സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



കാല്‍വരി കയറുന്ന ഹൃദയങ്ങള്‍

January 01, 2011 KS Binu


"ഹലോ, പപ്പാ.." നൈനാച്ചന്റെ ബേക്കറിയില്‍നിന്ന് ക്രിസ്മസ്‌ കേക്കും വാങ്ങി അവനോട്‌ യാത്രപറഞ്ഞ്‌ വെളിയിലേക്കിറങ്ങുമ്പോള്‍ ഏയ്ഞ്ചലയുടെ കൊഞ്ചലില്‍ ചാലിച്ച ശബ്ദം മൊബൈല്‍ഫോണില്‍ക്കൂടി ഒഴുകിയെത്തി തോമാച്ചന്റെ കാതില്‍ നിറഞ്ഞു.

"ഹായ്‌ ഏയ്ഞ്ചുമോളൂ.."

"സോപ്പിടുവൊന്നും വേണ്ട.. പപ്പാ എപ്പോഴാ വരുന്നേ..??" ഏയ്ഞ്ചുവിന്റെ ശബ്ദം കൂര്‍ത്തു.

"പപ്പാ ദാ ഇറങ്ങി മോളേ.. വര്‍ക്കിച്ചനങ്കിളിനേം കണ്ടിട്ട്‌ പപ്പ പെട്ടെന്നങ്ങെത്തും.."

"ആഹാ.. അപ്പോ ഇന്നെങ്ങും വരത്തില്ലല്ലേ.. മമ്മി ദേ ഡിന്നറെല്ലാം റെഡിയാക്കിവെച്ചിരിക്കുവാ.."

മറുപടി പറയാന്‍ തുടങ്ങുമ്പോഴേയ്ക്ക്‌ ഫോണിന്റെ മറുതലയ്ക്കല്‍ ഇസബെല്ലയുടെ ശബ്ദം കേട്ടു : "നീയാ ഫോണിങ്ങ്‌ തന്നേ, ഞാനൊന്ന് ചോദിക്കട്ടെ."

"തോമാച്ചായോ, ആറുമണീന്നൊരു സമയമുണ്ടേല്‍ ഇവിടെക്കാണുമെന്ന് പറഞ്ഞുപോയ ആളാ.. ഇന്ന് ക്രിസ്മസായിട്ട്‌ കര്‍ത്താവീശോ ഉണ്ടാകുന്നേന്‌ മുമ്പ്‌ നിങ്ങളിങ്ങ്‌ വരുമോ..?? അതോ കര്‍ത്താവിന്റെ മാമോദീസേം കഴിഞ്ഞേയുള്ളോ..?"

"ചൂടാവാതെടീ പെണ്ണേ, ഇപ്പോ ദേ ഏഴുമണി, ഞാന്‍ ക്ലബ്ബില്‍ച്ചെന്ന് വര്‍ക്കിച്ചനേം ജോണിക്കുട്ടിയേമൊക്കെ കണ്ടിട്ടൊരൊന്‍പതുമണിയാവുമ്പോഴേയ്ക്ക്‌ അങ്ങെത്തും."

"അതുകൊള്ളാം, കള്ളുകുടിക്കാനുള്ള പോക്കാണല്യോ..! അപ്പോപ്പിന്നെ ഇവിടെ ഞാനിതൊക്കെ ഒണ്ടാക്കിവച്ചിരിക്കുന്നതെന്തിനാ.?"

"എടീ, അവന്മാരിന്ന് പലപ്രാവശ്യം വിളിച്ചു. അപ്പോപ്പിന്നെ ഞാനവിടെ ചെന്നൊന്ന് തലകാണിച്ചില്ലേലെങ്ങനാ..?"

"ഊം..ഊം.. മോളൊറങ്ങുന്നേനുമുമ്പ്‌ പെട്ടെന്നിങ്ങ്‌ വന്നേക്കണം."

"അതുപിന്നെ നീ പറഞ്ഞിട്ട്‌ വേണോ.! കൃത്യം ഒമ്പതുമണിക്ക്‌ ഞാനവിടെയുണ്ട്‌. നീയാ പോത്തൊക്കെ ഒന്ന് വരട്ടി റെഡിയാക്കിവെക്ക്‌.."

"പോത്താദ്യം ഇങ്ങ്‌ വാ.. വന്നിട്ടൊന്ന് ശരിക്ക്‌ വരട്ടുന്നൊണ്ട്‌ ഞാന്‍..!"

"ഹിഹി.." തോമാച്ചന്‍ ചമ്മലോടെ ചിരിച്ചു. "അപ്പോ ശരി. ഞാനെത്തീട്ട്‌ ബാക്കി.."

ഫോണ്‍ ഓഫ്‌ ചെയ്തിട്ട്‌ തോമാച്ചന്‍ കാറിലേയ്ക്ക്‌ കയറി.

