സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



“പയംകുറ്റി”

August 29, 2012 ബിജുകുമാര്‍ alakode

“മുടിയാനായിട്ട് ഇന്നൊടുക്കത്തെ തെരക്കാണല്ലോ..! ഇവനെയൊക്കെ ഏടുന്നു കെട്ടിയെടുക്കുന്നപ്പാ..?”

 പകുതി നിരാശയിലും പകുതി ദേഷ്യത്തിലുമായി കുഞ്ഞിരാമേട്ടന്‍ തന്നെത്താന്‍ പറഞ്ഞു. തന്റെ ശുഷ്കമായ ശരീരം ആ ജനത്തിരക്കിനിടയിലൂടെ ഊളിയിട്ടു മുന്നോട്ടു കടത്താനാവില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ ദേഷ്യവും നിരാശയും. അപ്പോള്‍ അവിടെ തള്ളല്‍ കൂടിക്കൂടി വന്നു. നടന്നും ഓട്ടോറിക്ഷയിലുമായി ആളുകള്‍ പിന്നെയും വന്നുകൊണ്ടിരിയ്ക്കുന്നു. വരുന്നവരുടെയൊക്കെ മുഖത്ത് കുഞ്ഞിരാമേട്ടന്റേതിനോടു സമാനമായ ഭാവം. എങ്കിലും അവരില്‍ പലരും തടിമിടുക്കന്മാരായതിനാല്‍ തള്ളനിടയിലേയ്ക്കു  ഉത്സാഹത്തോടെ ഇടിച്ചുകയറി. കടന്നല്‍ കൂട്ടിലെ മൂളല്‍ പോലെ ഒരു ഇരമ്പം അവിടെയെമ്പാടും ചുറ്റിക്കളിച്ചു. 

നാളെ തിരുവോണമാണ്. ഉത്രാടപാച്ചിലില്‍ ആണ് എല്ലാവരും. എല്ലാവര്‍ഷവും ഈ തിരക്ക് പതിവുള്ളതാണ്. ഈവര്‍ഷം വളരെ കൂടിയിരിയ്ക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നൂറും നൂറ്റമ്പതും രൂപാ കൂടുതലുണ്ട് കൂലി. അപ്പോള്‍ പിന്നെ തിരക്കുകൂടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളു...? നേരം ഇരുട്ടിത്തുടങ്ങി. അവിടവിടെ ഓണവിളക്കുകള്‍ തെളിഞ്ഞു. അപ്പുറത്ത് റോഡിലും തിരക്കു തന്നെ. കൈയില്‍ സഞ്ചികളും കൂടുകളുമായി ജനം തിരക്കിട്ടു അങ്ങോട്ടുമിങ്ങോട്ടും പായുകയാണ്. ഉച്ചത്തില്‍ ഹോണടിച്ച് കാറും ജീപ്പും ഇടയ്ക്കിടെ ബസുകളും.
കുഞ്ഞിരാമേട്ടന് എന്തെന്നില്ലാത്ത വിഷമമായിപ്പോയി. നല്ലൊരോണമായിട്ട് നാളെ വെറുംകൈയോടെ നടക്കേണ്ടി വരുമല്ലോ മുത്തപ്പാ...! അയാള്‍ ഷര്‍ട്ടിന്റെ കൈമടക്കില്‍ നിന്നും ഒരു ബീഡിയെടുത്ത് കത്തിച്ചു. ജനം പെരുകി പെരുകി വരുകയാണ്. എന്തായാലും ഇതിനിടയില്‍ കയറി സാധനം മേടിയ്ക്കുക ചിന്തിയ്ക്കുകയേ വേണ്ട. പരിചയമുള്ള ഏതെങ്കിലും മുഖം ഉണ്ടോ എന്ന് അയാള്‍ ചുറ്റും ഉഴറി നോക്കി. നേര്‍ത്ത ഇരുട്ടില്‍ ആരെയും കാണാനില്ല. പരിചയമില്ലാത്തവരെ ഏല്പിച്ചാല്‍ കാശു പോകുമെന്നതു മൂന്നര തരം...

