സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



വിലക്കപെട്ട സ്വപനങ്ങള്‍ ..(കഥ)

April 28, 2011 Unknown


അയാളുടെ സ്വപ്നമായിരുന്നു ഒരു വീട്.ഒരു ശരാശരി പ്രവാസിയുടെ ജീവിത ലകഷ്യയത്തിലൊന്നാണ് സ്വന്തം നാട്ടില്‍ മണ്ണിന്റെ മണമുള്ള ഒരു കൊച്ചു വീട് .ജീവിതത്തിന്റെ നല്ല പങ്കും മറുനാട്ടില്‍ ഹോമിച്ചു ശിഷ്ടമായി കിട്ടുന്ന ചെറിയ കാലയളവ്‌ ഒരു കുടുംബമായി സ്വയം പണി കഴിപ്പിച്ച വീട്ടില്‍ താമസിച്ചു മരിക്കുക.
അയാളുടെ അമ്മ എന്നും പറയും"മോനെ പട്ടിണിയാണെങ്കിലും കേറി കിടക്കാന്‍ ഒരു കൂര എങ്കിലും വേണം" 
ആകാശ ചുംബികളായ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയിലെ ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ ഏകാന്തമായ മനസുമായി ഒരു കൊച്ചു വീട് എന്ന സ്വപ്നമായി അയാള്‍ നടന്നു. 

ആദ്യമായി ആ സ്വപ്ന ഗൃഹത്തെ കുറിച്ച് പറഞ്ഞത് ഭാര്യയോടായിരുന്നു " പൂമുഖവും നടുമുറ്റവും തുളസി തറയും കെടാവിളക്കും ആഗ്രശാലയും പൂജാമുറിയും ഓട്ടു പാത്രങ്ങളും പൂവും പൂന്തോട്ടവും ഒക്കെ ഉള്ള ഒരു കൊച്ചു വീടിന്റെ അയാളുടെ സങ്കല്പത്തെ കുറിച്ച് ഫോണിലുടെ പറഞ്ഞപ്പോള്‍ അവള്‍ ഒന്ന് ചിരിച്ചു പിന്നെ പറഞ്ഞു;
"ദേ മനുഷ്യ ...സുഖമില്ലേ ?ഈ കാലത്ത് അതിനു ഒക്കെ ആരാ മുതിരുന്നത് .വീട് പണിയെന്ന്ച്ചാല്‍ ഒരുപാടു നൂലാമാലയും പൊല്ലാപ്പും ആണ് "പിന്നെ ഒന്ന് നിര്‍ത്തി അവള്‍ പറഞ്ഞു "നമുക്ക് ഫ്ലാറ്റ് മതി ,ഫ്ലാറ്റിന്റെ ഗുണഗണങ്ങളെ കുറിച്ച് അവളുടെ വിശദീകരണങ്ങള്‍ ഒന്നും അയാള്‍ കേട്ടില്ല.ഒരുപാടു ന്യായീകരണങ്ങള്‍ അയാള്‍ പറഞ്ഞു നോക്കി എങ്കിലും അവള്‍ക്ക് അതില്‍ കുറഞ്ഞത്‌ ഒന്നും സ്വീകാര്യമായില്ല.അവസാനം അയാളെ കൊണ്ട് സമതിപ്പിച്ചിട്ടു മാത്രമേ അവള്‍ ഫോണ്‍ വെച്ചുള്ളൂ.
അയാളുടെ സ്വപങ്ങള്‍ ഓരോന്ന് ഉരുകി തീരുവെന്നു വെന്ന് അയാള്‍ ഭയപെട്ടു . നിദ്ര ഹീനമായ രാത്രികള്‍ അയാള്‍ക്ക് പേക്കിനാവുകള്‍ സമ്മാനിച്ചു കടന്നു പോകാന്‍ തുടങ്ങി .
പുതു ഫ്ലാറ്റ് വാങ്ങിയതും അവിടേക്ക് താമസം മാറ്റിയതും ഒക്കെ ഫോണ്‍ ചെയ്തു പറയുമ്പോള്‍ അവള്‍ നല്ല സന്തോഷത്തിലായിരുന്നു.

കൊഴിഞ്ഞു വീണ നഷ്ട്ട സ്വപ്നങ്ങളുമായി അയാള്‍ തിരികെ വരുമ്പോള്‍ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ വന്നിരുന്നു അവര്‍ ...പുതിയ ജീവിതവും പുതു സഹവാസം അവളിലും മക്കളിലും നല്ല മാറ്റം അയാള്‍ ശ്രദ്ധിച്ചു.അവരും ഈ നഗരത്തിന്റെ ഭാഗമായി മാറിയത് പോലെ തോന്നി.എന്തോ അന്യമായി പോകുന്നത് പോലെ. എങ്കിലും അവരില്‍ നിന്ന് മാറി നിക്കാന്‍ അയാള്‍ക് കഴിയുമായിരുന്നില്ല പക്ഷേ ഒരു അസ്വസ്ഥമായ മനസുമായി പുതിയ ജീവിതത്തെ പൊരുത്തപെടാന്‍ ശ്രമിച്ചു. 


നഗരത്തിന്റെ വിരസതയും ആത്മാവ് ഇല്ലാത്ത ചുമരുകളും മണ്ണിന്റെ മണമില്ലാത്ത മഴയുടെ സംഗീതവും പൂവും പൂന്തോട്ടവും പുല്‍ കൊടിയുമില്ലാത്ത ഭൂമിയില്‍ നിന്ന് എട്ടാം നിലയില്‍ ഒരു ജീവിതം.ജാനാല തുറന്നു വെച്ചാല്‍ പച്ചപ്പ്‌ ഉള്ള പ്രകൃതിക്ക് പകരം നരച്ച
ആകാശവും നേര്‍ത്ത കണികകള്‍ പോലെ നിരങ്ങി നീങ്ങുന്ന വാഹങ്ങളുടെ നീണ്ട നിരയും ഉറുബിനെ പോലെ ഇഴയുന്ന മനുഷ്യരുടെയും മനം മടുപ്പിക്കുന്ന കാഴ്ചകള്‍ മാത്രം. ഔപചാരികതയില്‍ കവിഞ്ഞു ആത്മബന്ധം ഇല്ലാത്ത ചിരിക്കാന്‍ മറന്നു പോകുന്ന അയല്‍ക്കാര്‍.ഒന്നും ചെയ്യാന്‍ ഇല്ലാതെ ആ ഫ്ലാറ്റിന്റെ നാല് ചുമരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി കൂടാന്‍ ശ്രമിച്ചു പക്ഷേ പരാജയമായിരുന്നു ഫലം . അയാളുടെ ആ പഴ തറവാടും ആ പച്ചപ്പും ആ ഗ്രാമവും അയാളെ മാടി വിളിക്കുന്നത് പോലെ അയാള്‍ക് തോന്നി തുടങ്ങി . 
പിന്നെ ഒരു രാത്രി, നിലാവിനെ സാക്ഷി നിര്‍ത്തി ആ ഫ്ലാറ്റില്‍ നിന് അയാള്‍ ഇറങ്ങി നടന്നു.... നടത്തം ഓട്ടമാക്കുന്നതിന്നു മുന്പ് അയാള്‍ ഒന്ന് തിരഞ്ഞു നോക്കി .... ആയിരം നിഴലുകള്‍ അയാളെ നോക്കി പരിഹസിക്കുന്നണ്ടായിരുനു അതില്‍ അയാളുടെ ഭാര്യയുണ്ട് മക്കളുണ്ട് എന്തിനു അയാളുടെ നിഴലുകള്‍ പോലും അതിലുണ്ടോ...? എന്നയാള്‍ സംശയിച്ചു 

സമയ സൂചികള്‍ തിരിഞ്ഞു കറങ്ങുമ്പോള്‍ !!

April 27, 2011 സുരേഷ് ബാബു

കയ്യിലെ ബാഗ് ഇടത്തേ തോളിലേയ്ക്ക്‌ വലിച്ചിട്ടുകൊണ്ട് ക്രിസ്റ്റീന കോണിപ്പടികളിറങ്ങുമ്പോള്‍, താഴെ അലക്സ് ബട്ടര്‍ പുരട്ടിയ ബ്രഡ് പീസ്‌ ദാവീദിന്റെ പ്ലേറ്റിലേയ്ക്ക് എടുത്ത് വെയ്ക്കുകയായിരുന്നു .ചുമരിലെ ഘടികാരപ്പെട്ടിയില്‍ ഒന്‍പത് തവണ കിളി ചിലച്ചു നിര്‍ത്തി .
"രാവിലെ തന്നെ ദത്തുപുത്രനെ മാമൂട്ടുകയായിരിക്കും.! കണ്ടാല്‍ സ്വന്തം മോനല്ലെന്നാരും പറയില്ല ."
ക്രിസ്റ്റീന പുച്ഛത്തില്‍ ചിറി കോട്ടി .
"അതെ..കുടുംബം, കുട്ടികള്‍ ....ജീവിതത്തില്‍ ഇതിന്റെയൊക്കെ വാല്യൂ നന്നായറിയാവുന്നവര്‍ക്ക് അങ്ങനെ തോന്നാനേ തരമുള്ളൂ.."
ബ്രഡ് പീസ്‌ എടുത്ത് ദാവീദിന് നേരേ നീട്ടുന്നതിനിടയില്‍ അലക്സ് ഭാര്യയുടെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു.
"ഹും. ഇതെത്ര നാള്‍ നീണ്ടു നില്‍ക്കുമെന്ന് കാണാം .വല്ലോന്റേം വിത്ത് വളര്‍ന്നൊടുവില്‍ വിഴുപ്പാകാണ്ടിരുന്നാല്‍ നന്ന് ."
അലക്സിന്റെ മറുപടി കാക്കാതെ ക്രിസ്റ്റീന ചവിട്ടിത്തുള്ളി പുറത്തേയ്ക്കിറങ്ങി .
അലക്സ് വിഷണ്ണനായി കസേരയില്‍ ചാരിയിരുന്നു .കറ പിടിച്ച ഓര്‍മ്മകളുടെ പ്രതിഫലനം അയാളുടെ മുഖത്ത് ചുളിവുകള്‍ തീര്‍ത്തു .കല്യാണം കഴിഞ്ഞ്‌ ഒന്‍പത് വര്‍ഷം തികയുന്നു ..ഇപ്പോഴും ഒരു കുഞ്ഞിന്റെ അമ്മയാകുക എന്നത് ക്രിസ്റ്റീനയുടെ വിദൂര സ്വപ്നങ്ങളില്‍ പോലും ഇല്ലാത്ത ഒരു കാര്യമാണെന്ന് തോന്നിയിട്ടുണ്ട് . ആദ്യമൊക്കെ അവളുടെ എതിര്‍പ്പ് സൌമ്യതയുടെ മുഖം മൂടിയണിഞ്ഞിരുന്നു.

"അലക്സ് ഒരു റ്റൂ ഇയേഴ്സ് .. അതിനുള്ളില്‍ എന്റെ പ്രൊമോഷന്‍..........അത് ഹണ്‍ട്രട് പേര്‍സന്റ്റ് ഗ്യാരന്റിയുള്ള കാര്യമാണ് ..ഇപ്പോള്‍ ഉടനെ ഒരു കുട്ടിയൊക്കെ ആയാല്‍ ..ഓ ഗോഡ് ... എനിക്കതോര്‍ക്കാന്‍ കൂടി വയ്യ ...എന്റെ കരിയര്‍ സ്പോയില്‍ ചെയ്യാമെന്നല്ലാതെ അത് കൊണ്ട് വേറൊരു ഗുണവുമുണ്ടാകില്ല നമുക്ക് ..അല്ലെങ്കില്‍ തന്നെ കല്യാണം കഴിഞ്ഞ ഉടനെ ഒരു കുട്ടി എന്നത് ഇപ്പോള്‍ ഔട്ട്‌ ഓഫ് ഫാഷനാ ...
പ്ലീസ് അലെക്സ് നോ പറയരുത് ..."

എന്തുകൊണ്ടോ അതിനൊരു നോ പറയാന്‍ കഴിഞ്ഞിട്ടില്ല ..ഒരിക്കലല്ല ..പലപ്പഴും ..നഗരത്തിലെ പ്രശസ്തമായ ഷെയര്‍ മാര്‍ക്കെറ്റിംഗ് കമ്പനിയിലെ അസിസ്റ്റന്റ് മാനേജര്‍ പോസ്റ്റില്‍ നിന്ന് മാനേജര്‍ പോസ്റ്റിലേക്കുള്ള കുടിയിരുത്തല്‍ എന്ന ചിരകാല സ്വപ്നമാണോ അതോ 'ഔട്ട്‌ ഓഫ് ഫാഷനാണോ' ഒരമ്മയാകുക എന്ന ഒരു സാധാരണ സ്ത്രൈണ വികാരത്തില്‍ നിന്ന് ക്രിസ്റ്റീനയെ അകറ്റി നിര്‍ത്തുന്നതെന്ന് ഇപ്പോഴും പിടി കിട്ടിയിട്ടില്ല ..വീട്ടുകാരുടേം നാട്ടുകാരുടെം മുന വെച്ച ചോദ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോടല്‍ പതിവായപ്പോള്‍ ബെഡ് റൂമില്‍ അകല്‍ച്ചയുടെ കാര്‍ മേഘങ്ങള്‍ ഉരുണ്ടു കൂടിത്തുടങ്ങി..ഒടുവിലത് രണ്ട് മുറികളിലെ അന്തിയുറക്കത്തിലേയ്ക്ക് വെവ്വേറെ പെയ്തിറങ്ങി...

ഒരിക്കല്‍ ഓഫീസിലെ ജയദേവന്റെ വാക്കുകള്‍ നെഞ്ചില്‍ കത്തി തുളച്ചു കയറുന്ന പോലെയാണ് കേട്ടുനിന്നത് .
"അലക്സ്,... ഇതിപ്പോള്‍ ഇങ്ങനെ വറി ചെയ്യേണ്ട കാര്യമൊന്നുമില്ല ..നല്ലൊരു ഡോക്ടറെ കണ്സള്‍ട്ടു ചെയ്യൂ..മെയില്‍ ഇന്‍ ഫെര്‍റ്റിലിറ്റി ഇപ്പോള്‍ വളരെ ഈസിയായി ട്രീറ്റ് ചെയ്യാവുന്നതേയുള്ളൂ ....പിന്നേം സ്ത്രീ കളുടെ കാര്യമാകുമ്പഴാ കൂടുതല്‍ കോബ്ലിക്കേഷനസ് .."
"എനിക്ക് കുഴപ്പമുണ്ടെന്ന് നിങ്ങളോടാരു പറഞ്ഞു ..?"
നെഞ്ചിടിപ്പിന്റെ വേഗതയ്ക്കൊപ്പം വാക്കുകള്‍ പതറിത്തെറിച്ചു.
"ഹേയ് ..അലക്സ് ഫീല് ചെയ്യാന്‍ വേണ്ടി പറഞ്ഞതല്ല ...ഇന്നലെ തന്റെ മിസ്സിസ് എന്റെ വൈഫിനോട് ഇതേ പറ്റി സൂചിപ്പിച്ചിരുന്നു അതുകൊണ്ട് പറഞ്ഞൂന്നേയുള്ളൂ .."
അയാളോട് എന്തെങ്കിലുമൊരു വാക്ക് മറുത്തു പറയാന്‍ ആകാത്ത വിധം നാവ് വരണ്ടുണങ്ങിയിരുന്നു ..
ഏതൊരാണും ജീവിതത്തിലൊരിക്കലും പൊറുക്കാത്ത ആക്ഷേപമായിട്ടും ക്രിസ്റ്റീനയോട് അതേക്കുറിച്ചോരുവാക്ക് പോലും മിണ്ടിയില്ല .നാല് പേരറിഞ്ഞാല്‍ ,..ഒരു ഭാര്യ സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് എന്തിനങ്ങനെ പറഞ്ഞു എന്ന് ചിന്തിച്ചാലത്തെ അവസ്ഥ ഓര്‍ത്തിട്ടോ ... അതോ മരവിച്ച മനസ്സിന്‍റെ നിര്‍വ്വികാരതയോ ? എന്തായാലും ക്രിസ്റ്റീനയുടെ ഒളിയമ്പ് തോല്‍വിയറിയാതെ ലക്ഷ്യത്തില്‍ തന്നെ തറച്ചു നിന്നു.
അവളുടെ ബന്ധുക്കളില്‍ പലരോടും അവള്‍ ഇതേ കാരണം തന്നെയാണ് പറഞ്ഞിരുന്നതെന്ന് പതുക്കെ പതുക്കെ അറിഞ്ഞു ..


ഉറക്കം വരാത്ത പല രാത്രികളിലും മുറിവേറ്റ ആണത്തം പകയുടെ നീറ്റലില്‍ പിടഞ്ഞു പല്ലിറുമ്മി..
ക്രിസ്റ്റീനയെ ഇല്ലാതാക്കാനുള്ള പടയൊരുക്കം പല രാത്രികളിലും ചിന്തിച്ചുറപ്പിച്ചിട്ടുണ്ട് ..പക്ഷേ സടകുടഞ്ഞ്‌ നില്‍ക്കുന്ന പുരുഷ വീര്യം അവസാന നിമിഷം ധൈര്യം ചോര്‍ന്നൊലിച്ചു പത്തി താഴ്ത്താറാണ് പതിവ് .