"കഴിഞ്ഞ കൊല്ലം ക്രിസ്മസ്‌ പൊടിപ്പാറ വരെയെത്തിയിട്ടും ഏയ്ഞ്ചല്‍ വില്ലയിലേയ്ക്ക്‌ കയറിയിരുന്നില്ല." കാറോടിക്കുന്നതിനിടയില്‍ തോമാച്ചനോര്‍ത്തു. " വല്ല്യപ്പച്ചന്‍ മരിച്ചിട്ട്‌ അധികം നാളുകളായിരുന്നില്ല. അതിനാല്‍ തന്നെ അത്തവണത്തെ ക്രിസ്മസ്‌ നിശബ്ദമായി കടന്നുപോയി. അതുകൊണ്ട്‌ ഇപ്രാവശ്യം ക്രിസ്മസ്‌ ഗംഭീരമായി ആഘോഷിക്കണമെന്ന് ഏയ്ഞ്ചലയ്ക്കും ഇസബെല്ലയ്ക്കും ഒരേ വാശി. തനിക്കും മറിച്ചായിരുന്നില്ല അഭിപ്രായം. ആഘോഷങ്ങളില്ലാത്ത ക്രിസ്മസ്‌ ഓര്‍മ്മയിലാദ്യമായിരുന്നു. അതിന്റെ കേടുകൂടി ഇത്തവണ തീര്‍ക്കണം.!" തോമാച്ചനങ്ങനെ ചിന്തകളില്‍ക്കൂടി കാറോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ റിങ്ങ്‌ ചെയ്തു ; ഒരു മിസ്ഡ്‌ കോള്‍: "ജോസാണ്‌." ക്ലബ്ബില്‍ ജോസും വര്‍ക്കിയും ജോണിക്കുട്ടിയും കാത്തിരിക്കുന്നുണ്ട്‌. ഇപ്പോള്‍ തന്നെ പലപ്രാവശ്യം ഫോണില്‍ക്കൂടി അവരുടെ പ്രലോഭനങ്ങള്‍ ശബ്ദിച്ചിരിക്കുന്നു. കഴിഞ്ഞ ക്രിസ്മസ്സിന്‌ നഷ്ടമായ, ഒന്നിച്ചുള്ള ക്രിസ്മസ്സാഘോഷം കൂടുതല്‍ ആവേശകരമാക്കുവാന്‍ അവരും കാത്തിരിക്കുന്നു. തോമാച്ചന്‍ ഗിയറുമാറ്റി ആക്സിലറേറ്ററില്‍ കാലമര്‍ത്തി.

ചെറിയ കവല കഴിഞ്ഞുള്ള വളവിലെ ഉണ്ണീശോപ്പള്ളിയുടെ മുന്‍പിലെത്തിയപ്പോഴേയ്ക്ക്‌ തോമാച്ചന്‍ കാറുനിര്‍ത്തി ഇറങ്ങി. പള്ളിയില്‍ ശിശുവായ ദൈവത്തെ വരവേല്‍ക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. മുറ്റം നിറയെ വലിച്ചുകെട്ടിയ തോരണങ്ങള്‍. പള്ളിയെ പൊതിഞ്ഞിരിക്കുന്ന, പല നിറങ്ങളില്‍ മിന്നുന്ന, ചെറിയ ബള്‍ബുകളുടെ മാലകള്‍. മുറ്റത്ത്‌ തോരണങ്ങളാലും ബള്‍ബുകളാലും ബലൂണുകളാലും അലങ്കരിക്കപ്പെട്ട പുല്‍ക്കൂടും ക്രിസ്മസ്‌ ട്രീയും. പള്ളിമുറ്റത്ത്‌ അവിടവിടെ ചിതറിനില്‍ക്കുന്ന ആളുകള്‍.

തോമാച്ചന്‍ പള്ളിമുറ്റത്തേയ്ക്ക്‌ കയറിയില്ല. പടികള്‍ക്കുതാഴെ ആളൊഴിഞ്ഞ കുരിശടിയ്ക്ക്‌ ചുവട്ടില്‍ നെഞ്ചിനുമുന്‍പില്‍ കൈകോര്‍ത്തു നിന്നു. കണ്ണാടിക്കൂടിനുള്ളില്‍ മാതാവിന്റെ കൈകളില്‍ നിഷ്ക്കളങ്കതയോടെ തന്നെ നോക്കിക്കിടക്കുന്ന ഉണ്ണീശോയുടെ മുഖത്തേയ്ക്ക്‌ നോക്കിനില്‍ക്കവേ തോമാച്ചന്‍ ഒരു കാര്യം ആശ്ചര്യത്തോടെ ചിന്തിച്ചു : "ഇത്ര നിഷ്ക്കളങ്കവും കുട്ടിത്തം തുളുമ്പുന്നതുമായ മുഖത്തിന്റെ ഉടമ എങ്ങനെയാണ്‌ ലോകത്തെ മുഴുവന്‍ തന്റെ വഴിയേ നടത്തിയത്‌.? അധികാരഗര്‍വ്വോ, ശക്തിപ്രകടനമോ ഒന്നും തന്നെയില്ലാതെ ഹൃദയവിശുദ്ധിയും സ്നേഹത്തിന്റെ നൈര്‍മ്മല്യവും മാത്രംകൊണ്ട്‌ ഒരാള്‍ക്ക്‌ ഒരു ജനതയെ മുഴുവന്‍ ചൊല്‍പ്പടിയിലാക്കാന്‍ കഴിയുമോ.? എന്തുതരം മാന്ത്രികതയാണത്‌.? സ്നേഹം കൊണ്ട്‌ ലോകം കീഴടക്കാമെന്ന് വായിച്ചും പറഞ്ഞും കേട്ടിട്ടുണ്ട്‌. പക്ഷേ ചുറ്റും കാണുന്നതുമുഴുവന്‍ വിരുദ്ധകാഴ്ചകളാണ്‌. സ്നേഹം എല്ലായ്പ്പോഴും തോല്‍ക്കുന്നു. മറ്റുപലതും വിജയിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ദൈവപുത്രന്റെ ജീവിതം തീര്‍ത്തും അവിശ്വസനീയമായൊരു കെട്ടുകഥമാത്രമായിത്തീരുന്നു." തോമാച്ചന്‍ അല്‍ഭുതം കൊണ്ടുനിന്നു. അനന്തരം കൈയ്യിലിരുന്ന മെഴുകുതിരി കത്തിച്ചു രൂപക്കൂടിനുമുന്‍പില്‍ വച്ച്‌, കുരിശുവരച്ച്‌, ലോകത്തെ നയിക്കുന്ന വിശ്വാസങ്ങളെക്കുറിച്ചും, എന്നാല്‍ അവയില്‍നിന്നും തികച്ചും വിഭിന്നമായ ലോകത്തിന്റെ ഗതിവിഗതികളെക്കുറിച്ചുമുള്ള വിചിത്രചിന്തകളില്‍ മുഴുകി കാറിലേയ്ക്ക്‌ നീങ്ങി.

