സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!സുമിത്രയുടെ ഒരു പകല്

May 28, 2010 രാജേഷ്‌ ചിത്തിര

ഡ്രൈവറുടെ സീറ്റിലേക്ക് കടന്നിരുന്നു സേഫ്ട്ടി ബെല്‍റ്റ്‌ ദേഹത്തിനു കുറുകെ വലിച്ചിട്ടു കൊളുത്തിലേക്ക് മുറുക്കിയപ്പോഴേക്കും സുമിത്രക്കു പതിവില്ലാത്തൊരു ക്ഷീണം തോന്നി.കഴിഞ്ഞ രണ്ടു ദിവസമായുള്ള തളര്‍ച്ച .നാലുമണിക്കൂറിലേറെ ഒരു യുദ്ധക്കളത്തില്‍‍ പടവെട്ടി ക്ഷീണിച്ച പോരാളിയുടെ തളര്‍ച്ച മനസിലും ശരീരത്തിലും. രാവിലെ നാലരക്ക് എണീറ്റതാണ്. കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ദിനചര്യകള്‍ക്ക് ഇതുവരെയും ഒരു മാറ്റവുമില്ല.ഒരു അഭിമാനബോധം മനസ്സിനെയും ശരീരത്തേയൂം തഴുകി കടന്നു പോയി.സീറ്റില്‍ ചാരി ഇരിക്കുമ്പോള്‍ ഓര്‍മകളിലേക്ക് മനസ്സ് ഒരു പരല്‍ മീന്‍ പോലെ വഴുതി നീങ്ങി.എന്നും മുത്തശ്ശിക്ക് അറുപതിന്‍റെ തിളക്കമാണ് .ശീലങ്ങളുടെ തുടക്കം മുത്തശ്ശിയില്‍ നിന്നാണ്.ഇടക്ക് മുത്തശ്ശി വഴി പിരിഞ്ഞു പോയെങ്കിലും പതിവുകള്‍ക്കു മാറ്റം വന്നില്ല.മുത്തശ്ശി മരിക്കുമ്പോള്‍ ലണ്ടനിലാണ്.അന്നും പിന്നെ ഈ അറബികളുടെ നഗരത്തില്‍ അരുണിനോടൊപ്പം ജീവിതം പറിച്ചു നട്ടപ്പോഴും മാറാത്ത പതിവുകള്‍.

ഈ നാട്ടില്‍ പതിവുകള്‍ക്കു വിരുദ്ധമായി കാഠിന്യം കൂടി വരുന്ന തണുപ്പിന്‍റെ ഗാഡാലിംഗനങ്ങള്‍ക്കിടയിലും നാലു വര്‍ഷം മുന്‍പ് ചെവിക്കു കിഴുക്കി പഠിപ്പിച്ചു വച്ച പോലെ നാഴികമണിയുടെ ചെറിയ സൂചി നാലു മുപ്പതു ചെന്ന് ചുംബിക്കും മുന്‍പേ മനസ്സ് ഉണര്‍‍ന്നു ശരീരത്തെ പാകപ്പെടുത്തിയിട്ടുണ്ടാവും.മണിയോച്ചയുടെ തുടക്കത്തില്‍ തന്നെ എണീറ്റ്‌ കണ്ണു തിരുമി കുളിമുറിയിലേക്ക് .ഗീസറിന്റെ ചുംബനമേറ്റ വെള്ളത്തിന്റെ ചെറുചൂടില്‍ കുളികഴിഞ്ഞാല്‍ നേരെ വിളക്കിനരികിലേക്ക്.ബാല്‍ക്കണിയില്‍ ഇണചേര്‍ന്ന് നില്‍ക്കുന്ന തുളസിച്ചെടികള്‍ സുമിത്രയുടെ വരവും കാത്ത് ഇലകള്‍ താഴ്ത്തി നില്‍ക്കും ; വിളക്കിനു മുന്നില്‍ സുമിത്രയുടെ ഇഷ്ടദൈവം അമ്പാടി കൃഷ്ണന് അര്‍ച്ചനയാവുന്നതും കാത്തെന്ന പോലെ.നാലു കൊല്ലം മുന്‍പ് സുമിത്രയോടൊപ്പം വേരുകളിലെ കുടഞ്ഞാല്‍ തെറിച്ചു പോവുന്നത്ര മണ്ണുമായി വിമാനം കയറിയ രണ്ടു തുളസി ച്ചെടികള്‍ ഇന്നു വളര്‍ന്നു വീട്ടില്‍ വരുന്നവരുടെ കണ്ണിനു മുന്നില്‍ കണ്‍നിറയുന്നൊരു കാഴ്ചയായി ബാല്‍ക്കണിയിലുണ്ട്.സുമിത്രക്കഭിമാനമാണവ.സുമിത്ര സ്വയം സമര്‍പ്പിക്കാന്‍ മനസ്സിലുറപ്പിച്ചപോലെ കണ്ണന് മുന്നില്‍ നിവേദിക്കാനുള്ള രണ്ടു ജന്മങ്ങളുടെ പൂര്‍ണതയാണ് ആ ചെടികള്‍.തന്നെക്കാള്‍ ഭാഗ്യം ചെയ്ത രണ്ടു ജന്മങ്ങള്‍ .

