സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ജലസമാധി

December 04, 2011 JIGISH







“Water is coming. Prepare to die or not.!” രണ്ടു ചെറുവാക്യങ്ങൾ മാത്രമുള്ള ഫോൺ സന്ദേശത്തിന്റെ ഉള്ളടക്കം അതായിരുന്നു. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഈ വാക്കുകൾ സൂചിപ്പിക്കുന്നതെന്തെന്ന് എനിക്കാദ്യം പിടികിട്ടിയില്ല. അയച്ചത് ആരെന്നു നോക്കി. നമ്പർ അജ്ഞാതം. പെട്ടെന്നുണ്ടായ ഞെട്ടലിൽ മൊബൈലും കൈയിൽ പിടിച്ച് അല്പനേരം അങ്ങനെയിരുന്നു. അടുത്ത നിമിഷം എന്റെയുള്ളിലിരുന്ന് ആറാമിന്ദ്രിയം മന്ത്രിച്ചു: ‘മുല്ലപ്പെരിയാർ..’ അനിവാര്യമായ വിധിയുടെ മുന്നറിയിപ്പെന്ന പോലെ ഈ വാക്ക് എന്റെ തലയ്ക്കുള്ളിലൂടെ അതിവേഗത്തിൽ മൂളിപ്പറക്കാൻ തുടങ്ങി.

രണ്ടുമണിയാകുന്നതേയുള്ളു. കൊട്ടാരത്തിൽ സന്ദർശകർ പൊതുവെ കുറവാണ്. കാന്റീനിലെ ഒഴിഞ്ഞ മൂലയിൽ സീറ്റു പിടിച്ച് ഒരു വെജിറ്റേറിയൻ ഊണിനുള്ള നിർദ്ദേശം നൽകി അതിനായി കാക്കുകയായിരുന്നു ഞാൻ. കഴിഞ്ഞ രണ്ടു മണിക്കൂർ നേരം, കാനഡയിൽ നിന്നുള്ള ജൂതന്മാരുടെ ഒരു ചെറുസംഘത്തോടൊപ്പമായിരുന്നു. ഉച്ചഭക്ഷണത്തിനായി ഗ്യാലറികൾ അടച്ചപ്പോഴും അവരുടെ കൌതുകങ്ങൾ അവസാനിച്ചിരുന്നില്ല. എപ്പിഗ്രാഫി ഗ്യാലറിയിലെ ആട്ടിൻ തോലിലെഴുതപ്പെട്ട ‘ബൈബിളാ’ണ് അവരെ ഏറ്റവുമാകർഷിച്ചത്. കേരളത്തിലെ ഒരു മ്യൂസിയത്തിൽ അങ്ങനെയൊന്ന് അവരൊട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി. ഹീബ്രൂ ലിപിയിൽ രചിക്കപ്പെട്ട അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെപ്പറഞ്ഞ് നേരം പോയതറിഞ്ഞില്ല. ഒടുവിൽ, അവരെ യാത്രയാക്കുമ്പോൾ സമയം ഒന്നേമുക്കാൽ.

എത്ര പെട്ടെന്നാണ് മനുഷ്യജീവിതം മാറിമറിയുന്നത്.? മരണമോ ജീവിതമോ വലുതെന്ന പ്രാഥമികമായ പ്രശ്നമാണ് ഒരു മെസ്സേജിലൂടെ ഇപ്പോൾ എന്റെ മുഖത്തടിച്ചിരിക്കുന്നത്.! സ്വാഭാവികമായും ജീവിതമെന്ന ഓപ് ഷൻ തന്നെ തെരഞ്ഞെടുക്കാൻ ഞാൻ തീരുമാനിച്ചു. വെയിറ്ററോട് സോറി പറഞ്ഞ് അതിവേഗത്തിൽ ഓഫീസിലേക്കു പാഞ്ഞു. ഓഫീസർ ടൂറിലായതിനാൽ ആ ചുമതലയും എനിക്കാണ്. ഇന്നത്തെ എന്റെ ഉത്തരവാദിത്തങ്ങൾ എന്നിൽ മാത്രം ഒതുങ്ങുന്നതല്ല എന്നർത്ഥം.

