സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



നോവെല്ല ഭാഗം 2 - സീസറച്ചന്റെ ലോട്ടറി പ്രസംഗം.

July 09, 2014 Salini Vineeth

ആദ്യ ഭാഗം ഇവിടെ വായിക്കാം: നോവെല്ല ഭാഗം 1 - സീസറച്ചൻ 

കൊല്ലപ്പരീക്ഷ കഴിഞ്ഞു സ്കൂൾ അടക്കാൻ കാത്തിരിക്കുന്ന കുട്ടിയെപ്പോലെയാണ്  സീസറച്ചൻ അടുത്ത ഞായറാഴ്ച്ചയാകാൻ കാത്തിരുന്നത്. അവധിക്കാലത്ത് താൻ ചെയ്യാൻ പോകുന്ന കാര്യങ്ങളോർത്ത് കുളിരണിയുന്ന കുട്ടിയെപ്പോലെ, തന്റെ പദ്ധതികളെപറ്റി ആലോചിച്ചപ്പോൾ  അച്ചന് നേർത്ത രോമാഞ്ചവും അതേ സമയം നെഞ്ചിന്റെ ഇടത്ത് ഭാഗത്ത് നേരിയ കാളലും അനുഭവപ്പെട്ടു. കടന്ന കയ്യാണ്, പക്ഷേ പിടിച്ചു നില്ക്കണ്ടേ?

ഞായറാഴ്ച കാലത്ത് ആറുമണി കുർബാനയ്ക്കുള്ള മണിയടിച്ചപ്പോൾ സീസറച്ചൻ അകാരണമായി ഒന്ന് ഞെട്ടി. അൾത്താരയിലേയ്ക്ക് പ്രവേശിക്കവേ, പള്ളിയിൽ തിങ്ങി നിറഞ്ഞിരിക്കുന്ന ഇടവക ജനത്തെ കണ്ടു ജീവിതത്തിൽ ആദ്യമായി സീസറച്ചനു സഭാകമ്പം ഉണ്ടായി. എങ്കിലും മുഖത്തെ പ്രസന്നത അദ്ദേഹം വെടിഞ്ഞില്ല. അന്നത്തെ സുവിശേഷം 'ധനവാന്റെയും ലാസറിന്റെയും(1)' ആണെന്നത് അച്ചനെ ഗൂഡമായി സന്തോഷിപ്പിച്ചു. തന്റെ പദ്ധതിക്ക് ദൈവം തരുന്ന പിന്തുണയുടെ കോസ്മിക് അടയാളമാണിതെന്നു വിശ്വസിക്കാൻ ശ്രമിച്ചു കൊണ്ട് സുവിശേഷ വായന അവസാനിപ്പിച്ച്  അച്ചൻ സുവിശേഷ പ്രസംഗത്തിനായി പ്രസംഗ പീഠത്തിലേയ്ക്ക് നടന്നു.  ഇടവകയുടെ ചരിത്രത്തിലെ പ്രധാനമായ ഒരു നാഴികക്കലായിരുന്ന ആ പ്രസംഗം പില്ക്കാലത്ത് "സീസറച്ചന്റെ ലോട്ടറിപ്രസംഗം" എന്ന പേരിൽ അറിയപ്പെട്ടു. ഇടവകയിലെ ധനവാന്മാരെ അഭിസംബോധന ചെയ്തു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ഇഹലോകത്തെ സകല സുഖങ്ങളിലും മദിച്ചു ജീവിച്ചിരുന്ന അഭിനവ ധനവാന്മാർക്ക് സ്വർഗത്തിലേയ്ക്കു ഒരു ഫ്രീ- പാസ് ഒപ്പിക്കാനുള്ള എളുപ്പ വഴി എന്ന നിലയിലാണ് അച്ചൻ കാര്യങ്ങൾ അവതരിപ്പിച്ചത്.ഇടവകയിലെ ലാസർമാരുടെ രോദനം കേൾക്കാത്ത ധനവാന്മാർ, നരകത്തിലെ ഉമിത്തീയിൽ നീറാനുള്ള സാദ്ധ്യത ഏറെയാണെന്ന ഭീഷണിയോടെ അച്ചൻ കാര്യത്തിലേയ്ക്ക് കടന്നു.