  കത്തിച്ചു വച്ച വിളക്കിനു മുന്നില്‍ നാമജപവുമായിരിക്കുന്ന അടുത്ത ഒരു മണിക്കൂര്‍ സുമിത്ര എല്ലാം മറന്ന് ശാന്തിയുടെയും സമാധാനത്തിന്റെയും പുതപ്പിനുള്ളിലേക്ക് സ്വയം തന്നെ ഇറക്കി വയ്ക്കുന്ന നിമിഷങ്ങളാണ് .ആറരയോടെ വീണ്ടും തിരക്കുകളുടെ ലോകത്തേക്ക് .സുമിത്ര അടുക്കളയില്‍ തിരക്കിലൂടെ ഓടി തളരുന്നതിനിടയില്‍ ‍ അരുണ്‍ ഉണര്‍ന്നിട്ടുണ്ടാവും.എട്ടുമണിയോടെ ഓഫീസിലേക്ക് പോകുവാന്‍ തയ്യാറാവുന്ന അരുണിനോപ്പം കാപ്പി. പിന്നെ അരുണിനുള്ള ഉച്ച ഭക്ഷണം സഞ്ചിയിലേക്ക് തിരുകി വെയ്ക്കണം .അരുണിന്റെ ഫോണ്‍, പേഴ്സ് എല്ലാം എടുത്തുവെച്ചുവെന്നു ഉറപ്പുവരുത്തല്‍ എല്ലാം കഴിയുമ്പോഴേക്കും കിടപ്പുമുറിയിലെ സമയ സൂചിക എട്ടു നാല്പ്പതെന്നു വിളിച്ചു പറയും.അരുണ്‍ ഇപ്പോഴും ഒരു കുട്ടിയാണ്,എപ്പൊഴും തന്‍റെ താങ്ങ് വേണുന്ന ഒരു കുട്ടി .

 പിന്നെ തിടുക്കത്തില്‍ വീണ്ടും പൂജാമുറിയിലേക്ക്.അടുത്ത ഇരുപതു നിമിഷങ്ങള്‍ മനസും ശരീരവും വിഷ്ണു സഹസ്രനാമത്തില്‍ മാത്രമാവും .ഒന്‍പതുമണിയോടെ വസ്ത്രങ്ങള്‍ മാറി നെറ്റിയില്‍ പതിവുള്ള ചുവന്ന പൊട്ട്.ശരീരത്തില്‍ എന്നും ഉണ്ടാവുക അതു മാത്രമാവും .തലേന്ന് രാത്രി തന്നെ തിരഞ്ഞു വച്ച വസ്ത്രങ്ങള്‍ ....ആവശ്യമുള്ള തെല്ലാം എടുത്തുവച്ച കൈ സഞ്ചി.അടുത്ത എട്ടു മണിക്കൂര്‍ രോഗികളോട് അവരുടെ മനസിലേക്കിറങ്ങി ചെന്ന് അവരുടെ വേണ്ടപ്പെട്ട ഒരാളാവാനുള്ള സമയമാണ്. വീട്ടില്‍ നിന്നും നാല്‍പതു മിനിട്ട് വളയം പിടിക്കണം ആശുപത്രിയിലേക്ക് .ആദ്യമൊക്കെ പേടിയായിരുന്നു യാത്രക്കിടയില്‍ സ്വദേശികളായ അറബികുട്ടികളുടെ ചില അംഗവിക്ഷേപങ്ങള്‍.കാറിനെ മുറിച്ച് കടന്നു കാണിക്കുന്ന ചില അഭ്യാസ പ്രകടനങ്ങള്‍.അരുണിനോട് പേടിയോടെ വിവരിക്കുമ്പോള്‍ ഒരു ഭാവവും വരാറില്ല ആ മുഖത്ത്.ആ നിസ്സംഗത ഒരു വെല്ലുവിളി പോലെ തോന്നിപ്പിച്ചു.പിന്നെ പിന്നെ മനസ്സിനെ ഏന്തൊക്കെ കണ്ടാലും കാര്യമാക്കേണ്ടതില്ലെന്നു പറഞ്ഞു പഠിപ്പിച്ചു.


