സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ഹയ്യട ഹുയ്യാ ഹൂയ്‌

May 05, 2010 mukthaRionism

ക്രാ... ക്രീ... ക്രൂ... ക്രൃ...!
കൊത്തക്കല്ല്‌, കക്ക്‌ കളി, കണ്ണ്‌ പൊത്തിക്കളി, അണ്ടിക്കളി, കോട്ടി, ഒളിച്ചുകളി, തൊട്ടുകളി, മണ്ടിക്കളി, ചാടിക്കളി, കൂത്തക്കം മറിഞ്ഞുകളി, തല്ല്‌, തോണ്ട്‌, പിച്ചല്‍, മാന്തല്‍... ഹാ... എന്തോരം കളികള്‍... കളിതമാശകള്‍ക്കിടയിലെ പല രസങ്ങള്‍...

തോരാതെ പെയ്യുന്ന മഴയത്ത്‌ ഉമ്മറപ്പടിയില്‍ നിന്ന്‌ ഇറയത്ത്‌ ഉറ്റിവീഴുന്ന വെള്ളത്തുള്ളികള്‍ കൈക്കുമ്പിളിലൊതുക്കാന്‍ ശ്രമിക്കും. കാലുകൊണ്ട്‌ അടിച്ചു തെറുപ്പിക്കാന്‍ നോക്കും. റോഡില്‍ നിറയെ കുണ്ടും കുഴിയുമാണ്‌. മണ്ണുകലങ്ങിയ ചുവന്ന വെള്ളം കുഴിയാകെ നിറയും. മുറ്റത്ത്‌ ചെറിയ കുഴികളുണ്ടാക്കും. അതിന്‌ ചുറ്റും മണ്ണുനനച്ച്‌ പടവുണ്ടാക്കി കിണറുകളാക്കും ചാലുകീറി തോടുകളും പുഴകളും തീര്‍ക്കും. കടലാസുതോണികള്‍ ഇറക്കും. റോഡിലെ കുഴികളില്‍ നിറഞ്ഞു കിടക്കുന്ന വെള്ളം കൂട്ടുകാരുടെ മേലേക്ക്‌ തട്ടിത്തെറുപ്പിച്ച്‌ സ്‌കൂളിലും മദ്‌റസയിലും പോകും.

രാവിലെ മദ്‌റസ, മദ്‌റസ വിട്ടാല്‍ സ്‌കൂള്‍, സ്‌കൂള്‍ വിട്ടാല്‍ ചായയും മോന്തി പറമ്പിലോട്ടൊരിറക്കമുണ്ട്‌!

അവിടെയാണ്‌ കുറ്റിപ്പുരകള്‍... ഓലയും മെടലും തടുക്കും അലകുമൊക്കെ വെച്ചു കെട്ടി... താഴെ പേപ്പറും ഓലയും വിരിക്കും. ഇരിക്കാം... കിടക്കാം... കൂത്തക്കം മറിയാം.

ഓരോ കുറ്റിപ്പുരയും ഓരോരുത്തരുടെ വീടുകളാണ്‌. ബാപ്പയും ഉമ്മയുമായി കളിക്കുമ്പോള്‍ ഓരോ കുടുംബവും ഓരോ വീടുകളിലാണ്‌ പാര്‍ക്കുക. ഒരു പുരയില്‍നിന്നും അടുത്തപുരയിലേക്ക്‌ വിരുന്ന്‌ പോവും. കല്യാണങ്ങള്‍, സല്‍ക്കാരങ്ങള്‍... ചിരട്ടകളില്‍ മണ്‍ബിരിയാണിയുണ്ടാക്കി ചേമ്പിലകളില്‍ വിളമ്പും. നിക്കാഹുകളും ത്വലാഖുകളും നടക്കും. മുണ്ടലും തെറ്റലും അടിയും ഇടിയും കച്ചറയുമുണ്ടാവും.
എനിക്ക്‌ മരത്തില്‍ കയറാനറിയില്ല. ചെറിയാപ്പു ഏതു ഗുദാമിലെ മരത്തിലും വലിഞ്ഞു കയറും. അവന്‍ മയമ്മദാക്കാന്റെ തൊടിയിലെ മൂച്ചിന്റെ മോളില്‌ കയറി മാങ്ങ പറിക്കും. പുളിമരത്തിന്‌ മോളില്‌ കേറി പുളിങ്ങ പറിച്ച്‌ താഴോട്ടെറിയും. മയമ്മദാക്ക വരുന്നതും നോക്കി ഞാന്‍ വഴിയില്‍ നില്‌ക്കും. മയമ്മദാക്ക വരുന്നതു കണ്ടാല്‍ ഞങ്ങള്‍ മെല്ലെ തടി സലാമത്താക്കും. പറമ്പിലേക്ക്‌ പായുമ്പോള്‍ പിന്നില്‍ നിന്നും പുളിച്ച തെറി കേള്‍ക്കാം...
`നായിന്റെ മക്കളേ...!'

മാങ്ങ ചെറിയ കഷ്‌ണങ്ങളാക്കി ഉപ്പും മുളകും കൂട്ടിത്തിരുമ്മി മുഴുവനും തിന്നുതീര്‍ക്കും... ഹായ്‌...! എരിഞ്ഞിട്ട്‌ നാവില്‍ നിന്ന്‌ വെള്ളമുറ്റി വീഴും. ഹാവൂ...! ഹസീന നാവും തൂക്കിയിട്ട്‌ പേ പിടിച്ച പട്ടിയെപ്പോലെയിരിക്കും. നാവില്‍ നിന്ന്‌ വെള്ളമുറ്റി വീണ്‌ ചാലിട്ടൊഴുകും. ചെറിയാപ്പുവിനും കുഞ്ഞിമ്മുവിനുമൊക്കെ എരു ഒരു പ്രശ്‌നമേയല്ല. അവര്‍ ഇളിച്ചുകാട്ടി വലിച്ചുവാരിത്തിന്നും. എനിക്ക്‌ പള്ളയും തൊള്ളയും ചുട്ട്‌ കത്തും. എരു സഹിക്കാനാവാതെ വെള്ളം കുടിക്കാനായി ഞാന്‍ കിണറിനടുത്തേക്ക്‌ പായും അപ്പോള്‍ കുഞ്ഞിമ്മു വിളിച്ചു കൂവും.
`ഇപ്പൊ ബെള്ളം കുടിച്ചണ്ട ബലാലേ... വയറ്റ്‌ന്നോക്ക്‌ണ്ടാവും വയറ്റ്‌ന്നോക്ക്‌.'
`ഹയ്യട ഹുയ്യാ ഹൂയ്‌... തൂറിത്തൂറി ഹലാക്ക്‌ലാവും...'
ഹസീനയും കൂടും.

