സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ചിക്കന്‍ സ്റ്റാള്‍

July 14, 2010 ബിജുകുമാര്‍ alakode

“അപ്പോ രാഘവന്നായരു പറയുന്നത് അമേരിയ്ക്കേലോ ഗള്‍ഫിലോ പോകുന്നേക്കാളും സുഖം ഇവിടെ തന്നാണന്നാണൊ?”

“എന്താ സംശയന്റെ ഖാദറേ? പണ്ടൊക്കെയല്ലിയോ ഗള്‍ഫ്, അമേരിയ്ക്കാന്നൊക്കെപ്പറഞ്ഞാ വല്യ കാര്യം! ഇപ്പോ ഇവിടെ തന്നെ നല്ലൊരു ബിസിനസ്സൊണ്ടെങ്കി അതിലും മെച്ചമാ. എന്റെ എളേ മോന്‍ ഹരിക്കുട്ടന്റെ കാര്യം തന്നെ നോക്ക്. അവനു മാര്‍ബിളിന്റെ ബിസിനസ്സല്ലേ. ദെവസം എത്രയാ വരുമാനം? ആള്‍ക്കാരു പഴേ പോലല്ല. ഇപ്പം എല്ലാരുടെം അടുത്തു പൂത്ത കാശൊണ്ട്”

“രാഘവന്നായരു പറയുന്നതൊക്കെ ശരി തന്നെ. എന്നാലും അമേരിയ്ക്കേലൊക്കെ നല്ലൊരു ജോലി കിട്ടിയാ ഒരു ബിസിനസ്സും അത്രേം വരുകൊന്നുമില്ല. എന്റെ ജോണിക്കുട്ടി അവിടെ ബാങ്കിലാ. മാസം അഞ്ചു ലക്ഷമൊണ്ട് അവന്റെ ശമ്പളം. പിന്നെ അവന്റെ ഭാര്യ നേഴ്സാ. രണ്ടു പേര്‍ക്കും കൂടി മൊത്തം പത്തുലക്ഷത്തിനടുത്തു കിട്ടും!”

“പക്ഷേ ജോര്‍ജേ, അമേരിയ്ക്കെലൊക്കെ ഇപ്പോ പൊളിവാണന്നാണല്ലോ കേള്‍വി.. ഒത്തിരിയെണ്ണത്തിനെ പിരിച്ചു വിട്ടെന്നോ വിടാമ്പോണൊന്നോ ഒക്കെ പത്രത്തിക്കണ്ടല്ലോ?”

“എന്റെ ഖാദറേ, അതൊക്കെ ഇവിടുത്തെ കൊറെ രാഷ്ട്രീയക്കാരും പത്രക്കാരും കൂടെ എഴുതി വിടുന്നതല്ലെ. അമേരിയ്ക്കാന്നു പറഞ്ഞാ ലോകശക്തിയല്ലേ. ഇതു വല്ലോം അവര്‍ക്കിട്ടേല്‍ക്കുമോ? ജോണിക്കുട്ടി കഴിഞ്ഞയെടേലാ മൂന്നാറില്‍ പുതിയ റിസോര്‍ട്ടിനൊള്ള അഡ്വാന്‍സ് കൊടുത്തത്”

“ജോര്‍ജ് പറയുന്നതു നേരാ ഖാദറേ, ഇപ്പോഴും മാര്‍ബിളു കച്ചവടം ശരിയ്ക്കു നടക്കുന്നത് അമേരിയ്ക്കന്‍ മണിയൊള്ളോരുടെ പണിയ്ക്കാ. എത്രയിടിഞ്ഞാലുംഡോളറു ഡോളറു തന്നാണേ”

“ഗള്‍ഫില്  നല്ലൊരു ബിസിനസു പച്ച പിടിച്ചാ ഒരമേരിയ്ക്കേം അടുത്തെത്തില്ലെന്റെ നായരെ. കേട്ടിട്ടില്ലെ, നമ്മുടെ യൂസഫലീം വഹാബുമൊക്കെ. വല്യ പഠിപ്പൊന്നും വേണ്ടാ തലവര നേരെയാണെങ്കി. എന്റെ ഉസ്മാന് സൌദീല് ഹോട്ടലു മൂന്നൊണ്ട്. നല്ല അറബികളുടെ  കച്ചോടം കിട്ടിയാ ഡോളറിനു മുന്‍പില്‍ നില്‍ക്കും റിയാല് ”.

“അതൊക്കെ നിക്കട്ടെ ഖാദറെ, നിങ്ങടെ വലിവ് എങ്ങനെയൊണ്ടിപ്പോ? കൊറഞ്ഞോ?”

“ഓ..അതെന്നേം കൊണ്ടെ പോവുകയുള്ളു. ശ്വാസം മുട്ടലങ്ങു തൊടങ്ങിയാ നെഞ്ചിന്നാരോ കൂച്ചിപ്പിടിക്കുന്ന പോലെ തോന്നും.”

