സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പുനര്‍ജ്ജന്മം

December 18, 2011 മഴനിലാവ് by Lee(Liya Ann)

ഉദയസൂര്യന്റെ കിരണങ്ങള്‍ ക്ഷേത്ര മുറ്റത്തെ ആല്‍മരത്തിന്റെ ശാഖകള്‍ക്കിടയിലൂടെ ധന്യയുടെ മുഖത്തേക്ക് ഒളിഞ്ഞും തെളിഞ്ഞും പതിച്ചുകൊണ്ടിരുന്നു ..കുടുംബ ക്ഷേത്രത്തില്‍ തൊഴുതു അവള്‍ ധൃതിയില്‍ വീട്ടിലേക്കു നടന്നു ..സമയം 7 മണി ആയി, എട്ടു മണിയുടെ ബസിനു പോകേണ്ടതാണ് .


വീട്ടിലെത്തിയതും അമ്മ ലക്ഷ്മിയുടെ പരാതി '' നിന്നോട് എപ്പോഴും പറയണോ മനുവിനെ കൂട്ടികൊണ്ട് പോകണം തൊഴാന്‍ പോകുമ്പോള്‍ എന്ന് ''

''ഓ അതിനു മനുവേട്ടന്‍ എഴുന്നേറ്റിട്ട് വേണ്ടേ ''

''ദെ പെണ്ണെ ..നീ എന്റെ കൈയ്യീന്ന് വാങ്ങിക്കും ..,ഞാന്‍ ഒരുങ്ങി വന്നപോഴേക്കും നീ മിണ്ടാതെ പോയ്കളഞ്ഞില്ലേ..'' ധന്യയുടെ ചേട്ടന്‍ മനുവിന്റെ വാക്കുകളില്‍ തെല്ലു നീരസം .

''എന്തായാലും ഞാന്‍ റെഡിയാ.,നീ വേഗം വല്ലോം കഴിച്ചിട്ട് വാ ..എക്സാം എഴുതാന്‍ പോകുവല്ലേ ..ബസിനു പോകണ്ട ..ഞാന്‍ കൊണ്ടുവിടാം ''

''അത് വേണ്ട ഏട്ടാ..ഞാന്‍ ബസിനു പോയ്കൊള്ലാം..,കാഞ്ഞിരത്തു നിന്നു ശീനയും ഉണ്ട് കൂട്ടിനു ..ഞങ്ങള്‍ ഒരുമിച്ചു പൊയ്കോളാം''

''എന്റെ കുട്ടീ ..അങ്ങ് പാലക്കാട്‌ വരെ പോകേണ്ടതാ .. മനു കൊണ്ട് വിടും നിന്നെ ..തിരിച്ചു നീയും ഷീനേം കൂടെ പോന്നോളൂ ..നിങ്ങടെ അച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍ എവിടേലും നീ തനിച്ചു പോയിട്ടുണ്ടോ ..?അതിനു അച്ഛന്‍ സമ്മതിക്കാരുന്നോ? ഇവിടിപ്പോ എന്റെ വാക്കിനു എന്ത് വിലയാ ഉള്ളത് ..,അടുത്ത മാസം കല്യാണം കഴിച്ചു പോകേണ്ട കുട്ടിയല്ലേ നീയ് ..,ഒരു പി എസ് സി പരീക്ഷ എഴുതിയില്ലെങ്കില്‍ നിനക്ക് എന്താ പോണേ ..?പോകുന്നുണ്ടെങ്കില്‍ മനൂന്റെ കൂടെ ഇറങ്ങിയാ മതി ..അല്ലെങ്കില്‍ തന്നെ തിരിച്ചു വരുന്നോടം വരെ ന്റെ മനസ്സില്‍ തീയാ ..''

ലക്ഷ്മിയമ്മ പരാതികളുടെ കെട്ടുകള്‍ നിരത്തി .

''ഏട്ടാ ..എന്നാ പെട്ടെന്ന് വാ ..തിരിച്ചു ഞാന്‍ ഷീനെടെ കൂടെയേ വരുള്ളൂ ട്ടോ ''

''ഞാന്‍ എപ്പോഴേ റെഡി ..,നിനക്കല്ലേ എന്റെ കൂടെ വരാന്‍ മടി ..അവിടെ എക്സാം എഴുതാന്‍ വരുന്ന പെണ്‍കുട്ടികളെ ഒന്ന് വായ്‌ നോക്കാന്‍ കിട്ടുന്ന അവസരം ഞാന്‍ കളയൂല മോളെ.. ''

മനുവിന്റെ വാക്കുകളില്‍ സന്തോഷം തിരതല്ലി.

എരിഞ്ഞുകൊണ്ടിരിക്കുന്ന വിളക്കിന് മുകളില്‍ പുഞ്ചിരിയോടെ നിശ്ചലമായിരിക്കുന്ന  അച്ഛന്റെ പ്രതിരൂപത്തെ തൊഴുതു അമ്മയോട് അനുഗ്രഹം വാങ്ങി ഇറങ്ങിയപ്പോള്‍ ധന്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .

''അവള്‍ടെ ഒരു പൂക്കണീരു ..വന്നു ബൈക്കില്‍ കേറ് നീ..''
മനു തിരക്ക് കൂട്ടി .

സിനിമ സ്റ്റൈലില്‍ വളച്ചും തിരിച്ചും മനു അതിവേഗതയില്‍ ബൈക്ക് ഓടിച്ചുകൊണ്ടിരുന്നു ..
ധന്യയുടെ മൊബൈല്‍ ശബ്ദിച്ചു.
ജെറോം ആണ് .. മൊബൈല്‍ സൈലെന്സില്‍ ആക്കി ..പിന്നെയും നിര്‍ത്താതെ മൊബൈല്‍ അടിച്ചുകൊണ്ടിരുന്നു ..,അവള്‍
റിജെക്റ്റ് ബട്ടണ്‍ അമര്‍ത്തികൊണ്ടിരുന്നു .

ധന്യയെ പരീക്ഷസേന്റെരില്‍ കൊണ്ടെത്തിച്ചു മനു തിരിച്ചു പോന്നു ..,

''എക്സാം കഴിഞ്ഞു ഷീനെടെ കൂടെ അവിടേം ഇവിടേം കറങ്ങി തിരിഞ്ഞു നിക്കാതെ വേഗം വീട്ടില്‍ എത്തികോണം ''
എന്ന് മുന്നറിയിപ്പും കൊടുത്തു .

മനു പോയെന്നു ഉറപ്പായപ്പോള്‍ അവള്‍
ജെറോമിനെ വിളിച്ചു
''നീ എവിടെയാ ...,ഞാന്‍ വിക്ടോറിയ കോളേജിന്റെ ഗ്രൗണ്ടില്‍ ഉണ്ട് ..ഏട്ടനാ കൊണ്ടേ വിട്ടത് അതുകൊണ്ട് ബസ്‌ സ്ടാണ്ടില്‍ ഇറങ്ങാന്‍ പറ്റിയില്ല ''

''ധന്യ ..നീ അവിടെ തന്നെ നില്‍ക്ക്..,റിയാസും ദിനേശും ഒക്കെ വണ്ടി കൊണ്ട് വരും ..,ഞാന്‍ അവരോടു വിളിച്ചു പറയാം ..,അപ്പോയെക്കും ഞാനും സനലും കൂടെ രെജിസ്ടര്‍ ഓഫീസിലേക്ക് പോകാം ..അവിടെ കുറച്ചു കാര്യങ്ങള്‍ അറേഞ്ച് ചെയ്യാന്‍ ഉണ്ട് ..നീ അവരുടെ കൂടെ രെജിസ്ടര്‍ ഓഫീസിലേക്ക് വന്നാല്‍ മതി ..,പത്തര ആകുംപോയെക്കും എത്തണം വൈകരുത് ..''

''ശരീ ..പക്ഷെ എനിക്ക് പേടിയാകുന്നു ..കുഴപ്പമാകുമോ ..നിന്നെ വിശ്വസിച്ചാ ഞാന്‍ വന്നിരിക്കുന്നത് ..എന്റെ അമ്മേം മനുഎട്ടനേം ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സ് പതറുന്നു ..''

''ഇതൊന്നു കഴിഞ്ഞോട്ടെ..നമുക്ക് അവരെ സാവധാനത്തില്‍ പറഞ്ഞു മനസിലാക്കാം ..,അവര്‍ സമ്മതിക്കും ..പിന്നെ നമുക്ക് ആചാരപ്രകാരം നീ പറയുന്നയിടത്തു കല്യാണം നടത്താം ..നീ ഇങ്ങനെ വിഷമിച്ചാല്‍ ഞാന്‍ തളര്‍ന്നുപോകും ...''

''ഓക്കേ ..,ഞാന്‍ അവരുടെ കൂടെ വന്നോളാം ..നീ പൊയ്ക്കോ...''

പരീക്ഷ എഴുതാന്‍ വേണ്ടി കോളേജിലേക്ക് തള്ളികയറൂന്നവരുടെ തിരക്ക് ..,അവള്‍ ആ തിരക്കില്‍ നിന്നൊഴിഞ്ഞു ഒരു കോണിലേക്ക്
മാറി നിന്നു .

കലാലയ ജീവിതത്തിന്റെ ഓര്‍മകളിലേക്ക് അവള്‍ വഴുതി വീണു .
കളിചിരികളുടെ കൂട്ടത്തില്‍ വീണു കിട്ടിയ ഒരു സുഹൃത്തായിരുന്നു ജെറോം .
കോളേജ് മുറ്റത്തെ ആല്‍മരത്തിന്റെ ചുവടുകളില്‍ ധന്യയുടെ
ഗ്യാന്ഗ് കുശലം പറഞ്ഞു
നേരമ്പോക്കിയപ്പോള്‍ അവളറിയാതെ പിന്തുടര്‍ന്നെത്തി ജെറോം ..സൌഹൃദത്തിനുമപ്പുറം അവള്‍ക്കുവേണ്ടി വികാരങ്ങള്‍ സൂക്ഷിച്ചിരുന്ന അവന്റെ പ്രണയ വലയത്തിനുള്ളിലാവാന്‍
ധന്യക്ക്‌ അതികനാള്‍ വേണ്ടി വന്നില്ല ..

വര്‍ഷങ്ങള്‍ ദിവസങ്ങള്‍ പോലെ കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു ..മധുര സ്വപ്നങ്ങളുടെ രാവുകള്‍ ..,കോളേജിലെ ഇടവേളകളുടെ ദൈര്‍ഗ്യം കൂടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയ ദിനങ്ങള്‍ ..
പ്രണയത്തിന്റെ മാസ്മരിക ശക്തി അവരെ വീണ്ടും വീണ്ടും അടുപ്പിച്ചു ...

കലാലയജീവിതം എന്നേക്കുമായി പടിയിറങ്ങേണ്ട ദിവസം
വന്നപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു പിരിയുവാന്‍ കഴിയാതെ വണ്ണം അടുത്തുകഴിഞ്ഞിരിക്കുന്നു എന്ന് ..

ഈ ബന്ധത്തെ കുറിച്ചു അറിഞ്ഞ ലക്ഷ്മിയമ്മ ശക്തമായി എതിര്‍ത്തു .., പെങ്ങളെ ഒരു നായര്‍ പയ്യന് മാത്രമേ വിവാഹം ചെയ്തുകൊടുക്കുകയുള്ളൂ എന്ന് മനുവും .
എല്ലാം അറിഞ്ഞു സ്വീകരിക്കാന്‍ തയ്യാറായി മുറ ചെറുക്കനും..
ധന്യയുടെ കണ്ണ് നീര്‍ വിലപോയില്ല ..
കവടി നിരത്തി..തടസ്സങ്ങള്‍ ഒന്നുമില്ല.
ജാതക പൊരുത്തം കെങ്കേമം ..തീയതിയും നിശ്ചയിച്ചു.

ദിവസങ്ങള്‍ നീങ്ങികൊണ്ടിരുന്നു ..എല്ലാ വിവരങ്ങളും ജെറോം
അറിഞ്ഞുകൊണ്ടുമിരുന്നു ..രണ്ടു മതങ്ങള്‍ ആണ് എന്ന
ഒറ്റ കാരണത്താല്‍ ധന്യയെ വിട്ടുകളയാന്‍ അവന്‍ തയ്യാറല്ലായിരുന്നു ..,ജെറോമിന്റെ നിര്‍ബന്ധത്തിനോടുവില്‍ അവന്റെ വീട്ടുകാര്‍ പിന്തുണ നല്‍കി ..ഒരു സുരക്ഷയ്ക്ക് വേണ്ടി ആദ്യം
വിവാഹം രേജിസ്റെര്‍ ചെയ്യുക ..
പിന്നീട് മതാചാരപ്രകാരം കല്യാണം .

പി എസ് സി എക്സാമെന്നും പറഞ്ഞു വീട്ടില്‍ നിന്നു ഒരു ഒളിച്ചോടല്‍ ..
ആരൊക്കെ ക്ഷമിച്ചാലും തന്നെ വിട്ടുപോയ അച്ഛന്‍ ക്ഷമിക്കുമോ ..
അമ്മ ഇതറിയുമ്പോള്‍ എങ്ങനെ സഹിക്കും ..മനുവേട്ടനെ തനിക്കു എന്നെന്നേക്കുമായി നഷ്ട്ടപെടില്ലേ ..കുറെ ദിവസങ്ങള്‍ മനസ്സില്‍
കൊണ്ട് നടന്ന ചോദ്യങ്ങള്‍ പിന്നെയും ഉയര്‍ന്നുവന്നു ..

എന്നാല്‍ ജെറോം ഇല്ലാത്ത
ജീവിതത്തെ കുറിച്ച് ചിന്തിക്കുവാന്‍ പോലും അവള്‍ക്കു കഴിയുന്നില്ല..ഹൃദയം കൊളുത്തിവലിക്കുന്ന വേദന ആണ് അങ്ങനെ ഓര്‍ക്കുമ്പോള്‍ പോലും ..

ധന്യയുടെ കണ്ണുകള്‍ നിറഞ്ഞോഴുയുകയാണ് ..കണ്ണുനീര്‍ മുന്നിലുള്ള ദൃശ്യങ്ങളെ അവ്യക്തമാക്കി കൊണ്ടിരുന്നു ..ജെറോമിന്റെ സുഹൃത്തുക്കളുടെ വാഹനവും പ്രതീക്ഷിച്ചു അവള്‍ ഗ്രൌണ്ടിന്റെ ഒരു ഭാഗത്തായി നിന്നു ..

ജെറോംപറഞ്ഞത് പോലെ വൈറ്റ് സാന്റ്രോ കാര്‍ വന്നു നിന്നു ..

ധന്യയുടെ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി..,അവള്‍ ചുറ്റും നോക്കി ..,ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു ..
അവള്‍ ആകെ വിയര്‍ത്തുകുളിച്ചിരുന്നു ..
ധന്യയേം കൊണ്ട് കാര്‍ ചീറിപാഞ്ഞു..

രെജിസ്ടര്‍ ഓഫീസില്‍ അക്ഷമനായി കാത്തുനില്‍ക്കുകയാണ് ജെറോമും സുഹൃത്ത് സനലും ..അവന്‍ വാച്ചിലേക്ക് നോക്കി സമയം പത്തര ..
മൊബൈല്‍ ശബ്ദിച്ചു ..

''ഡാ ഇത് ഞാന്‍ ആണ് റിയാസ് ..,ഞങ്ങള്‍ അവളെ പിക് ചെയ്യാന്‍ ഇവിടെ വന്നു ..പക്ഷെ ധന്യയെ കാണുന്നില്ല ..,അവളുടെ മൊബൈല്‍ നമ്പറും തന്നില്ലല്ലോ നീ ..,അവള്‍ അവിടെ വന്നോ ..?

''ഇല്ലെട നിങ്ങള്‍ നന്നായി നോക്ക് അവള്‍ അവിടെ എവിടെയെങ്കിലും നില്‍പ്പുണ്ടാവും ..,കുറച്ചുമുന്പേ കൂടി ഞാന്‍ അവളെ വിളിച്ചതാണല്ലോ''

ഇത് പറഞ്ഞു വെച്ച് ഉടനെ ജെറോം ധന്യയെ മൊബൈലില്‍ വിളിച്ചു ..,

പക്ഷെ നോട്ട് റീചബിള്‍ ആണ് ..

ഹൃദയമിടിപ്പ്‌ കൂടി കൂടി വന്നു ..അവന്‍ ആകെ പരവശനായി ..
ഈശോയെ ഇവള്‍ എവിടെ പോയി..ആരോട് ചെന്ന് ചോദിക്കും ..
അവന്റെ മുഖത്തു ഭീതി നിഴലിട്ടു.

