സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ചക്രവാകങ്ങളുറങ്ങാത്ത നീലക്കടമ്പുകള്‍

September 22, 2010 KS Binu

ഇളം ചുവപ്പുനിറമാര്‍ന്ന നേര്‍ത്ത വിരിപ്പുകള്‍ ഇരുവശങ്ങളിലേയ്ക്കും ഒതുക്കിക്കെട്ടിയ, വിശാലമായ സുവര്‍ണ്ണകമാനമുള്ള, വലിയ കിളിവാതിലിനരികില്‍ കൃഷ്ണന്‍ നിന്നു. കിളിവാതിലില്‍കൂടി പുറത്തെ നിറഞ്ഞുകത്തുന്ന നിലാവിന്റെ നീലവെളിച്ചം അന്ത:പ്പുരത്തിനകത്തേയ്കും ഒഴുകിയെത്തുന്നു. ഇന്ന് വസന്തപൗര്‍ണമിയാണ്‌. കൊട്ടാരമുറ്റത്ത്‌ പൂക്കളുടെ ഭാരവുമായി തലകുനിച്ച്‌ നില്‍ക്കുന്ന കടമ്പുമരത്തിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെ മങ്ങിയ മഞ്ഞനിറത്തില്‍ പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുവരുന്നു. ചുറ്റുമുള്ള ഇരുണ്ട മേഘങ്ങളുടെ അരികുകള്‍ ചാന്ദ്രശോഭയാല്‍ പ്രോജ്വലമായിരിക്കുന്നു. കൃഷ്ണന്‍ കിളിവാതിലിലൂടെ താഴേക്ക്‌ നോക്കി. കൊട്ടാരമുറ്റത്ത്‌ പൊഴിഞ്ഞുവീണ കടമ്പിന്‍പൂവുകള്‍ക്കുമീതെ നിലാവില്‍ ഉലാത്തുന്ന കാവലാളുകള്‍. രാവിന്റെ ആദ്യയാമമായിട്ടുപോലും തണുത്ത കാറ്റ്‌ വീശുന്നുണ്ട്‌. കൃഷ്ണന്‍ വീണ്ടും കടമ്പിന്‍ശിഖരങ്ങള്‍ക്കിടയിലൂടെ ചന്ദ്രികയിലേക്ക്‌ കണ്ണും നട്ടു നിന്നു. പൗര്‍ണ്ണമിരാവുകള്‍ എല്ലായ്പ്പോഴും നിദ്രാവിഹീനങ്ങളാണ്‌. അമ്പാടിയിലും പിന്നീട്‌ വൃന്ദാവനത്തിലുമുള്ള നാളുകളില്‍ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.രാവ്‌ മുഴുവന്‍ നീളുന്ന ആഘോഷങ്ങള്‍ക്കിടയില്‍ എങ്ങനെ ഉറങ്ങുവാനാണ്‌.? ഇന്നാണെങ്കില്‍ ആ രാത്രികളുടെ ദീപ്തമായ ഓര്‍മ്മകള്‍ പൗര്‍ണ്ണമികളെ നിദ്രാരഹിതമാക്കുന്നു.

കടമ്പിന്മരത്തില്‍നിന്ന് ഒരു ചക്രവാകപ്പക്ഷിയുടെ ശോകനിബദ്ധമായ കേഴലുയര്‍ന്നു; വിരഹിയായ ഏതോ ഗന്ധര്‍വ്വന്റെ പ്രണയഗീതി പോലെ. എവിടെനിന്നാണ്‌ ആ ചക്രവാകം പാടുന്നത്‌.? കൃഷ്ണന്‍ കൗതുകത്തോടെ നോക്കി. ഉദിച്ചുവരുന്ന ചന്ദ്രികയിലേയ്ക്ക്‌ നീണ്ട്‌ നില്‍ക്കുന്ന ഒറ്റശിഖരത്തില്‍ ഒരു കറുത്ത നിഴല്‍ പോലെ ഏകനായൊരു ചക്രവാകപ്പക്ഷി. ചന്ദ്രബിംബത്തിലേക്ക്‌ നോക്കി അത്‌ പാടുകയാണ്‌. വസന്തപൗര്‍ണ്ണമിയും, പൂത്ത കടമ്പുമരവും, പൂമണം പേറിയ ശീതക്കാറ്റും, പ്രകൃതിതന്നെയും അതില്‍ അലിഞ്ഞുപോകുന്നതുപോലെ. കടമ്പിന്‍പൂമണവും ചക്രവാകപ്പക്ഷിയുടെ ഗാനവും നിലാവിന്റെ നിഗൂഢസൗന്ദര്യവും മനസ്സിനെ കാലങ്ങളും ദേശങ്ങളും അറിയാത്ത വഴികളിലൂടെ കൊണ്ടുപോകുന്നു. ഓര്‍മ്മകള്‍ പ്രളയവാതം പോലെ ഇളകിമറിയുന്നു. ഇപ്പോള്‍ ആ ചക്രവാകം പാടുന്നത്‌ ദ്വാരകയിലെ കൊട്ടാരമുറ്റത്തല്ല. ദൂരെ, കാതങ്ങള്‍ അകലെ, നവോഢയായ കുലവധുവേപ്പോലെ പൂത്തുലഞ്ഞ വൃന്ദാവനത്തിലാണ്‌. അവിടെ കാനനപാതയുടെ ഇരുവശവും ഇറുങ്ങനെ പൂത്തുനില്‍ക്കുന്ന അശോകമരങ്ങളിലും നീലക്കടമ്പുകളിലുമൊക്കെ ചക്രവാകപ്പക്ഷികള്‍ രാവെളുക്കുവോളം പാടിക്കൊണ്ടേയിരിക്കുന്നു.

ചിന്തകളും ഓര്‍മ്മകളും കേതകിപ്പൂക്കളായി കൊഴിഞ്ഞുവീഴുന്നത്‌ രാധയുടെ മുന്‍പിലേക്കാണ്‌. ഓര്‍മ്മയുടെ വഴികളെല്ലാം രാധയില്‍ അവസാനിക്കുന്നു. മൃദുലവും നിര്‍മ്മലവും സുന്ദരവുമായതെന്തും രാധയെ സംബന്ധിക്കുന്നതായി തീര്‍ന്നിരിക്കുന്നു. സ്നേഹമെന്ന വാക്കിന്റെ മൂര്‍ത്തരൂപം പോലെ രാധ..

നിലാവില്‍ യമുനയുടെ കരയില്‍ രാധയോടൊത്ത്‌ ചിലവഴിച്ച അനേകം രാത്രികളുടെ ഓര്‍മ്മകള്‍ കൃഷ്ണന്റെ മനസ്സിലേക്ക്‌ തിരയടിച്ചുയര്‍ന്നു. വൃന്ദാവനത്തെ പുണര്‍ന്ന ഓരോ യാമിനിയിലും രാധ കൃഷ്ണന്റെ ഒപ്പമുണ്ടായിരുന്നു; ചിലപ്പോള്‍ വെറുതെ നദീതീരത്തുകൂടി നടന്നുകൊണ്ട്‌, ചിലപ്പോള്‍ കടമ്പിന്‍ പൂവുകള്‍ പെറുക്കിയെടുത്ത്‌ മാല കോര്‍ത്തുകൊണ്ട്‌, ചിലപ്പോള്‍ പൂവിരിച്ച മരത്തണലില്‍ കിടന്ന് നിലാവിലേക്ക്‌ നോക്കി പാടിക്കൊണ്ട്‌, ചിലപ്പോള്‍ കടമ്പുമരത്തിന്റെ താഴ്‌ന്ന ശിഖരത്തില്‍ ചേര്‍ന്നിരുന്ന് കൃഷ്ണമുരളിയില്‍ നിന്നൊഴുകിപ്പരക്കുന്ന ഗാനലാവണ്യത്തില്‍ ലയിച്ച്‌, ആ ഗാനത്തിന്റെ ഈണത്തോടിഴുകിച്ചേര്‍ന്ന മയിലുകളുടെ നൃത്തം കണ്ടുകൊണ്ട്‌, ചിലപ്പോള്‍ ഒന്നും പറയാനില്ലാതെ, ഒന്നും ചെയ്യാനില്ലാതെ, വെറുതെ ഇരുന്നുകൊണ്ട്‌..

യമുനാതടത്തില്‍ പൂത്ത കടമ്പുമരത്തിന്റെ തണലില്‍ നിലാവില്‍ നാഴികകളോളം വേണുവൂതിയ ഒരു രാത്രിയിലേക്ക്‌ ഒരു സ്മരണദൂരത്തോളം കൃഷ്ണന്‍ സഞ്ചരിച്ചു. അക്കാലങ്ങളില്‍ ശുക്ലപക്ഷരാവുകള്‍ വൃന്ദാവനത്തില്‍ ആഘോഷത്തിന്റെ രാവുകളായിരുന്നു. ഗ്രാമമധ്യത്തിലുള്ള അരയാല്‍ ചുവട്ടില്‍ ചെറിയ സംഘങ്ങളായി ഒത്തുചേര്‍ന്ന് രാവേറെ ചെല്ലുവോളം വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്ന മുതിര്‍ന്നവരെ അവരുടെ ലോകത്ത്‌ വിട്ട്‌ കുട്ടികളെല്ലാവരും യമുനയുടെ കരയിലേക്ക്‌ ഒറ്റ കുതിപ്പാണ്‌. ആണ്‍കുട്ടികള്‍ ഗുസ്തിമല്‍സരം പോലെ സാഹസമായ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ ഗോപികമാര്‍ നൃത്തവും പാട്ടും തമാശകളുമായി സമയം പോക്കും. ഗോപബാലന്മാര്‍ക്കും ഗോപികമാര്‍ക്കും പരസ്പരം കണ്ണെടുത്താല്‍ കണ്ടുകൂടാ. അതിന്‌ പ്രത്യേകിച്ച്‌ കാരണമൊന്നുമില്ല. യമുനയില്‍ നീന്തുമ്പോഴും പൂ പറിക്കുമ്പോഴും കളികളിലേര്‍പ്പെടുമ്പോഴുമൊക്കെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ എപ്പോഴും മല്‍സരം തന്നെ. അക്കാരണത്താല്‍ കൃഷ്ണന്‍ ഗോപികമാരോടൊപ്പം പാട്ടുപാടാനും നൃത്തം ചെയ്യാനും പോകുന്നതില്‍ മറ്റ്‌ ഗോപബാലന്മാര്‍ക്ക്‌ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ കൃഷ്ണനോ.? കൃഷ്ണന്‌ ഗോപികമാരെ ഉപക്ഷിക്കുവാനും പറ്റുമായിരുന്നില്ല. ആരെയും പിണക്കുന്നതും വിഷമിപ്പിക്കുന്നതും കൃഷ്ണന്‌ ഇഷ്ടമായിരുന്നില്ല.