അടുത്തിടെയായി അരുണ്‍ എത്ര മാറിയിരിക്കുന്നു .പണ്ട് സൌഹൃദത്തിന്റെ നാളുകളില്‍ അരുണിന്റെ കണ്ണുകളില്‍ കണ്ട ഭാവങ്ങളെല്ലാം കുറെ നാളുകളായി അന്യം നിന്നു പോയ ഓര്‍മ്മ മാത്രമാണ്.
ഒരിക്കലും പ്രണയിക്കാതിരുന്ന രണ്ടു പേരുടെ ഒരു വെറും സൌഹൃദബന്ധം വീട്ടുകാര്‍ ചേര്‍ന്ന് വിവാഹത്തിലെത്തിച്ചു എന്നു പറയുന്നതാവും ശരി.ചിരിക്കുമ്പോള്‍ ഒട്ടൊന്നു കൂമ്പിയടയുന്ന കണ്ണുകളിലും, സദാപുസ്തകപുഴുവായി തനിക്കു ചുറ്റും നടക്കുന്നതില്‍ ഒരു പങ്കുമില്ലെന്ന അന്നത്തെ ആ സ്വഭാവത്തിലും, അത്ര ആകര്‍ഷകത്വം തോന്നിപ്പിക്കാത്ത നിറവും സഹപാഠികളായ ആണ്‍കുട്ടികളുടെ പെണ്‍സങ്കല്പങ്ങള്‍ ഒട്ടും തന്നെ ചേര്‍ന്നിട്ടുണ്ടാവില്ല. അതാവണം ആരും പ്രണയാഭ്യര്‍ഥന കളുമായി പിന്നാലെ വരാഞ്ഞത്‌.വീട്ടിലെ പണിക്കാരി ജാനുവിന്‍റെ മകള്‍ സീതയുടെ മരണം വിവാഹം എന്ന ചിന്തയെ തന്നെ മനസ്സില്‍ നിന്നകറ്റി .ഭര്‍തൃ വീട്ടില്‍ സീത അനുഭവിച്ച പീഡനങ്ങള്‍ ജാനുവിന്റെ കവിളില്‍ കണ്ണീര്‍ ചാല് കളാണ്.തോരുമെന്നു ജാനു പ്രതീക്ഷിച്ച കണ്ണീര്‍ മഴ തോര്‍ന്നപ്പോഴേക്കും സീത യാത്ര പറഞ്ഞിരുന്നു .ഏല്ലാ വേദനകളോടും.

ചെറിയൊരു മയക്കത്തില്‍ സ്വയം അറിയാതെ സുമിത്രയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു മാഞ്ഞു .ഏല്ലാ തീരുമാനങ്ങളും മാറിയതെത്ര പെട്ടന്നാണ് .വിവാഹം വേണ്ട എന്നു തീരുമാനിച്ചത് അരുണിനോട് പറയുമ്പോള്‍ മറ്റേതോ ആലോചന വീട്ടില്‍ തകൃതിയായി നടക്കുന്നുണ്ടായിരുന്നു.അരുണ്‍ ചെറുപ്പം മുതലേ ഒപ്പം പഠിച്ച ഏറ്റവുമടുത്ത കുടുംബ സുഹൃത്തിന്റെ മകന്‍.ചെറുപ്പം മുതലേയുള്ള ഏക സുഹൃത്ത്‌.രണ്ടു പേരുടെയും വിദ്യാഭ്യാസത്തിനു ശേഷമാണ് സൗഹൃദം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമായത്‌.

വിവാഹമേ വേണ്ടന്ന സുമിത്രയുടെ തീരുമാനം വീട്ടുകാര്‍ക്ക് വേദനയായി തുടരുന്നതിനിടയിലാണ് അരുണ്‍ ഒരുമിച്ചു ജീവിക്കുന്നതിനെക്കുറിച്ച് സുമിത്രയെ നിര്‍ബന്ധിച്ചത്.പരസ്പരം അറിയുന്ന രണ്ടു പേരുടെ ഉപാധികളില്ലാത്ത ഒരു ജീവിതം.അതായിരുന്നു അരുണിന്റെ വാക്കുകളില്‍ . ; ഏറെ താമസി ക്കും മുന്‍പേ രണ്ടു വീട്ടുകാരുടെയും അനുഗ്രഹത്തോടെ അവരുടെ കല്യാണം നടന്നു.വീണ്ടും അറിയാതെ ചിരിക്കുന്നതിനിടയില്‍ സുമിത്ര അറിയാതെ കൈത്തണ്ടയിലേക്ക് നോക്കി.സമയം ഒന്‍പതു ഇരുപത്തിയഞ്ച് .പെട്ടന്നു ഞെട്ടിയുണര്‍ന്നു.ഇനി പതിവുകള്‍ തെറ്റിച്ചു എണ്‍പത് കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പോയെന്കിലെ പത്തിന് മുന്‍പ് ആശുപത്രിയില്‍ എത്താനാകു.സുമിത്ര വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.

ആശുപത്രിയില്‍ വണ്ടി ഒതുക്കുമ്പോള്‍ സമയം ഒന്‍പതു അന്‍പത് .മനസു വല്ലാത്തൊരു അഭിമാനത്താല്‍ നിറഞ്ഞു .തന്‍റെ വേഗത്തിലോടിക്കാനുള്ള കഴിവില്‍ മനസിലൊരു സന്തോഷം തോന്നി.സ്വീകരണ മുറിയിലെ ലെബനിസ് സുന്ദരിക്ക് നേരെ നിറഞ്ഞൊരു പുഞ്ചിരിയെറിഞ്ഞു.പിന്നെ ചിരിച്ചു കൊണ്ടു പറഞ്ഞു "വണക്കം ".

