയില്‍ പാമ്പിനെപ്പോലെ പുളഞ്ഞു. അവളെന്റെ ചുണ്ടുകളില്‍ പത്തിയാഴ്ത്തി. എന്നിലേക്ക്‌ വിഷം അരിച്ചിറങ്ങി. എന്റെ സിരകളിലാകെ ഉന്മാദത്തിന്റെ വിഷം നിറഞ്ഞു. അവള്‍ എന്നിലേക്ക്‌ വിഷം ഇറക്കുകയും, എടുക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്റെ ഞ്ചെന്ദ്രിയങ്ങളിലാകെ നീല വെളിച്ചം നിറഞ്ഞു . വെളിച്ചത്തില്‍ കണ്ടു, ഇരുവരും കരിനാഗങ്ങളെപ്പോലെ കെട്ടുപിണഞ്ഞു കിടക്കുന്നു. ശരീരഗന്ധം പരസ്പരം തിരിച്ചറിഞ്ഞപ്പോഴാണ്‌, ഇരുവരും നഗ്നരാണന്ന ബോധമുണ്ടായത്. അപ്പോള്‍, വളരെയകലെയല്ലാതെ കാവില്‍ നിന്നും, അവശേഷിച്ച ഏഴിലംപാലപ്പൂക്കള്‍ പൂത്തുലഞ്ഞ ഗന്ധം ഞാനറിഞ്ഞു. ഇതാ ഇപ്പോള്‍, സബീനയെന്ന പെണ്ണുടല്‍ എന്റെ മാറിന്റെ ചൂടുപറ്റി മയങ്ങുന്നു.

അവള്‍ വയസ്സറിയിക്കുന്നതിനും ഒരു വര്ഷം മുന്‍പ്, അവളുടെ ഉമ്മ മരിച്ച പത്തിന്റെ പിറ്റേന്ന്, അവള്‍ക്കു ചിത്തഭ്രമമുണ്ടായി, ബോധമില്ലാതെ നടുത്തളത്തില്‍ വീണു കിടന്നു കുറച്ചു നേരം. ഉണര്‍ന്നപ്പോള്‍ വീണ്ടും പുലമ്പി, പിന്നെ ഇടയ്ക്കിടെ ചിരിച്ചുകൊണ്ടിരുന്നു. പിന്നെ രണ്ടു ദിവസം മുറിയിലടച്ചിട്ടു. മൂന്നാം പക്കം മുദീസ്തങ്ങള്‍ വന്നു കയ്യാങ്കളികള്‍ തുടങ്ങി. കനത്ത ചൂരല്‍ വടി കൊണ്ട് അവളെ പൊതിരെത്തല്ലി. അവള്‍ നിലവിളിച്ചപ്പോള്‍ തൊണ്ടയടഞ്ഞു. ശബ്ദം ചിലമ്പിച്ചു. അവളുടെ ബോധം നഷ്ടപ്പെടണമേയെന്ന് ജനല്‍ കമ്പിയില്‍ മുറുകെപ്പിടിച്ചു ഞാന്‍ പ്രാര്ത്ഥിച്ചുകൊണ്ടേയിരുന്നു. അങ്ങേനെയെങ്കിലും കുറച്ചു നേരത്തേക്ക് അയാള്‍ അവളെ വെറുതെ വിടുമല്ലോ. പക്ഷെ എന്റെ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി അവള്‍ നിലവിളിച്ചുകൊണ്ടേയിരുന്നു . ഒടുവില്‍ ശബ്ദം നഷ്ടപ്പെട്ട് അവള്‍ തറയില്‍ നീണ്ടുനിവര്‍ന്നു കിടന്നു. കണ്ണുകള്‍ മച്ചില്‍ ഉടക്കി അവള്‍ ദീനമായി ഇമയനക്കിക്കൊണ്ട് കിടന്നു. അനുസരണക്കേടിനു വീണ്ടും ചൂരല്‍ ഉയര്‍ന്നു താഴ്ന്നപ്പോള്‍, വെറ്റിലചെല്ലത്തില്‍ നിന്നും അടയ്ക്ക ച്ചുരണ്ടാനായി കരുതി വച്ചിരുന്ന കത്തി കടന്നെടുടുത്തു അവള്‍ സ്വന്തം തുടയില്‍ ആഞ്ഞു വരച്ചു. തുടയില്‍ നിന്നും രക്തം വാര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ അവളുടെ ബോധം മറഞ്ഞു. വീട്ടില്‍ കൂട്ട നിലവിളിയുയര്‍ന്നു. മുദീസ്തങ്ങള്‍ തത്കാലം പിന്‍വാങ്ങി. '' ഇത് മുന്തിയ ഇനമാ, അല്‍പ്പം ബുദ്ധിമുട്ടേണ്ടിവരും ". മുദീസ് സ്വയം ന്യായീകരിച്ചു. മുറിവുണങ്ങാന്‍ കുറേത്താമസിച്ചു. അവള്‍ക്കു ഒരു അധ്യയനവര്ഷം നഷ്ടപ്പെട്ടു.