"ധനവാൻ നരകത്തിൽ പോയത് എന്തിനാണെന്ന് മനസ്സിലാക്കണമെങ്കിൽ ധനവാന്മാരും ലാസർമാരും എങ്ങനെ ഉണ്ടാകുന്നു എന്ന് ആദ്യം മനസ്സിലാക്കണം. ഒരു ജന്മിയും കുടിയാനും ഉണ്ടാകുന്ന അതേ രീതിയിൽ തന്നെയാണത്. ഈ മലയോര മേഖലയിൽ ജീവിക്കുന്ന നമ്മുടെ പലരുടെയും പൂർവികർ കുടിയേറ്റ കർഷകർ ആയിരുന്നല്ലോ! അതിനാൽ തന്നെ, ഞാൻ പറയാൻ പോകുന്ന ഈ ഉപമ നിങ്ങൾക്ക് വളരെയെളുപ്പം മനസ്സിലാകും"

കർത്താവ് പറഞ്ഞ ഉപമ പോരാഞ്ഞിട്ട് സീസറച്ചന്റെ ഉപമ കൂടി, അതും ശ്വാസം വിടാൻ പോലും ഇടമില്ലാത്ത ഈ പള്ളിക്കകത്തിരുന്നു കേൾക്കേണ്ടി വരുന്നതിലെ ഗതികേടോർത്ത് പലരും ദീർഘനിശ്വാസം പുറപ്പെടുവിച്ചു. അച്ചൻ അത് കണ്ടില്ലെന്നു നടിച്ചു പ്രസംഗം തുടർന്നു.

"നൂറു നൂറ്റിയിരുപതു വർഷങ്ങൾക്കു മുൻപാണ്, നമ്മുടെ മണ്ണ് കാടും തരിശുമായി കിടന്നിരുന്ന കാലം. മനുഷ്യവാസം ഇല്ലാതിരുന്ന, കാട്ടു മൃഗങ്ങൾ യഥേഷ്ടം  വിലസിയിരുന്ന ഒരു കാലത്തെ കഥയാണിത്. ആ കാലത്ത് രണ്ട് കുടിയേറ്റ കർഷകർ ഈ നാട്ടിലെത്തി. നമുക്കവരെ മത്തായി എന്നും, വറീതെന്നും വിളിക്കാം. അധ്വാനശീലരായ, ആരോഗ്യ ദൃഡഗാത്രരായ ഒന്നാന്തരം രണ്ടു കർഷകർ. അവർ വേലി കെട്ടി ഭൂമി തിരിച്ചെടുത്തു. നിലമൊരുക്കി കൃഷിയിറക്കി. ആകാശം സമൃദ്ധമായി മഴപെയ്യിച്ചു. ഭൂമി സമൃദ്ധമായി വിള കൊടുത്തു. അറപ്പുരകൾ നിറഞ്ഞു. അവർക്ക് അനുയോജ്യരായ വധുക്കൾ വന്നു, കുട്ടികൾ ഉണ്ടായി. ജീവിതം പുഷ്ടിപ്പെട്ടു. ധനവാനാകാനുള്ള പാതയിൽ ആയിരുന്നു രണ്ടു പേരും. കൃഷിയിലോ, ജീവിതത്തിലോ അവർ കള്ളത്തരങ്ങൾ കാണിച്ചില്ല. എളുപ്പവഴികൾ അന്വേഷിച്ചതും ഇല്ല.അങ്ങനെ ജീവിതം സന്തോഷകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കാലത്ത്, ഒരു ദിവസം ചന്തയിൽ പോയി മടങ്ങിയ വറീതിനെ അതിലെ പറന്നു പോയ ഒരു കൊച്ചു കൊതുക് കടിച്ചു. അയാൾ അതറിഞ്ഞതു  പോലുമില്ല. രണ്ടാം നാൾ മലേറിയ ബാധിച്ച് വറീത് കിടപ്പിലായി. വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഇല്ലാതിരുന്ന ആ കാലത്ത്, രണ്ടാം ആഴ്ച അയാള് മരിച്ചു! യുവതിയായ ഭാര്യയും, പറക്കമുറ്റാത്ത കുഞ്ഞുങ്ങളും പെരുവഴിയിലായി. ഉള്ള കൃഷിയിടങ്ങൾ പരിപാലിക്കാനോ, കൃഷിയിറക്കാനോ ആരുമില്ലാത്ത അവസ്ഥ. വിളവുകൾ എല്ലാം വിറ്റു  തീർന്നപ്പോൾ പട്ടിണി വാതിലിൽ മുട്ടി. വറീതിന്റെ ഭാര്യ മത്തായിയുടെ വീട്ടിൽ വേലയ്ക്കു പോയി തുടങ്ങി. മത്തായി ആകട്ടെ, തന്റെ നിലങ്ങളിൽ നിന്ന് സമൃദ്ധമായി വിളവുണ്ടാക്കി.  ഒരു ധനവാനും ലാസറും അവിടെ ജനിച്ചു!

