സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!കൊടിച്ചികൾ

September 17, 2010 Echmukutty

നാലാമതും പെണ്ണിനെ പെറ്റിട്ടിട്ട് വല്യ ഗമേല് എന്തോ മഹാകാര്യം ചെയ്തേക്ക്ണ മട്ടിലുള്ള റോസിക്കുട്ടിയുടെ മോന്ത കണ്ടപ്പോൾ കൈ വീശി നാലെണ്ണം പൊട്ടിക്കാനാണ് സത്യമായിട്ടും പൊറിഞ്ചു മാഷ്ക്ക് തോന്നീത്.
പെണ്ണ് ഒരാണിനെ പെറണതല്ലേ അതിശയം, അല്ലാണ്ട് പെണ്ണ് ഒരു പെണ്ണിനെ പെറണതില് എന്താപ്പോ ഒരാനക്കാര്യം?
ഒരാണിനെ പെറ്റിടാൻ പറ്റാത്ത ഇവളെയാണല്ലോ കർത്താവ് മ്മ്ക്കായി തന്നത്.
കഷ്ടകാലത്തിനു പെണ്ണ് കാണാൻ ചെന്നപ്പോ പണ്ടാരത്തിന്റെ മട്ടും മാതിരിയും ഒക്കെ അങ്ങട് ബോധിച്ചു. അങ്ങനെ കുരിശ് തലേൽ വന്നു കേറി.
ഇപ്പോ നാലെണ്ണം മോന്തക്കങ്ങട് കൊടുത്താ, പെറ്റ് കെട്ക്ക്മ്പോ തല്ലി നടു ഒടിച്ചൂന്ന് നാട്ട്കാരൊക്കെ അങ്ങട് പറഞ്ഞൊടങ്ങും.
ഈ നാലു കുട്ടിപ്പിശാശ്കളെ വളർത്തീട്ത്തി കെട്ടിച്ച് വിടണ്ട കാര്യം ഓർക്കുമ്പോ നട്ടപ്രാന്താവാ തലയ്ക്ക്. എന്തായാലും ഓപ്രേഷ്ൻ ചെയ്ത് പെറല് നിർത്തീത് നന്നായി. അല്ലെങ്കി കെട്ന്നേന് കെട്ന്നേന് ഇവള് പെണ്ണിനെ പെറാൻ തൊടങ്ങിയാ ശേലായേനെ.
ഓർക്കും തോറും അരിശം പിടിക്കന്യാ.
ആദ്യത്തെ പെണ്ണിനെ പെറ്റിട്ട് റോസിക്കുട്ടി വന്നപ്പോ മ്മക്ക് തീരെ വെഷമം തോന്നീല്ലാന്ന് പറഞ്ഞാൽ ഇപ്പൊ ആരും സമ്മതിക്കില്ല്യ. പക്ഷെ, അതാണ് സത്യം. ‘നമ്മക്ക് ഇഞ്ഞിയത്തെ തവണ ചെക്കനേ കിട്ടൂടീ‘ന്ന് അവളോട് ഒരു സ്വർണമോതിരത്തിന് പന്തയം കെട്ടീതന്ന്യാ.
ഇന്ന്ട്ട് എന്തായി?
റോസിക്കുട്ടി പിന്നേം പെറ്റു രണ്ട് പെണ്ണിനെ.
ഇത്തവണ ‘ പെണ്ണിനെ പെറ്റ്ട്ട് ഈപ്പടി കേറണ്ടാ‘ന്ന് തീർത്ത് പറഞ്ഞിട്ടാ അവളെ സ്വന്തം വീട്ട്ല്ക്ക് പേറിനയച്ചത്. അന്നവള് കൊറെ നെലോളിച്ച് ഉപ്പന്റെ മാതിരി കണ്ണൊക്കെ ചോപ്പിച്ചു. ന്ന്ട്ട് ദേ ഇപ്പൊ ഒരു കൂസലും ഇല്ലാണ്ട് ഒരു പെങ്കുട്ടിപ്പിശാചിന് മൊലേം കൊട്ത്ത് കെടക്കുണു.
ഇഞ്ഞിപ്പോ ക്ടാവ്ണ്ടായീന്നറിഞ്ഞാ അപ്പത്തൊടങ്ങും സ്കൂളിലെ കൂട്ട്കാര് ടീ പാർട്ടി ടീ പാർട്ടീന്ന് ബഹളം വെക്കല്. മൂന്ന് കൊടിച്ചികളുണ്ടായേനും അതൊരു ചെലവായി.
