സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



മള്‍ട്ടിലെവല്‍..

July 01, 2011 ബിജുകുമാര്‍ alakode

“അടുത്തതായി നന്ദകുമാര്‍ സാര്‍ നിങ്ങളോട് സംസാരിയ്ക്കും..”

പത്തുമിനിട്ടുനേരത്തെ മുക്കിയും മൂളിയുമുള്ള സ്വാഗതത്തിനു ശേഷം സി.പി.ഗോവിന്ദന്‍ സാര്‍ പറഞ്ഞു. പെരുമ്പാമ്പിന്റെ വായില്‍ നിന്നു ഊരിപ്പോന്ന ആട്ടിന്‍‌കുട്ടിയുടെ ഭാവത്തോടെ സാര്‍ മൈക്രോഫോണിനെ വിട്ട്,  വേദിയിലിട്ടിരുന്ന കസേരയില്‍ ഇരുന്നു.

രാവിലെ ആറരയ്ക്കുള്ള “ധനശ്രീ”യ്ക്കു കയറിയതാണ് രയറോത്തു നിന്ന്. പശുവിനെ കറന്ന്, പാല്‍ തിളപ്പിച്ച്, ചായപ്പൊടിയും മധുരവും ചേര്‍ത്ത് ചൂടാറ്റി , വലിയ കപ്പില്‍ അമ്മ കൊണ്ടുവന്നു തരുമ്പോള്‍ സമയം കൃത്യം ആറ് പത്ത്. അല്പം കൂടി നിന്നാല്‍ ഗോതമ്പട ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞെങ്കിലും വേണ്ടാന്നു വെച്ചു.

“അടേം തിന്നേച്ച് അങ്ങു ചെല്ലുമ്പോള്‍ ബസ് അതിന്റെ പാട്ടിനു പോകും. ഒന്‍പതുമണിയ്ക്ക് കണ്ണൂരെത്തേണ്ടതാ..”

“എന്തിന്റെ മീറ്റിങ്ങാന്നാ നീ പറഞ്ഞേ..?”

“ഒരു വല്യ കമ്പനീടെയാ.. ഇനിയിപ്പം അതൊന്നും പറഞ്ഞു നിക്കാന്‍ നേരല്ല.. ഞാമ്പോട്ടെ..”

പകുതിച്ചായ ബാക്കിയാക്കി, തോള്‍സഞ്ചിയും കൈയിലേടുത്ത് ഞാന്‍ മുറ്റത്തേയ്ക്കു ചാടി. ഇനി നായരുമലയിലെ ഉരുളന്‍‌കല്ലുകളോട് മത്സരിച്ച് ആറരയ്ക്കു മുന്‍പേ രയറോം പിടിയ്ക്കണം. രയറോത്തെ മില്‍മാസൊസൈറ്റീല്‍ പാലും കൊടുത്തേച്ചു വരുന്ന മണിച്ചേട്ടന്‍ അന്തം വിട്ടെന്നെ നോക്കി, ഈ പാച്ചില്‍ കണ്ടിട്ട്. രയറോം വിജനമാണ്. അഞ്ചാറ് തെരുവുപട്ടികള്‍ ഗുണ്ടകളെ പോലെ അതിലെ നടപ്പുണ്ട്. പുഴയിലെ ഒഴുക്ക് കേള്‍ക്കാം. കാറ്റിനു നല്ല കുളിര്‍മ്മ. ഓത്തുപള്ളിയില്‍ നിന്ന് നിസ്കാരം കഴിഞ്ഞ് മുക്രിഹംസാക്കാ, മമ്മാലിയ്ക്കാന്റെ ചായപ്പീടികയിലേയ്ക്കു പോകുന്നു..

“ഔലിയാക്കളെ ഇതെങ്കിലും ഒന്നു ശരിയാക്കിതരണേ..” ബസുകാത്തുനില്‍ക്കുമ്പോള്‍ മൈതാനീലെ  സൈനുദീന്‍ തങ്ങളുടെ മഖാമിന്റെ നേര്‍ക്ക് ഒന്നു കണ്ണടച്ചിട്ടു ഞാന്‍ മനസ്സില്‍ പറഞ്ഞു. പുഴക്കരയില്‍ ഭഗവതീടെ കാവുണ്ട്, വണ്ടി പുഴകടക്കുമ്പോള്‍ അവിടേം പ്രാര്‍ത്ഥിച്ചു.