 അപ്പോൾ പറഞ്ഞു വന്നത്, ഇന്ന് പലരും ധനവാന്മാർ ആയിരിക്കുന്നതിനു പല കാരണങ്ങളും ഉണ്ട്. മത്തായിയെ പോലൊരു പൂർവികൻ നിങ്ങൾക്കും ഉണ്ടായിരുന്നിരിക്കാം, നിങ്ങൾ കൃഷി ചെയ്യുന്ന വിളയ്ക്ക് വില കൂടിയിരിക്കാം. രോഗങ്ങളോ മറ്റു ബാധ്യതകളോ നിങ്ങളെ അലട്ടുന്നില്ലായിരിക്കാം, നിങ്ങളുടെ മകളുടെ ഭർത്താവ് മദ്യപിച്ചു കുടുംബം മുടിക്കുന്ന ഒരുത്തൻ അല്ലായിരിക്കാം. നിങ്ങളുടെ കഴിവിനെയും അധ്വാനത്തെയും ഞാൻ വില കുറച്ച് കാണുകയാണെന്ന് കരുതരുതേ. വിതക്കുന്നവൻ മാത്രമേ കൊയ്യുകയുള്ളൂ എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, പക്ഷേ, വിതച്ചിട്ടും കൊയ്യാൻ കഴിയാത്ത ഒരു കൂട്ടം ഹതഭാഗ്യർക്ക്‌ വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ധനവാനായിരിക്കുക എന്നത് ഒരു 80% സ്വന്തം അധ്വാനവും കഴിവും അച്ചടക്കവും വഴി  എത്തിപ്പിടിക്കാവുന്ന   അവസ്ഥയാണ് പക്ഷേ, ബാക്കി 20% ഭാഗ്യം, ദൈവാനുഗ്രഹം, വിധി എന്നൊക്കെ പേരിട്ടു വിളിക്കാവുന്ന ഒരു ഘടകമാണ്. സ്വന്തം സ്വത്ത്, തന്റെ കഴിവ് കൊണ്ട് മാത്രം ഉണ്ടായതാണെന്ന് വിശ്വസിക്കുമ്പോഴാണ് അത് മറ്റൊരാളുമായി പങ്കു വയ്ക്കാൻ ബുദ്ധിമുട്ട് തോന്നുന്നത്.മറിച്ച്, താൻ ഈ സ്വത്തുകളുടെ ഉടമസ്ഥനല്ല, മറിച്ച് സൂക്ഷിപ്പുകാരൻ മാത്രമാണെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ഈ സ്വത്തൊക്കെ ഏതു നിമിഷവും തിരിച്ചെടുക്കപ്പെടാം എന്ന് മനസ്സിലാവുമ്പോൾ പങ്കു വയ്ക്കൽ എളുപ്പമാകും. അങ്ങനെ ഒരു പങ്കുവെക്കലിനാണ് ഞാൻ ഇന്ന് നിങ്ങളെ ക്ഷണിക്കുന്നത്."