സനല്‍ തുരുതുരാ ഫോണ്‍ ചെയ്തു കൊണ്ടിരുന്നു ..പക്ഷെ നിരാശ ആയിരുന്നു ഫലം ..

സമയം നീങ്ങികൊണ്ടിരുന്നു ..,രേജിസ്ട്രാര്‍ ഊണ് കഴിക്കാനായി
ഓഫീസ് പൂട്ടിപോയി.
ജെറോം ആകെ കുഴങ്ങി കസേരയിലിരുന്നു ..,
അവന്റെ ചിന്തകള്‍ കാട് കയറി ..ഇനീ അവള്‍ക്കു എന്തെങ്കിലും ആപത്തു ..ദൈവമേ ..ശ്വാസം നിലക്കുന്നതുപോലെ ..

റിയാസും ദിനേശും സനലും ധന്യക്കായുള്ള തിരച്ചില്‍ തുടര്‍ന്നു..
അവരുടെ കൂടെ ജെറോമും ..

കോളേജ് പരിസരം..,ബസ്‌ സ്റ്റാന്റ് ..,റെയില്‍വേ സ്റ്റേഷന്‍, അങ്ങനെ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും അവര്‍ അരിച്ചുപെറുക്കി .
അവള്‍ വീട്ടില്‍ എത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്താന്‍ ജെറോമിന്റെ പെങ്ങളെകൊണ്ട് ധന്യയുടെ വീട്ടിലും വിളിപ്പിച്ചു .
ഇല്ല അവള്‍ അവിടെയും എത്തിയിട്ടില്ല ..

ജെരോമും സുഹൃത്തുക്കളും ഭയവിഹ്വലരായി ..

അവസാനം റിയാസ് ആണ് പറഞ്ഞത്.

''എടാ നമുക്ക് പോലീസില്‍ അറിയിച്ചാലോ ..,പക്ഷെ ചിലപ്പോള്‍
നമ്മള്‍ എല്ലാവരും കുടുങ്ങും ..വാദി പ്രതി ആകും ''

ഏവരും ജെറോമിനെ ദയനീയമായി നോക്കി.

''അതെ ..നമുക്ക് പോലിസ് സ്ടഷനിലേക്ക് പോകാം ''
ജെറോമിന്റെ വാക്കുകളില്‍ ഒരു അസ്വാഭാവിക ധൈര്യം കലര്ന്നു.

അവന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു .

ജെറോമിന്റെ മൊബൈല്‍ ശബ്ദിച്ചു
''ധന്യ കോളിംഗ് '' മൊബൈല്‍ സ്ക്രീനില്‍ തെളിഞ്ഞുവന്ന അക്ഷരങ്ങളിലേക്ക് അവന്‍ വീണ്ടും വീണ്ടും നോക്കി.

ആകാംഷക്ക്‌ വിരാമമിട്ടുകൊണ്ട് അവന്‍
കാള്‍ അറ്റന്‍ഡ് ചെയ്തു .
''ധന്യാ ..നീ എവിടെയാ..നിനക്കെന്തു പറ്റീ..,എത്ര നേരമായി ഞങ്ങള്‍ നിന്നെ തിരക്കി നടക്കുവാ ..''
ജെറോമിന്റെ വാക്കുകളില്‍ സങ്കടവും പരിഭവവും .

''സിറ്റി ഹോസ്പിറ്റലില്‍ നിന്നാണ് വിളിക്കുന്നത്‌ ..,നിങ്ങള്‍ എത്രയും പെട്ടെന്ന്ഇവിടെ വരണം ''
മറുതലക്കല്‍ ഒരു പരുക്കന്‍ സ്വരം .

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശ്മശാന മൂകത അവരുടെ
ഇടയില്‍ തളം കെട്ടി . ജെറോമിന്റെ കണ്ണുകള്‍ നിറഞൊഴുകുകയായിരുന്നു..,റിയാസും കൂട്ടരും ആശ്വസിപ്പിക്കുവാന്‍ വാക്കുകളില്ലാതെ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

ആശുപത്രി മുറ്റത്തു കാര്‍ നിര്‍ത്തി അകത്തേക്ക് നടക്കുമ്പോള്‍ ജെറോമിന്റെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു.
ഡോക്ടറുമായി സംസാരിച്ചു പുറത്തേക്കിറങ്ങിയ ജെറോമിന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു .

റൂം നമ്പര്‍ ഏഴു ലക്ഷ്യമാക്കി അവന്‍ വേഗത്തില്‍ ഓടി..,
റിയാസിനും കൂട്ടര്‍ക്കും ഒന്നും മനസിലായില്ല ..,
അവരും ജെറോമിന്റെ പിന്നാലെ ഓടി .

കിടക്കയില്‍ പാതിമയക്കത്തില്‍ ധന്യ.
''മോളെ..എന്നാലും എനിക്ക് നിന്നെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ ..എന്നെ വിശ്വസിച്ചു ഇറങ്ങി വന്നിട്ട് ...''
അവളുടെ കിടക്കയിലേക്ക് വീണു കരയുകയാണ് ജെറോം.

അര്‍ദ്ധനിദ്രയില്‍ നിന്നും അവള്‍ മെല്ലെ കണ്ണുകള്‍ തുറന്നു ..
സുന്ദരമായ ആ കവില്തടങ്ങളും ചുണ്ടുകളും
കാമാര്‍ത്തി പൂണ്ട മനുഷ്യ മൃഗങ്ങള്‍ വികൃതമാക്കി കളഞ്ഞിരിക്കുന്നു.
ജെറോം അവളുടെ വിരലുകളില്‍ വിരലോടിച്ചുകൊണ്ട് അവളെ ദയനീയമായി നോക്കി ..
കണ്ണുകള്‍ കോര്‍ത്തിണക്കാന്‍ അവര്‍ ഏറെ പാടുപെട്ടു..
ആരോടൊക്കെയോ ഉള്ള പകയുടെ അഗ്നി അവളുടെ കണ്ണുകളില്‍ ആളികത്തുന്നത് അവന്‍ കണ്ടു ..

വിജനമായ ഉള്ക്കാടിന്റെ ഭയാനകമായ നിശബ്ദതയില്‍ ഒരു കാട്ടുചെന്നായയെക്കാളും ക്രൂരമായി തന്റെ ശരീരത്തെ കടിച്ചു കീറിയ ഭ്രാന്തന്മാരോടുള്ള തീര്‍ത്താല്‍ തീരാത്ത പക..
നിമിഷങ്ങള്‍ക്കകം ആ പക കണ്ണുനീരിനു വഴിമാറി ..
ജീവനുതുല്യം സ്നേഹിച്ച അമ്മയെയും ഏട്ടനേയും കബളിപ്പിച്ച കുറ്റബോധം .
തന്റെ എല്ലാമായിരുന്ന ജെറോമിന് വേണ്ടി കാത്തു
സൂക്ഷിച്ചതൊക്കെയും അപഹരിക്കപെട്ടുപോയല്ലോ എന്ന നഷ്ട്ട ബോധം .

ഇവിടെ ആരാണ് തെറ്റ് ചെയ്തത് ?
താനോ..?സമൂഹമോ ? അതോ പ്രണയമോ?

ധന്യയുടെ മനസ്സ് നുറുങ്ങുകയാണ്..പെറുക്കി കൂട്ടുവാന്‍ പോലും കഴിയാത്ത വിധം ചെറു കഷണങ്ങളായി ..

ജെറോം അവളുടെ നെറുകയില്‍ ചുംബിച്ചു ..
സകല ശക്തിയും സംഭരിച്ചു അവള്‍ അവനെ തട്ടി മാറ്റി ..

''മോളെ ഞാന്‍ ..''
അവന്‍ അര്ധോക്തിയില്‍ നിര്‍ത്തി .

''ജെറോം ഒരു ഉപകാരം ചെയ്യുമോ ..?''
അവളുടെ മുഖത്തു അപേക്ഷാഭാവം.

''നിനക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യും..''
ജെറോമിലെ കാമുകന്‍ സട കുടഞ്ഞെഴുന്നേറ്റു.

''എന്നെ ഒന്ന് കൊന്നു തരുമോ ..''
ധന്യ വിതുമ്പി .

ഒരു നിമിഷത്തേക്ക് മൂകത .
പിന്നെ പൊട്ടി കരച്ചില്‍ ..
കണ്ണുനീര്‍ പ്രളയം .

**********************
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം.

''ധന്യാ ദേ അമ്മയുടെ ഫോണ്‍ ..,നീ ഇങ്ങു വന്നെ ..,അല്ലേല്‍ വേണ്ട.., ഞാന്‍ അങ്ങോട്ട്‌ വരാം ..''
ജെറോം മുറിയില്‍ നിന്ന് അവളുടെ അടുത്തേക്കോടി .

''ആരാ ..അമ്മയാണോ??''
അവളുടെ കണ്ണുകള്‍ വിടര്‍ന്നു ..മുഖത്തു ചിരി തെളിഞ്ഞു വന്നു .

''എനിക്ക് സുഖാണമ്മേ..ഇല്ല അമ്മെ വോമിടിംഗ് ഒക്കെ കുറവുണ്ട് ..ഇപ്പോള്‍ ആറു മാസം ആയില്ലേ ..അടുത്ത മാസം
 അങ്ങോട്ട്‌ വരാല്ലോ ..അമ്മയുടെം മനുഎട്ടന്റെം അടുത്തേക്ക്‌ ..''
അവള്‍ വാചാലയായി .

ജെറോം അവളെ കണ്കുളിര്‍ക്കെ നോക്കി നിന്നു.
''നമ്മുടെ മോള്‍ക്ക്‌ എന്ത് പേരാണ് ഇടേണ്ടത് ''
ഫോണ്‍ സംസാരം കഴിഞ്ഞ ധന്യയോടു ജെറോമിന്റെ ചോദ്യം.

''ഇചായനോട് ആരാ പറഞ്ഞെ ഇത് മോള്‍ ആയിരിക്കുമെന്ന് ..,
എന്റെ മനസ്സ് പറയുന്നു മോന്‍ ആയിരിക്കുമെന്ന് ..''
അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.

ജെറോം അവളെ ചേര്‍ത്തു നിര്‍ത്തി ചെവിയില്‍ എന്തോ മന്ത്രിച്ചു ..
അവള്‍ നിര്‍ത്താതെ കിലുകിലെ ചിരിച്ചുകൊണ്ടിരുന്നു .

അപ്പോള്‍ അങ്ങ് ദൂരെ ആകാശത്തു ഉരുണ്ടുകൂടിയ
കാര്‍മേഘങ്ങള്‍ മഴയായി പെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ..

മഴയെ ഏറ്റുവാങ്ങാന്‍ കാത്തിരിക്കുന്ന
വൃക്ഷങ്ങള്‍ സന്തോഷ നൃത്തമാടി ..
ഒരു ഇളംതെന്നലായി അത് അവരെ തഴുകികൊണ്ടിരുന്നു ..



സ്നേഹപൂര്‍വ്വം,
ലിയ ആന്‍.
http://www.mazhanilaavu-lee.blogspot.com/

ഒരു തീവണ്ടി ഉദ്ഘാടനം ചെയ്യാന്‍ പോയ കഥ

December 16, 2011 ദീപുപ്രദീപ്‌



07:50
ഏഴേമുക്കാലിന്‍റെ ലോക്കലിനു വേണ്ടി വീട്ടീന്നെറങ്ങിയപ്പഴത്തെ ടൈമാണ് (എങ്ങനണ്ട് ?). ഇന്‍സൈഡൊക്കെ സ്റ്റോപ്പിലേക്ക് ഓടുന്ന വഴിക്ക് ചെയ്തു (നമുക്ക് ലുക്സ് വേണ്ടേ ?), പക്ഷെ കീര്‍ത്തി എന്നെ കാത്തുനിക്കാതെ പോയി (ആയിട്ടില്ല, ഇതല്ല മ്മടെ നായിക, ഇത് കീര്‍ത്തി ബസ്സ്‌). യാത്ര ക്യാന്‍സല്‍ ചെയ്തു ഞാന്‍ തിരിച്ചു വീട്ടിലേക്കു നടന്നു.
"അല്ലാ, എവിടുന്നാപ്പ ഇത്ര രാവിലെ ?"
ആ പസ്റ്റ്, ബസ്സ്‌ പോയി നിക്കുന്നവനോട് ചോദിക്കാന്‍ പറ്റിയ ചോദ്യം. കീര്‍ത്തി പോയ വിഷമം ഞാന്‍ അവിടെ തീര്‍ത്തു .
"രാത്രി കാക്കാന്‍ പോയി വര്യാ, കൊറച്ച് ലേറ്റ് ആയി ". പിന്നെ ചോദ്യങ്ങളുണ്ടായില്ല.

07:55
വീടിന്‍റെ പടിക്കലെത്തിയപ്പോഴുണ്ട് ഫ്രീക്കുസ്മാന്‍ പള്‍സറില്‍ പെടപ്പിച്ചു വരുന്നു. എന്‍റെ മുന്നില്‍ വെച്ച് അവന്‍ അതിന്‍റെ ഡിസ്ക് ബ്രേക്ക് ടെസ്റ്റിംഗ് നടത്തി. എന്നിട്ട കൂളിംഗ് ഗ്ലാസ്സൂരാതെ ഒറ്റ ചോദ്യം, " കുറ്റിപ്പുറത്തിക്ക്ണ്ട്രാ ?"
'അല്ലങ്കെ,  കൈകൊട്ടി വിളിച്ചാലും നിര്‍ത്താതെ പോണ മൊതലാ, ഇന്നെന്താണാവോ ഇങ്ങനെ ?'
ഞാന്‍ ചാടികേറി അള്ളി പിടിച്ചിരുന്നു. അവന്റെ 'സ്മാരക' ഡ്രൈവിങ്ങ് എന്നെകൊണ്ട്‌ കുറ്റിപ്പുറത്തെത്തും വരെ ശരണം വിളിപ്പിച്ചു (ശബരിമല കേറുമ്പോപോലും ഞാന്‍ ഇത്രേം ശരണം വിളിച്ചിട്ടില്ല )

08:00
ആരോടെയോ ഗുരുത്വം കൊണ്ട് കുറ്റിപ്പുറത്തെത്തി. എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തേണ്ടതായിരുന്നു (വഴിയില്‍ രണ്ടു മൂന്നു 'ടര്‍ണിങ്ങ് പോയന്റു'ണ്ടായിരുന്നു, പക്ഷെ എതിരെ വന്ന വണ്ടിയുടെ ഡ്രൈവര്‍മാര്‍ക്ക് പണിയറിയാവുന്നത് കൊണ്ട് കഴിച്ചിലായി).
ഉസ്മാനെ ഞാന്‍ കെട്ടിപിടിച്ചു നന്ദി പറഞ്ഞു.
ലോക്കല് അന്നാദ്യമായി പതിവ് തെറ്റിച്ച് കൃത്യസമയത്തിന് പോയി.
"പുത്യേ ഇന്‍റര്‍സിറ്റി ഇന്ന് ഓട്ടം തൊടങ്ങാ, അതാ ലോക്കല് ഇന്ന നേരത്തെ പോയത്". ട്രെയിന്‍ പോയി കഷ്ടം വെച്ചിരിക്കുന്ന ഒരു സീസണ്‍ ടിക്കറ്റുകാരന്റെ വ്യസനം കേട്ടു.

പെട്ടന്നെന്‍റെ തലയില്‍ ഒരു ബള്‍ബ് കത്തി. ബസ്സില്‍ കോഴിക്കോട്ടെത്താന്‍ പത്തരയാവും, അമ്പതുപ്പ്യേം പോയി കിട്ടും. കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത പുത്യേ ഇന്‍റര്‍സിറ്റിക്ക് തിരൂരില്‍ നിന്ന 8.55ന് കേറിയാല്‍ 9.40ന് കോഴിക്കോടെത്താം. അതുമാത്രമല്ല ഒരു ചുറ്റിക്കളി വേറെ കെടക്കണ്ട്. ഒരു ട്രെയിനിന്റെ കന്നിയാത്രയില്‍ ഹാജര്‍ പറയാന്‍ പറ്റാന്നു പറഞ്ഞാ അതൊരു വെയിറ്റാണ്. കുംബമേള വരണ പോലെയാണ് കേരളത്തിന്‌ പുത്യേ ട്രെയിന്‍ അനുവദിച്ചുകിട്ടാറ്‌, അതോണ്ട് അതികാര്‍ക്കും ഈയൊരു ക്രെഡിറ്റുണ്ടാവില്ല. ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടാല്‍ മിനിമം പത്തു ലൈക്കെങ്കിലും കിട്ടും.