സ്‌കൂളില്‍ പോവാന്‍ മഹാമടിയനായിരുന്നു ഞാന്‍; മദ്‌റസയിലും. തലവേദനയാണെന്നും കാലുകടച്ചിലാണെന്നുമൊക്കെപ്പറഞ്ഞ്‌ കരയും. റൂമിനകത്തു കയറി വാതിലടച്ച്‌ കുറ്റിയിടും. റൂമിന്‌ ചുമര്‌ മുഴുവനായിട്ടില്ല. മുകളിലൂടെ കയറി അകത്തേക്ക്‌ മറിയാം. എളാപ്പ ചുമരിന്‌ മോളില്‌ കയറി വടികൊണ്ട്‌ വാതിലിന്റെ കുറ്റി കുത്തിത്തുറക്കും. മൂത്താപ്പയുടെ മക്കള്‍ ഉന്തിയും തള്ളിയും സകലവിധ സഹായസഹകരണങ്ങളും ചെയ്‌തുകൊടുക്കും. ഞാന്‍ സ്‌കൂളില്‍ പോകാതിരുന്നാല്‍ ഇവര്‍ക്കെന്താണ്‌ ചേദം!?

എന്നെ പൊക്കിയെടുത്ത്‌ തോളില്‌ വെച്ച്‌ എളാപ്പ സ്‌കൂളിലേക്ക്‌ പുറപ്പെടും. മൂത്താപ്പാന്റെ കുട്ടികളും അയലോക്കത്തെ കുട്ടികളും പിന്നാലെ. തെണ്ടികള്‍! അവര്‍ കൈകൊട്ടി ആര്‍ത്തു ചിരിക്കും.
ഞാന്‍ അലറിക്കരയും. കൊട്ടിപ്പിടഞ്ഞിറങ്ങാന്‍ നോക്കും. നടക്കില്ല. എളാപ്പ ഭയങ്ക മല്ലനാണ്‌. വീടിന്റെ എറാമ്പറത്ത്‌ കുത്തിമറിഞ്ഞ്‌ കരാട്ടെ കളിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. പിന്നെ കീഴടങ്ങുകയല്ലാതെ നിവൃത്തിയില്ല. മറ്റു കുട്ടികള്‍ക്കൊപ്പം പുസ്‌തകവും സ്‌ളേറ്റും പിടിച്ച്‌ കീഞ്ഞ്‌ ചാടുന്ന ട്രൗസര്‍ വലിച്ചുകുത്തി, ഒലിച്ചിറങ്ങുന്ന മൂക്കട്ട നീട്ടിത്തുടച്ച്‌ ഡീസന്റായി ഞാനും...
കുടയെടുക്കാന്‍ മറക്കുന്ന ദിവസങ്ങളില്‍ കൊളര്‍ക്കാതെ പെയ്യുന്ന മഴ മുഴുവനും കൊള്ളേണ്ടി വരും. അതെനിക്കിഷ്‌ടായിരുന്നു. നല്ലോണം കൊള്ളും.

നനഞ്ഞ്‌ കുതിര്‍ന്ന്‌ ചെന്ന്‌ കയറുമ്പോള്‍ ഉമ്മ ചീത്തപറയും.
``ബലാലെ പനി പുടിച്ചും...''
പനി പിടിച്ചോട്ടെ... ആര്‍ക്കാ ചേദം... പനിയുണ്ടായാല്‍ സ്‌കൂളിലും മദ്‌റസയിലും പോവണ്ടല്ലോ... ഒന്ന്‌ പനിച്ച്‌ കിട്ടിയെങ്കില്‍...!

മഴപെയ്‌താല്‍ പുല്‍നാമ്പുകളില്‍ ഉരുണ്ടുകൂടുന്ന വെള്ളത്തുള്ളികള്‍ പറിച്ചെടുത്ത്‌ കണ്ണില്‍ തണുപ്പുറ്റിക്കും. മഴക്കാലത്താണ്‌ ചക്ക പഴുക്കുക. തേന്‍വരിക്കചക്കക്ക്‌ എന്തൊരു മധുരമാണ്‌. പളപാളായുള്ള പഴഞ്ചക്ക എനിക്കിഷ്‌ടമായിരുന്നില്ല.

പറമ്പില്‍ തെങ്ങിന്‍ തടത്തിന്‌ ഇടക്കായി തലങ്ങും വിലങ്ങും ചാലുകളുണ്ട്‌. മഴ പെയ്‌താല്‍ ചാലില്‍ വെള്ളം നിറയും. പോക്കാമ്മാരെ മുമ്പിലെ കുളത്തില്‍ റോഡില്‍നിന്നും മറ്റും ഒലിച്ചിറങ്ങുന്ന വെള്ളം നിറയും. പറമ്പിലെ ചാലില്‍ നിന്ന്‌ കുളത്തിലേക്ക്‌ ചക്കുങ്ങക്കാരെ തൊടിയിലൂടെ വെള്ളം ഊര്‍ന്നിറങ്ങും. കുളത്തില്‍ നിന്ന്‌ കരമ്പത്തോട്ടിലേക്ക്‌ വെള്ളത്തിന്‌ ഒലിച്ചിറങ്ങാന്‍ ചാലുണ്ട്‌. കരമ്പത്തോട്‌ ചെന്ന്‌ മുട്ടുന്നത്‌ അമ്പലക്കടവ്‌ പുഴയിലാണ്‌. പുഴയില്‍ നിന്ന്‌ തോട്ടിലേക്കും തോട്ടിലൂടെ കുളത്തിലേക്കും കുളത്തില്‍ നിന്ന്‌ പറമ്പിലെ ചാലുകളിലേക്കും മീനുകള്‍ പളാപളാ കയറിവരും... മുജ്ജ്‌, ആരല്‌, ബിലാല്‌, ചേറാന്‌, കോയാട്ടി, കോട്ടി, മണ്ടക്കര്‌തല, പരല്‌...! പാടത്തെ വെള്ളത്തിലും ചേറിലും മീനുകള്‍ പെടയ്‌ക്കും.