ഇത്രയും പറഞ്ഞു നിറുത്തിയിട്ടു, അച്ചൻ തന്റെ മുന്നിലിരിക്കുന്ന ദൈവജനത്തെ  അർത്ഥഗർഭമായി ഒന്ന് നോക്കി. അച്ചൻ എങ്ങോട്ടാണ് പറഞ്ഞു കൊണ്ട് പോകുന്നതെന്ന് മനസ്സിലാകാതെ അന്തം വിട്ടിരിക്കുകയായിരുന്നു പലരുമെങ്കിലും, ഒരു മ്ലാനത, പ്രത്യേകിച്ചും മുതലാളിമാരുടെ മുഖത്ത്, തെളിഞ്ഞു നിന്നു. വർദ്ധിച്ച ആത്മവിശ്വാസത്തോടെ അച്ചൻ തുടർന്നു.

"നമ്മുടെ ഇടവകയിൽ സഹായം ആവശ്യമുള്ള വളരെയേറെ പേരുണ്ട്. പള്ളിക്ക് അവരെയൊക്കെ സഹായിക്കണമെന്ന ആഗ്രഹവും ഉണ്ട്. ഇല്ലാത്തത് ആവശ്യത്തിനുള്ള പണം മാത്രമാണ്.പള്ളി പണി നീണ്ടു പോകുന്ന ഈ സാഹചര്യത്തിൽ ഇടവക ജനം എത്രയൊക്കെ പിരിവു തന്നാലും അത് മതിയാകാത്ത അവസ്ഥയുമാണ്. നിങ്ങളുടെ മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കാൻ പള്ളി ആഗ്രഹിക്കുന്നുമില്ല. അതിനാൽ തന്നെ പള്ളി ഇനി രണ്ടു വർഷത്തേയ്ക്ക് യാതൊരു പിരിവുകളും നടത്തുന്നില്ല എന്ന് തീരുമാനിച്ചിരിക്കുന്നു. പക്ഷെ, പിരിവു കൂടാതെ തന്നെ നമ്മുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും ഒപ്പം  പുത്തൻ പള്ളിയുടെ പണിയും  മുൻപോട്ടു കൊണ്ട് പോകാൻ ഈ ഇടവകയിലെ ഓരോ കുടുംബത്തിന്റെയും പ്രാർഥനയും, പിന്നെയൊരു നൂറു രൂപയും ആവശ്യമുണ്ട്"

" അത്തരത്തിൽ പിരിവിൽ നിന്ന് ഒഴിവു വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് നമ്മുടെ ഇടവകയിൽ കേരള സർക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറി വിൽക്കുന്ന ചാക്കോ എന്ന സഹോദരന്റെ അടുത്തു നിന്ന് നൂറു രൂപ കൊടുത്തു ഒരു ക്രിസ്മസ് - ന്യൂ ഇയർ ബംബർ എടുത്ത് അടുത്ത ആഴ്ച പള്ളിയിൽ ഏൽപ്പിക്കാം. ലോട്ടറി എടുത്തു പള്ളിയിൽ  എല്പിക്കുന്നവർക്ക് ആകർഷകമായ പല ആനുകൂല്യങ്ങളും ലഭിക്കും- ലോട്ടറി നറുക്കെടുത്ത്  ഫലം വരാൻ രണ്ടു മാസം കൂടിയുണ്ട്, അത് വരെ യാതൊരു പിരിവും, തരേണ്ടി വരില്ല എന്ന് മാത്രമല്ല, ഇടവകയിൽ നിന്ന് ലഭിച്ച ലോട്ടറി ടിക്കറ്റിൽ ഒരെണ്ണമെങ്കിലും സമ്മാനാർഹമായാൽ പിന്നെ, അടുത്ത രണ്ടു വർഷത്തേയ്ക്ക് പള്ളി പണിക്കോ, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ, ലോട്ടറികൾ എടുത്ത ആരും തന്നെ ഒരു രൂപ പോലും പിരിവു തരേണ്ടി വരില്ല. കേരള സർക്കാർ നടത്തുന്ന മഹത്തായ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാം എന്നതിനോടൊപ്പം തന്നെ നമ്മുടെ പുത്തൻ പള്ളിയെയും  ഇടവകയിലെ ദരിദ്രരായ സഹോദരങ്ങളെയും രക്ഷിക്കാനുള്ള ഒരു അവസരം കൂടിയാണിത്"

