തൊടിയിലെ ഇലഞ്ഞിമരത്തിന്റെ ചോട്ടില് കൈകള്‍ മാറത്തു പിണഞ്ഞു കണ്ണുകളെ നാലുപാടും അലയാന്‍ വിട്ടു വെറുതേ നില്ക്കുമ്പോള് അനിത പ്രത്യേകിച്ചോന്നിനെയുംപറ്റി ചിന്തിക്കുന്നുണ്ടായിരുന്നില്ല .. ഇലത്തുമ്പുകളില്‍ നിന്നിറ്റുവീഴാന്‍ വെമ്പി നില്ക്കുന്ന മഞ്ഞു തുള്ളികളെ തട്ടിത്തെറിപ്പിച്ച് ഓടിയകലുന്ന കാറ്റിന്റെ വികൃതി അവളില്‍ ഒരു പുഞ്ചിരി ഉണര്‍ത്തി.
'പുലരിയിലെ ആദ്യകിരണങ്ങള്‍ക്കായി ഇലച്ചാര്‍ത്തുകളില്‍ വിരുന്നൊരുക്കി കാത്തുനില്ക്കുന്ന ചെടികളോട് കാറ്റിനസൂയ തോന്നാതിരിക്കുമോ'... ?
"അനിതേ ......"
അമ്മയുടെ നീട്ടിയുള്ള വിളി അവളെ ചിന്തകളില്‍ നിന്നുണര്‍ത്തി ..
"നിനക്ക് രാവിലെ ചായയൊന്നും വേണ്ടേ ? എന്തെടുക്കുകയാ അവിടെ ഒറ്റയ്ക്ക് നിന്ന് "..?
"ഒന്നുമില്ലമ്മേ ഞാന്‍ വെറുതേ...........ദാ വരുന്നു" .
തിരിച്ചു നടക്കുന്നതിനിടയില്‍ അവള് വിളിച്ചു പറഞ്ഞു.
അടുക്കളയിലേക്കു ചെല്ലുമ്പോള്‍ സുനിതേച്ചി കയ്യിലെ ചായക്കപ്പുമായി അമ്മയുടെ അടുത്ത് തന്നെയുണ്ടായിരുന്നു .
"ഇത് ശരിക്ക് പുളിച്ചിട്ടില്ലാന്നു തോന്നുന്നു ..നിന്നോട് ഞാന്‍ പറഞ്ഞതാ നേരത്തേ അരച്ചു വെയ്ക്കണോന്ന്."
പാത്രത്തിലെ ദോശമാവ് നാവില്‍ തൊട്ടു രുചിക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു.
"പിന്നേ ഇന്ന് രാവിലെ ദോശ ചുടാന്‍ ഒരാഴ്ച മുന്നേ അരി അരച്ചു വെയ്ക്കാന്‍ പോവല്ലേ ! അത്ര പുളിയൊക്കെ മതി. ഒരുപാട് പുളിച്ചാലും കഴിക്കാനൊരു സുഖവില്ലാ .."
ചായക്കപ്പു കഴുകാനായി തിരിഞ്ഞപ്പോഴാണ് സുനിത പിന്നില്‍ നിന്നിരുന്ന അനിയത്തിയെ കണ്ടത് .
"ങാഹാ...ഇവിടെ നില്പ്പുണ്ടായിരുന്നോ സ്വപ്നാടക ..ഇന്ന് പ്രത്യേകിച്ച് ദിവാസ്വപ്നം ഒന്നും കണ്ടില്ലാന്നു തോന്നുന്നു ...നേരത്തേ തന്നെ നിദ്രയോട് വിട പറഞ്ഞെണീറ്റല്ലോ...അതോ ഞായറാഴ്ച ആണെന്ന കാര്യം മറന്നു പോയോ?"
"നിനക്കൊന്നു വെറുതേയിരുന്നൂടെ സുനിതേ.... രാവിലെ തന്നെ അവടെ മേലോട്ട് മെക്കിട്ടു കേറിക്കോ?"
"അയ്യോ പുന്നാര മോളോട് എന്താ ഒരു സ്നേഹം .. ഞാനൊന്നും പറഞ്ഞില്ലേ ..ഇരുപത്തിനാല് മണിക്കൂറും കുറേ പുസ്തകം വായനേം ...പൊട്ടത്തരം കുത്തിക്കുറിക്കലും ..അതും പോരാഞ്ഞു വെളിവില്ലാത്ത കുറേ സ്വപ്നങ്ങളും ...വെറുതെയാണോ മെലിഞ്ഞുണങ്ങി പെന്‍സില്‍ പോലിരിക്കുന്നത് .."
സുനിത മുഖം വക്രിച്ചു റൂമിലേക്ക് പോയി ..
"ഞാന്‍ മെലിഞ്ഞിരിക്കുന്നത് എന്റെ കുറ്റമാണോ അമ്മേ ?"
അനിത സങ്കടത്തോടെ അമ്മയെ നോക്കി ..
"നീയതൊന്നും കാര്യമാക്കണ്ട ..അവള്‍ക്കിത് പതിവുള്ളതല്ലേ ..നീ പോയി പഠിക്കാനുള്ളതെന്തെങ്കിലും എടുത്ത് വെച്ച് നോക്ക് ..എക്സാം അടുത്തില്ലേ..?"
മുറിയിലേക്ക് നടക്കുമ്പോള്‍ അനിതയുടെ ചിന്ത മുഴുവന്‍ തന്റെ ഉടലിനെക്കുറിച്ചായിരുന്നു ..വീട്ടില്‍ തനിക്കു മാത്രമേ ഇത്ര മെലിഞ്ഞ ശരീരപ്രകൃതമുള്ളൂ ..കുട്ടിക്കാലം മുതലേ ഇങ്ങനെ തന്നെ ..വളര്‍ന്നതിനു ശേഷം ആള്‍ക്കാരുടെ സഹതാപ പ്രകടനം വല്ലാത്തൊരു ഈര്‍ഷ്യ ഉളവാക്കാറുണ്ട് ..
കഴിഞ്ഞ ഓണത്തിന് ഡല്‍ഹീന്നു കമല കുഞ്ഞമ്മ വന്നപ്പോഴും അമ്മയോട് ഇത് തന്നെ ചോദിക്കുന്നെ കേട്ടിരുന്നു:
"എന്താ ദേവികേട്ടത്തീ അനിതയ്ക്ക് നിങ്ങള്‍ കഴിക്കാനൊന്നും കൊടുക്കുന്നില്ലേ ? എന്താ പെണ്ണിന്റെ ഒരു കോലം.ഉണങ്ങി ചുള്ളിക്കമ്പ് പോലെയായി ...പ്രായമേറി വരുകല്ലേ ..ഏതെങ്കിലും ഒരുത്തന് വന്നു കണ്ടാലെന്തു പറയും .."
സുനിതേച്ചീടെ കളിയാക്കല്‍ സഹിക്കാതാകുമ്പോള്‍ അമ്മയോട് ചിലപ്പോള്‍ പരാതി പറയാറുണ്ട് :
"അമ്മേ എന്നെ കെട്ടാന്‍ ഒരുത്തനും വന്നില്ലേ ളും നിങ്ങള്‍ പേടിക്കണ്ടാ ...ഞാനിവിടെ തന്നെ കഴിഞ്ഞോളാം ..എനിക്കൊരു വിഷമവുമില്ല ..."
"എന്റെ കുട്ടിക്ക് നല്ലൊരു സുന്ദരക്കുട്ടനെ തന്നെ കിട്ടും ..നോക്കിക്കോ ?"
അമ്മയുടെ സ്ഥിരം പല്ലവി ഒട്ടും വിശ്വാസയോഗ്യ മല്ലെങ്കിലും അത് മുറിവിലിറ്റിക്കുന്ന തേന്‍ തന്നെയായിരുന്നു.
കണ്ണാടിക്കു മുന്നില്‍ നില്ക്കുമ്പോള് പലപ്പോഴും സുനിതേച്ചിയോട് അസൂയ തോന്നിയിട്ടുണ്ട് ..തന്റെ അത്ര നിറമില്ലെങ്കിലും കൊഴുത്തുരുണ്ട ആകാരവടിവ് ചേച്ചിയെ ഒരു കൊച്ചു സുന്ദരിയാക്കിയിരുന്നു ..
'സുനിതേച്ചീടെ ഇന്നത്തെ വിലയിരുത്തല്‍ കണ്ടില്ലേ ... താന്‍ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത് കൊണ്ടാണത്രേ ഇങ്ങനെ മെലിഞ്ഞുണങ്ങുന്നത് ...ഒരു പേരുമിട്ടിരിക്കുന്നു സ്വപ്നാടക...ഇനി ഇങ്ങു വരട്ടെ സ്വപ്നത്തിലെ കാഴ്ചകള്‍ ശരിക്കും പറഞ്ഞു കൊടുക്കാം ... ..ലോകത്ത് താന്‍ മാത്രമല്ലേ ഉറക്കത്തില്‍ സ്വപ്നം കാണാറുള്ളൂ' ..
അവള്‍ക്കു ശരിക്കും അരിശം വരുന്നുണ്ടായിരുന്നു ..
അന്ന് രാത്രി അനിത ഒരു സ്വപ്നം കണ്ടു. പതിവ് കാഴ്ചകളില്‍ നിന്ന് തികച്ചും വ്യത്യസ്തം ...ഒരു വലിയ കുന്നിനു മുകളില്‍ അവളൊറ്റയ്ക്ക് നില്ക്കുന്നു. കുന്ന് മുഴുവന്‍ പല നിറത്തിലുള്ള പൂക്കള്‍ വിടര്‍ന്നു പരന്ന് കിടക്കുന്നു ..ഒക്കെയും മണ്ണില്‍ പറ്റി വളര്‍ന്നു കിടക്കുന്ന പൂച്ചെടികള്‍ ..മഞ്ഞിന്റെ ചെറിയ വലയങ്ങള്‍ കാറ്റിലൊഴുകി നടക്കുന്നു..അവ പുല്കിയകലുമ്പോള്‍ ശരിക്കും കുളിര് കോരുന്നു ..പെട്ടെന്ന് കുന്ന് കയറി ഒരു ചെറുപ്പക്കാരന് അവിടേക്ക് വന്നു ..നീണ്ടുണങ്ങി ചെമ്പിച്ച ചുരുള്‍ മുടികള്‍ ഇരു ചുമലിലേക്കും വളര്‍ന്നിറങ്ങിയിരിക്കുന്നു ..ചുണ്ടിലെ വശ്യ സുന്ദരമായ പുഞ്ചിരിയുടെ പ്രതിഫലനം കടമെടുത്തു തിളങ്ങുന്ന പൂച്ചക്കണ്ണുകള്‍..വിരിഞ്ഞ മാറും കൈകളും ...ബലിഷ്ഠമായ ആകാരപ്രകൃതി ..അവള് ആശ്ചര്യത്തോടെ നോക്കി നില്ക്കുമ്പോള് അയാള്‍ അടുത്ത് വന്ന് അവളുടെ കൈതണ്ട് പിടിച്ചുയര്‍ത്തി
മൃദുവായി ചുംബിച്ചു ..വര്‍ദ്ധിച്ച ശ്വാസഗതിയില് അവളുടെ മാറ് പലതവണ ഉയര്‍ന്നു താണു...
പൊടുന്നനെ മൂടല്‍ മഞ്ഞിന്റെ വെള്ളപ്പുതപ്പ് ഒഴുകിപ്പരന്ന് കാഴ്ച മറച്ചു ..ഇപ്പോള്‍ അവ്യക്തമായ ചില ചിത്രങ്ങള്‍ മാത്രം അയാളുടെ മാറില്‍ താന്‍ ഒട്ടി ചേര്‍ന്ന് നിക്കുന്നപോലെ അവള്‍ക്കു തോന്നി.....പക്ഷേ അതൊരു മെലിഞ്ഞ പെണ്ണിന്റെ രൂപമല്ലല്ലോ..അപ്പോള്‍ പിന്നെ ........ഇപ്പോള്‍ കാഴ്ച കുറച്ചു കൂടി വ്യക്തമാകുന്നുണ്ട്.....അവള് ഞെട്ടിപ്പോയീ ..!
" അത് താനല്ല ......സുനിതേച്ചീ ......അവര്‍ രണ്ട് പേരും തോളുരുമ്മി മുന്നോട്ട് നടക്കുന്നു ..അയാളുടെ കൈകള്‍ ചേച്ചിയുടെ തോളിലൂടെ വളഞ്ഞുപിടിച്ചിരിക്കുന്നു ".