രാവിലെ സ്കൂളില്‍ പോകുന്ന വഴിക്ക് ഒറ്റയ്ക്കും, വൈകിട്ട് ഉമ്മയോടൊപ്പവും, ഞാനവളെ സന്ദര്‍ശിക്കുന്നത് പതിവാക്കി. ഒരു ദിവസം മുറിയില്‍ ചെല്ലുമ്പോള്‍ കട്ടിലിനെതിരെ ഹാങ്ങറില്‍ തൂക്കിയിട്ടിരുന്ന ഇളം നീല വര്‍ണത്തില്‍ ധാരാളം ഞൊറികളുള്ള ഫ്രോക്കിനെ അവള്‍ തുറിച്ചു നോക്കുന്നത് ഞാന്‍ പേടിയോടെ ശ്രദ്ധിച്ചു. വീണ്ടും മുദീസ്തങ്ങള്‍ പിശാചിന്റെ രൂപത്തില്‍ എന്റെ മനസ്സില്‍ നിറഞ്ഞു. മുന്‍പ് വിവിധ്ഭാരതിയില്‍ നല്ല ഗാനങ്ങള്‍ വരുമ്പോള്‍ അവള്‍ ഫ്രോക്കെടുത്തണിഞ്ഞു, ഗാനത്തിനോത്തു ചുവടുകള്‍ വയ്ക്കുന്നത് ഞാനൊളിച്ചുനിന്ന് കണ്ടിട്ടുണ്ട്. ഫ്രോക്ക്‌ അവിടെനിന്നെടുത്തു മാറ്റി നടുത്തളത്തിലെ അലമാരയില്‍ വയ്ക്കുവാന്‍ അവളെന്നോട് പറഞ്ഞു. അല്പദിവസങ്ങള്‍ക്ക് മുന്‍പ് പൂശിയ അത്തറിന്റെ മണം നഷ്ടപ്പെട്ടിട്ടില്ലാത്ത ഫ്രോക്ക് അലമാരയില്‍ ഞാന്‍ ഭദ്രമായി ഒതുക്കി വച്ചു. പിന്നീടുള്ള സമയങ്ങള്‍ അവള്‍ പുസ്തകങ്ങോടൊപ്പം കഴിച്ചുകൂട്ടി. ഞാന്‍ നല്‍കിയിരുന്ന കഥാപുസ്തകങ്ങള്‍ അവള്‍ താത്പര്യപൂര്‍വ്വം വായിച്ചു. എനിക്ക് സന്തോഷമായി. ഞങ്ങളുടെ ബന്ധം കുറച്ചുകൂടി ദൃഢമായി. കൃത്യം ഒരു വര്ഷം കഴിഞ്ഞപ്പോള്‍ അവള്‍ വയസ്സറിയിച്ചു. പിന്നീടുള്ള അവളുടെ ശുശ്രൂഷകളെല്ലാം ഉമ്മ ഏറ്റെടുത്തു.

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ ചിത്തഭ്രമകഥകളെല്ലാം ഞങ്ങള്‍ വീട്ടുകാര്‍ മറന്നു. പക്ഷെ അവള്‍ക്കു മറക്കാന്‍ കഴിയാത്ത തരത്തില്‍ വലിയ മുറിവിന്റെ തഴമ്പ് അവളെ ഇടയ്ക്ക് അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു.

പക്ഷേ, അയല്‍പ്പക്കങ്ങള്‍ ആരുംതന്നെ അക്കാര്യങ്ങള്‍ മറന്നിട്ടുണ്ടായിരുന്നില്ല. അവളെ പെണ്ണ് കാണാന്‍ വന്നവരെല്ലാം തന്നെ അവളുടെ ചിത്തഭ്രമ കഥ കേട്ട് മടങ്ങിപ്പോയി. അവള്‍ സമയങ്ങളിലെല്ലാം തന്നെ വായന അധികമാക്കി. ചില അപകടങ്ങള്‍ ചിലരെ മാറ്റിമറിക്കും. ചിലരെ അത് എഴുത്തുകാരാക്കും, ചിലരെ ചിന്തകരാക്കും, ചിലരെ വിപ്ലവകാരിയാക്കും.

ഒടുവില്‍ സ്വന്തമായി ഒപ്പിടാന്‍ പോലുമറിയാത്ത ഒരു ഗള്‍ഫുകാരനുവേണ്ടി, ബി. റിസള്‍ട്ടിനായി കാത്തു നിന്ന സബീനയ്ക്ക് കഴുത്തു നീട്ടികൊടുക്കേണ്ടി വന്നു.

എന്റെ ചിന്തകള്‍ക്ക്, അല്പം ഇടവേള നല്കാനെന്നവണ്ണം അവളെന്നോട് ചോദിച്ചു.

പോകുന്നതിനു മുന്‍പ് എനിക്കൊരുപകാരം ചെയ്തു തരണം.

എന്താ ?

കേള്‍ക്കാന്‍ സുഖമുള്ള കുറച്ചു വാക്കുകള്‍ പറഞ്ഞുതരണം.

അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ പറഞ്ഞു തരൂ, ചൂടോടെ ഞാനിപ്പോള്‍ തന്നെ അത് പേപ്പറില്‍ പകര്‍ത്താം. അങ്ങനെയാവുമ്പോള്‍ ബൈഹാര്ട്ടക്കാന്‍ എളുപ്പമായിരിക്കും.

എന്തിനാണത് ?