ഒരു കുട്ടിയെ അഡോപ്റ്റ് ചെയ്യുന്ന കാര്യം പറഞ്ഞപ്പോള്‍ 'നിങ്ങള്‍ക്കു നാണമില്ലേ ഇതു ചോദിക്കാന്‍' എന്നവള്‍ ചീറി വിളിച്ചു.
പിന്നീടൊരിക്കലും അതേക്കുറിച്ച് സംസാരിക്കേണ്ടി വന്നിട്ടില്ല ..പക്ഷേ ദാവീദിനെ സ്വന്തം മകനായി വീട്ടിലേക്ക്‌ കൂട്ടിക്കോണ്ടു വരുമ്പോള്‍ ക്രിസ്റ്റീനയുടെ ഒരെതിര്‍പ്പും വിലപ്പോയില്ല ..ഒരുതരം വാശിയോടെ തന്നെ അവളെ നേരിട്ടു എന്നതാണ് സത്യം ..ഇപ്പോഴും അത് തുടര്‍ന്നു പോകുന്നു ..

അന്ന് വൈകിട്ട് പതിവിലും നേരത്തേ ക്രിസ്റ്റീന ഓഫീസില്‍ നിന്നു വീട്ടിലെത്തി . റൂമിലെത്തി വേഷം മാറുന്നതിനു മുന്‍പ് തന്നെ അവള്‍ ഹാളില്‍ അലക്സ് ഇരിക്കുന്നിടത്തെയ്ക്കു ചെന്നു..ദാവീദ് തറയില്‍ മുട്ട് കുത്തിയിരുന്ന് റിമോട്ടിന്റെ സെല്‍ പാഡ് ഇളക്കാന്‍ ശ്രമിക്കുന്നു ..കാല്‍പ്പെരുമാറ്റം കേട്ട് അലക്സ് തല ഉയര്‍ത്തി നോക്കി .ക്രിസ്റ്റീന ദാവീദിനേം അലക്സിനെയും മാറി മാറി നോക്കി ..പിന്നെ എടുത്തടിച്ചപോലെ അലക്സിനോട് ചോദിച്ചു .
"ഈ കുട്ടി നിങ്ങളുടെ ആരാ! ?"
അലക്സ് മറുപടിയൊന്നും പറയാതെ താഴേക്കു നോക്കിയിരുന്നു .
"അലക്സ് അയാം ആസ്ക്കിംഗ് റ്റു യൂ ? ഇതു നിങ്ങളുടെ കുട്ടിയാണോന്ന് ??"
ഇത്തവണ ശരിക്കും അലറുകയായിരുന്നു .
"പലരും ചോദിച്ചു തുടങ്ങി ..ഓഫീസിലും ,പുറത്തും നാണം കെട്ട് തൊലിയുരിഞ്ഞു..ഒറ്റ നോട്ടത്തില്‍ തന്നെ എല്ലാരും പറയുന്നു നിങ്ങളുടെ ഡിറ്റോ ആണിവനെന്ന് .. ഞാനിതാദ്യമേ സംശയിച്ചിരുന്നതാ....ഇനി അറിഞ്ഞേ തീരു ...ഏതവളില്‍ നിങ്ങള്‍ക്കുണ്ടായതാ ഈ ദത്തുപുത്രനെന്ന് ?"
ക്രിസ്റ്റീന നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു..കത്തിയെരിയുന്ന വികാര തീവ്രതയില്‍ അവളുടെ വെളുത്ത മുഖം ചുവന്നു തുടുത്തു.നെറ്റിത്തടത്തില്‍ പടര്‍ന്ന വിയര്‍പ്പു തുള്ളികള്‍ കവിളിലേക്കൊഴുകി .

അലക്സ് പതുക്കെ മുഖമുയര്‍ത്തി ക്രിസ്റ്റീനയെ നോക്കി നേര്‍ത്ത ശബ്ദത്തില്‍ ചിരിച്ചു ....
"ക്രിസ്റ്റീനാ അലക്സിനു സ്വബോധം നഷ്ടമായീന്നുണ്ടോ ? മാഡത്തിന്റെ ഹസ്ബന്ട് അലക്സ് മാത്യൂ ഒരു ഇംപൊട്ടന്റ് ആണെന്ന കാര്യം മറന്നു പോയോ ...
ഒരു വെറും ഷണ്ഡന്‍..!?"
അലക്സിന്റെ ചിരി ഇപ്പോള്‍ ഉച്ചസ്ഥായിയിലായി..പാറക്കെട്ടുകളിലേയ്ക്ക് ഭ്രാന്തന്‍ കടല്‍ത്തിരകള്‍ ആഞ്ഞടിക്കുന്ന പോലെ ..
മര്‍ദ്ദമാപിനിയിലെ അക്കങ്ങളുടെ കുതിപ്പ് പോലെ ക്രിസ്റ്റീനയുടെ രക്തം തിളച്ചു മറിഞ്ഞ് ഞരമ്പുകള്‍ തകര്‍ത്തു ചാടാന്‍ വെമ്പി.

സോഫയില്‍ കാലുകള്‍ പിണഞ്ഞിരുന്ന് കുഞ്ഞ് ദാവീദ് ,വാവയ്ക്ക് പാല്‍ കൊടുക്കുന്ന പാവയുടെ ചെമ്പിച്ച മുടിയിഴകള്‍ കൌതുകത്തോടെ തഴുകുന്നുണ്ടായിരുന്നു.

ഞാറ്റുവേലകള്‍ നഷ്‌ടപ്പെടുന്നവര്‍

April 25, 2011 Minesh Ramanunni

"ഞാനെന്റെ അച്‌ഛനെ ബലിക്കാക്കകള്‍ക്ക്‌ സമ്മാനിച്ചിട്ട്‌ ഇന്നേക്ക്‌ ഒരു വര്‍ഷം തികയുന്നു." കോഫിഹൗസിന്റെ ആളൊഴിഞ്ഞ ഒരു മൂലയിരുന്നു പുറത്തേക്കു നോക്കിക്കൊണ്ട്‌ പാര്‍ഥന്‍ ഗണേശനോടു പറഞ്ഞു. പുറത്തു മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. പുതിയ ദുഖങ്ങള്‍ ആകാശത്തിനു നല്‍കാനായി വേറെയും കാര്‍മേഘങ്ങള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

"ഭാരതപ്പുഴയില്‍ എന്നെ നീന്താന്‍  പഠിപ്പിച്ച അച്‌ഛനെ ഒടുവില്‍ അതേ പുഴയില്‍ തന്നെ ഞാന്‍ ഒഴുക്കിവിട്ടു. അപ്പോള്‍  ആ നദിയാകെ മരണത്തിന്റെ വ്യര്‍ത്ഥദുഖങ്ങള്‍ നിറഞ്ഞിരുന്നു."

"നിന്റെ വട്ടു കേള്‍ക്കാനല്ല ഞാന്‍ ഇവിടെ എത്തിയത്‌. നീ ഇയിടെ വളരെ ഓവറായി സെന്റിയടിക്കുന്നു. അല്ലെങ്കിലും ശവങ്ങ ളോടൊപ്പമുള്ള ഇപ്പൊഴത്തെ സഹവാസം നിന്റെ സഹൃദയത്വത്തെ ആകെ നശിപ്പിച്ചിരിക്കുന്നു. " ഗണേശന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

"സഹൃദയത്വം. ത്‌ഫൂ! അച്‌ഛനെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പൊള്‍ ഞാന്‍ കണ്ടതെന്താണെന്നോ  ? വാടിക്കരിഞ്ഞ ഒരു ഹൃദയം. ആയുഷ്ക്കാലം മുഴുവന്‍ ഹൃദയത്തില്‍ നന്മകളുടെ ഞാറ്റുവേലകള്‍ കൊണ്ട് നടന്ന ആ മനുഷ്യന്‍റെ ഹൃദയത്തെയും ഞാന്‍ ഉണക്കിക്കളഞ്ഞു. പണ്ട് ചില രാത്രികളില്‍ എന്നോട് അച്ഛന്‍ പറയാറുണ്ട്, ഞാറ്റുവേലകളുടെ   കണക്കുകള്‍ പിഴക്കുമ്പോള്‍ സമൃദ്ധിയുടെ  കേദാരങ്ങള്‍ പോലും മരുഭൂക്കളാവും  എന്ന്.
 
"നീയിന്നു യാതൊരു കാരണമില്ലാതെ ദുഖിക്കുന്നു .  ഇത്തരം പ്രായോഗിക ജീവിതത്തില്‍ ഇത്തരം ചിന്തകള്‍ക്ക് സ്ഥാനമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം പപബോധങ്ങള്‍ ഒന്നുമില്ലെടാ .ബികോസ്‌ ഐ ആം അന്‍ ഒര്‍ഫന്‍. തന്തയും തള്ളയും ഒന്നുമില്ലാതെ സൂര്യനുനേരെ വളര്‍ന്ന് ഒരു പടുമുള. മെഡിക്കല്‍ കോളേജ്‌ മുതലുള്ള എന്റെ ഹിസ്റ്ററി നിനക്കറിയാമല്ലോ." ഗണേശന്‍ ഒരു സിഗരറ്റ്‌ കത്തിച്ചു. കോളെജില്‍ നിന്നും പുറത്തു കടന്നപ്പോള്‍ ഉപഭോക്താവിനു നല്‍കാനായി ചുണ്ടില്‍ ഡിസൈന്‍ ചെയ്തെടുത്ത ആ കോടിയ ചിരി വീണ്ടും പാര്‍ഥന്റെ ചുണ്ടില്‍ വിടര്‍ന്നു.

"ഇന്നൊരു കോളൊത്തു വന്നിട്ടുണ്ട്‌. ഒരു ജേര്‍ണലിസ്റ്റ്‌. നഗരത്തിലെ പെരുകുന്ന ആത്മഹത്യകളെപ്പറ്റി അവനൊരു ഫീച്ചര്‍ ചെയ്യണമത്രേ. നീയും പോര്‌ . ഇത്തവണത്തെ വാരന്തപതിപ്പില്‍  ഒരു പേജു  വാര്‍ത്തയില്‍ ഞാനും നീയും.എന്താ സമ്മതിച്ചോ?" ഗണേശന്‍ പോകാനാണീറ്റു.

" എനിക്കു മറ്റൊരു കാര്യം പറയാനുണ്ട്‌. നാളെ മുതല്‍ ഈ നഗരത്തിന്‌ മറ്റൊരു അന്തേവാസിയെക്കൂടി  നഷ്ട്ടപ്പെടാന്‍ പോകുന്നു.അല്ലെങ്കിലും നാടോടികള്‍ക്കു ഒരു സെന്‍സെസ്സിലും  സ്ഥാനമില്ലല്ലോ."

"നീ നാട്ടില്‍ പോവുകയാണല്ലേ. നന്നായി; നിനക്കൊരു ചേഞ്ചാവും അത്‌. നീ ഞാന്‍ പറഞ്ഞതിനു മറുപടി പറഞ്ഞില്ല." ഗണേശന്‍ മഴയെ നോക്കിക്കൊണ്ട്‌ ചോദിച്ചു.

"ഞാനില്ല ഒന്നിനും.  ഇന്നു രാത്രി എനിക്കി നഗരവീഥിയിലൂടെ നടക്കണം. വരണ്ട ഹൃദയങ്ങളുടെ വിലാപങ്ങളിലണ്‌ നഗരസംസ്‌ക്കാരങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്നത്‌. ഒടുവില്‍ ആ  നഗരത്തിന്റെ വരള്‍ച്ചയില്‍ ആത്മാവുകള്‍ കൂടി ഹോമിക്കപ്പെടുന്നു. ആ പ്രതിഭാസത്തെ മനോഹരമായി ആ ജേര്‍ണലിസ്റ്റിനു   നീ പറഞ്ഞു കൊടുത്താല്‍ നിന്‍റെ ഫീച്ചര്‍ ഗംഭീരമാകും . അല്ലെങ്കില്‍ വെറും സ്ഥിതി വിവരക്കണക്കുകളും കേസ് ഹിസ്റ്ററികളുടെ ആവര്‍ത്തന വിരസതയുള്ള സ്ഥിരം ക്ലീഷേ ആവും"

"ഞാനില്ല നിന്റെ വട്ടു കേള്‍ക്കാന്‍. ആ ജേര്‍ണലിസ്റ്റ്‌ കാത്തിരിക്കും."

ഗണേശന്‍ കൈ വീശി യാത്രയായി. മഴയൊതുങ്ങിയപ്പോള്‍ പാര്‍ത്ഥന്‍ നഗരത്തിലേക്കിറങ്ങി.

കോളേജിലെ മുത്തപ്പന്‍ ആല്‍മരച്ചുവട്ടിലുരുന്നു  നാന്‍സിക്കൊരിക്കല്‍ കുറിച്ചു നല്‍കിയ പ്രണയാക്ഷരങ്ങള്‍ ഓര്‍മ്മ വന്നു. " നശ്വരമായ ജീവിതത്തിനിടയിലും നമുക്കീ ബോധിവൃക്ഷച്ചുവട്ടില്‍ അലൗകിക പ്രണയത്തിന്റെ ആരംഭം കുറിക്കാം" തറവാട്ടിലേക്ക്‌ അവളുടെ കൈയും പിടിച്ചു കയറിചെല്ലുമ്പോള്‍ അവിടെയുണ്ടായ ബഹളങ്ങളില്‍ അഭിമാനിയുടെ, ജേതാവിന്റെ അഹങ്കാരത്തോടെ കലഹിച്ചു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പിന്നിലൊരു ബോധിവൃക്ഷം ആടിയുലയുന്നത്‌ കാണാന്‍ കഴിഞ്ഞില്ല.

നഗരത്തിന്റെ ചുടുകാറ്റില്‍, കോടിയ മുഖങ്ങളില്‍ ആടിത്തിമര്‍ത്ത വേഷങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ ആ ചിരി പിന്നേയും ചുണ്ടുകളെ പ്രാപിച്ചു.ജീവനുള്ളവരെ കണ്ടു മടുത്തപ്പോളാണ്‌ ശവങ്ങളെ കീറിമുറിക്കുന്ന പണി എറ്റെടുത്തത്‌. ഓരോ ശവങ്ങളും ഓരൊ പാഠങ്ങളായിരുന്നു. ദുരാഗ്രഹങ്ങളുടെ, വ്യര്‍ഥതയുടെ, അവഗണനയുടെ പാഠങ്ങള്‍.

കരിഞ്ഞുണങ്ങിയ ഹൃദയങ്ങളേയും, നിര്‍ജ്ജീവമായ കണ്ണുകളേയും, ചിതലരിച്ച്‌ ശ്വാസകോശങ്ങളേയും സ്‌നേഹിക്കാന്‍ തുടങ്ങിയ ഒരു ഭര്‍ത്താവ്‌ ഭാര്യക്കൊരധികപ്പറ്റായിരിക്കാം. അതുകൊണ്ടാണല്ലോ അവളും ഒരു പുതിയ ഇണക്കായി പറന്നു പോയത്‌. നമ്മുടെ സമൂഹം ഒരു ശവത്തെയും സ്നേഹിക്കാറില്ല.പകരം ആഘോഷപൂര്‍വ്വം റീത്തുകള്‍ വെച്ചു പ്രകടനങ്ങള്‍ നടത്താറേ ഉള്ളു

ഹൃദയം തകര്‍ന്നു പോയ അന്നു തന്നെയാണ്‌ ആശുപത്രിയില്‍ ഒരു പോസ്റ്റ്‌മോര്‍ട്ടം അറ്റന്റ്‌ ചെയ്യേണ്ടിവന്നത്‌. ആരായിരിക്കും അന്നു തന്റെ ഇര എന്ന ചോദ്യം മനസ്സിലുണ്ടായിരുന്നു. എതോ വാഹനാപകടക്കേസിലെ ഒരു അനാഥ ശവം എന്നു പറഞ്ഞ്‌ അറ്റണ്ടര്‍മാര്‍ തിരക്കിട്ടു കാര്യങ്ങള്‍ നീക്കുന്നുണ്ടായിരുന്നു.

അതൊരു വൃദ്ധനായിരുന്നു. വരണ്ട ആ  നഗരത്തില്‍ ഒറ്റക്കായ തന്‍റെ മകനെ അന്വേഷിച്ചെത്തിയ ഒരു വയസ്സന്‍. പരിചിതമല്ലാത്ത  ചുറ്റുപാടുകളില്‍  കണ്ണു മഞ്ഞളിച്ചു ഏതോ ഒരു വാഹനത്തിനു മുന്നില്‍ അബദ്ധത്തില്‍ പെട്ടുപോയ അയാളുടെ ഹൃദയം മുറിക്കാന്‍ വളരെ എളുപ്പമായിരുന്നു. കാരണം അയാളുടെ ഹൃദയത്തില്‍ താന്‍ മുറിവേല്‍പ്പിക്കുന്നത്‌ അന്നാദ്യമായിരുന്നില്ലല്ലോ...