രാവിന്റെ ദൈര്‍ഘ്യം രണ്ടുയാമങ്ങളോളമെത്താറായിരുന്നു അപ്പോള്‍. മോഹനരാഗം അനുസ്യൂതം വേണുവില്‍നിന്ന് ഒഴുകിക്കൊണ്ടിരുന്നു. കൃഷ്ണന്റെ തൊട്ടടുത്ത്‌ കിടന്നിരുന്ന കല്ലിന്മേല്‍ ലളിത വിവശയായി ഇരിപ്പുണ്ട്‌. വൈശാഖയും ചന്ദ്രവല്ലിയും ലളിതയുടെ അരികില്‍ കടമ്പുമരത്തിന്മേല്‍ ചാരി നില്‍ക്കുന്നു. ഗോപികമാര്‍ ചുറ്റിനും ലാസ്യനൃത്തമാടുകയാണ്‌. ഇടയ്ക്ക്‌ ഒന്ന് പാളിനോക്കി. ഉവ്വ്‌; അല്‍പ്പം അകലെ യമുനയിലേക്ക്‌ ചാഞ്ഞുനില്‍ക്കുന്ന നീലക്കടമ്പിന്റെ ചുവട്ടില്‍ പൂക്കള്‍ വീണുചിതറിയ കല്ലിന്മേല്‍ രാധയിരിപ്പുണ്ട്‌. കാത്തിരിക്കുന്നതിന്റെ വിരസത ഒട്ടുംതന്നെ ഇല്ലാതെ. എത്രയോ നേരമായി അവള്‍ ആ ഇരിപ്പ്‌ ഇരിക്കുന്നു. എന്നിട്ടും മുഖം പ്രണയദീപ്തമാണ്‌. ഉദിച്ചുനില്‍ക്കുന്ന ചന്ദ്രികയേക്കാള്‍ ദീപ്തം. ഇത്രയധികം പ്രണയപൂര്‍വ്വം കടാക്ഷിക്കുന്ന വേറെ ഒരു പെണ്ണുമില്ല.

കൃഷ്ണന്‍ ഗോപികമാരുടെ ചാപല്യങ്ങള്‍ക്കിടയിലൂടെ രാധയെ നോക്കി പുഞ്ചിരിച്ചു. കാത്തുനിര്‍ത്തുന്നതിലുള്ള ക്ഷമാപണവും വേഗം വരാമെന്ന വാഗ്ദാനവും ആ പുഞ്ചിരിയില്‍ അടങ്ങിയിരിക്കുന്നുവെന്ന് രാധയ്ക്ക്‌ നന്നായറിയാം. അവള്‍ മന്ദഹസിച്ചു; കടമ്പിന്‍ ചുവട്ടില്‍ മറ്റൊരു പൗര്‍ണ്ണമി ഉദിച്ചതുപോലെ.

മല്ലുപിടിച്ച്‌ ക്ഷീണിച്ച ഗോപബാലന്മാരില്‍ കുറേപ്പേര്‍ കളിത്തട്ടിനരികിലെ ഇലഞ്ഞിമരങ്ങളുടെയും വാകമരങ്ങളുടെയും തണലുകളിലും ബാക്കിയുള്ളവര്‍ തിരിച്ച്‌ വീടുകളിലും ഉറങ്ങുവാനായി ചേക്കേറി. നൃത്തമാടി തളര്‍ന്ന കാലടികളോടെ ഗോപികമാര്‍ നടന്നകലുമ്പോള്‍ പുലരുവാന്‍ ഏതാനും നാഴികകളേ അവശേഷിച്ചിരുന്നുള്ളു. മുരളി അരയില്‍ തിരുകി രാധയുടെ അടുത്തേക്ക്‌ നടന്നടുക്കുമ്പോള്‍ കൃഷ്ണന്റെ മുഖത്ത്‌ കുസൃതിയോടൊപ്പം അല്‍പ്പം ജാള്യതയും പടര്‍ന്നിരുന്നു. കടമ്പിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവില്‍ രാധയുടെ പ്രണയം വഴിയുന്ന മിഴികള്‍. മയ്യെഴുതിയത്‌ ആഘോഷത്തിന്റെ ആദ്യനിമിഷങ്ങളിലെപ്പോഴോ ആടിത്തീര്‍ത്ത നൃത്തത്തിന്റെ ഉന്മത്തതയില്‍ പടര്‍ന്നിരിക്കുന്നു. കൃഷ്ണന്‍ രാധയുടെ കണ്‍കളിലേക്ക്‌ നോക്കി ഇമ ചിമ്മാതെ നിന്നു. അവള്‍ കൈനീട്ടി കൃഷണന്റെ കൈത്തലത്തില്‍ പിടിച്ച്‌ തന്റെ അരികിലിരുത്തി.

"കാത്തിരുന്ന് മുഷിഞ്ഞുവോ.?" തന്റെ മുടിയില്‍ തിരുകിയ മയിപ്പീലികള്‍ ശ്രദ്ധയോടെ നേരെയാക്കുന്ന രാധയോട്‌ കൃഷ്ണന്‍ ചോദിച്ചു.

"കാത്തിരിക്കുന്നത്‌ കണ്ണനെയാകുമ്പോള്‍ രാധയ്ക്ക്‌ മുഷിയുവതെങ്ങനെ.?" രാധ കൃഷ്ണന്റെ കണ്ണുകളിലേക്ക്‌ നോക്കി.

കൃഷ്ണന്‌ താന്‍ പെട്ടെന്ന് നിരായുധനാക്കപ്പെട്ടതുപോലെ തോന്നി. തന്റെ വേണുഗാനവും പുഞ്ചിരികളും കുസൃതികളുമെല്ലാം നിഷ്പ്രഭമാവുന്നതുപോലെ. കുറ്റബോധത്തോടെ രാധയുടെ മിഴികളിലേയ്ക്ക്‌ കൃഷ്ണന്‍ ചോദിച്ചു: "നിനക്കെന്നോട്‌ ഒരിക്കല്‍ പോലും ദേഷ്യം തോന്നിയിട്ടില്ലേ രാധേ.? എന്റെ ചുറ്റിനും എല്ലായ്പ്പോഴും വിവശരായ ഗോപികമാര്‍. എന്റെ ശ്രദ്ധ കിട്ടുവാനായി, എന്റെ സ്നേഹത്തിനായി പരസ്പരം മല്‍സരിക്കുന്നവര്‍. എല്ലാവരും വിചാരിക്കുന്നു ഞാന്‍ അവരുടെ സ്വന്തമാണെന്ന്. ഈ വൃന്ദാവനത്തിനു തന്നെയും പൊതുസ്വത്തെന്ന പോലെയായിരിക്കുന്നു ഞാന്‍. നിനക്കായി നല്‍കുവാന്‍ നാമമാത്രമായ സമയമേ പലപ്പോഴും അവശേഷിക്കുന്നുള്ളു. ചില നേരങ്ങളില്‍ അതുപോലും നിമിഷങ്ങള്‍ മാത്രമായി ചുരുങ്ങുന്നു. എന്നിട്ടും നിനക്ക്‌ ഒരു പരാതിയുമില്ലെന്നോ.?"

രാധ ഒരു നിമിഷം നിശബ്ദമായി കൃഷ്ണനെ നോക്കി. ആ നോട്ടത്തില്‍ കൃഷ്ണനോടുള്ള അവളുടെ സ്നേഹവായ്പ്‌ മുഴുവന്‍ പ്രകടമായിരുന്നു.

