സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!സുമിത്രയുടെ ഒരു പകല്

May 28, 2010 രാജേഷ്‌ ചിത്തിര

ഡ്രൈവറുടെ സീറ്റിലേക്ക് കടന്നിരുന്നു സേഫ്ട്ടി ബെല്‍റ്റ്‌ ദേഹത്തിനു കുറുകെ വലിച്ചിട്ടു കൊളുത്തിലേക്ക് മുറുക്കിയപ്പോഴേക്കും സുമിത്രക്കു പതിവില്ലാത്തൊരു ക്ഷീണം തോന്നി.കഴിഞ്ഞ രണ്ടു ദിവസമായുള്ള തളര്‍ച്ച .നാലുമണിക്കൂറിലേറെ ഒരു യുദ്ധക്കളത്തില്‍‍ പടവെട്ടി ക്ഷീണിച്ച പോരാളിയുടെ തളര്‍ച്ച മനസിലും ശരീരത്തിലും. രാവിലെ നാലരക്ക് എണീറ്റതാണ്. കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ദിനചര്യകള്‍ക്ക് ഇതുവരെയും ഒരു മാറ്റവുമില്ല.ഒരു അഭിമാനബോധം മനസ്സിനെയും ശരീരത്തേയൂം തഴുകി കടന്നു പോയി.സീറ്റില്‍ ചാരി ഇരിക്കുമ്പോള്‍ ഓര്‍മകളിലേക്ക് മനസ്സ് ഒരു പരല്‍ മീന്‍ പോലെ വഴുതി നീങ്ങി.എന്നും മുത്തശ്ശിക്ക് അറുപതിന്‍റെ തിളക്കമാണ് .ശീലങ്ങളുടെ തുടക്കം മുത്തശ്ശിയില്‍ നിന്നാണ്.ഇടക്ക് മുത്തശ്ശി വഴി പിരിഞ്ഞു പോയെങ്കിലും പതിവുകള്‍ക്കു മാറ്റം വന്നില്ല.മുത്തശ്ശി മരിക്കുമ്പോള്‍ ലണ്ടനിലാണ്.അന്നും പിന്നെ ഈ അറബികളുടെ നഗരത്തില്‍ അരുണിനോടൊപ്പം ജീവിതം പറിച്ചു നട്ടപ്പോഴും മാറാത്ത പതിവുകള്‍.

"തീരെ ചെറിയ കാര്യങ്ങള്‍.."

May 26, 2010 Sidheek Thozhiyoor

(ഈ കഥ നിബന്ധനകള്‍ പ്രകാരം ഷെഡ്യൂള്‍ ചെയ്തിരുന്നു , രണ്ടു കഥകള്‍ വേറെയും അവിടെ കണ്ടു , പിന്നെ ?...)
"  സ്പൂണിങ്ങനെ വെച്ചാല്‍ ശെരിയാവ്യോ എന്‍റെ സുബൈറേ..?  അച്ഛാറു മുഴുവനും ഇതിന്മേല്‍ ഒട്ടിപ്പിടിച്ചത് നീ കണ്ടില്ലേ? ഞാനിപ്പോ എടുത്ത് ഇത് ചായേല്‍ക്ക് ഇട്ടേനേ..ഒന്ന് നോക്കാന്‍ തോന്നിയത് ഭാഗ്യം..ഇല്ലെങ്കിലിന്നു ഞാന്‍ അച്ചാറുചായ കുടിക്കേണ്ടി വന്നേനെ.."
ഹംസക്ക പിന്നെയും പരാതികളുടെ അഴുകിയ ഭാണ്ഡക്കെട്ട് അഴിച്ചു കുടയാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നിയതിനാല്‍ ഞാന്‍ ബ്ലാന്കെറ്റ്‌ തലവഴി മൂടി തിരിഞ്ഞുകിടന്നു,  സുബൈര്‍ അത് തന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്ന മട്ടില്‍ ലാപ്ടോപിലേക്ക് തലയും പൂഴ്ത്തി ഇരിപ്പാണ്. സംഗതി ഹംസക്കാ പറയുന്നതില്‍ കാര്യമില്ലാതില്ല , എന്ത് എടുത്താലും അത് ഇരിക്കുന്നിടത്ത് തിരിച്ചുവെക്കുന്ന സ്വഭാവം  ഞങ്ങളുടെ സഹമുറിയനും കൂട്ടത്തിലെ ഏക ബാച്ചിലറും ആയ സുബൈര്‍ എന്ന ഐ ടി ക്കാരന് തീരെയില്ല ,  പല്ലുതേപ്പും കുളിയും എന്തിനേറെ പറയുന്നു ഭക്ഷണം  കഴിക്കാന്‍ പോലും മറന്നു പോകാറുള്ള അവന്‍റെ രീതികള്‍ക്ക് പൊരുത്തപ്പെടാന്‍ പെട്ടെന്നാര്‍ക്കും കഴിഞ്ഞെന്നും വരില്ല , പക്ഷേ ക്ഷമ,സ്നേഹം,വിനയം, സഹായം തുടങ്ങിയ വിഷയങ്ങളില്‍ ഞങ്ങളുടെ കമ്പനിയിലെ ഒന്നാം സ്ഥാനം അവനുതന്നെ കൊടുക്കണമെന്നതിനാല്‍ അവന്‍റെ ചെറിയ ചെറിയ വലിയ മറവികള്‍ ഞങ്ങള്‍ കണ്ടില്ലെന്നു വെച്ച് ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നു , പക്ഷേ, ഹംസക്ക എന്നാല്‍ അടുക്കും ചിട്ടയും നിര്‍ബന്ധമുള്ള ഒരാളാണ് എന്നത് മാത്രമല്ല എന്തുകണ്ടാലും അതില്‍ തന്‍റേതായ ഒരു അഭിപ്രായം രേഘപ്പെടുത്തുന്ന കാര്യത്തില്‍ അദ്ദേഹം തീരെ പിറകിലല്ല , ചറ പറാ എന്തെങ്കിലുമൊക്കെ പറയുന്ന അങ്ങേരുടെ വാക്കുകള്‍ക്കങ്ങിനെ ആരും ചെവി കൊടുക്കാറോ പ്രതികരിക്കാറോ ഇല്ല എന്നതാണ് പരമാര്‍ത്ഥം.
"ഇയ്യീ രാപകലില്ലാതെ ഈ കുന്ത്രാണ്ടത്തില്‍ ഇങ്ങനെ ഇരുന്ന് മാന്തിക്കൊണ്ടിരുന്നാല്‍ വെശപ്പും ദാഹോം തീര്വോ ചെക്കാ?ആ ഫ്രിട്ജിലിരിക്കണ പഴങ്ങളൊക്കെ ചീയാന്‍ തുടങ്ങിയിരിക്കന്നു..  വല്ലാത്തൊരു ജന്മംതന്നെ നിന്‍റെത് ..ഊണുല്ല ഒറക്കോം ഇല്ല.. മനുഷന്മാരുമായി മിണ്ടാട്ടോം ഇല്ല...എന്താ ഇത് കഥ..
ഹംസക്ക തന്‍റെ വാക്കത്തി അനുസ്യൂതം തുടരുകയാണ്.അതിന്നിടയില്‍ അയാള്‍ ചായ കൂട്ടുകയും കട്ടിലില്‍ വന്നിരുന്ന് ടി വി ഓണ്‍ ചെയ്ത് ഓരോരോ ചാനലുകള്‍ മാറ്റുകയും ചെയ്തുകൊണ്ടിരുന്നു.
"ഇയ്യാളിന്നു അവന്‍റെ വായീന്നു പുളിച്ചത് വല്ലോം കേട്ടേ അടങ്ങൂന്നു തോന്നുന്നു.."
എന്‍റെ തൊട്ടടുത്ത കട്ടിലില്‍ കിടന്ന ടോണി സ്വയമെന്നോണം പറഞ്ഞത് കാര്യംതന്നെയാണെന്ന് എനിക്ക് തോന്നി. കാര്യം ക്ഷമാശീലനും വിനയകുനയനുമൊക്കെ ആണെങ്കിലും ചൂടായാല്‍ അവനൊരു പുലിയാണെന്ന് ചില അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.
"ആ..പിന്നെ..ആ വാഷുമിഷേനില്‍ കെടക്കണ ഡ്രസ്സ്‌ ആരുടെതാ.? അതൊന്നെടുത്ത് കഴുകിയിടാന്‍ നോക്കെന്നേ..മണിക്കൂറ് മൂന്നുനാലായല്ലോ അതില് കെടക്കണ്..ഇതിനൊക്കെ ഒരു കയ്യും കണക്കുമില്ലേ?..ഇങ്ങിനെ അയാലെങ്ങനാ...?
ഹംസക്ക നിറുത്താനുള്ള ഭാവമില്ലെന്നുമനസ്സിലാക്കിയാണെന്നു തോന്നുന്നു; അതല്ല , ക്ഷമ എന്ന സാധനത്തിന്‍റെ നെല്ലി സ്റ്റെപ്പ് കണ്ടു കഴിഞ്ഞത് കൊണ്ടോ..എന്തോ! സുബൈര്‍ തന്‍റെ ലാപ്ടോപ് ഓഫ്‌ ചെയ്തുകൊണ്ട് മെല്ലെ എഴുന്നേറ്റു, പിന്നെ ഹംസക്കാനെ ഒന്ന് ഇരുത്തിനോക്കി..ശേഷം ബാത്തുറൂം ലക്ഷ്യമാക്കി നടക്കുന്നതിന്നടയില്‍ പറഞ്ഞു 'വാഷിങ്ങ്മെഷിനും ഫ്രിഡ്ജും ടിവിയും എല്ലാം വിട്..അറ്റ്ലീസ്റ്റ് നിങ്ങളൊരു ടീസ്പൂണങ്കിലും സ്വന്തമായി വാങ്ങാന്‍ നോക്കെന്‍റെ കാര്‍ന്നോരെ..എങ്കിലീ പ്രശ്നങ്ങളോന്നുമുണ്ടാവില്ലല്ലോ!' 
ടോണിയുടെ അടക്കിപ്പിടിച്ച ചിരി കേട്ടു, പക്ഷെ, ഹംസക്കായില്‍ നിന്നും പ്രതികരണമൊന്നും കേള്‍ക്കാതെ വന്നപ്പോള്‍ ബ്ലാന്കെറ്റ്‌ മുഖത്തുനിന്നും മാറ്റി ഞാന്‍ നോക്കുമ്പോള്‍ അപ്പറഞ്ഞതൊന്നും തന്നോടല്ല എന്ന മട്ടില്‍ മൂപ്പര്‍ മൂടിപ്പുതച്ച് കിടന്നു കഴിഞ്ഞിരുന്നു.


                                                        സിദ്ധീക്ക് തൊഴിയൂര്‍.

.

അരുന്ധതിയുടെ അന്നത്തെ ദിവസം

Manoraj

സമയം ഒത്തിരി വൈകി. രാവിലെ തന്നെ എഴുന്നേൽക്കുന്നത്‌ തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. പക്ഷെ, എന്തു ചെയ്യാം അരുന്ധതി ജോലിക്ക്‌ പോയില്ലെങ്കിൽ വീട്ടിലെ കാര്യങ്ങൾ ഒന്നും നേരെ ചൊവ്വെ മുന്നോട്ട്‌ പോകില്ല. അതൊക്കെ പറയാനാണെങ്കിൽ ഒത്തിരി ഉണ്ട്‌.. ഇപ്പോൾ അതൊക്കെ ചിന്തിച്ചു നിന്നാൽ ബസ്സ്‌ അതിന്റെ പാട്ടിനു പോകും.. വെളുപ്പിനു നാലുമണിക്ക്‌ ഉറക്കം ഉണർന്നതാ..ഇപ്പോളും പണികൾ ഒതുങ്ങിയില്ല... ശരിക്കു പറഞ്ഞാൽ മടുത്തു തുടങ്ങി.. ഈ നശിച്ച ജീവിതം എന്നാ ഒന്ന് പച്ച പിടിക്കുക...

"മോളേ.. ആമീ... " അകത്ത്‌ നിന്നും ഭർത്താവിന്റെ സ്നേഹപൂർവ്വമായ വിളി.. എന്തുൾവിളിയാണാവോ ഇപ്പോൾ കിട്ടിയത്‌. .അല്ലെങ്കിൽ ഈ നേരത്തൊന്നും ഉണരാത്തതാണല്ലോ.. സാധാരണ അരുന്ധതി ഓഫീസിൽ ചെന്ന് അവിടെനിന്നും ഫോൺ ചെയ്താലേ രഘുനാഥൻ ഉണരൂ.. ഓരോ ശീലങ്ങൾ.. എന്തിനാ അദ്ദേഹത്തെ കുറ്റം പറയുന്നേ.. എല്ലാം എന്റെ തലയിലെഴുത്തല്ലേ.. അല്ലെങ്കിൽ സ്നേഹിച്ച ചെറുക്കനോടൊപ്പം ജീവിക്കാൻ വീട്ടുകാർ സമ്മതിക്കാത്തതിൽ പ്രതിഷേധിച്ച്‌ താൻ തന്നെയല്ലേ ഇയാളെ വിവാഹം കഴിക്കാൻ നിർബന്ധം പിടിച്ചേ.. ഹോ, ഈ സമയമില്ലാത്ത നേരത്ത്‌ മനസ്സിൽ വരാൻ കണ്ട കാര്യങ്ങൾ... നാശം.. "എന്താ എന്നെ വിളിച്ചേ? നേരം പോയീട്ടോ.." അരുന്ധതി മുടി കോതിക്കൊണ്ട്‌ തന്നെ ബെഡ്‌ റൂമിലേക്ക്‌ ചെന്നു...


"മോളെ, ചായ വേണമായിരുന്നു.. " സത്യം പറഞ്ഞാൽ പെരുവിരലിൽ മുതൽ വിറഞ്ഞു കയറിയതാ.. ക്ഷമിച്ചു.. "ചായ അല്ലേ ഈ ഇരിക്കുന്നേ.. ദേ ഞാൻ ഇറങ്ങുകാ. ഇന്നേ ഓഫീസിൽ ഓഡിറ്റിംഗ്‌ ഉള്ളതാ...ഇനി അവിടെ ചെന്ന് വിളിക്കുകൊന്നുമില്ലാട്ടോ..."

ചോറ്റുപാത്രവും ബാഗിൽ തിരുകി, ഒരു ദോശയെടുത്ത്‌ നിന്ന നിൽപ്പിൽ വിഴുങ്ങി, കുറച്ച്‌ വെള്ളവും കുടിച്ച്‌ ബസ്സ്‌ സ്റ്റോപ്പിലേക്ക്‌ ഓടി.. ഈ ഓട്ടം ഒരിക്കലും അവസാനിക്കില്ലെന്നാ തോന്നുന്നേ... ഓഫീസിലാണേൽ ഇന്ന് പിടിപ്പത്‌ പണിയുണ്ട്‌... ഇന്നലെ വൈകുന്നേരം ഓവർ ടൈം നിന്ന് കുറെ ഫയലുകൾ തീർക്കാൻ പറഞ്ഞപ്പോൾ രാവിലെ വന്ന് തീർത്തോളാം എന്ന് പറഞ്ഞത്‌ സാറിനു ഇഷ്ടമായിട്ടില്ല.. ഇന്ന് എന്തെങ്കിലും കുഴപ്പം ആഡിറ്റർമാർ കണ്ടുപിടിച്ചാൽ ആ മാർവ്വാഡി എന്നെ ചിത്ത പറഞ്ഞ്‌ കുളിപ്പിക്കും.. എന്തു പറയാനാ.. നമ്മുടെ പങ്കപാടുവല്ലതും അങ്ങോർക്കറിയണോ?

ഒരു വിധത്തിൽ ഓടിയും നടന്നും ബസ്സ്‌ സ്റ്റോപ്പിലെത്തിയപ്പോൾ സഹയാത്രികരെല്ലാം എത്തിയിട്ടുണ്ട്‌.. എന്റെ ധൃതിയിലുള്ള വരവുകണ്ടാവണം സാമിന്റെ മുഖത്ത്‌ ചിരിവരുന്നുണ്ട്‌.. ഇവനൊക്കെ വെറുതെ ചിരിച്ചാൽ മതി.. രാവിലെ ഭാര്യ ഉണ്ടാക്കി കൊടുത്തതും വിഴുങ്ങി, കുളിച്ച്‌ കുറിയും ചാർത്തി ചമഞ്ഞ്‌ വന്ന് നിന്നാൽ പോരേ.. ദ്വേഷ്യം വന്നു. ഈയിടെയായി അരുന്ധതിക്ക്‌ പെട്ടന്ന് ദ്വേഷ്യം വരുന്നുണ്ട്‌. ഉള്ളിൽ വന്ന അരിശം പുറത്ത്‌ കാട്ടാതിരിക്കാൻ അവൾ കുറെ പണിപ്പെട്ടു. മുഖത്ത്‌ സ്വേദകണങ്ങളോടൊപ്പം ഒരു പുഞ്ചിരി വരുത്താൻ വൃഥാ ഒരു ശ്രമം നടത്തി.

"ടെൻഷൻ അടിക്കേണ്ട.. നമ്മുടെ സർക്കാർ ബസ്സല്ലേ. അതു വരാൻ ഇനിയും സമയമെടുക്കും" സാം ഒന്ന് കളിയാക്കി..

വെറുതെ ചിരിച്ചു. അല്ലാതെ ഇവനോടൊക്കെ എന്തു പറയാൻ.. തന്റെ പ്രശ്നങ്ങൾ ഇവനോടൊക്കെ പറഞ്ഞ്‌ വെറുതെ എന്തിനാ സ്വയം പല്ലിട കുത്തി നാറ്റിക്കുന്നേ.. ഭാഗ്യത്തിനു രമചേച്ചി സ്റ്റോപ്പിലുണ്ട്‌.. അല്ലെങ്കിൽ ഇവന്റെ പുളിച്ച തമാശകളും വെടക്ക്‌ നൊട്ടവും സഹിക്കേണ്ടി വന്നേനേ.. രമച്ചേച്ചിയുള്ളപ്പോൾ എന്തോ ഒരു സുരക്ഷിതത്വബോധമുണ്ട്‌.. അത്‌ തനിക്കു മാത്രമല്ലല്ലോ.? ആ ബി.എഡിനു പഠിക്കുന്ന രശ്മിയും ഒരിക്കൽ പറഞ്ഞതോർക്കുന്നു.. എന്തോ, രണ്ട്‌ ദിവസമായി ആ കുട്ടിയെ കണ്ടിട്ട്‌.. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മൂഡ്‌ ഔട്ട്‌ ആയി തോന്നിയെന്ന് രമച്ചേച്ചിയും പറഞ്ഞിരുന്നു..

"അരുന്ധതിക്ക്‌ ഓട്ടം ഒഴിഞ്ഞ ദിവസമില്ല അല്ലേ?" രമച്ചേച്ചി ചിരിച്ചുകൊണ്ട്‌ ചോദിച്ചു. ഒരു വളിച്ച ചിരി സമ്മാനിച്ചു. ചേച്ചിയോട്‌ പ്രത്യേകിച്ച്‌ മറുപടിയുടെ ആവശ്യമില്ലാത്തതിനാൽ വേറെ ഒന്നും പറഞ്ഞില്ല... പക്ഷെ, ചേച്ചിയുടെ ചോദ്യത്തിൽ തനിക്ക്‌ ഒട്ടും ദ്വേഷ്യം തോന്നിയില്ലാല്ലോ? ആ ചോദ്യത്തിൽ ഒരു വാൽസല്യമുണ്ടായിരുന്നോ? ഒരു ചേച്ചിയുടെ, അല്ലെങ്കിൽ അമ്മയുടെ സ്ഥാനം!!!.. , ഇപ്പോളാ ഓർത്തേ, ഈ മാസം അമ്മാവുക്ക്‌ മരുന്ന് വാങ്ങിയില്ല... പാവം, ഇപ്പോൾ മരുന്ന് തീർന്നിട്ട്‌ ഒരാഴ്ചയായി കാണും.. എന്നാൽ ഒന്നോർമ്മിപ്പിച്ചൂകൂടെ.. ! ഞാൻ അന്യയൊന്നുമല്ലല്ലോ... ഇല്ല, വാങ്ങി കൊടുക്കരുത്‌.. മനസ്സ്‌ പറഞ്ഞു. പെട്ടന്ന് തന്നെ തിരുത്തി.. ഒരു പക്ഷെ, എന്റെ കഷ്ടപാടുകൾക്കിടയിൽ ഇതുകൂടെ പറഞ്ഞ്‌ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാവണം.. ഒരു പാവമാ അത്‌.. പ്രായമായിട്ടും എന്നെ ഓർത്തുള്ള ആധി തീർന്നിട്ടില്ല... എന്നോട്‌ ഒന്നും പറയില്ല.. പറഞ്ഞാൽ ഞാൻ എല്ലാം അമ്മവുടേയും അപ്പാവുടെയും തലയിൽ കെട്ടിവക്കും.. അറിയാം ഇതൊക്കെ സ്വയം വരുത്തിവച്ചതാണെന്ന്.. എന്നാലും സമ്മതിച്ച്‌ കൊടുക്കാൻ തോന്നാറില്ല ...

ഓരോന്നോർത്ത്‌ നിന്നപ്പോൾ ബസ്സ്‌ വന്നത്‌ കണ്ടില്ല.. രമചേച്ചി തട്ടിവിളിച്ചില്ലായിരുന്നേൽ ഒരു പക്ഷെ, ഇന്ന് ചീത്തവിളി കേട്ട്‌ കാത്‌ പൊട്ടിയേനേ... വീണ്ടും രമച്ചേച്ചിയെ നന്ദിയോടെ നോക്കി.. സർക്കാർ ബസ്സായതിനാൽ ഉള്ള ഒരു ഡോറിൽ കൂടി ഇടിച്ചുകയറാനുള്ള എല്ലാവരുടെയും ശ്രമമാ.. പതുക്കെ ഒഴിഞ്ഞു നിന്നു.. തിരക്ക്‌ ചിലർക്കൊരു ഹരമാ.. തിരക്കുണ്ടാക്കി, അതിനിടയിൽ കരകൌശലവേലചെയ്യുന്നവരാ കൂടുതലും.. ഇവർക്കൊക്കെയാ സർക്കാർ പാരമ്പര്യതൊഴിൽ ചെയ്യുന്നവർക്കുള്ള പെൻഷൻ അനുവദിച്ച്‌ വീട്ടിലിരുത്തേണ്ടത്‌.. ഒന്നുമില്ലേലും മറ്റുള്ളവർക്ക്‌ മന:സ്സമാധാനത്തോടെ യാത്ര ചെയ്യാല്ലോ? ഒടുവിൽ ബസ്സിൽ കയറുക എന്ന കടമ്പയും കടന്നു.. ഏന്തീ വലിഞ്ഞ്‌ നോക്കുമ്പോൾ രമചേച്ചി കണ്ണുകാട്ടി വിളിച്ചു. അങ്ങിനെ സീറ്റും കിട്ടി. ഇരുന്ന പാടെ കണ്ണടച്ചു. അത്‌ രമചേച്ചിക്കറിയാവുന്നതാ.. തന്റെ ജീവിതത്തിലെ ഉറക്കത്തിന്റെ മുക്കാൽ ഭാഗവും ബസ്സിലാണെന്ന്.. ചേച്ചി പുഞ്ചിരിച്ചു കൊണ്ട്‌ പുറം കാഴ്ചകളിലേക്ക്‌ തിരിഞ്ഞു..