ശുഷ്‌ക്കിച്ച ആ ശരീരത്തിലെ ജനിതകഘടകങ്ങള്‍ തന്‍റെ  തലച്ചോറില്‍ ദു:ഖത്തിന്റെ മാറാലകള്‍ കെട്ടുമ്പോള്‍ പുറത്ത്‌ നഗ്ഗരം അതിന്റെ പതിവ്‌ ആചാരവെടികളും റീത്തു സമര്‍പ്പണവും നടത്തുകയായിരുന്നു. തുടര്‍ന്നുള്ള മരണത്തിന്റെ പ്രകടനങ്ങളും ഭാരതപ്പുഴയില്‍ താനിട്ട ഉറുമ്പരിച്ചു പോയ ഒരു പിടി ബലിച്ചോറും.

പിറകിലെവിടെയോ ഒരു ബലിക്കാക്ക കരയുന്നതു പോലെ തോന്നി. ഇന്നിനി മഴ പെയ്യാന്‍  സാധ്യതയില്ല. കാരണം ഇന്നാണല്ലോ തന്റെ ഹൃദയത്തിലെ ഞാറ്റുവേലകളുടെ അവസാനം...
 
മിനേഷ് ആര്‍ മേനോന്‍
ബ്ലോഗ്‌: രവം

ഒരു ഓശാന ഞായറിന്റെ ഓര്‍മ്മകള്‍.

April 22, 2011 ജന്മസുകൃതം

ഒരു ഓശാന ഞായറിന്റെ ഓര്‍മ്മകള്‍.

ഇന്റെര്‍വെല്ലിനു ബെല്ലടിക്കുന്നത് കേട്ട് ക്ലാസ്സില്‍ നിന്നും സ്റാഫ് റൂമിലേയ്ക്ക് വരുമ്പോഴാണ് ഗേറ്റു

കടന്നു വരുന്ന അച്ഛനെ കണ്ടത്.പതിവില്ലാത്ത വരവ്.എന്താണാവോ?ഉള്ളില്‍ മുളയിട്ട ആശങ്കയോടെ ഓടിച്ചെന്നു.

സാരഹീനമായ ഭാവമാണ് മുഖത്തുള്ളത് .അല്ലെങ്കിലും ഉള്ളിലുള്ള ക്ഷോഭങ്ങള്‍ ഒരിക്കലും

പ്രകടമാക്കാത്ത ആളാണ്‌.താങ്ങാനാകാത്ത
ഉത് കണ്ഠ
യോടെ ചോദിച്ചു.

"എന്തേ...?എന്തേ വന്നത്...?"

ഒന്നുമില്ലെന്ന മട്ടിലുള്ള സാധാരണ മറുപടി...

"അമ്മയ്ക്ക് തീരെ വയ്യാ...ആശുപത്രിയില്‍ വന്നതാ....അപ്പോള്‍ നിന്നെ ഒന്ന്...."

അമ്മ എന്നത് അച്ഛന്റെ അമ്മയാണ്. ഞങ്ങളുടെ മുത്തശ്ശി ...എങ്കിലും ഞങ്ങളും അമ്മേന്നു തന്നയാണ്

വിളിച്ചു ശീലിച്ചത് .
"എന്താ അമ്മയ്ക്ക്..?"നെഞ്ചില്‍ വെപ്രാളം തുടികൊട്ടുന്നു.

"അസുഖം എന്ന് പറയാന്‍ ഒന്നുമില്ല.രാവിലെ എഴുന്നേല്‍ക്കാന്‍ പറ്റാത്ത എന്തോ ക്ഷീണം...വിളിച്ചിട്ട്

മിണ്ടു ന്നുണ്ടായിരുന്നില്ല .കാപ്പി കൊടുത്തതും കഴിച്ചില്ല.അതുകൊണ്ട് നേരെ ആസുപത്രിയിലെയ്ക്ക്

കൊണ്ടു വന്നു എന്നെ ഉള്ളു..."

"ഡോക്ടറെ കണ്ടില്ലേ ...?എന്ത് പറഞ്ഞു...?

""അഡ്മിറ്റ്‌ ആക്കി. ഗ്ലുക്കോസ് കൊടുത്തുകൊണ്ടിരിക്കുന്നു."
ഒരു നിമിഷം എന്ത് വേണം എന്നറിയാതെ നിന്നു.

"നീ വരുന്നുണ്ടോ? വണ്ടി കൊണ്ടുവന്നിട്ടുണ്ട്.

പിന്നെ ആലോചിച്ച് നിന്നില്ല ഉടന്‍ ഓഫീസിലെത്തി ഹെഡ് മാഷിനോട് അനുവാദം ചോദിച്ചു.

സാധാരണ അതിനു മറുപടി കിട്ടാന്‍ കാത്തു നില്‍ക്കേണ്ടതുണ്ട്.പതിവില്ലാത്ത വിധം ഉടന്‍ സമ്മതം തന്നു.

ആസ്പത്രിയില്‍ ചെല്ലും വരെ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.

വിവിധ ചിന്തകള്‍ മനസ്സില്‍ അലയടിക്കുകയായിരുന്നു.അവിടെ ഞാന്‍ എന്റെ മുത്തശ്ശിയെ കണ്ടു...ഒടിഞ്ഞു വീണ ആലിന്‍ ചില്ലപോലെ നിശ്ചലയായി....കണ്ണുകള്‍ അടച്ച്...
ഞരമ്പിലൂടെ ഗ്ലൂക്കോസ് തുള്ളിതുള്ളിയായി കയറുന്നുണ്ട്പെയ്യാന്‍ മുട്ടുന്ന ഭാവത്തില്‍ അരികില്‍ നിന്ന സഹോദരിയാണ് കാര്യങ്ങള്‍ വിശദമായി പറഞ്ഞത്...

"രോഗമൊന്നും ഇല്ല...എന്നാലും ഇവിടുള്ള എല്ലാ മെഷ്യനുകളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള ടെസ്റ്റുകള്‍ നടത്തുന്നുണ്ട്.കുത്തി വയ്പ്പിനും
മരുന്നിനും ഒരു കുറവും ഇല്ല.ഒരു നേരത്തെ മരുന്നിനുമാത്രം നാനൂറുരൂപയോളം ആകും .എന്തിന്‌ കുത്തിവയ്പ്പിനുള്ള പഞ്ഞിപോലും നമ്മള്‍ വാങ്ങിക്കൊടുക്കണം .ഇങ്ങനെ ദിവസം നാലു നേരത്തെ മരുന്ന്....അതും...-എത്ര നാള്‍ എന്ന് നിശ്ചയമില്ലാതെ..."

ചേച്ചിയെ തടഞ്ഞു കൊണ്ടു തിരക്കി


"രൂപ എത്രയായാലും വേണ്ടില്ല .അത് നമുക്ക് പിന്നെയും ഉണ്ടാക്കാം .നമ്മുടെ മുത്തശ്ശിയുടെ രോഗം മാറുമെന്നു ഡോക്ടര്‍ പറഞ്ഞോ...?"

നിമിഷങ്ങളുടെ പിരിമുറുക്കം കുറയ്ക്കാന്‍ ചേച്ചി ഒരുപമ പറഞ്ഞു.

"പെട്രോള് തീര്‍ന്നാല്‍ പിന്നെ വണ്ടി മുന്നോട്ടു പോകുമോ?ഉന്തിയും തള്ളിയും ചിലപ്പോള്‍ അല്പദൂരം കൂടി പോയേക്കാം....അത് തന്നെ മുത്തശ്ശിയുടെ സ്ഥിതി."

ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.
ഇന്ധനം നിറച്ചാല്‍ പിന്നെയും വണ്ടി ഓടും...പക്ഷെ ജീവശ്വാസത്തിന്റെ ഊര്‍ജ്ജം അങ്ങനെ നിറയ്ക്കാന്‍ കഴിയില്ലല്ലോ.

മരണം മുത്തശ്ശിയുടെ അരികിലെത്തി എന്ന അറിവ് എന്നെ വല്ലാതെ നിരാശപ്പെടുത്തി.


ആകിടക്കയുടെ അരികിലിരുന്നു മുത്തശ്ശിയുടെ മാറില്‍ കൈ വച്ച് ഞാന്‍ മെല്ലെ വിളിച്ചു.
"അമ്മേ ...."

ആ കണ്ണുകള്‍ തുറന്നില്ല.അധരം വിടര്‍ന്നില്ല പക്ഷെ ആ ഹൃദയതാളത്തിന്റെ വേഗത കൂടിയത് എനിക്കറിയാന്‍ കഴിഞ്ഞു.മുത്തശ്ശി എന്റെ സാന്നിദ്ധ്യം അറിഞ്ഞിരിക്കുന്നു.എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

എനിക്കറിയാം ഇന്നോളം വിശ്രമം എന്തെന്നറിയാത്ത ആ പാദങ്ങള്‍ അല്പമെങ്കിലും ആയം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചലിക്കാതെ ഇരിക്കില്ലായിരുന്നു...

സെഞ്ചുറി തികയാന്‍ ഇത്തിരി ഓട്ടം കൂടിയേ ബാക്കിയുണ്ടായിരു ന്നുള്ളൂ ...പക്ഷെ ഇന്നിങ്ങ്സ് തീര്‍ത്ത് എന്റെ മുത്തശ്ശി മടങ്ങാന്‍ ഒരുങ്ങുന്നു.

പ്രാരാബ്ദങ്ങളുടെ നാളുകള്‍ അത്യുത്സാഹം പൊരുതിക്കടന്നു പോന്ന ആ ധന്യമായ ജീവിതത്തെക്കുറിച്ച് ഞാന്‍ അപ്പോള്‍ ഓര്‍ത്തുപോയി

സംഭവബഹുലമായിരുന്നു ആ ജീവിതം.
സുഖസുന്ദരമായ ബാല്യകാലം....അത് പക്ഷെ എത്രയോ ഹൃസ്വമായിരുന്നു
പന്ത്രണ്ടാമത്തെ വയസ്സില്‍ ഒത്തൊരു ആണിന്റെ ഭാര്യയായി....
കളിചിരികള്‍ നിന്നു.
കഷ്ടകാലത്തിന്റെ തുടക്കം

ഇന്നും ഇന്നലെയുമല്ല വര്‍ഷങ്ങള്‍ക്കും മുന്പ്....

കുടുംബത്തിന്റെ അധികാരം കയ്യാളുന്നത് ഭര്‍ത്താവിന്റെ അമ്മയായിരുന്നു.

മൂന്ന് ആണ്മക്കളും ആറു പെണ്മക്കളും ഉള്ള ഒരു വലിയ തറവാട് ....അതില്‍ മൂത്തയാളുടെ ഭാര്യ....

അതിനു താഴെയുള്ള നാല് സഹോദരിമാരുടെയും വിവാഹം കഴിഞ്ഞിരുന്നു.അവരാരും ഏറെ ദൂരെ ആയിരുന്നില്ല. ഏതു നേരത്തും അവര്‍ കയറിവരും

അടുപ്പത്ത് തിളയ്ക്കുന്ന ചോറ് കോരി തണുപ്പിച്ചു തിന്നു തിരിച്ച് പോകും.അതിനാല്‍ എന്നും അവര്‍ക്ക് ഭക്ഷണം കരുതണം
പക്ഷെ ഭര്‍തൃ മാതാവ് അളന്നു കൊടുക്കുന്നതില്‍ ഒരു മണി അരി പോലും കൂടുതല്‍ ഉണ്ടാകില്ല.
അത് കൊണ്ടു വേണം സദ്യ ഒരുക്കാന്‍ .

എല്ലാരും വയറു നിറച്ചു കഴിയുമ്പോള്‍ എന്നുംഒരു വയര്‍ മാത്രം പട്ടിണിയില്‍ എരിഞ്ഞു.

രാവിലെ ഭക്ഷണം ഒരുക്കിവച്ചാല്‍ പിന്നെ പണിക്കരോടൊപ്പം പാടത്തും പറമ്പിലും പണി എടുക്കണം
രാത്രിയിലാണ് നെല്ല് കുത്തലും പുഴുങ്ങലും .

വിശ്രമമില്ല ...വയര്‍ നിറയ്ക്കാന്‍ ആഹാരമില്ല.

ആരും തുണയില്ലാതെ കുത്തുവാക്കുകള്‍ മാത്രം കേട്ട് കഴുതയെപ്പോലൊരു ജന്മം

ഭര്‍ത്താവിന്റെ സാമീപ്യം പോലും അവര്‍ക്ക് നിഷിദ്ധ മായിരുന്നു.ഭര്‍തൃ മാതാവ് എപ്പൊഴും കാവല്‍ കിടക്കും .പിന്നെങ്ങനെ ഒരു സമാഗമം ...?

ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവര്‍ ഭര്‍തൃ സുഖം എന്തെന്നറിഞ്ഞത് ....അതിന്റെ പേരില്‍ കേട്ട പഴികള്‍ക്ക് കൈയും കണക്കുമുണ്ടായില്ല.
ഒളിച്ചും പതുങ്ങിയും വല്ലപ്പോഴും മാത്രം ആ സംഗമം.
ഒരിക്കല്‍ പോലും മനസ്സ് തുറക്കാന്‍ സൗകര്യം കിട്ടിയില്ല.

എങ്കിലും അധികം വൈകാതെ ഒരു പൊന്നുമോന്‍ അവര്‍ക്കുണ്ടായി.
ദൈവം തന്ന ഭാഗ്യമെന്ന സമാധാനിച്ച് ആ കൊഞ്ചലും ചിരിയും കണ്ട്‌ രണ്ട്‌ വര്‍ഷങ്ങള്‍ കടന്നു പോയി.
അപ്പോഴേയ്ക്കും വിധി ഒരു ദുരന്തം അവര്‍ക്കായി കരുതി വച്ചിരുന്നു.

അവര്‍ വിധവയായി.
ദൈവം എന്തിന്‌ ഇത്ര ക്രൂരത കാണിച്ചു?
ജീവിതം തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ.
ഇനിയും ദുരന്തത്തിന്റെ വഴികള്‍ എത്ര താണ്ടണം...!!

എങ്കിലും അവര്‍ തരിച്ചു നിന്നില്ല.തളര്‍ന്നു വീണില്ല.

അമ്മായിപ്പോരും നാത്തൂന്‍ പോരും അവര്‍ നിറ കണ്ണുകളോടെ സഹിച്ചു ,മകനെ പുലര്‍ത്താനായി.

എത്ര രാവുകള്‍...പകലുകള്‍...എണ്ണം നോക്കിയതേയില്ല.
മകന്റെ വളര്‍ച്ചക്കായി നിത്യവും അവര്‍ നോയമ്പ് നോറ്റു.

ഇളയച്ചന്‍ ധാര്ഷ്ട്യനായിരുന്നെങ്കിലും ഈ മകനെയും കുറവൊന്നും വരുത്താതെ സ്വന്തം മക്കളോടൊപ്പം പരിപാലിച്ചു.
ഇത്രയും പഠിച്ചാല്‍ മതി ഇത്രയും കളിച്ചാല്‍ മതി എന്ന രീതിയായിരുന്നു അദ്ദേഹത്തിന്.
എങ്കിലും ജ്യേഷ്ഠ പുത്രന്റെ വിവാഹവും സമയത്ത് തന്നെ നടത്തിക്കൊടുത്ത് കടമ തീര്‍ത്തു .

എന്നാല്‍ കൊച്ചു മക്കളുടെ ദാമ്പത്യത്തിനും വിലങ്ങായി അവര്‍ക്കിടയിലും ആ അമ്മായിയമ്മ കാവല്‍ കിടന്നു.
മൂന്നരക്കൊല്ലത്തിനു ശേഷമാണ് ഒരു ദാമ്പത്യജീവിതം ആരംഭിക്കാന്‍ അവര്‍ക്കായത്.അതും അല്പം വിപ്ലവത്തിലൂടെ തന്നെ.

അമ്മായിപ്പോരില്‍ നിന്നും തന്റെ പുത്രവധുവിനെ സംരക്ഷിക്കാനും ക്ലേശങ്ങള്‍ ഏറെ സഹിക്കേണ്ടിവന്നു എന്റെ പാവം മുത്തശ്ശിക്ക് .
വീണ്ടും കാലം ഏറെ കഴിഞ്ഞാണ് ഭര്‍തൃ മാതാവ് അരങ്ങൊഴിഞ്ഞത്.
അപ്പോഴേയ്ക്കും പൂര്‍ണ്ണമായും ഗൃഹഭരണം ഇളയച്ഛന്റെ കയ്യിലായി.

ജ്യേഷ്ഠ പുത്രനായി കുറച്ച് സ്ഥലവും ഒരു കൊച്ചു വീടും കൊടുത്ത് ഇളയച്ചന്‍ തടിയൂരി.
ആ കൈയൊഴിയല്‍ തീരാത്ത വേദനയായി മുത്തശ്ശിക്ക് തോന്നി.