അവളും തിരിച്ചു പറഞ്ഞു "വണക്കം ഡോക്ടര്‍" .

കഴിഞ്ഞ നാലു വര്‍ഷത്തെ തന്‍റെ ദിനചര്യകളുടെ ഒരു പരിണിത ഫലമാണിതും.തന്നോട് തിരിച്ചു വണക്കം പറയാന്‍ തുടങ്ങിയിരിക്കുന്നു.വളരെക്കുറച്ചുപേര്‍ മാത്രമേ ഈ കൈപ്പുണ്യമുള്ള ഡോക്ടറോട് മറ്റെന്തെങ്കിലും പ്രഭാതവന്ദനം നടത്താറൂള്ളൂ .ഓര്‍ത്തു നടക്കുന്നതിനിടയില്‍ പരിശോധനാ മുറിയിലെത്തി.

പതിവ് പോലെ ലളിത സഹസ്രനാമത്തിനുള്ള സമയമുണ്ട്.നാമജപം കഴിഞ്ഞപ്പോഴേക്കും നേഴ്സ് ആനി രോഗികളുടെ പേരുവിവരങ്ങള് മേശപ്പുറത്തെത്തിച്ചു.ആദ്യത്തേത്‌ ഒരു സ്വദേശിയുടെതാണ് .വിവാഹം കഴിഞ്ഞു ആറുവര്‍ഷമായിരിക്കുന്നു .ചെലവ് കൂടുതല്‍ കൊണ്ടാവണം പൊതുവേ മലയാളികള്‍ വരാറില്ല ഈ വകുപ്പിലേക്ക് .

ആനി പേരു വിളിച്ചു

സുന്ദരിയായ ചെറുപ്പക്കാരിയും ഭര്‍ത്താവും മുറിയിലേക്കെത്തി .

"വണക്കം"

അവര്‍ അത്ഭുതപെട്ടിട്ടുണ്ടാവണം .അവരുടെ അറബിയുള്ള അഭിവാദനം സ്വീകരിച്ചു .വളച്ചു കേട്ടില്ലാത്ത സുമിത്രയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും ചെറു‍പ്പക്കാര്‍ക്ക് നാണം തോന്നി .പരിശോധനകള്‍ക്കൊടുക്കം സുമിത്ര കണ്ടെത്തി .സുന്ദരിയായ ആ ചെറുപ്പക്കാരി ഇപ്പോഴും കന്യകയാണ് .

കുഴപ്പം ഭര്‍ത്താവിന്റെതാണ്.പൊതുവേ പരിശോധനക്ക് വരുന്ന ഭര്‍ത്താക്കന്മാര്‍ അവരുടെ കുഴപ്പം കേള്‍ക്കാനിഷ്ടപെടുന്നവരല്ല .അല്ലെങ്കില്‍ പരിശോധനാ ഫലം കാണിച്ചു ബോധ്യപെടുത്തെണ്ട ഭാരിച്ച ഉത്തരവാദിത്ത്വം ക്ടരുടെതാണ് .ചെറുപ്പക്കാരന്റെ ഹോര്‍മോണ്‍ പ്രൊഫൈല്‍ ,ആന്ത്രോളൊജി പരിശോധന തുടങ്ങിവയ്ക്ക് കുറിച്ചു റിസള്‍ട്ട്‌ കിട്ടിയതിനു ശേഷം ചെറുപ്പക്കാരനെ ഒരു കൌണ്‍സിലിങ്ങിന്‌ വിടണം.ശാരിരികമായ ന്യുനതകളെക്കാള്‍ മാനസികമായ പ്രശ്നങ്ങളാണ് പലപ്പോഴും ഇത്തരം കുഴപ്പങ്ങള്‍ക്ക് കാരണം.ഒപ്പം വല്ലാതോരത്ഭുതം തോന്നി .വിവാഹം കഴിഞ്ഞു ആറു വര്‍ഷത്തിനു ശേഷം മാത്രം ഒരു ഡോക്ടറെ സമീപിക്കുക.

നന്ദി പറഞ്ഞു രണ്ടു പേരും പരിശോധനകള്‍ക്കായി പുറത്തെക്കിറങ്ങുമ്പോള്‍ അടുത്ത രോഗിയെ ളിക്കാനായി ആനിയെ വിളിക്കാനോരുങ്ങുമ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്.പൊതുവേ ഫോണ്‍ കരയുന്നത് കേള്‍ക്കാനിഷ്ടമാണ് ;ഗായത്രീമന്ത്രത്തിന്റെ ശാന്തി സ്പര്‍ശം ഇടക്ക് മനസ്സില്‍ വീഴുന്ന ഒരു സുഖം.

