സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ദുര്യോധനന്‍

June 15, 2013 ശ്രീക്കുട്ടന്‍

കുരുവംശരാജാവായ ധൃതരാഷ്ട്രരുടേയും ഗാന്ധാരരാജാവായ സുബലന്റെ പുത്രിയും ധൃതരാഷ്ട്രരുടെ പത്നിയുമായ ഗാന്ധാരിയുടേയും 100 പുത്രന്മാരില്‍ മൂത്ത ആളായിരുന്നു സുയോധനന്‍ എന്ന ദുരോധ്യനന്‍. ഭാരത ഇതിഹാസമായ മഹാഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വെറുക്കപ്പെട്ടവനായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കഥാപാത്രവും അധര്‍മ്മത്തിന്റെ പര്യായപദമെന്നരീതിയില്‍ വാഴ്ത്തപ്പെട്ടിരിക്കുന്നതും മറ്റാരുമല്ല. എവിടെയും എക്കാലവും പാണ്ഡവരാല്‍ തോല്‍പ്പിക്കപ്പെടാനും അപമാനിതനാകാനും മാത്രം വിധിക്കപ്പെട്ടവന്‍ ആയിരുന്നു ദുര്യോധനന്‍. ഒടുവില്‍ രാജ്യാവകാശം പങ്കുവയ്ക്കില്ലെന്നുള്ള കടും പിടുംത്തം മൂലം സംജാതമായ മഹാഭാരത മഹായുദ്ധത്തില്‍ അഞ്ചോളം തലമുറകളിലെ ബന്ധുക്കളായും അല്ലാതെയുമുള്ള ഒട്ടുമിക്ക ആള്‍ക്കാരും പതിനെട്ട് അക്ഷൌഹിണിപ്പടകളും നാമാവശേഷമമ്യതിനൊപ്പം കുരുക്ഷേത്രത്തില്‍ വച്ച് ഭീമസേനന്റെ ഗദാതാഡനമേറ്റ് തുടയെല്ലു തകര്‍ന്ന്‍ വീണ് മരിക്കുവാനായിരുന്നു ദുര്യോധനവിധി.

പാണ്ഡുപത്നിയായ കുന്തിക്ക് പുത്രമ്മാര്‍ ജനിച്ചതറിഞ്ഞു ഗര്‍ഭിണിയായ ഗാന്ധാരി കോപവും നിരാശയും പൂണ്ട് വയറില്‍ ശക്തിയായി അമര്‍ത്തുകയും തിരുമ്മുകയും ചെയ്തതിന്‍ പടിയായി ഒരു മാംസപിണ്ഡം പ്രസവിക്കാനിടയായി. ഈ സമയം അവിടെയെത്തിയ വ്യാസമുനിയുടെ നിര്‍ദ്ദേശമനുസരിച്ച് ആ മാംസപിണ്ഡം നൂറ്റൊന്നു കഷണങ്ങളായി മുറിക്കുകയും അവ ഓരോ കുടങ്ങളില്‍ നിക്ഷേപിച്ച് സൂക്ഷിക്കുകയും ചെയ്തു. കുറച്ചുനാള്‍ കഴിഞ്ഞ് ഈ കുടങ്ങളില്‍ നിന്നും പൂര്‍ണ്ണവളര്‍ച്ചനേടി പുറത്തുവന്നവരാണ് ദുര്യോധനനും ദുശ്ശാസനനുമടക്കം കൌരവര്‍ല്ലെങ്കില്‍ നൂറ്റവര്‍ എന്നറിയപ്പെട്ടത്ത്. നൂറു പുരുഷപ്രജകള്‍ക്ക് ഏകസഹോദരിയായി ദുശ്ശളയും ജനിച്ചു. ആദ്യ കുഞ്ഞായി ദുര്യോധനന്‍ ജനിച്ചുവന്നപ്പോഴേ പലപല ദുര്‍നിമിത്തങ്ങളും പ്രകടമായി കണ്ടു. ധൃതരാഷ്ട്രർ ബ്രാഹ്മണരെയും ഭീഷ്മരെയും മറ്റും വരുത്തി ദുര്യോധനന്റെ ഭാവി എന്തായിരിക്കുമെന്നുള്ളതിനെപ്പറ്റി ആലോചിച്ചു. ദുര്യോധനന്റെ ജനനം നിമിത്തം ആ രാജവംശവും നാടും നശിക്കുമെന്നും അങ്ങനെ വരാതിരിക്കണമെങ്കിൽ ദുര്യോധനനെ ഉപേക്ഷിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. പക്ഷേ, പുത്രസ്നേഹം നിമിത്തം ദുര്യോധനനെ ഉപേക്ഷിക്കുവാൻ ധൃതരാഷ്ട്രർക്കു മനസ്സു വന്നില്ല.