“മനുഷ്യന്റെ പ്രശ്നങ്ങളില്‍ തൊണ്ണൂറു ശതമാനവും നേരിട്ടോ പരോക്ഷമായോ സാമ്പത്തികവുമായി ബന്ധപ്പെട്ടതാണ്..”

നല്ല മുഴക്കമുള്ള, ഒഴുക്കുള്ള ശബ്ദത്തില്‍ സുമുഖനായ നന്ദകുമാര്‍ സാര്‍ ഉച്ചത്തില്‍ പറഞ്ഞു. സത്യമാണല്ലോ. കണ്ണൂരെ സിറ്റി ടവറിന്റെ നാലാം നിലയിലെ വിശാലമായ ഹാളില്‍ എന്നെക്കൊണ്ടെത്തിച്ചതും സാമ്പത്തിക പ്രശ്നമല്ലേ..

“സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ നിങ്ങളുടെ തൊണ്ണൂറുശതമാനം പ്രശ്നങ്ങളും പരിഹരിയ്ക്കപ്പെട്ടു എന്നര്‍ത്ഥം. നല്ലൊരു ബിസിനസ്സുണ്ടെങ്കില്‍ സാമ്പത്തികപ്രശ്നങ്ങള്‍ പരിഹരിയ്ക്കാം. എന്നാല്‍ ലക്ഷങ്ങളില്ലാതെ എന്തു ബിസിനസ് ? ബിസിനസു പൊളിഞ്ഞാല്‍  വന്‍നഷ്ടം. ഹൈ റിസ്ക്. .”

നന്ദകുമാര്‍ സാര്‍ ഒന്നു നിര്‍ത്തിയിട്ട് എല്ലാവരുടേയും മുഖത്തു നോക്കി. ശരിയാണ് സാര്‍ പറയുന്നത്. ലക്ഷങ്ങളില്ലാതെ എന്തു ബിസിനസ്?

“എന്നാല്‍ തീരെ നിസാരമായ മുടക്കില്‍ ലക്ഷങ്ങള്‍ സമ്പാദിയ്ക്കാനുള്ള വഴിയാണ് നമ്മുടെ “വൈറ്റ് തണ്ടര്‍” കമ്പനി നിങ്ങള്‍ക്കു തുറന്നു തരുന്നത്..”

പെട്ടെന്ന്‍ ഹാളില്‍ ഒരു നിശബ്ദത. അവിടെ കൂടിയിരിയ്ക്കുന്ന ആണും പെണ്ണുമായി ഏതാണ്ട് എഴുപതോളം പേര്‍ ഒരേപോലെ നന്ദകുമാര്‍ സാറിനെ തുറിച്ചു നോക്കി.