സാധാരണ ബസ്സിലെ സീറ്റു കണ്ടാൽ തന്നെ ഉറക്കം പിടിക്കുന്നതാ.. ഇന്നതിനും കഴിഞ്ഞില്ല.. ഒരു മാന്യദേഹം അവന്റെ ദേഹം കൊണ്ടുള്ള ചില പ്രയോഗങ്ങൾ തുടങ്ങിയപ്പോൾ ഉറക്കം പമ്പകടന്നു.. ഇവനോക്കെ പടകാളിയെപ്പോലുള്ളവർ തന്നെ വേണം..അതു പറഞ്ഞപ്പോളാ .. തിരിഞ്ഞു നോക്കി.. പടകാളിയെ കണ്ടില്ല.. കയറേണ്ട സ്റ്റോപ്‌ കഴിഞ്ഞു.. ഒരു പക്ഷെ, ചമ്മലാവും.. ഇന്നലത്തെ സംഭവം ഒ‍ാർത്ത്‌ ചെറുതായി ചിരിവന്നു. പക്ഷെ പടകാളിക്ക്‌ വലിയ ചമ്മൽ ഒന്നും കാണില്ല.. ആളു നല്ല ബോൾഡാ.. പടകാളിയെ കുറിച്ചോർത്തപ്പോൾ ഒരു നിമിഷം കോളേജിലേക്ക്‌ മനസ്സ്‌ പാഞ്ഞു.. കോളേജ്‌ എത്തിയാൽ മനസ്സിന്റെ കടിഞ്ഞാൺ വിടും.. നാശം.. വീണ്ടും ഓഫീസിലെ ഫയലുകളുടെ കാര്യങ്ങൾ ഒ‍ാർക്കാൻ ശ്രമിച്ചു. പക്ഷെ, കഴിയുന്നില്ല.. വീണ്ടും കണ്ണടച്ചു. ഞാൻ ഒന്നു കണ്ണടക്കാൻ കാത്തു നിൽക്കുന്ന പോലെയാ അയാളുടെ അഭ്യാസങ്ങൾ തുടങ്ങാൻ.. തറപ്പിച്ച്‌ നോക്കി.. അടുത്ത സീറ്റിലിരുന്ന സാമിന്റെ വെടക്ക്‌ ചിരികൂടിയായപ്പോൾ പൂർത്തിയായി..


ബസ്സ്‌ ഏന്തി വലിഞ്ഞ്‌ ഊർദ്ദൻ വലിച്ചാ പോകുന്നേ.. സർക്കാരിന്റെയായതു കാരണം ഡ്രൈവർക്കും വലിയ ധൃതിയൊന്നും ഇല്ല.. മുതലാളിയുടെ വക തെറി കേൾക്കുകയൊന്നും വേണ്ടല്ലോ? മനസ്സ്‌ വീണ്ടും അതിന്റെ വഴിവിട്ട യാത്ര തുടങ്ങി. ഒരു വെളുത്ത ഫ്രോക്ക്കാരി നോക്കി ചിരിച്ചു. നല്ല മനോഹരമായ പല്ലുകൾ. അരുന്ധതിക്ക്‌ ഫ്രോക്ക്‌ വലിയ ഇഷ്ടമായിരുന്നു. ഒരിക്കലും ഇടാൻ കഴിയാത്ത ഒരു വസ്ത്രത്തോടുള്ള ഇഷ്ടം. ചെറുപ്പത്തിൽ പട്ടുപാവാടയും ബ്ലസുമായിരുന്നല്ലോ തന്റെ വേഷം. പാട്ടിയെ പേടിച്ചാ, അല്ലെങ്കിൽ അപ്പാവുക്കും ഇഷ്ടമായിരുന്നു തന്നെ പുതിയ രീതിയിലുള്ള വസ്ത്രങ്ങളൊക്കെ ധരിപ്പിക്കാൻ. പാവം അപ്പാവ്‌!!

അപ്പയുടെയും, അമ്മാവുടെയും പാട്ടിയുടെയുമെല്ലാം ഒ‍ാമനയായി വളർന്ന കുട്ടിക്കാലം... ഒന്നിന്റെയും കുറവ്‌ അപ്പാവു തന്നെ അറിയിച്ചിരുന്നില്ല... ചോദിക്കുന്നതെല്ലാം തനിക്ക്‌ വാങ്ങിത്തരുവാൻ എന്നും തിടുക്കം കാട്ടിയ അപ്പാവു... കൃഷ്ണവേണിയെന്ന വീട്ടിലെ ചെല്ലപ്പേരു പോലും അപ്പാവു വിളിക്കുമ്പോൾ ഒരു സുഖമായിരുന്നു.. അപ്പാവിനും തന്നെ അങ്ങിനെ വിളിക്കാനായിരുന്നു കൂടുതൽ ഇഷ്ടം.. രാഗേന്ദു എന്ന പേരിനോടുള്ള തന്റെ അമർഷം താൻ അറിയിച്ചപ്പോൾ പുഞ്ചിരിച്ച അപ്പാവുവിന്റെ മുഖം.. , അതിനെക്കുറിച്ച്‌ പറഞ്ഞാൽ ഒത്തിരി ഉണ്ട്‌. രാഗേന്ദു എന്ന തന്റെ ആദ്യ പേർ...! അരുന്ധതിയെന്ന പേരിലേക്കുള്ള കൂടുമാറ്റം!! അതിലേക്കുള്ള പരിവർത്തനത്തിന്റെ കഥകൾ!!!

സ്കൂളിലും കോളേജിലും എല്ലാവരും തന്നെക്കാണുമ്പോൾ മൂളിപ്പാട്ട്‌ പാടിയിരുന്നത്‌ ഓർത്തുപോയി..

"രാഗേന്ദു കിരണങ്ങൾ ഒളിവീശിയില്ല...

രജനീ കതംബങ്ങൾ മിഴിചിമ്മിയില്ല..

മദനോൽസവങ്ങൾക്ക്‌ നിറമാല ചാർത്തി..

മനവും തനുവും മരുഭൂമിയായി...

നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകൾ..."

അവസാന വരിക്ക്‌ ആൺപിള്ളേർ ഒരു ഊന്നൽ കൊടുക്കുമ്പോൾ അപ്പാവെ കൊല്ലാനുള്ള ദേഷ്യം വരും.. വീട്ടീൽ ചെന്ന് അപ്പാവോട്‌ മിണ്ടാതിരിക്കും. അപ്പാവുടെ ചിരികൂടിയായാൽ പൂർത്തിയായി. പിന്നെ, പേരു മാറ്റിതന്നില്ലെങ്കിൽ കെട്ടിത്തൂങ്ങി ചാവും എന്ന ഭീക്ഷിണീ.. പട്ടിണി സമരം.. എത്ര നേരം!! തനിക്ക്‌ സഹിക്കാൻ കഴിയാത്ത ഒരേ ഒരു കാര്യം വിശപ്പാണെന്ന് അപ്പാവുക്കും അറിയാം. ഞാൻ പട്ടിണി സമരം തുടങ്ങിയാൽ അരിയിടിച്ചുണ്ടാക്കിയ ഉണ്ടയുമായി അപ്പാവ്‌ എന്റെ മുന്നിൽ വന്നിരുന്നു തിന്നും.. എന്നിട്ട്‌ അപ്പാവ്‌ അരിയുണ്ടയുടെ രസം ആസ്വദിക്കുന്നത്‌ കാണുമ്പോൾ തന്നെ പട്ടിണി സമരം അവസാനിക്കും. പിന്നെ, വീട്ടിലുള്ള മൊത്തം അരിയുണ്ടയും തിന്നിട്ടേ താൻ അടങ്ങുമായിരുന്നുള്ളൂ. ആ പഴയ കുട്ടിയാ ഇപ്പോൾ നിന്ന് കൊണ്ട്‌ എന്തെങ്കിലും കഴിച്ചെന്ന് വരുത്തി ഓടുന്നത്‌. എല്ലാം കാലത്തിന്റെ വികൃതി!! അല്ലെങ്കിൽ ഒരു കാലത്ത്‌ താൻ വെറുത്തിരുന്ന പേരിനെ പിന്നീട്‌ താൻ ഒത്തിരി സ്നേഹിക്കുമോ? ആ പേരു വിവാഹത്തിനു മുൻപ്‌ മാറ്റണമെന്ന് രഘുവേട്ടൻ ആവശ്യപ്പെട്ടപ്പോൾ... ഗത്യന്തരമില്ലാതെ, പൊട്ടിക്കരഞ്ഞുപോയത്‌....

"അതേയ്‌, ഉറങ്ങിയത്‌ മതി. ഇനി നാളെയുറങ്ങാം.." സാമിന്റെ മുന്നിൽ വീണ്ടും വളിച്ച ചിരി വരുത്തിണ്ടി വന്നു. ബസ്സിൽ നിന്നിറങ്ങി റോഡ്‌ മുറിച്ച്‌ കടന്ന് ഓഫീസിലേക്ക്‌ കയറിയപ്പോൾ തന്നെ വേഗം എം.ഡി.യെ കാണാനുള്ള അറിയിപ്പുമായി സുധാകരേട്ടൻ നിൽപ്പുണ്ടായിരുന്നു. രൂക്ഷമായി ഒന്ന് നോക്കി. ആ പാവം ചിരിയോടെ വഴിമാറി തന്നു. തന്നെ നന്നായറിയാവുന്നത്‌ കൊണ്ട്‌ കുഴപ്പമില്ല. രജിസ്റ്ററിൽ മുദ്ര ചാർത്തി, പഞ്ചിംഗ്‌ മേഷീനീൽ കാർഡും സ്വാപ്‌ ചെയ്ത്‌ തിരിഞ്ഞുനോക്കിയത്‌ മാർവ്വാഡിയുടെ ചപ്പിയ മാങ്ങാണ്ടി കണക്കുള്ള മോന്തായത്തിലേക്കാ.. നശിച്ചു.. ഇന്നത്തെ ദിവസം പോക്കാ.. മനസ്സിൽ പ്രാകി. തന്നെ എം.ഡി നേരിൽ വിളിച്ചത്‌ കൊണ്ടാവണം അങ്ങോരുടെ മുഖം ഇഞ്ചി കടിച്ച കുരങ്ങന്റെ കൂട്ടിരിക്കുന്നേ.. അല്ലെങ്കിലേ ഇയാൾക്ക്‌ തന്നെ കണ്ടുകൂടാ.. ഇപ്പോൾ ഇതു കൂടിയാകുമ്പോൾ.. എന്തിനാണാവോ ഇനി എം.ഡി. അന്വേഷിക്കുന്നേ?

എം.ഡിയുടെ മുറിയുടെ വാതിലിൽ തട്ടി അനുവാദം ചോദിച്ച്‌ അകത്ത്‌ കടന്നു. അങ്ങോർ ആരോടൊ സംസാരിക്കുകയാ? ഒരു ഫയൽ തന്റെ നേരെ നീട്ടിയിട്ട്‌ "അസിസ്റ്റ്‌ ഹിം" എന്ന് മാത്രം പറഞ്ഞു. ഇതു പറയാനാണോ ഇയാൾ നേരിൽ കാണണമെന്ന് പറഞ്ഞത്‌. പിന്നെ, അയോളോട്‌ ദേഷ്യം തോന്നിയില്ല. കാരണം പെണ്ണിനെ കാണൂമ്പോൾ ഒലിപ്പിക്കുന്ന സ്വഭാവം ഒന്നുമില്ലാത്ത ഒരു മനുഷ്യനാ.. അതിന്റെ ഒരു ബഹുമാനം എന്നും അങ്ങേർക്ക്‌ കൊടുത്തിട്ടുമുണ്ട്‌. പക്ഷെ, ഇതിപ്പോൾ മാർവ്വാഡിയുടെ നോട്ടപ്പുള്ളിയായത്‌ മെച്ചം. "യെസ്‌ സർ" എന്ന് പറഞ്ഞ്‌ എതിരെ ഇരിക്കുന്ന മനുഷ്യന്റെ നേരെ തിരിഞ്ഞപ്പോൾ അസ്ത്രപ്രജ്ഞയായിപ്പോയി. ഇന്നത്തെ ദിവസം ആരെയാണാവോ കണികണ്ടത്‌. എന്നെ തന്നെയാവും!! അതെങ്ങിനെയാ, രാത്രിയിൽ എപ്പോൾ എഴുന്നേറ്റാലും ചരിഞ്ഞുകിടന്നുറങ്ങുന്ന എന്നെ കാണണമെന്ന നിർബന്ധത്തോടെ ഒരു വലിയ കണ്ണാടിയല്ലേ കട്ടിലിനോട്‌ ചേർത്ത്‌ സ്ഥാപിച്ചിരിക്കുന്നേ.. ഒരോ വട്ട്‌!!! സ്നേഹമുള്ളയാളാ.. അത്‌ സമ്മതിക്കാതെ വയ്യ!! പക്ഷെ, താനോ? ശരിക്ക്‌ സ്നേഹിച്ചിട്ടുണ്ടോ ആ മനുഷ്യനെ?.... നാശം, പിടിച്ചാൽ കിട്ടാത്ത ഈ മനസ്സിനെ കൊണ്ട്‌ തോറ്റു.

"എവിടെയോ കണ്ട്‌ മറന്ന മുഖം. യെസ്‌!! രാഗേന്ദു.. രാഗേന്ദുവല്ലേ?" - അയാളുടെ ചോദ്യത്തിൽ ഒരു നിമിഷം ഞെട്ടി. അയാളോ? ഒരു കാലത്ത്‌ ഇവൻ തനിക്കാരായിരുനു. ഇവനുമൊത്തല്ലാതെ ജീവിക്കില്ല എന്ന് വാശിപിടിച്ചത്‌... പാട്ടിയുടെ വീടുവിട്ട്‌ പോകുമെന്നുള്ള ഭീഷിണി...അമ്മാവിന്റെ ഏങ്ങലടികൾ..അപ്പാവിന്റെ ദയനീയമായ മുഖം!!! ഒരു മുസൽമാനെ അംഗീകരിക്കാൻ സമുദായത്തിന്റെയും പഴയ തലമുറയുടെയും ദ്രവിച്ച മനസ്സിനു കഴിയാതായപ്പോൾ പകരം, സമുദായത്തിൽ തന്നെയുള്ള തനിക്ക്‌ ചേരാത്തതെന്ന് മനസ്സിൽ തോന്നിയ ബന്ധത്തിനായുള്ള പിടിവാശി!! ഒടുവിൽ എല്ലാവരുടേയും കണ്ണീർ കണ്ട്‌ ക്രൂരമായി സന്തോഷിച്ചത്‌... ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന രഘുവേട്ടനെ താൻ സ്വീകരിച്ചത്‌!!! മറ്റുള്ളവർ മുഴുവൻ തന്റെ ത്യാഗത്തെ വാഴ്ത്തിയപ്പോളും അപ്പാവെയും അമ്മാവെയും നോക്കി ക്രൂരമായി മന്ദഹസിച്ചത്‌!!! പാട്ടിയുടെ കണ്ണീരിൽ സന്തോഷം കണ്ടെത്തിയത്‌...എല്ലാം ..എല്ലാം.. എന്നിട്ട്‌, ഇന്നും മനസ്സിൽ ആരാധിക്കുന്ന ആ രൂപം മുന്നിൽ വന്നപ്പോൾ , എന്താ സംഭവിച്ചേ? എന്താ അവൻ തന്നോട്‌ ചോദിച്ചേ? എവിടെയോ കണ്ട്‌ മറന്ന മുഖമെന്നോ!!! "ഈ മുഖത്തേക്ക്‌ എത്ര നേരം നോക്കിയിരുന്നാലും എന്റെ കൊതി തീരുന്നില്ലല്ലോ" എന്നല്ലേ പണ്ട്‌ അവൻ പറഞ്ഞിരുന്നേ? എന്നിട്ട്‌ ഇപ്പോൾ...

"നോ.. യു ആർ മിസ്റ്റേകൺ.. , സോറി.. ഇറ്റ്സ്‌ മൈ മിസ്റ്റേക്‌. ഐ അം നോട്ട്‌ ഇൻട്രൊഡൂസ്‌ ഹെ ർ ടൂ യു. മീറ്റ്‌ മിസ്സിസ്‌ അരുന്ധതി. അരുന്ധതി രഘുനാഥ്‌. ഷീ ഈസ്‌ ഹാൻഡിലിംഗ്‌ ദീസ്‌ വർക്ക്സ്‌ ഇൻ ഔർ പ്രെമിസെസ്‌". എം.ഡിയുടെ മറുപടി ആണു അരുന്ധതിയെ തിരികെ കൊണ്ടുവന്നത്‌. "അരുന്ധതി, മീറ്റ്‌ ഔർ വെരി ഇംപോർട്ടന്റ്‌ ഗസ്റ്റ്‌ മിസ്റ്റർ ഗസൽ മുഹമ്മദ്‌" എം.ഡിക്കറിയില്ലല്ലോ തന്റെ പൂർവ്വ കഥ. തന്റെ പഴയ പേരിനെക്കുറിച്ച്‌ ഓഫീസിൽ ആകെ അറിയാവുന്നത്‌ എച്ച്‌.ആർ. മാനേജർ സക്സേനക്ക്‌ മാത്രമാണ്. അയാൾ ഒരു പ്രത്യേക ടൈപ്പ്‌ ആയതുകൊണ്ടും ആരുമായും വലിയ അറ്റാച്ച്‌മന്റ്‌ ഇല്ലാത്തതുകൊണ്ടും വേറെ ആർക്കും ആ ഒരു പഴയ പേരിനെക്കുറിച്ചറിയില്ല...

"ഹെല്ലോ" - മുഖത്ത്‌ ഒരു പുഞ്ചിരി വരുത്താനുള്ള ശ്രമം പാഴായെന്നു തോന്നുന്നു. ഓഫീസിൽ എം.ഡിയുടെ വാക്കുകൾ പ്രതിധ്വനിച്ചു. "അരുന്ധതി, മീറ്റ്‌ ഔർ വെരി ഇംപോർട്ടന്റ്‌ ഗസ്റ്റ്‌ മിസ്റ്റർ ഗസൽ മുഹമ്മദ്‌" അതെ, തന്റെ പഴയ ഗദ്ദൂ...

"ഹായ്‌. നൈസ്‌ ടു മീറ്റ്‌ യു. സോറി, ആം ടോടലി കൺഫൂസ്ഡ്‌. വൺ ഓഫ്‌ മൈ ഓൾഡ്‌ കോളേജ്‌ മേറ്റ്‌ ലുക്സ്‌ ലൈക്‌ യു. ദാറ്റ്സ്‌ വൈ ഐ കാൾ യൂ ദ നെയിം രാഗേന്ദു."

"ഓഹ്‌. ദാറ്റ്സ്‌ ഗ്രേറ്റ്‌.!!" - എം.ഡി.

പിന്നീട്‌ അവർ തമ്മിൽ പറഞ്ഞത്‌ തന്റെ പഴയകാലത്തെ കുറിച്ചാണെങ്കിലും ഒന്നും മനസ്സിൽ കേറിയില്ല.. എന്തോ ഒരു പകപ്പായിരുന്നില്ലേ മനസ്സിൽ... സംഭവിക്കാൻ പാടില്ലാത്തതെന്തോ സംഭവിച്ചെന്ന ഒരു തോന്നൽ!!! എം.ഡിയുടെ പൊട്ടിച്ചിരി കേട്ടാണ് മനസ്സ്‌ വീണ്ടും തിരികെ വന്നത്‌. എന്താ സംഭവിച്ചത്‌. അദ്ദേഹം ഒരിക്കലും ഇതു പോലെ ചിരിച്ച്‌ കണ്ടിട്ടില്ല.. അല്ലെങ്കിലും വാചകമടിച്ച്‌ ഒരാളെ വീഴ്ത്താൻ ഗദ്ദുവിനെ കഴിഞ്ഞല്ലേ ഉള്ളൂ.. ഒരു പരിധിവരെ താനും അങ്ങിനെയല്ലേ ഇവനിലേക്ക്‌ അടുത്തത്‌.

ഭാഷ ഇത്ര അനായാസേന കൈകാര്യം ചെയ്യുന്നത്‌ കാണുമ്പോൾ പലപ്പോഴും കൊതിച്ചിട്ടുണ്ട്‌. അതു പറഞ്ഞുതന്നെ എത്ര വട്ടം തമ്മിൽ ഉടക്കിയിരിക്കുന്നു. കോളേജിലെ ഏറ്റവും നല്ല പ്രാസംഗികൻ, കവി, നാടകനടൻ.. വിശേഷണങ്ങൾ പലതായിരുന്നു ഗദ്ദുവിനു.. അതോടൊപ്പം തന്നെ എല്ലാ തല്ലിപ്പൊളിക്കും മുന്നിൽ ഉണ്ടാവുമായിരുന്നു. അങ്ങിനെതന്നെയാണു ആദ്യം പരിചയപ്പെട്ടതും... പരിചയം പിന്നെ....

ഒരു തരം മരവിപ്പോടെയാണു അന്നത്തെ ഓഡിറ്റിംഗ്‌ ജോലികൾക്ക്‌ അസിസ്റ്റ്‌ ചെയ്തത്‌. ഒന്നു രണ്ട്‌ വട്ടം മാർവ്വാഡി രൂക്ഷമായി നോക്കിയതും ഓർമയുണ്ട്‌. ഒന്നും തലയിൽ കയറിയില്ല. തനിക്ക്‌ പ്രിയപ്പെട്ട കണക്കുകൾ പോലും പലപ്പോഴും കൈവിട്ട്‌ പോയപ്പോൾ പകച്ചു. അല്ലെങ്കിലും തന്റെ കണക്ക്‌ കൂട്ടലുകൾ മിക്കതും തെറ്റിയല്ലോ! എന്തൊക്കെയോ കാട്ടിക്കൂട്ടി ഓഡിറ്റിംഗ്‌ തീർത്തു എന്ന് പറയാം. ലഞ്ച്‌ സെർവ്വ്‌ ചെയ്യുമ്പോൾ വീണ്ടും അവൻ പഴയ കോളേജ്‌ ജീവിതം എടുത്തിട്ടപ്പോൾ അലോസരം തോന്നി. പക്ഷെ എം.ഡിയും മറ്റുമിരിക്കുമ്പോൾ ഇറങ്ങിപോകാൻ പറ്റില്ലല്ലോ? മാത്രമല്ല, തന്നെയാണ് അവനെ അസിസ്റ്റ്‌ ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നതും. എന്തുകൊണ്ടോ ഇത്തരം ചെറിയ കാര്യങ്ങൾക്ക്‌ അധികം ചെവികൊടുക്കാത്ത ആളാണ് എം.ഡി. ഇതിപ്പോൾ ഓഡിറ്ററെ മുഷിപ്പിക്കേണ്ട എന്ന് കരുതിയാവും.