അതിനൊക്കെ പരിഹാരമായി ഉള്ളതെല്ലാം വിറ്റു പെറുക്കി മകനോടും ഭാര്യയോടുമൊപ്പം മുത്തശ്ശി മലബാറില്‍ എത്തി.

കാടുകള്‍ വെട്ടിത്തെളിച്ച് രാപകല്‍ മണ്ണില്‍ പണിയെടുത്തു.കാട്ടാനയോടും കാട്ടു പന്നിയോടും കരടിയോടും കടുവയോടുമൊക്കെ പടവെട്ടി മുന്നേറിയ കുടിയേറ്റ ജീവിതം .

കിളച്ചു, കൃഷി ചെയ്തു, കള പറിച്ചു .സന്തോഷത്തോടെ....ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടമായിരുന്നു പിന്നെ.

വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയി...
ക്ലേശങ്ങള്‍ വിട്ടൊഴിഞ്ഞു.
ജീവിതം ഉത്സവമായി....

മുത്തശ്ശിക്ക് ഞങ്ങള്‍ അഞ്ചു പൊന്‍ മണികള്‍ ആയിരുന്നു.

ഞങ്ങളും വളര്‍ന്നു.ഓരോവഴിയിലൂടെ യാത്രയായി.

ജ്യേഷ്ടന്‍ മാര്‍ രണ്ടുപേരും വിവാഹംചെയ്തു പുതിയ വീടുകള്‍ തീര്‍ത്ത് താമസമായി.

സഹോദരിയും ഭര്‍ത്താവും അയല്‍പക്കത് തന്നെ ആയിരുന്നു.
ഞങ്ങള്‍ പട്ടണത്തിലും അനിയത്തിയും ഭര്‍ത്താവും മുംബൈയിലും.

വിശേഷാവസരങ്ങളില്‍ ഞങ്ങള്‍ എല്ലാവരും തറവാട്ടില്‍ ഒത്തു ചേര്‍ന്ന് ആഹ്ലാദം പങ്കുവച്ചു സന്തോഷത്തോടെ കഴിയുമ്പോഴായിരുന്നു ജ്യേഷ്ടന്റെ മരണം.

കോളേജ് വിദ്യാര്‍ഥികള്‍ ആയ മക്കള്‍ .....അവരുടെ അമ്മ വീട്ടില്‍ ഒറ്റയ്ക്ക്.

മുത്തശ്ശിയുടെ കൈപിടിച്ച് ഏട്ടന്‍ അവസാനമായി ആവശ്യപ്പെട്ടത് തന്റെ ഭാര്യയെയും മക്കളെയും തനിച്ചാക്കരുതെ എന്നായിരുന്നു.

മെയിന്‍ റോഡിനു ഇരുവശത്തുമാണ്‌ തറവാടും ഏട്ടന്റെ വീടും.

മുത്തശ്ശിയെ സമ്പന്ധിച്ചിടത്തോളം ഒരിടത്ത് മകനും കുടുംബവും മറ്റേതില്‍ കൊച്ചുമോന്റെ കുടുംബവും.

ആരെയും ഒറ്റയ്ക്കക്കാന്‍ മുത്തശ്ശിക്കായില്ല.അവിടെയും ഇവിടെയും അവര്‍ വിശ്രമമില്ലാതെ സഞ്ചരിച്ചു.
അഞ്ചല്‍ ഓട്ടം എന്ന് പറഞ്ഞു പലരും പരിഹസിച്ചിട്ടും മുത്തശ്ശി തന്റെ വാക്ക് നിറവേറ്റി.


പക്ഷെ ഇന്ന് കണ്ണു തുറക്കാന്‍ പോലും കഴിയാതെ ജരാനരകള്‍ കട ന്നേ റി ആ ശരീരം തളര്ത്തിയിരിക്കുന്നു.


"കരഞ്ഞിട്ടെന്ത കാര്യം? " സഹോദരി തോളില്‍ തട്ടി.
"അനിവാര്യമായത് സ്വീകരിക്കാതെ പറ്റില്ലല്ലോ."

ഗ്ലൂക്കോസ് കുപ്പികള്‍ ഒഴിയുകയും നിറയുകയും ചെയ്തുകൊണ്ടിരുന്നു.

പെട്ടെന്ന് മുത്തശ്ശി കണ്ണു തുറന്നു.
ആ കൈവിരലുകള്‍ അനങ്ങുന്നത് ഞാന്‍ കണ്ടു.നാവ് കുഴഞ്ഞ്‌ എന്തോ പറയുന്നു.

"വെള്ളം വേണോ?" ഞാന്‍ ചോദിച്ചു.
ആ തല മെല്ലെ ചലിച്ചു.വേഗം ഒരു സ്പൂണില്‍ വെള്ളം കോരി കൊടുത്തു. അത് മുത്തശ്ശി ഇറക്കി.എനിക്ക് ആശ്വാസം തോന്നി.

"എന്താ വേണ്ടത്? ഒന്നിരിക്കണോ?"

സമ്മതം .മെല്ലെ ആ ദേഹം ഉയര്‍ത്തി ചാരിയിരുത്തി.

അധിക നേരം വേണ്ടി വന്നില്ല, ആവിരലനക്കത്തിന്റെ സൂചനപോലും എനിക്ക് മനസ്സിലായി തുടങ്ങി.

അച്ഛനെ വിളിക്കണം....അമ്മയെ കാണണം...ആരാ വന്നത് ? എന്താ അവര് പറഞ്ഞത്...?

ആവശ്യങ്ങള്‍ അറിയിക്കാന്‍ മനുഷ്യന് വാക്കുകള്‍ വേണമെന്നില്ലല്ലോ.

ബന്ധുക്കള്‍ എല്ലാവരും വന്നു കണ്ടു പോയി...അസ്വസ്തത കൂടിയും കുറഞ്ഞും ദിവസങ്ങള്‍ പലതു കഴിഞ്ഞു.
ഡോക്ടര്‍ പറഞ്ഞു.

"വേണമെങ്കില്‍ വീട്ടിലേയ്ക്ക് കൊണ്ടു പോകാം .കൂടുതലൊന്നും..."

പോകാന്‍ മുത്തശ്ശിക്ക് നൂറുവട്ടം സമ്മതം ആയിരുന്നു.

മുംബൈലുള്ള അനിയത്തി മാത്രമേ എത്താതുള്ളു .
ഉടന്‍ പുറപ്പെടാന്‍ അവര്‍ക്കും സന്ദേശം അയച്ചു.
ഏഴുമാസം ഗര്‍ഭവതി യായിരുന്നു അവള്‍ .കിട്ടിയ ഫ്ലൈറ്റില്‍ അവരും എത്തി.

അവര്‍ വന്നതും വിളിച്ചതും മുത്തശ്ശി അറിഞ്ഞു.
കൈയുയര്‍ത്തി ആ വീര്‍ത്ത വയറില്‍ മുത്തശ്ശി മെല്ലെ തട്ടി.
കുഞ്ഞിനു ആശിസ്സ് നല്കുകയായിരുന്നിരിക്കണം.അതിനായി കാത്തിരുന്നതുപോലെ ......

അന്ന്,
മാര്‍ച്ചുമാസം മുപ്പത്തി ഒന്നാം തിയതി. ഓശാന ഞായര്‍ ....വൈകുന്നേരം അഞ്ചു മണിയായി .അച്ഛനും ഞാനും മാത്രമേ അപ്പോള്‍ മുത്തശ്ശിയുടെ അരികില്‍ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങള്‍ പതിവുപോലെ മുത്തശ്ശിയുടെ ശരീരം തുടച്ച്....പൌഡര്‍ ഇട്ടു...
വിരിപ്പുമാറ്റി.നല്ല വസ്ത്രവും ഉടുപ്പിച്ചു.
ഇടയ്ക്കിടെ വെള്ളം തൊട്ടു കൊടുത്തുകൊണ്ട് ഞാന്‍ മുത്തശ്ശിയുടെ മുഖത്ത് ഉറ്റു നോക്കി ഇരിക്കുകയായിരുന്നു.
അപ്പോഴാണ്‌ പതിവ് കുത്തി വയ്പ്പിനു വേണ്ടി ഡോക്ടര്‍ വന്നത്.

ഒരു നിമിഷം !

മരുന്ന് സിറി ഞ്ചി ലേയ്ക്ക് എടുക്കുന്ന ഡോക്ടറെ ഞാന്‍ വിളിച്ചു.

മുത്തശ്ശിയുടെ വായിലെയ്ക്കിറ്റിച്ച് കൊടുത്ത വെള്ളം കടവായിലൂടെ ഒഴുകുകയാണ്.
തളര്‍ന്ന ശ്വാസം....മന്ദം....മന്ദം....നിലയ്ക്കുന്നു.

അച്ഛന്‍ ആ കണ്ണുകള്‍ തിരുമ്മിയടച്ചു.

ഞാന്‍...ഞാന്‍...കരഞ്ഞില്ല.

പക്ഷെ കരള്‍ പറിഞ്ഞു പോരുന്ന ഒരു നോവുമാത്രം എന്നില്‍ നിറഞ്ഞു.

ആരെയും ദ്രോഹിക്കാതെ ...ഒന്നുമേ മോഹിക്കാതെ....ഒരു ജന്മസാഗരം നിശ്ശബ്ദമായി തുഴഞ്ഞു തുഴഞ്ഞ്...എന്റെ മുത്തശ്ശി.....!

ഇന്ന് ഈരേഴു സംവത്സരം കഴിഞ്ഞു പോയി....

എങ്കിലും ഒരു നിറദീപമായി തെളിഞ്ഞു നില്‍ക്കുന്ന മുത്തശ്ശിയുടെ പാവനസ്മരണ യ്ക്ക് മുന്‍പില്‍ ഈ അക്ഷര പുഷ്പങ്ങള്‍ അല്ലാതെ മറ്റെന്താണ് നല്കാനാകുക...!!

എന്തേ അമ്മമാരെല്ലാം ഒറ്റയ്ക്ക്...

April 18, 2011 anju minesh

ഈ ജഗത്തിന്റെ മാതാവും ധാതാവും പിതാമഹനും അറിയേണ്ട പവിത്രമായ പ്രണവവും ഋക്കും സാമവും യജുസും പ്രപ്യസ്ഥനവും ഭരണകര്താവും  പ്രഭുവും സാക്ഷിയും നിവാസവും ശരണവും സുഹൃത്തും ഉത്ഭവവും സ്ഥിതിയും നാശവും ലയസ്ഥാനവും  അവ്യയമായ ബീജവും ഞാനാണ്‌.

   എന്‍റെ കുഞ്ഞിന്......

ഞരമ്പ്‌ പിടഞ്ഞു നില്‍ക്കുന്ന കാല്‍പ്പാദം നീട്ടിവച്ചു ഞാന്‍ സിമെന്റ് ബെഞ്ചില്‍ ചാരി ഇരിക്കുകയാണ്. നെയില്‍ പോളിഷ് ഇട്ടു മനോഹരമായ സൂക്ഷിച്ച വെളുത്ത കാലുകളിലെ നീരും നീല ഞരമ്പും എന്നെ അല്പം ആലോസരപ്പെടുതുന്നുണ്ട്. ഗര്‍ഭം സ്പെഷ്യല്‍ ആയി കിട്ടിയ വെരികോസ് വെയിനും ലോ ബി പിയും  ചര്ദിയും   തെല്ലൊന്നുമല്ല എന്നെ ബുദ്ധിമുട്ടിക്കുന്നത്. 

ഓഫീസിലെ ട്രെയിനിംഗ് ക്യാമ്പില്‍  നിര്‍ജീവമായി ജീവിക്കുന്ന  ഒരേ ഒരു വ്യെക്തി ഞാനായതില്‍ നിനക്ക് വിഷമമില്ലേ? ആരുടെ മനസിലും അനാവശ്യചിന്തകള്‍  തോന്നാതിരിക്കാനാവണം ക്യാമ്പ് ഒരു കന്യാസ്ത്രീ  മടത്തിലാണ് നടത്തുന്നത്. അനാവശ്യം പോയിട്ട് നേരേ ചിന്തിക്കാന്‍ പോലും ഇപ്പോള്‍ മനസ് അനുവദിക്കുന്നില്ല. 


കടലാസുപ്പൂക്കള്‍ വീണു കിടക്കുന്ന  വീഥിയിലൂടെ കൂട്ടുകാര്‍ നടക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നുന്നു. 

വീര്‍ത്ത വയറിനുള്ളില്‍ ഒരു നേരിയ അനക്കം, "ആരാടോ അവിടെ എന്‍റെ കിച്ചുവാണോ അതോ മിന്നുവാണോ ആരായാലും കൊള്ളാം ഇപ്പോഴേ കുസൃതി തുടങ്ങി അല്ലെ...അതെങ്ങനെ അച്ഛന്‍ ആള് ചില്ലറക്കാരനല്ലല്ലോ? സമ്മതിച്ചു അമ്മയും മോശമല്ല..."

പെട്ടന്ന് വയറില്‍ ഒരു കൊളുത്തി പിടുത്തം. കാലു കുറച്ചു കൂടി നീട്ടി ഇരുന്നപ്പോഴാണ് മൊബൈല്‍ ബെല്‍ അടിച്ചത്. വലിച്ചൊരു ഏറു കൊടുക്കാനാണ് തോന്നിയത്, കെട്ടിയോനാണ്, ഒക്കെ വരുത്തി വച്ചിട്ട് ദുഷ്ടന്‍! അച്ഛനെ പറഞ്ഞത് പിടി ക്കാത്തോണ്ടാവും നീ എന്‍റെ വയറില്‍ ആഞ്ഞു ചവിട്ടിയത് അല്ലെ? ഈ മാതൃത്വം മഹനീയം എന്ന്‌ പാടിയവരെ ഇപ്പോഴെന്റെ കയ്യില്‍ കിട്ടണം. ഫോണ്‍ നിര്‍ത്താതെ  ബെല്‍ അടിച്ചു കൊണ്ടിരുന്നു. ഇനി എടുത്തില്ലേല്‍ അത് മതി ആള്‍ക്ക് ബി പി കൂടാന്‍. ബേബി ബ്ലൂ ഗര്‍ഭകാലത്ത് വരുമോ എന്ന്‌ അന്വേക്ഷിക്കണം. 

തേങ്ങ അരച്ച മീന്‍കറി കൂട്ടാന്‍  മോഹം തോന്നിയിട്ട് മൂന്നാല് ദിവസമായ്. ഒന്നും ആശിച്ചിട്ടു കാര്യമില്ല. വിവാഹം പെണ്ണിന് നഷ്ടപ്പെടുത്തുന്നത് സ്വന്തം വീട് മാത്രമല്ല, സംസ്കാരവും രുചിയും കൂടിയാണ്. 

എന്‍റെ കുഞ്ഞേ, ഞാനൊരു സത്യം പറയട്ടെ എന്‍റെ നാട് ഉപേക്ഷിക്കേണ്ടി വന്നതിന്റെ നിരാശ എന്നില്‍ നിന്നു ഇത് വരെ ഒഴിഞ്ഞു പോയിട്ടില്ല. യാത്രകള്‍ ഇഷ്ടമില്ലാതിരുന്ന ഞാന്‍ ചാനലിനു വേണ്ടി യാത്ര പരിപാടി ചെയ്യാന്‍ തുടങ്ങിയതായിരുന്നു ജീവിതത്തിലെ ആദ്യത്തെ അട്ജെസ്റ്റ്‌മെന്റ്. പിന്നീടുള്ള ഏറ്റവും വല്യ യാത്ര പദ്മനാഭന്റെ നാട്ടില്‍ നിന്നു അറബി കടലിന്റെ റാണിയുടെ തീരത്തെക്കായിരുന്നു . അന്നെനിക്ക് നഷ്ടപ്പെട്ടത് എന്നെ തന്നെയായിരുന്നു. 

ഗണപതിയും  ഭഗവതിയും എല്ലയിടത്തുമുണ്ടെന്നു    സമാധാനിപ്പിച്ചവരോട്  പഴവങ്ങാടി ഗണപതിയും ആറ്റുകാല്‍ അമ്മയും ഞങ്ങള്‍ക്ക് മാത്രമേ ഉള്ളുവെന്ന് മറുപടി നല്‍കി. 

ഹൈ ക്ലാസ്സ്‌ ചായക്കടയുടെ ശീതളിമയിലിരുന്നു "എന്തര് താമസം" എന്ന്‌ പറഞ്ഞു ഞാന്‍ ഞാനാകാന്‍ ശ്രമിക്കാറുണ്ട്. ഇവിടുത്തെ വേഗതയോട് യോജിച്ചു പോകാന്‍ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല.നിനക്കറിയാമോ 
  എന്ത് കാവ്യാത്മകമായ പേരുകളാണ് തിരുവനന്തപുരത്തേതു; ശംഖുംമുഖം, തൃപ്പാദപുരം, ശ്രീകണ്‍ടെശ്വരം. 