അല്‍പ്പം പോലും കളങ്കം കലരാത്ത ഒരു മന്ദഹാസത്തോടെ രാധ പറഞ്ഞു : "കണ്ണനില്‍ ദൈവാംശമുണ്ടെന്ന് ഒന്നൊഴിയാതെ എല്ലാ ഗോപാലകരും പറയുന്നു. ഞാനുമത്‌ തിരിച്ചറിയുന്നുണ്ട്‌; ഒരുപക്ഷേ മറ്റാരേക്കാളുമേറെ. വൃന്ദാവനവാസികളെല്ലാവരും അവരുടെ നാഥനെ, രക്ഷകനെ കണ്ണനില്‍ കാണുന്നു. ഗോകുലത്തിന്റെ നാഥനെങ്ങിനെയാണ്‌ ഗോപാലരെ കണ്ടില്ലെന്ന് നടിക്കുവാനാകുക.? അതുകൊണ്ടുതന്നെ കണ്ണന്‌ ആരെയും സങ്കടപ്പെടുത്തുവാനാവില്ല. അതും മറ്റുള്ളവരേക്കാള്‍ ഈ രാധയ്ക്കേറെ മനസ്സിലാവും. അപ്പോള്‍ പിന്നെ കണ്ണന്‍ എന്നോട്‌ മാത്രം സ്നേഹം കാണിക്കണം എന്ന് ഞാന്‍ വാശിപിടിക്കാമോ.? കേള്‍ക്കൂ കണ്ണാ, നീയെന്റെ ആത്മാവിന്റെ സത്ത.. നിന്നെ വിഷമസ്ഥിതിയിലാക്കുവാന്‍ രാധ തുനിയുകയില്ലൊരിക്കലും. ഒന്നെനിക്കറിയാം; എത്ര ദൂരെ പോയാലും, ഏത്‌ തിരക്കുകളിലായാലും ഒടുവില്‍, സര്‍വ്വതിനും ഒടുവില്‍ എന്റെ കണ്ണന്‍ എന്നിലേക്ക്‌ തന്നെ തിരിച്ചെത്തുമെന്ന്.. എന്നെ പ്രേമപൂര്‍വ്വം കടാക്ഷിക്കുമെന്ന്.. ജനിമൃതികള്‍ക്ക്‌ സ്പര്‍ശിക്കുവാനാകാത്ത എന്റെ ആത്മപൂജ സ്വീകരിക്കുമെന്ന്.. അതൊരു പ്രതീക്ഷയല്ല. ഹൃദയത്തില്‍ സുനിശ്ചിതമായതെന്തെങ്കിലും ഉണ്ടെങ്കില്‍ അത്‌ ഈ ഉറപ്പ്‌ മാത്രമാണ്‌. എനിക്കത്‌ ഇനിയും വിശദീകരിക്കുവാനറിയില്ല. ഒന്ന് മാത്രം പറയാം; ആ നിശ്ചയം, അത്‌ മാത്രമാണ്‌ രാധയുടെ ജീവപ്രേരകം..."

യമുനയില്‍ പെട്ടെന്ന് ഓളമുയര്‍ന്നു.

സ്വയം നഷ്ടപ്പെട്ടവനെപ്പോലെ കൃഷ്ണന്‍ അല്‍പ്പനേരം രാധയെത്തന്നെ നോക്കിയിരുന്നു. നിസ്സഹായതയുടെ ഒരു മന്ദഹാസം അപ്പോള്‍ കൃഷ്ണന്റെ ചുണ്ടുകളില്‍ രാധ കണ്ടു. കൗതുകത്തോടെ അവള്‍ കൃഷ്ണന്റെ ചിരിയിലേക്ക്‌ നോക്കി ; എന്താണെന്ന ചോദ്യഭാവത്തില്‍.

നിരുപാധികം കീഴടങ്ങുന്നവന്റെ സ്വരത്തില്‍ കൃഷ്ണന്‍ പറഞ്ഞു : "ശരിയാണ്‌. ഗര്‍ഗ്ഗാചാര്യന്‍ പറഞ്ഞിരുന്നു; എന്നില്‍ വിഷ്ണുഭഗവാന്റെ ആത്മാംശമുണ്ടെന്ന്. ഗുരുവിന്റെ വാക്കുകള്‍ അവിശ്വസിക്കുന്നില്ലെങ്കില്‍പോലും അതില്‍ എത്രത്തോളം ശരിയുണ്ടെന്ന് എനിക്കറിയില്ല. ഈ നിമിഷം വരെയും എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ശൂരയാദവപ്രമുഖനായ നന്ദഗോപന്റെ ഇളയമകന്‍ മാത്രമാണ്‌. അതിലുപരി മറ്റെല്ലാ ഗോപബാലന്മാരെയും പോലെ പശുക്കളെ മേയ്ച്ചുനടക്കുന്ന ഒരു സാധാരണ കന്നുകാലിച്ചെക്കന്‍ മാത്രമാണ്‌. എന്നാല്‍ യാദവവരെല്ലാംതന്നെ ആചാര്യന്റെ പല്ലവി ആവര്‍ത്തിക്കുന്നു. അചേതനമായവയെപ്പോലും ആകര്‍ഷിക്കുവാനും അവയ്ക്ക്‌ ഓജസ്സ്‌ പകരുവാനുമുള്ള മാന്ത്രികത എന്നില്‍ അടങ്ങിയിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. ചിലര്‍ എന്നെ ഭഗവാനെന്നും പ്രേമസ്വരൂപനെന്നും വിളിക്കുന്നു. പക്ഷേ നീ അറിയുക രാധേ.. നിന്റെ മുന്‍പില്‍, ഉപമകള്‍ അസാധ്യമായ, വിശുദ്ധമായ നിന്റെ ഈ പ്രണയത്തിന്‌ മുന്‍പില്‍ പ്രേമസ്വരൂപനായ ഞാന്‍ ഒന്നുമല്ലാതെയായിത്തീരുന്നു. അല്ലെങ്കില്‍ ശിശുതുല്യം, കേവലം ശിശുതുല്യം ചെറുതായിപ്പോവുന്നു. അമ്മയുടെ സ്നേഹവായ്പ്പിന്‌ മുന്‍പില്‍ കൈക്കുഞ്ഞെന്ന പോലെ. തീര്‍ത്തും നിസ്സാരനായ, നിസ്സഹായനായ ഒരു മനുഷ്യന്‍ മാത്രമായിത്തീരുന്നു.."

രാധയുടെ വിടര്‍ന്ന മിഴികളില്‍ അലയിളകി. ഒരു നിമിഷം കൃഷ്ണന്റെ കണ്ണുകളിലേക്ക്‌ തന്നെ നോക്കിയിരുന്നു അവള്‍. പിന്നെ കുസൃതിയോടെയും വാല്‍സല്യത്തോടെയും അരികില്‍ ഇലയിട്ടു മൂടിവെച്ചിരുന്ന ചെറിയ ഓട്ടുകിണ്ണത്തില്‍നിന്ന് മധുരം ചേര്‍ത്ത്‌ ഉരുളയാക്കിയ വെണ്ണയെടുത്ത്‌ കൃഷ്ണന്റെ വായില്‍ വെച്ചുകൊടുത്തു : "എനിക്കിപ്പോഴും എന്റെ കണ്ണന്‍ കുട്ടിതന്നെയാണ്‌. അമ്പാടിയിലെ വനപാതയില്‍ മറിഞ്ഞുവീണ മരങ്ങള്‍ക്കിടയില്‍, ഉരലില്‍ ബന്ധിക്കപ്പെട്ടിരുന്ന ആ ഏഴുവയസ്സുള്ള കുട്ടി. അതെ, എനിക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌. ആദ്യം കാണുമ്പോള്‍ തന്നെ ഏതൊരു ഹൃദയശൂന്യനെയും കീഴടക്കുവാന്‍ പ്രാപ്തമായ ഒരു പുഞ്ചിരി ഈ ചുണ്ടുകളിലുണ്ടായിരുന്നു ; ബന്ധനസ്ഥനും ക്ഷീണിതനുമായിരുന്നിട്ട്‌ പോലും. വിടര്‍ന്നുവരുന്ന പൂപോലെയുള്ള ഈ മുഖത്തേക്ക്‌ നോക്കിയപ്പോള്‍ എന്റെ ജന്മം ലക്ഷ്യം കണ്ടിരിക്കുന്നു എന്നെനിക്ക്‌ തികച്ചും ബോധ്യമായി. തിരയിളകുന്ന ഈ കണ്ണുകള്‍ അന്നേ എനിക്ക്‌ അല്‍ഭുതമായിരുന്നു. എന്ത്‌ മാന്ത്രികതയാണ്‌ ഈ കണ്ണുകള്‍ക്കെന്ന് അന്ന് രാത്രി മുഴുവന്‍ ഉറങ്ങാതെ കിടന്ന് ഞാന്‍ അല്‍ഭുതപ്പെട്ടു. യുഗങ്ങള്‍ക്കും ജന്മജന്മാന്തരങ്ങള്‍ക്കുമപ്പുറത്ത്‌ കാലം ഉണ്ടാവുന്നതിന്‌ മുന്‍പെങ്ങോ ആരംഭിച്ച സ്ത്രീപുരുഷബന്ധത്തിന്റെ സാരമെന്തെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഏത്‌ ഇരുട്ടിലും അത്‌ ഒരാളാലും തിരിച്ചറിയപ്പെടാതെ പോവുകയില്ലെന്നും ഞാനറിഞ്ഞു.... കണ്ണാ..., നീയെന്റെ പ്രിയന്‍.. എന്റെ പ്രാണന്‍.. എന്റെ...." തിങ്ങിവന്ന ഒരു ഗദ്ഗദം രാധയുടെ ശബ്ദത്തെ മുറിച്ചു.

പുറകില്‍ രുഗ്മിണിയുടെ ആഭരണങ്ങളിളകി. ഓര്‍മ്മകളുടെ വൃന്ദാവനം പെട്ടെന്ന് നഷ്ടപ്പെട്ട കൃഷ്ണന്‍ തിരിഞ്ഞുനോക്കി. കിളിവാതിലിലൂടെ കിടക്കയോളം പാളിവീഴുന്ന നിലാവില്‍ രുഗ്മിണിയുടെ മുഖം. ഗാഢമായ ഉറക്കത്തില്‍ അവള്‍ തിരിഞ്ഞ്‌ കിടന്നതാണ്‌. നിലാവിന്റെ നിറക്കൂട്ട്‌ നിദ്രാഭരിതമായ ആ സുന്ദരവദനത്തെ കൂടുതല്‍ മനോഹരമാക്കുന്നു. നിഗൂഢമായ ഒരു മന്ദഹാസം ചുണ്ടുകളില്‍ മയങ്ങിക്കിടക്കും പോലെ.