പാണ്ഡുവിന്റെ മരണത്തെ തുടര്‍ന്ന്‍ കുന്തിയും പുത്രന്മാരും ഹസ്തിസപുരം കൊട്ടാരത്തില്‍ താമസമായി. ഹസ്തിനപുരത്തില്‍ പാണ്ഡുപുത്രരായ പാണ്ഡവരോടൊപ്പം കളിച്ചുവളരവേ തന്നെ കൌരവരും പാണ്ഡവരും തമ്മിലുള്ള സ്പര്‍ദ്ധ ആരംഭിച്ചുകഴിഞ്ഞിരുന്നു. ദുര്യോധനനും ഭീമസേനനും നിരവധി തവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. അവരുടെ വളര്‍ച്ചയ്ക്കൊപ്പം തന്നെ ശത്രുതയും വളര്‍ന്നുകൊണ്ടിരിന്നു. പലപ്പോഴും ഭീമസേനനെ അപായപ്പെടുത്തുവാന്‍ ശ്രമങ്ങള്‍ കൌരവര്‍ നടത്തിയിട്ടുണ്ട്. അതി വിദഗ്ധരായ ഗദായുദ്ധപ്രവീണരായി ഭീമസേനനും ദുര്യോധനനും മത്സരബുദ്ധിയോടെ വളര്‍ന്നുവന്നു. അസ്ത്രശസ്ത്രാഭ്യാസ പ്രകടനമത്സരങ്ങള്‍ക്കിടയില്‍ പാണ്ഡവകുമാരനായ അര്‍ജ്ജുനനെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തി അത്ഭുതപ്രകടനം നടത്തിയ രാധേയനായ കര്‍ണ്ണനെ സകലരും സൂതപുത്രന്‍ എന്നുവിളിച്ച് അപമാനിച്ചപ്പോള്‍ ദുര്യോധന്‍ മുന്നോട്ട് വന്ന്‍ കര്‍ണനെ തന്റെ ചങ്ങാതിയായി പ്രഖ്യാപിക്കുകയും അംഗരാജ്യത്തെ രാജാവായി വാഴിക്കുകയും ചെയ്യുന്നു. തന്റെ മരണം വരെ കര്‍ണ്ണന്‍ ആ കടപ്പാട് ദുര്യോധനനോട് വച്ചു പുലര്‍ത്തുന്നുണ്ട്.