അതിജീവനത്തിനു വേണ്ടി, പിടിച്ചുനില്‍ക്കാന്‍ വേണ്ടി.

കാര്യമെന്താണ് ?

മലയാളിയും, മലയാളവും ഒരുപാട് മാറിപ്പോയി !

എങ്കിലെഴുതിക്കോളൂ . . .

'സദാചാരം' എന്ന് തലക്കെട്ടായി എഴുതിയ ശേഷം അതിനു താഴെ ഒരു വരവരയ്ക്കൂ.

കഴിഞ്ഞെങ്കില്‍ നമ്പര്‍ ഒന്ന് എന്നതിന് നേരെ 'കന്യകാത്വം' എന്നെഴുതിക്കോളൂ.

ആഹാ . . . . ! കൊള്ളാമല്ലോ ( അവളുടെ ആത്മഗതം. ).

നില്‍ക്കൂ, എന്നാല്‍ രണ്ടാമത്തേത് ഞാന്‍ തന്നെ പറയട്ടെ എന്താണന്നു.

ഉം , പറയൂ . . .

പതിവ്രത

ഉഗ്രന്‍ !

തീര്‍ന്നില്ല, ഇനി ഒന്ന് കൂടി ബാക്കിയുണ്ട്.

പറയൂ . . . .

കന്യാചര്‍മം. . . . .

ബലെഭേഷ് !

അടുത്ത നിമിഷം അവളുറക്കെ ചിരിച്ചു. ഞാനും ചിരിച്ചു, പിന്നെയും ഇരുവരും ചിരിച്ചു. ഞാന്‍ ചിരി നിര്‍ത്തിയേടത്തു നിന്നും, അവളുടെ ചിരി ഒരു നിലവിളിയായി പരിണമിക്കുന്നത് ഞാനറിഞ്ഞു. പിന്നീടത്‌ വനാന്തരത്തില്‍ ഒറ്റപ്പെട്ട ഒരു ദീനരോദനമായി മാറുന്നത് വേദനയോടെ ഞാന്‍ നോക്കിയിരുന്നു.

പിന്നെ കിടക്ക വിട്ടെഴുന്നേറ്റപ്പോള്‍ അവള്‍ എന്റെ മൂര്‍ദ്ധാവില്‍ ചുംബിക്കാന്‍ മറന്നില്ല.

പഴയ ശീലങ്ങള്‍ അതുപോലെ , കുട്ടിക്കാലത്ത് പിണങ്ങിയശേഷം ഇണങ്ങുമ്പോള്‍ നിറകണ്ണുകളോടെ ഞങ്ങള്‍ പരസ്പരം ചെയ്യാറുള്ളത്.

അവള്‍ കോണിയിറങ്ങി താഴേക്കു പോയി. അകന്നകന്നു പോകുന്ന കാലൊച്ചകളോടൊപ്പം മുറിയില്‍ അതുവരെ തങ്ങിനിന്നിരുന്ന സുഗന്ധവും കുറഞ്ഞു തുടങ്ങി. പകരം പഴയ പുതലിച്ച ഗന്ധം മുറിയാകെ നിറഞ്ഞു.

രാത്രി പെട്ടന്ന് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. നിശബ്ദമായ പച്ഛാത്തലത്തില്‍ ക്ലോക്ക് വീണ്ടും മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഇല്ല അത് വെറും തോന്നലായിരുന്നു. കോണിയിറങ്ങി താഴെ വന്നു ചുവട്ടിലെ പടിയില്‍ തലയ്ക്കു കൈയും കൊടുത്തിരുന്നു. എല്ലാവരും ഉറക്കത്തിലാണ്. എല്ലാവരും എന്നുപറയാനായി ഇവിടെ ആരുമില്ല. ഇപ്പോള്‍ അവശേഷിക്കുന്നത് ഉമ്മയും അടുക്കളക്കാരിയും മാത്രം. ഹുസൈനും, ആമിനയുമെല്ലാം അവരവരുടെ വാസസ്ഥലത്തെത്തി അവരുടെ ജോലികളില്‍ മുഴുകിയിട്ടുണ്ടാവും. എന്നില്‍ നിന്നും മാത്രമെന്തേ ഉറക്കം ഇങ്ങനെ വിട്ടു നില്‍ക്കുന്നത്. മുന്‍പൊക്കെ ഇങ്ങനെയുള്ള രാത്രികളില്‍ ഉറങ്ങാനൊരു സൂത്രം പ്രയോഗിക്കാറുണ്ട്. നമ്മുടെ സീരിയസ്സായ പ്രണയങ്ങളില്‍, കാമുകിയോട് ചില ഡയലോഗുകള്‍ നമ്മള്‍ പറയാറില്ലേ, അതുപോലെ ഏതെങ്കിലും സംഭാഷണങ്ങള്‍ മനസ്സിലേക്ക് കൊണ്ട് വരും, പിന്നെ ഒരു കഥ പോലെ അതിനെ വിപുലീകരിക്കും. പേജുകള്‍ മറിയുന്തോറും ഉണര്‍വിന്റെ കവാടങ്ങള്‍ പതിയെ പതിയെ അടഞ്ഞു വരുന്നതുപോലെ, സംഭാഷങ്ങള്‍ നമ്മുടെ കണ്ണുകളില്‍ നിദ്രയുടെ വലനെയ്യും.