“വിഷമിയ്ക്കാതെടോ, എന്റേം കാര്യമങ്ങനൊക്കെ തന്നെ, തലകറക്കം വന്നാ പിന്നെ ബോധം പോകും. കിളവനായാ സൂക്കേട് കൂടപ്പിറപ്പാ. അല്ലേ ജോര്‍ജേ ?”

“ഹ..ഹ..ആയ കാലത്തോടി നടന്നു. കൊറേ വെട്ടീം വാരീം കൂട്ടി. വയസായാ എവിടേലും ഒതുങ്ങി ഇരിയ്ക്കണം. അതാ ലോക നടപ്പ്.”

“ശരിയാ ജോര്‍ജു പറഞ്ഞത്. ഞാനെന്റെ ശാരദയേം കൂട്ടി കിഴക്കന്മല കയറുമ്പോള്‍ കൈയിലൊന്നുമില്ല. തറവാട് ക്ഷയിച്ച് കടം മൂടിയപ്പോള്‍ രണ്ടും കല്‍പ്പിച്ചൊരു പോക്കായിരുന്നു. വെറും ഭൂമി കൊറെ ചെറിയ വിലയ്ക്കു കിട്ടി. പിന്നെ ഒരു വാശി. പോയതൊക്കെ പിടിയ്ക്കണമെന്ന്. ഗുരുവായൂരപ്പന്റെ കരുണ കൊണ്ട് എല്ലാം നേടി. മക്കളൊക്കെ ഒരു നെലയ്ക്കായി. പെണ്‍പിള്ളേരെയൊക്കെ നല്ല  കുടുംബങ്ങളില്‍ വിട്ടു. “

“ഇങ്ങനൊക്കെ തന്നെയാ എന്റെ കഥേം. നിങ്ങളു കൃഷിയാണേ ഞാന്‍ കച്ചവടമാന്നു മാത്രം. നമ്മുടെ ഉപ്പായും ഒന്നുമൊണ്ടാക്കിയില്ല. ഞങ്ങളു മക്കളു ഏഴുപേരാണ് ഉപ്പാന്റെ സമ്പാദ്യം! പല കച്ചവടോം ചെയ്തു ഞാനും കൊറേ വലുതായി. ഒക്കെ പടച്ചവന്റെ കാരുണ്യം. അറിയോ, മൂന്നു ഹജ്ജ് ചെയ്തിട്ടൊണ്ട് ഞാന് .  ഞങ്ങടെ കൂട്ടത്തി മൂന്നു ഹജ്ജ് ചെയ്തവരു ചുരുക്കമാ..”

“നിങ്ങളു രണ്ടു പേരേം പോലെ ഞാനത്ര വലുതായൊന്നുമില്ല. ചെറിയൊരു സര്‍ക്കാരു ജോലീം കൊണ്ടെന്താവാനാ?എന്നാ മക്കളെ പഠിപ്പിച്ചു. ആരും മോശമായില്ല. ജോണിക്കുട്ടി ഒരു നേഴ്സിനെ കെട്ടി അക്കരെയെത്തി. മറ്റുള്ളോരൊക്കെ ഓരോ ജോലീം മേടിച്ച് സുഖായി കഴിയുന്നു. പിന്നെ വയസ്സു കാലത്ത്  നിങ്ങളെക്കാള്‍ നല്ലൊരു കൂട്ടുകാരനേം കിട്ടി. ഹ..ഹ..ക്യാന്‍സര്‍ അത്ര മോശമാണോ? ”

“സങ്കടപ്പെടാതെ ജോര്‍ജേ, അതൊക്കെ കൊറഞ്ഞോളുമെന്നേ “

“ശരിയാ രാഘവന്നായരു പറഞ്ഞത്, ഒക്കെ ഭേദാവും ജോര്‍ജേ ”

“ഉം.ഉം. എല്ലാം എനിയ്ക്കറിയാം ..എന്നാലും ഖാദറേ, തന്റെ ചില നേരത്തെ വലിവ് കണ്ടാ എന്റെ ക്യാന്‍സറാ ഭേദമെന്നു തോന്നിപ്പോകും. അല്ലേ നായരെ..ഹ..ഹ.”

“രണ്ടു പേരും ചിരിയ്ക്കണ്ടാ. എന്റെ തലകറക്കം മോശമൊന്നുമല്ല. നില്‍ക്കുന്ന നില്‍പ്പില്‍ തലയടിച്ചു താഴെ വീഴും..പിന്നെ കൊറെ സമയത്തേയ്ക്ക് ബോധം  കാണില്ല. ആ കിടപ്പിലങ്ങു പോയാ‍ സൌകര്യായി. ഒന്നും അറിയണ്ടാലൊ..”

