സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!പെണ്ണുടല്‍ കഥ

December 25, 2012 ബിജുകുമാര്‍ alakode

ദാമിനി. 23 വയസ്സ്. ലക്ഷണമൊത്ത പെണ്ണുടല്‍. എന്നു പറഞ്ഞാല്‍ കൂടുതല്‍ വിവരണം വേണ്ടല്ലോ. സാധാരണ നമ്മളൊക്കെ ശ്രദ്ധിയ്ക്കാറുള്ള അഴകളവുകള്‍ തികഞ്ഞവള്‍ എന്നര്‍ത്ഥം. നിങ്ങള്‍ കരുതും ഞാനവളുടെ സൌന്ദര്യം വര്‍ണിയ്ക്കാനാണു പോകുന്നതെന്ന്. അല്ല, തീര്‍ച്ചയായുമല്ല. പകരം അവളുടെ ഉടലിന്മേല്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ പോകുകയാണ്.

“ഹേ നില്‍ക്കൂ. നിങ്ങളീ പ്രവൃത്തിചെയ്യും മുന്പ് എനിയ്ക്ക് സംസാരിയ്ക്കാനൊരവസരം തരണം..!”

ഞാന്‍ അത്ഭുതപ്പെട്ടുപോയി. ദാമിനിയുടെ ഉടല്‍ എന്നോടു സംസാരിയ്ക്കുന്നു, വല്ലാതെ മരവിച്ച ഒരു ഭാഷയില്‍.! ചോരയുടെ ഗന്ധം മൂക്കിലടിച്ച പോലെ.
“നിനക്കെന്താണു പറയാനുള്ളത്?” അമ്പരപ്പോടെ ഞാന്‍ ചോദിച്ചു.
“ഞങ്ങള്‍ക്കോരോരുത്തര്‍ക്കുമുണ്ട് പറയാന്‍..“ കൂട്ടായോരു ശബ്ദമാണപ്പോള്‍ കേട്ടത്. മരണത്തിന്റെ നാരുകള്‍ തുന്നിക്കൂട്ടിയ ഞരക്കം പോലെയുണ്ടായിരുന്നു അത്. അവളുടെ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നാണാ ശബ്ദം . ഞാനവളുടെ വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞു. അപ്പോള്‍ സംസാരങ്ങള്‍ തുടങ്ങുകയായി.......

ചുണ്ടുകള്‍: പുരുഷാ, നിന്റെ വൃത്തികെട്ട വായയുടെ ദുര്‍ഗന്ധം ഏറ്റുവാങ്ങാന്‍ വിധിയ്ക്കപ്പെട്ടവരാണു ഞങ്ങള്‍.  അമ്മയുടെ മാറിനോടു പറ്റിച്ചേര്‍ന്ന്, മുലപ്പാലിറുഞ്ചിക്കുടിക്കുമ്പോഴാണ് ആദ്യമായി വാത്സല്യത്തിന്റെ മധുരമറിഞ്ഞത്. പിന്നെയെപ്പോഴോ ഞങ്ങളുടെ മേല്‍ കാമത്തിന്റെ തേന്‍ കണം പറ്റിയിരിയ്ക്കുന്നതായി പലരുടെയും നോട്ടത്തില്‍ അറിഞ്ഞു. ചെറുതായി അകലുമ്പോള്‍, ആ വിടവില്‍ കൂടി തെളിയുന്ന ചിരിയ്ക്ക് വലിയ ഭംഗിയാണെന്ന് ആരൊക്കെയോ പറഞ്ഞു.  എന്നും ആര്‍ത്തിയോടെയുള്ള നോട്ടം......

സ്തനങ്ങള്‍: ദാമിനിയുടെ പതിമൂന്നാം വയസ്സിലാണു ഞങ്ങള്‍ മിഴി തുറന്നത്. വല്ലാത്ത കൌതുകമായിരുന്നു ലോകത്തെ കാണാന്‍. എന്നാല്‍ ഞങ്ങളുടെ വരവ് ദാമിനിയെ ആകെ മാറ്റിക്കളഞ്ഞു. ഓടിച്ചാടി നടന്ന അവള്‍ എന്തിനെയൊക്കെയോ ഭയപ്പെട്ടു. ആദ്യമായി ഞങ്ങളെ സ്പര്‍ശിച്ചത് അവളുടെ ബന്ധത്തിലുള്ളൊരാള്‍. വല്ലാതെ വേദനിച്ചെങ്കിലും കരച്ചില്‍ അമര്‍ത്തിപ്പിടിച്ചു, പേടിയായിരുന്നു മിണ്ടാന്‍. അയാളെന്തിനാണ് അതു ചെയ്തതെന്ന് ഞങ്ങള്‍ക്കോ ദാമിനിയ്ക്കോ മനസ്സിലായില്ല. പിന്നീട് പലയിടത്തും പലപ്പോഴും. ബസിലെ തിരക്കുകളില്‍ നീണ്ടുവരുന്ന മുഖമില്ലാത്ത കൈകള്‍.  എതിരെ വരുന്നവരുടെ തറച്ച നോട്ടങ്ങളുടെ ആദ്യ ഇര . ഞങ്ങളിപ്പോള്‍ തകര്‍ന്നടിഞ്ഞിരിയ്ക്കുന്നു. കൂടുതലൊന്നും പറയാന്‍ വയ്യ..

നാഭി: അമ്മയോടുള്ള ജൈവബന്ധത്തിന്റെ ആയുഷ്കാല അടയാളമായ എന്റെ സ്ഥാനം, എത്രയോ അപകടകരമായ ഒരിടത്താണ്..! ആര്‍ത്തിക്കണ്ണുകളുടെ എത്തിനോട്ടം.. തിരക്കുകളില്‍ നീണ്ടുവരുന്ന കള്ളക്കൈകള്‍... ഞെരിച്ചിലില്‍ പിടഞ്ഞാലും കരയാനാവാത്ത നിസ്സഹായത. എന്തിനാണ് എന്നോടിങ്ങനെ....?

നിതംബം: തിരക്കുകളില്‍ കാമക്കണ്ണുകളുടെ ആദ്യ ഉന്നം ഞാന്‍. എന്നെ സ്പര്‍ശിച്ച് സ്ഖലനസുഖം നേടുന്ന വെറിജന്തുക്കളില്‍ നിന്നും രക്ഷപെടാന്‍ ദാമിനിയ്ക്കാവാറില്ല. അഴുക്കുപിടിച്ച, നഖംനീണ്ട എത്രയോ കൈകള്‍ ! ദാമിനിയ്ക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ മുതിര്‍ന്നൊരാള്‍ അവളെ മടിയിലിരുത്തി ലാളിച്ചു. അച്ഛന്റെ പ്രായമുള്ള അയാളുടെ വാത്സല്യത്തില്‍ മയങ്ങി അവളിരിയ്ക്കുമ്പോള്‍ ദൃഡമായ എന്തോ ഒന്നു എന്നില്‍ കുത്തിക്കൊള്ളുന്നുണ്ടായിരുന്നു. അതെന്താണെന്നു മനസ്സിലാക്കാന്‍ പിന്നെയും ഏറെക്കാലം വേണ്ടി വന്നു. ആ തിരിച്ചറിവെത്തുംവരെ പലപ്പോഴായി പല അനുഭവങ്ങള്‍......

ഉപസ്ഥം: മണ്ണോളം താഴ്ന്നവരുടെ സ്വത്വ  ചിഹ്നമായതുകൊണ്ടാവാം, മണ്ണിലേയ്ക്കാണെന്റെ നോട്ടം. കണ്ണീരിന്റെ നനവും വേദനയുടെ രക്തവും എനിയ്ക്കു സ്വന്തം. എത്ര ഒളിച്ചിരുന്നാലും എന്നെ തേടിയെത്തുന്നു കൂരമ്പുകള്‍. ഒന്നുമറിയാത്ത പ്രായത്തിലും ഞെരിയ്ക്കപ്പെട്ടിട്ടുണ്ട് ഞാന്‍..ലോകമേ എന്താണു ഞാന്‍ നിങ്ങളോടു ചെയ്ത തെറ്റ്.. എന്റെ ഏതു ഇരുണ്ട കോണിലാണ് നിങ്ങള്‍ ആര്‍ത്തിപിടിച്ചു തിരഞ്ഞു നടക്കുന്ന സുഖം? വെറിപൂണ്ടു വിജൃംഭിതരായ വേട്ടക്കാരേ, നിങ്ങള്‍ പരതുന്ന ആ സുഖം എന്നിലുണ്ടെങ്കില്‍ എടുത്തിട്ട്, നിങ്ങള്‍ക്കെന്റെ ജീവന്‍ തിരിച്ചു തരാമായിരുന്നു. എന്തിനാണു തുരുമ്പു പിടിച്ച ആ ദണ്ഡ് എന്നിലൂടെ നിങ്ങള്‍ കടത്തിയത്? അതില്‍ പറ്റിയ ചോരയുടെ നിലവിളി നിങ്ങള്‍ കേള്‍ക്കുന്നില്ലേ?

ഓകെ, അപ്പോള്‍ എല്ലാവരും സംസാരിച്ചു കഴിഞ്ഞല്ലോ..(എത്രയോ കേട്ടിരിയ്ക്കുന്നു, എനിയ്ക്കിതില്‍ പുതുമയൊന്നുമില്ല). ഇനിയല്പം ജോലിയുണ്ട്. ദാമിനി ഇവിടെ കിടക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ ആറാകുന്നു. ഇനിയും കിടന്നാല്‍ ചീയാന്‍ തുടങ്ങും. പിന്നെ ഇവളെ കണ്ടാല്‍ നിങ്ങള്‍ മൂക്കുപൊത്തും. അതിനുമുന്‍പേ ആ പോസ്റ്റുമോര്‍ട്ടം ടേബിളിലേയ്ക്കു മാറ്റികിടത്തണം. ഇന്നലെ ഇതേ സമയം അവളുടെ നിലവിളിയടങ്ങിയിരുന്നു, അല്ല അമര്‍ത്തപ്പെട്ടിരുന്നു....

ഇനി ഞാനിതു കീറിമുറിയ്ക്കാന്‍ പോകുന്നു..

രാപ്പൂക്കളിൽ ഉഷ്ണം നിറയുമ്പോൾ

November 07, 2012 അനില്‍കുമാര്‍ . സി. പി.


വെയില്‍ വെന്തു വെന്തു പല അടരുകളായി നിരത്തില്‍ നിന്നും അടച്ചിട്ട ജനാലയുടെ ചില്ലുപാളികളില്‍ വന്നെത്തിനോക്കിക്കൊണ്ടിരുന്നു. അതിലേറെ പുകയുന്ന ചിന്തകളുമായി അവളെന്റെ മുന്നില്‍ ഇരുന്നു.

ലീവ് ആപ്ലിക്കേഷനിൽ നിന്ന്‍ തലയുയര്‍ത്തിയത് അവളുടെ ആകാംക്ഷ മുറ്റി ഇടുങ്ങിയ കണ്ണുകളിലേക്കായിരുന്നു. മേശയുടെ അരികില്‍ പിടിച്ചിരുന്ന വിരലുകള്‍ ഏതോ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

‘എലൻ വർഷങ്ങളായല്ലോ ലീവിനു പോയിട്ട്,  എന്തു പറ്റി ഇപ്പോൾ?’

അവളുടെ ചതഞ്ഞ ചുണ്ടിൽ ഒരു മങ്ങിയ ചിരി മിന്നിമാഞ്ഞു, പിന്നെ എന്തോ പറയാനായി മുന്നോട്ട് ആഞ്ഞു... അപ്പോഴാണ് ഓഫീസ് ഡോർ തള്ളിത്തുറന്ന് പുറത്തെ വെയില്‍ നാളങ്ങള്‍ ഒന്നിച്ചു ഇരച്ചു കയറിയതുപോലെ  ക്രിസ ഉള്ളിലേക്ക് വന്നത്.

‘സർ... ആ ലീവ് ആപ്ലിക്കേഷൻ അപ്രൂവ് ചെയ്യരുത്...’ അത് പറയുമ്പോൾ അവൾ ഒരു ചെന്നായയെ പോലെ കിതച്ചു.

എന്തെങ്കിലും പറയാൻ കഴിയുന്നതിനുമുമ്പ് എന്റെ കയ്യിൽനിന്നും ലീവ് ആപ്ലിക്കേഷൻ തട്ടിപ്പറിച്ച്, കീറിക്കളഞ്ഞ് ഒരുന്മാദിനിയേപ്പോലെ അവൾ എലന്റെ മുടിക്കെട്ടിൽ പിടിച്ചുയർത്തി ഇരുകവിളുകളിലും മാറിമാറിയടിക്കാൻ തുടങ്ങി...

‘ഐ വിൽ കിൽ യു ബിച്ച് ... ഐ വിൽ കിൽ യു ... കിൽ യൂ ...’ പരിസരം പോലും മറന്ന് അവൾ അലറിക്കൊണ്ടിരുന്നു.

പകച്ച് സ്തബ്ധരായി നിന്നു പോയ ഞങ്ങൾക്ക് മുന്നിൽ ക്രിസ ബോധരഹിതയായി നിലത്തേക്ക് വീണു!

ദിവസങ്ങൾക്ക് ശേഷമാണു പതിവ് ഔദ്യോഗിക സന്ദർശനത്തിനായി ഫീമെയിൽ സൈക്കിയാട്രി വാർഡിൽ എത്തിയത്. ഒരിക്കലും ചിരി മായാത്ത മുഖമുള്ള വാർഡ് ഇൻ ചാർജ് സാലമ്മ ചോദിച്ചു,
‘ക്രിസയെ കാണുന്നില്ലേ?’

കണ്ണുകളിലെ സംശയം കണ്ടാവണം, നെറ്റിയിലേക്ക് മുറിച്ചിട്ട മുടി പുറംകൈ കൊണ്ട് ഒതുക്കി സാലമ്മ പറഞ്ഞു,  ‘പേടിക്കണ്ട, ക്രിസ ഇപ്പോൾ തികച്ചും നോർമലാണ്.’

ഒഴിഞ്ഞ കിടന്ന കൌൺസില്ലിങ്ങ് റൂമിൽ ജന്നൽപാളികളിൽ ഹ്യുമിഡിറ്റി തീർക്കുന്ന നീർച്ചാലുകളിൽ  നോക്കി ക്രിസ മിണ്ടാതിരുന്നു.

'സര്‍ , അന്ന് ഓഫീസ്സിൽ ഞാൻ വളരെ മോശമായി പെരുമാറി എന്ന് സിസ്റ്റേഴ്സ് പറഞ്ഞാണ് അറിഞ്ഞത്... ക്ഷമിക്കണം...’

‘ഉം, അത് സാരമില്ല,  മനപ്പൂർവ്വമല്ലല്ലൊ...’

‘എപ്പോഴും സന്തോഷത്തോടെ, ചുറുചുറുക്കോടെ ജോലിചെയ്യുന്ന ക്രിസയെയാണു ഞാ‍ൻ കണ്ടിട്ടുള്ളത്, ഇതിപ്പോൾ തനിക്കെന്ത് പറ്റി?’

‘ഒന്നുമില്ല, സാറിനു രാവിലെ നല്ല തിരക്കായിരിക്കുമല്ലേ?’

ചെറിയ പൂക്കളുള്ള ആശുപത്രി ഗൌണിൽ അവളുടെ വിരലുകൾ തെരുപ്പിടിച്ചുകൊണ്ടിരുന്നു. അവളുടെ വരണ്ട കണ്ണുകളിലെ നിസ്സഹായത അല്പ നേരം അവിടെ ഇരിക്കരുതോ എന്ന് എന്നോടു ചോദിക്കുന്നുണ്ടായിരുന്നു.

‘തിരക്കില്ല,  ക്രിസ പറഞ്ഞോളൂ...’

‘സർ, ഗൾഫിലെ പുരുഷതൊഴിലാളികളുടെ ദുരിതങ്ങളും ദുരന്തങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട സ്ത്രീകളുടെ ചതിക്കുഴികളും ജീ‍വിതം ആഘോഷമാക്കിത്തീർക്കുന്ന പെൺകുട്ടികളും എത്രയോ കഥകളിലും വാര്‍ത്തകളിലും സിനിമകളിലും വിഷയങ്ങളായി... അല്ലേ?

‘ഉം’

‘പക്ഷേ, കുറഞ്ഞ കൂലിക്ക് ദിവസം മുഴുവൻ ജോലി ചെയ്ത് വെറും കബൂസും പച്ചവെള്ളവും കൊണ്ട്  ഇടുങ്ങിയ ക്യാമ്പ് മുറികളിൽ, നഷ്ടമാകുന്ന ജീവിതത്തെക്കുറിച്ചുപോലും അറിയാതെ വർഷങ്ങൾ തള്ളിനീക്കേണ്ടിവരുന്ന സ്ത്രീകളേക്കുറിച്ച് ആരെങ്കിലും പറഞ്ഞതായി സാർ കേട്ടിട്ടുണ്ടോ?’

‘ആരുംപറയാത്ത കഥകള്‍ കേള്‍ക്കാൻ എനിക്കിഷ്ടമാണ്.’

‘കഥകള്‍ അല്ല സര്‍ , പച്ചയായ ജീവിതത്തിന്റെ് നേര്‍ക്കാഴ്ചകൾ മാത്രമാണവ.’

ശൂന്യമായ കണ്ണുകൾ തന്നിലേക്ക് തന്നെ തിരിച്ച് ക്രിസ പറഞ്ഞു തുടങ്ങി...

‘വെളുപ്പാൻ കാലത്ത് കുളിമുറികൾക്ക് മുന്നിൽ ഊഴം കാത്തുനിന്ന്, ക്യാമ്പിലെ കോമൺ കിച്ചണിൽ വെച്ചുണ്ടാക്കുന്ന ഉച്ചയാഹാരവും പൊതിഞ്ഞുകെട്ടി, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്നുകിടക്കുന്നയാളെ ഉണർത്താതെ, ക്യാമ്പ് ഗേറ്റിൽ കത്തുനിൽക്കുന്ന പാകിസ്ഥാനി ഡ്രൈവറുടെ തെറിയും കേട്ട്  ബസ്സിലേക്കുള്ള ഓട്ടത്തിനിടയിൽ സ്വന്തം മുഖം പോലും ഒന്നു കാണാത്ത ഞങ്ങളെപ്പോലെ മുഖങ്ങളില്ലാത്തവരുടെ  ജീവിതം...’

ക്രിസയുടെ ക്ഷീണിച്ച വിളറിയ മുഖത്തെ തിരയിളക്കവും നോക്കി നിശ്ശബ്ദനായി ഇരുന്നു.

‘പന്ത്രണ്ട് മണിക്കൂർ വിശ്രമമില്ലാത്ത ജോലി ചെയ്യേണ്ടിവരുന്ന... ഇടയ്ക്കൊന്നു തളർന്നിരുന്നുപോയാൽ തലക്ക് മുകളിൽ എപ്പൊഴും തൂങ്ങിനിൽക്കുന്ന “വാർണിംഗ് ലെറ്ററും പെനാൽറ്റിയും” ഭയക്കേണ്ടുന്ന ... സ്ത്രീ എന്ന ഒരല്പം പരിഗണന ലഭിക്കാതെ, വേദന കടിച്ചുപറിക്കുന്ന ആ ദിവസങ്ങളിൽ പോലും എഴുനേൽക്കാനാവാതെ ഒന്നു കിടന്നുപോയാൽ ശമ്പളം നഷ്ടമാകുന്ന സ്ത്രീകൾ... പരാതി പറയാനോ, മറ്റൊരു ജോലി അന്വേഷിക്കുവാനോ അവസരം കിട്ടാത്ത അവസ്ഥ. ഒരു സൌഭാഗ്യം പോലെ വല്ലപ്പൊഴും വീണുകിട്ടുന്ന ഓഫ് ദിനങ്ങളിൽ നിയമപ്രകാരമല്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ ചെയ്യുന്ന പാർട്ട് ടൈം ജോലികൾ, അതിനിടയിൽ പിടിക്കപ്പെടുമോ എന്ന ഭയം... ഒരിക്കലും തീരാത്ത ആവിശ്യങ്ങളും ആവലാതികളുമായി നാട്ടിൽ നിന്നെത്തുന്ന ഫോൺ കോളുകൾ...ഒരു നല്ല വസ്ത്രം വാങ്ങാതെ, ഒരു നേരമെങ്കിലും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതെ  മാസാവസാനം ഓരോ ചില്ലിക്കാശും നുള്ളിപ്പെറുക്കി മണീ എക്സ്ചേഞ്ചിലേക്കുള്ള ഓട്ടം...’

‘ക്രിസ നാട്ടില്‍ പോകാറില്ലേ?‘

‘ഇല്ല സാർ... പണത്തെ അല്ലാതെ ഞങ്ങളെ അവിടെ ആര് കാത്തിരിക്കുന്നു? ജീവിതം തുന്നിക്കൂട്ടി തുന്നിക്കൂട്ടി കീറത്തുണിപോലെയായ മനസ്സും വികാരങ്ങളും. ജീവിച്ചിരിക്കുന്ന വെറും ശവങ്ങള്‍ മാത്രമാണ് ലേബര്‍ക്യാമ്പിലെ സ്ത്രീ ജന്മങ്ങള്‍ . മറ്റുള്ളവരുടെ ആശകളും അഭിലാഷങ്ങളും നിറവേറ്റാന്‍ സ്വന്തം ജീവിതത്തിന്റൊ താളുകള്‍ ഓരോദിവസവും കീറിക്കളയുന്നവര്‍ ... ആർക്കും മനസ്സിലാവില്ല ഇതൊന്നും...’  ഒരു ഗുഹയിൽ നിന്നെന്ന പോലെ കിതപ്പിനിടയിലൂടെ അവളിൽ നിന്ന് വാക്കുകൾ തെറിച്ചു വീണു.

അവളുടെ ചുണ്ടിന്റെ കോണിൽ ലോകത്തോടുള്ള പുച്ഛം മുഴുവൻ ഒന്നായി ഉറഞ്ഞുകൂടി.

ഏതൊ സെല്ലിൽ നിന്നും ഒരു പൊട്ടിച്ചിരി നേർത്തുനേർത്ത് തേങ്ങലായി...

‘പക്ഷേ, ക്രിസ എന്തിനായിരുന്നു എലനോട്...?’

അവളുടെ മുഖം ഇരുണ്ടു വലിഞ്ഞു മുറുകാൻ തുടങ്ങി.

‘അല്ലാ സാറിനോട് കഥയൊക്കെ പറഞ്ഞുകഴിഞ്ഞില്ലേ ഇതുവരെ?’ സാലമ്മ സിസ്റ്റർ ഒരു ചിരിയായി കടന്നുപോയി.

‘സാർ, എത്രയൊക്കെ അല്ലാ എന്ന് നമ്മൾ പറഞ്ഞാലും സ്നേഹം എന്നത് സ്വാർത്ഥത തന്നെയല്ലേ? ആത്മാർത്ഥമെന്നും സത്യസന്ധമെന്നും നമ്മൾ ഉറച്ചു വിശ്വസിക്കുന്ന സ്നേഹബന്ധത്തിൽ വിശ്വാസവഞ്ചന ഉണ്ടായാൽ എങ്ങനെയാണു അത് സഹിക്കുക...’

ഒരു കഥയില്ലാത്ത പെണ്ണായി മാത്രം കരുതിയിരുന്ന ക്രിസിന്റെ വാക്കുകൾ വല്ലാത്ത മൂർച്ചയോടെ മുറിയുടെ ചുവരുകളിൽ തട്ടി ചിതറിക്കൊണ്ടിരുന്നു.

‘ഒരു ബോസ്സിനോട് ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്നെനിക്കറിയില്ല..’

‘നിസ്സഹായരുടെ നിലവിളികൾക്കിടയിൽ തൊഴിലാളിയും ബോസ്സുമില്ല.. ക്രിസ് പറയു...’

‘ദുബായ് തെരുവുകളുടെ അഴുക്കുചാലുകളിലേക്ക് അവള്‍ മെല്ലെമെല്ലെ ഒഴുകിനീങ്ങിക്കൊണ്ടിരുന്ന സമയത്താണ് യാദൃശ്ചികമായി ഞാന്‍ കണ്ടത്.  ഇരന്നുവാങ്ങി ജോലി നേടിക്കൊടുത്തോ, ആവിശ്യങ്ങൾക്ക് പണം കൊടുത്ത് സഹായിച്ചോ, കിടക്കാൻ ഇടം കൊടുത്തോ, കഴിക്കാൻ ആഹാരം കൊടുത്തോ മത്രമല്ല സാർ എലനു ഞാനെന്റെ ജീവിതത്തിൽ ഇടം കൊടുത്തത്. സ്നേഹവും കരുതലും ഒക്കെ വേണ്ടതിലേറെ കൊടുത്തായിരുന്നു ഞാനവൾക്കെന്റെ ജീവിതം പങ്കുവെച്ചത്.’

ഇറുകെപ്പൂട്ടിയ കൺപോളകൾക്കടിയിൽ അവളുടെ കണ്ണുകൾ പിടഞ്ഞു നീര്‍ത്തുള്ളികൾ ഇറ്റ് വീണു.

‘ഒറ്റപ്പെടലുകളിൽ ഉരുകിത്തീർന്നവൾക്ക് വേദനകളും സന്തോഷങ്ങളും പങ്കുവെക്കാൻ ഒരാളുണ്ടാവുക എന്നത് പ്രാരാബ്ധങ്ങളുടെ കയത്തില്‍ മുങ്ങിതാണു പോകുന്നവര്‍ക്ക് ഇത്തിരി പ്രാണവായു കിട്ടുന്ന പോലെയാണ്... അതായിരുന്നു എനിക്ക് എലന്‍.’

‘പക്ഷെ നീ എത്ര ക്രൂരമായിട്ടാണ് അവളോടു പെരുമാറിയത്?’

‘ജോലികഴിഞ്ഞ് തളർന്ന് മയങ്ങുന്ന രാവുകളിൽ, നാട്ടിൽ നിന്നു വരുന്ന ഫോൺകോളുകൾ ഒക്കെ വല്ലാതെ മുറിവേൽ‌പ്പിക്കുന്ന ദിവസങ്ങളിൽ അവൾ വല്ലാത്ത ആശ്വാസമായി. പിന്നെ മനസ്സും ശരീരവും പുകഞ്ഞ രാവുകളിൽ പരസ്പരം തിരഞ്ഞ്,  രാപ്പൂക്കളായി... എന്റെ മനസ്സിലും ശരീരത്തിലും എലന്‍ മാത്രമായി... എന്നിട്ടും അവൾക്ക് സ്നേഹിക്കാൻ ഇപ്പോൾ മറ്റൊരാൾ... ഞങ്ങൾക്കിടയിൽ മൂന്നാമതൊരാൾ ...!’

കടുത്ത മാനസ്സിക സമ്മര്‍ദ്ദത്തിൽ അവള്‍ പൊട്ടിക്കരഞ്ഞുപോയി.

‘റിലാക്സ് ക്രിസ, ജീവിതത്തിലെ തിരിച്ചടികള്‍ നേരിടാന്‍ മനസ്സിന് ബലം കൊടുക്ക്. ഏതോ രണ്ടു രാജ്യങ്ങളില്‍ നിന്നും ജീവിതം തേടി ഇവിടെ എത്തിയവരല്ലെ നിങ്ങള്‍ ?  ഇവിടുന്നു മടങ്ങുമ്പോള്‍ നിങ്ങള്‍ രണ്ടു രാജ്യത്തേക്ക് തന്നെ പോകേണ്ടവര്‍ അല്ലെ? അതല്പം നേരത്തെ ആയെന്നു കരുതി സമാധാനിക്കു ... എലനു അവളുടേതായ കാരണങ്ങള്‍ ഉണ്ടാവും.’

‘എനിക്ക് ഒരു സ്ത്രീയേ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ. അതെന്റെ് കുറ്റമാണോ സര്‍ ? ദൈവത്തിന്റെല വികൃതിക്കു എല്ലാവരും ശിക്ഷ വിധിക്കുന്നത് എനിക്കാണ്..'

