സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ചുവരിനപ്പുറത്തെ കുട്ടി

January 13, 2014 Salini Vineeth

ഒന്നാം നിലയിലെ വീടിനു മുന്നിൽ കിതപ്പടക്കാനായി ഞാൻ അല്പനേരം നിന്നു. മൂന്നു നിലയും ഓടിക്കയറാൻ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു, പണ്ട്! ഇപ്പോഴൊക്കെ ഒരു നില കയറിക്കഴിയുമ്പോഴേ കിതപ്പ് തുടങ്ങുന്നു. നാൽപ്പത്തഞ്ചാം വയസ്സിലേ ഹൃദയം ദുർബലമായി തുടങ്ങിയോ? മൂന്നു നിലയും കയറി, എന്‍റെ വീടിന്‍റെ മുന്നിലെത്തുമ്പോള്‍ ചെവിയില്‍ മൂളലും കൈകാലുകള്‍ക്ക് പഞ്ഞിയുടെ ലഘുത്വവും അനുഭവപ്പെടുന്നു.

വൈകുന്നേരങ്ങളില്‍ എന്‍റെ വരവ് ഏകദേശം ഇങ്ങനെയാണ്. ചുമലില്‍ ലാപ്ടോപ്പ് ബാഗ്. ഇരുകൈകളിലും ജൂസും,ലേയ്സും, പച്ചക്കറികളും മറ്റും പ്ലാസ്റ്റിക്‌ ബാഗുകളില്‍. പ്രത്യേകിച്ച് ആവശ്യം ഒന്നും ഇല്ലെങ്കിലും എന്തെങ്കിലുമൊക്കെ വാങ്ങിക്കൂട്ടുന്നത് ഒരു ശീലമായിപ്പോയി.വീടിന്‍റെ താഴു തുറന്നു ഉള്ളില്‍ കയറിയ ഉടന്‍ അകത്തു നിന്ന് രണ്ടു കൊളുത്തുകളും ഇടുന്നു. 94.3 എഫ് എം ഓണ്‍ ചെയ്യുന്നു. സമയം അപ്പോള്‍ 7.30 ആയിരിക്കും. പ്രഥ്വിയും നേഹയും റേഡിയോയില്‍ കലപില കൂട്ടാന്‍ തുടങ്ങിയിരിക്കും.  അടുക്കളയില്‍ കടന്നു ചായയുണ്ടാക്കുമ്പോഴും, ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോഴും, റേഡിയോ ചിലച്ചു കൊണ്ടേയിരിക്കും. മുന്‍വശത്തെ മുറിയില്‍ ആരൊക്കെയോ ഇരുന്നു സംസാരിക്കുകയാണെന്ന് ഞാന്‍ വെറുതെ സങ്കല്‍പ്പിക്കും.ഇത്ര ബുദ്ധിമുട്ടാണെങ്കില്‍ വേറൊരു ആളെക്കുടി വീട്ടില്‍ താമസിപ്പിച്ചു കൂടെ എന്ന് നിങ്ങൾ ചോദിച്ചേക്കാം.