“നമ്മുടെയെല്ലാം വീടുകളില്‍ നിത്യവും അലക്കാന്‍ സോപ്പ്, പാത്രം കഴുകാന്‍ സോപ്പു പൊടി, കുളിയ്ക്കാന്‍ സോപ്പ്, അങ്ങനെ പലവസ്തുക്കള്‍ ഉപയോഗിയ്ക്കുന്നില്ലേ. ഇതൊക്കെ നമ്മള്‍ കടയില്‍ നിന്നും മേടിയ്ക്കുകയാണ്. എന്നാല്‍ ഈ സാധനങ്ങളൊക്കെ നമ്മുടെ വൈറ്റ് തണ്ടര്‍ കമ്പനി വിതരണം ചെയ്യുന്നുണ്ട്. കടക്കാരന്‍ എടുക്കുന്ന ലാഭം നിങ്ങള്‍ക്ക് കിട്ടും. ചുരുക്കത്തില്‍ നിങ്ങള്‍ ഒരു കടതുടങ്ങുമ്പോലെ. ആദ്യം നിങ്ങള്‍ കമ്പനിയുടെ ഒരു കണ്‍സള്‍ട്ടന്റാകുക. നിങ്ങളുടെ വീട്ടിലേയ്ക്കുള്ള സാധനം മേടിയ്ക്കുക. പിന്നെ മൂന്നുപേരെ നിങ്ങളുടെ താഴെ കണ്‍സള്‍ട്ടന്റാക്കുക. അവരും സാധനം മേടിയ്ക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു ബിസിനസ് വോളിയം ഉണ്ടാകും. അതിന്റെ പത്തുശതമാനം കമ്മീഷന്‍. അവര്‍  മൂന്നു കണ്‍സള്‍ട്ടന്റുമാരെ വീതം ചേര്‍ക്കുമ്പോള്‍ പിന്നെയും ബിസിനസ് വോളിയം..പത്തുശതമാനം കമ്മീഷന്‍. അങ്ങനെ എത്രമാത്രം കണ്‍സള്‍ട്ടന്റുമാര്‍ താഴെവരുന്നുവോ അതിനൊക്കെ നിങ്ങള്‍ക്കു കമ്മീഷന്‍ കിട്ടും. ഒന്നോര്‍ത്തു നോക്കു, ആദ്യം മൂന്നു പേരെ ചേര്‍ത്തു കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്കു യാതൊരു ജോലിയുമില്ല. മാസാമാസം കമ്മീഷന്‍ ചെക്കായി കൈയില്‍ കിട്ടും. ദാ ഈ ഞാന്‍ കണ്‍സള്‍ട്ടന്റായിട്ട് വെറും ആറുമാസം. ഇന്നെന്റെ മാസവരുമാനം നിങ്ങള്‍ക്കൂഹിയ്ക്കാമോ..?“

നന്ദകുമാര്‍ സാര്‍ മുഖത്ത് പ്രകടമായ അഹങ്കാരത്തോടെയാണ് ആ ചോദ്യം ഞങ്ങള്‍ക്ക് എറിഞ്ഞു തന്നത്. ആരുമൊന്നും മിണ്ടിയില്ല.

“അന്‍പതിനായിരം..! അതേ അന്‍പതിനായിരം രൂപയാണ് ഒരു മാസത്തെ എന്റെ വരുമാനം. വെറും ആറുമാസം കൊണ്ട്..!”

ഹാളില്‍ നിന്ന് ചില പതിഞ്ഞ ശബ്ദങ്ങള്‍ കേട്ടു, ആശ്ചര്യം കൊണ്ടാവും. ഞാനെന്തായാലും വണ്ടറടിച്ചു പോയി. ഇത്രേം വലിയൊരു തുക മാസാമാസം കിട്ടുകാന്നു വെച്ചാല്‍.....! സാര്‍ പിന്നെയും  പലതും പറഞ്ഞെങ്കിലും ഞാനതൊന്നും ശ്രദ്ധിച്ചില്ല. രയറോത്തു നിന്ന്  “വൈറ്റ് തണ്ടറി“ല്‍ ഉടനെ എനിയ്ക്കു  ചേര്‍ക്കാന്‍ പറ്റുന്ന ആള്‍ക്കാരുടെ ഒരു ലിസ്റ്റ് മനസ്സിലുണ്ടാക്കുകയായിരുന്നു ഞാന്‍.

“അപ്പോള്‍ എങ്ങനെയാ ചേരുകയല്ലേ...?”