തെങ്ങിന്‍ ചോട്ടില്‌ കിളച്ച്‌ മറിച്ച്‌ പൂഴിയിരകളെ പിടിച്ച്‌ ചിരട്ടയില്‍ നിറയ്‌ക്കും. കുറച്ച്‌ മണ്ണിട്ട്‌ പൂഴിയെരയെ മൂടും. ചൂണ്ടയെടുത്ത്‌ കക്ഷത്തില്‍ വെച്ച്‌ കുളക്കരയിലേക്ക്‌ നടക്കും. കുളത്തിലേക്ക്‌ ചാഞ്ഞ്‌ കിടക്കുന്ന കൈതമരത്തില്‍ രണ്ടു വശത്തേക്കായി കാലുകള്‍ തൂക്കിയിട്ടിരിക്കും.
വെള്ളത്തിലേക്ക്‌ തുപ്പിയാല്‍ മീനുകള്‍ വട്ടമിട്ട്‌ പൊന്തും, തുപ്പലം കൊത്തിവലിച്ചു പായും. ഞങ്ങള്‍ മത്സരിച്ച്‌ തുപ്പും. ആരു തുപ്പുമ്പോഴാണ്‌ കൂടുതല്‍ മീനുകള്‍ പൊന്തുന്നത്‌, വട്ടമിട്ടു കൂടുന്നത്‌?
അത്‌ ഞാന്‍ തുപ്പുമ്പോള്‍ തന്നെ. കാര്‍ക്കിച്ചു കൂട്ടി ആഞ്ഞു തുപ്പുമ്പോള്‍ ചെറിയാപ്പു പറയും.
``നല്ല പസര്‍മ്മള്ള തുപ്പലാ അന്റത്‌.''

ചിരട്ടയിലെ മണ്ണ്‌ ചികഞ്ഞ്‌ പൂഴിയെരയെ വലിച്ചെടുക്കും. ചൂണ്ടയില്‍ കോര്‍ത്ത്‌, തുള്ളിക്കളിക്കാന്‍ നീളത്തില്‍ മുറിച്ചെടുക്കും. ബാക്കി ചിരട്ടയിേലക്കു തന്നെയിട്ട്‌, ആഞ്ഞുവീശി കുളത്തിന്‌ നടുവിലേക്കൊരേറാണ്‌. ക്‌ളും!

മീന്‍, ചൂണ്ടയും കൊത്തി വലിച്ച്‌വലിച്ചങ്ങ്‌ കൊണ്ടും പോവും. ഹു... കൊണ്ടുപോവട്ടെ. പെട്ടെന്ന്‌ ഒറ്റ വലി. കട കടാ കെടന്ന്‌ പെടക്ക്‌ണ്‌ കണ്ട്‌ലെ സാധനം!
കുളത്തില്‍ ആമയുണ്ട്‌. മുകളില്‍ വന്ന്‌ വെള്ളം കുടിച്ച്‌ താഴോട്ട്‌ ഊളിയിടുന്ന ആമയെ ഞാനും കണ്ടിട്ടുണ്ട്‌. എനിക്ക്‌ ആമയെ കിട്ടിയിട്ടില്ല. വല്യുപ്പാക്ക്‌ ഇടക്കിടക്ക്‌ കിട്ടും. പെരലിനെ കോര്‍ത്ത്‌ ഇടണം പോലും. വല്യുപ്പ വലിയ മീന്‍പിടുത്തക്കാരനാണ്‌. അന്തിക്ക്‌ മൂന്ന്‌ കട്ടയുള്ള ടോര്‍ച്ചുമായി ദൂരെയുള്ള പുഴയിലൊക്കെ പോവും.

ആമയെ പിടിച്ചാല്‍ അറുക്കണം. പാറപോലുള്ള പുറത്ത്‌ അമര്‍ത്തിപ്പിടിച്ചാല്‍ തല പുറത്ത്‌ ചാടും. നല്ലോണം അമര്‍ത്തണം. ഊരാങ്കുടുക്കിട്ട ഈര്‍പ്പക്കുള്ളിലേക്ക്‌ തലകൊള്ളിച്ച്‌ വലിക്കണം.
വല്യുപ്പ കത്തി മൂര്‍ച്ച കൂട്ടും. അറുക്കും.

ചാകാന്‍ കുറെ സമയമെടുക്കും. കഴുത്തില്‍ കെട്ടിയ കയറില്‍ തൂക്കിയിടണം. മുറ്റത്തെ കടച്ചക്ക മരത്തിന്റെ കൊമ്പില്‌ തൂക്കിയിടും. തോട്‌ പൊളിക്കാനാണ്‌ മല്ല്‌. ചൂടുവെള്ളത്തിലൊക്കെയിട്ട്‌ പൊതിര്‍ത്തി...

നല്ല കായത്തോട്‌ക്കെ വേവിക്കണം. നല്ല രസാ... ഇറച്ചി കൊറയും... ന്നാലും എല്ലാവര്‍ക്കും ഒന്ന്‌ നൊട്ടിനുണക്കാം.

പരലും മണ്ടക്കര്‌തലയുമാണ്‌ ചൂണ്ടയില്‍ കൊത്തുന്നതില്‍ കൂടുതലും. മുജ്ജും ആരലും ബിലാലും ചേറാനും കോയാട്ടിയുമൊക്കെ കിട്ടിയാലായി. അവയൊക്കെ വലിയവരുടെ ചൂണ്ടയിലേകൊത്തൂ. ഞങ്ങള്‍ കുട്ടികളല്ലെ. കുട്ടികളുടെ ചൂണ്ട അവ തിരിച്ചറിയുന്നതെങ്ങനെയാണ്‌?

മണ്ടക്കര്‌തലയുടെ തലക്കകത്ത്‌ പുഴുവാണത്രെ. അതുകൊണ്ട്‌ അതിന്റെ തല മുറിച്ചൊഴിവാക്കും.
ചാലിലും തോട്ടിലും തട്ടം കൊണ്ടും തോര്‍ത്തു കൊണ്ടുമൊക്കെ കോരിയാണ്‌ മീന്‍ പിടിക്കുക. കണ്ണാന്‍ചൂട്ടിയും തവളാപ്പുട്ടലുമൊക്കെയാണ്‌ കോരിയാല്‍ കിട്ടുക. ഒന്നോ രണ്ടോ പരല്‌ കിട്ടിയാലായി. മീന്‍ കിട്ടിയാല്‍ മത്തനിലയില്‍ തീക്കനലിട്ട്‌ ചുട്ടു തിന്നും.