"ലോട്ടറി എടുക്കാൻ ആർക്കു മേലും ഒരു സമ്മർദവും ഇല്ല എന്നും ഇക്കൂട്ടത്തിൽ വ്യക്തമാക്കി കൊള്ളട്ടെ. ലോട്ടറി എടുക്കാൻ താത്പര്യം ഇല്ലാത്തവർ, തങ്ങൾ ഇതുവരെ തന്നു കൊണ്ടിരുന്നത് പോലെ തന്നെ പിരിവുകൾ കൃത്യമായി തന്നാൽ മാത്രം മതിയാകും. ഇനി ഒരു ലോട്ടറി അടിച്ചാൽ തന്നെ, ഇപ്പോൾ ഈ പദ്ധതിയിൽ ചേരാത്ത എല്ലാവരും തുടർന്നും പിരിവുകൾ യഥാസമയം തന്നു കൊണ്ടിരിക്കണം എന്ന് കൂടി ഓർമിപ്പിക്കട്ടെ!" 

ഇത്രയും പറഞ്ഞു നിറുത്തിയിട്ടു അച്ചൻ പ്രസംഗപീഠത്തിൽ നിന്നും ഇറങ്ങി, അൽത്താരയിലേയ്ക്ക്  നടന്നു.യാതൊന്നും സംഭവിക്കാത്തത് പോലെ, കുർബാന തുടർന്നു. പള്ളിയിൽ ഉയരുന്ന മുറുമുറുപ്പുകൾ അച്ചൻ കേട്ടില്ല എന്ന് നടിച്ചു.

കുർബാന കഴിഞ്ഞു പള്ളി മുറിയിലേയ്ക്ക് സീസറച്ചൻ കടന്നു വന്നപ്പോൾ കണ്ടത് മുഖത്തൊരു ചോദ്യ ചിഹ്നവുമായി നില്ക്കുന്ന കപ്യാരെയാണ്. അയാള് ഇടവക ജനത്തിന്റെ മുഴുവൻ ചോദ്യങ്ങളുടെയും പ്രതിനിധി ആണെന്നതും, കപ്യാരോട് പറയുന്നതെന്തും നിമിഷങ്ങൾക്കകം കാട്ടു തീ പോലെ ഇടവകയിൽ പടരും എന്നതും വ്യക്തമായി അറിയാമായിരുന്ന സീസറൻ നിഷ്കളങ്കമായി ഒരു ചോദ്യമെറിഞ്ഞു.

"എന്നാ  കപ്യാരെ? "

"അച്ചോ, ഇത് കൊറച്ച് കടന്ന കയ്യല്ലേ?, ലോട്ടറിയെടുത്ത് പള്ളി പണീകാ എന്നൊക്കെ വച്ചാ, കൊറച്ചിലല്ലേ?"

ഇത്തരം ചോദ്യങ്ങൾ പ്രതീക്ഷിച്ചിരുന്ന അച്ചൻ ഒട്ടും കുലുങ്ങിയില്ല.

"ലോട്ടറി   നിയമവിരുദ്ധം ഒന്നുമല്ലല്ലോ, നാഴികയ്ക്ക് നാല്പതു വട്ടം ടി വി യിൽ സർക്കാര് തന്നെ പരസ്യം കൊടുക്കുന്നതല്ലേ?  ഇതൊരു പ്രേക്ഷിത പ്രവർത്തനമാ കപ്യാരെ. കാര്യം നടക്കണേ കുറച്ചു ബുദ്ധി വേണം..."

കപ്യാരുടെ സംശയം അവിടം കൊണ്ട് അവസാനിച്ചിരുന്നില്ല.

" അല്ലാ, ഇടവകേ എല്ലാ വീട്ടുകാരും ഈ ലോട്ടറി എടുക്കും എന്നതിന് എന്നാ  ഒറപ്പ്? എടുത്താ തന്നെ അടിക്കും എന്നതിന് എന്നാ ഒറപ്പ്?"