മറ്റൊരാളെ കൂടെ താമസിപ്പിച്ച്, അവരുടെ ശീലങ്ങളുമായി പൊരുത്തപ്പെട്ടു പോകാനുള്ള മഹാമനസ്കതയൊന്നും എനിക്കില്ല. എന്റെ ഞരമ്പുകൾക്കു ബലം വളരെ കുറവാണ്. അവ മിക്കപ്പോഴും വലിഞ്ഞു മുറുകി പൊട്ടാൻ പോകുന്നതുപോലെ തോന്നും. ചെറിയ  കാര്യങ്ങൾക്കു പോലും കരയുകയും, കാരണമൊന്നും ഇല്ലാതെ പൊട്ടിച്ചിരിക്കുകയും ചെയ്യും.പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല. 1991-ൽ ബാംഗ്ലൂരിൽ വരുമ്പോൾ പ്രായം 22. ലാങ്ങ്പിയിൽ ആദ്യമായി പ്രീഡിഗ്രിയും, ഷോർട്ട് ഹാൻഡ്‌ - ടൈപ്പ് റൈട്ടിങ്ങും പഠിച്ച ആദ്യ പെണ്‍കുട്ടി ഞാനാണെന്ന്  ബാബ വിരുന്നുകാരോടെല്ലാം അഭിമാനത്തോടെ  പറഞ്ഞിരുന്നു. ബാംഗ്ലൂരിൽ ബാബയുടെ അമ്മായിയും കുടുംബവും താമസിച്ചിരുന്നു. അവരാണ് ഒരു വലിയ ഓഫീസിൽ സ്റ്റെനൊഗ്രാഫറായി ജോലി ശരിയാക്കി തന്നത്.നിറയെ മരങ്ങളും തണുപ്പുമുള്ള ശാന്തമായ ഒരു നഗരമായിരുന്നു അന്നത്തെ ബാംഗ്ലൂർ. ആദ്യ കാലങ്ങളിൽ എന്റെ ചെലവുകളെല്ലാം കഴിഞ്ഞു 800  രൂപ വീട്ടിലേയ്ക്കു  അയക്കാൻ കഴിഞ്ഞിരുന്നു.ആ നോട്ടുകൾ ബാബയ്ക്ക് എന്നെക്കാൾ പ്രിയപ്പെട്ടതായി മാറാൻ അധികം കാലം വേണ്ടി വന്നില്ല.
ആദ്യത്തെ ക്രിസ്മസ്സിനു ഒരു കുന്നു വസ്ത്രങ്ങളും മൂത്ത ചേച്ചിമാരുടെ കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും പേറിക്കൊണ്ടു ഞാൻ വീട്ടിലെത്തിയപ്പോൾ ബാബ മുഖം കറുപ്പിച്ചു. സമ്മാനങ്ങൾക്കും വണ്ടിക്കൂലിക്കുമായി ചെലവാക്കിയ തുകയെക്കുറിച്ചായിരുന്നു ബാബയ്ക്കു ചോദിക്കാനുണ്ടായിരുന്നത്. അത് മാത്രം! പിന്നെ, കഴിഞ്ഞ ഇരുപത്തി മൂന്നു വർഷത്തിൽ മൂന്നു പ്രാവശ്യമേ ഞാൻ വീട്ടിലേയ്ക്കു പോയിട്ടുള്ളൂ. ഇളയ മൂന്നു സഹോദരിമാരുടെ വിവാഹത്തിന്. ഞാൻ വീട് വിട്ടു പോരുമ്പോൾ, അഞ്ചു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന റിം ചിം രണ്ടു വർഷം മുൻപാണ് വിവാഹിതയായത്. ആ കല്യാണത്തലേന്നു "നിന്റെ ജീവിതം" എന്ന് അവ്യക്തമായി പറഞ്ഞു കൊണ്ട് അമ്മ അല്പ നേരം തേങ്ങിക്കരഞ്ഞു.