ഒരരക്കില്ലം നിര്‍മ്മിച്ചശേഷം പാണ്ഡവരെ അവിടേയ്ക്ക് മാറ്റിതാമസിക്കുവാന്‍ പിതാവിനെകൊണ്ട് സമ്മതിപ്പിച്ചിട്ട് ഒരു രാത്രിയില്‍ ആ കൊട്ടാരം അഗ്നിക്കിരയാക്കുന്നുണ്ട് സുയോധനന്‍. എന്നാല്‍ അതില്‍ നിന്നും പാണ്ഡവര്‍ രക്ഷപെട്ടു ബ്രാഹ്മണവേഷധാരികളായി മറ്റു സ്ഥലങ്ങളില്‍ താമസിക്കുന്നു. പാഞ്ചാലരാജപുത്രിയായ ദ്രൌപദിയുടെ സ്വയം വരത്തില്‍ ദുര്യോധനാധികളും കര്‍ണ്ണനുമൊക്കെ പങ്കെടുക്കുന്നെങ്കിലും ബ്രാഹ്മണവേഷധാരിയായെത്തിയ അര്‍ജ്ജുനന്‍ ആണു ദ്രൌപദിയെ വേട്ടത്. ഭീക്ഷ്മ ദ്രോണ ഉപദേശം വഹിച്ച് ധൃതരാഷ്ട്രർ പാണ്ഡവരെ തിരിച്ചുവിളിച്ച് അവർക്ക് പകുതി രാജ്യത്തിന്റെ അവകാശം കൊടുത്തു. തരിശുമരുഭൂമിപോലെ കിടന്ന സ്ഥലത്ത് വിശ്വകര്‍മ്മാവിന്റെ പുത്രനായ മയന്‍ നിര്‍മ്മിച്ചു നല്‍കിയ ഇന്ദ്രപ്രസ്ഥമെന്ന മായാ നഗരത്തില്‍ സസുഖം കഴിഞ്ഞ പാണ്ഡവരെക്കാണാനായി ദുര്യോധനാദികള്‍ പോകുകയുണ്ടായി. സ്ഥലജലവിഭ്രമം പൂണ്ട് സഭയില്‍ കുഴങ്ങിയ ദുര്യോധനനെ നോക്കി അങ്ങേയറ്റം പരിഹസിച്ചു ചിരിച്ച ദ്രൌപദിയുടെ നടപടിയായിരുന്നു മഹാഭാരതയുദ്ധത്തിന്റെ കാതല്‍.

ഹസ്തിനപുരത്തില്‍ മടങ്ങിയെത്തിയ ദുര്യോധനന്‍ അമ്മാവനായ ശകുനിയുമൊത്ത് പാണ്ഡവരെ ചൂതുകളിക്കുവാന്‍ ക്ഷണിക്കുകയും കള്ളച്ചൂതുകളിച്ച് പാണ്ഡവരുടെ സര്‍വ്വസ്വവും അപഹരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഭീക്ഷ്മരും ദ്രോണരുമൊക്കെ ഉപദേശിച്ചതുകേട്ട് എല്ലാം പാണ്ഡവര്‍ക്ക് ധൃതരാഷ്ട്രര്‍ മടക്കി നല്‍കിയെങ്കിലും വീണ്ടും ചൂതിനു ക്ഷണിച്ച് ദുര്യോധനന്‍ എല്ലാം തട്ടിയെടുക്കുന്നുണ്ട്. ഇക്കുറി പാണ്ഡവരൊന്നാകെ, ദ്രൌപദിയടക്കം പണയവസ്തുക്കളാകുന്നു. മഹാസഭയില്‍ വച്ച് ദ്രൌപദിയുടെ വസ്ത്രാക്ഷേപവും നടക്കുന്നു. മാത്രമല്ല പന്ത്രണ്ടുവർഷം വനവാസത്തിനും ഒരു വർഷം അജ്ഞാതവാസത്തിനുമായി പാണ്ഡവര്‍ക്ക് പുറപ്പെടേണ്ടിയുംവന്നു. വനവാസക്കാലത്ത് പല തരത്തിലും ദുര്യോധനന്‍ അവരെ ദ്രോഹിക്കുവാനായി ശ്രമിക്കുന്നുണ്ട്. അജ്ഞാതവാസസമയത്ത് കണ്ടുപിടിക്കപ്പെട്ടാല്‍ വീണ്ടും  പന്ത്രണ്ട് വര്‍ഷം വനവാസം എന്ന വ്യവസ്ഥയുണ്ടായിരുന്നതുകൊണ്ട് പാണ്ഡവരെ കണ്ടെത്തുക എന്നത് ദുര്യോധനന്റെ ആവശ്യമായിരുന്നു. പാണ്ഡവരുടെ വനവാസകാലത്ത് അവരുടെ ദുരിതം നേരിട്ടുകണ്ട് ആസ്വദിക്കുവാനായി ദുര്യോധനൻ വനത്തിലെത്തി. അവിടെവച്ച് ഗന്ധർവന്മാർ ദുര്യോധനനെ ബന്ധിച്ചു. പാണ്ഡവർ ഇടപെട്ടാണ് ദുര്യോധനനെ മോചിപ്പിച്ചത്. വനവാസവും അജ്ഞാതവാസവും കഴിഞ്ഞ് മടങ്ങിയെത്തിയ പാണ്ഡവര്‍ക്ക് ഒരിഞ്ചുഭൂമിപോലും വിട്ടുനല്‍കില്ല എന്ന വാശി ദുര്യോധനന്‍ കൈക്കൊണ്ടപ്പോള്‍ മറ്റെല്ലാവഴിയുമടയുകയായിരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ ദൂതനായെത്തിയെങ്കിലും അതുകൊണ്ടൊന്നും യാതൊരു ഫലവുമുണ്ടായില്ല. ഒടുവില്‍ മഹായുദ്ധം പൊട്ടിപ്പുറപ്പെടുക തന്നെ ചെയ്തു.