"കപ്യാര് എന്നാ ചെയ്യും എന്ന് പറ, ഇപ്പൊ നൂറു രൂപാ മൊടക്കി പിരിവീന്നു ഒഴിവാകുവോ, അതോ ലോട്ടറി എടുക്കുന്നത് കൊറച്ചിലാണെന്ന് വച്ച് എല്ലാ മാസവും പിരിവു തരുവോ? പിന്നെ ലോട്ടറി അടിക്കുന്ന കാര്യം, നാളെ കാലത്ത് കപ്യാര് കെടക്കപ്പായേന്നു എണീക്കും എന്നതിനും എന്നാ ഒരു ഉറപ്പ്? വിശ്വാസം അതല്ലേ എല്ലാം, കപ്യാരെ? നമ്മള് ഒന്ന് മുട്ടി നോക്കുന്നു, കർത്താവ്‌ തുറന്നു തരും!"

"അതിപ്പോ, അങ്ങനെ ചോദിച്ചാ?..." കപ്യാർക്ക് ഉത്തരം മുട്ടി.


"എന്നാ പിന്നെ, എല്ലാരുടെം കയ്യീന്ന് നൂറു രൂപാ വാങ്ങിച്ചിട്ടു, അച്ചനു തന്നെ ലോട്ടറി എടുത്താ പോരെ? എന്നാത്തിനാ ഇത്രേം വളഞ്ഞ വഴീക്കോടെ പോകുന്നെ?" കപ്യാര് അടിയറ പറയാൻ  തയ്യാറായിരുന്നില്ല.

" അതിനു ലോട്ടറി എടുക്കണം എന്നുള്ളത് പള്ളിയുടെ തീരുമാനം അല്ലല്ലോ, ഞാൻ ആരോടും ലോട്ടറി എടുക്കണം എന്ന് പറഞ്ഞിട്ടില്ല, പിരിവീന്നു ഒഴിവാകാൻ ഒരു ബുദ്ധി പറഞ്ഞു കൊടുത്തു എന്നേയുള്ളു. അത് പ്രയോഗിക്കാൻ തയ്യാറുള്ളവർക്ക് പരീക്ഷിക്കാം. ഇല്ലത്തോർക്ക് സാധാരണ പോലെ പിരിവു തരാം. ലോട്ടറി എടുക്കണം എന്നുള്ളത് പള്ളിയുടെ ആവശ്യം അല്ല കപ്യാരെ, പള്ളിയുടെ ആവശ്യം കെട്ടിടം പണിക്കുള്ള കാശ് പിരിച്ചെടുക്കുക എന്നത് മാത്രമാണ്. ഇപ്പൊ കപ്യാർക്കു കാര്യങ്ങളുടെ കെടപ്പ് വശം മനസ്സിലായോ?പിന്നെ വ്യക്തി പരമായി എനിക്ക് ഈ ലോട്ടറി എന്ന പ്രസ്ഥാനത്തെ കുറിച്ചു വല്യ മതിപ്പൊന്നും ഇല്ലെടോ. എന്നാ ജീവകാരുണ്യം എന്നൊക്കെ പറഞ്ഞാലും അന്തി വരെ എല്ലുമുറിയെ പണിയെടുക്കുന്നവന്റെ  പ്രതീക്ഷയും കാശും ഊറ്റി കുടിക്കുന്ന ഒരു പ്രസ്ഥാനം തന്നെയാ അത്. പിന്നെ, പണ്ടാരാണ്ടോ പറഞ്ഞ പോലെ, "All is fair in war and real estate! "
 

കേട്ടത് മുഴുവൻ ദഹിക്കാതെ വാ പൊളിച്ചു നിന്ന കപ്യാരെ മറികടന്നു സീസറച്ചൻ പ്രാതല് കഴിക്കാനായി പോയി. കപ്യാരുടെ അവസ്ഥയിൽ തന്നെയായിരുന്നു ഇടവക ജനം മുഴുവനും. എന്നാൽ കൂട്ടത്തിൽ ഒരാള് മാത്രം തന്റെ ഭാഗ്യത്തെ ഓർത്ത് കർത്താവിനും സീസറച്ചനും മൌനമായി നന്ദി പറഞ്ഞു. അത് ലോട്ടറിക്കാരൻ  ചാക്കോയായിരുന്നു.(തുടരും..)


 ©

1. http://en.wikipedia.org/wiki/Rich_man_and_Lazarus