ഇന്നു പക്ഷെ രാവിലെ മുതലേ മനസിനൊരു അസ്വസ്ഥത തോന്നിയിരുന്നു.തിങ്കളാഴ്ച ആയതിനാല്‍ കുറഞ്ഞു ഒരു നാല്‍പത്‌ രോഗികള്‍ ഉണ്ടാവും .എല്ലാവരെയും നോക്കി വരുമ്പോള്‍ ആറു മണിക്കും പോകാന്‍ കഴിഞ്ഞെന്നു വരില്ല.വീണ്ടും മനസു മടുപ്പിലേക്ക് കൂപ്പു കുത്തി .

ഫോണ്‍ എടുത്തു നോക്കി.രാജീവിന്റെ പേരു തെളിഞ്ഞു കാണുന്നുണ്ട് .
ശനിയാഴ്ചയാണ് നീണ്ട എട്ടു വര്‍ഷത്തിനു ശേഷം രാജീവിനെ ശബ്ദം കേള്‍ക്കുന്നത് .

കോളേജില്‍ ഒരുമിച്ചുണ്ടായിരുന്നു .അത്ര അടുത്ത ബന്ധമില്ലെങ്കിലും അറിയാവുന്ന ഒരു കുട്ടി.ഒരേ നാട്ടുകാര്‍ .അത്രയോക്കെയോ തോന്നിയിരുന്നുള്ളൂ അന്നൊക്കെ .വര്‍ഷങ്ങള്‍ക്കു ശേഷം ഈ രാജ്യത്തു തന്‍റെ നമ്പര്‍ തിരഞ്ഞു കണ്ടു പിടിച്ചു വിളിക്കുന്നതിനെടുത്ത പ്രയത്നത്തെ പറ്റി രാജിവ് ഒരു പാട് തവണ പറയാതെ പറഞ്ഞതോര്‍ത്തു സുമിത്രക്ക് അറിയാതെ ഒരു ചിരി വിടര്‍ന്നു .രാജീവ്‌ കുടുംബത്തോടൊപ്പം ഇവിടെയെത്തിയിട്ട് മൂന്നു കൊല്ലത്തോളമായത്രേ.മകള്‍ക്ക് രണ്ടു വയസ്സായിരിക്കുന്നു.രാജിവ് സുമിത്രയെക്കുറിച്ചെല്ലാം അറിഞ്ഞുവെച്ചിരുന്നു.ഇടയില്‍ അരുണ്‍ കാരണമാണ് ഇപ്പോഴും തങ്ങള്‍ക്കു കൂടെ മറ്റൊരാളില്ലാത്തതെന്നും കത്തിനു കുട്ടികളിലേക്കുള്ള വഴി എളുപ്പത്തിലാക്കുന്ന ദൈവത്തിന്റെ പ്രതിരൂപം തന്‍റെ സ്വന്തം കാര്യത്തില്‍ പരാജയപെട്ടു വെന്നും അതു അരുണിനേയും തമ്മില്‍ മാനസികമായി അകറ്റി തുടങ്ങിയെന്നു വരെ പറഞ്ഞു.

അതു പറയാനാണാവോ വിളിച്ചത് ചോദിക്കേണ്ടി വന്നു സുമിത്രക്ക്.

പിന്നെ വിളിക്കാമെന്നു പറഞ്ഞു ഫോണ്‍ കട്ടായപ്പോള്‍ ഒന്നാശ്വസിച്ചതാണ്.

ഇന്നലെയും വിളിച്ചിരുന്നു വീണ്ടും.പുതിയ ചില വിശേഷങ്ങളുമായി .തന്നോടുള്ള താനറിയാതെ അയാള്‍ക്കുണ്ടായിരുന്ന നിശബ്ദ പ്രണയത്തെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നത് .ഒപ്പം ഭാര്യ സങ്കല്പങ്ങളില്‍ സുമിത്ര ഇത്ര ചേര്‍ന്ന് നില്‍ക്കുന്നുവെന്നും ഒപ്പം സ്വന്തം ഭാര്യയുടെ കഴിവ് കേടുകളും .ഇപ്പോഴും സ്വീകരിക്കാന്‍ ഒരുക്കമാണത്രെ.സുമിത്രക്ക് മുന്‍പില്‍ പെട്ടന്ന് നിരാലംബയായ ഒരു സ്ത്രീയുടെയും അവരുടെ കൈപിടിച്ച് തന്നെ തുറിച്ചു നോക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെയും മുഖം ഒരു കൊടുങ്കാറ്റിന്റെ വേഗത്തില്‍ വന്നു മറഞ്ഞു.ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തതാണ് ഞായറാഴ്ച .ഇന്നു വീണ്ടും ....