ഡയറക്ടറെയാണ് ആദ്യം വിളിച്ചത്. റൂട്ട് ബിസിയാണെന്ന മറുപടി കിട്ടി. പലവട്ടം ശ്രമിച്ചിട്ടും അതേ മറുപടി. പല നമ്പറുകളും മാറിമാറി പരീക്ഷിച്ചപ്പോഴാണ് സംഗതിയുടെ ഗൌരവം മനസ്സിലായത്. നെറ്റ്വർക്ക് മുഴുവൻ തകരാറിലായിരിക്കുന്നു.! ലാൻഡ് ഫോണിൽ വിളിച്ചു. രക്ഷയില്ല. ‘ഈ റൂട്ടിലേയ്ക്കുള്ള എല്ലാ ലൈനുകളും ബിസിയാണ്.!‘ മനസ്സ് ഒരു അപകടം മണത്തു. ചാനൽവാർത്തയ്ക്കായി ഞാൻ മൊബൈലിലെ ഇന്റർനെറ്റ് പരതി. 10 മിനിറ്റ് അദ്ധ്വാനിക്കേണ്ടിവന്നു ഗൂഗിൾ ജാലകം ഒന്നു തുറന്നുകിട്ടാൻ. പിന്നീട്, എന്റെ ശ്വാസഗതി വർദ്ധിപ്പിച്ചുകൊണ്ട് ആ ഫ്ലാഷ് ന്യൂസ് എന്റെ നെഞ്ചിനുള്ളിൽ ഒരു ഇടിമിന്നൽ തീർത്തു. “മുല്ലപ്പെരിയാർ ഡാം തകർന്നു. ജനങ്ങൾ ഉടനടി സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കു മാറുക..എല്ലാവരും ജാഗ്രത പാലിക്കുക..കരുതലോടെയിരിക്കുക.!” ഏതൊരു ദുരന്തവാർത്തയെയും ഒരു പത്രപ്രവർത്തകന്റെ നിർമ്മമതയോടെ നേരിടാറുള്ള എന്നെപ്പോലും, ക്രൂരമായ ഈ വാക്കുകൾ തളർത്തിക്കളഞ്ഞു. വിധിനിർണ്ണായകമായ ആ നിമിഷം ഇതാ നേർക്കുനേർ വന്നുനിൽക്കുന്നു.!

അല്പസമയത്തിനുള്ളിൽ സമനില വീണ്ടെടുത്തു. ‘അങ്ങനെ തളരാൻ പാടില്ല. ഇത് എന്റെ ദിവസമാണ്. എന്റെ അനാസ്ഥ മൂലം ഒരു മനുഷ്യജീവൻ പോലും അപായപ്പെടരുത്..ഒരു സഹപ്രവർത്തകനു പോലും പരിക്കേൽക്കരുത്.‘ ധൈര്യം സംഭരിച്ച്, ഞാൻ കർമ്മനിരതനായി. സെക്യൂരിറ്റി ഓഫീസറെ വിളിച്ചുവരുത്തി എല്ലാ സന്ദർശകരെയും ഉടൻ പുറത്തിറക്കാനും പ്രധാനകവാടം അടയ്ക്കാനും നിർദ്ദേശിച്ചു. ഗ്യാലറികളെല്ലാം അടച്ചുപൂട്ടി സീൽ ചെയ്തു. കുട്ടികളുടെ പാർക്കും കാന്റീനും ഒഴിപ്പിച്ചു. എല്ലാ ജീവനക്കാരും അടിയന്തിരമായി ഓഫീസിലെത്താൻ കർശനനിർദ്ദേശം നൽകി. ചുരുങ്ങിയ വാക്കുകളിൽ അവരോട് സ്ഥിതിഗതികൾ വിശദീകരിച്ചു. അക്കൌണ്ടന്റ് വിമലയോട് ഓഫീസിലുള്ള പണം എണ്ണിത്തിട്ടപ്പെടുത്തി, ഒരു ബാഗിലാക്കി കൈവശം വെയ്ക്കാൻ പറഞ്ഞു.