ദുര്യോധനന്റെ അഭ്യർത്ഥനയിൽ പാണ്ഡവനായ സഹദേവൻ കുറിച്ചുകൊടുത്ത കാർത്തികമാസത്തിലെ വെളുത്ത ത്രയോദശി നാളിലാണ് കുരുക്ഷേത്രയുദ്ധം തുടങ്ങിയത്. ദുര്യോധനൻ തനിക്കു ഉത്തമമായിവരുന്ന സമയം പാണ്ഡുപുത്രനായ സഹദേവന്റെ സഹായത്താൽ ഗ്രഹനില നോക്കി കണ്ട് ആ ദിവസം യുദ്ധം തുടങ്ങാൻ തിരഞ്ഞെടുക്കുകയായിരുന്നുവെങ്കിലും ദുര്യോധനൻ യുദ്ധത്തിൽ പരാജയപ്പെട്ടുവെന്നുള്ളത് വൈചിത്ര്യമായൊരു സംഗതിയായിരുന്നു. ഭീക്ഷ്മര്‍,ദ്രോണര്‍, ശല്യര്‍, കര്‍ണ്ണന്‍, അഭിമന്യു,ഘടോത്കജന്‍,നൂറ്റവര്‍ തുടങ്ങി അഞ്ചോളം തലമുറകളിലെ  ബന്ധുക്കളായും അല്ലാതെയുമുള്ള ഒട്ടുമിക്ക ആള്‍ക്കാരും പതിനെട്ട് അക്ഷൌഹിണിപ്പടയും നാമാവശേഷമായ ആ മഹായുദ്ധത്തിനൊടുവില്‍ ഭീമസേനന്റെ ഗദാപ്രയോഗമേറ്റ് തുടയെല്ല് തകര്‍ന്ന്‍ സ്യമന്തപഞ്ചകതീരത്ത് മരണം കാത്തുകിടക്കുമ്പോള്‍ അവിടെയെത്തിയ അശ്വത്ഥാമാവിനെ സേനാനായകനായി പ്രഖ്യാപിക്കുകയും അശ്വത്ഥാമാവും, കൃതവർമ്മാവും, കൃപാചാര്യരും ഒത്തു ചേര്‍ന്ന്‍ അന്നുരാത്രി പാണ്ഡവകുടീരങ്ങളില്‍ കടന്നുകയറി സര്‍വ്വരേയും കൊന്നൊടുക്കി എല്ലാം അഗ്നിക്കിരയാക്കിയിട്ട് മടങ്ങിവന്ന്‍ ദുര്യോധനനോട് പാണ്ഡവരുള്‍‍പ്പെടെ സകലമാനപേരും കൊല്ലപ്പെട്ടതായി അറിയിച്ചതുകേട്ട് സന്തോഷപൂര്‍വ്വം കാലയവനികയ്ക്കുള്ളില്‍ മറയുകയും ചെയ്തു. എന്നാല്‍ മരണത്തിലും തോല്‍ക്കാനായിരുന്നു ദുര്യോധനനു വിധി. ശ്രീകൃഷ്ണന്റെ തന്ത്രപരമായ ഇടപെടലിലൂടെ പാണ്ഡവര്‍ സുരക്ഷിതരാക്കപ്പെട്ടിരുന്നു.