രാഗേന്ദുകിരണങ്ങൾ“ പാട്ടുപാടിയുള്ള കളിയാക്കലിൽ തന്നെയാണ് ഗദ്ദുവുമായുള്ള ബന്ധം തുടങ്ങിയത്‌ തന്നെ. പാട്ട് പാടി കളിയാക്കിയിട്ട്‌ അച്ഛൻ സീമയുടെ ഫാനാണോ എന്നും അവളുടെ രാവുകൾ ഇറങ്ങിയ വർഷമാണോ തനിക്ക്‌ തറക്കല്ലിട്ടതെന്നും ചോദിച്ചപ്പോൾ എന്തോ അതുവരെ ചെയ്യാത്ത വിധം പൊട്ടിത്തെറിച്ചു. കൈ നിവർത്തി അവന്റെ കരണം പുകച്ചത്‌ മാത്രം ഓർമയുണ്ട്‌. പിന്നീടാണു അതിന്റെ ഭവിഷ്യത്തുകൾ മനസ്സിലായത്‌. സീനിയർ വിദ്യാർഥിയെ തല്ലി എന്ന് പറഞ്ഞ്‌ എന്തൊരു പുകിലായിരുന്നു. ഒടുവിൽ ഗദ്ദു തന്നെയാണ് അതിൽ നിന്നും തന്നെ രക്ഷിച്ചത്‌.. അതിലൂടെയാണ് അടുപ്പമായതും..അതുകൊണ്ട്‌ തന്നെ അന്ന് മുതൽ രാഗേന്ദു എന്ന പേർ പിന്നെ തനിക്ക്‌ പ്രിയപ്പെട്ടതാവുകയായിരുന്നു. പിന്നീടുണ്ടായതെല്ലാം ചരിത്രമാണു.. പക്ഷെ, ഇവൻ.. എല്ലാം അവനു തമാശയായിരുന്നോ? എന്തോ...

എന്തൊക്കെയോ കാട്ടിക്കൂട്ടി അന്നത്തെ ദിവസം അവസാനിപ്പിച്ചു. വൈകീട്ട്‌ വീണ്ടും പഞ്ചിംഗ്‌ കാർഡും സ്വാപ്‌ ചെയ്ത്‌ ഓഫീസിനു വെളിയിൽ ഇറങ്ങിയപ്പോളാണ് അറിയുന്നത്‌. ബസ്സുകളുടെ മരണപ്പാച്ചിലിനിടയിൽ പെട്ട്‌ ഏതോ ഒരു പിഞ്ചുകുഞ്ഞ്‌ മരണമടഞ്ഞു എന്നും അതിന്റെ പേരിൽ നാട്ടുകാർ ബസ്സുകൾ തല്ലിതകർത്തു എന്നും .. ചുരുക്കി പറഞ്ഞാൽ വാഹനഗതാഗതം തന്നെ ഏതാണ്ട്‌ പൂർണ്ണമായി നിലച്ച മട്ടാണ്. എന്ത്‌ ചെയ്യും. പരുങ്ങിയുള്ള നിൽപ്പ്‌ കണ്ടിട്ടാവണം ഗദ്ദു കാര്യം തിരക്കി. ഒടുവിൽ ഗത്യന്തരമില്ലാതെ അവന്റെ വണ്ടിയിൽ കയറേണ്ടി വന്നു. ഒരു നിമിഷം സുധാകരേട്ടനെ മനസ്സിൽ ചീത്ത വിളിച്ചു. അല്ലെങ്കിൽ ഒരു പത്ത്‌ മിനിറ്റ്‌ കൂടി കാത്ത്‌ നിന്നിരുന്നേൽ മറ്റു സ്റ്റാഫിനെ കൊണ്ടുപോകുന്ന കൂട്ടത്തിൽ എനിക്കും പോകാമായിരുന്നു. സ്ഥിരം യാത്രിക അല്ലാത്തതിനാലാവാം ആ പാവം അതോർക്കാതിരുന്നത്‌. ഗദ്ദുവിന്റെ കാറിന്റെ മുൻസീറ്റിൽ എരിക്കുമ്പോൾ എ.സിയുടെ തണുപ്പിലും അരുന്ധതി വിയർത്തു. എന്ത്‌ പറയണം.. ഒന്നും അറിയാതെ പകച്ച്‌ ഇരുന്നു.

"രഘുനാഥനു സുഖമല്ലേ ഇന്ദൂ.. "

"സുഖം തന്നെ.. ങേ. എന്താ ചോദിച്ചത്‌ .. രഘുനാഥനോ? ആരാ അത്‌.." സമനില വീണ്ടെടുക്കാൻ കുറച്ച്‌ സമയമെടുത്തു.

".... എന്താ ഇന്ദു എനിക്ക്‌ നിന്നെ മനസ്സിലായില്ല എന്ന് കരുതിയോ നീ.."

"നീ...നീ എന്താ പറഞ്ഞേ..?" അരുന്ധതിക്ക്‌ ക്ഷോഭം നിയന്ത്രിക്കാനായില്ല..

"എനിക്കെല്ലാം അറിയാം ഇന്ദു.. നീയെന്താ വിചാരിച്ചേ.. അന്നത്തെ സാഹചര്യത്തിൽ നിന്നെ വിവാഹം കഴിക്കൻ മാത്രം ഒരു വിഡ്ഡിയാണു ഞാൻ എന്നോ? അതും എന്റെ വിശ്വാസങ്ങളെയും എന്റെ വീട്ടുകാരെയും അതിനേക്കാളേറെ എനിക്ക്‌ കിട്ടാനുണ്ടായിരുന്ന എന്റെ സ്വത്ത്‌ വകകളെയും എനിക്ക്‌ വേണ്ടി മാത്രം കാത്തിരുന്നിരുന്ന എന്റെ ഫസിയയേയും വിട്ട്‌ ഒരു കോളേജ്‌ റൊമാൻസിന്റെ പിറകെ ചുറ്റാൻ ഞാൻ എന്താ ഒരു ഭ്രാന്തനാ? നിന്നെ വിവാഹം കഴിക്കുന്നതിനു മുൻപ്‌ തന്നെ നിന്റെ അപ്പാവും രഘുനാഥനും എന്റെ അടുക്കൽ വന്നിരുന്നു. നിന്നെ സ്വീകരിക്കണമെന്ന് പറഞ്ഞുകൊണ്ട്‌.. നിനക്കറിയില്ല.. നിന്റെ രഘുനാഥൻ അയാൾ എത്ര നല്ല മനുഷ്യനാണെന്ന്..."

"സ്റ്റോപ്‌ ഇറ്റ്‌. ഐ സെ സ്റ്റോപ്‌ ദി കാർ!!! എന്റേത്‌ ഗർജ്ജനം തന്നെ ആയിരുന്നു എന്ന് തോന്നുന്നു. രണ്ട്‌ ബൈക്ക്‌ യാത്രികരെ വെട്ടിച്ച്‌ വണ്ടി ഒതുക്കി നിറുത്തിയ ഗസലിന്റെ മുഖത്തെ പകപ്പ്‌ അത്‌ നല്ല പോലെ വെളിപ്പെടുത്തി. അരുന്ധതിയും കിതക്കുകയായിരുന്നു. എന്താ കേട്ടത്‌. അതും താൻ മനസ്സിൽ എല്ലാക്കാലത്തും ആരാധിച്ചിരുന്ന ഗദ്ദുവിൽ നിന്നും..

കൂടുതൽ ഒന്നും കേൾക്കാൻ തോന്നിയില്ല.. പകയോടെ വണ്ടിയിൽ നിന്നിറങ്ങി ഓടി.. ആരോടായിരുന്നു പക.. പ്രണയം നടിച്ച്‌ ചതിച്ച ക്രൂരനായ ഗസൽ മുഹമ്മദിനോടോ? ...അതെ, തന്റെ മാത്രമെന്ന് കരുതിയിരുന്ന ഗദ്ദു.. അതോ.. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലെന്ന് നടിച്ച്‌ തന്നെ ഒത്തിരി സ്നേഹിച്ച രഘുവേട്ടനോടോ? അതോ തനിക്ക്‌ വേണ്ടി ഇവന്റെ കാലു പിടിക്കാൻ പോയ അപ്പാവോടോ? അതോ തന്നെ മനസ്സറിഞ്ഞ്‌ സ്നേഹിച്ചിട്ടും തരിമ്പുപോലും മനസ്സാക്ഷിയില്ലാതെ അവരെയൊക്കെ സ്നേഹിക്കുന്നതായി നടിക്കുകമാത്രം ചെയ്ത്‌ മനസ്സ്‌ കൊണ്ട്‌ ഈ ദുഷ്ടനെ മാറോട്‌ ചേർത്ത ക്രൂരയായ തന്നോട്‌ തന്നെയോ?

ഓടി ഓടി ഒടുവിൽ റെയിൽപാളത്തിൽ എത്തിയപ്പോൾ ആണ് അരുന്ധതിക്ക്‌ ബോധോദയം ഉണ്ടായത്‌. തീവണ്ടിയുടെ ഹുങ്കാരശബ്ദം അടുത്ത്‌ വരുന്നത്‌ കാതുകളിൽ കേൾക്കാം.. വളഞ്ഞുപുളഞ്ഞ്‌ രക്തധമനിപോലെ തീവണ്ടിപാളം അവളുടെ മുൻപിൽ.. ഒരു നിമിഷം, മനസ്സ്‌ ജീവിത യാഥാർത്ഥ്യങ്ങളുമായി കെട്ടുപിണഞ്ഞു. തന്നെ മാത്രം സ്നേഹിക്കുന്ന രഘുവേട്ടനെ വിട്ട്‌.. രഘുവേട്ടന്റെ താളം തെറ്റി മിടിക്കുന്ന ഹൃദയധമനികളെ വിട്ട്‌... എവിടേക്കാണീ ഒളിച്ചോട്ടം. .പാടില്ല.. അരുന്ധതിയുടെ ദിവസങ്ങൾ അങ്ങിനെ അവസാനിക്കാനുള്ളതല്ല.. അത്‌ ഇനിയും തുടരണം.. തിരിച്ച്‌ പോകുമ്പോൾ അരുന്ധതിയുടെ മനസ്സ്‌ ഒന്ന് പെയ്ത്‌ തോർന്നിരുന്നു...വീടിന്റെ ഉമ്മറക്കോലായിയിൽ, അവളുടെ വരവും കാത്ത്‌.. വൈകിയതിലുള്ള അക്ഷമയോടെ.. നിന്നിരുന്ന രഘുവേട്ടനിലേക്ക്‌ സമയം തെറ്റിവന്ന ഒരു തീവണ്ടി കണക്കെ.. അവൾ ഒരു ഹുങ്കാരത്തോടെ കൂകിയണഞ്ഞു... (© മനോരാജ് )

ഭ്രൂണം

May 24, 2010 പട്ടേപ്പാടം റാംജി

അമ്മയുടെ പേര് നിങ്ങള്‍ക്കറിയില്ലല്ലൊ...
സുമംഗലഭായി.
നല്ല പേര്‌ അല്ലെ? പേര്‌ പോലെ തന്നെ സുന്ദരിയാണ്‌. കോളേജില്‍ പഠിക്കുമ്പോള്‍ നിറയെ കാമുകന്‍മാരായിരുന്നു.പക്ഷെ അമ്മയ്ക്കാരേയും ബോധിച്ചില്ല. എല്ലാം വെള്ളമൊലിപ്പിച്ച്‌ പിന്നാലെ നടന്നത്‌ മെച്ചം.

പഠിപ്പ്‌ അവസാനിക്കുന്നതിന്‌ മുന്‍പ്‌ അച്ഛന്‍ അമ്മയെ കെട്ടി. അച്ഛനും സുന്ദരനാണ്‌. ബിസ്സിനനുകാരന്‍.വിവാഹക്കമ്പോളത്തിലെ ഡിമാന്‍റ്‌ വര്‍ദ്ധിപ്പിക്കാനാണ്‌ ബിസ്സിനസ്സുകാരന്‍ എന്ന്‌ പറയുന്നത്‌. ഒരു തുക്കട തുണിക്കട നടത്തുന്ന ആള്‍ എങ്ങിനെയാണ്‌ ബിസ്സിനസ്സുകാരന്‍ ആകുന്നത്‌. എന്തായാലും അച്ഛന്‍റെ ബിസ്സിനസ്സില്‍ അമ്മേടെ കുടുംബം കുടുങ്ങി എന്ന്‌ പറയുന്നതാവും ശരി. ദോഷം പറയരുതല്ലൊ, അമ്മേടെ വരവോടെ അച്ഛന്‌ വെച്ചടി വെച്ചടി കേറ്റമായിരുന്നു.

അമ്മ പക്ഷെ അന്നൊക്കെ നിരാശയിലായിരുന്നു. വര്‍ഷം ഒമ്പത്‌ കഴിഞ്ഞിട്ടും സന്താനഭാഗ്യം ഉണ്ടായില്ല. വീട്ടുകാരെല്ലാവരും അമ്മയെ കുരുത്തം കെട്ടവള്‍ എന്ന്‌ പറഞ്ഞ്‌ നടന്നു. ഒരു കുഞ്ഞിക്കാല്‌ കാണാന്‍ കഴിയാതെ അച്ഛന്‍റെ അമ്മ പഴി പറഞ്ഞ്‌ ശണ്ഠ കൂട്ടി. അച്ഛനും അമ്മയും കൂടി അമ്പലങ്ങളായ അമ്പലങ്ങളൊക്കെ നിരങ്ങി ഉരുളി കമഴ്ത്തി. ഫലം കാണാതെ രണ്ട്‌ വര്‍ഷം മുന്‍പ്‌ അമ്പലം തെണ്ടല്‍ നിര്‍ത്തി. പകരം ഡോക്ടര്‍മാരെ തിരക്കിയിറങ്ങി. സര്‍വ്വ ടെസ്റ്റ്‌ നടത്തിയിട്ടും രണ്ട്‌ പേര്‍ക്കും ഒരു കുഴപ്പവും ഇല്ലത്രെ..! ഊണും ഉറക്കവും ഇല്ലാതെ എല്ലും തോലും ആയി അമ്മ. അച്ഛന്‌ അത്രക്ക്‌ പ്രയാസം ഉണ്ടെന്ന്‌ തോന്നിയില്ല.

അങ്ങിനെയിരിക്കുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ അമ്മ ഗര്‍ഭിണിയായി. അതിരില്ലാത്ത
ആഹ്ളാദത്തോടെ അമ്മയും അഭിമാനത്തോടെ തലയുയര്‍ത്തി അച്ഛനും ശണ്ഠക്ക്‌ പകരം സ്നേഹം പൊതിഞ്ഞ്‌ അമ്മൂമ്മയും. ആകെക്കൂടി സന്തോഷമയം.


പ്രശ്നം ഇതൊന്നുമല്ല. എനിക്കപ്പോള്‍ നാല്‌ മാസം മാത്രമെ വളര്‍ച്ച എത്തിയിട്ടുള്ളു. ഞാനപ്പോഴും സുമംഗലഭായിയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്നുവരുന്ന കൈയ്യും കാലും ഒതുക്കിവെച്ച്‌ അടങ്ങിക്കിടക്കുന്ന പകുതി വളര്‍ച്ച മാത്രമായിട്ടുള്ള മനുഷ്യക്കുഞ്ഞായിരുന്നു. കഴിഞ്ഞ നാല്‌ മാസത്തിനിടയില്‍ സുമംഗലഭായി പടിഞ്ഞാമ്പുറത്തെ ചാച്ചിറക്കിലിരുന്ന്‌ പെണ്‍സഭകളില്‍ വിളമ്പിയ കാര്യങ്ങളായതുകൊണ്ടാണ്‌ എനിക്കിതൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞത്‌. ഗര്‍ഭപാത്രം സുരക്ഷിതമായ ഒരിടമായി തോന്നുന്നു. എല്ലാം മറ്റുള്ളവര്‍ ചെയ്തോളും. അമ്മ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഊര്‍ജ്ജമെല്ലാം പൊക്കിള്‍കൊടിവഴി എനിക്ക്‌. മൂത്രമൊഴിക്കണ്ട, കക്കൂസില്‍ പോകണ്ട, പല്ല്‌ തേക്കണ്ട, കുളിക്കണ്ട, തുണി മാറണ്ട. അങ്ങിനെ എല്ലാം കൊണ്ടും പരമസുഖം. വളഞ്ഞുകൂടി ഒരേ കിടപ്പാണെങ്കിലും ഒരു മടുപ്പും ഇല്ലായിരുന്നു. എന്നെ തട്ടാതേയും മുട്ടാതേയും കൊണ്ടുനടക്കാന്‍ എന്ത്‌ സന്തോഷമായിരുന്നു പാവം അമ്മക്ക്‌. അമ്മയെ പ്രയാസപ്പെടുത്താതെ ഞാനും അടങ്ങിക്കിടക്കുമായിരുന്നുട്ടോ.

എന്‍റെ ചലനങ്ങള്‍ കേള്‍ക്കാന്‍ അച്ഛന്‍ അമ്മയുടെ വയററില്‍ ചെവി ചേര്‍ക്കുമ്പോള്‍ ഞാനനങ്ങാതെ കിടക്കും. അല്ലെങ്കില്‍ തന്നെ എനിക്കപ്പോള്‍ വലിയ അനക്കമൊന്നും ആയിട്ടില്ല.

കൊച്ചുകുട്ടികള്‍ അമ്മയുടെ വയറ്റില്‍ തടവി സന്തോഷിപ്പിക്കുന്നത്‌ കാണുമ്പോള്‍ എനിക്ക്‌ ദേഷ്യം വരും. അമ്മയെ ആരെങ്കിലും തൊടുന്നത്‌ എനിക്കിഷ്ടമല്ല. അമ്മ എന്‍റെ മാത്രമാണ്‌. അങ്ങിനെയിപ്പൊ ആരും തൊടണ്ട. ഈ വിവരം എങ്ങിനെ അറിയിക്കും? എല്ലാം ഉള്ളിലൊതുക്കി. പുറത്തെ വിവരങ്ങളൊക്കെ എനിക്കറിയാന്‍ കഴിയുന്നു എന്ന്‌ അമ്മക്കറിയില്ലല്ലൊ.

രണ്ട്‌ പേരും കൂടി ടീവി കാണുമ്പോഴാണ്‌ പൊതു വിവരങ്ങള്‍ ലഭിക്കുന്നത്‌. അമേരിക്കയും, റഷ്യയും, ഗള്‍ഫും, മന്‍മോഹന്‍സിങ്ങും, അച്ചുതാനന്ദനും ഒക്കെ എനിക്കറിയാം. അമ്മ തനിച്ച്‌ ടീവി കാണുമ്പോള്‍ കാമ്പില്ലാത്ത കുറേ സീരിയലും കാണാം. അമ്മ പത്രം വായിക്കാത്തതുകൊണ്ട്‌ അച്ഛന്‍ അമ്മയോട്‌ പറയുന്നത്‌ കേട്ട്‌ വേണം അങ്ങിനെയുള്ള വിവരങ്ങള്‍ അറിയാന്‍.

വളരേ നേരത്തെ മുതല്‍ ഞാന്‍ ആണൊ പെണ്ണൊ എന്നറിയാന്‍ അമ്മയ്ക്കാണ്‌ തിടുക്കം. സ്കാന്‍ ചെയ്താല്‍ അറിയാമെന്ന്‌ അമ്മ. ഏഴ്‌ മാസം ഗര്‍ഭിണിയായിരുന്ന വടക്കേലെ സറീനയെ സ്കാന്‍ ചെയ്ത്‌ പറഞ്ഞത്‌ പെണ്ണായിരുന്നെന്നും പ്രസവിച്ചപ്പോള്‍ ആണായി പോയതും പറഞ്ഞ്‌ അച്ചന്‍ കളിയാക്കി. ഞാനിപ്പൊ ആണായാലും പെണ്ണായാലും അമ്മക്കെന്താ? ഇതാ ചിലപ്പോഴൊക്കെ എനിക്ക്‌ ദേഷ്യം വരുന്നത്‌.

പെണ്ണായാല്‍ മറ്റുള്ളവര്‍ എന്ത്‌ പറയും എന്നാണ്‌ അമ്മയുടെ ഏറ്റവും വലിയ ആധി. പിന്നെ പെണ്ണുങ്ങളെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന ഓരോരൊ കഥകള്‍. പ്രായമാകുമ്പോള്‍ കെട്ടിച്ചയക്കാന്‍ സ്വര്‍ണ്ണം ഉണ്ടാക്കേണ്ടത്‌...അങ്ങിനെ പോകുന്നു.

കുട്ടികളില്ലെങ്കില്‍ ഉണ്ടാവത്തതിന്‍റെ വിഷമങ്ങള്‍. പഴി പറച്ചിലും, കുത്തുവാക്കുകളും, കളിയാക്കലും, അമ്പലവും, പള്ളിയും, ആശുപത്രിയും, ഡോക്ടറുമായി അങ്ങിനെ. അഥവാ ഉണ്ടായാലോ..ആഴ്ച ചെക്കപ്പ്‌, മാസചെക്കപ്പ്‌, സ്ക്കാന്‍, ടെസ്റ്റ്‌, കുഞ്ഞിന്‍റെ കുത്തിവെയ്പ്‌, പാല്‌, പോഷകാഹാരം, സ്ക്കൂള്‍, ഉന്നതപഠനം, കല്യാണം ഇങ്ങിനേയും. മനുഷ്യരുടെ ഓരോരു കാര്യങ്ങളേ. എ‍ങ്ങിനെ ചിരി വരാതിരിക്കും..?

