സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ക്രിസ്തുമസ് കേക്ക്.

January 12, 2012 ബിജുകുമാര്‍ alakode

കൂടരഞ്ഞി മലയുടെ താഴ്വാരത്തില്‍ മഞ്ഞുപൊഴിയാന്‍ തുടങ്ങി. ഡിസംബറില്‍ അങ്ങനെയാണ്. സൂര്യന്‍ പടിഞ്ഞാറ് മറഞ്ഞാലുടന്‍ പുഴയില്‍ കോടപൊന്തും. പിന്നെ മെല്ലെമെല്ലെ പരന്ന് മലയെ പൊതിഞ്ഞു കളയും. അപ്പോള്‍ കിഴക്കന്‍കാറ്റിന്റെ ചിറകേറിയെത്തുന്ന തണുപ്പ് കൂടരഞ്ഞിയെ മരവിപ്പിയ്ക്കും. ആകാശത്തപ്പോള്‍ നക്ഷത്രക്കൂട്ടങ്ങള്‍ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. അതിലൊരു വലിയ നക്ഷത്രം കൂടരഞ്ഞി മലയുടെ നേരെ മുകളില്‍ തന്നെ തിളങ്ങിനിന്നു.

അടിവാരത്തെ കൊച്ചുസിറ്റിയില്‍ അന്നേരം കരോള്‍ സംഘം ബാന്‍ഡുവാദ്യവുമായി ഇറങ്ങി. കഴിഞ്ഞവര്‍ഷത്തെ അതേ പാട്ടു തന്നെ അവര്‍ ഇത്തവണയും പാടി. .”ശാന്തരാത്രി..തിരുരാത്രി..”
സന്ധ്യാനേരത്ത് ടൌണിലൊരു കറക്കം കഴിഞ്ഞാല്‍ പിന്നെ അവര്‍ മലയോരത്തെ ഓരോ വീടും കയറിയിറങ്ങും. ദൈവപുത്രന്റെ തിരുപ്പിറവിയ്ക്കായി ആ മലയോരം കാത്തിരുന്നു. ആ സമയം ചര്‍ച്ചില്‍ നിന്നു പാതിരാമണി മുഴങ്ങുമല്ലോ.

ജോര്‍ജച്ചായനും സെലീനച്ചേച്ചിയും മുറ്റത്തെ പുല്‍ക്കൂട്ടില്‍ കളര്‍ ലൈറ്റുകള്‍ തെളിയിച്ചു. ഉണങ്ങിയ കുശപ്പുല്ലുകൊണ്ട് ജോര്‍ജച്ചായന്‍ പ്രത്യേകം ഉണ്ടാക്കിയ കൂടാണത്. മുകളില്‍ വലിയൊരു ചുവന്ന നക്ഷത്രം. കൂട്ടിനുള്ളിലെ പുല്‍മെത്തമേല്‍ ഔസേപ്പിതാവിനും പരിശുദ്ധമാതാവിനും നടുവില്‍ ഉണ്ണിയേശു കൈവിരിച്ചു നിഷ്കളങ്കമായി ചിരിയ്ക്കുന്നുണ്ടായിരുന്നു. സെലീന ചേച്ചി  ഉണ്ണിയേശുവിന്റെ നെറുകയില്‍ വിരല്‍ കൊണ്ടൊന്നു തൊട്ടു, പിന്നെ ആകാശത്തേയ്ക്കു കണ്ണുകളുയര്‍ത്തി.

“വാ... നല്ല മഞ്ഞുണ്ട്.. അകത്തേയ്ക്കു കയറിയ്ക്കോ.. ഇനി പനീം വലിവും കൂട്ടണ്ട..”

അച്ചായന്‍ അവരെ കൂട്ടി അകത്തേയ്ക്കു നടന്നു. ചെറുതെങ്കിലും സുന്ദരമായ ആ വീട്ടില്‍ നിറയെ വെളിച്ചം. ഉള്ളിലെ ഹാളില്‍ വലിയൊരു മേശ അലങ്കരിച്ചു വെച്ചിരിയ്ക്കുന്നു. അതിന്മേല്‍, ക്രീമിട്ടലങ്കരിച്ച ക്രിസ്തുമസ് കേക്ക്.