കച്ചോലക്കാലായില്‍ ഫ്രാന്‍സിച്ചായന്റെ ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്. ദീര്‍ഘകായനായ അദ്ദേഹവും ജെസിച്ചേച്ചിയും മീറ്റിങ്ങിനു വന്നിട്ടുണ്ട്. ആലക്കോട്ടെ സായാഹ്നങ്ങളില്‍ ഏതോ ഒന്നിലാണ് ഫ്രാന്‍സിച്ചായന്‍ എന്നെ കൈയിലെടുത്തത്. ആ ഗാംഭീര്യവാന്റെ വാക്കുകളില്‍ ഒരെണ്ണത്തിനു പോലും തിരിച്ചൊരു സംശയം ചോദിയ്ക്കാനില്ലാത്തവണ്ണം അങ്ങേരെന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു. സിഗററ്റിന്റെ നേര്‍ത്തഗന്ധത്തോടെ  ഫ്രാന്‍സിച്ചായന്‍ പറഞ്ഞതൊക്കെ ഞാന്‍ തലകുലുക്കി സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുദ്യമങ്ങള്‍ -- കൃത്യമായി പറഞ്ഞാല്‍  “ശിവകാശിയിലെ കലണ്ടര്‍ ഏജന്‍സി“, “തമിഴ്നാട് സിമന്റിന്റെ കമ്മീഷന്‍ ഏജന്‍സി“, “കൂണ്‍കൃഷി“, “റബര്‍പാല്‍ സംഭരണ ഏജന്‍സി“, “ചായപ്പൊടി കച്ചവടം“ -- പരാജയപ്പെട്ട് ഇനിയെന്ത് എന്ന ചോദ്യവുമായി ജീവിതം തുറിച്ചുനോക്കുന്ന സമയം. ഫ്രാന്‍സിച്ചായന്റെ ഓരോ വാക്കും രക്ഷകന്റെ സുവിശേഷം പോലെയാണ് എനിയ്ക്കനുഭവപ്പെട്ടത്.

“ചേര്‍ന്നേക്കാം  ഫ്രാന്‍സിച്ചായാ..”

ഞാന്‍ ആവേശത്തോടെ പറഞ്ഞു. ജെസിച്ചേച്ചി എന്നെ നോക്കി നന്നായിച്ചിരിച്ചു. നാല്പതിനടുത്ത് പ്രായമുണ്ടെങ്കിലും ചേച്ചി ഇപ്പോഴും സുന്ദരിയാണ്. ഫ്രാന്‍സിച്ചായന്‍ കുറച്ച് ഫോമുകള്‍ എടുത്ത് എന്റെ പേരും അഡ്രസുമൊക്കെ എഴുതി എന്നെക്കൊണ്ട് ഒപ്പിടുവിച്ചു. അതുകഴിഞ്ഞപ്പോള്‍  പോക്കറ്റില്‍ നിന്നും നൂറിന്റെ ഇരുപത് നോട്ടുകള്‍ ഞാന്‍ഫ്രാന്‍സിച്ചായനെ ഏല്പിച്ചു. അതു നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു, രണ്ടായിരം രൂപയാണ് ജോയിനിങ്ങ് ഫീസ്.

ഒരു ചിരിയോടെ അച്ചായനതു മേടിയ്ക്കുമ്പോള്‍ എന്റെ നെഞ്ചില്‍ എവിടെയോ പൊടിയുന്നുണ്ടായിരുന്നു. അമ്മയ്ക്ക് പ്രഷര്‍ കൂടിയിട്ട് ഡോക്ടറെ കാണിയ്ക്കാന്‍ കൂടി മെനെക്കെടാതെ സൂക്ഷിച്ച് വെച്ച കാശാണിത്. പാലു വിറ്റും, കശുവണ്ടിവിറ്റും സ്വരുക്കൂട്ടിയ കാശ്. മകന്‍ എങ്ങനെയെങ്കിലും ഗതിപിടിയ്ക്കട്ടെ എന്നുകരുതി തന്ന പണം. വിയര്‍പ്പും കണ്ണീരും ഉണങ്ങിപ്പറ്റിയ മുഷിഞ്ഞ നോട്ടുകള്‍...

അപ്പോള്‍ ഫ്രാന്‍സിച്ചായന്‍ ഒരു കറുത്ത ബാഗ് എനിയ്ക്ക് തന്നു. ബിസിനസ് കിറ്റാണത്. ഞാന്‍ തുറന്നു നോക്കി. വൈറ്റ് തണ്ടര്‍ കമ്പനിയുടെ പലവിധ ഉല്പന്നങ്ങള്‍. സോപ്പ്, സോപ്പുപൊടി, അലക്കു സോപ്പ് അങ്ങനെ പലതും. ഏതായാലും നഷ്ടമില്ല, കൊടുക്കുന്ന കാശിന് അത്രേം സാധനം തരുന്നുണ്ടല്ലോ. അങ്ങനെ ആ മുഹൂര്‍ത്തത്തില്‍ ഞാനുമൊരു കണ്‍സള്‍ട്ടന്റായി. പ്രകാശമാനമായ ഒരു വഴി മുന്‍പില്‍ തിളങ്ങുന്നതു ഞാന്‍ കണ്ടു, അവിടെ വര്‍ണത്തൊങ്ങലിട്ട  ചിത്രത്തേര്, എന്നെ കാത്തുകിടക്കുകയാണത്.