അഞ്ച്‌ മാസം ആയപ്പോഴേക്കും എനിക്ക്‌ പുറത്ത്‌ വരണമെന്ന്‌ തോന്നിത്തുടങ്ങി. മറ്റു കുട്ടികളുടെ ചിരിയും കളിയും മൊബൈല്‍ തമാശകളും ഒക്കെ കാണുമ്പോള്‍ ഈ കിടപ്പ്‌ അത്ര സുഖമല്ലെന്ന തോന്നല്‍ വന്ന്‌ തുടങ്ങി. ഒതുങ്ങിക്കൂടിയുള്ള ഒളിച്ചിരിപ്പ്‌ ആദ്യമൊക്കെ രസമായിരുന്നു. പക്ഷെ പുറത്തെ കാഴ്ചകളാണ്‌ മധുരം. ഇനിയും എത്ര നാള്‍ ഇവിടെ ഒതുങ്ങിക്കൂടേണ്ടി വരുമെന്നറിയില്ല. പുതിയതോരോന്ന്‌ കാണുമ്പോഴും ഇപ്പൊ വേണം എന്ന തോന്നല്‍ ശക്തമായി തുടങ്ങി.

അമ്മയോടുള്ള സ്നേഹം കൊണ്ട്‌ ഇത്രനാളും അടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ അത്യാവശ്യം അനങ്ങാനും മറിയാനും ശ്രമിക്കുന്നുണ്ട്‌. പണ്ടത്തെ കാലമൊന്നും അല്ലല്ലൊ. പണ്ടായിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ള ഭ്രൂണങ്ങളെ വയറ്റിലിട്ട്‌ അലക്കലും തേക്കലും കുളിക്കലും എന്തിനേറെ വാര്‍ക്കപ്പണിവരെ ചെയ്യുന്ന അമ്മമാരായിരുന്നു. അന്ന്‌ പെറാന്‍ മാത്രമായിരുന്നു അമ്മമാര്‍ക്ക്‌ ഒഴിവ്‌ കിട്ടിയിരുന്നത്‌. ഇന്ന്‌ അണ്ഡത്തില്‍ ബീജം പ്രവേശിക്കുമ്പോള്‍ മുതല്‍ റെസ്റ്റാണ്‌. അപ്പോപ്പിന്നെ ഞങ്ങള്‍ അനങ്ങേം മറിയേം ചെയ്താല്‍ ഒരു തെറ്റുമില്ല.

ഒരീസം തെക്കേലെ ടോണിച്ചേട്ടന്‍ നെറ്റിലൂടെ എന്തോ വേണ്ടാത്തതൊക്കെ കാണുകയൊ ചെയ്യുകയൊ ചെയ്തെന്നും പറഞ്ഞ്‌ നെറയെ പോലീസ്‌ വന്നു. ടോണിച്ചേട്ടന്‍റെ അമ്മ കരയേം മൂക്ക്‌ പിഴിയേം എല്ലാം ചെയ്തീട്ടും പൊലീസ്‌ കുലുങ്ങിയില്ല. അവര്‌ ചേട്ടനേം കൊണ്ടുപോയി. ഈ വേണ്ടാത്തത്‌ എന്തെന്ന്‌ എനിക്ക്‌ ഒരു പിടിയും കിട്ടുന്നില്ല. എന്തായാലും രസമുള്ളതായിരിക്കും. അല്ലെങ്കില്‍ ഇത്ര കുഴപ്പം വരാവുന്ന കാര്യം കാണിക്കില്ലല്ലൊ. അതെങ്ങിനാ ഒന്ന്‌ അറിയാന്‍ പററ്വാ. കൊറേ പിള്ളേര്‌ നെറ്റില്‍ വേണ്ടാത്തതാണ്‌ കണുന്നതെന്ന്‌ അമ്മ പറഞ്ഞ്‌ ഞാനും കേട്ടിട്ടുണ്ട്‌. എന്തായാലും അതൊന്നറിഞ്ഞിട്ട്‌ തന്നെ കാര്യം. അതിനെങ്ങിനെയാ? എനിക്ക്‌ ദേഷ്യം വന്നാല്‍ ഞാന്‍ അമ്മേടെ വയറ്‌ ചവുട്ടിപ്പൊളിച്ച്‌ പുറത്ത്‌ ചാടും. ഇനീം മൂന്ന്‌ മാസം കഴിഞ്ഞ്‌ പുറത്ത്‌ കടക്കുമ്പോഴേക്കും ഈ വേണ്ടാത്തതൊക്കെ വേണ്ടതായാലോ....അപ്പൊ ഒരു രസോം ഇണ്ടാവില്ല. എനിക്കിപ്പൊത്തന്നെ കാണണം.

ഞങ്ങടെ നാട്ടിലെ വെല്യേ ആശുപത്രീല്‌ അമ്മേനെ കൊണ്ടോയി. ബ്ളെയിഡ്‌ കമ്പനീന്ന എല്ലാരും വിളിക്കണേ. കാല്‌ തല്ലിപ്പൊട്ടിയാലും മല-മൂത്ര-രക്ത ടെസ്റ്റുകള്‍ കൂടാതെ എക്സ്രെ-സ്ക്കാന്‍ അടക്കം മിനിമം അഞ്ച്‌ ടെസ്റ്റ്‌ നടത്താതെ മരുന്ന്‌ കുറിക്കാന്‍ പാടില്ലെന്നാണ്‌ അവിടത്തെ നിയമം. എല്ലാം ഒരു സ്ഥലത്ത്‌ നടത്താം എന്നതിനാല്‍ ബുദ്ധിമുട്ടാന്‍ തയ്യാറല്ലാത്ത എല്ലാരും ആ ആശുപത്രിയെ നല്ല ആശുപത്രി എന്ന്‌ പറയും. ഞാന്‍ ആണൊ പെണ്ണൊ എന്നറിയാനാണ്‌ അമ്മയെ കൊണ്ടുവന്നിരിക്കുന്നത്‌. അതുകൊണ്ട്‌ സ്കാന്‍ മാത്രം മതി.

ഒരു നേഴ്സ്‌ വന്ന്‌ അമ്മയെ ഇത്തിരിക്കോളം പോന്ന മേശപ്പുറത്ത്‌ കിടത്തി സാരി അടിവയറിനു താഴെ വരെ ഇറക്കിവെച്ചു. തണുപ്പ്‌ കൊണ്ട്‌ എനിക്ക്‌ വരെ കുളിര്‌ വന്നു. ഉടനെ ഞാനെന്‍റെ വര്‍ഗ്ഗം തെളിയിക്കുന്ന ഭാഗം പൊത്തിപ്പിടിച്ച്‌ ഡോക്ടറെ പറ്റിക്കാന്‍ നോക്കി. പത്ത്‌ മിനിറ്റ്‌ കൊണ്ട്‌ എല്ലാം കഴിഞ്ഞു.

ഞാന്‍ ആണ്‍കുട്ടിയാണെന്ന്‌ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്‌. അച്ഛന്‌ സന്തോഷം, അമ്മക്ക്‌ അതിലേറെ. എല്ലാം ശുഭം.

വീട്ടുപടിക്കല്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ പിള്ളേരൊക്കെ മുറ്റത്ത്‌ ക്രിക്കറ്റ്‌ കളിക്കുന്നു. വയറ്‌ പൊട്ടിച്ച്‌ ചാടണമെന്ന ആഗ്രഹം കൂടിക്കൂടി വന്നു. അമ്മയിപ്പോള്‍ എളിയില്‍ കൈകുത്തിയാണ്‌ നടപ്പ്‌. അതിനര്‍ത്ഥം ഏതാണ്ടൊക്കെ ആയിത്തുടങ്ങി എന്നാണ്‌. എന്നാലും ഇനിയും രണ്ട്‌ മാസം ബാക്കി കിടക്കയാണ്‌. അത്രയൊന്നും കാത്തിരിക്കാന്‍ എനിക്കാവില്ല. പെട്ടെന്ന്‌ പെട്ടെന്നാണ്‌ പുതിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌. അപ്പോള്‍ എനിക്കും അത്തരം മാറ്റങ്ങള്‍ സ്വാഭാവികമല്ലെ? ഇതൊക്കെ ആരോട്‌ എങ്ങിനെയാ ഒന്ന്‌ ഞാന്‍ ചോദിയ്ക്കാ. പണ്ടത്തെ കൂട്ടുകുടുംബം ആയിരുന്നെങ്കില്‍ അപ്പൂപ്പന്‍റെയും അമ്മൂമ്മയുടേയും അമ്മാവന്‍റെയും വെല്ലിച്ഛന്റേം ഒക്കെ അഭിപ്രായം അറിയാമായിരുന്നു. ഒറ്റയ്ക്ക്‌ ഒരു തീരുമാനം എടുക്കുക എന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ല. ഇപ്പൊ അതാണൊ സ്ഥിതി? എനിക്കിനി തീരെ കാത്തിരിക്കാന്‍ വയ്യ.

അച്ഛന്‍ ടീവി ഓണാക്കിയപ്പോള്‍ അമ്മയും അടുത്ത്‌ ചെന്നിരുന്നു. വാര്‍ത്തകള്‍ വായിക്കുകയാണ്‌ ഒരു സുന്ദരിക്കോത.

"എണ്‍പതില്‍ പരം രാജ്യങ്ങളിലെ ആയിരക്കണക്കിന്‌ ശാസ്ത്രജ്ഞര്‍ ഫ്രാന്‍സ്‌-ന്യൂസിലാന്‍റ്‌ അതിര്‍ത്തിയിലെ കടലിനടിയില്‍ അന്‍പത്‌ മുതല്‍ നൂറ്റിഎഴുപത്തഞ്ച്‌ മീറ്റര്‍ വരെ താഴ്ചയില്‍ ഇരുപത്തിഏഴ്‌ കിലോമീറ്റര്‍ ചുറ്റളവില്‍ വൃത്താകൃതിയില്‍ സ്ഥിതി ചെയ്യുന്ന വായുശൂന്യമായ ഉപകരണത്തില്‍ കണികാപരീക്ഷണം തകൃതിയായി നടത്തുന്നു. പ്രപഞ്ചസൃഷ്ടിക്ക്‌ ശാസ്ത്രലോകം കണ്ടെത്തിയ കാരണമെന്ന്‌ കരുതുന്ന മഹാവിസ്പോടനം നടന്ന്‌ ഏതാനും മൈക്രോ സെക്കന്‍റുകള്‍ക്കുള്ളിലുള്ള പ്രപഞ്ചാവസ്ഥ സൃഷ്ടിച്ച്‌ കണികാരഹസ്യം കണ്ടുപിടിക്കുക എന്ന മഹാസംഭവം ആണ്‌ പരീക്ഷിക്കപ്പെടുന്നത്‌. പരീക്ഷണം പരാജയപ്പെട്ടാല്‍ ലോകം നശിക്കുമെന്ന്‌ വിമര്‍ശനം ഉയര്‍ന്ന്‌ കഴിഞ്ഞു. പരീക്ഷണം കൊണ്ട്‌ ഭൂമിയില്‍ തമോഗര്‍ത്തങ്ങള്‍ സൃഷ്ടിക്കുമെന്നും ഭൂമിയുടെ നിലനില്‍പ്‌ തന്നെ അപകടത്തിലാക്കുമെന്നും പറയപ്പെടുന്നു."

അമ്മയ്ക്ക്‌ ഒന്നും മനസ്സിലായില്ല എഴുന്നേറ്റ്‌ പോയി കട്ടിലില്‍ കിടന്നു.

എനിക്കാകെ പരവേശം തുടങ്ങി. ഇനി ഞാനെന്ത്‌ ചെയ്യും? ഇവന്‍മാരുടെ ഒക്കെ പരീക്ഷണം കൊണ്ട്‌ ലോകം നശിച്ചാലോ? ഞാനീ വയറ്റിനകത്തെ വഴുവഴുപ്പില്‍ ഒടുങ്ങും. ഒരു ദിവസം പോലും ഒന്നും കാണാനാകാതെ നശിക്കും.

അമ്മുയുടെ വേദനയും അച്ഛന്‍റെ വിഷമവും എല്ലാം എനിക്കന്യമായി. എന്‍റേതു മാത്രമായ ഒരു ലോകത്തേക്ക്‌ ചുരുങ്ങി. നഷ്ടപ്പെടലുകളെക്കുറിച്ച്‌ ചിന്തിക്കാനാകാതെ കൈകാലിട്ടട്ച്ച്‌ ബഹളം കൂട്ടി.

അമ്മയുടെ നിലവിളി കേട്ട്‌ അച്ഛന്‍ ഓടിവന്നു. സുമംഗലഭായി വേദന കൊണ്ട്‌ പുളുകയാണ്‌.അച്ഛന്‌ കാര്യം മനസ്സിലായില്ല. എന്‍റെ ശക്തമായ പിടച്ചിലാണ്‌ വേദനക്ക്‌ കാരണം.വയറ്‌ പൊത്തിപ്പിടിച്ച്‌ ഞെരിപിരികൊള്ളുന്നത്‌ കണ്ട് നില്‍ക്കാനാകാതെ അച്ഛന്‍ തളര്‍ന്നു. പ്രസവിക്കാന്‍ രണ്ട്‌ മാസവും കൂടി ബാക്കിയിരിക്കെ പെട്ടെന്നുണ്ടായ വേദന എല്ലാവരിലും ആശങ്കയുണര്‍ത്തി. ആരു ശ്രമിച്ചിട്ടും സമാധാനിപ്പിക്കാനാകാതെ പിടയുന്ന അമ്മയെ ഉടനെ ആശുപത്രിയിലെത്തിച്ചു.

ബോധരഹിതയായിരുന്ന സുമംഗലഭായിയുടെ അനങ്ങിക്കൊണ്ടിരുന്ന വയറ്‌ കണ്ട്‌ ആശുപത്രി അധികൃതരിലും ഭയം കടന്നുകൂടിയിരുന്നു. മറ്റൊന്നും ചിന്തിക്കാതെ ഉടനെ ഓപ്പറേഷന്‍ തിയ്യറ്ററിലേക്ക്‌ കയറ്റി. എന്നിലും ഭയം കടന്നുകൂടി. ഓപ്പറേഷന്‍ നടക്കുമ്പോള്‍ കണക്ക്‌ തെറ്റി ബ്ളെയിഡ്‌ താഴ്ന്നാല്‍ ശരീരം മുറിയുമെന്ന ഭയം. എല്ലാ ശക്തിയും സംഭരിച്ച്‌ ഞാന്‍ പുറത്തേക്ക്‌ ചാടാന്‍ ശ്രമിച്ചു.

ഓപ്പറേഷന്‌ മുന്‍പ്‌ തന്നെ പ്രസവം നടന്നു.

കൈകാലിട്ടടിച്ച്‌ കരച്ചിലോടെ പുറത്തേക്ക്‌ വന്നത്‌ മാത്രമെ എനിക്ക്‌ ഓര്‍മ്മയുള്ളു.


(മാസം തികയാതെ പ്രസവിക്കുമോള്‍ വളര്‍ച്ചയെത്താത്ത ഭ്രൂണം നശിച്ച്‌ പോകാനാണ്‌ ഏറെ സാദ്ധ്യത. ക്ഷമയില്ലാതെ വളര്‍ന്നു വരുന്ന ഒരു പുതു തലമുറ സഹനശക്തി നഷ്ടപ്പെടുത്തി കാണുന്നതെല്ലാം സ്വന്തമാക്കാന്‍ എന്തും ചെയ്യാവുന്ന വിധത്തില്‍ മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ (തീവ്രവാദത്തിനും ഭീകരവാദത്തിനും പ്രാദേശികവാദത്തിനും പുതിയ അംഗങ്ങളെ ലഭിക്കുന്ന പോലെ) തെറ്റും ശരിയും തിരിച്ചറിയാനാകാതെ സുഖം തേടി നശിക്കുകയല്ലെ...? നശിപ്പിക്കുകയല്ലെ...? പഴയ തലമുറ കാണാതെപോകുന്നതും പുതിയ തലമുറ മനസ്സിലാക്കാനാകാതെ പിടയുന്നതും ഒരു കഥയിലൂടെ ലളിതമായി പറയുവാന്‍ ശ്രമിക്കുകയാണ്‌ ഞാനിവിടെ. ഇനി ഇത്‌ പൂര്‍ണ്ണമാക്കേണ്ടത്‌ വായിക്കുന്ന ഓരോരുത്തരും അഭിപ്രായം പറഞ്ഞാണ്.)
ചിത്രം ഗൂഗിളില്‍ നിന്ന്.

         പട്ടേപ്പാടം റാംജി
http://pattepadamramji.blogspot.com/

ഒരു യാത്ര വിവരണം - കൊച്ചിന്‍ ടു ബാംഗ്ലൂര്‍

May 22, 2010 ദുശ്ശാസ്സനന്‍


     ഇത് നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ഇന്ത്യയില്‍ നിന്ന് ഒരു വിദേശ രാജ്യത്തേക്ക് നടത്തിയ യാത്രയുടെ വിവരണം അല്ല. അപ്പൊ നിങ്ങള്‍ വിചാരിക്കും ലവന്‍ ഏതോ വിദേശ രാജ്യത്തില്‍ നിന്ന് ഇന്ത്യയിലേക്ക്‌ നടത്തിയ യാത്രയുടെ ആണെന്ന്. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. കൊച്ചിയില്‍ നിന്ന് ബംഗ്ലൂരിലേക്ക് നടത്തിയ ഒരു യാത്രയുടെ പച്ചയായ വിവരണം ആണ് ഇത്.

     ഒരു തിങ്കളാഴ്ച ആണ് അവിടെ നിന്ന് തിരിച്ചത്. വെക്കേഷന്‍ ആയതു കാരണം ഒരു സ്ഥലത്തും ടിക്കറ്റ്‌ കിട്ടാനില്ല. അങ്ങനെ വൈറ്റിലയില്‍ ഉള്ള ഒരു ബുക്കിംഗ് എജെന്‍സിയില്‍ പോയി. ചേട്ടാ, ഇന്ന് വൈകിട്ട് ബംഗ്ലൂരെക്ക് ഒരു ടിക്കറ്റ്‌ വേണമല്ലോ എന്നൊക്കെ താഴ്മയായി ചോദിച്ചു. 'ഇന്നോ.. ബംഗ്ലൂരോ ..' ആശ്ചര്യത്തോടെ ചേട്ടന്‍. സാധാരണ തിങ്കളാഴ്ച ബംഗ്ലൂരെക്ക്  പോകുന്ന വണ്ടിയില്‍ ഡ്രൈവറും ഞാനും മാത്രമാണ് ഉണ്ടാവുക. ഇപ്പൊ വെക്കേഷന്‍ ആയതു കൊണ്ടാവും. പുള്ളി മേശപ്പുറത്തിരുന്ന ഫോണ്‍ അടുത്ത് കുത്തി ആരെയൊക്കെയോ വിളിച്ചു. ഒരിടത്തും ഇല്ല. ഈശ്വരാ..പണിയായോ ... നാളെ ചെന്നില്ലെങ്കില്‍ ലീവ് ഒരെണ്ണം പോയത് തന്നെ. അതിപ്പോ അവിടെ ചെന്നിട്ടും ഒന്നും ചെയ്യനോന്നുമില്ല. പക്ഷെ ഓഫീസില്‍ പോയി മുഖം കാണിക്കണമല്ലോ. ഹോ. എവിടെയോ ഉണ്ടെന്നു തോന്നുന്നു. ചേട്ടന്‍റെ മുഖത്ത് ഒരു തെളിച്ചം.'മോനേ.. മള്‍ടിയില്‍ ഉണ്ട്. അത് മതിയോ? ' ചേട്ടന്‍ ചോദിക്കുക. ഈ മള്‍ടി എന്ന് വച്ചാല്‍ എന്താ ചേട്ടാ ? ഞാന്‍ ചോദിച്ചു. മള്‍ടി ആക്സില്‍ ബസ്‌ ആണ്. അതായതു അതിനു  രണ്ടു ആക്സില്‍ ഉണ്ട്. നീളവും കപാസിറ്റിയും കൂടുതല്‍ ആണ്. എന്നാലും ചാര്‍ജ് ഒരു കുറവുമില്ല. ബംഗ്ലൂര്‍ വരെ 900 രൂപ. കേട്ടതും എന്‍റെ ശ്വാസം പോയി.  കേരള ആര്‍ ടി സി യുടെ വോള്‍വോ ബസില്‍ ബാന്‍ഗ്ലൂര്‍ നിന്ന് കൊല്ലം വരെ വെറും 760 രൂപയെ ഉള്ളു. ഇവന്‍റെ ഒക്കെ കൊള്ള തന്നെ. ആക്സില്‍ കുറഞ്ഞാല്‍ ചാര്‍ജിനു വല്ല കുറവും ഉണ്ടാവുമോ എന്തോ. ആക്സില്‍ ഇല്ലെങ്കിലും എനിക്ക് പരാതിയില്ല. ഒടുവില്‍ അത് തന്നെ എടുത്തു. ഏഴു മണിക്ക് ഇവിടുന്നു വിടും എന്ന് പറഞ്ഞു.

     ആറെ മുക്കാലിന് തന്നെ സ്പോട്ടിലെത്തി. വണ്ടി കറക്റ്റ് ടൈം ആണ്. ഉഗ്രന്‍ ബസ്‌. അകത്തു നല്ല തണുപ്പ്. എല്ലാവര്‍ക്കും പുതപ്പ്. ഫ്ലാറ്റ് പാനല്‍ ടി വി , അതും രണ്ടെണ്ണം. നീളകൂടുതല്‍ കൊണ്ടായിരിക്കും. പുറകിലത്തെ കുറച്ചു സീറ്റുകള്‍ കാലി ആണ്. വണ്ടി വിട്ടു. സ്ടീരിയോയില്‍ പാട്ട് ഇട്ടിട്ടുണ്ട്. ഏതോ ഒരു പാണ്ടി പാട്ട് ആണ് . സാരമില്ല. ഉള്ളതാവട്ടെ. വണ്ടി വിട്ടു. ഒരു കുലുക്കവും ഇല്ല. സംഗതി തരക്കേടില്ല. അങ്ങനെ ആലുവ എത്തി. പുറകിലത്തെ സീറ്റില്‍ ഒരുത്തന്‍ കയറി. ഒരു കൊച്ചു പയ്യന്‍. അവന്‍റെ കയ്യില്‍ ഒരു ബാഗ്‌, ബ്ലാക്ക്‌ ബെറി ഒക്കെ ഉണ്ട്. വന്ന പാടെ അവന്‍ സാധന സാമഗ്രികള്‍ ഒക്കെ മുകളില്‍ അടുക്കി വച്ചു. എന്നിട്ട് സീറ്റില്‍ ഇരുന്നു. ചെറുതായി ഉറക്കവും വരുന്നുണ്ട്. സീറ്റ് ചാരി വച്ചു. എന്നിട്ട് പതിയെ കണ്ണടച്ചു.