‘ക്രിസാ, എന്തായാലും ഒരു ഓഫീസ്സിന്റെ ഡിസിപ്ലിൻ ഞങ്ങൾക്ക് നോക്കിയേ പറ്റൂ. നിങ്ങളെ രണ്ടാളേയും രണ്ട് പ്രോജ്കടുകളിലേക്ക് മാറ്റാനാണ് മാനേജ്മെന്റിന്റെ തീരുമാനം. അത് സമ്മതമല്ലെങ്കിൽ രണ്ടാളേയും ടെർമിനേറ്റ് ചെയ്യാനും...’

പൊടുന്നനെ ഇരുകൈകളിലും മുഖം പൊത്തി അവൾ ഉറക്കെ കരയാൻ തുടങ്ങി.

‘തെറ്റോ ശരിയോ എന്നൊന്നും എനിക്കറിയില്ല സാർ... അവളേ വേണ്ടെന്നു വെക്കാൻ... അവളുടെ സ്നേഹം നഷ്ടപ്പെടാൻ എനിക്ക് വയ്യ സാർ... ഒരു മുഴുഭ്രാന്തി ആയിപ്പോകും സാർ ഞാൻ...’

അവളുടെ കണ്ണുകളിലെ യാചന കണ്ടില്ലെന്നു വെച്ചു.

‘ശരി, മാനേജ്മെന്റിനോട് സംസാരിച്ചുനോക്കാം...’

കൌണ്സിലിംഗ് റൂമിന്റെ കതകിൽ മെല്ലെ മുട്ടുന്നത് കേട്ടാണ് കണ്ണുകൾ ഉയർത്തിയത്. കതകു തുറന്ന് അസിസ്റ്റന്റ് മാനേജര്‍ തിടുക്കത്തില്‍ അകത്തേക്ക് വന്നു.

‘സര്‍ , ഫോൺ സൈലൻസറിൽ ആണോ? കുറെ നേരമായി ഡയറക്ടർ വിളിക്കുന്നു. ഞാന്‍ സാറിനെ ഇവിടം മുഴുവന്‍ അന്വേഷിച്ചു നടക്കുകയായിരുന്നു...’ അയാള്‍  ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.

അപ്പോഴാണോർത്തത് മീറ്റിങ്ങിനിടയില്‍ സൈലെന്റ് ആക്കിയ ഫോൺ ഓൺ ചെയ്തില്ലല്ലോ എന്ന്.

ഞാന്‍ ക്രിസയോടു യാത്ര പറഞ്ഞ് വേഗം ഓഫിസ്സിലേക്ക് നടന്നു.

ഇന്നെന്താണാവോ പ്രശ്നം. ഇന്നലെ ഒരുറുമ്പായിരുന്നു! വളരെ പഴയ ഗവണ്മേന്റ് ആശുപത്രി ആയിട്ടും എത്രമാത്രം ശ്രദ്ധയോടെയാണവർ അതി വിശാലമായ കൊമ്പൌണ്ടും കെട്ടിടങ്ങളും വൃത്തിയും വെടിപ്പുമായി കാത്തു സൂക്ഷിക്കുന്നത്. നാട്ടില്‍ എലികള്‍ ഓടി നടക്കുന്ന, ദുര്‍ഗ്ഗന്ധം വമിക്കുന്ന  സര്ക്കാർ ആശുപത്രി മുറികളെ ഓര്‍ത്തുപോയി. ഇപ്പോള്‍ കുറച്ചൊക്കെ മാറ്റം വന്നെങ്കിലും എല്ലാം വലിച്ചെറിയാന്‍ ശീലിച്ച നമുക്ക് പൊതുഇടം ഇപ്പോഴും വേസ്റ്റ്‌ ബാസ്കെറ്റുകൾ പോലെയാണ്. ഇച്ഛാശക്തിയുള്ള ഭരണകർത്താക്കൾ ഉണ്ടെങ്കിലെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കു. ഇവിടെ നിയമങ്ങള്‍ പാലിക്കാനുള്ളതാണ്. അല്ലാതെ നമ്മുടെ നാട്ടിലെ പോലെ  സ്വാധീനമുള്ളവര്‍ക്ക് എങ്ങനെയും ഉപയോഗിക്കാനോ തെറ്റിക്കാനോ ഉള്ളതല്ല.

ഓഫീസില്‍ എത്തുമ്പോള്‍ ഡയറക്ടർ എന്നെയും കാത്തു അവിടെ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖം ദേഷ്യംകൊണ്ട്‌ ചുവന്നിരുന്നു.

‘മിസ്റ്റര്‍ രാജ്, വാട്ട്‌ ഈസ്‌ ഗോയിംഗ് ഓണ്‍ ഹിയര്‍ ? വൈ യുവര്‍ പീപ്പിള്‍ ക്രിയേറ്റിംഗ് എ മെസ്സ്  ഓവര്‍ ഹിയർ? വൈ യു ആര്‍ നോട് റിപ്പോര്‍ട്ടിംഗ് ടു ദ  പൊലീസ്? റ്റുഡേ ഒൺലി ഐ കെയിം റ്റു നോ എബൌട്ട്‌ ദിസ്‌ ...  റ്റെർമിനെറ്റ് ബോത്ത്‌ ഓഫ് ദം ഇമ്മിടിയറ്റ്ലി... ടേക്ക് അര്‍ജന്റ് ആക്ഷന്‍  ആന്‍ട് കം ടു മൈ ഓഫീസ് വിത്ത് ദി റിപ്പോര്‍ട്ട് ‌ ഇന്‍ ദി ആഫ്റ്റർനൂൺ...’ അതും പറഞ്ഞ് എന്റെ മറുപടിക്കുപോലും കാത്തു നില്ക്കാതെ അദ്ദേഹം പോയി.

ഞാന്‍ എലനും ക്രിസ്സിനുമുള്ള ടെര്‍മിനേഷൻ ലെറ്റര്‍ തയ്യാറാക്കാന്‍ സെക്രട്ടറിയോട് പറഞ്ഞ് ഒരു ചായ കുടിക്കാനായി കാന്റീനിലേക്ക് നടന്നു.

ഓഫീസ്സിൽ ക്രിസ്സിന്റേയും എലന്റേയും പ്രശ്നങ്ങൾ ഉണ്ടായ ആ ദിവസത്തിനു ശേഷമാണ് ഇരുട്ടിന്റെ മറവിൽ അടിച്ചമർത്തിയ വികാരങ്ങൾക്ക് പരസ്പരം ശമനം പകരുന്ന മറ്റ് പലരുടേയും കഥകൾ അറിഞ്ഞത്. ഒന്നിച്ചു ജോലി ചെയ്യുന്ന പ്രായപൂർത്തിയായ ആൺ‌കുട്ടികളും പെൺകുട്ടികളും... താഴേക്കിടയിലുള്ള ജോലിക്കാരായിപ്പോയതുകൊണ്ടുമാത്രം പരസ്പരം ഒന്ന് തമാശ പറഞ്ഞ് ഉറക്കെച്ചിരിക്കുകയോ, മാന്യമായി ഒന്നു തൊടുകയോ ചെയ്യുമ്പോഴേക്കും പരാതികളും വാർണിംഗ് ലെറ്ററുകളുമായി കാത്തുനിൽക്കുന്ന അധികാരികൾ. ജോലിസ്ഥലത്തെ ഒഴിഞ്ഞ ഇടനാഴികളിലോ, ചാരിയ കതകുകൾക്കു പിന്നിലോ കൈമാറപ്പെടുന്ന ദാഹാർദ്രമായ നോട്ടങ്ങളും കൊച്ചുകൊച്ചു തമാശകളും പലപ്പോഴും കണ്ടില്ലെന്നുവെച്ചു.

അന്നത്തെ സംഭവത്തിനുശേഷം എല്ലാവരിൽ നിന്നും എപ്പോഴും എലൻ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. കാന്റീനിലേക്ക് തിരിയുന്നതിന്റെ ഇടതുവശത്തുള്ള ക്ലിനിക്കിൽ വെച്ച് യാദൃശ്ചികമായാണ് അവൾ മുന്നിൽ വന്നു പെട്ടത്.

‘എന്താണു എലൻ നിങ്ങൾക്കു പറ്റിയത്? ഞാന്‍ നിങ്ങളെ വിളിപ്പിക്കാനിരിക്കയായിരുന്നു.’

‘സാർ കേട്ടതൊക്കെ ശരിയാണ്. ക്രിസ എന്നേ ഒരുപാട് സ്നേഹിക്കുകയും സഹായിക്കുകയും  ചെയ്തിട്ടുണ്ട്. പക്ഷേ സ്നേഹം ഒരു ബാധ്യത ആയാൽ,  അത് ഭ്രാന്തായാൽ എന്താണ് സാർ ചെയ്യുക?’

‘ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കിടയിൽ എന്ത് സംഭവിച്ചു?’

‘ഒരു തെറ്റിദ്ധാരണയിൽ വർഷങ്ങളായി പിണങ്ങിനിന്നിരുന്ന കൂട്ടുകാരൻ തെറ്റുകൾ ഏറ്റുപറഞ്ഞ് ഇപ്പോൾ എന്റെ ജീവിതത്തിലേക്ക് തിരികെ വന്നപ്പോൾ ഞാൻ അവനോട് സ്നേഹത്തോടെ പെരുമാറിപ്പോയി. ക്രിസയെ സ്നേഹിക്കുന്നു എന്നതുകൊണ്ട് എനിക്കുമില്ലേ സാർ എന്റേതായ സ്വാതന്ത്ര്യങ്ങളും ആഗ്രഹങ്ങളും?’

‘ശെരിയാവാം, പക്ഷെ നിങ്ങളുടെ രണ്ടാളുടെയും പേരില്‍ കടുത്ത നടപടി എടുക്കാതിരിക്കാന്‍ നിര്‍വാഹമില്ല.’

‘സര്‍ , അങ്ങേക്കറിയില്ലേ ഡിഗ്രിയും ഹോട്ടല്‍ മാനേജ്മെന്റും കഴിഞ്ഞാണ് ഞാനിവിടെ ജോലിക്കു വന്നത്. ജോലിയും കിട്ടിയില്ല, ചതിക്കുഴിയിൽ പെടുകയും ചെയ്തു. നാട്ടിലുള്ള കുടുംബത്തിലെ ഏഴുപേരുടെയും അച്ഛനാരെന്നറിയാത്ത എന്റെ കുഞ്ഞിന്റെയും ഒരുനേരത്തെ ആഹാരമാണ് എന്റെ ഈ തൂപ്പുജോലി. പലപ്പോഴും സഹിക്കാനാവാത്ത ക്രിസയുടെ വികാരങ്ങള്‍ക്ക് വഴങ്ങുന്നത് അവള്‍ വല്ലപ്പോഴും തരുന്ന അല്പം പണം കൂടി ഓര്‍ത്താണ്. എന്നെ പറഞ്ഞ് വിടരുതേ...’

അവള്‍ എന്റെ കാല്ക്കൽ വീണു... ഒരു നിമിഷം ഞാന്‍ പകച്ചുപോയി.

പ്രാണന്റെ കണിക പോലുമില്ലാതെ യന്ത്രം കണക്കെ നിശ്ചലമായി പോയ എലനേ നോക്കാതെ  ഞാൻ തിരികെ ഓഫീസിലേക്ക് തന്നെ നടന്നു, വിശപ്പ്‌ കെട്ടിരുന്നു.

ദുരിതക്കടല്‍ ജീവിച്ചു തീര്‍ക്കുന്നവര്‍ക്കും ഹൃദയവും വികാരങ്ങളും ഉണ്ടാകുന്നത് അപരാധമായി എങ്ങനെ കാണാന്‍ കഴിയും? ഏതു നിയമത്തിനാണ് അവരുടെ  സ്നേഹബന്ധങ്ങളെ തടവിലിടാന്‍ കഴിയുക? ടെർമിനേഷൻ ലെറ്റർ ക്യാൻസൽ ചെയ്ത് രണ്ടാള്‍ക്കും 200 ദിർഹം പെനാല്ടിയും വാണിംഗ് ലെറ്ററും തയ്യാറാക്കാൻ സെക്രട്ടറിയോട് വിളിച്ചു പറഞ്ഞിട്ട് ഞാൻ ഡയറക്ടറുടെ ഓഫീസിലേക്ക് നടന്നു. ഏതൊക്കെയോ രാജ്യങ്ങളുടെ അതിർത്തികളും ഭേദിച്ച് ഒരു കുഞ്ഞിന്റെ കരച്ചില്‍ എന്റെ ഹൃദയം മുറിച്ചു കടന്നുപോയി.


@ അനില്‍കുമാര്‍ സി. പി.
http://manimanthranam.blogspot.com/2012/11/blog-post.html

മിന്നല്‍പ്പിണരുകള്‍ക്കിടയിലെ ജീവന്‍

October 11, 2012 അനില്‍കുമാര്‍ . സി. പി.


ചുരുട്ടിയെറിഞ്ഞ പഴന്തുണിക്കെട്ടുപോലെ തനിക്ക് ചുറ്റുമുള്ള ലോകംതന്നെ മറന്നിരിക്കുന്ന അവളെ കണ്ടപ്പോള്‍ വല്ലാതെ ദേഷ്യംവന്നു. കഴിഞ്ഞ ഒരാഴ്ചയായി അവളോടു പറയുന്നു, ഇങ്ങനെ ജോലി ചെയ്താല്‍ ശരിയാവില്ലെന്ന്. എത്രത്തോളം അവളോടു സൌമ്യമായി സംസാരിക്കാന്‍ ശ്രമിച്ചാലും അതിലേറെ അകലത്തിലേക്ക് അവളുടെ ചിന്തകളെ പറഞ്ഞുവിട്ട് ശൂന്യമായ കണ്ണുകളുമായി വെറുതെ നോക്കിയിരിക്കും. മനസ്സില്‍ അമര്‍ഷം പതഞ്ഞുയരാന്‍ തുടങ്ങിയപ്പോള്‍ അവളെ വിളിച്ചു…

‘രെഹ്‌നാ.....’

‘ങേ... സർ... ’

‘നീ എന്താണിങ്ങനെ? ഇന്നലെ തീര്‍ക്കേണ്ട പ്രൊജക്റ്റ്‌ ഇനിയും സബ്മിറ്റ് ചെയ്തില്ലല്ലോ?’

‘ക്ഷമിക്കണം.. ഞാന്‍...’

‘നിനക്കിവിടെ ജോലി ചെയ്യാന്‍ താല്പര്യമില്ലെ? വെറുതെ എന്തിനു ആളുകളെ ബുദ്ധിമുട്ടിക്കുന്നു? റിസൈന്‍ ചെയ്തു പോകരുതോ?’

ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി… വാക്കുകള്‍ എനിക്ക് ചുറ്റും വെറുപ്പിന്റെ വളയങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു. അവളുടെ കരിഞ്ഞുണങ്ങിയ ചുണ്ടുകള്‍ ഒന്നും പറഞ്ഞില്ല.... പൂര്‍ത്തിയാകാത്ത പ്രൊജക്റ്റ്‌ ഫയല്‍ മേശപ്പുറത്തേക്കിട്ട് ഞാന്‍ നീണ്ട വരാന്തയിലൂടെ മുറിയിലേക്ക് നടന്നു.

കോഫീ കോര്‍ണറിലെ ചിരികളുടെ ശബ്ദം നിലച്ചു. പിറുപിറുക്കലുകള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞു ജനലിനപ്പുറത്തേക്ക് പോയി.

എപ്പോഴും സൗഹൃദാന്തരീക്ഷം ഓഫീസില്‍ സൂക്ഷിക്കുന്നതിന് ശ്രമിച്ചിരുന്നു. ഉള്‍വലിയുന്നവരെ ഏകാന്തതകളിലേക്ക് തനിച്ചുവിട്ട് അവരുടെ സര്‍ഗ്ഗാത്മകതയെ പുറത്തെടുക്കാന്‍ കഴിയുന്നതില്‍ അഭിമാനം തോന്നിയിരുന്നു. പക്ഷെ ഇവള്‍ മാത്രം... പുതിയ പ്രോജക്ടില്‍ അസോസിയേറ്റ്‌ ആയി ഏറ്റവും മികച്ച ആളിനെയാണ് നിനക്ക് തരുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞപ്പോള്‍ അതൊരു കോംപ്ലിമെന്റായി തോന്നി...

‘എക്സ്ക്യൂസ് മി... മേ ഐ...?’

കാബിനിലേക്ക് കടന്നുവന്ന പെണ്‍കുട്ടിയില്‍നിന്ന് കണ്ണെടുക്കാനായില്ല. ബിസിനസ്സ് അറ്റയറില്‍, ആത്മവിശ്വാസം സ്ഫുരിക്കുന്ന ചലനങ്ങളും ആകര്‍ഷകമായ വ്യക്തിത്വവും...

‘ഞാന്‍ രഹ്‌ന... താങ്കളുടെ പുതിയ അസോസിയേറ്റ്‌...’
മനോഹരമായ ഇംഗ്ലീഷ് ആക്സന്റില്‍ അവള്‍ സ്വയം പരിചയപ്പെടുത്തി.

കൃത്യമായ ഒരു ഓഫീസ് സമയക്രമം അടിച്ചേല്പിക്കാതെ സമയബന്ധിതമായി ജോലി ചെയ്തുതീര്‍ക്കുന്നതിന് സ്വാതന്ത്ര്യം ഉള്ളതിനാല്‍ നല്ല വ്യക്തിബന്ധങ്ങള്‍ ഓഫീസില്‍ ഉണ്ടായിരുന്നു, മടുപ്പില്ലാത്ത അന്തരീക്ഷവും.

ഓഫീസ്‌ ടവറിന്റെ നാല്പതാം നിലയിലെ റിവോള്‍വിംഗ് റെസ്റ്റോറന്റില്‍ ഏറെ നീണ്ടുപോയ പകലുകളുടെ ക്ഷീണം ‘കാപ്പിച്ചുനോയുടെ’ കടുപ്പത്തില്‍ അലിയിച്ചു തീര്‍ക്കുന്ന സന്ധ്യകളില്‍ രഹ്‌ന ചിലപ്പോഴൊക്കെ അവളെപറ്റി സംസാരിച്ചു. നാട്ടിന്‍പുറത്തെ ജീവിതം നഷ്ടപ്പെട്ടതും പിന്നെ ടെക് സിറ്റിയില്‍ വളര്‍ന്നു ഒരു ‘ടെക്കി’ ആയതും. എങ്കിലും എവിടൊക്കെയോ മനപ്പൂര്‍വ്വം അകലം പാലിക്കാന്‍ അവള്‍ ശ്രമിച്ചു. ചില ദിവസങ്ങളില്‍ ദൂരെ പോര്‍ട്ടിലെക്ക് കടക്കാന്‍ കാത്തുകിടക്കുന്ന കപ്പലുകളുടെ നീണ്ട നിരയില്‍ കണ്ണുറപ്പിച്ച്, പറന്നകലുന്ന സീഗള്ളുകള്‍ തീര്‍ക്കുന്ന ആകാശചിത്രങ്ങളില്‍ അവള്‍ നിശ്ശബ്ദയായി നോക്കിയിരിക്കും. മനസ്സിലെ അസ്വസ്ഥതകളുടെ തിരയിളക്കം ഒളിപ്പിക്കാനാവാതെ, ശുഭരാത്രിയുടെ മര്യാദ പോലും മറന്ന് അവള്‍ പോകുമ്പോള്‍ വല്ലാത്ത ദേഷ്യം തോന്നും.

തന്റെ സാന്നിദ്ധ്യംകൊണ്ടുപോലും മറ്റുള്ളവരില്‍ ഊര്‍ജ്ജം പകരുന്ന രഹ്‌ന ചില ദിവസങ്ങളില്‍ മറ്റൊരാളായി മാറും. അശ്രദ്ധമായ വസ്ത്രധാരണം, വരണ്ടുണങ്ങിയ ചുണ്ടുകള്‍, തെളിച്ചം നഷ്ടമായ കണ്ണുകള്‍, എല്ലാവരോടും ദേഷ്യം, തന്നിലേക്ക് തന്നെ ഉള്‍വലിയാനുള്ള ശ്രമം... ചില ദിവസങ്ങളില്‍ ഓഫീസിലെ അവളുടെ പെരുമാറ്റം അലോസരമുണ്ടാക്കുന്നതുമായിരുന്നു.

കാബിനില്‍ വന്നിരുന്നിട്ടും മനസ്സില്‍ രഹ്‌നയുടെ മുഖം അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരുന്നു. താഴെ കാറ്റാടിമരത്തിന്‍റെ നിഴലില്‍ കൂട്ടംകൂടിനിന്നു സിഗററ്റ് വലിക്കുന്നവര്‍ .

പെട്ടെന്നുണ്ടായ ചിന്തയില്‍ മനസ്സൊന്ന് ആടിയുലഞ്ഞു... രെഹ്‌ന... ഡ്രഗ്സ് അവളേയും കീഴ്പ്പെടുത്തിയിരിക്കുമോ?! അതായിരിക്കുമോ അവളുടെ സ്വഭാവത്തിലെ ഈ മാറ്റം?

രഹ്‌നയുടെ ഇന്റര്‍കോം മറുപടിയില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്നു...

'സര്‍... രെഹ്‌ന സുഖമില്ലാതെ നേരത്തേ പോയി' സെക്രട്ടറി പറഞ്ഞു.

ശബ്ദത്തിലെ ദേഷ്യം മനസ്സിലാക്കിയിട്ടാവണം അവള്‍ തുടര്‍ന്നു, ‘രെഹ്‌നയുടെ റൂം മേറ്റിനു സാറിനോട് എന്തോ സംസാരിക്കാനുണ്ടെന്ന് പറയുന്നു.’

പൊതുവേ വാചാലയായ ബിന്‍ഷ സംസാരിക്കാന്‍ ബുദ്ധിമുട്ടി.

'പറയൂ...'

'സര്‍... അത് രഹ്‌നയെ കുറിച്ചാണ്... മറ്റാരും ഇക്കാര്യം അറിയരുത് എന്നവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു... എങ്കിലും സര്‍ ഇത് അറിയണം എന്ന്‍ എനിക്ക് തോന്നി. രഹ്‌ന ഒരു എപ്പിലപ്സി പേഷ്യന്റാണ്... ഫിറ്റ് ഉണ്ടാകുന്ന ദിവസങ്ങളിലാണ് അവളിങ്ങനെ വല്ലാതെ അപ്സെറ്റ് ആവുന്നത്...’

കാബിനില്‍ നിന്ന് പുറത്തേക്ക്‌ പോകുന്ന ബിന്‍ഷയെ സ്തബ്ധനായി നോക്കിയിരുന്നു. അവളുടെ വാക്കുകള്‍ മുറിയിലെ വെളിച്ചം കെടുത്തി. ചുവരിലെ ചിത്രം ചാവുകടല്‍പോലെ തോന്നി.. തലയ്ക്കകത്ത് കുറ്റബോധത്തിന്‍റെ കറുത്ത പാമ്പുകള്‍ ഇഴഞ്ഞു...

മൊബൈല്‍ ഫോണിന്റെ അങ്ങേത്തലക്കല്‍ രഹ്‌നയുടെ ചിലമ്പിച്ച ശബ്ദം...

'എന്തു പറ്റി രഹ്‌നാ?'

'വല്ലാത്ത ക്ഷീണം...'

'രഹ്‌ന വിശ്രമിക്കൂ... വൈകുന്നേരം ഞാന്‍ അതുവഴി വരുന്നുണ്ട്... നമുക്ക്‌ പുറത്തൊക്കെയൊന്നു പോകാം. അല്പം ഫ്രഷ്‌ എയര്‍ കൊണ്ടാല്‍ ക്ഷീണം മാറും.'

ബീച്ചിലെ ഓപ്പണ്‍ കഫേയില്‍ തണുത്ത കാപ്പിക്കപ്പിനു മുന്നില്‍ തിരയില്ലാത്ത കടലില്‍ അലക്ഷ്യമായി കണ്ണുനട്ടിരുന്നു അവള്‍ . നീണ്ട മൂക്കിനു താഴെ മലര്‍ന്നു തുടുത്ത ചുണ്ടുകള്‍ അപ്പോള്‍ വിളര്‍ത്തു കരിഞ്ഞിരുന്നു....

‘സര്‍ ...എനിക്ക്…’

‘എന്നെ പേര് വിളിക്കാം, അതാണെനിക്കിഷ്ടവും...നമുക്കിടയിലുള്ള ദൂരവും കുറച്ചു കുറയട്ടെ… ഹഹഹ…’

അവള്‍ വിളറിയ ഒരു പുഞ്ചിരിയോടെ ദീര്‍ഘമായി നിശ്വസിച്ചു...

‘നിഹാല്‍ , ക്ഷമിക്കണം... ഈ പ്രോജക്റ്റ്‌ സമയത്തിനു ചെയ്തു തരാന്‍ കഴിയുമെന്ന്‍ എനിക്ക് തോന്നുന്നില്ല...'

'രഹ്‌നാ... നിന്നേക്കാള്‍ നന്നായി അത് ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല. നാളെ സ്വസ്ഥമായി തുടങ്ങു.., ഞാനും സഹായിക്കാം...'

അടുത്ത ദിവസങ്ങളൊക്കെ മുഴുവന്‍ സമയവും രഹ്‌ന പ്രൊജക്ടിനായി ചിലവഴിച്ചു. ഇടക്കിടെ സംശയങ്ങളുമായി കാബിനില്‍ വരുമ്പോഴൊക്കെ തികച്ചും ഒരു പ്രൊഫഷണല്‍ മാത്രമായിരുന്നു അവള്‍ .സമയപരിധിക്ക് മുമ്പ്‌ തന്നെ പ്രോജക്റ്റ് പ്രസന്റേഷന്‍ മനോഹരമായി തയ്യാറാക്കിത്തന്നു.

‘എക്സലന്‍റ് വര്‍ക്ക്‌… അഭിനന്ദനങ്ങള്‍ രേഹ്‌ന... ഇവിടുത്തെ കോര്‍ഗ്രൂപ്പിലേക്ക് സ്വാഗതം.’

‘താങ്ക്യു നിഹാല്‍ , എനിക്ക് കിട്ടിയ ഏറ്റവും നല്ല അവസരമാണിത്…’

ഏറെ ഉത്തരവാദിത്വമുള്ള പ്രോജക്ടുകള്‍ എപ്പോഴും അവളെ തന്നെ ഏല്പിച്ചു. രഹ്‌ന ബോധപൂര്‍വ്വം സൃഷ്ടിച്ച ഞങ്ങള്‍ക്കിടയിലെ അകലം കുറഞ്ഞുവന്നു.

“ഓഹ്… ഇവിടെ നമ്മള്‍ മൂന്നു മലയാളികള്‍ മാത്രമായതു കൊണ്ടാവും ഇത്രയും നല്ല ഓഫീസ്‌ അന്തരീക്ഷം. മറ്റുള്ളവന്റെ മനസ്സിലേക്കുള്ള ആ അവിഞ്ഞ ഒളിഞ്ഞുനോട്ടം ഇല്ലാത്തത് തന്നെ വലിയ ആശ്വാസം” എന്നൊരിക്കല്‍ അവള്‍ പറഞ്ഞു ചിരിച്ചത് ഓര്‍മ്മയുള്ളതുകൊണ്ട് അവളെപ്പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം കാണിച്ചില്ല.

പുതിയ പ്രോജക്റ്റില്‍ സ്വയം മറന്നിരിക്കുമ്പോഴാണ് രഹ്‌ന ചോദിച്ചത്,
‘നിഹാല്‍ , മഞ്ഞ ഉന്മാദത്തിന്‍റെ നിറമാണ് അല്ലേ?’

'ഉം… എന്താ അങ്ങനെ ഒരു തോന്നല്‍ ?’

‘അല്ല, വാന്‍ഗോഗിന്‍റെ ചിത്രങ്ങളില്‍ല്‍ ഭ്രമാത്മകമായ മഞ്ഞയുണ്ട്. നിന്റെ തലക്ക് മുകളിലെ ചുവരിലും റിസപ്ഷനിലും വാന്‍ഗോഗ് ചിത്രങ്ങളാണല്ലോ. സുന്ദരികള്‍ പാറിപറക്കുന്ന ഇവിടെ മോണോലിസ്സ ആയിരുന്നില്ലേ നല്ലത്?’