08:05
അങ്ങനെ ഞാന്‍ പാലക്കാട് - മംഗലാപുരം ഇന്‍റര്‍സിറ്റി ഉദ്ഘാടനം ചെയ്യാനായി തിരൂരിലേക്ക് ബസ്സ് കയറി. അവടെത്താനെടുത്ത 45 മിനുട്ടും ഞാന്‍  ഫേസ്ബുക്കിലും ട്വിറ്റെറിലും ഇടേണ്ട സ്റ്റാറ്റസിനെ കുറിച്ചാലോചനയിലായിരുന്നു. ഇംഗ്ലീഷല്ലേ ? ഗ്രാമര്‍ തെറ്റിയാല്‍ ക്ഷീണാണ്. പറ്റുമെങ്കില്‍ തീവണ്ടിടെ മുന്നില്‍ നിന്നൊരു ഫോട്ടോയുമെടുക്കണം ( 3.1 മെഗാ പിക്സല്‍ )

08:50
തിരൂര്‍ സ്റ്റേഷന്‍. ബസ്സിറങ്ങി ഓടിപെടഞ്ഞ് സ്റ്റേഷന്‍റെ ഉള്ളില്‍ ചെന്നപ്പോഴേക്കും, അലങ്കരിച്ചു വൃത്തികേടാക്കിയ തീവണ്ടി എത്തിയിരുന്നു. അവിടെ അടുത്ത വാഗണ്‍ ട്രാജഡി സൃഷ്ടിക്കാനുള്ള ആള്‍ക്കാരുണ്ട്. ഭാഗ്യത്തിന് ഒക്കെ തീവണ്ടി കാണാന്‍ വന്നവരായിരുന്നു. അല്ല , ഇതുപോലുള്ള ദിവസം യാത്ര ചെയ്യാനും വേണം ഒരു യോഗം (ജാഡ ജാഡ).

ഞാന്‍ മുന്നില്‍ കണ്ട കമ്പാര്‍ട്ട്മെന്റിലേക്കു ചാടികയറി.
തെന്താത്.... ലേഡീസ് ഹോസ്റ്റലില്‍ കേറിയ പോലുണ്ടല്ലോ !!  മനസ്സില്‍ ലഡ്ഡു ഭരണിയോടക്കനെ പൊട്ടുകയായിരുന്നു, അമ്മാതിരി കളക്ഷനാ ഉള്ളില്‍ !! ഇതുഗ്രന്‍ സ്കീമാണല്ലോ ,ഇനി എന്നും ഇങ്ങനെതന്നെ വരണം .
"ഇത് ലേഡീസ് കമ്പാര്‍ട്ട്മെന്ടാ...."
പോയി, സകലതും പോയി. അക്കൂട്ടത്തിലെ ഏറ്റവും ഗ്ലാമറുള്ള പെണ്‍കുട്ടിയാണ് അത് പറഞ്ഞത്, അതാ കൂടുതല്‍ സങ്കടം.
പുറത്തെക്കിറങ്ങുമ്പോള്‍ ഞാന്‍ ഒന്നൂടെ തിരിഞ്ഞു നോക്കി, സങ്കടം കൂടി. അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക്......

പുതിയ  വണ്ടിയാണെന്ന് പറഞ്ഞിട്ടെന്താ ? ഇന്ത്യന്‍ റെയില്‍വേടെ ട്രേഡ്മാര്‍ക്ക് നാറ്റം അതേപോലുണ്ട്. ഫോണ്‍ നമ്പരുകൊണ്ട് ചുമര്‍ ചിത്രകല തുടങ്ങിയിട്ടില്ല , ആശ്വാസം.
പെട്ടന്ന്‍ ആ കാഴ്ച ഞാന്‍ കണ്ടു , വെള്ള ചുരിദാറിട്ട ഒരു പെണ്‍കുട്ടി ഇരിക്കുന്നു , ഓപ്പോസിറ്റ് ഒരു കാലി സീറ്റും ! എന്‍റെ ടൈം !! ഒറ്റ കാഴ്ച്ചയില്‍ തന്നെ പ്രേമം തൊടങ്ങി.  ഇരുന്നൂ.....

08:55
ഡ്രൈവര്‍ തീവണ്ടിയുടെ കിക്കറടിച്ചു, ഫസ്റ്റിട്ടു, ആക്സിലേട്ടറില്‍ ചവിട്ടി, വണ്ടി നീങ്ങി തുടങ്ങി. കന്നിയാത്രക്ക് പച്ചക്കൊടി വീശാന്‍ കൊണ്ഗ്രസ്സുകാരും മാര്‍ക്കിസ്റ്റുകാരുമൊക്കെയുണ്ടായിരുന്നു. ലീഗുകാര് ഇത് കണ്ട് ഉള്ളില്‍ ചിരിക്കുന്നുണ്ടാവും, ടീംസ് പച്ച കൊടിയല്ലേ വീശുന്നത് !!
ഞാന്‍ ബാഗില്‍നിന്നും 'ദ ഹിന്ദു' എടുത്തു, കുട്ടി നോക്കി. ആണ്ട്രോയിഡ് ഫോണെടുത്തു പാട്ടുവെച്ചു, കുട്ടി ചിരിച്ചു.

കുട്ടി മാതൃഭൂമി ആഴ്ച പതിപ്പ് വായിക്കാണ്. ശിവനെ ....എന്റെ കയ്യിലുമുണ്ടല്ലോ അതുപോലൊരു കോപ്പി ! താനൂര് സ്റ്റേഷനെത്തുമ്പോ പുറത്തെടുത്ത്, കുട്ടീടെ മുഖത്ത് നോക്കി ലൈറ്റായിറ്റൊന്നു ചിരിക്കണം, കുട്ടി വീണു !

09:05
മൊബൈലില്‍ ഒരു പ്രേമ ഗാനം, ♪♪ മറന്നോ നീ നിലാവില്‍ നമ്മളാദ്യം....♪♪   അത് കേട്ടപ്പോഴാണ് മറന്നത് ഓര്‍മ്മ വന്നത്. സീസണ്‍ ടിക്കറ്റിന്റെ ഡേറ്റ് ഇന്നലെ തീര്‍ന്നിരിക്കുന്നു !
ട്വിസ്റ്റ്
.
.
.
.
.
.
ഉദ്ഘാടന ദിവസം തന്നെ ടി.ടി.ഇ ക്ക് പണിയുണ്ടാക്കാനാണോ ഞാന്‍ മെനകെട്ടു വന്നത് ?
'ന്നാലും ന്റെ അഹമ്മദിക്കാ.....ഇങ്ങനൊരു ദുല്‍മ് ഇങ്ങള് നീല പെയിന്റടിച്ച് ന്റെ അടുത്തിക്കെന്നെ വിട്ടല്ലോ ??'.
ഫ്രീക്കുസ്മാന്‍ ഇന്ന് മുന്നില്‍ കൊണ്ട് വന്നു ബൈക്ക് നിര്‍ത്തി വിളിച്ചു കേറ്റിയപ്പോഴേ ഞാന്‍ അപകടം മണക്കേ ണ്ടതായിരുന്നു.

സീറ്റില്‍ നിന്നൊഴിയാന്‍ ഞാന്‍ തീരുമാനിച്ചു. ഇനി കഷ്ടകാലത്തിനു ടി.ടി.ഇ വന്നു പോക്കിയാലും (എന്റെ ഇന്നത്തെ സ്ഥിതി വെച്ച് നോക്കിയാല്‍ അത് സംഭവിച്ചിരിക്കും) കുട്ടി അതറിയരുത്, ഇമേജ് പോവും. ഞാന്‍ സീറ്റില്‍ നിന്നും നീക്കേണ്ട താമസം ഒരു യുവകോമളന്‍ അവിടേക്ക് ചാടി വീണു. പട്ടി, തെണ്ടി. ഓന്റെ കയ്യില്‍ ഐ ഫോണാ അതാ പേടി !
കുട്ടി അടുത്ത സ്റ്റോപ്പിലിറങ്ങണേന്നു പ്രാര്‍ഥിചിട്ടും കാര്യമില്ല, ഇനി കോഴിക്കോടെ സ്റ്റോപ്പുള്ളൂ. വേദന കടിച്ചമര്‍ത്തി ഞാന്‍ വാതിലിനടുത്തേക്ക് നടന്നു. കാലാകാലങ്ങളായി, ടിക്കറ്റെടുക്കാത്ത മഹാന്‍മാര്‍ക്കായി റിസേര്‍വ് ചെയ്തു വെച്ച സ്ഥലമാണല്ലോ അവിടം.

ഞാന്‍ അവിടെ നിക്കുന്നവരുടെയെല്ലാം മുഖത്തേക്ക് നോക്കി. എല്ലാത്തിന്റെയും മുഖത്ത് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പോണ പോലുള്ള കോണ്‍ഫിഡന്‍സുണ്ട്. അതോടെ കമ്പനിക്കാളെ കിട്ടില്ലെന്നുറപ്പായി.
അവിടെ നിന്ന് ഞാന്‍ മിനുട്ടുകളെണ്ണി.

09:40
കല്ലായി സ്റ്റേഷന്‍. നോക്കിയാ കാണുന്ന ദൂരത്ത് കോഴിക്കോട് സ്റ്റേഷന്‍.വണ്ടി സ്ലോ ആവുന്നു. ഞാന്‍ രക്ഷപെടാന്‍ ഇനി ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി.
അല്ലെങ്കിലും നല്ല കാര്യങ്ങള്‍ നടക്കാനാണല്ലോ മണിക്കൂറുകളും വര്‍ഷങ്ങളും വേണ്ടി വര്യാ. ഇതുപോലുള്ള പണി വരാന്‍ സെക്കണ്ടുകള്‍ തന്നെ ധാരാളമാണ്. കോട്ടിട്ട ആ രൂപം എന്‍റെ തൊട്ടടുത്ത്! ഒന്നര മാസമായി ഞാന്‍ കോഴിക്കോട്ടേക്ക് ഡെയിലി പോണു, ഇതിനിടയില്‍ ദൂരത്തു നിന്ന് പോലും ഈ സാധനത്തിനെ എനിക്ക് കാണാന്‍ കിട്ടിയിട്ടില്ല. ടുഡേ ഈസ് മൈ ഡേ!!

ഞാന്‍ കാലാവധി കഴിഞ്ഞ ടിക്കറ്റെടുത്ത് നീട്ടി. വില്ലന്റെ മുഖത്ത് ചിരി, ഹലാക്കിലെ ചിരി. വളരെ മയത്തിലാണ് തുടങ്ങിയത് .
"മോനെ, ഡേറ്റ് കഴിഞ്ഞതാണല്ലോ. ഉദ്ഘാടന ദിവസം തന്നെ ഓസിനു യാത്ര ചെയ്യാന്‍ നാണമില്ലേ ?"
അയാള്‍ക്ക് പതുക്കെ സംസാരിക്കാന്‍ അറിയില്ലായിരുന്നു. വളരെ പെട്ടന്ന് തന്നെ ഞാന്‍ കമ്പാര്‍ട്ട്മെന്റിലെ താരമായി മാറി. എല്ലാവരും ശ്രദ്ധിക്കുന്നു, കുട്ടി കൂടുതല്‍ ശ്രദ്ധിക്കുന്നു .
"ഒറ്റ ദിവസമല്ലേ, തെറ്റിയിട്ടുള്ളൂ ? ഇന്നാദ്യത്തെ ഓട്ടമല്ലേ , പ്ലീസ് സാര്‍ ...."
ഞാന്‍ അടവുകളോരോന്നായി പുറത്തെടുക്കാന്‍ തുടങ്ങി.
"ഫൈന്‍ അടക്കണം, 307 രൂപ." കോട്ടിട്ട കാലന്‍ കട്ട സ്പിരിറ്റിലാ.
ഞാന്‍ കുട്ടിയെ നോക്കി, എല്ലാം കുട്ടി കേള്‍ക്കുന്നുണ്ട്. കേള്‍ക്കാത്തത് ഐഫോണുകാരന്‍ ഡബ്ബ് ചെയ്ത് പറഞ്ഞു കൊടുക്കുന്നു.
'ഇന്ന്‍ ഈ കമ്പാര്‍ട്ട്മെന്റില്‍ രണ്ടു കൊലപാതകവും, ഒരു ആത്മഹത്യയും നടക്കും.'

09:45
വണ്ടി കോഴിക്കോടെത്തി.
'ഇറങ്ങി ഓടിയാലോ ?' എന്‍റെ ഉള്ളിലെ കുരുട്ടു ബുദ്ധിക്കാരന്‍ സജഷന്‍ വെച്ചു. പക്ഷെ ഉള്ളിലെ കാമുകന്‍ ആ സജഷന്‍ സ്പോട്ടില് തള്ളി, 'കുട്ടി കണ്ടാല്‍ മോശാണ്'.
യാത്രക്കാര്‍ ഓരോരുത്തരായി  ഇറങ്ങാന്‍ തുടങ്ങി. ഞങ്ങളുടെ കലാപരിപാടി കഴിഞ്ഞിട്ടില്ലായിരുന്നു.
"50,100,150....." ഞാന്‍ ഒരറ്റത്ത് നിന്ന്‍ പിടിച്ചു തുടങ്ങി . പക്ഷെ ചങ്ങായി അടുക്കണില്ല.
അപ്പോഴാണ്‌ അതുണ്ടായത്‌, അവളുണ്ട് എന്‍റെ മുഖത്തേക്ക് നോക്കി ആക്കിയൊരു ചിരിയും ചിരിച്ച് ആ  ഐഫോണ്‍ ചുള്ളന്റെ ഒപ്പം ഇറങ്ങി പോണു! ഹിന്ദുവും ആഴ്ചപതിപ്പും ഇല്ലാതെ അവന്‍ പണി പറ്റിച്ചിരിക്കുന്നു!! അതാണ്‌ അവസാനം.

പോക്കറ്റില്‍ നിന്നും മുന്നൂറ്റി പത്തു ഉറപ്പ്യ എടുത്ത് നീട്ടി, ഞാന്‍ ഏന്‍ഡ് ഡയലോഗടിച്ചു,
"ഇന്നാ, പൈസ കൊണ്ടോയി പെട്ടീലിട്ടോ. ഇങ്ങള് ഇതൊണ്ട് കല്ലത്താക്കീത് ഒരു പ്രേമാണ്, ഇങ്ങളോട് ദൈവം ചോയിച്ചോളും "
ബാക്കി വാങ്ങാതെ ഞാന്‍ പുറത്തേക്കു നടക്കുമ്പോഴും ഇഷ്ടന്‍ ആലോചിക്കുകയായിരുന്നു ഫൈനും പ്രേമവും തമ്മിലുള്ള ബന്ധം ഇന്ത്യന്‍ റെയില്‍വേയുടെ ഇതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത് എന്ന്.

ദീപു പ്രദീപ്‌ 
www.deepupradeep.blogspot.com

വൈഖരി

December 14, 2011 അനില്‍കുമാര്‍ . സി. പി.


(ദുബായ്‌ ഭാവന ആര്‍ട്സ്‌ സൊസൈറ്റി പുരസ്കാരം നേടിയ കഥ)

പ്രേതനഗരത്തിലേക്കുള്ള മൂന്നാംനമ്പര്‍ ബസ്സിന്‍റെ സൈഡ് സീറ്റിൽ ഇരുന്ന് പാര്‍വതി പുറത്തേക്കു നോക്കി. എത്ര വര്‍ഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഈ ചൂള മരങ്ങൾ കണ്ടിട്ട്. കാലം തളര്‍ത്താത്ത  കരുത്തോടെ ഓര്‍മ്മകളുടെ തിരകൾ മനസ്സിലേക്ക് അടിച്ചു കയറി. അവള്‍ കണ്ണുകള്‍ ഇറുകെ അടച്ചു. പക്ഷെ താളം തെറ്റിയ ഹൃദയത്തിന്‍റെ മിടിപ്പുകൾ ഇടിമുഴക്കം പോലെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.

ലഗ്ഗേജ് റാക്കിലെ പെട്ടിയില്‍ നിന്നും ക്യാമറ എടുത്തു വൈഖരി തിരിഞ്ഞു  നോക്കിയപ്പോൾ കണ്ടത് വിയര്‍ത്തു കുളിച്ച പാര്‍വതിയുടെ മുഖം ആണ്.

അമ്മേ..എന്താ ഇത് ... വിഷമിക്കില്ല എന്നെനിക്ക് വാക്ക് തന്നത് കൊണ്ടല്ലേ നമ്മള്‍ ഈ യാത്രയ്കൊരുങ്ങിയത്?’