“എനിയ്ക്കു വലിയൊരാശയൊണ്ടായിരുന്നു. എന്റെ ജോണിച്ചന്റെ കൊച്ചിന്റെ കൈയും പിടിച്ച് ഇതിലെയൊക്കെ ഒന്നു നടക്കണോന്ന്. മോങ്കുട്ടിയ്ക്ക് അഞ്ചു വയസ്സായതേയൊള്ളു. ഇതു വരെ കാണാമ്പറ്റിയില്ല “

“അവരമേരിയ്ക്കേലല്ലേ ജോര്‍ജേ? അത്ര പെട്ടെന്ന് കേറി വരാന്‍ പറ്റ്വോ? എന്റെ ഹരിക്കുട്ടനുമൊണ്ടടോ ആ പ്രായത്തിലൊരു കൊച്ച്. എന്നിട്ട് ഞാന്‍ കണ്ടോ?  അതൊക്കെ ഒരു യോഗമാടോ..”

“ഇക്കാര്യത്തില്‍ ഞാന്‍ നിങ്ങളേക്കാളും ഭാഗ്യവാനാ.. ഉസ്മാന്‍ സൌദീന്ന് വല്ലപ്പോഴും വിളിയ്ക്കുമ്പം കൊച്ചുമോനെ കൊണ്ടെന്നെ “വല്ല്യുപ്പാ”ന്നു വിളിപ്പിയ്ക്കും. അതു മതിയെനിക്ക്..”

                           *************************************************

“ങാ കയറി വരൂ..നേരത്തെ ഫോണില്‍ വിളിച്ച ആളല്ലേ. ഇതൊന്നും ഫോണില്‍ കൂടി സംസാരിയ്ക്കാവുന്ന കാര്യമല്ല. അതു കൊണ്ടാ നേരില്‍ വരാന്‍ പറഞ്ഞത്. “

“ആളു ഞാന്‍ തന്നെ.. സംഗതി നടക്കുവോ?”

“നടക്കാതെ പിന്നെ? ഞാനിതാദ്യമായിട്ടൊന്നുമല്ലാ ഈ ബിസിനസ്. പിന്നേയ്, സര്‍ക്കാര്‍ നിരക്കിലൊന്നും ചരക്ക് കിട്ടില്ല.”

“എത്രയാ നിങ്ങടെ റേറ്റ്? ”

“അതു ചരക്കിന്റെ നിലവാരമനുസരിച്ചിരിയ്ക്കും. ഞാന്‍ കാണിച്ചു തരാം. നിങ്ങളു നോക്ക്. അതു കഴിഞ്ഞു വില പറയാം.”

“ശരി കാണട്ടെ”

“ദാ ആ മൂന്നു പേരെ കണ്ടോ? കാര്യം, മൂന്നും നല്ല കാശൊള്ള വീട്ടിലെയാ. മക്കളൊക്കെ വലിയ നിലയിലായപ്പോ ആര്‍ക്കും വേണ്ടാതായി. ആരും അന്വേഷിച്ചു വരാനൊന്നുമില്ല. ഇവിടെ കൊറച്ചു കാശും തന്നേല്‍പ്പിച്ചിട്ട് പിന്നെ ഇന്നേ വരെ തിരിഞ്ഞു നോക്കിയിട്ടില്ല.”

“അതു മൂന്നും ഒരേ കാറ്റഗറിയാണല്ലോ? എത്രയാ വില?”

“ആ സൈഡിലിരിയ്ക്കുന്നത് ജോര്‍ജ്. ക്യാന്‍സര്‍ രോഗിയാ.. അതു കൊണ്ട് വിലയല്പം കുറയും. രണ്ടു ലക്ഷം മതി”

“മറ്റേ രണ്ടെണ്ണമോ?”

“ഒന്ന് ഖാദര്‍ , ആസ്ത്മാ രോഗിയാണ്. എങ്കിലും ഉള്ളില്‍ കാര്യമായ കേടൊന്നുമില്ല. രണ്ടര ലക്ഷം ആകും. മറ്റേത് രാഘവന്നായര്. തലകറക്കമേയുള്ളു. അതിന് മൂന്നില്‍ കുറഞ്ഞ കച്ചവടമില്ല.”

“ശരി. മൂന്നും കൂടി ഒന്നിച്ചെടുത്താലോ? ഡിസ്കൌണ്ട് കിട്ടുമോ?”