പൊടുന്നനെ അനിത ഞെട്ടിയുണര്‍ന്നു ...അവള് കിടക്കയില്‍ എണീറ്റിരുന്നു നന്നായി കിതച്ചു. പിന്നെ വേഗത്തില്‍ എണീറ്റ് ഡോര്‍ തുറന്ന് സുനിതയുടെ മുറിയുടെ വാതില്‍ ലക്ഷ്യം വെച്ച് നടന്നു. വാതിലിനു മുന്നില്‍ ഒരു നിമിഷം അറച്ചു നിന്നു.പിന്നെ പതുക്കെ ഹാന്‍ഡില്‍ താഴേക്ക് വലിച്ചു..അത് പൂട്ടിയിരുന്നില്ല ..അകത്തെ അരണ്ട വെളിച്ചത്തില്‍ സുനിതേച്ചിയുടെ കിടക്ക ശൂന്യം ..അവള് വിറയ്ക്കുന്ന കൈകളോടെ വാതില്‍ ചാരി സ്വന്തം മുറിയിലേക്ക് തിരിച്ചു നടന്നു ..വാതില്‍ കുറ്റിയിട്ട് യാന്ത്രികമായി കിടക്കയിലീക്ക് വീണു..പുതപ്പെടുത്തു തല വഴി മൂടി .....കണ്ണുകള്‍ ഇറുക്കിയടച്ചു ......കണ് മുന്നില്‍ ഇപ്പോഴും അവര്‍ രണ്ട് പേരും ..അവര്‍ ഇപ്പോഴും അതേ നടപ്പ് തുടരുകയാണ്..അയാള്‍ ഇടയ്ക്ക് ചേച്ചിയുടെ കവിളില്‍ മൃദുവായി നുള്ളുന്നു...
അവളെ നന്നായി വിറയ്ക്കാന്‍ തുടങ്ങിയിരുന്നു ...
അടഞ്ഞ കണ്ണുകള്‍ തുറക്കാന്‍ അവള് ഒരു വിഫലശ്രമം നടത്തി നോക്കി....അവ കൂടുതല്‍ വലിഞ്ഞു മുറുകി ഇറുകിയടയുന്ന പോലെ ...അവള്‍ക്കിപ്പോള്‍ ശരിക്കും സംഭ്രമമായി..
'താനിപ്പോഴും അതേ സ്വപ്നത്തില്‍ തന്നാണോ ...അപ്പോള്‍ ഇടയ്ക്ക് ചേച്ചിയെ തിരക്കി എണീറ്റ് പോയത് ..............?
അതോ ഇടയ്ക്ക് വെച്ച് ഇഴ മുറിഞ്ഞ് ഇപ്പോള്‍ വീണ്ടും .....ഹേയ് അങ്ങനെയെങ്കില്‍ ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നത് .........?'
സംശയങ്ങളുടെ കിനാവള്ളി അനിതയെ ചുറ്റി വരിയാന്‍ തുടങ്ങിയിരുന്നു .....
അപ്പോഴും മെയ്യോടു മെയ്യുരുമ്മി മഞ്ഞുമാസത്തിലെ ദേശാടന പക്ഷികളേപ്പോലെ ഒരാണും പെണ്ണും പൂക്കള്‍ പട്ടു വിരിച്ച കുന്നിറങ്ങി താഴ്വാരത്തിലേക്ക് ഒഴുകി നീങ്ങുന്നുണ്ടായിരുന്നു ......
സ്വപ്നങ്ങള്‍ തീരം കടക്കുമ്പോള്‍ !


ആന്‍ ഇതുവരെ കരഞ്ഞില്ല...


('കൂട്ടം' എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റില്‍ കഥാരചനമത്സരത്തില് പ്രോത്സാഹന സമ്മാനം നേടിത്തന്ന കഥ )
വാതിലില്‍ തുടരെത്തുടരെ മുട്ട് കേട്ടിട്ടും ആന്‍ അനങ്ങാതെ കുറെനേരം കൂടി കിടന്നു. തുടന്നുള്ള മോളുടെ വിളിയില്‍ കലര്‍ന്ന ഗദ്ഗദം അവളെ തളര്‍ത്തി.
"മമ്മാ... പപ്പാടെ ഫോട്ടോ ഉണ്ട് പത്രത്തില്‍!"
ചരമതാളിന്റെ മൂലയ്ക്ക് തങ്ങളുടെ കല്യാണഫോട്ടോയില്‍നിന്നും അടര്‍ത്തിമാറ്റപ്പെട്ട നവീന്‍ പുഞ്ചിരിതൂകി നില്ക്കുന്നു. ആനിന്റെ സാരിയുടെ തുമ്പും കാണാം.
'കുവൈറ്റില്‍ മലയാളിഡോക്ടര്‍ അന്തരിച്ചു'
ആന്‍ താഴേക്ക് ഓടിച്ചു വായിച്ചു.
ഹൃദയാഘാതം മൂലം മരണമടഞ്ഞ പ്രസിദ്ധനായ മറുനാടന്‍ മലയാളിക്ക് അര്‍ഹമായ പ്രാധാന്യം കൊടുത്ത് പത്രം എഴുതിയിരിക്കുന്നു.
"ഞാനാ ന്യൂസ് കൊടുത്തത്. ആരെയെങ്കിലും അറിയിക്കാന്‍ വിട്ടുപോയെങ്കില്‍ അറിഞ്ഞോട്ടെ എന്നുവെച്ചാ.."
ജോസിച്ചായന്‍ നെടുവീര്‍പ്പോടെ നമിമോളെ ചേര്‍ത്തുപിടിച്ചു.
"നീയിങ്ങനെ ഒന്നും മിണ്ടാതേം കഴിക്കാതേം എത്ര ദിവസമാന്നു വെച്ചാ... ആന്‍? പോയവര്‍ പോയി... ഒന്നുമില്ലേലും ഈ കുഞ്ഞിനിനി നീയല്ലേയുള്ളൂ... നീയോന്നുറക്കെ കരയുക പോലും ചെയ്തില്ലല്ലോ മോളെ.. "
ആന്‍ പത്രത്തിലെ നവീന്റെ മുഖത്തേക്ക് നോക്കി. എത്ര ശാന്തമായ മുഖമായിരുന്നു നവീന്‍! ആരോടും കയര്‍ത്തുസംസാരിക്കുന്നത് കണ്ടിട്ടില്ല. രോഗികള്‍ക്കും പ്രിയങ്കരന്‍. ദൈവം ആതുരസേവനത്തിനായി നേരിട്ടയച്ച മഹാന് എന്നുവരെ തോന്നിയിട്ടുണ്ട് പരിചയപ്പെട്ട ആദ്യനാളുകളില്‍.. റൌണ്ട്സിനു റിപ്പോര്‍ട്ടുകളും ചാര്‍ട്ടുമായി പിന്നാലെ ഓടിനടക്കുമ്പോള്‍ ആരാധനയോടെ നോക്കിനിന്നു സ്വയം മറന്നുപോയ ദിവസങ്ങള്‍.. പിന്നീടത് പ്രണയത്തിലും വിവാഹത്തിലും കലാശിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായി.
ജോസിച്ചായനും മോളും പിന്നെയും എന്തൊക്കെയോ പറഞ്ഞിട്ട് എപ്പോഴോ മുറിവിട്ടുപോയി. ആന്‍ വീണ്ടും പുതപ്പിനടിയില്‍ രക്ഷ തേടി. ജോസിച്ചായന്‍ പറഞ്ഞതുപോലെ ഒന്ന് നിലവിട്ടുകരയാന്‍പോലും എന്തേ തനിക്ക് കഴിയാത്തത്?
ഒരുമിച്ചു ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുമ്പോള്‍ കൂടെയുള്ളയാളിന്റെ ചെറിയ മാറ്റങ്ങള്‍ പോലും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. എന്നിട്ടും വൈകി. നവീന്‍ അത്രയ്ക്ക് സമര്‍ത്ഥനായിരുന്നു. ഒരാഴ്ചക്കുള്ളില്‍ തുടര്‍ച്ചയായി നടന്ന മരണങ്ങള്, അതും രക്ഷപ്പെടുമെന്നു ഉറപ്പുണ്ടായിരുന്നവരുടെത്... അതില്‍ മിക്കതും നവീന്റെ കൈപ്പിഴകള്.. വീട്ടിലും അനാവശ്യമായ വക്കുതര്‍ക്കങ്ങള്‍.. ദേഷ്യം.. എന്നിട്ടും ആര്‍ക്കും പിടികൊടുക്കാതെ നടന്ന പ്രിയങ്കരന്‍!
ജോലിസമയം കഴിഞ്ഞുള്ള പുറത്തുപോക്കിലും പുതിയ കൂട്ടുകെട്ടുകളിലും അസ്വാഭാവികത തോന്നിയ നാളുകളിലായിരുന്നു തലയില്‍ വലിയൊരു കൂടം കൊണ്ടുള്ള അടിപോലെ അന്വേഷണഉദ്യോഗസ്ഥന് മാര്ട്ടിന് ഞെട്ടിപ്പിക്കുന്ന അറിവുകള്‍ പകര്‍ന്നത്.
നവീന്‍ ഏതോ ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന്! അതിനേറ്റവും യോജിച്ചയിടമായി സ്വന്തം പ്രവര്‍ത്തനമേഘല തന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന്! ഉറക്കം നഷ്ടപ്പെട്ട രാവുകളായി പിന്നീടങ്ങോട്ട്. ഉടലിലൂടെ കൈചുറ്റി ശാന്താമായുറങ്ങുന്നയാളിന്റെ അടഞ്ഞ കണ്പോളകള്ക്കടിയില് ക്രൂരത സങ്കല്പ്പിക്കാനാവാതെ...
ജീവന് കാക്കേണ്ടയാള്‍ക്ക് എങ്ങനെ ജീവനെടുക്കാനാവും! ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു അതൊക്കെ.. ഏതിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കുക എന്നത് ഉദ്യോഗസ്ഥരുടെ സ്വഭാവമായി ആശ്വസിക്കാന്‍ ശ്രമിച്ചു..
ആശുപത്രിയിലെ പൊന്നോമന നാലുവയസ്സുകാരി സനയുടെ ആകസ്മികമരണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവളുടെ മുഖത്ത് നമിമോളുടെ പുഞ്ചിരി കണ്ടിരുന്നു. ജോലിത്തിരക്കില്‍ നമിമോള്‍ക്ക് നഷ്ടപ്പെടുന്ന വാത്സല്യം പോലും അവള്‍ക്കു കൊടുത്തിരുന്നു. നവീന്റെ പേഷ്യന്റ് ആയിട്ടുപോലും അവളുടെ എല്ലാ വിവരങ്ങളും ഹൃദിസ്ഥമാക്കി. ഒടുവില്‍ ആശുപത്രി വിടാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ....
നവീനോട് ആദ്യമായി കയര്‍ത്തു സംസാരിച്ചു. അയാളുടെ കണ്ണുകളിലെ ക്രൂരത നേരിട്ട് കണ്ടു. അതുവരെ അറിഞ്ഞതും കേട്ടതുമായതെല്ലാം സത്യമാണെന്ന അറിവ്... നിയന്ത്രണം വിട്ടു എന്തൊക്കെയാണ് സംസാരിച്ചതെന്നറിയില്ല...
നവീന്റെ പ്രഹരമേല്‍പ്പിച്ച അബോധാവസ്ഥയില്‍ നിന്നും ഉണരുമ്പോള്‍ അലങ്കോലപ്പെട്ട മുറിയുടെ മൂലയില്‍ അവള് തീര്‍ത്തും ഏകയായി. സ്ഥലകാലബോധത്തിനു പിന്നാലെ വല്ലാത്തൊരു ഭയം വേദനയില്‍ പൊതിഞ്ഞ ശരീരമാസകലം വിറയലായി... കണ്മുന്നില് ആശുപത്രികിടക്കകളും നോവുന്ന മുഖങ്ങളും... അയാള്‍ എല്ലാം നശിപ്പിക്കും.. തങ്ങള്‍ക്കുമാത്രം ന്യായമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കൂട്ടരില്‍ ഒരാളായി നവീനും..
ഇഴഞ്ഞും വലിഞ്ഞും മുറിക്കു പുറത്തുകടന്ന് ആന്‍ മാതാവിന്റെ ചിത്രത്തിനരികില്‍ മുട്ടുകുത്തി. അറിഞ്ഞതൊന്നും സത്യമാവല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. ആദ്യമായി കോട്ടും സ്റെതസ്കോപ്പും ധരിച്ചനാള്‍ അമ്മച്ചിയുടെ കുഴിമാടത്തിന്നരികെനിന്ന് 'വേദനിക്കുന്നവരെ രക്ഷിക്കുന്ന മാലാഖയാക്കാന്‍ നീ തമ്പുരാനോട് പറയില്ലേ അന്നക്കുട്ടീ...' എന്ന് അപ്പച്ചന് ചോദിച്ചപ്പോള്‍ അവളുടെ കാല്ക്കലേക്ക് പറന്നുവീണ റോസാപൂവിതളുകള്‍ ബൈബിളിന്നുള്ളില്‍ പതിഞ്ഞിരുന്നു.
അന്ന് മുഴുവന്‍ എവിടെയും പോവാതെ നവീനെ എങ്ങനെ തിരിച്ചുകൊണ്ടുവരാമെന്നു ചിന്തിച്ചു. ഇതെല്ലാം മറ്റുള്ളവര്‍ അറിയുമ്പോള്‍...? നമിമോളെ ജോസിചായന്റെ അടുത്ത് നിര്‍ത്തിയത് നന്നായി. ഒരു ഭീകരന്റെ മകളായി... ഓ.. ജീസസ്! പപ്പയുടെ പുതിയ മുഖം അവളൊരിക്കലും കാണരുത്. എന്തിനും മേലെയാണ് നിന്റെ സ്നേഹമെന്ന് എത്രതവണ പറഞ്ഞിരിക്കുന്നു! ഒരിക്കലും നവീനെ ഒരു ദുഷ്ടശക്തിക്കും വിട്ടുകൊടുക്കാനാവില്ല... സ്നേഹം കൊണ്ട് മാറ്റാം... എല്ലാവര്ക്കും നവീനെ തിരികെ വേണം.