കൃഷ്ണന്‍ കിളിവാതില്‍ അലങ്കരിച്ചിരുന്ന വനമല്ലികപ്പൂകൊണ്ടുണ്ടാക്കിയ മാല കൈവെള്ളയിലെടുത്ത്‌ മണപ്പിച്ചുകൊണ്ട്‌ വീണ്ടും നിലാവിലേക്ക്‌ തിരിഞ്ഞു. ചക്രവാകപ്പക്ഷി ഒന്ന് ചിറകടിച്ചുയര്‍ന്നശേഷം മറ്റൊരു കൊമ്പിലേക്ക്‌ താണിരുന്നു. നിലാവ്‌ അതിന്റെ ഉച്ചയിലെത്തെയിരിക്കുന്നു. കാറ്റിന്റെ തണുപ്പും കൂടിവരികയാണ്‌.

പൂമാലയില്‍ നിന്ന് കൃഷ്ണന്‍ രണ്ട്‌ വനമല്ലികപ്പക്കള്‍ അടര്‍ത്തിയെടുത്ത്‌ മൂക്കിലേക്ക്‌ ചേര്‍ത്തു വാസനിച്ചു. രാധയെ ഒടുവിലായി കണ്ട രാത്രിക്ക്‌ വനമല്ലികയുടെ ഗന്ധമായിരുന്നു ; കൃഷ്ണന്‍ ഓര്‍ത്തു. അന്ന് ഇതുപോലൊരു വസന്തപൗര്‍ണ്ണമിയായിരുന്നു. വൃന്ദാവനത്തിലെ ചെടികളായ ചെടികളെല്ലാം പൂത്തിരുന്നു. നിലാവിലേക്ക്‌ തുറന്നുവച്ചൊരു വലിയ പൂവട്ടിക പോലെ തോന്നിച്ചു ആ രാവില്‍ വൃന്ദാവനം. പല തരവും നിറവും മണവുമുള്ള പൂവുകള്‍.

വൃന്ദാവനത്തില്‍ എല്ലാവരും പിറ്റേന്ന് കൃഷ്ണനും ബലരാമനും മഥുരയ്ക്ക്‌ പോകുവാനുള്ള ഒരുക്കങ്ങള്‍ ചെയ്തുതീര്‍ത്ത്‌ തളര്‍ന്നുറങ്ങിത്തുടങ്ങിയിരുന്നു. രാധയുടെ മടിയില്‍ കിടന്നുകൊണ്ട്‌ അവളുടെ മുടിയില്‍ കോര്‍ത്തിരുന്ന വനമല്ലികപ്പൂവുകളുടെ ഗന്ധം ആസ്വദിക്കുകയായിരുന്നു കൃഷ്ണനപ്പോള്‍. അമാവാസി പോലെ ഇരുണ്ട്‌ കറുത്ത രാധയുടെ മുടി കൃഷ്ണന്റെ മുഖത്തെ നിലാവില്‍ നിന്നും മറച്ചുപിടിച്ചിരുന്നു. രാധ കൃഷ്ണന്റെ നെറ്റിയില്‍ പ്രഥമരതിയുടെ ശേഷിപ്പായി പൊടിഞ്ഞുനിന്ന വിയര്‍പ്പുകണങ്ങള്‍ ചുണ്ടുകളാല്‍ ഒപ്പിയെടുത്തു. അവളുടെ മുടിയിലെ പൂക്കളെ മുഖത്തേക്ക്‌ ചേര്‍ത്തുകൊണ്ട്‌, ഇരുട്ടില്‍ തിളങ്ങുന്ന ആ മിഴികളിലേക്ക്‌ നോക്കിക്കൊണ്ട്‌ കൃഷ്ണന്‍ അല്‍പ്പനേരം നിര്‍ന്നിമേഷനായി കിടന്നു.

പെട്ടെന്ന് മുകളില്‍ തഴച്ച്‌ വളര്‍ന്ന് നില്‍ക്കുന്ന കടമ്പിലെവിടെയോ നിന്ന് ഒരു പക്ഷിയുടെ ശോകഗാനം കേട്ടു രാധ മുകളിലേക്ക്‌ മിഴിയുയര്‍ത്തി.

"നോക്കൂ കണ്ണാ, എന്ത്‌ ഭംഗിയോടെയാണ്‌ ആ പക്ഷി പാടുന്നതെന്ന്. ശോകസാന്ദ്രമെങ്കിലും കേള്‍ക്കുവാനെന്ത്‌ ഇമ്പം.."

"അത്‌ ചക്രവാകപ്പക്ഷിയാണ്‌. അതിന്റെ ഇണയെത്തേടുകയാണത്‌." കൃഷ്ണന്‍ പറഞ്ഞു.

രാധ കൗതുകത്തോടെ കൃഷ്ണനെ നോക്കിയിട്ട്‌ വീണ്ടും മുകളിലേക്ക്‌ ദൃഷ്ടി പായിച്ചുകൊണ്ട്‌ പറഞ്ഞു : "ഞാന്‍ എല്ലാ രാത്രികളിലും കേള്‍ക്കാറുണ്ട്‌ ഇത്‌. കണ്ണനെയോര്‍ത്ത്‌ കിടക്കുമ്പോഴായിരിക്കും എല്ലായ്പ്പോഴും കേള്‍ക്കുക. തീവ്രമായ വിഷാദം തിങ്ങിവരുന്നതുപോലെ തോന്നുമപ്പോള്‍.. കണ്ണനെ കാണണമെന്ന് പെട്ടെന്ന് തോന്നും.."

പറഞ്ഞിട്ട്‌ രാധ ആര്‍ദ്രമായ മിഴികളോടെ കൃഷ്ണനെ നോക്കി.

"ചക്രവാകങ്ങള്‍ അങ്ങനെയാണ്‌. വിചിത്രസ്വഭാവികളായ പക്ഷികള്‍.. പകല്‍ സമയങ്ങളില്‍ ഇണക്കിളികള്‍ ഒരുമിച്ചുകാണും. രാത്രികളില്‍ അവ ദൂരദിക്കുകളില്‍ പിരിഞ്ഞിരുന്നിട്ട്‌ വിരഹവിഷാദത്തില്‍ രാവുറങ്ങാതെ കഴിച്ച്‌ കൂട്ടും.. സ്നേഹത്തിന്റെ മാറ്റ്‌ കൂട്ടാന്‍ ഒരു നിഷ്ഠ എന്ന പോലെ.." കൃഷ്ണന്‍ പറഞ്ഞു.

"പാവം കിളികള്‍..." രാധ വിഷമത്തോടെ മുകളിലേക്ക്‌ നോക്കി കടമ്പിന്റെ ശിഖരങ്ങളില്‍ ചക്രവാകത്തെ തിരഞ്ഞു. ഇരുണ്ട്‌ തഴച്ച കടമ്പിന്‍ ശിഖരങ്ങള്‍ക്കും ഇലകള്‍ക്കുമിടയില്‍ ഏറെ നേരം നോക്കിയിട്ടും ആ കിളി എവിടെയാണ്‌ ഇരിക്കുന്നതെന്ന് അവള്‍ക്ക്‌ കണ്ടെത്താനായില്ല. ചക്രവാകം അതിന്റെ മാത്രം ലോകത്ത്‌ പാടിക്കൊണ്ടേയിരുന്നു.

"രാധേ...."

ചോദ്യരൂപേണ രാധ കൃഷ്ണനെ നോക്കി.

"രാത്രികളുടെയെല്ലാം രാത്രിയാണിന്ന്.. നമ്മുടെ ആദ്യരാവും.. പക്ഷേ.. ഈ രാത്രിക്ക് വൃന്ദാവനത്തില്‍ നമുക്കൊരുമിച്ച് ലഭിക്കുന്ന അവസാനരാത്രിയായിത്തീരുവാനാണ് വിധി..“ ഒരു നിമിഷത്തിന്റെ മൌനത്തിന് ശേഷം കൃഷ്ണന്‍ തുടര്‍ന്നു : “ ഇനിയൊരിക്കലും ഞാന്‍ വൃന്ദാവനത്തിലേക്ക്‌ തിരിച്ചുവന്നെന്ന് വരില്ല..!"

നിശബ്ദത.

കൃഷ്ണന്‍ പറയുന്നതെന്തെന്ന് മനസ്സിലാകാത്തതുപോലെ രാധയിരുന്നു.

"മഥുരയിലെ രാജകുമാരന്‍.. അല്ല രാജാവ്‌ തന്നെ..! രാജാവ്‌ കംസന്‍ എന്നെയും ജ്യേഷ്ഠനെയും ക്ഷണിച്ചിരിക്കുന്നത്‌ ധനുര്‍ യാഗത്തില്‍ പങ്കെടുക്കുവാനല്ല. എന്നെ വധിക്കുകയാണ്‌ കംസന്റെ ഉദ്ദേശം."

ആ ഇരുട്ടിലും രാധയുടെ മിഴികളിലെ ഞെട്ടല്‍ കൃഷ്ണന്‍ വ്യക്തമായി കണ്ടു.

"എന്താണ്‌ കണ്ണാ.? നീ പറയുന്നതെന്തെന്ന് എനിക്കൊട്ടുമേ മനസ്സിലാകുന്നില്ലല്ലോ.?"