എന്നാല്‍ ഇവിടുത്തെ സ്ഥലങ്ങള്‍ക്ക് മിക്കതും മനുഷ്യരുടെ പേരുകളാണ്; പദ്മ, മേനക, ലിസി, ഷേണായ്. നിനക്കൊരു തമാശ കേള്‍ക്കണോ? ഇവിടുത്തെ ഒരു സ്ഥലത്തിന്റെ പേര് ജെട്ടി എന്നാണ്. ഗതികേടിനു നിന്റെ അമ്മയുടെ ഓഫീസും അവിടെയാണ്. ബസില്‍ കേറി ഒരു ജെട്ടി എന്ന്‌ പറയേണ്ട ജാള്യത നീ ഒന്ന് ഓര്‍ത്തു നോക്കു. 

നിന്റെ അച്ഛന്‍ പറയാറുണ്ട് തിരുവനന്തപുരം നഗരത്തിന്റെ താന്പോരായ്മയും അപരിഷ്കൃത ഭാഷയും എന്ന്‌ ഒത്തിരി സ്വാധീനിച്ചിട്ടുണ്ടെന്നു, എന്നാലും വളര്‍ന്നു കൊണ്ടിരിക്കുന്ന മെട്രോപോളിത്യന്‍ സിറ്റിയില്‍ നിന്നു പെണ്ണന്വേക്ഷിച്ചു നിന്റെ അച്ഛന് അവിടേക്ക് എത്തേണ്ടി വന്നല്ലോ. അച്ഛനെ കുറ്റം പറയുമ്പോഴൊക്കെ നിന്നെക്കൊണ്ടു ആവുന്നവിധം എന്നെ വേദനിപ്പിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. നിന്റെ അച്ഛനോട് എനിക്കൊരു വിരോധവുമില്ല. നിന്റെ അച്ഛനും ഞാനും കടുത്ത ശത്രുക്കള്‍ എന്നായിരുന്നു ഒരിക്കല്‍ എല്ലാവരും കരുതിയിരുന്നത്. ഒരുപക്ഷെ അതായിരിക്കാം ഞങ്ങളുടെ  ബന്ധം ഇത്ര തീവ്രമാക്കിയത്. ജനിക്കാനിരിക്കുന്ന മക്കളുടെ അമ്മ എന്ന ബഹുമാനമാണ് നിന്റെ അച്ഛന്‍ തന്ന ഉമ്മകളെക്കാള്‍  എന്നില്‍ ഉത്തരവാദിത്വമുണ്ടാക്കിയത്. 

ഒരു കല്ലിനു മുകളില്‍ ചാരുതയോടെ പണികഴിപ്പിച്ചിരിക്കുന്ന മാതാവിന്റെ രൂപത്തില്‍ ഒരു കാക്ക വന്നിരിക്കുന്നു. അതിനെ എഴുന്നേറ്റു ഓടിക്കണമെന്നുന്ടെങ്കിലും  എനിക്ക് കഴിയുന്നില്ല. അസ്വസ്ഥതയോടെ ഞാന്‍ മാതാവിന്റെ കഴുത്തിലെ പച്ച ജപമാല തിളങ്ങുന്നത് നോക്കിയിരുന്നു.
നിനക്കറിയണോ കര്‍ത്താവിന്റെ അമ്മയുടെ  പേരുള്ള സ്കൂളിലാ  ഞാന്‍ പഠിച്ചേ. ഒരിക്കല്‍ ഉണ്ണീശോയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന മാതാവിന്റെ രൂപത്തിന്   മുന്നില്‍ നിന്നു ഞാന്‍ ഉറക്കെ 'അമ്മേ മഹാമായേ' എന്ന്‌ വിളിച്ചിട്ടുണ്ട്. അത് കേട്ടു വന്ന കന്യാസ്ത്രീയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍ ഞാന്‍ ഇന്നും ഓര്‍ക്കാറുണ്ട്. 

അമ്മമാര്‍ക്ക് ജാതിയും മതവുമില്ലെന്നു പറഞ്ഞിട്ട് അവര്‍ കേട്ടില്ല. നിങ്ങളുടെ ദൈവങ്ങളെപോലെ പട്ടുസാരി ചുറ്റി സ്വര്‍ണാഭരണങ്ങളും അണിഞ്ഞ്‌ നടക്കുന്നവരല്ല സ്നേഹവും കരുണയും ഉള്ളവളാണ് മാതാവ് എന്നവര്‍ പറഞ്ഞു. എന്‍റെ മനസിലെ ജനിറ്റിക്കായ്‌ കിട്ടിയ ജാതി ചിന്തക്ക് പോറലേറ്റു.
മക്കളെ സ്വയം പര്യാപ്തരാക്കുന്നവരാണ് ഞങ്ങളുടെ ദൈവങ്ങള്‍ അല്ലാതെ കൊച്ചിനെയും ചേര്‍ത്തു പിടിച്ചു മരച്ചുവട്ടിലിരിക്കുന്നവരല്ല എന്ന്‌ ഞാന്‍  ‍രോഷത്തോടെ പ്രതികരിച്ചു.

അന്ന് വൈകുന്നേരം ഞാന്‍ 50 പൈസ നേര്ച്ച പെട്ടിയിലിട്ടു മാതാവിനോട് ക്ഷമ ചോദിച്ചു.

എന്‍റെ കുഞ്ഞേ, നീ എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്‌. നിന്റെ അമ്മൂമ്മ പറയാറുള്ളത് പോലെ എനിക്ക് പെയിന്‍ ത്രെഷ്ഹോള്‍ഡ്‌ തീരെ കുറവാ. 
കുറെ നേരത്തേക്ക് തലച്ചോറില്‍ ഒരു നിഴലാട്ടം ആയിരുന്നു. കരച്ചിലും വെപ്രാളവും രക്തപ്രവാഹവും കത്തികള്‍ ഉരസുന്ന വികൃതമായ ശബ്ദവും മനസിനെ പേടിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ തലച്ചോറില്‍ ഒരു ചെരാതിന്റെ വെട്ടം പ്രകാശിച്ച പോലെ തോന്നി. 

കടലാസുപ്പൂക്കളും മാതാവിന്റെ രൂപവും സിമെന്റ് ബെഞ്ചും കാണാനില്ല. വയറില്‍ വേദനക്ക് പകരം വല്ലാത്ത മരവിപ്പ്. കൈ വച്ചു നോക്കിയപ്പോള്‍ ഒഴിഞ്ഞ വയര്‍. അയ്യോ എന്‍റെ കുഞ്ഞ് എന്ന്‌ നിലവിളിച്ചത് അല്പം ഉറക്കെ ആയിപോയോ? 

നിന്റെ അച്ഛന്റെ കൈയിലെന്താണ് ഒരു വെളുത്ത പൊതിക്കെട്ട്‌. ശബ്ദം കേട്ടപ്പോള്‍  തല ചരിച്ചു എന്നെ  നോക്കി അദേഹം പറഞ്ഞു "മിന്നുവാണ്". ഒന്ന് കാണണമെന്ന് പറയാന്‍ പറ്റിയില്ല . അപ്പോഴേക്കും വയറിലെ തയ്യല്‍ വേദനിച്ചു തുടങ്ങിയിരുന്നു. എന്‍റെ കുഞ്ഞേ നിന്നെ തൊടാന്‍ വട്ടം കൂടി നില്‍ക്കുന്നവരുടെ ഇടയിലൂടെ ഒരു പൊട്ടു പോലെ എനിക്കിപ്പോള്‍ നിന്റെ ദേഹത്തെ വെളുത്ത തുണി  കാണാം . എനിക്കൊരു ചെറിയ തലവേദന വന്നാല്‍ പോലും അടുത്ത് നിന്നു മാറാതിരുന്ന നിന്റെ അച്ഛന്‍ ഇപ്പോള്‍ എന്‍റെ ഈ വല്യ വേദന തിരിച്ചറിയുന്നില്ല. 

ഞാന്‍ കട്ടിലിനരികിലെ ജനലിലൂടെ പുറത്തേക്കു നോക്കി. ഈ ആശുപത്രിക്കും കര്‍ത്താവിന്റെ അമ്മയുടെ പേരാണ്. കുറച്ചകലെയായ് മാതാവിന്റെ രൂപം കാണാം. 

അമ്മേ......ഞാന്‍ അന്ന് നേര്ച്ച പെട്ടിയിലിട്ട 50 പൈസ നാണയം നീ ഇത് വരെ സ്വീകരിച്ചില്ലായിരുന്നോ?

തസ്കര കാണ്ഡം

April 11, 2011 Renjishcs



അപ്പോ ഈ സിനിമയിലൊക്കെ കാണുന്നപോലെ നൂൽക്കമ്പീം തൂവലുവൊന്നും വച്ച് പൂട്ടു തുറക്കാൻ ഇക്കാക്കറിയത്തില്ലല്ലേ....!?”

അലിക്കുഞ്ഞിന്റെ അപ്രതീക്ഷിതമായ ആ ചോദ്യം മുട്ടാളൻ മജീദിന് അത്ര പിടിച്ചില്ല. ആ അരണ്ട വെളിച്ചത്തിൽ തന്റെ വെടിച്ചു കീറിയ ചുണ്ടിലെ തൊലി കടിച്ചു തുപ്പി അയാൾ മുരണ്ടു

“ചെലക്കാണ്ട് ആ മൊബൈൽ ഇങ്ങോട്ട് തിരിച്ചു പിടിക്കടാ വെട്ടം കാണട്ടേ......!”

“അല്ലിക്കാ അപ്പോ അതൊക്കെ വെറും പുളൂസ്സാരിക്കും അല്ലേ.” അലിക്കുഞ്ഞിനു സംശയം ബാക്കി.

മജീദ് അതൊന്നും ശ്രദ്ധിക്കാതെ തന്റെ പണിതുടർന്നു. നിമിഷങ്ങൾ കൊണ്ട് താക്കോലുകൾ പലതും മാറിമാറി സുഹറാമൻസിലിന്റെ താക്കോൽ പഴുതിൽ ജാര സഞ്ചാരം നടത്തി.

യെസ്.....!! ക്‌..രി....ക്ക്..ക്...ക്ക്...! അവർക്കു മുന്നിൽ ഈട്ടിതടിയിൽ മക്കാ മസ്ജിദിന്റെ രൂപം കൊത്തിയ ആ എമണ്ടൻ വാതിൽ പതിയെ തുറക്കപ്പെട്ടു.

ഇരുവരും ഉള്ളിലേക്ക് കടക്കുന്നതിന് ജനൽ ഗ്ലാസിലൂടെ വന്ന നേരിയ നിലാവെട്ടം മാത്രം സാക്ഷി. സാമാന്യം വലിപ്പത്തിൽ ഒരു ഡ്രായിംഗ് റൂം. അതേ തുടർന്ന് നേർത്തൊരു കർട്ടൻ കൊണ്ട് മറഞ്ഞ് വിശാലമായ ഡൈനിംഗ് ഹാൾ അതിന്റെ വശങ്ങളിൽ മറ്റു മുറികൾ. എല്ലായിടവും വിലപിടിച്ച വസ്തുക്കൾ കൊണ്ട് ഭംഗിയായി അലങ്കരിച്ച് വച്ചിരിക്കുന്നു.

“ന്റ ള്ളോ.. എന്നാ മുട്ടൻ സെറ്റപ്പാണിക്കാ ഇതിന്റാത്ത്.....“

“ഇക്കാ ഈ പോക്കറ്റടി പോലയല്ല രാത്രി വീട്ടിക്കേറി മോഷണം... അതും ഇതുപോലൊരു പടപണ്ടാരം വീ‍ട്ടി.... പിടിച്ചു പോയാ..... ഞാൻ ഇവിടെങ്ങാനും നിന്നാ പോരേ ഇക്കാ...!?”

“ഒച്ചയുണ്ടാക്കാണ്ട് പിറകെ വാടാ... ഞാൻ കൊറേ നാളായി ഈ ചൊരപ്പ് തൊടങ്ങീട്ട്.” അലിക്കുഞ്ഞിനെ നോക്കി മുട്ടാളന്റെ മുരൾച്ച വീണ്ടും.

“നീ അങ്ങോട്ട് പോ... എന്നിട്ടാ ബെഡ്രൂം എവിടെയാന്ന് നോക്ക്...”

“അടുക്കള ഭാഗത്തൂന്ന് മൂന്നാമത്തെ മുറിയാണെന്നാ ആ ഗ്യാസുകാരൻ സുന്ദരേശൻ പറഞ്ഞത്...!”

“ഹും ഗ്യാസുകാറനോടാണോടാ പഹയാ ഇതൊക്കെ ചോദിക്കുന്നെ നിനക്ക് കേബിളുകാരനോട് ചോദിക്കാൻ മേലായിരുന്നോ...!” മജീദിന്റെ അതിബുദ്ധി!!

“അതറിയാന്മേലാഞ്ഞിട്ടല്ലിക്കാ... അവൻ കുടിക്കണ കളറു ചാരായത്തിന്റെ ബ്രാന്റ് മാറിയേപ്പിന്നെ വലിയ ചെലവാ..... പഴയപോലെയല്ല ആ പുല്ലന്റെ ഡിമാന്റ്.”

“ഇന്നാളി ഞാനാ ജമീലേടെ ബെഡ്രൂമിന്റെ ഡീറ്റെയിത്സൊന്ന് ചോദിച്ചേന് എത്ര ഉറുപ്പിയേടെ സാധനമാ അവൻ മേടിപ്പിച്ചേന്നറിയാവോ...!?”

“അതിനു നിന്നോടാരു പറഞ്ഞു ആ കാലണയ്ക്ക് ഗതിയില്ലാത്തവളുടെ വീട്ടിന്റെ ഡീറ്റെയിത്സ് തിരക്കാൻ....” ചുറ്റുപാടും അമുക്കാൻ പാകത്തിന് വല്ലതും ഉണ്ടോ എന്നു തപ്പുന്നതിനിടയിൽ മജീദ്.

“അല്ലാ എനിക്കവളോടൊരു ഇഷ്ടം.....” അലിക്കുഞ്ഞിന്റെ വാക്കുകളിൽ നാണം നിലാവെട്ടി.

“എന്നാ പിന്നെ ഡീറ്റെയിത്സ് നിനക്കവളോടു നേരിട്ട് ചോദിച്ചാ പോരായിരുന്നോ?”

“അതല്ലിക്കാ എനിക്കവളെ ഇഷ്ടാണെന്ന് പറയാൻ വേണ്ടിയിട്ടാ ഞാൻ... രാത്രിയാവുമ്പോ സൌകര്യായിട്ട് നമുക്ക് നമ്മുടെ ഖൽബ് തുറക്കാലോ........!”

“മ്മ്...മ്മ്.. നീ തൽക്കാലം പറഞ്ഞ പണി ചെയ്യ്.”

മുട്ടാളന്റെ കണ്ണ് ഡ്രായിംഗ് റൂമിലെ വിലകൂടിയ ഡിജിറ്റൽ ഫോട്ടോഫ്രെയിമിൽ ഉടക്കി നിന്നു. ദുബായിക്കാരൻ റഹ്മാനും ബീവി സുഹറയും ഒറ്റമോൻ സെയ്ദാലിയുമൊക്കെ ഇരുന്നും നടന്നും കിടന്നുമൊക്കെയെടുത്ത ഫോട്ടോകൾ തെളിഞ്ഞും മറഞ്ഞും കളിക്കുന്നു. മുട്ടാളന്റെ കൈ അതിലേക്കൊന്നാഞ്ഞു..! വേണ്ട ഈ കുന്തം കൊണ്ടുപോയാൽ ചിലപ്പോ എവിടുന്നാ പൊക്കിയേന്ന് ആളോൾക്കു പിടിത്തം കിട്ടും. വേറൊന്നും കിട്ടില്ലേ തിരിച്ചു പോരുമ്പോ പൊക്കാം എന്ന് ചിന്തിച്ചു മറ്റു ചില സംഗതികളൊക്കെ നോക്കി അങ്ങനെ നിൽക്കുമ്പോൾ അലിക്കുഞ്ഞ് അകത്തു നിന്നും ഓടി വന്നു.

“ഇക്കാ ഇക്കാ......”

“ഒച്ച പൊക്കാതെടാ കാഫിറേ.....”

“ബെഡ്രൂം കണ്ടു പിടിച്ചിക്കാ.....”

“ആ മുടുക്കൻ...”

“വേഗം വാ ഇക്കാ വേറെം ഒരു കാര്യം കൂടി കാണിച്ചു തരാം.”

രണ്ടു പേരും പമ്മി പതുങ്ങി വീടിനുള്ളിലേക്ക് കയറി.

“ഇതാണിക്കാ ഇതാ...”

“ഇതു അടച്ചേക്കുവാണല്ലോടാ...”