ചിറക്കക്കാരെ പുരക്ക്‌ മുമ്പിലുള്ള ഹലാക്കിന്റെ മരങ്ങളില്‍ ഊഞ്ഞാല്‌ കെട്ടി കുര്‍സും കുര്‍സൂംന്ന്‌ ആടും. ചിലപ്പോ പിടിവിട്ട്‌ വീണ്‌ ചെരക്കല്ലില്‍ ഉരതി കയ്യിലേയും കാലിലേയും തൊലിപോകും. ചോര പൊടിയും. കമ്യൂണിസ്റ്റപ്പയുടെ ഇല പറിച്ച്‌ തുപ്പലും കൂട്ടിത്തിരുമ്മി മുറിവില്‍ അമര്‍ത്തിവെക്കും...ഹൗ!
ചെളിയിലും ചേറിലും വെള്ളത്തിലും പൊടിയിലും മണ്ണിലും കുത്തിമറിഞ്ഞ്‌ കളിച്ച്‌ മേനിയാകെ ചെളിയും ചേറും പൊടിയുമായാലും കുളിക്കാന്‍ പറയരുത്‌. വേണമെങ്കില്‍ കയ്യും കാലും കഴുകിയേക്കാം. ഹൗ കുളിക്കുന്ന കാര്യമാണ്‌... എങ്ങനെ മേനിയിലൂടെ വെള്ളം പാരും... തലയിലൂടെയെങ്ങനെ വെള്ളമൊഴിക്കും... ഹൗ തണുക്കില്ലേ...

മഗ്‌രിബ്‌ ബാങ്ക്‌ കൊടുക്കുന്നതുവരെയാണ്‌ കളിസമയം. ബാങ്ക്‌ കൊടുത്താല്‍ കുളിച്ച്‌ കുട്ടപ്പനായി അകത്ത്‌ കയറിയിരിക്കണം. അതാണ്‌ നിയമം.
എവ്‌ടെ? ഞാനാരാ മോന്‍...!

കയ്യും കാലും കഴുകി, തലയില്‍ വെള്ളം നനച്ച്‌ കുളിച്ചെന്ന്‌ തോന്നിപ്പിച്ച്‌ അകത്തേക്ക്‌ വലിയുമ്പോള്‍ ഉമ്മ വിളിക്കും.
`ഇജ്ജ്‌ കുളിച്ചോ...''
വടിയെടുക്കുമ്പോഴേക്കും പുറത്തേക്ക്‌ ചാടും. ഉമ്മ ഇതിലെ വരുമ്പോ... ഞാനതിലേ. ഉമ്മ അതിലെ വരുമ്പോ... ഞാനിതിലേ...

കുളിക്കാര്യത്തില്‍ എല്ലാവരും മഹാമടിയന്‍മാര്‍ തന്നെ. വൈകുന്നേരത്തെ കുളിത്തെരക്ക്‌ വല്ലാത്തൊരു ഹലാക്കു തന്നെ. അടിയും ഇടിയുമായി ഉമ്മ കിണറ്റിന്‍ കരയിലേക്ക്‌ വലിച്ചു കൊണ്ടുപോകും. വെള്ളം മുക്കിയെടുത്ത്‌ തലയിലൂടെ ഒഴിക്കും... ഹൗ... കുളിച്ചുകഴിയുമ്പോഴേക്കും `ഒരു കുളികഴിഞ്ഞ മാതിരി'യെക്കെയുണ്ടാവും. ഒരു ഒന്നൊന്നര കുളി!

വീട്ടിലെ മഞ്ചയില്‍ നിന്നും പലഹാരമോ ബേക്കറി സാധനങ്ങളോ ഉപ്പിലിട്ട നെല്ലിക്കയോ അച്ചാറോ എന്തെങ്കിലുമൊക്കെ കട്ടെടുത്തു കൊണ്ടുവരും എന്നും ഹസീന. ഉമ്മ കണ്ടാല്‍ അടിച്ച്‌ ചന്തിമ്മലെ തോല്‌ കളയുമത്രെ!

ഒരു പ്ലാസ്റ്റിക്‌ പൊതിയുമായാണ്‌ അവളൊരു ദിവസം വന്നത്‌. പൊതി തുറക്കാതെ തന്നെ അകത്തെ സാധനം പളാപളാന്ന്‌ കാണാം. നെയ്യ്‌. ഒന്നാന്തരം നെയ്യ്‌!
ഞാന്‍ ആക്രാന്തം കാട്ടി. ഒരു പിടി വാരി തൊള്ളയിലേക്കിട്ടു.
`ഛായ്‌... ത്ത്‌... ന്ത്ര്‌ര്‍ര്‍... പ്പ്‌... ത്തൂം...!'
ഞാന്‍ ഓക്കാനിച്ചു.
`ഹയ്യട ഹുയ്യാ ഹൂയ്‌!' അവള്‍ പൊട്ടിച്ചിരിച്ചു.
`അത്‌ നെജ്ജല്ല... ഇമ്മാന്റെ കാല്‌മെ വിള്ളിച്ചക്ക്‌ തേക്ക്‌ണ ഓയല്‌മെന്റാ...'
`ബ്‌ഹാഅ്‌...' ഛര്‍ദിച്ചു. ഉച്ചക്ക്‌ തിന്ന ചോറും മീന്‍ പൊരിച്ചതുമടക്കം...

പീറ്റേന്ന്‌ ഒരു ഞായറാഴ്‌ച.
പഴയൊരു ബാലമംഗളം മറിച്ച്‌ നോക്കി കുറ്റിപ്പുരയില്‍ മലര്‍ന്ന്‌ കിടക്കുകയായിരുന്നു. കാലിലൂടെ എന്തോ അരിച്ചു കയറുന്നു. എഴുന്നേറ്റ്‌ നോക്കി. ഒരു ചേരാട്ട. ഞാന്‍ മൂപ്പരെ ഒന്നു തൊട്ടു. ഇക്കിളി ആയിക്കാണും. ബല്യ മാഞ്ഞാളക്കാരന്‍. ഹാ... കക്ഷിയതാ ചുരുണ്ടുകൂടിക്കിടക്കുന്നു. നുറുക്ക്‌ മാതിരി. ഒന്നാന്തരം അരി നുറുക്ക്‌.!