“അവനെന്താ ഇത്രയും താമസിയ്ക്കുന്നേ.. കേക്കു മുറിയ്ക്കേണ്ടതാണെന്ന് ഈ കൊച്ചന് അറിയില്ലേ..?” സെലീനച്ചേച്ചി ചുവരിലെ ക്ലോക്കില്‍ നോക്കിക്കൊണ്ട് പറഞ്ഞു.

“വരും സെലീനേ.. അത്രയും ദൂരെനിന്ന് യാത്ര ചെയ്തിവിടെ വരണ്ടെ..? നീ മോളെയും കൂട്ടി അപ്പവും കറിയുമൊക്കെ എടുത്ത് റെഡിയാക്കിവെക്ക്. അപ്പോഴേയ്ക്കും അവനിങ്ങെത്തുമല്ലോ..”

അച്ചായന്‍ സിറ്റൌട്ടില്‍ ഇറങ്ങി നിന്നു. താഴെ സിറ്റിയില്‍ കരോള്‍പാട്ടുകാര്‍ കടകള്‍ തോറും കയറിയിറങ്ങുന്നു. ഇടയ്ക്കിടെ പൊട്ടുന്ന പടക്കങ്ങള്‍. അവിടവിടെയായി പലനിറത്തിലുള്ള നക്ഷത്രങ്ങള്‍ തെളിഞ്ഞുതുടങ്ങി. നേര്‍ത്ത കോടമഞ്ഞില്‍ അവയുടെ വര്‍ണം ചിതറിനിന്നു. മാസങ്ങളില്‍ ഏറ്റവും സുന്ദരമാണല്ലോ ഡിസംബര്‍.
മുറ്റത്തെ പേരയില്‍ ഒരു അടയ്ക്കാ വാവല്‍ വന്നിരുന്നു, പേരയ്ക്കാ തിന്നാന്‍. എവിടെയോ പൊട്ടിയ പടക്കത്തിന്റെ ഒച്ചകേട്ടതോടെ അതു പറന്നുപോയി. അവന്‍ ഇവിടെ ഉള്ള ദിവസങ്ങളില്‍ ധാരാളം പടക്കം പൊട്ടിയ്ക്കുമായിരുന്നു. ജോര്‍ജച്ചായന് പടക്കം തീരെ ഇഷ്ടമല്ല, എങ്കിലും ചെക്കന്‍ നിര്‍ബന്ധിയ്ക്കുമ്പോള്‍ കുറച്ച്മേടിച്ചു കൊടുക്കും. മൂന്നുവര്‍ഷം മുന്‍പ് ചെന്നൈയിലേയ്ക്ക് എഞ്ചിനീയറിങ്ങ് പഠനത്തിനു പോയതോടെ അതൊക്കെ നിലച്ചു. പിന്നീട് മിക്ക ക്രിസ്തുമസിനും ഇതുപോലെ വൈകിയേ എത്താറുള്ളു.

അച്ചായന്‍ ഹാളിലേയ്ക്കു ചെന്നു. സെലീനച്ചേച്ചിയും ടെസിമോളും മേശമേല്‍ അപ്പവും കറികളും വലിയ ബൌളില്‍ ആക്കി വെക്കുന്നു. വലിയ ഉത്സാഹത്തിലാണ് രണ്ടുപേരും.

“പപ്പായ്ക്ക് എപ്പോഴെങ്കിലും ക്രിസ്തുമസ് ഗിഫ്റ്റ് കിട്ടീട്ടുണ്ടോ..?” ടെസ്സിമോള്‍ അച്ചായനോടു ചോദിച്ചു.

“ഹ..ഹ..പപ്പായുടെ കുട്ടിക്കാലം നിങ്ങളെപ്പോലയല്ലായിരുന്നു മോളെ. അന്നൊക്കെ ക്രിസ്തുമസിനു വല്ല പലഹാരവും കിട്ടുന്നതു തന്നെ ഗിഫ്റ്റല്ലേ..! നിന്റെ മമ്മിയ്ക്ക് കിട്ടിയിട്ടുണ്ടാവും. അവരു കാശുകാര് കുടുംബക്കാരല്ലെ..”

“പോ അച്ചായാ കളിയാക്കാതെ.. ഞങ്ങളും പാവങ്ങളാര്‍ന്നു മോളെ. അന്നൊക്കെ ക്രിസ്തുമസ് അപ്പൂപ്പന്‍ രാത്രിയില്‍ വന്ന് വാതില്പടിയില്‍ സമ്മാനങ്ങള്‍ വച്ചിട്ടു പോകുന്നതു സ്വപ്നം കണ്ടിട്ടുണ്ട്..”