വാതില്‍മണി മുഴങ്ങുമ്പോഴേക്കും നവീനായുള്ള വാചകങ്ങള്‍വരെ തയ്യാറായിരുന്നു. പക്ഷെ, പുറത്ത് അപ്രതീക്ഷിതമുഖങ്ങള്‍ തന്ന ഞെട്ടല്‍ തീരുന്നതിനു മുന്‍പേ അവരുള്ളില്‍ കയറി പരിശോധന തുടങ്ങിയിരുന്നു.
"സീ, ഡോക്ടര്‍, നവീനെ കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെയും സംശയത്തിന്റെ പേരില്‍ കൊണ്ടുപോവേണ്ടിവരും. സൊ, സഹകരിക്കുക. നവീനെകുറിച്ച് എന്ത് വിവരം കിട്ടിയാലും ഉടനെ ഞങ്ങളെ അറിയിക്കുക"
ഇരുളില്‍ ഒരു കള്ളനെ പോലെ നവീന്‍ ഉള്ളിലെത്തുമ്പോള്‍, ലൈറ്റ് പോലുമിടാതെ സോഫയില്‍ ഭീതിയുടെ പുതപ്പിനുള്ളില്‍ അവള് ചുരുണ്ടിരിക്കുകയായിരുന്നു. അയാള്‍ അവളെ മുറിയിലെ കിടക്കയില്‍ കിടത്തി. ഭ്രാന്തമായി കീഴടക്കപ്പെടുമ്പോള്‍ ഏതോ ഗുഹാമുഖത്തുനിന്നും ആന്‍ അയാളുടെ ശബ്ദം കേട്ടു.
"ഐ നോ, നിങ്ങള്‍ക്കൊക്കെ ഞങ്ങള്‍ ചെയ്യുന്നത് തെറ്റാവും. ഒന്നുമറിയാത്തവരെ ഇല്ലാതാക്കുമ്പോള്‍ ചിലപ്പോഴൊക്കെ എനിക്കും തോന്നാറുണ്ട്. പക്ഷെ... എനിക്കിനി മാറാന്‍ പറ്റില്ല... അവരെന്നെ ഇല്ലാതാക്കും... അല്ലെങ്കില്‍ പോലീസ് എന്നെ കൊണ്ടുപോകും.. എനിക്കിനിയും ജീവിക്കണം ആന്‍, മാറ്റപ്പെട്ട പുതിയ ഭൂമിയില്‍... നമുക്ക് സ്വര്‍ഗമാക്കാം ഇവിടം. നീയും വേണം അപ്പോള്‍... ഐ ലവ് യു...ആന്‍.."
പരിശോധനക്കിടക്കയിലെ രോഗിയുടെ നിര്‍വികാരതയോടെ അയാളുടെ കീഴില്‍ കിടക്കുമ്പോള്‍ തലയ്ക്കുള്ളില്‍ എപ്പോഴോ കടലിരമ്പിത്തുടങ്ങി. തിരകളില്‍ മുങ്ങിത്താഴുന്ന ആരൊക്കെയോ... രക്ഷയ്ക്കായി കേഴുന്ന ആര്‍ത്തനാദങ്ങള്‍...
ഇടക്കാരോ അവളെ കുലുക്കി വിളിച്ചതുപോലെ തോന്നി..
"ആന്‍... എന്തൊരു കിടപ്പാണിത്! എഴുന്നേല്‍ക്ക് മോളെ... വല്ലതും കഴിക്ക്.. "
കയ്യില്‍ ഗ്ലാസ്സുമായി നില്ക്കുന്ന ഗ്രേസിചേടത്തിക്ക് പിന്നില്‍ അവള് അമ്മച്ചിയെ തിരഞ്ഞു.
"അമ്മച്ചിയെ സ്വപ്നം കണ്ടോ.. ആന്‍ അമ്മച്ചീന്നു വിളിക്കുന്നത് കേട്ടാ ഞാന്‍ വന്നത്."
മുഖം അമര്‍ത്തിത്തുടച്ച് എഴുന്നേറ്റിരിക്കുമ്പോള്‍ അവള്‍ക്ക് മാത്രമറിയുന്ന സത്യങ്ങള്‍ വീണ്ടും തലക്കുള്ളില്‍ തിങ്ങിഞെരുങ്ങി വീര്‍പ്പുമുട്ടിച്ചു. കണ്മുന്നില് ഇപ്പോഴും ശ്വാസംമുട്ടി കൈകാലിട്ടടിക്കുന്ന നവീന്‍. എപ്പോഴാണ് നിയന്ത്രണവും ശക്തിയും തനിക്ക് കിട്ടിയതെന്ന് അവള്‍ക്കിപ്പോഴും ഓര്‍മ്മവന്നില്ല.. കട്ടിലിന്റെ തലഭാഗത്ത് നിന്നുകൊണ്ട് തലയിണ അയാളുടെ മുഖത്തമര്‍ത്തിയത് ഈ കൈകള്‍ കൊണ്ട് തന്നെയായിരുന്നോ... അതും ജീവനെക്കാളേറെ സ്നേഹിച്ചയാളെ...! ഓര്‍ക്കാനാവുന്നില്ല ഒന്നും.. വലിഞ്ഞ് നീണ്ട കാലുകളുടെ ചലനം നിലക്കുന്നതുവരെ അമര്ത്തിപ്പിടിക്കുമ്പോള് ആശുപത്രിയിലെ കട്ടിലുകളില്‍ ശാന്തമായുറങ്ങുന്നവരെ കണ്ടു.
അഞ്ചുമണിയുടെ അലാറം കേട്ടുണരുമ്പോള്‍ അരികില്‍ സുഖമായുറങ്ങുന്ന നവീന്‍ എന്നാണ് ആദ്യം തോന്നിയത്. മൂക്കിലൂടെ ഒലിച്ചിറങ്ങി കട്ടപിടിച്ച രക്തം കഴിഞ്ഞകാലം മുഴുവന്‍ ഒരുമിച്ചു ഓര്‍മ്മിപ്പിച്ചു.
മറുനാടന്‍ മലയാളിഡോക്ടറുടെ വിധവയായി നാട്ടിലേക്കു തിരിക്കുമ്പോള്‍ അമ്മച്ചിയുടെ മടിയില്‍ തലവെച്ചുറങ്ങുകയായിരുന്നു അതുവരെ എന്നാണ് തോന്നിയത്.
പക്ഷെ ഈ രഹസ്യം ഉള്ളില്‍ വെച്ച് എത്രകാലം! അപ്പച്ചന് പ്രാര്‍ത്ഥിച്ചതുപോലെ രക്ഷകയായ മാലാഖ ആവേണ്ടിയിരുന്ന താന്‍ ഒരു ജീവനല്ലേ ഇല്ലാതാക്കിയത്! കോളേജിലെ കൂട്ടുകാര്‍ക്കിടയിലെ ചര്‍ച്ചകളില്‍ ദയാവധം ഒരു വിഷയമായപ്പോള്‍ അതുപോലും ആലോചിക്കാനാവില്ലെന്നു വാദിച്ചവള്‍ക്ക് എങ്ങനെ... എന്തുതന്നെ കാരണമായാലും.... ശിക്ഷ അര്‍ഹിക്കുന്നില്ലേ... തെറ്റാണ് ചെയ്തത്! നവീന്‍... നീയെന്നോട് പൊറുക്കുമോ? നിന്റെ സ്വപ്നങ്ങള്‍ ഇല്ലാതാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല.. മറ്റുള്ളവരെ വിഷമിപ്പിച്ചു നമുക്കൊരു സന്തോഷം ഉണ്ടാവുമോ? നവീനെ ഒരു കൊലയാളിയായി കാണാന്‍ എനിക്കാവില്ലായിരുന്നു... കര്‍ത്താവേ... ആരോട് പറയും? നവീന്‍ ഇല്ലാത്ത ലോകത്ത് തനിച്ച് എങ്ങനെ...! നമിമോളുടെ മുഖം കണ്ടു കൊതിതീര്‍ന്നില്ല... മാതാവേ...
ബൈബിളിലെ പേജുകള്‍ ഭ്രാന്തമായി മറിച്ചുകൊണ്ട് ആന്‍ അമ്മച്ചിയെ തിരഞ്ഞു..
കളിപ്പാട്ടവുമായി നമിമോള്‍ മുറിയിലെത്തുമ്പോഴും കരിമ്പടത്തിനടിയില്‍ ആന്‍ ചുരുണ്ടുകിടക്കുകയായിരുന്നു.
16 Comments, Post your comment
Labels: കഥ
പുഴമീൻ


“കൊറച്ച് മീൻ വറത്തെങ്കിൽ...”
അടുക്കള വാതിലിൽ ചാരി, പ്രാഞ്ചി നിന്ന വൃദ്ധൻ ആരോടെന്നില്ലാതെ പറഞ്ഞു. മറുപടിയൊന്നും കിട്ടാഞ്ഞതിനാൽ ഉടനെത്തന്നെ ഉമ്മറത്തെ കൊട്ടക്കസേരയിലേയ്ക്കു മടങ്ങുകയും ചെയ്തു. അയാൾക്കു വലിയ ജാള്യത തോന്നി. കൊതി അടക്കാൻ വയ്യാഞ്ഞിട്ടാണ്.ശിവൻ രാവിലെ പുഴമീനും കൊണ്ടു വരുന്നതു കണ്ടപ്പോൾ തുടങ്ങിയതാണ്. വലിയ കൊതി!സുധയൊരു മൂശാട്ടയാണെന്നറിയാഞ്ഞിട്ടല്ല, പക്ഷേ വറുത്ത പുഴമീനും കൂട്ടി ചോറുണ്ടിട്ട് കാലമെത്രയായി?
വൃദ്ധൻ ക്ഷീണിതനായിരുന്നു. വയസ്സ് എഴുപതു കഴിഞ്ഞു. എങ്കിലും എൺപതിന്റെ അനാരോഗ്യം.“വാതം,പിത്തം,കഫം” ഇങ്ങനെ ആയുർവേദ മരുന്നു കടയുടെ ബോർഡിൽ കാണാവുന്ന സകല ദൂഷ്യങ്ങളും ഉണ്ട്.മകനും ഭാര്യയ്ക്കും ഒപ്പം തറവാട്ടു വീട്ടിൽ താമസം.ഭാര്യ മരിച്ചിട്ട് അനേകം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.മരുമകളുമായി നല്ല രസത്തിലല്ല. എങ്കിലും കുറച്ചു മീൻ വറുത്തു കൂട്ടാൻ ആശ തോന്നിപ്പോയി. എന്തു ചെയ്യും?
അവള്, സുധ മീൻ വറക്കുവൊ? എന്നും കുന്നും കഷ്ണം പൊടിഞ്ഞു കിടക്കുന്ന അതേ മുളകു ചാറു തന്നെ!കഴിച്ചാ വയറ്റിനകത്ത് അപ്പൊത്തുടങ്ങും ഒരെരിച്ചില്!മാധവി ഇപ്പോ ഉണ്ടായിരുന്നെങ്കിൽ....ചിന്തകൾ വൃദ്ധനെ അസ്വസ്ഥനാക്കി.
കുളി കഴിഞ്ഞ് ഉമ്മറത്തിരുന്നു ബീഡി വലിക്കുന്ന ശിവനോടയാൾ പരുങ്ങിക്കൊണ്ട് പറഞ്ഞു.
“പൊഴമീൻ കൊറച്ചു വറത്തു തിന്നാനൊരു കൊതി...”
ശിവനൊന്ന് അമർത്തി മൂളൂക മാത്രം ചെയ്തു.
സമയം പതിനൊന്നരയോടടുക്കുന്നു...
വൃദ്ധന്റെ ചിന്തകൾ കുറേയങ്ങു പുറകിലേയ്ക്കു പോയി.
പണ്ട് പുഴയിൽ വെള്ളം പൊങ്ങിയാൽ ചൂണ്ടയിടലിന്റെ കാലമായി.പുഴയിൽ നുരച്ചു പൊങ്ങുന്ന മീൻ കൂട്ടം.കറിവേപ്പിലയും കുരുമുളകും അരച്ചു പുരട്ടിയ ആ മീൻ സമൃദ്ധമായ വെളിച്ചെണ്ണയിൽ കിടന്നങ്ങനെ മൊരിയും.കൊതി പിടിപ്പിക്കുന്ന മണം അടുക്കളയിൽ നിന്നുയരും. മീൻ വറുക്കാൻ മാധവിയെ കഴിഞ്ഞേ ആളുള്ളൂ..എന്തായിരുന്നു ആ മീൻ, എന്തൊരു പെണ്ണായിരുന്നു മാധവി!