“ഗോപ്യേട്ടാ.. ചേട്ടന്റെ കീഴില്‍ മൂന്നുപേര്‍, അവരുടെ കീഴില്‍ മുമ്മൂന്നു പേര്‍, അവരുടെ കീഴില്‍ പിന്നേം മുമ്മൂന്നു പേര്‍... അങ്ങനെ ഓരോ ആളേം ചേര്‍ക്കുമ്പോള്‍ ചേട്ടനു പത്തുശതമാനം കമ്മീഷന്‍. ചേട്ടന്‍ വെറുതെയിരുന്നാല്‍ മതി മാസാമാസം ചെക്ക് കൈയില്‍ വരും... നന്ദകുമാര്‍ സാറിന് മാസം അന്‍പതിനായിരം രൂപയാണ് വരുമാനം..”

“നിനക്കെത്രയാ മാസവരുമാനം..?”

“ഞാന്‍ തുടങ്ങിയതല്ലേയുള്ളു..”

“അല്ലാ ഒരു സംശയം. നീ പറഞ്ഞ പോലെ  ആള്‍ക്കാരെ ചേര്‍ക്കുന്നവര്‍ക്കെല്ലാം പത്തുശതമാനം കമ്മീഷന്‍ കിട്ടണ്ടെ. അങ്ങനെ താഴെവരുന്നവര്‍ക്കെല്ലാം എവിടുന്നെടുത്തുകൊടുക്കും കമ്മീഷന്‍..?

“ചേട്ടാ..അത് ബിസിനസ് വോളിയം............”

“എന്തോന്ന് ബിസിനസ് വോളിയം..എടാ മണ്ടാ നീ ചേര്‍ക്കുന്നവരൊന്നും ആരെയും ചേര്‍ത്തില്ലെങ്കിലോ..?“

എനിയ്ക്കാകെ ചൊറിഞ്ഞു വന്നു. ഒരു പ്രോത്സാഹനം കിട്ടുമെന്നു കരുതിയാണ് ഗോപ്യേട്ടനെ തന്നെ ആദ്യം കാണാമെന്നു കരുതിയത്.

“ഏതായാലും നീ വെറുംകൈയോടെ പോകണ്ട. ഒരു കുളിസോപ്പ് തന്നേര്...”

സോപ്പെങ്കില്‍ സോപ്പ്. ഇയാള്‍ക്ക് ഒരു തവണ കൂടി ക്ലാസെടുക്കേണ്ടി വരും.  ഞാന്‍ ബിസിനസ് കിറ്റ് തുറന്ന് ഒരു കുളിസോപ്പെടുത്ത് ഗോപ്യേട്ടന്റെ മുന്നില്‍ വച്ചു.

“എത്രയാ ഇതിനു വില..?” അതെടുത്ത് തിരിച്ചും മറിച്ചും നോക്കീട്ട് അങ്ങേര് ചോദിച്ചു.

“നാല്പത്തഞ്ച്..”

കൈപൊള്ളിയതുപോലെ ഗോപ്യേട്ടന്‍ സോപ്പ് അവിടെ തന്നെ വെച്ചു. “നാല്പത്തഞ്ച് രൂപയോ..! കടയില്‍ നിന്ന് അഞ്ച് സോപ്പ് വാങ്ങാല്ലോ ഈ കാശിന്..?”

“അത്...ഗോപ്യേട്ടാ ഇതു തേനൊക്കെ ചേര്‍ത്ത പ്രത്യേക സോപ്പാ...” ഞാനല്പം വിക്കി.

“ഹും.. തേനൊഴിച്ച സോപ്പുംകൊണ്ടല്ലേ ഇത്രേം നാളും നമ്മളു കുളിച്ചെ.. ഒന്നു പോയെന്റെ ചെക്കാ.. എനിയ്ക്കു വേറെ പണീണ്ട്..” അങ്ങേര് നിഷ്കരുണം എഴുനേറ്റു പോയി.