“അതിരിയ്ക്കട്ടെ നിങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും വല്ല സമ്മാനങ്ങളും കൊടുത്തിട്ടുണ്ടോ..?” അവള്‍ അമ്മയോടു ചോദിച്ചു.

“ഇരുപത്തിമൂന്നു വര്‍ഷമായില്ലേ ഞങ്ങളൊന്നിച്ചു ജീവിയ്ക്കുന്നു, അതുതന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു സമ്മാനമല്ലേ..ഹ ഹ..” ജോര്‍ജച്ചായന്‍ മകളെ നോക്കി ഉച്ചത്തില്‍ ചിരിച്ചു.

“നിങ്ങളു ഡെല്ലയുടേം ഭര്‍ത്താവിന്റേം കഥ കേട്ടിട്ടുണ്ടോ? ഞങ്ങള്‍ക്ക് പഠിയ്ക്കാനുണ്ട്..”

“അതിനു ഞങ്ങള്‍ കോളേജിലൊന്നും പോയിട്ടില്ലല്ലോ മോളെ. നീ കഥ പറ..”

“ഡെല്ലയും ഭര്‍ത്താവ് ജെയിംസും ദരിദ്രരാ‍യിരുന്നു. ഒരു ക്രിസ്തുമസിനു ജെയിംസിന് നല്ലൊരു സമ്മാനം കൊടുക്കണമെന്ന് ഡെല്ല തീരുമാനിച്ചു. എന്നാല്‍ ഒരു ഡോളര്‍ പോലും തികച്ചെടുക്കാനവളുടെ കൈയിലുണ്ടായിരുന്നില്ല. അവസാനം അവള്‍ തന്റെ മനോഹരമായ മുടി വിറ്റിട്ട്, ആ കാശിന് പ്ലാറ്റിനം പൂശിയ ഒരു വാച്ചുചെയിന്‍ മേടിച്ചു. ജെയിംസിന്റെ വാച്ചിന്റെ സ്ട്രാപ്പ് പഴകി കീറിയതായിരുന്നു. രാത്രിയില്‍ ജെയിംസ് വന്നപ്പോള്‍ അവളുടെ മുറിച്ച മുടികണ്ട് ആകെ സങ്കടപ്പെട്ടു. അവള്‍ക്കായി മേടിച്ച മനോഹര സമ്മാനം പാഴായല്ലോ എന്നോര്‍ത്തായിരുന്നു വിഷമം. വിലയേറിയ ഒരു ചീര്‍പ്പായിരുന്നു അയാള്‍  മേടിച്ചിരുന്നത്. അവള്‍ അയാളെ ആശ്വസിപ്പിച്ച് തന്റെ സമ്മാനം അയാളെ കാണിച്ചു. അപ്പോഴാണ് അവളറിഞ്ഞത്, തന്റെ വാച്ച് വിറ്റിട്ടാണ്  അയാള്‍ ഡെല്ലയ്ക്കായി ആ ചീര്‍പ്പു മേടിച്ചതെന്ന്.. കണ്ടോ അതാണു  സ്നേഹം..” അവള്‍ അവരെ നോക്കി പൊട്ടിച്ചിരിച്ചു.

“അതേ മോളെ, മനസ്സറിഞ്ഞ് ചെയ്യുന്ന ത്യാഗമാണ് സ്നേഹം. അതാണ് ക്രിസ്തു പഠിപ്പിച്ചത്..” ജെയിംസച്ചായന്‍ നെടുവീര്‍പ്പോടെ പറഞ്ഞു.

പെട്ടെന്ന് മുറ്റത്ത് ഒരു കാറിന്റെ ശബ്ദം കേട്ടു.

“ഓ.. അവന്‍ വന്നു..” അച്ചായനും സെലീനച്ചേച്ചിയും സിറ്റൌട്ടിലേയ്ക്ക് ചെന്നു. അപ്പോള്‍ കാറില്‍ നിന്നും അഞ്ചുപേര്‍ പുറത്തിറങ്ങി. പ്രായമുള്ള ഒരു മനുഷ്യന്‍, ഒരു ആണ്‍കുട്ടി, രണ്ടു യുവതികള്‍, ഒരു യുവാവ് ഇത്രയും പേരുണ്ടായിരുന്നു ‍. മുറ്റത്തെ നേര്‍ത്ത ഇരുട്ടില്‍ നിന്നും അവര്‍ സിറ്റൌട്ടിലെ പ്രകാശത്തിലേയ്ക്കു കയറി വന്നു.