ഒരുനിമിഷം ആലോചിച്ചിട്ട്‌ കൃഷ്ണന്‍ പറഞ്ഞു : "അധികം ആര്‍ക്കുമറിയാത്ത ഒരു രഹസ്യം ഞാന്‍ രാധയോട്‌ പറയുകയാണ്‌. എല്ലാവരും കരുതും പോലെ ഞാന്‍ നന്ദഗോപന്റെ മകനല്ല. മഥുരയിലെ രാജകുമാരി ദേവകിയുടെയും യാദവരാജകുമാരനായ വസുദേവന്റെയും എട്ടാമത്തെ പുത്രനാണ്‌ ഞാന്‍. ദൈവനിശ്ചയപ്രകാരം കംസവധത്തിനായി പിറവികൊണ്ടവന്‍.!!"

രാധ വീണ്ടും ഞെട്ടി. അവിശ്വസനീയതയുടെ നീണ്ട നിമിഷങ്ങളില്‍ കൂടി രാധ കടന്നു പോയി. "എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല കണ്ണാ..!"

"ഗര്‍ഗ്ഗാചാര്യന്‍ പറഞ്ഞതാണിതൊക്കെയും. എന്റെ നിയോഗം വൃന്ദാവനത്തില്‍ ഗോക്കളെ മേയ്ക്കുക എന്നതല്ല. പാപികളെ നിഗ്രഹിച്ച്‌ ധര്‍മ്മത്തെ സംരക്ഷിക്കുവാന്‍ പിറന്നവനാണ്‌ ഞാനെന്നാണ്‌ ആചാര്യമൊഴി. യാദവകുലമൊട്ടാകെ കഴിഞ്ഞ ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങളായി അടിമത്തത്തില്‍ കഴിയുന്നത്‌ എന്റെ കരങ്ങളാലുള്ള മോചനത്തിനായാണെന്ന്‌..."

നിശബ്ദമായ നിമിഷങ്ങള്‍ക്കൊടുവില്‍ രാധ പറഞ്ഞു : "ഞാനും കേട്ടിട്ടുണ്ട്‌ ദേവകിരാജകുമാരിയുടെ എട്ടാമത്തെ പുത്രന്‍ കംസരാജാവിനെ വധിക്കുമെന്ന പ്രവചനം. പക്ഷേ ഒരിക്കലും ചിന്തിച്ചിരുന്നില്ല ഞാന്‍ ; ദേവകിയുടെ ആ പുത്രന്‍ കണ്ണനാണെന്ന്.. ഓഹ്‌..! എന്റെ കണ്ണന്‍ ഒരു രാജകുമാരനാണെന്ന്..!!"

"എനിക്ക്‌ ഒന്നും മനസ്സിലാവുന്നില്ല രാധേ.. ഏതാണ്‌ സത്യം ഏതാണ്‌ മിഥ്യ എന്ന്... ഒന്നുറപ്പാണ്‌. എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെടുവാന്‍ പോവുകയാണ്‌. എന്റെ അച്ഛന്‍, അമ്മ, സുഹൃത്തുക്കള്‍... എന്നെ ഏറെ സ്നേഹിക്കുന്ന എന്റെ ഗ്രാമവാസികള്‍... എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ വൃന്ദാവനം... പിന്നെ....." വിങ്ങുന്ന കണ്ഠത്തില്‍ വാക്കുകള്‍ തടഞ്ഞ്‌ നില്‍ക്കുന്നത്‌ കൃഷ്ണന്‍ അറിഞ്ഞു. രാധ കൃഷ്ണന്റെ മുഖത്തേയ്ക്ക്‌ സൂക്ഷിച്ച്‌ നോക്കി. കൃഷ്ണന്റെ മുഖം ചേര്‍ത്ത്‌ പിടിച്ചിരുന്ന അവളുടെ കൈപ്പത്തിയിലേക്ക്‌ ഒരു തുള്ളി മിഴിനീര്‍ ഒഴുകിയിറങ്ങി.

"എന്റെ കണ്ണന്‍ കരയുകയാണോ.?" രാധ വേപഥുവോടെ കൃഷ്ണന്റെ കണ്‍കളില്‍ ചുണ്ടുചേര്‍ത്തു.

അനന്തരം കൃഷ്ണനെ അമ്പരപ്പിക്കുംവിധം ശക്തമായ ഒരു ആത്മവിശ്വാസത്തോടെ രാധ പറഞ്ഞു : "എനിക്കുറപ്പാണ്‌ കണ്ണന്‍ അയാളെ വധിക്കുമെന്ന്. മഥുരയെ വീണ്ടെടുത്ത്‌ വിജയിയായി വൃന്ദാവനത്തിലേക്ക്‌ തിരിച്ച്‌ വരുമെന്ന്.. ഒന്നേ എനിക്കറിയേണ്ടതുള്ളു ; എന്നാണ്‌ കണ്ണന്‍ മടങ്ങി വരുന്ന ആ ദിനമെന്ന്.."

വേദന നിറഞ്ഞ ഒരു ആന്തലോടെ കൃഷ്ണന്‍ അവളുടെ നേരെ മിഴിയിണകള്‍ ഉയര്‍ത്തി.ഏതൊക്കെയോ വാക്കുകള്‍ക്ക്‌ വേണ്ടി കൃഷ്ണന്‍ പരതുകയാണെന്ന് രാധ കണ്ടു. വ്യാഖ്യാനങ്ങള്‍ക്കതീതമായ ദു:ഖം ഘനീഭവിച്ച കാട്‌ തണുത്തുറഞ്ഞതുപോലെ നിശബ്ദം കിടന്നു.

മരവിച്ച അസംഖ്യം നിമിഷങ്ങളിലൊന്നില്‍ കൃഷ്ണന്‍ പറഞ്ഞു : "കംസനെ ജയിച്ചാല്‍...
കംസനെ ജയിച്ചാലും എനിക്കിനി നിന്റെ കണ്ണനായി വൃന്ദാവനത്തിലേക്ക്‌ ഒരു മടങ്ങിവരവുണ്ടാകുമെന്ന് തോന്നുന്നില്ല. ഗുരുവചനപ്രകാരം എന്റെ ജന്മലക്ഷ്യങ്ങള്‍ നിനക്കറിയാവുന്നതിലും സഹസ്രകാതമകലെയാണ്‌. അവ വളരെ വിചിത്രവും അതേ സമയം ഉദാത്തവുമാണ്‌. ഇനിയുള്ള എന്റെ ജീവിതം ധര്‍മ്മസംരക്ഷണത്തിനും സാധുജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി ഒരുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മഥുരയെ കംസനില്‍ നിന്ന് വീണ്ടെടുക്കുന്നതില്‍ എന്റെ ദൗത്യമൊതുങ്ങുന്നില്ല. പന്ത്രണ്ട്‌ വംശാവലികളുടേതുമടക്കം യാദവകുലത്തിന്റെ ഒന്നാകെയുള്ള പുനരധിവാസം യാദവരാജകുമാരനെന്ന നിലയില്‍ എന്റെ കര്‍ത്തവ്യമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ക്ക്‌ വേണ്ടി രാജ്യം ഭരിക്കുകയും ഒപ്പം ഭാരതദേശത്തിന്റെയൊട്ടാകെ ധര്‍മ്മസന്തുലനം കാക്കുകയും വേണമെനിക്ക്‌. ഈ ചിന്തകള്‍ ക്ഷത്രിയനെന്ന നിലയില്‍ എന്നെ ഓരോ നിമിഷവും ആവേശഭരിതനാക്കുന്നു. അതേ സമയം ഒരു സാധാരണ ഗോപാലനെന്ന നിലയില്‍ എനിക്ക്‌ നഷ്ടപ്പെടുവാന്‍ പോവുന്ന, ഇതുവരെ ഞാനനുഭവിച്ച സൗഭാഗ്യങ്ങളെയോര്‍ത്ത്‌ സ്വയം തപിപ്പിക്കുവാനും അവ എനിക്ക്‌ വഴികാണിക്കുന്നു. പക്ഷേ നിനക്കറിയാവുന്നതുപോലെ, എനിക്കെന്റെ കടമകള്‍ ചെയ്തുതീര്‍ത്തേ മതിയാവൂ. എന്തെന്നാല്‍ എന്നെ കാത്തിരിക്കുന്നത്‌ ഒരു ജനത മുഴുവനുമാണ്‌..!" കൃഷ്ണന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞുനിര്‍ത്തി.