ചേരാട്ടയെ കൈയിലെടുത്ത്‌ ഞാന്‍ ഹസീനയുടെ അടുത്തേക്ക്‌ പാഞ്ഞു.
`ഹസീനാ... അനക്ക്‌ നുറ്‌ക്ക്‌ മാണോ...?'
`ഹയ്യട ഹുയ്യാ ഹൂയ്‌... ഇച്ച്‌ കൊണ്ടാ...' അവള്‍ ആര്‍ത്തിയോടെ എന്റെ കൈയിലേക്കു നോക്കി.
`തൊള്ള പൊളിച്ച്‌... ഞാനിട്ട്‌ തരാം...'
അവള്‍ തൊള്ള പൊളിച്ചു. നുറുക്ക്‌ മൂപ്പനെ ഞാനവളുടെ അണ്ണാക്കിലോട്ടങ്ങിട്ട്‌ കൊടുത്തു.
`കറും മുറും പ്‌ളും ച്‌ളും...'
അവളുടെ മൂന്ത കോടി. മൂക്ക്‌ വീര്‍ത്തു. കണ്ണ്‌ ചോന്നു.
`ബ്‌...ഹാഅ്‌...!'
അവളുടെ ഉള്ള്‌ പുറത്തേക്ക്‌...!
ചുണ്ടും ചിറിയും വായയുമൊക്കെ പൊള്ളി മുറിയായിരിക്കുന്നു. അവള്‍ ചുണ്ടിലെ മുറിവില്‍ മെല്ലെ തൊട്ടു. ഹാ...വ്‌! എന്റെ മുഖത്തേക്ക്‌ ദയനീയമായി നോക്കി. കണ്ണും മുഖവും ചുവന്നു തുടുത്തു. കണ്ണില്‍ നിന്നും ചോരയാണോ ഉറ്റി വീഴുന്നത്‌.
`സാരല്ല... ഞാന്‌!'
എനിക്ക്‌ വലിയ വിഷമമായി.
വേണ്ടിയിരുന്നില്ല... പാവം...!

കണ്ണിമാങ്ങയുടെ പാല്‌ തട്ടി പൊള്ളിയതാണെന്നാണവള്‍ ഉമ്മ ചോദിച്ചപ്പോള്‍ പറഞ്ഞത്‌.
സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ ഞങ്ങള്‍ക്ക്‌ പെരുന്നാളാണ്‌. പാടത്തും പറമ്പിലും ഓടിച്ചാടി... ഇടക്ക്‌ കല്ലുവെച്ച്‌ അടുപ്പുണ്ടാക്കി ബാപ്പുവിന്റെ നേതൃത്വത്തില്‍ ചക്കരച്ചോറ്‌ വെക്കും. ചക്കരച്ചോറ്‌ എനിക്ക്‌ ഭയങ്കര ഇഷ്‌ടമായിരുന്നു. പാത്രം നിറച്ചും രണ്ടും മൂന്നും പ്രാവശ്യം വിളമ്പിത്തിന്നും. പള്ള പളപളേന്ന്‌ വലുതാവും. ടും. പിന്നെ കുറ്റിപ്പുരയില്‍ കിടന്നൊരു മയക്കമുണ്ട്‌. ഹാ...!

ചുറ്റുവട്ടത്തൊന്നും ടിവിയുണ്ടായിരുന്നില്ല. അങ്ങാടിയില്‍ ശരീഫിന്റെ പുരയിലുണ്ടായിരുന്നു. കുറച്ചപ്പുറത്തായി റോഡില്‍ നിന്ന്‌ ചാഞ്ഞിറങ്ങുന്ന ഇടവഴിക്കരികിലുള്ള തട്ടാന്‍മാരെ വീട്ടിലും. ഏരിയല്‍, വീടിന്റെ മോന്തായത്തില്‍ വമ്പ്‌കാട്ടി അന്തസ്സോടെ പൊന്തിനില്‌ക്കുന്ന എലുമ്പന്‍ പോക്കിരി. അതൊരന്തസ്സ്‌ തന്നെയാണ്‌. എവിടെപ്പോയാലും ഏരിയലുള്ള വീടാണ്‌ തെരയുക. അത്തരം വീട്ടുകാരോട്‌ വലിയ അസൂയയായിരുന്നു. ഞായറാഴ്‌ച വൈകുന്നേരം മലയാള ചലച്ചിത്രമുണ്ടാവും. നേരത്തെ കാലത്തെ പോയി ജനലില്‍ തൂങ്ങി നില്‌ക്കും. അകത്തേക്ക്‌ കയറ്റില്ല. വാതിലടച്ച്‌ കുറ്റിയിട്ടിട്ടുണ്ടാവും. അകത്ത്‌ കയറിയാല്‍ നിലത്തൊക്കെ ചെളിയും പൊടിയുമാവുമത്രെ. നിലം തുടച്ച്‌ തുടച്ച്‌ ശരീഫിന്റെ ഉമ്മയുടെ ഊര നിവര്‍ത്താന്‍ വയ്യത്രെ.

ടി വി കാണാന്‍ ഒരുപാട്‌ കുട്ടികളുണ്ടാവും. ജനലില്‍ തൂങ്ങിനിന്ന്‌ സിനിമ മുഴുവനും കാണും. കൈപ്പല കടയും. നിന്ന്‌ കാല്‌ കഴക്കും... ന്നാലും! ഇടക്ക്‌ കരണ്ട്‌ പോയാലാണ്‌ ദേഷ്യം വരിക. ഹരമായി വരുന്ന നേരത്തായിരിക്കും പണ്ടാറടങ്ങാന്‍ കരണ്ട്‌ പോവുന്നത്‌.

വീട്ടില്‍ നിന്നും അരിസാമാനങ്ങള്‍ വാങ്ങാന്‍ പീടികയിലേക്ക്‌ പറഞ്ഞയച്ചതായിരുന്നു എന്നെയും മൂത്താപ്പാന്റെ മകന്‍ ചെറിയാപ്പൂവിനെയും. പീടികയിലേക്ക്‌ പോവുന്ന നേരത്താണ്‌ ജനലില്‍ തൂങ്ങിയാടുന്ന കുട്ടികളെ കണ്ടത്‌. ചെന്ന്‌്‌്‌ നോക്കി. തിക്കിത്തെരക്കി, നുഴഞ്ഞു കയറാനൊരു പഴുതും കിട്ടുന്നില്ല. ഞങ്ങള്‍ തട്ടാന്‍മാരുടെ വീട്ടിലേക്ക്‌ പാഞ്ഞു. അവര്‌ വാതില്‌ തുറന്നു തന്നു. അകത്ത്‌ കയറി ശുജായികളായി ഇരുന്നു. ആകാംക്ഷ മുറ്റി നില്‌ക്കുന്ന ക്ലൈമാക്‌സ്‌ രംഗം. നായകന്‍ വില്ലനെ അടിച്ചു നെരപ്പാക്കുകയാണ്‌. ഡിഷ്യൂം... ഡിഷ്യൂം... ഡിഷ്യൂം...! തകര്‍പ്പനടി.
തലയനക്കാതെ കണ്ണുചിമ്മാതെ ടി വിയിലേക്കു തന്നെ തുറിച്ച്‌ നോക്കിയിരിക്കുകയാണ്‌ ഞാനും ചെറിയാപ്പുവും. ബേക്കില്‍ നിന്നും ആരോ ഒന്ന്‌ തോണ്ടി.