‘ഉന്മാദത്തിന്റെയും ദാരിദ്ര്യത്തിന്റെയും കൊടുമുടിയില്‍ ജീവിക്കുമ്പോഴും എന്റെ ചിത്രങ്ങള്‍ക്ക് ലോകം വിലപറയുന്ന ഒരു ദിവസം വരുമെന്ന് പറഞ്ഞ വാന്‍ഗോഗിനെയാണെനിക്കിഷ്ടം.. ഒരിക്കല്‍ വിശപ്പിന്റെ കണ്ണീരുമായി ഒരു രാത്രി മുഴുവന്‍ രണ്ടു ‘സെന്റ്സ്’ തന്നാല്‍ മതി എന്നുപറഞ്ഞു തെരുവുകളിലെ ഓരോ കടയിലും കയറി ഇറങ്ങിയിട്ടും ആരും വാങ്ങാതെ പോയ ആ ചിത്രത്തിനാണ് ഇന്ന് ഏറ്റവും കൂടുതല്‍ വില… മരണം കൊണ്ട് വിഖ്യാതനായ ചിത്രകാരന്‍...’

‘ഉം.., അദ്ദേഹത്തിന്‍റെ ഉന്മാദവും വിഖ്യാതമായിരുന്നു…’

‘ഹഹഹ.... നിനക്ക് ഉന്മാദം ഇഷ്ടമാണോ?’ അവളുടെ കണ്ണില്‍ നോക്കിയാണ് ചോദിച്ചത്…

അവള്‍ ഒന്ന് പിടഞ്ഞു… പിന്നെ സംയമനം വീണ്ടെടുത്ത് പറഞ്ഞു,
‘ഒരു നേര്‍രേഖയില്‍ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ എനിക്കിഷ്ടമല്ല.’

‘അപ്പോള്‍ എന്നെപ്പോലെ കുറച്ചു ഭ്രാന്തുണ്ട് നിനക്കും അല്ലേ? ഭ്രാന്തുള്ളവര്‍ വളരെ ക്രിയേറ്റീവ് ആണെന്നറിയുമോ?’

ആത്മസംഘര്‍ഷത്തില്‍ അവളുടെ കണ്ണുകള്‍ ചുവന്നു. പിന്നെ പതുക്കെ പറഞ്ഞു...
‘അതേ, തലച്ചോറില്‍ മിന്നലുകള്‍ എരിയുന്നവന്റെ ഭ്രാന്ത്... അത് ക്രിയേറ്റീവ് അല്ല, വളരെ വളരെ ക്രിട്ടിക്കല്‍ ആണ്… നിനക്കതു മനസ്സിലാവില്ല…’

അവള്‍ പെട്ടെന്നെഴുന്നേറ്റു പുറത്തേക്കു പോയി. ഒന്നും പറയാനാവാതെ ഞാന്‍ സൂര്യകാന്തിപൂക്കളിലെ മഞ്ഞ നിറവും നോക്കിയിരുന്നപ്പോള്‍ തലച്ചോറില്‍ കടലിരമ്പങ്ങളുടെ നേര്‍ത്ത ശബ്ദം… എന്റെ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോയി…

സമയം പോയതറിഞ്ഞില്ല… ഉണര്‍ന്നപ്പോള്‍ ഇരുട്ട് വീണിരുന്നു. മുറിപൂട്ടിയിറങ്ങുമ്പോള്‍ രഹ്‌നയുടെ കാബിനില്‍ വെളിച്ചം കണ്ടു. അവള്‍ ഇനിയും പോയില്ലേ? ഞാന്‍ ചെന്നതുപോലും അവlള്‍ അറിഞ്ഞില്ല. ഗ്ലാസ് ഭിത്തിക്കരികില്‍ താഴെ നിരത്തില്‍ പല നിരകളായി ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ നോക്കിനില്ക്കുന്നു.

അവളുടെ തോളില്‍ കൈ വെച്ചു… എന്നെ നോക്കി അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.

‘രെഹന... ഇന്ന് നമുക്ക് ഡിന്നര്‍ ഒന്നിച്ചായാലോ?’

പൂള്‍സൈഡ്‌ റെസ്റ്റോറന്റില്‍ നീന്തല്‍ക്കുളത്തില്‍ ചന്ദ്രന്‍ നീന്തിത്തുടിക്കുന്നതും നോക്കിയിരുന്നപ്പോള്‍ അവളുടെ വാക്കുകള്‍ തണുത്ത കാറ്റിനൊപ്പം തീക്കനലുകള്‍ ഹൃദയത്തിലേക്ക് കോരിയിട്ടു.

'ഒരു അപസ്മാര രോഗിയെക്കുറിച്ച്, അവന്റെ വേദനകളെക്കുറിച്ച് നിനക്കറിയുമോ, മനസ്സിലാകുമോ എന്ന് എനിക്കറിയില്ല നിഹാല്‍ ... എന്നാലും എനിക്ക് നിന്നോടു പറയാതെ വയ്യ...'

അവളുടെ കയ്യില്‍ മെല്ലെ അമര്‍ത്തി. വൈന്‍ ഗ്ലാസ്സില്‍ നിന്ന് ഒരു കവിള്‍ എടുത്ത്‌ പറഞ്ഞു തുടങ്ങി… ആത്മവ്യഥയുടെ നീണ്ട് നീണ്ടു പോകുന്ന മൌനങ്ങള്‍ക്കിടയിലെ എന്റെ ചോദ്യങ്ങള്‍ക്കായി അവള്‍ മനസ്സുതുറന്നു.

'നിഹാല്‍ , ചിത്രശലഭങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമൊപ്പം ഊഞ്ഞാലാടി വളര്‍ന്നതായിരുന്നു എന്റെ ബാല്യം. പക്ഷെ കൌമാരവും യൌവ്വനവും കണ്ണീരിലും ചോരയിലും കുതിര്‍ന്നു പോയി.. യൂണിവേഴ്സിറ്റിയിലെ ആദ്യവര്‍ഷമാണ് എന്റെ തലച്ചോറില്‍ ഇടിമുഴക്കങ്ങള്‍ ഉണ്ടായത്...ആദ്യത്തെ എപ്പിലപ്റ്റിക് ഫിറ്റ്‌. .., ... എന്റെ നാവ്‌ മുറിഞ്ഞ് ചോര ഒഴുകി… ശരീരം മുഴുവന്‍ ഇടിച്ചു പിഴിഞ്ഞ വേദന… കുഴഞ്ഞുപോകുന്ന നാവ്… തലപൊട്ടി പൊളിയുന്ന വേദന... ശരീരത്തിന്റെ ബലം മുഴുവന്‍ നഷ്ടപ്പെട്ടതുപോലെ... പിന്നെ വെള്ളിടി വെട്ടിയ രാവുകളിലെല്ലാം നക്ഷത്രഖബറില്‍ എരിഞ്ഞു വീണ നക്ഷത്രത്തിന്റെ കരിക്കട്ട പോലെ ഞാനും വീണുകിടന്നു.'

‘മരുന്ന് സ്ഥിരമായി കഴിച്ചിരുന്നില്ലേ നീ?’

‘മരുന്ന് കഴിച്ചു തുടങ്ങിയതോടെ എന്റെ ജീവിതത്തിന്‍റെ താളം തന്നെ തെറ്റി. എപ്പോഴും ഉറക്കം തൂങ്ങി... ക്രമേണ ഒന്നും ഓര്‍ത്തുവേക്കാന്‍ കഴിയാതായി... സഹതാപങ്ങള്‍ മുറിപ്പെടുത്താന്‍ തുടങ്ങി...കടുത്ത നിയന്ത്രണങ്ങള്‍ എനിക്ക് ചുറ്റും കമ്പിവേലികള്‍ തീര്‍ത്തു... ഞാന്‍ എന്റെ ലോകത്തേക്ക് ഉള്‍വലിഞ്ഞു...

‘അവിടേക്ക് കടന്നു കയറിയവരോടു നിര്‍ദ്ദയമായി പെരുമാറി, അല്ലേ?’

‘ഉം....അതാവാം പുഴയോരത്തെ വലിയ വീട്ടില്‍നിന്നും എപ്പോഴും ചൂടുകാറ്റ് വീശിയടിക്കുന്ന ഹൈദരാബാദിലേക്ക് ഞങ്ങള്‍ താമസം മാറ്റിയത്. വല്ലപ്പോഴുമൊക്കെ തലച്ചോറില്‍ അഗ്നിഗോളങ്ങള്‍ എരിഞ്ഞു... തുടര്‍ച്ചയായി 3 കൊല്ലം ഫിറ്റ്‌ ഉണ്ടായില്ലെങ്കില്‍ മരുന്ന് നിര്‍ത്താം എന്ന് ഡോക്ടർ പറഞ്ഞിരുന്നു. പക്ഷെ ഒരിക്കലും മരുന്ന് നിര്‍ത്താന്‍ കഴിഞ്ഞില്ല. സ്വയം വെറുത്തു വെറുത്തു ഞാന്‍ ജീവിക്കാന്‍ പഠിച്ചു... എല്ലാത്തില്‍ നിന്നും ഒരു ഒളിച്ചോട്ടമായിരുന്നു ആ ജോലി.... ജോലി മാത്രമായിരുന്നു അവിടെ എന്റെ ജീവിതം…’

‘അത് നല്ല കമ്പനി ആയിരുന്നല്ലോ? എന്നിട്ടും എന്തിനാണ് അതുപേക്ഷിച്ചത്?’

‘എനിക്കവിടെ സൌഹൃദങ്ങള്‍ ഇല്ലായിരുന്നു, ബിന്‍ഷ അല്ലാതെ. തലയ്ക്കുള്ളിലെ കടലിരിമ്പങ്ങള്‍ക്ക് ചെവിയോര്‍ത്തു കിടക്കുന്ന ഒരുവളില്‍ പ്രണയം എങ്ങനെ പൂത്തുലഞ്ഞു എന്ന് എനിക്കുതന്നെ അറിയില്ല... അതുവരെ നഷ്ടമായ നിറങ്ങള്‍കൊണ്ട് തരുണ്‍ എന്റെ ദിവസങ്ങള്‍ക്ക് ചായം തേച്ചു. ഞാന്‍ കൂടെയുള്ളപ്പോള്‍ ഇനി ഒരിടിമിന്നലും നിന്നെ തളര്‍ത്തില്ല എന്ന് തരുണ്‍ പറയുമായിരുന്നു… അവന്റെ സാമീപ്യം എന്നില്‍ പെണ്‍ജീവിതത്തിന്‍റെ ആസക്തി നിറച്ചു.’

‘പിന്നെ എന്താണ് നിന്നെ ഉലച്ചു കളഞ്ഞത്? ഒന്നും ചെയ്യാതെ ഒരു ഇടവേള നിന്റെ “റെസുമെ”യില്‍ കണ്ടു...’

‘എനിക്കും അവനും ഒന്നിച്ചാണ് ഒരു ഫോറിന്‍ അസൈന്‍മെന്റ് കിട്ടിയത്. അതിന്റെ പേപ്പറുമായി അവന്‍ ഓടി വന്നപ്പോള്‍ ബിന്‍ഷ ഏതോ കിറ്റി പാര്‍ട്ടിക്ക് പോയിരിക്കുകയായിരുന്നു. എന്നെ അവന്‍ ഗാഡമായി ആലിംഗനം ചെയ്തു… മേശപ്പുറത്തിരുന്ന സോഡിയം വാല്പൊറേറ്റ് ടാബ്ലെറ്റിന്‍റെ കിറ്റെടുത്ത് അവന്‍ പുറത്തേക്കെറിഞ്ഞു. ഇനി നിനക്കിതിന്റെ ആവശ്യം ഇല്ല… മൂന്നു വര്‍ഷം നീ ഭയന്ന് ജീവിച്ചില്ലേ? ഇന്ന് നിന്റെ തലച്ചോറില്‍ എരിയുന്ന ഇടിമിന്നല്‍ നിന്റെ വികാരങ്ങളില്‍ നിറക്ക്… എനിക്ക് ഈ രാത്രി വേണം നിനക്കൊപ്പം… അവനെന്നെ ഭ്രാന്തമായി ചുംബിക്കാന്‍ തുടങ്ങി…’

‘ഭ്രാന്തമായി പ്രണയിക്കാന്‍ കഴിയുന്നത് ഒരു സൌഭാഗ്യമല്ലേ രെഹന'

'ആദ്യരതിയുടെ അശ്ലീലങ്ങള്‍ ഇല്ലാതെ ഞാനവന്റെ വികാരങ്ങളില്‍ നിറഞ്ഞു. ആലസ്യത്തിലേക്ക് ഊര്‍ന്നു വീഴുമ്പോഴേക്കും അവന്‍ എന്നില്‍ നിന്നും അകന്നുമാറി കണ്ണടച്ചു കിടന്നു. നീ ആദ്യമായിട്ടല്ല, അല്ലേ? എന്ന അവന്റെ ചോദ്യത്തില്‍ ഞാന്‍ പകച്ചുപോയി. പതിനഞ്ചാം വയസ്സില്‍ തുടങ്ങിയ ഭോഗങ്ങളുടെ ഓര്‍മ്മക്കണക്കുകള്‍ സൂക്ഷിക്കുന്ന അവന്റെ മുന്നില്‍ എന്റെ കന്യകാത്വത്തിന് സാക്ഷ്യം പറയാന്‍ എനിക്ക് തോന്നിയില്ല. കയ്യില്‍ തടഞ്ഞ ടി ഷര്‍ട്ട്‌ എടുത്തു കൊടുത്തിട്ട് ഞാന്‍ പറഞ്ഞു, നിനക്ക് പോകാം തരുണ്‍… ഇനി നമ്മള്‍ കാണാതിരിക്കട്ടെ… ശുഭയാത്ര…’

‘മുറിയുടെ വാതില്‍ വലിച്ചടച്ച് നേര്‍ത്ത ഗൌണിട്ട ഞാന്‍ രാത്രിയുടെ തണുപ്പിലേക്കിറങ്ങി നടന്നു… പിന്നെ ഓര്‍മ്മ വരുമ്പോള്‍ മുറിഞ്ഞ നാവും ബലമില്ലാത്ത ശരീരവുമായി ഞാന്‍ ബിന്‍ഷയുടെ മടിയില്‍ കിടക്കുകയായിരുന്നു. ഓഫീസിലെ ഡൈനിങ്ങ്‌ റ്റേബിളുകളിലും ബാച്ചിലര്‍ പാര്‍ട്ടികളിലുമൊക്കെ എന്റെ “പെര്‍ഫോര്‍മന്‍സിന്റെ” കഥകള്‍ കറങ്ങിനടന്നു. പക്ഷെ ജോലി ഉപേക്ഷിക്കുവാന്‍ എനിക്കാകുമായിരുന്നില്ല…’

‘അധഃകൃതന്റെ ജാതിപ്പേരുപോലെ പെണ്ണിന്റെ മേലുള്ള സ്റ്റിഗ്മയാണ് അവളുടെ കന്യാചര്‍മ്മം, അല്ലേ? എനിക്ക് ഉറക്കെ ചിരിക്കാനാണ് തോന്നുന്നത്…’

‘എന്റെ മേശമേല്‍ പിന്നെയും വാല്പൊറേറ്റ് കിറ്റ്‌ വന്നിരുന്നു. അവയില്‍നിന്നും ഞാന്‍ ദിവസവും ഒന്നിലധികം കഴിച്ചു ബോധമില്ലാതെ രാവുകള്‍ ഉറങ്ങിത്തീര്‍ത്തു. ബിന്‍ഷ ഇവിടെ ജോയിന്‍ ചെയ്തപ്പോള്‍ അവള്‍ നിര്‍ബ്ബന്ധിച്ചു എന്റെയും റെസുമേ കൊടുത്തു. അങ്ങനെ ഇവിടെയെത്തി…’

‘ജീവിതത്തിലെ ഇരുണ്ട ദിനങ്ങള്‍ ഒക്കെ കഴിഞ്ഞു പോയി രേഹന… ഇനി പുതുജീവന്റെ വെള്ളിവെളിച്ചങ്ങള്‍ ആണ്.’

‘ഇല്ല നിഹാല്‍ . ഇതെന്റെ ജീവപര്യന്തം ആണെന്ന് തോന്നുന്നു. കഴിഞ്ഞ കുറേ നാളുകളായി അസുഖം വരാതെയിരിക്കുകയായിരുന്നു. മരുന്നു നിര്‍ത്താം എന്നു സന്തോഷിച്ചിരുന്നപ്പോഴാണ് അടുത്ത കാലത്തായി വീണ്ടും....’

മുഖംപൊത്തി രെഹ്‌ന എങ്ങലടിച്ച് കരയാന്‍ തുടങ്ങി. അവളെയും ചേര്‍ത്തുപിടിച്ച് പൂളിനരികിലേക്ക് നടന്നു. കടല്‍ കടന്നെത്തിയ ഈറന്‍കാറ്റ്‌ പുതപ്പായി... രെഹ്‌നയുടെ തേങ്ങലുകള്‍ എന്റെ തോളില്‍ മെല്ലെ മെല്ലെ തലചായ്ചു…

ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഉള്ളില്‍നിന്നും സത്യം നാവിന്‍തുമ്പോളം എത്തി. ഒരു കഷണം ഫിഷ്‌ ടിക്കയോടൊപ്പം അത് വിഴുങ്ങിയിട്ട് അവളോട് പറഞ്ഞു...

‘ഞാന്‍ ഇതില്‍ ഗവേഷണം ചെയ്യുന്നുണ്ട്…’

‘ഗവേഷണമോ? അവള്‍ കണ്ണ് മിഴിച്ചു.’

‘ചുമ്മാ… പുതിയ അറിവുകള്‍ തലച്ചോറിനു നല്കിക്കൊണ്ടിരുന്നാല്‍ ഓര്‍മശക്തി വര്‍ദ്ധിക്കുമെടോ…’

‘ഉം... എന്നാല്‍ ഗവേഷണ ഫലം പറയു…’

‘ചിലരില്‍ ചില പ്രത്യേക നിമിഷങ്ങളില്‍ ശരീരത്തിനു വേണ്ടതിലധികം ഇലക്ട്രിസിറ്റി അവരുടെ തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് ഏതാനം നിമിഷങ്ങളിലേക്ക് ശരീരത്തിന്റെ താളം തെറ്റിക്കുന്നു. അതാണ് ഈ ഫിറ്റ്സ്. കൃത്യമായ ഉറക്കവും, ജീവിതചര്യയും, മരുന്നും കൊണ്ട് ഇതിനെ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാം...’

‘ഇതൊക്കെ എന്റെ ഡോക്ടറടെ പതിവ് ഉപദേശങ്ങളാണല്ലോ…’

‘അല്ല രെഹന, ജന്മസിദ്ധമായി ക്രോണിക് എപിലപ്റ്റുകള്‍ ആവുന്നവരാണു രോഗികള്‍ . നിന്റേത് ഒരു രോഗമല്ല... ഒരു ശാരീരികാവസ്ഥ മാത്രം... അതിലുപരി ഒരു മാനസികാവസ്ഥയും…’

‘അപ്പോള്‍ എനിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടില്ല, അല്ലെ?’ അവള്‍ വരണ്ട ചിരിയോടെ ചോദിച്ചു.

‘നിനക്കായി എത്രയോ രാജവീഥികള്‍ കാലം ഒരുക്കിവെച്ചിരിക്കുന്നു. അറിയപ്പെടുന്ന ജീനിയസ്സുകളില്‍ പലരും എപ്പിലെപ്റ്റിക് ആയിരുന്നില്ലേ…? അന്ന് ഞാന്‍ തമാശ പറഞ്ഞതല്ല... ഇതുള്ളവരില്‍ ക്രിയേറ്റിവിറ്റി വളരെ കൂടുതല്‍ ആയിരിക്കും.. ഇറ്റ്‌ ഈസ്‌ എ ഗിഫ്റ്റ്‌ ഓഫ് ഗോഡ്‌...’

രാത്രിയുടെ പാതിയും കടന്നു പോയി. ആകാശത്ത് നിലാവിന്റെ തിരിവെട്ടം തല നീട്ടി. രഹ്‌നയുടെ കണ്ണുകളില്‍ പതുക്കെ വെളിച്ചം നിറഞ്ഞു.

തിരക്കുകള്‍ ദിവസങ്ങളെ തിന്നു തീര്‍ത്തു. ഉഷ്ണം പുകയുന്ന ചിന്തകള്‍ ഉപേക്ഷിച്ച് പ്രസരിപ്പും ഊര്‍ജ്ജസ്വലതയും രെഹ്‌ന വീണ്ടെടുത്തു . ജീവനക്കാര്‍ക്കിടയില്‍ അവള്‍ നല്ലൊരു സുഹൃത്തും ലീഡറുമായി വളര്‍ന്നു. കമ്പിനിയുടെ പുതിയ പ്രസ്റ്റീജ്‌ പ്രോജക്ടിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ദിവസമാണ് അവള്‍ ചോദിച്ചത്‌...,

'ഈ വീക്കെന്‍ഡ് നമുക്ക്‌ 'തണ്ടറില്‍ ’ ആക്കിയാലോ നിഹാല്‍ ?’

നഗരത്തിലെ പ്രശസ്ഥമായ എക്സ്ക്ലൂസീവ് നൈറ്റ്‌ക്ലബ്‌,... ഹാളിലെ മങ്ങിയ വെളിച്ചവുമായി പൊരുത്തപ്പെടാന്‍ ഏതാനം നിമിഷങ്ങള്‍ എടുത്തു. ഡാന്‍സ്‌ ഫ്ലോറിലെ സ്പോട്ട് ലൈറ്റുകളുടെ പ്രഭയില്‍ ഡീജെയുടെ വാചകമടിക്കൊപ്പം കുണുങ്ങി കുണുങ്ങിയെത്തി പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ഇന്‍ഹൌസ് നര്‍ത്തകികള്‍ .

'നിഹാല്‍... വര്‍ഷങ്ങളുടെ ഈ മരുന്നുകഴിപ്പ് എന്റെ മനസ്സിനേയും ശരീരത്തെയും വികാരങ്ങളെയുമൊക്കെ തളര്‍ത്തിക്കളഞ്ഞിരുന്നു എന്നാണ് ഞാന്‍ കരുതിയത്‌...'

'ഇപ്പോഴോ?'

അവള്‍ ചുണ്ടുകടിച്ച് ചിരിച്ചു. പിന്നെ കയ്യില്‍ പിടിച്ച് ഡാന്‍സ് ഫ്ലോറിലേക്ക് കണ്ണുകാണിച്ചു. അവിടെ ഡീജെ ഡാന്‍സ്‌ ചെയ്യാനായി ആളുകളെ ക്ഷണിക്കുന്നുണ്ടായിരുന്നു. മറ്റ് ജോഡികള്‍ക്കൊപ്പം ഫ്ലോറിലേക്ക് നടന്നു. സ്റ്റേജിലെ പാട്ടിനൊപ്പം ചുവട് വെക്കാന്‍ തുടങ്ങി... സ്പോട്ട് ലൈറ്റുകളുടെ വര്‍ണ്ണങ്ങള്‍ അവളുടെ കണ്ണുകളില്‍ പൂത്തിരി കത്തിച്ചു... പാട്ടിന്റെ താളം മുറുകി... നെഞ്ചിലേക്ക് ചാരി അവള്‍ എന്തോ പറയാന്‍ ശ്രമിച്ചു.. ചേര്‍ത്തുപിടിച്ച് സീറ്റിലേക്ക്‌ നടക്കുമ്പോള്‍ അവളുടെ നിശ്വാസങ്ങള്‍ ഉച്ചത്തിലാവുന്നത് അറിയുന്നുണ്ടായിരുന്നു.

ബീയര്‍ ഗ്ലാസ്സില്‍ നുരഞ്ഞുപൊന്തിയ കുമിളകള്‍ ഒന്നൊന്നായി പൊട്ടിയടിഞ്ഞു! ഏറെനേരം കഴിഞ്ഞ് രെഹ്‌ന മെല്ലെ പറഞ്ഞു,

'നിഹാല്‍ നീ പറയാറില്ലേ നിന്റെ നാട്ടിലെ മഴക്കാലത്തെക്കുറിച്ച്… എനിക്കവിടെ പോകണം, ആ മലമുകളില്‍… നിന്റെ അരികിലിരുന്ന് എനിക്ക് മഴ ആസ്വദിക്കണം. കൊണ്ടുപോകില്ലേ നീ എന്നെ...?'

‘തീര്‍ച്ചയായും...’

പുതിയ പ്രോജക്ടിന്റെ ഫൈനലൈസേഷനായി ചെയര്‍മാനും ഉയര്‍ന്ന മാനേജ്മെന്റ് ടീമംഗങ്ങളും എത്തി. അവരുടെ മുന്നില്‍ പ്രോജക്റ്റ്‌ പ്രസന്റെഷന്റെ ചുമതല രഹ്‌നയെ ഏല്പിച്ചു. നീണ്ടുനിന്ന കയ്യടികള്‍ക്കൊടുവില്‍ പ്രസന്റേഷന്‍ അവസാനിപ്പിച്ച് രെഹ്‌ന ഗാഡമായ സൌഹൃദത്തിന്റെ ഹൃദ്യമായ ചിരിയോടെ ഓടി വന്നെന്നെ ചുറ്റിപിടിച്ചു..

‘ഗ്രേറ്റ്‌ എഫര്‍ട്... നിന്റെ പ്രിയപ്പെട്ട സുഹൃത്തായിരിക്കുന്നതു എന്റെ സൌഭാഗ്യമാണ് രെഹന...’

ഏറെ നിര്‍ബന്ധങ്ങള്‍ക്കൊടുവിലാണ് ലണ്ടനിലെ പുതിയ പ്രോജക്ടിന്റെ ചാര്‍ജ്‌ രഹ്‌നക്ക് കൊടുക്കാന്‍ മാനേജ്മെന്റ് സമ്മതിച്ചത്‌. ബ്രൌണ്‍ കവറിനുള്ളില്‍നിന്നും എടുത്ത വെളുത്ത കടലാസും ചിരിച്ചു തുടുത്ത മുഖവുമായി അവള്‍ നിന്ന് കിതച്ചു…

‘ഉം..? സ്വര്‍ഗ്ഗത്തേക്കുള്ള ടിക്കറ്റ്‌ കിട്ടിയോ?’ ഞാന്‍ കളിയാക്കി.

‘അല്ല, ലണ്ടനിലേക്ക്.. നിഹാല്‍ ,  ഇത് നിനക്കുള്ളതാണ്. മിന്നല്‍പ്പിണരുകള്‍ക്കിടയില്‍ എരിഞ്ഞുതീരുമായിരുന്ന ഒരു ജീവനെ ഭൂമിയില്‍ ജീവിക്കാന്‍ പഠിപ്പിച്ചതിന്...’

‘ഹേയ്… ആര്‍ക്കും ആരെയും ഒന്നും പഠിപ്പിക്കാനാവില്ല രെഹന, അവരുടെ മനസ്സ് പഠിക്കാന്‍ തയ്യാറാകുന്നതുവരെ. നിന്റെ സ്വപ്നങ്ങളുടെ അതിരുകള്‍ക്കപ്പുറത്തേക്ക് വളരണം… എന്നാണു യാത്ര?’

‘ഒരാഴ്ചയുണ്ട്… അതിനു മുന്‍പ് നാട്ടില്‍ ഒന്ന് പോയിവരണം.’

‘ശെരി, പിന്നെ കാണാം… എനിക്കല്പം തിരക്കുണ്ട്‌…’

മഞ്ഞവെയിലില്‍ തിളങ്ങുന്ന ക്രോടന്‍സ്‌ ചെടികളില്‍ തട്ടിവന്ന കാറ്റ് അവളുടെ മുഖത്തെ ചിരിയുമെടുത്ത് അകലേക്കുപോയി. അപ്പോഴും എന്റെ കൂടെ വരില്ലേ എന്ന് അവളുടെ കണ്ണുകള്‍ ചോദിക്കുന്നുണ്ടായിരുന്നു...