പെട്ടെന്നാണ് ആ തിരക്കിനിടയില്‍ നിന്നൊരു  അലര്‍ച്ചയും അടിയുടെ ബഹളവും കേട്ടത്. കുറേ പേര്‍ ചിതറി ഓടുന്നു. കുഞ്ഞിരാമേട്ടന് ഒന്നും മനസ്സിലായില്ല, എന്തോ സംഭവിച്ചിരിയ്ക്കുന്നു. പട്ടിക്കൂട്ടം കടിപിടി കൂടുന്ന പോലെ ആരൊക്കെയോ ഉരുണ്ടുവീണും പിടഞ്ഞെണീറ്റും പിന്നെയും അടി പാറി. തന്റെ ശരീര ശേഷിയെ സംബന്ധിച്ച് അതിനിടയിലെങ്ങാനും പെട്ടു പോയാല്‍ പൊടിപോലും കിട്ടില്ലാ എന്നുറപ്പായതിനാല്‍ കൂടുതല്‍ ആലോചിയ്ക്കാതെ കുഞ്ഞിരാമേട്ടന്‍ അവിടെ നിന്നും ഓടി മാറി. അഞ്ചു മിനിട്ടു കഴിഞ്ഞില്ല, ബഹളത്തിനിടയിലെയ്ക്ക് നീല വെളിച്ചം മിന്നിച്ചു കൊണ്ട് ഒരു പോലീസ് ജീപ്പ് പാഞ്ഞു വന്നു. ചാടിയിറങ്ങിയ പോലീസുകാര്‍ തലങ്ങും വിലങ്ങും ലാത്തി പായിച്ചു. ചിതറിയോടിയവരുടെ കൂട്ടത്തില്‍ കുഞ്ഞിരാമേട്ടനും പറപറന്നു. “ആരെയോ കുത്തിയെന്നാ തോന്നുന്നത്...” ഓട്ടത്തിനിടയില്‍ ഈയൊരു സംസാരം അയാള്‍ കേട്ടു. എന്നാലിനി ഇന്നു തുറക്കലുമില്ല കച്ചവടവുമില്ല. ശ്ശേ..! ആകെ കഷ്ടമായി. അറിയാതെയൊരു വിറയല്‍ വയറില്‍ നിന്നുയര്‍ന്നു വന്ന് കൈവിരലുകളില്‍ ചാടിക്കളിച്ചു. പരവേശപ്പെട്ട് അടുത്തുകണ്ട കുമ്മിട്ടിക്കടയില്‍ നിന്നും ഒരു സോഡ വാങ്ങിക്കുടിച്ചു. ചെറിയൊരാശ്വാസം.

നിരാശകൊണ്ട് മനം മടുത്ത് കുഞ്ഞിരാമേട്ടന്‍ രയരോത്തെയ്ക്ക് നടന്നു. വാറ്റുകാരന്‍ അവറാന്റെ കന്നാസു കാലിയായിട്ടില്ലെങ്കില്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ഗ്ലാസ് കിട്ടിയേക്കും. തിരുവോണം പ്രമാണിച്ച് മാക് ഡവലോ ഗ്രീന്‍ ലേബലോ മേടിയ്ക്കാം എന്ന അത്യാഗ്രഹം കൊണ്ടു മാത്രമാണ് പതിവു വാറ്റുപേക്ഷിച്ച് ആലക്കോട്ടെ ബിവറേജസിന്റെ മുന്നില്‍ ക്യൂ നില്‍കാമെന്നു കരുതിയത്. എന്തുകാര്യം, ക്യൂ പോയിട്ട് അതിന്റെ പരിസരത്തു പോലും അടുക്കാന്‍ പറ്റിയില്ല.

ഓരോന്നു ചിന്തിച്ച്, ഉള്ളില്‍ കത്തുന്ന പരവേശത്തോടെ കുഞ്ഞിരാമേട്ടന്‍ രയറോത്തെത്തി. നേരം ഒമ്പതു മണി രാത്രി. ചുരുക്കം ചിലരൊഴിച്ചാല്‍ വിജനം. എല്ലാവരും ഉത്രാടം പ്രമാണിച്ച് വീടണഞ്ഞിരിയ്ക്കുന്നു. വൈതല്‍ മലയില്‍ പെയ്ത മഴയുടെ കുത്തൊഴുക്കല്‍ ശബ്ദം പുഴയില്‍ നിന്നും അലച്ചുവരുന്നുണ്ട്. ജമാ അത്ത് പള്ളിയുടെ മിനാരത്തില്‍ വെള്ളിമൂങ്ങയുടെ ചിറകടി. രയറോത്തുകൂടെ അങ്ങോട്ടുമിങ്ങോട്ടും ഓരോ ചാല്‍ നടന്നെങ്കിലും അവറാനെ അവിടെയെങ്ങും കണ്ടില്ല. ലോകം മൊത്തം ഇരുളടഞ്ഞ പോലെ തോന്നിപ്പോയി കുഞ്ഞിരാമേട്ടന്. വല്ലാതെ ആഗ്രഹിച്ചിട്ടു  കിട്ടാതെ വരുമ്പോഴുള്ള നിരാശയുണ്ടല്ലോ, അതാണു ഏറ്റവും വലിയ ദുരന്തം. നാവുകടിച്ചമര്‍ത്തി, വയറ്റില്‍ ശക്തിയോടെ അള്ളിപ്പിടിച്ച് അയാള്‍ വീട്ടിലേയ്ക്കു നടന്നു.