അപ്രതീക്ഷിതമായ അപായസൂചന ചിരിക്കുന്ന മുഖങ്ങളെയെല്ലാം പെട്ടെന്നു മ്ലാനമാക്കി. ഉച്ചയൂണിനുശേഷം സുഖകരമായ പരദൂഷണത്തിൽ മുഴുകിയിരുന്നവർ പെട്ടെന്നു ദൈവനാമങ്ങൾ ഉച്ചരിക്കാൻ തുടങ്ങി. മനസ്സിന്റെ കടുത്ത സമ്മർദ്ദത്താൽ പലർക്കും സംസാരശേഷി നഷ്ടപ്പെട്ടു. ഇത്രയുമായപ്പോൾ, തെരുവിൽനിന്ന് പോലീസിന്റെ മുന്നറിയിപ്പ് അന്തരീക്ഷത്തിൽ മുഴങ്ങാൻ തുടങ്ങി. ജനങ്ങൾ എത്രയും വേഗം വീടുകളിലേക്കു മടങ്ങണമെന്നും ഉയരമുള്ള സുരക്ഷിതസ്ഥാനങ്ങളിൽ നിലയുറപ്പിക്കണമെന്നും അവർ ആവർത്തിച്ചുകൊണ്ടിരുന്നു.

‘ദൈവത്തിന്റെ സ്വന്തം നാട്ടി‘ൽ ആദ്യമായി സർവ്വനാശം വിതയ്ക്കാൻ പോകുന്ന ജലബോംബിന്റെ ആഘാതത്തെക്കുറിച്ച്, അണപൊട്ടിവരുന്ന ഗതികോർജ്ജത്തിന്റെ മാരകമായ കുതിരശക്തിയെക്കുറിച്ച് ഒരു ധാരണയിലെത്തി. ഒടുവിൽ നിർമ്മിച്ചതും ഉയരം കൂടിയതുമായ ബ്ലോക്കിന്റെ മൂന്നാം നിലയുടെ ടെറസ്സ് സുരക്ഷിതമായ അഭയസങ്കേതമായി ഞാൻ തെരഞ്ഞെടുത്തു. പഴക്കം ചെന്നതും ബലക്ഷയമുള്ളതുമായ ഓടുമേഞ്ഞ കെട്ടിടങ്ങളാണ് ബാക്കിയെല്ലാം. ടെറസ്സിലേക്കുള്ള വാതിൽ തുറന്ന്, ഹാജരുള്ളവരെ എണ്ണിത്തിട്ടപ്പെടുത്തി മുകളിലെത്തിച്ചു. ഏകദേശം 4000 ചതുരശ്ര അടി വിസ്താരമുള്ള വിശാലമായ ടെറസ്സിൽ എല്ലാവരും നിരന്നുവെങ്കിലും ആർക്കും ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല പേടിപ്പെടുത്തുന്ന ഒരു മൂകത അവിടെ തളം കെട്ടിനിന്നു..രണ്ടു കാലിനും സ്വാധീനമില്ലാത്ത ഫാത്തിമയെന്ന ക്ലർക്കിനെ വീൽ ചെയറിലിരുത്തി താങ്ങിയെടുത്താണ് മുകളിലെത്തിച്ചത്. തികച്ചും സന്ദിഗ് ദ്ധമായ ഈ ഘട്ടത്തിലും അസാധാരണമായ ഒരു നിസ്സംഗത അവരുടെ മുഖത്തു കാണപ്പെട്ടു.

മുക്കാൽ മണിക്കൂറിനകം കൊട്ടാരവളപ്പ് ശൂന്യമാക്കി ഗേറ്റ് പൂട്ടിയതായി സെക്യൂരിറ്റി ഓഫീസർ ജോസഫ് അറിയിച്ചു. ക്ലോസ്ഡ് സർക്യൂട്ട് സംവിധാനത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെല്ലാം പ്രവർത്തനസജ്ജമാക്കാനും എന്തു സംഭവിച്ചാലും അതിന്റെയെല്ലാം വീഡിയോ ചിത്രങ്ങൾ കമ്പ്യൂട്ടറിൽ റിക്കോർഡ് ചെയ്യാനുമുള്ള സംവിധാനമൊരുക്കി, ആ ചുമതല ജോസഫിനെ ഏൽ‌പ്പിച്ച് ഞാൻ വീണ്ടും ടെറസ്സിലെത്തി. ജീവിതത്തിലാദ്യമായാണ് ഇതുപോലൊരു വെല്ലുവിളി നേരിടുന്നതെങ്കിലും ഭയമെന്ന വികാരം എന്റെ മനസ്സിലിപ്പോൾ അല്പം പോലുമുണ്ടായിരുന്നില്ല. ഞാനറിയാതെ, എന്റെ സിരകളിലേക്ക് എവിടെനിന്നോ ഊർജ്ജം പ്രവഹിച്ചു. സഹജീവികളായ നിരവധി പേരുടെ ജീവൻ ഇപ്പോൾ എന്റെ ഉത്തരവാദിത്തമാണെന്ന സത്യം ഞാൻ ഉൾക്കൊള്ളുകയായിരുന്നു.! തകർന്ന ‘ടൈറ്റാനിക്കി‘ലെ ജാക്കിനും റോസിനും കൈവന്നതുപോലെയുള്ള വിചിത്രമായ ഒരു മനോധൈര്യം എന്നെയും ആവേശഭരിതനാക്കി.