“കച്ചവടമാക്കാം, പക്ഷേ ചരക്ക് ഒന്നിച്ചു തരാന്‍ പറ്റില്ല. അതു ചിലപ്പോ പ്രശ്നമാകും. രണ്ടാഴ്ച ഇടവിട്ട് ഡെലിവറി എടുത്തു കൊള്ളു ”

“ശരി ആവട്ടെ. കാര്യം നടക്കണമല്ലോ! കാശൊള്ളവര്‍ക്കൊക്കെ ഡോക്ടറാകണം. അതു സാരമില്ല അതിനുള്ള സംവിധാനങ്ങളെല്ലാം ഞങ്ങടെ മെഡിക്കല്‍ കോളേജിലുണ്ട്. പക്ഷേ, ഈ മെഡിക്കല്‍ കൌണ്‍സിലുകാരുടെ ഓരോ നിയമങ്ങളേ. പത്തു പിള്ളേര്‍ക്ക് ഓരോ ശവം വേണൊന്ന്! ഇതിനുമാത്രം ശവം എവിടുന്നുണ്ടാക്കാനാ? സര്‍ക്കാര്‍ മെഡിക്കല്‍ കോളേജീന്നു റൂളനുസരിച്ച് ശവം കിട്ടണേ കാശടച്ചു ബുക്കു ചെയ്ത് കാത്തിരിയ്ക്കണം. അതും അധികമൊന്നും കിട്ടില്ല. ഒരെണ്ണം കിട്ടണമെങ്കില്‍ എന്തെല്ലാം നൂലാമാലകളാണെന്നോ! ഒന്നുകില്‍ മരിയ്ക്കുന്നവന്‍ സ്വമേധയാ എഴുതി വയ്ക്കണം. അല്ലെങ്കില്‍ അനാഥ ശവം ആയിരിയ്ക്കണം. അതു പലതും അഴുകിയതും പുഴുത്തതുമൊക്കെയായിരിയ്ക്കും. ലക്ഷണമൊത്ത ഫ്രഷ് സാധനം കിട്ടാന്‍ വലിയ പാടാന്നേ..ഒരു പ്രയോജനവുമില്ലാതെ ഇതിലെ തെണ്ടി നടക്കുന്നവനൊക്കെ ചത്താ പതിനായിരങ്ങളാ വില. പിന്നെ തീരെ നിവൃത്തിയില്ലാതെ വരുമ്പോ ഞങ്ങളു വണ്ടിയെടുത്ത് രാത്രീലൊന്നു കറങ്ങും. വല്ല പീടിക തിണ്ണയിലും കിടന്നുറങ്ങുന്നവന്മാരെ അങ്ങു ശരിയാക്കും. നല്ല ഫ്രഷ് സ്റ്റഫ് കിട്ടും. പക്ഷേ ഇപ്പോ സ്ട്രോങ്ങ് പോലീസ് പട്രോളിങ്ങ്. അതാ ഈ വഴിയൊന്നു അന്വേഷിയ്ക്കാമെന്നു വച്ചേ. വണ്‍ മിനിട്ട്, ഞാന്‍ മാനേജ്മെന്റുമായി ഒന്നു സംസാരിച്ചോട്ടെ..”

ആഗതന്‍ മൊബൈലില്‍ നമ്പര്‍ കുത്തി,  ചരക്ക് ഒന്നിച്ചെടുത്താലുള്ള കിഴിവിനെ പറ്റി മാനേജ്മെന്റുമായി ഡിസ്കസ് ചെയ്യുമ്പോള്‍  ജോര്‍ജച്ചായനും ഖാദറിക്കയും  രാഘവന്നായരും കൂടി  “ശാന്തിമന്ദിര“ത്തിലെ ഹാളിലിരുന്ന് ചളുങ്ങിയ അലുമിനിയ പാത്രത്തില്‍ നിന്നും കഞ്ഞി കോരിക്കുടിയ്ക്കുകയായിരുന്നു; അന്നത്തെ അത്താഴം.

35 Comments, Post your comment:

Flying Roofs said...

SIMPLE....BUT HAUNTING....

മുള്ളൂക്കാരന്‍ said...

എന്തിനാ മാഷെ ഇങ്ങിനെ ഇടയ്ക്കിടയ്ക്ക് മനുഷ്യെമനുഷ്യനെ....... കഷ്ടാണ്‌ കേട്ടോ... ഇന്നത്തെ ഉറക്കവും പോയി...

Manoraj said...

ഇതിപ്പോ എന്താ പറയാ.. മുള്ളൂക്കാരൻ പറഞ്ഞപോലെ.. ഹൊ..

വിഷയം ശക്തം. പറഞ്ഞത് അതിലും മനോഹരം.

സുല്‍ |Sul said...

parayumbo icchiri kaTuppicchaavaam ennu karuthi alle...

ബിജുകുമാര്‍ ആലക്കോട് said...

ഫ്ലൈയിങ്ങ് റൂഫ്സ്, മുള്ളൂക്കാരന്‍ , മനോരാജ്, സുല്‍ : അഭിപ്രായം പറഞ്ഞ എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് നിറഞ്ഞ നന്ദി. പ്രിയരെ, ഇതു “കഥ”യല്ല. ഈ കേരളത്തില്‍ നടക്കുന്ന നൂറു ശതമാനം സത്യമായ ഭീകര യാഥാര്‍ത്ഥ്യം! വിശ്വസിയ്ക്കാനാവുന്നില്ല അല്ലേ? “ഇതൊന്നു വായിയ്ക്കൂ“മലയാള മനോരമ ദിനപത്രം ഈ വിഷയത്തില്‍ ഒരന്വേഷണം നടത്തിയിട്ടുണ്ട്. ‍
നാളെ നാമാരും ഇതുപോലൊരു സ്റ്റാളിലെ വില്പന ചരക്കാകാതിരിയ്ക്കട്ടെ! (ഹാര്‍ട്ട് അറ്റാക്ക് ആണ് ആകെയൊരു പ്രതീക്ഷ)

chithrakaran:ചിത്രകാരന്‍ said...

ഹഹഹ.....
അറബിക്കും അമേരിക്കക്കാരനും
പണിയെടുക്കാനുള്ള അടിമകളെ
ജനിപ്പിച്ച് കയറ്റി അയക്കുന്ന
ദാസ്യബോധം പൈതൃകമായി ലഭിച്ച
കേരളത്തിലെ ഇറച്ചിക്കോഴികളെ കാത്തിരിക്കുന്ന
ഒഴിവാക്കാനാകാത്ത വിധി !!!

കാലിക പ്രസക്തിയുള്ള
വിഷയം.
ചിത്രകാരന്റെ ആശംസകള്‍ !!!

sPidEy™ said...

കൊള്ളാം ഇഷ്ട്ടപ്പെട്ടു

mini//മിനി said...

അവസാനത്തെ അത്താഴം ആവാം.

mayflowers said...

ഇങ്ങിനെ എത്ര ശാന്തി മന്ദിരങ്ങള്‍..
അവിടെ എത്ര ജോര്‍ജ്മാര്‍...എത്ര ഖാദര്മാര്‍..എത്ര രാഘവന്‍ നായര്‍..
അവരുടെ തപ്ത നിശ്വാസങ്ങളില്‍ ഈ മക്കള്‍ ആവിയായിപ്പോകാതിരിക്കട്ടെ..

കുഞ്ഞൂസ് (Kunjuss) said...

ശക്തമായ ഒരു വിഷയം ഹൃദയസ്പര്‍ശിയായി പറഞ്ഞു.
മെഡിക്കല്‍ കൊളേജിലേക്ക് മൃതദേഹങ്ങള്‍ ആവശ്യമുണ്ടെന്നു ഒരു പരസ്യം കണ്ടതായി ഒരിക്കല്‍ നാട്ടിലുള്ള അനിയന്‍ പറഞ്ഞിരുന്നു. അതിന്റെ ഭീകരത വളരെ നന്നായി ഇവിടെ വരച്ചു കാണിച്ചിരിക്കുന്നു!

കൂതറHashimܓ said...

അവസാന പാരഗ്രാഫ് വായിച്ചപ്പോ...............
ചുമ്മാ അങ്ങനെ ഒന്നും ഉണ്ടാവില്ലാ... ഉണ്ടാവാതിരിക്കട്ടെ

dileep said...

ശക്തമായ ഒരു പ്രമേയം..ഈ കഥയൊക്കെ കണ്ടെങ്കിലും ആരും അച്ഛനേയും അമ്മയേയും ഉപേക്ഷിക്കാതിരിക്കട്ടെ...

ജസ്റ്റിന്‍ said...

ജീവിതത്തിന്റെ ആരും വിശ്വസിക്കാന്‍ തയ്യാറാകാത്ത അല്ലെങ്കില്‍ ചിന്തിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ഏടാണിത്.

വൃദ്ധസദനങ്ങള്‍ ഇന്നത്തെ ഏറ്റവും നല്ല ബിസിനസ്സാകുമ്പോള്‍ എങ്ങനെ തങ്ങളുടെ മാതാപിതാക്കള്‍ മരിച്ചു എന്ന് പോലും അന്വേഷിക്കാന്‍ സമയമില്ലാത്ത മക്കള്‍ മരണസമയം തങ്ങളുടെ മാതാപിതാക്കള്‍ എഴുതി വച്ചു എന്ന് പറയപ്പെടുന്ന സമ്മത പത്രത്തിന്റെ പൊരുള്‍ എന്താണെന്ന് കൂടി അറിയാന്‍ സ്രമിക്കാതെ സ്വയം ജീവിക്കാന്‍ മറന്ന് കാശുണ്ടാക്കി തങ്ങളുടെ വിധിക്കായി സ്വന്തം മക്കളെ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.

പറഞ്ഞാലും തീരാത്ത കഥ. കാണാനും അനുഭവിക്കാനും പോകുന്ന കഥ. എന്റെ മാതാപിതാക്കള്‍ എങ്ങനെ ജീവിക്കുന്നു എന്താണവരുടെ ജീവിത സ്ഥിതി. ഞാനറിയുന്നുണ്ടോ. ഉണ്ടെന്നാണ് എന്റെ വിശ്വാസം.