“അടച്ചേക്കുവാണെങ്കിലും ദേ ഈ താ‍ക്കോലിന്റെ ഓട്ടേ കൂടി നോക്കിയാ എല്ലാം ക്ളിയറായിട്ട് കാണാമിക്കാ.” “നമ്മുടെ സുഹറാത്തയും റഹ്മാനിക്കേം കൂടി അവിടെ.......ഹോ... എന്റിക്കാ...”

“വഴീലെറങ്ങിയാ ആ മോന്തായം പോലും മര്യാദയ്ക്ക് മനുഷ്യന്മാരെ കാണിക്കാത്ത താത്തയാ... ലവിടെ കെടന്നു മെരുകണ മെരുകൊന്നു കാണണമിക്കാ....” “ഞാൻ ഒന്നൂടെ നോക്കട്ടെ.”

“ഫ..... ഹിമാറേ വല്ലോന്റേം കെടപ്പറേലൊളിഞ്ഞു നോക്കുന്നോടാ....“ മജീദിന്റെ സദാചാര ബോധം വിറകൊണ്ടു. ഒന്നുകൂടീ താക്കോൽ പഴുതിലൂടെ നോക്കാൻ തുനിഞ്ഞ അലിക്കുഞ്ഞിന്റെ ചെവിക്ക് പിടിച്ച് അയാൾ ഒച്ചപൊക്കാതെ പിന്നെയും ഒന്നോ രണ്ടോ തെറികൂടി പറഞ്ഞു.

“ഇതു നല്ല ടൈമാ... അവരെന്തായാലും ഇനിയുടനെ മുറിക്ക് പുറത്തിറങ്ങില്ല.” “നീയവിടെ വായ്‌നോക്കി നില്ക്കാതെ അപ്പുറത്തെ മുറിയിലെങ്ങാനും കയ്യിലൊതുങ്ങുന്ന വല്ലോം ഉണ്ടോന്ന് നോക്ക്, പോടാ....”

മനസ്സില്ലാമനസ്സോടെ അലിക്കുഞ്ഞ് അടുത്തുകണ്ട ഗോവണിയിലൂടെ പതുങ്ങി മുകളിലേക്ക് കയറി പോയി. മജീദിലെ തസ്കരകണ്ണുകൾ അവിടെ മുഴുവൻ പാഞ്ഞു നടന്നു. ഐശ്വര്യമായിട്ട് ഒരു തുടക്കം കുറിക്കാൻ പറ്റിയ ചെറിയ വസ്തുക്കളൊന്നും പെട്ടന്നയാളുടെ കണ്ണിൽ പെട്ടില്ല. ഒക്കെയും വലിയ വലിയ ഐറ്റംസ്സ്. മുട്ടാളന്റെ മുഖത്ത് ഒരു നേരിയ നിരാശ. ആ സെർചിംഗ് അങ്ങനെ തുടരുമ്പോൾ ദേണ്ടേ അടുത്തൊരു ചെറിയ മുറി മലര്‍ക്കെ തുറന്നു കിടക്കുന്നു. വാതിലനടുത്ത് ചെന്ന് പതിയെ അകത്തേക്കൊന്നു നോക്കി. മജീദ് സന്തോഷം കൊണ്ട് തുള്ളിച്ചാടിപോയി. ഇത്തവണ റഹ്മാൻ ഗൾഫീന്ന് കൊണ്ടുവന്നതായി കേട്ട വലിയ എൽ‌സിഡിയും ഹോംതീയറ്ററുമൊക്കെ സെറ്റ് ചെയ്യ്‌ത് വച്ചിരിക്കുന്നു. മജീദിലെ കള്ളനുണർന്നു... മോഹിച്ചു വന്നതൊക്കെയും ദേ കണ്മുന്നിൽ...! ഇനി മറ്റൊന്നും വേണ്ട അയാൾ മനസ്സിലുറപ്പിച്ചു.

“ആ ഹമുക്കിത് എവിടെ പോയി കിടക്കുന്നു” അയാൾക്കൊന്ന് ഒച്ചെയെടുത്ത് വിളിക്കണമെന്നുണ്ടായിരുന്നു സാ‍ഹചര്യത്തിന്റെ സമ്മർദ്ദം മൂലം അതൊരു ആത്മഗതത്തിലൊതുക്കി. മജീദിന്റെ തലയിൽ ആശയങ്ങൾ ഒരു പിടിവലി തന്നെ നടത്തി. എല്ലാം തൊട്ടും തടവിയും വലിപ്പവും രൂപവും ഏകദേശ ഭാരവുമൊക്കെ തിട്ടപ്പെടുത്തി. ഇനിയിതെല്ലാം എത്രയും വേഗം പുറത്തു കടത്തണം...!

സ്വന്തം പെട്ടിയോട്ടോ അടക്കമാണ് മജീദിന്റെ മോഷണയാത്രകളത്രയും. പകലുമുഴുവൻ ഇൻസ്റ്റാൾമെന്റ് സാധനങ്ങളുടെ വില്പന, രാത്രി മോഷണം അതാണ് മജീദിന്റെ പുതിയ ലൈഫ് സ്റ്റൈൽ.!! ഒരു ഗംഭീര മോഷണ ശ്രമത്തിനിടയിൽ പോലീസ് പിടിയിലായി ഇടികൊണ്ട് എല്ലൊടിഞ്ഞ് ആറുമാസം അകത്തായതിനു ശേഷമാ‍ണ് മജീദ് റൂട്ടൊന്ന് മാറ്റി പിടിച്ചത്. അതുകൊണ്ട് ഇന്ന് മോഷണ ലോകം മാത്രമാണ് മജീദിനെ “മുട്ടാളൻ മജീദ്“ എന്നു വിളിക്കുന്നത്. അല്ലാത്തവർക്കൊക്കെ മജീദിക്കയാണ്. സൽ‌സ്വഭാവിയും സൽഗുണ സമ്പന്നനുമായ മജീദിക്കാ. ഇടത്തരം വീട്ടിലെ പെണ്ണുങ്ങൾ ഭർത്താവിന്റെ ഷർട്ടിന്റെ കൈമടക്കിൽ നിന്നും പാന്റിന്റെ പോക്കറ്റിൽ നിന്നും മേശപ്പുറത്തെ പേഴ്സിനുള്ളിൽ നിന്നുമൊക്കെ കെട്ടിയോനറിയാതെ അടിച്ചുമാറ്റുന്ന ചെറുനോട്ടുകൾ മജീദിനായി നീക്കി വയ്ക്കും. മജീദവർക്ക് അത്തറും പൌഡറും സാരിയും വീട്ടു സാധനങ്ങളുമൊക്കെ പകരമായി കൊടുക്കും. പക്ഷെ ചില ഫ്രാഡ് കള്ളന്മാരെപ്പോലെ രാത്രി അവിടെത്തന്നെ കയറി മോഷ്ടിക്കുന്ന പണി മജീദിനില്ല. ഇൻസ്റ്റാൾ‌മെന്റുകാരോട് ഒട്ടും താല്പര്യം കാണിക്കാത്ത വമ്പന്മാരാണ് മജീദിന്റെ ഇരകൾ. പ്രസ്തുത റഹ്മാനും (ദുഭായിക്കാരൻ!!) ആ ലിസിറ്റിൽ പെട്ടതായിരുന്നു. പാവം...!! അവിടെ ജാതീ മതോം ഗോത്രോം ഒന്നും മജീദിന് വിഷയമേ അല്ല.

“ആ അലിക്കുഞ്ഞെവിടെ !!?“

‘ഇനിയാ ഹറാമ്പെറന്നോൻ പിന്നെം ഒളിഞ്ഞു നോക്കാൻ പോയോ....!?“ മജീദ് മുറിയുടെ വാതിൽക്കൽ വന്ന് പുറത്തേക്ക് നോക്കി. ഇല്ല അവിടെയില്ല. ദോണ്ടേ മോളീന്ന് ചാടിയിറങ്ങി വരുന്നു. മജീദ്, പയ്യെ ഇറങ്ങി വാടാ എന്നവനോട് ആഗ്യം കാട്ടി.

അലിക്കുഞ്ഞ് അടുത്ത് വന്ന് സ്വകാര്യത്തിൽ പറഞ്ഞു... “ഒരു രക്ഷയുമില്ലിക്കാ മുകളീന്ന് ഒന്നും എടുക്കാൻ ഒക്കുകേല.” “ആ ചെക്കൻ ഉറങ്ങീട്ടില്ലാ....!” “അവനവിടിരുന്നു കമ്പ്യൂട്ടറിൽ മറ്റേത് കാണുവാ...ബ്ളൂ.... ബ്ളൂ..... !!!” അലിക്കുഞ്ഞ് അമർത്തി ചിരിച്ചു.

“താഴെ തന്തയുടെം തള്ളയുടെം പ്രാക്ടിക്കൽ.... മുകളിൽ ഒറ്റമോന്റെ തിയറി....!” മുട്ടാളന്റെയുള്ളിൽ ചിരി മുട്ടി പൊട്ടാറായി.

അവിടെങ്ങാണ്ട് തൂക്കിയിട്ടിരുന്നൊരു ക്ലോക്കിൽ മണി മൂന്നടിച്ചു. മജീദ് ചിന്തയിൽ നിന്നുണർന്നു. “ഹോ സമയം പോയി.... വേഗം വാടാ.... ഇനി വേറെ ഒന്നും വേണ്ടാ നമ്മളുദ്ദേശിച്ച് വന്നത് കിട്ടി.”

“എന്താണിക്കാ....”

“മിണ്ടാണ്ട് വാടാ ഇങ്ങോട്ട്.”

മജീദ് അവനേം വിളിച്ച് ടിവി വച്ചിരിക്കുന്ന മുറിയിലേക്ക് കയറി.

അലിക്കുഞ്ഞിന്റെ കണ്ണു തള്ളി. “ഹോ ഇതാ ടിവി അച്ഛായന്റെ എൽട്രോണിസ് കടേലിരിക്കുന്നേനക്കാട്ടിലും വലുതാണല്ലിക്കാ.“

“നിന്നു ചെലക്കാണ്ട് വേഗം വന്നു പിടിക്കടാ.” മജീദ് പിടിമുറുക്കി കഴിഞ്ഞു.

കേബിളൊക്കെ വലിച്ചൂരി. രണ്ടു പേരും കൂടി ആ വലിയ എൽസിഡിയും പൊക്കിയെടുത്ത് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അപ്പുറത്തെ മുറിയിൽ എന്തോ നിലത്തു വീഴുന്ന ശബ്ദം.

“ഇക്കാ.....!” അലിക്കുഞ്ഞിന്റെ ശബ്ദം അറിയാതൊന്നു പതറി പൊങ്ങി പോയി.

“ശ്ശ്.....!” മിണ്ടാതിരിക്കടാ എന്ന് മജീദവനെ ആഗ്യത്തിൽ ശകാരിച്ചു. അയാൾ ചെവി വട്ടം പിടിച്ചു. പിന്നെയും എന്തൊക്കെയോ ചെറിയ ചെറിയ ശബ്ദങ്ങൾ. അലിക്കുഞ്ഞ് പേടിച്ചരണ്ട് മജീദിന്റെ പിന്നിലൊളിച്ചു. ധൈര്യം വിടാതെ ആരാണെന്ന് സൂത്രത്തിൽ അറിയാനുറച്ച് മജീദ് മുറിക്കു പുറത്തേക്കിറങ്ങി. ആ ശബ്ദം തൊട്ടടുത്ത മറ്റൊരു മുറിയിൽ നിന്നാണെന്ന് മനസ്സിലായപ്പോൾ അയാൾ പതിയെ അവിടേക്കൊന്നു പാളി നോക്കി. പെട്ടന്ന് നോട്ടം പിൻ‌വലിച്ച് പിന്നോക്കം മറഞ്ഞു നിന്നു. ഒന്നും മനസ്സിലാവാതെ പേടിച്ച് വാപൊളിച്ച് നിൽക്കുന്ന അലിക്കുഞ്ഞ്..! “എന്താ‍ണിക്കാ...!?”

“എടാ ആ റഹ്മാന്റെ ഉമ്മയാണെന്ന് തോന്നുന്നു. അവരുറങ്ങിയിട്ടില്ല....!”

അലിക്കുഞ്ഞ് ആലില പോലെ നിന്നു വിറച്ചു “ഇങ്ങോട്ടെങ്ങാനും വരുമോ ഇക്കാ... നുമ്മക്ക് പോയിട്ട് നാളെ വന്നാലോ...!!?”

“ഫ.... നാളെ വരാൻ നുമ്മ എന്താ പിരിവിന് വന്നതാ.....” “ഇന്നു പൊക്കേണ്ടത് ഇന്നു തന്നെ പൊക്കും... ഹല്ല പിന്നെ”

അല്പനേരം രണ്ടുപേരും സമീപത്തെ ഫർണിച്ചറുകളുടെ പിന്നിൽ അക്ഷമരായി പതുങ്ങിയിരുന്നു. ശബ്ദങ്ങൾ ഒന്നടങ്ങിയപ്പോൾ വീണ്ടും തങ്ങളുടെ പരിപാടികളിലേക്ക് കടന്നു. മജീദ് ആ വലിയ എൽസിഡി പൊക്കിയെടുത്ത് അലിക്കുഞ്ഞിന്റെ തലയിൽ വച്ചുകൊടുത്തു. കൈയ്യിലൊതുങ്ങുന്നതിനേക്കാൾ കൂടുതൽ സാധനങ്ങളുമായി മജീദ് പിറകെ.

വന്നകാര്യം ഭംഗിയായി നടന്നതിന്റെ സന്തോഷത്തിൽ വീടിനു പുറത്തേക്ക് കടക്കുമ്പോൾ ഉള്ളിൽ നിന്നും വീണ്ടും ശബ്ദം.

“റഹ്‌മാനേ.... റഹ്‌മാനേ...” ആ വൃദ്ധയുടെ ശബ്ദമാണ് അവർ മകനെ ബെഡ്‌റൂമിന്റെ വാതിലിൽ തട്ടി വിളിക്കുകയാണ്. മജീദ് പതിയെ ഉള്ളിലേക്കൊന്നു നോക്കി.

“അലിക്കുഞ്ഞേ ഓടിക്കോടാ......” അതു പറഞ്ഞ് മജീദ് തിരിഞ്ഞു നോക്കുമ്പഴേക്കും അലിക്കുഞ്ഞ് ഓടി മതിലിനടുത്തെത്തിക്കഴിഞ്ഞിരുന്നു. ചുമന്നുകൊണ്ടോടിയ എൽസിഡി മതിലിന്റെ പുറത്തേക്ക് കയറ്റി വച്ച് അവനും വലിഞ്ഞ് പിടിച്ച് മതിലിന്റെ മുകളിലേക്ക് കയറുകയാണ്.

മജീദും പിറകെ ഓടാൻ തുനിയുമ്പോൾ വീണ്ടും പിന്നിൽ നിന്നും ശബ്ദം. ഇത്തവണയത് റഹ്‌മാന്റേതാണെന്ന് തോന്നുന്നു.

“ഇങ്ങക്കീ പാതിരാത്രിക്കെന്തിന്റെ കേടാ ഉമ്മാ... മനുഷ്യന്മാരെ ഉറങ്ങാനും സമ്മതിക്കൂല്ലാ...”

ഉമ്മയുടെ ശബ്ദം അധികം ഉച്ചത്തിലല്ലാത്തതുകൊണ്ട് മറുപടിയെന്തെന്ന് മജിദിന് വ്യക്തമാവുന്നില്ല.

“ആ നേരമൊന്ന് വെളുത്തോട്ടെ. ഉമ്മാക്ക് രാത്രി വെറുതെ ഓരോന്ന് തോന്നണതാ....” അതും പറഞ്ഞ് അയാൾ ബെഡ്രൂമിന്റെ കതക് വലിച്ചടയ്ക്കുന്നത് മജീദിന്റെ ചെവിയിൽ പതിഞ്ഞു.

മുൻ‌വശത്തേക്ക് ആരും വരാൻ തരമില്ല എന്ന് തോന്നിയപ്പോൾ അയാൾ സാധനങ്ങൾ നിലത്തു വച്ച് ഒന്നു കൂടി വീടിനുള്ളിലേക്ക് കയറി. ആദ്യം കയറിയപ്പോൾ കണ്ട ആ ചലിക്കുന്ന ഫോട്ടോ ഫ്രെയിം! അതു തന്നെയായിരുന്നു അയാളുടെ ലക്ഷ്യം.