`അന്റെ എളാപ്പ വിളിക്കണ്‌...'
`എവ്‌ടെ'
`ദാ മിറ്റത്ത്‌'
ജനലിനുള്ളിലൂടെ എളാപ്പയുടെ തല. നെഞ്ചിനുള്ളിലൂടെ ഒരു തീക്കട്ട അരിച്ചു കയറുന്നു. സാമാനം വാങ്ങാനുള്ള സഞ്ചിയും പറ്റുപുസ്‌തകവും അരയില്‍ തിരുകി ഞങ്ങള്‍ പുറത്തിറങ്ങി.
`ഇങ്ങളെ എന്തിനാ പറഞ്ഞയച്ചെ...'
എളാപ്പയുടെ പരുക്കനൊച്ച.
`സാമാനം മാങ്ങാന്‍.'
`ന്ന്‌ട്ടിവ്‌ടാണോ പീട്യാ...! ഇവ്‌ട്‌ന്നാ സാമാനം മാങ്ങ്‌ണ്‌ത്‌?'
`ഞങ്ങള്‌...!'
വെയിലരികില്‍ നിന്നൊരു ചെടിക്കൊമ്പ്‌ പൊട്ടിക്കലും അടിയും പെട്ടെന്ന്‌ കഴിഞ്ഞു. നടുമ്പുറത്തുകൂടെ ചുട്ടുപൊള്ളി. നരുവട്ടം കിട്ടി. ഹാഅ്‌...!

ഒറ്റപ്പാച്ചിലായിരുന്നു. നേരെ കെടീല്‍ക്കാരെ പലചരക്കു പീടികയിലേക്ക്‌. സാമാനം വാങ്ങി വീട്ടില്‍ കൊണ്ടുപോയി കൊടുത്തിട്ടാണ്‌ പിന്നെ ഞങ്ങളൊന്ന്‌ നിന്നത്‌.

അതിനിടക്കൊരു മഹാസംഭവമുണ്ടായി! ഞാന്‍ നാലാംക്ലാസില്‍ നിന്നും ജയിച്ചു!

ഇനി അടക്കാക്കുണ്ട്‌ ഹൈസ്‌കൂളിലാണ്‌ പഠനം. ബസ്സിലൊക്കെ കയറി വേണം സ്‌കൂളില്‍ പോവാന്‍. ഹസീനയും ജയിച്ചിട്ടുണ്ട്‌. അവള്‍ പുല്ലങ്കോട്‌ ഹൈസ്‌കൂളിലാണ്‌ ചേര്‍ന്നത്‌. അവിടെ ഗവണ്‍മെന്റ്‌ സ്‌കൂളാണ്‌. എന്നും സമരമുണ്ടാകും. ബസിന്റെ ചില്ലൊക്കെ കുട്ടികള്‍ എറിഞ്ഞു പൊട്ടിക്കും. പോലീസു വരും... അടക്കാകുണ്ട്‌ മാനേജ്‌മെന്റ്‌ സ്‌കൂളാണ്‌. സമരമൊന്നും ഉണ്ടാവില്ല. ഹസീനയുടെ ഭാഗ്യം! അവള്‍ക്ക്‌ സമരമുള്ള ദിവസം സ്‌കൂളുണ്ടാവില്ല. ഞങ്ങള്‍ക്ക്‌ എന്നും സ്‌കൂളുണ്ടാവും. കണക്ക്‌ ടീച്ചറുടെ നുള്ള്‌ കിട്ടും. ഹിന്ദി മാഷുടെ അടിയും. ഹിന്ദിക്ക്‌ ഞാന്‍ വളരെ മോശാണ്‌.

പറമ്പിലെ കളികള്‍ നിന്നു. കുറ്റിപ്പുരകള്‍ ഒടിഞ്ഞുതൂങ്ങി.
വലിയ കുട്ടികളായില്ലെ. ഇപ്പോള്‍ പറമ്പത്താരെ വീട്ടുമുറ്റത്ത്‌ കോട്ടികളിക്കാന്‍ പോവും. ആണ്‍കുട്ടികള്‍ വേറെയും പെണ്‍കുട്ടികള്‍ വേറെയുമാണ്‌ കളി. പെണ്‍കുട്ടികള്‍ കക്കും കൊത്തക്കല്ലും വള്ളിച്ചാട്ടവുമൊക്കെയാണ്‌ കളിക്കുക. ആണ്‍കുട്ടികള്‍ക്ക്‌ കുട്ടീം കോലും, കെട്ടുപന്ത്‌, കോട്ടി, കല്ലിമ്മെത്തോണ്ടി തുടങ്ങിയ കളികളാണുള്ളത്‌.

മയമ്മദാക്കാന്റെ തൊടീന്ന്‌ മാങ്ങയും പുളിങ്ങയും കക്കും. സുലൈമങ്കാക്കാന്റെ തൊടീന്ന്‌ കൈതച്ചക്ക കക്കും. കുട്ടിക്കളിയൊക്കെ നിര്‍ത്തി. ഇപ്പോ വലിയ വലിയ കളികളാണ്‌. കടലാസ്‌ ചുരുട്ടിക്കൂട്ടി ബീഡിയാക്കി വലിക്കും. മീശ മുളക്കുന്നുണ്ടോയെന്ന്‌ കണ്ണാടിയില്‍ ചെന്നിടക്കിടക്ക്‌ നോക്കും. വലിയവരെപ്പോലെ നടക്കാന്‍ ശ്രമിക്കും. ഉപ്പയുടെ കീശയില്‍ നിന്ന്‌ ചില്ലറ വല്ലതും ഇസ്‌കും. പെണ്‍കുട്ടികളോട്‌ കണ്ണിറുക്കും. ദര്‍ശനാടാക്കീസില്‍ സിനിമക്ക്‌ പോകും.

ഏഴാം ക്ലാസിലേക്കു ജയിച്ചപ്പോഴാണ്‌ എന്നെയും ചെറിയാപ്പുവിനെയും എടവണ്ണ ഓര്‍ഫനേജില്‍ ചേര്‍ത്തത്‌. ദൂരെ താമസിച്ച്‌ പഠിക്കാന്‍ ഞങ്ങള്‍ക്ക്‌ താല്‌പര്യമായിരുന്നു. ആഘോഷമായിട്ടാണ്‌ പുറപ്പെട്ടത്‌. പുറപ്പെടുന്നതിന്റെ തലേന്ന്‌ ഹസീനയുടെ കല്യാണമായിരുന്നു. മമ്പാട്ടുകാരനായ ഒരു ഗള്‍ഫുകാരന്‍ ചൊങ്കനാണ്‌ പുതിയാപ്പിള. നല്ല പോത്ത്‌ ബിരിയാണി ഉണ്ടായിരുന്നു. തലേന്ന്‌ രാത്രി പോത്തിനെ അറുക്കുന്നത്‌ കാണാന്‍ ഞാനും പോയിരുന്നു. പെട്രോള്‍ മാക്‌സിന്റെ വെളിച്ചത്തില്‍ മമ്മദു ഇറച്ചി വെട്ടി തുണ്ടം തുണ്ടമാക്കിയിടുന്നു.