ഹും !!!!!!!!!!

പലയക്കോടന്‍സ് said...

എന്താണ് സുഹൃത്തേ പറയുക !

ഇങ്ങനെഒക്കെ ആയിരിക്കും കാര്യങ്ങള്‍
പക്ഷേ ഇങ്ങനെ ഒരിക്കലും ആവല്ലേ എന്ന്‍
ആശിക്കുന്നു. ( ഞാനും വയസ്സന്‍ ആയി കൊണ്ടിരിക്കുയകയാണെയ് )

Naushu said...

ശക്തമായ പ്രമേയം....
ഇഷ്ട്ടപ്പെട്ടു.

ബിജുകുമാര്‍ alakode said...

@ ചിത്രകാരന്‍ : ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
@സ്പൈഡി, മിനി ടീച്ചര്‍ :- നന്ദി.
@ മേയ് ഫ്ലവര്‍ : എല്ലാവരും ഇന്നില്‍ മാത്രം ജീവിയ്ക്കുമ്പോള്‍ വരാനിരിയ്ക്കുന്നതിനെ പറ്റി ചിന്തിയ്ക്കുന്നില്ലല്ലോ! നന്ദി.
@ ഹാഷിം: വിശ്വാസമാകുന്നില്ല അല്ലേ?
@കുഞ്ഞൂസ് : ഇപ്പോള്‍ പരസ്യമൊന്നുമില്ല, എല്ലാം ഡയറക്ടാ...:-) ഇനിയെന്തെല്ലാം നാം കാണാനിരിയ്ക്കുന്നു അല്ലേ.
@ ദിലീപ്: ഈ കഥ കണ്ടതു കൊണ്ടല്ല, സ്നേഹമുള്ളതു കൊണ്ടായിരിയ്ക്കണം ഉപേക്ഷിയ്ക്കാതിരിയ്ക്കണ്ടത്. അല്ലേ?
@ ജസ്റ്റിന്‍ : വളരെ പ്രസക്തമായ നിരീക്ഷണങ്ങള്‍ .
@ പലയക്കോടന്‍ : താങ്കള്‍ക്കും വിശ്വാസമാവുന്നില്ല, ഇതൊക്കെ നടക്കുന്നു എന്ന്. അല്ലേ?
@ നൌഷു : നന്ദി.
ഞാനീ കഥയില്‍ പറഞ്ഞ കാര്യങ്ങള്‍ നടക്കുമോ എന്നു സംശയിയ്ക്കുന്നവര്‍ എന്റെ ആദ്യകമന്റിലെ ലിങ്ക് തുറന്ന് മനോരമ പത്രം വായിയ്ക്കാന്‍ അപേക്ഷിയ്ക്കുന്നു.

keralafarmer said...

നഗ്നസത്യങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.

ബിജുകുമാര്‍ alakode said...

ഇന്‍ഡോറില്‍ നിന്നും സീനാ അയച്ചു തന്ന കമന്റ്:
മനോരമയിലെ ഫീച്ചര്‍ വായിയ്ക്കുന്നുണ്ടല്ലെ...സത്യത്തില്‍ അതു വായിച്ചപ്പോഴാണ് കേരളത്തില്‍ ഇങ്ങനെയും സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടെന്നു മനസ്സിലായത്. വളരെ വേദനാജനകം...ഞെട്ടിപ്പോകുന്ന കാര്യങ്ങള്‍ ..എന്തായാലും അതു വായിച്ചപ്പോഴെ അതിനെ ആസപദമാക്കി കഥ എഴുതിയല്ലോ..
കഥ നന്നായിട്ടുണ്ട്. വാര്‍ധക്യത്തിലെ അവരുടെ സന്തോഷം പങ്കിടല്‍ ഒക്കെ നന്നായി വര്‍ണിച്ചു..ആശംസകള്‍ ..

MymoonAziz said...

വയസ്സുകാലത്ത് തനലാകേണ്ട മക്കള്‍ അവരുടെ സുഖസൌകര്യങ്ങള്‍ തേടിപോകുമ്പോള്‍ ,,,അവരെ ഓര്‍ത്തു പരിതപിക്കുന്ന അച്ഛനമ്മമാര്‍ ഓര്‍ക്കുക ,നിങ്ങള്‍ നിങ്ങളുടെ മതപിതകളോട് നീതി പുലര്‍തിയിരുന്നോ,,ഇനിയുള്ള താലമുരയും ഓര്‍ക്കേണ്ട ഒരു കര്യവുമാതാണ് ,മക്കളുടെ ആരോഗ്യത്തിനും പഠിപ്പിനും ചിലവഴിക്കുന്ന സമയത്തിന്റെയും ,സമ്പത്തിന്റെയും കുറച്ചു വൃദ്ധരായ അച്ഛനമ്മമാര്‍ക്ക് കൊടുത്തില്ലെങ്കില്‍ നാളെ നമ്മുടെ ഗതിയും ജീവിതവും ശരണാലയത്തില്‍ തന്നെ

Anonymous said...