അടുക്കളയിൽ നിന്നു മണം വല്ലതും വരുന്നുണ്ടോ? വെളിച്ചെണ്ണയിൽ മൊരിയുന്ന മീനിന്റെ സുഗന്ധം? ഇല്ല! കരിഞ്ഞ മുളകു പൊടിയുടെ രൂക്ഷമായ ഗന്ധം മാത്രം.അടുക്കള വരെ ഒന്നു പോയി നോക്കാനുള്ള ആഗ്രഹം വൃദ്ധൻ പണിപ്പെട്ടടക്കി.
“കൊറച്ചു മീൻ വറത്തെങ്കിൽ...” അയാൾ പ്രതീക്ഷയോടെ ശിവനോടു പറഞ്ഞു. വൃദ്ധനെ ഒന്നിരുത്തി നോക്കിയിട്ട് അയാൾ മുറ്റത്തേക്കിറങ്ങി നടന്നു.
സമയം പന്ത്രണ്ടരയാകുന്നു...
ചോറൂണു സാധാരണ ഒരു മണിക്കാണ്.ഇന്നിപ്പോൾ കുറച്ചു നേരത്തെ ആയാലും തരക്കേടില്ലെന്ന് അയാൾക്കു തോന്നി.സുധ വിളിക്കണമല്ലോ.അയാൾ ജാഗ്രതയോടെ ഇരുന്നു. വിളിച്ചിട്ട് കേൾക്കാതിരിക്കരുത്.
ഒരു മണി!!
സുധ ഉണ്ണാൻ വിളിക്കുന്നു.അയാൾ സാവധാനം എഴുന്നേറ്റു.മിടിക്കുന്ന ഹൃദയത്തെ വലം കൈ കൊണ്ടു തടവി അയാൾ നടന്നു.
----------------------
നിറ കണ്ണുകളോടെ കടുത്ത ചുവപ്പു നിറമുള്ള മീൻ കറിയിൽ കഷ്ണത്തിനായി പരതവേ, ഒരു പിഞ്ഞാണം ഊക്കോടെ മേശയിൽ കൊണ്ട് വച്ച് സുധ പറഞ്ഞു.
“ശിവേട്ടൻ മേടിച്ചു കൊണ്ടുവരുന്നത് ആകെ കാൽ കിലോയാ, ഇന്നതെടുത്തു വറക്കുകെം ചെയ്തു.പിന്നെ കറിയിലെന്തുണ്ടായിട്ടാ അഛനീ പരതണെ?”
അയാളുടെ ഹൃദയമിടിപ്പു സാവധാനത്തിലായി, പക്ഷേ അയാൾക്കു വെറുതെ കരയണമെന്നു തോന്നി.
ഒരു സല്ലാപ ചരിത്രം


ഗേറ്റു തുറന്ന് കാര്‍പ്പോര്‍ച്ചു ലക്ഷ്യമാക്കി സൈക്കിളുന്തുമ്പോള്‍ അവള്‍ക്കു പതിവിലും കൂടുതല്‍ തിടുക്കമുണ്ടായിരുന്നു .. സാധാരണ ഈ വരവ് ഇങ്ങനെയായിരിക്കില്ല ..തോളിലെ ബാഗിന്റെ കനം, ഭാരം വലിച്ചു തളര്‍ന്ന മാടിന്റെ വൈക്ലബ്യം പ്രകടമാക്കുന്ന മുഖഭാവം അവള്‍ക്കു പകര്‍ന്നു നല്‍കിയിരുന്നു. മുറിയിലെത്തി വിജ്ഞാനത്തിന്റെ ഭാണ്ടക്കെട്ട്
എങ്ങോട്ടെങ്കിലും വലിച്ചെറിഞ്ഞ് നേരെ കട്ടിലിലേക്കൊരു തളര്‍ന്നു വീഴല്‍ . സന്ധ്യ മയങ്ങിയാലും ആ വാടിത്തളര്‍ച്ചയുടെ ആലസ്യം വിട്ടൊഴിയാറില്ല ചിലപ്പോള്‍ അത് അമ്മയുടെ തട്ടിവിളിയില്‍ ചരട് പൊട്ടിപ്പോകുന്ന ഒന്നായി പരിണമിക്കാറുമുണ്ട്.
"രെഞ്ചൂ ..ഈ പാല് കുടിച്ചേച്ചു പോകു കുട്ടീ ...ഇനി ഏത് നേരത്താ അതിന്റെ മുന്നീന്ന് എണീക്കുന്നെ ?"
സ്കൂള്‍ ബാഗ് ആയത്തില്‍ വീശി അകത്തേക്കോടുമ്പോള്‍ അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം മത്സരിച്ചു പുറകേയെത്തി .
"വിനു ഐ കാണട് ഹിയര്‍ യു ...സം തിംഗ് റോങ്ങ് ..മേ ബി കണക്ഷന് എറര്‍ ..."
പാലുമായി അവള്‍ക്കു പുറകില്‍ നിന്ന മിസ്സിസ് മേനോന്, സ്ഥലകാല ബോധമില്ലാതെ കീ ബോര്‍ഡില്‍ താളം പിടിക്കുന്ന മകളെ നോക്കി അമ്പരന്നു നിന്നു.
"ഇതീയിടെയായി കുറച്ചു കൂടുന്നുണ്ട് ..ഡാഡി വിളിക്കട്ടെ ഞാന്‍ പറയുന്നുണ്ട്."
ഞെട്ടി തിരിഞ്ഞ അവള് ഞൊടിയിടയില്‍ കുഞ്ഞ് മൌസിനെ മുകളിലേക്ക് വലിച്ച് ഇട നെറ്റിയില്‍ ഒന്നു ക്ലിക്കി .
"എന്താ നീ മിനിമൈസ് ചെയ്തേ ? ആരോടാ ചാറ്റ് ചെയ്യുന്നേ ?"
"അത്... അത് എന്റെ ഒരു ഫ്രണ്ടാ മമ്മി "
"അതാരാന്നാ ചോദിച്ചേ ? ഫ്രണ്ടിനു പേരില്ലേ ?"
"പേര്.....വിനു .."
പാതിയില്‍ മുറിഞ്ഞ മധുര സല്ലാപത്തിന്റെ പൊരുള്‍ തേടി വിനുക്കുട്ടന്റെ അന്തരംഗം
സന്ദേശ തരംഗങ്ങളായി മോണിറ്ററിന്റെ മൂലയില്‍ കുഞ്ഞ് ബലൂണുകള്‍ തീര്‍ത്തുകൊണ്ടിരുന്നു ..അവളുടെ കടമിഷികള്‍ വീര്‍പ്പുമുട്ടലില്‍ വിറച്ചു പിടഞ്ഞു ..
"അവനെ നിനക്കെങ്ങനെയാ പരിചയം ....?"
മകളുടെ പ്രായം പന്തിയല്ലെന്ന തിരിച്ചറിവില്‍ അവര്‍ കൂടുതല്‍ നെറ്റി ചുളിച്ച് ഉത്തരവാദിത്വമുള്ള മാതാവയി മാറി .
"ഞങ്ങള്‍ ചാറ്റിങ്ങിലൂടെ ഫ്രാണ്ട്സായതാ .... ഇടയ്ക്ക് ഓണ്‍ലൈനില്‍ വരുമ്പോള്‍ കുറേ നേരം ചാറ്റ് ചെയ്യും ..ദാറ്റ്സ് ഓള് .."
വാക്കുകള്‍ക്കൊടുവില്‍ അവളുടെ മുഖത്തെ അസ്വസ്തത, 'എന്താ പറഞ്ഞാല്‍ മനസ്സിലാകില്ലേ ' എന്നൊരു ശബ്ദമില്ലാത്ത മറുചോദ്യം ചോദിച്ചു.
"അതിനപ്പുറത്തെയ്ക്കൊന്നും വേണ്ട ..ഇത് സ്ഥിരമാക്കുകേം വേണ്ട .. .പറഞ്ഞത് മനസ്സിലായല്ലോ ?"
"മമ്മി എന്തോ മീന്‍ ചെയ്തു സംസാരിക്കുവാണ്..വീ ആര് ഗുഡ് ഫ്രണ്ട്സ് ..അത്രേ ഉള്ളൂന്ന് ഞാന്‍ പറഞ്ഞല്ലോ ?"
"വിനു ബാന്ഗ്ലൂരില് ഐറ്റി ഫീല്ടിലാ ..ഇത്തവണ നാട്ടില്‍ വരുമ്പോള്‍ വീട്ടില്‍ വരാന്നു പറഞ്ഞിട്ടുണ്ട് .അവനെ കണ്ട് കഴീമ്പോള്‍ മമ്മീടെ ഡൌട്ട്സൊക്കെ ക്ലിയറായിക്കോളും ..ഷുവര്‍ ..."
"മം ....."
അശ്വതി മേനോന് മകളെ രൂക്ഷമായി നോക്കിയിട്ട് ഒട്ടും തൃപ്തി വരാതെ തിരിഞ്ഞു നടന്നു..
അതിനടുത്ത ഞായറാഴ്ച രെഞ്ചിനിയുടെ വാക്ക് അണുവിട തെറ്റിക്കാതെ വിനു അശ്വതിക്ക്
മുന്നില്‍ ഹാജരായി .വെളുത്ത് നീണ്ടു മെലിഞ്ഞ പൊടിമീശക്കാരന് പയ്യന്.
.ഇരുപത്തിരണ്ടിന് മുകളില്‍ പ്രായം പറയില്ല ..യാതൊരു
അപരിചിതത്തവുമില്ലാതെയുള്ള അവന്റെ നിര്‍ത്തില്ലാത്ത സംസാരം അശ്വതിയില്‍
ആശ്ചര്യമുളവാക്കിയെന്നു മാത്രമല്ല അതവനൊരു നിര്‍ദോഷ നിഷ്കളങ്കന്റെ പരിവേഷം ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു.
'വെറുതെയല്ല രെഞ്ചു ഇവനുമായി ഇത്രവേഗം അടുത്തത് '
അശ്വതി മനസ്സിലോര്‍ത്തു .
വിനു യാത്ര പറഞ്ഞിറങ്ങിയ ശേഷം രഞ്ചിനി അമ്മയുടെ തോളില്‍ ചുറ്റിപ്പിടിച്ചു കൊഞ്ചിക്കുറുകി..
"ഇപ്പോള്‍ മമ്മി എന്തു പറയുന്നു .ഹൌ ഈസ് മൈ ഫ്രെണ്ട് ? പേടിക്കേണ്ട ചെക്കനാണോ ?പാവമല്ലേ അവന്?"
"മം .."
അവര്‍ അപ്പോഴും മൂളുക മാത്രം ചെയ്തു.
"ഹും..എന്തു പറഞ്ഞാലും മിസ്സിസ് മേനോന് ഒരു മൂളല്‍ മാത്രം .ഒന്നുമില്ലെങ്കിലും നേരിട്ട് കണ്ട കാര്യം ഒന്നു അക്സപ്റ്റ് ചെയ്തൂടെ ?"
"നിനക്ക് പതിനാറു കഴിഞ്ഞതേയുള്ളൂ ..അതും മറക്കണ്ടാ .."
"ഹ ഹ ..സോ വാട്ട് ? ആകാശമിടിഞ്ഞു വീഴാന്‍ പോണോ?"
"ങാ..പിന്നെ അതുമവന് പറഞ്ഞൂട്ടോ ?"
"എന്ത് "
"മിസ്സിസ് മേനോനെ കണ്ടാല്‍ എന്റെ മമ്മിയാണെന്ന് പറയില്ല പോലും .ഏറിയാല്‍ ഒരു മുപ്പതു
വയസ്സ്, അതിനപ്പുറം ആരും പറയില്ലെന്ന് .എന്ന് വെച്ചാല്‍ നിത്യ യൌവ്വനം കാത്തു സൂക്ഷിക്കുന്ന ഒരു അപ്സരസാണെന്ന്...ചെക്കന്റെ നോട്ടം പോയ പോക്കേ?"
വന്നു വന്ന് പെണ്ണിന്റെ നാവിന് അരം കൂടിയിരിക്കുന്നു...അതും പറഞ്ഞ് അവര്‍ അലസമായി അവള്‍ക്കു നേരെ കൈയ്യോങ്ങി ..
"ഇത് കൊള്ളാം ഉള്ളത് പറഞ്ഞാല്‍ അതും കുറ്റം ..പിന്നെങ്ങനെ ശരിയാകും .."
അവള് കളിയായി ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറി ..
"പിന്നെ മമ്മി ..ഞാനിന്നലെ ഒരുകൂട്ടം വാങ്ങിയിട്ടുണ്ട് .വഴക്ക് പറയരുത്.."
അവള് നിന്ന നില്പില് റൂമിലേക്കോടി ..തിരിച്ചു വരുമ്പോള്‍ പുറകില്‍ മറച്ചു പിടിച്ചിരുന്ന ഒരു പ്ലാസ്റ്റിക് കവര്‍ മടിച്ചു മടിച്ച് അവള് അശ്വതിക്ക് നേരെ നീട്ടി .
"ഇതെന്താ ?"
വാങ്ങുന്നതിനിടയില്‍ അവര്‍ ചോദിച്ചു.