ടൈപ്പ് റൈട്ടിങ്ങിന്റെയും സ്റ്റെനോഗ്രാഫിയുടെയും കാലം കഴിഞ്ഞു. പിന്നെ കുറച്ചു നാൾ ടീച്ചറായി.കംപ്യുട്ടറുകളുടെ കാലമായപ്പോൾ, സ്പോക്കണ്‍ ഇംഗ്ലീഷ് പഠിച്ച് ഒരു കാൾ സെന്ററിൽ ജോലി നേടി. കമ്പനിയിൽ പദവികൾ ഉയർന്നു. ഇപ്പോൾ ജീവിക്കാനുള്ള ചുറ്റുപാടൊക്കെ ആയി.

ഞാൻ താമസിക്കുന്ന അതേ  നിലയിൽ വേറെയും രണ്ടു വീടുകൾ കൂടിയുണ്ട്. അടുക്കളയുടെ ചുവർ  ഒന്നായതുകൊണ്ട് അടുത്ത വീട്ടിലെ ശബ്ദങ്ങളും അനക്കങ്ങളും എന്റെ വീട്ടിൽ കേൾക്കാം. ഒരു ദിവസം, ഞാൻ ജോലിക്കു പോയ സമയത്താണെന്ന് തോന്നുന്നു, തൊട്ടടുത്ത വീട്ടിലെ താമസക്കാർ വന്നത്. കട്ടിലും കസേരകളും വലിച്ചു നീക്കുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ഇതിനു മുൻപ് ആ വീട്ടിൽ താമസിച്ചിരുന്നത് നാല് ചെറുപ്പക്കാരാണെന്ന് തോന്നുന്നു. അവരുടെ പേരോ, നാടോ, ജോലിയോ ഒന്നും എനിക്കറിയില്ല.ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോൾ അവർ വീടൊഴിഞ്ഞു പോയിരുന്നു. രണ്ടു ദിവസം കൊണ്ട് എന്തൊക്കെയോ റിപ്പയർ ചെയ്ത്, വെള്ള വലിച്ച് ഹൌസ് ഓണർ ആ വീട് വീണ്ടും വാടകയ്ക്ക് കൊടുത്തു.

പുതിയ വീട്ടുകാർ  താമസം തുടങ്ങി രണ്ടു മൂന്നു ദിവസങ്ങൾക്ക് ശേഷമാണ്, ഒരു കുഞ്ഞിന്റെ മനോഹരമായ ചിരി അടുക്കളച്ചുവരിനപ്പുറത്ത് നിന്ന് മുഴങ്ങിക്കേട്ടത്. ഒരു കുഞ്ഞിന് ഇത്ര മനോഹരമായി ചിരിക്കാൻ കഴിയുമോ എന്നതിനേക്കാൾ ഇത്ര ഉച്ചത്തിൽ ചിരിക്കാൻ കഴിയുമോ എന്നാണു ഞാൻ അതിശയിച്ചത്.ചുവരിൽ ചെവി ചേർത്തപ്പോൾ കുടുതൽ  ചിരികളും, കുഞ്ഞുങ്ങൾക്ക്‌ മാത്രം അറിയാവുന്ന സ്വർഗീയ ഭാഷയിൽ കൊഞ്ചലുകളും കേൾക്കാൻ തുടങ്ങി.കളിചിരികൾക്കിടയിൽ ചിലപ്പോൾ പെട്ടെന്നവൻ നിശബ്ദനാകും. ഉറങ്ങി പോകുന്നതായിരിക്കും.കുഞ്ഞുങ്ങൾ  ഉറങ്ങി വീഴുന്നതിന്റെ എത്രയോ രസകരമായ വീഡിയോകൾ ഞാൻ യു-ടുബിൽ കണ്ടു രസിച്ചിട്ടുണ്ട്!
ചിലപ്പോളൊക്കെ കുഞ്ഞിനെ അമ്മ കളിപ്പിക്കുന്നതിന്റെയും ഇക്കിളി കൂട്ടി ചിരിപ്പിക്കുന്നതിന്റെയും ശബ്ദം കേൾക്കാം. അവനൊരു വെളുത്തുരുണ്ട കുട്ടിയായിരിക്കണം. ചീർത്ത കവിളുകളും നനുനനുത്ത മുടിയുമുള്ള ഒരു കുട്ടി.
ദിവസങ്ങൾ കഴിയുന്തോറും ചുവരിനപ്പുറത്തെ കുട്ടിയെ കാണണമെന്ന് എനിക്ക് കലശലായ മോഹം തോന്നി. ചതിയനായ ഒരു കാമുകനെങ്കിലും ഒരു കുഞ്ഞിനെ സമ്മാനിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു തുടങ്ങി. അച്ഛനും അമ്മയും കുഞ്ഞുമുള്ള ആ വീട്ടിൽ എന്തു രസമായിരിക്കും! അച്ഛൻ മുപ്പതോ മുപ്പത്തഞ്ചോ വയസ്സുള്ള ഒരു യുവാവായിരിക്കും.സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകാനാണു  സാദ്ധ്യത. ക്ലീൻ ഷേവ് ചെയ്ത, ആഫ്റ്റർ  ഷേവ് ലോഷന്റെ മണമുള്ള കവിളുള്ള, അല്പമെന്നു പറയാവുന്ന കുടവയറുള്ള, വെളുത്ത് ഉയരം കൂടിയ ഒരാളായിരിക്കണം. കയ്യിൽ നേർത്ത നീല  ഞരമ്പുകളുള്ള മെലിഞ്ഞ സുന്ദരിയായിരിക്കും ഭാര്യ. അവൾ ദിവസവും വൈകുന്നേരം തന്റെ ഭർത്താവിനായി ആലൂ പരാത്തയും, ഭൂന്തി  റയിത്തയും, ചന മസാലയും ഉണ്ടാക്കുന്നുണ്ടായിരിക്കണം.അത്താഴത്തിനു ശേഷം അവളും ഭർത്താവും കുഞ്ഞിനെയെടുത്ത് സ്വീകരണ മുറിയിൽ ഇരുത്തി കളിപ്പിക്കും.രാത്രി വൈകിയും കേൾക്കുന്ന ചിരികൾ അതാകാൻ മതി. കുഞ്ഞുറങ്ങി കഴിയുമ്പോൾ ഭർത്താവ് അവളുടെ അരയിൽ  കൈ കോർത്തു പിടിച്ച് കഴുത്തിൽ മൃദുവായി ചുംബിക്കുന്നുണ്ടാകണം.