എന്തായിരുന്നു ദുര്യോധനന്‍ ഇത്രയേറെ വെറുക്കപ്പെടാനുള്ള കാരണം. മഹാഭാരതമഹായുദ്ധം ഉണ്ടായത് ദുര്യോധനന്റെ പിടിവാശിമൂലം മാത്രമായിരുന്നുവോ? ഒരു പരിധിവരെയെങ്കിലും ന്യായം എന്നത് ദുര്യോധനപക്ഷത്തായിരുന്നു എന്നതാണ് സത്യം. കുരുവംശത്തിന്റെ ഭരണാധിപസ്ഥാനത്തിന് യഥാര്‍ത്ഥ അവകാശി ഋതരാഷ്ട്രപുതനായ ദുര്യോധനന്‍ തന്നെയായിരുന്നു. മൂത്തപുത്രനായിരുന്ന ഋതരാഷ്ട്രര്‍ അന്ധനായിപ്പോയതുമൂലം മാത്രമാണു അനുജനായ പാണ്ഡു ഭരാണാധികാരം കയ്യാളിയത്. പാണ്ഡവര്‍ ഒന്നുപോലും പാണ്ഡുവിന്റെ പുത്രരല്ല. അവര്‍ യമന്‍, ഇന്ദ്രന്‍ തുടങ്ങിയ ദേവകളില്‍ നിന്നും കുന്തിക്കുണ്ടായ മക്കളാണ്. അങ്ങിനെ വരുമ്പോള്‍ അവര്‍ക്കെങ്ങിനെ രാജ്യാവകാശം ആവശ്യപ്പെടാനാകും. കുട്ടിക്കാലത്തേ ഭീമസേനനില്‍ നിന്നും കടുത്ത മര്‍ദ്ദനമൊക്കെ ഏറ്റതുമൂലം സ്വാഭാവികമായും ദുര്യോധനന് അവരോട് പകതോന്നി. മാത്രമല്ല ദ്രോണര്‍ ഉള്‍‍പ്പെടെയുള്ളവരുടെ പക്ഷ പാതിത്വപരമായ ഇടപെടലുകളും ദുര്യോധനനെ വെകിളിപിടിപ്പിച്ചിരിക്കാം.

ദുര്യോധനന്‍ എന്ന വ്യക്തിത്വത്തോട് കടുത്ത ബഹുമാനം തോന്നുന്ന ഒരു മുഹൂര്‍ത്തം മഹാഭാരതത്തിലുണ്ട്. അസ്ത്രാഭ്യാസവേളയില്‍ അപമാനിതനായി തലകുനിച്ചുനിന്ന രാധേയനെ മാറോടണച്ച് എന്റെ സുഹൃത്താണിതെന്നു പറയുകയും അംഗരാജ്യാധിപനായി വാഴിക്കുകയും ചെയ്യുന്ന വേളയാണത്. കറതീര്‍ന്ന സുഹൃത് ബന്ധമാണു ദുര്യോധനന്‍ കര്‍ണ്ണനോട് വച്ചുപുലര്‍ത്തുന്നത്. തന്റെ സഹോദരങ്ങള്‍ യുദ്ധക്കളത്തില്‍ മരണമടഞ്ഞപ്പോള്‍ പോലും പിടിച്ചുനിന്ന സുയോധനന്‍ കര്‍ണ്ണവധമറിഞ്ഞ് പൊട്ടിക്കരയുന്നുണ്ട്.