“വരൂ.. എന്താ ഇത്രയും വൈകിയത്..?”

അച്ചായനും സെലീനച്ചേച്ചിയും നിറഞ്ഞ ചിരിയോടെ അവരെ സ്വാഗതം ചെയ്തു.

“വണ്ടിക്കൊരല്പം ഏനക്കേട്.. വഴിയില്‍ ഇവനൊന്നു പണിമുടക്കി. പിന്നെ പഴയതു പോലെ ദീര്‍ഘനേരം ഇരുന്നുള്ള ഡ്രൈവിങ്ങ് ഇപ്പോ ബുദ്ധിമുട്ടാണ്...” പ്രായമുള്ളയാള്‍ പറഞ്ഞു.

“അകത്തേയ്ക്ക് വരൂ. നിങ്ങളെത്താന്‍ കാത്തിരിയ്ക്കുകയായിരുന്നു കേക്ക് മുറിയ്ക്കാന്‍..”

അഞ്ചുപേരും അകത്ത് സെറ്റിയില്‍ ഇരുന്നു. ടെസിമോള്‍ കേക്കിനു ചുറ്റും മെഴുകുതിരി കത്തിച്ചു വെയ്ക്കാന്‍ തുടങ്ങി.

“മോനേ.....”

ജോര്‍ജച്ചായനും സെലീനച്ചേച്ചിയും ആ യുവാവിന്റെ അടുത്തു ചെന്ന് ഇരു വശത്തും ഇരുന്നു. അവര്‍ അവന്റെ നെഞ്ചില്‍ അല്പനേരം തലവെച്ച് എന്തിനോ കാതോര്‍ത്തു. കണ്ണീര്‍ വീണു അവന്റെ നെഞ്ചു പൊള്ളിത്തുടങ്ങി. തള്ളിവന്ന സങ്കടം തൊണ്ടയിലമര്‍ത്തി അവന്‍ അവരുടെ തലയില്‍ മെല്ലെ തലോടി...

അപ്പോള്‍ ആ യുവതികള്‍ അവരെ മെല്ലെയെഴുനേല്‍പ്പിച്ചു. ജോര്‍ജച്ചായനും സെലീന ചേച്ചിയും തലയുയര്‍ത്തി  നോക്കി, അവരുടെ കണ്ണുകളിലേയ്ക്ക്. ആ കൃഷ്ണമണികളിലെ പ്രകാശം അവരെ തിരിച്ചറിഞ്ഞു..
പ്രായമായ മനുഷ്യന്‍ ഇരുവരുടെയും ചുമലില്‍ തലോടി. പിന്നെ സ്വന്തം നെഞ്ചിനു താഴെയായി കൈവച്ചു പറഞ്ഞു

“ദാ ഇവിടെയുമുണ്ട് അവന്‍, പിന്നെ ഇവനിലും..” അരുകില്‍ നിന്ന ആണ്‍കുട്ടി നിര്‍ന്നിമേഷനായി അവരെ നോക്കി.

“ജോര്‍ജ് .. സെലീനാ.. കഴിഞ്ഞവര്‍ഷം ഈ സമയം ക്രിസ്തുമസ് കേക്ക് മുറിയ്ക്കാനായി നിങ്ങള്‍ അവനെ കാത്തിരിയ്ക്കുകയായിരുന്നു, ഞങ്ങള്‍ അഞ്ചുപേരും മരണത്തെയും. വിധി അവനെ ഇവിടെയെത്തും മുന്‍പ് തിരിച്ചു വിളിച്ചു. എങ്കിലും സ്വന്തം ജീവന്‍ ഞങ്ങള്‍ക്കായി പകുത്തു നല്‍കിയിട്ടാണ് അവന്‍ യാത്രയായത്. നിങ്ങളുടെ പൊന്നുമോന്‍ മരിച്ചിട്ടില്ല. ഇവിടെ, ഞങ്ങള്‍ ഈ അഞ്ചുപേരിലൂടെ, കണ്ണായി, കരളായി, ഹൃദയമായി അവന്‍ ജീവിയ്ക്കുന്നു. ഇപ്പോളിവിടെ വന്നത് ഞങ്ങളല്ല, അവനാണ്.....”