അതിനു ഞാന്‍ വിഷമിച്ചില്ലല്ലോ ... ഭയങ്കര ചൂട്അതാ ഇങ്ങനെ വിയര്‍ക്കുന്നെ.

വിയര്‍പ്പിനോപ്പം ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു പാര്‍വതി ചിരിച്ചു. ആ ചിരിയില്‍ ഒളിപ്പിച്ച വേദനയുടെ കടലാഴം കാണാനാവാതെ വൈഖരി അമ്മയെ ചേര്‍ത്ത് പിടിച്ചു അടുത്തിരുന്നു. സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ദേവഭൂമി ആയിരുന്ന തകര്‍ന്ന പട്ടണത്തിന്‍റെ അവശേഷിപ്പുകള്‍ക്കിടയിലൂടെ ബസ്സ്‌ അതിവേഗം ഓടിക്കൊണ്ടിരുന്നു.

ഉയർന്നു പൊങ്ങുന്ന പൊടിക്കപ്പുറം വെയിൽ ഉരുകി വീഴുന്നു. അതിനുമപ്പുറം തിരയില്ലാത്ത കടൽ രഹസ്യങ്ങളുടെ കാവൽ‌ക്കാരിയേപ്പോലെ മയങ്ങിക്കിടന്നു.

വൈഖരിയുടെ തോളിൽ ചാരി മെല്ലെ കണ്ണടച്ചു. മനസ്സില്‍ കാലത്തിന്റെ താളുകള്‍ ഒരോന്നായി മറിഞ്ഞു.

എം. ഏ. മലയാളം ക്ലാസ്സിന്‍റെ ആദ്യദിവസം. ജനാലക്കരികിൽകോളേജ് ഗ്രൌണ്ടിൽ പൂത്തുലഞ്ഞ വാകമരങ്ങളും നോക്കി നിൽക്കുകയായിരുന്നു അനന്തൻ.

ഈ വാകപ്പൂവുകൾക്ക് കത്തുന്ന സൌന്ദര്യമാണല്ലേ?’
ഞെട്ടിത്തിരിഞ്ഞ അനന്തൻ തന്റെ കണ്ണുകളിലേക്ക് നോക്കി മെല്ലെ തലകുലുക്കി.

പിന്നെ എപ്പോഴോ വാകമരത്തണലിൽ കവിത ചൊല്ലിയിരുന്ന ഒരു പകലിലാണ് അവൻ എന്നോട് പറഞ്ഞത്,

പാറൂനിന്നെ ആദ്യം കണ്ട ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നുചിരിക്കുമ്പോൾ മിന്നിമറയുന്നൊരു  നുണക്കുഴി. ആത്മവിശ്വാസം ജ്വലിക്കുന്ന കണ്ണുകൾ.

ലൈബ്രറിയിലെ തടിച്ച പുസ്തകങ്ങൾക്കിടയിൽ, കട്ടിക്കണ്ണടക്കുള്ളിൽ അവന്റെ കണ്ണുകൾ പലപ്പോഴും തിളങ്ങുന്നത് അറിഞ്ഞു. ക്ലാസ്സിലെ ചർച്ചകൾക്കിടയിൽ സ്വകാര്യമായി പങ്കു വെക്കുന്ന പുഞ്ചിരികൾ...റന്നു.

ഡിബേറ്റുകളിൽ തന്‍റെ  വാദമുഖങ്ങൾ ശക്തിയുക്തം വാദിച്ചു ജയിക്കുമ്പോൾ അവന്റെ നിശ്ശബ്ദ സാന്നിധ്യം എന്നും തന്റെ കരുത്തായിരുന്നു. നോട്ടുബുക്കിന്റെ താളുകളിൽ താൻ കുറിച്ചുവെക്കുന്ന കവിതകളെ നിശിതമായി വിമർശിക്കുമ്പോൾ വാടിപ്പോകുന്ന മുഖത്തു നോക്കി അവൻ പറയും,

'പാറൂഇങ്ങനെ എന്തെങ്കിലും എഴുതി നിന്റെ കഴിവുകൾ പാഴാക്കരുത്.’ 

പിന്നെ എന്റെ കവിതകൾ തിരുത്തി അവൻ ഈണത്തിൽ ചൊല്ലും.

അവസാന വർഷ പരീക്ഷ കഴിഞ്ഞ് പടിയിറങ്ങുമ്പോൾ നിശ്ശബ്ദരായിരുന്നു.  പൂത്തുലഞ്ഞ കൊന്നമരത്തിനു ചുവട്ടിൽ മൌനത്തിനു കനം കൂടിയപ്പോൾ പാർവ്വതി മെല്ലെ ചോദിച്ചു,

ഇനി ഞാൻ പൊക്കോട്ടേ?’

അനന്തൻ അന്നാദ്യമായി അവളുടെ കയ്യിൽ മെല്ലെ പിടിച്ചു ...

പാർവ്വതീ ... ഇനിയുള്ള കാലവും നമുക്ക് ഒന്നിച്ച് തന്നെ കഴിഞ്ഞുകൂടേ?’

നോട്ടുബുക്കിൽ നിന്നു ചീന്തിയെടുത്ത ഒരു കടലാസ്സിൽ വീട്ടിലേക്കുള്ള വഴി  കുറിച്ചു  കൊടുത്ത് യാത്ര പറഞ്ഞ് നടക്കുമ്പോഴും അനന്തൻ തന്നെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു.

മാർച്ചിന്റെ വേനൽ‌പ്പൂവുകൾ നെറുകയിൽ കൊഴിഞ്ഞു വീണു.

നല്ല ആളാണല്ലോആദ്യരാത്രിയായിട്ട് ഞാൻ വരുന്നതിനു മുമ്പെ ഉറക്കമായോ?’

'
വായിച്ചു കിടന്ന് മയങ്ങിപ്പോയതറിഞ്ഞില്ല’ അനന്തൻ നിഷ്കളങ്കമായി ചിരിച്ചു.

വായിച്ചു കൊണ്ടിരുന്ന പുസ്തകം നെഞ്ചിൽ നിന്നെടുത്ത്കണ്ണട ഊരി മേശപ്പുറത്ത് വെച്ച് ജനാല തുറന്നു..

അനന്താനല്ല നിലാവ്... നമുക്ക് അല്പനേരം പുറത്തിരുന്നാലോ?’

വരാന്തയുടെ അരികില്‍ മച്ചിലേക്ക് പിടിച്ചു കെട്ടിയ മുല്ലവള്ളികളിൽ പൂവിരിയുന്ന സുഗന്ധം.

 
ചേർത്തു പിടിക്കാൻ തുടങ്ങിയ അനന്തന്റെ കൈ തന്‍റെ കയ്യിലെടുത്തു.

അനന്താഈ രാവിൽ നിനക്കു ഞാൻ ഒന്നും തരില്ല. നാളെ നമുക്കൊരു സ്ഥലത്ത് പോകണം. കടലും മലയും കൈ കോർക്കുന്ന ഒരു ദേവഭൂമിയിൽ. അവിടെ കടലിന്‍റെ സംഗീതം കേട്ട് കിടക്കുമ്പോൾകടൽക്കാറ്റ് താരാട്ടിനെത്തുമ്പോൾ നിനക്ക് ഞാനെന്നെ തരും.
'അമ്മേ .....'

വൈഖരിയുടെ വിളികേട്ട് പാര്‍വതി ഓര്‍മയിൽ നിന്നും ഉണര്‍ന്നു ...

'അതാ നോക്ക് അമ്മെ ...ഒരു റെയില്‍വേ സ്റ്റേഷന്റെ അവശിഷ്ടങ്ങള്‍.. ബോര്‍‍ഡ്‌ ഇപ്പോഴും ഉണ്ട് .. ധനുഷ്ക്കൊടി...'


'ഉം.....ഇതിപോള്‍ ധനുഷ്കോടി അല്ല.. ഒരു പ്രേത നഗരം..' പാര്‍വതി പിന്നെയും ഓര്‍മ്മയുടെ തിരകളിൽ വീണൊഴുകി..

കടകട ശബ്ദം മുഴക്കി ഓടുന്ന 653 നമ്പര്‍ പാസ്സഞ്ചര്‍ ട്രെയിന്‍. അതിലിരുന്നു  അനന്തന്‍ തന്നോടു  ജീവിതത്തെപറ്റിയും സ്നേഹത്തെപറ്റിയും ഒരുപാടു സംസാരിച്ചു അന്ന് .. പിന്നെ ഖലില്‍ ജിബ്രാന്‍റെ പ്രവാചകൻ എന്ന പുസ്തകം തുറന്നു അതില്‍ സ്നേഹത്തെപറ്റി പറഞ്ഞിരിക്കുന്നത് വായിച്ചു കേള്‍പ്പിച്ചു...

സ്നേഹത്തിന്‍റെപാത കടുത്തതും ദുര്‍ഘടവും ആണെങ്കിലും സ്നേഹം വിളിക്കുമ്പോള്‍ അതിന്റെ പാതയിലൂടെ നിങ്ങൾ പോവുക തന്നെ വേണം സ്നേഹത്ത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ ശ്രമിക്കരുത്..  നിങ്ങള്‍ അര്‍ഹാരാനെന്കിൽ നിങ്ങളുടെ ഗതി സ്നേഹം നിയന്ത്രിച്ചു കൊള്ളും.
   
ട്രെയിനിനു വേഗം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അല്പസമയത്തിനകം ഒരു കൊച്ചു സ്റ്റേഷനിൽ കിതച്ചു കിതച്ചു വണ്ടി നിന്നു.

പാറൂസ്റ്റേഷനെത്തി... ഇറങ്ങണ്ടേ?’

കണ്ണു തിരുമ്മി പാർവ്വതി പുറത്തേക്ക് നോക്കി. ഒച്ചയും ബഹളവും ഒന്നുമില്ലാത്ത ഒരു സ്റ്റേഷൻ. കൊളോണിയൽ രീതിയിലുള്ള ഒരു കൊച്ചു കെട്ടിടം.ബോർഡിൽ നോക്കിയ പാർവ്വതിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

സ്റ്റേഷനു പുറത്ത് വല്ലപ്പോഴും വീണു കിട്ടുന്ന യാത്രക്കാരേയും കാത്തു കിടക്കുന്ന സൈക്കിൾ റിക്ഷകളുംകുതിരവണ്ടികളും.

അനന്താനമുക്കൊരു കുതിരവണ്ടിയിൽ പോയാലോ?’


കടൽക്കരയോട് ചേർന്ന് മണൽ‌പ്പരപ്പിലൂടെയുള്ള റോഡ്.  റോഡിന്റെ മറുവശത്ത് ചൂളമരങ്ങൾ. ഓർത്തിരിക്കാത്ത നേരത്ത് അലറിപ്പാഞ്ഞ് റോഡരികിലോളം എത്തുന്ന തിരകൾ.

കിന്നരിത്തൊപ്പി വെച്ച പാറാവുകാരൻ കാവൽ നിൽക്കുന്ന മനോഹരമായ ഒരു കെട്ടിടത്തിനു മുന്നിൽ കുതിരവണ്ടി നിന്നു. ഹോട്ടലിലെ റിസപ്ഷിനിസ്റ്റിനോട് കടലിലേക്ക് തുറക്കുന്ന ബാൽക്കണിയുള്ള മുറി തന്നെ ചോദിച്ചു വാങ്ങി.


ബാൽക്കണിയിൽ കടൽക്കാറ്റിന്‍റെ കുളിര്. പുതച്ചിരുന്ന ഷാൾ രണ്ടുപേരുടേയും തോളിലൂടെ പുതച്ച്ഒരു കൈ കൊണ്ട് അവനെ ചുറ്റിപ്പിടിച്ചു.

ഈ അസ്തമയവുംനാളത്തെ പുലരിയും എനിക്ക് നിന്നോടൊപ്പം തന്നെ കാണണം.

അനന്തൻ തന്നെ ചേർത്തു പിടിച്ചപ്പോൾ എന്തിനോ കണ്ണുകൾ നനഞ്ഞു.

തുറന്നിട്ട ജനാലയിലൂടെ കടൽക്കാറ്റിനൊപ്പം കടന്നു വന്ന നിലാവ് തന്റെ നഗ്നതയിൽ അലകളിളക്കി! മൂക്കിൻ‌തുമ്പിലെ വിയർപ്പൊപ്പിയ അനന്തന്റെ ചുണ്ടുകൾ പൊള്ളിച്ചു. ചരിഞ്ഞു കിടന്ന് അവനെന്റെ കണ്ണുകളിലേക്ക്  നോക്കി ... നാണം കൺപോളകളിൽ ചിത്രശലഭങ്ങളായി മുത്തമിട്ടു. നിറമാറുകളുടെ ചൂടിൽ മുഖം പൂഴ്ത്തി വീണ്ടും കുസൃതി കാട്ടാൻ തുടങ്ങിയ അവന്‍റെ കൈകൾ കയ്യിലെടുത്തു.

അനന്താഎനിക്കുറപ്പുണ്ട് ... ഈ രാവ് നമുക്കൊരു സമ്മാനം തരും...

ഉം?’

വൈഖരി .... നമ്മുടെ മോൾ...

മോളാണെന്ന് ഇത്ര ഉറപ്പാണോ?’ അവൻ ചിരിച്ചു.

അതേ ... എനിക്കുറപ്പുണ്ട്’  താൻ ശുണ്ഠിക്കാരിയായി!

പിന്നെ അവന്റെ ചുണ്ടുകളിൽ കനലെരിഞ്ഞത് ചുണ്ടുകൾ അറിഞ്ഞു.

രാവിലെ കൈകൾ കോർത്ത് പടികൾ ഓടിയിറങ്ങി വരുന്നതു കണ്ടപ്പോൾ റിസപ്ഷനിസ്റ്റ് പറഞ്ഞു,

സാർനല്ല കാറ്റുണ്ടായേക്കും എന്ന് പറയുന്നുകടൽതിരത്തേക്കൊന്നും  പോകാതിരിക്കുകയാവും നല്ലത്

കടപ്പുറത്ത് പുലരിയുടെ ഈറൻ‌കാറ്റ്. നീണ്ട്കിടക്കുന്ന പഞ്ചാരമണലിനെ തലോടി ശാന്തമായി കിടക്കുന്ന കടൽ. പുതയുന്ന മണലിൽ കാലടികൾ
ചിത്രങ്ങളുണ്ടാക്കുന്നതും നോക്കി കൈകൾ കോർത്ത് മെല്ലെ നടന്നു.  കാലടിശ്ബ്ദം കേട്ട് ചുവന്ന ഞണ്ടുകൾ മാളത്തിൽ ഓടിയൊളിച്ചു. 


ദൂരെ കടലിൽ ഉയർന്നു നിൽക്കുന്ന ഗന്ധമാദന പർവ്വതം. അവിടേക്ക് പാർവ്വതി കൈ ചൂണ്ടി.

അനന്താനീയെന്നേ അവിടെ കൊണ്ടു പോകുമോ?’

പിന്നേ ...

അല്പം വലിയൊരു തിര കാലടികളെ  നനച്ച് തിരിച്ചു പോയി. കടലിറങ്ങിയ കരയിൽ മനോഹരമായ ഒരു ശംഖ്. അനന്തൻ കണ്ണിലേക്ക് നോക്കിപിന്നെ അതെടുക്കാനായി മുന്നോട്ട് നടന്നു. പൊടുന്നനെയാണ് ഒരു ഹുങ്കാരവം കേട്ടത് ... കണ്ണടച്ചു തുറക്കുന്നതിനു മുൻപ് തൊട്ടു മുന്നിൽ അലറിപ്പാഞ്ഞു വരുന്നൊരു തിര.

പാറൂ ഓടിക്കോളൂ ...’ അലറിപ്പറഞ്ഞ് കൊണ്ട് അനന്തൻ തന്‍റെ നേർക്ക് ഓടി. കുറച്ച് മുന്നോട്ട് ഓടി തിരിഞ്ഞു നോക്കി... കടലിലേക്ക് തിരിച്ചു പോകുന്ന തിരയുടെ മുകളിൽ ഒരു നിമിഷം അനന്തന്‍റെ  കൈകൾ ഉയർന്നു താണു!

കണ്ണു തുറക്കുമ്പോൾ അലറിക്കരയുകയുംനെഞ്ചത്തടിക്കുകയും ഒക്കെ ചെയ്യുന്ന കുറെ മനുഷ്യരുടെ നടുവിലായിരുന്നു താൻ. ചുറ്റും തകർന്നടിഞ്ഞ കെട്ടിടങ്ങളും  പിഴുതെറിയപ്പെട്ട മരങ്ങളും ... ഹോട്ടൽ നിന്ന സ്ഥാനത്ത് തകർന്നടിഞ്ഞൊരു ഇഷ്ടിക കൂമ്പാരം ... ഒരു പ്രേതഭൂമി!