സ്വപ്നങ്ങള്‍ അവള്‍ക്കൊപ്പം പോകാനൊരുങ്ങിയെങ്കിലും ഹൃദയം വഴിമാറിനിന്നു. വേണ്ട രെഹന… എരിയുന്ന മറ്റൊരു ജീവന്റെ കൂട്ട് നിനക്ക് വേണ്ട. ഒന്നിച്ചു പിടഞ്ഞുവീഴുമ്പോള്‍ മുറിയുന്ന നാക്കില്‍നിന്നും ഒഴുകുന്ന ചോരയില്‍ കുതിര്‍ന്നു പോകുന്ന ജീവനെ പ്രകൃതിപോലും നിസ്സഹായായി നോക്കി നില്ക്കയെ ഉള്ളു. പിന്നെ അഗ്നിയുടെ തണുപ്പിലേക്ക് അരിച്ചിറങ്ങുന്ന ശരീരങ്ങളില്‍ ഏതിലായിരിക്കും ജീവന്‍ അവശേഷിക്കുക എന്ന് ആര്‍ക്കറിയാം?

എന്റെയും അവളുടെയും ഓഫീസുമുറികള്‍ക്കിടയ്ക്കുള്ള വരാന്ത നടന്നു തീരാതെ നീളം വെച്ച് കിടന്നു. ഇനിയും ഇതുവഴി എന്നെങ്കിലും വന്നേക്കാവുന്ന മിന്നല്‍പ്പിണരുകള്‍ക്കിടയില്‍ അമര്‍ന്നുപോകുന്ന ജീവന്റെ കൂടെ നടക്കാനായി തിരിഞ്ഞു നോക്കാതെ ഞാന്‍ നടന്നു…

ജനാലവിരി ഒതുക്കി കയറിവന്ന കാറ്റ് നിഹാലിന്റെ മേശപ്പുറത്തെ പൂപാത്രത്തിലെ വാടിയ പൂക്കളോടു ചോദിച്ചു...

'ശ്ശോ ..നിങ്ങള്‍ കണ്ടില്ലേ അവര്‍ രണ്ടും രണ്ടു വഴിക്ക് പോയി…!

‘സ്വയം തീര്‍ത്ത ദ്വീപില്‍ ഇരുട്ടിനു മാത്രം വെളിച്ചം നല്കി കുഞ്ഞുകുഞ്ഞു മിന്നലുകളായി പൊലിഞ്ഞുപോകുന്ന ഇങ്ങനെ എത്ര ജീവിതങ്ങള്‍ ‘ എന്ന് ചിത്രത്തിലെ സൂര്യകാന്തിപ്പൂക്കളുടെ ആത്മഗതം കാറ്റ് കേള്‍ക്കാതെ മണ്ണിന്റെ നിറമുള്ള കാര്‍പെറ്റില്‍ വീണുടഞ്ഞു…

http://manimanthranam.blogspot.com/2012/10/blog-post.html

പരിണാമത്തിലെ പിഴവുകള്‍

October 05, 2012 പട്ടേപ്പാടം റാംജി

പട്ടേപ്പാടം റാംജി


നട്ടുച്ചനേരത്ത് പുലിയിറങ്ങിയെന്ന വാർത്ത മലയുടെ താഴ്വരയിൽ കത്തുന്ന വെയിൽ പോലെ പരന്നു.

കേട്ടവർ കേട്ടവർ മലയടിവാരത്ത് ഒത്തുകൂടി. പലയിടങ്ങളിലും പുലിയിറങ്ങിയെന്ന വിവരങ്ങള്‍ കേൾക്കാറുണ്ടെങ്കിലും ഇവിടെയിത് ആദ്യമായാണ്.
 പല വീടുകളിലേയും വളർത്തു മൃഗങ്ങളെ കാണാതായതിനും നാട്ടിലെ മൂന്നാലാളുകൾ അപ്രത്യക്ഷമായതിനും കാരണം ഈ പുലിയായിരിക്കുമോ എന്ന സംശയം ചിലർ പ്രകടിപ്പിച്ചു. പിന്നെ വാർത്തക്ക് നീളം കൂടി. പുലിയെ ഓടിച്ചിട്ടു പിടിക്കുന്നത് റ്റീവികളിലൂടെ കണ്ടിരുന്നതിനാൽ ഇനി എന്തു ചെയ്യണമെന്ന ചിന്ത നാട്ടുകാർക്കുണ്ടായിരുന്നില്ല. ഒത്തു കൂടിയവർ കമ്പിയും വടിയും ശേഖരിച്ച് യുദ്ധത്തിനു തയ്യാറായി. നീളം കൂടിയ വാർത്ത പുലിയോടുള്ള പ്രതികാരത്തിന്റെ തോത് ഇരട്ടിപ്പിച്ചു.

വെടിമേരിയുടെ പറമ്പിനപ്പുറം മുതലാണ്‌ ചെറിയ കുറ്റിക്കാടുകളോടുകൂടി മലയുടെ തുടക്കം. തുടർന്നങ്ങോട്ട് നരച്ച മൊട്ടക്കുന്നു പോലെ മല. നേരെയുള്ളവ നശിപ്പിക്കുന്ന മനുഷ്യന്റെ പ്രവൃത്തികൾ നേരെ വളർന്ന മരങ്ങളുടെ കടയ്ക്കൽ ആദ്യം കോടാലി താഴ്ത്തി. അവശേഷിക്കുന്ന കുറ്റിക്കാടുകളിൽ മൃഗങ്ങളുടെ സുരക്ഷ, ഭീഷണി നേരിട്ടത് കൂടാതെ അന്നം തേടി നാട്ടിലിറങ്ങേണ്ട അവസ്ഥയ്ക്ക് കാരണമായി.

ഒറ്റപ്പെട്ട വീടാണ്‌ മേരിയുടേത്. താഴെ നിന്നും അല്പം മുകളിലായി മലയിലേക്കു കയറി നില്‍ക്കുന്ന വീടായതിനാല്‍ താഴ്വാരക്കാഴ്ചകള്‍ ഒരു ചിത്രമെന്ന പോലെ അവിടെ നിന്നും കാണാനാകും.  മണ്ണൊലിപ്പും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഭയന്ന് മലയടിവാരത്തോടു ചേർന്നു താമസിക്കാൻ പലരും ഭയപ്പെട്ടിരുന്നു. ദൂരക്കഴ്ചകൾ മറയ്ക്കുന്ന വീടിനു മുന്നിലെ ചെറിയ പച്ചപ്പുകൾ മേരിയുടെ തൊഴിലിനും കുടിലിനും അനുഗ്രഹമാണ്‌.

അന്ന്, മലയിറങ്ങിയ പുലി ആദ്യം കാണുന്ന മനുഷ്യത്തിയായിരുന്നു മേരി. ആദ്യമായി പുലിയെക്കണ്ട മേരി ഭയന്നു വിറച്ച് കുടിലിനകത്തേക്ക് ഓടിക്കയറി. അന്നും ഒരുച്ച സമയമായിരുന്നു. മുറ്റത്തുനിന്ന് പരിസരവീക്ഷണം നടത്തുന്ന പുലിയെ കുടിലനകത്തു നിന്ന് മേരി ഒളിഞ്ഞു നോക്കി. അല്പസമയത്തെ നിരീക്ഷണത്തിനു ശേഷം പുലി കുടിലിന്റെ വാതിലിനോടഭിമുഖമായി കാലുകൾ നീട്ടിവെച്ച് മുറ്റത്ത് കിടന്നു.

മേരിയുടെ ചങ്കിടിപ്പ് വർദ്ധിച്ചു. ശ്വാസഗതിയുടെ ശബ്ദം പുറത്തു വരാതിരിക്കാൻ ആവത് ശ്രമിച്ചു. നിശ്ശബ്ദമായ അന്തരീക്ഷം ഭയത്തിന്റെ താവളമായപ്പോഴും ശ്രദ്ധ കൈവിടാതെ, കണ്ണെടുക്കാതെ, പുലി കാണാതെ, അകത്തു നിന്നുള്ള നോട്ടത്തിൽ കണ്ണൊന്ന് ചിമ്മതിരിക്കാൻ പാടുപെട്ടു. ഒരനക്കം മതി, നോട്ടമൊന്ന് പിഴച്ചാൽ മതി പുലിക്ക് ചാടി വീഴാൻ.

എത്ര സമയം അതേ നില്പ് തുടർന്നു എന്നറിയില്ല. ആദ്യ ഭയം കുറഞ്ഞു വന്നുവെന്നത് നേര്. ചെങ്കല്ലിന്റെ ചുവപ്പു നിറത്തിൽ കറുത്ത വരകളോടു കൂടിയ ഒത്തൊരു പുലി. ക്രമേണ അതിന്റെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങിയത് ഭയത്തിന്റ ഭാരം കുറച്ചു കൊണ്ടിരുന്നു. രക്ഷപ്പെടാനാകില്ലെന്ന പൂർണ്ണ വിശ്വാസം നിർവ്വികാരാവസ്ഥയിലെത്തിച്ചു. പുലിയെ പാട്ടിലാക്കാതെയുള്ള മറ്റു വഴികളെല്ലാം ശൂന്യം.

ഇത്ര സമയം അതവിടെ കാത്ത് കിടന്നതിനാൽ ഇനി എഴുന്നേറ്റു പോകും എന്ന് കരുതാനും വയ്യ. അധികം വൈകാതെ ഇരുട്ട് വ്യാപിക്കും. അതിനു മുൻപ് അതിനെ ഓടിച്ചില്ലെങ്കിൽ മരണം ഉറപ്പ്.

രണ്ടും കല്പിച്ചാണ്‌ മേരി വാതിൽ തുറന്നത്. ശബ്ദം കേട്ടപ്പോൾ പുലി തലയുയർത്തി നോക്കി. പിന്നെ പഴയപടി നീട്ടിവെച്ച കാലിൽ തല ചരിച്ചുവെച്ച് മേരിയെ നോക്കിക്കിടന്നു. ചങ്കിടിപ്പ് വർദ്ധിച്ചു. ധൈര്യം സംഭരിച്ച് പുലിയുടെ കണ്ണുകളിലേക്കു നോക്കി വാതില്പടിയിൽ ഇരുന്നു. പറയുന്നത്ര ക്രൂരതയൊന്നും അതിന്റെ കണ്ണുകളില്‍ മേരിക്ക് കണ്ടെത്താനായില്ല. ശോകമൂകമായ ഒരു ദയനിയഭാവമായിരുന്നു അതിന്‌, മേരിയോടെന്തോ ആവശ്യപ്പെടുന്നതു പോലെ.

ഇരയെ പിടിക്കാനുള്ള ഒരടവായിരിക്കാം അത്. ഇനി ക്ഷീണം കൊണ്ടാവുമോ ഇങ്ങിനെ കിടക്കുന്നത്? ചിലപ്പോൾ പെൺപുലിയായിരിക്കും. ഗർഭിണി ആകാനും മതി.അപ്പോഴും ഒരു വയ്യായ്ക ഉണ്ടാവാമല്ലോ. വേറെ മൃഗങ്ങൾ കൂട്ടത്തോടെ ആക്രമിച്ചതായിരിക്കുമൊ? ഏയ്...അതാവാൻ വഴിയില്ല. അത്ര നിസ്സാരക്കാരനല്ലല്ലൊ പുലി. ഇരയുടെ ചലനം നോക്കി ചാടിവീഴാനായിരിക്കും ഈ കാത്തിരിപ്പ്. വിശന്നിട്ടാണെങ്കിലോ.....


പുലി നോട്ടം പിൻവലിച്ച് തളർന്നു കിടക്കുകയാണ്. ഇതുതന്നെ അവസരമെന്ന് മേരി മനസ്സിൽ കരുതി. അനക്കമുണ്ടാക്കാതെ കട്ടിളപ്പടിയിൽ നിന്ന് എഴുന്നേറ്റു. പുലി പിടഞ്ഞെണീറ്റ് മേരിയെ നോക്കി. മേരി ഭയന്നുവിറച്ച് ഇളകാതെ നിന്നു.

തൊണ്ട വരളുന്നു. ഉമിനീര്‌ വറ്റി. ശ്വാസമെടുക്കാൻപോലും പേടി തോന്നി. വീഴാൻ പോയതിനാൽ ഒരു കാലെടുത്ത് മുന്നോട്ടു വെച്ചു. പുലി പിന്തിരിഞ്ഞ് പതിയെ നടന്നു.

അല്പദൂരം നീങ്ങിയിട്ട് പുലി തല തിരിച്ച് മേരിയെ നോക്കി, അതേ ദയനിയ ഭാവത്തോടെ. പിന്നീട് വളരെ സാവധാനം കുറ്റിക്കാട്ടിലേക്ക് നടന്നുപോയി.

മേരിയുടെ കുടിലും കഴിഞ്ഞ് പത്തമ്പത് മീറ്റർ മാത്രം ദൂരെയുള്ള കുറ്റിക്കാട് പുലിക്കൊളിക്കാൻ സുരക്ഷിതമാണ്‌.

ശ്വാസം നേരെ വീണ മേരി പുലിയുടെ പോക്കു നോക്കി മുറ്റത്തിറങ്ങി നിന്നു. ശരീരത്തിന്റെ വിറയൽ അവസാനിക്കുന്നില്ല. പുലി എന്നു കേൾക്കുമ്പോഴൊക്കെ മേരിയുടെ മനസ്സിൽ ഒരു  രൂപമുണ്ടായിരുന്നു. കനാലുകളുള്ളിടത്തെ പച്ചപ്പ് നിറഞ്ഞ പറമ്പിൽ തടിച്ചുകൊഴുത്തു വളരുന്ന ഒരു മൂരിക്കുട്ടനെപ്പോലുള്ള രൂപം. ഇത് വെറുമൊരു പുലിക്കോലം. അതെഴുന്നേറ്റപ്പോഴാണ്‌ അതിനെ കൂടുതൽ ശ്രദ്ധിച്ചത്. വയറൊട്ടി തൊലിയെല്ലാം ഞാന്ന് തല മാത്രം വലുതായ ഒരു ജീവി. ഇതിന്‌ ഗർഭവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല.

പുലി കുറ്റിക്കാട്ടിലൊളിച്ചിട്ടും മേരിയുടെ ചിന്തകൾ അവസാനിച്ചിരുന്നില്ല. ഇതാരെയെങ്കിലും ഉടനെ അറിയിച്ചില്ലെങ്കിൽ സമാധാനം കിട്ടില്ലെന്നു വിട്ടുമാറാത്ത അത്ഭുതത്തിനിടയിലും മേരിക്ക് തീർച്ചയായിരുന്നു.

അങ്ങിനെയാണ്‌ മേരിയുടെ പറ്റുകാരിൽ മാന്യനായ ലാസറിനോട് കാര്യങ്ങൾ പറയാൻ തീരുമാനിച്ചത്.

"ഞാനൊരു കാര്യം പറഞ്ഞാ ലാസറേട്ടൻ വിശ്വസിക്ക്യോ?" ലാസർ, മേരിയുടെ ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചു തുടങ്ങിയപ്പോൾ ചോദിച്ചു.

"ആദ്യം കാര്യം കേക്കട്ടെ. എന്ന്ട്ടല്ലെ വിശ്വസിക്കണൊ വേണ്ടേന്ന് തീരുമാനിക്കാൻ?"

"എന്റെ മിറ്റത്ത് ഇന്നൊരു പുലി വന്നു. കൊറേ നേരം ഉമ്മറത്ത് കെടന്നു. പിന്നെ എഴ്ന്നേറ്റ് പോയി."

"ഹ.ഹ.ഹ. നിന്നെ വെറ്‌തെയല്ല ആളോള്‌ വെടി മേരീന്ന് വിളിക്ക്ണ്. നൊണ പറയണോരേം വെടീന്ന് തന്ന്യ പറയാ. നിനക്ക് എല്ലാങ്കൊണ്ടും യോജിച്ച പേരു തന്നെ. നിന്റെ മോന്ത കണ്ട് അത് മയങ്ങീട്ട്ണ്ടാവും...എന്നെ പേടിപ്പിച്ച് നിർത്താനല്ലെ നിന്റെ ഈ പുതിയ അടവ്. അത് എന്റട്ത്ത് ചെലവാവുല്യടി മോളേ..."

ഇനി ഇക്കാര്യം ആരോടും പറയേണ്ടെന്ന് മേരി തീരുമാനിച്ചു. മരണത്തിൽ നിന്ന് രക്ഷപ്പെട്ട സന്തോഷത്തോടെ അന്നുറങ്ങി.

നേരം വെളുത്തിട്ടും പുലിയുടെ വിചിത്ര സ്വഭാവം തന്നെയായിരുന്നു മേരിയുടെ ചിന്ത. മുറ്റത്തിറങ്ങി കുറ്റിക്കാട്ടിലേക്ക് നോക്കി. ഫലമുണ്ടായില്ല. അതിനെ ഇനിയും കാണണമെന്ന് ഒരു കൊതി. ഇന്നലെത്തന്നെ അത് മല കയറി അതിന്റെ പാട്ടിനു പോയിട്ടുണ്ടാകും. ചെറിയ നിരാശയോടെ പല്ലു തേയ്ക്കുമ്പോൾ തൊട്ടുമുന്നിൽ പത്തുപതിനഞ്ചടി ദൂരെ പുലി നില്‍ക്കുന്നു. ഒന്ന് ഞെട്ടിയെങ്കിലും തീരെ ഭയം തോന്നിയില്ല. കുറച്ചുനേരം നോക്കിനിന്ന് അത് വീണ്ടും തിരിച്ചുപോയി. 


അധികം വൈകാതെ പുലിയും മേരിയും തമ്മിൽ ഭയമില്ലാത്ത ഒരടുപ്പം സംഭവിച്ചു. അതിനെ  ഒന്നു തൊടണമെന്ന് മേരിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. വളർത്തു നായയെപ്പോലെ മുറ്റത്ത് ചടഞ്ഞുകൂടി കിടന്നാലും മേരി അടുക്കുമ്പോൾ അതെഴുന്നേറ്റു പോകും. കുടിലിനകത്തേക്കൊന്നും കയറില്ല.

ഇതിനെവിടെ നിന്നാണാവോ ഭക്ഷണം കിട്ടുന്നതെന്ന് പലപ്പോഴും മേരി ചിന്തിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഇറച്ചി വാങ്ങിക്കൊടുക്കും. അതെല്ലാം മടി കൂടാതെ അകത്താക്കും. താഴ്വാരത്തിലെ ചില വീടുകളിൽ ആടുകളേയും പശുക്കുട്ടികളേയും കാണാതായി എന്ന് കേട്ടപ്പോൾ കള്ളന്റെ കള്ളത്തരം ബോദ്ധ്യപ്പെട്ടു. ചില രാത്രികളിലെ നിറുത്താതെയുള്ള പട്ടികുരയും മേരി ഓർത്തെടുത്തു. 

ഒരു ദിവസം സുമുഖനായ ഒരു ചെറുപ്പക്കാരൻ മേരിയെ തേടിയെത്തി. ആദ്യത്തെ സന്ദര്‍ശനമാണ്. മുഖം മാത്രമെ സുന്ദരമായുള്ളു. അവനൊരു പരാക്രമിയായിരുന്നു.

തിടുക്കത്തിൽ ഷർട്ടെടുത്തു തോളത്തിട്ട് പാന്റിന്റെ സിബ് വലിച്ചുകയറ്റിക്കൊണ്ട് അകത്തുനിന്ന് ധൃതിയിലവൻ പുറത്തേക്കു കടന്നു. വസ്ത്രം ധരിക്കുന്നതിനു പോലും സമയം കൊടുക്കാതെയുള്ള അവന്റെ തിടുക്കത്തിൽ സംശയം തോന്നിയ മേരി അവനു പുറകെ വിവസ്ത്രയായി മുറ്റത്തേക്കിറങ്ങി. പാന്റടക്കം ബെൽറ്റിനു കുത്തിപ്പിടിച്ച് അവനെ പിടിച്ചു നിർത്തി.

"കാശെവിടെ?"

"ആദ്യത്തേത് സാമ്പിളല്ലെ ചേച്ചി."

"അത് നിന്റെ അമ്മേടെ അടുത്ത്. എടുക്കട പട്ടി കാശ്." അതിലവൻ മേരിയെ തള്ളിമാറ്റി കവിളത്ത് ആഞ്ഞടിച്ചു.

മേരിക്ക് കണ്ണ്‌ മഞ്ഞളിച്ച് തല കറങ്ങുന്നതു പോലെ തോന്നി. മഞ്ഞളിച്ച കാഴ്ചയിൽ ആകാശം ഇടിഞ്ഞു വീഴുന്നതു പോലെ എന്തോ ഒന്ന് അവനു മേലേയ്ക്ക് ചാടി വീണതായി മേരി അവ്യക്തമായി കണ്ടു.

താഴെക്കിടന്നു പിടയുന്ന അവന്റെ കഴുത്തിൽ പുലി കടിച്ചുപിടിച്ച് കുടഞ്ഞു. ഒന്നുരണ്ടു കുടച്ചിലോടെ അവന്റെ ചലനമറ്റു. മേരി പരിഭ്രമത്തോടെ ഒന്നും ചെയ്യാനാകാതെ മിണ്ടാട്ടം മുട്ടി ഭയന്നുവിറച്ചു. നഗ്നയാണെന്ന ബോധമൊന്നും അപ്പോൾ മേരിക്കില്ലായിരുന്നു. താഴെപ്പരന്ന ചോര കണ്ട മേരിക്ക് ശരീരം തളരുന്നതു പോലെ തോന്നി.

ചത്തെന്ന് ഉറപ്പു വരുത്തി, പുലി അവന്റെ കഴുത്തിൽ നിന്നു കടിവിട്ട് തലയുയർത്തി മേരിയെ നോക്കി. വായിൽ നിന്നിറ്റുവീഴുന്ന ചോരയോടെ പുലി മേരിയുടെ അടുക്കലേക്കു വന്നു. ശ്വാസമടക്കി കണ്ണടച്ച് അനങ്ങാതെ നിന്നു. ചോര വാർന്നു വീണുകൊണ്ടിരുന്ന നാവു നീട്ടി മേരിയുടെ അകത്തുടയിൽ പുലി നക്കി. വിറയ്ക്കുന്ന കാലുകൾ അനക്കാതെ മേരി കണ്ണു തുറന്നു. കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് നെഞ്ചോടു ചേർത്ത് ഈശോയെ മനസ്സിൽ വിളിച്ചു.

പിൻതിരിഞ്ഞ പുലി അവനെ കടിച്ചുവലിച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. ഭീകരദൃശ്യത്തിനു സാക്ഷിയാകേണ്ടിവന്ന മേരി വിറയൽ വിട്ടുമാറാതെ അകത്തു കയറി വസ്ത്രം ധരിച്ചു.

ഒരാഴ്ചയെടുത്തു മനസ്സൊന്നു നേരേയാവാൻ. ദിവസവും പുലിയെ കാണാറുണ്ടെങ്കിലും അത് പഴയതു പോലെ അകലം പാലിച്ച് നിന്നതേയുള്ളു. ഇങ്ങിനെയൊരു സംഭവം നടന്നതായി ഒരു ഭാവഭേദവും അതിന്റെ മുഖത്ത് കാണാനില്ലായിരുന്നു. അങ്ങിനെയൊരു  കഴിവ് കിട്ടിയിരുന്നെങ്കിലാശിച്ചു.

നാലഞ്ചു മാസത്തിനുള്ളിൽ ഇതുപോലെ മൂന്നു സംഭവം കൂടി ആവർത്തിച്ചു. മേരിയെ ഉപദ്രവിക്കുന്നതു കണ്ടാൽ പുലി അവന്റെ പണി കഴിച്ചിരിക്കും. മേരിയല്ലാതെ മറ്റാരും ഈ വിവരം അറിഞ്ഞിരുന്നില്ല. ആദ്യ സംഭവം മനസ്സിലുണ്ടാക്കിയ ഭയപ്പാടുകൾ പിന്നീടുള്ള ഓരോന്നിലും കുറഞ്ഞുകൊണ്ടിരുന്നു. ആരെങ്കിലും കയർത്ത് സംസാരിക്കാനോ കൈയ്യേറ്റത്തിനോ ശ്രമിച്ചാൽ അവരെ മയപ്പെടുത്താൻ നഷ്ടങ്ങൾ സഹിച്ചും മേരി പ്രത്യേകം ശ്രദ്ധിച്ചു. പുലിയോടു പറഞ്ഞാൽ അതിനു മനസ്സിലാകില്ലല്ലൊ. അത് മൃഗമല്ലെ....?

അന്ന്, തുടയില്‍ നക്കിയതു പോലെ അതിനിയും നക്കുമെന്നും കൂടുതൽ അടുക്കുമെന്നും മേരി ആശിച്ചത് വെറുതെയായി. കോക്രി കാട്ടിയും, പല്ലിളിച്ചും, കണ്ണ്‌ തുറുപ്പിച്ചും, ഡാൻസു കളിച്ചും, ഉടുതുണി പൊക്കിക്കാട്ടിയും അതിനെ അനുനയിപ്പിക്കാൻ നോക്കി. ഫലമൊന്നും ലഭിച്ചില്ല. പഴയതുപോലെ അടുത്തു ചെല്ലുമ്പോൾ അതൊഴിഞ്ഞു പോകും.

ഈയിടെയായി പുലിയുടെ ക്ഷീണമെല്ലാം മാറി ഒന്നു നന്നായിട്ടുണ്ട്. എങ്ങിനെ നന്നാവാതിരിക്കും? നല്ല തീറ്റയല്ലെ. മുറ്റത്ത് കിടക്കുന്ന പുലിയെ നോക്കി മേരി ചിന്തിച്ചുകൊണ്ടിരുന്നു. ഇതിനെ ഒന്നടുപ്പിക്കാൻ ഇനി എന്താണൊരു വഴി? തുടയില്‍ നക്കിയത് ഒരു കുളിര്‌ പോലെ മനസ്സിൽ തെളിഞ്ഞു. പെട്ടെന്ന് മേരിക്ക് ബുദ്ധി തെളിഞ്ഞു.

മുറ്റത്തേക്കിറങ്ങിനിന്ന് ബ്ലൗസഴിച്ച് ഇറയത്തേക്കിട്ടു. ബലൂണിൽ വെള്ളം നിറച്ചത് പോലെ മുലകൾ ഞാന്നു. പിന്നീട് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചെടുത്ത് ഇറയത്തേക്ക് വീക്കി.

പുലി പതിയെ എഴുന്നേറ്റ് അടിവെച്ച് മുന്നോട്ടു വന്നു. മേരിയുടെ കാൽവിരലുകൾ മണപ്പിച്ച് തുടയോടു  മുട്ടിയുരുമി നിന്നു. വർദ്ധിച്ച സന്തോഷത്തോടെ മേരി പുലിയെ തൊട്ടു. പിന്നീട് അതിനെ പിടിച്ച് ഇറയത്ത് ചെന്നിരുന്നു. കാല്‌ നീട്ടിയിരുന്ന മേരിയുടെ മടിയിൽ കൊച്ചു കുട്ടികളെപ്പോലെ പുലി തലവെച്ചു കിടന്നു. അതിന്റെ കീഴ്ഭാഗത്തെ വെളുത്തു നുനുത്ത രോമങ്ങളിലൂടെ മേരിയുടെ വിരലുകൾ ഇഴഞ്ഞു നീങ്ങിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത നിവൃതിയിൽ മേരിയുടെ കണ്ണുകൾ കൂമ്പി വന്നു.

പുലിയുടെ നാറ്റം കൂടിവരുന്നതായി അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ മേരി എഴുന്നേറ്റു, കൂടെ പുലിയും.

നല്ലതുപോലെ വെള്ളം കോരിയൊഴിച്ച് കുളിപ്പിച്ചു. സോപ്പ് പതപ്പിച്ച് രോമങ്ങൾക്കിടയിൽ കയ്യിട്ട് തേച്ചു കഴുകി. പുലി അനങ്ങാതെ നിന്നു കൊടുത്തു. കുളി കഴിഞ്ഞപ്പോൾ പുലി ശരീരം വിറപ്പിച്ച് ഒന്നു കുടഞ്ഞു.