     'പ്ഭാ .. എന്താടാ പട്ടീ ' എന്നൊരു ടയലോഗ് കേട്ടാണ് കണ്ണ് തുറന്നത്. പുറകിലിരിക്കുന്നവന്‍ ആരോടോ ഫോണില്‍ വച്ചു കാച്ചുകയാണ്. 'ഹോ.. എന്നതാടാ കൂവേ.. ഞാന്‍ ഇപ്പൊ ബസിലാടാ.. ബംഗ്ലൂര്‍ക്ക് പോകുവാ....' അവന്‍ അലറുകയാണ്. ഉറങ്ങികിടന്ന എല്ലാവനും കണ്ണ് തുറന്നു. 'ആകെ വിഷമമായി പോയെടാ. എന്നാ പറയാനാന്നെ.. വീട്ടുകാര്‍ എന്നെ കയറ്റി വിട്ടു... ഇല്ല.. അവള്‍ ഇല്ല ... ' അവന്‍ പറയുകയാണ്. ഇവന്‍ ഈ ശബ്ദത്തില്‍ ആണ് പറയുന്നതെങ്കില്‍ പിന്നെ ഫോണിന്‍റെ ആവശ്യം ഇല്ല. അപ്പുറത്ത് ഉള്ളവന് അല്ലാതെ തന്നെ കേള്‍ക്കാന്‍ പറ്റും. ശവം. പെണ്ണ് എന്നൊക്കെ കേട്ടതോടെ ആള്‍ക്കാര്‍ അവനെ ശ്രദ്ധിക്കാന്‍ തുടങ്ങി. ' സൗദി ആണെടാ സ്ഥലം. ബാന്‍ഗ്ലൂര്‍ ചെന്നിട്ടു ഒരു മാസം. അതിനുള്ളില്‍ വിസ വരും. അത് വന്നാല്‍ ഉടന്‍ തന്നെ കയറി പോണം. ഒരു തല്ലിപൊളി സ്ഥലമാടാ കൂവേ.. ഞാന്‍ ഒക്കെ അവിടെ പോയി എന്നാ എടുക്കാനാ.. ലവളെ കാണാതിരിക്കാന്‍ വേണ്ടി ആണെടാ ഇതൊക്കെ. ' ഇപ്പൊ ബസിനകത്തുള്ളവര്‍ക്ക് കാര്യങ്ങള്‍ ചെറുതായി പിടി കിട്ടി തുടങ്ങി. ഇവന്‍ ഇടയ്ക്കു  ഹിന്ദിയിലും ആരോടെക്കെയോ എന്തൊക്കെയോ പറയുന്നുണ്ട്. ഇടയ്ക്കു കരയുന്നുമുണ്ട്. എന്തോ കാര്യമായ പ്രശ്നമാണ്.

     വണ്ടി കുറച്ചു കൂടി പോയി. അടുത്ത സ്റ്റോപ്പ്‌ ആയി. അവിടെ നിന്ന് ഒരു ചേട്ടന്‍ കയറി. പുള്ളി വന്നു കയറി നമ്മുടെ താരത്തിന്‍റെ അടുത്ത് വന്നിരുന്നു.അത് കണ്ടതോട്‌ കൂടി പയ്യന്‍ കുറച്ചു കൂടി ഉഷാറായി. 'ഇരിക്ക് ചേട്ടാ. നന്നായി ഇരിക്ക്' എന്നൊക്കെ പറഞ്ഞു അവന്‍ പുള്ളിയെ വെല്‍ക്കം ചെയ്തു.അപ്പൊ ചേട്ടനും സന്തോഷമായി. 'ചേട്ടന്‍ എങ്ങോട്ടാ ചേട്ടാ ? ബാന്ഗ്ലൂരിനാണോ ?' ലവന്‍ ചോദിച്ചു. 'അതെ. അവിടെ ചെന്നിട്ടു കുറച്ചു പണി ഉണ്ട്. പിന്നെ ബെല്‍ഗാമിന് പോണം.' ചേട്ടന്‍ പറഞ്ഞു. ' ഓഹോ അത് ശരി. വമ്പന്‍ പരിപാടികളുമായി ഇറങ്ങിയിരിക്കുകാ അല്ലേ ? കൊട് കൈ ' എന്ന് പറഞ്ഞു അവന്‍ ചേട്ടന്‍റെ കൈ പിടിച്ചു വലിച്ചു ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു. 'അതേ ചേട്ടാ. ഞാന്‍ സാധാരണ രണ്ടെണ്ണം അടിച്ചേചാ  ബസില്‍ കയറുക. അതാവുമ്പോ സുഖമായി കിടന്നുറങ്ങാം.  'ശരിയാ മോനേ. അതാ ബെസ്റ്റ് പരിപാടി. ഞാനും സാധാരണ അടിക്കുന്നതാ. പക്ഷെ.. ' അപ്പോഴേക്കും ചേട്ടന്‍റെ ഫോണ്‍ അടിച്ചു. 'എന്നതാ മോളെ.. അപ്പന്‍ ബസേലാ .. മോള് കഴിച്ചോ ? അമ്മച്ചി എന്നാ എടുക്കുന്നു ? ' എന്നൊക്കെ ചേട്ടന്‍ വികാര നിര്‍ഭരമായി സംസാരിക്കുകയാ. ഈശ്വരാ.. പിടിച്ചതിലും വലുതാണോ അളയിലുള്ളത് ? കുറച്ചു സംസാരിച്ച ശേഷം പുള്ളി ഫോണ്‍ വച്ചു. അത് കഴിഞ്ഞപ്പോ ചേട്ടന്‍ അകെ സെന്റി. 'മോളാ വിളിച്ചത്. പാവം നാലാം ക്ലാസ്സിലാ ഇപ്പൊ. ആകെ വിഷമമായി ' ഇത് കേട്ടതും നമ്മുടെ തരാം ചാടി എഴുനേറ്റു. ആകെ ഒരു ഉഷാറ് വന്ന പോലെ.'അപ്പൊ ചേട്ടനും എന്‍റെ അവസ്ഥ ആയി അല്ലേ ? സന്തോഷമായി ചേട്ടാ സന്തോഷമായി. ഞാനും ആകെ സങ്കടപെട്ടിരിക്കുകയാണ് ചേട്ടാ. നമുക്ക് ഒരു കാര്യം ചെയ്യാം. വണ്ടി ഡിന്നര്‍ കഴിക്കാന്‍ നിര്‍ത്തും. അപ്പൊ പോയി രണ്ടെണ്ണം വിടാം. ' ലവന്‍ പറഞ്ഞു. ചേട്ടനും അത് കേട്ട പാടെ സമ്മതിച്ചു. അങ്ങനെ വണ്ടി ഡിന്നര്‍ കഴിക്കാന്‍ ഒരു ഹോട്ടലില്‍ നിര്‍ത്തി. എല്ലാവരും കഴിക്കാന്‍ ഇറങ്ങി. വണ്ടി നിര്‍ത്തിയതും ലവനും ചേട്ടനും കൂടി ഇറങ്ങി എങ്ങോട്ടോ ഓടുന്നത് കണ്ടു.

     പതിനഞ്ചു മിനിറ്റ് കഴിഞ്ഞു വണ്ടി വിട്ടു.എല്ലാവരും കയറി. പക്ഷെ ഇപ്പോള്‍ ചേട്ടനും നമ്മുടെ കഥാപാത്രത്തിനും ആകെ ഒരു ചാഞ്ചാട്ടം. വന്ന പാടെ ചേട്ടന്‍ ഒരു പുതപ്പു എടുത്തു തലയ്ക്കു മീതെ ഇട്ടു. സംസാരിക്കാന്‍ ആരുമില്ല എന്ന് കണ്ടപ്പോ ലവന്‍ ഫോണ്‍ വീണ്ടും എടുത്തു. 'ഡാ കൂവേ ജോസേ.. ഞാനാടാ.. എന്നാ എടുക്കുവാ നീ അവിടെ ?" എന്ന് തുടങ്ങി ആകെ ഒരു ബഹളം. കുറച്ചു കഴിഞ്ഞപ്പോ ബസില്‍ ഒരു പടം ഇട്ടു.' പഴശ്ശിരാജാ '. ആദ്യത്തെ ഭാഗമൊന്നും ആര്‍ക്കും കേള്‍ക്കാന്‍ പറ്റുന്നില്ല. ലവന്‍ അസഹ്യമായ ശബ്ധത്തില്‍ വച്ചു താങ്ങുകയാ.. കുറച്ചു കഴിഞ്ഞു അവന്‍ ഫോണ്‍ വച്ചു. ' ആഹ .. ഇതിനിടക്ക്‌ അവന്‍മാര്‍ പടവും ഇട്ടോ ? എന്നാ പടമാ ഇത് ? വീര പാണ്ടിയ കട്ട ബോംമാണോ ? കൊള്ളാം മംമുക്കാ കൊള്ളാം.. പടം കണ്ടുകൊണ്ടിരിക്കുന്നവര്‍ ഒക്കെ അത് നിര്‍ത്തിയിട്ടു ഇവന്‍റെ കമന്റ്സ് കേട്ടിരിക്കുകയാണ്. ഹരിഹരനും എം ടി യും ഒക്കെ വളരെ  കഷ്ടപ്പെട്ട് എടുത്ത വന്‍ സിനിമ ഇവന്‍ ഒരു കോമഡി മൂവി ആക്കി മാറ്റികൊണ്ടിരിക്കുകയാണ്. സംഗതി എന്തായാലും നല്ല രസം. 'മംമുക്കാ .. ഈ വാള്‍ വച്ചു നിങ്ങള്‍ എന്നാ കാണിക്കുകാ ?  അല്ലെങ്കിലും നിങ്ങള്‍ക്ക് ഇതൊക്കെയേ അറിയൂ. വെടി വക്കാന്‍ ലാലേട്ടനാ ബെസ്റ്റ്. അങ്ങേരെ കണ്ടു പടി. വെറുതെ ഒരു ഉളുത്ത വാളും എടുത്തു യുദ്ധം ചെയ്യാന്‍ ഇറങ്ങിയിരിക്കുകാ .."
     അങ്ങനെ ആകെ തമാശയായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാ. പകുതി പേരും ഉറക്കമായി. സ്ക്രീനില്‍ നല്ല യുദ്ധം ഒക്കെ നടക്കുന്നുണ്ട്. ചേട്ടന്‍ ഉറങ്ങി. ലവന്‍ ഇപ്പോഴും ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ ചേട്ടന്‍ ഉണര്‍ന്നു. 'മോനേ .. എന്താ നിന്‍റെ പ്രശ്നം ? നീ എന്നാത്തിനാ ഇങ്ങനെ കരയുന്നത് ? എന്നോട് പറ' ചേട്ടന്‍ ചോദിച്ചു. 'ചേട്ടാ. ചേട്ടന്‍ ഒരു മഹാനാണ്. ചേട്ടന്‍ ഒരാള് മാത്രമേ എന്നോട് എന്തിനാ നീ ഇങ്ങനെ വിഷമിച്ചിരുക്കുന്നതെന്ന് ചോദിച്ചുള്ളൂ. ബാക്കി എല്ലാവരും സിനിമ കാണുകയാ സിനിമ.. എവിടാ ചേട്ടന്‍റെ സ്ഥലം ? ' അവന്‍. 'സ്ഥലമൊക്കെ ഞാന്‍ പിന്നെ പറയാം. ആദ്യം നീ എന്താ പ്രശ്നം എന്ന് പറ ' ചേട്ടന്‍ . ' അതെന്നാ പറച്ചിലാ ചേട്ടാ.. ചേട്ടന്‍ സ്ഥലം പറ...' ലവന്‍റെ ചോദ്യം വീണ്ടും. 'കുട്ടനാടാ എന്‍റെ സ്ഥലം മോനേ . അപ്പര്‍ കുട്ടനാട് ' ചേട്ടന്‍ തുടര്‍ന്നു. ' ശരിക്കും ഞാന്‍ കൊട്ടയംകാരനാ.. പക്ഷെ ഇപ്പ കുട്ടനാട്ടിലാ താമസം ..' പുള്ളി വിശദീകരിച്ചു. 'ഓഹോ.. അത് പറ. എനിക്കാദ്യമേ തോന്നി ചേട്ടന്‍ ചെറിയ പുള്ളി അല്ല എന്ന്... യു കെ കാരന്‍ ആണല്ലേ ? ഭയങ്കരാ ..' അവന്‍റെ ഈ ടയലോഗ് കേട്ടിട്ട് ഉറങ്ങിയിരുന്നവര് വരെ എണീറ്റ്‌ ചിരിച്ചു. അവനും ഒപ്പം ചിരിച്ചു. ഒന്നും പിടി കിട്ടാതെ ചേട്ടനും. 'അത് വിട്. എന്താ നിന്‍റെ പ്രശ്നം എന്ന് പറ. ഞാന്‍ പരിഹാരം ഉണ്ടാക്കി തരാം.' എന്ന് ചേട്ടനും. 'എന്നാ പറയാനാ ചേട്ടാ. വേറൊന്നുമല്ല. ഒരുത്തിനെ പ്രേമിച്ചതാ.. രണ്ടും രണ്ടു ജാതിയാ . അത് കാരണം വീട്ടുകാര്‍ തമ്മില്‍ വലിയ കലിപ്പാണെന്നേ. അവര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. അവളുടെ അപ്പന്‍ വന്നു എന്‍റെ അപ്പനോട് പരാതി പറഞ്ഞു. അപ്പ എന്നെ നല്ല നടപ്പിനു ബംഗ്ലൂര്‍ക്ക് അയക്കുകാ. അവിടുന്ന് ഗള്‍ഫിലേക്ക് പറത്തും. എന്നാ പറയാനാ ചേട്ടാ..വിധി. ' അവന്‍ വീണ്ടും കരച്ചില്‍ തുടങ്ങി. 'ഡാ കൂവേ അതിനു നീ ഇങ്ങനെ കരയുന്നതെന്തിനാ ? രണ്ടു ജാതി ആയതു ഒരു വലിയ പ്രശ്നമാണോ ? പ്രേമത്തിന് ജാതി മതം ഒന്നുമില്ല.. എന്നൊക്കെ പറഞ്ഞു ചേട്ടന്‍ ഒടുക്കലത്തെ ഫിലോസഫി. 'ആട്ടെ അവള്‍ എന്നതാ ചെയ്യുന്നത് ? പഠിക്കുകയാണോ ? ' ചേട്ടന്‍ ചോദിച്ചു. 'അല്ല ചേട്ടാ. അവര്‍ കൊമ്പത്തെ ആള്‍ക്കാരാണ് ചേട്ടാ..നമുക്ക് പിന്നെ പണം മാത്രമേ ഉള്ളു. ഞാന്‍ ഒന്നും പഠിച്ചിട്ടില്ല കേട്ടോ. പഠിക്കാന്‍ വിട്ട നേരത്ത് ഞാന്‍ കളിച്ചു നടക്കുകയായിരുന്നല്ലോ.. ഞാന്‍ വെറും എഴാം കൂലി... അവള്‍ടെ അപ്പന്‍ ഡോക്ടര്‍, അമ്മ ഡോക്ടര്‍ അതും പോരാഞ്ഞിട്ട് അവളും ഡോക്ടര്‍ ആണ് ചേട്ടാ... ഞാനോ... എഞ്ചിനീയറിംഗ് തോറ്റ ഒരു കാശിനു കൊള്ളാത്തവന്‍.' ഇതും പറഞ്ഞിട്ട് വീണ്ടും ഗിറോ എന്ന് പറഞ്ഞു കരച്ചിലോ കരച്ചില്‍.  'അത് പ്രശ്നമാ മോനേ... ഒരു ജോലിയോ കൂലിയോ ഇല്ലാതെ എങ്ങനാ ? എന്തായാലും ഇപ്പൊ ഗള്‍ഫിന് പോകുകയാണല്ലോ.. എന്തെങ്കിലും ജോലി കിട്ടാതിരിക്കില്ല. പേടിക്കണ്ട. ' ചേട്ടന്‍ സമാധാനിപ്പിച്ചു. ' അതിനു ആര് ഗള്‍ഫില്‍ പോണു. ഇതൊക്കെ വീട്ടുകാരുടെ പ്ലാന്‍ അല്ലേ ..ഞാന്‍ കറങ്ങിത്തിരിഞ്ഞ്‌ ഒരു മാസം കഴിയുമ്പ വീണ്ടും നാട്ടിലെത്തും . എന്നോട് എന്നാ കളി നടക്കുമെന്നാ ..' ലവന്‍ ചീളായി പറയുകയാണ്. അത് കേട്ടതും ബസിലെ കേള്‍വിക്കാര്‍ക്ക് കാര്യങ്ങള്‍ പിടികിട്ടി. ചുമ്മാതല്ല ഇവനെ നാട്ടില്‍ നിന്ന് കയറ്റി അയക്കുന്നത്. 'മോനേ അങ്ങനൊന്നും പറയരുത് . നീ പോയി ഒരു ജോലി ഒക്കെ ഒപ്പിച്ചു വാ. ഞാന്‍ നടത്തി തരാം കല്യാണം. ഇതൊക്കെ നാട്ടില്‍ എല്ലായിടത്തും നടക്കുന്നതാ . ഇപ്പ തന്നെ എന്‍റെ മുതലാളിയുടെ മോള്‍ക്ക്‌ ഏതോ ഒരുത്തനോട്‌ പ്രേമം. അവളാണെങ്കില്‍ പഠിച്ച പെണ്ണ്.. അവന്‍ ആണെങ്കില്‍ ഒരു പഠിത്തവും ഒരു തേങ്ങയും ഇല്ലാത്ത ഒരു കഴുവേറി. എന്നാ ചെയ്യുമെന്ന് പറ. മോന്‍ ഇതൊന്നും കാര്യമാക്കണ്ട.'അതൊക്കെ പറഞ്ഞിട്ട് ചേട്ടന്‍ തല ചായ്ച്ചു. കുറച്ചു കഴിഞ്ഞപ്പോ ലവനും. 

     അര്‍ദ്ധ രാത്രി ആയി. ചേട്ടന്‍ പതിയെ ഉണര്‍ന്നു. ഒരു പെട്രോള്‍ ബാങ്കില്‍ വണ്ടി നിര്‍ത്തിയപ്പോ ചേട്ടന്‍ പുറത്തിറങ്ങി ഒരു സോഡാ ഒക്കെ കുടിച്ചു വന്നു. പയ്യന്‍സ് ഉറങ്ങാതെ ഇപ്പോഴും ഫോണിലാ. ' ആരെയാ മോനേ ഇപ്പൊ വിളിച്ചുകൊണ്ടിരിക്കുന്നത് ? ആ പെണ്ണിനെ ആണോ ?' ചേട്ടന്‍ ചോദിച്ചു. 'അതെ ചേട്ടാ. അവളാ. ചേട്ടന്‍ അവളെ ഒന്ന് സമാധാനിപ്പിക്കു. ' എന്ന് പറഞ്ഞു അവന്‍ ഫോണ്‍ ചേട്ടന് കൊടുത്തു. 'മോളെ. ഞാന്‍ ഈ മോന്‍റെ അടുത്ത സീറ്റിലിരിക്കുന്ന ഒരു ആളാ. മോള്‍ എന്നെ അച്ഛനെ പോലെ കണ്ടാല്‍ മതി. മോള്‍ ഒന്ന് കൊണ്ടും പേടിക്കണ്ട. മോന്‍ ഇപ്പോള്‍ നല്ലതിനാ ഗള്‍ഫിലേക്ക് പോണത്. അവന്‍ ഒരു ജോലി ആയി തിരിച്ചു  വരുന്ന വരെ മോന്‍ പിടിച്ചു നില്‍ക്കു. നിങ്ങളുടെ കല്യാണം ഞാന്‍ നടത്തി തരും. ' ചേട്ടന്‍ പൊരിഞ്ഞ ഉപദേശം. എന്നിട്ട് ചേട്ടന്‍ ഫോണ്‍ അവനു കൊടുത്തു. അവന്‍ കുറച്ചു നേരം സംസാരിച്ചു. എന്നിട്ട് ചേട്ടന്‍റെ കയ്യില്‍ പിടിച്ചു കുലുക്കി സന്തോഷത്തോടെ പറഞ്ഞു. 'ചേട്ടാ.. ചേട്ടന്‍ ഒരു കിടുവാ. അവള്‍ക്കു ഇപ്പ നല്ല സമാധാനം ആയി. ചേട്ടന്‍ കുറച്ചു നേരം കൂടി എന്തെങ്കിലും പറയു ' എന്ന് പറഞ്ഞു അവന്‍ ഫോണ്‍ വീണ്ടും കൊടുത്തു. അങ്ങനെ കുറച്ചു നേരം സംസാരം ഒക്കെ കഴിഞ്ഞപ്പോ ലവന്‍ ഹാപ്പി ആയി. 'അതൊക്കെ പോട്ടെ . മോളുടെ പേരെന്നാ ? എവിടാ സ്ഥലം ? ' ചേട്ടന്‍ ചോദിച്ചു. അവള്‍ പേരും സ്ഥലവുമൊക്കെ പറഞ്ഞു. അങ്ങനെ കുറച്ചു നേരം കൂടി സംസാരിച്ചതിന് ശേഷം ചേട്ടന്‍ ഫോണ്‍ വച്ചു. 