"ഒരു വെബ് ക്യാം..എന്റെ എല്ലാ ഫ്രണ്ട്സിനും ഇപ്പൊ ഇതുണ്ട് ..മൊബൈലോ തിരുച്ചു
വാങ്ങി പൂട്ടിവെച്ചിരിക്കുവാ..ഇതിപ്പോ ഒന്നുമില്ലേലും നേരീ കാണാന്‍ പറ്റാത്ത ഫ്രണ്ട്സിനെ മുഖം കണ്ട് സംസാരിക്കാല്ലോ .പിന്നെ മമ്മിക്കു പ്രാണനാഥന്റെ തിരുമുഖം എന്നും ദര്‍ശിച്ചു സായൂജ്യമടയുകയും ആവാം ."
"ഡാഡീടെ മുഖം കാണാനോ അതോ ഫ്രണ്ട്സിനെ കാണാനോ നീയിതു വാങ്ങിയെ ?"
അവര്‍ ചോദ്യ ഭാവത്തില്‍ മകളെ നോക്കി ..
അവള് ചിറികോട്ടി തിരിഞ്ഞു നടന്നു.
പിന്നീടുള്ള വൈകുന്നേരങ്ങളില്‍ സമയസൂചിയുടെ കറക്കങ്ങളറിയാതെ അവള് വെബ് ക്യാമിന് മുന്നില്‍ കുടിയിരുന്നു . കണ്മുന്നില്, അകലങ്ങളിലിരുന്നു കുസൃതി കാട്ടുന്ന വിനുവിന്റെ ചിരിക്കുന്ന മുഖം എത്ര കണ്ടിട്ടും മതിയായിരുന്നില്ല.പലപ്പോഴും എങ്ങനേലും നാല് മണിയാക്കി വീട്ടിലേക്കൊരു പറക്കല്‍ തന്നെയായിരുന്നു .
അന്ന്, പതിനൊന്നു മണിയായിക്കാണും ..രഞ്ചു വാച്ചില്‍ നോക്കി ഇനിയും മണിക്കൂറുകള്‍ ബാക്കി .സമയം മുടന്തനെപ്പോലെ ആയാസപ്പെട്ട് ഇഴഞ്ഞു നീങ്ങുന്നു ..മനസ്സ് മുഴുവന്‍ രാവിലെ പാതിയില്‍ മുറിഞ്ഞ വിനുവിന്റെ വാക്കുകളായിരുന്നു.
.....കഷ്ടകാലത്തിനു നേരം നോക്കി ഹെഡ് ഫോണ്‍ പണിമുടക്കി ,...അതോ കണക്ഷന് ഏററൊ? എന്തായാലും എട്ടിന്റെ പണി കിട്ടീന്നു പറഞ്ഞാല്‍ മതീല്ലോ . മണി പത്തായെന്ന മമ്മിയുടെ അന്ത്യശാസനം മറികടക്കാന്‍ വയ്യാഞ്ഞതുകൊണ്ട് മാത്രം ബാഗുമെടുത്ത് ഇറങ്ങിയതാണ് ..ടൈം ടേബിള്‍ പോലും നോക്കിയിരുന്നില്ല
..കയ്യില്‍ കിട്ടിയ ബുക്ക്സോക്കെ വാരി നിറച്ച് ഓടുകയായിരുന്നു ..
'ദൈവം കാത്തു ..വയറു വേദന നന്നായി ഫലിച്ചു .അല്ലാ ഫലിപ്പിച്ചു .ഇനീപ്പോ അവന് ഓണ്‍ലൈനില്‍ കാണുമോ എന്തോ? ഇല്ലെങ്കില്‍ മമ്മീടെ ഫോണ്‍ തന്നെ ശരണം ....'
വീട്ടിലേക്ക് തിടുക്കത്തില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ അവള് പിറുപിറുത്തു ..
കാരിയറില്‍ നിന്നു ബാഗ് വലിച്ചെടുത്തു അകത്തേയ്ക്ക് പായാന്‍ തുടങ്ങുമ്പോള്‍ തന്റെ റൂമിന്റെ ജനാലയ്ക്കല്‍ അടക്കിപ്പിടിച്ച സംസാരം കേട്ട് അവള് ബ്രേക്കിട്ട പോലെ നിന്നു. കൊളുത്ത് മാറിക്കിടന്ന വാതില്‍ പതുക്കെ അകത്തേയ്ക്ക് തള്ളി . കര്ട്ടന് ഒതുക്കി മാറ്റി അകത്തേയ്ക്ക്
നോക്കി . തന്റെ സിസ്റ്റത്തിന് മുന്നില്‍ ഹെഡ് ഫോണ്‍ വെച്ച് അലസമായ് ചിരിച്ച് മമ്മി. വിന്‍ഡോയില്‍ എന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന വിനുവിന്റെ മുഖം . അവന്റെ ചുണ്ടുകള്‍ 'ആന്റീ പ്ലീസ് ' എന്ന് കൊഞ്ചുന്ന പോലെ തോന്നി ..പിന്നീടു കണ്ട കാഴ്ചയില്‍ രഞ്ചിനിയുടെ കാലിലൂടെ ഉച്ചിവരെ ഒരു മിന്നല്‍ പിണര്‍പ്പ് പടര്‍ന്നു കയറി . ക്യാമറയ്ക്ക് പോസ് ചെയ്ത് ഗൌണിന്റെ കുടുക്കുകള്‍ അഴിച്ചു മാറ്റുന്ന മമ്മി ...സ്ക്രീനില്‍ തേനൂറാന്‍ നാവ് നീട്ടും പോലെ വിനു ......
ഛെ !
അവള് ശക്തിയില്‍ ചിനച്ചിട്ടും ശബ്ദം പുറത്ത് വന്നില്ല ..മണ്ണിലുറച്ചു പോയ കാല്പ്പാദങ്ങള് വല്ലവിധേനയും വലിച്ചെടുത്തു തിരിഞ്ഞു നടന്നു കാര്‍പ്പോര്‍ച്ചിന്റെ തൂണില്‍ ചാരി അവള് വല്ലാതെ കിതച്ചു .
കണ്മുന്നില് രാവിലെ പാതി വഴിയില്‍ മുറിഞ്ഞ ചാറ്റ് ഹിസ്റ്ററിയിലെ അവസാന വരികള്‍..
"രഞ്ചൂ ..അയാം ഗോയിംഗ് ടു ടോക് ടു യുവര്‍ മം... എനിക്ക് ഈ കൊച്ചു സുന്ദരിയില്ലാതെ പറ്റില്ലെന്ന് .."
കാണെക്കാണേ അത് വളഞ്ഞു പുളയുന്നപോലെ പോലെ അവള്‍ക്കു തോന്നി .അക്ഷരങ്ങള്‍ ചുരുണ്ട് കൂടി അട്ടയേപ്പോലെ പുളയ്ക്കുന്നു .ഇപ്പോള്‍ അത് തന്റെ മുഖത്ത് കൂടി ഇഴഞ്ഞ്,ഇഴഞ്ഞ് ചുണ്ടിലേക്ക് ..
മേലാകെ വിറച്ചു തുള്ളുന്ന പോലെ ..വല്ലാത്തൊരു വീര്‍പ്പുമുട്ടലില്‍ അവള്‍ക്കു ച്ഛര്ദ്ദിക്കാന് തോന്നി..
അകത്ത് വികാരനിര്‍വൃതിയുടെ പരിസമാപ്തിയില്‍ അശ്വതീ മേനോന് ഹെഡ് ഫോണ്‍ ഊരി വെച്ച് ഗൌണിന്റെ കുടുക്കുകള്‍ ക്ഷമയോടെ പഴേപടിയാക്കി എഴുന്നേറ്റു
12 Comments, Post your comment
Labels: katha
കുമിളകള്‍...


നദിയുടെ ശാന്തതയെ വെല്ലുവിളിച്ചുകൊണ്ട് ഒരു ബീയര്‍ കുപ്പികൂടി വെള്ളത്തിലേക്ക് വീണു..അവസാനത്തെ ശ്വാസവും ഒരു കുമിളയായി പുറത്തേക്കു വിട്ടുകൊണ്ട് അത് നദിയുടെ ആഴങ്ങളിലേക്ക് പതിയെ താഴ്ന്നു...ഇനി ഒരിക്കലും തിരിച്ചു കിട്ടാന്‍ സാധ്യതയില്ലാത്ത ഒരു നഷ്ടപെടല്‍...
ആകാശത്തിന്റെ ചെരുവുകളിലെവിടെയോ നടന്ന ഒരു മഹായുദ്ധത്തിന്റെ ബാക്കിയെന്നോണം ചുവന്നു തുടുത്തിരുന്ന ആകാശത്ത് സൂര്യനെ ചവിട്ടി പുറത്താക്കികൊണ്ട് ചന്ദ്ര ബിംബം പ്രത്യക്ഷപ്പെട്ടു...കാലാകാലങ്ങളായി തുടരുന്ന യുദ്ധം...ഇന്നത്തെ സമരം അല്പം രൂക്ഷമായിരുന്നിരിക്കണം..ചന്ദ്രന്റെ ഒരു ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു...ഭൂമിയുള്ളിടത്തോളം കാലം - അല്ല ഭൂമിയില്‍ മനുഷ്യന് ഉള്ളിടത്തോളം കാലം ആ യുദ്ധവും പകലും രാവും ഇരുളും വെളിച്ചവും വര്‍ണ്ണിക്കാന്‍ ആളുകളുണ്ടാവും...പണ്ടെങ്ങോ വായിച്ചതോര്‍ക്കുന്നു...മനുഷ്യനോട് ബന്ധപ്പെടുത്തുന്നില്ലെങ്കില്‍ പിന്നെ വര്‍ഷങ്ങള്‍ക്കും മാസങ്ങള്‍ക്കും എന്തിനു ഭൂമിക്കും സമയത്തിനും വരെ എന്ത് പ്രസക്തി!!!!!!!!
ചുറ്റും നിശബ്ദത..സാധാരണ കേള്‍ക്കുന്ന ഒരു ശബ്ദവും, ട്രെയിനിന്റെയോ വാഹനങ്ങളുടെ പോലുമോ ഇന്ന് എന്റെ ചെവികള്‍ക്ക് അന്യമായിരിക്കുന്നു...ഈ നിശബ്ദത സമാധാനമോ അതോ നിസംഗതയോ??? നിസംഗത അപമാനമാനെങ്കില്‍ അപമാനം മരണമാണെങ്കില്‍ ഇല്ല എന്റെ തീരുമാനങ്ങളൊന്നും തെറ്റിയിട്ടില്ല..കാരണം സമാധാനം അത് എന്നും ഒരു സ്വപ്നം മാത്രമാണല്ലോ....
അകലെ കുട്ടനാടിന്റെ ഓളപ്പരപ്പുകളിലെവിടെയോ നാളെ മുഴങ്ങാന്‍ വഴിയുള്ള നാദസ്വരങ്ങള്‍ക്കും പക്കമേളങ്ങള്‍ക്കും മുന്‍പേ എനിക്ക് എന്റെ വഴി തിരഞ്ഞെടുക്കണം...
പുഴക്കരയില്‍ തെല്ലുമാറി നില്ക്കുന്ന - ഇന്ന് ഹോട്ടല്‍ ആയി മാറിയ, പഴയ ആ കൊട്ടാരത്തിന് മുന്പില് ആയിരം സൂര്യന്മാര് പ്രകാശം ചൊരിയുന്നു...ദശബ്ധങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഒരു രാത്രിയിലാണ് ആ കൊട്ടാരത്തിന്റെ അന്തപ്പുരവാതിലുകള്‍ എരിച്ചടക്കപ്പെട്ടത്, നിലവിളികള്‍ ഉയര്‍ന്നത്, വെളുത്ത കരങ്ങളാല്‍ പിച്ചി ചീന്തപ്പെട്ട അല്പപ്രാണനുള്ളതും അല്ലാത്തതുമായ കുറെ ശരീരങ്ങള്‍ ഈ നദിയുടെ ആഴങ്ങളില്‍ അഭയം തേടിയത്...ഒരു പക്ഷെ എനിക്കായി ഈ ദിനം അന്നേ കുറിക്കപ്പെട്ടിരുന്നിരിക്കണം..ചിലപ്പോള്‍ അതിനും മുന്‍പേ...ഇന്ന് ഞാന്‍ നാളെ നീ ..
കുറച്ചു അകലെയായി രണ്ടു ചാക്കുകെട്ടുകള്‍ കുറെ കുമിളകള്‍ പൊട്ടിത്തെറിപ്പിച്ചുകൊണ്ട് നദിയിലേക്ക് വീണു..ഇരുളിന്റെ മറവില്‍ ചാക്ക് ചുമന്നു വന്ന ഇരുണ്ട രൂപങ്ങളെ ഞാന്‍ തിരിച്ചറിഞ്ഞത് അല്പം കൂടി സ്വബോധം എന്നില്‍ അവശേഷിക്കുന്നതുകൊണ്ടാവാം....ആഴങ്ങളില്‍ എവിടെയെങ്കിലും ഉണ്ടായേക്കാവുന്ന അടക്കം ചെയ്യപ്പെട്ട അസ്ഥികൂടങ്ങള്‍ക്കും, ഉണ്ടാകുമെന്ന് ഉറപ്പുള്ള എന്റെ സംഭാവനയായ ഏതാനും ബിയര്‍ കുപ്പികള്‍ക്കും കൂട്ടായി രണ്ടു ചാക്ക് നിറയെ ചീഞ്ഞ പച്ചക്കറികളും മുട്ടയും ബ്രോയിലര്‍ കോഴിയുടെ അവശിഷ്ട്ടങ്ങളും..