ഒരു കുലുക്കത്തോടെ ബസ് നിന്നു. ഒരു ചെറിയ ബസ് സ്റ്റഷൻ. ബസ്സിൽ ഉണ്ടായിരുന്ന ഏതാനം യാത്രക്കാർ ഇറങ്ങി കഴിഞ്ഞു.

ബസ് ഇവിടെ വരെയേ ഉള്ളു’ കണ്ടക്റ്റർ പറയുന്നത് കേട്ട് പുറത്തിറങ്ങി.

സ്റ്റേഷനു പുറത്ത് മുനമ്പിലേക്ക് പോകുന്ന ജീപ്പുകളുടെ നിര. കടൽതീരത്തുള്ള റോഡിലൂടെ ജീപ്പ് മുന്നോട്ട് പാഞ്ഞു. കടൽ വിഴുങ്ങിയ ട്രെയിൻ പോയ റെയിൽ‌പ്പാത മണൽമൂടി കിടക്കുന്നു.  കുറെ ദൂരെ തകർന്ന പള്ളിയുടെ പൊട്ടിപ്പൊളിഞ്ഞ മിനാരങ്ങൾ!

കടപ്പുറത്തെ വീതി കുറഞ്ഞ സ്ഥലത്തെത്തിയപ്പോൾ ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു.

വെളുത്ത മണലിലൂടെ മോളുടെ കൈ പിടിച്ച് മുന്നോട്ട് നടന്നു.  ദൂരെ കടലിൽ തപസ്സു ചെയ്യുന്ന പർവ്വതം കണ്ടപ്പോൾ നടപ്പ് നിർത്തി.

അനന്തതയിലേക്ക് നീളുന്ന മണല്‍ മുനമ്പ്‌. ഇരുവശത്തും കടലുകൾ. ഒന്ന് ശാന്തമായി ചെറിയ അലകളുമായി തീരത്തെ തഴുകുമ്പോള്‍ മറുവശത്ത് എല്ലാം തല്ലിതകര്‍ക്കാനുള്ള ആസുര ഭാവത്തോടെ അലറിയെത്തുന്ന തിരകൾ നിറഞ്ഞ മറ്റൊരു കടൽ. ജീവിതത്തിന്റെ രണ്ടു മുഖങ്ങൾക്കിടയിലാണ് താന്‍ നില്‍ക്കുന്നതെന്ന് പാര്‍വതിയ്ക്കു തോന്നി.

അവള്‍ ഓര്‍ത്തു.. തന്‍റെ ആഗ്രഹങ്ങൾ  എപ്പോഴും സഫലമായി.. അത്രയും തീഷ്ണമായി അവയ്ക്ക് വേണ്ടി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്കൊണ്ടാവാം. തീരെ ചെറിയ കാര്യങ്ങൾ ആയാലും അതെങ്ങനെ ആയിത്തീരണം എന്ന് മനസ്സില്‍ ആദ്യം കാണുമായിരുന്നു .

അനന്തന്‍ പലപ്പോഴും കളിയാക്കി ... 

'എന്തിനാണ് പാറു ഇത്ര തയ്യാറെടുപ്പുകള്‍ .. എനിക്ക് ചിന്തകളുടെ ഭാരം ചുമന്ന് അതിനു പിറകെ അലയാന്‍ വയ്യ. .ഒരുപാടു കണക്കുകള്‍  കൂട്ടി വെച്ചാല്‍ പിഴയ്ക്കുമ്പോൾ താങ്ങാനാവില്ലകേട്ടോ.'

'
ഇല്ലപിഴയ്കുന്ന കണക്കുകള്‍ ഞാനൊരിക്കലും കൂട്ടാറില്ല അനന്താ. നിനക്ക് കുറച്ചു കൂടി പോസിറ്റീവ് ആയി ചിന്തിച്ചു കൂടേ?'

'
ഹേയ്… അതല്ല പാറു.. അര നിമിഷം വേണ്ട ചിലപ്പോള്‍ ജീവിതം ഉലച്ചു കളയാന്‍. അല്ലെങ്കിലും ആകസ്മികതകളുടെ ആകെത്തുകയല്ലേ ജീവിതം..'

ഇല്ല എന്ന് പറഞ്ഞു എതിരെ നടക്കുമ്പോള്‍ അന്ന് മനസ്സ് എന്തിനെന്നറിയാതെ അസ്വസ്ഥമായി.

പിന്നീട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാൻ ആഗ്രഹിച്ചിരുന്നതുപോലെ നിന്‍റെ വിരല്‍ തുമ്പും പിടിച്ചു ഈ കടൽ കരയിൽ  കൂടി നടന്നപ്പോള്‍ ജീവിതം നാം ആഗ്രഹിക്കുന്നപോലെ ആണെന്ന് ചെറുതായെങ്കിലും അഹങ്കരിച്ചിരുന്നു.
പക്ഷെ ഒരുനിമിഷംപോലും വേണ്ടി വന്നില്ല ആ ചിന്തകളെ ചുഴറ്റി എറിയാന്‍ ..

കടലെടുത്ത മോഹങ്ങളും പേറിയുള്ള എന്‍റെയീ യാത്രയിൽ എനിക്ക് കൂട്ട് കണ്ണീരുണങ്ങാത്ത ഓർമ്മകളുടെ ഉപ്പുകാറ്റ്  മാത്രമായിരുന്നു എന്ന് നീയറിഞ്ഞിരുന്നൊ

അനന്താകടലാഴങ്ങളിലേക്ക് എന്നേയും തനിച്ചാക്കി പോയപ്പോൾ നീ കോണ്ടുപോയത് കണ്ടുതീരാത്ത നമ്മുടെ സ്വപ്നങ്ങളായിരുന്നില്ലേ
ഒരു ചെറുതിര വന്ന് കാലിൽ തലോടി തിരിച്ചു പോയി.

അമ്മേ.. ഇവിടെയാണോ .. ?’

ഉം...

മോളേ ചേർത്തു പിടിച്ചു.

അനന്താഇതാ നിന്‍റെ ... അല്ല നമ്മുടെ വൈഖരി.
പാറിപ്പറക്കുന്ന മുടിയിഴകളിൽ  തഴുകി ഒരു കൊച്ചു തെന്നല്‍ ഞങ്ങളെ കടന്നുപോയി.. ഏതോ നിര്‍വൃതിയിൽ അറിയാതെ കണ്ണുകൾ അടഞ്ഞു...

'മോളേ നോക്ക്.. നിന്‍റെ  അച്ഛന്‍ ... എന്‍റെ അനന്തൻഅതാ...'

ഒരു നിഴല്‍ നടന്നു മറയുന്നപോലെ... എനിക്ക് തോന്നിയതാണോ.. അറിയില്ല......

ആ പ്രേത നഗരത്തിലെ അവശിഷ്ടങ്ങള്‍ക്കിടയിൽ ഏതോ കാലത്തെ അവശേഷിപ്പുകള്‍ പോലെ അവർ പരസ്പരം നോക്കി നിന്നു..

(http://manimanthranam.blogspot.com)

ഇനിയും ബാക്കി.

December 06, 2011 ബിജുകുമാര്‍ alakode

രാത്രി ഒന്‍പതുമണി നേരം. തെളിച്ചം കുറഞ്ഞ നിലാവെട്ടത്തില്‍ കല്ലും ചരലും നിറഞ്ഞ വെട്ടുവഴിയിലൂടെ രമേശനും സുരേഷും ഒച്ചയെടുക്കാതെ മെല്ലെ നടന്നു. കൈയില്‍ പെന്‍ടോര്‍ച്ചൊരെണ്ണം ഉണ്ടെങ്കിലും തെളിച്ചിട്ടില്ല. ടോര്‍ച്ചുവെട്ടമൊക്കെ കണ്ടാല്‍ ആരെങ്കിലും ശ്രദ്ധിച്ചു കൂടായ്കയില്ല. വെട്ടുവഴിയുടെ മേലേ ഭാഗത്ത് കുറച്ചു വീടുകളുണ്ടെന്നു തോന്നുന്നു, മണ്ണെണ്ണ വിളക്കിന്റെ വെട്ടം കാണാം.

“ഏടാ രമേശാ.. കുറേങ്കൂടി ചെന്നാ പാറക്കൂട്ടത്തിന്റവിടേന്ന് മേളിലോട്ട് തെറ്റണോന്നല്ലേ രാജേട്ടന്‍ പറഞ്ഞെ?” സുരേഷ് മന്ത്രിയ്ക്കും പോലെ രമേശനോട് ചോദിച്ചു.

“ആടാ..കുറേ നേരായില്ലേ നടപ്പു തൊടങ്ങീറ്റ്.. അയ്യാളു നമ്മളെ മക്കാറാക്കീതാണോ..?” രമേശന്റെ ശബ്ദത്തില്‍ ആകെയൊരു എക്കച്ചെക്ക.

“ഏയ് അങ്ങനായിരിക്ക്വോ..?..എന്താണേലും കൊറേങ്കൂടി നടന്ന്വോക്കാം..”

“കോഴിമുക്ക്“ കവലയില്‍ ലാസ്റ്റ് ബസിറങ്ങി നടപ്പു തുടങ്ങീട്ടിത് അരമണിക്കൂറായി. ബസിറങ്ങിയപ്പോള്‍ കിളിയുടെയും  ചില യാത്രക്കാരുടെയും അര്‍ത്ഥം വെച്ചുള്ള നോട്ടം രണ്ടുപേരും കണ്ടില്ലാന്നു വെച്ചു. കവലയിലെ മുറുക്കാന്‍ പീടികക്കാരന്റെ പെട്രോമാക്സ് വെട്ടത്തിനു മുഖം കൊടുക്കാതെ വേഗം വെട്ടുവഴിയ്ക്ക് വച്ചു  പിടിയ്ക്കുകയായിരുന്നു.

രമേശനും സുരേഷും അയല്‍ക്കാരാണ്. രണ്ടു പേരും ടൌണിലെ പാരലല്‍ കോളേജില്‍ ബി.എ.യ്ക്ക് ഒന്നാം വര്‍ഷം പഠിയ്ക്കുന്നു. ഒന്നിച്ചു പോക്കും വരത്തും. അവധി ദിവസങ്ങളില്‍ രണ്ടുപേരും ചൂണ്ടയിടാനെന്ന വ്യാജേന പുഴയോരത്തു പോകും. പുഴയോരത്തെ വഞ്ചിക്കൂട്ടത്തിലും മുളങ്കാട്ടിലും പതുങ്ങിയിരുന്നാണ് ചൂണ്ടയിടീല്‍. അന്നൊരു ദിവസം പുഴക്കരെ പശുവിനെ കെട്ടാന്‍ വന്ന തോമാക്കുട്ടിയാണ് ആ രഹസ്യം കണ്ടുപിടിച്ചത്. അക്കരെ കുളിയ്ക്കുന്ന പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കലാണ് രണ്ടിന്റേം പണി. വിവരം പുറത്തറിയിയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയ തോമാക്കുട്ടിയ്ക്ക് ഒരു പൈന്റ് റം മേടിച്ചുകൊടുത്താണ് അന്ന് മുഖം രക്ഷിച്ചത്.

വൈകിട്ട് എട്ടരവരെ സ്കൂള്‍ മൈതാനത്തിരുന്നു വര്‍ത്തമാനം പറഞ്ഞിട്ടേ രമേശനും സുരേഷും പിരിയുകയുള്ളു. വര്‍ത്തമാനങ്ങളില്‍ മുക്കാലേമുന്താണിയും പെണ്ണുങ്ങളെ പറ്റിയാണ്.  രണ്ടു പേരും ഒരു കാര്യത്തില്‍ തുല്യദുഖിതരായിരുന്നു. നിറം കറുപ്പായതു കൊണ്ടും മുഖസൌന്ദര്യം കുറവായതു കൊണ്ടും ഒരു പെണ്ണും അവരെ ശ്രദ്ധിച്ചിരുന്നില്ല, അല്ലെങ്കില്‍ ശ്രദ്ധിച്ചതായി അവര്‍ക്കു തോന്നിയിട്ടില്ല. നേരെ നിന്ന് ഒരുത്തിയോടു പേരു ചോദിയ്ക്കാന്‍ പോലും ഇത്രേം കാലമായിട്ടും രണ്ടുപേര്‍ക്കും കഴിഞ്ഞിട്ടുമില്ല. എന്നു വെച്ച് അവര്‍ക്കും സ്വപ്നങ്ങളില്ലാതിരിയ്ക്കുമോ? എത്രയെത്ര സിനിമകളില്‍ സ്നേഹവും പ്രേമവും കണ്ടിരിയ്ക്കുന്നു?അതുപോലെയൊക്കെ ഒരു പെണ്ണിന്റെ ഇഷ്ടവും ചിരിയും കൊതിയ്ക്കാത്ത ഏതൊരുവനാ ഉള്ളത്? എല്ലാ രാത്രികളിലും തങ്ങളുടെ പെണ്ണിനെപറ്റി രസം പറഞ്ഞ് ഒത്തിരി ചിരിയ്ക്കുകയും നിരാശപ്പെടുകയും ചെയ്തിരുന്നു അവര്‍.

അങ്ങനെ ഒരു രാത്രിയിലാണ്  നാലു വീടിനപ്പുറത്തുള്ള മരപ്പണിക്കാരന്‍ രാജേട്ടന്‍ മൈതാനത്തു കൂടെ വന്നത്. രാജേട്ടനെ കണ്ടു നല്ല പരിചയമുണ്ട്. മരപ്പണിക്കാരനാണെങ്കിലും യാതൊരു ദുശ്ശീലവുമില്ലാ രാജേട്ടന് ‍. വെള്ളമടി, ബീഡിവലി, യാതൊന്നുമില്ല. മധ്യവസ്കന്‍. രമേശന്റെയും സുരേഷിന്റെയും വര്‍ത്താനവും ചിരിയും കണ്ടപ്പോള്‍ രാജേട്ടനും ഒപ്പം കൂടി മൈതാനത്തിരുന്നു. അതോടെ രണ്ടുപേരുടെയും മിണ്ടാട്ടം മുട്ടി. രാജേട്ടനെ പോലൊരു മുതിര്‍ന്ന ആളോട് എന്തു സംസാരിയ്ക്കാനാണ്..?

“എന്താടാ പിള്ളേരെ ഇത്ര ചിരീം വര്‍ത്താനോം? പറ രാജേട്ടനും കേള്‍ക്കട്ടെ..” പുള്ളി ചിരിച്ചുകൊണ്ട് രണ്ടാളോടും ചോദിച്ചു.

“ഏയ് ചുമ്മാ ഞങ്ങളോരോന്നിങ്ങനെ... പണിയൊക്കെ ഉഷാറല്ലേ രാജേട്ടാ..?”

“പിന്നേ.. അതിനൊന്നും ഒരു കൊയപ്പോമില്ല...”

പിന്നേം കുറേ നേരം അവരങ്ങനെ വര്‍ത്താനം പറഞ്ഞിരുന്നു. അതോടെ ഒരു കാര്യം ബോധ്യായി, രാജേട്ടന്‍ നല്ല രസികനാണ്. വര്‍ത്താനം കേട്ടിരിയ്ക്കാന്‍ ഒരു മടുപ്പുമില്ല. പിന്നെ പലദിവസങ്ങളിലും രാജേട്ടന്‍ കൊച്ചുവര്‍ത്താനം പറയാന്‍ കൂടി. അങ്ങനെയൊരു ദിവസമാണ് ഒട്ടും പ്രതീക്ഷിയ്ക്കാതെ അങ്ങേര്‍ ഒരു ചോദ്യം ചോദിച്ചത്.

“നിങ്ങളിതേവരെ ഒരു പെണ്ണിനെ തൊട്ടിട്ടുണ്ടോ..?”

അപ്പോഴാണ് രമേശനും സുരേഷും അക്കാര്യം ചിന്തിച്ചത്. ശരിയാണ് ഇതേവരെ മനസ്സോടെ ഒരു പെണ്ണിനെ തൊടാമ്പറ്റിയിട്ടില്ല. ബസിലെ തിരക്കില്‍ വല്ലപ്പോഴുമൊക്കെ ഒത്തു കിട്ടാറുണ്ട്. എങ്കിലും അത് ഒരു തരം കട്ടെടുക്കലല്ലേ, മനസ്സോടെ കിട്ടുന്നതല്ലല്ലോ. കോളേജിലെ നെയ് പോലത്തെ സുന്ദരികളെ തൊടുന്നതായി ചില രാത്രികളില്‍  സ്വപ്നം കണ്ടിട്ടുണ്ട്. അതിനപ്പുറം ഒന്നുമില്ല. രണ്ടുപേരുടെയും മൌനത്തിലേയ്ക്ക് പിന്നെയും രാജേട്ടന്‍ വാക്കുകള്‍ വാരിയിട്ടു,

“എടാ ആണാണെന്നും പറഞ്ഞ് നടന്നിട്ടു കാര്യമില്ല. നിങ്ങള് പുഴവക്കത്ത് കുളിസീന്‍ കാണാന്‍ പോകുന്നത് എനിയ്ക്കറിയാം. അറിയോ എന്റെ പതിഞ്ചാം വയസ്സില്‍ ഞാന്‍ ഒരു പെണ്ണിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചിട്ടുണ്ട്..!”