കാര്യങ്ങൾ നിയന്ത്രണവിധേയമാക്കി, ഞാൻ ചുറ്റുമുള്ള പ്രകൃതിയിലേയ്ക്കു നോക്കി. എത്ര മനോഹരമായ കാഴ്ചകൾ.! അല്പമകലെയുള്ള പാർക്കിൽ പ്ലാവില കടിച്ചുതിന്നുന്നതിനിടെ നിഷ്കളങ്കമായി പരസ്പരം കൊമ്പുകോർക്കുന്ന പുള്ളിമാനുകൾ. അവയെ ദൈവം രക്ഷിക്കട്ടെ..! പക്ഷികൾ എത്ര അനുഗ്രഹിക്കപ്പെട്ടവരാണെന്ന് എനിക്കു പെട്ടെന്നോർമ്മ വന്നു. ഒരു ജലഭീമനും അത്രയെളുപ്പത്തിൽ അവയുടെ ജീവനെടുക്കാനാവില്ല.! കലികയറിയ പ്രകൃതിയ്ക്കു മുന്നിൽ, മനുഷ്യൻ തന്നെയാണ് ഏറ്റവും ദുർബ്ബലനെന്ന് എനിക്കു തോന്നി. കണക്കുകൂട്ടൽ ശരിയാണെങ്കിൽ, ഏകദേശം അരമണിക്കൂറിനകം സംഹാരമൂർത്തിയായ ആ ജലഭീമൻ ഇവിടെയെത്തിച്ചേരും. അനിയന്ത്രിതമായ ഒരാവേശത്തിൽ, ഞാൻ ബാഗ് തുറന്ന് ക്യാമറയെടുത്തു. എന്റെ അഭാവം ഈ ലോകത്തെ സംബന്ധിച്ച് തീർത്തും അപ്രസക്തമാണ്. ഒരുവേള, മരണത്തിലൂടെ യെങ്കിലും ചരിത്രരേഖയാകാനിടയുള്ള ഒരു ചിത്രം ലോകത്തിനു നൽകാൻ കഴിഞ്ഞാൽ, അത് വിലപ്പെട്ട ഒരു സംഭാവനയായിരിക്കുമെന്ന് എന്റെ മനസ്സ് എന്നോടു മന്ത്രിച്ചു.