എന്റെ നിശബ്ദതയെ പരിഹസിച്ചുകൊണ്ട് ഒരു അനൌന്സ്മെന്റ് എന്നെ കടന്നുപോയി...നാളെ ടൌന്‍ ഹാളില്‍ വന്പിച്ച മത സൌഹാര്ദ സമ്മേളനം നടക്കാന്‍ പോകുന്നത്രേ...വിവിധ മതനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്...പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാവരും സഹകരിക്കണം പോലും...കേട്ടപ്പോള്‍ ചിരി വന്നു...മത സൌഹാര്‍ദം പോലും..ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും മുസ്ലീമിനെയും മൂന്നു മതില്ക്കെട്ടുകള്ക്കുള്ളില് തിരിച്ചു നിര്‍ത്തിയിട്ടു മതങ്ങളെ സ്നേഹിക്കാന്‍ പ്രസംഗിക്കുന്നതിന് പകരം ആ വേലിക്കെട്ടുകള്‍ പൊളിച്ചെരിഞ്ഞു എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി അന്ന്യോന്ന്യം സ്നേഹിക്കാന്‍ , മനുഷ്യനെ സ്നേഹിക്കാന്‍ ആരെങ്കിലും പഠിപ്പിച്ചിരുന്നെങ്കില്‍...
കംസനെ നിഗ്രഹിച്ചു സമാധാനം തിരിച്ചു കൊണ്ടുവന്ന കൃഷ്ണനോ, മനുഷ്യകുലത്തിന്റെ രക്ഷക്കായി മൂന്നാം നാള് ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനോ, അറേബ്യയിലെ മണലാരണ്യങ്ങളില്‍ നന്മ പ്രചരിപ്പിച്ച പ്രവാചകനോ ഒരു നിമിഷാര്ധതിന്റെ ആയിരത്തിലൊന്ന് സമയം പോരെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഈ ലോകക്രമത്തെ നേര്‍വഴിക്കു കൊണ്ടുവരാന്‍...
എന്നെ ചിന്തയില്‍ നന്നും ഉണര്‍ത്താനായി ഒരു ചാക്കുകൂടി വള്ളത്തിലേക്ക് വീണു...ചുറ്റും നോക്കി..ഹോട്ടലിലെ സൂര്യന്മാരില്‍ പകുതിയും കണ്ണടച്ച് തുടങ്ങിയിരിക്കുന്നു...പുറകില്‍ വീണ്ടും നിശബ്ധത തന്നെ...കൈത്തണ്ടയിലെ മൂന്നു സൂചികള്‍ സമയത്തെക്കുറിച്ച് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു..ആ വട്ടത്തിനും അതിലെ കറുത്ത വരകള്‍ക്കും മനുഷ്യന് അര്‍ഹിക്കുന്നതിലും കൂടുതല്‍ പരിഗണന നല്കുന്നുണ്ടോ..
ഞാന്‍ എണീറ്റു..ഒരു ശങ്ക..പലതവണ ആലോചിച്ചു ഉറപ്പിച്ചതാണെങ്കിലും തീരുമാനങ്ങള്‍ക്ക് ഒരു ചാഞ്ചല്യം.. ഇനിയുള്ള യാത്ര മുന്പോട്ടോ അതോ പുറകോട്ടോ??? മുന്പില് എന്നെ കാത്തിരിക്കുന്ന നിശബ്ധത...പുറകില്‍????
ഒരു കുപ്പി കൂടി നദിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടു..അവസാനത്തെ ശ്വാസവും പുറത്തേക്ക് വിട്ടുകൊണ്ട്...
10 Comments, Post your comment
Labels: 'കഥ'
വെറുതെ കിട്ടിയ ദൈവം


വൃന്ദക്കു തിരിച്ചറിയാനായില്ല.
കുറുക്കന് കണ്ണുകളുള്ള ഒരു പോലീസുകാരന് തറപ്പിച്ചു നോക്കിയപ്പോള്‍ വൃന്ദ ചുരിദാറിന്റെ ഷാള്‍ വലിച്ചു നേരെയിട്ടു. അയാളുടെ ടൈ തേച്ചു കറുപ്പിച്ച തല ചുളിവുള്ള മുഖത്തോട് യോജിക്കുന്നിലെന്നു അവള്‍ക്ക് തോന്നി.
കസേരയിലിരുന്ന സ്ത്രീയുടെ മടിയില്‍ നിന്നും പൊടി പിടിച്ച ഫയലുകള്‍ അടുക്കി വച്ചിരുന്ന മേശപ്പുറത്തേക്ക് വലിഞ്ഞു കേറാന്‍ ശ്രമിച്ചു കൊണ്ട് വൃന്ദയെ നോക്കി ചിരിച്ച ഗാതുവിനെ അവര്‍ വലിച്ചു മടിയിലേക്കിട്ടു.ഗാതു ചിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ ആ സ്ത്രീ അവളുടെ തുടയില്‍ നുള്ളി. ആ വേദന അനുഭവപ്പെട്ടത് തന്റെ ഹൃദയതിലാണെന്ന് വൃന്ദക്കു തോന്നി.
ഊര്‍ജസ്വലതയോടെ പടിക്കെട്ടുകള്‍ ഓടി കയറി വന്ന കറുത്ത മെലിഞ്ഞസ്ത്രീ എസ് ഐ ആണെന്ന് അവരുടെ തോളിലെ നക്ഷത്രങ്ങള്‍ സൂചിപ്പിച്ചു. പക്ഷേ എന്ത് കൊണ്ടോ വൃന്ദക്കു എഴുന്നേല്ക്കാന് തോന്നിയില്ല. എങ്കിലും അവരുടെ മുഖത്ത് ദയയുടെ നേര്‍ത്ത പ്രകാശം മിന്നി മറയുന്നുണ്ടായിരുന്നു.
കണ്ടാല്‍ കുടുംബത്തില്‍ പിറന്നതാണെന്ന് തോന്നും കൈലിരിപ്പ് കണ്ടില്ലേ മാഡം , എന്നാരോ ഈര്‍ഷ്യയോടെ പറഞ്ഞപ്പോളും അവരുടെ മിഴികള്‍ ശ്രദ്ധാപൂര്‍വ്വം തന്നിലാണെന്നു അവ്യെക്തമായ് വൃന്ദ കണ്ടു.
എസ് ഐ മേശക്കരികില്‍ എത്തിയപ്പോള്‍ മടിയിലിരുന്ന കുഞ്ഞുമായ് ആ സ്ത്രീ ഭവ്യതയോടെ തട്ടിപിടഞ്ഞു എഴുന്നേറ്റു
ആ സ്ത്രീയുടെ മൊഴി ഒരു പോലീസുകാരി ഉറക്കെ വായിച്ചപ്പോള്‍ ആണ് തനിക്ക് ചാര്‍ത്തി കിട്ടിയ വിശേഷണങ്ങളുടെയും കുറ്റങ്ങളുടെയും തീവ്രത വൃന്ദക്കു മനസിലായത്.
'പൊതുസ്ഥലത്ത് വച്ചു കുഞ്ഞിനെ തട്ടി എടുക്കാന്‍ ശ്രമിച്ചവള്‍'
മള്‍ട്ടിപ്പിള്‍ ചോയിസ് ഉത്തരങ്ങളെ നോക്കി പകച്ചു നില്ക്കുന്ന കുട്ടിയെ പോലെ വൃന്ദ ഇരുന്നു.
കുഞ്ഞിന്റെ പേരെന്തന്നു വാത്സല്യത്തോടെ ചോദിച്ച എസ് ഐയോട് ആ സ്ത്രീ സന്തോഷത്തോടെ പറഞ്ഞു,
'മിട്ടി ജോസഫ്'
അല്ല, അല്ല; വൃന്ദയുടെ മനസ് വിലപിച്ചു. ആ മോള്‍ക്ക് ആ പേര് ചേരില്ല ഒറ്റ നോട്ടത്തില്‍ തന്നെ തന്റെ മനസ്സില്‍ വന്നൊരു പേരുണ്ട്, 'ഗാതു ' അവള്‍ക്ക് അത് മതി.
അമ്മാവന്മാരോടൊപ്പം പടി കടന്നു വന്ന അമ്മയെ കണ്ടപ്പോള്‍ തെറ്റ് ചെയ്ത കുടിയേ പോലെ വൃന്ദ പരുങ്ങി. സൂര്യനും ചന്ദ്രനും പിന്നെ ഞാനും എന്ന് ഭാവമുള്ള കൊച്ചുമാമന്റെ മുഖം കടന്നല് കുത്തിയത് പോലെ വീര്‍ത്തിരിക്കുന്നു. അവള് ആര്‍ക്കും മുഖം കൊടുക്കാതെ കുനിഞ്ഞിരുന്നു.
താന്‍ ജനിച്ചത് മുതലുള്ള കാര്യങ്ങള്‍ എസ് ഐയോട് എണ്ണി പെറുക്കി അമ്മ കരയുന്നത് കേട്ടപ്പോള്‍ വൃന്ദക്കു ലോകത്തോട് മുഴുവന്‍ പക തോന്നി.
പത്തുവയസുകാരി പാവയെ ആവശ്യപ്പെടുന്ന ലാഘവത്തോടെ ഒരു കുഞ്ഞു വേണമെന്ന് മകള്‍ പറഞ്ഞുവെന്നു അമ്മ കരഞ്ഞു പറഞ്ഞപ്പോള്‍ എസ് ഐ വൃന്ദയെ അതിശയത്തില്‍ നോക്കി.
ഇടക്കെപ്പോഴോ കേട്ട 'ഇവള്‍ക്ക് മാനസികപ്രശ്നമുണ്ട്' എന്ന ശബ്ദം വല്യമാമന്റെ ആണെന്നവള്‍ തിരിച്ചറിഞ്ഞു. അവള് മുഖമുയര്‍ത്തി നോക്കി. ദേഷ്യം വരുമ്പോള്‍ വല്യമാമന്റെ മീശ വിറക്കുന്നത് കാണാന്‍ നല്ല രസമാണ്.
ബലം പിടിച്ചിരുന്ന കൊച്ചുമാമനോട് അവളുടെ കുറ്റകൃത്യത്തിന്റെ തീവ്രത പോലീസുകാര്‍ വിനയപൂര്‍വ്വം ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വൃന്ദക്കു ചിരി പൊട്ടി. ഇതൊക്കെ മാമന്റെ ജാടയല്ലേ ഒന്നും മനസിലായ് കാണിലെന്നു അവരോടു പറയണമെന്നു അവള്‍ക്ക് തോന്നി.
കല്യാണം എന്ന പ്രക്രിയയില്‍ ആകെ കാണുന്ന ലാഭം കുഞ്ഞാന്നെന്നും എന്നാല്‍ ആ ഒരു ലാഭത്തിനു വേണ്ടി ഒരു ലൈഫ് ലോങ്ങ് ബാധ്യത സ്വീകരിക്കാന്‍ തയാറല്ല എന്ന തന്റെ പോളിസി അമ്മ അനാവരണം ചെയ്തപ്പോള്‍ എസ് ഐ അസ്വസ്ഥതയോടെ നെറ്റി തടവുന്നത് വൃന്ദ കണ്ടു. അത് തന്റെ വൈരൂപ്യമുള്ള ശരീരത്തോടുള്ള കോമ്പ്ലെക്സ് കൊണ്ടാണെന്ന് ആര്‍ക്കും അറിയില്ല എന്നവള്‍ ആശ്വാസത്തോടെ ഓര്‍ത്തു.
അത് പോലെ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ നടത്തിയ അന്വേക്ഷണങ്ങള്‍ അമ്മ പിന്നെയും അക്കമിട്ടു നിരത്തിയപ്പോള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ ആ കെട്ടിടമാകെ നിറഞ്ഞു നില്‍ക്കുന്നത് പോലെ വൃന്ദക്കു അനുഭവപ്പെട്ടു.
അമ്മക്കരികിലായ് കസേരയിലിരിക്കുന്ന സ്ത്രീ ഗാതുവിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. എല്ലാ അമ്മമാര്‍ക്കും തങ്ങളുടെ മക്കള്‍ വെറുതെ കിട്ടിയ ദൈവങ്ങളാണെന്ന് വൃന്ദ ഓര്‍ത്തു.
ടെക്സ്റ്റില്‍ ഷോപിലെ നിലത്തു ഒറ്റക്കിരുന്നു കരഞ്ഞ കുഞ്ഞിന്റെ കരച്ചില് ശിശു രോദനം ഈശ്വരവിലാപമാന്നെന്ന ഓര്‍മയില്‍ വാരിയെടുത്ത് തലോലിച്ചതും അത് കണ്ടു കൈയില്‍ സാരി പാക്കറ്റുമായി വന്ന സ്ത്രീ നിലവിളിച്ചതും ഓടി കൂടിയ ആളുകള്‍ക്കിടയില്‍ സംസാരിക്കനാകാതെ നിന്നതും കാക്കിയുടുപ്പിട്ട മാര്ധവമില്ലാത്ത കൈകളും തലച്ചോറിലൂടെ മിന്നി മാഞ്ഞു പോയ്.