സീറ്റില്‍ക്കിടന്നിരുന്ന ഫോണ്‍ രണ്ടുതവണ റിങ്ങ്‌ ചെയ്തിരിക്കുന്നതായി തോമാച്ചന്‍ കണ്ടു. ജോണിക്കുട്ടിയാണ്‌. ചിന്തകളെ കുടഞ്ഞെറിഞ്ഞ്‌ തോമാച്ചന്‍ കാര്‍ പെട്ടെന്ന് സ്റ്റാര്‍ട്ട്‌ ചെയ്തു. വളവ്‌ തിരിഞ്ഞ്‌ അന്‍പതുവാര എത്തുമ്പോഴേയ്ക്ക്‌ ദൂരെ ഒരു ചെറിയ ആള്‍ക്കൂട്ടം. തോമാച്ചന്‍ കാറിന്റെ വേഗം കുറച്ചു ആള്‍ക്കൂട്ടത്തിനരികെ നിര്‍ത്തി.

"എന്താ സംഭവം?" തോമാച്ചന്‍ ആകാംക്ഷയോടെ കൂടിനിന്നവരില്‍ ഒരാളോട്‌ തിരക്കി.

"ആക്സിഡന്റാ.. പുള്ളിക്കാരന്‍ ബൈക്കേല്‍ വരുവായിരുന്നു. ഒരു കഴുവേറീടെമോന്‍ കാറേല്‍ വന്ന് ഇടിച്ചിട്ട്‌ നിര്‍ത്താതെ പോയ്ക്കളഞ്ഞു," മുണ്ടും ഷര്‍ട്ടുമണിഞ്ഞ ആ യുവാവിന്റെ വായില്‍നിന്ന് മദ്യത്തിന്റെ മണം തോമാച്ചന്റെ കാറിനുള്ളിലേയ്ക്ക്‌ വരെയെത്തി.

"ആശുപത്രിയില്‍ കൊണ്ടുപോയില്ലേ..?" തോമാച്ചന്‍ ചോദിച്ചു.

"ആദ്യം ഞങ്ങള്‌ കൊറേ വണ്ടിക്ക്‌ കൈകാണിച്ചതാ. ഒരുത്തനും നിര്‍ത്തിയില്ല. അപ്പോഴത്തേക്കിന്‌ അനക്കമൊക്കെ ഏതാണ്ട്‌ തീര്‍ന്നു. പോലീസിനെ വിളിച്ചപ്പോ അവന്മാരുപറഞ്ഞു അവരുവന്നിട്ട്‌ കൊണ്ടുപോയാ മതീന്ന്. ആളു തീര്‍ന്നോ ഇല്ലയോന്ന് അറിയത്തില്ലല്ലോ.!"

തോമാച്ചന്‍ കാറിലിരുന്ന് എത്തിനോക്കി. ഒരു ബൈക്ക്‌ മറിഞ്ഞുകിടക്കുന്നത്‌ വഴിവിളക്കിന്റെ വെളിച്ചത്തില്‍ തോമാച്ചന്‍ കണ്ടു. ബൈക്കിന്റെ അടുത്തൊരാള്‍ നിശ്ചലനായി മലര്‍ന്നു കിടക്കുന്നുണ്ട്‌. തലയ്ക്കുചുറ്റും രക്തം ഒഴുകിപ്പടര്‍ന്നിരിക്കുന്നു. ഇപ്പോഴും ആ ഒഴുക്കുനിലച്ചിട്ടില്ല. ചുടുചോരയുടെ രൂക്ഷഗന്ധം തോമാച്ചന്റെ മൂക്കിലേയ്ക്ക്‌ അടിച്ചുകയറി. രക്തപ്രവാഹം കണ്ട്‌ തോമാച്ചന്‍ കാറിനുള്ളില്‍ തന്നെ സ്തബ്ധനായി ഇരുന്നു. അയാള്‍ക്ക്‌ തല മന്ദിക്കുന്നതുപോലെ തോന്നി.

പെട്ടെന്ന് സീറ്റില്‍ക്കിടന്ന മൊബൈല്‍ഫോണ്‍ റിംഗ്‌ ചെയ്തു. തോമാച്ചന്‍ യാന്ത്രികമായി ഫോണ്‍ കൈയ്യിലെടുത്തു.

"ഹലോ" വര്‍ക്കിച്ചനാണ്‌.

"ഹലോ.." നിശ്ചലമായിക്കിടക്കുന്ന ആ മനുഷ്യനെ നോക്കിക്കൊണ്ട്‌ തോമാച്ചന്‍ പ്രതിവചിച്ചു. ഒരു മുപ്പത്തിയഞ്ച്‌, അല്ലെങ്കില്‍ നാല്‍പ്പത്‌. അതില്‍ക്കൂടില്ല പ്രായം. ബൈക്കില്‍ നിന്ന് തെറിച്ചുവീണതാവണം ഒരു പ്ലാസ്റ്റിക്ക്‌ കൂട്‌ അരികില്‍ കിടപ്പുണ്ട്‌. അതില്‍ നിന്നും കേക്കിന്റെ ഒരു പെട്ടി തലനീട്ടുന്നു. കൂടിനുചുറ്റും കമ്പിത്തിരിയുടെ പായ്ക്കറ്റുകളും മത്താപ്പൂക്കളും ചിതറിക്കിടക്കുന്നു.

നീയിതെവിടാ തോമാച്ചാ.? എത്ര പ്രാവശ്യം നിന്നെ വിളിക്കണം.? ഞങ്ങളെത്ര നേരമായി ഒരു കുപ്പീം വെച്ചോണ്ട്‌ നിന്നെ നോക്കിയിരിക്കുന്നു. നീ വരുന്നുണ്ടോ.?" വര്‍ക്കിച്ചന്‍ ഫോണ്‍ സ്പീക്കറില്‍നിന്ന് കാര്‍ക്കശ്യപ്പെട്ടു.