ഉമ്മയുടെ പിറുപിറുപ്പ് തൊട്ടപ്പുറത്ത് കേൾക്കാനുണ്ട്. പക്ഷെ മജീദിന് പിന്മാറാൻ ഭാവമില്ല. പതിയെ ഉള്ളിലേക്ക് കയറി ആ ഫ്രെയിം കൈക്കലാക്കി തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ പിന്നിൽ നിന്ന് ആരോ ശക്തമായി പിടിച്ചു വലിക്കുന്നതു പോലെ മജീദിനു തോന്നി. ഇല്ലാ തോന്നലല്ല.!! താൻ പിടിക്കപ്പെട്ടു കഴിഞ്ഞു എന്നയാൾക്ക് ബോധ്യമായി. മുട്ടാളന്റെ മുട്ട് ഇത്തവണ ശരിക്കുമിടിച്ചു. തന്നെ പിറകിൽ നിന്ന് പിടിച്ച കൈകളെ കുടഞ്ഞിട്ട് പുറത്തേക്ക് കുതറിയോടാൻ ശ്രമിക്കുമ്പോൾ പിന്നിൽ “അള്ളാ.....” എന്നൊരു വിളി കൂടി കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ ആ ഉമ്മ നിലത്തു വീണു കിടക്കുകയാണ്. ഇരുട്ടിൽ അധികം വ്യക്തമല്ലാത്ത ആ രൂപം വീണ്ടും അവനു നേരേ കൈയുയർത്തി എന്തോ പറയുന്നുണ്ട്.

ഒട്ടും മനസ്സിലാവാത്ത ഏതൊക്കെയോ വാക്കുകൾക്കിടയിൽ നിന്നും മജീദിന് ഒരു വാക്ക് മാത്രം പിടിത്തം കിട്ടി.

“ആശൂത്രി...!!”

സാഹചര്യവുമായി ഒട്ടും യോജിക്കാത്ത ആ വാക്ക് വെറുമൊരു മുട്ടാളൻ മാത്രമല്ലാത്ത മജീദിനെ ആശയക്കുഴപ്പത്തിലാക്കി. കേൾക്കാതെ കേട്ട വാക്കുകൾ നിമിഷം കൊണ്ട് അയാളൊന്നു റിവൈന്റ് ചെയ്യ്‌ത് കേട്ടു നോക്കി.

അതെ “അവരെ ആശുപത്രിയിൽ കൊണ്ടുപോകണം“ അതു തന്നെയാണ് ആ ഉമ്മയുടെ ആവശ്യം. പക്ഷെ എങ്ങിനെ...!? മോഷ്ടിക്കാൻ വന്ന താൻ ഇവരെ എങ്ങനെ ആശുപത്രിയിലെത്തിക്കും. അകത്തുപോയി റഹ്മാനെ വിളിച്ചുണർത്താമെന്നു വച്ചാൽ പിടിക്കപ്പെട്ടതു തന്നെ. നിലത്തു കിടന്നുകൊണ്ട് തന്റെ നേർക്ക് ദീനമായി കൈയുയർത്തി രക്ഷിക്കാനപേക്ഷിക്കുന്ന ആ വൃദ്ധയെ ഉപേക്ഷിച്ചു പോകാനും അയാൾക്കു മനസ്സു വന്നില്ല. എന്തു ചെയ്യണം എന്നറിയാത്ത നിമിഷങ്ങൾ.

‘മജീദിലെ ബാക്കിയുണ്ടായിരുന്ന മനുഷ്യസ്നേഹിക്ക് മുട്ടാളൻ ഒരല്പം വഴിമാറിക്കൊടുത്തു....!’ അയാൾ ചാടി വീടിനു പുറത്തേക്കിറങ്ങി. ഒറ്റയോട്ടത്തിന് മജീദ് മതിലനപ്പുറത്തുനിന്ന് തലയിട്ട് തന്റെ വരവും നോക്കിനിൽക്കുന്ന അലിക്കുഞ്ഞിനടുത്തെത്തി.

“വണ്ടിയെടുത്ത് വീടിന്റെ മുന്നിലേക്ക് വാടാ..” അതുമാത്രം പറഞ്ഞ് അയാൾ തിരിച്ച് വീട്ടിലേക്കോടി ഉള്ളിൽ കടന്ന് ആ ഉമ്മയെ താങ്ങിയെടുത്ത് വീണ്ടും പുറത്തേക്ക്. ഗെയിറ്റിനു പുറത്ത് പെട്ടിയാട്ടോയുമായി ബാക്കി സാധനങ്ങൾക്ക് കാത്തുനിന്ന അലിക്കുഞ്ഞിനെ ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച.

വായിൽ നിന്നും ചോര ഇറ്റു തുടങ്ങിയിരുന്ന ആ വൃദ്ധ നന്നായി വിയർക്കുന്നുണ്ടായിരുന്നു. അവരെ പൊക്കിയെടുത്ത് സീറ്റിലേക്കിരുത്തി മജീദ് ധൃതിയിൽ വണ്ടി മുന്നോട്ടെടുത്തു.

ഓട്ടോയുടെ ക്യാബിനിൽ അള്ളിപ്പിടിച്ചിരുന്ന അലിക്കുഞ്ഞിന് ഒന്നും അങ്ങോട്ട് കത്തിയില്ല.

“അല്ലിക്കാ ഇതെന്തോന്നാ... ഈയുമ്മായെ എങ്ങോട്ടു കൊണ്ടുപോകുന്നു.

“മിണ്ടാണ്ടിരിക്കടാ...ഹമ്‌ക്കേ... അയാൾ അലറി.”

വിജനമായ ആ വഴിയിലൂടെ മജീദും പെട്ടിയാട്ടോയും ആ ഉമ്മയേം കൊണ്ട് മുന്നോട്ട് പാഞ്ഞു. ഈ സംഭവിച്ചതൊന്നുമറിയാതെ പ്രാക്ടിക്കലും തിയറിയുമൊക്കെയായി റഹ്‌മാനും സുഹറയും പിന്നെ സെയ്ദാലിയും ആ വീട്ടിനുള്ളിൽ.....!

*** *** *** *** *** *** ***

തലേന്ന് രാത്രിയിലെ കഠിനാദ്വാനത്തിന്റെ ക്ഷീണത്തിൽ മുട്ടാളൻ മജീദ് അല്പം കൂടുതൽ ഉറങ്ങിപ്പോയി. ഉണർന്നെണീറ്റ മജീദ് ആദ്യം ചെയ്യ്‍തത് തലേന്നടിച്ചു മാറ്റിയ എൽ‌സിഡി ഒന്നു ലഗായിച്ചു നോക്കലായിരുന്നു. തറയിൽ ചുരുണ്ടു കിടന്ന അലിക്കുഞ്ഞും കണ്ണും ഞെരടി എണീറ്റിരുന്നു. ഇതുവരെ കാണാത്ത വലിപ്പത്തിലും വെടിപ്പിലും ദൃശ്യങ്ങൾ മുന്നിൽ തെളിഞ്ഞപ്പോൾ ആ നാലുകണ്ണുകളിലും അതിശയവും അത്ഭുതവും നിറഞ്ഞു തുളുമ്പി ഒഴുകി പരന്നു....!!

പെട്ടന്നൊരു ചാനലിലെ ദൃശ്യവും വാർത്തയും അവരുടെ കണ്ണുകളിലെ രസങ്ങളത്രയും വറ്റിച്ചു കളഞ്ഞു.!

ഇന്നലത്തെ മോഷണകഥയിൽ അപ്രതീക്ഷിതമായി കടന്നുവന്ന ആ ഉമ്മയുടെ ദൃശ്യങ്ങൾ. അരികിൽ റഹ്‌മാനും സുഹറയും സെയ്ദാലിയുമൊക്കെയുണ്ട്. ഏതോ ഹോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തിൽ അവരെ അഡ്മിറ്റ് ചെയ്യ്‌തിരിക്കുന്നു.

ബ്രേക്കിംഗ് ന്യൂസിന്റെ ടൈട്ടിൽ എൽ‌സിഡി സ്ക്രീനിൽ മിന്നി.

“ജനങ്ങളെ ആശങ്കയിലാക്കി നഗരത്തിൽ മോഷണ പരമ്പര തുടരുന്നു.....!!”

ടിവിയിലെ ന്യൂസ്സ് റീഡർ ശിമ്പളൻ സംഭവം നേരിൽ കണ്ടതുപോലെ വിവരിക്കുന്നു. കവർച്ചക്കെത്തിയ മോഷ്ടാക്കൾ വീട്ടിലെ വൃദ്ധയായ സ്ത്രീയെയും തട്ടിക്കൊണ്ടു പോകുകയായിരുന്നൂവത്രേ...!!! പക്ഷെ മോഷ്ടാക്കളെക്കണ്ട് ഭയന്ന് ഹൃദയസ്തംഭനമുണ്ടായ വൃദ്ധയെ പിന്നീട് മോഷ്ടാക്കൾ തന്നെ നഗരത്തിലെ ഒരു ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു....!!

അലിക്കുഞ്ഞ് വാപൊളിച്ചിരുന്നുപോയി..... പിറകെ ദുഭായിക്കാരൻ റഹ്‌മാന്റെ വികാര തീവ്രമായ പ്രസ്താവന....!

തന്റെ ഇന്നത്തെ സ്ഥിതിയിൽ അസൂയയുള്ള ആരോ ആയിരിക്കണം ഇതിന്റെ പിന്നിലെന്നും തന്റെ ജീവന്റെ ജീവനായ ഉമ്മായെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനായിരുന്നിരിക്കണം അവരുടെ ലക്ഷ്യമെന്നും റഹ്‌മാൻ ആരോപിച്ചു. എന്തായാലും ഉമ്മായുടെ ജീവൻ തിരിച്ചു കിട്ടിയതിൽ റഹ്മാനും കുടുംബവും അള്ളാഹുവിനോട് നന്ദി പറഞ്ഞു.

അതേസമയം നഗരത്തിലെ സാമൂഹ്യവിരുദ്ധർക്ക് നേരെയുള്ള പോലീസിന്റെ നിസ്സംഗത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയുടെ യുവജന സംഘടനാപ്രവർത്തകർ ആഭ്യന്തരമന്ത്രിയുടെ കോലം കത്തിച്ചു....!! പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാർക്കു നേരെ പോലീസ് ലാത്തിവീശി......!!

“ന്റ....റബ്ബേ....... ഇതെന്ത് മറിമായം....!” അലിക്കുഞ്ഞ് കണ്ണു മിഴിച്ചു.

“സംഗതി കൂടുതല് കൊഴപ്പം ആകുന്നേനു മുന്നേ ഞാൻ എങ്ങോട്ടേലും പോകാൻ പോകുവാണിക്കാ......”

മുട്ടാളൻ മജീദിന്റെ തലയിൽ ആ ഡയലോഗുകളൊന്നും കയറിയതേ ഇല്ല. അവിടെ മുഴുവൻ നക്ഷത്രങ്ങളായിരുന്നു. ഇന്നലെ രാത്രിയൊന്നും കാണാഞ്ഞ നക്ഷത്രങ്ങൾ. അതെല്ലാം കൂടീ തന്നെ നോക്കി “അയ്യേ കൂയ്യ്.....” എന്നു കളിയാക്കുന്നതുപോലെ അയാൾക്ക് തോന്നി.

നിലാവ് പരത്തിയൊരു മിന്നാമിനുങ്ങ്

April 06, 2011 അനില്‍കുമാര്‍ . സി. പി.



ഇല കൊഴിഞ്ഞ റബ്ബര്‍ മരങ്ങളില്‍ ഇരുട്ട് കടവാതിലുകളെപ്പോലെ തലകീഴായി കിടന്നു. ആകാശത്തേക്ക്‌  ഉയര്‍ത്തിയ ഉണങ്ങിച്ചുളുങ്ങിയ കൈവിരലുകളെ തഴുകാന്‍ മടിച്ച്  വഴിതെറ്റിയെത്തിയ കാറ്റ്‌. കശാപ്പ്  കാത്ത് കിടക്കുന്ന വയസ്സന്‍ മരങ്ങളുടെ മടുപ്പിക്കുന്ന ഉഛ്വാസഗന്ധം!

എത്ര നേരമായി ഞാനീ സിറ്റൌട്ടില്‍ ഇരിക്കുന്നു!

എവിടൊക്കെയോ പാതിരാക്കിളികള്‍ ചിലക്കാന്‍ തുടങ്ങിയിരിക്കുന്നു. റബ്ബര്‍ മരങ്ങളുടെ ചില്ലകളിലെവിടെയോ പതുങ്ങിയിരുന്ന്‍ ചിലക്കുന്ന ചീവീടുകള്‍ കൂട്ടായി  കളിയാക്കുന്നത് പോലെ!

വെറുതെയോര്‍ത്തു, കിടപ്പുമുറിയില്‍ തണുപ്പരിച്ചെത്താന്‍ തുടങ്ങിയ ഈ ദിവസങ്ങളിലാണല്ലോ രാവുകള്‍ക്ക് നീളം കൂടാനും തുടങ്ങിയത്‌! തൊട്ടരികില്‍ കേള്‍ക്കുന്ന അമര്‍ത്തിയ വിതുമ്പലുകള്‍ കേട്ടില്ല എന്ന്‍ നടിക്കാന്‍ ശ്രമിച്ചു. ഉറക്കം വരാത്ത രാവുകളില്‍ തൊട്ടരികില്‍ വീണുടയുന്ന
നിശ്വാസങ്ങള്‍ കാണാതിരുന്നതും മനപ്പൂര്‍വ്വം തന്നെയായിരുന്നു.

ഉള്ളിലെരിയുന്ന കനലുകള്‍ ഊതിത്തെളിച്ച് തലക്ക് മുകളില്‍ ഫാനിന്‍റെ മൂളൽ‍. ഫാനിന്‍റെ  കറക്കം ചിന്തകളിലും ചുഴികളും മലരികളുമായി.

ഒരു നിശ്വാസത്തിന്‍റെ  അകലത്ത് നിന്നും എപ്പോഴെങ്കിലും തെറിച്ച് വീണേക്കാവുന്ന  ഒരു ചോദ്യം വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങിയപ്പോഴാണ് സിറ്റൌട്ടില്‍ വന്നിരുന്നത്.

 പകലെപ്പോഴോ കാലംതെറ്റി പെയ്ത മഴ അന്തരീക്ഷത്തില്‍ ആവിയായി നിറഞ്ഞുനിന്നു.

എന്താണ് തനിക്കു പറ്റിയത് ... എവിടെയാണ്  തനിക്കു തന്നെ നഷ്ടമായത് ..?

കഴിഞ്ഞ കുറെ ദിവസങ്ങളായി കണ്ടില്ലെന്ന് നടിക്കുന്ന ആ കണ്ണുകളിലെ ചോദ്യവും ഇതുതന്നെയല്ലേ?

കഴിഞ്ഞ കുറേ മാസങ്ങൾ ... നാലു ചുവരുകളുടെ സ്വകാര്യതയിൽ, ഒറ്റമുറിയുടെ നിശ്ശബ്ദതയിൽ, സ്വയം തീർത്ത ചിപ്പിക്കുള്ളിൽ മുത്താവാനാവാതെ ഒരു മണൽത്തരി ഹൃദയത്തിന്‍റെ  തീരാത്ത വേദനയായി  മാറി നോവിച്ചുകൊണ്ടിരുന്ന ദിവസങ്ങൾ ...

സൌഹൃദങ്ങൾ സൌകര്യപൂർവ്വം നിർവ്വചിക്കാനാവുന്ന പാഴ് വാക്കുകളെന്നറിഞ്ഞത് ആ
ദിവസങ്ങളിലായിരുന്നു. പുഞ്ചിരി അർത്ഥശൂന്യമായ മുഖപേശികളുടെ വക്രീകരണം മാത്രമാണെന്ന തിരിച്ചറിവും പുതിയതു തന്നെയായിരുന്നു.

അലസ നിമിഷങ്ങളിലെപ്പോഴോ കണ്ണാടിയിൽ ചെന്നുവീണ നോട്ടം ചെന്നു നിന്നത് തനിക്ക്
അപരിചിതമായ ഒരു രൂപത്തിലായിരുന്നു. കുഴിഞ്ഞുതാണ കണ്ണുകളിൽ തകർന്നുപോയ സ്വപ്നങ്ങൾ ചത്തുകിടന്നു.

മേശപ്പുറത്ത്  മുഴങ്ങാൻ മറന്നുപോയ ഫോൺ ... കൂട്ടുകാരുടെ, പ്രിയപ്പെട്ടവരുടെ സ്നേഹാന്വേഷണങ്ങളിൽ വിറ കോണ്ടിരുന്ന മൊബൈൽ ഫോൺ എത്ര പെട്ടെന്നാണ് വിസ്മൃതിയിലായത്! ക്ഷേമാന്വേഷണങ്ങൾക്ക് എന്നും സമയം കണ്ടെത്തിയിരുന്നവർക്ക്, ഫോൺ ചെയ്യാൻ ഒരല്പം വൈകിയാൽ പരിഭവം പറഞ്ഞിരുന്നവർക്ക്  എത്ര പെട്ടെന്നാണ് ഫോൺ അറ്റെൻഡ് ചെയ്യാൻ പോലും സമയമില്ലാത്തത്ര തിരക്കായത്!

ഒറ്റമുറിയിലെ ഇരുട്ട് എപ്പൊഴാണ് മനസ്സിലേക്ക് പടർന്ന്  കയറിയത്?

അപ്രതീക്ഷിതമായി ജോലി നഷ്ടമായപ്പോഴും മനസ്സിൽ പ്രത്യാശയുടെ തെളിച്ചമായിരുന്നു. വർഷങ്ങളുടെ തൊഴിൽ പരിചയവും, ആവിശ്യത്തിലധികമുള്ള യോഗ്യതകളും ആഡംബരങ്ങൾ  മാത്രമായപ്പോഴും തുരങ്കത്തിനപ്പുറം തനിക്കായി ഒരിറ്റു വെളിച്ചം ഇനിയും ബാക്കിയുണ്ടാകുമെല്ലോ എന്നാശ്വസിച്ചു.

നിരാസങ്ങളേക്കാളേറെ അവഗണനകളുടെ നോവ് ...

പിന്നെ, തെളിച്ചം കുറഞ്ഞു തുടങ്ങിയ പകലുകൾ അമാവാസി രാവുകൾ മാത്രമായി മാറിയത് എത്ര പെട്ടെന്നായിരുന്നു!

ഒടുവിൽ പാഴായി പോയ വർഷങ്ങളുടെ ഭാരവും, മറക്കാൻ മാത്രം ഇഷ്ടപ്പെടുന്ന സ്വപ്നങ്ങളുടെ മാറാപ്പുമായി മടങ്ങിയെത്തുമ്പോൾ മനസ്സു ശൂന്യമായിരുന്നു.

അടർന്നുവീഴുന്ന കണ്ണുനീർത്തുള്ളികളിൽ ഒരുപാട്‌ ചൊദ്യങ്ങൾ നീ ഒളിച്ചുവെക്കുമെന്ന് അറിയാമായിരുന്നു; അവക്കൊന്നും എനിക്ക്  ഉത്തരമുണ്ടാകില്ലെന്നും!

കിടപ്പുമറിയിൽ ശൈത്യം കൂടു കൂട്ടിയപ്പോൾ, വാക്കുകൾ ആവിശ്യത്തിനു മാത്രമായി മാറിയപ്പോൾ അടക്കിയ തേങ്ങലുകളിൽ, നീ അനുഭവിച്ച അവഗണനയുടെ നോവ് ഞാൻ അറിയുന്നുണ്ടായിരുന്നു.

നിന്‍റെ  സ്നേഹത്തിന്‍റെ  വെളിച്ചത്തിൽ നിഴലായൊതുങ്ങാനാണ് ഞാൻ കൊതിച്ചതെങ്കിലും, നിന്നെ നോവിക്കാതിരിക്കാനാണ്, നിന്‍റെ  സ്വപ്നങ്ങളിൽ ഇനിയും നിഴൽ വീഴ്ത്താതിരിക്കാനാണ് എന്‍റെ  വാക്കുകളിൽ പിശുക്ക് കാട്ടിയതെന്ന്... മരവിച്ചു തുടങ്ങിയ ഒരു മനസ്സിന്‍റെ  വിങ്ങലുകളാണ്
എനിക്ക് എന്നെ  നഷ്ടമാക്കുന്നതെന്ന് എങ്ങനെയാണ് നിന്നെ ഞാൻ പറഞ്ഞ് മനസ്സിലാക്കുക?

എവിടയാണ് ഞാൻ എന്‍റെ മനസ്സിനു ഒരു ചുമടുതാങ്ങി കണ്ടെത്തുക? ഇത്തിരിനേരമെങ്കിലും   എനിക്കൊന്നു കണ്ണടച്ചുറങ്ങാൻ ഒരു ആൽത്തറ വേണം... ഒരു ഉറക്കുപാട്ടായി ആലിലകൾ താളം പിടിക്കുമ്പോൾ നിഴൽ വീഴാത്ത സ്വപ്നങ്ങൾ കാണാനെങ്കിലും എനിക്കൊന്നു ശ്രമിക്കണം.

പാതിയിലേറെ പിന്നിട്ട ജീവിതത്തിന്‍റെ വഴിത്തിരിവില്‍ ഒറ്റയ്ക്കു നിന്ന് ഇനിയും നഷ്ടങ്ങളുടെ കണക്ക് നോക്കി കരയാന്‍  വയ്യ. നഷ്ടബോധങ്ങളുടെ പുതപ്പ് തലയ്ക്കു മീതെ വലിച്ചിട്ട് ഉറങ്ങി തീര്‍ക്കാനുള്ളതല്ലല്ലോ എന്‍റെ പകലുകൾ‍ .സ്വപ്നങ്ങള്‍ ചവിട്ടിക്കുഴച്ച മണ്ണില്‍ ഇനിയും പ്രത്യാശയുടെ
നാമ്പുകള്‍ വളര്‍ത്തിയെടുക്കാനുള്ള ഊര്‍ജ്ജം എന്നിലെവിടെയോ ഉറങ്ങിക്കിടപ്പുണ്ട്.

റബ്ബർ മരങ്ങളെ ഉലച്ചെത്തിയ വരണ്ട കാറ്റ്. കുറ്റാക്കുറ്റിരുട്ടിൽ ഒരു മിന്നാമിനുങ്ങ് എന്‍റെ നേർക്ക് പറന്നുവന്നു. ആകാശത്തിൽ പെട്ടെന്ന് പൊട്ടിവിരിഞ്ഞൊരു നഷത്രം പോലെ അത് കണ്ണ് ചിമ്മാൻ തുടങ്ങി. അതിന്‍റെ ഇത്തിരി വെട്ടം മനസ്സിനുള്ളിലേക്ക് സ്നേഹത്തിന്‍റെ  ഒരു പ്രകാശധാരയായി
ഒഴുകിയിറങ്ങി.

പിന്നെ  ഒരു സാന്ത്വന നിലാവായി അതെന്നെ പൊതിഞ്ഞു ... എന്‍റെ  ജീവിതത്തിൽ വൈകി ഉദിച്ചൊരു പിൻ‌നിലാവ്...
 
(@ അനിൽ കുമാർ. സി. പി.)
http://manimanthranam.blogspot.com

ശ്യൂന്യം നിശബ്ദം

April 04, 2011 ദീപുപ്രദീപ്‌

എന്‍റെ നിഴലിനെ കാണാനില്ല!
ഞാന്‍ കാത്തുനിന്നു.പിന്നെ തിരിഞ്ഞുനടന്നു.
എവിടെയെങ്കിലും വഴിയറിയാതെ അവള്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടാവും.
എന്‍റെ തെറ്റാണ്‌, ഇടയ്ക്ക് തിരിഞ്ഞുനോക്കേണ്ടതായിരുന്നു അവളിലേക്ക്.

ഇരുട്ടുപ്രാപിച്ച ഒരിടവഴിയില്‍ ഞാനെത്തി.ചുറ്റും ഒരായിരം നിഴലുകള്‍ എന്നെ വലം വെച്ചു.
ഞാന്‍ കണ്ടുനിന്നു, കുറേനേരം.
ഞാന്‍ തേടുന്ന ആ രൂപം അതിലുണ്ട് എന്നെനിക്കറിയാം.
പക്ഷെ എനിക്കിപ്പോഴും തിരിച്ചറിയാനായിട്ടില്ല, അതിലെന്‍റെ നിഴലേതാണെന്ന്.
ഞാനവളെ എന്നിലേക്കു തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു.
നിശബ്ദതയെ വിളിക്കാനാണ്‌ ഞാന്‍ ശബ്ദംമുണ്ടാക്കേണ്ടത്.
പക്ഷെ എന്തു വിളിക്കണം? എന്‍റെ നിഴലിന്‍റെ പേര്‌ എനിക്കറിയില്ല!
അപ്പോഴും ആ നിഴലുകള്‍ നിശബ്ദമായി എന്നെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു
ഞാന്‍ തിരിച്ചറിഞ്ഞു, നിശബ്ദതയാണ്‌ ഏറ്റവും ഭയാനകമായ ശബ്ദം.

നിഴലില്ലാതെ എനിക്ക് ജീവിക്കാനാവില്ല.എനിക്കൊരു നിഴലിനെവേണം
ചുറ്റും അലയുന്ന അസഖ്യം നിഴലുകളിലൊന്നിനെ കടന്നുപിടിച്ച്, തിരിഞ്ഞുനോക്കാതെ ഞാനോടി, വെളിച്ചത്തിലേക്ക്.
പക്ഷെ എനിക്കുറപ്പായിരുന്നു, അതെന്‍റെ നിഴലല്ല എന്ന്.
കുതറികൊണ്ടിരിക്കുന്ന ആ നിഴലിനെ എന്നോടടുപ്പിച്ച്, കിതച്ചുകൊണ്ട് ഞാന്‍ വെളിച്ചംകണ്ടു.
പക്ഷെ, അപ്പോഴും നിഴലില്ലാതെ ജീവിക്കുന്ന ഒരുപാടുപേരുടെ നിഴലുകള്‍ ആ ഇടവഴിയില്‍ ബാക്കിയായിരുന്നു.


ദീപുപ്രദീപ്
http://deepupradeep.wordpress.com

നഷ്ടപ്രണയം

April 01, 2011 Salini Vineeth

കാർമേഘങ്ങൾ വിരിഞ്ഞു നിന്ന ആകാശത്തിന്റെ ഇരുളിമയിൽ, മഴ പെയ്യാൻ തുടങ്ങുന്ന ഒരു സന്ധ്യയിലാണ് ഞാനവനെ അവസാനമായി കണ്ടത്. പതിവില്ലാത്ത ഒരു ചിരിയോടെ വളരെ പതുക്കെയാണ് അവൻ നടന്നടുത്തത്. തണുത്ത കാറ്റ് എന്റെ മുടിയിഴകളെ തലോടി. അതെന്റെ കണ്ണുകളിൽ വിടരാൻ തുടങ്ങിയ കണ്ണീർ തുള്ളികളെ ഘനീഭവിപ്പിച്ചു. ദൂരെയുള്ള കുന്നുകൾ നീല നിറത്തിൽ പുകഞ്ഞു നിന്നു.

എന്റെ മനസ്സ് ഒരിക്കലെങ്കിലും അവനറിഞ്ഞിരുന്നുവോ? കണ്ണുനീരിന്റെ പടലത്തിൽകൂടി കണ്ട അവന്റെ അവ്യക്ത രൂപം നോക്കി നിൽക്കവെ ഞാൻ ചിന്തിച്ചു. ഒരിക്കലെങ്കിലും? വർഷങ്ങളുടെ സുഹ്രുത്ബന്ധത്തിൽ ഒരിക്കലെങ്കിലും? അവൻ എന്റെ സുഹ്രുത്തു മാത്രമായിരുന്നില്ല. കുസ്രുതി കാട്ടുന്ന ഒരേട്ടനായി, കരുതലുള്ള ഒരഛനായി…. എന്റെ ആത്മാവെനിക്കു നഷ്ടപ്പെട്ടപ്പോൾ അവന്റേതെനിക്കായി പകുത്തു തന്നതും അവനായിരുന്നു. പിന്നെ, മഴയുള്ള രാത്രിയിൽ എന്നെ തഴുകുന്ന മഴയുടെ തണുത്ത കരങ്ങളായി. എന്റെ അളകങ്ങളെ മാടിയൊതുക്കുന്ന കാറ്റിന്റെ കുസ്രുതിക്കരങ്ങളായി.

മഴ വീണു കുതിർന്ന കോളേജ് വരാന്തയിൽ എവിടെയോ വച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടത് . മഴയിൽ കുതിരാൻ തുടങ്ങുന്ന ഒരു ഫിസിക്സ് റെക്കോഡുമായി എന്റെ കുടയിൽ അഭയം ചോദിച്ച് അവനെത്തി. പിന്നീട് പതിവായി കുടയില്ലാതെ അവനാ വരാന്തയുടെ അറ്റത്തു പ്രത്യക്ഷപ്പെടാൻ തുടങ്ങി. എന്തിനായിരുന്നു എല്ലാം?

പിന്നീട് എന്റെ കണ്ണുകൾ അവനായി തിരഞ്ഞു തുടങ്ങിയപ്പോൾ ഞാൻ ഭയപ്പെട്ടു.
ഇന്നും ഞാനോർക്കുന്നു. ലൈബ്രറിയുടെ പടിക്കെട്ടിൽ ഉച്ചവെയിൽ പരന്നൊഴുകുന്ന ഒരു മധ്യാഹ്നത്തിൽ, എന്റെ കണ്ണുനീർ വീണു കുതിർന്ന പുതുമണ്ണിന്റെ ഗന്ധത്തിൽ, ഞങ്ങൾ ആദ്യമായി കലഹിച്ചു. എല്ലാം തീർന്ന പോലെ തോന്നി. പക്ഷേ പിന്നീടെത്രയോ ഇണക്കങ്ങളും പിണക്കങ്ങളും, ചിരിയും കരച്ചിലും, സാന്ത്വനങ്ങളും.

എപ്പോഴും ഞങ്ങൾക്കിടയിൽ ഒരു മതിൽക്കെട്ടുണ്ടായിരുന്നു. പക്ഷേ എപ്പോഴാണെന്റെ മനസ്സു ആ പരിധി വിട്ടു പോയതു? അതിലും കൂടുതൽ വേണമെന്നു ആശിച്ചത്? സ്വയം ശാസിച്ചു ഞാൻ. പക്ഷെ വീണ്ടും വീണ്ടും അവന്റെ അസുലഭമായ പുഞ്ചിരിക്കായി ഞാൻ കൊതിച്ചു കൊണ്ടേയിരുന്നു. എന്റെ സ്വന്തമല്ലെന്നറിഞ്ഞിട്ടും അവൻ കൈവിട്ടു പോകുമോ എന്നു ഞാൻ ഭയന്നതെന്തിനായിരുന്നു? അറിയില്ല. അവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്ന ഭാവങ്ങൾ എപ്പോഴുമെന്നെ കുഴക്കിയിരുന്നു. പക്ഷേ ആ ഭാവങ്ങളുടെ മാസ്മരികതയില്ലാതെ ഒരു നിമിഷം പോലും എനിക്കാവില്ലെന്നറിഞ്ഞപ്പോൾ ഞാൻ തളർന്നു.
ഭാരിച്ച ദിവസങ്ങളുടെ അന്ത്യത്തിൽ, മാനഞ്ചിറയിലെ പുൽമേട്ടിൽ ഞങ്ങൾ പറഞ്ഞു തീർത്ത വിശേഷങ്ങളിൽ, ഞാൻ ചൊരിഞ്ഞ പരിഭവങ്ങളിൽ,ഒരിക്കലും ഞാനവനോടു പറഞ്ഞില്ല, ഈ സ്നേഹം ഞാൻ എന്നും ആഗ്രഹിക്കുന്നുവെന്ന്, ഈ കണ്ണുകളിൽ ഉറങ്ങുന്ന കവിതയെ ആരാധിക്കുന്നുവെന്ന്.പറയാൻ ഞാൻ ഭയപ്പെട്ടു. സ്നേഹം ചോദിച്ചു വാങ്ങുന്നത് ഒരു ന്യൂനതയായതിനാലാവാം.

ഞങ്ങളുടെ പ്രണയ സങ്കല്പങ്ങൾ ഒരിക്കലും പൊരുത്തപ്പെട്ടിരുന്നില്ല.എനിക്കു പ്രണയം ഒരു ആഘോഷമായിരുന്നു. പക്ഷേ അവനു പ്രണയം രാത്രിയിൽ നാമറിയാതെ പെയ്യുന്ന മഴ പോലെ ആയിരുന്നു. മഴ പെയ്തൊഴിയുമ്പോൾ നീണ്ടു നിൽക്കുന്ന നേർത്ത തണുപ്പു പോലെ, മണ്ണിന്റെ നനഞ്ഞ ഗന്ധം പോലെയായിരുന്നു അത്.

പക്ഷേ എനിക്കുറപ്പായിരുന്നു അവനെന്നെ അറിഞ്ഞിരുന്നുവെന്ന്. അവന്റെ കണ്ണുകളിൽ ഒളിഞ്ഞിരുന്ന ചിരിയുടെ പകുതി, എന്റെ ആത്മാവിന്റെ സൌന്തര്യം ആയിരുന്നെന്ന്.

ഞങ്ങളുടെ സൌഹ്രുദത്തെ ശിശിരവും വസന്തവും പല തവണ തഴുകി. അവിടെ വർഷമുണ്ടായി, പൂക്കളുണ്ടായി, നനുത്ത മഞ്ഞുണ്ടായി.ഓരോ നിമിഷവും അവന്റെ ഗന്ധം, സുഖകരമായ അവന്റെ സാമീപ്യം വരാൻ പോകുന്ന ഒരു ദുഖത്തെ,പറയാതെ ഞാൻ നഷ്ടപ്പെടുത്തുന്ന സുരക്ഷയുടെ കരവലയത്തെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.

ആ അവസാന ദിവസവും ഒന്നും പറയാൻ എനിക്കു കഴിഞ്ഞില്ല.ഒഴുക്കാനാകാത്ത ആയിരം കണ്ണുനീർ തുള്ളികളുടെ ആർദ്രത ഒരു നിശ്വാസത്തിലൊളിപ്പിച്ച് ദൂരെയുള്ള കുന്നുകളെ നോക്കി ഞങ്ങൾ വളരെ നേരം നിന്നു.