അപ്പോള്‍ താഴെ നിന്നും കരോള്‍ ഗാനം മെല്ലെ ഒഴുകിവന്നു. ആകാശം മെല്ലെ തുറക്കപ്പെടുകയും മാലാഖമാര്‍ ദൈവഗീതം ആലപിയ്ക്കുകയും ചെയ്തു. കൂടരഞ്ഞിമലയ്ക്കു മുകളില്‍ തെളിഞ്ഞു നിന്ന ആ വലിയ നക്ഷത്രമപ്പോള്‍ മെല്ലെയൊന്നു പിടഞ്ഞു. അതില്‍ നിന്നൂര്‍ന്നു വീണ സ്നേഹകണങ്ങള്‍ ജോര്‍ജച്ചായനെയും സെലീനച്ചേച്ചിയെയും പൊതിഞ്ഞു. അവന്റെ സ്പര്‍ശനം അവരറിഞ്ഞു. ജോര്‍ജച്ചായന്‍ കത്തിയെടുത്ത് കേക്കിലേയ്ക്ക് മെല്ലെ അമര്‍ത്തി.....

17 Comments, Post your comment:

c.v.thankappan,chullikattil.blogspot.com said...

നന്മ വിതറും മാലാഖമാരുടെ കഥ.
നല്ല ആശയവും,സന്ദേശവും നല്‍കുന്ന
രചന.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

സുസ്മേഷ് ചന്ത്രോത്ത് said...

വളരെ നല്ല വിഷയം.
നന്നായി എഴുതിയിട്ടുമുണ്ട്.
അഭിനന്ദനങ്ങള്‍.

khaadu.. said...

അടുത്തിടെ നടന്ന സംഭവം,അതുമായി ബന്ധപെട്ട കഥ.... അത് നന്നായി എഴുതി....

അഭിനന്ദനങ്ങള്‍..

ഒരു കുഞ്ഞുമയില്‍പീലി said...

ആശംസകള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Satheesan .Op said...

ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ
സമീപിക്കുന്ന വായനക്കാര്‍ക്ക് ഈ കഥ ഒരു സാധാരണ കഥ ആയെ തോന്നു.
ആശയം ഇഷ്ടായി ..പക്ഷെ ഋതുവില്‍നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു ....

പൊട്ടന്‍ said...

വളരെ നിരാശനാക്കിയ ഒരു കഥ. O.Henry യുടെ " The gift of the magi" ഇവിടെ ഉദ്ധരിച്ചതിലൂടെ താങ്കള്‍ വായനക്കാരെ ഏതു തലത്തില്‍ കാണുന്നുവെന്ന്

മനസ്സിലാകുന്നു."ഇതുപോലും അറിയാത്ത......."

മലയാളത്തില്‍ ആയുഷ്കാലം, ട്രാഫിക്‌ തമിഴില്‍ "അവള്‍ വരുവാള" അവയവ ദാനത്തെ കുറിച്ച് വന്ന സിനിമകള്‍


പിന്നെ ഹോളിവുഡ്‌ സിനിമ, "awake", "the match"

ഇതൊക്കെ അങ്ങനെ കിടക്കുന്നു

ഇതൊന്നും അറിയില്ലെങ്കില്‍ ഞാനും പറയുമായിരുന്നു "ദി ബെസ്റ്റ്‌", "

നോക്കുകുത്തി said...

ആരെന്തു പറഞ്ഞാലും എനികിഷ്ടപ്പെട്ടു. ചിലപ്പോളൊക്കെ കഥയ്ക്കു ലാളിത്യവും ഒരു ഭംഗിയാണ്. ഇവിടെ അങ്ങനത്തെ ലളിതസുന്ദരമായ ഒരു കഥയാണ് ഞാന്‍ കണ്ടത്. സമയവും സാഹചര്യവും മാറി വരുമെങ്കിലും മനുഷ്യജീവിതങ്ങള്‍ തമ്മില്‍ സാമ്യം വരാം. അതുകൊണ്ട് തന്നെ കഥകള്‍ തമ്മിലും സാമ്യം വരാം, അത് O.Henry-യുടേതാണെങ്കിലും ബിജുകുമാറിന്‍റെതാണെങ്കിലും.. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. കാഴ്ചപ്പാടുകള്‍ വേറിട്ടു വരുമല്ലോ..
ആശംസകള്‍,..