     വണ്ടി പൊയ്ക്കൊണ്ടിരിക്കുകയാണ്. ലവന്‍ ഉറങ്ങി. ചേട്ടന്‍ ഫോണ്‍ എടുത്തു ആരെയൊക്കെയോ വിളിക്കുന്നുണ്ട്. അങ്ങനെ നേരം വെളുത്തു . വണ്ടി ഹോസുര്‍ എത്തി. ഹൈവേയിലൂടെ വണ്ടി അതിവേഗം പോവുകയാണ്. പെട്ടെന്ന് ഒരു സ്കോര്‍പിയോ വന്നു വലം വച്ചു നിന്ന്. ബസ് സഡന്‍ ബ്രേക്ക്‌ ഇട്ടു. എല്ലാവരും ഉണര്‍ന്നു. ബസ്‌ നിന്നതും കുറച്ചു തടിയന്മാര്‍ ബസിലേക്ക് ഓടി കയറി. നേരെ ചേട്ടന്‍റെ അടുത്ത് വന്നു. ' ആരാ ജോസേട്ടാ അവന്‍ ? ' അതിലൊരു തടിയന്‍ ചോദിച്ചു. 'ഇവനാ അത്' എന്ന് പറഞ്ഞു ചേട്ടന്‍ അടുത്തിരിക്കുന്നവനെ ചൂണ്ടി കാണിച്ചു. ഹോ പിന്നെ അവിടെ നടന്നത് പറയാന്‍ വയ്യ. ഒടുക്കലത്തെ അടി. ഇടി. എല്ലൊടിചാന്‍  പാട്ട്.ലവനെ അവന്‍മാര്‍ ഇന്‍ച്ച പരുവം   ആക്കി. ആര്‍ക്കും ഒന്നും പിടി കിട്ടുന്നില്ല. ഒടുവില്‍ അടി നിര്‍ത്തി. ഗുണ്ടന്മാര്‍ എല്ലാം ഇറങ്ങി. ചേട്ടന്‍ എണീറ്റ്‌. എന്നിട്ട് അവന്‍റെ കഴുത്തിന്‌ പിടിച്ചിട്ടു ഒരു ചോദ്യം... ' ഇന്നലെ അടിച്ചു ഓവര്‍ ആയിരുന്ന കാരണം എനിക്ക് പെട്ടെന്ന് ആളെ പിടി കിട്ടിയില്ല... കഴുവേറിക്കട മോനേ.. നിനക്ക് പ്രേമിക്കാന്‍ എന്‍റെ മൊതലാളിയുടെ മോളെ തന്നെയേ കിട്ടിയുള്ളൂ അല്ലേടാ ? '
ശുഭം 

ബ്യൂട്ടിഫുൾ മിസ്സിന്റെ കല്ല്യാണം

mini//മിനി

                 ‘മോളി തോമസ്’ സ്ക്കൂള്‍ കോമ്പൌണ്ടില്‍ കടന്നപ്പോള്‍ ചുറ്റുപാടും നിശബ്ദമായി. സംസാരിക്കുന്നതും കളിക്കുന്നതും നടക്കുന്നതും എഴുതുന്നതും അങ്ങനെ എല്ലാം നിര്‍ത്തിവെച്ച്; എല്ലാവരും ആ രസതന്ത്രം ടീച്ചറെ തന്ത്രത്തില്‍ നിരീക്ഷിക്കുകയാണ്. ഒന്നിച്ച് ജനിച്ച് വളര്‍ന്നവരാണെങ്കിലും ജീവിതം കൊണ്ട് ജന്മശത്രുക്കളായ ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി അദ്ധ്യാപകരെല്ലാം മോളി തോമസിനെ കാണുമ്പോള്‍ സ്വയം മറക്കുന്നു. അവര്‍ പരിസരത്തുണ്ടെങ്കില്‍ ഹൈസ്ക്കൂള്‍ അദ്ധ്യാപകന്‍ അറിയാതെ ഹയര്‍സെക്കന്ററി അദ്ധ്യാപകന്റെ ചുമലില്‍ കൈ വെക്കും. ഹയര്‍ സെക്കന്ററി ടീച്ചര്‍ ഹൈ സ്ക്കൂള്‍ ടീച്ചറുടെ വാട്ടര്‍ ബോട്ടില്‍ തുറന്ന് വെള്ളം കുടിക്കും. ക്ലാസ്സില്‍ ഭീകരാന്തരീക്ഷം നിര്‍മ്മിച്ച് പഠിപ്പിക്കുന്ന ഹാജിയാര്‍ എന്ന് പേരുള്ള കണക്ക് മാഷ് പോലും ബോര്‍ഡിലെ കണക്ക് പൂര്‍ത്തിയാക്കാതെ മോളി തോമസിനെ നോക്കി നില്‍ക്കും.
                    ഇനി മോളീ തോമസിനെപറ്റി പറയാം. പി.എസ്.സി. വഴി നിയമനം ലഭിച്ച് ഈ വര്‍‌ഷം കണ്ണൂരിലുള്ള ഞങ്ങളുടെ സ്ക്കൂളില്‍ എത്തിച്ചേര്‍‌ന്ന കോട്ടയക്കാരി; സ്ക്കൂളിലെ അദ്ധ്യാപകര്‍ മിസ്സ് ബ്യൂട്ടിഫുള്‍ എന്നും വിദ്യാര്‍ത്ഥികള്‍ ബ്യൂട്ടിഫുള്‍ മിസ്സ് എന്നും വിളിക്കുന്ന ഹയര്‍ സെക്കണ്ടറി വിഭാഗം കെമിസ്ട്രി സീനിയര്‍ അദ്ധ്യാപികയാണ് അവര്‍. ‘എണ്ണ നിറഞ്ഞ് കത്തുന്ന നിലവിളക്ക് പോലെ’ ഒരു പ്രത്യേക സൌന്ദര്യമാണവര്‍. ഐശ്വര്യാറായിയെ പോലെ ആകര്‍‌ഷകം; എന്നാല്‍ വിദ്യാര്‍‌ത്ഥിനികളടക്കം എല്ലാ പെണ്‍‌വര്‍ഗ്ഗത്തെയും ആകര്‍ഷിക്കുന്ന പ്രധാന ഘടകം മറ്റോന്നാണ്. മുടി; - ‘മോനിഷയെ പോലെ അഴകാര്‍ന്ന മുടിയഴക്‘. +1,+2, ക്ലാസ്സിനു മുന്നിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ നടക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം; ക്ലാസ്സിനകത്ത് മോളീ ടീച്ചറാണ്. അവരുടെ മുടി ഒളിഞ്ഞ് നോക്കുന്നവരില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഉണ്ട്; ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളും ഉണ്ട്. പെണ്‍‌വര്‍‌ഗ്ഗത്തെ അസൂയപ്പെടുത്താനായി അവര്‍ അത് ‘പനങ്കുല പോലെ ഒരു ക്ലിപ്പിന്റെ ഉറപ്പിന്മേല്‍ നീട്ടി താഴ്ത്തിയിടും’.
...
                       എന്നാല്‍ മോളീ തോമസിന്റെ വരവോടെ +2 വിജയ ശതമാനം കുറയും എന്ന് ചില കുശുമ്പികള്‍ പറയുന്നുണ്ട്. അവര്‍ പഠിപ്പിക്കുന്ന, അവരെ നോക്കി പഠിക്കുന്ന ക്ലാസ്സിലെ വിദ്യാര്‍‌ത്ഥികള്‍ ഉത്തരക്കടലാസില്‍ ‘രസതന്ത്രത്തിലെ ഫോര്‍‌മുലയ്ക്കു പകരം ടീച്ചറുടെ ഫോര്‍‌മുലയെപറ്റി എഴുതാനാണ് സാധ്യത’ എന്നും അസൂയാലുക്കള്‍ പറയുന്നുണ്ട്. എന്നാല്‍ എല്ലാ‍വരെയും അവഗണിച്ച് അവിവാഹിതയായ അവര്‍ അങ്ങനെ തിളങ്ങുന്ന സൌന്ദര്യവുമായി സ്ക്കൂളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
                     അധികമാരോടും സംസാരിക്കാത്ത മോളി ഞങ്ങളുടെ ‘ഫിസിക്കല്‍ എഡുക്കേഷന്‍ ടീച്ചര്‍’ ചാക്കോ മാഷുമായി കൂടുതല്‍ സംസാരിക്കും. അത് പിന്നെ ‘പള്ളിലെക്കാര്യം കര്‍‌ത്താവിനും അള്ളായ്ക്കും മാത്രം അറിയാവുന്നതായതിനാല്‍’ മറ്റുള്ളവര്‍ ശ്രദ്ധിക്കാറില്ല. സ്ക്കൂളിന്റെ എല്ലാ മുക്കിലും മൂലയിലും യഥേഷ്ടം കടന്നു ചെല്ലാന്‍ അനുവാദം അന്‍പത് കഴിഞ്ഞ ചാക്കോ മാഷിന് മാത്രം ഉള്ളതിനാല്‍ ‘ഹയര്‍ സെക്കന്ററി വിഭാഗവും ഹൈസ്ക്കൂള്‍ വിഭാഗവും തമ്മില്‍ വാര്‍ത്താവിതരണം’ നടക്കുന്നത് അദ്ദേഹത്തിലൂടെയാണ്. അതിനാല്‍ മോളിയുടെ വിശേഷങ്ങള്‍ ‘ഹൈസ്ക്കൂള്‍ സ്റ്റാഫ് റൂമിലെത്തുന്നത്‘ ചാക്കോ വഴിയാണ്.
                     അങ്ങനെ ഓണം വന്നു. പതിവു പോലെ അവധിക്ക് അന്യജില്ലക്കാര്‍ എല്ലാവരും നേരത്തെ വീട്ടിലേക്ക് യാത്രയായി; ഒപ്പം മോളി തോമസും. എന്നാല്‍ അവധി കഴിഞ്ഞ് പിന്നെയും മൂന്ന് ദിവസം കൂടി കഴിഞ്ഞാണ് അവര്‍ ഒരു ചെറുപ്പക്കാരന്റെ കൂടെ സ്ക്കൂളില്‍ പ്രവേശിക്കുന്നത്.
അല്ലാ, ഇതിനിടയില്‍ സ്ക്കൂളില്‍ ആരെയും അറിയിക്കാതെ കക്ഷിയുടെ കല്ല്യാണവും കഴിഞ്ഞുവോ? ,, 
              വിവരം അറിയാനുള്ള ആകാംക്ഷ കാരണം ഇരിപ്പുറക്കാത്ത ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍ ചാക്കോമാസ്റ്ററെ ഹയര്‍ സെക്കന്ററി സ്റ്റാഫ് റൂമിലേക്ക് തള്ളിയിറക്കി. ചാക്കോമാസ്റ്റര്‍ അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് വന്നു. അത്‌ വരെ ക്ലാസ്സില്‍ പോകാതെ കാത്തിരുന്നവരെല്ലാം ചുറ്റും കൂടി. കാര്യം ഊഹിച്ചത് പോലെതന്നെ; എന്നാല്‍ വിവാഹം കഴിഞ്ഞിട്ടില്ല എന്നു മാത്രം. കൂടെ വന്ന സുന്ദരനായ പയ്യന്റെ പേര് ‘ആന്റണി’; ടീച്ചറുടെ ബന്ധുവാണ്, കളികൂട്ടുകാരനാണ്, കല്ല്യാണം തീരുമാനിച്ചതാണ്, പിന്നെ അങ്ങനെയുള്ള കൂട്ടത്തില്‍ ഒരു വിവരം കൂടി ഡ്രില്‍‌മാസ്റ്റര്‍ അറിഞ്ഞു. വിദ്യാഭ്യാസം കുറഞ്ഞ പണക്കാരനായ ആ ചെറുപ്പക്കാരനാണ് മോളി തോമസിനെ പഠിപ്പിച്ച് ടീച്ചറാക്കിയത്. ആ നല്ല ചെറുപ്പക്കാരന്‍ എല്ലാവരും നോക്കിനില്‍‌ക്കെ തിരിച്ചു പോകുമ്പോഴാണ് സ്ക്കൂളില്‍ ഒരു മുന്‍‌പരിചയക്കാരനെ കണ്ടത്; ഹൈസ്ക്കൂള്‍ ഇം‌ഗ്ലീഷ് അദ്ധ്യാപകനായ ആലപ്പുഴക്കാരന്‍ എണ്ണക്കറുപ്പ് നിറമുള്ള രാമചന്ദ്രന്‍ നായര്‍. രാമചന്ദ്രനെ പ്രതിശ്രുത വധുവിന് പരിചയപ്പെടുത്തിയിട്ടാണ് ആന്റണി തിരിച്ച് പോയത്.
                  അങ്ങനെ കൃസ്ത്‌മസ് പരീക്ഷയും അവധിയും അടുക്കാറായി. ഇതിനിടയില്‍ നമ്മുടെ രാമചന്ദ്രന്‍മാസ്റ്റർ നാലു തവണ സ്ക്കൂള്‍ ചെലവില്‍ സ്വന്തം വീട്ടില്‍ പോയി. അതായത് സ്ക്കൂളിലെ ചില കാര്യങ്ങളുടെ കുരുക്കഴിച്ച് ശരിയാക്കാന്‍ തലസ്ഥാനത്ത് പോകുന്ന വ്യക്തി രാമചന്ദ്രനാണ്. അയാള്‍ ഫയലുകളുമായി സെക്രറ്റേറിയറ്റ്, ഏജീസ് ഓഫീസ്, ഡിപിഐ ഓഫീസ്, അദിയായവ കറങ്ങി, മടക്കം ഫയലുമായി വരുമ്പോള്‍ സ്വന്തം വീട്ടിലും കയറിയിറങ്ങും. എന്നാല്‍ അടുത്ത കാലത്തായി മോളിയുടെ നിര്‍‌ദ്ദേശപ്രകാരം കോട്ടയത്തുള്ള ആന്റണിയുടെ വീട്ടിലും ഒന്ന് കയറും. അങ്ങനെ ടീച്ചര്‍‌ക്ക് ഭാവിവരന്റെ സമ്മാനങ്ങളുമായാണ് രാമചന്ദ്രന്റെ തിരിച്ചു വരവ്. അങ്ങനെ ‘ആന്റണി‌+മോളി’ അനുരാഗത്തിന് മൊബൈല്‍ ഫോണ്‍ കൂടാതെ രാമചന്ദ്രന്‍ എന്ന ഹംസം കൂടി കടന്നു വന്നു. ഈ ഇടപാടില്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകര്‍ക്ക് അമര്‍‌ഷം ഉണ്ടെങ്കിലും മോളിയുടെ കാര്യമായതിനാല്‍ മൌനം വിദ്വാന്മാര്‍ ഭൂഷണമാക്കി. 
അങ്ങനെയിരിക്കെ കൃസ്ത്‌മസ് പരീക്ഷ കഴിഞ്ഞു; 
എല്ലാവരും അവധി ആഘോഷിക്കാന്‍ വീട്ടിലേക്ക് യാത്രതിരിച്ചു.
                     പുതുവര്‍ഷം പിറക്കുന്ന ഒന്നാം തീയതി ഉത്തരക്കടലാസ് കെട്ടുമായി സ്ക്കൂളിലെത്തിയവരെ വരവേറ്റത് മോളി തോമസിന്റെ കല്ല്യാണ വാര്‍‌ത്തയാണ്. 
ഇതില്‍ അത്ഭുതപ്പെടുത്തിയത് സ്ക്കൂളില്‍ ആരെയും, ‘പ്രത്യേകിച്ച് കൃസ്ത്യാനിയായ ചാക്കോമാസ്റ്ററെ പോലും’ കല്ല്യാണത്തിന് ക്ഷണിച്ചില്ല, എന്നതാണ്. കല്ല്യാണം കഴിഞ്ഞതു കൊണ്ട് അവധിയായിരിക്കാം, ടീച്ചര്‍ എത്തിയിട്ടില്ല. കൂടുതല്‍ വിവരം അറിയാന്‍ മോളിയും ആന്റണിയുമായി അടുപ്പമുള്ള രാമചന്ദ്രന്റെ വരവിനായി എല്ലാവരും കാത്തുനിന്നു.

അപ്പോഴാണ് രാമചന്ദ്രന്‍മാസ്റ്റർ ഗേറ്റ് കടന്ന് വന്നത്; 
                       പിന്നാലെ പൂര്‍‌ണ്ണചന്ദ്രനെപ്പോലെ കസവുസാരിയും ആഭരണങ്ങളും ധരിച്ച മോളി തോമസിനെ കൂടി കണ്ടപ്പോള്‍ എല്ലാവര്‍ക്കും സംശയവും ആശ്ചര്യവും ഇരട്ടിച്ചു. രാമചന്ദ്രനും മോളിയും നേരെ സ്ക്കൂള്‍ വരാന്തയിലേക്ക് വന്നു. തന്നെ നോക്കി നില്‍ക്കുന്ന സഹപ്രവര്‍‌ത്തകരോടായി രാമചന്ദ്രന്‍മാസ്റ്റർ പറഞ്ഞു,
“ഒരാഴ്ച മുന്‍പ് എന്റെയും മോളിയുടെയും കല്ല്യാണം കഴിഞ്ഞു. കൃസ്ത്‌മസ് അവധിക്ക് ഒന്നിച്ചു പോയ ഞങ്ങള്‍ രജിസ്ട്രാപ്പീസില്‍ വെച്ച് വിവാഹിതരായി. പിന്നെ ഞങ്ങള്‍ രണ്ട്പേരും ചേര്‍‌ന്ന് സ്ക്കൂളിലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ഒരു പാര്‍ട്ടി തരുന്നുണ്ട്”. 
              തുടർന്ന് മോളി തോമസ് ഹയര്‍‌സെക്കന്ററി ക്ലാസ്സിലേക്കും രാമചന്ദ്രന്‍ നായര്‍ ഹൈസ്ക്കൂള്‍ ക്ലാസ്സിലേക്കും പഠിപ്പിക്കാന്‍ പോയി. മറ്റുള്ളവർ ക്ലാസ്സിൽ പോവാതെ ഇരുന്ന് ചിന്തിക്കാൻ തുടങ്ങി.

ഒരു ഇന്റര്‍വ്യൂ കഥ

May 19, 2010 Minesh Ramanunni

പുര നിറഞ്ഞു നില്‍ക്കുന്ന പെണ്ണും എന്‍ജിനിയറിംഗ്ഗ്‌ കോഴ്‌സുകഴിഞ്ഞ ആണ്‍കുട്ടിയും ഒരു പോലാണ്‌. കോഴ്‌സു കഴിഞ്ഞ്‌(പത്തുനാല്‍പത്തിയഞ്ചു പരീക്ഷകള്‍ എഴുതി പണ്ടാരമടങ്ങി) വീട്ടിന്റെ ഉമ്മറത്തിരുന്നു ഒരു സുലൈമാനി അടിക്കാന്‍ തുടങ്ങുമ്പോള്‍ ആവും അയല്‍ വക്കത്തെ നമ്മുടെ അഭ്യുദയകാംക്ഷികള്‍ എത്തുക.
"കോഴ്‌സു കഴിഞ്ഞു അല്ലേ, ഇതുവരെ ഒന്നും ആയില്ലേ?( കല്യണം കഴിഞ്ഞ രണ്ടാം മാസം മുതല്‍ യുവ മിഥുനങ്ങക്കോടും ഇവര്‍ ഇതേ ചോദ്യം ആവര്‍ത്തിക്കാറുണ്ട്‌ എന്നു കേട്ടിട്ടുണ്ട്‌. അവിവാഹിതനായതുകൊണ്ട്‌ ഇതു വരെ ആ ഒരു ചോദ്യം എനിക്കു നേരെ വന്നിട്ടില്ല)
നമ്മള്‍ വിനയം നടിച്ചുകൊണ്ട്‌ പറയും
"ഇല്ല പലതും നോക്കുന്നുണ്ട്‌"
ഉടന്‍ വരുന്നു അടുത്ത ചോദ്യം." നിന്‍റെ കോളെജില്‍ കാമ്പസ്‌ ഇല്ലേ?"" ഉണ്ടല്ലോ , വളരെ വിശാലമായ കാമ്പസ്‌ ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്."
" അല്ല, ഞാന്‍ ഉദേശിചത്‌ കുട്ടികളെ കോളേജില്‍ വന്നു നേരിട്ട്‌ ജോലിക്കെടുക്കുന്ന പണി".
കാമ്പസ്‌ സിലക്ഷന്‍- അതാണു നമ്മുടെ അഭ്യുദയകാംക്ഷി ഉദേശിച്ചത്‌." "ഉണ്ടായിരുന്നു.പക്ഷെ, എനിക്കു കിട്ടിയില്ല."
" എന്റെ വല്യപ്പന്റെ അപ്പാപ്പന്റെ മകളുടെ മകനെ കോളെജില്‍ നിന്നു ഒരു അമേരിക്കന്‍ കമ്പനി കൊത്തിക്കൊണ്ടു പോയി. രണ്ടു ലക്ഷമാ അവന്റെ ശമ്പളം." അഭ്യുദയന്‍ എക്സാമ്പിള്‍ എടുത്തു വീശി.
പിന്നെ ഒരു കുത്തും:" ഒരു വിധം കഴിവുള്ളവരൊക്കെ രക്ഷപ്പെടും" . നമ്മള്‍ തിരുമണ്ടന്റെ റോള്‍ അഭിനയിക്കുമ്പോള്‍ കൃതാര്‍ഥനായി കക്ഷി അടുത്ത ഇരയെ തേടിയിറങ്ങും.
ബാന്‍ഗ്ലൂരിലും മറ്റും ഇത്രയധികം മലയാളി തൊഴില്‍ രഹിതര്‍ താമസിക്കുന്നത്‌ അവിടെയുള്ള ജോലിസാധ്യതയേക്കാള്‍ നാട്ടിലുള്ള ഇത്തരം ഷഡ്‌പദങ്ങളെ പേടിച്ചാണെന്നു തോന്നുന്നു. കോഴിക്കോടിന്നു(എന്‍ജിനിയറിംഗ്‌ കഴിഞ്ഞു) വന്നു വീട്ടില്‍ ഇരിക്കുന്നതിനു പകരം നേരെ ബാന്‍ഗ്ലൂരില്‍ പോകാനാണു സ്വാഭാവികമായും ഞാനും തീരുമാനിച്ചത്‌.
ബംഗ്ലൂരില്‍  ചെല്ലേണ്ട താമസമേ ഉള്ളൂ. കമ്പനികള്‍  നേരെ വിളിക്കും. എന്നിട്ടു നല്ലൊരു കാക്കാലനെ കൊണ്ട്‌ മുഖലക്ഷണം പഠിച്ചു രഹു കാലത്തിനുശേഷം ഉടന്‍ തന്നെ ജോലി തുടങ്ങാന്‍ പറയും. ഇതാണു പൊതുവെ എന്റേയും കൂട്ടുകാരായ എട്ടു പത്തു മഹാന്‍മാരുടെയും ധാരണ.ബാന്‍ഗ്ലുരില്‍ ഒരു പാടു റിക്രൂട്ടിംഗ്‌ കേന്ദ്രങ്ങളുണ്ട്‌. അവിടെയെല്ലം പേരു റജിസ്റ്റര്‍ ചെയ്യണം.എല്ലാ പ്രധാന കമ്പനികള്‍ക്കെല്ലാം എന്റെ വിലപ്പെട്ട ജീവചരിത്രം എത്തിക്കണം. ഒരു പാടു മെയില്‍ അയക്കണം അങ്ങനെ എന്തെല്ലാം ഉത്തരവാദിത്തങ്ങള്‍.

മാത്രമോ, ഗണപതിക്കു തേങ്ങ, ശാസ്താവിനു മാല തുടങ്ങിയവ നേരണം.

എല്ലാം വന്നു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ചെയ്തു വെച്ചു. ഇനി പല സ്ഥലങ്ങളില്‍ നിന്നും ഇമെയിലുകള്‍ വരും, കോളുകള്‍ വരും. ജോലിക്കുള്ള ഒരു പാടു ക്ഷണം വരും . ഈ രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തില്‍ എന്‍റെ തലച്ചോറിനു വളരെ നിര്‍ണ്ണായകമായ പങ്കു വഹിക്കനുണ്ടല്ലോ  അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി.ദിവസവും ഇമെയില്‍ ചെക്കു ചെയ്തു, 24 മണിക്കൂറും ഫോണ്‍ ഓണ്‍ ചെയ്തു വച്ചു.