"ഉം..." തോമാച്ചന്‍ ആ ശരീരത്തിലേയ്ക്കുതന്നെ നോക്കിക്കൊണ്ട്‌ മൂളി. പെട്ടെന്ന് അയാളുടെ തൊണ്ട അനങ്ങുന്നത്‌ തോമാച്ചന്‍ കണ്ടു. വികൃതവും നേരിയതുമായ ഒരു ശബ്ദം ആ തൊണ്ടക്കുഴിയില്‍ നിന്ന് പുറത്തുവന്നു. കൈകാലുകള്‍ അനക്കുവാന്‍ മൃതപ്രായമെങ്കിലും ആ ശരീരം ഒരു ശ്രമം നടത്തി. കാലുകള്‍ ചെറുതായനങ്ങിയതും ഒരു കൈ വായുവില്‍ അല്‍പ്പം ഉയര്‍ന്നതുമൊഴിച്ചാല്‍ ആ ശ്രമം തീര്‍ത്തും പരാജയമായിരുന്നു. വീണ്ടും ആ ശരീരം കുഴഞുപോയതുപോലെ നിശ്ചലമായി. തൊണ്ടയില്‍ മാത്രം നേരിയ അനക്കം അവശേഷിച്ചു.

"എടാ നീ വരുന്നുണ്ടോന്ന്..??" വര്‍ക്കിച്ചന്‍ ദൂരങ്ങള്‍ക്കപ്പുറത്തുനിന്ന് തോമാച്ചന്റെ ചെവിയിലേയ്ക്ക്‌ അക്ഷമനായി.

"ഞാന്‍... ഞാന്‍ ദാ വരുന്നു..." താളാത്മകമായി അനങ്ങുന്ന ആ തൊണ്ടക്കുഴിയില്‍ തന്നെ നോക്കിക്കൊണ്ട്‌ സ്വപ്നത്തിലെന്നോണം ഫോണ്‍ സീറ്റിലേയ്ക്കിട്ട്‌ തോമാച്ചന്‍ ഗിയറുമാറ്റി ആക്സിലറേറ്ററില്‍ പതിയെ കാലമര്‍ത്തി. കാര്‍ പതിയെ മുന്‍പോട്ട്‌ നീങ്ങുമ്പോള്‍ തലപെരുക്കുന്നതായും കഠിനമായ ഒരു മന്ദത തന്നെ പുണരുന്നതായും തോമാച്ചനു തോന്നി. കണ്മുന്‍പില്‍ ഇപ്പോഴും ആ തൊണ്ടക്കുഴിയാണ്‌. അനക്കം നിലച്ചിട്ടിലാത്ത, എന്നാല്‍ ഏതുനിമിഷവും അനക്കം നിലച്ചേയ്ക്കാവുന്ന, പിടയ്ക്കുന്ന ആ തൊണ്ടക്കുഴി. ജീവന്റെ അവസാന തുടിപ്പായി ആ ശരീരത്തില്‍ അവശേഷിക്കുന്ന ഏക അടയാളം. കര്‍ത്താവേ..!! തോമാച്ചന്‌ തന്റെ കൈവിറയ്ക്കുന്നതായും ശരീരം വിയര്‍ക്കുന്നതായും തോന്നി. അല്‍പ്പം മുന്‍പ്‌ വിശുദ്ധമായ സ്നേഹത്തെക്കുറിച്ചും അതിനോട്‌ സമൂഹത്തിനുള്ള ക്രൂരമായ അവഗണനയെക്കുറിച്ചുമൊക്കെ ഓര്‍ത്ത്‌ വേവലാതിപ്പെട്ടതാണ്‌. കര്‍ത്താവീശോമിശിഹായുടെ കല്‍പ്പനകളേപ്പറ്റി, അവന്റെ തന്നെ ജനങ്ങളാലുള്ള അവയുടെ തിരസ്ക്കരണത്തെപ്പറ്റി, ഓര്‍ത്ത്‌ വ്യാകുലപ്പെട്ടതാണ്‌. എന്നിട്ടെങ്ങനെ ആ പിടയ്ക്കുന്ന തൊണ്ടക്കുഴിയെ അനാഥമായി വിട്ടിട്ട്‌, എന്നെന്നേക്കുമായി അതിനെ നിശ്ചലമാവാന്‍ വിട്ടിട്ട്‌ ഇപ്പോള്‍ ഈ കാറിലിരുന്ന് ഡ്രൈവ് ചെയ്യുവാന്‍ കഴിയുന്നു..!! തോമാച്ചന്‍ ഒരേ സമയം അല്‍ഭുതപ്പെട്ടു. അതേ സമയം വേവലാതിപ്പെട്ടു. അതേ സമയംതന്നെ സ്വയം പുച്ഛിച്ചു. ഹൃദയത്തില്‍ പേരറിയാത്ത വികാരങ്ങള്‍ നിറയുന്നതും അത്‌ ശരീരത്തിനുള്ളില്‍ ഞെളിപിരികൊള്ളുന്നതും തോമാച്ചനറിഞ്ഞു. ആ തൊണ്ടക്കുഴി. അത്‌ പുറകില്‍ നിന്ന് വിളിക്കുകയാണ്‌. അതിന്റെ നിശബ്ദമായ, അതേസമയം തീക്ഷ്ണവും ഹൃദയഭേദകവുമായ നിലവിളിയെ അവഗണിച്ചുകൊണ്ടുപക്ഷേ താന്‍ കാറോടിക്കുന്നത്‌ എതിര്‍ദിശയിലേയ്ക്കാണെന്ന് തോമാച്ചന്‍ ആശ്ചര്യത്തോടെയും അതേ സമയം വേദനയോടെയും ഓര്‍ത്തു.

ക്ലബ്ബിലേയ്ക്കാണ്‌ തോമാച്ചന്‍ കാറോടിച്ചത്‌. പക്ഷേ കാറെത്തിയത്‌ ക്ലബ്ബിലായിരുന്നില്ല. അതിനൊക്കെ ഇപ്പുറം ബാറിന്റെ മുന്‍പിലായിരുന്നു.

ബാറിലിരുന്ന് മദ്യം ഒറ്റവലിക്ക്‌ കുടിക്കുമ്പോള്‍ തോമാച്ചന്‌ പെട്ടെന്ന് റോഡരികില്‍ പ്ലാസ്റ്റിക്കുകൂടില്‍നിന്ന് ചിതറിത്തെറിച്ച കേക്കും കമ്പിത്തിരികളും മത്താപ്പൂക്കളും ഓര്‍മ്മ വന്നു. പൊടുന്നനെ അയാളുടെ വായില്‍ കയ്പ്പ്‌ നിറഞ്ഞു. തന്റെ കാറിന്റെ പിന്‍സീറ്റിലിരിക്കുന്ന കേക്കിനെയും കമ്പിത്തിരികളെയും അവയെ കാത്തിരിക്കുന്ന ഏയ്ഞ്ചലയെയുമാണ്‌ അന്നേരം തോമാച്ചന്‌ ഓര്‍മ്മ വന്നത്‌. കേക്കും കമ്പിത്തിരികളുമായി വരുന്ന പിതാവിനെ കാത്തിരിക്കുന്ന രണ്ടു കുഞ്ഞുകണ്ണുകളുടെ നിഷ്ക്കളങ്കത തോമാച്ചന്റെ കരളിനെ കൊത്തിപ്പറിച്ചു. ആ അദൃശ്യമായ പീഡനത്തിന്റെ നൊമ്പരത്തേക്കാളേറെ, മനസ്സില്‍ നിറഞ്ഞ അല്‍ഭുതത്തോടെ തോമാച്ചന്‍ മനസ്സിലാക്കിയത്‌ ആ കണ്ണുകള്‍ ഏയ്ഞ്ചലയുടെ കണ്ണുകള്‍ പോലെ തന്നെയാണെന്ന സത്യമായിരുന്നു. ആ റോഡരികില്‍ കിടന്ന കേക്കും കമ്പിത്തിരികളും വെറും കേക്കും കമ്പിത്തിരികളുമായല്ല ആ നിമിഷം അയാള്‍ അറിഞ്ഞത്‌. മറിച്ച്‌, ഉടഞ്ഞുപോയ സ്വപ്നങ്ങളുടെ, ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുടെ അവശിഷ്ടങ്ങളായാണ്‌. അവയുടെ തിളങ്ങുന്ന, മൂര്‍ച്ചയേറിയ അറ്റങ്ങള്‍ ഹൃദയത്തില്‍ക്കൊണ്ടു തോമാച്ചന്റെ ആത്മാവ്‌ പിടഞ്ഞു. മദ്യത്തിന്റെ ലഹരിയേക്കാളേറെ തന്റെ ബോധമണ്ഡലത്തെ ഇരുളിലാഴ്ത്തുന്നത്‌ ആ സ്വപ്നങ്ങളുടെ രക്തം കിനിയുന്ന ശേഷിപ്പുകളാണെന്ന് തോമാച്ചനറിഞ്ഞു. നാവില്‍ നുരയുന്ന മദ്യത്തില്‍ രക്തം ചുവച്ചപ്പോള്‍ അയാള്‍ തിരിഞ്ഞ് വാഷ്ബേസിനിലേയ്ക്ക് ഛര്‍ദ്ദിച്ചു. വെള്ളത്തിന്റെ ജഗ്ഗ് കൈയ്യിലെടുത്തെങ്കിലും വായിലേയ്ക്കൊഴിക്കാനയാള്‍ ഭയപ്പെട്ടു. വായിലവിടവിടെ പറ്റിപ്പിടിച്ചിരുന്ന ഛര്‍ദ്ദിയുടെ അവശിഷ്ടങ്ങള്‍ വാഷ് ബേസിനിലേയ്ക്കുതന്നെ കാര്‍ക്കിച്ചുതുപ്പിയിട്ട് കീശയില്‍ നിന്നും പണമെടുത്ത് മേശപ്പുറത്ത് വെച്ചശേഷം അയാള്‍ എഴുന്നേറ്റുനടന്നു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ധാരാളം മദ്യം അകത്താക്കിയതിനാല്‍ പെട്ടെന്നുതന്നെ തോമാച്ചന്റെ ശരീരവും മനസ്സും തോമാച്ചനോട്‌ പിണങ്ങിയിരുന്നു. ഉറയ്ക്കാത്ത കാലടികളോടെ ആടിയാടി പുറത്തിറങ്ങിയ തോമാച്ചന്‍ കാറിന്റെ ഡോര്‍ തുറക്കാന്‍ നന്നേ പണിപ്പെട്ടു.

ഫോണ്‍ ബെല്ലടിക്കുന്നു. വര്‍ക്കിച്ചനാണ്‌. തോമാച്ചന്‍ മടുപ്പോടെ ഫോണ്‍ കട്ട്‌ ചെയ്തിട്ട്‌ സ്വിച്ചോഫ്‌ ചെയ്തു. "ക്ലബ്ബിലേക്ക്‌ പോകണോ.?" കാറിലിരുന്ന് തോമാച്ചന്‍ സ്വയം ചോദിച്ചു. ചോദിച്ച ആ നിമിഷം തന്നെ താന്‍ ആ ചോദ്യത്തെ നിരാകരിച്ചതായി അര്‍ദ്ധബോധാവസ്ഥയിലും അയാള്‍ കണ്ടു. പെട്ടെന്ന് തോമാച്ചന്‌ ഏയ്ഞ്ചലയെയും ഇസബെല്ലയെയും ഓര്‍മ്മ വന്നു. വീട്ടിലേയ്ക്ക്‌ പോകാനായി അയാള്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.

കാറോടിക്കൊണ്ടിരുന്നു. തോമാച്ചന്റെ മനസ്സ്‌ ബോധത്തിന്റെയും അബോധത്തിന്റെയും ഇടയില്‍ ഒരു പെന്‍ഡുലം പോലെ ആടിക്കളിച്ചുകൊണ്ടിരുന്നു. എതിരെ വരുന്ന വാഹനങ്ങളുടെ പ്രകാശം കണ്ണിനുനേരെ മിന്നിമറയുന്ന ചില നിമിഷാര്‍ദ്ധങ്ങളില്‍ ദീനമായി പിടയ്ക്കുന്ന ഒരു തൊണ്ടക്കുഴിയെയും, ശൂന്യവും കഠിനവുമായ ഇരുളിന്റെ ചില നിമിഷസന്ധികളില്‍ നിഷ്ക്കളങ്കമായ രണ്ടുകുഞ്ഞുകണ്ണുകളിലെ കാത്തിരിപ്പിനെയും അയാള്‍ക്ക്‌ കാണായി. അങ്ങനെ തീര്‍ത്തും അസഹ്യമായിത്തീര്‍ന്ന ഏതോ ഒരു നിമിഷത്തില്‍ കണ്ണുകള്‍ വലിച്ചുതുറന്ന് നോക്കിയപ്പോള്‍ തോമാച്ചനറിഞ്ഞു ; താന്‍ വീട്ടിലേയ്ക്കല്ല പോകുന്നത്‌.

ഉണ്ണീശോപ്പള്ളിയുടെ വളവിന്‌ അന്‍പതുവാര ഇപ്പുറം തോമാച്ചന്‍ കാറുനിര്‍ത്തി ഇറങ്ങുമ്പോള്‍ അവിടെ രണ്ട്‌ മനുഷ്യരൊഴികെ മറ്റാരുമുണ്ടായിരുന്നില്ല. ചളുങ്ങിപ്പോയ ബൈക്ക്‌ റോഡരികിലേയ്ക്ക്‌ മാറ്റി പാര്‍ക്ക്‌ ചെയ്തിരിക്കുന്നു. അഴിഞ്ഞുപോകാറായ മുണ്ട്‌ മുറുക്കിയുടുക്കാന്‍ പണിപ്പെട്ട്‌ ശ്രമിക്കുന്നതിനിടയില്‍ തോമാച്ചന്‍ അവിടെനിന്നവരില്‍ ഒരാള്‍ മുന്‍പ്‌ തന്നോട്‌ സംസാരിച്ച ചെറുപ്പക്കാരനാണെന്ന് മനസ്സിലാക്കി.

"ഇവിടെക്കിടന്ന ആള്‌.. എവിടെ..?" അവര്‍ക്കരികിലേയ്ക്ക്‌ നടന്ന് തോമാച്ചന്‍ കഴഞ്ഞുപോകുന്ന ശബ്ദത്തെ പരമാവധി നിയന്ത്രിച്ചുകൊണ്ടു ചോദിച്ചു.

"ഓഹ്‌.. അത്‌ ആള്‌ തീര്‍ന്നുപോയി ചേട്ടാ.. ബോഡി ഇപ്പോ അങ്ങോട്ട്‌ കൊണ്ടുപോയതേയുള്ളു.."

തുടര്‍ന്ന് അവര്‍ പറഞ്ഞതൊന്നും തോമാച്ചന്‍ കേട്ടില്ല. അയാള്‍ ഒന്നും മനസ്സിലാവാതെ ഒരു ബധിരനേപ്പോലെ നിന്നു. അല്ലെങ്കില്‍ ഭാഷയറിയാത്ത ഒരുവനെപ്പോലെ നിന്നു. പിന്നീട്‌ ബോധമണ്ഡലത്തില്‍ വെളിച്ചം വീണ എതോ നിമിഷം കണ്ണഞ്ചിപ്പിക്കുന്ന, കാതടപ്പിക്കുന്ന ഒരു സ്ഫോടനമായി ആ സത്യം തോമാച്ചനെ പൊതിഞ്ഞു. വേച്ചുപോകുന്ന കാലടികളോടെ തോമാച്ചന്‍ ആ മനുഷ്യന്‍ കിടന്നിരുന്നിടത്തേയ്ക്ക്‌ നടന്നു. അനന്തരം മെല്ലെ, വളരെ മെല്ലെ അയാള്‍ അവിടെ മുട്ടുകുത്തിയിരുന്നു. അവിടെ ഒരു രക്തക്കളം അയാള്‍ കണ്ടു. അതില്‍ കുരുതികഴിക്കപ്പെട്ട പരശതം കിനാവുകളെ അയാള്‍ കണ്ടു. ആ കുരുതിക്കളത്തില്‍ വെച്ച്‌ അനാഥമായിപ്പോയ ഒരുപറ്റം ആത്മാക്കളെ അയാള്‍ കണ്ടു. ഒരു നിമിഷാര്‍ദ്ധം കൊണ്ട്‌ ശൂന്യമാക്കപ്പെട്ട അവരുടെ ജീവിതങ്ങളെ അയാള്‍ കണ്ടു. ഒരു നിലവിളിത്തുമ്പില്‍ തോരണം പോലെ തൂങ്ങിക്കിടക്കുന്ന അവരുടെ സ്വപ്നങ്ങളെയും അവയില്‍ നിന്ന് ഇറ്റുവീഴുന്ന രക്തത്തുള്ളികളെയും അയാള്‍ കണ്ടു. യുഗങ്ങളോളം അയാള്‍ ആ ദാരുണമായ കാഴ്ചകളില്‍ ഭ്രാന്തമായുറഞ്ഞു.

ഏതോ ഒരു യുഗസന്ധിയില്‍ അടുത്തുകൂടി പോയ വാഹനത്തിന്റെ ഹോണിന്റെ കാതുതുളയ്ക്കുന്ന ശബ്ദത്തിലേയ്ക്ക്‌ തോമാച്ചന്‍ ഞെട്ടിയുണര്‍ന്നു. ഒരു നിമിഷം ചകിതനായി ആ രക്തക്കളത്തിലേയ്ക്ക്‌ അയാള്‍ പകച്ചുനോക്കി. അനന്തരം വിങ്ങിക്കരഞ്ഞുകൊണ്ട്‌ അയാള്‍ ഒഴുകിപ്പടര്‍ന്ന ആ രക്തത്തെ ഇരു കൈകളും കൊണ്ട്‌ കോരിയെടുക്കുവാന്‍ വൃഥാ ശ്രമിച്ചു. ഉടഞ്ഞുപോയ സ്വപ്നങ്ങള്‍ വാരിയെടുക്കാന്‍ ശ്രമിക്കുന്ന ഒരുവനേപ്പോലെതോന്നിച്ചു ആ നിമിഷങ്ങളില്‍ അയാള്‍. കൈകളില്‍ പുരണ്ട ഉണങ്ങിത്തുടങ്ങിയ ചോരയുടെ കറയുമായി വിങ്ങിക്കരഞ്ഞുകൊണ്ട്‌ അയാള്‍ ആകാശത്തേയ്ക്ക്‌ മിഴികളുയര്‍ത്തി. അപ്പോള്‍ ദൂരെ ഉണ്ണീശോപ്പള്ളിയും പള്ളിക്കുമുന്‍പിലെ കുരിശടിയും രൂപക്കൂടും അയാള്‍ക്കുമുന്‍പില്‍ വെളിവായി. നീണ്ട കുറേ നിമിഷങ്ങള്‍ അയാള്‍ അങ്ങോട്ടുതന്നെ നോക്കി വിങ്ങിവിങ്ങിക്കരഞ്ഞുകൊണ്ടിരുന്നു.

പെട്ടെന്ന് ഒരുവെളിപാടിലെന്ന പോലെ ചാടിയെഴുന്നേറ്റ തോമാച്ചന്‍ പള്ളിക്ക്‌ നേരെ ആയാസപ്പെട്ട്‌ കാലുകള്‍ വലിച്ചുവെച്ച്‌ ധൃതിയില്‍ നടന്നു.

രൂപക്കൂടിന്‌ മുന്‍പിലെത്തിയ തോമാച്ചന്‍ നിസ്സഹായനായ, നിരാശനായ ഒരു ആത്മാവിനേപ്പോലെ വെറുതെ അതിനുള്ളിലെ ഉണ്ണീശോയുടെ മുഖത്തേയ്ക്ക്‌ നോക്കി നിന്നു. പിന്നെ വളരെ മെല്ലെ ആ തിരുരൂപത്തിന്‌ മുന്‍പില്‍ മുട്ടുകുത്തിനിന്നു. ആയുധങ്ങളും ആടയാഭരണങ്ങളും എല്ലാമുപേക്ഷിച്ച്‌ നിരുപാധികം കീഴടങ്ങുന്നവനേപ്പോലെ ദയനീയമായി ആ രൂപക്കൂട്ടിലേയ്ക്ക്‌ നോക്കി അയാള്‍ ആ നില്‍പ്പ്‌ നിന്നു. "കര്‍ത്താവേ, ഇതാ ഞാന്‍.. നിന്റെ കാലടികളെ പിന്തുടര്‍ന്നവന്‍. ഞാന്‍ നിന്നെ സ്നേഹിക്കുന്നതുപോലെ നീ മറ്റുള്ളവരെ സ്നേഹിക്കുക എന്ന് ഞങ്ങളെ ഉപദേശിച്ച നിന്റെ കുഞ്ഞാട്‌. നിന്റെ വിശുദ്ധമായ അതേ ഉപദേശത്തെ പുല്ലുവിലപോലും കല്‍പ്പിക്കാതെ ചവിട്ടിയരച്ച കൊടും പാപി. സഹോദരനെ, അവന്റെ ജീവനെ, അവന്റെ കിനാവുകളെ മരണത്തിന്‌ വിട്ടുകൊടുത്ത്‌ നോക്കി നിന്ന കൊടും ക്രൂരന്‍. അവനെ ചൂഴ്‌ന്നു നിന്നിരുന്ന ഒരു കൂട്ടം ആത്മാക്കളെ അന്ധമായ അനാഥത്വത്തിന്റെ നിലയില്ലാക്കയങ്ങളിലെറിഞ്ഞ നരകസന്തതി.!"

"എന്റെ കര്‍ത്താവേ, എന്റെ ദൈവമേ, എന്താണ്‌ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുവാനെനിക്ക്‌ യോഗ്യത.? നിന്റെ കല്‍പ്പനകളെ വലിച്ചെറിഞ്ഞവന്‍.! നിന്റെ രാജ്യത്തെ നിഷേധിച്ചവന്‍.! സര്‍വ്വോപരി നീ ഞങ്ങള്‍ക്കേകിയ വിശുദ്ധമായ സ്നേഹത്തെയും മാനുഷികമൂല്യങ്ങളെയും ഒറ്റനിമിഷം കൊണ്ട്‌ കഴുത്തുഞ്ഞെരിച്ച്‌ കൊന്നവന്‍.!"

നോക്കിനില്‍ക്കവേ മാതാവിന്റെ കൈകളില്‍ കിടക്കുന്ന ഉണ്ണീശോയുടെ കണ്ണുകളില്‍ നിന്ന് നീര്‍ പൊടിയുന്നതായി തോമാച്ചനു തോന്നി. അയാള്‍ സൂക്ഷിച്ചു നോക്കി. ശരിയാണ്‌. ഉണ്ണീശോ കരയുന്നു. സ്നേഹിക്കുവാന്‍ മാത്രമറിയുന്ന, മറ്റുള്ളവര്‍ക്കുവേണ്ടി തന്റെ ജീവന്‍ ബലികൊടുത്ത കര്‍ത്താവുതമ്പുരാന്‍ കരയുന്നു. തോമാച്ചന്‌ അസഹ്യമായ ആത്മനിന്ദയും ഹൃദയനൊമ്പരവും തോന്നി. അയാള്‍ മുട്ടില്‍ നിന്ന് കൈകള്‍ ആകാശത്തേയ്ക്ക്‌ വിടര്‍ത്തി ഉറക്കെ കരഞ്ഞു.