ഒരു വിസ്മൃതിയിലെന്ന പോലെ കൃഷ്ണനെത്തന്നെ മിഴിച്ച്‌ നോക്കി ഇരിപ്പുണ്ടായിരുന്നു രാധ. അവളുടെ നേരെ നോക്കിയപ്പോള്‍ കൃഷ്ണന്റെ ഹൃദയം വീണ്ടും ആര്‍ദ്രമായി. "എന്റെ രാധേ.. ഈ ധര്‍മ്മസങ്കടങ്ങള്‍ നീയറിയുന്നുവോ.? നിനക്കറിയുമോ ഞാന്‍ നിന്നെ.. പിന്നെ ഈ വൃന്ദാവനത്തെയും ഗോകുലത്തെയൊട്ടാകെയും എത്ര മാത്രം സ്നേഹിക്കുന്നുവെന്ന്.? നീയെനിക്ക്‌ നല്‍കിയിരുന്ന വെണ്ണയ്ക്കും എന്റെ അമ്മയെനിക്ക്‌ നല്‍കിയിരുന്ന വെണ്ണയ്ക്കും ഒരേ രുചിയായിരുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍.. നിന്റെ കൊഞ്ചലുകളിലേതൊക്കെയോ നിമിഷങ്ങളില്‍ എനിക്കില്ലാതെ പോയ ഒരു സോദരിയെ ഞാന്‍ കണ്ടിരുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍... ഞാന്‍ പറഞ്ഞാല്‍.... നിനക്കത്‌ മനസ്സിലാകുമോ..? നിന്റെ ചുംബനങ്ങള്‍ പോലെ മറ്റൊന്നും എന്റെ പ്രണയഭരിതമായ ഹൃദയത്തെ തപിപ്പിക്കുന്നില്ല. നിന്റെ സ്നേഹധാര പോലെ മറ്റൊന്നും ഊഷരമായ എന്റെ ജീവനെ തണുപ്പിക്കുന്നതുമില്ല. ഉപാധികളില്ലാത്ത നിന്റെയീ പ്രണയത്തെയും നിന്നെയും ഈ വൃന്ദാവനത്തില്‍ എന്നെന്നേക്കുമായി ഒറ്റയ്ക്ക്‌ വിട്ട്‌ വിദൂരദേശങ്ങളില്‍ കഴിയാനാണ്‌ എന്റെ വിധിയെന്നത്‌.. ഹോ..! എത്ര കഠിനമാണ്‌..!!"

രാധ പെട്ടെന്ന് ഞെട്ടലോടെ കൃഷ്ണന്റെ നേരെ നോക്കി. അവളുടെ മുഖം ഭീകരമായതെന്തോ കണ്ട്‌ ഭയന്നതുപോലെ വിളറി.

"അപ്പോള്‍... കണ്ണന്‍ എന്നെ മഥുരയിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോവുകയുമില്ലേ.?"

കൃഷ്ണന്‍ അതിന്‌ പെട്ടെന്നൊരു മറുപടി കൊടുത്തില്ല. മുറവിളികൂട്ടുന്ന ഒരു മൗനം അവര്‍ക്കിടയില്‍ പെട്ടെന്ന് ഒരു മഹാപ്രളയമായി ഉയര്‍ന്നു. രാധയുടെ വിഹ്വലമായ മുഖത്തേക്ക്‌ നോക്കിക്കിടന്നിരുന്ന കൃഷ്ണന്‍ ഹൃദയത്തിന്റെ ഭാരം താങ്ങാനാവാതെ എഴുന്നേറ്റിരുന്നു.

"അത്‌ വേണ്ട രാധേ.."

ഒരു നിമിഷത്തിന്റെ ഇടവേളയില്‍ കൃഷ്ണന്‍ തുടര്‍ന്നു : "മഥുരയില്‍ ഞാന്‍ നിന്റെ കണ്ണനായിരിക്കില്ല. എനിക്കിനി കൃഷ്ണനാവാനേ പറ്റു. യുദ്ധങ്ങള്‍ ചെയ്യുന്ന, രാജ്യം ഭരിക്കുന്ന, പ്രജാക്ഷേമത്തിനായി രാപ്പകല്‍ അദ്ധ്വാനിക്കുന്ന രാജകുമാരനും രാജാവുമൊക്കെയായിത്തീരും ഞാനിനി. ഈ വൃന്ദാവനവും ഇവിടെ എനിക്ക്‌ പ്രിയപ്പെട്ടവരും എന്റെ ഗോക്കളുമെല്ലാം ഇനി എനിക്കന്യമാണ്‌. എനിക്കൊരിക്കലുമിനി പശുക്കളെ മേയ്ച്ച്‌ ഗോവര്‍ദ്ധനത്തിന്റെ താഴ്‌വരയിലെ പൂമേടുകളിലൂടെ അലയാനാവില്ല.. യമുനയില്‍ ഗോപാലന്മാരോടൊത്ത്‌ നീന്തിരസിക്കാനാവില്ല.. ഗോപികമാരുടെ പാല്‍ക്കുടങ്ങള്‍ എറിഞ്ഞുടയ്ക്കാനാവില്ല.. എന്റെ കളിക്കൂട്ടുകാരോടൊത്ത്‌ യമുനയുടെ കരയിലെ നിലാവ്‌ പങ്ക്‌ വയ്ക്കാനാവില്ല.. നിന്നോടൊപ്പം ഈ കടമ്പിന്റെ ചുവട്ടിലെ പൂമെത്തയിലിങ്ങനെ രാവെളുക്കുവോളം കാലദേശങ്ങളെ മറന്ന്, എന്നെത്തന്നെ മറന്നിരിക്കുവാനാവില്ല......."

യമുനയുടെ ഓളങ്ങളിലേക്ക്‌ നോക്കി കൃഷ്ണനിരുന്നു. കണ്ടില്ലെങ്കിലും രാധ കരയുകയാണെന്ന് കൃഷ്ണന്‌ ഉറപ്പായിരുന്നു.

"നിനക്കും മഥുരയില്‍ എന്റെ പ്രിയപ്പെട്ട ഈ രാധയായിരിക്കാന്‍ പറ്റില്ല. അവിടെ നീ വൃന്ദാവനത്തില്‍ തേനുണ്ട്‌ പാറിനടക്കുന്ന നിഷ്കളങ്കയായ ഒരു ശലഭമായിരിക്കില്ല.. ഉപജാപകരും പരിചാരകരും അകമ്പടി നില്‍ക്കുന്ന, അധികാരവും തിരക്കുമുള്ള, മഥുരയിലെ രാജ്ഞി ഒരിക്കലും എന്റെ രാധയാവില്ല.. പുലര്‍കാലത്ത്‌ വിടര്‍ന്നുവരുന്ന പനിനീര്‍പ്പൂവിനുള്ളിലെ മഞ്ഞുകണം പോലെയാണെനിക്ക്‌ നീ. അത്ര മേല്‍ പരിശുദ്ധം, അത്ര മേല്‍ നിര്‍മ്മലം.. അതെപ്പോഴും അങ്ങനെതന്നെയായിരിക്കണമെനിക്ക്‌. എന്റെ ദൗര്‍ഭാഗ്യകരമായ തിരക്കുകളിലേക്കും ജീവിതവൈചിത്ര്യങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ട്‌ അതിന്റെ ഭംഗിയും വിശുദ്ധിയും നഷ്ടപ്പെടാന്‍ പാടില്ല. നീ ഈ സ്വര്‍ഗ്ഗതുല്യമായ വൃന്ദാവനത്തില്‍ തന്നെ വേണം എന്നെന്നേക്കും. നിന്റെ സാന്നിധ്യമുള്ള ഈ വൃന്ദാവനം എനിക്കെന്റെ മാനസക്ഷേത്രമായിരിക്കും. നീ ഈ ക്ഷേത്രത്തിലെ ദേവിയും.. എന്നും അതങ്ങിനെ തന്നെ ആയിരിക്കുകയും വേണം.. ഇവിടെ ഈ വൃന്ദാവനവും എന്റെ രാധയും ഇതുപോലെ തന്നെ എന്നെ കാത്തിരിപ്പുണ്ടെന്ന് ഓര്‍ക്കുവാനാണ്‌ നീ അവിടെ എന്റെയൊപ്പം എന്റെയീ പ്രിയരാധയല്ലാതെ കഴിയുന്നതിനേക്കാള്‍ എനിക്കിഷ്ടം. ഭാഗ്യം കെട്ട എന്റെ ആത്മാവിന്‌ ഏറ്റവും കുറഞ്ഞത്‌ ആ ആശ്വാസമെങ്കിലും നല്‍കണം നീ.."

വിങ്ങുന്ന ഹൃദയത്തോടെ കൃഷ്ണന്‍ രാധയെ നോക്കി. രാധ യമുനയിലേക്ക്‌ തന്നെ നോക്കിയിരിക്കുകയായിരുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഉള്ളിലെ ആത്മസംഘര്‍ഷങ്ങളത്രയും ആ മുഖത്ത്‌ വ്യക്തമായിരുന്നു.

ഒരു നിമിഷത്തിന്റെ അപ്രതിരോധ്യമായ പ്രേരണയില്‍ കൃഷ്ണന്‍ രാധയുടെ മുഖം കൈക്കുമ്പിളില്‍ പിടിച്ചെടുത്ത്‌ തന്നിലേക്കടുപ്പിച്ചു നിറുകയില്‍ ചുംബിച്ചു. അനന്തരം അവളുടെ നെറ്റിയിലേക്ക്‌ നെറ്റി ചേര്‍ത്തുകൊണ്ട്‌ ചോദിച്ചു : "ഞാന്‍ പറഞ്ഞതെന്തെന്ന് നിനക്ക്‌ മനസ്സിലാകുന്നുണ്ടോ രാധേ..? എനിക്കീ ലോകം നീ എന്നെന്നേക്കുമായി തരുമോ.? എന്റെ കര്‍മ്മബോധങ്ങളുടെയും ജന്മലക്ഷ്യങ്ങളുടെയും ചങ്ങലപ്പൂട്ടുകളെ ഭേദിച്ചുകൊണ്ട്‌ എന്നെന്നേക്കുമായി.?"

പെട്ടെന്ന് രാധയില്‍ നിന്ന് ശക്തമായ ഒരു തേങ്ങലുയര്‍ന്നു. വിങ്ങിപ്പൊട്ടുന്ന കൃഷ്ണന്റെ മുഖത്തേക്ക്‌ മുഖം ചേര്‍ത്ത്‌ അവള്‍ വിങ്ങിക്കരഞ്ഞു. എത്രനേരം ആ ഇരിപ്പിരുന്നുവെന്ന് രാധയ്ക്കോ കൃഷ്ണനോ ബോധ്യമുണ്ടായിരുന്നില്ല..