ഒന്ന് രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും, അടുത്ത വീട്ടിലെ കുഞ്ഞിനെയോ അവന്റെ അച്ഛനമ്മമാരെയോ പുറത്ത് കണ്ടില്ല. രാവിലെ ഏഴരയ്ക്ക് വീടിനു മുൻ വശത്തെ റോഡിൽ വന്നു ഹോണടിക്കുന്ന കാൾ സെന്റര് കാറിൽ കയറാനായി ഓടുമ്പോൾ ഞാനവരുടെ ജനാലയിലേയ്ക്ക്‌ പാളി നോക്കിയിരുന്നു. കട്ടി കുടിയ കറുത്ത കർട്ടനുകൾ കാരണം എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല. ചുവരിനപ്പുറത്തെ കുട്ടി കളിയും ചിരിയും കരച്ചിലുകളും നിർബാധം  തുടർന്നു.

ഈ ദിവസങ്ങളിൽ എനിക്ക് എന്തെന്നില്ലാത്ത അസ്വസ്ഥതകൾ അനുഭവപ്പെട്ടു. പിരിമുറുക്കത്തിന് കഴിക്കുന്ന മരുന്നുകൾ ദിവസവും വേണ്ടി വന്നു. വീട്ടിൽ നിന്ന് ഫോണ്‍ വരുന്ന ദിവസം മാത്രം കഴിക്കേണ്ടി വരുന്ന ഉറക്ക ഗുളിക എല്ലാ ദിവസവും വേണമെന്ന് വന്നു.

"സൊപ്പു" എന്നു  വിളിക്കപ്പെടുന്ന  ഞങ്ങളുടെ പച്ചക്കറിക്കാരിയും അടുത്ത വീട്ടിലെ വാതിൽ  തുറക്കപ്പെടാതിരുന്നതിൽ അസ്വസ്ഥയായിരുന്നു. ഈ ഫ്ലാറ്റിലെ മറ്റു വീട്ടുകാരുടെ കഥകൾ എനിക്ക് പറഞ്ഞു തരാറുള്ളത് അവരാണ്. ഒന്നാം നിലയിലെ താമസക്കാർ എന്തോ മോഡി കെയർ എന്നോ മണി ചെയിൻ  എന്നോ മറ്റോ പറഞ്ഞു കാശ് തട്ടിച്ചത്, പിന്നെ രായ്ക്കു രാമാനം സ്ഥലം വിട്ടത്, വീട്ടുടമയുടെ മകൾ കൂടെ പഠിക്കുന്ന ഒരു ചെറുക്കന്റെ കുടെ ഒളിച്ചോടിയിട്ടു പിടിച്ചു കൊണ്ട് വന്നത്,എല്ലാം ഞാനറിഞ്ഞത് സൊപ്പിൽ നിന്നായിരുന്നു. 
 വീട്ടിനകത്ത് നിന്നു ചില ശബ്ദങ്ങൾ കേൾക്കാറുണ്ട് എന്നല്ലാതെ ആ വീട്ടുകാരെ കുറിച്ച് അവൾക്കും അറിവില്ലായിരുന്നു..