കോണിച്ചുവട്ടില്‍ പെട്ടെന്ന് വിളക്ക് തെളിഞ്ഞു, തലയുയര്‍ത്തി നോക്കുമ്പോള്‍ അവശേഷിച്ച മങ്ങിയ മൈലാഞ്ചി ചിത്രങ്ങളോട് കൂടി സബീനയുടെ പാദങ്ങള്‍ അടുത്തേക്ക് വരുന്നു. ഭൂതകാലത്തിലെ നല്ല ദിനങ്ങളുടെ ഓര്‍മ്മയുടെ തണലില്‍ കാലുകളിലെ ഞരമ്പുകള്‍ മയങ്ങിക്കിടക്കുകയാണന്നു തോന്നി.

എന്താ ഉറക്കം വരുന്നില്ലേ ?

കിടക്കാന്‍ നോക്കുമ്പോള്‍ കോണിച്ചുവട്ടില്‍ ആളനക്കം കണ്ടു, അതാ ഇങ്ങോട്ട് പോന്നത്.

നീ ഇവിടുണ്ടായിരുന്നോ, വീട്ടില്‍ പോയില്ലേ ?

ഇല്ല , അമ്മായിക്ക് നല്ല സുഖമില്ല, ഞാനടുത്തുവേണമെന്നു പറഞ്ഞു.

ബാപ്പ വീട്ടില്‍ തനിച്ചല്ലേ ?

ഉം, ഇടയ്ക്ക് ബാപ്പയെ ഒറ്റയ്ക്ക് വിടുന്നത് നല്ലതാണ്. കരയട്ടെ, ഉള്ളിലുള്ള വിങ്ങലുകളെല്ലാം കരഞ്ഞു തീര്‍ക്കട്ടെ. അത് കാണാന്‍ എനിക്ക് വയ്യ, സ്വയം ശപിച്ചുപോകും, ജീവിതം അവസാനിപ്പിച്ചാലെന്തെന്നു തോന്നിപ്പോകും.

കബീറിന് ശരിക്കുമെന്താ പറ്റീത്, ആരും ഒന്നും വ്യക്തമായി പറഞ്ഞില്ല, നീയും ഒരൊഴുക്കന്‍ മട്ടിലാണ് എന്നോടക്കാര്യം പറഞ്ഞത്.

കഴിഞ്ഞതിന്റെ മുന്‍പത്തെ തതവണ നാട്ടില്‍ വന്നപ്പോള്‍ ഒരു ചങ്ങാതിയെ കാണാനാണെന്ന് പറഞ്ഞു കണ്ണൂര്‍ക്ക്‌ പോയിരുന്നു. ഒരാഴ്ച കഴിഞ്ഞാ മടങ്ങിയത്. പിന്നീട് അബൂക്ക ഫോണ്‍ ചെയ്തപ്പഴാ കാര്യം അറിഞ്ഞത്. മുന്‍പ് ട്രാവല്സില്‍ കൂടെ ജോലി ചെയ്തിരുന്ന ഒരിഷ്ടക്കാരി കണ്ണൂരുണ്ടത്രെ. പിന്നീടു സൌദീന്നു ഫോണ്‍ വരുമ്പോഴൊക്കെ ഞാന്‍ അധികം സംസാരിക്കാതെ ഫോണ്‍ കട്ട് ചെയ്യാന്‍ ശ്രമിക്കും. കഴിഞ്ഞ തവണ ലോഹ്യം നടിച്ചു അടുത്തുകൂടാന്‍ ഒരുപാട് ശ്രമിച്ചു, കിടക്കറയില്‍ വച്ച് മാറി കിടക്കാന്‍ ഞാന്‍ പറഞ്ഞു. ലീവ് തീരുന്നതുവരെ ആള് നാട്ടില്‍ നിന്നില്ല, പോയി.

നല്ലത് നമ്മുടെ കുടുംബത്തില്‍ നിനക്കെങ്കിലും കഴിഞ്ഞല്ലോ, ഇത്രയെങ്കിലും പ്രതികരിക്കാന്‍.

നീയവളെപ്പോയിക്കണ്ടിരുന്നോ ?

ഇല്ല, അതിന്റെ ആവശ്യമുണ്ടെന്നു തോന്നിയില്ല , എന്തിനാ ഒരാള്‍ക്ക് വേണ്ടി രണ്ടുപേര്‍ പിടിവലികൂടുന്നത്, അവള്‍ക്കാ വിധിച്ചിട്ടുള്ളത്, അവള്‍ കൊണ്ടുപോയ്ക്കൊട്ടെ.

ആമിന ഇത്തവണ നാട്ടില്‍ വന്നപ്പോള്‍, എന്നോടല്‍പ്പം അകലം പാലിക്കുന്നത്‌ പോലെ അനുഭവപ്പെട്ടു, അവള്‍ കരുതുന്നുണ്ടാവും, ഈയുള്ളവള്‍ അഹങ്കാരിയാണന്നു. എല്ലാവരും കരുതിക്കോട്ടെ, വേണമെങ്കില്‍ നിങ്ങള്‍ക്കും അങ്ങനെക്കരുതാം.