ഒടുവിൽ, ആ സമയമെത്തിച്ചേർന്നു. കിഴക്കുദിക്കിലേയ്ക്ക് ഇമവെട്ടാതെ തുറിച്ചുനോക്കി നിന്ന ഞങ്ങളുടെ കണ്മുന്നിലേയ്ക്ക് ആയിരം കൊമ്പനാനകളുടെ ചിന്നംവിളിയുമായി ഭീമാകാരനായ ആ ജലരാക്ഷസൻ അടുത്തടുത്തുവന്നു. എട്ടടിയെങ്കിലും ഉയരമുള്ള ചുറ്റുമതിൽ അനായാസം തകർത്തുകൊണ്ട്, ഉയരമുള്ള കൽത്തിട്ടകളിലൂടെ ഇരമ്പിക്കയറി അതാ അവൻ വരുന്നു.! എന്റെ ക്യാമറ രണ്ടുവട്ടം പ്രവർത്തിച്ചു. അടുത്ത സെക്കന്റിൽ ഞങ്ങൾ നിൽക്കുന്ന കൊട്ടാരസമുച്ചയത്തിലേക്കു ചീറിയടുത്ത അവൻ അതിന്റെ നെടുങ്കൻ ഭിത്തികളിൽ തല്ലിയലച്ചു പൊട്ടിച്ചിതറി. എനിക്കുചുറ്റും അലറിവിളിക്കുന്ന മനുഷ്യരുടെ ശബ്ദഘോഷങ്ങൾക്കിടയിലൂടെ ജലപാളികൾ ആകാശത്തേക്കുയർന്നുപൊങ്ങി. ഒരു തകർപ്പൻ മഴയിൽ ഞങ്ങൾ നനഞ്ഞു കുതിർന്നു. ഒരു നിമിഷം, കൊട്ടാരം ഒന്നു കുലുങ്ങി നിവർന്നതായി എനിക്കനുഭവപ്പെട്ടു. ഇതിനിടയിലെപ്പോഴോ ക്യാമറ ഒരിക്കൽക്കൂടി ക്ലിക്ക് ചെയ്തതായി എനിക്കോർമ്മയുണ്ട്. പിന്നെ, ബോധാബോധങ്ങൾക്കിടയിലെ ആഴക്കിണറിലേയ്ക്ക് ഞാനും വീണുപോയി. വലിയൊരലർച്ചയോടെ എന്തോ നിലംപതിക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു നോക്കവേ, അല്പം മുൻപു വരെ ഓഫീസ് പ്രവർത്തിച്ചിരുന്ന നേത്യാരമ്മയുടെ ബംഗ്ലാവ് തകർന്ന് തിരയടിക്കുന്ന ജലശയ്യയിലേയ്ക്കമരുന്നതാണു കണ്ടത്. മരണത്തെ മുഖാമുഖം കണ്ടതുപോലെ എല്ലാവരും അലറിവിളിച്ചു. എവിടെനിന്നൊക്കെയോ ദീനരോദനങ്ങളും പക്ഷിക്കരച്ചിലുകളും അലർച്ചകളും ഉയർന്നു കേട്ടു. പിന്നിലേക്കു തിരിഞ്ഞുനോക്കിയപ്പോൾ, തോട്ടത്തിലെ മരങ്ങളെയും കൽക്കെട്ടുകളെയും കടപുഴക്കിക്കൊണ്ട് വന്യമായ ശക്തിയോടെ ആ രാക്ഷസരൂപം മതിൽ ചാടിക്കടന്നു മറയുന്നത് ഞാൻ വ്യക്തമായിക്കണ്ടു.

പിന്നീട്, ഒരു ദുസ്വപ്നത്തിൽ നിന്നുണർന്നപോലെ ഞാൻ ചുറ്റും നോക്കി. ഇല്ല; ആരും മരിച്ചിട്ടില്ല. മരണതുല്യമോ അതിനേക്കാൾ ഭീകരമോ ആയ ഒരവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്നുപോയതെന്നു തോന്നി. നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ആ ജലയുദ്ധത്തിൽ എല്ലാം തകർന്നടിഞ്ഞു കഴിഞ്ഞു. തൊട്ടുമുൻപുവരെ നിറയെ പൂക്കളുമായി ചിരിച്ചുനിന്നിരുന്ന പൂന്തോട്ടം ചെളിവെള്ളം നിറഞ്ഞ ഒരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു.! ഒരക്ഷരം പോലും ഉരിയാടാനാവാതെ, മരവിച്ച മനസ്സുമായി ഞങ്ങൾ ആ വെറും നിലത്ത് കുത്തിയിരുന്നു.

പത്തുപതിനഞ്ചുമിനിറ്റിനകം ഞാൻ സമചിത്തത കൈവരിച്ചു. ജോലികൾ ഇനിയും ബാക്കിയുണ്ട്. മൊബൈൽ കൈയിലെടുത്ത് 100-ലേയ്ക്കു വിളിച്ചു. ഏറെ ശ്രമിച്ചതിനു ശേഷമാണ് മറുപടി ലഭിച്ചത്. കൊട്ടാരത്തിൽ കുടുങ്ങിയിട്ടുള്ളവരുടെ സ്ഥിതിവിവരക്കണക്ക് ഞാൻ അവരെ ബോധ്യപ്പെടുത്തി. രക്ഷാപ്രവർത്തകരെത്തും വരെ അവിടെത്തന്നെയിരിക്കാനും ആരും താഴെയിറങ്ങരുതെന്നും പോലീസ് പറഞ്ഞു. ബൈനോക്കുലറിന്റെ കാഴ്ചവട്ടത്തിൽ കാണാവുന്ന കാര്യങ്ങൾ സെക്യൂരിറ്റി ജീവനക്കാർ തന്നെ എനിക്കു കാട്ടിത്തന്നു. നേരത്തെ പുള്ളിമാനുകൾ നിന്നിരുന്ന പ്രദേശം ഇപ്പോൾ ശൂന്യമായിരുന്നു.! കൊട്ടാരത്തിനു പിന്നിലെ വിശാലമായ എട്ടുകെട്ടിന്റെ ഒരു ഭാഗവും കുളപ്പുരമാളികയും തകർന്നു നിലംപൊത്തിക്കിടക്കുന്നത് ഞങ്ങൾ ഭീതിയോടെ നോക്കിക്കണ്ടു.

