സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!സ്മാൾ ടോക്ക് ഓൻ ലൈഫ്(ബാർ അറ്റാച്ച്ഡ്)

September 29, 2010 എന്‍.ബി.സുരേഷ്


“പരാജയപ്പെട്ടുപോയി ഞാൻ.”

“ഹ ഹ ഹ .”

“എന്താ നീ ചിരിച്ചുകളഞ്ഞത്?”

“ഫലിതം കേൾക്കുമ്പോൾ ഞാൻ ഒരിക്കലും ചിരിക്കാതിരുന്നിട്ടില്ല.പ്രത്യേകിച്ചും തിരിച്ചറിവിൽ നിന്നുണ്ടാകുന്നതാവുമ്പോൾ.”

“നിനക്കെന്നോട് അനുതാപമോ, പുച്ഛമോ ഖേദമോ ദേഷ്യമോ മമതയോ ഒക്കെ തോന്നുമെന്നാണ് ഞാൻ കരുതിയത്!"

“എന്തിന്? അതുകൊണ്ടെന്തു കാര്യം? ഞാനങ്ങനെയൊക്കെ കരുതിയെന്ന് വിചാരിക്ക്യാ, നിന്റെ തോന്നലിന് എന്തെങ്കിലും ഇളക്കം സംഭവിക്കുമോ?”

“എങ്കിലും എന്റെ ഒരു ആശ്വാസത്തിന്.....”

“അതിന്റെ ആവശ്യമുണ്ടന്ന് തോന്നുന്നില്ല. ആട്ടെ, നാനാവഴിക്കും ആലോചിച്ചിട്ട് എല്ലാ മാർഗ്ഗങ്ങളും അടഞ്ഞെന്നു തോന്നിയപ്പോഴാണോ നീയിങ്ങനെ ഒരു പ്രസ്താവനയിൽ എത്തിച്ചേർന്നത്?”

“ഇനിയെന്തു വഴി, എവിടേയ്ക്ക് പോകാൻ?. ലങ്കാലക്ഷ്മിയിൽ രാവണൻ ചോദിക്കുന്ന ചോദ്യം ഞാനും ചോദിക്കട്ടെ, നിന്നോട്. പറയൂ എന്റെ ജീവിതം ഒരു പാഴ്ചിലവായിരുന്നോ?”

“കൂട്ടുകാരാ, ഈ ചോദ്യം തന്നെ തെറ്റാണ്. ഒരാൾക്ക് മറ്റൊരാളെ വിലയിരുത്തി ഉത്തരം കണ്ടുപിടിച്ച്നിർദ്ദേശിക്കാൻ കഴിയുമെന്ന മിഥ്യ പണ്ടേ പ്രചരിക്കുന്നുണ്ട്. വെറുതെയാ, എത്ര തൊട്ടുതൊട്ടു നടന്നാലും ഒരാൾ മറ്റൊരാളുടെ അകത്തല്ല പുറത്താണ്. ഒരോരുത്തരുടെയും ജീവിതവഴികൾ വിഭിന്നമല്ലേ?”

“എങ്കിലും എന്റെ ജീവിതം ഏറക്കുറെ നിനക്ക് സുപരിചിതമല്ലേ?”

“എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട എന്ന പ്രയോഗത്തിലൊക്കെ ശരി കുറച്ചേയുള്ളൂ.കടലിൽ പൊന്തിക്കിടക്കുന്ന മഞ്ഞുമലപോലെ നമ്മൾ ഭൂരിഭാഗവും നമ്മുടെ തന്നെ ഉള്ളിലായിരിക്കുമ്പോൾ പിന്നെങ്ങനെ? ഒരോ മനുഷ്യനും കണ്ടുപിടിക്കപ്പെടാത്ത നിരവധി ഭൂഖണ്ഡങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്. അങ്ങനെയിരിക്കെ നമ്മുടെ വിശ്വാസങ്ങളൊക്കെ വിശ്വാസങ്ങളുടെ അപ്പുറം കടക്കാറില്ല.”

“ഞാൻ നിന്നെ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ടല്ലോ...”

“ഹ ഹ ഹ... നീ വീണ്ടും ഫലിതം പറയുന്നു. നീ ഒന്നുകൂടി അടിക്ക്. പോരട്ടെ ചിരിക്കാനുള്ള ഓരോരോ വകകൾ...”

“നീ എന്റെ നോവിനെയും നിരാശയെയും അപഹസിക്കാൻ ശ്രമിക്കുകയാണോ?”

“എന്ന് നിനക്ക് തോന്നിയെങ്കിൽ ഞാൻ ഇത്തിരി മുൻപ് പറഞ്ഞത് ശരിയായി വരുന്നു എന്നാണർത്ഥം. ഇതുവരെ നമ്മൾ പരസ്പരം മനസ്സിലാക്കിയില്ല.”

“എനിക്ക് ഇതൊക്കെ പറയാൻ നീ മാത്രമേയുള്ളൂ...”

“ഇങ്ങനെ വെള്ളമൊഴിക്കാതെ വലിച്ചുകേറ്റല്ലേ. ദാ ഈ ഇറച്ചിത്തുണ്ടൊരണ്ണം ചവയ്ക്ക്. ഞാൻ പുറം തലോടിത്തരണോ? “
“വേണ്ട, സാരമില്ല. എനിക്കാരുമില്ല എന്നൊരു തോന്നൽ ഈയിടെയായി ഉള്ളിലിങ്ങനെ കലങ്ങിമറിയുന്നു.”

“അതൊരു നല്ല തോന്നല് തന്ന്യാ. ചെയ്യേണ്ട കാര്യങ്ങൾ തനിയെ ചെയ്യാൻ അത് ഒരു നിമിത്തമാവും.”

“ഒരു മനുഷ്യന് ഒറ്റപ്പെട്ട് ഒരു ലോകത്തിൽ എത്രകാലം കഴിഞ്ഞുകൂടും.? അതും നിറയെ മനുഷ്യർ കുമിഞ്ഞുകൂടിയ ഈ കാലത്ത്?“

“മനുഷ്യർ മാത്രമല്ലല്ലോ, ലോകത്ത് വേറെയുമുണ്ടല്ലോ ജീവജാലങ്ങൾ. പിന്നെ എപ്പോഴും നമ്മുടെ ചുറ്റിലും നമ്മെ ശ്രദ്ധിച്ച്, നമ്മെ ശ്രവിച്ച്, നമ്മെ സ്നേഹിച്ച്, നമ്മെ പരിചരിച്ച്, മനുഷ്യരുടെ ഒരു കൂട്ടം വേണമെന്ന ആഗ്രഹം ഒരു അത്യാഗ്രഹമാണ്. സ്വാർത്ഥതയിൽ നിന്നു വരുന്ന മണ്ടത്തരം നിറഞ്ഞ ഒരു ആലോചനയാണത്. എല്ലാവരും ഇങ്ങനെ തന്നെയല്ലേ ചിന്തിക്കുന്നത്. അപ്പോൾ കാര്യങ്ങൾ കൂ‍ടുതം സങ്കീർണ്ണമാവില്ലേ ചങ്ങാതീ...?”

“അതൊരു ആഗ്രഹമായിട്ടു പോലും കൊണ്ടു നടക്കാൻ പാടില്ലന്നാണോ?”

“മറ്റുള്ളവരെ ആശ്രയിച്ച് ആഗ്രഹങ്ങളും കിനാവുകളും കൊണ്ടുനടക്കുന്നത് നമ്മെ കുഴപ്പത്തിൽ കൊണ്ടെത്തിക്കും. അധൈര്യവും അപൂർണ്ണതയും നമ്മെ വലയം ചെയ്യും.”

“ഒന്നു മിണ്ടാനും പറയാനുമ്പോലും ആരുമില്ലാതെ മൌനത്തിലും ഏകാന്തതയിലും പെട്ട് നടുക്കടലിൽ തകർന്ന കപ്പൽ പോലെ......!“

“ നടുക്കടലിൽ തകരുന്ന കപ്പലിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്. മാർക്കേസിന്റെ കപ്പൽച്ഛേദം വന്ന നാവികന്റെ കഥ എന്ന നോവൽ നീയല്ലേ എനിക്ക് വായിക്കാൻ തന്നത്.? നടുക്കടലിൽ പെട്ടുപോയ ആ നാവികൻ തന്റെ ശരീരവും ജീവനും കരയിൽ കൊണ്ടെത്തിച്ച ആ അപാര ധൈര്യം നീയെത്ര വാഴ്ത്തിയിരിക്കുന്നു.ഹെമിംങ്‌വേയുടെ കിഴവൻ സാന്റിയാഗോയെ നീയെത്ര ആരാധിച്ചിരിക്കുന്നു. അൽക്കെമിസ്റ്റിൽ കൊയ്‌ലോ രൂപപ്പെടുത്തിയ സാന്റ്റിയാഗോയൂടെ ആത്മവിശ്വാസത്തെ നീ എത്ര പിന്തുടർന്നിരുന്നു. ആ നീ ഇപ്പോൾ ജീവിതം കൈയിൽ നിന്നു വഴുതി മണ്ണിൽ പതിച്ച ജലം പോലെ വറ്റിപ്പോവുന്നു എന്ന് ഓർത്തോർത്ത് കരഞ്ഞാലോ..?”

“ മരുഭൂമിയിൽ പെട്ടുപോയ ഒറ്റമരം പോലെ ഞാൻ....!“

“നീ ഇതുവരെ മറ്റുള്ളവരോടെ സംസാരിക്കുകയായിരുന്നില്ലേ. ആ തിരക്കിനിടയിൽ നീ ഒരാളെ ഓർത്തതേയില്ല.”

“ആര്? ആരാ‍ണത്. ഞാനറിയാത്ത ഒരു അജ്ഞാതൻ?”

“അതെ, നീയറിഞ്ഞില്ല. നിന്നെ തന്നെ ആശ്രയിച്ച്, നീ പുറപ്പെട്ടു പുറത്തേക്ക് പോകുമ്പോഴൊക്കെയും, നീ എത്രവൈകിയാലും വെളിച്ചം കെടുത്താതെ കാത്ത് കാത്ത ഉറങ്ങാതെ ഉള്ളിൽ ഇരിക്കുന്ന ഒരാളെ.”

“നീ എന്താ ഭ്രാന്തു പറയുന്നോ? ഞാൻ അത്ര ഫിറ്റായിട്ടില്ല...”

“ ഹ ഹ.. ചുമ്മാ നീ എല്ലാ കാലത്തും ഫിറ്റായിരുന്നു. സന്തോഷം ഉണ്ടാക്കാൻ സ്വന്തം ശരീരത്തെ നിരന്തരം പീഡിപ്പിക്കുന്നവരാണല്ലോ നാം മനുഷ്യർ. അതിനിടയിൽ ജീവിതം ശരിയായി ജീവിച്ച് അതിന്റെ ലഹരി അനുഭവിക്കാൻ നമുക്ക് കഴിയാറില്ല.”

“എനിക്ക് കേൾക്കണ്ട നിന്റെ ഫിലോസഫി...”

“അതെ നമുക്കെപ്പോഴും ലളിതമായ ഉത്തരങ്ങൾ മാത്രം മതിയല്ലോ. പോട്ടെ, ഞാൻ നിന്റെ ഉള്ളിലിരിക്കുന്ന അപരനെ കുറിച്ചാണ് പറഞ്ഞു വന്നത്. അകത്ത് നീ പൂട്ടിയിട്ടിരിക്കുന്ന അവൻ നിന്റെ ജീവിതത്തെ ഒരു തരി പോലും വേദനിപ്പിക്കാതെ നേർത്ത ഒച്ചയിൽ മുട്ടിവിളിക്കുന്നത് പുറത്ത് നീ ചെന്നു പെട്ട ആരവങ്ങൾക്കിടയിൽ നീ കേട്ടതേയില്ല.?”

“നിർത്ത് എന്റെ തല പെരുക്കുന്നു. നിന്നോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ലന്ന് കരുതൂ.. ഹേയ് ബയറർ വാ ഇവിടെ..

ഒരു റിപ്പീറ്റ്.”

“ഇതാ നിന്റെ പ്രശ്നം എന്നും നീ ഇങ്ങനെ ഒളിച്ചോടുകയായിരുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക്. ആ പോക്ക് പോകെ ഒരു ഭാര്യപ്പോലെ നിന്റെ വരവും കാത്ത് ഇരുന്ന് മടുത്ത നിന്റെ അപരൻ യുഗങ്ങളായി പുറത്തുനിന്നും വാതിലിൽ ഒരു ചെറു തട്ട് പോലും കേൾക്കാതെ മയക്കത്തിലായി. നിന്നിൽ നിന്ന് എന്നെങ്കിലും ചില ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന് കരുതിയ അവൻ വന്ന് വന്ന് തീരെ നിരാശനായി, ഒട്ടും ഊർജ്ജസ്വലനല്ലാതെ ആയിത്തീർന്ന് ഗള്ളിവറെ പോലെ നീണ്ട ഉറക്കത്തിൽ വീണു. നിരന്തരം എണ്ണ പകർന്ന് തെളിക്കുവയ്ക്കാൻ ആളില്ലാത്ത കാരണം ഉള്ളിൽ വെളിച്ചം പകർന്ന വിളക്ക് കരിന്തിരിയെരിഞ്ഞു കെട്ടു..”

“ഹൊ അവനവനെ അറിയുന്ന ഈ വരണ്ട തത്വവിചാരം കേട്ട് മടുത്തു. ഇനി ഫിറ്റാവാൻ ആദ്യം മുതൽ തുടങ്ങണം.”

“അതെ, സത്യങ്ങളെ നേരിടുമ്പോൾ ഒളിച്ചോടാൻ നാം നമ്മുടെ ശരീരത്തിൽ കുത്തിനിറച്ചതൊന്നും തുണയായി വരില്ല. ആത്മാവിനു വിശക്കുമ്പോൾ ശരീരം പുഷ്ടിപ്പെടുത്തിയിട്ടെന്തു കാര്യം എന്ന് പണ്ടുള്ളവർ പറയും..”

“എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ട്.”

“ഹ ഹ ഹ ... ഞാൻ എഴുത്തച്ഛന്റെ രാമായണത്തിലെ ലക്ഷ്മണോപദേശം ഒന്നു നീട്ടിച്ചൊല്ലാം. നിന്റെ പെഗ്ഗിനൊപ്പം ഒരു വെറൈറ്റി കോമ്പിനേഷൻ ആവും. എന്താ തുടങ്ങട്ടോ?”

“നീയും ഉപകരിക്കില്ല അല്ലേ?’

“ ഹ ചൂടായി ഇറങ്ങിപ്പോകാതെ അവിടെ കുത്തിരിക്കിൻ‌ന്ന് എന്റെ മാഷേ. ദേഹമനങ്ങാതെ, ദഹനേന്ദ്രിയങ്ങൾ വേണ്ടത്ര പ്രവർത്തിക്കാത്തപ്പോൾ നീ ഏത് ഭക്ഷണം കഴിച്ചാലും രുചിയുണ്ടാവില്ല. നീ അത് നീക്കിയെറിയും. വിളമ്പുന്നവനെ അവഗണിച്ച് ഇറങ്ങിപ്പോകും. നീ അദ്ധ്വാനിക്കുകയും ക്ഷീണിക്കുകയും ചെയ്യുമ്പോൾ കുറച്ചുമുൻപ് നീക്കിയെറിഞ്ഞ അതേ ഭക്ഷണം വീണ്ടും തന്നാൽ അളവ് കുറഞ്ഞുപോയതിനാവും നീ പരിഭവം പറയുന്നത്, രുചിയെപ്രതിയാവില്ല.”

“നീ കാട് കയറുന്നു.”

“കാട് കയറുന്നത് അത്ര വലിയ കുറ്റമല്ല. മാത്രമല്ല മനസ്സിനും ശരീരത്തിനും വളരെ നല്ലതാണ് താനും. നഗരജീവിതം വെടിഞ്ഞ് മലമുകളിൽ പോയി ഒറ്റയ്ക്ക് പാർത്ത തോറോയുടെ വാൾഡൻ(കാനനജീവിതം) വായിച്ചിട്ട് നീ പണ്ട് പറഞ്ഞത് എനിക്ക് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. എല്ലാം വിട്ടെറിഞ്ഞ് ഒരിക്കൽ അങ്ങനെ ഒരു ജീവിതം നയിക്കണമെന്ന്. ആ നീയാണോ ഇപ്പോൾ ഏകാന്തതയെയും മടുപ്പിനെയും ഒറ്റപ്പെടലിനെയുമൊക്കെ ഓർത്ത് തകർന്നടിഞ്ഞ് എന്റെ മുൻപിൽ ഇരിക്കുന്നത്. മഞ്ഞുമലകളിലൂടെ അലഞ്ഞ് ആത്മാന്വേഷണം നടത്തി ഗാവോ സിങ് ജിയാന് ആത്മശൈലം എന്ന നോവലിന് നോബൽ സമ്മാനം കിട്ടിയപ്പോഴും നീ ആവേശഭരിതനായിരുന്നു. എന്നിട്ടിപ്പോൾ നഗരത്തിന്റെ അലവലാതിത്തരങ്ങൾ കൊഴിഞ്ഞുപോകുന്നതിന്റെ വേവലാതി പരാതിയായി പറയുന്നു. കഷ്ടം..!“

“നീ എന്നെ കുത്തിനോവിക്കല്ലേ, ഞാൻ ഒരു ആഴക്കിണറിലേക്ക് വീണു പോകും‌പോലെ...”

“പോകൂ, ആഴങ്ങളിലേക്ക് പോകൂ, ഇനി നിന്നെ രക്ഷിക്കാൻ നിനക്ക് മാത്രമേ കഴിയൂ. നീ നിന്നോടും തിരിച്ച് മനുഷ്യന്റെ ഭാഷയിൽ വർത്തമാനം പറയാത്ത ജീവജാലങ്ങളോടും സംവദിക്കൂ.നിന്റെ ഉള്ളിൽ വെളിച്ചമണച്ച് കിടന്നുറങ്ങിയവനെ പോയി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചുണർത്ത്. അവൻ ഉണരുമ്പോൾ നീ അത്ഭുതപ്പെട്ടുപോകും. കാരണം നീ നിന്നെ കണ്ണാടിയിൽ ശരിക്ക് കാണാൻ തുടങ്ങുന്നത് അന്നേരം മുതൽ ആവും. പോകൂ.... “

“നീ....”

“ഞാൻ പിന്നാലെ ഉണ്ട്. പതൂക്കെ. നീ ഇപ്പോൾ കാറ്റിൽ ആടിയുലയുന്ന ഒരു മരം പോലെയാണ്. നിന്റെ ജീവിതബോധം പോലെ. ഞാൻ തുണ വരാം ഇന്നും കൂടി.. എന്നും അങ്ങനെ കരുതരുത്.”

“വേണ്ട, ഞാൻ തനിയെ നടക്കാം... ഇപ്പോൾ മുതൽ....”

“ദാ നീ പെൻ‌ടോർച്ച് മറന്നു. വീടിനടുത്തുള്ള ഇടവഴി നീ എങ്ങനെ കടക്കും...”

“ ഇല്ല വെളിച്ചം ഉള്ളിൽ നിന്ന് പതിയെ പുറത്തേക്കു പടരുന്നുണ്ട്......”

(ഇതിനെ കഥ എന്ന് വേണമെങ്കിൽ വിളിക്കാം. വിളിക്കാം.)

പൊരുളറിയാതെ

ശിവകാമി

പൊരിവെയിലേറ്റു പാതയോരത്ത് ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായിയെന്നറിയില്ല! തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും വെയിലത്ത്‌ വാടിയ വിശന്ന മുഖങ്ങളും ഇടയ്ക്ക് ചിതറുന്ന ചോരത്തുള്ളികളും മാംസക്കഷ്ണങ്ങളും കാണുമ്പോള്‍ പലപ്പോഴും ആശിച്ചിരുന്നു, ഒരിക്കലെങ്കിലും ഇമയൊന്നുചിമ്മാന്‍ കഴിഞ്ഞെങ്കില്‍ എന്ന്. തൊട്ടടുത്ത കൊച്ചുകൂടാരങ്ങളില്‍ നിന്നും ചിരിയും കൊഞ്ചലും ശകാരവും കരച്ചിലും നിലവിളിയുമൊക്കെ ഉയരാറുണ്ട്. ചില രാത്രികളില്‍ മറ തേടി എത്തുന്ന ശരീരങ്ങള്‍.. അര്‍ഥം തിരിച്ചറിയാന്‍ കഴിയാത്ത ശബ്ദങ്ങള്‍...

എത്രകാലത്തെയ്ക്കെന്നറിയാത്ത വിരസമായ തുടര്‍ച്ചയുടെ ഒരു രാത്രി മുകളില്‍ നിന്നും തണുത്ത വെള്ളത്തുള്ളികള്‍ ദേഹത്ത് പതിച്ചു. കൂടാരങ്ങളില്‍നിന്നും ആരൊക്കെയോ ഓടിയിറങ്ങിവന്ന് വെളുത്ത പുതപ്പുകൊണ്ട്‌ മൂടി കാലുകളോടുചേര്‍ത്ത് കെട്ടിവെച്ചു. ഇരുള്‍ മാറി വെളിച്ചം വന്നപ്പോള്‍ മുന്നിലെ കാഴ്ചകള്‍ നഷ്ടമായിരുന്നു. തലേന്നുവരെ കണ്ടതെല്ലാം ശബ്ദങ്ങളും വെളുപ്പും മാത്രമായി. കാഴ്ചകള്‍ക്ക് ഇത്രയും പ്രാധാന്യമുണ്ടെന്ന് മനസിലായത് അപ്പോള്‍ മാത്രമാണ്.

ഇടയ്ക്ക് ഏതോ വികൃതിയുടെ ദാക്ഷിണ്യം മൂടുപടത്തിലെ വലിയ തുളകളായി. ഇപ്പോള്‍ ചിലപ്പോഴൊക്കെ തണുത്ത കാറ്റും പാഞ്ഞുപോവുന്ന നിറങ്ങളും അവ്യക്തമായി കാണാം. ശബ്ദങ്ങള്‍ കുറേക്കൂടി വ്യക്തമായിത്തുടങ്ങി. ഇടയ്ക്കൊരു ദിവസം ആരൊക്കെയോ തള്ളിനീക്കി കുറച്ചുകൂടി മുന്നിലെത്തപ്പെട്ടു. തണുത്ത നിറങ്ങള്‍ ശരീരത്തും മുഖത്തുമൊക്കെ ശ്രദ്ധയോടെ ചാലിച്ചുചേര്‍ത്തുകൊണ്ടുനിന്ന കലാകാരന്‍റെ നിശ്വാസമേറ്റ് പിന്നെയും കുറെ നാള്‍ പാതയരികില്‍... ഇപ്പോള്‍ ഈ വഴിപോവുന്ന പലരും നോക്കുകയും ആശ്ചര്യപ്പെടുകയും കുട്ടികള്‍ കൈചൂണ്ടുകയും കൈകൊട്ടി ചിരിക്കുകയും ചെയ്യുന്നു.

ഹോ... കുറച്ചു ദിവസമായി പെരുമഴയാണ്.വീണ്ടും കനത്ത മൂടുപടം പുറം കാഴ്ചകള്‍ ഇല്ലാതാക്കി. എങ്കിലും ഇടയ്ക്കിടെ ആരൊക്കെയോ വന്നു മറനീക്കി സൌന്ദര്യം ആസ്വദിക്കുകയും ദേഹത്ത് അവിടവിടെ തൊട്ടു നോക്കി, ഉറക്കെയുറക്കെ സംസാരിക്കുന്നുമുണ്ട്. കഴിഞ്ഞദിവസം ഇടതുവശത്തെ ചെറിയ ദ്വാരം വഴി ശക്തമായി കാറ്റ് വീശിയപ്പോഴാണ് തലേന്ന് കേട്ട ഇരമ്പലും സംസാരവും അരികില്‍ നിന്നിരുന്ന മറ്റൊരാള്‍ക്ക് വേണ്ടിയായിരുന്നു എന്ന് മനസിലായത്. ഇതുപോലെ ആരെങ്കിലും ഇവിടെ നിന്നും പോകുന്ന രാത്രി ശബ്ദമുഖരിതമായിരിക്കും. കിട്ടുന്നത് മുഴുവന്‍ നശിപ്പിക്കുമെന്ന് ശകാരമാവുന്ന വേവലാതിയും ആധിപത്യം സ്ഥാപിക്കാനെന്നോണം ബലപരീക്ഷണം നടത്തുന്ന ലഹരിയുടെ അതിപ്രസരവും.. ഇടക്കെപ്പോഴൊക്കെയോ നിലവിളിയുടെ അനുബന്ധമായ കുഞ്ഞുകരച്ചിലുകളും..

ഇന്ന് വന്നവര്‍ക്ക് എന്നെ ബോധിച്ചുവെന്നു തോന്നുന്നു. ഏതോ വലിയ വാഹനത്തില്‍ ആരൊക്കെയോ എടുത്തു കയറ്റിവെച്ചു. ഇപ്പോള്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ കാഴ്ചകളുണ്ട്‌‌.. എവിടെക്കോ നീങ്ങുന്നതുപോലെ.. എപ്പോഴോ ചെറിയ കുലുക്കത്തോടെ നിന്നപ്പോള്‍ വഴിയരികിലെ കടയുടെ മുന്നില്‍ പതിച്ച വലിയ കണ്ണാടിയില്‍ തെളിഞ്ഞ രൂപം ആശ്ചര്യപ്പെടുത്തി. വിടര്‍ന്ന കണ്ണുകളും ആഭരണങ്ങളും നീണ്ട തുമ്പിക്കൈയ്യും  കണ്ടു. വീണ്ടും കുലുങ്ങിക്കുലുങ്ങി എവിടെക്കോ പോയി.

വലിയ മേടയിലേക്ക് ആനയിക്കപ്പെട്ട്, പുഷ്പഹാരങ്ങളാല്‍ അലങ്കരിക്കപ്പെട്ട്, പൂക്കളും സുഗന്ധവും വിളക്കുകളും മണിനാദവും കൊണ്ട് പൂജിക്കപ്പെട്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളാവുന്നു. കാവിയും മഞ്ഞയും ധരിച്ചവര്‍ മുന്നില്‍ വന്നുനിന്നു മന്ത്രങ്ങള്‍ ചൊല്ലുന്നു. ഭജനകള്‍ ഉറക്കെ പാടുന്നു.. മുന്നില്‍ നിറയെ ഭക്ഷണസാധനങ്ങളും മറ്റെന്തൊക്കെയോ ഒക്കെ വെച്ച് നിവേദിക്കുന്നു. നിറമിഴികളോടെ പ്രാര്‍ത്ഥിക്കുന്ന ചിലര്‍.. ഭക്തിയാല് ഉന്മാദാവസ്ഥയിലെത്തപ്പെട്ട ചിലര്‍..

ശബ്ദഘോഷങ്ങള്‍ അരോചകമായിത്തുടങ്ങി. ഏവരുടെയും ശ്രദ്ധാകേന്ദ്രമാവുക എന്നത് ആദ്യമൊക്കെ സന്തോഷം തന്നിരുന്നു. ഇപ്പോള്‍ വീണ്ടും ഒരുതരം മടുപ്പ്.. എന്നും ഒരേ മന്ത്രോച്ചാരണങ്ങള്‍.. പ്രാര്‍ത്ഥനകള്‍.. ഗാനാലാപനം.. ഇടയ്ക്കു കൊച്ചുകുട്ടികളുടെ കലാപരിപാടികള്‍.. ചിലതൊക്കെ കേള്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.. വെളിച്ചത്തില്‍ മുന്നില്‍ വന്നുവീണ ചില വസ്തുക്കള്‍ക്ക് വലിയ വിലയുണ്ടെന്ന് ഇരുളിലെ തര്‍ക്കങ്ങളും പിടിവലികളും മനസിലാക്കിത്തന്നു.

ആരൊക്കെയോ വലിച്ചുകയറ്റിയ വലിയ വാഹനത്തില്‍ വീണ്ടും എവിടെയ്ക്കെന്നറിയാതെ...   വാദ്യഘോഷങ്ങളുമായി കുട്ടികളും ചെറുപ്പക്കാരും മുന്നിലും പിന്നിലും. വഴിയില്‍ പലയിടത്തും സമാനരൂപികള്‍ അനുഗമിക്കുന്നുണ്ടെന്നു തോന്നുന്നു. നെടുനീളെ കെട്ടിയിട്ട കൂടാരത്തില്‍ അടുത്തുനിന്നിരുന്ന ആരെങ്കിലും അവരില്‍ ഉണ്ടായിരുന്നോ എന്തോ..

വലിയ പുരുഷാരവും താണ്ടിനീങ്ങുമ്പോള്‍ മുന്നില്‍ ഇപ്പോള്‍ നീലനിറമുള്ള കടലാണ്. ശക്തിയോടെ നുരയും പതയുമായി ഉയര്‍ന്നുവരുന്ന തിരമാലകള്‍.. ഇരിപ്പിടത്തിലും കാലിലുമൊക്കെ കൂറ്റന്‍ കയര്‍ കെട്ടി വലിച്ചിഴക്കപ്പെടുന്നു... ശബ്ദകോലാഹലങ്ങളുടെ പാരമ്യത്തില്‍ ചെവി കൊട്ടിയടക്കപ്പെട്ടതുപോലെ.. വല്ലാത്തൊരു ഇരമ്പല്‍ മാത്രമേയുള്ളൂ ഇപ്പോള്‍.. പിന്നില്‍നിന്നും ശക്തിയായ തള്ളല്‍ അനുഭവപ്പെടുന്നുണ്ട്. തിരമാലകള്‍ ആര്‍ത്തിയോടെ ആഞ്ഞുപുണരുന്നു.. മുന്നിലേക്ക്‌ ഒഴുകിനീങ്ങുമ്പോള്‍ ഇരിപ്പിടവും കാലുമൊക്കെ അടര്‍ന്നു തുടങ്ങി... നെഞ്ചോളം മുങ്ങി.. തുമ്പിക്കയ്യും നനഞ്ഞലിഞ്ഞു.. എത്രയോ നാളുകള്‍ ഉറക്കമില്ലാതെ കഷ്ടപ്പെട്ട് ചാര്‍ത്തിയ നിറങ്ങള്‍ ജലപ്പരപ്പില്‍ പടര്‍ന്നോഴുകുന്നു.. ഭീമാകാരം പൂണ്ട തിരയുടെ കരിമ്പടം മുഖത്തേക്ക് വലിച്ചെറിഞ്ഞ് തന്നിലേക്ക് വലിച്ചടുപ്പിച്ചതുപോലെ... ഉപ്പുവെള്ളം കണ്ണുകളിലെ വര്‍ണ്ണങ്ങള്‍ ഒഴുക്കിക്കളയുന്നതിനു തൊട്ടുമുന്പായി പൂജാപുഷ്പങ്ങളും മറ്റലങ്കാരങ്ങളും കടലിന്‍റെ മാറിലേക്ക്‌ ഒഴുകുന്നത്‌ കണ്ടു.... കാതുകളില്‍ വെള്ളം കയറിയതാണോ അതോ അതും മറ്റ് അവയവങ്ങള്‍ പോലെ അടര്‍ന്നു പോയോ? കാഴ്ച നേര്‍ത്തുനേര്‍ത്തില്ലാതായി...

(എന്‍റെ ഇവിടുത്തെ വഴിയോരക്കാഴ്ചകളില്‍ ഒന്നാണ് നെടുനീളെ കെട്ടിയിട്ട കൂടാരങ്ങളില്‍ നിര്‍ത്തിയിരിക്കുന്ന ചെറുതും വലുതുമായ അസംഖ്യം ഗണേശപ്രതിമകള്‍. ഒരു പ്രത്യേക ദിവസത്തിനുവേണ്ടി മാസങ്ങളോളം നീളുന്ന ജോലി ചിലപ്പോഴൊക്കെ ജീവിതത്തിന്റെ വ്യര്‍ത്ഥത ഓര്‍മ്മിപ്പിക്കും.)

എരിഞ്ഞടങ്ങാത്ത ചിത

September 27, 2010 അനില്‍കുമാര്‍ . സി. പി.


രാത്രിയിലെപ്പൊഴോ കേട്ട അമര്‍ത്തിയ ഒരു വിതുമ്പലിന്റെ ശബ്ദമാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്. ഉണര്‍വിന്റെ ബോധമണ്ഡലത്തിലേക്ക് തിരിച്ചെത്താന്‍ ഏതാനം നിമിഷങ്ങള്‍ എടുത്തു. ഇരുട്ടിലേക്ക് കാതോര്‍ത്തു; തൊട്ടടുത്തുള്ള രാജന്റെ കട്ടിലില്‍ നിന്നാണ് ശബ്ദം. കഴിഞ്ഞ കുറെ ദിവസങ്ങളായി അവന്‍ ഉറങ്ങാറില്ലല്ലോ, അല്ലെങ്കില്‍ ഉറങ്ങാന്‍ കഴിയാറില്ല എന്ന് പറയുന്നതല്ലേ ശരി?

ലൈറ്റ് ഇടാതെ തന്നെ പതുക്കെ അവന്റെ കിടക്കയിലെത്തി, അടുത്തിരുന്ന് മെല്ലെ വിളിച്ചു,

‘രാജാ ....’

എന്റെ കയ്യില്‍ മുറുകെപ്പിടിച്ച് ഒരു പൊട്ടിക്കരച്ചിലായിരുന്നു അവന്റെ മറുപടി.

‘ഏട്ടാ, എന്റെ അമ്മ എന്നെ ശപിക്കുന്നുണ്ടാവും, അല്ലേ... എന്തൊരു വിധിയാണ് എന്റേത്?’

അവന്റെ കയ്യില്‍ മെല്ലെ തലോടുമ്പോള്‍ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ വിമ്മിഷ്ടപ്പെടുകയായിരുന്നു ഞാനും.

പിന്നെ, അവന്റെ തേങ്ങലുകള്‍ മെല്ലെ ഒതുങ്ങിയപ്പോള്‍ ഞാന്‍ എന്റെ ബെഡ്ഡിലേക്ക് പോയി. ഉറക്കം വരാതെ കിടന്നപ്പോള്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജന്റെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങളൊക്കെ ഒന്നൊന്നായി മന‍സ്സിലേക്ക് വന്നു.

സമാന്യം നല്ല ഒരു കമ്പിനിയില്‍ ഭേദപ്പെട്ട ജോലിയുണ്ടായിരുന്ന രാജന്റെ ജോലി നഷ്ടപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിന്നെ രണ്ട് മാസത്തെ അലച്ചിലിനു ശേഷമാണ് അവനു മറ്റൊരു ജോലി ശരിയായത്. ഇതിനിടയില്‍ കയ്യിലുള്ള പൈസയൊക്കെ തീര്‍ന്ന കാര്യം അവന്‍ മറ്റുള്ളവരില്‍ നിന്നും മറച്ചു വച്ചു.

ജോലി ശരിയായ ദിവസം ഏറെ സന്തോഷത്തോടെയാണ് രാജന്‍ റൂമിലെത്തിയത്.

‘ഏട്ടാ, വിസാ മാറ്റണമെങ്കില്‍ എന്തായാലും പുറത്ത് പോകണം, അപ്പോള്‍ പിന്നെ‍ നാട്ടില്‍ പോയി അമ്മയെ ഒന്ന് കണ്ടിട്ട് വരണം’.

അമ്മയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ പിന്നെ രാജന് നൂറ് നാവാണ്. വാ തോരാതെ അവന്‍ പറയുമ്പോള്‍ ഒരു കൊച്ചു കുട്ടിയെ നോക്കുന്ന കൌതുകത്തോടെ ഞാന്‍ അതൊക്കെ കേട്ടിരിക്കും.

അടുത്ത ദിവസം രാജന് നാട്ടില്‍ നിന്നൊരു ഫോണ്‍ വന്നു, അമ്മക്ക് സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന്. രാജന്റെ വിഷമം കണ്ടപ്പോള്‍ അവന്റെ അച്ഛന്‍ പറഞ്ഞു,

‘നീ വിഷമിക്കുകയും, ഇപ്പോള്‍ ഇങ്ങോട്ട് ഓടി വരികയും ഒന്നും വേണ്ടാ. അവള്‍ക്കങ്ങനെ കാര്യമായ അസുഖം ഒന്നുമില്ല’.

അടുത്ത ദിവസം ഞാന്‍ ഓഫീസിലേക്കിറങ്ങിയത് രാജന്‍ അമ്മയോട് സംസാരിക്കുന്നത് കേട്ട് കൊണ്ടാണ്. ഫോണ്‍ വെച്ച് കഴിഞ്ഞ് അവന്‍ പറഞ്ഞു,

‘ഏട്ടാ, അമ്മക്ക് നല്ല സുഖമുണ്ട് ... തിരക്ക് പിടിച്ച് ചെല്ലണ്ടാ’ എന്ന് പറഞ്ഞു.

ഓഫീസിലെത്തി അധികം കഴിയുന്നതിന് മുമ്പ് രാജന്റെ ഫോണ്‍ വന്നു, മുറിഞ്ഞു പോകുന്ന വാക്കുകള്‍‍ ...

‘ഏട്ടാ, അമ്മ... അമ്മ ... പോയി’.

ആ നടുക്കത്തിനിടയില്‍ മറുപടി പറയാനാവാതെ ഇരുന്ന് പോയി. പിന്നെ ‘ഉടനെ വരാം’ എന്ന് മാത്രം പറഞ്ഞ് ഫോണ്‍ വച്ചു.

ട്രാവല്‍ ഏജന്‍സിയില്‍ കയറി നാട്ടിലേക്കുള്ള ആദ്യ വിമാനത്തില്‍ തന്നെ അവനുള്ള ടിക്കറ്റുമെടുത്ത് മുറിയിലെത്തി. കരഞ്ഞു കലങ്ങിയ രാജന്റെ കണ്ണുകളെ നേരിടാനായില്ല. അവന്റെ തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിപ്പോകാതിരിക്കാന്‍ എനിക്കും ഏറെ പണിപ്പെടേണ്ടി വന്നു.

വിമാനത്താവളത്തിലെ ഡിപാര്‍ച്ചര്‍ ലോഞ്ചില്‍ രാജനെ യാത്രയാക്കുമ്പോള്‍ അവന്റെ കണ്ണുകളില്‍ നോക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. പിന്നെ ഇമ്മിഗ്രേഷന്‍ ഗേറ്റിലെത്തി തിരിഞ്ഞ് നോക്കിയ രാജനെ കൈ വീശി യാത്രയാക്കുമ്പോള്‍ ഒഴുകിയറങ്ങിയ കണ്ണുനീര്‍ മറ്റാരും കാണാതെ തുടച്ചു കളഞ്ഞു.

പാര്‍ക്കിങ്ങിലെത്തി കാറില്‍ കയറാന്‍ തുടങ്ങുമ്പോഴേക്കും രാജന്റെ ഫോണ്‍ വന്നു,

‘ഏട്ടാ...’ വല്ലാതെ അമ്പരന്നത് പോലെ അവന്റെ ശബ്ദം... ‘എനിക്ക് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല’.

എന്തു പറ്റി എന്ന് ചോദിക്കുന്നതിനു മുമ്പ് അവന്റെ ഫോണ്‍ കട്ടായി. അങ്ങോട്ട് തുടര്‍ച്ചയായി വിളിച്ചെങ്കിലും അവന്റെ ഫോണ്‍ ഓഫ് ആയിരുന്നു.

തിരിച്ച് ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെത്തി ഗേറ്റിലുള്ള ഉദ്യോഗസ്ഥനോട് കെഞ്ചി നോക്കിയെങ്കിലും അകത്തേക്ക് യാത്രക്കാരെ മാത്രമെ കയറ്റിവിടൂ എന്ന് കര്‍ശനമായ മറുപടി കിട്ടിയതോടെ അവനെ എങ്ങനെയെങ്കിലും കാണാനുള്ള ശ്രമം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു.

പിന്നെ രാത്രിയാകുന്നത് വരെ അവന്റെ ഒരു വിവരവും ലഭിച്ചില്ല. എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടാതെ വിഷമിച്ചിരുന്നപ്പോള്‍ വീണ്ടും അവന്റെ ഫോണ്‍ വന്നു,

‘ഏട്ടാ, എന്നെ .... പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നു, ഏട്ടന്‍ അവിടേക്ക് വരൂ’

പോലീസ് സ്റ്റേഷന്‍ റിസപ്ഷനിലെ ഏറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവന്‍ പുറത്തു വന്നു. അവന്റെ കണ്ണുകളില്‍ വല്ലാത്തൊരു വികാരശൂന്യത. കാറില്‍ വച്ചും അവനൊന്നും സംസാരിച്ചില്ല.

മുറിയിലെത്തിയതോടെ അവന്റെ നിയന്ത്രണങ്ങളൊക്കെ നഷ്ടമായി, നിലവിളിച്ച് കട്ടിലിലേക്ക് വീഴുമ്പോള്‍ കരഞ്ഞ് തീരട്ടെ എന്ന് ഞാനും കരുതി. പിന്നെ ഏറെ നേരം കഴിഞ്ഞ് കരച്ചിലൊന്നടങ്ങിയപ്പോഴാണ് അവന്‍ എയര്‍പോര്‍ട്ടില്‍ വച്ച് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞത്.

ഇമ്മിഗ്രേഷന്‍ കൌണ്ടറില്‍ എത്തിയപ്പോഴാണ് അവിടിരുന്ന ഓഫീസര്‍ കമ്പ്യൂട്ടറില്‍ പലതവണ നോക്കിയിട്ട് അടുത്തുള്ള സൂപ്പര്‍വൈസറുടെ ഓഫീസില്‍ പാസ്സ്പോര്‍ട് കാണിക്കാന്‍ പറഞ്ഞത്. ആ ഓഫീസര്‍ കമ്പ്യൂട്ടറില്‍ ഒക്കെ നോക്കിയിട്ട് അടുത്തുള്ള ഒരു കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോള്‍ അയാള്‍‍ വളരെ സൌമ്യമായി പറഞ്ഞു,

‘നിങ്ങളുടെ പേരില്‍ ... ബാങ്കിന്റെ പരാതി പ്രകാരം ട്രാവല്‍ ബാന്‍ ഉണ്ട്, അത് തീരാതെ യാത്ര ചെയ്യാന്‍ പറ്റില്ല’

തലയില്‍ വെള്ളിടി വീണത് പോലെ ഒരു നിമിഷം സ്തബ്ധനായി നിന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അറിഞ്ഞില്ല.

‘സാര്‍, ഞാന്‍ എന്റെ അമ്മയുടെ മരണം അറിഞ്ഞ് പോകുകയാണ്. ശവ സംസ്കാരത്തിന് എന്നേയും കാത്തിരിക്കുകയാണ് വീട്ടുകാര്‍. ബാങ്കിന്റെ പൈസ ഇപ്പോള്‍ തന്നെ അടക്കാന്‍ ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാം സാര്‍... ദയവായി എന്നെ പോകാന്‍ അനുവദിക്കൂ..’

‘ക്ഷമിക്കണം, എനിക്ക് ദുഖമുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല, ഇത് പോലീസ് കേസാണ്. അവരാണ് എന്തെങ്കിലും ചെയ്യേണ്ടത്’

നിസ്സഹായനായി ഇരിക്കുമ്പോള്‍ ആ ഓഫീസര്‍ എന്നേയും കൂട്ടി എയര്‍പോര്‍ട്ടിനുള്ളില്‍ തന്നെയുള്ള ഒരു പോലീസ് സ്റ്റേഷനിലേക്ക് പോയി. അവിടുത്തെ ഡ്യൂട്ടി ഓഫീസറെ എന്നെ ഏല്‍പ്പിച്ച് അയ്യാള്‍ തിരിച്ചു പോയി. ഒരു പോലീസുകാരന്‍  എന്നെ അടുത്തുള്ള ഒരു മുറിയിലേക്ക് കൈ ചൂണ്ടി കാണിച്ചു. ഡ്യൂട്ടി ഓഫീസറോട് ഞാന്‍ എന്റെ കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ശ്രദ്ധിച്ചില്ല. പോലീസുകാരന്‍ ചൂണ്ടിക്കാട്ടിയ വാതിലിലൂടെ ഉള്ളില്‍ കടന്നതും പിന്നില്‍ വാതിലടഞ്ഞു. ഒപ്പം കതക് പൂട്ടുന്നതിന്റെ ശബ്ദവും.

അതൊരു മുറിയായിരുന്നില്ല, ഒറ്റവാതില്‍ മാത്രമുള്ള, ജന്നലുകളില്ലാത്ത അടച്ചുമൂടിയ ഒരു അറ. ഒന്നര‍ മീറ്റര്‍ വിതിയും, അഞ്ച് മീറ്റര്‍ നീളവും തോന്നിക്കുന്ന ഒരു അറ. അതില്‍ ഒരു നിര ഇരുമ്പു കസേരകള്‍. പുറത്തേക്ക് കാണാന്‍ കതകിലുള്ള ഒരു ചെറിയ ഗ്ലാസ്സ് വിടവ് മാത്രം. എന്ത് ചെയ്യണം എന്നറിയാതെ ആ കുടുസ്സ് മുറിയില്‍ കൂട്ടിലടച്ച വെരുകിനെപ്പോലെ നടക്കുമ്പോള്‍ സ്വയം ശപിച്ചു പോയി.

മനസ്സിലൂടെ പല ചിത്രങ്ങളും കടന്ന് പോയപ്പോള്‍ ഭ്രാന്ത് പിടിക്കും എന്ന് തോന്നി. വെള്ളപ്പട്ട് പുതച്ച് കിടത്തിയിരിക്കുന്ന അമ്മയുടെ രൂപം, കരഞ്ഞ് തളര്‍ന്നിരിക്കുന്ന ബന്ധുക്കള്‍, ഉമ്മറത്ത് ഒരു മൂലയില്‍ തളര്‍ന്നിരിക്കുന്ന അഛന്‍. അവസാനമായി അമ്മയെ ഒന്ന് കാണാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നോര്‍ത്തപ്പോള്‍ തളര്‍ന്നിരുന്ന് പോയി. മനസ്സുരുകി പ്രാര്‍ത്ഥിച്ചു, ‘ഈശ്വരാ എന്നെ ഇങ്ങനെ ശിക്ഷിക്കരുതേ’.

ഇടക്ക് പലതവണ പോലീസുകാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നോക്കിയെങ്കിലും ആരും അങ്ങോട്ട് ശ്രദ്ധിച്ചതേയില്ല. ഇതിനിടയില്‍ പലരേയും പോലീസുകാര്‍ ആ കുടുസ്സുമുറിയിലേക്ക് കൊണ്ടു വരികയും, കൊണ്ട് പോകുകയും ഒക്കെ ചെയ്തിരുന്നു. ചിലരൊക്കെ കരയുകയും, സ്വയം ശപിക്കുകയും ഒക്കെ ചെയ്യുന്നതുമുണ്ടായിരുന്നു. മൂത്രശങ്ക തീര്‍ക്കാന്‍ പോലും സൌകര്യമില്ലാതിരുന്നു ആ മുറിയില്‍. മൂത്രശങ്ക തോന്നിയപ്പോള്‍ വാതിലിനടുത്തേക്ക് വന്ന ഒരു പോലീസ് ഓഫീസറുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കതകില്‍ ഒന്നു മുട്ടി. തിരിഞ്ഞ് നിന്ന് കൈ ചൂണ്ടീ ആ ഓഫീസര്‍ എന്തൊക്കെയോ ആക്രോശിച്ചതോടെ മൂത്രശങ്ക പമ്പ കടന്നു!

സ്വയം ശപിച്ചും, കരഞ്ഞും തീര്‍ത്ത മണിക്കൂറുകള്‍ക്കൊടുവില്‍ രാത്രിയായതോടെ ഒരാള്‍ വന്ന് കതക് തുറന്ന് കൂടെ ചെല്ലാന്‍ പറഞ്ഞു. അയ്യാളോടൊപ്പം ... പോലിസ് സ്റ്റേഷനിലെത്തി. പാസ്പോര്‍ട്ട്  അവിടെ വാങ്ങി വച്ച് പറഞ്ഞ് വിട്ടു. ഇനി ബാങ്കിന്റെ ക്ലിയറന്‍സ് ലെറ്ററുമായി ചെന്ന് കേസ് ക്ലോസ്സ് ചെയ്താലേ പാസ്പോര്‍ട്ട് കിട്ടൂ.

രാജന്‍ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

‘എന്തായിരുന്നു രാജാ ബാങ്കിലെ പ്രശ്നം, നീയൊന്നും പറഞ്ഞിരുന്നില്ലല്ലൊ?’

‘കഴിഞ്ഞ രണ്ട് മാസം ബാങ്കിന്റെ ലോണ്‍ ഇന്‍സ്റ്റാള്‍മെന്റ് മുടങ്ങി, ഏട്ടന്‍ രാവിലെ ആ ബാങ്കിലൊന്ന് പോയി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാമോ?’

ബാങ്കില്‍ എത്തി അന്വേഷിക്കുമ്പോള്‍ അവന്‍ അടക്കാതിരുന്നത് വളരെ ചെറിയ തുകയ്ക്കുള്ള രണ്ട് ഗഡുക്കള്‍   മാത്രമാണ്. പക്ഷെ കേസ് രജിസ്റ്റര്‍ ചെയ്ത് പോയത് കൊണ്ട് ഇനി ബാക്കിയുള്ള മുഴുവന്‍ തുകയും അടക്കണമത്രെ!

ദേഷ്യവും സങ്കടവും ഒക്കെ കാരണം ഒരല്പം മുഷിഞ്ഞ് ബാങ്ക് മാനേജരോട് എന്തിനിങ്ങനെ ചെയ്തു എന്ന് ചോദിച്ചപ്പോള്‍ ശാന്തനായി തന്നെ അയ്യാള്‍ മറുപടി പറഞ്ഞു,

‘സുഹൃത്തെ, ഞങ്ങള്‍ക്ക് വിഷമമുണ്ട്. പക്ഷെ കഴിഞ്ഞ രണ്ട് മാസവും മിസ്റ്റര്‍ രാജനെ ബന്ധപ്പെടാനുള്ള ഞങ്ങളുടെ എല്ലാ ശ്രമവും പരാജയപ്പെടുകയായിരുന്നു. അപ്പോള്‍ ബാങ്ക് ചട്ടങ്ങള്‍‍ പ്രകാരം നടപടിയെടുക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല’

പിന്നെ പലരില്‍ നിന്നായി അടക്കാനുള്ള പണവുമായി എത്തിയപ്പോഴെക്കും ബാങ്കിന്റെ സമയം കഴിഞ്ഞൂ. മെഷീനില്‍ അടച്ചാലും ബാങ്കിന്റെ ക്ലിയറന്‍സ് ലെറ്റര്‍ കിട്ടണം. അതുമായി കേസ് കൊടുത്ത വക്കീലാഫീസില്‍ പോയി അവരുടെ കേസ് ക്ലോസ് ചെയ്യാനുള്ള കത്ത് വാങ്ങി പോലീസ് സ്റ്റേഷനില്‍ കൊടുക്കണം!

എന്ത് ചെയ്യണം എന്നറിയാതെ ബാങ്കിന്റെ നടയില്‍ സ്തബ്ധനായി നില്‍ക്കുമ്പോള്‍ വീണ്ടും രാജന്റെ ഫോണ്‍ വന്നു,

‘എന്തായി ഏട്ടാ, എനിക്ക് പോകാന്‍ പറ്റുമൊ?’

‘ശ്രമിക്കുന്നു, ഞാന്‍ വിളിക്കാം’ എന്ന് പറയുമ്പോള്‍ എന്റെ ശബ്ദം ഇടറിയിരുന്നു.

മുറിയിലെത്തി, ആകാംക്ഷാഭരിതനായി കാത്തിരിക്കുന്ന അവന്റെ കണ്ണുകളെ നേരിടാനായില്ല.

‘രാജാ, ഇനി വീക്കെന്‍‌ഡ് ആയത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞെ ബാങ്കിന്റെ ലെറ്ററും, വക്കീല്‍ ഓഫീസില്‍ നിന്നുള്ള എന്‍. ഓ. സി. യും ഒക്കെ വാങ്ങാന്‍ കഴിയൂ‘.

‘അപ്പോള്‍ ... അപ്പോള്‍ എനിക്കെന്റ അമ്മയെ അവസാനമായി ഒന്ന് കാണാന്‍ കഴിയില്ല, അല്ലേ ഏട്ടാ?’

വിങ്ങിപ്പൊട്ടുന്ന രാജനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നില്‍ക്കുമ്പോള്‍ എന്റെ ഫോണ്‍ ശബ്ദിച്ചു. രാജന്റെ വീട്ടില്‍ നിന്നാണ്,

‘രാജന്‍ ഏത് ഫ്ലൈറ്റിനാണ് പോന്നത്, ഇതുവരെ ഇങ്ങ് എത്തിയില്ലല്ലൊ? അവിടുന്ന് തിരിച്ചു എന്ന് പറഞ്ഞത് കൊണ്ട് മോര്‍ച്ചറിയില്‍ നിന്ന് ബോഡി കൊണ്ടുവരികയും ചെയ്തു. ഇനി അധികം കാത്തിരിക്കാനും വയ്യല്ലൊ.’

രാജനെ ഒന്ന് നോക്കി, പിന്നെ ഇടറിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു,

‘അവന്റെ ഫ്ലൈറ്റ് മിസ്സായി, ഇനി അടുത്ത ഫ്ലൈറ്റ് താമസിക്കും. ഇനിയിപ്പോള്‍ കാത്തിരിക്കണ്ട എന്നാണ് എനിക്ക് തോന്നുന്നത് ...’

ഫോണ്‍ വച്ച് തിരിഞ്ഞ് നോക്കുമ്പോള്‍ കട്ടിലിലേക്ക് തളര്‍ന്ന് വീഴുന്ന രാജനെയാണ് കണ്ടത്.

മനസ്സ് മന്ത്രിച്ചു, ‘ആ അമ്മയുടെ ആത്മാവ് നിന്നോട് പൊറുക്കാതിരിക്കില്ല രാജാ.’
 
 
(@ അനില്‍കുമാര്‍. സി. പി.)
 
 Pic courtesy: Google
 

ചില മണല്‍ സ്വകാര്യങ്ങള്‍

Minesh Ramanunni

“അന്‍റെ  കൈയിലുള്ളതിന്‍റെ  ഇരട്ടി കാശ് ആ നവാസിന്‍റെ  കൈയിലുണ്ട്” 
ഒരു ഗള്‍ഫുകാരനായ എന്നോട് ഇത് പറയുന്നത് നാട്ടിലെ ഡൂക്കിലി കിളവന്‍ ചക്കച്ചന്‍ ആണ്. സാമ്പത്തിക അവഹേളനം ! ഇത് ഞാന്‍ എങ്ങനെ സഹിക്കും ? 

നവാസ് എന്ന എന്‍റെ  പഴയ സതീര്‍ഥ്യന്‍ ആണ്‌ ഇപ്പോള്‍  നാട്ടിലെ വലിയ താരമെന്നും നമ്മളൊന്നും ആ ലെവലില്‍  എത്തുകയേ ഇല്ല എന്ന നിലയില്‍ ഉള്ള കിം വദന്തികള്‍  കുമാരുവെട്ടന്‍റെ സന്ധ്യവിഷന്‍ ചായക്കടയില്‍ പലരുടെയും ചുണ്ടിലും   തത്തിക്കളിക്കുന്നുണ്ട്.

“ഹും ഒരു ഗള്‍ഫുകാരനെ ബഹുമാനിക്കാതെ നാട്ടില്‍ കറങ്ങിത്തിരിഞ്ഞു നടന്നിരുന്നവനെ ബഹുമാനിക്കുന്ന സമൂഹമോ? " അങ്ങനെ വിടാന്‍ പാടില്ലല്ലോ എന്നു കരുതി ഞാന്‍ ഈ നവാസിനെ ഒന്നു നേരിട്ടു കണ്ടു മൊഴിയെടുക്കാന്‍ തീരുമാനിച്ചു.
 അവന്‍റെ   വീടു അങ്ങാടിയുടെ അടുത്തായതു കൊണ്ടു വൈകിട്ടു അങ്ങാടിയിലേക്കു ഇറങ്ങിയപ്പോള്‍ അവന്‍റെ വീട്ടിലും ഒന്ന് കയറി.
പഴയ ഒര്‍മ്മയില്‍  നിന്നും അവന്റെ  വീടു കണ്ടുപിടിക്കാന്‍  വലിയ ബുദ്ധിമുട്ടുണ്ടായില്ല.  ഒരു ഒന്നാന്തരം രണ്ടു നില വീട്. പഴയ ഓടു വീട് കാണുന്നില്ല. ആദ്യ ഞെട്ടല്‍  ഞാന്‍ അവിടെ വെച്ചു ഞെട്ടി.

വീട്ടിനു മുന്‍പില്‍  പല തരം ബൈക്കുകള്‍  നിരന്നു നില്ക്കുന്നു. പടി കടന്നു ചെന്നപ്പോള്‍  സിറ്റ് ഔട്ടില്‍  അവന്റെ ഉമ്മ സുഹറാത്ത  നില്ക്കുന്നു. പല തവണ ആ വീട്ടില്‍  പണ്ടു ഞാന്‍ പോയിട്ടുള്ളതു കൊണ്ട് സ്വയം പരിചയപ്പെടുത്തി.
“ഒ ഇജ്ജ് അങ്ങട് കോലം കെട്ടല്ലോ. അവടെ എന്താ അന്‍റെ പണി? ഭാരിച്ച വല്ല കല്പണിയാണൊ? "

”ങീ...! ദി ഞാന്‍ ദി എഞ്ചിനിയര്‍ ...! ഉമ്മാ, നവാസ് എവിടെ?“

”ഓനു ഇന്നു ഓഫല്ലേ ഇപ്പൊ എന്തൊ ആവശ്യത്തിനു വേണ്ടി അങ്ങാടിയില്‍ പോയതാ.“
”എന്താ ഓന്‍റെ  പണി?“ ഞാന്‍ ഏറനാടന്‍  കെട്ടഴിച്ചു.

”ഓനു എസ്കോര്‍ട്ടിന്‍റെ  എര്‍പ്പാടാ “

”എസ്കോര്‍ട്ട്? "എന്‍റെ നെറ്റി ചുളിഞ്ഞപ്പോള്‍  ഉമ്മ ഇലാബൊറേറ്റ് ചെയ്തു.

“ഓനിപ്പോള്‍ മാഫിയേന്‍റെ   പണിയാ”
രണ്‍ജി പണിക്കര്‍  പറഞ്ഞതു അനുസരിച്ചു നോക്കിയാല്‍  പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ സിസിലിയില്‍  ഉടലെടുത്ത അതേ മാഫിയ?
ചോദ്യഭാവത്തില്‍ ഞാന്‍   ഉമ്മയെ ഒന്നു കൂടി നോക്കി.

ഉമ്മ വളരെ ലാഘവത്തോടെ എക്സ്പ്ലയിന്‍ ചെയ്തു.“ മണല്‍  മാഫിയേന്‍റെ   പണി.”
ഞാന്‍ വിറക്കുന്ന ചുണ്ടുകളോടെ "മ മ മാഫിയ’ എന്നു പറയാന്‍  ശ്രമിക്കുമ്പോള്‍  ഉമ്മ പറഞ്ഞു“ മണലില്ലേ, അതിനു എസ്കോര്‍ട്ട് പോവുന്നു. ”
“മണലിനെന്തിനാ എസ്കോര്‍ട്ട് ?” ഞാന്‍ ചോദിച്ചു.

“അനക്കു ഇതൊന്നും അറിയില്ലെ? ഇജ്ജൊരു മണങ്ങനാ. ഇജീ ലോകത്തൊന്നുമല്ലേ?. ”
എന്‍റെ ചങ്കു തകര്‍ന്നു.
നോ മണങ്ങന്‍. ഞാന്‍ എഞ്ചിനി.. എന്നു മനസ്സില്‍  പറയുമ്പോഴേക്കും നവാസ് ഒരു എമണ്ടന്‍  ആള്‍ട്ടേര്‍ഡ് ബൈക്കില്‍  എത്തി.

“എടാ നീര്‍ക്കോലി, നീ തടിച്ചു കുമ്പ ചാടി വലിയ ഗള്‍ഫുകാരനായല്ലേ?”
അതെ, അവന്‍ അതേ പഴയ നവാസ് തന്നെ.

നീ വാ നമുക്കൊന്നു കറങ്ങാം എന്നു പറഞ്ഞു അവന്‍ എന്നെ ബൈക്കില്‍ കയറ്റി. ആ ബൈക്ക് ഒരു ഒന്നൊന്നര പാച്ചില്‍  പാഞ്ഞു. ഉമ്മയോടു ചോദിച്ച ചോദ്യം ഞാന്‍  പതുക്കെ അവനൊടു ആവര്‍ത്തിച്ചു.

“നീ എസ്കോര്‍ട്ടിനു പോവുന്നു എന്നു പറഞ്ഞു. മണലിനു ഈ നാട്ടില്‍ അത്ര വലിയ അരക്ഷിതാവസ്ഥയാണോ?”

“ഡാ പൊട്ടാ, മണലിനല്ല. മണല്‍  കടത്തുകാരുടെ ലോറികള്‍ക്കാ ഞാന്‍ എസ്കൊര്‍ട്ടു പോവുന്നേ. ”
"ഒന്നും പുരിയലെ തമ്പി ?"
“നിനക്കറിയില്ലെ ഇവിടെ മണല്‍ വാരല്‍  പാസു മൂലം നിരോധിചിരിക്കുന്നു എന്ന വിവരം?”
"ഓഹോ അങ്ങനെയൊ? ഇതൊന്നും ഗള്‍ഫ് ന്യൂസില്‍  ഇല്ലല്ലോ”.

“ വെറുതെയല്ല നീ പൊട്ടനെപ്പോലെ സംസാരിക്കുന്നത്. ഒരു ലോറിക്കു ഒരു ദിവസം ഒരു പാസ്.പാസ് കിട്ടാന്‍ ആര്‍ക്കാണോ മണല്‍ വേണ്ടത്‌ അവന്‍ പഞ്ചായത്തില്‍ അപേക്ഷിച്ചു കാത്തു കെട്ടി കിടക്കണം. ആ പാസിനു വേണ്ടി ഇപ്പോള്‍ പഞ്ചായത്തില്‍ അടിയാണ്‌. ഓരോ കെട്ടിടത്തിനും മിനിമം വേണ്ട മണല്‍  പോലും  പാസുകൊണ്ടു കിട്ടില്ല. മാത്രമല്ല ആ പാസു വച്ചു മണല്‍  വാങ്ങാന്‍  ആര്‍ക്കാ നേരം? ”
“അതൊണ്ട് ?”
“അതോണ്ട് ഞങ്ങള്‍ മണല്‍  അങ്ങട് വാരും. ചോദിക്കാനും പറയാനും ഒന്നും നില്‍ക്കില്ല. എന്നിട്ടു ആവശ്യക്കാര്‍ക്കെ എത്തിച്ചു കൊടുക്കും. ചുരുക്കിപ്പറഞ്ഞാല്‍  ബ്ലാക്കില്‍ മണല്‍ എത്തിച്ചു കൊടുക്കും എന്നര്‍ഥം. കുറച്ചു കാശാവും എന്നു മാത്രം.“
”അമ്മേ എന്‍റെ നിള! എന്‍റെ  മാത്രമല്ല എം ടിയുടെ, ഇടശ്ശേരിയുടെ, വള്ളുവനാട്ടിന്‍റെ സ്വന്തം നിള “

” ഈ എസ്കോര്‍ട്ട് എന്താനെന്നു നീ ഇപ്പോഴും പറഞ്ഞില്ല? "

എന്‍റെ ചോദ്യം കേട്ട് നവാസ് ചിരിച്ചു കൊണ്ടു പറഞ്ഞു.

“ ഇതാ ഈ ഗള്‍ഫുകാരന്‍റെ  പ്രശ്നം. നാട്ടില്‍ നടക്കുന്നതൊന്നും അറിയില്ല. ഒരു സോപ്പിനു നൂറു രൂപ വേണം എന്നു പറഞ്ഞാല്‍ അവന്‍ ഉടന്‍ എടുത്തു വീശും. അതിനു നൂറുരൂപയാണോ പത്തു രൂപയാണോ എന്നോ നാട്ടിലെന്താണു നടക്കുന്നതെന്നോ നോക്കാതെ പറന്നെത്തുന്ന അന്നെ പോലെ ഉള്ള  ഗള്‍ഫുകാരാ നമ്മടെ ഒക്കെ ഒരു ഭാഗ്യം. ഏട മണ്ടാ, ഈ മണല്‍  കടത്ത് നിയമ വിരുദ്ധം അല്ലേ. അതോണ്ട് പോലിസ്, വില്ലേജ് ഒഫീസര്‍, തഹസില്‍ദാര്‍  എന്നു തുടങ്ങി ഞാഞ്ഞൂല്‍ മുതല്‍ കരിമൂര്‍ഖന്‍ വരെ ആര്‍ക്കു വേണെങ്കിലും മണല്‍ ലോറി പിടിച്ചെടുത്തു പിഴ ഈടാക്കാം.  എഴുപത്തയ്യയിരം ആണ്‌ ഒരു ലോറിക്കിടുന്ന പിഴ. ആ വലിയ റിസ്ക് എടുത്തു നിനക്കൊക്കെ മണല്‍  എത്തിച്ചു തരുന്നില്ലേ? ”

അപ്പൊഴും ഈ എസ്കൊര്‍ട്ട് എന്ന ഏര്‍പ്പാട് എനിക്കു അത്രക്കു അങ്ങടു കത്തിയില്ല. അവന്‍  ചോദിച്ചു. “നാളെ എന്താ പരിപാടി? നീ എന്‍റെ കൂടെ വരുന്നോ. അങ്ങനെയാണെങ്കില്‍ നിനക്കീ സെറ്റപ്പു കാണിച്ചു തരാം.”

സിറ്റിസണ്‍ ജേര്‍ണലിസ്റ്റു സ്ഥിരമായി കാണുന്നതുകൊണ്ടും ജേര്‍ണലിസം എന്നതു നമ്മുടെ ഒരിഷ്ട ഐറ്റം ആയതു കൊണ്ടും നവാസിന്‍റെ ഒപ്പം കൂടാമെന്നു പറഞ്ഞു.
“ നാളെ എപ്പോള്‍ കാണാം? ഒരു പത്തു മണിക്കു ഇറങ്ങിയാല്‍ മതിയൊ?”
“ഫാ, കാലത്ത് പത്തു മണിക്കു മണല്‍ കടത്താന്‍ ഇറങ്ങുന്നോ? രാവിലെ ഒരു എട്ടെട്ടെരെക്കു മുന്‍പു പത്തു ലോഡ് സ്ഥലത്തെത്തണം.പത്തു മണിക്കു വില്ലേജ് ഒഫിസര്‍, തഹസില്‍ദാര്‍ എന്നിവരൊക്കെ ഒഫിസില്‍ കയറുമ്പൊഴേക്കും നമ്മുടെ ഡുട്ടി കഴിയും.അതൊണ്ട് ഒരു എഴു മണിക്കു ഇറങ്ങാന്‍  നോക്കെടാ”

“മൈ ഗോഡ്, എഴുമണി കണ്ട കാലം മറന്നു. ഒരു ഏട്ടെര പ്ലീസ്...” 
“എങ്കില്‍  ഒരു കാര്യം പറയാം. ചിലപ്പൊള്‍  ഒന്‍പതു മണിക്കു ശേഷം എമെര്‍ജെന്‍സി ട്രിപ് വേണ്ടി വരും . അതു വലിയ റിസ്ക് ആണ്‌. ധൈര്യമുണ്ടെങ്കില്‍ ...?”
എനിക്കെന്തു ധൈര്യക്കുറവു? മേല്പുര ഇല്ലത്തവനെന്തു തീപ്പൊരി? " ഞാന്‍  റെഡി."
അങ്ങനെ വിധി ദിനം വന്നു. രാവിലെ എട്ടെര മുതല്‍ ഞാന്‍ നവാസിന്‍റെ വീട്ടില്‍  ഇരുപ്പുതുടങ്ങിയതായിരുന്നു ട്രിപ്പും പ്രതീക്ഷിച്ചൂ.  ഇടക്കു നവാസിനു ഒരു കോള്‍ വന്നു. ഇന്നു ചെക്കിംഗിനു സാധ്യതയുണ്ട് എന്നാണ്  അറിയിപ്പ്. നവാസിന്‍റെ മുഖത്തു ഒരു പുഞ്ചിരി വിടര്‍ന്നു.
“ഡാ, ഇന്നത്തെ കാര്യം കണക്കാ. ഇന്നു ചെക്കിംഗ് ഉണ്ടാവും അതോണ്ട് ട്രിപ് സാധ്യത കുറവാണ്‌.”

 ഞാന്‍  ഡെസ്പായി ഇരിക്കുമ്പൊള്‍  പത്തു മണിയൊടെ നവാസിന്‍റെ ഫോണ്‍  ചിലച്ചു. അടുത്തുള്ള കടവില്‍  നിന്നും ഒരു ലോഡ് അര്‍ജന്റ്  ആയി പത്തു കിലൊമീറ്റര്‍ ദൂരെ എത്തിക്കണം. 
ഉടന്‍ തന്നെ നവാസ് കര്‍മ നിരതനായി. ആരെയൊക്കേയൊ വിളിക്കുന്നു. എന്തൊക്കെയൊ ചോദിക്കുന്നു.

“വാസുവേട്ട, നമ്മടെ പട്ടര്‍  ഒഫിസില്‍  ഉണ്ടോ? അശോകന്‍  ഇപ്പോള്‍  എവിടെയാണ്‌”
 “ കൃഷ്ണേട്ടാ, വില്ലേജ് ഒഫിസിലെ ഇന്നത്തെ അറ്റന്‍ഡന്‍സ് എന്താ നില?”
“ ബഷീര്‍ക്കാ, എസ് ഐ സ്റ്റേഷനില്‍  ഉണ്ടോ?”
“ പവിത്രേട്ട, നീലിയാട് ജംഗഷന്‍ സേഫ് ആണോ?”

ഇങ്ങനെ ചറപറാ അഞ്ചാറു കോളുകള്‍. എല്ലായിടത്തു നിന്നും പോസിറ്റിവ് ഉത്തരം കിട്ടിയപ്പോള്‍  അവന്‍ ബൈക്കു സ്റ്റാര്‍ട്ട് ചെയ്തു. രണ്ടു മൊബൈലും അവന്‍റെ  രണ്ടു പോക്കറ്റുകളില്‍, ഇടക്കിടക്കു കോളുകള്‍ വരുന്നുണ്ട്. വിവിധ സ്റ്റുഡിയോകളില്‍ ലേഖകരെ നിര്‍ത്തി തിരഞ്ഞെടുപ്പ് സ്പെഷ്യല്‍ പ്രോഗ്രാം നടത്തുന്ന  നികേഷ്കുമാറിനെ പോലെ നവാസ് തകര്‍ത്തു ഫോണ്‍ വിളി. കൂടെ അന്തവും കുന്തവും ഇല്ലതെ ഞാനും.
“ദാ, എന്താ ഇതിന്‍റെ  ഒക്കെ അര്‍ഥം? ആരാ ഈ പട്ടര്‍? വില്ലേജ് ഒഫിസിലെ അറ്റന്‍ഡന്‍സ്, എസ് ഐയുടെ ഓഫിസിലെ ന്യുസ് ഇവ  തമ്മില്‍  എന്താ ബന്ധം?”

“ഈ എസ്കോര്‍ട്ട് പണി എന്നാല്‍ ഒരു തരം ഇവന്റ്  മാനേജ്മെന്റ്  ആണ്‌. ലോറി കടവില്‍ നിന്നും പുറപ്പെടുന്നതു മുതല്‍ ലോഡ് ഇറക്കി ആ സ്പോട്ട് വിടുന്നതു വരെ എല്ല കാര്യങ്ങളും ഞാന്‍ നടത്തണം. അതിനു പോലിസ്, വില്ലേജ്, താലൂക്ക് ഇവടങ്ങളിലെ ആളുകള്‍ ഇപ്പോള്‍  എവിടെ എന്നു അറിഞ്ഞിരിക്കണം.അതാണു ഒന്നാമത്തെ സ്റ്റെപ്പ്. പിന്നെ അഥവാ ഇവര്‍ ഒക്കെ പുറത്താണെങ്കില്‍  ഇവരുടെ റൂട്ട്,  എങ്ങനെ രക്ഷപെടാം തുടങ്ങിയവ കാര്യങ്ങള്‍  അറിഞ്ഞിരിക്കുകയും  വേണം.ഇനി നമ്മള്‍  ലോറിയുടെ ഒരു 250 മീറ്റര്‍  മുന്‍പായി ബൈക്ക് ഒടിച്ചു പോവും. വഴിയിലെവിടെയെങ്കിലും അപകടം കണ്ടാല്‍  ലോറിക്കാരെ അറിയിക്കണം.“
അങ്ങനെ എല്ലാ അടയാളങ്ങളും ശുഭമായപ്പോള്‍  ഗൌളിയും കാക്കയും പരുന്തും പഴുതാരയുമടക്കമുള്ള  സര്‍വ ചരാചരങ്ങളും ശുഭശകനങ്ങള്‍ അവര്‍ക്കാവും വിധം കോണ്ട്രിബ്യുട്ട് ചെയ്തപ്പോള്‍ ഞങ്ങള്‍  കടവിലെക്കിറങ്ങി. ലോറിക്കു ചുറ്റും നടന്ന് അവന്‍ ടയറിന്‍റെ കണ്ടിഷന്‍, ബ്രേക്കിന്റെ ഘര്‍ഷണം തുടങ്ങിയ പ്രാഥമിക സുരക്ഷാ പരിശൊധനകള്‍ നടത്തുന്നതു കണ്ടു ഞാന്‍ ചിരിച്ചു. ഫോര്‍മുല വണ്‍ റേസില്‍  മൈക്കേല്‍  ഷുമാക്കര്‍ പോലും ഇത്ര വലിയ പ്രിക്കോഷന്‍  ഏടുക്കില്ല.ഹും ഇതെന്താ അതുപോലെ വല്ലതുമാണോ?
ലോറി പുറപ്പെടുന്നതിനു നാലു മിനിട്ടു മുന്‍പ് നവാസിന്‍റെ   ബൈക്ക്  സ്റ്റാര്‍ട്ട് ചെയ്തു. പിറകില്‍  ഞാനും.

”ഡാ, നീ ഇത്രയും ടെന്‍ഷന്‍ എടുത്തു ഇതു പ്ളാന്‍ ചെയ്യുന്നുണ്ടല്ലോ? ഇതില്‍  നിനക്കെന്തു കിട്ടും?“
അവന്‍ ചിരിച്ചു.” ഞാന്‍ അല്ലേ ഇതിന്‍റെ  മെയിന്‍ തലച്ചോര്‍. ഒരു ലോഡ് എത്തേണ്ടിടത്തു എത്തിച്ചാല്‍  എനിക്കു അഞ്ഞൂറുമുതല്‍  എഴുന്നൂറു വരെ കിട്ടും ലോഡിന്‍റെ  ദൂരം അനുസരിച്ചു. “

”ഒരു ദിവസം എത്ര ലോഡ് കാണും?“

”എട്ടു പത്തു വരെ കാണും.അതല്ലേഡാ, നമ്മുടെ കൂടെ പഠിച്ച മഹേഷ്, ബൈജു തുടങ്ങി പലരും ഇപ്പോള്‍ ഈ ഫീല്‍ഡില്‍ ഇറങ്ങിയത്‌ "

”മൈ ഗോഡ്!!!!!!!!!!!!!!!!!!!!!!!!!!!!“

ഒരു എട്ടു പത്തു ആശ്ചര്യ ചിഹനങ്ങള്‍  എന്റെ  ഉള്ളില്‍  നിന്നും പുറത്തു ചാടി. ചുരുക്കി പറഞ്ഞാ ദിവസം അയ്യായിരം വരെ വരുമാനം.
ഗള്‍ഫന്‍ എന്ന എന്‍റെ  ഗ്യാസ് പറന്നു പൊയി. എന്നെ എന്തിനു ഗള്‍ഫിലയച്ചു എന്‍റെ കളരി പരമ്പര ദൈവങ്ങളെ !!

എഞ്ചിനീയറിംഗ് പഠിപ്പിച്ചതിനു പകരം ഈ ട്രാക്കില്‍   ഇറങ്ങാന്‍  എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ അന്നു ആരും ഉണ്ടായില്ലല്ലൊ. അബ്ദുല്‍കലാമിന്‍റെ   പോലെ ഒരു വിഷന്‍ 2കെ10 നമ്മുടെ മാതാപിതാടിമിനു ഉണ്ടായില്ലല്ലോ. പണ്ടൊരു സാന്‍ഡിയാഗ്ഗൊ നിധി  തേടി പോയി ഒടുക്കം നിന്നിടത്തു തന്നെ എത്തി എന്നു പാവ്ലൊ കോയ്‌ലൊ പറഞ്ഞതു ഒര്‍മവന്നു.ഭാരത പുഴ എന്ന ഈ നിധി ഉള്ള കാര്യം എന്തെ നമ്മുടെ പിതാശ്രി കണ്ടില്ല..?

അങ്ങനെ ഞങ്ങളുടെ ബൈക്കു മുന്നോട്ടു നീങ്ങി. ഒരൊ ജങ്ങ്ഷനിലും വളരെ സൂഷമതയോടെ വിഹഗവീക്ഷണം നടത്തി നടത്തി യാത്രയായി  ഇടക്കിടെ പിറകിലെ ലോറിയിലേക്കു സന്ദേശങ്ങള്‍  നല്‍കി.  "ലോറിക്കാരേ മുന്നോട്ട്....!"


അങ്ങനെ ഒരു ജങ്ങ്ഷനില്‍ വണ്ടി ഒരു ലെഫ്റ്റ് ടേണ്‍ എടുത്തു തിരിഞ്ഞപ്പോള്‍  ജങ്ങ്ഷനിലെ ചായക്കടക്കാരന്‍  രാമേട്ടനെ അര്‍ഥ ഗര്‍ഭമായി നവാസ് നോക്കി. ഇങ്ങനെ അര്‍ഥഗര്‍ഭമാവാന്‍  ഇയാള്‍ക്കെന്തു ഗര്‍ഭം എന്ന ചോദ്യം ഉയര്‍ന്നപ്പോളേക്കും രാമേട്ടന്‍ കണ്ണിറുക്കി കാട്ടി. “അപ്പോള്‍  ഇവിടം ഒക്കെ.” നവാസ് എന്നോട് പറഞ്ഞു.“ നമ്മുടെ ആളാ രാമേട്ടന്‍...”

ദൈവമെ, രാമേട്ടന്‍ ദി സ്പൈ? ഇതെന്താ പ്രേം നസീര്‍ സിനിമയൊ? അവസാന രംഗത്തു ചായക്കടക്കാരന്‍, കാര്യസ്ഥന്‍, തോട്ടക്കാരന്‍ എന്നിവര്‍ വില്ലനായി വരുന്ന കഥ.

“ഇന്നു വില്ലേജ് ഒഫിസര്‍ ഒഫിസില്‍  വന്നിട്ടില്ല. എന്തായലും അയാളുടെ  ജീപ് ഈ വഴിവന്നാല്‍  രാമേട്ടന്‍  മിസ്ഡ് കാള്‍  അടിക്കും. എനിക്കും രാമേട്ടനും എല്ലവര്‍ക്കും മോബൈല്‍  വിത് കണക്ഷന്‍  എല്ലം ഈ സെറ്റ് അപിന്‍റെ  വകയാ.”

“ഇത്രയും വലിയ പ്ലാനിംഗ് നമ്മുടെ രാഷട്രപുനര്‍നിര്‍മ്മാണത്തിന്   ഉണ്ടായിരുന്നെങ്കില്‍ ?”
വണ്ടി ഒരു പോക്കറ്റ് റോഡിലേക്കു കയറിയപ്പോള്‍  വഴിവക്കില്‍  ആടിനെ തീറ്റുന്ന അമ്മിണിയമ്മ.. എന്നെ പരിചയമുള്ള അമ്മിണി അമ്മ ഒരു ചിരി പാസാക്കി. മനസ്സില്‍ ഒരു ഇടി വെട്ടി. ഇനി  ഇവരെങ്ങാനും നവാസിന്‍റെ സംഘത്തില്‍  ഉണ്ടോ? യു ടൂ അമ്മിണി അമ്മ ദി ലേഡി മാതാഹാരി?

എയ്, നവാസ് അവരെ മൈന്റ്  ചെയ്യുന്നില്ല. ഒരു അരക്കിലോമീറ്റര്‍  കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഡെലിവറി സ്പോട്ട് എത്തി.

 “ഹാവൂ!” ഞാന്‍ മെല്ലെ ശ്വാസം വിട്ടു.ചെറിയ ചാറ്റല്‍ മഴ ഉണ്ട്‌.
നവാസ് പറഞ്ഞു “ലോഡ് ഇറക്കി വണ്ടി പോകുന്നതു വരെ നമ്മള്‍ ഇവിടെ വേണം.”
“അതിനെന്താ?” ഞാന്‍  ലോറിക്കു  സമീപം നിന്നു. നവാസ് ബൈക്കിലും. നവാസ് ഇടക്കു വിളിച്ചു ചോദികുന്നുണ്ട്.“ വില്ലേജ് ഒഫിസര്‍ വന്നോ?”
“ഇല്ല” എന്നു അപ്പുറത്തു നിന്നും മറുപടി. പക്ഷെ ജീപ്പു ഒഫിസിലൂണ്ട്. ജീപ്പില്ലാതെ നായാട്ടിനു അവര്‍  പോവില്ലല്ലൊ?

റോഡ് സൈഡില്‍  ആണു സ്പ്പോട്ട് അതു കൊണ്ടു വേഗം മണല്‍ തട്ടി ലോറി മാറ്റണം എന്നു പറഞ്ഞു കൊണ്ട് നവാസ് തിരക്കു കൂട്ടുന്നുണ്ടായിരുന്നു.
മഴയായതു കൊണ്ട് ഒട്ടോറിക്ഷകള്‍ തലങ്ങും വിലങ്ങും പായുന്നുണ്ട്. സൈഡില്‍  ഷീറ്റിട്ടു മഴയെ തോല്പിച്ചു മൂടിപ്പുതച്ചാണു ഒട്ടോകളുടെ യാത്ര.  ഞാന്‍ അന്നത്തെ ജേര്‍ണലിസം എക്സ്പിരിയന്‍സ് അയവിറക്കി ഇരിക്കുമ്പോള്‍ രണ്ടു ഓട്ടോറിക്ഷകള്‍  ഞങ്ങളുടെ അടുത്തെത്തി.
മുന്നിലത്തെ ഓട്ടോയില്‍  നിന്നും ഇറങ്ങിയ ആളെ കണ്ടതും നവാസ് ഉറക്കെ വിളിച്ചു പറഞ്ഞു
“ തോമാസുട്ടി വിട്ടൊടാ!!!!!!!” 

 എന്നിട്ടു അവന്‍  ബൈക്കെടുത്തു പറക്കാന്‍ തുടങ്ങി. എല്ലവരും നാലു വഴിക്കു ഓ​ടി. എന്നെ അവന്‍  ഉറക്കേ വിളിച്ചെങ്കിലും  പരുന്തു അടുക്കുമ്പോള്‍  എന്തു ചെയ്യണം എന്നറിയാതെ നില്ക്കുന്ന ബ്രോയിലര്‍  കോഴിയെ പൊലെ ഞാന്‍  നില്ക്കവെ പത്തു സെക്കന്റിനകം സ്ഥലം ശൂന്യമായി. സ്പോട്ടില്‍ ഇപ്പോള്‍ ഞാന്‍- ദി ജേര്‍ണലിസ്റ്റ് , ഒരു ലോറി, രണ്ടു ഒട്ടോ നിറയെ വില്ലേജ് ഉദ്യോഗസ്ഥര്‍  എന്നിവര്‍  മാത്രം.
ജീപ്പ് പ്രതിക്ഷിച്ചു ജംഗ്ഷനില്‍ കാത്തു നിന്ന രാമേട്ടനെ പറ്റിച്ചു ഇവര്‍ ഷീറ്റിട്ടു  സൈഡ് മൂടിയ ഓട്ടോയില്‍ ...അമ്പട വില്ലേജ് ഓഫിസറെ, താങ്കളെ സമ്മതിച്ചിരിക്കുന്നു! ഗള്‍ഫില്‍ നിന്നുള്ള ഈ പരിസ്ഥിതി സ്നേഹിയുടെ അഭിനന്ദനങ്ങള്‍.
പിറ്റേന്ന് മാധ്യമ സിണ്‍ഡിക്കേറ്റ് ഗര്‍ജിച്ചു. “ മണല്‍ മാഫിയയുടെ ചുരുള്‍  അഴിയുന്നു. മണല്‍ കടത്തിനു ഗള്‍ഫ് ബന്ധങ്ങള്‍ ....”

മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍

September 25, 2010 ദൃശ്യ- INTIMATE STRANGER

അങ്ങനെ ഒരു വെള്ളിയാഴ്ച കൂടി…മരുഭൂമിയില്‍ ഒട്ടകങ്ങളെ പോലെ മേഞ്ഞുനടക്കാന്‍ വിധിക്കപ്പെട്ട പ്രവാസികള്‍ക്ക് തങ്ങളും മനുഷ്യരാണെന്ന് ചിന്തിച്ചെടുക്കാന്‍ അവസരം ലഭിക്കുന്ന ദിവസം.ഒഴിഞ്ഞ ബഡ് വൈസര്‍ഉം ഹെയിനിക്കെനും മേശപ്പുറത്ത് തന്നെയുണ്ട്-  അവധി ദിനത്തിലെ സുഹൃത്തുക്കള്‍.

ഇന്ന് പതിവിലും വൈകിയിരിക്കുന്നു.എന്തോ ഒരു തളര്‍ച്ച ശരീരത്തെയും മനസ്സിനെയും ബാധിച്ച പോലെ.വല്ലാതെ മെദേഡിക്കല്‍ ആവുന്നുണ്ട് ലൈഫ്, ദിവസവും  ഷാര്‍ജ - ദുബായ് ഹൈവേയിലെ  ഹെവി ട്രാഫിക്കിലൂടെ  ജോലി സ്ഥലത്തേക്ക്  2മണിക്കൂര്‍ നീണ്ട യാത്ര, കമ്പ്യുട്ടറുകള്‍ക്കിടയില്‍ ഒരു പകല്‍, തിരികെ ഷാര്‍ജ കിംഗ്‌ ഫൈസ്സല്‍ റോഡിലുള്ള അപ്പാര്‍ട്ട്മെന്‍റ്റിലേക്ക്.

രാത്രിയില്‍ എപ്പോഴോ നിര്‍ത്താതെ റിംഗ് ചെയ്തിരുന്ന മൊബൈല്‍ സൈലന്റ് മോഡില്‍ ഇട്ടപോലോരോര്‍മ്മ .. ഓ മൈ ഗോഡ്!! 18മിസ്സ്ഡ് കോള്‍സ്, ഒപ്പം കൃഷ്ണ യുടെ മെസേജും "നമ്മുടെ ജാസ്..., ആക്സിഡന്‍റ്റ് ആണെന്നാ അറിഞ്ഞെ".
*********
ജാസ്മിന്‍,കലാലയം നല്‍കിയ ഭംഗിയുള്ള ഒരു സമ്മാനം ,ഹൃദയത്തോട് അടുത്ത് നില്‍ക്കുന്ന ഒരു സൗഹൃദം.'അവളുടെ   മരണം' - ഞെട്ടലോ ദുഖമോ ഒന്നുമല്ല ഒരുതരം നിര്‍വികാരത!! ഇതു എന്തോ പ്രതീക്ഷിച്ചിരുന്നത് പോലെ. ഒടുവില്‍ അവള്‍ മനസ്സിന്റെ ആ ധൈര്യം കണ്ടെത്തിയിരിക്കണം.

 പൊതുവേ  വായടിയെന്നു  കോളേജില്‍  അറിയപ്പെട്ടിരുന്ന അവളുടെ  മറ്റൊരു  മുഖം- ഒരു മസോക്കിസ്ടിന്റെ , സെല്‍ഫ് ഇന്‍ഫ്ലിക്റ്റഡ് മെന്‍റ്ല്‍ പെയ്നില്‍ അഭയം കണ്ടെത്തിയിരുന്ന ഒരു മനസ്സ്.വിവാഹ മോതിരം വിരലില്‍ അണിഞ്ഞു ഒരു മാസം തികയും മുമ്പ് പ്രിയപ്പെട്ടവന്റെ പുതിയ കാമുകിക്ക് വേണ്ടി  അത് ഊരി മാറ്റേണ്ടി  വന്നു അവള്‍ക്ക്.

ബാല്യത്തിന്‍റെ ഒറ്റപെടലുകളില്‍ എവിടെയോ വെച്ച് തന്നെ കെട്ടുപൊട്ടിച്ചു സഞ്ചരിച്ചു  തുടങ്ങിയിരുന്ന അവളുടെ  മനസ്സിന് പ്രതീക്ഷകള്‍ക്കും അപ്പുറം ആഴത്തില്ലുള്ള മുറിവേല്‍പ്പിച്ചു ആ സംഭവം.
എന്‍റെ ജാസ്.. ശ്രീകൃഷണന്‍റെ മുഖമുള്ള അവളുടെ ലിറ്റില്‍ ഹാര്‍ട്ട്‌ .. അവരുടെ പ്രണയം ..ഒടുവില്‍ ഒരു കുഞ്ഞു മുല്ലപ്പൂവിന്‍റെ ഹൃദയത്തിലെ മുറിവ്‌.

" മനു, എന്‍റെ ഉള്ളില്‍ ചങ്ങലക്കിട്ടിരിക്കുന്ന ഒരു ഭ്രാന്തിയുണ്ട്..അവള്‍ എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു തുടങ്ങിയിരിക്കുന്നു..എന്‍റെ വിലക്കുകളെ പൊട്ടിച്ചെറിഞ്ഞു പുറത്തു വരാന്‍ പോന്ന ശക്തി അവള്‍ നേടിയെടുക്കുമോ? എനിക്ക് പേടിയാവുന്നു .. "

"
ഒന്നുമില്ല മോളെ അവന്‍റെ കൈയിന്നു നീ രക്ഷപെട്ടില്ലേഇനി ഒരിറ്റു കണ്ണ് നീര്‍ പോലും  വീഴരുത് അവനു വേണ്ടി .. ദാറ്റ്‌ ബ്ലഡി ഷാമ്മര്‍ ഡസിന്റ് ഡിസെര്‍വ് ഇറ്റ്‌."

"
മുല്ലപ്പൂവിന്‍റെ ഇതളുകള്‍ വാടി തുടങ്ങും പോലെ "
**********
പിന്നീട് ചെറിയ ഒരിടവേളക്ക് ശേഷം എല്ലാം മറന്നു കോളെജിലേക്ക് അവള്‍  മടങ്ങിയെത്തി  ..പഴയതിനേക്കാള്‍ മിടുക്കിയായ്‌ . സന്തോഷത്തിന്‍റെ ആ പഴയ ദിനങ്ങള്‍ മടങ്ങിയെത്തിയ പോലെ.
കോഴ്സ് കംബ്ലീറ്റ് ചെയ്യും മുന്‍പ് എനിക്കീ  മരുഭൂമിയിലേക്ക് വരേണ്ടിവന്നു.പിരിയും മുന്‍പ്  എന്‍റെ ഡയറി താളുകള്‍ ഒന്നില്‍ അവള്‍ അവസാനമായി കുറിച്ചിട്ടു  ..

'
കടുത്ത നിറക്കൂട്ടുകളില്‍ ചാലിച്ചെടുത്ത ഒരു ഭ്രാന്തന്‍ സ്വപ്നമാണ് എനിക്ക് പ്രണയം.മഞ്ഞു പോലെ തണുത്ത ഒരു സുഖം .എനിക്ക് സ്വപ്‌നങ്ങള്‍ തരരുത് .എനിക്ക് ചിത്രമെഴുത്ത്‌ അറിയില്ല.എത്ര ശ്രമിച്ചിട്ടും അനുപാതം തെറ്റാതെ വര്‍ണക്കൂടുകളെ  ചാലിച്ചെടുക്കാന്‍ ആവുന്നില്ല. എന്‍റെ ചിത്രത്തിന് സ്നേഹത്തിന്‍റെ ഇളം നിറങ്ങളെ കൂട്ടിയെടുക്കാന്‍ ആവുന്നില്ല.ഇനിയൊരിക്കലും ഞാന്‍ ചിത്രമെഴുതില്ല, പ്രണയവര്‍ണങ്ങള്‍ നെയ്ത സ്വപ്‌നങ്ങള്‍ കാണില്ല ..'
ഒന്ന് മാത്രം മനസ്സിലായി .മുല്ലപ്പൂവിന്‍റെ ഹൃദയത്തിലെ മുറിവ്‌ ഉണങ്ങിയിട്ടില്ലെന്നു..
*****
ചാറ്റിലൂടെയും ഫോണിലൂടെയും തുടര്‍ന്ന് പോയ സൗഹൃദയത്തിന്റെ നാളുകള്‍....... ഇടക്ക് ചിലപ്പോള്‍ മാസങ്ങളോളം അവളെ കുറിച്ചൊരറിവും ഉണ്ടാകില്ല സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും തന്നെ .. കോള്‍സ് അറ്റെന്റ് ചെയ്യില്ല മേയില്‍സിനു റിപ്ലെ ഇല്ല , ഒരു തരം അജ്ഞാതവാസം..
പിന്നീട് വേനല്‍ ചൂടിലേക്ക് പെയ്തിറങ്ങുന്ന മഴമേഘങ്ങള്‍ പോലെ ഓരോ മഴക്കാലങ്ങള്‍ തീര്‍ത്തുകൊണ്ടുള്ള മടങ്ങി വരവുകള്‍. അതിനെ കുറിച്ച് ചോദിക്കുമ്പോഴോന്നും വ്യക്തമായ ഒരു ഉത്തരം ഉണ്ടായിരുന്നില്ല അവള്‍ക്ക്‌. ' ബൈ പോളാര്‍ ഡിസോഡര്‍ പീരീഡ്‌' എന്നൊരു ഒഴുക്കന്‍ മറുപടിയും.

*****
മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ........
ജാസ്മിന്‍റെ വിവാഹം !!!
അവള്‍ തന്നെയാ ആ വാര്‍ത്ത‍ അറിയിച്ചത് . "മനു , അങ്ങനെ മുല്ലപൂവിനു മിന്നുകെട്ട് "
"
ജാസ് .."
"
, പേര് സൂരജ്  , കുവൈറ്റിലാ, ഒരു "ഇഞ്ചി നീര്"    ഹ .."
"
ആഹ അപ്പൊ ഇനി മരുഭൂമിയില്‍ മുല്ലപ്പൂക്കള്‍ വിരിയുമല്ലോ "

"ഇത് ഏതോ യു .എസ്സ് മിലിട്ടറി ബയ്സാ , വല്ല ഷെല്ലോ , മിസ്സൈലോ വീണു മുല്ലപ്പൂ കരിയാതിരുന്നാ മതി "

"
അപ്പൊ മുല്ലപ്പൂ ഇനി സൂര്യന്‍റെ സ്വന്തം , എന്‍റെ മോള്‍ക്ക് നല്ലതേ വരൂ "
കമ്പനിയുടെ ചില പ്രൊജക്റ്റ്‌ വര്‍ക്കുകള്‍ക്കായി ആറുമാസം നീണ്ടുനിന്ന എന്‍റെ കുവൈറ്റ്‌ വാസം ,മംഗഫ്ഫിലെ  അടുത്തടുത്ത  ഫ്ലാറ്റിലെ താമസം. സൂരജുമായി കൂടുതല്‍ അടുക്കുകയും  അവരുടെ ജീവിതത്തെ അടുത്തറിയുകയും ചെയ്ത നാളുകള്‍ .അപരിചിതര്‍ പോലും പെട്ടന്ന് അടുത്തുപോകുന്ന തരം ഫ്രെണ്ട് ലി ക്യാരക്റ്റെര്‍ ആയിരുന്നു സൂരജിന്‍റെത്.
"
മനു , സൂര്യന്‍റെ കൈകളില്‍ മുല്ലപൂവിനു ഭംഗിയേറുന്നില്ലേ ??"
"
ജാസ് , ഹി ഇസ് റിയലി അ  നയിസ് മാന്‍.."
"
ആഹ എത്തിയോ മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍, ഫ്രണ്ടുക്കള്‍ രണ്ടൂടെ എന്നതാ ഒരു ഗൂഡാലോചന ?"
"
ചില അമേരിക്കന്‍ ചാരന്‍ മാരെ അല്‍ ഖ്വൈദക്ക് കൈമാറുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാ, എന്താ മിസ്റ്റര്‍. സൂരജ് ദേവന്‍ കൂടുന്നോ
?"
"
ആക്കല്ലേ മോളെ ചേട്ടനിതോക്കെ എത്ര കണ്ടിരിക്കുന്നു, അളിയാ മനു കുട്ടാ വൈകിട്ടത്തെ പ്രോഗ്രാംസ് എല്ലാം ഓക്കേ അല്ലെ ?"
"
ഡബിള്‍ ഓക്കേ, അളിയാ "

"
എന്നാ ഓക്കേ? എന്താ രണ്ടൂടി ? സംതിംഗ് സ്ടിങ്കി ???"
"
പോടീ പോടീ , ആദ്യം നിന്റപ്പന്‍ ആ താടിക്കാരനെ വെള്ളം ഒഴിക്കാതെ ബിയര്‍ അടിക്കാന്‍ പഠിപ്പിക്ക്, എന്നിട്ട് വാ ആണുങ്ങളോട് സംസാരിക്കാന്‍ "
"
ഇത് കണ്ടോ മനൂ കളിയാക്കണേ, അറിയാതൊന്നു ചോദിച്ചുപോയി ബിയറില്‍ വെള്ളം ഒഴിക്കില്ലേന്നു അന്ന് തുടങ്ങീതാ.."
**********
പിന്നീട് കൃഷ്ണ പറഞ്ഞാ അറിയുന്നത് ,ജാസ് ഹോസ്പിറ്റലൈസ്സ്ഡാണെന്നും, ക്യാന്‍സര്‍ ബാധിച്ചു തുടങ്ങിയ അവളുടെ യൂട്രസ്സ് റിമൂവ് ചെയ്യേണ്ടി വന്നെന്നും. അന്ന് സൂരജിനെ വിളിക്കാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ ഒന്നും തോന്നിയില്ല .സൂര്യ പ്രകാശം വീണു തുടങ്ങിയ മുല്ലപൂവിന്റെ ജീവിതം ..അത് മാത്രമായിരുന്നു മനസ്സില്‍ .
സൂരജില്‍ നിന്ന് തന്നെയാണ് ഒടുവില്‍ എല്ലാം അറിഞ്ഞത്‌. അവരുടെ വിവാഹത്തെ കുറിച്ച് പിന്നെ അവളുടെ  ആ പഴയ അജ്ഞാത വാസ ദിനങ്ങളെ കുറിച്ച്. കോളേജിലെ ലാസ്റ്റ് ഡേയ്സ്സില്‍ തന്നെ  അവള്‍ ഭയപ്പെട്ടിരുന്നത് പോലെ മനസ്സിന്‍റെ ചങ്ങലപ്പൂട്ടുകള്‍ തകര്‍ത്ത് അവളിലെ ആ മറ്റൊരുവള്‍ പുറത്തുവന്നു.മൂന്നു മാസത്തെ ട്രീറ്റ്മെന്‍റ് , സൂരജിന്‍റെ അമ്മയുടെ അടുത്ത്. ഒടുവില്‍ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം വീണ്ടെടുത്ത അവളെ ജീവിതത്തിലേക്ക് കൂട്ടാം എന്നുള്ള സൂരജിന്‍റെ തീരുമാനം ,എല്ലാം അറിഞ്ഞു കൊണ്ട് തന്നെ .എന്നിട്ടും വിധി വീണ്ടും അവളോട്...

"
മനൂ, എന്തൊക്കെ തന്നെ സംഭവിച്ചാലും ഇനി ഒരിക്കല്‍ കൂടി അവളെ ആ പഴയ അവസ്ഥയിലേക്ക് ഞാന്‍ വിട്ടു കൊടുക്കില്ല , ഞങ്ങള്‍ ജീവിക്കുമെടോ ,സന്തോഷത്തോടെ "
പരസ്പരം അറിഞ്ഞും സ്നേഹിച്ചും ഉള്ള കുടുംബ ജീവിതം.അന്നൊക്കെ മിക്കവാറും ദിവസങ്ങളില്‍ അവളെന്നോട് സംസാരിക്കാരുണ്ടായിരുന്നു.

"
മനൂ, എന്‍റെ സൂരജിന് നല്ലൊരു പെണ്ണിനെ കണ്ടു പിടിച്ചു കൊടുക്കാമോ? തിളങ്ങുന്ന മുഖമുള്ള , നീണ്ടമുടിയുള്ള , പാട്ടുപാടനറിയുന്ന..പിന്നെ ..പിന്നെ ..അമ്മയാവാന്‍ കഴിയുന്ന ..."

"
ജാസ് , നിര്‍ത്തിക്കോ നിന്‍റെ അഹങ്കാരം.."
"
ചൂടാവാതെ എന്‍റെ മനു സാറേ , ഹാ പിന്നെ അവളുടെ കണ്ണുകള്‍ക്ക് എന്റത്ര ഭംഗി വേണ്ട ..യു നോ സൂരജിന് ഏറ്റവും ഇഷ്ടം എന്‍റെ കണ്ണുകളാ"
"
പോ പെണ്ണെ അവിടുന്ന് , ഈ ക്വാളിറ്റീസ് എല്ലാം ചേര്‍ത്ത് ഞാനൊരു കസ്റ്റമൈസ്‌ട് പീസിനെ ഒണ്ടാക്കി കൊടുക്കാം നിന്‍റെ കെട്ട്യോനു കെട്ടി പണ്ടാരവടങ്ങാന്‍"

"
മനൂ, ഒരു സ്ത്രീയുടെ പൂര്‍ണത മാതൃത്വത്തിലാണ്, സൂരജിനും വേണ്ടേ ഒരു ലൈഫ് , എത്ര നാളാ  ഇങ്ങനെ സ്നേഹത്തിന്‍റെ പേരില്‍ ആ പാവത്തെ ശിക്ഷിക്കുന്നത് , ഒരു കുഞ്ഞില്ലാത്ത അവസ്ഥ അത് ഉണ്ടാക്കുന്ന ഗാപ്‌ സ്നേഹത്തില്‍ വരുത്തുന്ന വിള്ളല്‍ അത് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് ചിലപ്പോഴൊക്കെ , എത്ര ആത്മാര്‍ത്ഥസ്നേഹത്തിലും  "
അമ്മയാവാന്‍ കഴിയില്ലെന്നുള്ള സത്യം അവളെ വല്ലാതെ വെട്ടയാടുന്നുണ്ടായിരുന്നു . എങ്കിലും സൂരജ് അവള്‍ക്ക് ധൈര്യം കൊടുത്ത് കൂടെ ഉണ്ടായിരുന്നു . അവര്‍ നാട്ടില്‍ സെറ്റില്‍ ചെയ്യാന്‍ തീരുമാനിച്ചു. അതിനു ശേഷം സംസാരങ്ങള്‍ വളരെ കുറവായിരുന്നു .ഇടയ്ക്കിടെ എത്തുന്ന മെയിലുകള്‍. ഒന്നോ രണ്ടോ വരികളില്‍ അവളുടെ മനസ്സും ജീവിതവും ഒതുക്കിയ സന്ദേശങ്ങള്‍.നീണ്ട ഇടവേളക്ക് ശേഷം  ഒരു വര്‍ഷം മുന്‍പ് ഒരു മെയില്‍.
'
ഇത് കനല്‍ മഴക്കാലം .. പറഞ്ഞു തീര്‍ക്കാനാവാത്ത നോവിനെ മനസ്സിന്‍റെ ഉള്ളറയില്‍ നീറാന്‍ വിട്ട്.. ആത്മാവിനെയും ശരീരത്തെയും വെറുത്തു കൊണ്ട് , മൃതിയുടെ സ്മൃതിയെ പുണര്‍ന്നു, കണ്ണിരു വീണു കുതിര്‍ന്ന തലയിണയില്‍ മുഖമമര്‍ത്തി വിതുമ്പി, നാല് ചുവരുകളുടെ ഏകാന്തതയില്‍ ശപിക്കപ്പെട്ടവളെ പോലെ, ഇങ്ങനെ ...എന്‍റെ തെറ്റ് , എന്‍റെ മാത്രം തെറ്റ് .. ഇത് മഴക്കാലം കണ്ണീര്‍.. ,മഴക്കാലം. കെട്ടുതാലിക്കൊപ്പം മാറോട് ചേര്‍ന്ന് നിന്നിരുന്ന എന്‍റെ ഹൃദയതിനരികിലും ഞാന്‍ തനിച്ചാണിന്നു.. മൈ പെറ്റല്സ്സ് ഗോട്ട് വിദേട്..'
പിന്നെ കേള്‍ക്കുന്ന വാര്‍ത്ത സൂരജും ജാസ്മിനും പിരിയാന്‍ തീരുമാനിച്ചെന്നു. ഡിവോഴ്സിനു ശേഷം മാസങ്ങള്‍ക്കുളില്‍ സൂരജിന്‍റെ വിവാഹം , പ്രണയ വിവാഹം. ജാസ്മിന്‍ അമ്മക്കൊപ്പം മണാലിയില്‍.ഇടയ്ക്കിടെ എത്താറുള്ള മെയിലുകള്‍ അവയില്‍ പേടിപെടുത്തുന്ന ഒരുതരം പുകമറ. ജാസ്മിന്‍റെ അവസാന മെയില്‍ ഒരാഴ്ച മുന്‍പുള്ളത്..

'
ഇനി വരുന്ന നാളുകളില്‍ ഏതെങ്കിലുമൊന്നില്‍ എന്‍റെ മരണം ;കാലത്തിന്‍റെ താളുകളിലൊന്നില്‍ പണ്ടെങ്ങോ എഴുതിച്ചേര്‍ക്കപ്പെട്ട എന്‍റെ മരണം. എറിഞ്ഞുടക്കാന്‍ കഴിയുന്ന ഒരു ചില്ലുപാത്രമായിരുന്നു ജീവിതമെങ്കില്‍ എത്രയോ ഋതുക്കള്‍ക്ക്‌   മുന്‍പേ അത് ഉടക്കപെട്ടു കഴിഞ്ഞിരുന്നേനെ.. നടന്നകന്ന കാലങ്ങളിലെക്കൊരു തിരിച്ചുപോക്ക് ഇനി അസാധ്യം.. ഈ ജന്മം അവസ്സാനിക്കുകയാണ് ..എനിക്ക് നഷ്ട്ടപെടുകയാണ്..എന്‍റെ നഷ്ടങ്ങളില്‍ ഓരോന്നിലും ആരുടെയൊക്കെയോ നേട്ടങ്ങളുണ്ട്. ഇത്ര കാലവും ഞാന്‍ ചിന്തിച്ചിരുന്നത് എന്‍റെ നഷ്ടങ്ങളെ പറ്റിആയിരുന്നു,ഇനി എന്‍റെ ചിന്തകള്‍ ഞാന്‍ വരുത്തിയ നഷ്ടങ്ങളെ കുറിച്ച് , എന്‍റെ പ്രായശ്ചിത്തങ്ങളെ കുറിച്ച്.. മുല്ലപ്പൂ കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു ..ഇനിയൊരു മഴക്കാലത്തെ അതിജീവിക്കാനുള്ള ശക്തി ഈഇതളുകള്‍ക്കില്ല'
******
 മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍....കൊഴിഞ്ഞ പൂവിതളുകള്‍ ...ബാക്കിയായ സുഗന്ധം...
ഓരോന്ന് ചിന്തിച്ചു സമയം പോയതറിഞ്ഞില്ല. വല്ലാത്ത ഒരു തളര്‍ച്ച , ഇത്തിഹാദ്ദ് പാര്‍ക്കിലേക്കുള്ള  പതിവ് യാത്രയും ഒഴിവാക്കി, മനസ്സ് മുഴുവന്‍ മുല്ലപ്പൂവും അവളുടെ സൂര്യനും.. ഏത് നിമിഷത്തിലാവും സന്ധ്യ അവര്‍ക്കിടയില്‍ നിഴല്‍ വീഴ്ത്തി തുടങ്ങിയത്...!!!

നാട്ടില്‍ നിന്നാണ് കോള്‍ അമ്മയാ..
"
മനു കുട്ടാ നമ്മടെ ജാസ്മിന്‍ .., കാര്‍ താഴ്ച്ചയിലേക്ക്‌ മറിഞ്ഞതാ, നല്ല ഒന്നാന്തരം റോഡ്‌ കിടക്കുമ്പ രാത്രിയില് മഴയത്ത് ആ ഇടുങ്ങിയ വഴിയിലൂടെ ഒറ്റക്ക് പോകേണ്ട വല്ല കാര്യോം ഒണ്ടോ ആ കുട്ടിക്ക് , അതിന്‍റെ സമയം ആയിക്കാണും അല്ലാതെന്നാ"
"
ഉം , സമയമായി കാണും "
"
മോനെ ഇവിടെ നല്ല ഇടിയും മഴയുമാ അമ്മ ഫോണ്‍ വെക്കുവാ.."
ഇവിടെയും ഈ മരുഭൂമിയിലും മഴയാ.. വല്ലപ്പോഴും ഒരിക്കല്‍ വഴിതെറ്റി എത്താറുള്ള മഴ ..
മുല്ലപ്പൂ കൊഴിയുന്നനാള്‍ -അവളിലെ മോര്‍ബിഡ്‌ ബ്യൂട്ടി അതിന്‍റെ എല്ലാ സൌന്ദര്യത്തോടും കൂടി പുറത്തുവരുന്ന നാള്‍.
മുറിയിലാകെ മുല്ലപ്പൂ മണം പരക്കുന്നു......ഇനി ഓര്‍മ്മകളുടെ  കാവല്‍ക്കാരന്‍.......

 
© INTIMATE STRANGER

ചക്രവാകങ്ങളുറങ്ങാത്ത നീലക്കടമ്പുകള്‍

September 22, 2010 KS Binu

ഇളം ചുവപ്പുനിറമാര്‍ന്ന നേര്‍ത്ത വിരിപ്പുകള്‍ ഇരുവശങ്ങളിലേയ്ക്കും ഒതുക്കിക്കെട്ടിയ, വിശാലമായ സുവര്‍ണ്ണകമാനമുള്ള, വലിയ കിളിവാതിലിനരികില്‍ കൃഷ്ണന്‍ നിന്നു. കിളിവാതിലില്‍കൂടി പുറത്തെ നിറഞ്ഞുകത്തുന്ന നിലാവിന്റെ നീലവെളിച്ചം അന്ത:പ്പുരത്തിനകത്തേയ്കും ഒഴുകിയെത്തുന്നു. ഇന്ന് വസന്തപൗര്‍ണമിയാണ്‌. കൊട്ടാരമുറ്റത്ത്‌ പൂക്കളുടെ ഭാരവുമായി തലകുനിച്ച്‌ നില്‍ക്കുന്ന കടമ്പുമരത്തിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെ മങ്ങിയ മഞ്ഞനിറത്തില്‍ പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുവരുന്നു. ചുറ്റുമുള്ള ഇരുണ്ട മേഘങ്ങളുടെ അരികുകള്‍ ചാന്ദ്രശോഭയാല്‍ പ്രോജ്വലമായിരിക്കുന്നു. കൃഷ്ണന്‍ കിളിവാതിലിലൂടെ താഴേക്ക്‌ നോക്കി. കൊട്ടാരമുറ്റത്ത്‌ പൊഴിഞ്ഞുവീണ കടമ്പിന്‍പൂവുകള്‍ക്കുമീതെ നിലാവില്‍ ഉലാത്തുന്ന കാവലാളുകള്‍. രാവിന്റെ ആദ്യയാമമായിട്ടുപോലും തണുത്ത കാറ്റ്‌ വീശുന്നുണ്ട്‌. കൃഷ്ണന്‍ വീണ്ടും കടമ്പിന്‍ശിഖരങ്ങള്‍ക്കിടയിലൂടെ ചന്ദ്രികയിലേക്ക്‌ കണ്ണും നട്ടു നിന്നു. പൗര്‍ണ്ണമിരാവുകള്‍ എല്ലായ്പ്പോഴും നിദ്രാവിഹീനങ്ങളാണ്‌. അമ്പാടിയിലും പിന്നീട്‌ വൃന്ദാവനത്തിലുമുള്ള നാളുകളില്‍ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.രാവ്‌ മുഴുവന്‍ നീളുന്ന ആഘോഷങ്ങള്‍ക്കിടയില്‍ എങ്ങനെ ഉറങ്ങുവാനാണ്‌.? ഇന്നാണെങ്കില്‍ ആ രാത്രികളുടെ ദീപ്തമായ ഓര്‍മ്മകള്‍ പൗര്‍ണ്ണമികളെ നിദ്രാരഹിതമാക്കുന്നു.

കടമ്പിന്മരത്തില്‍നിന്ന് ഒരു ചക്രവാകപ്പക്ഷിയുടെ ശോകനിബദ്ധമായ കേഴലുയര്‍ന്നു; വിരഹിയായ ഏതോ ഗന്ധര്‍വ്വന്റെ പ്രണയഗീതി പോലെ. എവിടെനിന്നാണ്‌ ആ ചക്രവാകം പാടുന്നത്‌.? കൃഷ്ണന്‍ കൗതുകത്തോടെ നോക്കി. ഉദിച്ചുവരുന്ന ചന്ദ്രികയിലേയ്ക്ക്‌ നീണ്ട്‌ നില്‍ക്കുന്ന ഒറ്റശിഖരത്തില്‍ ഒരു കറുത്ത നിഴല്‍ പോലെ ഏകനായൊരു ചക്രവാകപ്പക്ഷി. ചന്ദ്രബിംബത്തിലേക്ക്‌ നോക്കി അത്‌ പാടുകയാണ്‌. വസന്തപൗര്‍ണ്ണമിയും, പൂത്ത കടമ്പുമരവും, പൂമണം പേറിയ ശീതക്കാറ്റും, പ്രകൃതിതന്നെയും അതില്‍ അലിഞ്ഞുപോകുന്നതുപോലെ. കടമ്പിന്‍പൂമണവും ചക്രവാകപ്പക്ഷിയുടെ ഗാനവും നിലാവിന്റെ നിഗൂഢസൗന്ദര്യവും മനസ്സിനെ കാലങ്ങളും ദേശങ്ങളും അറിയാത്ത വഴികളിലൂടെ കൊണ്ടുപോകുന്നു. ഓര്‍മ്മകള്‍ പ്രളയവാതം പോലെ ഇളകിമറിയുന്നു. ഇപ്പോള്‍ ആ ചക്രവാകം പാടുന്നത്‌ ദ്വാരകയിലെ കൊട്ടാരമുറ്റത്തല്ല. ദൂരെ, കാതങ്ങള്‍ അകലെ, നവോഢയായ കുലവധുവേപ്പോലെ പൂത്തുലഞ്ഞ വൃന്ദാവനത്തിലാണ്‌. അവിടെ കാനനപാതയുടെ ഇരുവശവും ഇറുങ്ങനെ പൂത്തുനില്‍ക്കുന്ന അശോകമരങ്ങളിലും നീലക്കടമ്പുകളിലുമൊക്കെ ചക്രവാകപ്പക്ഷികള്‍ രാവെളുക്കുവോളം പാടിക്കൊണ്ടേയിരിക്കുന്നു.

ചിന്തകളും ഓര്‍മ്മകളും കേതകിപ്പൂക്കളായി കൊഴിഞ്ഞുവീഴുന്നത്‌ രാധയുടെ മുന്‍പിലേക്കാണ്‌. ഓര്‍മ്മയുടെ വഴികളെല്ലാം രാധയില്‍ അവസാനിക്കുന്നു. മൃദുലവും നിര്‍മ്മലവും സുന്ദരവുമായതെന്തും രാധയെ സംബന്ധിക്കുന്നതായി തീര്‍ന്നിരിക്കുന്നു. സ്നേഹമെന്ന വാക്കിന്റെ മൂര്‍ത്തരൂപം പോലെ രാധ..

നിലാവില്‍ യമുനയുടെ കരയില്‍ രാധയോടൊത്ത്‌ ചിലവഴിച്ച അനേകം രാത്രികളുടെ ഓര്‍മ്മകള്‍ കൃഷ്ണന്റെ മനസ്സിലേക്ക്‌ തിരയടിച്ചുയര്‍ന്നു. വൃന്ദാവനത്തെ പുണര്‍ന്ന ഓരോ യാമിനിയിലും രാധ കൃഷ്ണന്റെ ഒപ്പമുണ്ടായിരുന്നു; ചിലപ്പോള്‍ വെറുതെ നദീതീരത്തുകൂടി നടന്നുകൊണ്ട്‌, ചിലപ്പോള്‍ കടമ്പിന്‍ പൂവുകള്‍ പെറുക്കിയെടുത്ത്‌ മാല കോര്‍ത്തുകൊണ്ട്‌, ചിലപ്പോള്‍ പൂവിരിച്ച മരത്തണലില്‍ കിടന്ന് നിലാവിലേക്ക്‌ നോക്കി പാടിക്കൊണ്ട്‌, ചിലപ്പോള്‍ കടമ്പുമരത്തിന്റെ താഴ്‌ന്ന ശിഖരത്തില്‍ ചേര്‍ന്നിരുന്ന് കൃഷ്ണമുരളിയില്‍ നിന്നൊഴുകിപ്പരക്കുന്ന ഗാനലാവണ്യത്തില്‍ ലയിച്ച്‌, ആ ഗാനത്തിന്റെ ഈണത്തോടിഴുകിച്ചേര്‍ന്ന മയിലുകളുടെ നൃത്തം കണ്ടുകൊണ്ട്‌, ചിലപ്പോള്‍ ഒന്നും പറയാനില്ലാതെ, ഒന്നും ചെയ്യാനില്ലാതെ, വെറുതെ ഇരുന്നുകൊണ്ട്‌..

യമുനാതടത്തില്‍ പൂത്ത കടമ്പുമരത്തിന്റെ തണലില്‍ നിലാവില്‍ നാഴികകളോളം വേണുവൂതിയ ഒരു രാത്രിയിലേക്ക്‌ ഒരു സ്മരണദൂരത്തോളം കൃഷ്ണന്‍ സഞ്ചരിച്ചു. അക്കാലങ്ങളില്‍ ശുക്ലപക്ഷരാവുകള്‍ വൃന്ദാവനത്തില്‍ ആഘോഷത്തിന്റെ രാവുകളായിരുന്നു. ഗ്രാമമധ്യത്തിലുള്ള അരയാല്‍ ചുവട്ടില്‍ ചെറിയ സംഘങ്ങളായി ഒത്തുചേര്‍ന്ന് രാവേറെ ചെല്ലുവോളം വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്ന മുതിര്‍ന്നവരെ അവരുടെ ലോകത്ത്‌ വിട്ട്‌ കുട്ടികളെല്ലാവരും യമുനയുടെ കരയിലേക്ക്‌ ഒറ്റ കുതിപ്പാണ്‌. ആണ്‍കുട്ടികള്‍ ഗുസ്തിമല്‍സരം പോലെ സാഹസമായ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ ഗോപികമാര്‍ നൃത്തവും പാട്ടും തമാശകളുമായി സമയം പോക്കും. ഗോപബാലന്മാര്‍ക്കും ഗോപികമാര്‍ക്കും പരസ്പരം കണ്ണെടുത്താല്‍ കണ്ടുകൂടാ. അതിന്‌ പ്രത്യേകിച്ച്‌ കാരണമൊന്നുമില്ല. യമുനയില്‍ നീന്തുമ്പോഴും പൂ പറിക്കുമ്പോഴും കളികളിലേര്‍പ്പെടുമ്പോഴുമൊക്കെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ എപ്പോഴും മല്‍സരം തന്നെ. അക്കാരണത്താല്‍ കൃഷ്ണന്‍ ഗോപികമാരോടൊപ്പം പാട്ടുപാടാനും നൃത്തം ചെയ്യാനും പോകുന്നതില്‍ മറ്റ്‌ ഗോപബാലന്മാര്‍ക്ക്‌ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ കൃഷ്ണനോ.? കൃഷ്ണന്‌ ഗോപികമാരെ ഉപക്ഷിക്കുവാനും പറ്റുമായിരുന്നില്ല. ആരെയും പിണക്കുന്നതും വിഷമിപ്പിക്കുന്നതും കൃഷ്ണന്‌ ഇഷ്ടമായിരുന്നില്ല.

രാവിന്റെ ദൈര്‍ഘ്യം രണ്ടുയാമങ്ങളോളമെത്താറായിരുന്നു അപ്പോള്‍. മോഹനരാഗം അനുസ്യൂതം വേണുവില്‍നിന്ന് ഒഴുകിക്കൊണ്ടിരുന്നു. കൃഷ്ണന്റെ തൊട്ടടുത്ത്‌ കിടന്നിരുന്ന കല്ലിന്മേല്‍ ലളിത വിവശയായി ഇരിപ്പുണ്ട്‌. വൈശാഖയും ചന്ദ്രവല്ലിയും ലളിതയുടെ അരികില്‍ കടമ്പുമരത്തിന്മേല്‍ ചാരി നില്‍ക്കുന്നു. ഗോപികമാര്‍ ചുറ്റിനും ലാസ്യനൃത്തമാടുകയാണ്‌. ഇടയ്ക്ക്‌ ഒന്ന് പാളിനോക്കി. ഉവ്വ്‌; അല്‍പ്പം അകലെ യമുനയിലേക്ക്‌ ചാഞ്ഞുനില്‍ക്കുന്ന നീലക്കടമ്പിന്റെ ചുവട്ടില്‍ പൂക്കള്‍ വീണുചിതറിയ കല്ലിന്മേല്‍ രാധയിരിപ്പുണ്ട്‌. കാത്തിരിക്കുന്നതിന്റെ വിരസത ഒട്ടുംതന്നെ ഇല്ലാതെ. എത്രയോ നേരമായി അവള്‍ ആ ഇരിപ്പ്‌ ഇരിക്കുന്നു. എന്നിട്ടും മുഖം പ്രണയദീപ്തമാണ്‌. ഉദിച്ചുനില്‍ക്കുന്ന ചന്ദ്രികയേക്കാള്‍ ദീപ്തം. ഇത്രയധികം പ്രണയപൂര്‍വ്വം കടാക്ഷിക്കുന്ന വേറെ ഒരു പെണ്ണുമില്ല.

കൃഷ്ണന്‍ ഗോപികമാരുടെ ചാപല്യങ്ങള്‍ക്കിടയിലൂടെ രാധയെ നോക്കി പുഞ്ചിരിച്ചു. കാത്തുനിര്‍ത്തുന്നതിലുള്ള ക്ഷമാപണവും വേഗം വരാമെന്ന വാഗ്ദാനവും ആ പുഞ്ചിരിയില്‍ അടങ്ങിയിരിക്കുന്നുവെന്ന് രാധയ്ക്ക്‌ നന്നായറിയാം. അവള്‍ മന്ദഹസിച്ചു; കടമ്പിന്‍ ചുവട്ടില്‍ മറ്റൊരു പൗര്‍ണ്ണമി ഉദിച്ചതുപോലെ.

മല്ലുപിടിച്ച്‌ ക്ഷീണിച്ച ഗോപബാലന്മാരില്‍ കുറേപ്പേര്‍ കളിത്തട്ടിനരികിലെ ഇലഞ്ഞിമരങ്ങളുടെയും വാകമരങ്ങളുടെയും തണലുകളിലും ബാക്കിയുള്ളവര്‍ തിരിച്ച്‌ വീടുകളിലും ഉറങ്ങുവാനായി ചേക്കേറി. നൃത്തമാടി തളര്‍ന്ന കാലടികളോടെ ഗോപികമാര്‍ നടന്നകലുമ്പോള്‍ പുലരുവാന്‍ ഏതാനും നാഴികകളേ അവശേഷിച്ചിരുന്നുള്ളു. മുരളി അരയില്‍ തിരുകി രാധയുടെ അടുത്തേക്ക്‌ നടന്നടുക്കുമ്പോള്‍ കൃഷ്ണന്റെ മുഖത്ത്‌ കുസൃതിയോടൊപ്പം അല്‍പ്പം ജാള്യതയും പടര്‍ന്നിരുന്നു. കടമ്പിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവില്‍ രാധയുടെ പ്രണയം വഴിയുന്ന മിഴികള്‍. മയ്യെഴുതിയത്‌ ആഘോഷത്തിന്റെ ആദ്യനിമിഷങ്ങളിലെപ്പോഴോ ആടിത്തീര്‍ത്ത നൃത്തത്തിന്റെ ഉന്മത്തതയില്‍ പടര്‍ന്നിരിക്കുന്നു. കൃഷ്ണന്‍ രാധയുടെ കണ്‍കളിലേക്ക്‌ നോക്കി ഇമ ചിമ്മാതെ നിന്നു. അവള്‍ കൈനീട്ടി കൃഷണന്റെ കൈത്തലത്തില്‍ പിടിച്ച്‌ തന്റെ അരികിലിരുത്തി.

"കാത്തിരുന്ന് മുഷിഞ്ഞുവോ.?" തന്റെ മുടിയില്‍ തിരുകിയ മയിപ്പീലികള്‍ ശ്രദ്ധയോടെ നേരെയാക്കുന്ന രാധയോട്‌ കൃഷ്ണന്‍ ചോദിച്ചു.

"കാത്തിരിക്കുന്നത്‌ കണ്ണനെയാകുമ്പോള്‍ രാധയ്ക്ക്‌ മുഷിയുവതെങ്ങനെ.?" രാധ കൃഷ്ണന്റെ കണ്ണുകളിലേക്ക്‌ നോക്കി.

കൃഷ്ണന്‌ താന്‍ പെട്ടെന്ന് നിരായുധനാക്കപ്പെട്ടതുപോലെ തോന്നി. തന്റെ വേണുഗാനവും പുഞ്ചിരികളും കുസൃതികളുമെല്ലാം നിഷ്പ്രഭമാവുന്നതുപോലെ. കുറ്റബോധത്തോടെ രാധയുടെ മിഴികളിലേയ്ക്ക്‌ കൃഷ്ണന്‍ ചോദിച്ചു: "നിനക്കെന്നോട്‌ ഒരിക്കല്‍ പോലും ദേഷ്യം തോന്നിയിട്ടില്ലേ രാധേ.? എന്റെ ചുറ്റിനും എല്ലായ്പ്പോഴും വിവശരായ ഗോപികമാര്‍. എന്റെ ശ്രദ്ധ കിട്ടുവാനായി, എന്റെ സ്നേഹത്തിനായി പരസ്പരം മല്‍സരിക്കുന്നവര്‍. എല്ലാവരും വിചാരിക്കുന്നു ഞാന്‍ അവരുടെ സ്വന്തമാണെന്ന്. ഈ വൃന്ദാവനത്തിനു തന്നെയും പൊതുസ്വത്തെന്ന പോലെയായിരിക്കുന്നു ഞാന്‍. നിനക്കായി നല്‍കുവാന്‍ നാമമാത്രമായ സമയമേ പലപ്പോഴും അവശേഷിക്കുന്നുള്ളു. ചില നേരങ്ങളില്‍ അതുപോലും നിമിഷങ്ങള്‍ മാത്രമായി ചുരുങ്ങുന്നു. എന്നിട്ടും നിനക്ക്‌ ഒരു പരാതിയുമില്ലെന്നോ.?"

രാധ ഒരു നിമിഷം നിശബ്ദമായി കൃഷ്ണനെ നോക്കി. ആ നോട്ടത്തില്‍ കൃഷ്ണനോടുള്ള അവളുടെ സ്നേഹവായ്പ്‌ മുഴുവന്‍ പ്രകടമായിരുന്നു.

അല്‍പ്പം പോലും കളങ്കം കലരാത്ത ഒരു മന്ദഹാസത്തോടെ രാധ പറഞ്ഞു : "കണ്ണനില്‍ ദൈവാംശമുണ്ടെന്ന് ഒന്നൊഴിയാതെ എല്ലാ ഗോപാലകരും പറയുന്നു. ഞാനുമത്‌ തിരിച്ചറിയുന്നുണ്ട്‌; ഒരുപക്ഷേ മറ്റാരേക്കാളുമേറെ. വൃന്ദാവനവാസികളെല്ലാവരും അവരുടെ നാഥനെ, രക്ഷകനെ കണ്ണനില്‍ കാണുന്നു. ഗോകുലത്തിന്റെ നാഥനെങ്ങിനെയാണ്‌ ഗോപാലരെ കണ്ടില്ലെന്ന് നടിക്കുവാനാകുക.? അതുകൊണ്ടുതന്നെ കണ്ണന്‌ ആരെയും സങ്കടപ്പെടുത്തുവാനാവില്ല. അതും മറ്റുള്ളവരേക്കാള്‍ ഈ രാധയ്ക്കേറെ മനസ്സിലാവും. അപ്പോള്‍ പിന്നെ കണ്ണന്‍ എന്നോട്‌ മാത്രം സ്നേഹം കാണിക്കണം എന്ന് ഞാന്‍ വാശിപിടിക്കാമോ.? കേള്‍ക്കൂ കണ്ണാ, നീയെന്റെ ആത്മാവിന്റെ സത്ത.. നിന്നെ വിഷമസ്ഥിതിയിലാക്കുവാന്‍ രാധ തുനിയുകയില്ലൊരിക്കലും. ഒന്നെനിക്കറിയാം; എത്ര ദൂരെ പോയാലും, ഏത്‌ തിരക്കുകളിലായാലും ഒടുവില്‍, സര്‍വ്വതിനും ഒടുവില്‍ എന്റെ കണ്ണന്‍ എന്നിലേക്ക്‌ തന്നെ തിരിച്ചെത്തുമെന്ന്.. എന്നെ പ്രേമപൂര്‍വ്വം കടാക്ഷിക്കുമെന്ന്.. ജനിമൃതികള്‍ക്ക്‌ സ്പര്‍ശിക്കുവാനാകാത്ത എന്റെ ആത്മപൂജ സ്വീകരിക്കുമെന്ന്.. അതൊരു പ്രതീക്ഷയല്ല. ഹൃദയത്തില്‍ സുനിശ്ചിതമായതെന്തെങ്കിലും ഉണ്ടെങ്കില്‍ അത്‌ ഈ ഉറപ്പ്‌ മാത്രമാണ്‌. എനിക്കത്‌ ഇനിയും വിശദീകരിക്കുവാനറിയില്ല. ഒന്ന് മാത്രം പറയാം; ആ നിശ്ചയം, അത്‌ മാത്രമാണ്‌ രാധയുടെ ജീവപ്രേരകം..."

യമുനയില്‍ പെട്ടെന്ന് ഓളമുയര്‍ന്നു.

സ്വയം നഷ്ടപ്പെട്ടവനെപ്പോലെ കൃഷ്ണന്‍ അല്‍പ്പനേരം രാധയെത്തന്നെ നോക്കിയിരുന്നു. നിസ്സഹായതയുടെ ഒരു മന്ദഹാസം അപ്പോള്‍ കൃഷ്ണന്റെ ചുണ്ടുകളില്‍ രാധ കണ്ടു. കൗതുകത്തോടെ അവള്‍ കൃഷ്ണന്റെ ചിരിയിലേക്ക്‌ നോക്കി ; എന്താണെന്ന ചോദ്യഭാവത്തില്‍.

നിരുപാധികം കീഴടങ്ങുന്നവന്റെ സ്വരത്തില്‍ കൃഷ്ണന്‍ പറഞ്ഞു : "ശരിയാണ്‌. ഗര്‍ഗ്ഗാചാര്യന്‍ പറഞ്ഞിരുന്നു; എന്നില്‍ വിഷ്ണുഭഗവാന്റെ ആത്മാംശമുണ്ടെന്ന്. ഗുരുവിന്റെ വാക്കുകള്‍ അവിശ്വസിക്കുന്നില്ലെങ്കില്‍പോലും അതില്‍ എത്രത്തോളം ശരിയുണ്ടെന്ന് എനിക്കറിയില്ല. ഈ നിമിഷം വരെയും എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ശൂരയാദവപ്രമുഖനായ നന്ദഗോപന്റെ ഇളയമകന്‍ മാത്രമാണ്‌. അതിലുപരി മറ്റെല്ലാ ഗോപബാലന്മാരെയും പോലെ പശുക്കളെ മേയ്ച്ചുനടക്കുന്ന ഒരു സാധാരണ കന്നുകാലിച്ചെക്കന്‍ മാത്രമാണ്‌. എന്നാല്‍ യാദവവരെല്ലാംതന്നെ ആചാര്യന്റെ പല്ലവി ആവര്‍ത്തിക്കുന്നു. അചേതനമായവയെപ്പോലും ആകര്‍ഷിക്കുവാനും അവയ്ക്ക്‌ ഓജസ്സ്‌ പകരുവാനുമുള്ള മാന്ത്രികത എന്നില്‍ അടങ്ങിയിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. ചിലര്‍ എന്നെ ഭഗവാനെന്നും പ്രേമസ്വരൂപനെന്നും വിളിക്കുന്നു. പക്ഷേ നീ അറിയുക രാധേ.. നിന്റെ മുന്‍പില്‍, ഉപമകള്‍ അസാധ്യമായ, വിശുദ്ധമായ നിന്റെ ഈ പ്രണയത്തിന്‌ മുന്‍പില്‍ പ്രേമസ്വരൂപനായ ഞാന്‍ ഒന്നുമല്ലാതെയായിത്തീരുന്നു. അല്ലെങ്കില്‍ ശിശുതുല്യം, കേവലം ശിശുതുല്യം ചെറുതായിപ്പോവുന്നു. അമ്മയുടെ സ്നേഹവായ്പ്പിന്‌ മുന്‍പില്‍ കൈക്കുഞ്ഞെന്ന പോലെ. തീര്‍ത്തും നിസ്സാരനായ, നിസ്സഹായനായ ഒരു മനുഷ്യന്‍ മാത്രമായിത്തീരുന്നു.."

രാധയുടെ വിടര്‍ന്ന മിഴികളില്‍ അലയിളകി. ഒരു നിമിഷം കൃഷ്ണന്റെ കണ്ണുകളിലേക്ക്‌ തന്നെ നോക്കിയിരുന്നു അവള്‍. പിന്നെ കുസൃതിയോടെയും വാല്‍സല്യത്തോടെയും അരികില്‍ ഇലയിട്ടു മൂടിവെച്ചിരുന്ന ചെറിയ ഓട്ടുകിണ്ണത്തില്‍നിന്ന് മധുരം ചേര്‍ത്ത്‌ ഉരുളയാക്കിയ വെണ്ണയെടുത്ത്‌ കൃഷ്ണന്റെ വായില്‍ വെച്ചുകൊടുത്തു : "എനിക്കിപ്പോഴും എന്റെ കണ്ണന്‍ കുട്ടിതന്നെയാണ്‌. അമ്പാടിയിലെ വനപാതയില്‍ മറിഞ്ഞുവീണ മരങ്ങള്‍ക്കിടയില്‍, ഉരലില്‍ ബന്ധിക്കപ്പെട്ടിരുന്ന ആ ഏഴുവയസ്സുള്ള കുട്ടി. അതെ, എനിക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌. ആദ്യം കാണുമ്പോള്‍ തന്നെ ഏതൊരു ഹൃദയശൂന്യനെയും കീഴടക്കുവാന്‍ പ്രാപ്തമായ ഒരു പുഞ്ചിരി ഈ ചുണ്ടുകളിലുണ്ടായിരുന്നു ; ബന്ധനസ്ഥനും ക്ഷീണിതനുമായിരുന്നിട്ട്‌ പോലും. വിടര്‍ന്നുവരുന്ന പൂപോലെയുള്ള ഈ മുഖത്തേക്ക്‌ നോക്കിയപ്പോള്‍ എന്റെ ജന്മം ലക്ഷ്യം കണ്ടിരിക്കുന്നു എന്നെനിക്ക്‌ തികച്ചും ബോധ്യമായി. തിരയിളകുന്ന ഈ കണ്ണുകള്‍ അന്നേ എനിക്ക്‌ അല്‍ഭുതമായിരുന്നു. എന്ത്‌ മാന്ത്രികതയാണ്‌ ഈ കണ്ണുകള്‍ക്കെന്ന് അന്ന് രാത്രി മുഴുവന്‍ ഉറങ്ങാതെ കിടന്ന് ഞാന്‍ അല്‍ഭുതപ്പെട്ടു. യുഗങ്ങള്‍ക്കും ജന്മജന്മാന്തരങ്ങള്‍ക്കുമപ്പുറത്ത്‌ കാലം ഉണ്ടാവുന്നതിന്‌ മുന്‍പെങ്ങോ ആരംഭിച്ച സ്ത്രീപുരുഷബന്ധത്തിന്റെ സാരമെന്തെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഏത്‌ ഇരുട്ടിലും അത്‌ ഒരാളാലും തിരിച്ചറിയപ്പെടാതെ പോവുകയില്ലെന്നും ഞാനറിഞ്ഞു.... കണ്ണാ..., നീയെന്റെ പ്രിയന്‍.. എന്റെ പ്രാണന്‍.. എന്റെ...." തിങ്ങിവന്ന ഒരു ഗദ്ഗദം രാധയുടെ ശബ്ദത്തെ മുറിച്ചു.

പുറകില്‍ രുഗ്മിണിയുടെ ആഭരണങ്ങളിളകി. ഓര്‍മ്മകളുടെ വൃന്ദാവനം പെട്ടെന്ന് നഷ്ടപ്പെട്ട കൃഷ്ണന്‍ തിരിഞ്ഞുനോക്കി. കിളിവാതിലിലൂടെ കിടക്കയോളം പാളിവീഴുന്ന നിലാവില്‍ രുഗ്മിണിയുടെ മുഖം. ഗാഢമായ ഉറക്കത്തില്‍ അവള്‍ തിരിഞ്ഞ്‌ കിടന്നതാണ്‌. നിലാവിന്റെ നിറക്കൂട്ട്‌ നിദ്രാഭരിതമായ ആ സുന്ദരവദനത്തെ കൂടുതല്‍ മനോഹരമാക്കുന്നു. നിഗൂഢമായ ഒരു മന്ദഹാസം ചുണ്ടുകളില്‍ മയങ്ങിക്കിടക്കും പോലെ.

കൃഷ്ണന്‍ കിളിവാതില്‍ അലങ്കരിച്ചിരുന്ന വനമല്ലികപ്പൂകൊണ്ടുണ്ടാക്കിയ മാല കൈവെള്ളയിലെടുത്ത്‌ മണപ്പിച്ചുകൊണ്ട്‌ വീണ്ടും നിലാവിലേക്ക്‌ തിരിഞ്ഞു. ചക്രവാകപ്പക്ഷി ഒന്ന് ചിറകടിച്ചുയര്‍ന്നശേഷം മറ്റൊരു കൊമ്പിലേക്ക്‌ താണിരുന്നു. നിലാവ്‌ അതിന്റെ ഉച്ചയിലെത്തെയിരിക്കുന്നു. കാറ്റിന്റെ തണുപ്പും കൂടിവരികയാണ്‌.

പൂമാലയില്‍ നിന്ന് കൃഷ്ണന്‍ രണ്ട്‌ വനമല്ലികപ്പക്കള്‍ അടര്‍ത്തിയെടുത്ത്‌ മൂക്കിലേക്ക്‌ ചേര്‍ത്തു വാസനിച്ചു. രാധയെ ഒടുവിലായി കണ്ട രാത്രിക്ക്‌ വനമല്ലികയുടെ ഗന്ധമായിരുന്നു ; കൃഷ്ണന്‍ ഓര്‍ത്തു. അന്ന് ഇതുപോലൊരു വസന്തപൗര്‍ണ്ണമിയായിരുന്നു. വൃന്ദാവനത്തിലെ ചെടികളായ ചെടികളെല്ലാം പൂത്തിരുന്നു. നിലാവിലേക്ക്‌ തുറന്നുവച്ചൊരു വലിയ പൂവട്ടിക പോലെ തോന്നിച്ചു ആ രാവില്‍ വൃന്ദാവനം. പല തരവും നിറവും മണവുമുള്ള പൂവുകള്‍.

വൃന്ദാവനത്തില്‍ എല്ലാവരും പിറ്റേന്ന് കൃഷ്ണനും ബലരാമനും മഥുരയ്ക്ക്‌ പോകുവാനുള്ള ഒരുക്കങ്ങള്‍ ചെയ്തുതീര്‍ത്ത്‌ തളര്‍ന്നുറങ്ങിത്തുടങ്ങിയിരുന്നു. രാധയുടെ മടിയില്‍ കിടന്നുകൊണ്ട്‌ അവളുടെ മുടിയില്‍ കോര്‍ത്തിരുന്ന വനമല്ലികപ്പൂവുകളുടെ ഗന്ധം ആസ്വദിക്കുകയായിരുന്നു കൃഷ്ണനപ്പോള്‍. അമാവാസി പോലെ ഇരുണ്ട്‌ കറുത്ത രാധയുടെ മുടി കൃഷ്ണന്റെ മുഖത്തെ നിലാവില്‍ നിന്നും മറച്ചുപിടിച്ചിരുന്നു. രാധ കൃഷ്ണന്റെ നെറ്റിയില്‍ പ്രഥമരതിയുടെ ശേഷിപ്പായി പൊടിഞ്ഞുനിന്ന വിയര്‍പ്പുകണങ്ങള്‍ ചുണ്ടുകളാല്‍ ഒപ്പിയെടുത്തു. അവളുടെ മുടിയിലെ പൂക്കളെ മുഖത്തേക്ക്‌ ചേര്‍ത്തുകൊണ്ട്‌, ഇരുട്ടില്‍ തിളങ്ങുന്ന ആ മിഴികളിലേക്ക്‌ നോക്കിക്കൊണ്ട്‌ കൃഷ്ണന്‍ അല്‍പ്പനേരം നിര്‍ന്നിമേഷനായി കിടന്നു.

പെട്ടെന്ന് മുകളില്‍ തഴച്ച്‌ വളര്‍ന്ന് നില്‍ക്കുന്ന കടമ്പിലെവിടെയോ നിന്ന് ഒരു പക്ഷിയുടെ ശോകഗാനം കേട്ടു രാധ മുകളിലേക്ക്‌ മിഴിയുയര്‍ത്തി.

"നോക്കൂ കണ്ണാ, എന്ത്‌ ഭംഗിയോടെയാണ്‌ ആ പക്ഷി പാടുന്നതെന്ന്. ശോകസാന്ദ്രമെങ്കിലും കേള്‍ക്കുവാനെന്ത്‌ ഇമ്പം.."

"അത്‌ ചക്രവാകപ്പക്ഷിയാണ്‌. അതിന്റെ ഇണയെത്തേടുകയാണത്‌." കൃഷ്ണന്‍ പറഞ്ഞു.

രാധ കൗതുകത്തോടെ കൃഷ്ണനെ നോക്കിയിട്ട്‌ വീണ്ടും മുകളിലേക്ക്‌ ദൃഷ്ടി പായിച്ചുകൊണ്ട്‌ പറഞ്ഞു : "ഞാന്‍ എല്ലാ രാത്രികളിലും കേള്‍ക്കാറുണ്ട്‌ ഇത്‌. കണ്ണനെയോര്‍ത്ത്‌ കിടക്കുമ്പോഴായിരിക്കും എല്ലായ്പ്പോഴും കേള്‍ക്കുക. തീവ്രമായ വിഷാദം തിങ്ങിവരുന്നതുപോലെ തോന്നുമപ്പോള്‍.. കണ്ണനെ കാണണമെന്ന് പെട്ടെന്ന് തോന്നും.."

പറഞ്ഞിട്ട്‌ രാധ ആര്‍ദ്രമായ മിഴികളോടെ കൃഷ്ണനെ നോക്കി.

"ചക്രവാകങ്ങള്‍ അങ്ങനെയാണ്‌. വിചിത്രസ്വഭാവികളായ പക്ഷികള്‍.. പകല്‍ സമയങ്ങളില്‍ ഇണക്കിളികള്‍ ഒരുമിച്ചുകാണും. രാത്രികളില്‍ അവ ദൂരദിക്കുകളില്‍ പിരിഞ്ഞിരുന്നിട്ട്‌ വിരഹവിഷാദത്തില്‍ രാവുറങ്ങാതെ കഴിച്ച്‌ കൂട്ടും.. സ്നേഹത്തിന്റെ മാറ്റ്‌ കൂട്ടാന്‍ ഒരു നിഷ്ഠ എന്ന പോലെ.." കൃഷ്ണന്‍ പറഞ്ഞു.

"പാവം കിളികള്‍..." രാധ വിഷമത്തോടെ മുകളിലേക്ക്‌ നോക്കി കടമ്പിന്റെ ശിഖരങ്ങളില്‍ ചക്രവാകത്തെ തിരഞ്ഞു. ഇരുണ്ട്‌ തഴച്ച കടമ്പിന്‍ ശിഖരങ്ങള്‍ക്കും ഇലകള്‍ക്കുമിടയില്‍ ഏറെ നേരം നോക്കിയിട്ടും ആ കിളി എവിടെയാണ്‌ ഇരിക്കുന്നതെന്ന് അവള്‍ക്ക്‌ കണ്ടെത്താനായില്ല. ചക്രവാകം അതിന്റെ മാത്രം ലോകത്ത്‌ പാടിക്കൊണ്ടേയിരുന്നു.

"രാധേ...."

ചോദ്യരൂപേണ രാധ കൃഷ്ണനെ നോക്കി.

"രാത്രികളുടെയെല്ലാം രാത്രിയാണിന്ന്.. നമ്മുടെ ആദ്യരാവും.. പക്ഷേ.. ഈ രാത്രിക്ക് വൃന്ദാവനത്തില്‍ നമുക്കൊരുമിച്ച് ലഭിക്കുന്ന അവസാനരാത്രിയായിത്തീരുവാനാണ് വിധി..“ ഒരു നിമിഷത്തിന്റെ മൌനത്തിന് ശേഷം കൃഷ്ണന്‍ തുടര്‍ന്നു : “ ഇനിയൊരിക്കലും ഞാന്‍ വൃന്ദാവനത്തിലേക്ക്‌ തിരിച്ചുവന്നെന്ന് വരില്ല..!"

നിശബ്ദത.

കൃഷ്ണന്‍ പറയുന്നതെന്തെന്ന് മനസ്സിലാകാത്തതുപോലെ രാധയിരുന്നു.

"മഥുരയിലെ രാജകുമാരന്‍.. അല്ല രാജാവ്‌ തന്നെ..! രാജാവ്‌ കംസന്‍ എന്നെയും ജ്യേഷ്ഠനെയും ക്ഷണിച്ചിരിക്കുന്നത്‌ ധനുര്‍ യാഗത്തില്‍ പങ്കെടുക്കുവാനല്ല. എന്നെ വധിക്കുകയാണ്‌ കംസന്റെ ഉദ്ദേശം."

ആ ഇരുട്ടിലും രാധയുടെ മിഴികളിലെ ഞെട്ടല്‍ കൃഷ്ണന്‍ വ്യക്തമായി കണ്ടു.

"എന്താണ്‌ കണ്ണാ.? നീ പറയുന്നതെന്തെന്ന് എനിക്കൊട്ടുമേ മനസ്സിലാകുന്നില്ലല്ലോ.?"

ഒരുനിമിഷം ആലോചിച്ചിട്ട്‌ കൃഷ്ണന്‍ പറഞ്ഞു : "അധികം ആര്‍ക്കുമറിയാത്ത ഒരു രഹസ്യം ഞാന്‍ രാധയോട്‌ പറയുകയാണ്‌. എല്ലാവരും കരുതും പോലെ ഞാന്‍ നന്ദഗോപന്റെ മകനല്ല. മഥുരയിലെ രാജകുമാരി ദേവകിയുടെയും യാദവരാജകുമാരനായ വസുദേവന്റെയും എട്ടാമത്തെ പുത്രനാണ്‌ ഞാന്‍. ദൈവനിശ്ചയപ്രകാരം കംസവധത്തിനായി പിറവികൊണ്ടവന്‍.!!"

രാധ വീണ്ടും ഞെട്ടി. അവിശ്വസനീയതയുടെ നീണ്ട നിമിഷങ്ങളില്‍ കൂടി രാധ കടന്നു പോയി. "എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല കണ്ണാ..!"

"ഗര്‍ഗ്ഗാചാര്യന്‍ പറഞ്ഞതാണിതൊക്കെയും. എന്റെ നിയോഗം വൃന്ദാവനത്തില്‍ ഗോക്കളെ മേയ്ക്കുക എന്നതല്ല. പാപികളെ നിഗ്രഹിച്ച്‌ ധര്‍മ്മത്തെ സംരക്ഷിക്കുവാന്‍ പിറന്നവനാണ്‌ ഞാനെന്നാണ്‌ ആചാര്യമൊഴി. യാദവകുലമൊട്ടാകെ കഴിഞ്ഞ ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങളായി അടിമത്തത്തില്‍ കഴിയുന്നത്‌ എന്റെ കരങ്ങളാലുള്ള മോചനത്തിനായാണെന്ന്‌..."

നിശബ്ദമായ നിമിഷങ്ങള്‍ക്കൊടുവില്‍ രാധ പറഞ്ഞു : "ഞാനും കേട്ടിട്ടുണ്ട്‌ ദേവകിരാജകുമാരിയുടെ എട്ടാമത്തെ പുത്രന്‍ കംസരാജാവിനെ വധിക്കുമെന്ന പ്രവചനം. പക്ഷേ ഒരിക്കലും ചിന്തിച്ചിരുന്നില്ല ഞാന്‍ ; ദേവകിയുടെ ആ പുത്രന്‍ കണ്ണനാണെന്ന്.. ഓഹ്‌..! എന്റെ കണ്ണന്‍ ഒരു രാജകുമാരനാണെന്ന്..!!"

"എനിക്ക്‌ ഒന്നും മനസ്സിലാവുന്നില്ല രാധേ.. ഏതാണ്‌ സത്യം ഏതാണ്‌ മിഥ്യ എന്ന്... ഒന്നുറപ്പാണ്‌. എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെടുവാന്‍ പോവുകയാണ്‌. എന്റെ അച്ഛന്‍, അമ്മ, സുഹൃത്തുക്കള്‍... എന്നെ ഏറെ സ്നേഹിക്കുന്ന എന്റെ ഗ്രാമവാസികള്‍... എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ വൃന്ദാവനം... പിന്നെ....." വിങ്ങുന്ന കണ്ഠത്തില്‍ വാക്കുകള്‍ തടഞ്ഞ്‌ നില്‍ക്കുന്നത്‌ കൃഷ്ണന്‍ അറിഞ്ഞു. രാധ കൃഷ്ണന്റെ മുഖത്തേയ്ക്ക്‌ സൂക്ഷിച്ച്‌ നോക്കി. കൃഷ്ണന്റെ മുഖം ചേര്‍ത്ത്‌ പിടിച്ചിരുന്ന അവളുടെ കൈപ്പത്തിയിലേക്ക്‌ ഒരു തുള്ളി മിഴിനീര്‍ ഒഴുകിയിറങ്ങി.

"എന്റെ കണ്ണന്‍ കരയുകയാണോ.?" രാധ വേപഥുവോടെ കൃഷ്ണന്റെ കണ്‍കളില്‍ ചുണ്ടുചേര്‍ത്തു.

അനന്തരം കൃഷ്ണനെ അമ്പരപ്പിക്കുംവിധം ശക്തമായ ഒരു ആത്മവിശ്വാസത്തോടെ രാധ പറഞ്ഞു : "എനിക്കുറപ്പാണ്‌ കണ്ണന്‍ അയാളെ വധിക്കുമെന്ന്. മഥുരയെ വീണ്ടെടുത്ത്‌ വിജയിയായി വൃന്ദാവനത്തിലേക്ക്‌ തിരിച്ച്‌ വരുമെന്ന്.. ഒന്നേ എനിക്കറിയേണ്ടതുള്ളു ; എന്നാണ്‌ കണ്ണന്‍ മടങ്ങി വരുന്ന ആ ദിനമെന്ന്.."

വേദന നിറഞ്ഞ ഒരു ആന്തലോടെ കൃഷ്ണന്‍ അവളുടെ നേരെ മിഴിയിണകള്‍ ഉയര്‍ത്തി.ഏതൊക്കെയോ വാക്കുകള്‍ക്ക്‌ വേണ്ടി കൃഷ്ണന്‍ പരതുകയാണെന്ന് രാധ കണ്ടു. വ്യാഖ്യാനങ്ങള്‍ക്കതീതമായ ദു:ഖം ഘനീഭവിച്ച കാട്‌ തണുത്തുറഞ്ഞതുപോലെ നിശബ്ദം കിടന്നു.

മരവിച്ച അസംഖ്യം നിമിഷങ്ങളിലൊന്നില്‍ കൃഷ്ണന്‍ പറഞ്ഞു : "കംസനെ ജയിച്ചാല്‍...
കംസനെ ജയിച്ചാലും എനിക്കിനി നിന്റെ കണ്ണനായി വൃന്ദാവനത്തിലേക്ക്‌ ഒരു മടങ്ങിവരവുണ്ടാകുമെന്ന് തോന്നുന്നില്ല. ഗുരുവചനപ്രകാരം എന്റെ ജന്മലക്ഷ്യങ്ങള്‍ നിനക്കറിയാവുന്നതിലും സഹസ്രകാതമകലെയാണ്‌. അവ വളരെ വിചിത്രവും അതേ സമയം ഉദാത്തവുമാണ്‌. ഇനിയുള്ള എന്റെ ജീവിതം ധര്‍മ്മസംരക്ഷണത്തിനും സാധുജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി ഒരുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മഥുരയെ കംസനില്‍ നിന്ന് വീണ്ടെടുക്കുന്നതില്‍ എന്റെ ദൗത്യമൊതുങ്ങുന്നില്ല. പന്ത്രണ്ട്‌ വംശാവലികളുടേതുമടക്കം യാദവകുലത്തിന്റെ ഒന്നാകെയുള്ള പുനരധിവാസം യാദവരാജകുമാരനെന്ന നിലയില്‍ എന്റെ കര്‍ത്തവ്യമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ക്ക്‌ വേണ്ടി രാജ്യം ഭരിക്കുകയും ഒപ്പം ഭാരതദേശത്തിന്റെയൊട്ടാകെ ധര്‍മ്മസന്തുലനം കാക്കുകയും വേണമെനിക്ക്‌. ഈ ചിന്തകള്‍ ക്ഷത്രിയനെന്ന നിലയില്‍ എന്നെ ഓരോ നിമിഷവും ആവേശഭരിതനാക്കുന്നു. അതേ സമയം ഒരു സാധാരണ ഗോപാലനെന്ന നിലയില്‍ എനിക്ക്‌ നഷ്ടപ്പെടുവാന്‍ പോവുന്ന, ഇതുവരെ ഞാനനുഭവിച്ച സൗഭാഗ്യങ്ങളെയോര്‍ത്ത്‌ സ്വയം തപിപ്പിക്കുവാനും അവ എനിക്ക്‌ വഴികാണിക്കുന്നു. പക്ഷേ നിനക്കറിയാവുന്നതുപോലെ, എനിക്കെന്റെ കടമകള്‍ ചെയ്തുതീര്‍ത്തേ മതിയാവൂ. എന്തെന്നാല്‍ എന്നെ കാത്തിരിക്കുന്നത്‌ ഒരു ജനത മുഴുവനുമാണ്‌..!" കൃഷ്ണന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞുനിര്‍ത്തി.

ഒരു വിസ്മൃതിയിലെന്ന പോലെ കൃഷ്ണനെത്തന്നെ മിഴിച്ച്‌ നോക്കി ഇരിപ്പുണ്ടായിരുന്നു രാധ. അവളുടെ നേരെ നോക്കിയപ്പോള്‍ കൃഷ്ണന്റെ ഹൃദയം വീണ്ടും ആര്‍ദ്രമായി. "എന്റെ രാധേ.. ഈ ധര്‍മ്മസങ്കടങ്ങള്‍ നീയറിയുന്നുവോ.? നിനക്കറിയുമോ ഞാന്‍ നിന്നെ.. പിന്നെ ഈ വൃന്ദാവനത്തെയും ഗോകുലത്തെയൊട്ടാകെയും എത്ര മാത്രം സ്നേഹിക്കുന്നുവെന്ന്.? നീയെനിക്ക്‌ നല്‍കിയിരുന്ന വെണ്ണയ്ക്കും എന്റെ അമ്മയെനിക്ക്‌ നല്‍കിയിരുന്ന വെണ്ണയ്ക്കും ഒരേ രുചിയായിരുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍.. നിന്റെ കൊഞ്ചലുകളിലേതൊക്കെയോ നിമിഷങ്ങളില്‍ എനിക്കില്ലാതെ പോയ ഒരു സോദരിയെ ഞാന്‍ കണ്ടിരുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍... ഞാന്‍ പറഞ്ഞാല്‍.... നിനക്കത്‌ മനസ്സിലാകുമോ..? നിന്റെ ചുംബനങ്ങള്‍ പോലെ മറ്റൊന്നും എന്റെ പ്രണയഭരിതമായ ഹൃദയത്തെ തപിപ്പിക്കുന്നില്ല. നിന്റെ സ്നേഹധാര പോലെ മറ്റൊന്നും ഊഷരമായ എന്റെ ജീവനെ തണുപ്പിക്കുന്നതുമില്ല. ഉപാധികളില്ലാത്ത നിന്റെയീ പ്രണയത്തെയും നിന്നെയും ഈ വൃന്ദാവനത്തില്‍ എന്നെന്നേക്കുമായി ഒറ്റയ്ക്ക്‌ വിട്ട്‌ വിദൂരദേശങ്ങളില്‍ കഴിയാനാണ്‌ എന്റെ വിധിയെന്നത്‌.. ഹോ..! എത്ര കഠിനമാണ്‌..!!"

രാധ പെട്ടെന്ന് ഞെട്ടലോടെ കൃഷ്ണന്റെ നേരെ നോക്കി. അവളുടെ മുഖം ഭീകരമായതെന്തോ കണ്ട്‌ ഭയന്നതുപോലെ വിളറി.

"അപ്പോള്‍... കണ്ണന്‍ എന്നെ മഥുരയിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോവുകയുമില്ലേ.?"

കൃഷ്ണന്‍ അതിന്‌ പെട്ടെന്നൊരു മറുപടി കൊടുത്തില്ല. മുറവിളികൂട്ടുന്ന ഒരു മൗനം അവര്‍ക്കിടയില്‍ പെട്ടെന്ന് ഒരു മഹാപ്രളയമായി ഉയര്‍ന്നു. രാധയുടെ വിഹ്വലമായ മുഖത്തേക്ക്‌ നോക്കിക്കിടന്നിരുന്ന കൃഷ്ണന്‍ ഹൃദയത്തിന്റെ ഭാരം താങ്ങാനാവാതെ എഴുന്നേറ്റിരുന്നു.

"അത്‌ വേണ്ട രാധേ.."

ഒരു നിമിഷത്തിന്റെ ഇടവേളയില്‍ കൃഷ്ണന്‍ തുടര്‍ന്നു : "മഥുരയില്‍ ഞാന്‍ നിന്റെ കണ്ണനായിരിക്കില്ല. എനിക്കിനി കൃഷ്ണനാവാനേ പറ്റു. യുദ്ധങ്ങള്‍ ചെയ്യുന്ന, രാജ്യം ഭരിക്കുന്ന, പ്രജാക്ഷേമത്തിനായി രാപ്പകല്‍ അദ്ധ്വാനിക്കുന്ന രാജകുമാരനും രാജാവുമൊക്കെയായിത്തീരും ഞാനിനി. ഈ വൃന്ദാവനവും ഇവിടെ എനിക്ക്‌ പ്രിയപ്പെട്ടവരും എന്റെ ഗോക്കളുമെല്ലാം ഇനി എനിക്കന്യമാണ്‌. എനിക്കൊരിക്കലുമിനി പശുക്കളെ മേയ്ച്ച്‌ ഗോവര്‍ദ്ധനത്തിന്റെ താഴ്‌വരയിലെ പൂമേടുകളിലൂടെ അലയാനാവില്ല.. യമുനയില്‍ ഗോപാലന്മാരോടൊത്ത്‌ നീന്തിരസിക്കാനാവില്ല.. ഗോപികമാരുടെ പാല്‍ക്കുടങ്ങള്‍ എറിഞ്ഞുടയ്ക്കാനാവില്ല.. എന്റെ കളിക്കൂട്ടുകാരോടൊത്ത്‌ യമുനയുടെ കരയിലെ നിലാവ്‌ പങ്ക്‌ വയ്ക്കാനാവില്ല.. നിന്നോടൊപ്പം ഈ കടമ്പിന്റെ ചുവട്ടിലെ പൂമെത്തയിലിങ്ങനെ രാവെളുക്കുവോളം കാലദേശങ്ങളെ മറന്ന്, എന്നെത്തന്നെ മറന്നിരിക്കുവാനാവില്ല......."

യമുനയുടെ ഓളങ്ങളിലേക്ക്‌ നോക്കി കൃഷ്ണനിരുന്നു. കണ്ടില്ലെങ്കിലും രാധ കരയുകയാണെന്ന് കൃഷ്ണന്‌ ഉറപ്പായിരുന്നു.

"നിനക്കും മഥുരയില്‍ എന്റെ പ്രിയപ്പെട്ട ഈ രാധയായിരിക്കാന്‍ പറ്റില്ല. അവിടെ നീ വൃന്ദാവനത്തില്‍ തേനുണ്ട്‌ പാറിനടക്കുന്ന നിഷ്കളങ്കയായ ഒരു ശലഭമായിരിക്കില്ല.. ഉപജാപകരും പരിചാരകരും അകമ്പടി നില്‍ക്കുന്ന, അധികാരവും തിരക്കുമുള്ള, മഥുരയിലെ രാജ്ഞി ഒരിക്കലും എന്റെ രാധയാവില്ല.. പുലര്‍കാലത്ത്‌ വിടര്‍ന്നുവരുന്ന പനിനീര്‍പ്പൂവിനുള്ളിലെ മഞ്ഞുകണം പോലെയാണെനിക്ക്‌ നീ. അത്ര മേല്‍ പരിശുദ്ധം, അത്ര മേല്‍ നിര്‍മ്മലം.. അതെപ്പോഴും അങ്ങനെതന്നെയായിരിക്കണമെനിക്ക്‌. എന്റെ ദൗര്‍ഭാഗ്യകരമായ തിരക്കുകളിലേക്കും ജീവിതവൈചിത്ര്യങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ട്‌ അതിന്റെ ഭംഗിയും വിശുദ്ധിയും നഷ്ടപ്പെടാന്‍ പാടില്ല. നീ ഈ സ്വര്‍ഗ്ഗതുല്യമായ വൃന്ദാവനത്തില്‍ തന്നെ വേണം എന്നെന്നേക്കും. നിന്റെ സാന്നിധ്യമുള്ള ഈ വൃന്ദാവനം എനിക്കെന്റെ മാനസക്ഷേത്രമായിരിക്കും. നീ ഈ ക്ഷേത്രത്തിലെ ദേവിയും.. എന്നും അതങ്ങിനെ തന്നെ ആയിരിക്കുകയും വേണം.. ഇവിടെ ഈ വൃന്ദാവനവും എന്റെ രാധയും ഇതുപോലെ തന്നെ എന്നെ കാത്തിരിപ്പുണ്ടെന്ന് ഓര്‍ക്കുവാനാണ്‌ നീ അവിടെ എന്റെയൊപ്പം എന്റെയീ പ്രിയരാധയല്ലാതെ കഴിയുന്നതിനേക്കാള്‍ എനിക്കിഷ്ടം. ഭാഗ്യം കെട്ട എന്റെ ആത്മാവിന്‌ ഏറ്റവും കുറഞ്ഞത്‌ ആ ആശ്വാസമെങ്കിലും നല്‍കണം നീ.."

വിങ്ങുന്ന ഹൃദയത്തോടെ കൃഷ്ണന്‍ രാധയെ നോക്കി. രാധ യമുനയിലേക്ക്‌ തന്നെ നോക്കിയിരിക്കുകയായിരുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഉള്ളിലെ ആത്മസംഘര്‍ഷങ്ങളത്രയും ആ മുഖത്ത്‌ വ്യക്തമായിരുന്നു.

ഒരു നിമിഷത്തിന്റെ അപ്രതിരോധ്യമായ പ്രേരണയില്‍ കൃഷ്ണന്‍ രാധയുടെ മുഖം കൈക്കുമ്പിളില്‍ പിടിച്ചെടുത്ത്‌ തന്നിലേക്കടുപ്പിച്ചു നിറുകയില്‍ ചുംബിച്ചു. അനന്തരം അവളുടെ നെറ്റിയിലേക്ക്‌ നെറ്റി ചേര്‍ത്തുകൊണ്ട്‌ ചോദിച്ചു : "ഞാന്‍ പറഞ്ഞതെന്തെന്ന് നിനക്ക്‌ മനസ്സിലാകുന്നുണ്ടോ രാധേ..? എനിക്കീ ലോകം നീ എന്നെന്നേക്കുമായി തരുമോ.? എന്റെ കര്‍മ്മബോധങ്ങളുടെയും ജന്മലക്ഷ്യങ്ങളുടെയും ചങ്ങലപ്പൂട്ടുകളെ ഭേദിച്ചുകൊണ്ട്‌ എന്നെന്നേക്കുമായി.?"

പെട്ടെന്ന് രാധയില്‍ നിന്ന് ശക്തമായ ഒരു തേങ്ങലുയര്‍ന്നു. വിങ്ങിപ്പൊട്ടുന്ന കൃഷ്ണന്റെ മുഖത്തേക്ക്‌ മുഖം ചേര്‍ത്ത്‌ അവള്‍ വിങ്ങിക്കരഞ്ഞു. എത്രനേരം ആ ഇരിപ്പിരുന്നുവെന്ന് രാധയ്ക്കോ കൃഷ്ണനോ ബോധ്യമുണ്ടായിരുന്നില്ല..

ചക്രവാകപ്പക്ഷി പാട്ട്‌ നിര്‍ത്തിയ ഏതോ ഇടവേളയില്‍ അവള്‍ പറഞ്ഞു : "ശരിയാണ്‌. അവിടെ, മഥുരയില്‍ എനിക്കെന്റെ കണ്ണനെ കാണാന്‍ സാധിക്കില്ല. മഥുരയിലെ കൃഷ്ണനെക്കാള്‍ എനിക്ക്‌ പ്രിയപ്പെട്ടത്‌ ഇവിടെ, വൃന്ദാവനത്തില്‍ പൂക്കളോടും പറവകളോടും കിന്നാരം പറയുന്ന എന്റെ കണ്ണനെയാണ്‌. ആ കണ്ണനെ ഞാന്‍ മനസ്സിലാക്കിയില്ലെങ്കില്‍ പിന്നെ ആരാണ്‌ മനസ്സിലാക്കുക.? എന്റെ കണ്ണന്‍ വിഷമിക്കരുത്‌. ഈ സ്നേഹവും ഇതിന്റെ ഓര്‍മ്മകളും മതി ജന്മങ്ങളത്രയും രാധയ്ക്ക്‌ കാത്തിരിക്കാന്‍.. എനിക്ക്‌ മനസ്സിലാകും.. കണ്ണന്‌ പ്രിയപ്പെട്ട വൃന്ദാവനവും രാധയും എന്നും ഇങ്ങനെ തന്നെ ഇവിടെ കാണും; കണ്ണനെ മാത്രം പ്രതീക്ഷിച്ചുകൊണ്ട്‌.. ഞാനൊരിക്കല്‍ പറഞ്ഞിട്ടില്ലേ.. നിന്നെ വിഷമിപ്പിക്കുവാന്‍ ഈ രാധ ഒരിക്കലും തുനിയുകയില്ലെന്ന്.. നീയെന്റെ ആത്മാവിന്റെ സത്തയെന്ന്...."

"അങ്ങ്‌ ഇതുവരെ ഉറങ്ങിയില്ലേ..?" രുഗ്മിണിയുടെ ചോദ്യം കൃഷ്ണന്റെ മിഴിയില്‍ നിന്ന് പൊഴിഞ്ഞ നീര്‍മണിയില്‍ തട്ടിച്ചിതറി.

ഇളകുന്ന ആഭരണങ്ങളുടെ ശബ്ദത്തിലേക്ക്‌ കൃഷ്ണന്‍ തിരിഞ്ഞു. രുഗ്മിണി കിടക്കയില്‍ എഴുന്നേറ്റ്‌ ഇരിക്കുന്നു.

"എന്തോ.. ഉറക്കം വന്നില്ല." കൃഷ്ണന്‍ പതിയെ നടന്ന് കിടക്കയില്‍ രുഗ്മിണിയുടെ അടുത്തായി കിടന്നിരുന്ന ഉരുളന്‍ തലയിണയിലേക്ക്‌ കൈകുത്തി ചരിഞ്ഞ്‌ കിടന്നു.

"എന്തെല്ലാം ഓര്‍മ്മകളാണ്‌.. ഹൃദയത്തില്‍ ഏറ്റവുമധികം തുടിച്ച്‌ നില്‍ക്കുന്ന സംഭവങ്ങളുടെ ഓര്‍മ്മകള്‍ ചിലപ്പോള്‍ മനസ്സിനെ എത്ര മാത്രം മഥിക്കുന്നു. ഓര്‍മ്മകളുടെ വേലിയേറ്റത്താല്‍ വികാരഭരിതമായ മനസ്സിന്‌ ശരിയും തെറ്റും തിരിച്ചറിയാനാവാതെ പോവുന്നു. നൈമിഷികമായ വികാരവൈചിത്ര്യത്തിനടിപ്പെട്ട്‌ രാധയെ വൃന്ദാവനത്തിലെ അന്തമെഴാത്ത ഏകാന്തതയ്ക്ക്‌ വിട്ടുകൊടുത്തത്‌ ശരിയാണോ.? അവള്‍ അവിടെ തന്നെ കാത്ത്‌ നിലാവുള്ള രാത്രികളില്‍ കടമ്പിന്റെ ചുവട്ടില്‍ വെണ്ണയുമായി കാത്തിരിപ്പുണ്ടാവാം.. അല്ല; അവള്‍ കാത്തിരിപ്പുണ്ട്‌.. അത്‌ സുനിശ്ചിതമാണ്‌.. ഇത്രയധികം സ്നേഹമുണ്ടായിരുന്നിട്ടും എന്തിനാണ്‌ അവളെ വിരഹവിഷാദത്തിന്റെ നിലയില്ലാത്ത ചുഴിമലരികള്‍ക്ക്‌ വിട്ടുകൊടുത്തത്‌.? കര്‍ത്തവ്യവും രാജധര്‍മ്മവും പാലിക്കുവാനായി വിശുദ്ധമായതില്‍ വിശുദ്ധമായ ആ സ്നേഹം എന്തിനാണ്‌ ഉപേക്ഷിച്ചത്‌.? അല്ല, തികച്ചും സാധുവായ, സ്നേഹത്തിന്റെ മൂര്‍ത്തരൂപമായ അവളോട്‌ ചെയ്തത്‌ പുരുഷധര്‍മ്മമോ രാജധര്‍മ്മമോ..? അല്ലെങ്കില്‍ അത്‌ ധര്‍മ്മമാണോ.? ഇന്നും ഇപ്പോഴും നിശ്ചയമില്ല. ഒന്നുണ്ട്‌. ഈ നിമിഷവും രാധയെന്ന സ്ത്രീ സ്നേഹത്തെപ്പറ്റി ഏതൊരാള്‍ക്കും ഹൃദയത്തില്‍ സങ്കല്‍പ്പിക്കാന്‍ പറ്റുന്നതില്‍ വെച്ച്‌ ഏറ്റവും ലോലവും പരിശുദ്ധവും നിര്‍മ്മലവുമായ കല്‍പ്പനയാണ്‌. അല്ല; അതാണ്‌ യാഥാര്‍ഥ്യം..! എന്നിട്ടെന്താണ്‌ സംഭവിച്ചത്‌.. എന്തൊക്കെയാണ്‌ ചെയ്തുകൂട്ടിയത്‌... ചെയ്തതുകൊണ്ടെല്ലാം ധര്‍മ്മം സംരക്ഷിക്കപ്പെടുന്നുണ്ടോ..? കര്‍ത്തവ്യങ്ങളെല്ലാം നിറവേറ്റപ്പെടുന്നുണ്ടോ..??" ഘനം തൂങ്ങിയ വിഷാദത്തിനും കുറ്റബോധത്തിനും അടിപ്പെട്ട്‌ കൃഷ്ണന്‍ അങ്ങനെ ചിന്തകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

" ഒരുകാര്യം പൂര്‍ണ്ണബോദ്ധ്യമായിരിക്കുന്നു..ഈ ജന്മത്തിലെ അവസാനശ്വാസം വരെയും രാധയോടുള്ള തീവ്രപ്രണയത്തില്‍ നിന്ന് തനിക്കൊരിക്കലും മുക്തി ഉണ്ടാവില്ല.. സന്തോഷങ്ങളില്‍, സന്താപങ്ങളില്‍, വിജയങ്ങളില്‍, പരാജയങ്ങളില്‍, നിദ്രകളില്‍, നിദ്രാരഹിതരാവുകളില്‍, രതിയില്‍, വിശ്രാന്തിയില്‍, കോപതാപങ്ങളില്‍.. എന്ന് വേണ്ട ജീവിതത്തിലെ ഓരോ നിമിഷവും അത്‌ ആത്മാവില്‍ ഉളവായ അഗാധവൃണം പോലെ ഉള്ളിന്റെയുള്ളില്‍ വിങ്ങിക്കൊണ്ടിരിക്കുന്നു."

രുഗ്മിണി അരികിലേക്ക്‌ ചാഞ്ഞുകൊണ്ട്‌ ചോദിച്ചു : എന്താണ്‌ ഇന്ന് ഇത്ര ആലോചന.? അതും ഉറക്കം പോലും കളഞ്ഞുകൊണ്ട്‌.?"

കൃഷ്ണന്‍ രുഗ്മിണിയുടെ കണ്‍കളിലേക്ക്‌ നോക്കി. നിദ്രയുടെ നിഴല്‍ വീണതെങ്കിലും പ്രേമത്താല്‍ ജ്വലിക്കുന്ന മിഴികള്‍. നിലാവ്‌ തട്ടി കവിളുകള്‍ തിളങ്ങുന്നു.

"രുഗ്മിണീ.. പ്രിയപ്പെട്ടവളേ.. നീ കാണുന്നുവോ..? മുളക്‌ പുരണ്ടതുപോലെന്റെ ആത്മാവിനെ നീറ്റുന്ന ആ മുറിവ്‌..? പ്രണയത്തിന്റെ, വിരഹത്തിന്റെ, കുറ്റബോധത്തിന്റെ, ധര്‍മ്മസങ്കടങ്ങളുടെ, അസഹ്യവും അനന്തവുമായ ആത്മനിന്ദയുടെ മുറിവ്‌..? നിന്റെ ചുടുചുംബനങ്ങള്‍ എന്റെ ആത്മാവിലെ ഒരിക്കലും ഉണങ്ങാത്ത ആ മുറിവിനെ ചുട്ടുനീറ്റുന്നു.. നിന്റെ സ്രവങ്ങള്‍ വീണാ മുറിവ്‌ ഓരോ നിമിഷവും പഴുത്ത്‌ പഴുത്ത്‌ വൃണമാവുന്നു.. നീ അറിയുന്നുണ്ടോ അതിന്റെയുള്ളില്‍ നിന്നുയരുന്ന നിസ്സഹായമായ, നിരര്‍ഥകമായ നിലവിളികള്‍..??"

"എന്താണിത്ര ആലോചിക്കാനെന്ന്..??" രുഗ്മിണിയുടെ ചോദ്യം കൃഷ്ണനെ വീണ്ടും ചിന്തകളില്‍ നിന്നുണര്‍ത്തി. മിഴികള്‍ക്ക്‌ തൊട്ടുമുന്‍പില്‍ രുഗ്മിണിയുടെ മുഖം നിലാവില്‍.. സമുദ്രം ഇളകുന്നതുപോലെ കണ്ണിണകള്‍..കൃഷ്ണപ്രണയത്താല്‍ തുടിക്കുന്ന കണ്ണിണകള്‍.. കൃഷ്ണന്‍ ഒരുനിമിഷം ആ മിഴികളിലേക്ക്‌ ഉറ്റുനോക്കിക്കിടന്നു. അനന്തരം പ്രേമപൂര്‍വ്വമായ ഒരു മന്ദഹാസത്തോടെ, വര്‍ദ്ധിതമായ ആസക്തിയോടെ രുഗ്മിണിയെ വാരിപ്പുണര്‍ന്നു. അന്ത:പ്പുരത്തിന് പുറത്ത്, വഴിതെറ്റിപ്പോയ അസംഖ്യം മേഘശകലങ്ങള്‍ മേയുന്ന വിശാലാകാശത്ത്, ഒരു മേഘത്തിന്റെ മറയ്ക്കപ്പുറം കടന്നെത്തിയ ചന്ദ്രബിംബത്തിന്റെ അരികുകളില്‍നിന്ന് പൊട്ടിയ വൃണത്തില്‍ നിന്നൊഴുകുന്ന മഞ്ഞനിറമുള്ള ചലം പോലെ നിലാവ് വീണ്ടും പടര്‍ന്ന് തുടങ്ങി.

**************************************************************

പിന്‍കുറിപ്പ് : എത്ര സുഖകരമായ ജീവിതത്തിലും ഏതെങ്കിലുമൊക്കെ നിമിഷങ്ങളില്‍ ഓര്‍മ്മകളാല്‍ പിന്നോട്ട് നയിക്കപ്പെടാത്തവരായി ആരെങ്കിലുമുണ്ടാവുമോ.? നിറഞ്ഞ മനസ്സോടെ സ്നേഹിക്കുന്ന ജീവിതപങ്കാളിയെ പ്രേമപൂര്‍വ്വം പുണരുമ്പോഴും എപ്പോഴെങ്കിലുമൊരു നിമിഷം പൂര്‍വ്വപ്രണയത്തിന്റെ ഓര്‍മ്മകളാല്‍ മഥിക്കപ്പെടാത്ത ഏതെങ്കിലും മനസ്സ് ഉണ്ടാവുമോ.? വിശ്വാസവഞ്ചനയെന്ന് ഓരോ ആളുകളും സമൂഹത്തോട് ഉദ്ഘോഷിക്കുന്ന, എന്നാല്‍ ഉള്ളിന്റെയുള്ളില്‍ ഏവരും അനുഭവിക്കുന്ന ആ വികാരവൈചിത്ര്യത്തിന് ഒരിക്കലെങ്കിലും അടിപ്പെടാത്ത ഏത് പ്രണയിയാണ് ഭൂമിയെ കടന്ന് പോയിട്ടുള്ളത്.? അങ്ങനെ നോക്കുമ്പോള്‍ രുഗ്മിണി എന്റെ മുന്നില്‍ സ്നേഹമയിയും സുന്ദരിയുമായ ഭാര്യയായും, രാധ ആദ്യപ്രണയത്തിന്റെ, തീവ്രപ്രണയത്തിന്റെ ഉദാത്തമായ സങ്കല്‍പ്പമായും, കൃഷ്ണന്‍ അവതാരപുരുഷനെന്നതിലുപരി കേവലവും വിചിത്രവും വൈരുദ്ധ്യാത്മകവുമായ മാനസികസംഘര്‍ഷങ്ങളില്‍പ്പെട്ട് സ്വയം വേവുന്ന തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യനുമായിത്തീരുന്നു.. പൂര്‍വ്വകാലപ്രണയത്തിന്റെ തീവ്രമായ ഓര്‍മ്മകളാല്‍ പീഡിതനാവുന്ന കൃഷ്ണന് അതേസമയം തന്നെ സ്നേഹമയിയായ ഭാര്യയുടെ പ്രേമത്തെ അവഗണിക്കുകയെന്നത് വികാരവിചാരങ്ങളെല്ലാമുള്ള ഒരു പച്ചമനുഷ്യനായിരിക്കുമ്പോള്‍ സാധിക്കുമോ.? സ്നേഹമെന്നത് എത്ര വിചിത്രമായ വികാരമാണ്.. അത് നമ്മുടെ ഹൃദയത്തെ ഒരേ സമയം കുത്തിനോവിക്കുകയും മധുരം പുരട്ടുകയും ചെയ്യുന്നു.. കൃഷ്ണന്റെ സങ്കീര്‍ണ്ണമായ ആത്മസംഘര്‍ഷങ്ങളെ, നിസ്സഹായതയെ, ആത്മനിന്ദയെ ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ കാണാനുള്ള ഒരു ശ്രമമാണ് ഇത്..