Message from SUNIL KUMAR YADAV :
hai chetta.story vayichu..........nannayittundu.........chela veettil nadakkunna story.............

but athinu coment cheyyan pattunnilla.........athentha...............

noonus said...

നഗ്നസത്യങ്ങള്‍ ............

Kurian Thomas puthedan said...

വൃക്കയും ഹൃദയവും മാത്രമല്ല വില്പനയുടെ അനന്ത സാധ്യതകളാണ് നമുക്ക് മുന്‍പില്‍ തുറക്കപ്പെടുന്നത് അല്ലെ? നാളെ മക്കള്‍ തന്നെ നേരിട്ട് വില്‍ക്കുന്ന വാര്‍ത്തകളും നമ്മള്‍ക്ക് വായിക്കാന്‍ സാധിച്ചേക്കാം. അതിനൊരു ദാനത്തിന്റെ മുഖംമൂടിയും ഇടാം. സ്വയവും വില്‍ക്കാം. കടബാധ്യതയുടെ പേരില്‍ കുടുംബത്തെ മൊത്തം ആല്മഹത്യയിലേക്ക് നയിക്കണ്ടല്ലോ? ഇനിയും ധാരാളം മെഡിക്കല്‍ കോളേജ് ഉണ്ടാകട്ടെ.

കഥ നന്നായി. എങ്കിലും ഒരു സംശയം, അസ്സുരകാലത്തിലെ ദുഷ്ടത്കളൊക്കെ മഹത്വവല്‍കരിക്കപ്പെടാന്‍ ഒരു സാധ്യത ഇവിടെ ഇല്ലെ?

ബിജുകുമാര്‍ alakode said...

കേരള ഫാര്‍മര്‍ , സീനാ : നന്ദി.
@മൈമൂണ്‍ അസീസ്: പ്രസക്തമായ ചിന്തനീയമായ വാക്കുകള്‍ . നന്ദി.
@ സുനില്‍ കുമാര്‍ , നൂനുസ് : നന്ദി.
@ കുര്യന്‍ തോമസ് : മഹത്വവല്‍ക്കരണം കഥയെ ഉദ്ദേശിച്ചാണെങ്കില്‍ ഒട്ടുമില്ല. കണ്മുന്നിലെ ഒരു യാഥാര്‍ത്ഥ്യം കഥയായി എന്നുമാത്രം. സര്‍ക്കാരും നിയമപാലകരും മതമേധാവികളുമെല്ലാം അറിഞ്ഞിട്ടും കണ്ണടയ്ക്കുന്ന ഭീകര യാഥാര്‍ത്ഥ്യം മനസ്സിനെ അസ്വസ്ഥമാക്കിയപ്പോള്‍ അക്ഷരങ്ങളായി ഉതിര്‍ന്നതാണ്.
കമന്റിനു നന്ദി.

മുരളി I Murali Nair said...

ബിജുകുമാറിന്റെ ഋതുവില്‍ വന്ന എല്ലാ കഥകളും ഞാന്‍ വായിച്ചിട്ടുണ്ട്.ഓരോന്നും ഓരോ അനുഭവമാണ്.ഇതും വളരെ നന്നായി. എഴുത്ത് തുടരുക.പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പില്‍ നല്ല യുക്തിബോധമുണ്ട് ആശംസകള്‍.

സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) said...

a strong msg.... good work.. keep t up sh.biju

ജോണ്‍ ചാക്കോ, പൂങ്കാവ് said...

നന്നായിട്ടുണ്ട്... ഒപ്പം നെഞ്ചില്‍ ഒരു ആളല്‍.

Echmukutty said...

മനസ്സുലയ്ക്കുന്ന സത്യം.
നന്നായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ.

മിനി നമ്പൂതിരി said...