രമേശനും സുരേഷിനും മേലാകെ കുളിരു കോരിയിട്ടു. പെണ്ണിന്റെ ചുംബനത്തിന് തേനിനേക്കാള്‍ മധുരമാണെന്നാണ് കേട്ടിരിയ്ക്കുന്നത്. വെണ്ണയില്‍ തൂവലാല്‍ തലോടും പോലാണത്രെ സ്പര്‍ശനസുഖം..!

 “കല്യാണമൊക്കെ കഴിയ്ക്കും മുന്‍പ് ഇക്കാര്യത്തിലൊക്കെ ഒരു പരിചയം വേണമെടാ.. ഇതൊക്കെ എല്ലാ ആണുങ്ങളും ചെയ്യുന്നതാ. നിങ്ങളൊക്കെ കോളേജിലല്ലേ പഠിയ്ക്കുന്നേ.. ഇഷ്ടം പോലെ പീസ്സില്ലേ അവ്ടെ. വല്ലോം തടഞ്ഞിട്ടുണ്ടോ..?”

“ഇല്ല..” വിഷമത്തോടെ ഉമിനീരിറക്കി രമേശന്‍ പറഞ്ഞു. “നമ്മളെയൊക്കെ ആരുനോക്കാനാ രാജേട്ടാ..? കാണാന്‍ നല്ല മെനയുണ്ടെങ്കിലേ അവളുമാരു മൈന്‍ഡാക്കൂ..”

അപ്പോള്‍ കടന്നുപോയ ചെറുകാറ്റില്‍ അവരുടെ നെടുവീര്‍പ്പ് ലയിച്ചു ചേര്‍ന്നു.

“ഹ ഹ പോകാന്‍ പറ അവളുമാരോട്.. നിങ്ങള്‍ക്ക് കാര്യം നടക്കണോ.. കോഴിമുക്കില്‍ ഒരു കക്ഷിയുണ്ട്.. പക്ഷേ കാശു കൊടുക്കണം...”

“വേണ്ട രാജേട്ടാ.. അതൊന്നും ശരിയല്ല..” കേട്ടപാടെ രമേശന്‍ പറഞ്ഞു.

“നിന്നോടൊക്കെ പറഞ്ഞ എന്നെ വേണം തൊഴിയ്ക്കാന്‍...” രാജേട്ടന്‍ മുഖം കോട്ടി എഴുനേറ്റു.

“രാജേട്ടനറിയുന്ന കക്ഷിയാ...?” സുരേഷ് വിക്കി വിക്കി ചോദിച്ചു.

“അറിയാതെ പിന്നെ..? അങ്ങനെയൊന്നും ചെന്നാല്‍ കാര്യം നടക്കത്തില്ല. എന്റെ പേര് പറഞ്ഞാല്‍ മതി. ഞാന്‍ പറഞ്ഞൂന്നു മാത്രം, വേണങ്കി മതി..” ഇത്രേം പറഞ്ഞു രാജേട്ടന്‍ എഴുനേറ്റു പോയി.

“ഏടാ രമേശാ അയാളു പറഞ്ഞതു കേട്ടോ.. നമുക്കൊന്നു ട്രൈ ചെയ്താലോടാ...?”

“പോടാ.. നാട്ടുകാരറിഞ്ഞാല്‍ തൂങ്ങിച്ചത്താ മതി. ഞാനില്ല..” അങ്ങനെ പറഞ്ഞെങ്കിലും രമേശന്റെ മനസ്സില്‍ ഒരനക്കം തോന്നാതിരുന്നില്ല.

“ആരറിയാനാടാ.. കോഴിമുക്ക് ഈടുന്നു എട്ടുപത്തു കിലോമീറ്റര്‍ ദൂരെയല്ലേ.. നമ്മളെ ആരും അറിയോന്നുമില്ല്ല..”

“പക്ഷേ കാശ്.... നൂറുരൂപയെങ്കിലും വേണ്ടേ...”

ഇന്നേയ്ക്ക് കൃത്യം രണ്ടാഴ്ച മുന്‍പായിരുന്നു ഇപ്പറഞ്ഞ സംഭവോം രാജേട്ടന്റെ ഈ വര്‍ത്താനോം. ഒരാഴ്ചകൊണ്ട് രമേശനും സുരേഷും കാര്യം തീരുമാനിച്ചു. ഒരു പ്രാവശ്യം, ഒരൊറ്റപ്രാവശ്യം ഈ സംഗതിയൊന്നറിയണം. നൂറുരൂപ ഉണ്ടാക്കാന്‍ വീട്ടില്‍ കുറേ കള്ളത്തരങ്ങളും മറിമായങ്ങളും ചെയ്യേണ്ടി വന്നു. എല്ലാം റെഡിയായപ്പോള്‍ രാജേട്ടന്‍ വഴി പറഞ്ഞു കൊടുക്കുകയും ചെയ്തു.

അരണ്ട വെളിച്ചത്തില്‍ മുന്‍പില്‍ വലിയൊരു പാറക്കൂട്ടം കണ്ടു. രാജേട്ടന്‍ പറഞ്ഞ അടയാളം. അതിന്റെ ഇടതു വശത്തൂടെ വെട്ടുവഴി താഴേയ്ക്കും വലതു വശത്തൂടെ ചെറിയൊരു നടവഴി മേളിലേയ്ക്കും പോകുന്നു. അവര്‍ നടവഴിയിലേയ്ക്കു കയറി. ഇരു വശവും റബര്‍ തോട്ടമാണ്. നല്ല ഇരുട്ടുണ്ട്. രണ്ടു മൂന്നു തവണ കാലു കല്ലിനിടിച്ചതോടെ അല്പാല്പം ടോര്‍ച്ച് തെളിയ്ക്കേണ്ടി വന്നു. വീണു കിടക്കുന്ന റബറിലയിലൂടെ എന്തോ ഇഴഞ്ഞു പോയപോലെ. അവര്‍ ആകെ പേടിച്ചു പോയി. വല്ലാതെ ശ്വാസം തിങ്ങി.

“ഏടാ സുരേഷേ നമ്മക്കു തിരിച്ചു പോകാടാ...” രമേശന്‍ കിതച്ചു കൊണ്ടു പറഞ്ഞു. സുരേഷും ആകെ പതറിപ്പോയിരുന്നു.

“നമ്മുക്ക് ലേശം ഇരിയ്ക്കാം..”

രണ്ടു പേരും ഒരു കല്ലിന്മേല്‍ ഇരുന്നു. റബര്‍ക്കൂട്ടത്തിനിടയിലൂടെ അല്പാല്പം നിലാവ് നിലത്തു വീഴുന്നുണ്ട്. ചെറിയ കാറ്റില്‍ അവ ചലിച്ചു കൊണ്ടിരുന്നു. അല്പം അകലെ എവിടെയോ ഒരു പട്ടി കുരച്ചു. അപ്പോള്‍ വെട്ടു വഴിയിലൂടെ ചിലര്‍ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടു കയറി വരുന്നുണ്ടായിരുന്നു. രമേശനും സുരേഷും വേഗം കല്ലിന്മേല്‍ നിന്നിറങ്ങി റബര്‍ മരത്തിനു മറഞ്ഞു നിന്നു. താഴെ നിന്നു വന്നവര്‍ വെട്ടു വഴിയിലൂടെ തന്നെ പാറക്കൂട്ടം കടന്നു പോയി. അപ്പോഴാണ്  ശ്വാസം നേരെ വന്നത്.

“സുരേഷേ.. വാ നമ്മക്കു തിരിച്ചു പോകാം..” രമേശന്‍ പിന്നെയും തോണ്ടി.

“ഏതായാലും വന്നതല്ലേ.. പോയി നോക്കാടാ.. വരാന്നേരം നല്ല ഉത്സാഹായിരുന്നല്ലോ..?” സുരേഷ് കടുപ്പത്തില്‍ പറഞ്ഞു.

അവര്‍ പിന്നെയും മുന്നോട്ടു നടന്നു. കുറച്ചു കൂടി ചെന്നപ്പോള്‍ രാജേട്ടന്‍ പറഞ്ഞപോലെ തന്നെ അതാ ഓടിട്ട ചെറിയ വീട്. അതു കണ്ടപ്പോള്‍ നെഞ്ചിടിച്ചെങ്കിലും വല്ലത്തൊരു ഉത്സാഹം. വീടിന്റെ മുറ്റത്തിനു താഴെ അവര്‍ നിന്നു. റബര്‍ തോട്ടത്തിന്റെ നിഴലില്‍ ആ വീടാകെ കറുത്തിരുണ്ടു കിടന്നു. ഉള്ളില്‍ എവിടെയോ നേരിയ വെളിച്ചമുണ്ട്. ഇനിയെന്തു വേണം എന്ന് രണ്ടുപേരും മുഖാമുഖം നോക്കി.

“വാതിലിനു തട്ടി വിളിച്ചാലോ.. രാജേട്ടന്റെ പേരു പറഞ്ഞാ മതീന്നല്ലേ പറഞ്ഞെ..” സുരേഷ് പിറുപിറുത്തു.

“ഏടാ വേറെ ആരേലും കാണ്വോ അവിടെ..? എന്നാല്‍ എല്ലാം കഴിഞ്ഞു..” രമേശനും ഒച്ചതാഴ്ത്തി പറഞ്ഞു.

“നീപോകുന്നോ ആദ്യം..?”

“വേണ്ട നീ ചെല്ല്.. ഞാന്‍ രണ്ടാമതു പൊക്കൊളാം..” രമേശന്‍ പുറകോട്ടു നിന്നു.

അവസാനം സുരേഷ് തന്നെ പോകാന്‍ തീരുമാനിച്ചു. മിടിയ്ക്കുന്ന നെഞ്ചോടെ പതുക്കെ പതുക്കെ കാല്‍ വലിച്ചുവെച്ച് അവന്‍ ആ വീടിന്റെ വാതില്‍ക്കല്‍ എത്തി ചെവിയോര്‍ത്തു. അകത്ത് അനക്കമൊന്നുമില്ല. നല്ല നിശബ്ദത. അല്പം വിറയലോടെ  വാതില്‍ തട്ടി. പിന്നെയും രണ്ടു മൂന്നു തവണ തട്ടി. അപ്പോള്‍ അകത്തൊരനക്കം. അല്പസമയത്തിനകം വാതില്‍ മെല്ലെ തുറന്നു. മണ്ണെണ്ണ വിളക്കുമായി ഒരു രൂപം..

“ആരാടാ...?”

വാതില്‍ക്കല്‍ നിന്ന സുരേഷും മുറ്റത്തിനു താഴെ നിന്ന രമേശനും ഒരു പോലെ ഞെട്ടി. വെളിച്ചം മുഖത്തു വീണപ്പോള്‍ ആ രൂപത്തെ കണ്ടു. ഒരു സ്ത്രീ തന്നെയാണ്. വാരിക്കെട്ടിയ മുടിയും ഉലഞ്ഞ വസ്ത്രങ്ങളും. അവര്‍ വിളക്കു പുറത്തേയ്ക്കു നീട്ടിയപ്പോള്‍ പരുങ്ങി നില്‍ക്കുന്ന സുരേഷിനെ കണ്ടു..

“എന്താടാ നായീന്റെ മോനെ, ഈടെ പതുങ്ങി നില്‍ക്കുന്നെ...?”

മുറ്റത്തിനു താഴെ രമേശന്‍ വേഗം പുറകോട്ട് മൂന്നാലു ചുവടു വച്ചു ഓടാന്‍ തയ്യാറായി.. സുരേഷ് ആകെ പരവശനായിപ്പോയിരുന്നു..

“രാജേട്ടന്‍... മരപ്പണിക്കാരന്‍....” ഒരു വിധത്തില്‍ അവന്‍ വിക്കി വിക്കിപ്പറഞ്ഞു. പെട്ടെന്ന് ആ സ്ത്രീ വിളക്കു താഴ്ത്തി.

“കയറി വാ...” അവര്‍ വിളിച്ചു.  അവന്‍ സങ്കോചത്തോടെ അകത്തു കയറി. ഉടനെ അവര്‍ വാതില്‍ അടയ്ക്കുകയും ചെയ്തു. അപ്പോഴാണ് അവരുടെ മറുകൈയിലിരുന്ന വെട്ടുകത്തി അവന്‍ കണ്ടത്. അവര്‍ അത് ഒരു മൂലയിലേയ്ക്കിട്ടു..

“പേടിയ്ക്കണ്ട, രാത്രിയില്‍ ആരാ വരുന്നതെന്ന് അറിയത്തില്ലല്ലോ ഒരു ധൈര്യത്തിന്....”

അരണ്ട മണ്ണെണ്ണ വെളിച്ചത്തില്‍ സുരേഷ് അവരെ ശരിയ്ക്കും കണ്ടു. മുപ്പത്തഞ്ചു വയസ്സെങ്കിലും പ്രായം ഉണ്ടാകും.  വിദൂര സ്വപ്നങ്ങളില്‍ പോലും ഇതുപോലൊരു മുഖം ഉണ്ടായിരുന്നില്ല എന്ന് ഒരാന്തലോടെ അവന്‍ അറിഞ്ഞു. മുറിയിലെ ഇരുട്ടിന്റെ ആക്രമണത്തെ തടയാന്‍ മണ്ണെണ്ണവിളക്ക് വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു.

“അകത്തോട്ടു വാ...”  പൊളിഞ്ഞ പ്ലൈവുഡ് കതക് തള്ളിക്കൊണ്ട് അവര്‍ പറഞ്ഞു. സുരേഷിന്റെ കാലുകള്‍ ചലിച്ചില്ല. പുറത്തേയ്ക്കിറങ്ങിയോടാന്‍ അവന്‍ അതിയായി ആശിച്ചു. പെട്ടെന്ന് ആ സ്ത്രീ അവന്റെ കൈപിടിച്ച് അകത്തേയ്ക്ക് വലിച്ചു. അസാമാന്യ കരുത്താണവര്‍ക്കെന്ന് അവനു മനസ്സിലായി. നിലം പറിഞ്ഞ് അവന്‍ ഉള്ളിലേയ്ക്ക് വലിച്ചെടുക്കപ്പെട്ടു. അവിടെ പഴകിയ ഒരു കട്ടിലില്‍ രണ്ടു കുട്ടികള്‍ ഉറങ്ങുന്നു. നിലത്തൊരു പായയും മുഷിഞ്ഞ തലയിണയും. അലക്ഷ്യമായി വാരിവലിച്ചിട്ട കുറേ പഴന്തുണികള്‍ ഒരു മൂലയില്‍.  ഇരുട്ടില്‍ പൊതിഞ്ഞ ഏതോ ദുര്‍ഗന്ധം ആമുറിയിലുണ്ട്. അവര്‍ തിരിഞ്ഞു നിന്ന് വസ്ത്രം അഴിയ്ക്കാന്‍ തുടങ്ങി.

മുറ്റത്തിനു താഴെ നിന്ന രമേശന്‍ അക്ഷമനായി. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം. അപരിചിതമായ സ്ഥലത്ത്, അപരിചിതയായ ഒരു സ്ത്രീയുടെ വീടിനു താഴെ പതുങ്ങി നില്‍ക്കേണ്ടി വരുക.! ആരെങ്കിലും കണ്ടാല്‍ എല്ലാം കഴിഞ്ഞു. അവനാകെ ആത്മനിന്ദ തോന്നി. ഒരാവേശത്തിന് ഇറങ്ങിപുറപ്പെട്ടതാണ്. സുരേഷ് വന്നാലുടനെ സ്ഥലം വിടണമെന്ന് അവനുറച്ചു, എന്തായാലും തനിയ്ക്കീ പരിപാടി വേണ്ട. രാജേട്ടനെ മനസ്സില്‍ നാലഞ്ചു തെറി പറഞ്ഞു. റബര്‍ തോട്ടത്തിലെ കരിയിലയില്‍ കൂടി ആരോ നടക്കുന്നപോലെ അവനു തോന്നി. ഒരു മൂങ്ങ ഉച്ചത്തില്‍ ചിറകടിച്ചു തലയ്ക്കു മുകളിലൂടെ പറന്നു പോയി.