രാജ്യഭരണം നിലനിര്‍ത്തുവാനും സ്വന്തമാക്കിവയ്ക്കുവാനും ദുര്യോധനന്‍ കാട്ടിയത് സത്യത്തില്‍ ശരിതന്നെയായിരുന്നു. സ്വന്തം രാജ്യം കാത്തു സൂക്ഷിക്കുക എന്ന കടമ മാത്രമല്ലേ രാജാവെന്ന നിലയില്‍ ദുര്യോധനന്‍ കാട്ടിയത്. മഹാഭാരതത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കൃഷ്ണന്‍ പോലും പറഞ്ഞത് മാര്‍ഗ്ഗമല്ല മറിച്ച് ലക്ഷ്യമാണു പ്രധാനം എന്നല്ലേ?. അങ്ങിനെ നോക്കുമ്പോള്‍ ദുര്യോധനന്‍ രാജ്യം കാത്തുസൂക്ഷിക്കുവാന്‍ കാട്ടിയ തത്രപ്പാടുകള്‍ക്കുള്ള മാര്‍ഗ്ഗങ്ങള്‍ എങ്ങിനെ ശരിയായതല്ലായിരുന്നു എന്നു പറയാനൊക്കും? ധര്‍മ്മ പക്ഷത്തുള്ളവര്‍ എന്നു പാടിപ്പുകഴ്ത്തുന്ന പാണ്ഡവപക്ഷം കുരുക്ഷേത്രത്തില്‍ ജേതാക്കളായത് അധര്‍മ്മങ്ങളുടെ ഘോഷയാത്രകളോടെയായിരുന്നു. ഭീക്ഷ്മരും ദ്രോണരും ഉള്‍പ്പെടെയുള്ള മഹാരഥന്മാരുണ്ടായിരുന്ന കൌരവപക്ഷം എന്തുകൊണ്ട് യുദ്ധത്തില്‍ തോറ്റു?. പാണ്ഡവപക്ഷപാതിത്വം മൂലം ഭീക്ഷമരോ ദ്രോണരോ ഒന്നും കടുത്ത ആയുധപ്രയോഗങ്ങള്‍ നടത്തുകയോ പാണ്ഡവരാല്‍ മരണം വരിക്കുവാന്‍ സ്വയം സന്നദ്ധരാകുകയോ വഴി മനഃപ്പൂര്‍വ്വം ദുര്യോധനനെ തോല്‍പ്പിക്കുകയായിരുന്നു. ആയുധമെടുക്കാതെ നിക്ഷ്പക്ഷനായി നില്‍ക്കും എന്ന്‍ പറഞ്ഞ കൃഷ്ണന്‍ തന്നെ എത്രയാവര്‍ത്തി കൌരവരെ ചതിച്ചിരിക്കുന്നു. ജയദ്രഥവധം, കര്‍ണ്ണവധം, ദ്രോണവധം ഒക്കെ കൃഷ്ണന്‍ കെട്ടിയാടിയ നാടകമായിരുന്നു. കൃഷ്ണസഹായമില്ലായിരുന്നുവെങ്കില്‍ പത്തുവട്ടമെങ്കിലും പാണ്ഡവര്‍ തോല്‍‍ക്കുമായിരുന്നു എന്നതാണു വാസ്തവം. ദ്രോണരയച്ച ആഗ്നേയാസ്ത്രത്താല്‍ വെണ്ണീറായ രഥം കൃഷ്ണന്റെ മായാ ലീലകള്‍ കൊണ്ട് യുദ്ധാവസാനം വരെ കുഴപ്പമൊന്നുമില്ലാതെ നിലനിന്നത് അര്‍ജ്ജുനന് യുദ്ധവിജയം ഉണ്ടാകുവാന്‍ വേണ്ടിതന്നെയായിരുന്നു. അര്‍ജ്ജുനനായി കരുതിവച്ചിരുന്ന വേല്‍ ഘടോത്കജനു നേരേ പ്രയോഗിക്കുവാന്‍ കര്‍ണ്ണനെ നിര്‍ബന്ധിതനാക്കിയതും കൃഷ്ണന്റെ ഇടപെടലായിരുന്നു. എന്തിനേറേ ഗദായുദ്ധത്തില്‍ അരക്ക് താഴെ പ്രഹരികുവാന്‍ പാടില്ല എന്ന യുദ്ധതന്ത്രം മറന്ന്‍ ഭീമസേനന്‍ ദുര്യോധനന്റെ തുടയെല്ലടിച്ചുതകര്‍ത്താണ് അയാളെ വീഴ്ത്തുന്നത്. അതും കൃഷ്ണന്റെ കൃത്യമായ സൂചന കിട്ടിയതിന്‍ പടി.