പെണ്‍കുട്ടികളായാലിങ്ങനെയാണ്‌. നേരത്തെ കെട്ടിച്ചുവിടും. അവള്‍ക്കിനി സ്‌കൂളില്‍ പോവണ്ട. മദ്‌റസയില്‍ പോവണ്ട. പഠിക്കണ്ട... എഴുതണ്ട... അവളുടെ ഭാഗ്യം!
ഹോസ്റ്റലില്‍ ഒരു ദിവസം നിന്നപ്പോഴേക്കും പൂതിയൊക്കെകെട്ടു. അതൊരു ജയിലറയായിരുന്നു. നിയമങ്ങളുടെ പൂട്ടുകളാണ്‌ ചുറ്റും. ദിനചര്യകള്‍ ടൈംടേബിളനുസരിച്ചാണ്‌. സംസാരവും ചിരിയുമൊക്കെ അളന്നു തൂക്കി മാത്രം. വാര്‍ഡന്റെ പരുക്കന്‍ സ്വഭാവം. പഞ്ഞമില്ലാത്ത അടി. ഈ നരകത്തില്‍ നിന്ന്‌ എങ്ങനെയെങ്കിലും രക്ഷപ്പെട്ടു കിട്ടിയാല്‍ മതിയായിരുന്നു.

രണ്ടു കൊല്ലം.
ഓരോ മണിക്കൂറിനും ഒരു മാസത്തിന്റെ ദൂരം. ഓരോ ദിവസത്തിനും ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യം. ഹാ...! ഒത്തിരി വിക്രസുകള്‍ക്കുശേഷം മോചനം ലഭിച്ചു. അടക്കാകുണ്ട്‌ സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ തിരിച്ചെത്തി.

മഴക്കാലമാണ്‌. മേഘം മൂടിക്കെട്ടിയ മാനത്ത്‌ ഇരുട്ടു തൂങ്ങിക്കിടക്കുന്നു. കുളിച്ചുമാറ്റി തേച്ചു മിനുക്കിയ യൂണിഫോമുമിട്ട്‌ ഫോമില്‍ തന്നെ സ്‌കൂളില്‍ പോവാന്‍ ബസ്സും കാത്ത്‌ നില്‌ക്കുമ്പോഴാണ്‌ ഹസീനയെ കണ്ടത്‌. കല്യാണത്തിന്‌ ശേഷം ആദ്യമായിട്ടാണ്‌ കാണുകയാണ്‌. ആകെ മെലിഞ്ഞുണങ്ങി എല്ലും തോലുമായിരിക്കുന്നു. ചുണ്ടിനു താഴെ ആ കറുത്ത മറുക്‌ ഇല്ലായിരുന്നുവെങ്കില്‍ അവളെ തിരിച്ചറിയുമായിരുന്നില്ല.

മഴ തുള്ളിയിട്ടു. ആലസ്സന്‍ കാക്കാന്റെ പീടികയുടെ ഇറയത്തേക്ക്‌ ഞങ്ങള്‍ കയറി നിന്നു.
അവളുടെ കഥയറിഞ്ഞപ്പോള്‍ തളര്‍ന്നുപോയി.

കല്യാണം കഴിഞ്ഞ്‌ മൂന്ന്‌ മാസമേ ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ കഴിഞ്ഞുള്ളൂ. ലീവ്‌ കഴിഞ്ഞ്‌ ഗള്‍ഫിലേക്ക്‌ തിരിച്ചുപോയപ്പോള്‍ വഴിക്കുവെച്ചൊരാക്‌സിഡന്റ്‌. വിമാനത്താവളത്തിന്റെ അഞ്ചുകിലോമീറ്റര്‍ അകലെ വച്ച്‌... അവിടെ വച്ചു തന്നെ... അന്നവള്‍ ഒരു മാസം ഗര്‍ഭിണി. രണ്ടുമൂന്നു മാസം കൂടി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു. പിന്നെ സ്വന്തം വീട്ടിലേക്ക്‌ തിരിച്ചു പോന്നു. പ്രസവം കാളികാവ്‌ ഗവണ്‍മെന്റ്‌ ആസ്‌പത്രീന്ന്‌. ഇരട്ടക്കുട്ടികള്‍. പ്രസവിച്ച്‌ കിടക്കുന്ന നേരത്ത്‌ പോലും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാരും വന്നുനോക്കിയതുപോലുമില്ല.

ഉപ്പ കിടപ്പിലായത്‌ പെട്ടെന്നായിരുന്നു. ശ്വാസകോശത്തിലാണ്‌ ക്യാന്‍സര്‍... ബീഡി വലിച്ചതോണ്ടാണെന്നാണ്‌ ഡോക്‌ടറ്‌ പറഞ്ഞത്‌. വലിയ ബീഡി വലിക്കാരനായിരുന്നില്ലേ... നാലും അഞ്ചും കെട്ട്‌ ബീഡിയല്ലേ ഒരു ദിവസം പുകച്ച്‌ കേറ്റിയിരുന്നത്‌. ഉള്ളതു മുഴുവന്‍ വിറ്റുപെറുക്കി ചികിത്സിച്ചു. ഉമ്മക്ക്‌ ശ്വാസം മുട്ടലും വാതവുമൊക്കെ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രണ്ട്‌ അനിയത്തിമാര്‍... പഠിക്കുന്നു. അമ്മാവനും ബന്ധുക്കളുമൊക്കെ വല്ലപ്പോഴുമൊന്ന്‌ വരും... വല്ലതും തരും... പക്ഷെ, അതു കൊണ്ടു മാത്രം...

ഇപ്പോള്‍ പണിക്കു പോവുന്നുണ്ട്‌. അയലോക്കത്തെ ബാപ്പുട്ടിയുടെ കൂടെ. അവന്‌ പടവിന്റെ പണിയാണ്‌. കല്ലു ചുമക്കാനും മണലു തരിക്കാനുമൊക്കെ. രണ്ടുമൂന്നു പെണ്ണുങ്ങള്‍ വേറെയുണ്ട്‌. അവരെ കാത്തു നില്‌ക്കുകയാണ്‌.