ചെറുതായൊന്ന് അറച്ചെങ്കിലും മേരിയോടൊപ്പം പുലി അകത്തു കയറി. കതകടച്ച മേരി പുലിയെ പിടിച്ച് അരുകിലിരുത്തി. രണ്ടു കൈകൊണ്ടും അതിന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് സ്വന്തം ദേഹത്തോടു ചേർത്തി നിറുകയിൽ ഉമ്മ വെച്ചു. പിന്നെ ചെവിയിൽ 'പുലിക്കുട്ടാ' എന്നു വിളിച്ചു. അപ്പോൾ മേരിക്ക് ലോകം പിടിച്ചടക്കിയ ഭാവമായിരുന്നു. പൂച്ചക്കുട്ടികൾ കളിക്കുന്നതുപോലെ രണ്ടും കൂടി തറയിൽ കിടന്നു കുത്തിമറഞ്ഞു.

രാത്രിയായപ്പോൾ പോ എന്നു പറഞ്ഞ് മേരി പുറത്തേക്ക് കൈ ചൂണ്ടി. കൈ ചൂണ്ടിയ ഭാഗത്തേക്ക് പോയി പുലി അതേപോലെ തിരിച്ചുവന്നു. എന്തൊക്കെ ചെയ്തിട്ടും അത് പുറത്തു പോകുന്നില്ല. ഓടിക്കുമ്പോൾ വട്ടം കറങ്ങി താഴെക്കിടന്ന് ഉരുണ്ടുമറിയും. എന്തു പറഞ്ഞ് പുറത്താക്കും എന്നറിയാതെ മേരി കുഴങ്ങി.

ഇനിയും ഇവനോടൊത്ത് കളിച്ചിരുന്നാൽ ശരിയാവില്ലെന്നു കരുതി മേരി ഉടുപ്പെടുത്തിട്ടു. പുലിയിറങ്ങി പുറത്തേക്കു പോയി.

പുലിയും മേരിയും തമ്മിലുള്ള ചങ്ങാത്തം ആഴത്തിലുറച്ചു. മേരിയുടെ ആംഗ്യങ്ങൾ പുലി മനസ്സിലാക്കി. ‘പുലിക്കുട്ടാ’ എന്ന വിളി കേട്ടാൽ എവിടെയായിരുന്നാലും ഓടിയെത്താന്‍ പഠിച്ചു. പുലിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുക എന്നത് മേരിയുടെ പതിവായി.

ഈ പുലിയെയാണ്‌ നാട്ടുകാരിപ്പോൾ ഓടിച്ചിട്ടു പിടിയ്ക്കാൻ തെരച്ചിൽ തുടങ്ങിയിരിക്കുന്നത്.

മേരി മുറ്റത്തുള്ള ഒരു മരത്തിനു പിന്നിൽ ഒളിഞ്ഞുനിന്ന് താഴേക്കു നോക്കി. ധാരാളം ജനങ്ങളുണ്ട് കമ്പിയും വടിയുമായി. ചങ്ക് പൊട്ടുന്നതു പോലെ തോന്നി. വളരെ സൂക്ഷിച്ച് ഓരോരുത്തരും വടികൊണ്ട് പുല്ലിലും ചെറിയ പൊന്തക്കാട്ടിലുമൊക്കെ തട്ടിനോക്കി സാവധാനം മുന്നോട്ടു വരികയാണ്.  തട്ടി നോക്കുന്നെങ്കിലും എല്ലാരിലും ഭയമാണ്. ലാസറേട്ടനും പരിചയക്കാരുമാണ്‌ നേതൃത്വം കൊടുക്കുന്നത്. ‘പുലിക്കുട്ടാ’ എന്ന് ശബ്ദം താഴ്ത്തി വിളിച്ചു നോക്കി.  അടുത്തുണ്ടെങ്കിൽ  വരേണ്ടതായിരുന്നു. ഇനി അവർക്കിടയിൽ പെട്ടിരിക്കുമോ ഈശോയേ...

തിരയുന്നവരുടെ മുന്നിലെ കുറ്റിക്കാട്ടിൽ നിന്നു പുലി പെട്ടെന്നുയർന്നു ചാടി. വടിയുപേക്ഷിച്ച് ജനങ്ങൾ പിറകോട്ടു തിരിഞ്ഞോടി. ഓടിയവർ തിരിഞ്ഞു നോക്കിയപ്പോൾ പുലി ചാടിയിടത്ത് ഒരനക്കം പോലുമില്ല. വീണ്ടും ആദ്യം മുതൽ തിരച്ചിലാരംഭിച്ചു. മൂന്നുനാലു മണിക്കൂർ കഴിഞ്ഞിട്ടും പിന്നീട് പുലിയെ കാണാൻ ആർക്കും സാധിച്ചില്ല. വെയിലിനു കനം കുറഞ്ഞുകൊണ്ടിരുന്നു. മേരിക്കാശ്വാസം തോന്നിയെങ്കിലും പുലിയെ പിടിച്ചേ ഇരിക്കു എന്ന വാശി അവർക്കുള്ളതുപോലെ.

ഒരു മുരളൽ കേട്ട് മേരി തിരിഞ്ഞു നോക്കി. കുടിലിനോടു ചേർന്ന് പുലി നില്‍ക്കുന്നു. നന്നായി കിതക്കുന്നുണ്ട്. ആരുടെയും കണ്ണിൽ പെടാത്ത ഭാഗത്താണ്‌ അതിന്റെ നില്പ്. മേരി അടുത്തു ചെന്നപ്പോൾ അത് പുറകോട്ടു മാറി. അകത്തേക്കു പോകാൻ കൈ ചൂണ്ടി മേരി ആംഗ്യം കാണിച്ചു. പുലി അങ്ങോട്ടുമിങ്ങോട്ടും നടന്നതേ ഉള്ളു.

മേരി അകത്തു പോയി ഉടുപ്പൂരി പുറത്തു കടന്നപ്പോൾ പുലി പമ്മിപ്പമ്മി അകത്തേക്കോടിക്കേറി. പുറകെ മേരിയും അകത്തു കടന്ന് അതിന്റെ തലയിൽ തടവി. പുലിയെ ആശ്വസിപ്പിച്ചു കിടത്തിയ മേരി പുറത്തു കടന്ന് കതകടച്ചു. താഴെയുള്ളവര്‍ കാണത്തക്ക വിധത്തിൽ നിന്നുകൊണ്ട് മേരി വിളിച്ചു കൂവി. “പുലി മല കയറിപ്പോയി”

അലർച്ച പോലെ മുഴങ്ങിയ വാക്കുകൾ മലയടിവാരത്തിൽ പ്രതിദ്ധ്വനിച്ചു. നൂൽബന്ധമില്ലാതെ നിൽക്കുന്ന മേരിയെ കണ്ട ജനം സ്തപ്ധരായി. ലാസറിൽ ഊറിക്കൂടിയ സംശയം അന്നത്തെ തെരച്ചില്‍ അവസാനിപ്പിക്കാന്‍ കല്പിക്കുകയായിരുന്നു.

പുലിയുടെ കാലിനു ചെറിയൊരു തട്ടു കിട്ടിയിട്ടുണ്ട്. അവിടെ തടവിക്കൊടുത്തു. പുലി മേരിയുടെ കയ്യിൽ നക്കി. ഇരുട്ടാകുന്നതു വരെ തളർന്നു കിടക്കുന്ന പുലിയുടെ കഴുത്തിൽ തലവെച്ച് ചേർന്നു കിടന്നു. നേരം ഇരുട്ടിയപ്പോൾ മേരി എഴുന്നേറ്റ് തീപ്പെട്ടി തപ്പിയെടുത്ത് പുലിയേയും കൊണ്ട് പുറത്തു കടന്നു. അല്പം ദൂരേക്കു മാറി നിന്ന് തീപ്പെട്ടിക്കൊള്ളിയുരച്ച് കുടിലിനു മുകളിലേക്കിട്ടു. തീ കത്തി ഉയര്‍ന്നപ്പോൾ പുലി അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു. ചിലപ്പോഴൊക്കെ തിയ്യിലേക്ക് ചാടാൻ പോകുന്നത് പോലെ വെപ്രാളപ്പെട്ടു. മേരിയുടെ അരികെ ചെന്ന് മുഖത്തേക്കുനോക്കി, ദയനിയമായ അതേനോട്ടം. പിന്നേയും കുടിലിനടുത്തേക്ക് ഓടിച്ചെന്നു...

കുടിലിനെ വിഴുങ്ങുന്ന അഗ്നിയുടെ പ്രകാശത്തിൽ പുലിയെ വിളിച്ച് കുറ്റിക്കാടുകൾക്കിടയിലൂടെ മേരി മല കയറാൻ തുടങ്ങി. തിരിഞ്ഞു നോക്കിക്കൊണ്ടാണെങ്കിലും പുലി അറച്ചറച്ച് മേരിയോടൊപ്പം നടന്നു.

തുണിയുടുക്കാത്ത ആദിവാസിപ്പെണ്ണിനെപ്പോലെ ഒരു നിഴൽ രൂപമായ് മല കയറുന്ന മേരി ശൂന്യമായ മനസ്സോടെ എന്തോ നഷ്ടപ്പെട്ടതു പോലെ തിരിഞ്ഞു നോക്കി. “പുലിക്കുട്ടാ...പുലിക്കുട്ടാ...”മേരി ഹൃദയം തകരുന്നതുപോലെ വിളിച്ചു കൊണ്ടിരുന്നു.

പുലി മലയടിവാരം ലക്ഷ്യമാക്കി സാവധാനം തിരിച്ചു നടക്കുകയായിരുന്നു,  തിരിഞ്ഞു പോലും നോക്കാതെ.....


http://pattepadamramji.blogspot.com/2012/09/blog-post.html


September 28, 2012 Aneesh e.v
ശവപ്പെട്ടി കച്ചവടക്കാരന്‍റെ മരണം..

പ്രണയിച്ചു പ്രണയിച്ചു ഞങ്ങള്‍ ഒരു പാട് ദൂരം നടന്നു...അത് വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു...പരസ്പരം പ്രണയിച്ചു കൊണ്ട് ഇരിക്കുന്ന കിളികളെ കണ്ട്... കാറ്റിനെ പ്രണയിക്കുന്ന മുളയെ കണ്ട്...പൂവിനെ പ്രണയിക്കുന്ന പൂമ്പാറ്റകളെ കണ്ട്...പ്രണയം മാത്രം കണ്ട്..പ്രണയിച്ചു കൊണ്ട് ഒരു പാട് ദൂരം ഞാനും അവളും നടന്നു...
നടന്നു നടന്നു ഞങ്ങള്‍ എത്തി ചേര്‍ന്നത്‌.............. ഭൂമിയുടെ അറ്റത്താണ്....അവിടെ ആകാശവും ഭൂമിയും മുഖം ഉരുമി നില്‍ക്കുന്നുണ്ടായിരുന്നു...സൂര്യന്‍ കടലിനോടു പ്രണയം പറയുന്നുണ്ടായിരുന്നു...ആമ്പലുകള്‍....  ചന്ദ്രനോടും...

അവിടെ വച്ച്.. എന്‍റെ ചോദ്യങ്ങള്‍ക്ക് അവളുടെ നിശ്വാസങ്ങള്‍ മറുപടി പറഞ്ഞു....അവളുടെ  വിയര്‍പ്പു  എന്‍റെ ചുണ്ടിലെ സംഗീതം ആയി...
മയക്കത്തില്‍ ഞാന്‍ അവളോട്‌ ചോദിച്ചു..."" ഞാന്‍ നിന്‍റെ ഹൃദയത്തെ തകര്‍ക്കട്ടെ....?""
അവള്‍ പെട്ടന്ന് എണീറ്റ്‌.... എന്നിട്ട് എന്നോട് ചോദിച്ചു...." നിന്നോടുള്ള പ്രണയം മാത്രം നിറഞ്ഞു നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന എന്‍റെ ഹൃദയത്തെ തകര്‍ക്കാന്‍ നിനക്കാവുമോ..?""

ഞാന്‍ പറഞ്ഞു..."എനിക്ക് നിന്നെ വേണ്ട...നമുക്ക് നമ്മുടെ  പ്രണയം മറക്കാം...ഇവിടെ വച്ച് പിരിയാം...എല്ലാം മറക്കാം ..""

ചതിയില്‍ പെട്ട് പകുതി വഴിക്ക് യുദ്ധം നിര്‍ത്തിയ പോരാളിയെ പോലെ അവള്‍ ചിരിക്കാന്‍ തുടങ്ങി....നിസ്സഹായ ആയി....

എനിക്ക് അപ്പോള്‍ സന്തോഷം ആയിരുന്നോ....അതോ ആശ്വാസം ആയിരുന്നോ..? അറിയില്ല...
ഞാന്‍ അവളോട്‌ ചോദിച്ചു....""അവസാനം ആയി നിനക്ക് എന്താണ് എന്‍റെ അടുത്ത് നിന്നും വേണ്ടത്...?"".

അവള്‍ ഒന്നും മിണ്ടിയില്ല....പകരം അടുത്ത് വന്നു ..എന്‍റെ ഹൃദയത്തില്‍ അവളുടെ നഖം കൊണ്ട് ചെറിയ ഒരു മുറിവുണ്ടാക്കി....

പിന്നെ  പെട്ടന്ന് പകച്ചു  പോയ എന്നെ നോക്കാതെ തരിഞ്ഞു നടന്നു...

അവളുടെ കണ്ണ് നീര്‍ ഒരു മഴയായി .. പുഴയായി..കടലായി..ആര്‍ത്തു ഇരമ്പുന്ന തിരമാലകള്‍ ആയി...എന്നെ മറിച്ചിട്ട് എന്‍റെ ജീവനെ മറിച്ചിട്ട് ഒഴുകാന്‍ തുടങ്ങി...

അവള്‍ ഹൃദയത്തില്‍ നഖം കൊണ്ട് പോറിയത് ഒരിക്കലും ഉണങ്ങാത്ത മുറിവ് ആയി മാറി കഴിഞ്ഞു...

ശവപ്പെട്ടി കച്ചവടക്കാരനും മരണം ഉണ്ടാവില്ലേ അല്ലെ..?
 


കപ്പല്‍ച്ഛേദം

September 12, 2012 ബിജുകുമാര്‍ alakode

അര്‍ദ്ധരാത്രിയിലായിരുന്നു അതു സംഭവിച്ചത്. ഞാന്‍ സഞ്ചരിച്ചിരുന്ന കപ്പല്‍ പെട്ടെന്ന് നിശ്ചലമാകുകയും, അതിന്റെ ആണികള്‍ ഓരോന്നായി ഊരിപ്പോകുകയും ചെയ്തു.  അടിത്തട്ടില്‍ നിന്നും പെട്ടെന്നൊരു ഗോഡ്സില്ല അലറിക്കൊണ്ട് ഉയര്‍ന്നുവന്നാലെന്ന പോലെ കടല്‍ പ്രക്ഷുബ്ധം. കപ്പലിന്റെ പുറം പാളി നിര്‍മ്മിച്ചിരുന്ന പലകകള്‍ വേര്‍പെട്ടു കടലിലേയ്ക്കു വീണുകൊണ്ടിരുന്നു. വിളക്കുകളെല്ലാം അണഞ്ഞു പോയി. ആര്‍ത്തലച്ച നിലവിളികള്‍ മാത്രം. ആഞ്ഞടിയ്ക്കുന്ന തിരമാലയിരമ്പത്തില്‍ അതൊക്കെ അലിഞ്ഞില്ലാതായി. പെട്ടെന്നു ഉപ്പുവെള്ളം ഇരച്ചുകയറുകയും കപ്പല്‍ താഴ്ന്നു പോകുകയും ചെയ്തു. പിന്നൊന്നും എനിയ്ക്ക് ഓര്‍മ്മയില്ല...
കണ്ണു തുറക്കുമ്പോള്‍ ഞാനൊരു മണ്‍തിട്ടയില്‍ കമഴ്ന്നു കിടക്കുകയായിരുന്നു. ജീവനോടെയുണ്ടെന്ന് ഒട്ടുമേ വിശ്വസിയ്ക്കാന്‍ പറ്റുന്നില്ല. എന്റെ കപ്പലിന്റെ ഒരു പൊടിപോലും കാണാനില്ല. എങ്ങനെയിവിടെ എത്തിയെന്നും അറിയില്ല. ആയുസ്സിന്റെ അക്കൌണ്ടില്‍ ഇനിയും കുറേ ബാലന്‍സുണ്ടെന്നു തോന്നുന്നു. അമ്പരപ്പോടെയും ആശ്വാസത്തോടെയും ചുറ്റും നോക്കി. എമ്പാടും കടല്‍ വെള്ളവും അതിനിടയ്ക്ക് ഇത്തിരി പച്ചപ്പും. ഞാനൊരു ദ്വീപിലാണല്ലോ..!

ഹോ എത്രമനോഹരമാണിവിടം..! എങ്ങും പൂക്കളും പൂമ്പാറ്റകളും.. പഴങ്ങള്‍ തൊങ്ങലിട്ട പലയിനം മരങ്ങള്‍. കുളിര്‍മ്മയുള്ള വള്ളിക്കാടുകള്‍. കിളികളുടെ ശബ്ദങ്ങള്‍. ആമസോണ്‍ വനാന്തരങ്ങള്‍ പോലെ..!
വിശന്നപ്പോള്‍ ഞാന്‍ ധാരാളം പഴങ്ങള്‍ തിന്നു. ദാഹിച്ചപ്പോള്‍, കുലച്ചുമറിഞ്ഞുകിടക്കുന്ന ചെന്തെങ്ങുകളില്‍ നിന്നു കരിക്കു പറിച്ചു പൊട്ടിച്ചു കുടിച്ചു. ആദ്യത്തെ അമ്പരപ്പും ക്ഷീണവും മാറിയപ്പോള്‍ എന്തെന്നില്ലാത്ത ഒരുത്സാഹം. കടലോരത്തെ തരിമണലില്‍ കിടന്നു കുത്തിമറിഞ്ഞും നെടുനീളം ഓടിയും കൂവിയും അട്ടഹസിച്ചും ഞാനെന്റെ കുട്ടിക്കാലത്തേയ്ക്ക് തിരിച്ചു പോയി.

സംഗതിയെല്ലാം രസകരം തന്നെ, പക്ഷെ ആദ്യത്തെ ദിവസം കഴിഞ്ഞതോടെ എനിയ്ക്കെല്ലാം മടുത്തു. ഞാനല്ലാതെ ഒരു ജീവിയും അവിടെയില്ല, ശലഭങ്ങളും പക്ഷികളുമല്ലാതെ. പെട്ടെന്നാണ് ഓര്‍മ്മകളെല്ലാം കൂടി എന്നിലേയ്ക്ക് തിക്കിതിരക്കി വന്നത്. ദൈവമേ, ഞാനിപ്പോള്‍ എവിടെ ഇരിയ്ക്കേണ്ട ആളാണ്..! എന്റെ കുടുംബം , ഓഫീസ്, കാറ്, കമ്പ്യൂട്ടര്‍, മൊബൈല്‍....അയ്യോ..! ഞാനിവിടെ ഏകാന്തനും നിസ്സഹായനുമാണെന്ന ആ തിരിച്ചറിവില്‍ ഒരു നിലവിളിയും കരച്ചിലും എന്നെ പൊതിഞ്ഞു. ദൂരേയ്ക്ക് പ്രതീക്ഷയോടെ  നോക്കി, ഒരു കപ്പലോ വഞ്ചിയോ എന്തെങ്കിലും..? ഇല്ല ഒന്നുമില്ല...:-(

അടുത്ത ഒരു ദിവസം മുഴുവന്‍ ഞാന്‍ നിരാശയിലും കരച്ചിലിലും ധ്യാനത്തിലുമായിരുന്നു. എന്റെ ഭാര്യ, എന്റെ കുഞ്ഞുങ്ങള്‍, അച്ഛന്‍ അമ്മ, സുഹൃത്തുക്കള്‍, നാട്, വീട് ഇതെല്ലാം വിട്ടെറിഞ്ഞ് എന്തിനീ ജീവിതം..? അവരെല്ലാം ഭൂമിയുടെ മറ്റേതോ ഭാഗത്ത്. ഞാനോ, ആരാലും അറിയപ്പെടാത്ത ഏതോ വിജനദ്വീപില്‍.

അങ്ങനെ ഞാന്‍ മരിയ്ക്കാന്‍ തീരുമാനമെടുത്തു. ദ്വീപിന്റെ ഒരു വശത്ത് ഉയര്‍ന്ന ഒരു തിട്ടയുണ്ട്. അവിടെ നിന്നു കടലിലേയ്ക്ക് ചാടിയാല്‍ മരണം ഉറപ്പ്. ആ തിട്ടയുടെ തുമ്പത്തുനിന്ന്, ചാടാനായി കുതിയ്ക്കാനൊരുങ്ങവേ എന്റെ മുന്നില്‍ ഒരു രൂപം പ്രത്യക്ഷപെട്ടു. അതീവ തേജോമയമായ ആ രൂപം ദൈവത്തെ പറ്റിയുള്ള എന്റെ ബാല്യസങ്കല്‍പ്പങ്ങളോട് എല്ലാ രീതിയിലും യോജിയ്ക്കുമായിരുന്നു. ആ പ്രഭാപൂരത്തില്‍ കഞ്ഞുമിഴിച്ച് നില്‍ക്കവേ ആര്‍ദ്രതയോടെ ഒരു ശബ്ദം..

“അരുത് ആത്മഹത്യ പാടില്ല. നീയതിനു ശ്രമിച്ചാലും മരിയ്ക്കില്ല. കൈയുംകാലും ഒടിഞ്ഞ് പിന്നെയും നിസ്സഹായനായി ജീവിയ്ക്കേണ്ടിവരും. നിനക്ക് ആയുസ്സെത്തിയിട്ടില്ല. അതുകൊണ്ടാണല്ലോ കപ്പല്‍ ഛേദത്തില്‍ പെട്ടിട്ടും നീയിപ്പോഴും ജീവിച്ചിരിയ്ക്കുന്നത്.. ”

“അങ്ങ് ദൈവമാണെങ്കില്‍, ദൈവമേ..! എനിയ്ക്കെല്ലാം നഷ്ടപ്പെട്ടില്ലേ.. ഞാനെന്തിനു ജീവിച്ചിരിയ്ക്കണം..? അല്ലെങ്കില്‍ ഇവിടെ നിന്നെന്നെ രക്ഷിച്ച് എന്റെ കുടുംബത്തിലെത്തിയ്ക്കൂ.. ”

“നോക്കൂ, നിന്റെ ആയുര്‍ലിഖിതത്തില്‍ ഈ ദ്വീപിലെ ജീവിതം വിധിച്ചിട്ടുണ്ട്. അടുത്ത പത്തുവര്‍ഷം നീയിവിടെ കഴിഞ്ഞേ മതിയാകൂ. അതുമാറ്റാന്‍ ആര്‍ക്കും സാധ്യമല്ല...! ”

കാലില്‍ നിന്നു തലയിലേയ്ക്കു കയറി വന്ന പെരുപ്പ് എന്റെ ശബ്ദവും കാഴ്ചയും മായ്ചുകളഞ്ഞു. ആ നിമിഷങ്ങളില്‍ ഒരു സ്ഫോടനത്താലെന്നപോലെ ഞാന്‍ ചിതറി ധൂളികളായി. അപ്പോള്‍ ദൈവത്തിന്റെ ശബ്ദം വീണ്ടും കേട്ടു.

“ഇവിടെ ആഹാരത്തിനോ ആരോഗ്യത്തിനോ ഒരു കുറവും ഉണ്ടാകില്ല. നിനക്കായി ഞാന്‍ ഒരു ഔദാര്യം കൂടി തരാം. നിനക്കേറ്റവും വേണ്ടപ്പെട്ട ഒരാളെ, അല്ലെങ്കില്‍ നിനക്ക് സ്വന്തമായ ഒരു വസ്തുവിനെ ഞാനിവിടെ എത്തിച്ചുതരാം,  അടുത്ത പത്തുവര്‍ഷം നിന്നോടൊപ്പം കഴിയാന്‍. പറയൂ, ആരെയാണ് അല്ലെങ്കില്‍ എന്താണു നിനക്കു വേണ്ടത്?”
അതൊരു വലിയ ചോദ്യമായിരുന്നു. വല്ലാതെ കുഴപ്പിയ്ക്കുന്ന ചോദ്യം.
“എന്റെ ഭാര്യയെയും മക്കളെയും കൂടി ഇവിടെത്തിയ്ക്കാമോ ദൈവമേ..?”
“ആരെയെങ്കിലും ഒരാളെ മാത്രം. ഒന്നുകില്‍ ഭാര്യയെ അല്ലെങ്കില്‍ മക്കളില്‍ ആരെയെങ്കിലും...”

വല്ലാത്ത പരീക്ഷണം തന്നെ !

“ദൈവമേ എനിക്കല്‍പ്പം ആലോചിയ്ക്കാന്‍ സമയം വേണം..”
“ആവട്ടെ, ഒരു മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ വരും..” ദൈവം മാഞ്ഞുപോയി.

ഭാര്യയെ കൂടി കൊണ്ടുവരാന്‍ പറഞ്ഞാലോ..? പെട്ടെന്ന്, നല്ല വസ്ത്രങ്ങള്‍ ധരിച്ച്, മോടിയായി നടക്കുന്ന അവളുടെ രൂപം മനസ്സില്‍ വന്നു. കൊള്ളാവുന്ന ജോലിയുണ്ടവള്‍ക്ക്. എല്ലാം ഇട്ടെറിഞ്ഞ് ഈ ഏകാന്ത ദ്വീപില്‍ എന്റെ കൂടെ അടുത്ത പത്തുവര്‍ഷം താമസിയ്ക്കാന്‍ അവള്‍ വരുമോ? വരുമെങ്കില്‍ പോലും അതു ശരിയാണോ? എന്റെ കുഞ്ഞുങ്ങള്‍, അവര്‍ക്ക് അച്ഛനും അമ്മയുമില്ലാതെ പത്തുവര്‍ഷം..!  വേണ്ട. ഞാന്‍ ആ ആലോചന ഉപേക്ഷിച്ചു.

അഞ്ചുവയസ്സുകാരന്‍ മോനെ കൊണ്ടുവരാം. അവന്റെ കളിയും ചിരിയും ഉണ്ടെങ്കില്‍ ഏതു സങ്കടവും അലിഞ്ഞുപോകും. എന്നാല്‍ അതും ശരിയാണോ? പാവം ആ കുഞ്ഞിനെ ഈ കാട്ടില്‍ ഒപ്പം താമസിപ്പിയ്ക്കുക..! വിദ്യാഭ്യാസമോ കൂട്ടുകാരോ ഇല്ലാതെ. അതും വേണ്ട. കൈക്കുഞ്ഞായ മോളെ കൊണ്ടുവരുന്നതു ആലോചിയ്ക്കാനും ആവില്ല.

അമ്മ.  സ്നേഹത്തിന്റെ നിറകുടം. എക്കാലത്തും താങ്ങും തണലും. വേണമെങ്കില്‍ പ്രായമായ ഈ അവസ്ഥയിലും എന്തു ത്യാഗം സഹിയ്ക്കാനും സന്നദ്ധ ആയേയ്ക്കും. പക്ഷേ അതും പ്രായോഗികമല്ലല്ലോ. വൃദ്ധയായ അമ്മ പത്തുവര്‍ഷം ഈ കാട്ടില്‍ തന്നോടൊപ്പം എങ്ങനെ കഴിയും?. അതുമാത്രമല്ല, അമ്മയ്ക്കും മകനും സംസാരിയ്ക്കാന്‍ ചില പരിമിതികളുണ്ട്. ആവശ്യമല്ലാത്ത ഘട്ടങ്ങളില്‍ മൌനമാണ് മിക്കപ്പോഴും ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകാറ്. അച്ഛന്റെ കാര്യത്തിലും ഇതു തന്നെ അവസ്ഥ.

ആയൊരു നിമിഷത്തിലാണു മറ്റൊരു ചിന്ത കയറി വന്നത്. അലീന..! ആദ്യമായി പ്രണയിച്ച പെണ്ണ്. ഇന്നും പ്രണയം സൂക്ഷിയ്ക്കുന്നവള്‍. സ്വന്തമാക്കാന്‍ ഒട്ടേറെ ആഗ്രഹിച്ചിട്ടും കൈവിട്ടുപോയി. ഈ ഏകാന്തദ്വീപില്‍ അവളുണ്ടെങ്കില്‍ എല്ലാം മറന്നു പ്രണയിയ്ക്കാം..!  ഇത്രകാലം കാത്തുവെച്ചതൊക്കെ ചൊരിയാം. പക്ഷേ...
അവളിന്നൊരു ഭാര്യയാണ്, കുഞ്ഞിന്റെ അമ്മയാണ്. വരത്തിന്റെ ശക്തിയാല്‍ ഇവിടെ എത്തിച്ചാല്‍ തന്നെ,  അവളുടെ ഭര്‍ത്താവ്, കുഞ്ഞ് അവരെയെല്ലാം വിട്ടെറിഞ്ഞ് അവള്‍ എന്നെ പ്രണയിയ്ക്കുമോ? സാധ്യതയില്ല. പ്രണയം ഉള്ളിലുണ്ടാ‍വാം, എങ്കിലും ബന്ധങ്ങള്‍ പൊട്ടിച്ചെറിയാനായെന്നു വരില്ല. അതു ശരിയുമല്ല. എല്ലാം അറിഞ്ഞ് സ്വയം ബോധ്യപ്പെട്ട് വരുമ്പോഴാണ് അതിനു സ്നേഹത്തിന്റെ സൌരഭ്യമുണ്ടാവുക.

പെട്ടെന്നു ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടതു പോലെ തോന്നി. കടലിരമ്പം എന്റെ ചെവിയില്‍ കറങ്ങിതിരിഞ്ഞു. കാറ്റിനു വല്ലാത്ത തണുപ്പ്. ആ നിമിഷം എന്റെ സന്തതസഹചാരികളായിരുന്ന ഉപകരണങ്ങളെക്കുറിച്ചോര്‍ത്തു. പ്രിയപ്പെട്ട ബ്ലാക്ക്ബെറി മൊബൈല്‍. എന്റെ ഒരവയവം പോലെ ആയിരുന്നു അത്. അതിന്റെ തരംഗ വീചികളില്‍ കൂടിയാണ് ലോകത്തോട് സംസാരിച്ചിരുന്നത്. പക്ഷെ അതിങ്ങോട്ടു കൊണ്ടുവന്നിട്ടെന്തുകാര്യം..! കവറേജിലാത്ത, കറണ്ടില്ലാത്ത ഈ ദ്വീപില്‍ നിന്ന് ഞാന്‍ ആരെ എങ്ങനെ വിളിയ്ക്കാന്‍?

എന്റെ ലാപ്ടോപ്പ്. ലോകത്തെ ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും എല്ലാം അതില്‍ കൂടെയാണല്ലോ. രണ്ടായിരത്തിലധികം ഫേസ്ബുക്ക് സുഹൃത്തുക്കള്‍. ഇണങ്ങാനും പിണങ്ങാനും സല്ലപിയ്ക്കാനും പ്രണയിയ്ക്കാനും എല്ലാം എന്നോടൊപ്പം കൂടുന്നവര്‍. അവരെല്ലാം ഒരു നിമിഷം കൊണ്ട് എന്നില്‍ നിന്നൊഴിഞ്ഞു പോയില്ലേ. കണക്ഷനില്ലാത്ത, നെറ്റുവര്‍ക്കില്ലാത്ത, കറന്റില്ലാത്ത ഇവിടെ ലാപ്ടോപ് ഒരു കാഴ്ചവസ്തുമാത്രം.

പിന്നെയും ഞാന്‍ ഓരോന്നിനെക്കുറിച്ചും ആലോചിച്ചു. എന്റെ കാര്‍, ടിവി, ടാബ്ലെറ്റ് കമ്പ്യൂട്ടര്‍. എനിയ്ക്കൊരിയ്ക്കലും ഒഴിവാക്കാനാവില്ല എന്നു കരുതിയതിനൊന്നും ഇവിടെ യാതൊരു പ്രസക്തിയുമില്ല..! എന്റെ റോളക്സ് വാച്ച് കൊണ്ടുവന്നാല്‍ സമയം അറിയാം. എന്നാല്‍ ഈ ഏകാന്തതയില്‍ സമയം അറിഞ്ഞിട്ടൊന്നും ചെയ്യാനില്ല. ഘടികാരമില്ലെങ്കിലും സൂര്യനുദിയ്ക്കും, അസ്തമിയ്ക്കും, രാവും പകലും വരും. ഒന്നും ചെയ്യാനില്ലാത്തവനു സമയം നിശ്ചലമാണല്ലോ.ഞാന്‍ നഗ്നനായതു പോലെ തോന്നി. ഏകാന്തതയില്‍ എല്ലാ മനുഷ്യരും പിറന്ന പടി തന്നെ. മറ്റുള്ളവര്‍ ഉണ്ടെങ്കില്‍ മാത്രമേ നാണത്തിനു പ്രസക്തിയുള്ളു.

മണിക്കൂര്‍ ഒന്നായപ്പോഴേയ്ക്കും ദൈവം വീണ്ടുമെത്തി. ചുറ്റും നിശ്ചലമായതുപോലെ എനിയ്ക്കുതോന്നി. അടുത്ത പത്തുവര്‍ഷത്തേയ്ക്ക് ഒപ്പം കഴിയാന്‍ ഞാന്‍ ആരെയാണു തിരഞ്ഞെടുക്കുക? അല്ലെങ്കില്‍ എന്താണു തിരഞ്ഞെടുക്കുക? എനിയ്ക്കൊരെത്തും പിടിയും കിട്ടിയിട്ടില്ല.

“പറയൂ, നിനക്കാരെയാണു വേണ്ടത്? ഇനി ആലോചിയ്ക്കാന്‍ സമയമില്ല. ഇപ്പോഴല്ലെങ്കില്‍ ഇനിയൊരിയ്ക്കലും ഞാന്‍ വരില്ല...” ദൈവം തിരക്കു കൂട്ടി.

ഇത്തരം നിര്‍ണായക നിമിഷങ്ങളില്‍ ഞാന്‍ മുന്‍പും പതറിപ്പോയിട്ടുണ്ട്. ആലോചിച്ചുറപ്പിച്ച പല തീരുമാനങ്ങളും തൊണ്ടയില്‍ കുടുങ്ങിപ്പോകും. ചിലപ്പോള്‍  ഒരിയ്ക്കലും ചിന്തിയ്ക്കാത്തതു വല്ലതുമാവും അപ്പോള്‍ നാവില്‍ നിന്നു പുറത്തു ചാടുക.

“കാരുണ്യവാനായ ദൈവമേ, എനിയ്ക്കൊന്നും വേണ്ട, ആരെയും വേണ്ട. ഞാന്‍ ആരെ കൊണ്ടുവന്നാലും, ഒന്നുകില്‍ അവര്‍ക്ക് അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അതു ദു:ഖം നല്‍കും. എന്റെ നിത്യജീവിതത്തില്‍ സുഖവും ആഡംബരവും നല്‍കിയിരുന്ന ഒരു വസ്തുവിനും ഈ ഏകാന്തതയില്‍ എന്നോടൊത്തു  നിലനില്‍ക്കാനാവില്ല. മറ്റുള്ളവരുണ്ടെങ്കില്‍ മാത്രമേ ഇവയ്ക്കൊക്കെ പ്രസക്തിയുള്ളു എന്നെനിയ്ക്കു മനസ്സിലാകുന്നു. ഇതൊന്നുമില്ലെങ്കിലും എനിയ്ക്കു ജീവിയ്ക്കാം. തിന്നാനും കുടിയ്ക്കാനും ശ്വസിയ്ക്കാനും കിട്ടുന്നിടത്തോളം കാലം സുഖമായി ജീവിയ്ക്കാം. പത്തുവര്‍ഷത്തിനു ശേഷം കിട്ടുന്ന ആ മോചനം, അതിനെക്കുറിച്ചുള്ള പ്രതീക്ഷമാത്രം മതിയാകും എനിയ്ക്കു മുന്നോട്ടു പോകാന്‍.”

ദൈവം ഒന്നു പുഞ്ചിരിച്ചു. “എനിയ്ക്കറിയാമായിരുന്നു നീയിതേ പറയൂ എന്ന്. ജീവിതത്തെ ശ്രദ്ധിച്ചുനോക്കുന്ന ഏതൊരുവനും അറിയാം, എവിടെയും താന്‍ ഒറ്റയ്ക്കാണെന്ന്. ഏകാന്തതയുടെ വിവിധ വര്‍ണ്ണക്കൂട്ടുകള്‍ മാത്രമാണു ജീവിതം. താന്‍ ഒറ്റയ്ക്കാണെന്നു തിരിച്ചറിയുമ്പോള്‍ ചിലര്‍ പേടിയ്ക്കും, ചിലര്‍ ധൈര്യപ്പെടും. പേടിയ്ക്കുന്നവര്‍ നിരാശപ്പെട്ടും ശപിച്ചും ജീവിയ്ക്കുമ്പോള്‍ ധീരന്മാര്‍ ഓരോ നിമിഷവും ആസ്വദിച്ചു ജീവിയ്ക്കും. ഇവിടെ ഒന്നും തുണയാകില്ലെന്നറിയാമെങ്കിലും നിനക്കായി ഒരു സാധനം ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതു ഉപകരിയ്ക്കാതിരിയ്ക്കില്ല...”

ദൈവം വലിയൊരു പെട്ടി എന്റെ നേരെ നീട്ടി. ഞാനതു സ്വീകരിച്ച നിമിഷം ആ പ്രഭാപൂരം അപ്രത്യക്ഷമാകുകയും അദ്ദേഹം എന്നെ വിട്ടു പോകുകയും ചെയ്തു. ഞാന്‍ ആകാംക്ഷയോടെ പെട്ടിതുറന്നു നോക്കി.  മുഖം നോക്കുന്ന വലിയൊരു കണ്ണാടി മാത്രമാണ് അതിലുണ്ടായിരുന്നത്.

“പയംകുറ്റി”

August 29, 2012 ബിജുകുമാര്‍ alakode

“മുടിയാനായിട്ട് ഇന്നൊടുക്കത്തെ തെരക്കാണല്ലോ..! ഇവനെയൊക്കെ ഏടുന്നു കെട്ടിയെടുക്കുന്നപ്പാ..?”

 പകുതി നിരാശയിലും പകുതി ദേഷ്യത്തിലുമായി കുഞ്ഞിരാമേട്ടന്‍ തന്നെത്താന്‍ പറഞ്ഞു. തന്റെ ശുഷ്കമായ ശരീരം ആ ജനത്തിരക്കിനിടയിലൂടെ ഊളിയിട്ടു മുന്നോട്ടു കടത്താനാവില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ ദേഷ്യവും നിരാശയും. അപ്പോള്‍ അവിടെ തള്ളല്‍ കൂടിക്കൂടി വന്നു. നടന്നും ഓട്ടോറിക്ഷയിലുമായി ആളുകള്‍ പിന്നെയും വന്നുകൊണ്ടിരിയ്ക്കുന്നു. വരുന്നവരുടെയൊക്കെ മുഖത്ത് കുഞ്ഞിരാമേട്ടന്റേതിനോടു സമാനമായ ഭാവം. എങ്കിലും അവരില്‍ പലരും തടിമിടുക്കന്മാരായതിനാല്‍ തള്ളനിടയിലേയ്ക്കു  ഉത്സാഹത്തോടെ ഇടിച്ചുകയറി. കടന്നല്‍ കൂട്ടിലെ മൂളല്‍ പോലെ ഒരു ഇരമ്പം അവിടെയെമ്പാടും ചുറ്റിക്കളിച്ചു. 

നാളെ തിരുവോണമാണ്. ഉത്രാടപാച്ചിലില്‍ ആണ് എല്ലാവരും. എല്ലാവര്‍ഷവും ഈ തിരക്ക് പതിവുള്ളതാണ്. ഈവര്‍ഷം വളരെ കൂടിയിരിയ്ക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നൂറും നൂറ്റമ്പതും രൂപാ കൂടുതലുണ്ട് കൂലി. അപ്പോള്‍ പിന്നെ തിരക്കുകൂടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളു...? നേരം ഇരുട്ടിത്തുടങ്ങി. അവിടവിടെ ഓണവിളക്കുകള്‍ തെളിഞ്ഞു. അപ്പുറത്ത് റോഡിലും തിരക്കു തന്നെ. കൈയില്‍ സഞ്ചികളും കൂടുകളുമായി ജനം തിരക്കിട്ടു അങ്ങോട്ടുമിങ്ങോട്ടും പായുകയാണ്. ഉച്ചത്തില്‍ ഹോണടിച്ച് കാറും ജീപ്പും ഇടയ്ക്കിടെ ബസുകളും.
കുഞ്ഞിരാമേട്ടന് എന്തെന്നില്ലാത്ത വിഷമമായിപ്പോയി. നല്ലൊരോണമായിട്ട് നാളെ വെറുംകൈയോടെ നടക്കേണ്ടി വരുമല്ലോ മുത്തപ്പാ...! അയാള്‍ ഷര്‍ട്ടിന്റെ കൈമടക്കില്‍ നിന്നും ഒരു ബീഡിയെടുത്ത് കത്തിച്ചു. ജനം പെരുകി പെരുകി വരുകയാണ്. എന്തായാലും ഇതിനിടയില്‍ കയറി സാധനം മേടിയ്ക്കുക ചിന്തിയ്ക്കുകയേ വേണ്ട. പരിചയമുള്ള ഏതെങ്കിലും മുഖം ഉണ്ടോ എന്ന് അയാള്‍ ചുറ്റും ഉഴറി നോക്കി. നേര്‍ത്ത ഇരുട്ടില്‍ ആരെയും കാണാനില്ല. പരിചയമില്ലാത്തവരെ ഏല്പിച്ചാല്‍ കാശു പോകുമെന്നതു മൂന്നര തരം...

പെട്ടെന്നാണ് ആ തിരക്കിനിടയില്‍ നിന്നൊരു  അലര്‍ച്ചയും അടിയുടെ ബഹളവും കേട്ടത്. കുറേ പേര്‍ ചിതറി ഓടുന്നു. കുഞ്ഞിരാമേട്ടന് ഒന്നും മനസ്സിലായില്ല, എന്തോ സംഭവിച്ചിരിയ്ക്കുന്നു. പട്ടിക്കൂട്ടം കടിപിടി കൂടുന്ന പോലെ ആരൊക്കെയോ ഉരുണ്ടുവീണും പിടഞ്ഞെണീറ്റും പിന്നെയും അടി പാറി. തന്റെ ശരീര ശേഷിയെ സംബന്ധിച്ച് അതിനിടയിലെങ്ങാനും പെട്ടു പോയാല്‍ പൊടിപോലും കിട്ടില്ലാ എന്നുറപ്പായതിനാല്‍ കൂടുതല്‍ ആലോചിയ്ക്കാതെ കുഞ്ഞിരാമേട്ടന്‍ അവിടെ നിന്നും ഓടി മാറി. അഞ്ചു മിനിട്ടു കഴിഞ്ഞില്ല, ബഹളത്തിനിടയിലെയ്ക്ക് നീല വെളിച്ചം മിന്നിച്ചു കൊണ്ട് ഒരു പോലീസ് ജീപ്പ് പാഞ്ഞു വന്നു. ചാടിയിറങ്ങിയ പോലീസുകാര്‍ തലങ്ങും വിലങ്ങും ലാത്തി പായിച്ചു. ചിതറിയോടിയവരുടെ കൂട്ടത്തില്‍ കുഞ്ഞിരാമേട്ടനും പറപറന്നു. “ആരെയോ കുത്തിയെന്നാ തോന്നുന്നത്...” ഓട്ടത്തിനിടയില്‍ ഈയൊരു സംസാരം അയാള്‍ കേട്ടു. എന്നാലിനി ഇന്നു തുറക്കലുമില്ല കച്ചവടവുമില്ല. ശ്ശേ..! ആകെ കഷ്ടമായി. അറിയാതെയൊരു വിറയല്‍ വയറില്‍ നിന്നുയര്‍ന്നു വന്ന് കൈവിരലുകളില്‍ ചാടിക്കളിച്ചു. പരവേശപ്പെട്ട് അടുത്തുകണ്ട കുമ്മിട്ടിക്കടയില്‍ നിന്നും ഒരു സോഡ വാങ്ങിക്കുടിച്ചു. ചെറിയൊരാശ്വാസം.

നിരാശകൊണ്ട് മനം മടുത്ത് കുഞ്ഞിരാമേട്ടന്‍ രയരോത്തെയ്ക്ക് നടന്നു. വാറ്റുകാരന്‍ അവറാന്റെ കന്നാസു കാലിയായിട്ടില്ലെങ്കില്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ഗ്ലാസ് കിട്ടിയേക്കും. തിരുവോണം പ്രമാണിച്ച് മാക് ഡവലോ ഗ്രീന്‍ ലേബലോ മേടിയ്ക്കാം എന്ന അത്യാഗ്രഹം കൊണ്ടു മാത്രമാണ് പതിവു വാറ്റുപേക്ഷിച്ച് ആലക്കോട്ടെ ബിവറേജസിന്റെ മുന്നില്‍ ക്യൂ നില്‍കാമെന്നു കരുതിയത്. എന്തുകാര്യം, ക്യൂ പോയിട്ട് അതിന്റെ പരിസരത്തു പോലും അടുക്കാന്‍ പറ്റിയില്ല.

ഓരോന്നു ചിന്തിച്ച്, ഉള്ളില്‍ കത്തുന്ന പരവേശത്തോടെ കുഞ്ഞിരാമേട്ടന്‍ രയറോത്തെത്തി. നേരം ഒമ്പതു മണി രാത്രി. ചുരുക്കം ചിലരൊഴിച്ചാല്‍ വിജനം. എല്ലാവരും ഉത്രാടം പ്രമാണിച്ച് വീടണഞ്ഞിരിയ്ക്കുന്നു. വൈതല്‍ മലയില്‍ പെയ്ത മഴയുടെ കുത്തൊഴുക്കല്‍ ശബ്ദം പുഴയില്‍ നിന്നും അലച്ചുവരുന്നുണ്ട്. ജമാ അത്ത് പള്ളിയുടെ മിനാരത്തില്‍ വെള്ളിമൂങ്ങയുടെ ചിറകടി. രയറോത്തുകൂടെ അങ്ങോട്ടുമിങ്ങോട്ടും ഓരോ ചാല്‍ നടന്നെങ്കിലും അവറാനെ അവിടെയെങ്ങും കണ്ടില്ല. ലോകം മൊത്തം ഇരുളടഞ്ഞ പോലെ തോന്നിപ്പോയി കുഞ്ഞിരാമേട്ടന്. വല്ലാതെ ആഗ്രഹിച്ചിട്ടു  കിട്ടാതെ വരുമ്പോഴുള്ള നിരാശയുണ്ടല്ലോ, അതാണു ഏറ്റവും വലിയ ദുരന്തം. നാവുകടിച്ചമര്‍ത്തി, വയറ്റില്‍ ശക്തിയോടെ അള്ളിപ്പിടിച്ച് അയാള്‍ വീട്ടിലേയ്ക്കു നടന്നു.

മുറ്റത്തിനു താഴെയുള്ള വെട്ടുവഴിയില്‍ നിന്നും ഏതുസമയവും പൊട്ടിച്ചിതറാവുന്ന നാടന്‍ തെറിയ്ക്കു കാതോര്‍ത്തിരിയ്ക്കുകയായിരുന്നു ശാന്തേടത്തി. സാധാരണ എട്ടരമണിയാവുമ്പോള്‍ അതു സംഭവിയ്ക്കേണ്ടതാണ്. ഇന്നു പതിവിനു വിപരീതമായി ഒന്‍പതരയായിട്ടും യാതൊരനക്കവുമില്ല. വല്ലാത്തൊരു പേടിയും പരിഭ്രമവും ശാന്തേടത്തിയെ പൊതിഞ്ഞു. മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്ക് തിണ്ണയിലെ ബഞ്ചില്‍ വെച്ചിട്ടു അവര്‍ മുറ്റത്തിനു താഴേയ്ക്ക് നോക്കി നിന്നു. നേര്‍ത്ത ഓണനിലാവുണ്ട്. ഇടയ്ക്കിടെ കാര്‍മേഘങ്ങളുടെ കാളിമ അതിനെ പൊതിഞ്ഞും പിന്നെ അഴിഞ്ഞും പൊയ്ക്കൊണ്ടിരുന്നു.

നായരുമലയുടെ അടിവാരത്തുകൂടി കയറിവരുന്ന വെട്ടുവഴിയിലൂടെ അപ്പോള്‍ കുഞ്ഞിരാമേട്ടന്‍ ഉഴറി കയറി വരുന്നുണ്ടായിരുന്നു. മുറ്റത്തെ ഒതുക്കു കല്ലുകയറിവരുന്നയാള്‍ ഏതോ അപരിചിതനാണെന്നാണ് ശാന്തേടത്തി ആദ്യം കരുതിയത്. ആ ഒരു ആന്തലില്‍ നിന്നും മോചിതയാകും മുന്‍പേ കുഞ്ഞിരാമേട്ടന്റെ മുഖം വിളക്കിന്റെ വെളിച്ചത്തിലേയ്ക്കു നീങ്ങി വന്നിരുന്നു. പേടിയേക്കാള്‍ വലിയ അതിശയമാണപ്പോള്‍ അവര്‍ക്കു തോന്നിയത്. ഇതെന്തു കഥ മുത്തപ്പാ..!

ഇത്ര പച്ചയ്ക്ക് ഇങ്ങേരെ കണ്ടിട്ടു ഏറ്റവും ചുരുങ്ങിയത് പതിനഞ്ചു വര്‍ഷമെങ്കിലും ആയിരിയ്ക്കും, അതായത് തങ്ങളുടെ കല്യാണത്തിന്റെ ആദ്യനാളുകളില്‍. പിന്നെയെന്നും, എല്ലാ സന്ധ്യകള്‍ക്കും രാത്രികള്‍ക്കും നാടന്‍ ചാരായത്തിന്റെ മണവും പച്ചത്തെറികളുടെ താളവുമായിരുന്നല്ലോ. ആദ്യത്തെ തെറിപര്‍വം കഴിഞ്ഞാല്‍ മൂന്നാലു ഇടിയും കുഞ്ഞുങ്ങളുടെ കരച്ചിലുമൊക്കെയായി മൂര്‍ധന്യത്തിലെത്തും. ചില ദിവസങ്ങളില്‍ കലവും പാത്രങ്ങളും മുറ്റത്തിനു താഴേയ്ക്കു പായും. ഓണമായാലും വിഷുവായാലും ശിവരാത്രിയായാലും ഈ പതിവ് തെറ്റാറില്ല. അതു അവര്‍ക്കു നല്ല നിശ്ചയമുണ്ട്. പിന്നെന്താ ഈ ഉത്രാടനാളില്‍ മാത്രം ഒരു മാറ്റം...?

ഭാര്യയുടെ മുഖം നോക്കാതെ കുഞ്ഞിരാമേട്ടന്‍ തിണ്ണയിലേയ്ക്കു കയറി ബഞ്ചിലിരുന്നു. ശാന്തേടത്തി മൂക്കുവിടര്‍ത്തി മണം പിടിച്ചു. ഇല്ല ഒട്ടും മണമില്ല.  ഇതെന്തു പറ്റി..! ആ അമ്പരപ്പില്‍ അല്പനേരം കഴിഞ്ഞു.
“ചോറെടുക്കട്ടെ..?” എന്നോ മറന്നു പോയ ഒരു വാചകത്തെ തപ്പിയെടുത്തു മുന്നില്‍ വച്ച് വായിയ്ക്കുന്നതു പോലെ ശാന്തേടത്തി ചോദിച്ചു. കുഞ്ഞിരാമേട്ടന്‍ തലയാട്ടി. വലിയൊരു സുവര്‍ണ നക്ഷത്രം വീട്ടിനുള്ളിലേയ്ക്കു പൊട്ടിവീണതുപോലെ അവര്‍ ചിരിച്ചു. ഉള്ളിലെമ്പാടും പൂത്തിരി. എത്രയോ കാലങ്ങള്‍ക്കു ശേഷം, കുഞ്ഞുങ്ങള്‍ ഞെട്ടിയുണരാതെ തിരിഞ്ഞുകിടന്ന് ഉറക്കം തുടര്‍ന്നു. കുഞ്ഞിരാമേട്ടന്റെ വിയര്‍പ്പിനു ചാരായത്തിന്റേതല്ലാത്ത ഒരു ഗന്ധമുണ്ടെന്ന് ശാന്തേടത്തി അറിഞ്ഞു.  ശാന്തേടത്തിയുടെ ഗന്ധം ഓര്‍മ്മയുടെ അറയില്‍ നിന്നും കണ്ടെടുക്കാന്‍ കുഞ്ഞിരാമേട്ടനും ഏറെ നേരം വേണ്ടി വന്നു.

തിരുവോണത്തിന്റെ പ്രഭാതം. രാത്രിയിലെ ചെറിയ മഴയുടെ ബാക്കിയായ തുള്ളികള്‍ ഓലത്തുമ്പത്തും ഇലച്ചാര്‍ത്തുകളിലും തിളങ്ങുന്നുണ്ടായിരുന്നു. എവിടെ നിന്നോ ഒരായിരം പൂമ്പാറ്റകള്‍ അതിലെയെല്ലാം വട്ടമിട്ടു. എന്തെന്നില്ലാത്ത ഉത്സാഹത്തില്‍ ശാന്തേച്ചി പണ്ടെങ്ങോ മറന്ന ഒരു സിനിമാ പാട്ടിന്റെ രണ്ടു വരികള്‍ മൂളി.
കുഞ്ഞിരാമേട്ടന്‍ പതിവിലും വൈകിയാണെഴുനേറ്റത്. അങ്ങേരുടെ മുഖമാകെ വിങ്ങിയതുപോലെ. കൈകള്‍ രണ്ടും വിറച്ചുകൊണ്ടിരുന്നു. കട്ടന്‍ കാപ്പിപോലും കുടിയ്ക്കാന്‍ നില്‍ക്കാതെ അയാള്‍ രയരോത്തേയ്ക്കു നടന്നു. അവറാന്‍ ഇത്ര രാവിലെ ഉണ്ടാവാറില്ല, എങ്കിലും ഒന്നു നോക്കിയേക്കാം.

അങ്ങാടിയിലും പിന്നെ പുഴക്കരയാകെ തപ്പിയിട്ടും അവറാനെ കാണാന്‍ പറ്റിയില്ല. ഇനിയെന്തു ചെയ്യും? കുഞ്ഞിരാമേട്ടന്‍ തുള്ളപ്പനിക്കാരനെ പോലെ വിറച്ചുകൊണ്ടിരുന്നു. ഇതു കണ്ട ചിലര്‍ ചിരിച്ചുകൊണ്ടു പറയുകയും ചെയ്തു: “കുഞ്ഞ്രാമനു രാവിലെ സാതനം കിട്ടാത്തതിന്റെയാ.. ഇന്നലെത്തേന്റെ ബാക്കിയൊന്നും ഇല്ലേടോ...?”

അയാള്‍ ആരോടും ഒന്നും മിണ്ടിയില്ല, മിണ്ടാവുന്ന അവസ്ഥയിലുമല്ല. രാവിലെ ഒന്‍പതുമണി വരെ ചുറ്റിയടിച്ചിട്ടും യാതൊരു രക്ഷയുമില്ല. തിരുവോണനാളാണ്, ആലക്കോട്ട് പോയിട്ടു കാര്യമില്ല. എവിടെ നിന്നും സാധനം കിട്ടില്ല. രാവിലെ പച്ചവെള്ളം പോലും കഴിയ്ക്കാത്തതിന്റെ പാരവശ്യവും ഇളംവെയിലിന്റെ ചൂടും എല്ലാം കൂടെയായപ്പോള്‍ കുഞ്ഞിരാമേട്ടന്‍ വല്ലാതെ തളര്‍ന്നു. പ്രാഞ്ചി പ്രാഞ്ചി വീട്ടിലേയ്ക്കു തന്നെ മലകയറി. വെട്ടുവഴികയറി മുറ്റത്തു നിന്നും തിണ്ണയിലേയ്ക്കു മലര്‍ന്നടിച്ചൊരു വീഴ്ചയായിരുന്നു..

ഒരു നിലവിളിയോടെ ശാന്തേടത്തി ഓടിവന്നു. കുഞ്ഞിരാമേട്ടന്റെ കൈയപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. തളര്‍ന്ന കണ്ണുകളോടെ അയാള്‍ അവരെ നോക്കി. എന്തൊക്കെയോ പറയാന്‍ നോക്കിയെങ്കിലും ഒരക്ഷരം പുറത്തേയ്ക്കു വന്നില്ല. അവര്‍ വേഗം പോയി മൊന്തയില്‍ വെള്ളമെടുത്ത് അയാളുടെ മുഖത്തു തളിച്ചു. പിന്നെ കൈകളിലും കാല്‍ വെള്ളയിലും തിരുമ്മി. അല്പനേരം കഴിഞ്ഞപ്പോള്‍ കുഞ്ഞിരാമേട്ടന്‍ എഴുനേറ്റിരുന്നു. തലയാകെ പെരുപ്പ്. ചുറ്റുപാടും നരച്ച നിറം മാത്രമേയുള്ളുവെന്നയാള്‍ക്കു തോന്നി.

അപ്പോള്‍ ശാന്തേടത്തി അകത്തു പോയി ചെറിയൊരു വെള്ളക്കന്നാസ് എടുത്തുകൊണ്ടു വന്നു.  അതിന്റെ അടപ്പു തുറന്നപ്പോള്‍ കള്ളിന്റെ കൊതിപ്പിയ്ക്കുന്ന മണം..!
“അങ്ങേലെ ചെത്തുകാരന്‍ പവിത്രന്റെ വീട്ടില്‍ നിന്നാ.. ഇന്നോണം ആയതോണ്ട് അവനു ഷാപ്പ് അവധി. മുത്തപ്പനു പയം‌കുറ്റി വെക്കാന്‍ കുറച്ചു കള്ളു വേണംന്നു പറഞ്ഞപ്പോ അവന്‍ തന്നതാ.. ഇന്നാ.. കഴിയ്ക്ക്..”
ശാന്തേടത്തി ഗ്ലാസ്സിലെയ്ക്ക് കള്ളൊഴിച്ചു. കുഞ്ഞിരാമേട്ടന്റെ കൈകള്‍ വിറയ്ക്കുന്നതുകൊണ്ട്, അവര്‍ തന്നെ അതെടുത്ത് ചുണ്ടോടു ചേര്‍ത്തുകൊടുത്തു...
തൊടിയില്‍ നിന്നൊരു വിളികേട്ടാണ് അവര്‍ താഴേയ്ക്ക് നോക്കിയത്. ഓലക്കുടയും ചൂടി, കിരീടവും വെച്ച് കുടവയറനൊരാള്‍  അപ്പോള്‍ മുറ്റത്തേയ്ക്കു കയറി വരുന്നുണ്ടായിരുന്നു.
-------------------------
(പയംകുറ്റി : മുത്തപ്പന്‍ തെയ്യത്തിന്റെ പ്രധാന നേദ്യമാണു കള്ളും ഉണക്കമീനും. വടക്കേ മലബാറിലെ വീടുകളില്‍ ഐശ്വര്യത്തിനായി പയംകുറ്റി നേദിയ്ക്കാറുണ്ട്)

സ്പന്ദനം

July 10, 2012 അനില്‍കുമാര്‍ . സി. പി.
“അള്ളാഹു അക്ബർ... അള്ളാഹു അക്ബർ....”

ആശുപത്രി മതിൽക്കെട്ടിനു പുറത്ത് എവിടെ നിന്നൊ ഒഴുകിവരുന്ന സുബഹി നമസ്കാരത്തിനുള്ള ബാങ്ക് വിളി…

ഇടനാഴിയിലെ ഗ്ലാസ്ഭിത്തിയിലേക്ക് കണ്ണുകൾ നീണ്ടു… ഇല്ല, വെളിച്ചം എത്തിയിട്ടില്ല… നേരം പുലരാൻ  ഇനിയും നേരമുണ്ടല്ലോ…

‘ഗുഡ് മോണിങ്ങ്..’

സിസ്റ്റർ ആൻസിയുടെ ചിരിക്കുന്ന മുഖം വാതിൽക്കൽ.

കണ്ണുകൾ വാതിലിനപ്പുറത്തേക്ക് നീണ്ടു…

‘നോക്കണ്ട, ഇന്ന് ഡോക്ടർ ആഫ്റ്റർനൂൺ ആണ്’

ഡോക്ടർ മുരളീമോഹന്റെ കാര്യമാണു അവൾ പറയുന്നത്.

എപ്പൊഴും ചിരിക്കുന്ന മുഖമുള്ള, സ്നേഹം പൊതിഞ്ഞ വാക്കുകളിൽ പതിയെ സംസാരിക്കുന്ന മുരളി.

നീണ്ടും കുറുകിയും കാർഡിയോ മോണിറ്ററിൽ പിടയുന്ന തന്റെ ജീവൻ… മോണിറ്ററിലെ തിളങ്ങുന്ന അക്കങ്ങളിൽ ഹൃദയസ്പ്ന്ദനത്തിന്റെ കണക്കുകൾ. ജീവൻരക്ഷായന്ത്രത്തിൽ നിന്നും ഇടക്കിടെ ഉയരുന്ന ബീപ് ബീപ് ശബ്ദം.

വാതിൽക്കൽ പതിഞ്ഞ കാലടി ശബ്ദം… ഡ്യൂട്ടി ഡോക്ടറാണ്. സൈഡ് ടേബിളിൽ ഉണ്ടായിരുന്ന ചാർട്ടിൽ എന്തൊക്കെയോ കുറിച്ചിട്ട് അദ്ദേഹം പോയി.

ഡോക്ടർ മുരളി ഇനി വൈകുന്നേരമേ വരികയുള്ളായിരിക്കും. താൻ എന്തിനാണ് ഇത്രയധികം അസ്വസ്ഥനാകുന്നത്… ഒരു ഡോക്ടർ എന്നതിനപ്പുറം ആരാണ് തനിക്ക് മുരളി്?

മറവിയുടെ മാറാല മൂടിയ ഓർമ്മകളിൽ വെറുതെ പരതി…

എത്രകാലമായിരിക്കണം താനീ ‘ജീറിയാട്രിക്’ വാർഡിൽ ജീവിച്ചിരിക്കുന്ന ശവങ്ങൾക്കിടയിൽ മറ്റൊരാളായിട്ട്, മാസങ്ങൾ…അതോ വർഷങ്ങളോ..?

കണ്ണുകൾ ഇറുകെപൂട്ടി… ഇരുൾ മൂടിയ ഓർമ്മകളിൽ എവിടെയൊക്കെയോ വെളിച്ചത്തിന്റെ നുറുങ്ങുകൾ …        
                   
ഈ ആശുപത്രി മുറിയിലേ മങ്ങിയ വെളിച്ചത്തിലേക്ക് കണ്ണു തുറന്ന ദിവസം…

‘മോനേ… ‘

കൈത്തണ്ടയിൽ അമരുന്ന വിരലുകളിൽ തലോടാനായി കൈ ഉയർത്താൻ ശ്രമിച്ചു … ഇല്ല, കഴിയുന്നില്ല… തിരിഞ്ഞു കിടക്കാൻ ശ്രമിച്ചു…. കാലുകൾ മരവിച്ചിരിക്കുന്നു… തൊണ്ടയിൽ ഒരു നിലവിളി കുരുങ്ങിക്കിടന്നു…

‘കുട്ടാ…’

കൈത്തണ്ടയിലെ വിരലുകൾ മെല്ലെ അമരുന്നു…

കണ്ണുകൾക്ക് മുന്നിൽ രൂപങ്ങൾക്ക് നിറമുണ്ടായി…

കയ്യിൽ പിടിച്ചിരിക്കുന്നത് കുട്ടനല്ല! വെളുത്ത കോട്ടണിഞ്ഞ് കഴുത്തിൽ സ്റ്റെതസ്ക്കോപ്പുമായി ഡോക്ടർ… തിളങ്ങുന്ന കണ്ണുകളിലെ സാന്ത്വനഭാവം… തൊട്ടടുത്ത് ഇളംനീല യൂണിഫോമിൽ നഴ്സുമാർ. ബഡ്ഡിനടുത്ത് ഏതൊക്കെയോ മെഷീനുകൾ… ചോരയും, നീരും, ജീവശ്വാസവും ഒക്കെയായി തന്നിലേക്ക് നീളുന്ന അസംഖ്യം കുഴലുകൾ.

‘ഞാൻ ഡോക്ടർ മുരളീമോഹൻ … അങ്കിൾ ഇപ്പോൾ റിലാക്സ് ചെയ്യൂ…’

പിന്നീട് സിസ്റ്റർമാർ പറഞ്ഞാണ് അറിഞ്ഞത്… തന്നെ ഇവിടെ ആരോ എത്തിച്ചിട്ട് ഏറെ ദിവസങ്ങളായിരിക്കുന്നു. തലച്ചോറിലുണ്ടായ ഒരു സ്ട്രോക്ക് തന്റെ ഒരു വശം തളർത്തി.
ആഴ്ചകൾക്ക് ശേഷം എന്റെ ജീവിതത്തിനൊരു തീര്‍പ്പായി… ഇനി വിശാലമായ ആകാശത്തിൽ നിന്നും കീറിയെടുത്ത ഒരു തുണ്ട് മേഘത്തില്‍ ലോകം ഒതുക്കി അവസാനമില്ലാത്ത രാപകലുകള്‍ക്ക്  കാതോര്‍ത്ത് കിടക്കാൻ മാത്രമേ തനിക്ക് കഴിയു....

ജീവിതവും മരണവും സ്വയം തിരഞ്ഞെടുക്കാം എന്ന അഹങ്കാരത്തിന് ഒന്ന് ഉറക്കെ കരയാൻ പോലും കഴിഞ്ഞില്ല.

പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്തവരുടെ, മരിച്ചു ജീവിക്കുന്നവരുടെ ഒക്കെ ‘ജീറിയാട്രിക്’ വാർഡിലേക്ക് മാറ്റുമ്പോൾ അതും തനിക്ക് കിട്ടിയ ഒരു ഔദാര്യമാണെന്ന് വൈകിയേ അറിഞ്ഞൊള്ളു, കുട്ടന്റെ ഔദാര്യം!

മാഞ്ഞുപോകുന്ന ഓർമ്മകളിൽ ഇന്നലകൾ വേദന പകർന്നു…

ജോലിത്തിരക്കുകൾ ഒഴിയുമ്പോൾ പലപ്പോഴും ഡോക്ടർ മുരളി അടുത്തുവന്നിരിക്കും. ജീവനറ്റ കയ്യിൽ തലോടി വിശേഷങ്ങൾ ചോദിക്കുന്നതിനിടയിലാണ് മുരളി ഒരിക്കൽ ചോദിച്ചത്..

‘അങ്കിൾ ആരാണു കുട്ടൻ, മോനാണോ?

‘ഉം ..’

കൂടുതൽ സംസാരിക്കാൻ താല്പര്യം കാണിക്കാത്തത് കൊണ്ടാവണം മുരളി ഒന്നും ചോദിക്കാതെ എഴുനേറ്റ് പോയി.

ജീവിതവും മരണവും ഒളിച്ചു കളി തുടരവേ ദിവസങ്ങൾ അടര്‍ന്നു വീണു. കൈത്തണ്ടയില്‍ അമരുന്ന മുരളിയുടെ സ്പര്‍ശനങ്ങള്‍ക്ക് അബോധ മനസ്സ് കുട്ടന്റെ മുഖച്ഛായ പകര്‍ന്നു വെച്ചു. ഉണര്‍വിന്‍റെ  നിമിഷങ്ങളിൽ ഒരിക്കലെങ്കിലും അഛനേ തേടിവരുമെന്ന് പ്രതീക്ഷിക്കുന്ന തന്റെ മകന്‍റെ മുഖം...
കുട്ടൻ… എവിടെയായിരിക്കും അവനിപ്പോൾ…?

ഓർമ്മകളുടെ വിദൂരതയില്‍ അവൻ കൊച്ചരിപ്പല്ലുകാട്ടി ചിരിക്കുന്നു.

വാരന്ത്യങ്ങളിലെ ഉച്ചകളിൽ നന്ദയുടെ മടിയിൽ തലവെച്ചു കിടന്ന് ടി. വി. കാണുമ്പോഴാകും കുട്ടൻ നെഞ്ചിൽ  കയറിക്കിടക്കുക. കുഞ്ഞു കഥകളിലെ രാജകുമാരനായി കുതിരപ്പുറത്തും കാട്ടിലുമൊക്കെയുള്ള കളികഴിഞ്ഞ് അവൻ അവിടെ തന്നെ കിടന്നുറങ്ങും.

ഗ്രാമത്തിന്റെ നിഷ്കളങ്കതയും ബാല്യത്തിന്റെ ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ കഥകളിലൂടെ,  പുസ്തകങ്ങളിലൂടെ അവന്റെ മനസ്സിൽ വരച്ചു വെക്കാൻ എന്നും ശ്രദ്ധിച്ചിരുന്നു. ഒറ്റപ്പെടുന്ന അച്ഛനും അമ്മയ്ക്കും കൂട്ടിനായി നന്ദയും കുട്ടനും നാട്ടിലേക്ക് പോയതോടെ ജീവിതത്തിൽ നിറമുള്ള വെളിച്ചം നിറയുന്നത്  അവധിക്കാലങ്ങളില്‍ മാത്രമായി.

പലപ്പോഴായി പറഞ്ഞുകേട്ട കഥകളുടെ നുറുങ്ങുകൾക്ക് കാതോർത്തിരിക്കുമ്പോഴാണ് ഒരിക്കൽ മുരളി ചോദിച്ചത്,

‘ഇത്രയേറെ സ്നേഹിച്ചിട്ടും പിന്നെ എപ്പോഴാണ് കുട്ടൻ അകന്നുപോയത് അങ്കിൾ?’

അപ്പോൾ മറുപടി ഒന്നും പറയാനായില്ല. വാർഡിലെ മങ്ങിയ വെളിച്ചത്തിൽ ഉറക്കം വരാതെ കിടന്നപ്പോൾ കൊതിച്ചു, ആകശത്തിന്റെ ഒരു നുറുങ്ങൊന്നു കാണാൻ കഴിഞ്ഞെങ്കിൽ… മഴയുടെ ഇരമ്പലിനൊന്നു കാതോർക്കാൻ കഴിഞ്ഞെങ്കിൽ… കൂമൻ മൂളുന്ന രാവുകളിൽ നിശാഗന്ധികൾ പൂക്കുന്നത് നോക്കിയിരിക്കാൻ കഴിഞ്ഞെങ്കിൽ…!

കണ്മുന്നിലുണ്ടായിട്ടും ജീവിതത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ പോയവ… ഇപ്പോൾ നഷ്ടമായപ്പോൾ തിരിച്ചു കിട്ടിയെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നതിന്റെ ഉള്ളുലക്കുന്ന തിരിച്ചറിവുകൾ!

മരണത്തിന്റെ പതിഞ്ഞ കാൽവെപ്പുകൾ പടിവാതിലിലെത്തി മടങ്ങിപ്പോകുന്നതും കേട്ടുകിടക്കുന്ന രാവുകളിലൊക്കെ  ആലോചിച്ചു, ജീവിതത്തെ ഇത്രയധികം സ്നേഹിച്ചിട്ടും എങ്ങനെയാണ് ഞാന്‍ തനിച്ചായത്?

യൌവ്വനം ആഘോഷം പോലെ കൊണ്ട് നടന്ന കാലത്ത് ജീവിതത്തിൽ ലഹരി നിറച്ച് പലരും വന്നുപോയെങ്കിലും നന്ദ ജീവിതത്തില്‍ വന്നതോടെ അവളിലേക്കും പിന്നെ കുട്ടന്റെ വരവോടെ അവർ രണ്ടാളിലെക്കും മാത്രമായി തന്റെ ലോകം ചുരുങ്ങി.

അവധിക്കാലങ്ങളിൽ നാട്ടിലെത്തുമ്പോൾ നന്ദയെ സ്നേഹിച്ചും ലാളിച്ചും സ്വയം മറക്കുന്ന ദിനങ്ങൾ. അവളുടെ ഇഷ്ടങ്ങളില്‍ മാത്രം സന്തോഷം കണ്ടെത്തി. ഇടയ്ക്കെപ്പോഴെങ്കിലും കുട്ടൻ ഞങ്ങള്‍ക്കിടയിൽ വന്നു പോയി. സൌഹൃദം പുതുക്കലും ബന്ധു സന്ദര്‍ശനങ്ങളുമായി അവധിക്കാലങ്ങൾ ഓടിമറഞ്ഞു.

കൌമാരത്തിന്റെ കുസൃതികളില്‍ ശാസിക്കാതെ,  മനസ്സിൽ കുട്ടനെ ചേര്‍ത്ത്  നിര്‍ത്തി  പുഞ്ചിരിച്ചു. അവനൊപ്പം എന്റെു സ്വപ്നങ്ങളും ആകാശത്തിന്റെള അതിരോളം വളര്‍ന്നു... പക്ഷെ ആ വളർച്ചക്കിടയിൽ അച്ഛനിൽ നിന്നു അവന്‍റെ ദൂരം കൂടിയത് ഒരിക്കലും അറിഞ്ഞില്ല... അതോ അറിയാന്‍ ശ്രമിക്കാതെ പോയതോ?

ഒരു ജന്മത്തിനൊടുവിൽ വീണു ചിതറുമ്പോൾ മാത്രം സുഗന്ധം പരത്തുന്ന ഏതോ കനി പോലെയാണ് അവനോടുള്ള സ്നേഹം നിറച്ച തന്റെ ഹൃദയവും എന്ന് ഒരുപാട് വൈകിയാണ് മനസ്സിലായത്.

അകലെയുള്ള അച്ഛനെ മക്കളുടെ മനസ്സില്‍ നിറയ്കേണ്ടത് അമ്മയാണ്... ഒരിക്കലും നന്ദ അത് ചെയ്തില്ല... പകരം അവന്റെ അവകാശി എന്നപോലെ അവൾ മാത്രം അവനിൽ നിറഞ്ഞു. ഇടക്കെപ്പോഴോ വീണുകിട്ടുന്ന അവധിക്കാലത്തേ വിരുന്നുകാരൻ മാത്രമായി മാറുന്നു അച്ഛൻ എന്നതും അറിയാതെ പോയി.

ഫോണിലായാലും നേരിലയാലും പതിവ് ചോദ്യങ്ങൾ കഴിഞ്ഞാൽ ഞങ്ങള്‍ക്കിടയിൽ സംസാരിക്കാൻ പിന്നെ വിഷയങ്ങൾ ഇല്ലാതായി. എങ്കിലും  മറ്റാരും അറിയാതെ മനസ്സിൽ അവനായി കാത്തുവെച്ച സ്നേഹവും ഒത്തിരി സ്വപ്നങ്ങളുമുണ്ടായിരുന്നു.

സ്കോളര്‍ഷിപ്പ് കിട്ടി ഉന്നത പഠനത്തിനായി കുട്ടൻ വിദേശത്ത് പോകുന്ന ദിവസം… യാത്ര ചോദിച്ച് വാതിൽക്കലെത്തി അവൻ തിരിഞ്ഞു നിന്നു...

‘അച്ഛൻ... എന്നെങ്കിലും എന്നേ സ്നേഹിച്ചിട്ടുണ്ടോ?’

ഒരു നടുക്കത്തിൽ നിന്നുണരുമ്പോഴേക്കും കണ്ണീരിന്റെ മങ്ങിയ കാഴ്ചയിലൂടെ അവൻ നടന്നകന്നിരുന്നു! ഹൃദയം കൊത്തി വലിച്ച് അവന്റെ ചോദ്യം പിന്നെയെന്നും മുഖത്തിനു നേരെ തൂങ്ങിക്കിടന്നു.

ചോദ്യങ്ങളുടേയും ഉത്തരങ്ങളുടേയും നിയതമായ കള്ളികളിൽ ജീവിതത്തെ തളച്ചിടാതെ, പിടിച്ചടക്കലുകളില്ലാതെ,  പങ്കുവെക്കലുകൾ മാത്രമായിരുന്നു നന്ദയുമൊത്തുള്ള ജീവിതം. എന്നിട്ടും മൌനത്തിന്റെ നിഴലുകൾ പതുക്കെ പതുക്കെ വന്നു കയറി. പറയാനില്ലാതെ, ചോദിക്കാനില്ലാതെ, കേള്‍ക്കാനില്ലാതെ  ദിവസങ്ങള്‍ എവിടേക്കോ യാത്ര പോയി. വികാരങ്ങളൊക്കെ വാങ്ങിനിറയ്ക്കാൻ മാത്രം ശീലിച്ച അവൾ ഒരിക്കലും എനിക്ക് എന്നെത്തന്നെ നഷ്ടമാകുന്നത് അറിയാന്‍ ശ്രമിച്ചില്ല......

അടുത്തിരിക്കുമ്പോഴും അകലേക്ക്‌ അകലേക്ക്‌ പോയ നാളുകള്‍ ...

സ്നേഹിച്ച് ഒരിക്കലും മതിയാകില്ല എന്നു കരുതിയവർക്കിടയിൽ നിശ്ശബ്ദമായി പോകുന്ന വാക്കുകളിൽ ജീവിതം മെല്ലെ മെല്ലെ ഉലഞ്ഞു തുടങ്ങിയതു പോലും അറിഞ്ഞില്ല, അറിയാൻ ശ്രമിച്ചില്ല. പരിഭവത്തിന്റെ നിമിഷങ്ങള്‍ക്ക് ‌ അസുഖകരമായ നീളം കൂടാൻ തുടങ്ങിയപ്പോൾ പുറം തിരിഞ്ഞു കിടക്കുന്ന ദാമ്പത്യത്തിന്റെ ദിനങ്ങളുടെ എണ്ണവും കൂടി.

ബന്ധങ്ങള്‍ ഭാരങ്ങളായി ഇരുവര്‍ക്കും  തോന്നിയ ഏതോ ഒരു ദിവസം നന്ദ പറഞ്ഞു...

‘പറയാനും പങ്കുവെക്കാനും ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ജീവിതം? നമുക്ക്‌ നമ്മളെ പോലും വിശ്വസിപ്പിക്കാൻ കഴിയാതെ പോകുമ്പോൾ, പിന്നെ ആ ര്‍ക്കുവേണ്ടിയാണ് നമ്മുടെയീ വേഷംകെട്ടൽ ? എന്നെ ആവിശ്യമുള്ള ചില പാവങ്ങൾ ഈ ലോകത്തുണ്ട്. ഇനി എന്റെ ജീവിതം അവരുടെ കൂടെയാണ്… പിണക്കമൊന്നുമില്ല കേട്ടോ, നിങ്ങൾക്ക് ജീവിച്ചു തീർക്കാൻ ഒരു ജീവിതം ഉണ്ടല്ലോ.’

അടുത്ത ദിവസം നന്ദ യാത്ര പറഞ്ഞ് പോയത് നിർവികാരതയോടെയാണ് കണ്ട് നിന്നത്.

ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോയവർ  മടങ്ങി വന്നില്ല, ഒരിക്കലും... വായിച്ചുമടുത്ത പുസ്തകത്തിലെ മടക്കി വെച്ച അദ്ധ്യായം പോലെ അവരുടെ ഓര്‍മ്മകളുടെ അലമാരയിൽ ഞാൻ പൊടിപിടിച്ചു കിടന്നു.

പിന്നെ അതുവരെയുള്ള മേല്‍വിലാസങ്ങളൊക്കെ നഷ്ടപ്പെട്ട് എങ്ങോട്ടൊക്കെയോ ഒഴുകിപ്പോയ ഒരു ജീവിതം....  ഒന്നിനുമല്ലാതെ, ആർക്കും വേണ്ടാതെ... ചിതലരിച്ച പ്രതീക്ഷകളുടെ മൺകൂനകൾ പോലെ ദിവസങ്ങൾ ജീവിതത്തിനു മേലെ  അടര്‍ന്നു  വീണുകൊണ്ടേയിരുന്നു. അതിനടിയില്‍ നിന്നും ആയാസപ്പെട്ട്, മങ്ങിയ കാഴ്ചകളിലേക്ക് ഏതോ ഒരു ദിവസം കണ്ണ് തുറന്നപ്പോൾ അവൾ…

ജന്മാന്തര സൌഹൃദത്തിന്റെ നീട്ടിയ വിരല്‍ത്തുമ്പുകളിലേക്ക് ആര്‍ത്തിയോടെയാണ് കൈനീട്ടിയത്…

കാലങ്ങളായി തേടിയിരുന്നവൾ എന്നപോലെ അവള്‍ക്കൊപ്പം നടക്കവേ ഉടഞ്ഞുചിതറിയ ജീവിതത്തിന്റെ കണ്ണാടിച്ചില്ലുകൾ വാരിയടുക്കി എന്റെ നേർക്കവൾ കാണിച്ചു...

‘നോക്കൂ, നിന്നെ… നീ തന്നെ ഉടച്ച് കളഞ്ഞ നിന്റെ ജീവിതത്തെ....’

അമ്പരന്ന്, പകച്ചുനോക്കി നിൽക്കുമ്പോൾ അവൾ ആശ്വസിപ്പിച്ചു,

‘പേടിക്കണ്ട... ഉടവുകളില്ലാതെ ഞാനിത് മാറ്റി നിനക്ക് തിരിച്ചു തരും.’

‘അതിനിനി സമയമില്ലല്ലോ? എന്റെ സമയം തീരാറായി....’

ഹാ.. ഹാ. ഹാ… അവൾ ചിരിച്ചു... പിന്നെ പറഞ്ഞു,

‘നിനക്കും എനിക്കും ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഒട്ടും കൂടാതെ, ഒട്ടും കുറയാതെ തുല്യമായി ലഭിക്കുന്നത് ഒന്നേയുള്ളു, സമയം….. the great equalizer! അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്കേ വിജയിക്കാൻ കഴിയു… നിന്റെ തെറ്റുകളെ നീ അംഗീകരിക്കാനും ഉൾക്കൊള്ളാനും ശ്രമിക്കൂ… അല്ലാതെ ജീവിതകാലം മുഴുവന്‍ സ്വയം ശിക്ഷിച്ചിട്ടെന്തു കാര്യം?’

ജീവിതത്തിന്റെ് വഴികളിൽ അലഞ്ഞു തളര്‍ന്ന എനിക്ക് അവൾ അമ്മയും, സഹോദരിയും, ഗുരുവും, വഴികാട്ടിയും,  കളിക്കൂട്ടുകാരിയും എല്ലാം ആയി. അടുത്തിരിക്കുമ്പോൾ സാമീപ്യം കൊണ്ടും, അകലെയാകുമ്പോൾ വാക്കുകൾ കൊണ്ടും അവൾ എനിക്ക്  ഊര്‍ജ്ജം പകര്‍ന്നു. പരാജിതന്റെ ശരീരഭാഷ എന്നില്‍ നിന്നും മാഞ്ഞുതുടങ്ങി... വിജയങ്ങള്‍ എനിക്കൊപ്പം നടന്നു... ജീവിതത്തിന്റെ കണ്ണാടിയിൽ സന്തോഷത്തിന്റെ സൂര്യവെളിച്ചം വെട്ടിത്തിളങ്ങുമ്പോൾ അവൾ എപ്പൊഴും ഓർമ്മിപ്പിച്ചു,

‘നന്ദയും, കുട്ടനും... ഈ വെളിച്ചത്തിൽ അവരും കൂടെ ഉണ്ടെങ്കിലേ നിന്റെ തിളക്കം കൂടൂ. അവർ ഉണ്ടാവണം എന്നും നിന്നോടൊപ്പം.’

‘പക്ഷേ നീ...’

അവൾ തെളിഞ്ഞു ചിരിച്ചു...

‘ഞാൻ ഉണ്ടാവും എന്നും കൂടെ... ഒരു വേനലിനും തളർത്താനും, കരിക്കാനും നിന്നേ വിട്ടു കൊടുക്കാതെ.’

പകലുകൾ പിന്നെയും പ്രകാശിച്ചു... രാവുകളില്‍ നിശാഗന്ധികൾ സുഗന്ധം പരത്തി. പുലർമഞ്ഞിൽ നക്ഷത്രങ്ങൾ തിളങ്ങി. ദിവസങ്ങൾ നിറമുള്ളതായപ്പോൾ മനസ്സിൽ എന്നൊ മറന്നുപോയ യൌവ്വനത്തിന്റെ ഇന്നലകൾ കുസൃതികളുമായി കടന്നുവന്നു. വികാരങ്ങളിൽ ചിത്രശലഭങ്ങൾ പാറിപ്പറന്നു. എന്ത് തെറ്റ് ചെയ്താലും അവൾ പൊറുക്കുമെന്ന വിശ്വാസം... പക്ഷേ ആ കുസൃതികൾ അവളേ തകർത്തുകളയും എന്നറിഞ്ഞില്ല.

വിശ്വാസത്തകര്‍ച്ചയുടെ അഗ്നിയിൽ അവൾ വെന്തു നീറുന്നതു നിശ്ശബ്ദനായി നോക്കി നില്ക്കാനേ കഴിഞ്ഞുള്ളൂ..  തൊണ്ടയിൽ ഉറഞ്ഞ കണ്ണുനീരിൽ അവളുടെ വാക്കുകള്‍ക്ക് ഖനിയുടെ ചൂടും ആഴവും ഉണ്ടായിരുന്നു…

‘നീ എന്നെങ്കിലും ആരേയെങ്കിലും സ്നേഹിച്ചിട്ടുണ്ടോടാ? അല്ല, നീ സ്നേഹിച്ചിട്ടുണ്ട്, നിന്നേ മാത്രം... നിന്റെ ഇഷ്ടങ്ങളെ മാത്രം... നിന്റെ സൌകര്യം പോലെ.. അല്ലേ?

അതുവരെ ജീവിതത്തെ ജ്വലിപ്പിച്ച വെളിച്ചവും നിറങ്ങളും അവള്‍ക്കൊപ്പം പടിയിറങ്ങി..

‘അങ്കിൾ...’

നെറ്റിയില്‍ തലോടി ഡോക്ടർ മുരളി.

‘അല്ലാ, ഇന്നെവിടെയായിരുന്നു... കണ്ടില്ലല്ലൊ?’

കയ്യിൽ മുരളിയുടെ വിരലുകൾ മെല്ലെ അമർന്നു. സംസാരിക്കാൻ വിഷമിക്കുന്നതുപോലെ...

‘അങ്കിൾ ഞാൻ യാത്ര പറയാൻ വന്നതാണ്. എന്റെ സ്കോളർഷിപ്പ് ശരിയായി... നാളെ വിദേശത്തേക്ക് പോകുന്നു... കുട്ടന് തിരക്കാണ് എങ്കിലും വരും... ഞാന്‍ ഫോൺ ചെയ്തിരുന്നു.’

മുരളിയുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കി, പിന്നെ അയാൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ വേണ്ട എന്ന് ആംഗ്യം കാട്ടി, മനസ്സില്‍ പറഞ്ഞു ‘ഉം.. പൊക്കോളൂ, നല്ലതേ വരൂ...’

നിറഞ്ഞു വരുന്ന കണ്ണുകൾ ഇറുകെയടച്ചു. കുട്ടന്‍ തന്നെക്കാണാൻ വരുമെന്നോ?

അപ്രതീക്ഷിതമായി കേട്ട വാക്കുകള്‍ ഞരമ്പുകളിൽ ഒഴുക്കുന്ന ജീവന്റെ തുള്ളികളില്‍ വീണു പിടഞ്ഞു... അത് താങ്ങാനാവാതെ ഹൃദയം വലിഞ്ഞു മുറുകി... ഓര്‍മ്മകളുടെ വേരുകൾ ഒന്നൊന്നായി അറ്റു വീണു…

കണ്ണീരൊളിപ്പിച്ച ചിരിയുമായി കുട്ടൻ മുന്നിൽ...

മരവിച്ചുപോയ വലതു കൈവിരലുകള്‍ അറിയാതെ അവനിലേക്ക് നീണ്ടു...

കയ്യിൽ പരുക്കന്‍ വിരലുകളുടെ സ്പര്‍ശം.. സ്നേഹത്തിന്റെ ഊഷ്മളത ശ്വാസകോശങ്ങളിൽ പ്രാണവായു നിറച്ചു... കൺപോളകൾക്കപ്പുറത്തേക്ക് മറഞ്ഞ കൃഷ്ണമണികൾ തിരികെ എത്തി... ജാലകപ്പടിയിൽ മറഞ്ഞു നിന്ന കറുത്ത നിഴല്‍ പിൻവാങ്ങി... സുഖകരമായ ഉറക്കത്തിലേക്ക് മനസ്സ് വഴുതിപ്പോയി...

‘എന്തിനാ ഡോക്ടര്‍ ? പാവം... ഉണര്‍ന്നാൽ അറിയില്ലേ?‘ ആന്സി സിസ്റ്റർ ഡോക്ടർ മുരളിമോഹനോടു ചോദിച്ചു...

‘ഇല്ല സിസ്റ്റര്‍ ... അദ്ദേഹം ഇനി ഓര്‍മ്മകളുടെ ലോകത്തേക്ക് തിരിച്ചു വരില്ല… ഈ സ്പന്ദനങ്ങള്‍ ഏതാനും മണിക്കൂറുകള്‍ കൂടിയേ ഉള്ളു... അതുവരേയ്ക്കും ജീവൻ ഈ സ്പര്‍ശത്തിലാണ്... ഇത് വെറുമൊരു ആർട്ടിഫിഷ്യൽ ലിംബ് അല്ല... ഈ കാലമത്രയും അദ്ദേഹം തന്നെ തലോടുമെന്നു കൊതിച്ച മകന്റെ കയ്യാണ്... ആ ഒരു സന്തോഷത്തോടെ അദ്ദേഹം പൊയ്ക്കോട്ടേ... വേറൊന്നും നമുക്ക് ചെയ്യാനില്ല.....’

ആരോ തന്നെ ഉറ്റു നോക്കി അടുത്ത് നില്ക്കുകന്നതുപോലെ... അടഞ്ഞ കണ്ണുകൾക്കപ്പുറത്ത് നിന്നും ഹൃദയത്തിലേക്ക് ഒഴുകി എത്തുന്ന സ്നേഹത്തിന്റെ  നിശ്വാസം.

“അള്ളാഹു അക്ബർ... അള്ളാഹു അക്ബർ...”

പുറത്ത് നിന്ന് ഒഴുകിവരുന്ന മഗ്‌രിബ് നമസ്കാരത്തിനുള്ള ബാങ്ക് വിളി…

കണ്ണുകൾ തുറന്നു... മുറിയിൽ നിറയാൻ തുടങ്ങിയ ഇരുട്ടു മാത്രം...

കയ്യിലമര്‍ന്നിരിക്കുന്ന വിരലുകളിലേക്കുള്ള നോട്ടം നീണ്ടു… പ്രാണന്റെ തുള്ളികള്‍ പോലെ ഇറ്റിറ്റു വീഴുന്ന ജീവജലം നിറഞ്ഞ കുഴലിന്റെ സ്‌റ്റാന്റിൽ പിടിപ്പിച്ചിരിക്കുന്ന ആർട്ടിഫിഷ്യൽ ലിംബിൽ എത്തി തടഞ്ഞു നിന്നു!

മനസ്സും ശരീരവും ആ തിരിച്ചറിവില്‍ വിറകൊണ്ടു... പിന്നെ ഇതുവരെ ഒഴുകി രക്തത്തില്‍ കലര്‍ന്ന ജീവന്റെ  സ്പന്ദനങ്ങൾ അതിവേഗം കുഴലിലേക്ക് തിരികെ ഒഴുകാന്‍ തുടങ്ങി... അത്  ജീവനില്ലാത്ത മരക്കയ്യിലൂടെ നിലത്ത് വീണു പടിവതിലും കടന്നു പുറത്തേക്കൊഴുകി.  അനാഥത്വത്തിന്റെ തണുപ്പില്‍ മരവിച്ചു കിടക്കുന്ന ജന്മങ്ങളിൽ നിന്നും ഒരു നിലവിളിയോടെ ഒലിച്ചിറങ്ങിയ പ്രാണന്റെ നീര്‍ച്ചാലുകൾ ഒന്ന് ചേര്‍ന്നു  ഭൂമിയുടെ ഹൃദയം തേടി ഒഴുകി…

(ചിത്രം: കടപ്പാട് ഗൂഗിള്‍ )

(@അനില്‍കുമാര്‍ സി. പി.)
http://manimanthranam.blogspot.com

ശവമുറിയിലെ 358-ആം നമ്പര്‍ പെട്ടി

March 27, 2012 അനില്‍കുമാര്‍ . സി. പി.


കയ്യിലിരുന്ന സ്പ്രേ ഗണ്ണില്‍ നിന്നും റോസയ്യ യാന്ത്രികമായി ക്ലീനിംഗ് ലിക്വിഡ്‌ മോര്‍ച്ചറി ട്രേയിലേക്ക് സ്പ്രേ ചെയ്തു. പേരറിയാത്ത ഏതോ പൂവിന്‍റെ സുഗന്ധം മുറിയിൽ നിറഞ്ഞു.

ഇതാകുമോ മരണത്തിന്‍റെ ഗന്ധം?

ഈ സുഗന്ധം ആയിരുന്നോ ഉണങ്ങിവരണ്ട പാടവരമ്പിലെ ഒറ്റമരക്കൊമ്പിലേക്ക് തന്‍റെ ബസന്തിയെ കൂട്ടിക്കൊണ്ടു പോയത്?

റോസയ്യവേഗം ആ ട്രേ വൃത്തിയാക്കു 

അടുത്തുകൂടി പോയ സൂപ്പര്‍വൈസർ ഓര്‍മ്മിപ്പിച്ചു.

അയാള്‍ ക്ലീനിംഗ് ടവ്വൽ കൊണ്ട് സ്റ്റീൽ ട്രേ വൃത്തിയാക്കാൻ തുടങ്ങി. കുറച്ചപ്പുറത്ത് തറ വൃത്തിയാക്കുന്ന ബംഗാളി പയ്യൻ കേട്ടുമറന്ന ഒരു ഗാനം പതുക്കെ മൂളുന്നു. ഇന്നത്തെ സ്പെഷ്യല്‍ അലവന്‍സിന്റെ സന്തോഷം!

സൂപ്പര്‍വൈസറുടെ മുറിവാതില്‍ക്കൽ മോര്‍ച്ചറി ക്ലീനിംഗ് ഡ്യുട്ടി ചോദിച്ചു വാങ്ങാൻ നില്‍ക്കുന്നവരുടെ  ചെറിയ നിര കാണുമ്പോഴൊക്കെ തോന്നാറുണ്ട് അവരെല്ലാം സെമിത്തേരിയില്‍ നിന്നും എണീറ്റ് വന്നു നില്‍ക്കുകയാണെന്ന്.. അത്രയ്ക്കും നിര്‍വ്വികാരമായിരുന്നു ആ മുഖങ്ങള്‍!

കഴിഞ്ഞ കുറെ ദിവസങ്ങളായി വേദന കൊണ്ട് പുളയുന്ന അമ്മയുടെ ദയനീയ രൂപം ഉറക്കം കെടുത്തിയപ്പോഴാണു തൊട്ടടുത്ത് കിടക്കുന്ന റാംസിംഗ് ധൈര്യം തന്നത്

നീ ഈ മാസം മോര്‍ച്ചറി ഡ്യുട്ടി എടുക്കു. അമ്മയുടെ ഓപ്പറേഷന് കൊടുക്കേണ്ട കൈക്കൂലിക്കുള്ള തുക കൂടുതല്‍ കിട്ടും. നമുക്ക് രാവിലെ സൂപ്പര്‍വൈസറെ പോയി കാണാം. ഇപ്പോള്‍ കുറച്ച് ഉറങ്ങാൻ നോക്ക്.

പിറ്റേ ദിവസം അതിരാവിലെ തന്നെ സൂപ്പര്‍വൈസറുടെ മുറിവാതില്‍ക്കലെത്തി. ആ കസേരയില്‍ ഇരിക്കേണ്ട ആളായിരുന്നു താനും. പക്ഷെ തന്നത് ക്ലീനിംഗ് ജോലി. ആറു മാസം കഴിയുമ്പോള്‍ ജോലി മാറ്റി തരാമെന്നു മാനേജർ പറയുന്നു... പ്രതീക്ഷയില്‍ കുരുക്കിയിടുന്ന വെറും പാഴ്വാക്ക്!

"ഭാഗ്യം ഇന്ന് ക്യു ഇല്ല..."

റാംസിങ്ങിന്‍റെ ആത്മഗതം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ റോസയ്യ നിന്നു.

ക്ലീനിംഗ് വര്‍ക്കെഴ്സിന്‍റെ ഇടയിലെ ഏക ബിരുദാനന്തര ബിരുദക്കാരനായ തന്നോടു അല്പം പരിഗണന ഉള്ളത് കൊണ്ട് വേഗം ഡ്യുട്ടി ശെരിയായി. സൂപ്പര്‍വൈസർ ജോലി വിവരിച്ചു കൊണ്ട് മോര്‍ച്ചറിയിലേക്ക് തനിക്കൊപ്പം നടന്നു. തൊണ്ട വരളുന്നു... കാലുകള്‍ മരവിക്കുന്ന പോലെ.

നിരനിരയായി ബാങ്ക്‌ലോക്കറുകള്‍ പോലെ അടുക്കി വെച്ചിരിക്കുന്ന പെട്ടികള്‍. ഓരോ പെട്ടിയുടെ മുൻ‌വശത്തും രേഖപ്പെടുത്തിയിരിക്കുന്ന അക്കങ്ങൾ ...   സൂപ്പര്‍വൈസർ ഒരു വശത്തെ പെട്ടികൾ ചൂണ്ടിക്കാട്ടി.

ഇതിലെ ബോഡികളെല്ലാം കൊണ്ടുപോകുന്നതുവരെ ആഴ്ചയിലൊരിക്കൽ അവ മാറ്റി ട്രേ വൃത്തിയാക്കണം. ഇപ്പോള്‍ ആ ട്രേ വൃത്തിയാക്കു

ശെരി സര്‍ എന്നുപറയാൻ പോലും ശബ്ദം പുറത്തേയ്ക്ക് വന്നില്ല. ഇന്നലെവരെ താന്‍ ഇതിന്റെ വാതിലിനു നേരെ പോലും നോക്കുകയില്ലായിരുന്നു. കുറെ നിര്‍ദ്ദേശങ്ങൾ തന്നുംചെയ്യേണ്ട ജോലികള്‍ കാണിച്ചു തന്നും അയാൾ പോയി.
  
ആദ്യം വൃത്തിയാക്കേണ്ട പെട്ടി നോക്കി റോസയ്യ നിന്നു, 358 ... ജീവിതത്തിന്‍റെ കണക്ക് തെറ്റിയവരുടെ അക്കങ്ങൾ! അയാള്‍ വീണ്ടും ആ നമ്പരിലെയ്ക്ക് ഒന്നുകൂടി നോക്കി. എന്തോ മനസ്സില്‍ കൊള്ളുന്നതുപോലെ... അല്ലെങ്കിലും തനിക്കുള്ളതാണ്, ചില കാര്യങ്ങൾ കാണുമ്പോഴും കേള്‍ക്കുമ്പോഴും മനസ്സിൽ എന്തോ ഒരുതരം കാഴചകൾ നിറയുന്നതുപോലെ...

അന്നത്തെ വേനലവധിയക്ക് കോളേജിൽ നിന്നും വന്നപ്പോൾ ഗ്രാമത്തിൽ മുഴുവൻ പുതിയ കമ്പനിയുടെ സൌജന്യ പരുത്തി വിത്തുംവളവും വിതരണം ചെയ്യുന്നതിന്‍റെ വിശേഷങ്ങൾ ആയിരുന്നു.

എന്തോ കുഴപ്പുമുണ്ട് അപ്പാനമുക്കിത് വേണ്ട" എന്ന് പറഞ്ഞപ്പോള്‍ കഴിഞ്ഞ വിളവില്‍ നല്ല ലാഭം കിട്ടിയവരുടെ കാര്യം അദ്ദേഹം പറഞ്ഞു.

എന്നാലും വേണ്ടപ്പാ ... വലിയവരുടെ സൌജന്യങ്ങളുടെ പിന്നില്‍ പലപ്പോഴും ഒളിച്ചിരിക്കുന്ന ചതി ഉണ്ടാകും"

ഇപ്പോള്‍ ഞാനും ബസയ്യയും മാത്രമേ കമ്പനിവിത്ത് വാങ്ങാതെ കൃഷി ചെയ്യുന്നവരായിട്ടുള്ളുഎന്നാലും നീ പറയുന്നതില്‍ കാര്യം ഉണ്ടാകും... അപ്പനറിയാം.
.
അപ്പന്‍ അഭിമാനത്തോടെ തന്നെ നോക്കി.

അദ്ദേഹത്തിനറിയാത്ത കാര്യങ്ങളില്‍ തന്റെ വാക്കുകൾ ആയിരുന്നു അപ്പന് അവസാന തീരുമാനം. പക്ഷെ ആ തീരുമാനത്തിന് വലിയ വില കൊടുക്കേണ്ടി വന്നു രണ്ടു കുടുംബങ്ങൾക്കും. കമ്പനിയുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങാതെ നിന്നതിനു തനിക്ക് അപ്പനുംബസയ്യക്ക് തന്റെ മകളും നഷ്ടമായി. പിച്ചിച്ചീന്തിയ ബസന്തി ഒരുപകല്‍ മുഴുവൻ ഒറ്റമരക്കൊമ്പിൽ തൂങ്ങി ആടി.

കൃഷിക്കാരുടെ വിശ്വാസം നേടിക്കഴിഞ്ഞപ്പോൾ അന്തകൻ വിത്തു നല്‍കി അവർ എല്ലാവരെയും ചതിച്ചു. പരുത്തി കൃഷിയില്‍ നഷടം വന്നു ആത്മഹത്യ ചെയ്തവർ എന്ന പേരില്‍ തന്റെ ഗ്രാമത്തിലെ മിക്കവാറും കൃഷിക്കാർ സര്‍ക്കാർ കണക്കുപുസ്തകത്തിലെ വെറും അടയാളങ്ങൾ മാത്രമായി. ഇരകള്‍ മാത്രമാകാൻ വിധിക്കപ്പെട്ടവര്‍ക്ക് അതില്‍ കൂടുതൽ എന്ത് മേല്‍വിലാസം ഉണ്ടാകാനാണ്!

സര്‍ക്കാർ ദുരിതാശ്വാസം  ഇടനിലക്കാരിലൂടെ പലരുടെയും കയ്യിലെത്തിയപ്പോള്‍ ശവമടക്കിന്റെ കടം വീട്ടാൻ പോലും തികയാതായി. കമ്പനിക്കെതിരെ പ്രതിഷേധജ്വാലകളുമായി ഇറങ്ങിത്തിരിച്ചവരെ  അന്തകന്‍ വിത്ത് കമ്പനിയുടെ ബിനാമിയായ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ആള്‍ക്കാർ തൊഴില്‍ വാഗ്ദാനങ്ങൾ നല്‍കി വശത്താക്കി. വരണ്ടുണങ്ങിയ പരുത്തി പാടങ്ങള്‍ ഉപേക്ഷിച്ചു നാട് വിട്ടവര്‍ക്കൊപ്പം ജീവിതം നെയ്തെടുക്കാൻ ഈ മണല്‍നഗരത്തിൽ  ഒരുപാടുപേര്‍ എത്തി. എഴുത്തും വായനയും അറിയുന്നവരും അറിയാത്തവരും. അവര്‍ക്കൊപ്പം താനും.

ആഹാതാന്‍ ഇതുവരെ അത് വൃത്തിയാക്കിയില്ലേഇങ്ങനെ ആലോചിച്ചു നിന്നാല്‍ പണി തീരില്ല... 

സൂപ്പര്‍വൈസർ അല്പം ഈര്‍ഷ്യയോടെ നോക്കി. പിന്നെ 358-ആം നമ്പര്‍ പെട്ടിയുടെ മൂടി തുറന്നു. കട്ടിയുള്ള വെള്ളത്തുണിയിൽ പൊതിഞ്ഞിരുന്ന രൂപത്തിൽ നിറയെ ഐസ് പറ്റിപിടിച്ചിരുന്നു.... നാവു കുഴയുന്നു ... ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍.. അയാള്‍ വേഗം കണ്ണുകൾ ഇറുക്കി അടച്ചു. റാംസിങ്ങിന്റെ സഹായത്തോടെ ട്രേയില്‍ നിന്നും ബോഡി എടുത്ത് വൃത്തിയാക്കിയ മറ്റൊരു ട്രെയിലേക്ക് മാറ്റി.. ഗ്ലൌസുകള്‍ക്കുള്ളിലും കൈ വിരലുകൾ തണുത്തു മരവിച്ചു.

ആരായിരിക്കും ഇതില്‍... ഓര്‍ക്കാപ്പുറത്ത് ജീവിതത്തില്‍നിന്നും ഇറങ്ങിപ്പോയതാണോഅതോ ഇഷ്ടത്തോടെ മരണത്തിനോപ്പം പോയതാണോഒന്ന് മുഖം കണ്ടിരുന്നെങ്കില്‍..

അയാളുടെ ചിന്തയില്‍ മിന്നൽ പിണരുകൾ പോലെ ഒരു രൂപം മിന്നി മറഞ്ഞു. അടച്ചു വെച്ചിരിക്കുന്ന പെട്ടിയില്‍ നിന്നും ഒരു സുതാര്യമായ നിഴൽരൂപം തന്റെ മുന്നിൽ വന്നു നില്‍ക്കുന്നപോലെ... അതിന്റെ വയറിന്റെ ഭാഗത്ത് പതിച്ചിരിക്കുന്ന നമ്പര്‍ 358! ആ രൂപത്തിന്‍റെ ചുണ്ടുകൾ പതുക്കെ അനങ്ങി  

"ഹേയ്.. എന്തിനാ എന്നെപറ്റി ഇങ്ങനെ ആലോചിക്കുന്നത്ഞാന്‍ ആരെന്നറിയണോ .. അതാ നോക്ക്.. "

അയാളുടെ ബോധമണ്ഡലങ്ങളുടെ പാളികൾ ഒന്നൊന്നായി അടര്‍ന്നു വീണു. ഗോദാവരിയുടെ കരയിലെ ആശ്രമ മണ്‍പാതയിൽ പുലർ മഞ്ഞിൽ നടന്നു പോകുന്ന ഗുരുജി... കയ്യില്‍ താൻ വരച്ച ബസന്തിയുടെ ചിത്രം... അദ്ദേഹം പതിഞ്ഞ ശബ്ദത്തിൽ തന്നോട് സംസാരിക്കുന്നുണ്ട്... 

"നിന്‍റെ ചിത്രം കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്... കല കച്ചവടം ചെയ്യാനുള്ളതല്ലപക്ഷെ കലയും കണക്കും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ട്. ഇത് ‘ഗോള്‍ഡൻ റേഷ്യോയിലുള്ള‘ ചിത്രമാണ്. നീ കേട്ടിട്ടുണ്ടോ,3,5.8,13 ... ഇങ്ങനെ ഒരു പ്രത്യക ശ്രേണിയിലുള്ള സംഖ്യകളെ പറ്റി. അതിലെ സംഖ്യകള്‍ക്ക് നിയതമായ ഒരു താളമുണ്ട്ദൂരമുണ്ട്. ഭൂമിയിലെ അതിമനോഹരമായവ എല്ലാം ഈ ക്രമത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്... നിന്‍റെ ബസന്തിയും. ഈ അനുപാതത്തില്‍ അവയവങ്ങൾ ഉള്ളവള്‍ ആരെയും മോഹിപ്പിക്കുന്നവൾ ആയിരിക്കും...

ചിത്രകലയില്‍ മാത്രമല്ല എല്ലാ മേഖയിലയിലും ഇതിന്‍റെ സിദ്ധാന്തം പ്രയോഗിക്കുന്നുണ്ട്. വ്യവസായത്തില്‍, ആര്‍ക്കിടെക്ചറിൽ, എന്തിനു ഫിനാന്‍സിൽ പോലും ഉപയോഗിക്കുന്നു. നീ ചരിത്രം പഠിക്കാനുള്ളവന്‍ അല്ലനിന്റെ ലോകം ചിത്രകലയാണ്. ദരിദ്രന്റെ ശരീരഭാഷ നീ ആദ്യം മാറ്റ്... നിന്റെ കഴിവുകള്‍ വില്‍ക്കാൻ പഠിക്ക് കുഞ്ഞേ...

തണുത്ത കാറ്റില്‍ ഒരു മഞ്ഞുപാളിക്കൊപ്പം അദ്ദേഹം മറഞ്ഞു. ഗോദാവരിയില്‍ നിന്നും വന്ന ശക്തമായ കാറ്റ് ഗുരുജിയുടെ കയ്യിലിരുന്ന ചിത്രം തട്ടിയെടുത്തു. കുറേനേരം അത് പലയിടത്തും തട്ടിയും തടഞ്ഞും കീറി പറിഞ്ഞു തന്റെ മുഖത്ത് വന്നു വീണു. അതില്‍ നിന്നുംഇറുന്നു വീഴുന്ന ചുണ്ടും മുലക്കണ്ണുകളുമായി ഒരു പെണ്‍കുട്ടി ഇറങ്ങി വന്നു. നഖങ്ങള്‍ ആഴ്ന്നിറങ്ങിയ അടിവയറിൽ എന്തോ എഴുതി വെച്ചിരിക്കുന്നു... റോസയ്യ ഒന്നുകൂടി സൂക്ഷിച്ചു നോക്കി 358! പിന്നെ അത് രൂപരഹിതമായ ഒരു നിഴലായി അയാളെ ആലിംഗനം ചെയ്തു  .. അയാള്‍ അലറിക്കരഞ്ഞു...

റോസയ്യാ ... കണ്ണ് തുറക്കു..

ആരാണ് തന്നെ കുലുക്കി വിളിക്കുന്നത്‌ചുണ്ടില്‍ തണുത്ത വെള്ളത്തിന്‍റെ നനവ്‌... ബസന്തി ചൂടാറുള്ള കൊളുന്തിന്‍റെ മണം.

താന്‍ എന്‍റെ ജോലി കൂടി കളയുമല്ലോ.

താഴെ വീണുകിടന്ന അയാളെ താങ്ങി എഴുനേൽ‌പ്പിച്ച് സൂപ്പര്‍വൈസർ പറഞ്ഞു.

നാശം ... ഇനി ഡ്യുട്ടി മാറ്റാനും പറ്റില്ല.

ഇല്ല സര്‍, ഞാൻ ... ഇനി ഇങ്ങനെ ഉണ്ടാവില്ല

റോസയ്യ തളര്‍ന്ന മുഖത്തോടെ അയാളെ നോക്കി.

ജീവിതത്തിന്‍റെ നോവും വേവുമായി ഭൂമിയുടെ അങ്ങേ തലയ്ക്കലോളം നടന്നു തളർന്നവനെപ്പോലെ ചുരുണ്ടുകൂടി ഇരിക്കുന്ന റോസയ്യയുടെ മുഖത്തേയ്ക്ക് നോക്കുവാനാവാതെ അയാൾ കയ്യിലിരുന്ന വെള്ളത്തിന്‍റെ കുപ്പി നീട്ടി. പിന്നെ അവന്‍റെ ശോഷിച്ച ചുമലിൽ തട്ടി ചോദിച്ചു...

ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ ആവാത്തവര്‍ക്ക് ശവമുറികളും വരാന്തകളും ഒരുപോലല്ലേ റോസയ്യാ?“

റോസയ്യ വേച്ച് വേച്ച് എഴുന്നേറ്റ് ജോലി ചെയ്യാന്‍ തുടങ്ങി. 358-ആം നമ്പർ ശവപ്പെട്ടിയില്‍   നിന്നും ഇറങ്ങിയ രൂപരഹിതമായ ഒരു നിഴൽ അപ്പോഴും അയാള്‍ക്ക് ചുറ്റും ഒഴുകുന്നുണ്ടായിരുന്നു ...

@ അനില്‍കുമാര്‍ സി. പി.
http://manimanthranam.blogspot.com