“രമേശാ..” അരികില്‍ നിന്ന് ആ വിളി കേട്ടപ്പോള്‍ അവന്‍ ഞെട്ടിത്തെറിച്ചു. തൊണ്ട വരണ്ടുപോയി..

“ഞാനാ.. നീ പോകുന്നോ.” സുരേഷാണ്. അവന്‍ വന്നതു അറിഞ്ഞേയില്ലല്ലോ.

“വേണ്ടാ.. വേം തിരിച്ചു പോകാം”

അവര്‍ വേഗം താഴേക്കു നടന്നു. വഴിയരുകിലെ മുള്‍ക്കൂട്ടത്തില്‍ കാലുടക്കിയതും കല്ലിന്മേല്‍ നഖമിടിച്ചതും അറിഞ്ഞതേയില്ല. രമേശന്  സുരേഷിനോട് അറപ്പു തോന്നി. കോഴിമുക്കു കവല വരെ അവര്‍ ഒന്നും സംസാരിച്ചതേയില്ല. പീടികക്കാരന്‍ അടച്ചുപോയിരിയ്ക്കുന്നു. അവിടം വിജനമായിരുന്നു. നിലാവെളിച്ചം മാത്രം. ഇനി നാട്ടിലേയ്ക്കു വണ്ടിയൊന്നും കിട്ടാനില്ല, നടക്കുക തന്നെ.

“എങ്ങനെ ഉണ്ടായിരുന്നു...?” അതുവരെ പിടിച്ചു നിര്‍ത്തിയ ചോദ്യം രമേശന്റെ വായില്‍ നിന്നു ചാടി.

“ഇതാ..” സുരേഷ് പോക്കറ്റില്‍ നിന്നും നൂറു രൂപാനോട്ട് എടുത്തു കാണിച്ചു.

“കാശുകൊടുത്തില്ലേ..?”

“അവരു മേടിച്ചില്ല.. ജോലി ചെയ്യാതെ കൂലി വേണ്ടാന്ന്..”

“അതായത്..........................”

“അതേടാ.. എന്നെക്കൊണ്ടാവുന്നില്ല.. മനസ്സുവന്നില്ല. അവിടെ കിടന്നുറങ്ങുന്ന രണ്ടു കുഞ്ഞുങ്ങള്‍.  ആ സ്ത്രീയുടെ മുഖം.. ഏടാ.. നമുക്കറിയാത്ത ഒത്തിരി കാര്യങ്ങള്‍ ലോകത്തുണ്ട്. അതൊന്നും പറഞ്ഞുതരാന്‍ എനിയ്ക്കറിയത്തില്ല.. “

സുരേഷിന്റെ മുഖത്തുകൂടി ചാലിട്ടൊഴുകിയ നനവില്‍ നിലാവെളിച്ചം തിളങ്ങി. അപ്പോള്‍ ആകാശത്ത് ആയിരം നക്ഷത്രങ്ങള്‍ തിളങ്ങുകയും വെണ്‌മേഘത്തുണ്ടുകള്‍ പഞ്ഞിപോലെ ഒഴുകുകയും ചെയ്തു. ഇരുണ്ട നിറമുള്ള നിശബ്ദതയില്‍ പൂക്കള്‍ വിതറി കിഴക്കന്‍ കാറ്റ് കടന്നുപോയി. അവര്‍ രണ്ടുപേരും കൈകള്‍ കോര്‍ത്തുപിടിച്ച്  വെറുതെ പൊട്ടിച്ചിരിച്ചു. പിന്നെ ആ  വിജനപാതയിലൂടെ വലിഞ്ഞു നടന്നു, വീട്ടിലേയ്ക്ക്.

ജലസമാധി

December 04, 2011 JIGISH







“Water is coming. Prepare to die or not.!” രണ്ടു ചെറുവാക്യങ്ങൾ മാത്രമുള്ള ഫോൺ സന്ദേശത്തിന്റെ ഉള്ളടക്കം അതായിരുന്നു. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഈ വാക്കുകൾ സൂചിപ്പിക്കുന്നതെന്തെന്ന് എനിക്കാദ്യം പിടികിട്ടിയില്ല. അയച്ചത് ആരെന്നു നോക്കി. നമ്പർ അജ്ഞാതം. പെട്ടെന്നുണ്ടായ ഞെട്ടലിൽ മൊബൈലും കൈയിൽ പിടിച്ച് അല്പനേരം അങ്ങനെയിരുന്നു. അടുത്ത നിമിഷം എന്റെയുള്ളിലിരുന്ന് ആറാമിന്ദ്രിയം മന്ത്രിച്ചു: ‘മുല്ലപ്പെരിയാർ..’ അനിവാര്യമായ വിധിയുടെ മുന്നറിയിപ്പെന്ന പോലെ ഈ വാക്ക് എന്റെ തലയ്ക്കുള്ളിലൂടെ അതിവേഗത്തിൽ മൂളിപ്പറക്കാൻ തുടങ്ങി.

രണ്ടുമണിയാകുന്നതേയുള്ളു. കൊട്ടാരത്തിൽ സന്ദർശകർ പൊതുവെ കുറവാണ്. കാന്റീനിലെ ഒഴിഞ്ഞ മൂലയിൽ സീറ്റു പിടിച്ച് ഒരു വെജിറ്റേറിയൻ ഊണിനുള്ള നിർദ്ദേശം നൽകി അതിനായി കാക്കുകയായിരുന്നു ഞാൻ. കഴിഞ്ഞ രണ്ടു മണിക്കൂർ നേരം, കാനഡയിൽ നിന്നുള്ള ജൂതന്മാരുടെ ഒരു ചെറുസംഘത്തോടൊപ്പമായിരുന്നു. ഉച്ചഭക്ഷണത്തിനായി ഗ്യാലറികൾ അടച്ചപ്പോഴും അവരുടെ കൌതുകങ്ങൾ അവസാനിച്ചിരുന്നില്ല. എപ്പിഗ്രാഫി ഗ്യാലറിയിലെ ആട്ടിൻ തോലിലെഴുതപ്പെട്ട ‘ബൈബിളാ’ണ് അവരെ ഏറ്റവുമാകർഷിച്ചത്. കേരളത്തിലെ ഒരു മ്യൂസിയത്തിൽ അങ്ങനെയൊന്ന് അവരൊട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി. ഹീബ്രൂ ലിപിയിൽ രചിക്കപ്പെട്ട അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെപ്പറഞ്ഞ് നേരം പോയതറിഞ്ഞില്ല. ഒടുവിൽ, അവരെ യാത്രയാക്കുമ്പോൾ സമയം ഒന്നേമുക്കാൽ.

എത്ര പെട്ടെന്നാണ് മനുഷ്യജീവിതം മാറിമറിയുന്നത്.? മരണമോ ജീവിതമോ വലുതെന്ന പ്രാഥമികമായ പ്രശ്നമാണ് ഒരു മെസ്സേജിലൂടെ ഇപ്പോൾ എന്റെ മുഖത്തടിച്ചിരിക്കുന്നത്.! സ്വാഭാവികമായും ജീവിതമെന്ന ഓപ് ഷൻ തന്നെ തെരഞ്ഞെടുക്കാൻ ഞാൻ തീരുമാനിച്ചു. വെയിറ്ററോട് സോറി പറഞ്ഞ് അതിവേഗത്തിൽ ഓഫീസിലേക്കു പാഞ്ഞു. ഓഫീസർ ടൂറിലായതിനാൽ ആ ചുമതലയും എനിക്കാണ്. ഇന്നത്തെ എന്റെ ഉത്തരവാദിത്തങ്ങൾ എന്നിൽ മാത്രം ഒതുങ്ങുന്നതല്ല എന്നർത്ഥം.

ഡയറക്ടറെയാണ് ആദ്യം വിളിച്ചത്. റൂട്ട് ബിസിയാണെന്ന മറുപടി കിട്ടി. പലവട്ടം ശ്രമിച്ചിട്ടും അതേ മറുപടി. പല നമ്പറുകളും മാറിമാറി പരീക്ഷിച്ചപ്പോഴാണ് സംഗതിയുടെ ഗൌരവം മനസ്സിലായത്. നെറ്റ്വർക്ക് മുഴുവൻ തകരാറിലായിരിക്കുന്നു.! ലാൻഡ് ഫോണിൽ വിളിച്ചു. രക്ഷയില്ല. ‘ഈ റൂട്ടിലേയ്ക്കുള്ള എല്ലാ ലൈനുകളും ബിസിയാണ്.!‘ മനസ്സ് ഒരു അപകടം മണത്തു. ചാനൽവാർത്തയ്ക്കായി ഞാൻ മൊബൈലിലെ ഇന്റർനെറ്റ് പരതി. 10 മിനിറ്റ് അദ്ധ്വാനിക്കേണ്ടിവന്നു ഗൂഗിൾ ജാലകം ഒന്നു തുറന്നുകിട്ടാൻ. പിന്നീട്, എന്റെ ശ്വാസഗതി വർദ്ധിപ്പിച്ചുകൊണ്ട് ആ ഫ്ലാഷ് ന്യൂസ് എന്റെ നെഞ്ചിനുള്ളിൽ ഒരു ഇടിമിന്നൽ തീർത്തു. “മുല്ലപ്പെരിയാർ ഡാം തകർന്നു. ജനങ്ങൾ ഉടനടി സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കു മാറുക..എല്ലാവരും ജാഗ്രത പാലിക്കുക..കരുതലോടെയിരിക്കുക.!” ഏതൊരു ദുരന്തവാർത്തയെയും ഒരു പത്രപ്രവർത്തകന്റെ നിർമ്മമതയോടെ നേരിടാറുള്ള എന്നെപ്പോലും, ക്രൂരമായ ഈ വാക്കുകൾ തളർത്തിക്കളഞ്ഞു. വിധിനിർണ്ണായകമായ ആ നിമിഷം ഇതാ നേർക്കുനേർ വന്നുനിൽക്കുന്നു.!

അല്പസമയത്തിനുള്ളിൽ സമനില വീണ്ടെടുത്തു. ‘അങ്ങനെ തളരാൻ പാടില്ല. ഇത് എന്റെ ദിവസമാണ്. എന്റെ അനാസ്ഥ മൂലം ഒരു മനുഷ്യജീവൻ പോലും അപായപ്പെടരുത്..ഒരു സഹപ്രവർത്തകനു പോലും പരിക്കേൽക്കരുത്.‘ ധൈര്യം സംഭരിച്ച്, ഞാൻ കർമ്മനിരതനായി. സെക്യൂരിറ്റി ഓഫീസറെ വിളിച്ചുവരുത്തി എല്ലാ സന്ദർശകരെയും ഉടൻ പുറത്തിറക്കാനും പ്രധാനകവാടം അടയ്ക്കാനും നിർദ്ദേശിച്ചു. ഗ്യാലറികളെല്ലാം അടച്ചുപൂട്ടി സീൽ ചെയ്തു. കുട്ടികളുടെ പാർക്കും കാന്റീനും ഒഴിപ്പിച്ചു. എല്ലാ ജീവനക്കാരും അടിയന്തിരമായി ഓഫീസിലെത്താൻ കർശനനിർദ്ദേശം നൽകി. ചുരുങ്ങിയ വാക്കുകളിൽ അവരോട് സ്ഥിതിഗതികൾ വിശദീകരിച്ചു. അക്കൌണ്ടന്റ് വിമലയോട് ഓഫീസിലുള്ള പണം എണ്ണിത്തിട്ടപ്പെടുത്തി, ഒരു ബാഗിലാക്കി കൈവശം വെയ്ക്കാൻ പറഞ്ഞു.

അപ്രതീക്ഷിതമായ അപായസൂചന ചിരിക്കുന്ന മുഖങ്ങളെയെല്ലാം പെട്ടെന്നു മ്ലാനമാക്കി. ഉച്ചയൂണിനുശേഷം സുഖകരമായ പരദൂഷണത്തിൽ മുഴുകിയിരുന്നവർ പെട്ടെന്നു ദൈവനാമങ്ങൾ ഉച്ചരിക്കാൻ തുടങ്ങി. മനസ്സിന്റെ കടുത്ത സമ്മർദ്ദത്താൽ പലർക്കും സംസാരശേഷി നഷ്ടപ്പെട്ടു. ഇത്രയുമായപ്പോൾ, തെരുവിൽനിന്ന് പോലീസിന്റെ മുന്നറിയിപ്പ് അന്തരീക്ഷത്തിൽ മുഴങ്ങാൻ തുടങ്ങി. ജനങ്ങൾ എത്രയും വേഗം വീടുകളിലേക്കു മടങ്ങണമെന്നും ഉയരമുള്ള സുരക്ഷിതസ്ഥാനങ്ങളിൽ നിലയുറപ്പിക്കണമെന്നും അവർ ആവർത്തിച്ചുകൊണ്ടിരുന്നു.

‘ദൈവത്തിന്റെ സ്വന്തം നാട്ടി‘ൽ ആദ്യമായി സർവ്വനാശം വിതയ്ക്കാൻ പോകുന്ന ജലബോംബിന്റെ ആഘാതത്തെക്കുറിച്ച്, അണപൊട്ടിവരുന്ന ഗതികോർജ്ജത്തിന്റെ മാരകമായ കുതിരശക്തിയെക്കുറിച്ച് ഒരു ധാരണയിലെത്തി. ഒടുവിൽ നിർമ്മിച്ചതും ഉയരം കൂടിയതുമായ ബ്ലോക്കിന്റെ മൂന്നാം നിലയുടെ ടെറസ്സ് സുരക്ഷിതമായ അഭയസങ്കേതമായി ഞാൻ തെരഞ്ഞെടുത്തു. പഴക്കം ചെന്നതും ബലക്ഷയമുള്ളതുമായ ഓടുമേഞ്ഞ കെട്ടിടങ്ങളാണ് ബാക്കിയെല്ലാം. ടെറസ്സിലേക്കുള്ള വാതിൽ തുറന്ന്, ഹാജരുള്ളവരെ എണ്ണിത്തിട്ടപ്പെടുത്തി മുകളിലെത്തിച്ചു. ഏകദേശം 4000 ചതുരശ്ര അടി വിസ്താരമുള്ള വിശാലമായ ടെറസ്സിൽ എല്ലാവരും നിരന്നുവെങ്കിലും ആർക്കും ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല പേടിപ്പെടുത്തുന്ന ഒരു മൂകത അവിടെ തളം കെട്ടിനിന്നു..രണ്ടു കാലിനും സ്വാധീനമില്ലാത്ത ഫാത്തിമയെന്ന ക്ലർക്കിനെ വീൽ ചെയറിലിരുത്തി താങ്ങിയെടുത്താണ് മുകളിലെത്തിച്ചത്. തികച്ചും സന്ദിഗ് ദ്ധമായ ഈ ഘട്ടത്തിലും അസാധാരണമായ ഒരു നിസ്സംഗത അവരുടെ മുഖത്തു കാണപ്പെട്ടു.

മുക്കാൽ മണിക്കൂറിനകം കൊട്ടാരവളപ്പ് ശൂന്യമാക്കി ഗേറ്റ് പൂട്ടിയതായി സെക്യൂരിറ്റി ഓഫീസർ ജോസഫ് അറിയിച്ചു. ക്ലോസ്ഡ് സർക്യൂട്ട് സംവിധാനത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെല്ലാം പ്രവർത്തനസജ്ജമാക്കാനും എന്തു സംഭവിച്ചാലും അതിന്റെയെല്ലാം വീഡിയോ ചിത്രങ്ങൾ കമ്പ്യൂട്ടറിൽ റിക്കോർഡ് ചെയ്യാനുമുള്ള സംവിധാനമൊരുക്കി, ആ ചുമതല ജോസഫിനെ ഏൽ‌പ്പിച്ച് ഞാൻ വീണ്ടും ടെറസ്സിലെത്തി. ജീവിതത്തിലാദ്യമായാണ് ഇതുപോലൊരു വെല്ലുവിളി നേരിടുന്നതെങ്കിലും ഭയമെന്ന വികാരം എന്റെ മനസ്സിലിപ്പോൾ അല്പം പോലുമുണ്ടായിരുന്നില്ല. ഞാനറിയാതെ, എന്റെ സിരകളിലേക്ക് എവിടെനിന്നോ ഊർജ്ജം പ്രവഹിച്ചു. സഹജീവികളായ നിരവധി പേരുടെ ജീവൻ ഇപ്പോൾ എന്റെ ഉത്തരവാദിത്തമാണെന്ന സത്യം ഞാൻ ഉൾക്കൊള്ളുകയായിരുന്നു.! തകർന്ന ‘ടൈറ്റാനിക്കി‘ലെ ജാക്കിനും റോസിനും കൈവന്നതുപോലെയുള്ള വിചിത്രമായ ഒരു മനോധൈര്യം എന്നെയും ആവേശഭരിതനാക്കി.