സുമിത്രക്ക് വല്ലാത്ത ദേഷ്യം തോന്നി.അമര്‍ഷം മുഴുവനും ഫോണിന്റെ കഴുത്തില്‍ അമര്‍ത്തി .ഗായത്രി മന്ത്രം ഇടക്ക് വച്ചു മുറിഞ്ഞു.പെട്ടന്ന് ലോകത്തോട്‌ മുഴുവന്‍ മുഴുവന്‍ അരിശം തോന്നി.ഏല്ലാ പുരുഷന്മാരും ഒരു പോലെ തന്നെ.മൂന്നു മാസം മുന്‍പ് രഘു പറഞ്ഞത് തന്നെയാണ് ഇന്നു രാജീവ് പറയുന്നത് .നാളെ ആരാവും ....ആനിക്ക് നേരെ കണ്ണെറിഞ്ഞു.ആനിക്ക് സുമിത്രയുടെ നോട്ടം,വിരല്‍ കൊണ്ടുള്ള ആംഗ്യങ്ങള്‍ എല്ലാം തന്റേതു പോലെ മനസിലാവും .നാലു വര്‍ഷം മുന്‍പ് ഈ ആശുപത്രിയില്‍ വന്ന നാള്‍ ‍ മുതല്‍ അവര്‍ ഒരുമിച്ചാണ്.

അടുത്ത രോഗി വന്നു.മുഖം മാത്രം പുറത്തു കാണുന്ന ഒരു സ്വദേശി സ്ത്രീ .കാണുന്ന ഭാഗങ്ങള്‍ കൊണ്ടു ഒരു പൂര്‍ണ ചന്ദ്രന്റെ തിളക്കമുണ്ട് .മുഖത്തെ ചായവും ചുണ്ടിലെ രക്തമയവും അവര്‍ക്ക് ഒരു പ്രത്യേക വശ്യത കൊടുക്കുന്നുണ്ട് .പതിവ് പോലെ അവര്‍ക്കും അറിയേണ്ടത് പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ലിംഗമാണ് .ഏല്ലാവര്‍ക്കും ആണിനെ മതി.ജന്മം കൊടുക്കുന്ന ആണിനും ഒന്‍പതു മാസം ചുമക്കുന്ന പെണ്ണിനും എല്ലാം .പതിവില്ലാതെ എല്ലാത്തിനോടും സുമിത്രക്ക് വല്ലാത്ത അരിശം തോന്നി.

മനസ്സില്‍ ഒതുക്കുകയെ നിവര്‍ത്തിയുള്ളൂ .ആശുപത്രി ഉടമസ്ഥര്‍ നിശ്ചയിക്കുന്ന വലിയ തുക മുടക്കാന്‍ തയ്യാറായി വരുന്നവരോട് ഡോക്ടര്‍ക്ക് മറുത്തു പറയാന്‍ ആവില്ല..കുട്ടികളില്ലത്തവര്‍ക്ക് വേണ്ടിയെന്ന പേരില്‍ ഐ .വി . എഫ്.ചികിത്സ ഇപ്പോള്‍ മതപരമായ നിയമങ്ങള്‍ മുറുകെ പിടിക്കുന്ന ഈ രാജ്യത്തു പോലും വെറും പണാഗമമാര്‍ഗമാണ്.ഒരു യന്ത്രത്തെ പോലെ സുമിത്ര രോഗികളെ നോക്കിക്കൊണ്ടിരുന്നു .ഇടക്ക് വലതു കൈത്തണ്ടയിലേക്ക് കണ്ണോടിക്കുമ്പോലാണ് അറിഞ്ഞത് സമയം പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു .

ആനിക്ക് നേരെ കയ്യുയര്‍ത്തി .ആനിക്കറിയാം ഇടവേളയ്ക്കു സമയമായി .ആനി പുറത്തേക്കിറങ്ങി. സുമിത്ര എണീറ്റ്‌ മുഖവും കയ്യും കഴുകി തിരിച്ചെത്തി.കയ്യില്‍ ആവി പറക്കുന്ന ചായയുമായി മുത്തുമ്മ മുറിക്കുള്ളിലേക്കെത്തി.മറ്റെന്തോ നീളമുള്ള പേരുള്ള ഒരു സുഡാനി സ്ത്രീയാണ് .ഏഴു മക്കളുടെ അമ്മ .ഈ അറുപതാം വയസ്സില്‍ മൂന്നു ഭാര്യമാരുള്ള ഭര്‍ത്താവിന്റെയോ മക്കളുടെയോ സഹായമില്ലാത്ത അവസ്ഥയില്‍ എല്ലാവരാലും ചുരുട്ടി എറിയപ്പെട്ട ഒരു ജന്മം. ചുളിവുകള്‍ വീണത്‌ അവരുടെ ശരീരത്തെ ഒരു പാഴ് തുണിപോലെ ആക്കിയിട്ടുണ്ട്.ആശുപത്രി മേധാവിയുടെ കാരുണ്യത്താല്‍ ഇവിടെ കഴിയുന്ന മുറി വൃത്തിയാക്കല്‍,ജീവനക്കാര്‍ക്ക് സമയത്ത് ചായയും മറ്റും ഒക്കെ പറ്റുംപോലെ ചെയ്യുന്നുണ്ട്.