ഇതിനിടയില്‍ വെറുതെ കിട്ടിയ കുഞ്ഞിനെ ഗാതു എന്ന് പേരിട്ടു എടുത്തു വീട്ടിലേക്കു കൊണ്ട് വരാന്‍ ആഗ്രഹിച്ച കാര്യം വൃന്ദ ബോധപൂര്‍വം മറക്കാന്‍ ശ്രമിച്ചു.
മാനസികരോഗി എന്ന ലേബല്‍ നല്കി പോലിസ് സ്റെഷനില് നിന്നു രക്ഷപെടുത്തി അമ്മാവന്മാര് വൃന്ദയെ പിടിച്ചെഴുന്നെല്‍പ്പിച്ചു .
ശാപവാക്കുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഇടയിലൂടെ നടന്നു നീങ്ങവേ വൃന്ദ ഒരു നിമിഷം തിരിഞ്ഞു നോക്കി. ആ സ്ത്രീയുടെ മടിയിലിരുന്നു ഗാതു അവളെ നോക്കി പുഞ്ചിരിച്ചു. ഒപ്പം മേശപ്പുറത്തെ ചിത്രത്തിലെ കൃഷ്ണനും.
അതേ, ദൈവങ്ങള്‍ക്ക് എപ്പോഴും ചിരിക്കാനല്ലേ അറിയൂ...
സമര്‍പ്പണം: എന്റെതായിരുന്നെങ്കില്‍ എന്ന് ഞാന്‍ മോഹിച്ച എല്ലാ കുഞ്ഞുങ്ങള്‍ക്കും.....വരുമെന്ന് എന്നെ മോഹിപ്പിക്കുന്ന ഞാന്‍ കാത്തിരിക്കുന്ന എന്റെ (അല്ല ഞങ്ങളുടെ ) മകള്‍ക്ക്.....
Labels: 'കഥ'
കാല്‍വരി കയറുന്ന ഹൃദയങ്ങള്‍


"ഹലോ, പപ്പാ.." നൈനാച്ചന്റെ ബേക്കറിയില്‍നിന്ന് ക്രിസ്മസ് കേക്കും വാങ്ങി അവനോട് യാത്രപറഞ്ഞ് വെളിയിലേക്കിറങ്ങുമ്പോള്‍ ഏയ്ഞ്ചലയുടെ കൊഞ്ചലില്‍ ചാലിച്ച ശബ്ദം മൊബൈല്ഫോണില്ക്കൂടി ഒഴുകിയെത്തി തോമാച്ചന്റെ കാതില്‍ നിറഞ്ഞു.
"ഹായ് ഏയ്ഞ്ചുമോളൂ.."
"സോപ്പിടുവൊന്നും വേണ്ട.. പപ്പാ എപ്പോഴാ വരുന്നേ..??" ഏയ്ഞ്ചുവിന്റെ ശബ്ദം കൂര്‍ത്തു.
"പപ്പാ ദാ ഇറങ്ങി മോളേ.. വര്ക്കിച്ചനങ്കിളിനേം കണ്ടിട്ട് പപ്പ പെട്ടെന്നങ്ങെത്തും.."
"ആഹാ.. അപ്പോ ഇന്നെങ്ങും വരത്തില്ലല്ലേ.. മമ്മി ദേ ഡിന്നറെല്ലാം റെഡിയാക്കിവെച്ചിരിക്കുവാ.."
മറുപടി പറയാന്‍ തുടങ്ങുമ്പോഴേയ്ക്ക് ഫോണിന്റെ മറുതലയ്ക്കല്‍ ഇസബെല്ലയുടെ ശബ്ദം കേട്ടു : "നീയാ ഫോണിങ്ങ് തന്നേ, ഞാനൊന്ന് ചോദിക്കട്ടെ."
"തോമാച്ചായോ, ആറുമണീന്നൊരു സമയമുണ്ടേല്‍ ഇവിടെക്കാണുമെന്ന് പറഞ്ഞുപോയ ആളാ.. ഇന്ന് ക്രിസ്മസായിട്ട് കര്‍ത്താവീശോ ഉണ്ടാകുന്നേന് മുമ്പ് നിങ്ങളിങ്ങ് വരുമോ..?? അതോ കര്‍ത്താവിന്റെ മാമോദീസേം കഴിഞ്ഞേയുള്ളോ..?"
"ചൂടാവാതെടീ പെണ്ണേ, ഇപ്പോ ദേ ഏഴുമണി, ഞാന്‍ ക്ലബ്ബില്ച്ചെന്ന് വര്ക്കിച്ചനേം ജോണിക്കുട്ടിയേമൊക്കെ കണ്ടിട്ടൊരൊന്പതുമണിയാവുമ്പോഴേയ്ക്ക് അങ്ങെത്തും."
"അതുകൊള്ളാം, കള്ളുകുടിക്കാനുള്ള പോക്കാണല്യോ..! അപ്പോപ്പിന്നെ ഇവിടെ ഞാനിതൊക്കെ ഒണ്ടാക്കിവച്ചിരിക്കുന്നതെന്തിനാ.?"
"എടീ, അവന്മാരിന്ന് പലപ്രാവശ്യം വിളിച്ചു. അപ്പോപ്പിന്നെ ഞാനവിടെ ചെന്നൊന്ന് തലകാണിച്ചില്ലേലെങ്ങനാ..?"
"ഊം..ഊം.. മോളൊറങ്ങുന്നേനുമുമ്പ് പെട്ടെന്നിങ്ങ് വന്നേക്കണം."
"അതുപിന്നെ നീ പറഞ്ഞിട്ട് വേണോ.! കൃത്യം ഒമ്പതുമണിക്ക് ഞാനവിടെയുണ്ട്. നീയാ പോത്തൊക്കെ ഒന്ന് വരട്ടി റെഡിയാക്കിവെക്ക്.."
"പോത്താദ്യം ഇങ്ങ് വാ.. വന്നിട്ടൊന്ന് ശരിക്ക് വരട്ടുന്നൊണ്ട് ഞാന്‍..!"
"ഹിഹി.." തോമാച്ചന് ചമ്മലോടെ ചിരിച്ചു. "അപ്പോ ശരി. ഞാനെത്തീട്ട് ബാക്കി.."
ഫോണ്‍ ഓഫ് ചെയ്തിട്ട് തോമാച്ചന് കാറിലേയ്ക്ക് കയറി.
"കഴിഞ്ഞ കൊല്ലം ക്രിസ്മസ് പൊടിപ്പാറ വരെയെത്തിയിട്ടും ഏയ്ഞ്ചല്‍ വില്ലയിലേയ്ക്ക് കയറിയിരുന്നില്ല." കാറോടിക്കുന്നതിനിടയില്‍ തോമാച്ചനോര്‍ത്തു. " വല്ല്യപ്പച്ചന് മരിച്ചിട്ട് അധികം നാളുകളായിരുന്നില്ല. അതിനാല്‍ തന്നെ അത്തവണത്തെ ക്രിസ്മസ് നിശബ്ദമായി കടന്നുപോയി. അതുകൊണ്ട് ഇപ്രാവശ്യം ക്രിസ്മസ് ഗംഭീരമായി ആഘോഷിക്കണമെന്ന് ഏയ്ഞ്ചലയ്ക്കും ഇസബെല്ലയ്ക്കും ഒരേ വാശി. തനിക്കും മറിച്ചായിരുന്നില്ല അഭിപ്രായം. ആഘോഷങ്ങളില്ലാത്ത ക്രിസ്മസ് ഓര്മ്മയിലാദ്യമായിരുന്നു. അതിന്റെ കേടുകൂടി ഇത്തവണ തീര്‍ക്കണം.!" തോമാച്ചനങ്ങനെ ചിന്തകളില്‍ക്കൂടി കാറോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്തു ; ഒരു മിസ്ഡ് കോള്‍: "ജോസാണ്." ക്ലബ്ബില്‍ ജോസും വര്‍ക്കിയും ജോണിക്കുട്ടിയും കാത്തിരിക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ പലപ്രാവശ്യം ഫോണില്‍ക്കൂടി അവരുടെ പ്രലോഭനങ്ങള്‍ ശബ്ദിച്ചിരിക്കുന്നു. കഴിഞ്ഞ ക്രിസ്മസ്സിന് നഷ്ടമായ, ഒന്നിച്ചുള്ള ക്രിസ്മസ്സാഘോഷം കൂടുതല്‍ ആവേശകരമാക്കുവാന്‍ അവരും കാത്തിരിക്കുന്നു. തോമാച്ചന് ഗിയറുമാറ്റി ആക്സിലറേറ്ററില്‍ കാലമര്‍ത്തി.
ചെറിയ കവല കഴിഞ്ഞുള്ള വളവിലെ ഉണ്ണീശോപ്പള്ളിയുടെ മുന്പിലെത്തിയപ്പോഴേയ്ക്ക് തോമാച്ചന് കാറുനിര്‍ത്തി ഇറങ്ങി. പള്ളിയില്‍ ശിശുവായ ദൈവത്തെ വരവേല്ക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. മുറ്റം നിറയെ വലിച്ചുകെട്ടിയ തോരണങ്ങള്‍. പള്ളിയെ പൊതിഞ്ഞിരിക്കുന്ന, പല നിറങ്ങളില്‍ മിന്നുന്ന, ചെറിയ ബള്‍ബുകളുടെ മാലകള്‍. മുറ്റത്ത് തോരണങ്ങളാലും ബള്‍ബുകളാലും ബലൂണുകളാലും അലങ്കരിക്കപ്പെട്ട പുല്‍ക്കൂടും ക്രിസ്മസ് ട്രീയും. പള്ളിമുറ്റത്ത് അവിടവിടെ ചിതറിനില്‍ക്കുന്ന ആളുകള്‍.
തോമാച്ചന് പള്ളിമുറ്റത്തേയ്ക്ക് കയറിയില്ല. പടികള്‍ക്കുതാഴെ ആളൊഴിഞ്ഞ കുരിശടിയ്ക്ക് ചുവട്ടില്‍ നെഞ്ചിനുമുന്പില് കൈകോര്‍ത്തു നിന്നു. കണ്ണാടിക്കൂടിനുള്ളില്‍ മാതാവിന്റെ കൈകളില്‍ നിഷ്ക്കളങ്കതയോടെ തന്നെ നോക്കിക്കിടക്കുന്ന ഉണ്ണീശോയുടെ മുഖത്തേയ്ക്ക് നോക്കിനില്ക്കവേ തോമാച്ചന് ഒരു കാര്യം ആശ്ചര്യത്തോടെ ചിന്തിച്ചു : "ഇത്ര നിഷ്ക്കളങ്കവും കുട്ടിത്തം തുളുമ്പുന്നതുമായ മുഖത്തിന്റെ ഉടമ എങ്ങനെയാണ് ലോകത്തെ മുഴുവന്‍ തന്റെ വഴിയേ നടത്തിയത്.? അധികാരഗര്വ്വോ, ശക്തിപ്രകടനമോ ഒന്നും തന്നെയില്ലാതെ ഹൃദയവിശുദ്ധിയും സ്നേഹത്തിന്റെ നൈര്‍മ്മല്യവും മാത്രംകൊണ്ട് ഒരാള്‍ക്ക് ഒരു ജനതയെ മുഴുവന്‍ ചൊല്‍പ്പടിയിലാക്കാന്‍ കഴിയുമോ.? എന്തുതരം മാന്ത്രികതയാണത്.? സ്നേഹം കൊണ്ട് ലോകം കീഴടക്കാമെന്ന് വായിച്ചും പറഞ്ഞും കേട്ടിട്ടുണ്ട്. പക്ഷേ ചുറ്റും കാണുന്നതുമുഴുവന്‍ വിരുദ്ധകാഴ്ചകളാണ്. സ്നേഹം എല്ലായ്പ്പോഴും തോല്ക്കുന്നു. മറ്റുപലതും വിജയിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ദൈവപുത്രന്റെ ജീവിതം തീര്‍ത്തും അവിശ്വസനീയമായൊരു കെട്ടുകഥമാത്രമായിത്തീരുന്നു." തോമാച്ചന് അല്‍ഭുതം കൊണ്ടുനിന്നു. അനന്തരം കൈയ്യിലിരുന്ന മെഴുകുതിരി കത്തിച്ചു രൂപക്കൂടിനുമുന്‍പില്‍ വച്ച്, കുരിശുവരച്ച്, ലോകത്തെ നയിക്കുന്ന വിശ്വാസങ്ങളെക്കുറിച്ചും, എന്നാല്‍ അവയില്‍നിന്നും തികച്ചും വിഭിന്നമായ ലോകത്തിന്റെ ഗതിവിഗതികളെക്കുറിച്ചുമുള്ള വിചിത്രചിന്തകളില് മുഴുകി കാറിലേയ്ക്ക് നീങ്ങി.