പുറത്തു മഞ്ഞു അതിന്റെ അടുത്ത കയ്യങ്കളിക്ക് കോപ്പ് കൂട്ടുന്നു. തണുപ്പ് കൂടിക്കൂടിവരുന്നു.

അപ്പോള്‍ പുറത്തു ഒരു പക്ഷിയുടെ ചിലമ്പല്‍ കേട്ടു, ഞാന്‍ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കി അവള്‍ പറഞ്ഞു.

അത് പക്ഷിയുടെതാണ്, വെളുത്ത പക്ഷിയുടെ , വലിയമ്മ ഇടയ്ക്ക് പറഞ്ഞു തന്നിരുന്നു. രാത്രി, വെളുത്തതുണി ഏതു വീടിന്റെ മുറ്റത്തു ഉണങ്ങാനിട്ടിരുന്നാലും വീടിനെ നോക്കി പക്ഷി ശപിക്കുമത്രെ .

നീയത് വിശ്വസിക്കുന്നുണ്ടോ ?

ഏതു ?

വെളുത്ത പക്ഷിയുടെ കഥ.

അതെ ചിലതൊക്കെ നാം വിശ്വസിച്ചേ മതിയാകൂ. നില നില്‍പ്പിനു വേണ്ടിയെങ്കിലും. പടിയടച്ചു പിണ്ഡം വയ്ക്കപ്പെടാതിരിക്കാന്‍ നാം വിശ്വാസിയാണന്നു അഭിനയിച്ചുകൊണ്ടേയിരിക്കണം. എല്ലാവരുടെയുള്ളിലും ഒരു അവിശ്വാസിയുണ്ട്, അതിനെ മെരുക്കി തളച്ചിടാന്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ആരോ നമ്മളെ ശീലിപ്പിച്ചു.

ഉറക്കം വരുന്നില്ലേ സബീന ?

ഇല്ല ഇന്നിനി ഉറക്കമില്ല.

ഹുസൈനും എന്നോട് ഒന്നും ചോദിച്ചില്ല, എന്താ ഭര്‍ത്താവിനെ ഉപേക്ഷിച്ച സ്ത്രീയോട് മിണ്ടിയാല്‍ ആകാശം ഇടിഞ്ഞു വീഴുമോ ?

അവള്‍ വീണ്ടും പരിഭവം പറഞ്ഞുകൊണ്ടിരുന്നു.

പക്ഷെ ഞാന്‍ മറ്റേതോ ചിന്തയിലായിരുന്നു.

കുട്ടിക്കാലത്ത് സബീനാ നീയും ആരോടും അധികം മിണ്ടിയിരുന്നില്ല. എന്നോട് മാത്രമായിരുന്നല്ലോ നീ അല്‍പ്പമെങ്കിലും സ്വാതന്ത്ര്യം എടുത്തിരുന്നത്. ഇടയ്ക്കിടെ ഞാനുള്ളപ്പോള്‍ നീ മുകളിലെ മുറിയിലേക്ക് കയറിവരുമായിരുന്നു. വെറുതെ റേഡിയോയുടെ ബാന്ഡ് നീക്കി നീ സമയം പോക്കുമായിരുന്നു. ചിലപ്പോള്‍ ഞാന്‍ പുറകിലൂടെ വന്നു നിന്നെ കെട്ടിപ്പിടിക്കും, ചിലപ്പോള്‍ ചന്തിയില്‍ ഒരു നുള്ള്, ചിലപ്പോള്‍ കഴുത്തിനുപിന്നില്‍ ഒരു ചുടു നിശ്വാസത്തിന്റെ സ്പര്‍ശനം അനുഭവപ്പെട്ടപോലെ നീ തല ചരിച്ചു എന്നെ നോക്കാറുണ്ട്.

നഗരത്തിലെങ്ങനാ ഒറ്റയ്ക്ക് കഴിയുന്നത്‌ ,

അതൊക്കെ ശീലമായിപ്പോയി സബീനാ, ഞാന്‍ മാത്രമല്ല , നഗരത്തില്‍ ഒരുപാടുപേര്‍ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. തിരക്കിനിടയില്‍ ആര്‍ക്കും ഒറ്റപ്പെടല്‍ തോന്നാറില്ല. ചിന്തിക്കാന്‍ നേരമുണ്ടെങ്കിലല്ലേ ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ച് വേവലാതിയുള്ളൂ. ഒറ്റയ്ക്ക് താമസിക്കുന്ന ഒരുപാട് മലയാളികളെ എനിക്കറിയാം, അതില്‍ പത്രപ്രവര്‍ത്തകരുണ്ട്, എഴുത്തുകാരുണ്ട്‌, ഉദ്യോഗസ്ഥരുണ്ട്, ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരുണ്ട്. ചിലര്‍ക്ക് ഒറ്റയ്ക്കുള്ള ജീവിതം സന്തോഷമുള്ളതാണ്, ചിലര്‍ക്ക് നരകതുല്യവും .

ഞാന്‍ കൂടെ വരട്ടെ, വേലക്കാരിയോ, സ്റ്റെനോഗ്രാഫറോ, ഏതു വേഷം വേണമെങ്കിലും കെട്ടാന്‍ തയ്യാറാ. ഞാനിവിടെ നിന്നാല്‍ മരിച്ചു പോകും . . . . .