പരിസരവീക്ഷണം നടത്തിവന്ന ജോസഫ് കൊട്ടാരമുറ്റത്ത് നാലടിയോളം ഉയരത്തിൽ ചെളി അടിഞ്ഞുകൂടിയിട്ടുണ്ടെന്ന റിയിച്ചു. സ്റ്റാഫിനു പുറത്തുകടക്കാൻ ഹെലിക്കോപ്റ്ററിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അവർ താമസിയാതെ എത്തുമെന്നും അയാൾ പറഞ്ഞു. ഏകദേശം അരമണിക്കൂർ കഴിഞ്ഞതോടെ ആകാശത്തിൽ തലങ്ങും വിലങ്ങും ഹെലിക്കോപ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സ്വന്തമൂഴം കാത്ത് ഞങ്ങൾ ആകാശത്തേക്കു നോക്കിയിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ലൈനിൽ കിട്ടാൻ എല്ലാവരും കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും നെറ്റ്വർക്ക് പുന:സ്ഥാപിക്കപ്പെട്ടിരുന്നില്ല. ആശങ്കയുടെ മിനിറ്റുകൾ കടന്നുപൊയ്ക്കൊണ്ടേയിരുന്നു..

പോലീസിന്റെ വയർലെസ് സംവിധാനമായിരുന്നു ഏക ആശ്വാസം. ഹെലിപ്പോപ്റ്ററുകൾ ഉടനെ ടെറസ്സിലിറങ്ങുമെന്നും എല്ലാവരും താഴത്തെ നിലയിലേക്കിറങ്ങി ക്യൂവായി നിൽക്കാനും അറിയിപ്പു കിട്ടി. മൂന്നുജില്ലകൾ ഏറെക്കുറെ നാമാവശേഷമായിട്ടുണ്ടെന്നും റോഡ് ഗതാ‍ഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണെന്നും നിരവധി ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്നും മരണസംഖ്യ ലക്ഷങ്ങളാണെന്നും ഇതിനിടെ, ജോസഫ് എന്റെ ചെവിയിൽ അടക്കം പറഞ്ഞു. താമസിയാതെ ഒരു ഹെലിക്കോപ്റ്റർ സുരക്ഷിതമായി ടെറസ്സിലിറങ്ങി. സ്ത്രീകൾക്കായിരുന്നു ആദ്യ അവസരം. ആറു ഘട്ടമായി എല്ലാവരെയും കയറ്റിവിട്ടു. ഞാനും ജോസഫും അവസാനത്തെ വിമാനത്തിൽ കയറി. അപായമില്ലാതെ എല്ലാവരെയും രക്ഷാകേന്ദ്രങ്ങളിലെത്തിക്കാൻ കഴിഞ്ഞതിന്റെ സമാധാനത്തിൽ, ഞാനൊരു ദീർഘനിശ്വാസമുതിർത്തു. അപ്പോഴാണ് കിലോമീറ്ററുകൾക്കപ്പുറത്തുള്ള എന്റെ ഗ്രാമത്തെയും പുഴയുടെ തീരത്തുള്ള എന്റെ ഗൃഹത്തിലെ പാവം മനുഷ്യാത്മാക്കളെയും കുറിച്ച് ഞാനോർത്തത്. എന്തൊക്കെയാവും സംഭവിച്ചിരിക്കുക എന്നാലോചിച്ചപ്പോൾ, ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി. താഴെ, തെങ്ങിൻ തലപ്പുകൾക്കിടയിലൂടെ നഷ്ടാവശിഷ്ടങ്ങളിലേയ്ക്കു നോക്കിയിരിക്കെ, എന്റെ മനസ്സ് ആരുമറിയാതെ തേങ്ങിക്കൊണ്ടിരുന്നു.