ചക്രവാകപ്പക്ഷി പാട്ട്‌ നിര്‍ത്തിയ ഏതോ ഇടവേളയില്‍ അവള്‍ പറഞ്ഞു : "ശരിയാണ്‌. അവിടെ, മഥുരയില്‍ എനിക്കെന്റെ കണ്ണനെ കാണാന്‍ സാധിക്കില്ല. മഥുരയിലെ കൃഷ്ണനെക്കാള്‍ എനിക്ക്‌ പ്രിയപ്പെട്ടത്‌ ഇവിടെ, വൃന്ദാവനത്തില്‍ പൂക്കളോടും പറവകളോടും കിന്നാരം പറയുന്ന എന്റെ കണ്ണനെയാണ്‌. ആ കണ്ണനെ ഞാന്‍ മനസ്സിലാക്കിയില്ലെങ്കില്‍ പിന്നെ ആരാണ്‌ മനസ്സിലാക്കുക.? എന്റെ കണ്ണന്‍ വിഷമിക്കരുത്‌. ഈ സ്നേഹവും ഇതിന്റെ ഓര്‍മ്മകളും മതി ജന്മങ്ങളത്രയും രാധയ്ക്ക്‌ കാത്തിരിക്കാന്‍.. എനിക്ക്‌ മനസ്സിലാകും.. കണ്ണന്‌ പ്രിയപ്പെട്ട വൃന്ദാവനവും രാധയും എന്നും ഇങ്ങനെ തന്നെ ഇവിടെ കാണും; കണ്ണനെ മാത്രം പ്രതീക്ഷിച്ചുകൊണ്ട്‌.. ഞാനൊരിക്കല്‍ പറഞ്ഞിട്ടില്ലേ.. നിന്നെ വിഷമിപ്പിക്കുവാന്‍ ഈ രാധ ഒരിക്കലും തുനിയുകയില്ലെന്ന്.. നീയെന്റെ ആത്മാവിന്റെ സത്തയെന്ന്...."

"അങ്ങ്‌ ഇതുവരെ ഉറങ്ങിയില്ലേ..?" രുഗ്മിണിയുടെ ചോദ്യം കൃഷ്ണന്റെ മിഴിയില്‍ നിന്ന് പൊഴിഞ്ഞ നീര്‍മണിയില്‍ തട്ടിച്ചിതറി.

ഇളകുന്ന ആഭരണങ്ങളുടെ ശബ്ദത്തിലേക്ക്‌ കൃഷ്ണന്‍ തിരിഞ്ഞു. രുഗ്മിണി കിടക്കയില്‍ എഴുന്നേറ്റ്‌ ഇരിക്കുന്നു.

"എന്തോ.. ഉറക്കം വന്നില്ല." കൃഷ്ണന്‍ പതിയെ നടന്ന് കിടക്കയില്‍ രുഗ്മിണിയുടെ അടുത്തായി കിടന്നിരുന്ന ഉരുളന്‍ തലയിണയിലേക്ക്‌ കൈകുത്തി ചരിഞ്ഞ്‌ കിടന്നു.

"എന്തെല്ലാം ഓര്‍മ്മകളാണ്‌.. ഹൃദയത്തില്‍ ഏറ്റവുമധികം തുടിച്ച്‌ നില്‍ക്കുന്ന സംഭവങ്ങളുടെ ഓര്‍മ്മകള്‍ ചിലപ്പോള്‍ മനസ്സിനെ എത്ര മാത്രം മഥിക്കുന്നു. ഓര്‍മ്മകളുടെ വേലിയേറ്റത്താല്‍ വികാരഭരിതമായ മനസ്സിന്‌ ശരിയും തെറ്റും തിരിച്ചറിയാനാവാതെ പോവുന്നു. നൈമിഷികമായ വികാരവൈചിത്ര്യത്തിനടിപ്പെട്ട്‌ രാധയെ വൃന്ദാവനത്തിലെ അന്തമെഴാത്ത ഏകാന്തതയ്ക്ക്‌ വിട്ടുകൊടുത്തത്‌ ശരിയാണോ.? അവള്‍ അവിടെ തന്നെ കാത്ത്‌ നിലാവുള്ള രാത്രികളില്‍ കടമ്പിന്റെ ചുവട്ടില്‍ വെണ്ണയുമായി കാത്തിരിപ്പുണ്ടാവാം.. അല്ല; അവള്‍ കാത്തിരിപ്പുണ്ട്‌.. അത്‌ സുനിശ്ചിതമാണ്‌.. ഇത്രയധികം സ്നേഹമുണ്ടായിരുന്നിട്ടും എന്തിനാണ്‌ അവളെ വിരഹവിഷാദത്തിന്റെ നിലയില്ലാത്ത ചുഴിമലരികള്‍ക്ക്‌ വിട്ടുകൊടുത്തത്‌.? കര്‍ത്തവ്യവും രാജധര്‍മ്മവും പാലിക്കുവാനായി വിശുദ്ധമായതില്‍ വിശുദ്ധമായ ആ സ്നേഹം എന്തിനാണ്‌ ഉപേക്ഷിച്ചത്‌.? അല്ല, തികച്ചും സാധുവായ, സ്നേഹത്തിന്റെ മൂര്‍ത്തരൂപമായ അവളോട്‌ ചെയ്തത്‌ പുരുഷധര്‍മ്മമോ രാജധര്‍മ്മമോ..? അല്ലെങ്കില്‍ അത്‌ ധര്‍മ്മമാണോ.? ഇന്നും ഇപ്പോഴും നിശ്ചയമില്ല. ഒന്നുണ്ട്‌. ഈ നിമിഷവും രാധയെന്ന സ്ത്രീ സ്നേഹത്തെപ്പറ്റി ഏതൊരാള്‍ക്കും ഹൃദയത്തില്‍ സങ്കല്‍പ്പിക്കാന്‍ പറ്റുന്നതില്‍ വെച്ച്‌ ഏറ്റവും ലോലവും പരിശുദ്ധവും നിര്‍മ്മലവുമായ കല്‍പ്പനയാണ്‌. അല്ല; അതാണ്‌ യാഥാര്‍ഥ്യം..! എന്നിട്ടെന്താണ്‌ സംഭവിച്ചത്‌.. എന്തൊക്കെയാണ്‌ ചെയ്തുകൂട്ടിയത്‌... ചെയ്തതുകൊണ്ടെല്ലാം ധര്‍മ്മം സംരക്ഷിക്കപ്പെടുന്നുണ്ടോ..? കര്‍ത്തവ്യങ്ങളെല്ലാം നിറവേറ്റപ്പെടുന്നുണ്ടോ..??" ഘനം തൂങ്ങിയ വിഷാദത്തിനും കുറ്റബോധത്തിനും അടിപ്പെട്ട്‌ കൃഷ്ണന്‍ അങ്ങനെ ചിന്തകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

" ഒരുകാര്യം പൂര്‍ണ്ണബോദ്ധ്യമായിരിക്കുന്നു..ഈ ജന്മത്തിലെ അവസാനശ്വാസം വരെയും രാധയോടുള്ള തീവ്രപ്രണയത്തില്‍ നിന്ന് തനിക്കൊരിക്കലും മുക്തി ഉണ്ടാവില്ല.. സന്തോഷങ്ങളില്‍, സന്താപങ്ങളില്‍, വിജയങ്ങളില്‍, പരാജയങ്ങളില്‍, നിദ്രകളില്‍, നിദ്രാരഹിതരാവുകളില്‍, രതിയില്‍, വിശ്രാന്തിയില്‍, കോപതാപങ്ങളില്‍.. എന്ന് വേണ്ട ജീവിതത്തിലെ ഓരോ നിമിഷവും അത്‌ ആത്മാവില്‍ ഉളവായ അഗാധവൃണം പോലെ ഉള്ളിന്റെയുള്ളില്‍ വിങ്ങിക്കൊണ്ടിരിക്കുന്നു."

രുഗ്മിണി അരികിലേക്ക്‌ ചാഞ്ഞുകൊണ്ട്‌ ചോദിച്ചു : എന്താണ്‌ ഇന്ന് ഇത്ര ആലോചന.? അതും ഉറക്കം പോലും കളഞ്ഞുകൊണ്ട്‌.?"

കൃഷ്ണന്‍ രുഗ്മിണിയുടെ കണ്‍കളിലേക്ക്‌ നോക്കി. നിദ്രയുടെ നിഴല്‍ വീണതെങ്കിലും പ്രേമത്താല്‍ ജ്വലിക്കുന്ന മിഴികള്‍. നിലാവ്‌ തട്ടി കവിളുകള്‍ തിളങ്ങുന്നു.

"രുഗ്മിണീ.. പ്രിയപ്പെട്ടവളേ.. നീ കാണുന്നുവോ..? മുളക്‌ പുരണ്ടതുപോലെന്റെ ആത്മാവിനെ നീറ്റുന്ന ആ മുറിവ്‌..? പ്രണയത്തിന്റെ, വിരഹത്തിന്റെ, കുറ്റബോധത്തിന്റെ, ധര്‍മ്മസങ്കടങ്ങളുടെ, അസഹ്യവും അനന്തവുമായ ആത്മനിന്ദയുടെ മുറിവ്‌..? നിന്റെ ചുടുചുംബനങ്ങള്‍ എന്റെ ആത്മാവിലെ ഒരിക്കലും ഉണങ്ങാത്ത ആ മുറിവിനെ ചുട്ടുനീറ്റുന്നു.. നിന്റെ സ്രവങ്ങള്‍ വീണാ മുറിവ്‌ ഓരോ നിമിഷവും പഴുത്ത്‌ പഴുത്ത്‌ വൃണമാവുന്നു.. നീ അറിയുന്നുണ്ടോ അതിന്റെയുള്ളില്‍ നിന്നുയരുന്ന നിസ്സഹായമായ, നിരര്‍ഥകമായ നിലവിളികള്‍..??"