എവിടെ ധര്‍മ്മമുണ്ടോ അവിടെ വിജയമുണ്ടെന്ന വാക്യം അക്ഷരാര്‍ത്ഥത്തില്‍ മഹാഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു പൊയ്പറച്ചില്‍ മാത്രമാണ്. എല്ലാവരാലും എക്കാലവും തോല്‍പ്പിക്കപ്പെടുവാനായിരുന്നു ദുര്യോധനനെന്ന കൌരവന്റെ വിധി. പല രീതിയില്‍ നോക്കിയാലും ബഹുമാനിക്കപ്പെടേണ്ട പല ഗുണങ്ങളും കളിയാടിയിരുന്ന വ്യക്തിത്വമാണു ദുര്യോധനന്റേത്. കറകളഞ്ഞ മാതൃസ്നേഹമുണ്ടായിരുന്നു ദുര്യോധനനു. ഭാരതയുദ്ധം നടന്ന പതിനെട്ട് ദിനവും മുടങ്ങാതെ ദുര്യോധനന്‍ മാതാവായ ഗാന്ധാരിയുടെ അനുഗ്രഹം തേടി ചെല്ലുമായിരുന്നു. എന്നാല്‍ മകന് വിജയാശംസകള്‍ നല്‍കുവാന്‍ ആ അമ്മയും തുനിഞ്ഞിരുന്നില്ല. സൌഹൃദം എങ്ങിനെയായിരിക്കണമെന്നതിന്റെ ഉത്തമോദാഹരണമായിരുന്നു കര്‍ണ്ണനോടൊത്തുള്ള അടുപ്പം. മറ്റെല്ലാവരും കര്‍ണ്ണനെ അപമാനിച്ച് രസിച്ചപ്പോള്‍ ദുര്യോധനന്‍ അയാളെ തന്നോട് ചേര്‍ത്തുനിര്‍ത്തുകയാണു ചെയ്തത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ചപലതകള്‍ പലതും ദുര്യോധനനുണ്ടായിരുന്നിരിക്കാം. എന്നാല്‍ സ്വന്തം രാജ്യവും അധികാരവും നിലനിര്‍ത്താന്‍ പരാമാവധി ശ്രമിക്കുകയും അതില്‍ പരാജയമടഞ്ഞ് യുദ്ധക്കളത്തില്‍ ധീരയോദ്ധാവായി യുദ്ധം ചെയ്ത് ചതിപ്രയോഗത്താല്‍ മരിച്ചുവീണ രാജപ്രമുഖനായിരുന്നു ദുര്യോധനന്‍.

(ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗില്‍. വിവരങ്ങള്‍ക്ക് കടപ്പാട് - വിക്കിപ്പീഡിയ)

ശ്രീക്കുട്ടന്‍