രയറോത്തെ പോസ്റ്റാപ്പീസിന്റെ അടുത്ത് വച്ചാണ് ഷാജിയേട്ടനെ കണ്ടത്. എവിടെയോ തിരക്കിട്ടു പോകുകയാണോ അതോ എന്നെക്കണ്ടപ്പോള്‍ തിരക്കുഭാവിച്ചതാണോ..?

“ഷാജ്യേട്ടാ..അവ്ടെ നിന്നേ, ഒരു കാര്യം പറയട്ടെ...”

“എന്താടാ.. എനിയ്ക്ക് ആലക്കോടിനു പോകണം..”

“ഒരധ്വാനവുമില്ലാതെ മാസം പതിനായിരങ്ങള്‍ നേടാനുള്ള ഒരു ബിസിനസ്സുണ്ട്. ഞങ്ങള്‍ടെ വൈറ്റ് തണ്ടര്‍ കമ്പനീടെ..............”

“നിര്‍ത്തിയ്ക്കേ.. നിന്നെകണ്ടപ്പോഴേ എനിയ്ക്ക് രോഗം തിരിഞ്ഞായിരുന്നു. ഇന്നലെ ഗോപി എന്നോട് പറഞ്ഞു. ഞാന്‍ പോട്ടെ..”

 മനസ്സിലെ ലിസ്റ്റില്‍ നിന്ന് ഷാജിയേട്ടന്റെ പേരും വെട്ടി. പ്രധാനപ്രതീക്ഷകളാണ് ഇന്നലെയും ഇന്നുമായി വെട്ടിനീക്കിയത്. നാലഞ്ചു ദിവസംകൊണ്ട് ലിസ്റ്റിലെ അവസാനപേരും വെട്ടിയൊടുവില്‍ സന്ധ്യയ്ക്ക് വീട്ടിലെത്തുമ്പോള്‍ തിണ്ണയിലെ നിലവിളക്ക് കരിന്തിരി കത്തുകയായിരുന്നു. കരിന്തിരി കത്തുന്നതു ദോഷമാണ്. ഞാന്‍ തിരികെടുത്തി നിലവിളയ്ക്കിന്റെ തണ്ടു താഴ്‌ത്തി വെച്ചു. ഈ അമ്മയെവിടെ പോയി..?

 മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍, അകത്തേ മുറിയില്‍ കട്ടിലില്‍ മൂടിപ്പുതച്ചു കിടക്കുന്ന അമ്മയെ കണ്ടു.

“എന്താമ്മേ സന്ധ്യയ്ക്ക് കിടക്കുന്നത്..?” അമ്മയുടെ ഒച്ചയും അനക്കവുമില്ലെങ്കില്‍ വീടാകെ ഉറങ്ങിയപ്പോയതു പോലെയാണ്.

“എനിയ്ക്കെന്തോ ഒരു വയ്യായ്ക. തലകറങ്ങുന്നതു പോലെ.. നീ പോയിട്ട് എന്തായി..? പുതിയ കമ്പനീലെ ജോലിയൊക്കെ എങ്ങനെ..?”

“കുഴപ്പമില്ലമ്മേ.. നാളെ ഡോക്ടറെ കാണിയ്ക്കാം. പ്രഷറിന്റെയായിരിയ്ക്കും തലകറക്കം..” ശൂന്യമായ പോക്കറ്റിനെ പേടിയോടെ ഓര്‍ത്തുകൊണ്ട് ഞാന്‍ പറഞ്ഞു.

“അപ്രത്തെ ചിന്നമ്മേടെ അവിടുന്നു പാലിന്റെ കൊറേ കാശ് കിട്ടാനുണ്ട്. പിന്നെ അമ്പതു രൂപാ കൂടി ചോദിച്ചിട്ടുണ്ട്. ഞാന്‍ രാവിലെ ഡോക്ടറെ കണ്ടോളാം. നീ ജോലി മുടക്കണ്ട..” അമ്മ പുതപ്പ് ഒന്നുകൂടി വലിച്ചിട്ടു.