നാരായണ മൂര്‍ത്തിയോ അസിം പ്രേംജിയോ മുകേഷ് അംബാനിയോ വിളിക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ ജഗരൂകനായിരുന്നു

അവസാനം അതു സംഭവിച്ചു.....ആരും വിളിച്ചില്ല!"

അസിം പ്രേംജി, നാരായണമൂര്‍ത്തി,രത്തന്‍ ടാറ്റ...പിന്നെ അരശുമൂട്ടില്‍ അപ്പുക്കുട്ടന്‍.

കൂടെയുള്ള സതീര്‍ത്ഥ്യന്മാരായ ഫവാസ്‌, ഗഫൂര്‍ തുടങ്ങിയവര്‍ ഈ സത്യം ബുധിപൂര്‍വം നേരത്തെ മനസ്സിലാക്കി ബാന്‍ഗ്ലൂരില്‍ നെറ്റ്‌ വര്‍ക്കിംഗ്‌ പഠിക്കാന്‍ തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം അശ്വനികുമാര്‍ വിളിച്ചിട്ടു പറഞ്ഞു ടോണിയെ ഒരു കമ്പനി ഇന്റര്‍വ്യൂവിനായി വിളിച്ചെന്ന്. ആദ്യം ടെസ്റ്റ്‌, പിന്നെ ഇന്റര്‍വ്യൂ .അതുകടന്നാല്‍ പിന്നെ നേരെ ജോലി. ഞങ്ങള്‍ക്കെല്ലാം ടോണിയൊടു ആരാധന തോന്നി( സ്വല്‍പം അസൂയയും).
ഏതായാലും അവന്‍ അവിടെ പോകുമ്പോള്‍ ഞങ്ങളെക്കൂടി വിളിച്ചു. ഇനി അവര്‍ക്ക്‌ മാനവവിഭവ ശേഷി കുറവുണ്ടെങ്കില്‍ അതു നികത്താന്‍ ഏറനാട്ടില്‍ നിന്നും ആണ്‍കുട്ടികള്‍ വേറെയും ഉണ്ടെന്നു ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്  സഖാവ്‌ ടോണി ജോണിനു ഐക്യദാര്‍ഡ്യം പുലര്‍ത്തി ഞാനും അശ്വനികുമാറും കൂടെപ്പോയി.

അങ്ങനെ ജയനഗര്‍ എന്ന സ്ഥലത്തെ ഒരു വലിയ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലുള്ള കമ്പനിയിലേക്ക്‌ ടോണി വലതുകാല്‍ എടുത്തു വച്ചു. റിസപ്ഷനില്‍ ഒരു കുഞ്ചുണ്ണൂലി. ടോണിയുടെ പേരു കണ്ടപ്പോള്‍ അവനൊടു അവള്‍ ചൊദിച്ചു. "ജാതകം കൊണ്ടുവന്നിട്ടുണ്ടൊ?"ടോണി മൊഴിഞ്ഞു  "ഉണ്ട്‌, രണ്ടെണ്ണം വീതം. ഒന്ന് കാണിപ്പയ്യൂര്‍ തിരുമേനി കുറിച്ചതും മറ്റൊന്ന് ആറ്റുകാല്‍ സാര്‍ ഗണിച്ചതും. ". ഉടന്‍ വന്നു അടുത്ത ചോദ്യം " വല്ല മുന്‍ പ്രവൃത്തി പരിചയവും?" നെഗറ്റീവ്‌ പറയണ്ടാ എന്നു കരുതി അവന്‍ പറഞ്ഞു" പലര്‍ക്കും അങ്കത്തുണപോയിട്ടുണ്ട്‌ .കന്നിയങ്കം ഇതുവരെ തരായില്ല."

"കുഴപ്പമില്ല. ആദ്യം അഭിരുചി പരീക്ഷ .കൈയും കാലും മുഖവും കഴുകി അകത്തു പോയിരിക്കൂ."(കുഞ്ചുണ്ണൂലി ഇതുവരെ നല്ല മെക്കാളെ ഇംഗ്ലിഷിലാണു സംസാരിക്കുന്നത്‌) മാത്രവുമല്ല. ഈ ഒരു നിമിഷം വരെ ഞങ്ങളെ അവള്‍ ഗൗനിച്ചതേ ഇല്ല. പിന്നെ അതു നമുക്കൊരു പ്രശ്നവുമല്ല. നഷ്ടപ്പെടാന്‍ നമുക്കൊരു കുന്തവും ഇല്ലല്ലോ (മേല്പുര ഇല്ലാതവനെന്തു തീപ്പൊരി ?)
നേരെ അവളൊടു ഞങ്ങള്‍ പ്രശ്‌നം അവതരിപ്പിച്ചു.
"ഞങ്ങളീ രണ്ടു കാര്‍ക്കോടന്മാരും അതേ കളരിയില്‍ തന്നെ പഠിച്ചവരാ, ഇതുവരെ കന്നി തരായില്ല. ഞാന്‍ ഒതേനന്‍ , ഇവന്‍ ആരോമല്‍ . ഓതിരം, കടകം ,പിന്നെ പൂഴിക്കടകന്‍ എല്ലാം പഠിച്ചിട്ടുണ്ട്‌. അകത്തേക്കു കടക്കാവോ? ഇതാ ജാതകങ്ങള്‍"
കുഞ്ചുണ്ണൂലി ഗൗരവത്തില്‍ പറഞ്ഞു." ജാതകങ്ങള്‍ പരിശൊധിച്ച്‌ അടുത്ത വിദ്യാരംഭത്തില്‍ നോക്കാം. ഇപ്പോള്‍ തല്‍ക്കാലം പുറത്തിരിക്കൂ." ഞങ്ങളുടെ ജാതകങ്ങള്‍ വാങ്ങി അവള്‍ ഒരു ഫയലില്‍ വെച്ചു.

അശ്വനികുമാര്‍ നിരാശനായി എന്റെ മുഖത്തു നോക്കി." അവളുടെ ഒരു പവര്‍ കണ്ടോ ? ഇവള്‍ ഏതു നാട്ടുകാരിയാ? കണ്ടിട്ട്‌ ബോബൈകാരി ആണെന്നു തോന്നുന്നു."

പെട്ടെന്നു അകത്തു നിന്ന് ഒരു കോട്ടുധാരി പുറത്തു വന്നു കുഞ്ചുണ്ണൂലിയൊടു സംസാരിക്കന്‍ തുടങ്ങി. അതും തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച ആ തനി മൊഴിയില്‍ ." ഇനി ആരു വന്നാലും കടത്തി വിടെണ്ടാ" കുഞ്ചുണ്ണൂലി മറുമോഴിഞ്ഞു "ഇപ്പോള്‍ എത്ര പേരായി?"" പത്തു മുപ്പതു പേരായി. ഞങ്ങള്‍ പരീക്ഷ തുടങ്ങാന്‍ പോകുകയാണ്‌."
" ലവള്‌ മല്ലു ആണല്ലേ "അശ്വനി എന്റെ മുഖത്തു ചമ്മിയ ഭാവത്തില്‍ നോക്കി. "നമുക്കെന്തായാലും പുറത്തു വെയ്റ്റ്‌ ചെയാം."

പുറത്തു അഞ്ചാറു രക്ഷകര്‍ത്താക്കള്‍ ലേബര്‍ റൂമിനുമുമ്പിലെ അതേ മുഖഭാവത്തില്‍ നില്‍ക്കുന്നു. നാളെ ലോകാവസാനം, ഇന്നു വൈകിട്ട്‌ സുനാമി, ഉച്ചക്കു ഭൂകമ്പം ഇതെല്ലാം മുന്‍കൂടി പ്രവചിച്ച ജോല്‍ത്സ്യനെ പോലെ രക്ഷിതാക്കളുടെ മുഖത്ത്‌ കത്തി, കരി, ഭയാനകം,ഭീഭല്‍സം ..!
അതിലൊരു രക്ഷിതാവിനു സമീപം ടോണിയുടെ രക്ഷിതാവിന്റെ റോള്‍ ഏറ്റെടുത്ത്‌ ഞങ്ങള്‍ ഇരുന്നു."മോള്‍ക്കു ഇപ്പോള്‍ ഒരു ജോലിയുണ്ട്‌. പിന്നെ ഇത് നല്ലതാണെങ്കില്‍ നോക്കാം എന്നു കരുതി വന്നതാണ്‌" രക്ഷകര്‍ത്താവു പുളു തുടങ്ങി. അയാളുടെ മുഖത്തെ ടെന്‍ഷന്‍ കണ്ടാല്‍ അറിയാം മകള്‍ക്ക്‌ ഇതു വരെ പണിയൊന്നുമായില്ല എന്ന്.
മൂപ്പില്‍സു എന്നോടു ചോദിച്ചു
." താനും ഇന്റര്‍വ്യുവിനു വന്നതാണൊ?"

"ഏയ്‌, എനിക്കു വിപ്രൊവില്‍ ജോലിയുണ്ട്‌. അകത്തുള്ള ടോണി നമ്മുടെ പയ്യനാ, അവെന്റെ കൂടെവന്നതാ, പാവം രക്ഷപ്പെടുവാണെകില്‍ രക്ഷപ്പെടട്ടെ." ബഡായിയുടെ കാര്ര്യത്തില്‍ എന്‍റെ റേഞ്ച്‌ ആ പാവം രക്ഷകര്‍ത്താവിനു അറിയില്ല.

"ഈ കമ്പനി എങ്ങനെയുണ്ട്‌? നല്ല ശമ്പളം ഉണ്ടാവും അല്ലെ? "
സത്യം പറഞ്ഞാല്‍ ഈ കമ്പനിയുടെ മറ്റു ഡീറ്റയില്‍സ്‌ ഒന്നും എനിക്കോ ടോണിക്കൊ ആര്‍ക്കും അറിയില്ലായിരുന്നു . ഞാന്‍ പറഞ്ഞു" ഉണ്ടാവും. ഉണ്ടാവേണ്ടതാണ്"
അപ്പോഴാണു അശ്വനി എനിക്കൊരു ബുദ്ധി പറഞ്ഞു തന്നത്‌. "നമുക്കു നമ്മുടെ കുഞ്ചുണ്ണുലിയോട്‌ ചോദിച്ചാലോ?"  പരിക്ഷക്കിടയില്‍ നിന്നും ടോണിയുടെ മെസ്സേജ്‌ വന്നു." പരീക്ഷ കുഴപ്പമില്ല. ഈസിയായിരുന്നു. ഇനി ഇന്റര്‍വ്യൂവിനു സിലക്ടടാവുന്നരുടെ പേരു അരമണിക്കൂറില്‍ ഉള്ളില്‍ അനൗണ്‍സ്‌ ചെയ്യും. "

ഞാന്‍ ഉടനെ കുഞ്ചുണ്ണൂലിയുടെ അടുത്തെത്തി. ഇത്തവണ നല്ല മലയാളത്തില്‍ തന്നെ ഞാന്‍ ചോദിച്ചു"ഇങ്ങള്‍ടെ കമ്പനി തുടങ്ങിയിട്ട്‌ എത്ര കാലമായി? എന്‍താ ഇവിടത്തെ പ്രധാന പരിപാടി?"

അവള്‍ പറഞ്ഞു
"സോഫ്റ്റ്വെയര്‍, നെറ്റുവര്‍ക്കിഗ്‌ ഔട്‌ സോഴ്‌സിംഗ്‌ "
"ഇങ്ങളൊരു വലിയ സംഭവമാണല്ലേ. അല്ല, ഇപ്പൊ ഈ പണികിട്ടിയാല്‍ മാസം എന്‍തു കിട്ടും?"

"ഇതു ഒരു സ്ട്രാറ്റജിക്‌ ജോബ്‌ പ്രിപറേഷന്‍ പ്രോഗ്രാം ആണ്‌. അപോയിന്റ്‌മന്റ്‌ ലെറ്റര്‍ കിട്ടിയാല്‍ പിന്നെ മൂന്നു മാസം ഇന്റെന്‍സിവ്‌ ട്രയിനിംഗ്‌. "
"ശമ്പളം?"

"ആദ്യം നിങ്ങള്‍ 25000 രൂപ സെക്യൂരിട്ടി തരണം. ട്രയിനിംഗ്‌ കഴിഞ്ഞ്‌ ജോലികിട്ടിയാല്‍ അടുത്ത 25000 രൂപ തരണം"

ഞാനും അശ്വനിയും ഒന്നിച്ചു ഞെട്ടി" അപ്പൊ ഇത്‌ ജോലിക്കുള്ള ഇന്റര്‍വ്യു അല്ലെ?"
"എയ്‌! ഇത്‌ ജോബ്‌ ട്രയിനിംഗ്‌ പ്രോഗ്രാം ആണ്‌" ഞങ്ങളുടെ സ്ഥാപനത്തില്‍ ചേരാനുള്ളാ അസുലഭ നിമിഷമാണ്‌"
"ജോലി ഉറപ്പാണോ?"
" അതു കഴിവുപൊലിരിക്കും"
എന്നാലും എന്റെ കുഞ്ചുണ്ണൂലീ.........................!
ടോണിയുടെ മേസ്സേജ്‌ വന്നു:" ഇന്റര്‍വ്യു ഉടന്‍ തുടങ്ങും"
അപ്പോള്‍ തന്നെ ഞാനും തിരിച്ചു മേസ്സേജ്‌ " തോമാസുകുട്ടി വിട്ടോടാ"
ടോണി അപകടം മണത്തു പുറത്തു വന്നു. കുഞ്ചുണ്ണൂലി ഇടപെട്ടു" ഇന്റര്‍വ്യൂ കഴിഞ്ഞോ?"
ടോണി" ഇല്ല. ഒന്ന് ഒന്നിനു പോകണം"
പുറത്തു വന്ന ടോണിയോട്‌ ഒറ്റ ശ്വാസത്തില്‍ സംഭവം വിവരിച്ചു. പിന്നെ ഞങ്ങള്‍ പിന്നെ മെല്ലെ കോമ്പൗണ്ട്‌ വിട്ട്‌ പുറത്തു വന്നു. ഒറ്റ ഓട്ടത്തിനു ജയനഗര്‍ വിട്ടു"

ബസ്‌ സ്റ്റാന്റില്‍ എത്തിയപ്പോഴെക്കും ടോണിക്ക്‌ കുഞ്ചുണ്ണൂലിയുടെ കോള്‍ വന്നു." താങ്കളെ ഇന്റര്‍വ്യൂ കൂടാതെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു കൂടാതെ പരീക്ഷയിലുള്ള മിടുക്ക്‌ കണക്കിലെടുത്ത്‌ 10% ഡിസ്‌കൗണ്ടും മലയാളിയായതിനാല്‍ 5% പെര്‍സെന്റും "ഇത്രയും പറഞ്ഞത്‌ നല്ല പച മലയാളത്തില്‍. മല്ലുവിന്റെ ഒരു ബുദ്ധിയേ!

ടോണി പറഞ്ഞു" അച്‌ഛന്റെ അനുഗ്രഹം വാങ്ങിക്കണം. കളരിയില്‍ വിളക്കു വക്കണം .സര്‍പ്പക്കാവില്‍ നൂറും പാലും നല്‍കണം ഗുരുകാരനവന്മാരെ വണങ്ങി ബംഗ്ലൂര്‍ പുഴ നീന്‍തിക്കടന്ന് ഞാന്‍ വരും. "

കുഞ്ചുണ്ണൂലി " അറപ്പുര വാതില്‍ തുറന്നു ഞാന്‍ കാത്തിരിക്കും"
--------------------------------------------------------------------------------------------------------------------------------------


എപിലോഗ്‌: ബാംഗ്ലൂര്‍ മലയാളികളെക്കുറിച്ച്‌ പണ്ട്‌ വായിച്ച ഒരു ഫലിതം ഇവിടെ ചേര്‍ക്കമെന്നു കരുതി.ബാഗ്ലൂരില്‍ എത്തിയ ഒരു കൂട്ടം നാടകക്കാര്‍ വഴിയരിയാതെ ബസ്സ്റ്റാന്റില്‍ നിന്നു കറങ്ങുകയായ്‌രിരുന്നു. അതിലൊരാള്‍ അറിയാവുന്ന കന്നഡചേര്‍ത്ത്‌ ആദ്യം കണ്ട ചെറുപ്പക്കാരനോടു ചോദിച്ചു. " ഇല്ലി ബസ്‌ ശിവാജി നഗര്‍ ഹോഗ്‌താ(ഈ ബസ്‌ ശിവാജി നഗറില്‍ പോകുമോ?)" ചെറുപ്പക്കാരന്റെ മറുപടി."ഹോഗുമായിരിക്കും."

അത്രയും കാലം ആയിരുന്നത്…………..

May 18, 2010 Echmukutty

ടീച്ചർ ജോലിയിൽ നിന്ന് പിരിഞ്ഞിട്ട് പതിനഞ്ച് വർഷമാകുന്ന ദിനമായിരുന്നു അത്.

ജോലിയിൽ നിന്ന് പിരിഞ്ഞതോർക്കുമ്പോഴെല്ലാം കടുത്ത ഒരു വിഷാദം അവരെയാകമാനം വന്ന് പൊതിയാറുണ്ട്. എന്ന് വെച്ചാൽ ഇതു വരെ ആരും ജോലിയിൽ നിന്ന് പിരിഞ്ഞിട്ടില്ലേ എന്ന് ചോദിക്കാൻ വരട്ടെ.

നമ്മളെപ്പോലെ കുടുംബോം കുട്ടികളും പ്രാരബ്ധോം ഒന്നും അവർക്കുണ്ടായിരുന്നില്ല. അതു കൊണ്ട് അവർ ഒരു മുഴുവൻ സമയ ടീച്ചർ ആയിരുന്നുവല്ലോ. എന്നും സ്കൂളിൽ പോയി, ഭംഗിയായി പഠിപ്പിച്ചു, മറ്റ് ടീച്ചർമാരെപ്പോലെ ഭർത്താവിനും കുട്ടികൾക്കും വേണ്ടി അവധിയെടുക്കേണ്ട ഒരു കാര്യവും അവർക്കുണ്ടായിരുന്നില്ല. എല്ലാ ടീച്ചർമാരുടെയും അവധി ക്ലാസ്സുകൾ സന്തോഷത്തോടെ ഏറ്റെടുത്തു, ആകാവുന്ന എല്ലാ സഹായവും എന്നും എല്ലാവർക്കും ചെയ്തു പോന്നു.

അവരുടെ സഹായവും സൌമനസ്യവും സ്വീകരിച്ച എല്ലാവരും തന്നെ ‘അയ്യോ, അവരൊരു പാവം, സ്വന്തായിട്ട് ആരുല്യാത്തോണ്ട് ആർക്ക് വേണ്ടിയാ അവരു ജോലീട്ക്കാ, എല്ലാര്ക്കും വല്ലതും ഒക്കെ ചെയ്തു കൊടുക്കുമ്പോ നേരോം പോയിക്കിട്ടും’… എന്നു സഹതപിക്കുവാനും മറന്നില്ല.

ടീച്ചർ പക്ഷെ അതൊന്നും ഒരു പ്രശ്നമായി കണ്ടതേ ഇല്ല. വിരൽത്തുമ്പിൽ പോലും കുലീനത്വം തുളുമ്പുന്ന അവർ തികഞ്ഞ സച്ചരിതയും ധർമിഷ്ഠയുമായിരുന്നു.

ഇനിയിപ്പോൾ ടീച്ചർക്ക് കല്യാണോം കുടുംബോം ഉണ്ടാവാത്തതിനെപറ്റി ആലോചിച്ച് കാട് കയറാനും പോണ്ട. അങ്ങനെ പ്രത്യേകിച്ച് ഒരു കാരണം ചൂണ്ടിക്കാണിക്കാനൊന്നും ഇല്ലായിരുന്നുവെന്ന് കൂട്ടിയാൽ മതി. ആദ്യം ചില ആലോചനകളൊക്കെ വരികയുമുണ്ടായി.പക്ഷെ, എന്തുകൊണ്ടോ ഒന്നും നടക്കുകയുണ്ടായില്ല.

വലിയ സംഭവങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ ജീവിതം മാത്രമെ ടീച്ചർക്ക് ഉണ്ടായിരുന്നുള്ളൂവെന്നർഥം.

ആദ്യകാലങ്ങളിൽ വൻ നഗരങ്ങളിൽ താമസമാക്കിയ സ്വന്തം കൂടപ്പിറപ്പുകളെ പറ്റി ടീച്ചർ വല്ലതുമൊക്കെ പറഞ്ഞിരുന്നു. പിന്നെപ്പിന്നെ ആ പതിവ് അവരുപേക്ഷിച്ചു. കൂടപ്പിറപ്പുകൾക്കെല്ലാം കുടുംബവും കുട്ടികളും ഉണ്ടായിരുന്നു. പണ്ടൊക്കെ അവർ വല്ലപ്പോഴും ടീച്ചറെ കാണാൻ ദൂരയാത്രകൾ ചെയ്ത് ആ ഉറക്കം തൂങ്ങി ഗ്രാമത്തിൽ വന്നെത്തിയിരുന്നുവെങ്കിലും സ്വന്തം കുട്ടികൾ വലുതായിത്തുടങ്ങിയപ്പോൾ അവരുടെ വരവ് കുറഞ്ഞ് കുറഞ്ഞ് ഒടുവിൽ ഇല്ലാതെയാവുകയായിരുന്നു. അവർക്കും കുട്ടികളുടെ പഠിപ്പ്, ജോലിയിലെ ട്രാൻസ്ഫർ അങ്ങനെ നൂറായിരം പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടായിരുന്നുവല്ലോ. കാലം പോകെ പോകെ അവർക്കും വാർദ്ധക്യം ബാധിച്ചു, അവരും സ്വന്തം മക്കളുടെ ആശ്രയത്തിലായി മാറി. എല്ലാറ്റിനും പുറമേ വൻ നഗരങ്ങളിൽ പാർത്ത് പാർത്ത് അവരൊക്കെയും അതത് നഗരവാസികളായി മാറുകയും ചെയ്തിരുന്നു. ആ ഉറക്കം തൂങ്ങി ഗ്രാമം അവർക്ക് തികച്ചും അനാകർഷകമായിത്തീർന്നു .