* * * *

ചുവരിലിരുന്ന് ഒരു കിളി ചിലച്ചു. ഞാൻ ഞെട്ടിയുണർന്നു. ഹോ, വിസ്മയത്താൽ എന്റെ ശരീരം വിറച്ചു. ഇത്ര നേരവും കണ്ടതെല്ലാം സ്വപ്നമായിരുന്നോ.? അനുഭവിച്ചതെല്ലാം മായയായിരുന്നോ.? അപ്രതീക്ഷിതമായി ജീവിതം തിരിച്ചു പിടിച്ചതു പോലെ എന്റെ മനസ്സ് സന്തോഷത്താൽ തുടിച്ചു. കിടക്കയിൽ നിന്നെണീറ്റു ലൈറ്റിട്ടു. കൃത്യം ആറുമണി. നേരം പുലരുന്നതേയുള്ളു. ആകാംക്ഷാഭരിതനായി വാതിൽ തുറന്ന് ഞാൻ മുറ്റത്തേയ്ക്കു നോക്കി. ഇല്ല. ഒന്നും സംഭവിച്ചിട്ടില്ല. അകത്തെ മുറിയിൽ നിന്ന് അമ്മയുടെ ചുമ കേട്ടു. ഹോ..സമാധാനമായി. ഇല്ല, ഒന്നും സംഭവിച്ചിട്ടില്ല. ഒന്നും സംഭവിച്ചിട്ടില്ല.!

ആശ്വാസം നിറഞ്ഞ മനസ്സോടെ, പുനർജ്ജന്മം ലഭിച്ചവന്റെ ആനന്ദത്തോടെ സോഫയിൽ ചാരിക്കിടന്ന് ടീവി ഓൺ ചെയ്തു. റിമോട്ടിൽ വിരലമർത്തിയതും കണ്മുന്നിൽ നിറഞ്ഞത് പ്രളയജലത്തിൽ തകർന്നു തരിപ്പണമായ ഒരു വിമാനത്താവളത്തിന്റെ ദൃശ്യമാണ്. ഹോ, ഇതു നെടുമ്പാശ്ശേരിയാണല്ലോ.! ഞെട്ടിവിറച്ചുകൊണ്ട് ഞാൻ ചാടിയെണീറ്റു. ആ കാഴ്ചകൾ എന്നെ ശ്വാസം മുട്ടിച്ചു. തിങ്ങിനിറഞ്ഞ അഭയാർത്ഥി ക്യാമ്പുകൾ..ആശങ്കാകുലമായ മനുഷ്യമുഖങ്ങൾ..അടക്കിപ്പിടിച്ച തേങ്ങലുകൾ.. ജോലിയിൽ മുഴുകിയ നഴ്സുമാരും ഡോക്ടർമാരും, അന്തിമവിധിയേറ്റുവാങ്ങി നിശ്ചലരായവർ..ഹൃദയം തകർന്ന നിലവിളികൾ..പാതിയും മുക്കാലും വെള്ളത്തിൽ മുങ്ങിയ കൊച്ചിയിലെ വൃക്ഷങ്ങളും കെട്ടിടങ്ങളും…ദൈവമേ, എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത്.? ഇതു സത്യമോ മിഥ്യയോ.? സ്വപ്നത്തിനും സത്യത്തിനുമിടയിലെ അതിർവരമ്പുകൾ ഇല്ലാതായോ.? ഞാൻ എന്റെ ശരീരത്തിൽ വീണ്ടും വീണ്ടും നുള്ളിനോക്കി. അത്ഭുതമെന്നു പറയട്ടെ. ഒട്ടും നോവുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരു ആശയക്കുഴപ്പം എന്നെ ഉഴുതുമറിച്ചു. ശിരസ്സിനുള്ളിൽ എന്തോ പെരുത്തുവരുന്നതു പോലെ..എന്റെ സമാധാനം നഷ്ടപ്പെട്ടു. അവസാനിക്കാത്ത ഒരു ജലസമാധിയുടെ സുഖദമായ തണുപ്പിനായി മനസ്സും ശരീരവും കൊതിച്ചു. കുളിമുറിയിലേക്കോടിക്കയറി ബാത്ത്ടബ്ബിൽ വെള്ളം നിറച്ചു. പിന്നെ, നിരുപാധികമായ ശാന്തി മാത്രമാഗ്രഹിച്ച് ഞാൻ ആ തണുപ്പിലാണ്ടുകിടന്നു.!

0 Comments, Post your comment: