ഞാനിപ്പോള്‍ ഇങ്ങനെ ഒരു കത്തെഴുതാന്‍ എന്താ കാരണമെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. ഒരു പക്ഷേ ഞാനിപ്പോള്‍ അനുഭവിക്കുന്ന മാനസികവ്യഥ നിങ്ങള്‍ക്ക് തമാശയായി തോന്നുന്നത് കൊണ്ടാവാം അത്. എനിക്ക് വട്ടാണെന്ന് ഓര്‍ത്ത് നിങ്ങള്‍ ചിരിക്കുകയാണോ?
അല്ല.....കൃഷ്‌ണേന്ദു ഇങ്ങനെയാണ്.
ഈ ഒരു അവസരത്തില്‍ കത്തെഴുതാന്‍ ഇരിക്കുമ്പോള്‍ എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം എഴുതേണ്ടതാണ്. പക്ഷേ ജന്മനാല്‍ കിട്ടിയ മടി എന്നെ അതില്‍ നിന്ന് വിലക്കുകയാണ്. എന്നെ മാത്രം സ്വപ്നം കണ്ടുറങ്ങുന്ന ഭര്‍ത്താവിനേയും അദ്ദേഹത്തിന്റെ തനിസ്വരൂപമായ മൂത്തമകളെയും എന്റെ വാശിയും ദേഷ്യവും അപ്പാടെ പകര്‍ത്തിവച്ച ഇളയമകനെയും ബുദ്ധിമുട്ടിക്കാതെ അവര്‍ക്കരികിലിരുന്ന് ഒരു മെഴുകുതിരിയുടെ പ്രകാശത്തിലാണ് ഞാനിത് എഴുതുന്നത്.
എങ്ങനെ തുടങ്ങണമെന്നറിയാതെ കുറേ നേരം ഉരുകിയൊലിക്കുന്ന മെഴുകില്‍ തൊട്ട് കളിച്ചുകൊണ്ടിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കും എന്നാണ് സംബോധന ചെയ്യാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ ശത്രുക്കള്‍ എന്ന പ്രയോഗത്തിന്റെ തീവ്രത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തോന്നി. അതു കൊണ്ട് എന്റെ സുഹൃത്തുക്കള്‍ക്ക്...എന്നു മാത്രമാക്കാന്നു കരുതി.
അതില്‍ എല്ലാരും പെടുമല്ലോ?എനിക്കപ്പോള്‍ സമയമാം രഥത്തില്‍... എന്ന പാട്ട് കേള്‍ക്കണമെന്ന് തോന്നിയെങ്കിലും ഉറങ്ങിക്കിടക്കുന്ന എന്റെ മൂന്നു വാവകളെ ഓര്‍ത്ത് ഞാന്‍ ആ മോഹം വേണ്ടാന്നു വച്ചു.
ഇടയ്‌ക്കെപ്പോഴോ ഉറക്കത്തില്‍ കിടക്കയില്‍ എന്നെ പരതിയ ഭര്‍ത്താവിന്റെ കൈകള്‍ക്കിടയില്‍ ഞാന്‍ തലയിണ വച്ചപ്പോള്‍ എന്തു കൊണ്ടോ എന്റെ മനസ് ആര്‍ദ്രമായില്ല. മോനുണര്‍ന്നു ചിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ അറിയാതെ എന്റെ കൈകള്‍ നൈറ്റിയുടെ ഹുക്ക് അഴിച്ചെങ്കിലും പെട്ടെന്ന് ബോധോദയം വന്നതു പോലെ ഞാന്‍ പാല്‍ക്കുപ്പിയെടുത്ത് ആ ഇളം ചുണ്ടുകള്‍ക്കിടയില്‍ തിരുകിവച്ചു. ചൂടും രുചിയും നഷ്ടപ്പെട്ടത് ഉറക്കത്തിലായത് കൊണ്ടാവാം അവന്‍ അറിഞ്ഞില്ല. നിങ്ങള്‍ക്കിപ്പോള്‍ അതിശയം തോന്നുന്നില്ലേ കൃഷ്‌ണേന്ദു എന്തേ ഇങ്ങനെയാവാനെന്ന്?
സമയം കടന്നു പോകുന്നു. എന്തൊക്കെയോ പറയാനുണ്ട്. പണ്ടേ എനിക്കു വലിച്ചു നീട്ടി എഴുതുന്നത് ഇഷ്ടമല്ല. ആറ്റിക്കുറുക്കി എഴുതി റാങ്ക് വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അലമാരക്കുള്ളില്‍ ഭദ്ര്മായി ഇരിപ്പുണ്ടാവുമെന്ന് ഞാനോര്‍ത്തു. ഡിഗ്രിക്‌ളാസില്‍ എന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഞാന്‍ വാങ്ങിയ മാര്‍ക്ക് ഇതു വരെ ആരും തിരുത്തിയിട്ടില്ലെന്ന് ഞാനെപ്പോഴും അഹങ്കാരത്തോടെ ഓര്‍ക്കാറുണ്ട്.
എങ്കിലും ഞാനൊന്നുമായില്ല, എനിക്കു പിമ്പേ കടന്നു വന്നവര്‍ക്കു വഴിമാറി ഞാന്‍ ഓരത്ത് കിട്ടാത്തതെന്തിനോ വേണ്ടി കാത്തിരുന്നു.കിട്ടാത്തതൊന്നും നമുക്കുള്ളതല്ലെന്ന് ഭഗവത് ഗീത വായിച്ച് മനപ്പാഠമാക്കിയെങ്കിലും പലപ്പോഴും ആ വാക്കുകള്‍ക്ക് മുന്നില്‍ മനസ് പിണങ്ങി നിന്നു. ചുമരില്‍ തറച്ചിരുന്ന ഗീതോപദേശ രൂപത്തില്‍ ചമ്മട്ടിയും പിടിച്ചിരുന്ന കൃഷ്ണന്‍ ഇടയ്ക്ക് കണ്ണുരുട്ടി കാണിച്ചതൊക്കെ കണ്ടില്ലെന്ന് നടിച്ചു.
ഗ്രാനൈറ്റ് പതിച്ച വെറും നിലത്ത് കറങ്ങുന്ന ഫാനിനെ നോക്കി കിടന്നപ്പോള്‍ കടന്നു വന്ന വഴിത്താരകളുടെ അവ്യക്തമായ രേഖാചിത്രം മനസിലൂടെ കടന്നു പോയി. സ്‌കൂള്‍, കോളേജ്, സുഹൃത്തുക്കള്‍, നാട് ഒക്കെ ഒന്നുകൂടി കാണണമെന്ന് തോന്നിയപ്പോള്‍ അവയുടെയൊന്നും പടം എടുത്തു സൂക്ഷിക്കാത്തതില്‍ ആദ്യമായി ഇച്ഛാഭംഗം തോന്നി.
ചുമര്‍കേ്‌ളാക്കിലെ കിളി നാല് പ്രാവശ്യം ചിലച്ചപ്പോള്‍ ഞാന്‍ പരിഭ്രാന്തിയോടെ ചാടിയെഴുന്നേറ്റു. കൈയില്‍ കിട്ടിയ ഗുളികകള്‍ എണ്ണം പോലും നോക്കാതെ വാരി വിഴുങ്ങി വെള്ളം കുടിച്ചിട്ട് ഈ ലോകത്തെ എന്റെ ഏക സമ്പാദ്യങ്ങളായ മൂന്ന് പേരുടെ അടുക്കല്‍ ചെന്നു കിടന്നപ്പോള്‍ മേശപ്പുറത്ത് അപൂര്‍ണ്ണമായ കത്ത് കണ്ടു.
പക്ഷേ അപ്പോള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത വിധം എന്റെ വിരലുകള്‍ തളര്‍ന്നു കഴിഞ്ഞിരുന്നു.ഇപ്പോള്‍ എന്തേ ഇങ്ങനെ ചിന്തിക്കാനെന്ന് നിങ്ങള്‍ ചോദിക്കരുത്.
എനിക്കതിന് ഒരുത്തരമേയുള്ളൂ;
കൃഷ്‌ണേന്ദു ഇങ്ങനെയാണ്്......
കൃഷ്ണേന്ദു ഇങ്ങനെയാണ്.....


Labels: 'കഥ'
Subscribe to:
Post Comments (Atom)
18 Comments, Post your comment:
parathi nadannappol kannudakki...kurachu vakkukal kondu kure adhikam chinthakaleyum vikarangaleyum sparsikkunna ezhuthu..nannayi..all the very best koottukara...
കൃഷ്ണേന്ദു വിനെ വളരെ ഇഷ്ടപ്പെട്ടു....വായനക്ക് ഒരു നല്ല സുഖം.....ഇനിയും എഴുതി മുന്നേറൂ.......പേന നമ്മുടെ ആയുധം......ഭാവുകങ്ങള്‍ .............
നല്ല കഥ.ഒതുക്കമുള്ള ആഖ്യാനം.അഭിനന്ദനങ്ങള്‍.
നല്ല കഥ ചെറിയ നൊമ്പരം അനുഭവപെടുന്നു പിന്നെ ഉത്തരം കിട്ടാത്ത ഒരു ചോദ്യം കൃഷ്ണേന്ദു എന്താ ഇങ്ങനെ ?
ഇഷ്ട്ടപ്പെട്ടു!
കൃഷ്ണേന്ദു വേഗം മനസ്സില്‍ കേറിപ്പറ്റി....എഴുതുക ഇനിയും..
മനസ്സില്‍ എവിടെയോ ഒരു മുറിവ് . കൃഷ് ണേന്ദു വിനെ എനിക്കറിയാം എന്നൊരു തോന്നല്‍ . കഥ നന്നായി .----- മോഹന്‍ മണ്ണഴി.
ആത്മഹത്യകളും കൊലപാതകങ്ങളും നാട്ടുനടപ്പായ നാട്ടിലെ എല്ലാ കൃഷ്ണേന്ദുമാരും ഇങ്ങിനെയാണ്.
മനോഹരമായ രചന.
ആശംസകൾ...........
nannayitund aashamsakal
അഞ്ജു.
ഉത്തരം കിട്ടാത്ത ചോദ്യമായി കൃഷ്ണേന്ദു അവശേഷിക്കുന്നു. അഞ്ജുവിന്റെ ഭാഷയുടെ തീവ്രത മറ്റുള്ളവര്‍ അറിയുന്നു. മനസ്സിലാക്കുന്നു. ഇനിയും എഴുതു. നന്നാവുന്നുണ്ട്.
മനസ്സില്‍ അഞ്ജുവിന്റെ മറ്റൊരു കഥ ചിരപ്രതിഷ്ഠ നേടിയതിനാല്‍ അതിനെ ഇളക്കിമാറ്റി പുന:പ്രതിഷ്ഠ നടത്താന്‍ തക്കതായ എഴുത്തായില്ല ഇത് എന്ന് പറയുമ്പോള്‍ അത് അഞ്ജുവിന് കൂടുതല്‍ പ്രചോദനമാവുമെന്ന് തന്നെ എന്റെ വിശ്വാസം.
orikkal njan kadannu poya athe scene engane anju nu kitti???oru vari polum thettathe pakarthiyirikkunnu...oru difference maathram...chinthakalude lokathu ninnum njan unarunnathinu munne enne maathram swapnam kanurangiya ente bharthav unarnnu..vallathe sparshichu ee post...anubhavathinte theevratha kond aakam....
krishnendu njan thannen aaynu....oro variyum ente anubhavangalum...
എഴുത്തും ഭാഷയും ഇഷ്ടപ്പെട്ടു. പ്രമേയം ഇഷ്ടപെട്ടില്ല (കാരണം തികച്ചും വ്യക്തിപരം " ജീവിതം നല്‍കാന്‍ മടിക്കുന്നത്രയും ജീവിച്ചു ജീവിതത്തോട് ഞാന്‍ വാങ്ങിടും "എന്നാണ് നോമിന്റെ പോളിസി എന്നത് കൊണ്ടു തന്നെ ). അബ്സ്ട്രാക്റ്റ് ആയി കഥപറയുന്ന ഈ രിതി ബ്ലോഗില്‍ അധികം കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും പല ചോദ്യങ്ങള്‍ ഉണ്ടാവാം.
ഒരിക്കല്‍ ഒരു യോഗത്തില്‍ ബെന്യാമിന്‍ പറഞ്ഞതോര്‍ക്കുന്നു " എല്ലാം വായനക്കാരുടെ യുക്തിക്ക് വിടുന്നു " (ആടുജീവിതത്തിലെ ചില സന്ദര്‍ഭങ്ങലില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ടല്ലോ അതിനു വിശദീകരണം നല്‍കാമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു ). കൃഷ്ണേന്ദവിനെയും നമുക്ക് അവരവരുടെ യുക്തിക്ക് വിടാം അല്ലേ.
nicely done,anyway
നല്ല ആഖ്യാനം..
ഭാവുകങ്ങള്‍
nammal evide vechanu kandittullathu???????? Ammu
കൃഷ്ണേന്ദുവിനെ മനസ്സിലാക്കാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല.. എന്തിനെന്നറിയാത്ത നൊമ്പരങ്ങള്‍ ഒരുപാടുള്ളതിനാലായിരിക്കാം...
കഥ വളരെ നന്നായി...
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദാർശനിക പ്രശ്നം ആത്മഹത്യയാണെന്ന് പറഞ്ഞത് (20 നൂറ്റാണ്ട്) ആൽബേർ കമ്യു ആണ്. ആത്മഹത്യയുടെ കാരണങ്ങൾ അന്വേഷിച്ചുപോയാൽ അത് എത്രയോ ദുരൂഹമായിരിക്കും. ഈയിടെയാണ് കവയിത്രിയായ ഷാഹിന സ്നേഹിക്കുന്ന ഭർത്താവിനെയും ചെറിയ കുട്ടിയെയും തനിച്ചാക്കി ആത്മഹത്യ ചെയ്തത്. നിരൂപകനായ ടെഡ് ഹ്യൂസിന്റെ ഭാര്യയും കവയിത്രിയുമായ സിൽ വിയ പ്ലാത്ത് ആത്മഹത്യ ചെയ്യുന്നതിനു മുൻപ് മക്കളെ ഊട്ടിയുറക്കിയിരുന്നു.
ഇടപ്പള്ളി ആത്മഹത്യ ചെയ്തത് പ്രണയ നൈരാശ്യം കൊണ്ടല്ല എന്ന് ഇന്ന് നമുക്കറിയാം. കൃഷ്ണേന്ദുവിനും അങ്ങനെ തികച്ചും വ്യക്തിപരമായ തികച്ചും ആത്മീയമായ, ഒരു കാരണമുണ്ടാവും. ആത്മഹത്യ ഒരാൾ ചെയ്യുന്ന ഏറ്റവും ക്രിയേറ്റീവായ ഒരു കർമ്മമെന്നാണല്ലോ പറച്ചിൽ.
പക്ഷേ, ഇവിടെ നായികയുടെ വാക്കുകളിൽ തികച്ചും ഭൌതികമായ നിരാശകൾ ഒളിച്ചിരിപ്പുണ്ട്. ഡിഗ്രിക്ക് റാങ്ക് വാങ്ങിയ പഠിക്കാൻ മിടുക്കിയായ പെൺകുട്ടി വെറും വീട്ടമ്മയായി ഒതുങ്ങിക്കൂടേണ്ടി വന്നു. ഭർത്താവിനെയും മക്കളെയും പരിപാലിച്ച് അടുക്കളക്കാരിയായി ഒതുങ്ങേണ്ടി വന്നു.
അടുക്കളയിൽ തേഞ്ഞുതീരുന്ന ഒരു വെറും വീട്ടുപകരണമാണ് ഞാൻ(സാവിത്രീ രാജീവൻ)
അവന്റെ പ്രാതൽ കിണ്ണത്തിൽ ഞാൻ ദഹിച്ചു തീരുന്നു(സിൽ വിയ പ്ലാത്ത്) എന്നോ ഒക്കെയുള്ള പഴയ പല്ലവി തന്നെ.
പുരുഷാധിപത്യത്തിൽ പ്രതിഭയുള്ള ഒരു പെണ്ണിന്റെ ജീവിതം ഹോമിക്കേണ്ടിവരുന്നു എന്ന ഈഗോ കടന്നു വരുന്നു.
പിന്നെ കഥ പറഞ്ഞു വരവെ കത്തിൽ നിന്നൊക്കെ മാറി ആഖ്യാനം വേറെവിടേക്കോ പോയി. കൈഅവിട്ടുപോയി. കഥ കുറച്ചുകൂടി വസ്തുനിഷ്ഠവും വൈകാരികവുമാക്കാമായിരുന്നു.
ഗ്രേസിയോ, ചന്ദ്രമതിയോ, അതിനു മുൻപ് മാധവിക്കുട്ടിയോ രാജലക്ഷ്മിയോ സരസ്വതിയമ്മയോ ഇളം തലമുറയിൽ കെ.രേഖയോ കെ.ആർ.മീരയോ സിതാരയോ ഒക്കെ ഇത്തരം വിഷയങ്ങൾ (ആത്മഹത്യ അല്ല കേട്ടോ) കൈകാര്യം ചെയ്തിരിക്കുന്നു.
കഥ സീരിയസ്സ് ആയി കാണുന്ന അഞ്ജു എഴുതുമ്പോൾ കുറച്ചു കൂടി സീരിയസ്സ് ആവുക.
Jeevithm ithra nissaramano? sukhavum, dukhavum, tholviyum, vijayaum jeevithathinte bhaghamanu. athu neridanula karuthu innathe thalamurakku nashtapetto enn chinthichu poyi...nannyitund.
Post a Comment