ടീച്ചർക്കും കൂടപ്പിറപ്പുകൾക്കും തമ്മിൽ ഒരു വഴക്കോ വൈരാഗ്യമോ ഒന്നുമില്ലായിരുന്നു, കേട്ടൊ.. പാതയോരത്ത് പൂക്കാതെയും തളിർക്കാതെയും എന്നാൽ പട്ട് പോകാതെയും നിൽക്കുന്ന കുറ്റിച്ചെടിയെപ്പോലെ ഒരു ജീവിതമായിരുന്നു ടീച്ചറുടേത്.

സ്കൂളിലെ ജോലിയും സ്വന്തം വീട്ടിലെ ജോലിയും തീർന്നു മിച്ചം വരുന്ന സമയം ടീച്ചർ ദേവദർശനം ചെയ്തു, മഹിളാസമാജത്തിലും ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിലും പോയി. ഗ്രാമത്തിലെ വായനശാലയിൽ ചെന്നു പുസ്തകങ്ങൾ കൊണ്ടു വന്നു വായിച്ചു. പുരാണഗ്രന്ഥങ്ങളും ബംഗാളീ നോവലുകളുടെ വിവർത്തനങ്ങളുമായിരുന്നു ടീച്ചർക്കു പഥ്യം. കൈയും കഴുത്തും കണ്ണും തളരുവോളം സാരികളിൽ ചിത്രത്തുന്നൽ ചെയ്ത് പലർക്കും സമ്മാനിച്ചു. തന്റെ കൊച്ചു പുരയിടത്തിൽ പൂച്ചെടികൾ നട്ടു വളർത്തി, പൂക്കളും അവർ എല്ലാവർക്കുമായി പങ്കുവെച്ചു.

അന്ന് രാവിലെ , ജോലിയിൽ നിന്ന് പിരിഞ്ഞു പോന്ന ദിവസത്തെക്കുറിച്ച് പതിവുള്ള വിഷാദഭാരത്തോടെ ഓർമ്മിച്ചുകൊണ്ടാണു ടീച്ചർ അരിയിലെ കല്ലു പെറുക്കിക്കൊണ്ടിരുന്നത്. അതു വരെ എന്തായിരുന്നുവോ അതല്ലാതെയായി പെട്ടെന്ന് എന്ന നൈരാശ്യം അവരെ കഴിഞ്ഞ പതിനഞ്ച് വർഷമായി വിടാതെ പിന്തുടർന്നിരുന്നു. അവർ എത്രമാത്രം ഒരു ടീച്ചറായിരുന്നുവെന്ന് അറിയാൻ പറ്റാത്തവർക്ക് ഈ വിഷമം എങ്ങനെയാണു മനസ്സിലാവുക?

അപ്പോഴാണു ഇലക്ട്രീഷ്യൻ പ്രഭാകരൻ ഒരു പാസ്പോർട്ട് അപേക്ഷയുമായി കയറി വന്നത്. ടീച്ചർ മുറം നീക്കിവെച്ച് നിറഞ്ഞ സൌഹാർദത്തോടെ ചിരിച്ചു , “വാ വാ പ്രഭേ… എന്താ വിശേഷിച്ച് ?...“

“ഈ അപേക്ഷ ഒന്നു പൂരിപ്പിക്കണം ടീച്ചറെ. ഞാനും കടൽ കടന്ന് ദുബായി ഒക്കെ ഒന്നു പോയി വരാം.എനിക്കും നാലു കാശുണ്ടാവണ്ടേ. എന്നും ഇങ്ങനെ അരിഷ്ടിച്ച് കഴിഞ്ഞ് എനിക്ക് മടുപ്പായി ടീച്ചറെ..“

എല്ലാവരും നന്നായി കാണാൻ മാത്രം ആഗ്രഹിക്കുന്ന അവർക്ക് സന്തോഷമല്ലെയുള്ളൂ പ്രഭാകരനെ സഹായിക്കുവാൻ? അപേക്ഷ പൂരിപ്പിച്ച് കഴിഞ്ഞപ്പോൾ ടീച്ചർ ഒരു പാത്രം നല്ല സംഭാരം കൊണ്ടു വന്നു കൊടുത്തു. അയാൾ ഗ്ല്ഗ്ല് ശബ്ദത്തോടെ അതു കുടിക്കുന്നത് അവർ കൌതുകത്തോടെ ശ്രദ്ധിക്കുകയായിരുന്നു. വീട്ടു മുറ്റത്തു നിൽക്കുന്ന മൂവ്വാണ്ടൻ മാവിനെ സൂക്ഷിച്ച് നോക്കിക്കൊണ്ട് , പാത്രം തിരിച്ചേൽപ്പിക്കുമ്പോൾ അയാൾ ചിന്താധീനനാവുന്നത് ടീച്ചർക്കും മനസ്സിലായി.

അല്പനേരം കൂടി ചെലവാക്കി ഇറങ്ങാൻ തുടങ്ങവെ, പ്രഭാകരൻ പെട്ടെന്നു പറഞ്ഞു. “ഈ മാവ് ആൾ അത്ര ശരിയല്ല ടീച്ചറെ, വയസ്സനായി, എപ്പഴാ ഇടിഞ്ഞു പൊളിഞ്ഞു മണ്ടേല് വീഴാന്ന് പറയാൻ പറ്റില്യ. പെരേൽക്ക് ചാഞ്ഞിട്ടാ നിക്കണേ. ഇബനെ അങ്ങട് കാച്ചിക്കളയ്യാ നല്ലത്.“

‘അയ്യോ! അത് വേണ്ട പ്രഭേ എത്ര കാലായി ഈ മുറ്റത്ത് നിൽക്കണു , ഇതേ വരെ ഒരു കൊമ്പും കൂടി വീണുപദ്രവം ചെയ്തിട്ടില്യ. അതവിടെ അങ്ങട് നിന്നോട്ടെ.’

പ്രഭാകരന് ടീച്ചറുടെ നിഷേധം ബോധ്യമായില്ല. മാവിനു വയസ്സായിരിക്കണത് നമ്മൾ കണ്ടറിയേണ്ടേ? അതിങ്ങനെ കാണാണ്ടിരുന്നാൽ ആർക്കാണു കേട് ? ‘ഞാനിതാ വീഴാൻ പോകുന്നു’വെന്ന് വിളിച്ച് പറയാൻ മാവിന് പറ്റുമോ ? ഇത്ര കാലം സ്കൂളിലൊക്കെ പഠിപ്പിച്ച ടീച്ചർക്ക് അറിവില്ലാണ്ടാവാൻ മാർഗമില്ല. പിന്നെ എന്തെങ്കിലും ഒരു കുഴപ്പമുണ്ടായാൽ തന്നത്താൻ പരവശപ്പെടേണ്ടി വരും. ചെറുപ്പല്ല, വയസ്സേറി വരികയാണ്…… അങ്ങനെ പലതും അയാൾ ന്യായങ്ങളായി പറഞ്ഞെങ്കിലും ടീച്ചർ ഒട്ടും ഇളകിയില്ല. മാവു മുറിക്കേണ്ടതില്ലെന്ന് അവർ ഉറപ്പിച്ച് പറഞ്ഞു.

‘തെരക്കൊന്നൂല്യാണ്ട് നല്ലോണം ആലോചിച്ച് ചെയ്താ മതി ടീച്ചറെ ‘ എന്ന് യാത്ര പറഞ്ഞു പ്രഭാകരൻ പോയപ്പോഴാണ് അവർ മൂവാണ്ടൻ മാവിനെ ശ്രദ്ധിച്ച് നോക്കിയത്. കാര്യം പ്രഭയോട് മുറിക്കേണ്ട എന്ന് പറഞ്ഞുവെങ്കിലും മാവ് പുരയിലേക്ക് വീഴാൻ പാടില്ല എന്ന് ടീച്ചർക്കറിയാമല്ലോ. മാവിനു വാട്ടമുണ്ടോ, മാവ് പുരയിലേക്ക് ചാഞ്ഞിട്ടുണ്ടോ എന്നൊക്കെ അവർ നോക്കാതിരുന്നില്ല. കുറച്ച് നേരം സൂക്ഷിച്ച് നോക്കിയിട്ട് ഹേയ് ഒരു കുഴപ്പവുമില്ല എന്ന് സമാധാനിച്ചു.

എങ്കിലും അന്നത്തേതിനു ശേഷം എന്നും ടീച്ചർ മാവിനെ പ്രത്യേകമായി ശ്രദ്ധിക്കാൻ തുടങ്ങി. ആ കൊച്ചു പുരയിടത്തിലാകെ തണുപ്പ് പരത്തിക്കൊണ്ട് നിന്ന മാവിനു കുറച്ച് വയസ്സേറിയെന്നതു ശരി തന്നെ. പക്ഷെ, മാവില്ലാത്ത വീട്ടു മുറ്റത്തെക്കുറിച്ച് ടീച്ചർക്കു മാത്രമല്ല നാട്ടുകാർക്കും കൂടി ഓർമ്മിക്കാൻ പറ്റുന്നില്ലെന്നതാണു സത്യം. മൂവ്വാണ്ടൻ മാവാണെങ്കിലും അത് എല്ലാ കൊല്ലവും ആരോ പറഞ്ഞു വെച്ചിട്ടുള്ളതു പോലെ കുറേശ്ശേ കായ്ച്ചു. എത്ര കുറവു കായ്ച്ചാലും ടീച്ചർക്ക് അധികമാകും. ഒരാൾ തനിച്ച് എത്ര മാങ്ങ തിന്നാനാണ്, ? അതുകൊണ്ടെന്താ ബാക്കി എല്ലാവർക്കും ആ മാങ്ങകൾ ഇഷ്ടം പോലെ കിട്ടിപ്പോന്നു. മാവിന്റെ തണലിൽ കസേരയിട്ടിരുന്ന് ടീച്ചർ പുസ്തകങ്ങൾ വായിച്ചു , ചിത്രത്തുന്നൽ ചെയ്തു, നല്ല പഴുത്ത മധുരമൂറുന്ന മാമ്പഴങ്ങൾ എല്ലാവർക്കും നിറഞ്ഞ സന്തോഷത്തോടെ നൽകി. മാവിൽ ചെറു ചെറു മാങ്ങകൾ കൊച്ച് കുലകളായി തൂങ്ങി കിടക്കുന്നതു കാണുമ്പോൾ വാത്സല്യം വഴിയുന്ന കണ്ണുകളോടെ ടീച്ചർ മാവിനെ നോക്കി പുഞ്ചിരിക്കുമായിരുന്നു. അങ്ങനെയൊരു മാവിനെ വെറുതെ കാച്ചിക്കളയുകയോ ?

പാലു കൊണ്ടു വരുന്ന തങ്കമ്മയായിരുന്നു അടുത്തതായി മാവു വെട്ടിക്കളയണമെന്നു ടീച്ചറോട് പറഞ്ഞത്. മാവ് കൂടുതൽ കൂടുതൽ പുരയിലേക്ക് ചാഞ്ഞിട്ടുണ്ടെന്ന് തങ്കമ്മ ചൂണ്ടിക്കാണിച്ചപ്പോൾ അവർക്ക് പരിഭ്രമം തോന്നി.

 “വെട്ടി വെറകാക്കിയാ മതി ടീച്ചറെ, ആ വെട്ടുകാരോട് പറഞ്ഞാ അവരന്നെ കൊണ്ടോയ്ക്കോളും. ടീച്ചറ് കഷ്ടപ്പെടണ്ട. സമയം വൈകിക്കണ്ട. പണ്ടാരം പിടിച്ച മാവ് പെരേമ്മെ വീണാ എന്താ കാട്ടാ എന്റെ ടീച്ചറെ“ എന്ന് തങ്കമ്മ ഉൽക്കണ്ഠപ്പെട്ടു.

‘ഒന്നൂല്യാ തങ്കം, നമ്മൾ വെറുതെ പേടിക്കാണ്, മാവ് വീഴൊന്നൂല്യാ.. എത്ര കാലായി അതീ മുറ്റത്തിങ്ങനെ നിൽക്കണു, ഒന്നും പറ്റ്ല്യാ’… എന്നൊക്കെ പറഞ്ഞുവെങ്കിലും അവർക്ക് പഴയതു മാതിരിയുള്ള ആത്മവിശ്വാസമുണ്ടായിരുന്നില്ല.

അരിയിലെ കല്ലു പെറുക്കുമ്പോഴും തൈരു കലക്കുമ്പോഴും തുണികൾ മടക്കി വെക്കുമ്പോഴുമെല്ലാം അവർ ഇടക്കിടെ പുറത്തേക്ക് വന്ന് മൂവ്വാണ്ടൻ മാവിനെ സൂക്ഷിച്ച് നോക്കാനാരംഭിച്ചു. ഓരോ തവണ നോക്കുമ്പോഴും പ്രശ്നമൊന്നുമില്ലെന്ന് പാവം സമാധാനിക്കുകയും ചെയ്തു. എങ്കിലും മനസ്സിൽ മൂവാണ്ടൻ മാവ് ഒരു അശാന്തിയായി കനക്കാൻ തുടങ്ങി.

ഉത്സവത്തിന്റെ നോട്ടീസു തരാൻ വന്നപ്പൊഴാണ് വക്കീൽ ഗുമസ്തൻ കരുണാകരമേനോന് മൂവാണ്ടൻ മാവിനെ വിസ്തരിച്ച് നോക്കാനിട കിട്ടിയത്. വായിലെ മുറുക്കാൻ രസം പിടിച്ച് ചവച്ചുകൊണ്ട് മേനോൻ മാവിനു ചുറ്റും രണ്ട് ചാൽ നടന്നു.

പിന്നെ വളരെ ഗൌരവത്തോടെ ടീച്ചറെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ തയാറായി.“മാവു വെട്ടണ്ടാന്ന് ടീച്ചറ് എന്താലോചിച്ച്ട്ടാ പറയണേ, അതീ വീടിന്റെ മോന്തായത്തിൽ ചാഞ്ഞോണ്ട് ഇങ്ങനെ നിൽക്കണത് തന്നെ വല്യ അപകടാ,.. കഷ്ടകാലത്തിന് വല്ല കള്ളന്മാരും അതിന്റെ കൊമ്പുമ്മേ തൂങ്ങി ഓടും പൊളിച്ച് രാത്രി അകത്തേക്ക് എറങ്ങിയാ വയസ്സ് കാലത്ത് ടീച്ചറ് എന്തെടുക്കാനാ ? പേടിച്ച് അപ്ലാ പൂവ്വും നല്ല ജീവൻ. അതേ മാതിരി തന്യാ പാമ്പുകളും, ഒറങ്ങുമ്പോ പാമ്പങ്ങട് നെഞ്ചിൽക്ക് വീണാ കഴിഞ്ഞില്ല്യേ എന്റെ ടീച്ചറെ, അതിപ്പോ തന്നെ അങ്ങട് വെട്ടിക്കളയ്യാ …പകല് തന്നെ ഈ പണ്ടാരം പിടിച്ച മാവു കാരണം വളപ്പിലാകെ ഒരു ഇരുളാ, രാത്രീല് പിന്നെ പറയാൻ ണ്ടാ കാര്യം.“

ടീച്ചർ തീരേ താണ ദുർബലമായ ശബ്ദത്തിൽ പ്രതിഷേധിക്കാൻ ശ്രമിച്ചു , “ഏയ് അങ്ങനെ ഒന്നൂണ്ടാവില്ല്യാ … .“

പക്ഷെ പുറത്തേക്കു കേട്ടത് തന്റെ തന്നെ ശബ്ദമാണോന്ന് പോലും ടീച്ചർക്ക് സംശയമുണ്ടായി. മേനോനാണെങ്കിൽ നിറുത്താതെ തുടരുക തന്നെയാണ്.

“ടീച്ചറ് കണ്ടോ?”, മാവിൻ തടിയിലൂടെ വഴിഞ്ഞൊഴുകിയ ഓറഞ്ച് നിറമുള്ള മാവിൻ പശ തന്റെ തടിച്ച വിരലുകൾക്കിടയിലിട്ടുരുട്ടിക്കൊണ്ട് അദ്ദേഹം ടീച്ചറുടെ ശ്രദ്ധ ക്ഷണിച്ചു.

‘അത് പശയല്ലേ മാവിന്റെ പശ?’ എന്ന ടീച്ചറുടെ നിസ്സാരമാക്കലിനെ മേനോൻ നിറഞ്ഞ ഗൌരവത്തോടെ പ്രതിരോധിച്ചു.

“പശ തന്നെയാ. എപ്ലാ ഇതിങ്ങനെ ചാടാന്ന് നിശ്ശണ്ടോ, മാവു വീഴാറാവുമ്പളാ, മാവിനു ഉഷ്ണോം പരോശോം ആയീന്നർഥം. ടീച്ചറ് ഇനി തടസ്സോന്നും പറയേണ്ട. ഞാനേയ് ആ അമ്പല നടക്കേ ചെന്ന് നമ്മടെ ശങ്കുരൂനെ പിടീന്ന് ഇങ്ങട് പറഞ്ഞു വിടാം. അവനാവുമ്പോ നല്ല മല്ലാ, നമ്മളെ ദ്രോഹിക്കാണ്ട് പണി അവസാനിപ്പിക്കും.“

“എനിക്ക് തീരെ മനസ്സു വരണില്യാ മേന്നേ…“ എന്ന് ടീച്ചർ ദയനീയമായി പുലമ്പിയപ്പോൾ കരുണാകര മേനോൻ ഏകാകിനിയായ ആ സ്ത്രീയെ അനുകമ്പയോടെ നോക്കി. മയമുള്ള ശബ്ദത്തിൽ അയാൾ പറഞ്ഞു, “തെരക്കൊന്നൂല്യാ, ടീച്ചറ് ആലോചിച്ച് വേണ്ട മാതിരി ചെയ്താ മതി.“

ടീച്ചർ ഉണരാനാവാത്ത ഒരു പേടിസ്വപ്നത്തിലെന്ന പോലെ, ഒരിക്കലുമവസാനിക്കാത്ത ഒരു നിലവിളിയിലെന്ന പോലെ പതറിത്തുടങ്ങിയിരുന്നു. വീട്ടു മുറ്റത്തെ ആ മാവ് ഉള്ളിൽ ഒരു രാക്ഷസനെപ്പോലെ വളരാനാരംഭിച്ചു. ഏതു നിമിഷവും കറാകറാ ശബ്ദത്തോടെ മാവ് പുരപ്പുറത്തേക്ക് വീണേക്കുമെന്ന ആധിയിൽ പകലുകളിൽ ടീച്ചർ വെന്തുരുകി. രാത്രികളിൽ ഇരുണ്ട് തണുത്ത സ്വന്തം മുറിയിൽ ഒരു കള്ളന്റെ കത്തി അവരുടെ വാർദ്ധക്യം ബാധിച്ച നാഡീഞരമ്പുകളെ നീലിപ്പിച്ച് പരവശമാക്കി. മുറിയുടെ മേൽത്തട്ടിൽ നിന്ന് ഫണമുയർത്തിച്ചീറ്റി തന്റെ ദുർബല ശരീരത്തിലേക്കൂർന്നു വീഴുന്ന പാമ്പുകളെ ഭയന്ന് ടീച്ചർ രാത്രി മുഴുവൻ എണീറ്റിരുന്ന് പുറം വേദനിപ്പിച്ചു. എനിക്ക് പേടിയാവുന്നുവെന്ന് പറഞ്ഞ് ചുമലിൽ ചാരാനോ നെഞ്ചിൽ മുഖമൊളിപ്പിച്ച് തേങ്ങിക്കരയുവാനോ അവർക്ക് ഒരു വഴിയുമില്ലായിരുന്നു. അപ്പോഴൊക്കെ കിട്ടുന്ന സമാധാനത്തെയും പിന്തുണയേയും കുറിച്ചൊന്നും ആ പാവത്തിനു അറിവുമുണ്ടായിരുന്നില്ല.

അങ്ങനെ ഭയം കൊണ്ട് തകർന്നു പോയപ്പോഴാണു ടീച്ചർ വേച്ച് വേച്ച് അമ്പല നടയിലേക്ക് നടന്നത്. നാട്ടു പാതയിലെ കൂർത്ത കല്ലുകൾ അവരുടെ ചെരിപ്പിടാൻ മറന്ന ശോഷിച്ച പാദങ്ങളെ കുത്തിനോവിച്ചു, മേടസ്സൂര്യൻ പഴക്കം ചെന്ന്, അവിടവിടെ മുടി കൊഴിഞ്ഞു പോയ ആ തലയോട്ടിയെ കുത്തിത്തുളക്കുകയും ചെയ്തു. കിതച്ചുകൊണ്ട് അമ്പലനടയിലെത്തിയ ടീച്ചർ അടഞ്ഞ ശബ്ദത്തിൽ ശങ്കുരുവിനെ അന്വേഷിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല. അടിയുറച്ച മാർക്സിസ്റ്റുകാരനായ അവൻ ഒരു മീറ്റിംഗിനു പോയിരിക്കുകയാണെന്നും തിരിച്ച് എത്തിയാലുടൻ വീട്ടിലേക്ക് പറഞ്ഞു വിടാമെന്നും വൈദ്യശാലയിലെ ഗോപാലൻ അവർക്കുറപ്പു കൊടുത്തു.

പകൽ സമയമത്രയും മാവിനെയുറ്റു നോക്കിക്കൊണ്ട് മുൻ വശത്തെ വരാന്തയിൽ, തളർന്ന കാൽ വെപ്പുകളോടെ ടീച്ചർ നടന്നു. തൊണ്ട വരളുവോളം അർജുനാ ഫൽഗുനാ ജപിച്ചു, കൂണു പോലെ മുളച്ച ഭയം അമ്പലത്തിലെ ആലോളം ഉയരത്തിൽ വളർന്നപ്പോൾ അകത്തു പോയി കിടന്നു.

അങ്ങനെയാണ് പിറ്റേന്ന് രാവിലെ മാവു വെട്ടാൻ വന്ന ശങ്കുരുവിന്, ഭയം കൊണ്ട് കണ്ണ് തുറിച്ച് മരിച്ച് കിടക്കുന്ന ടീച്ചറുടെ ശവദാഹത്തിനായി ആ മരം മുറിക്കേണ്ടി വന്നത്.

മൂവാണ്ടൻ മാവ് വെട്ടിമാറ്റിയപ്പോൾ തിളയ്ക്കുന്ന വെയിൽ അവരുടെ കൊച്ച് വീട്ടിനെ തപിപ്പിച്ചു. പാതയോരത്ത് പൂക്കാതെയും കായ്ക്കാതെയും വളർന്ന് നിൽക്കുന്ന കുറ്റിച്ചെടിയെപ്പോലെ വെയിലത്ത് തിളയ്ക്കുന്ന ഏകാന്തമായ ഒരു വീട്,

ടീച്ചർ വിട്ടിട്ട് പോയ വീട്.