എന്‍റെ കണ്ണുകള്‍ വല്ലാതെ നിറഞ്ഞൊഴുകുന്നു .....എത്ര ശ്രമിച്ചിട്ടും നില്‍ക്കുന്നില്ല . "ഭാഗ്യം കേട്ട ആ മൂന്നു അച്ഛന്മാരും എന്‍റെ അടുത്തുണ്ടെന്നു തോന്നുന്നു . ഞാനും അവരുടെ മകളല്ലേ .....ഈ ഒരു കഥയെപ്പറ്റി അഭിപ്രായം പറയാനാണെങ്കില്‍ ഒരുപാട് ഒരുപാടുണ്ട് .....പക്ഷെ എനിക്ക് പറയാന്‍ കഴിയുന്നില്ല .അത്രയേറെ മനസ്സിനെ സ്പര്‍ശിച്ചു .സാധാരണ പല കഥകളും വായിക്കുമ്പോള്‍ (സിനിമകള്‍ കാണുമ്പോഴും ) അതിന്‍റെ അവസാനം എന്തായിരിക്കും എന്ന് ഞാന്‍ ഊഹിച്ചെടുക്കാറുണ്ട്. പക്ഷേ ഇവിടെ ഞാന്‍ തോറ്റു .അവര്‍ മൂന്നുപേരും "ശാന്തിമന്ദിരത്തില്‍ ' ഇരുന്നാണ് തങ്ങളുടെ മക്കളെപ്പറ്റി പറയുന്നത് എന്നറിഞ്ഞപ്പോള്‍ .. .അത് തന്നെയാണ് ഈ കഥയുടെ മുഴുവന്‍ ശക്തിയും .
ഈ കഥകളെല്ലാം തന്നെ ബ്ലോഗിന് പുറത്തേക്കു കൂടി കടന്നു ചെല്ലണം .എല്ലാവരും വായിക്കണം .ചര്‍ച്ച ചെയ്യണം .
കാരണം വികാര വിചാരമെല്ലാം നഷ്ടപ്പെട്ട , നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഹൃദയങ്ങളില്‍ അല്‍പ്പമെങ്കിലും ഒരു വീണ്ടു വിചാരത്തിന് ഇത്തരം കഥകള്‍ പ്രയോജനപ്പെട്ടെങ്കില്‍ ....എന്നാഗ്രഹിക്കുന്നു .

അടുത്ത പോസ്റ്റിനായി ഈ ബൂലോകം കാതോര്‍ക്കുന്നു

ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ said...

കഥ പറഞ്ഞ രീതി വളരെ നന്നായിരുന്നു
പക്ഷെ കഥ.......ഒരു വേധനയായിപോയി

ദീപുപ്രദീപ്‌ said...

ഒന്ന് ചീഞ്ഞു മറ്റൊന്നിന്നു വളമാവുകയനെന്നു വേണമെങ്കില്‍ പറയാം. പക്ഷെ നമ്മുടെ നാട്ടില്‍ സുപരിചിതമായ ഇത്തരം കാര്യങ്ങളിലൂടെ ചീയുന്നത്, ചീഞ്ഞു നാറുന്നത് , നമ്മുടെ സംസകാരമാണ്. ബന്ധങ്ങള്‍ അപ്രസക്തമാവുന്ന ഈ കാലഘട്ടത്തില്‍, ഇത്തരം തുറന്നെഴുതുകള്‍ പ്രസക്തിയുള്ളതാണ്.
നല്ല കഥ.....

ammu said...

അങ്ങ് ദൂരെ, ഒരുപാട് ദൂരെ വലിവുകാരനായ എന്റെ വാപ്പയുണ്ട് ,
ഒരുപാട് ഓര്‍മ്മകള്‍ക്ക് നടുവില്‍ ഇവിടെ ഞാനും ...
എന്റെ അടുത്ത് കണ്ണുകളില്‍ നിറച്ചും ആകാംഷയും
നിറയെ സംശയങ്ങളുമായി അഞ്ചു വയസ്സുകാരന്‍ മകനും ;
പക്ഷെ വാപ്പ വീടിന്റെയും, ഉമ്മയുടെയും, സഹോദരന്റെയും
സുരക്ഷിതത്വത്തില്‍... പേടിയാവുന്നു, എന്റെ കുഞ്ഞിന്റെ
കണ്ണുകളില്‍ നോക്കാന്‍...
പാട കയറിയ വാര്‍ധക്യം പോലെ എനിക്കവന്റെ മുഖം
കാണാനേ കഴിയുന്നില്ല...

ലിഡിയ said...

മനസ്സിലൊരു ഭാരം..

shaina.... said...

പുരപ്പുറത്തിരുന്നു ഓല മേയുന്ന, മകന്റെ ദേഹത്ത് വീഴുന്ന വെയില്‍ച്ചൂടെല്ലാം.. അറിയുന്നത് താഴെ തണലിലിരിക്കുന്ന അച്ഛന്റെ നെഞ്ഞിലാണ്..
മകനറിയുന്നില്ലല്ലോ ..അത്..!

വേദനിപ്പിച്ചു..!

pravasi said...

അവതരണം നന്നായി ഒപ്പം ആശയവും, മനസ്സില്‍ പെയ്യാത്ത മഴക്കാറു ബാക്കിയായി.ഇതെന്നെ ഉറങ്ങാന്‍ സമ്മതിക്കില്ല..ഉറപ്പ്‌. വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തന്നെ...എങ്കിലും യഥാര്‍ഥ്യങ്ങള്‍.

pravasi said...
This comment has been removed by the author.