ഇപ്പോ ദ് പറയണ്ടാന്ന് വെച്ചാ ആരാനും പറ്ഞ്ഞ് അറീല്ല്യേ, അതും ഒരു വെടക്ക് തന്നെ. എന്തായാലും ഇഞ്ഞി ഈ ജമ്മത്ത് കാശ്ണ്ടാക്കി മിട്ക്കനാവാൻ പറ്റ്ല്യ. നാലു കൊടിച്ചികളെയാ തീറ്റിപ്പോറ്റി വല്ലതും നാലക്ഷരം വായിക്കാറാക്കി തോനെ കാശും കൊട്ത്ത് ഓരോരുത്തന്മാര്ടെ കൂടെ എറ്ക്കിവിട്ണ്ട്ത്. ചീത്തപ്പേരു കേപ്പിക്കാണ്ട് നോക്കേം വേണം.
ഈ ദണ്ണം മാറാൻ ഇനി കള്ളുഷാപ്പന്നെ ഒരു വഴി. കൊറെ കുടിച്ച് വന്നാ പിന്നെ വെളിവില്ലാണ്ട് അങ്ങട് ഒറ്ങ്ങാം. കൊടിച്ച്യോളെ പറ്റി ആലോയിച്ച് പ്രാന്ത് പിടിക്കണ്ട. ചെക്കൻ ണ്ടാവാത്തേല് ള്ള ചങ്ക് പൊട്ട്ണ സങ്കടം അങ്ങ്ട് മറ്ക്കേം ചെയ്യാം.
നമ്മള് ഒരു ആണായില്ലാന്ന് തോന്നീട്ട് തന്ന്യാ ഈ കൊട്ച്യോളെ കാണുമ്പോ ഇത്ര ഈറ പിടിക്ക്ണ്. റോസീനെ തല്ലിക്കൊല്ലാൻ തോന്ന്ണതും മറ്ക്കാൻ കള്ള്ന്നെയാ നല്ലത്.
ന്നാലും പൊറിഞ്ചു മാഷ്ടെ മോനാന്ന് പറ്യാൻ ഒരു ആൺ തരീനെ തരാണ്ട് ചതിച്ച്ല്ല്യേ കർത്താവ്? വെറ്തെയല്ല കുരിശ്മ്മെ തൂങ്ങീത്.
ദിവസങ്ങള് അങ്ങ്ട് കഴിഞ്ഞ്പ്പോ റോസിക്കുട്ടി ഒരു നാണോം ഇല്ല്യാണ്ട് നാലു കൊടിച്ച്യോളേം കൂട്ടി വീട്ട്ല് വന്ന സ്ഥിതിക്കിനി ടീ പാർട്ടി കൊട്ക്കാണ്ട് ദണ്ണെട്ക്കണ്ട, സ്കൂള്ളെ മാഷ്മ്മാരും ടീച്ചറ്മാരും ന്ന് വെച്ച് അതും അങ്ങ്ട് നടത്താൻ ചെന്ന്പ്പോ ദേ അട്ത്ത കുരിശ് വരണു.
കല്യാണിക്കുട്ടിയമ്മ ടീച്ചറ്ടെ വേഷത്തില്.
അവര് ഒരു ആണിന്റെ മാതിരി തന്റേടള്ള പെണ്ണാ. എന്നാലും ഒരു പെണ്ണ്ന്യല്ലേ. അവര്ക്ക് മുമ്പിൽ വെളമ്പിയ ലഡ്ഡൂം മിച്ചറും തിന്ന്ങ്ങ്ട് പോയാപ്പോരേ? പൊറിഞ്ചു മാഷക്ക് പെങ്കുട്ടിയായേലുള്ള സങ്കടം വിസ്തരിക്കണ തുന്നല് ടീച്ചറ്ടെ തൊള്ളേ നോക്കി കുത്തിരിക്കണാ? തുന്നൽ ടീച്ചറ്ടെ ചോനെ കള്ള് ഷാപ്പില് കണ്ട് പരിചയായതാ. കള്ള് കുടിച്ചാ പിന്നെ മനസ്സ് തൊറ്ന്ന് പോകും. ചെക്കനെ കിട്ടാഞ്ഞ ദണ്ണം അങ്ങ്ട് തൊറ്ന്നാ പറ്ഞ്ഞൂന്നള്ളത് നേരന്യാ.
അപ്പോ ടീച്ചറ് ചോദിച്ചു. ‘എന്താ മാഷെ പെങ്കുട്ടിക്ക് ഇത്ര ഒരു മോശം ? മാഷ് ഇത്ര ദണ്ണപ്പെട്ട് കഴിയാൻ..‘ കഴിയാൻ ന്ന് അവര് സൂത്രത്തില് മാറ്റിപ്പറ്ഞ്ഞ്താ. കള്ള് കുടിക്കാൻ ന്നാ അവര് പറ്യാൻ തൊട്ങ്ങ്യേ.
അല്ലെങ്കി തന്നെ മനിഷേന് തീയ് പൊള്ളിയ സങ്കടാ, അപ്പളാണ് പെണ്ണ്ങ്ങൾടെ ചോദ്യം ചോദിക്കല്. വെച്ച് അലക്കി കൊട്ത്തു.
‘പെണ്ണിനെ എന്ത്നാ കൊള്ളാന്ന് ടീച്ചറ്ക്ക് അറ്യാണ്ടാ ഈ യാതി ചോദിക്ക്ണെ. ഒരു വസ്തൂന് ഒപകാരല്യ. ബുദ്ധീം വിവരോം ഇല്യ. ആണങ്ങള്ടെ മാതിരി ഉഷാറായി ഒരു പണീട്ക്കാൻ പറ്റ്ല്യ്. ആണങ്ങൾടെ സഹായല്ലാണ്ട് ഒരു കാര്യം അങ്ങ്ട് ചിയ്യാൻ പറ്റ്ല്യാ. പെറാനല്ലാണ്ട് വേറെ ഒരു കാര്യത്തിനും പെണ്ണങ്ങളെ കൊള്ളില്യ് ന്റെ ടീച്ചറ്മ്മേ. നാലു കൊടിച്ച്യോളും റോസീം കൂടിയാൽ പിന്നെ ഞാനെന്താക്കാനാ?കൊട്ച്യോളെ വൽതാക്കി കെട്ട്ച്ച് കഴിഞ്ഞാ അവറ്റ മാപ്ലേടെ പിന്നാലെ പൂവ്വും. എനിക്ക് വയസ്സ് കാലത്ത് നാഴി വെള്ളം അവറ്റ തര്വോ. ചെക്കനാണെങ്കില് അവന്റെ പെണ്ണ് പ്രാകീട്ടായാലും ലേശം കാടി തരില്യേ’
മറോടീം കേട്ട് വയറും നെറ്ഞ്ഞ് തലേം കുമ്പിട്ട് ഓട്ണേനു പകരം ടീച്ചറ് പിന്നേം നിന്ന് പറേണത് കൊനഷ്ട് കാര്യങ്ങളാ.
‘അത് ശരി, അപ്പോ കഴിവ് ല്യാത്തോണ്ടാ പെങ്കുട്ട്യോളെ മാഷ്ക്ക് വേണ്ടാത്ത് ല്ലേ. ഇങ്ങനെ കൊടിച്ചി കൊടിച്ചീന്ന് പ്രാകണ്ട. വേണ്ടാത്ത പെങ്കുട്ട്യോളെ വൈന്നേരം തന്നെ ന്റോടെ കൊണ്ടാക്കിക്കോളോ. ഞാനവരെ പഠിപ്പിച്ച് മിട്ക്കത്തിയോളാക്കി നല്ല നായമ്മാരു കുട്യോളാക്കിയങ്ങ്ട് വളർത്തും. കുട്യോള് മിട്ക്കത്തിയോളാവുമ്പോ അവകാശം പറ്ഞ്ഞ് ആ പടി കേറാൻ പാട് ല്യ്. കാര്യങ്ങള് നമ്മ്ക്ക് ദിപ്പൊ നിശ്ചയ്ക്കാം. റോസീടെ അപ്പനേം അമ്മേം വയസ്സ് കാലത്ത് നോക്കാനായിട്ട് റോസി സ്വന്തം വീട്ട്ല് നിൽക്കാച്ചാൽ പൊറിഞ്ചു മാഷ്ക്ക് ആകെ ബുദ്ദിമുട്ടായേനേലോ. താക്കോലോളം പോന്ന പിള്ളേര് കല്യാണം കഴിച്ച് മാപ്ലേടേ കൂടെ പോണതാലോചിക്കാ മാഷ് ഇപ്പത്തന്നെ. മാഷ് വെഷമിക്കണ്ട. ഏതാ അധികായ പെങ്കുട്ട്യോള്ച്ചാല് ഇങ്ങട് തന്നോളൊ.’
ആ ടീച്ചറ്ടെ മോത്ത് തീയ് കത്ത്ണ പോലെണ്ടായിരുന്ന് അപ്പൊ. കാര്യങ്ങള് വഷളാവാണ്ട് നോക്കീത് മ്മടെ ഡ്രോയിംഗ് മാഷാ. ആ മാരാര് മാഷ്. ഒരു തരത്തില് രക്ഷപ്പെട്ട് പോന്നു. പുണ്യാളന്മാര് കാത്തു.
ചെല പെണ്ണ്ങ്ങളെ പേടിക്കണം. ടീച്ചറായാലും അവര് ഒരുമ്പെട്ടോളാ.
ഒക്കെ ആ ഗോപാലന്നായരെ കൊള്ളാഞ്ഞ്ട്ട്. അല്ലാണ്ട്ന്താ?
ആണങ്ങള് നോക്ക്മ്പോ വെറക്ക്ണ്ടേ പെണ്ണ്ങ്ങള്? ടീച്ചറായാലും മയിസ്രേട്ടായാലും.?
അയിന് ഗോപാലന്നായരെപ്പോലെ പെണ്ണ്ങ്ങള്ടെ ചന്തീം താങ്ങി നട്ക്ക്ണ ചെല കോന്തമ്മാരുണ്ടാവൂലോ, ആണങ്ങള്ടെ മാനം കെട്ത്താൻ. അവറ്റ്ടെ ബലത്ത്ലല്ലേ ഈ യാതി പെണ്ണ്ങ്ങള് ചോദ്യം ചോയിക്കണേ.
ഇയ് സമയം സമയം ന്ന് പറേണ സാദനം അങ്ങ്ട് വേഗം പൂവ് ല്ലേ. ദാ ന്ന് പറേമ്പളക്കും കൊടിച്ച്യോള് വൽതാവായേ.
എന്തോരം കള്ള് കുടിച്ചാലും ഇപ്പൊ ഒറങ്ങാൻ വേറെ കള്ള് കുടിക്കണ്ട ഗഡുവാ.ശമ്പളം കിട്ട്ണത് ഷാപ്പ്ല് കൊട്ക്കാൻ തന്നെ തെകയണീല്ല. റോസി ഒരു പഴേ തയ്ക്ക്ണ മെഷീനും പിടിച്ച് യേതു നേരോം തയിപ്പാ. പിന്നെ അവളെ ഇപ്പൊ ഒരൊസ്തൂനും കൊള്ള്ല്യ. നെഞ്ഞും പൊറോം ഒരേ പോലെ. അവള് തയിക്കേ കൊട്ക്കേ എന്തു പണ്ടാരെങ്കിലും എട്ത്തോട്ടെ. മെക്കിട്ട് കേറാണ്ടിര്ന്നാ മതി.
എട്ക്ക് ഓരോ ഒച്ചീം വിളീം ഒക്കെണ്ടാക്കും മുമ്പൊക്കെ, നാലു കൊട്ച്ച്യോൾക്കും റോസിക്കും കൂടി അഞ്ചാറ്ങ്ങ്ട് പൊട്ട്ച്ചാ, കൊറെ നാളത്തേക്ക് നല്ല തൊയിരാ. അല്ല, പിന്നെ. കള്ള് കുടിക്കും മാപ്ലാന്ന് വെച്ച്ട്ട് മാപ്ല്ച്ചീം കൊട്ച്ച്യോളും കൂടി ചോദിക്കാൻ വന്നാ അതിന് ശേഷം ണ്ട്.
അങ്ങ്നെ നല്ലകാലം മുഴോൻ കൊടിച്ച്യോളെ പ്രാകി കള്ളും കുടിച്ചു നടന്നു.
റോസി തയിച്ച് നടുവൊടിച്ചും കപ്പ വിറ്റും നാലു കൊടിച്ച്യോളേയും പോറ്റി.
ഒന്നാം കൊടിച്ചി കന്യാസ്ത്രീയോൾടെ കാരുണ്യത്തില് ടി ടി സി പഠിച്ചു. മഠം വക സ്കൂളില് പഠിപ്പിക്കാൻ തൊടങ്ങി. അവൾക്ക് ദൈവ വിളി വന്ന് പിന്നീട് അവൾ സിസ്റ്റർ. സെവറീനയായി. ഇപ്പോ മഠം വക പ്രൈമറി സ്കൂളിന്റെ പ്രധാനാധ്യാപികേണ്. സിസ്റ്ററെ കാണുമ്പോൾ എല്ലാരും എണീറ്റ് നിന്ന് ബഹുമാനിക്ക്ണ്.
രണ്ടാം കൊടിച്ചി നഴ്സിംഗ് പഠിച്ച് കൊറ്ച്ച് ദിവസം മിഷ്യനാസ്പത്രീല് നിന്നു. പിന്നെ അവള് അമേരിക്കക്ക് പോയി. അവിടെ ചെന്ന് അവള് അയച്ച ഡോളർ ചെലവാക്കി മ്മളു നല്ലോണം കള്ളു കുടിച്ചു.
കൊറച്ച് നാള് കഴിഞ്ഞപ്പോ അവള് ഒരു സായിപ്പിനെ അങ്ങട് കെട്ടി. സായിപ്പല്ലേ ക്രിസ്ത്യാനി തന്നെയല്ലെ എന്ന് പള്ളീലച്ചനാ സമാധാനിപ്പിച്ചത്.