തിണ്ണയിലെ മേശമേലിരുന്ന ബിസിനസ് കിറ്റിനെ ഞാന്‍ തുറിച്ചുനോക്കി. കറുത്ത ആ ബാഗില്‍ നിന്ന് വലിയൊരു നിലവിളി എന്നെ പൊതിഞ്ഞു. അപ്പോള്‍ മുറ്റത്തെ ഇരുട്ടില്‍ നിന്നാരോ  പൊട്ടിച്ചിരിച്ച പോലെ . ആ ചിരി മൂന്നായി പിരിഞ്ഞു. അവയോരോന്നും പിന്നെയും മൂന്നായി പിരിഞ്ഞു. അതങ്ങനെ അനന്തമായി നീണ്ടുപോയി..

9 Comments, Post your comment:

INTIMATE STRANGER said...

എങ്ങനെ എങ്കിലും ജീവിതം പച്ച പിടിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യന്‍...കുറച്ചു കൂടെ നന്നാക്കാമായിരുന്നു.
all de best

SHANAVAS said...

വൈറ്റ് തന്ടെര്‍ , "ബ്ലാക്ക് തന്ടെര്‍ " ആകാന്‍ ഒട്ടും നേരം എടുത്തു കാണില്ല...പാവം മനുഷ്യന്‍...ആഖ്യാനരീതി കൊള്ളാം.

സുരേഷ്ബാബു വവ്വാക്കാവ് said...

ബാക്കി പത്രത്തില്‍ വായിച്ചിരുന്നു

Kalavallabhan said...

കടയില്‍ നിന്ന് അഞ്ച് സോപ്പ് വാങ്ങാല്ലോ ഈ കാശിന്..?”

ആ പശുവിനു പുല്ലുപറിയ്ക്കാൻ ടൈ കെട്ടണമെന്ന നിയമം കൊണ്ടുവരാമെങ്കിൽ
50000 വേണ്ട 500 മതിയെന്ന് വെയ്ക്കും.

Manoraj said...

ഇത്തരം മള്‍ട്ടിലെവല്‍ മര്‍ക്കെറ്റിങിന്റെ ചതിക്കുഴിയില്‍ വീഴുന്നത് പലപ്പോഴും വിദ്യാഭ്യാസമുള്ളവര്‍ തന്നെയാണ് എന്നതാണ് ഏറെ കഷ്ടം. നിവൃത്തികേടുകൊണ്ടാവാമെങ്കിലും സത്യത്തില്‍ അവരെ കാണുമ്പോള്‍ ഭയമാണ്. മോഡികെയര്‍, ആംവേ എത്രയോ ഉല്‍പ്പങ്ങള്‍ നമ്മേ ചൂഷണം ചെയ്തിരിക്കുന്നു. ഒരു യാഥാര്‍ത്ഥ്യം കഥയാക്കിയതുകൊണ്ടാവാം ജീവനുള്ളത് പോലെ തന്നെ ഫീല്‍ ചെയ്യുന്നു.

jayanEvoor said...

കൊള്ളാം.
ഇഷ്ടപ്പെട്ടു!

priyag said...

മള്‍ടി ലെവല്‍ മാര്‍ക്കെട്ടിങ്ങിനെ മൊത്തത്തില്‍ തള്ളിപ്പറയാമോ? രക്ഷ പെട്ടവരും ഉണ്ട്. ഒരു നാണയത്തിനു ഇരുവശങ്ങളും ഉള്ളതുപോലെ ! കഥ കൊള്ളാം.

ബിജുകുമാര്‍ alakode said...

@ priyag: ഉണ്ടല്ലോ .. രക്ഷപെട്ടവരുണ്ട്. കഥയിലെ നന്ദകുമാര്‍ സാറും ഫ്രാന്‍സിയേട്ടനും രക്ഷപെട്ടവരില്‍ പെടും. പക്ഷെ അതിന്റെ റേറ്റ് 1:10000 ആണെന്നു മാത്രം.

Unknown said...

Njan ee katha Solidarity Pathrikayil vayichu, valare nannayittundu, Solidarity ippol nadathunna Net work markettingumayi bandappettu nadathunna campignumayi ee katha nannayi cherunu,...

Bhavukangal.....