കാര്യങ്ങൾ നിയന്ത്രണവിധേയമാക്കി, ഞാൻ ചുറ്റുമുള്ള പ്രകൃതിയിലേയ്ക്കു നോക്കി. എത്ര മനോഹരമായ കാഴ്ചകൾ.! അല്പമകലെയുള്ള പാർക്കിൽ പ്ലാവില കടിച്ചുതിന്നുന്നതിനിടെ നിഷ്കളങ്കമായി പരസ്പരം കൊമ്പുകോർക്കുന്ന പുള്ളിമാനുകൾ. അവയെ ദൈവം രക്ഷിക്കട്ടെ..! പക്ഷികൾ എത്ര അനുഗ്രഹിക്കപ്പെട്ടവരാണെന്ന് എനിക്കു പെട്ടെന്നോർമ്മ വന്നു. ഒരു ജലഭീമനും അത്രയെളുപ്പത്തിൽ അവയുടെ ജീവനെടുക്കാനാവില്ല.! കലികയറിയ പ്രകൃതിയ്ക്കു മുന്നിൽ, മനുഷ്യൻ തന്നെയാണ് ഏറ്റവും ദുർബ്ബലനെന്ന് എനിക്കു തോന്നി. കണക്കുകൂട്ടൽ ശരിയാണെങ്കിൽ, ഏകദേശം അരമണിക്കൂറിനകം സംഹാരമൂർത്തിയായ ആ ജലഭീമൻ ഇവിടെയെത്തിച്ചേരും. അനിയന്ത്രിതമായ ഒരാവേശത്തിൽ, ഞാൻ ബാഗ് തുറന്ന് ക്യാമറയെടുത്തു. എന്റെ അഭാവം ഈ ലോകത്തെ സംബന്ധിച്ച് തീർത്തും അപ്രസക്തമാണ്. ഒരുവേള, മരണത്തിലൂടെ യെങ്കിലും ചരിത്രരേഖയാകാനിടയുള്ള ഒരു ചിത്രം ലോകത്തിനു നൽകാൻ കഴിഞ്ഞാൽ, അത് വിലപ്പെട്ട ഒരു സംഭാവനയായിരിക്കുമെന്ന് എന്റെ മനസ്സ് എന്നോടു മന്ത്രിച്ചു.

ഒടുവിൽ, ആ സമയമെത്തിച്ചേർന്നു. കിഴക്കുദിക്കിലേയ്ക്ക് ഇമവെട്ടാതെ തുറിച്ചുനോക്കി നിന്ന ഞങ്ങളുടെ കണ്മുന്നിലേയ്ക്ക് ആയിരം കൊമ്പനാനകളുടെ ചിന്നംവിളിയുമായി ഭീമാകാരനായ ആ ജലരാക്ഷസൻ അടുത്തടുത്തുവന്നു. എട്ടടിയെങ്കിലും ഉയരമുള്ള ചുറ്റുമതിൽ അനായാസം തകർത്തുകൊണ്ട്, ഉയരമുള്ള കൽത്തിട്ടകളിലൂടെ ഇരമ്പിക്കയറി അതാ അവൻ വരുന്നു.! എന്റെ ക്യാമറ രണ്ടുവട്ടം പ്രവർത്തിച്ചു. അടുത്ത സെക്കന്റിൽ ഞങ്ങൾ നിൽക്കുന്ന കൊട്ടാരസമുച്ചയത്തിലേക്കു ചീറിയടുത്ത അവൻ അതിന്റെ നെടുങ്കൻ ഭിത്തികളിൽ തല്ലിയലച്ചു പൊട്ടിച്ചിതറി. എനിക്കുചുറ്റും അലറിവിളിക്കുന്ന മനുഷ്യരുടെ ശബ്ദഘോഷങ്ങൾക്കിടയിലൂടെ ജലപാളികൾ ആകാശത്തേക്കുയർന്നുപൊങ്ങി. ഒരു തകർപ്പൻ മഴയിൽ ഞങ്ങൾ നനഞ്ഞു കുതിർന്നു. ഒരു നിമിഷം, കൊട്ടാരം ഒന്നു കുലുങ്ങി നിവർന്നതായി എനിക്കനുഭവപ്പെട്ടു. ഇതിനിടയിലെപ്പോഴോ ക്യാമറ ഒരിക്കൽക്കൂടി ക്ലിക്ക് ചെയ്തതായി എനിക്കോർമ്മയുണ്ട്. പിന്നെ, ബോധാബോധങ്ങൾക്കിടയിലെ ആഴക്കിണറിലേയ്ക്ക് ഞാനും വീണുപോയി. വലിയൊരലർച്ചയോടെ എന്തോ നിലംപതിക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു നോക്കവേ, അല്പം മുൻപു വരെ ഓഫീസ് പ്രവർത്തിച്ചിരുന്ന നേത്യാരമ്മയുടെ ബംഗ്ലാവ് തകർന്ന് തിരയടിക്കുന്ന ജലശയ്യയിലേയ്ക്കമരുന്നതാണു കണ്ടത്. മരണത്തെ മുഖാമുഖം കണ്ടതുപോലെ എല്ലാവരും അലറിവിളിച്ചു. എവിടെനിന്നൊക്കെയോ ദീനരോദനങ്ങളും പക്ഷിക്കരച്ചിലുകളും അലർച്ചകളും ഉയർന്നു കേട്ടു. പിന്നിലേക്കു തിരിഞ്ഞുനോക്കിയപ്പോൾ, തോട്ടത്തിലെ മരങ്ങളെയും കൽക്കെട്ടുകളെയും കടപുഴക്കിക്കൊണ്ട് വന്യമായ ശക്തിയോടെ ആ രാക്ഷസരൂപം മതിൽ ചാടിക്കടന്നു മറയുന്നത് ഞാൻ വ്യക്തമായിക്കണ്ടു.

പിന്നീട്, ഒരു ദുസ്വപ്നത്തിൽ നിന്നുണർന്നപോലെ ഞാൻ ചുറ്റും നോക്കി. ഇല്ല; ആരും മരിച്ചിട്ടില്ല. മരണതുല്യമോ അതിനേക്കാൾ ഭീകരമോ ആയ ഒരവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്നുപോയതെന്നു തോന്നി. നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ആ ജലയുദ്ധത്തിൽ എല്ലാം തകർന്നടിഞ്ഞു കഴിഞ്ഞു. തൊട്ടുമുൻപുവരെ നിറയെ പൂക്കളുമായി ചിരിച്ചുനിന്നിരുന്ന പൂന്തോട്ടം ചെളിവെള്ളം നിറഞ്ഞ ഒരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു.! ഒരക്ഷരം പോലും ഉരിയാടാനാവാതെ, മരവിച്ച മനസ്സുമായി ഞങ്ങൾ ആ വെറും നിലത്ത് കുത്തിയിരുന്നു.

പത്തുപതിനഞ്ചുമിനിറ്റിനകം ഞാൻ സമചിത്തത കൈവരിച്ചു. ജോലികൾ ഇനിയും ബാക്കിയുണ്ട്. മൊബൈൽ കൈയിലെടുത്ത് 100-ലേയ്ക്കു വിളിച്ചു. ഏറെ ശ്രമിച്ചതിനു ശേഷമാണ് മറുപടി ലഭിച്ചത്. കൊട്ടാരത്തിൽ കുടുങ്ങിയിട്ടുള്ളവരുടെ സ്ഥിതിവിവരക്കണക്ക് ഞാൻ അവരെ ബോധ്യപ്പെടുത്തി. രക്ഷാപ്രവർത്തകരെത്തും വരെ അവിടെത്തന്നെയിരിക്കാനും ആരും താഴെയിറങ്ങരുതെന്നും പോലീസ് പറഞ്ഞു. ബൈനോക്കുലറിന്റെ കാഴ്ചവട്ടത്തിൽ കാണാവുന്ന കാര്യങ്ങൾ സെക്യൂരിറ്റി ജീവനക്കാർ തന്നെ എനിക്കു കാട്ടിത്തന്നു. നേരത്തെ പുള്ളിമാനുകൾ നിന്നിരുന്ന പ്രദേശം ഇപ്പോൾ ശൂന്യമായിരുന്നു.! കൊട്ടാരത്തിനു പിന്നിലെ വിശാലമായ എട്ടുകെട്ടിന്റെ ഒരു ഭാഗവും കുളപ്പുരമാളികയും തകർന്നു നിലംപൊത്തിക്കിടക്കുന്നത് ഞങ്ങൾ ഭീതിയോടെ നോക്കിക്കണ്ടു.

പരിസരവീക്ഷണം നടത്തിവന്ന ജോസഫ് കൊട്ടാരമുറ്റത്ത് നാലടിയോളം ഉയരത്തിൽ ചെളി അടിഞ്ഞുകൂടിയിട്ടുണ്ടെന്ന റിയിച്ചു. സ്റ്റാഫിനു പുറത്തുകടക്കാൻ ഹെലിക്കോപ്റ്ററിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അവർ താമസിയാതെ എത്തുമെന്നും അയാൾ പറഞ്ഞു. ഏകദേശം അരമണിക്കൂർ കഴിഞ്ഞതോടെ ആകാശത്തിൽ തലങ്ങും വിലങ്ങും ഹെലിക്കോപ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സ്വന്തമൂഴം കാത്ത് ഞങ്ങൾ ആകാശത്തേക്കു നോക്കിയിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ലൈനിൽ കിട്ടാൻ എല്ലാവരും കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും നെറ്റ്വർക്ക് പുന:സ്ഥാപിക്കപ്പെട്ടിരുന്നില്ല. ആശങ്കയുടെ മിനിറ്റുകൾ കടന്നുപൊയ്ക്കൊണ്ടേയിരുന്നു..

പോലീസിന്റെ വയർലെസ് സംവിധാനമായിരുന്നു ഏക ആശ്വാസം. ഹെലിപ്പോപ്റ്ററുകൾ ഉടനെ ടെറസ്സിലിറങ്ങുമെന്നും എല്ലാവരും താഴത്തെ നിലയിലേക്കിറങ്ങി ക്യൂവായി നിൽക്കാനും അറിയിപ്പു കിട്ടി. മൂന്നുജില്ലകൾ ഏറെക്കുറെ നാമാവശേഷമായിട്ടുണ്ടെന്നും റോഡ് ഗതാ‍ഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണെന്നും നിരവധി ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്നും മരണസംഖ്യ ലക്ഷങ്ങളാണെന്നും ഇതിനിടെ, ജോസഫ് എന്റെ ചെവിയിൽ അടക്കം പറഞ്ഞു. താമസിയാതെ ഒരു ഹെലിക്കോപ്റ്റർ സുരക്ഷിതമായി ടെറസ്സിലിറങ്ങി. സ്ത്രീകൾക്കായിരുന്നു ആദ്യ അവസരം. ആറു ഘട്ടമായി എല്ലാവരെയും കയറ്റിവിട്ടു. ഞാനും ജോസഫും അവസാനത്തെ വിമാനത്തിൽ കയറി. അപായമില്ലാതെ എല്ലാവരെയും രക്ഷാകേന്ദ്രങ്ങളിലെത്തിക്കാൻ കഴിഞ്ഞതിന്റെ സമാധാനത്തിൽ, ഞാനൊരു ദീർഘനിശ്വാസമുതിർത്തു. അപ്പോഴാണ് കിലോമീറ്ററുകൾക്കപ്പുറത്തുള്ള എന്റെ ഗ്രാമത്തെയും പുഴയുടെ തീരത്തുള്ള എന്റെ ഗൃഹത്തിലെ പാവം മനുഷ്യാത്മാക്കളെയും കുറിച്ച് ഞാനോർത്തത്. എന്തൊക്കെയാവും സംഭവിച്ചിരിക്കുക എന്നാലോചിച്ചപ്പോൾ, ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി. താഴെ, തെങ്ങിൻ തലപ്പുകൾക്കിടയിലൂടെ നഷ്ടാവശിഷ്ടങ്ങളിലേയ്ക്കു നോക്കിയിരിക്കെ, എന്റെ മനസ്സ് ആരുമറിയാതെ തേങ്ങിക്കൊണ്ടിരുന്നു.

* * * *

ചുവരിലിരുന്ന് ഒരു കിളി ചിലച്ചു. ഞാൻ ഞെട്ടിയുണർന്നു. ഹോ, വിസ്മയത്താൽ എന്റെ ശരീരം വിറച്ചു. ഇത്ര നേരവും കണ്ടതെല്ലാം സ്വപ്നമായിരുന്നോ.? അനുഭവിച്ചതെല്ലാം മായയായിരുന്നോ.? അപ്രതീക്ഷിതമായി ജീവിതം തിരിച്ചു പിടിച്ചതു പോലെ എന്റെ മനസ്സ് സന്തോഷത്താൽ തുടിച്ചു. കിടക്കയിൽ നിന്നെണീറ്റു ലൈറ്റിട്ടു. കൃത്യം ആറുമണി. നേരം പുലരുന്നതേയുള്ളു. ആകാംക്ഷാഭരിതനായി വാതിൽ തുറന്ന് ഞാൻ മുറ്റത്തേയ്ക്കു നോക്കി. ഇല്ല. ഒന്നും സംഭവിച്ചിട്ടില്ല. അകത്തെ മുറിയിൽ നിന്ന് അമ്മയുടെ ചുമ കേട്ടു. ഹോ..സമാധാനമായി. ഇല്ല, ഒന്നും സംഭവിച്ചിട്ടില്ല. ഒന്നും സംഭവിച്ചിട്ടില്ല.!

ആശ്വാസം നിറഞ്ഞ മനസ്സോടെ, പുനർജ്ജന്മം ലഭിച്ചവന്റെ ആനന്ദത്തോടെ സോഫയിൽ ചാരിക്കിടന്ന് ടീവി ഓൺ ചെയ്തു. റിമോട്ടിൽ വിരലമർത്തിയതും കണ്മുന്നിൽ നിറഞ്ഞത് പ്രളയജലത്തിൽ തകർന്നു തരിപ്പണമായ ഒരു വിമാനത്താവളത്തിന്റെ ദൃശ്യമാണ്. ഹോ, ഇതു നെടുമ്പാശ്ശേരിയാണല്ലോ.! ഞെട്ടിവിറച്ചുകൊണ്ട് ഞാൻ ചാടിയെണീറ്റു. ആ കാഴ്ചകൾ എന്നെ ശ്വാസം മുട്ടിച്ചു. തിങ്ങിനിറഞ്ഞ അഭയാർത്ഥി ക്യാമ്പുകൾ..ആശങ്കാകുലമായ മനുഷ്യമുഖങ്ങൾ..അടക്കിപ്പിടിച്ച തേങ്ങലുകൾ.. ജോലിയിൽ മുഴുകിയ നഴ്സുമാരും ഡോക്ടർമാരും, അന്തിമവിധിയേറ്റുവാങ്ങി നിശ്ചലരായവർ..ഹൃദയം തകർന്ന നിലവിളികൾ..പാതിയും മുക്കാലും വെള്ളത്തിൽ മുങ്ങിയ കൊച്ചിയിലെ വൃക്ഷങ്ങളും കെട്ടിടങ്ങളും…ദൈവമേ, എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത്.? ഇതു സത്യമോ മിഥ്യയോ.? സ്വപ്നത്തിനും സത്യത്തിനുമിടയിലെ അതിർവരമ്പുകൾ ഇല്ലാതായോ.? ഞാൻ എന്റെ ശരീരത്തിൽ വീണ്ടും വീണ്ടും നുള്ളിനോക്കി. അത്ഭുതമെന്നു പറയട്ടെ. ഒട്ടും നോവുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരു ആശയക്കുഴപ്പം എന്നെ ഉഴുതുമറിച്ചു. ശിരസ്സിനുള്ളിൽ എന്തോ പെരുത്തുവരുന്നതു പോലെ..എന്റെ സമാധാനം നഷ്ടപ്പെട്ടു. അവസാനിക്കാത്ത ഒരു ജലസമാധിയുടെ സുഖദമായ തണുപ്പിനായി മനസ്സും ശരീരവും കൊതിച്ചു. കുളിമുറിയിലേക്കോടിക്കയറി ബാത്ത്ടബ്ബിൽ വെള്ളം നിറച്ചു. പിന്നെ, നിരുപാധികമായ ശാന്തി മാത്രമാഗ്രഹിച്ച് ഞാൻ ആ തണുപ്പിലാണ്ടുകിടന്നു.!