സേതുലക്ഷ്മി said...

ഇതു വിഷയമായാലും അത് എഴുതുന്ന രീതി വച്ച് കഥയെ വിലയിരുത്തുകയാണ് വേണ്ടത്‌. നന്നായി പറഞ്ഞു. ആ ക്രിസ്മസ് ഗിഫ്റ്റിന്റെ കഥ വേണ്ടായിരുന്നു എന്നാണ് എനിക്കും തോന്നിയത്‌.

jiju said...

നന്നായിട്ടുണ്ട്..അഭിനന്ദനങ്ങള്‍

കൈതപ്പുഴ said...

നന്നായി എഴുതി....

viddiman said...

കഥ വായിച്ചില്ല ; അഭിപ്രായം ഇടുന്നുമില്ല..ഇവിടെ ചേരാൻ ഒരു അപേക്ഷ കൊടുത്തിട്ട് നാളു കുറച്ചായല്ലോ ..സർക്കരുദ്യോഗസ്ഥന്മാരാണോ തലപ്പത്തിരിക്കുന്നത് ? അതോ ആളെയെടുക്കുന്നത് നിർത്തിയോ ?
choodan12@gmail.com

ഷുക്കൂര്‍ കിളിയന്തിരിക്കാല്‍ said...

ഇവിടം ആദ്യമായിട്ട് .. നല്ല കഥ, തിരഞ്ഞെടുത്ത വിഷയവും നല്ലതാണ്, ഇരുത്തം വന്ന നല്ല ഒരു എഴുത്തുകാരനാണ്‌ താങ്കള്‍ .. ഈ സുമനസ്സിന്റെ "ഭാവുകങ്ങള്‍".

ജോസെലെറ്റ്‌ എം ജോസഫ്‌ said...

നല്ല എഴുത്ത്. ആശംസകള്‍.,

കല്യാണിക്കുട്ടി said...

really touching one..........
oru suspence undaarunnu........
athu kondu vaayikkanum nalla rasam..
anyway congraats.............

kochumol(കുങ്കുമം) said...

ഇത്രയും നാള്‍ വരാന്‍ സാധിക്കാഞ്ഞതില്‍ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നൂട്ടോ ..നടന്ന സംഭവവുമായി ബന്ധപ്പെട്ട കഥ നന്നായി എഴുതി ..അഭിനന്ദനങ്ങള്‍ ..

Marykkutty said...

ഈ കഥ ആവര്‍ത്തന വിരസമാകുന്നു,അല്ലേ? 'Organ Donation' ഇതിനു മുന്‍പ് എത്രയോ തവണ കഥകള്‍ക്കും,സിനിമകള്‍ക്കും വിഷയമായിട്ടുണ്ട്...അത് കണ്ടു രസിച്ചും,അത്ഫുതപ്പെട്ടും ഇരിക്കുക അല്ലാതെ സ്വന്തം ഓര്‍ഗന്‍ അല്ലെങ്കില്‍ വേണ്ടപ്പെട്ടവര്‍ മരിക്കുമ്പോള്‍ അവരുടെ ഒര്‍ഗന്‍സ് ദാനം ചെയ്യാന്‍ എത്ര പേര്‍ റെഡി ആയിട്ടുണ്ട്‌??ഒരാള്‍ മനസ്സ് വച്ചാല്‍ 8 ജീവിതങ്ങള്‍ രക്ഷപെടും...എല്ലാവരും മനസ്സ് വച്ചിരുന്നെങ്കില്‍.....!!!!

ബിജു...ഈ കഥ വായിച്ചു ഇതിനെക്കുറിച്ച്‌ ഒരാള്‍ എങ്കിലും സീരിയസ് ആയി ചിന്തിച്ചാല്‍ ...താങ്കള്‍ വിജയിച്ചിരിക്കുന്നു.
ഇതിലെ നന്മ കാണാന്‍ ശ്രമിക്കുക....മറ്റുള്ളവരെ സ്നേഹിക്കാന്‍ ഒരു മനസ്സ് രൂപപ്പെടുത്തി എടുക്കുക!
http://leombreelaluce.blogspot.com/2011/12/greatest-gift.html#comment-form

Le Ombre e la Luce: The Great Gift: Organ Donation
leombreelaluce.blogspot.com

Marykkutty said...

Tell More about It..... !

Organ Donation.....!!!!

Its great always...!

Congratzzz..!