കരച്ചില്‍ അല്‍പ്പം ശമിച്ച ഏതോ ഒരു ഇടവേളയില്‍ തോമാച്ചന്‍ എഴുന്നേറ്റ്‌ രൂപക്കൂടിന്റെ പടികളിലൂടെ, ഭിത്തിയിലെ ഗ്രില്ലുകളിലൂടെ പിടിച്ചുകയറി രൂപക്കൂടിനുമുന്‍പിലെ പത്തടിപ്പൊക്കമുള്ള കുരിശിന്റെ വലത്തേക്കൈയില്‍ പൊത്തിപ്പിടിച്ചിരുന്നു. അനന്തരം തന്റെ ഉടുമുണ്ട്‌ പറിച്ച്‌ ഒരറ്റം കുരിശിന്റെ കൈയ്യില്‍ കെട്ടി. മറ്റേ അറ്റംകൊണ്ട്‌ തന്റെ കഴുത്തില്‍ കുരുക്കിടുമ്പോള്‍ തോമാച്ചന്‍ അവസാനമായി ഒന്നുകൂടി കുമ്പസാരിച്ചു. അതു പക്ഷേ തോമാച്ചന്റെ മാത്രം കുമ്പസാരമായിരുന്നില്ല. മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടി തോമാച്ചന്‍ കുമ്പസാരിച്ചു. "തന്റെ അയല്‍ക്കാരനെ, സഹോദരങ്ങളെ, കേവലമാണെങ്കില്‍ പോലുമൊരു ജീവനായ ജീവനെ കാണാതെ, താങ്ങാതെ, രക്ഷിക്കാതെ പോവുന്ന എല്ലാ മനുഷ്യര്‍ക്കും വേണ്ടി... മനുഷ്യര്‍ക്കുവേണ്ടിയുള്ളതാണ്‌ നിയമങ്ങള്‍, അല്ലാതെ നിയമങ്ങള്‍ക്കുവേണ്ടിയുള്ളതല്ല മനുഷ്യര്‍ എന്ന് തിരിച്ചറിയാത്ത, അറിഞ്ഞാലും അറിഞ്ഞില്ലെന്ന് നടിക്കുന്ന, മനുഷ്യത്വം നശിച്ച എല്ലാ നീതിപാലകര്‍ക്കും വേണ്ടി... സര്‍വ്വോപരി മനുഷ്യനന്മയെക്കുറിച്ച്‌, പുണ്യപാപങ്ങളെക്കുറിച്ച്‌, ദൈവസ്നേഹത്തെക്കുറിച്ച്‌ ഊറ്റം കൊണ്ടിരുന്ന തന്റെയുള്ളിലെ പൊള്ളയായ, കപടനായ മനുഷ്യസ്നേഹിക്കുവേണ്ടി..." കഴുത്തില്‍ കുരുക്കു മുറുക്കിയിട്ട്‌ അയാള്‍ ഉണ്ണീശോയുടെ മുഖത്തേയ്ക്ക്‌ ഒന്നുകൂടി നോക്കി.

"ഞാനും എന്നെപ്പോലെ നിന്നെ അറിയാതെ പോയ മനുഷ്യരും ചേര്‍ന്ന് നീണ്ട യുഗങ്ങളിലൂടെ അനാഥമാക്കിയ പരശതം, പരകോടി ആത്മാക്കള്‍ക്കുവേണ്ടി.. അവരോട്‌ മാപ്പുപറഞ്ഞുകൊണ്ട്‌...."

പിന്നെ പാതിരാക്കുര്‍ബാനയ്ക്ക്‌ ഉണ്ണീശോപ്പള്ളിയിലെത്തിയ ഇടവകയംഗങ്ങള്‍ കണ്ടത്‌ രൂപക്കൂടിനുമുന്‍പില്‍ നിലാവിലേക്കുയര്‍ന്നുനില്‍ക്കുന്ന കുരിശില്‍ സ്വയം ക്രൂശിക്കപ്പെട്ട മനുഷ്യപുത്രനെയായിരുന്നു.
*************************************************************

5 Comments, Post your comment:

KS Binu said...

ഒരു ചെറുകഥാമത്സരത്തിനുവേണ്ടി “എന്റെ കൈകളില്‍ ചോരപുരണ്ടിരിക്കുന്നു എന്ന ആത്മസംഘര്‍ഷമനുഭവിക്കുന്ന ഒരാള്‍” എന്ന വിഷയത്തിന്മേല്‍ അവസാനനിമിഷം പെട്ടെന്ന് തട്ടിക്കൂട്ടിയ കഥ... ഇവിടെ ചുമ്മാ പോസ്റ്റുന്നു..

ഷിനു.വി.എസ് said...

കഥ വളരെ നന്നായിട്ടുണ്ട് ..കഥയുടെ ഭാഷയും ....!!!

faisu madeena said...

ചുമ്മാ തട്ടിക്കൂട്ടിയിട്ടും ഇത്ര നന്നായോ ....വളരെ നന്നായിട്ടുണ്ട് ...

LiDi said...

ഉണ്ണീശോ കരയുന്നു. സ്നേഹിക്കുവാന്‍ മാത്രമറിയുന്ന, മറ്റുള്ളവര്‍ക്കുവേണ്ടി തന്റെ ജീവന്‍ ബലികൊടുത്ത കര്‍ത്താവുതമ്പുരാന്‍ കരയുന്നു. തോമാച്ചന്‌ അസഹ്യമായ ആത്മനിന്ദയും ഹൃദയനൊമ്പരവും തോന്നി. അയാള്‍ മുട്ടില്‍ നിന്ന് കൈകള്‍ ആകാശത്തേയ്ക്ക്‌ വിടര്‍ത്തി ഉറക്കെ കരഞ്ഞു.
ഇവിടെ കഥ പറഞ്ഞവസാനിപ്പിച്ചിരുന്നെങ്കിൽ എന്ന് വെറുതേ തോന്നി

Elle Decker said...

Appreciate you bloggiing this