ആഴ്ച ഒന്ന് കഴിഞ്ഞു. ആകാംഷ സഹിക്കാവുന്നതിലും ഏറെയായപ്പോൾ  ഞാൻ രണ്ടും കൽപ്പിച്ച് അവരുടെ വാതിലിൽ മുട്ടി. രണ്ടു മിനിറ്റു നേരത്തേയ്ക്ക് അകത്തു നിന്ന് പ്രതികരണം ഒന്നുമുണ്ടായില്ല. ഒന്നു കൂടി മുട്ടിയപ്പോൾ അകത്തു നിന്ന്  പതിഞ്ഞ കാൽവയ്പ്പുകൾ കേൾക്കാൻ  തുടങ്ങി. കാരണം അറിയാത്ത ഒരു സംഭ്രമം എന്നെ പിടികൂടിയതു പോലെ തോന്നി. വാതിൽ  തുറക്കപ്പെട്ടു. കണ്ണിനു ചുറ്റും കറുത്ത വളയങ്ങളും നരച്ചു തുടങ്ങിയ ചെമ്പൻ മുടിയുമുള്ള ഒരു സ്ത്രീയാണ് കതകു തുറന്നത്. അകത്തേക്ക് പാളി നോക്കിക്കൊണ്ട്‌ ഞാൻ ഹിന്ദിയിൽ ചോദിച്ചു.

"നിങ്ങളുടെ യജമാനത്തി ഇവിടെ ഇല്ലേ?"

"യജമാനത്തിയോ? ഈ വീട്ടില് ഞാൻ മാത്രമേയുള്ളൂ."

സൗഹൃദം തൊട്ടു തീണ്ടിയിട്ടില്ലാത്ത  ഭാവത്തോടെ അവൾ പറഞ്ഞു. അവളുടെ നൈറ്റി നിറം മങ്ങിയതും കരിമ്പനടിച്ചതുമായിരുന്നു. വാതിൽ  പടിയിൽ കൈകൾ വച്ചപ്പോൾ അത് വരണ്ടതും ചളി പിടിച്ചതുമാണെന്നു ഞാൻ കണ്ടു.

"നിങ്ങളുടെ ഭർത്താവ് ഇവിടില്ലേ?"

എന്റെ അന്വേഷണങ്ങളിൽ അവൾ അസ്വസ്ഥയാകുന്നു എന്ന് തോന്നി.

"എനിക്ക് ഭർത്താവില്ല..."

"ഇവിടെ നിന്നൊരു കുഞ്ഞിന്റെ ശബ്ദം കേൾക്കാറുണ്ട്. അവനെ കാണാനാണ് ഞാൻ വന്നത്"

"കുഞ്ഞോ? അവൻ ഉറങ്ങുകയാണ്..." വെറുപ്പ്‌ കലർന്ന ഒരു നോട്ടം എനിക്ക് സമ്മാനിച്ചു കൊണ്ട് അവൾ പറഞ്ഞു.


അവിടെ നിന്ന് എത്രയും പെട്ടെന്ന് ഓടി പോരാനാണ് എനിക്ക് തോന്നിയത്. എങ്കിലും ആ കുഞ്ഞിനെ ഒന്ന് കണ്ടില്ലെങ്കിൽ ഇനിയും പല ദിവസങ്ങളിലെ ഉറക്കം നഷ്ടപ്പെടും എന്ന് പേടിച്ച് ഞാൻ വീണ്ടും ചോദിച്ചു,

"എപ്പോഴാ അവൻ ഉണരുക?"