"എന്താണിത്ര ആലോചിക്കാനെന്ന്..??" രുഗ്മിണിയുടെ ചോദ്യം കൃഷ്ണനെ വീണ്ടും ചിന്തകളില്‍ നിന്നുണര്‍ത്തി. മിഴികള്‍ക്ക്‌ തൊട്ടുമുന്‍പില്‍ രുഗ്മിണിയുടെ മുഖം നിലാവില്‍.. സമുദ്രം ഇളകുന്നതുപോലെ കണ്ണിണകള്‍..കൃഷ്ണപ്രണയത്താല്‍ തുടിക്കുന്ന കണ്ണിണകള്‍.. കൃഷ്ണന്‍ ഒരുനിമിഷം ആ മിഴികളിലേക്ക്‌ ഉറ്റുനോക്കിക്കിടന്നു. അനന്തരം പ്രേമപൂര്‍വ്വമായ ഒരു മന്ദഹാസത്തോടെ, വര്‍ദ്ധിതമായ ആസക്തിയോടെ രുഗ്മിണിയെ വാരിപ്പുണര്‍ന്നു. അന്ത:പ്പുരത്തിന് പുറത്ത്, വഴിതെറ്റിപ്പോയ അസംഖ്യം മേഘശകലങ്ങള്‍ മേയുന്ന വിശാലാകാശത്ത്, ഒരു മേഘത്തിന്റെ മറയ്ക്കപ്പുറം കടന്നെത്തിയ ചന്ദ്രബിംബത്തിന്റെ അരികുകളില്‍നിന്ന് പൊട്ടിയ വൃണത്തില്‍ നിന്നൊഴുകുന്ന മഞ്ഞനിറമുള്ള ചലം പോലെ നിലാവ് വീണ്ടും പടര്‍ന്ന് തുടങ്ങി.

**************************************************************

പിന്‍കുറിപ്പ് : എത്ര സുഖകരമായ ജീവിതത്തിലും ഏതെങ്കിലുമൊക്കെ നിമിഷങ്ങളില്‍ ഓര്‍മ്മകളാല്‍ പിന്നോട്ട് നയിക്കപ്പെടാത്തവരായി ആരെങ്കിലുമുണ്ടാവുമോ.? നിറഞ്ഞ മനസ്സോടെ സ്നേഹിക്കുന്ന ജീവിതപങ്കാളിയെ പ്രേമപൂര്‍വ്വം പുണരുമ്പോഴും എപ്പോഴെങ്കിലുമൊരു നിമിഷം പൂര്‍വ്വപ്രണയത്തിന്റെ ഓര്‍മ്മകളാല്‍ മഥിക്കപ്പെടാത്ത ഏതെങ്കിലും മനസ്സ് ഉണ്ടാവുമോ.? വിശ്വാസവഞ്ചനയെന്ന് ഓരോ ആളുകളും സമൂഹത്തോട് ഉദ്ഘോഷിക്കുന്ന, എന്നാല്‍ ഉള്ളിന്റെയുള്ളില്‍ ഏവരും അനുഭവിക്കുന്ന ആ വികാരവൈചിത്ര്യത്തിന് ഒരിക്കലെങ്കിലും അടിപ്പെടാത്ത ഏത് പ്രണയിയാണ് ഭൂമിയെ കടന്ന് പോയിട്ടുള്ളത്.? അങ്ങനെ നോക്കുമ്പോള്‍ രുഗ്മിണി എന്റെ മുന്നില്‍ സ്നേഹമയിയും സുന്ദരിയുമായ ഭാര്യയായും, രാധ ആദ്യപ്രണയത്തിന്റെ, തീവ്രപ്രണയത്തിന്റെ ഉദാത്തമായ സങ്കല്‍പ്പമായും, കൃഷ്ണന്‍ അവതാരപുരുഷനെന്നതിലുപരി കേവലവും വിചിത്രവും വൈരുദ്ധ്യാത്മകവുമായ മാനസികസംഘര്‍ഷങ്ങളില്‍പ്പെട്ട് സ്വയം വേവുന്ന തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യനുമായിത്തീരുന്നു.. പൂര്‍വ്വകാലപ്രണയത്തിന്റെ തീവ്രമായ ഓര്‍മ്മകളാല്‍ പീഡിതനാവുന്ന കൃഷ്ണന് അതേസമയം തന്നെ സ്നേഹമയിയായ ഭാര്യയുടെ പ്രേമത്തെ അവഗണിക്കുകയെന്നത് വികാരവിചാരങ്ങളെല്ലാമുള്ള ഒരു പച്ചമനുഷ്യനായിരിക്കുമ്പോള്‍ സാധിക്കുമോ.? സ്നേഹമെന്നത് എത്ര വിചിത്രമായ വികാരമാണ്.. അത് നമ്മുടെ ഹൃദയത്തെ ഒരേ സമയം കുത്തിനോവിക്കുകയും മധുരം പുരട്ടുകയും ചെയ്യുന്നു.. കൃഷ്ണന്റെ സങ്കീര്‍ണ്ണമായ ആത്മസംഘര്‍ഷങ്ങളെ, നിസ്സഹായതയെ, ആത്മനിന്ദയെ ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ കാണാനുള്ള ഒരു ശ്രമമാണ് ഇത്..

11 Comments, Post your comment:

Vayady said...

എത്ര മനോഹരമായ കഥ! എനിക്കേറേ പ്രിയപ്പെട്ടതാണീ കൃഷ്ണ സങ്ക‌ല്‍‌പ്പം. വായിച്ചു തീര്‍‌ന്നിട്ടും കഥയുടെ മാധുര്യം മനസ്സില്‍ നിന്നും മായുന്നില്ല. സത്യം പറഞ്ഞാല്‍ ഈ കഥ വായിച്ചു തീരുന്നതു വരെ ഞാന്‍ വേറേയേതോ ലോകത്തായിരുന്നു. വൃന്ദാവനത്തില്‍ കൃഷ്‌ണന്റേയും രാധയുടേയും ഒപ്പം പിന്നെ മഥുരയില്‍ രുക്‌മണിയോടൊപ്പം..ഞാനുമുണ്ടായിരുന്നു.
എന്ത് ന്യായം പറഞ്ഞാലും കൃഷ്ണന്‍ രാധയുടെ ഉപാധികളില്ലാത്ത പരിശുദ്ധ പ്രണയം വേണ്ടെന്നു വെച്ചത് ശരിയായില്ല.

പിന്‍‌കുറിപ്പ് അസ്സലായി. അതില്‍ സത്യമുണ്ട്. താങ്കളുടെ എഴുത്ത് വളരെ നന്നായിട്ടുണ്ട്. അഭിനന്ദങ്ങള്‍.

ദിയ കണ്ണന്‍ said...

ഒരു കവിത പോലെ മനോഹരം.. :)

മുകിൽ said...

Katha manoharamaayirikkunnu. Avasaana vaachakaththile upama entho mattaamaayirunnu ennu thonni.. "ഒരു മേഘത്തിന്റെ മറയ്ക്കപ്പുറം കടന്നെത്തിയ ചന്ദ്രബിംബത്തിന്റെ അരികുകളില്നിന്ന് പൊട്ടിയ വൃണത്തില് നിന്നൊഴുകുന്ന മഞ്ഞനിറമുള്ള ചലം പോലെ നിലാവ് വീണ്ടും പടര്ന്ന് തുടങ്ങിയിരുന്നു."
Otherwise Beautiful!

PreejaAkhil said...

വളരെ നല്ല ആശയം ... രാധ മാധവം .... പറഞ്ഞാലും പറഞ്ഞാലും മതി വരാത്ത കഥ ... പ്രണയം എന്നാ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓടിയെത്തുന്ന വേണു ഊതുന്ന കണ്ണന്‍ .....


"പ്രണയം വിവാഹത്തില്‍ അവസാനിക്കുമ്പോള്‍ അവിടെ പ്രണയം മരിക്കുന്നുവത്രേ .. അത് കൊണ്ടാണ് രാധയെ കൃഷ്ണന്‍ വിവാഹം കഴിക്കാഞ്ഞത്‌..." എവിടെയോ ആരോ പറഞ്ഞു കേട്ട വരികള്‍ ആണ് ...




നല്ല ഭാഷയില്‍ കഥ പറഞ്ഞു .... അഭിനന്ദനങള്‍ ....

Unknown said...

nalla katha ..

mini//മിനി said...

വളരെ നല്ല കഥ.

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ ചന്ദ്രകാന്താാാ...
സുധാകര്‍ മംഗളോദയം തോറ്റുപോകുന്നത്‌ ആദ്യമായി കാണുകയാണ്‌ ഞാന്‍....!!
എന്റെ തല ഒളിപ്പിക്കാന്‍ എവിടേക്കെങ്കിലും ഓടട്ടെ..!!!

സ്വപ്നസഖി said...

കഥ വളരെ ഇഷ്ടായി.പിന്‍ കുറിപ്പ് ഉഗ്രന്‍ . അഭിനന്ദനങ്ങള്‍ ...

Anjali Menon K said...

Too good.... Ariyathe Kannu niranju poyi..... Thanks a lot...

മീരാജെസ്സി said...

nandi, oru nalla vayananubhavam thannathine..

Nila said...

Valre manoharamayi ezhuthi...
Ettavum estapettathanu ee Radahuyude pranayam....