മുറ്റത്തിനു താഴെയുള്ള വെട്ടുവഴിയില്‍ നിന്നും ഏതുസമയവും പൊട്ടിച്ചിതറാവുന്ന നാടന്‍ തെറിയ്ക്കു കാതോര്‍ത്തിരിയ്ക്കുകയായിരുന്നു ശാന്തേടത്തി. സാധാരണ എട്ടരമണിയാവുമ്പോള്‍ അതു സംഭവിയ്ക്കേണ്ടതാണ്. ഇന്നു പതിവിനു വിപരീതമായി ഒന്‍പതരയായിട്ടും യാതൊരനക്കവുമില്ല. വല്ലാത്തൊരു പേടിയും പരിഭ്രമവും ശാന്തേടത്തിയെ പൊതിഞ്ഞു. മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്ക് തിണ്ണയിലെ ബഞ്ചില്‍ വെച്ചിട്ടു അവര്‍ മുറ്റത്തിനു താഴേയ്ക്ക് നോക്കി നിന്നു. നേര്‍ത്ത ഓണനിലാവുണ്ട്. ഇടയ്ക്കിടെ കാര്‍മേഘങ്ങളുടെ കാളിമ അതിനെ പൊതിഞ്ഞും പിന്നെ അഴിഞ്ഞും പൊയ്ക്കൊണ്ടിരുന്നു.

നായരുമലയുടെ അടിവാരത്തുകൂടി കയറിവരുന്ന വെട്ടുവഴിയിലൂടെ അപ്പോള്‍ കുഞ്ഞിരാമേട്ടന്‍ ഉഴറി കയറി വരുന്നുണ്ടായിരുന്നു. മുറ്റത്തെ ഒതുക്കു കല്ലുകയറിവരുന്നയാള്‍ ഏതോ അപരിചിതനാണെന്നാണ് ശാന്തേടത്തി ആദ്യം കരുതിയത്. ആ ഒരു ആന്തലില്‍ നിന്നും മോചിതയാകും മുന്‍പേ കുഞ്ഞിരാമേട്ടന്റെ മുഖം വിളക്കിന്റെ വെളിച്ചത്തിലേയ്ക്കു നീങ്ങി വന്നിരുന്നു. പേടിയേക്കാള്‍ വലിയ അതിശയമാണപ്പോള്‍ അവര്‍ക്കു തോന്നിയത്. ഇതെന്തു കഥ മുത്തപ്പാ..!

ഇത്ര പച്ചയ്ക്ക് ഇങ്ങേരെ കണ്ടിട്ടു ഏറ്റവും ചുരുങ്ങിയത് പതിനഞ്ചു വര്‍ഷമെങ്കിലും ആയിരിയ്ക്കും, അതായത് തങ്ങളുടെ കല്യാണത്തിന്റെ ആദ്യനാളുകളില്‍. പിന്നെയെന്നും, എല്ലാ സന്ധ്യകള്‍ക്കും രാത്രികള്‍ക്കും നാടന്‍ ചാരായത്തിന്റെ മണവും പച്ചത്തെറികളുടെ താളവുമായിരുന്നല്ലോ. ആദ്യത്തെ തെറിപര്‍വം കഴിഞ്ഞാല്‍ മൂന്നാലു ഇടിയും കുഞ്ഞുങ്ങളുടെ കരച്ചിലുമൊക്കെയായി മൂര്‍ധന്യത്തിലെത്തും. ചില ദിവസങ്ങളില്‍ കലവും പാത്രങ്ങളും മുറ്റത്തിനു താഴേയ്ക്കു പായും. ഓണമായാലും വിഷുവായാലും ശിവരാത്രിയായാലും ഈ പതിവ് തെറ്റാറില്ല. അതു അവര്‍ക്കു നല്ല നിശ്ചയമുണ്ട്. പിന്നെന്താ ഈ ഉത്രാടനാളില്‍ മാത്രം ഒരു മാറ്റം...?

ഭാര്യയുടെ മുഖം നോക്കാതെ കുഞ്ഞിരാമേട്ടന്‍ തിണ്ണയിലേയ്ക്കു കയറി ബഞ്ചിലിരുന്നു. ശാന്തേടത്തി മൂക്കുവിടര്‍ത്തി മണം പിടിച്ചു. ഇല്ല ഒട്ടും മണമില്ല.  ഇതെന്തു പറ്റി..! ആ അമ്പരപ്പില്‍ അല്പനേരം കഴിഞ്ഞു.
“ചോറെടുക്കട്ടെ..?” എന്നോ മറന്നു പോയ ഒരു വാചകത്തെ തപ്പിയെടുത്തു മുന്നില്‍ വച്ച് വായിയ്ക്കുന്നതു പോലെ ശാന്തേടത്തി ചോദിച്ചു. കുഞ്ഞിരാമേട്ടന്‍ തലയാട്ടി. വലിയൊരു സുവര്‍ണ നക്ഷത്രം വീട്ടിനുള്ളിലേയ്ക്കു പൊട്ടിവീണതുപോലെ അവര്‍ ചിരിച്ചു. ഉള്ളിലെമ്പാടും പൂത്തിരി. എത്രയോ കാലങ്ങള്‍ക്കു ശേഷം, കുഞ്ഞുങ്ങള്‍ ഞെട്ടിയുണരാതെ തിരിഞ്ഞുകിടന്ന് ഉറക്കം തുടര്‍ന്നു. കുഞ്ഞിരാമേട്ടന്റെ വിയര്‍പ്പിനു ചാരായത്തിന്റേതല്ലാത്ത ഒരു ഗന്ധമുണ്ടെന്ന് ശാന്തേടത്തി അറിഞ്ഞു.  ശാന്തേടത്തിയുടെ ഗന്ധം ഓര്‍മ്മയുടെ അറയില്‍ നിന്നും കണ്ടെടുക്കാന്‍ കുഞ്ഞിരാമേട്ടനും ഏറെ നേരം വേണ്ടി വന്നു.

തിരുവോണത്തിന്റെ പ്രഭാതം. രാത്രിയിലെ ചെറിയ മഴയുടെ ബാക്കിയായ തുള്ളികള്‍ ഓലത്തുമ്പത്തും ഇലച്ചാര്‍ത്തുകളിലും തിളങ്ങുന്നുണ്ടായിരുന്നു. എവിടെ നിന്നോ ഒരായിരം പൂമ്പാറ്റകള്‍ അതിലെയെല്ലാം വട്ടമിട്ടു. എന്തെന്നില്ലാത്ത ഉത്സാഹത്തില്‍ ശാന്തേച്ചി പണ്ടെങ്ങോ മറന്ന ഒരു സിനിമാ പാട്ടിന്റെ രണ്ടു വരികള്‍ മൂളി.
കുഞ്ഞിരാമേട്ടന്‍ പതിവിലും വൈകിയാണെഴുനേറ്റത്. അങ്ങേരുടെ മുഖമാകെ വിങ്ങിയതുപോലെ. കൈകള്‍ രണ്ടും വിറച്ചുകൊണ്ടിരുന്നു. കട്ടന്‍ കാപ്പിപോലും കുടിയ്ക്കാന്‍ നില്‍ക്കാതെ അയാള്‍ രയരോത്തേയ്ക്കു നടന്നു. അവറാന്‍ ഇത്ര രാവിലെ ഉണ്ടാവാറില്ല, എങ്കിലും ഒന്നു നോക്കിയേക്കാം.

അങ്ങാടിയിലും പിന്നെ പുഴക്കരയാകെ തപ്പിയിട്ടും അവറാനെ കാണാന്‍ പറ്റിയില്ല. ഇനിയെന്തു ചെയ്യും? കുഞ്ഞിരാമേട്ടന്‍ തുള്ളപ്പനിക്കാരനെ പോലെ വിറച്ചുകൊണ്ടിരുന്നു. ഇതു കണ്ട ചിലര്‍ ചിരിച്ചുകൊണ്ടു പറയുകയും ചെയ്തു: “കുഞ്ഞ്രാമനു രാവിലെ സാതനം കിട്ടാത്തതിന്റെയാ.. ഇന്നലെത്തേന്റെ ബാക്കിയൊന്നും ഇല്ലേടോ...?”

അയാള്‍ ആരോടും ഒന്നും മിണ്ടിയില്ല, മിണ്ടാവുന്ന അവസ്ഥയിലുമല്ല. രാവിലെ ഒന്‍പതുമണി വരെ ചുറ്റിയടിച്ചിട്ടും യാതൊരു രക്ഷയുമില്ല. തിരുവോണനാളാണ്, ആലക്കോട്ട് പോയിട്ടു കാര്യമില്ല. എവിടെ നിന്നും സാധനം കിട്ടില്ല. രാവിലെ പച്ചവെള്ളം പോലും കഴിയ്ക്കാത്തതിന്റെ പാരവശ്യവും ഇളംവെയിലിന്റെ ചൂടും എല്ലാം കൂടെയായപ്പോള്‍ കുഞ്ഞിരാമേട്ടന്‍ വല്ലാതെ തളര്‍ന്നു. പ്രാഞ്ചി പ്രാഞ്ചി വീട്ടിലേയ്ക്കു തന്നെ മലകയറി. വെട്ടുവഴികയറി മുറ്റത്തു നിന്നും തിണ്ണയിലേയ്ക്കു മലര്‍ന്നടിച്ചൊരു വീഴ്ചയായിരുന്നു..

ഒരു നിലവിളിയോടെ ശാന്തേടത്തി ഓടിവന്നു. കുഞ്ഞിരാമേട്ടന്റെ കൈയപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. തളര്‍ന്ന കണ്ണുകളോടെ അയാള്‍ അവരെ നോക്കി. എന്തൊക്കെയോ പറയാന്‍ നോക്കിയെങ്കിലും ഒരക്ഷരം പുറത്തേയ്ക്കു വന്നില്ല. അവര്‍ വേഗം പോയി മൊന്തയില്‍ വെള്ളമെടുത്ത് അയാളുടെ മുഖത്തു തളിച്ചു. പിന്നെ കൈകളിലും കാല്‍ വെള്ളയിലും തിരുമ്മി. അല്പനേരം കഴിഞ്ഞപ്പോള്‍ കുഞ്ഞിരാമേട്ടന്‍ എഴുനേറ്റിരുന്നു. തലയാകെ പെരുപ്പ്. ചുറ്റുപാടും നരച്ച നിറം മാത്രമേയുള്ളുവെന്നയാള്‍ക്കു തോന്നി.

അപ്പോള്‍ ശാന്തേടത്തി അകത്തു പോയി ചെറിയൊരു വെള്ളക്കന്നാസ് എടുത്തുകൊണ്ടു വന്നു.  അതിന്റെ അടപ്പു തുറന്നപ്പോള്‍ കള്ളിന്റെ കൊതിപ്പിയ്ക്കുന്ന മണം..!
“അങ്ങേലെ ചെത്തുകാരന്‍ പവിത്രന്റെ വീട്ടില്‍ നിന്നാ.. ഇന്നോണം ആയതോണ്ട് അവനു ഷാപ്പ് അവധി. മുത്തപ്പനു പയം‌കുറ്റി വെക്കാന്‍ കുറച്ചു കള്ളു വേണംന്നു പറഞ്ഞപ്പോ അവന്‍ തന്നതാ.. ഇന്നാ.. കഴിയ്ക്ക്..”
ശാന്തേടത്തി ഗ്ലാസ്സിലെയ്ക്ക് കള്ളൊഴിച്ചു. കുഞ്ഞിരാമേട്ടന്റെ കൈകള്‍ വിറയ്ക്കുന്നതുകൊണ്ട്, അവര്‍ തന്നെ അതെടുത്ത് ചുണ്ടോടു ചേര്‍ത്തുകൊടുത്തു...
തൊടിയില്‍ നിന്നൊരു വിളികേട്ടാണ് അവര്‍ താഴേയ്ക്ക് നോക്കിയത്. ഓലക്കുടയും ചൂടി, കിരീടവും വെച്ച് കുടവയറനൊരാള്‍  അപ്പോള്‍ മുറ്റത്തേയ്ക്കു കയറി വരുന്നുണ്ടായിരുന്നു.
-------------------------
(പയംകുറ്റി : മുത്തപ്പന്‍ തെയ്യത്തിന്റെ പ്രധാന നേദ്യമാണു കള്ളും ഉണക്കമീനും. വടക്കേ മലബാറിലെ വീടുകളില്‍ ഐശ്വര്യത്തിനായി പയംകുറ്റി നേദിയ്ക്കാറുണ്ട്)