മുത്തുമ്മയ്ക്ക് സുമിത്രയെ ഒത്തിരി ഇഷ്ടമാണ് ഒരു മകളെ പോലെ.മുത്തുമ്മയെ അന്നു കണ്ടപ്പോള്‍ തന്‍റെ അമ്മയോ മുത്തശ്ശിയോ പോലെ സുമിത്രക്ക് തോന്നി‍ .ഒരു പക്ഷെ നാളെ താനും ....

ഉച്ചക്ക് ശേഷം ആദ്യം വന്ന രോഗി ഒന്‍പതു പ്രാവശ്യം ഗര്‍ഭം ധരിച്ചു കുട്ടിയാകും മുന്‍പേ നഷ്ടമായവളാണ്.ഭര്‍ത്താവിന്റെ മുഖം കണ്ടാല്‍ ജീവിതം നഷ്ടപെട്ടപോലെയുണ്ട്.വേണ്ട ചികിത്സകള്‍ നിര്‍ദേശിച്ചു പറഞ്ഞയച്ചു .അഞ്ചുമണിയായത് പെട്ടന്നാണ്. പിന്നെയുമുണ്ട് പതിനഞ്ചോളം പേര്‍.

അവസാനത്തെ അതിഥിയായെത്തിയത് ജോസിലിന്‍ ഡിസൂസ .നടപ്പിലും വേഷത്തിലും ഗോവയുടെ പേരു വിളിച്ചുപറയും.അശൂപത്രിയില്‍ വരുന്നതിനു മുന്‍പ് തന്നെ അവരെ പരിചയമുണ്ട് .ഒരു വര്‍ഷം മുന്‍പ് പത്രങ്ങളിലും പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലും വലിയ വാര്‍ത്തയായിരുന്നു കടല്‍ കാണാന്‍ സ്കൂളില്‍ നിന്നും പോയ വഴി തിരയെടുത്ത അവരുടെ ഏക മകന്റെ ജീവന്‍ .അന്നു വളരെ ആരോഗ്യവതിയായിരുന്ന ആ അമ്മയെ ആദ്യം സുമിത്ര കാണുമ്പോള്‍ ആ കണ്ണുകളില്‍ ഒരു വിഷാദക്കടല്‍ തിരകള്‍ മരിച്ചു കിടന്നിരുന്നു.നിറഞ്ഞ കണ്ണുകളുടെ ആഴങ്ങളിലെവിടെ അവരുടെ മകന്‍റെ ഓര്‍മ്മകളുടെ വേലിയേറ്റം അണകെട്ടി നില്‍പ്പുണ്ട്.

നാല്പത്തിഅഞ്ചാം വയസില്‍ അന്‍പത്തിഅഞ്ചിന്റെ ക്ഷീണമുണ്ടിപ്പോള്‍.കഴിഞ്ഞയാഴ്ച അവര്‍ വന്നപ്പോള്‍ നാല്പത്തി അഞ്ചാം വസയില്‍ ഗര്‍ഭം ധരിക്കുന്നതിന്റെ പ്രയാസങ്ങളും ,അതു അവര്‍ക്ക് മാനസികവും ശാരീരികവുമായി അനുഭവിപ്പിച്ചേക്കാവുന്ന തീവ്രവേദനകളെക്കുറിച്ച് ഒരു മൃദുല വികാരങ്ങളും കൂടാതെ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു വിങ്ങലുണ്ടായി മനസ്സില്‍ .ഒരു പരിധി വരെ തന്നോട് തന്നെ പറയും പോലെ.ഗര്‍ഭം ധരിച്ചാല്‍ തന്നെ കുട്ടിയുണ്ടാനുള്ള സാധ്യത തുലോം കുറവാണെന്നതും അഥവാ ഒരു കുട്ടിയുണ്ടായാല്‍ തന്നെ ജോസിലിനെന്തെങ്കിലും സംഭവിച്ചാല്‍ ആ കുട്ടിയുടെ ഭാവി.ഒരു നിമിഷം ജോസിലിനും അതേ ചിന്തകള്‍ വന്നു പോയിയെന്ന് തോന്നുന്നു.ആലോചിച്ചു വീണ്ടും വരാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്.അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു നൊമ്പരം തോന്നിയിരുന്നു.അത്രയ്ക്ക് പറയേണ്ടിയിരുന്നില്ല എന്ന തോന്നല്‍.വാതില്‍ കടന്നു വന്ന ജോസിലിന്റെ മുഖത്ത് വേദനയില്‍ നിന്നുദിച്ച ഒരു വരണ്ട പുഞ്ചിരി വിടര്‍ന്നു.


'വണക്കം ജോസിലിന്‍ കം '

ജോസിലിന്‍ കസേരയിലിരുന്നു.

സൊ വാട്ട്‌ യു ഡിസൈടെഡ്... ടു പ്രൊസീഡ് ഓര്‍ നോട്ട്?"

" നോ ഡോക്ടര്‍ ..നോട്ട് ടു പ്രൊസീഡ് " ജോസിലിന്‍ തുടര്‍ന്നു .