അവള് നാട്ട്ല് വരുമ്പൊ എന്താ പകിട്ട്, പഴയ ഞെരവാളിക്കൊട്ച്ചിയൊന്ന്ല്ലാ. മണീ മണി പോലത്തെ ഇംഗ്ലീഷാ. എല്ലാവർക്കും നല്ല സന്തോഷം. കാശാണെങ്കി ഇഷ്ടം പോലെ. ഒരു ഷാപ്പ് മുഴോൻ വീട്ട്ല് മേടിച്ച് വെക്കാം.
മൂന്നാം കൊടിച്ചി നാട്ട്ലന്നെ കോളേജില് പഠിപ്പിക്ക്യാ. അവളക്കും ദൈവവിളി വന്നതാ. അതു പക്ഷെ ദൈവം വേണ്ടാന്ന് പറ്ഞ്ഞളഞ്ഞു.
മുക്കില് ഷോപ്പിംഗ് കോപ്ലക്സും ലോറീം ഒക്കെള്ള നമ്മ്ടെ പ്രാഞ്ചീസ് ല്ല്യേ അവൻ നേരെ വന്നങ്ങ്ട് പറ്ഞ്ഞ്. അവളെ കെട്ട്ണം, അവന്. കാശും പണോം ഒന്നും വേണ്ടാന്ന്. കളിയൊക്കെ മ്മക്ക് തിരിഞ്ഞു. എന്ത്നാ ആദ്യം കാശും പണോം മേടിക്ക്ണേ? അവള് മാസാമാസം കിറ്കിറ്ത്യായിട്ട് സർക്കാര് ശമ്പളം കിട്ട്ണോളല്ലേ. ഇൻസ്റ്റാൾമെന്റില് സ്ത്രീധനം.
എന്നാലും മ്മള് രക്ഷപ്പെട്ടു. ചെലവും ചീത്തപ്പേരും ഒന്നും വന്നില്ല. ഇപ്പോ അവളും പ്രാഞ്ചീസും കൂടിയന്ന്യാ എല്ലാ കാര്യോം നോക്കണേ. പ്രാഞ്ചീസ് മതീ മതീന്ന് പറ്ഞ്ഞോണ്ട്ന്നെ വയറ് നെറ്ച്ച് കള്ളും മേടിച്ച് തരും.
നാലാം കൊടിച്ചിക്ക് നല്ല പഠിപ്പായി, അവള് ഡോക്ടറായി. ഒക്കെ മൂത്ത കൊട്ച്ച്യോള് കാശെറ്ക്കീട്ട്ന്നെ. പക്ഷെ അവള് ഒരു ഭയങ്കര നെറികേട് കാണിച്ചു.
മൂത്ത കൊട്ച്ച്യോള് കരഞ്ഞ് കാല് പിടിച്ചോണ്ടാ, അല്ലെങ്കി അവളേം ആ പട്ടരു ഡോക്ടറേം അറ്ത്തേനെ. അവള് ടൌണില് വല്യ ആസ്പത്രി അല്ലാ നഴ്സിംഗ് ഹോമാ നട്ത്ത്ണേ.
കൊട്ച്ച്യോളൊക്കെ പോയി കാണലുണ്ട്. അവളേം പിള്ളേരേം. അപ്പനെ അത് അറിയിക്കില്ലാന്ന് മാത്രം. മ്മക്ക് ഒക്കെ അറിയാം. കൊട്ച്ച്യോള് അപ്പന് ഒന്നും അറിയില്ലാന്ന് തന്നെയങ്ങ്ട് വിചാരിച്ചോട്ടെ. കൊളം എത്ര കുണ്ടി കണ്ടതാ.!!
റോസിക്കുട്ടിക്ക് തമ്പുരാൻ അധികം ആയിസ്സ് കൊട്ത്ത്ല്യ. അവളെ വേഗങ്ങട്ട് വിളിച്ചു, അതോണ്ട് വീട്ട്ല് ഒരു പട്ടര് നെരങ്ങിയ ദണ്ണം അവൾക്ക്ണ്ടായില്ല. അതിന് മുമ്പ് അവളങ്ങ്ട്ട് പോയി.
ന്നാലും അവളക്ക് ഒരു ആണിനെ പെറ്റിടാൻ എന്തായിര്ന്ന് ചേതം?
കൊട്ച്ച്യോൾടെ അപ്പ്നാവാനാ കർത്താവ് വെച്ചത്.
പിന്നെന്താക്കാനാ?

17 Comments, Post your comment:

വി.എ || V.A said...

‘...ആ മൂന്നാം കൊടിച്ചീണ്ടല്ലൊ, ഓള്ക്കും ദൈവവിളി വന്നതാ- അത് ദൈവം വേണ്ടാന്ന് പറഞ്ഞളഞ്ഞ്...’ ‘....ഇൻസ്റ്റാള് മെന്റില് സ്ത്രീധനം...’ ‘പിന്നെന്താക്കാനാ....?’ ‘..ഹായ്, ന്ക്ക് ക്ഷ അങ്ങ്ട് പിടിച്ചിരിക്ക്ണ്, ട്ടോ..’

mini//മിനി said...

രണ്ട് പൊട്ടിക്കേണ്ടത് ആരെയാണെന്ന് മനസ്സിലായി,

സുസ്മേഷ് ചന്ത്രോത്ത് said...

നല്ല കഥ. നന്നായത്‌ അതിലെ ഭാഷാപ്രയോഗത്തിന്റെ തനിമ കൊണ്ടാണ്‌.എങ്കിലും കഥയ്‌ക്കിത്തിരി സ്‌പീഡ്‌ കൂടിയില്ലേ എന്നൊരു സംശയം.

സുസ്മേഷ് ചന്ത്രോത്ത് said...
This comment has been removed by the author.
മുകിൽ said...

സൂപ്പറല്ലേന്റെ എന്റെ എച്മൂ. പത്തുപ്രാവശ്യം വായിച്ചാലും പിന്നേയും ചിരിക്കും. ഉള്ളിൽ കരയും.

പട്ടേപ്പാടം റാംജി said...

കൊടിച്ചികളെ പെറ്റിട്ട രോസിക്കുട്ടിയുടെ കൊടിച്ചികള്‍ അവസാനം കള്ളു കുടിക്കാന്‍ കഷ്ടപ്പെട്ടിരുന്ന പൊറിഞ്ചു മാഷ്ക്ക് കള്ളുഷാപ്പ്‌ മുഴുവനോടെ വാങ്ങിക്കാന്‍ അവസരം ഒരുക്കിയപ്പോള്‍ കഥ പറച്ചില്‍ ഭംഗിയായി. സാമൂഹ്യമായ പല ആഭാസങ്ങളെയും കഥക്കിടയില്‍ ചുരുങ്ങിയ വരികളില്‍ എടുത്ത്‌ കാണിച്ചപ്പോള്‍ മാറ്റ് കൂടി.
നല്ല കഥയും അവതരണവും.

പാറുക്കുട്ടി said...

പൊറിഞ്ചു മാഷ്ക്ക് കൊള്ളാല്ലോ

Rare Rose said...

എച്മൂവേ കഥ നല്ലോണം ഇഷ്ടായി.:)

പൊറിഞ്ചു മാഷിനെ പോലുള്ളവര്‍ പ്രതിനിധീകരിക്കുന്ന കാഴ്ചപ്പാടുകളെ നല്ല വെടിപ്പായി എഴുതി.കഥയാണെന്നറിഞ്ഞിട്ടും കഥ പറച്ചിലിന്റെ ശക്തി കാരണം ചിരിയോ,ദേഷ്യമോ ഒക്കെ പൊറിഞ്ചു മാഷിനോട് തോന്നിപ്പോയി..

ഓ.ടോ:-
കുഞ്ഞ് ആണാവാന്‍ xy ഉം,പെണ്ണാവാന്‍ xx ഉം ക്രോമസോം ഘടനയാണു.അതില്‍ കുഞ്ഞിനെ ആണു ആക്കുന്നതിലെ y കൊടുക്കാന്‍ പിതാവിനു മാത്രമേ കഴിയൂ എന്നിട്ടും കുഞ്ഞു പെണ്ണായാല്‍ പഴി പെണ്ണുങ്ങള്‍ക്ക് എന്നതെവിടുത്തെ ന്യായമാണു പൊറിഞ്ചു മാഷേ എന്നു ചോദിക്കാന്‍ ഒരു ജീവശാസ്ത്രം ടീച്ചര്‍ കൂടെ കല്യാണി ടീച്ചറുടെയൊപ്പം വേണമായിരുന്നു..
പണ്ട് ബയോളജി ക്ലാസ്സില്‍ ഈ സത്യം മനസ്സിലാക്കിയ ശേഷം പാവം പെണ്ണുങ്ങളുടെ നേരെയുള്ള അന്യായ കുറ്റം ചുമത്തല്‍ കണ്ട് കുറെ വിഷമിച്ച കാര്യം ഓര്‍ത്തുപോയപ്പോള്‍ ഈ വാലും കൂടെ കൂട്ടിച്ചേര്‍ക്കാന്നു വെച്ചു.:)

യൂസുഫ്പ said...

ഹായ്..കലക്കീട്ട്ണ്ട്..ട്ടാ...

പ്രയാണ്‍ said...
This comment has been removed by the author.
പ്രയാണ്‍ said...

അമ്മ ഇത്തവണയും സങ്കടം പറഞ്ഞു........... ആങ്കുട്ട്യോളില്ലാത്തതിന്റെ........ നന്നായിട്ടുണ്ട്

തെച്ചിക്കോടന്‍ said...

കഥ പ്രമേയം കൊണ്ടും ഭാഷാ പ്രയോഗം കൊണ്ടും മികച്ചു നില്‍ക്കുന്നു.

അഭി said...

കൊള്ളാം മാഷെ

ചാണ്ടിക്കുഞ്ഞ് said...

എച്ച്മുക്കുട്ട്യെ..വളരെ നന്നായി...
അല്ലെങ്കിലും തന്ത ചാവാന്‍ കിടക്കുമ്പോള്‍, ഒരിറക്കു വെള്ളം കൊടുക്കാന്‍ പെണ്‍പിള്ളേരെ ഉണ്ടാവൂ എന്ന് കേട്ടിട്ടുണ്ട്...

thalayambalath said...

നല്ല രസണ്ട് വായിക്കാന്‍....

വാഴക്കോടന്‍ ‍// vazhakodan said...

നന്നായിട്ടുണ്ട്!!

Echmukutty said...

വായിച്ച് എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എല്ലാ കൂട്ടുകാർക്കും നന്ദി.