"അവൻ ഉറങ്ങുകയാണ്..." എന്റെ ചോദ്യത്തിനു ഉത്തരം തരാൻ മെനക്കെടാതെ, ദൂരെയെവിടെയോ ദൃഷ്ടി പതിപ്പിച്ചു കൊണ്ട് അവൾ അലക്ഷ്യമായി പറഞ്ഞു. വാതിൽ അടയ്ക്കാൻ എന്നതു പോലെ അല്പം മുന്നോട്ടു ഉന്തുകയും ചെയ്തു. അവൾ ഉദ്ദേശിച്ചത് എന്നോട് കടന്നു പോകാനാനെന്നു മനസ്സിലാക്കി ഞാൻ പറഞ്ഞു.

"ഞാൻ അടുത്ത വീട്ടിലാണ് താമസം. സമയം കിട്ടുമ്പോൾ.."

എന്നെ മുഴുമിക്കാൻ അനുവദിക്കാതെ അവൾ വാതിൽ കൊട്ടിയടച്ചു. അപമാനത്തെക്കാൾ ഏറെ ആശ്ചര്യമാണ് എനിക്ക് തോന്നിയത്. എത്ര വിചിത്രമായ പെരുമാറ്റം! ചിരിക്കാൻ കൂട്ടാക്കാത്ത ആ തണുത്ത മുഖം ഇനിയൊരിക്കലും കാണില്ലെന്ന് നിശ്ചയിച്ച് ഞാൻ എന്റെ വീട്ടിലേയ്ക്കു മടങ്ങി. ഒരു കുട്ടിയുടെ കളിയും ചിരിയും വൈകുന്നേരവും മുഴങ്ങി. അവളുടെ കുട്ടി ഉണർന്നു കാണും.!

പിന്നെയും ഒരാഴ്ച കഴിഞ്ഞു. വാടക കൊടുക്കാനായി പോയപ്പോൾ ഹൌസ് ഓണർ ചോദിച്ചു.

"നിങ്ങൾ അടുത്ത വീട്ടിലെ സ്ത്രീയെ ശല്യപ്പെടുത്താറുണ്ടോ?"

ആ ചോദ്യം കേട്ട് ഞാൻ ചിരിച്ചു പോയി.

"ശല്യപ്പെടുത്താൻ ഒന്നുമല്ല, അവരുടെ കുഞ്ഞിനെ ഒന്ന് കാണാൻ പോയതാണ്."

"ഏതു കുട്ടി? അവർ അവിടെ ഒറ്റക്കാണ് താമസം. നിങ്ങളെ പോലെ തന്നെ ഒരു കാൾ സെന്ററിൽ ആയിരുന്നു ജോലി. ഇപ്പോൾ എന്തോ കാരണം കൊണ്ട് ജോലിക്കു പോകുന്നില്ല. നിങ്ങൾ ഏതു കുട്ടിയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല"  ആശ്ചര്യത്തോടെ ഓണർ പറഞ്ഞു നിറുത്തി.

യാന്ത്രികമായ ഒരു ഭാവത്തോടെ വാടക കൊടുത്തു മൂന്നാം നിലയിലേയ്ക്കുള്ള പടികൾ കയറുമ്പോൾ ഏതു വികാരമാണ് എനിക്ക് തോന്നിയതെന്നറിയില്ല. ആശ്ചര്യവും, ജാള്യവും, ഇഛാഭംഗവും അല്പം ദുഖവും, എന്താണെന്ന് വ്യക്തായി പറയാനാവുന്നില്ല. ചുവരിലെ കണ്ണാടിയിൽ  പ്രതിഫലിച്ച എന്റെ രൂപം കണ്ടു ഞാൻ ഭയന്നു പോയി. അതെന്റേതായിരുന്നില്ല. നരച്ച മുടിയും, കുഴിഞ്ഞ കണ്ണുകളുമുള്ള ക്ഷീണിതയായ ഒരു സ്ത്രീയെയാണ് ഞാൻ കണ്ണാടിയിൽ  കണ്ടത്.
 --