"ഇന്നലെ രാത്രി ഞാന്‍ ഉണ്ണിയേശുവുമായി വളരെ നേരം സംസാരിച്ചു.എന്‍റെ മകനെക്കുറിച്ചോര്‍ത്തു കരഞ്ഞു.ഞാന്‍ ഒരു കുട്ടിക്ക് വേണ്ടി ചികിത്സിക്കുന്നതിനെ കുറിച്ചും ചോദിച്ചു.കരുണാമയന്‍ പറഞ്ഞത് എന്‍റെ മകന്‍ അവിടത്തെ അടുത്തുണ്ട് ഇനിയെന്തിനാണി ശ്രമം എന്നാണ് .അവിടത്തെ പ്രാര്‍ഥനയും രക്ഷിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ക്കുള്ള സഹായവുമായി ഈ ജന്മം ഇങ്ങനെ പോവട്ടെ ...."

ഡോക്ടര്‍ പറഞ്ഞതാണ് ശെരി ...എനിക്കിത്രയേ പറഞ്ഞിട്ടുണ്ടാവൂ ..."
ജോസിലിന്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സുമിത്രയുടെ കണ്‍കോണില്‍ ഒരു നനവ് പടര്‍ന്നിറങ്ങി .

അവശേഷിച്ച പത്തുപേരെ പിറ്റേന്നത്തെക്ക് വരാന്‍ പറയാന്‍ ആനിയെ പറഞ്ഞെല്പിച്ചു .

ആറു പത്തിന് കാറില്‍ കയറുമ്പോള്‍ മനസു തിരയടങ്ങിയ കടല്‍ പോലെ ശാന്തമായിരുന്നു.

സീറ്റ് ബെല്‍ട്ടിടുമ്പോള്‍ മനസ്സില്‍ ഒരു നിമിഷം തന്‍റെ മുന്നില്‍ നിന്നു ചിരിച്ചു കൊണ്ട്‌ യാത്ര പറയുന്ന അച്ച്ചനമ്മമാരുടെ കയ്യില്‍ ഇരുന്ന്‌ ഒളികണ്ണെറിയുന്ന എണ്ണമില്ലാത്ത പെണ്‍ കുഞ്ഞുങ്ങളുടെ ചുണ്ടിലെ ചിരി മനസ്സില്‍ തിരയടിച്ചു.ഒപ്പം സുമിത്രയുടെ കാര്‍ അതിന്റെ പതിവ് വേഗത്തില്‍ ആശുപത്രിയുടെ പുറം വാതില്‍ കടന്നു നിരത്തിലേക്കിറങ്ങി.

7 Comments, Post your comment:

പെനാകത്തി said...

കഥ വായികുമ്പോള്‍ എവിടോകെയോ ബ്ലോക്കുകള്‍ അനുഭവപെട്ട്.... സുമിത്രയുടെ വീടിലെ പശ്ചാത്തലം ഇത്രയ്ക്കു വേണമായിരുന്നോ എന്നൊരു സംശയം...... ഒരു നല്ല ശ്രമാമമായിരുന്നു ഈ കഥ...

Manoraj said...

നല്ലൊരു ശ്രമം തന്നെ രാജേഷ്. പക്ഷെ ഒത്തിരി ചുറ്റിക്കറക്കിയോ എന്നൊരു തോന്നൽ. ഒരുപാടു കഥാപാത്രങ്ങൾ.. പലരുടേയും രൂപത്തിന് അവ്യക്തത... ഇതൊന്നും കുറ്റം കണ്ടു പിടിക്കലായി കാണരുതെന്ന് അഭ്യർഥിക്കുന്നു. വളരെ മനോഹരമാക്കാമായിരുന്ന ഒരു കഥയെ അല്പം കൂടെ ശ്രദ്ധചെലുത്തിയിരുന്നെങ്കിൽ എന്ന് തോന്നി.. പിന്നെ രാജീവന്റെ ഫോൺ വിളിക്കിടെ ഒരിക്കൽ കഥാപാത്രത്തിന്റെ പേരു മാറിപോയി എന്ന് തോന്നുന്നു. സുമിത്രക്ക് പകരം സുകന്യ എന്ന്.. അതോ അത് എന്റെ വായനയിലെ മിസ്റ്റേക്കാണോ?

ശാന്ത കാവുമ്പായി said...

ഏകാഗ്രത കുറച്ചു കൂടി ആവാം എന്ന് തോന്നി.ചെറുകഥ അല്ലേ.പുതിയ അന്തരീക്ഷം ഇഷ്ടമായി.

കൂതറHashimܓ said...

നല്ല കഥ.

kvmadhu said...

nannayi, rajesh

INTIMATE STRANGER said...

kadha nannayi raajesh..pakshe edakkide endo chila kallukadikal pole....thudarnnum ezhuthuka aashamsakal

റോസാപ്പൂക്കള്‍ said...

kagha nannaayi.but oru ozhukku kittiyilla