ബാപ്പ ഒറ്റയ്ക്കാവില്ലേ സബീനാ.

അത് കേട്ടപ്പോള്‍, ഏതോ ചിന്തയില്‍ നിന്നും ഉണര്ന്നെന്നവണ്ണം അവള്‍ എന്റെ മുഖത്തേയ്ക്കു പകച്ചു നോക്കി.

അല്‍പനേരത്തെ മൗനം,

ചിലപ്പോള്‍ ഞാന്‍ ബാപ്പയെയും, ബാപ്പയുടെ അവസ്ഥയും മറന്നുപോകുന്നു.

പുറത്തു പക്ഷിയുടെ കരച്ചില്‍ അകന്നകന്നുപോകുന്നത് ഞങ്ങളറിഞ്ഞു.

ഇപ്പോഴെവിടെയാണ് പുതിയ താവളം, വെറുതെ അറിയാനായി ചോദിച്ചതാ,

ഒരു ചങ്ങാതിയുടെ പുതിയ മാസികയുടെ വര്‍ക്കുമായി ബന്ധപ്പെട്ടു കഴിഞ്ഞ മൂന്നു മാസമായി കേരളത്തില്‍ തന്നെയാണ്. കഴിഞ്ഞയാഴ്ച തിരികെപ്പോകാന്‍ ഇരിക്കുകയായിരുന്നു. ബോംബയിലെ എന്റെ പഴയ ലാവണത്തിലേക്ക് തന്നെ. ഞാന്‍ വരും സബീനാ , ഇനി ഉമ്മയെന്ന വേരുകൂടി ബാക്കിയുണ്ടല്ലോ ഇവിടെ.

ആര്‍ക്കും ഞാന്‍ പ്രതീക്ഷ നല്‍കുന്നില്ല സബീന, ബന്ധങ്ങളും, അതിന്റെ വിലകളും, വിഹ്വലതകളും ഞാനന്നെ മറന്നു കഴിഞ്ഞു. ചിലപ്പോള്‍ ഇനിയുള്ള ജീവിതം അതിനുള്ള പരിശീലനക്കളരിയായിരിക്കാം. ജീവിതമെന്ന കളരിയില്‍ ശിശിര കാലത്തിനുമുണ്ടല്ലോ അതിന്റെ വേഷം കെട്ടുവാനുള്ള അവസരം.

3

ഡിസംബറിലെ തണുപ്പിനെ കൂടുതല്‍ കഠിനമാക്കിക്കൊണ്ട്, അതിരാവിലെ തണുത്തകാറ്റ് മുറിയിലേക്ക് ആഞ്ഞുവീശി. ജനല്‍പ്പാളികള്‍ രണ്ടും വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അടഞ്ഞു. സബീന വലതുമാറില്‍ തലവച്ചുറങ്ങുന്നു. ഇന്നലെ എപ്പോഴാണുറങ്ങിയതെന്നറിയില്ല. പുതപ്പു വലിച്ചു മാറും കഴുത്തും മറച്ചുകൊടുത്തു , കുറച്ചുകൂടി ചേര്‍ത്തുകിടത്തി.

വീണ്ടും വീണ്ടും ലക്ഷ്മിറാണിയെക്കുറിച്ചുള്ള ചിന്തകളുടെ കിരുകിരുപ്പ്‌. അവള്‍ എന്നില്‍ നിന്നും വിടപറഞ്ഞുപോയത് ഏതെങ്കിലും അപകടത്തിലെക്കാണോ. തീര്‍ച്ചയായും അവളുടെ ഉടലിന്റെ ഉഷ്ണമേഘലകള്‍ അവളെ ഏതെങ്കിലും കിടക്കകളിലേക്കാനയിക്കും. അവിടെ രതി വൈകൃതങ്ങള്‍ താണ്ഡവമാടാതിരിക്കട്ടെ. ഇതൊരു പ്രാര്‍ത്ഥനയാണ്, അവളുടെ ശരീരത്തിനും, മനസ്സിനും ദീര്‍ഘകാലത്തേക്ക് ബോധിക്കുന്ന ഒരിണയെ അവള്‍ക്കു ലഭിക്കട്ടെ എന്ന ഒരു പ്രാര്‍ത്ഥന. ശരിക്കും ഇതൊരു പ്രാര്‍ത്ഥന മാത്രമല്ല. അവളെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നും വിടുതല്‍ നേടാനുള്ള മനസ്സിന്റെ ഒരു വെമ്പല്‍ മാത്രം. വയിച്ചു തീരാത്ത കഥയെ ശുഭപര്യവസാനിയാക്കി വിടുതല്‍ നേടുന്ന മനസ്സിന്റെ ഒരു സൂത്രം പോലെ ഇതും അക്ഷരാര്‍ത്ഥത്തില്‍ ഒരു രക്ഷപ്പെടല്‍ തന്നെ.

പല ശരീരങ്ങളിലും പല രീതിയിലാണ് പ്രവേശിക്കേണ്ടത്. ചിലതില്‍ ആദ്യമേ അഗ്നിയെ പ്പോലെ പൊടുന്നനെ പ്രവര്‍ത്തിക്കണം, ചിലതിനെ ഇളം കാറ്റായി തഴുകി പിന്നെ കാറ്റായി മാറി പിടിച്ചുലക്കണം, മഴ കാത്തുകിടക്കുന്ന ഭൂമിയില്‍ പുതുമഴപോലെ വന്നു പെഴ്തോഴിയണം ചിലതില്‍, അവിടെ രതി ഗന്ധം മണ്ണിന്റേതാണ്. എല്ലാം തരുകയും പിന്നെ തിരിച്ചെടുക്കുകയും ചെയ്യുന്ന മണ്ണിന്റേതു. ചിലതിനു മൃദുസ്പര്‍ശനം മാത്രം മതിയാവും കല്യാണസൌഗന്ധികം പോലെ പൂത്തുലയാന്‍. അവിടെ രതി വൈകൃതങ്ങള്‍ക്ക് സ്ഥാനമില്ല. നാഭിച്ചുഴിയില്‍ വിയര്‍പ്പു കണങ്ങള്‍ക്ക് പകരം കസ്തൂരി മണക്കും. മുലക്കണ്ണുകള്‍ രതിയുടെ പാലാഴിയായി മാറും. അധരങ്ങള്‍ എല്ലാം നല്‍കുന്ന പാനപാത്രം, അവിടെ നാം കേള്‍ക്കുന്നത് അപ്സരസ്സുകളുടെ ലാസ്യഗാനം മാത്രം. അപ്പോള്‍ അവര്‍ പരസ്പരം ഒരു തെളിനീരുറവയായി മാറുന്നു. ഉടയാടകള്‍ അരുവിയില്‍ വീണൊഴുകുന്ന വനപുഷ്പങ്ങളും.

റാണിയുമായുള്ള അവസാനത്തെ സംഗമമായിരുന്നു അന്ന്. അന്നാദ്യമായി അവളോട്‌ വയസ്സ് ചോദിച്ചു, അഴിഞ്ഞുലഞ്ഞ തലമുടി വാരിക്കെട്ടുമ്പോള്‍ ചിരിക്കുന്നുണ്ടായിരുന്നു അവള്‍. എന്തെ ഇങ്ങനെ ഒരു പുതിയ ചോദ്യം എന്ന മട്ടില്‍.

ഒരു
കുട്ടിയൊക്കെയായി നമുക്കൊരുമിച്ചു കഴിഞ്ഞുകൂടെ എന്നാവും സാര്‍ ചിന്തിക്കുന്നത് അല്ലെ.

നോക്കൂ സാര്‍, മറ്റു സ്ത്രീകളെപ്പോലെ എനിക്കും ഉണ്ട് അങ്ങനെയുള്ള ആഗ്രഹങ്ങള്‍. പക്ഷേ, അതിനുള്ള സമയം ഇനിയും ആയിട്ടില്ലെന്നാ എനിക്ക് തോന്നുന്നത്, ഞാനിപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട ഇരുപത്തിരണ്ടുകാരി സുന്ദരിപ്പെണ്ണല്ലേ .

അടുത്തയാഴ്ച ഞാന്‍ പോകുന്നു, ഇനി കുറച്ചു ദിവസത്തെ വിദേശ പര്യടനം. ഈയുള്ളവള്‍ ഇസഡോറ ങ്കനെപ്പോലെയോ , പ്രൊതിമ ബേഡിയെപ്പോലെയോ വലിയ നര്‍ത്തകിയല്ലെങ്കിലും, ഞാനര്‍ഹിക്കുന്ന പരിഗണന എന്റെ ആഡിയന്‍സ് എനിക്ക് നല്‍കുന്നുണ്ട്. ഒരു പുതുമുഖ സംഗീതഞ്ജന്റെ താളത്തിനൊത്തു ഞാന്‍ ചുവടുകള്‍ വയ്ക്കും. ഒപ്പം എയ്റോബിക്സില്‍ ഞാന്‍ എന്റെ കഴിവ് തെളിയിക്കും. ഇന്നലെ മുതല്‍ റിഹേഴ്സല്‍ തുടങ്ങിക്കഴിഞ്ഞു. അയാളുടെ സംഗീതത്തിന് ഒരു പ്രിമിറ്റീവ് തലം കൂടിയുണ്ടാന്നാണ് പട്ടേല്‍ സാറിന്റെ അഭിപ്രായം.
ഞാനതൊന്നു ചെയ്തു കാണിക്കട്ടെ.

നിശാവസ്ത്രത്തില്‍ അവള്‍ ചുവടുകള്‍ വച്ചപ്പോള്‍ അംഗചലനങ്ങള്‍ വളരെ മനോഹരമുള്ളതായി തോന്നി. ഇടയ്ക്ക് ശൃംഗാര ഭാവത്തോടെ അവളുടെ വെളുത്തു നീണ്ട വിരലുകള്‍ കൊണ്ട് എന്റെ കവിളില്‍ തലോടി. അപ്പോള്‍ ഒരേ സമയം നൃത്ത ശില്പ്പത്തിലെ കഥാപാത്രവും പ്രേക്ഷകനുമായി ഞാന്‍ മാറുകയായിരുന്നു.

ഞാനിറങ്ങുമ്പോള്‍ സബീന മുന്‍വശത്തെ പടിവരെ അനുഗമിച്ചു, അവളോട്‌ ഒന്നും പറയാന്‍ തോന്നിയില്ല. പക്ഷെ ഒരു കുറ്റബോധത്തിന്റെ കലമ്പല്‍ മനസ്സില്‍ ബാക്കി നില്‍ക്കുന്നു. ഞാനടക്കം എല്ലാവരും അവളെ പലരീതിയില്‍ ദുരുപയോഗം ചെയ്തുവോ. വയസ്സറിയിക്കുന്നതിനു മുന്‍പ് അവളെ പ്രാപിക്കാന്‍ മുദീസ്തങ്ങള്‍ ഒരു ശ്രമം നടത്തിയിരുന്നു. ഞങ്ങളുടെ നിരന്തരമായ ശ്രദ്ധ കാരണം അയാള്‍ക്കതിനു കഴിഞ്ഞില്ല. പിന്നെ കൌമാര കൌതുകങ്ങള്‍ പൂര്‍ണമായും മാറുന്നതിനു മുന്‍പ് അവളുടെ ഭര്‍ത്താവുദ്യോഗം വഹിച്ച പെണ്‍കോന്തനായ കബീര്‍. ഇതാ ഇപ്പോള്‍ ഞാനും, അല്പനെരമെങ്കിലും ഞാനവള്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കിയോ, അതോ അവളെ വീണ്ടും നിരാശയുടെ പടുകുഴിയില്‍ തള്ളിയോ, ആലോചിക്കുമ്പോള്‍ ഒന്നും വേണ്ടായിരുന്നു, ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്നിപ്പോള്‍ തോന്നുന്നു.

ഗേറ്റ് കടന്നു പുറത്തിറങ്ങി, മതിലിനു മുന്നിലൂടെ ഒഴുകുന്ന കൈത്തോടിനു മുകളിലെ ചെറിയ പാലത്തില്‍ നിന്ന് കൊണ്ട് ഞാന്‍ മുറ്റത്തേക്കു വെറുതെ പാളി നോക്കി, അവള്‍ വാതില്‍ക്കല്‍ത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ താഴെ വെള്ളത്തില്‍ കളിക്കുന്ന ചെറു മീനുകളെയും, ചേമ്പിന്‍ കൂട്ടത്തിനിടയിലെ പൊന്തകളില്‍ നിന്നും കൈകള്‍ പുറത്തിട്ടിരിക്കുന്ന ഞണ്ടുകളെയും നോക്കി ഞാന്‍ നിന്നു. എന്റെ സ്വാര്‍ത്ഥതയ്ക്കും അവളുടെ ദൈന്യതയ്ക്കും ഇടയിലെ കലികാല നിമിഷങ്ങളെ എങ്ങനെ തള്ളിനീക്കുമെന്ന ചിന്തയോടെ ഞാന്‍ വെറുങ്ങലിച്ചു നിന്നു.

ഞാന്‍ തിരികെ വീണ്ടും ഗേറ്റുകടന്നു മുന്‍വാതില്‍ക്കലെത്തി. അവള്‍ പടികടന്നു മുന്നില്‍ വന്നു നിന്നു. എന്നില്‍ വീണ്ടും കുറ്റകരമായ നിശബ്ദത. അവളില്‍ നിന്നുള്ള ചോദ്യങ്ങളെ ഭയന്ന് പുറത്തേക്ക് മിഴികള്‍ പായിച്ചു.

ഞാന്‍ നിങ്ങളെ പ്രതീക്ഷിക്കട്ടെ,

ചോദ്യം മൂന്നാം തവണയാണ് അവളില്‍ നിന്നും. ഇത്തവണ ശബ്ദത്തില്‍ അല്‍പ്പം ആര്‍ദ്രത നിറഞ്ഞിരുന്നു.

ചില കാര്യങ്ങള്‍ കഥകള്‍ പോലെ മറക്കണം, വായിക്കുമ്പോള്‍ മാത്രം വികാരവിവശരായി, മടക്കി കഴിയുമ്പോള്‍ എല്ലാം മറന്നു സ്വാര്‍ത്ഥത നിറഞ്ഞ മനസ്സുമായി ഒരു മടക്ക യാത്ര.

എന്തേ, എഡിറ്റു ചെയ്തു എഡിറ്റു ചെയ്തു അവളുടെ ജീവിതത്തെ പടച്ചവന്‍ ഒരു കഥപോലെയാക്കിത്തീര്‍ക്കുന്നത്. അവളുടേത്‌ മാത്രമല്ല എന്റെ ജീവിതവും എല്ലാവര്ക്കും ഒരു കഥ പോലെയായി തീര്‍ന്നിരിക്കുന്നു.

ആലോചിച്ചു നില്‍ക്കെ കവലയില്‍ ബസ് വന്നതറിയിച്ചുകൊണ്ടുള്ള ഹോണ്‍ മുഴങ്ങി. ഞാന്‍ നടത്തത്തിനു വേഗം കൂട്ടി. മുതുകില്‍ അല്പം തണുപ്പനുഭവപ്പെട്ടു. ധൃതിയില്‍ പകുതിയുണങ്ങിയ ഉടുപ്പുകള്‍ ബാഗില്‍ വാരിയിടുകയായിരുന്നു.