ചാറിക്കൊണ്ടിരുന്ന മഴ തകര്‍ത്തു പെയ്‌തു.
ബസ്സ്‌ വരുന്നുണ്ട്‌. ഇതിനെങ്കിലും പോയില്ലെങ്കില്‍ നേരം വൈകും. നേരം വൈകിയാല്‍ ക്ലാസില്‍ കയറ്റില്ല. ക്ലാസ്‌ മാഷ്‌ ഒരു ചൂടനാണ്‌.

ബസ്സില്‍ ഇരിക്കുമ്പോഴും ക്ലാസിലെത്തിയിട്ടും മനസ്സില്‍ പൊള്ളുന്ന ചിന്തയായി ഹസീനയുണ്ടായിരുന്നു.
.
© »¦ മുഖ്‌താര്‍ ¦ udarampoyil ¦«

20 Comments, Post your comment:

mukthaRionism said...

ബസ്സില്‍ ഇരിക്കുമ്പോഴും ക്ലാസിലെത്തിയിട്ടും മനസ്സില്‍ പൊള്ളുന്ന ചിന്തയായി ഹസീനയുണ്ടായിരുന്നു.

Mohamed Salahudheen said...

പൊള്ളിച്ചു ചിന്തകളെ, ഇനിയും പൊള്ളിക്കും ചിന്തകളുതിരട്ടെ

mukthaRionism said...

@ സലാഹ് ,
നന്ദി,
വരവിന്
വായനക്ക്
നല്ല വാക്കുകള്‍ക്ക്..

mrs Aslam said...

"alppaneram kuttikkalatheykku thirichu poyathu pole"
thanks

sha said...

വഴങ്യുടെ ആദ്യത്തില്‍ അല്ലാം ഒരു കുട്ടികാലത്തെ അനുഭവങ്ങളില്‍ ഞാനും പങ്കു കൊണ്ട് പക്ഷെ ഇപ്പോള്‍ ഞാനും ...... ഹസീനയുടെ കാര്യം.... മലപ്പുറം ജില്ലയുടെ പ്രാന്ത പ്രദേശങ്ങളില്‍ ഇപ്പോഴും ഇങ്ങനെ.............
എന്ത് ചെയ്യാന്‍... എല്ലാം വിധി.....

ഹംസ said...

നല്ല കഥ !! മുക്താറിന്‍റെ ബ്ലോഗില്‍ നിന്നും വായിച്ചിരുന്നു.!!

the man to walk with said...

touching ..

Manoraj said...

ഇത് മുഖ്താരിന്റെ ബ്ലോഗിൽ വായിച്ചിരുന്നു.. അവിടെ കമന്റിയില്ലെന്ന് തോന്നുന്നു.. എതായാലും ഇവിടേ പരായട്ടെ.. നല്ല കഥ..

mini//മിനി said...

ഓർമ്മകൾ കഥയായി മാറിയപ്പോൾ വായിക്കാൻ നല്ല രസം.

mukthaRionism said...

@
mrs Aslam,
xtream,
ഹംസ,
the man to walk with,
Manoraj,
mini//മിനി,

എല്ലാവര്‍ക്കും നന്ദി..
വരവിന്
വായനക്ക്
നല്ല വാക്കുകള്‍ക്ക്...

കുഞ്ഞൂസ് (Kunjuss) said...

ഹൃദയത്തില്‍ തൊടുന്ന കഥ.....

jayanEvoor said...

ഹൃദയസ്പർശിയായ കഥ.
ഇഷ്ടപ്പെട്ടു.

JIGISH said...

ബാല്യം ദാ കണ്മുന്നിൽ..! ഒരിക്കൽക്കൂടി
മടങ്ങാനാഗ്രഹിക്കുന്ന വഴികൾ...!!!

ഗ്രേറ്റ്, മുഖ്താർ..

Santosh Wilson said...

really touching!!! nannayi paranjirikkunnu!

Unknown said...

ബാല്യകാലത്തെക്ക് കൂട്ടികൊണ്ടു പോയി, നല്ല എഴുത്ത് .

sm sadique said...

ഓർമകൾ ഓടികിതച്ചപ്പോൾ പടിഞാറെ മുറ്റത്തെ കുട്ടിപുരയിലെക്ക് ഞാൻ
ഒടിക്കയറി............. തിരിച്ചിറങുമ്പൊൾ വീൽചെയറിലാകെ ചെളിപറ്റിയിരിക്കുന്നു.

എന്‍.ബി.സുരേഷ് said...

ബാല്യത്തിന്റെ ഓരോ പൊട്ടും പൊടിയും കളയാതെ പ്പെറുക്കി കൂട്ടി ചേര്‍ത്ത് വച്ചു നിങ്ങള്‍ അത്ഭുതം കാട്ടിയിരിക്കുന്നു.
ഓരോ കുട്ടിയും വായിച്ചിരിക്കേണ്ട ചിത്രങ്ങള്‍.
സ്നേഹത്തിന്റെ ഒരു പ്രപഞ്ചം, ഇത് കഥയെക്കാള്‍ കൂടുതല്‍ മറ്റെന്തൊക്കെയോ ആണ്.

ഒടുവില്‍ ബാല്യകാലസഖി പോലെ

mukthaRionism said...

@
കുഞ്ഞൂസ് (Kunjuss),
jayanEvoor,
JIGISH,
SantyWille ,
തെച്ചിക്കോടന്‍,
sm sadique,
എന്‍.ബി.സുരേഷ് ,

എല്ലാവര്‍ക്കും നന്ദി..
വരവിന്
വായനക്ക്
നല്ല വാക്കുകള്‍ക്ക്...

റോസാപ്പൂക്കള്‍ said...

പെണ്‍കുട്ടികളായാലിങ്ങനെയാണ്‌. നേരത്തെ കെട്ടിച്ചുവിടും. അവള്‍ക്കിനി സ്‌കൂളില്‍ പോവണ്ട. മദ്‌റസയില്‍ പോവണ്ട. പഠിക്കണ്ട... എഴുതണ്ട... അവളുടെ ഭാഗ്യം!

പാവങ്ങള്‍. ഇപ്പോഴും ഇന്ങ്ങനെയുള്ള ജിവിതങ്ങള്‍ മലബാറിലെ ഗ്രാമങ്ങളില്‍ ഉണ്ടെന്നു കേള്ക്കുന്നു.
ബാല്യത്തിലെ ഓര്മ്മകള്‍ കഥയില്‍ വന്നപ്പോള്‍ വളരെ നന്നായി.ഞങ്ങളും അവധിക്കാലത്ത്‌ മണ്ണെര കോര്ത്ത്‌ കുളത്തില്‍ മീന്‍ പിടിച്ചത് ഓര്ക്കുന്നു

Renjishcs said...

ഓര്‍മ്മകള്‍ ഉറവ പൊട്ടിയൊഴുകിയങ്ങനെ...