സീറ്റില്ക്കിടന്നിരുന്ന ഫോണ്‍ രണ്ടുതവണ റിങ്ങ് ചെയ്തിരിക്കുന്നതായി തോമാച്ചന് കണ്ടു. ജോണിക്കുട്ടിയാണ്. ചിന്തകളെ കുടഞ്ഞെറിഞ്ഞ് തോമാച്ചന് കാര്‍ പെട്ടെന്ന് സ്റ്റാര്‍ട്ട് ചെയ്തു. വളവ് തിരിഞ്ഞ് അന്‍പതുവാര എത്തുമ്പോഴേയ്ക്ക് ദൂരെ ഒരു ചെറിയ ആള്‍ക്കൂട്ടം. തോമാച്ചന് കാറിന്റെ വേഗം കുറച്ചു ആള്ക്കൂട്ടത്തിനരികെ നിര്‍ത്തി.
"എന്താ സംഭവം?" തോമാച്ചന് ആകാംക്ഷയോടെ കൂടിനിന്നവരില്‍ ഒരാളോട് തിരക്കി.
"ആക്സിഡന്റാ.. പുള്ളിക്കാരന് ബൈക്കേല് വരുവായിരുന്നു. ഒരു കഴുവേറീടെമോന് കാറേല് വന്ന് ഇടിച്ചിട്ട് നിര്‍ത്താതെ പോയ്ക്കളഞ്ഞു," മുണ്ടും ഷര്‍ട്ടുമണിഞ്ഞ ആ യുവാവിന്റെ വായില്‍നിന്ന് മദ്യത്തിന്റെ മണം തോമാച്ചന്റെ കാറിനുള്ളിലേയ്ക്ക് വരെയെത്തി.
"ആശുപത്രിയില്‍ കൊണ്ടുപോയില്ലേ..?" തോമാച്ചന് ചോദിച്ചു.
"ആദ്യം ഞങ്ങള്‍ കൊറേ വണ്ടിക്ക് കൈകാണിച്ചതാ. ഒരുത്തനും നിര്‍ത്തിയില്ല. അപ്പോഴത്തേക്കിന് അനക്കമൊക്കെ ഏതാണ്ട് തീര്‍ന്നു. പോലീസിനെ വിളിച്ചപ്പോ അവന്മാരുപറഞ്ഞു അവരുവന്നിട്ട് കൊണ്ടുപോയാ മതീന്ന്. ആളു തീര്‍ന്നോ ഇല്ലയോന്ന് അറിയത്തില്ലല്ലോ.!"
തോമാച്ചന് കാറിലിരുന്ന് എത്തിനോക്കി. ഒരു ബൈക്ക് മറിഞ്ഞുകിടക്കുന്നത് വഴിവിളക്കിന്റെ വെളിച്ചത്തില്‍ തോമാച്ചന് കണ്ടു. ബൈക്കിന്റെ അടുത്തൊരാള്‍ നിശ്ചലനായി മലര്‍ന്നു കിടക്കുന്നുണ്ട്. തലയ്ക്കുചുറ്റും രക്തം ഒഴുകിപ്പടര്‍ന്നിരിക്കുന്നു. ഇപ്പോഴും ആ ഒഴുക്കുനിലച്ചിട്ടില്ല. ചുടുചോരയുടെ രൂക്ഷഗന്ധം തോമാച്ചന്റെ മൂക്കിലേയ്ക്ക് അടിച്ചുകയറി. രക്തപ്രവാഹം കണ്ട് തോമാച്ചന് കാറിനുള്ളില്‍ തന്നെ സ്തബ്ധനായി ഇരുന്നു. അയാള്‍ക്ക് തല മന്ദിക്കുന്നതുപോലെ തോന്നി.
പെട്ടെന്ന് സീറ്റില്ക്കിടന്ന മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തു. തോമാച്ചന് യാന്ത്രികമായി ഫോണ്‍ കൈയ്യിലെടുത്തു.
"ഹലോ" വര്‍ക്കിച്ചനാണ്.
"ഹലോ.." നിശ്ചലമായിക്കിടക്കുന്ന ആ മനുഷ്യനെ നോക്കിക്കൊണ്ട് തോമാച്ചന് പ്രതിവചിച്ചു. ഒരു മുപ്പത്തിയഞ്ച്, അല്ലെങ്കില്‍ നാല്‍പ്പത്. അതില്‍ക്കൂടില്ല പ്രായം. ബൈക്കില്‍ നിന്ന് തെറിച്ചുവീണതാവണം ഒരു പ്ലാസ്റ്റിക്ക് കൂട് അരികില്‍ കിടപ്പുണ്ട്. അതില്‍ നിന്നും കേക്കിന്റെ ഒരു പെട്ടി തലനീട്ടുന്നു. കൂടിനുചുറ്റും കമ്പിത്തിരിയുടെ പായ്ക്കറ്റുകളും മത്താപ്പൂക്കളും ചിതറിക്കിടക്കുന്നു.
നീയിതെവിടാ തോമാച്ചാ.? എത്ര പ്രാവശ്യം നിന്നെ വിളിക്കണം.? ഞങ്ങളെത്ര നേരമായി ഒരു കുപ്പീം വെച്ചോണ്ട് നിന്നെ നോക്കിയിരിക്കുന്നു. നീ വരുന്നുണ്ടോ.?" വര്ക്കിച്ചന് ഫോണ്‍ സ്പീക്കറില്‍നിന്ന് കാര്ക്കശ്യപ്പെട്ടു.
"ഉം..." തോമാച്ചന് ആ ശരീരത്തിലേയ്ക്കുതന്നെ നോക്കിക്കൊണ്ട് മൂളി. പെട്ടെന്ന് അയാളുടെ തൊണ്ട അനങ്ങുന്നത് തോമാച്ചന് കണ്ടു. വികൃതവും നേരിയതുമായ ഒരു ശബ്ദം ആ തൊണ്ടക്കുഴിയില്‍ നിന്ന് പുറത്തുവന്നു. കൈകാലുകള്‍ അനക്കുവാന്‍ മൃതപ്രായമെങ്കിലും ആ ശരീരം ഒരു ശ്രമം നടത്തി. കാലുകള്‍ ചെറുതായനങ്ങിയതും ഒരു കൈ വായുവില്‍ അല്‍പ്പം ഉയര്ന്നതുമൊഴിച്ചാല് ആ ശ്രമം തീര്‍ത്തും പരാജയമായിരുന്നു. വീണ്ടും ആ ശരീരം കുഴഞുപോയതുപോലെ നിശ്ചലമായി. തൊണ്ടയില്‍ മാത്രം നേരിയ അനക്കം അവശേഷിച്ചു.
"എടാ നീ വരുന്നുണ്ടോന്ന്..??" വര്ക്കിച്ചന് ദൂരങ്ങള്ക്കപ്പുറത്തുനിന്ന് തോമാച്ചന്റെ ചെവിയിലേയ്ക്ക് അക്ഷമനായി.
"ഞാന്‍... ഞാന്‍ ദാ വരുന്നു..." താളാത്മകമായി അനങ്ങുന്ന ആ തൊണ്ടക്കുഴിയില്‍ തന്നെ നോക്കിക്കൊണ്ട് സ്വപ്നത്തിലെന്നോണം ഫോണ്‍ സീറ്റിലേയ്ക്കിട്ട് തോമാച്ചന് ഗിയറുമാറ്റി ആക്സിലറേറ്ററില്‍ പതിയെ കാലമര്‍ത്തി. കാര്‍ പതിയെ മുന്പോട്ട് നീങ്ങുമ്പോള്‍ തലപെരുക്കുന്നതായും കഠിനമായ ഒരു മന്ദത തന്നെ പുണരുന്നതായും തോമാച്ചനു തോന്നി. കണ്മുന്പില് ഇപ്പോഴും ആ തൊണ്ടക്കുഴിയാണ്. അനക്കം നിലച്ചിട്ടിലാത്ത, എന്നാല്‍ ഏതുനിമിഷവും അനക്കം നിലച്ചേയ്ക്കാവുന്ന, പിടയ്ക്കുന്ന ആ തൊണ്ടക്കുഴി. ജീവന്റെ അവസാന തുടിപ്പായി ആ ശരീരത്തില്‍ അവശേഷിക്കുന്ന ഏക അടയാളം. കര്‍ത്താവേ..!! തോമാച്ചന് തന്റെ കൈവിറയ്ക്കുന്നതായും ശരീരം വിയര്‍ക്കുന്നതായും തോന്നി. അല്‍പ്പം മുന്‍പ് വിശുദ്ധമായ സ്നേഹത്തെക്കുറിച്ചും അതിനോട് സമൂഹത്തിനുള്ള ക്രൂരമായ അവഗണനയെക്കുറിച്ചുമൊക്കെ ഓര്‍ത്ത് വേവലാതിപ്പെട്ടതാണ്. കര്‍ത്താവീശോമിശിഹായുടെ കല്പ്പനകളേപ്പറ്റി, അവന്റെ തന്നെ ജനങ്ങളാലുള്ള അവയുടെ തിരസ്ക്കരണത്തെപ്പറ്റി, ഓര്‍ത്ത് വ്യാകുലപ്പെട്ടതാണ്. എന്നിട്ടെങ്ങനെ ആ പിടയ്ക്കുന്ന തൊണ്ടക്കുഴിയെ അനാഥമായി വിട്ടിട്ട്, എന്നെന്നേക്കുമായി അതിനെ നിശ്ചലമാവാന്‍ വിട്ടിട്ട് ഇപ്പോള്‍ ഈ കാറിലിരുന്ന് ഡ്രൈവ് ചെയ്യുവാന്‍ കഴിയുന്നു..!! തോമാച്ചന് ഒരേ സമയം അല്‍ഭുതപ്പെട്ടു. അതേ സമയം വേവലാതിപ്പെട്ടു. അതേ സമയംതന്നെ സ്വയം പുച്ഛിച്ചു. ഹൃദയത്തില്‍ പേരറിയാത്ത വികാരങ്ങള്‍ നിറയുന്നതും അത് ശരീരത്തിനുള്ളില്‍ ഞെളിപിരികൊള്ളുന്നതും തോമാച്ചനറിഞ്ഞു. ആ തൊണ്ടക്കുഴി. അത് പുറകില്‍ നിന്ന് വിളിക്കുകയാണ്. അതിന്റെ നിശബ്ദമായ, അതേസമയം തീക്ഷ്ണവും ഹൃദയഭേദകവുമായ നിലവിളിയെ അവഗണിച്ചുകൊണ്ടുപക്ഷേ താന്‍ കാറോടിക്കുന്നത് എതിര്ദിശയിലേയ്ക്കാണെന്ന് തോമാച്ചന് ആശ്ചര്യത്തോടെയും അതേ സമയം വേദനയോടെയും ഓര്‍ത്തു.
ക്ലബ്ബിലേയ്ക്കാണ് തോമാച്ചന് കാറോടിച്ചത്. പക്ഷേ കാറെത്തിയത് ക്ലബ്ബിലായിരുന്നില്ല. അതിനൊക്കെ ഇപ്പുറം ബാറിന്റെ മുന്പിലായിരുന്നു.
ബാറിലിരുന്ന് മദ്യം ഒറ്റവലിക്ക് കുടിക്കുമ്പോള്‍ തോമാച്ചന് പെട്ടെന്ന് റോഡരികില്‍ പ്ലാസ്റ്റിക്കുകൂടില്‍നിന്ന് ചിതറിത്തെറിച്ച കേക്കും കമ്പിത്തിരികളും മത്താപ്പൂക്കളും ഓര്‍മ്മ വന്നു. പൊടുന്നനെ അയാളുടെ വായില്‍ കയ്പ്പ് നിറഞ്ഞു. തന്റെ കാറിന്റെ പിന്‍സീറ്റിലിരിക്കുന്ന കേക്കിനെയും കമ്പിത്തിരികളെയും അവയെ കാത്തിരിക്കുന്ന ഏയ്ഞ്ചലയെയുമാണ് അന്നേരം തോമാച്ചന് ഓര്‍മ്മ വന്നത്. കേക്കും കമ്പിത്തിരികളുമായി വരുന്ന പിതാവിനെ കാത്തിരിക്കുന്ന രണ്ടു കുഞ്ഞുകണ്ണുകളുടെ നിഷ്ക്കളങ്കത തോമാച്ചന്റെ കരളിനെ കൊത്തിപ്പറിച്ചു. ആ അദൃശ്യമായ പീഡനത്തിന്റെ നൊമ്പരത്തേക്കാളേറെ, മനസ്സില്‍ നിറഞ്ഞ അല്ഭുതത്തോടെ തോമാച്ചന് മനസ്സിലാക്കിയത് ആ കണ്ണുകള്‍ ഏയ്ഞ്ചലയുടെ കണ്ണുകള്‍ പോലെ തന്നെയാണെന്ന സത്യമായിരുന്നു. ആ റോഡരികില്‍ കിടന്ന കേക്കും കമ്പിത്തിരികളും വെറും കേക്കും കമ്പിത്തിരികളുമായല്ല ആ നിമിഷം അയാള്‍ അറിഞ്ഞത്. മറിച്ച്, ഉടഞ്ഞുപോയ സ്വപ്നങ്ങളുടെ, ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുടെ അവശിഷ്ടങ്ങളായാണ്. അവയുടെ തിളങ്ങുന്ന, മൂര്‍ച്ചയേറിയ അറ്റങ്ങള്‍ ഹൃദയത്തില്‍ക്കൊണ്ടു തോമാച്ചന്റെ ആത്മാവ് പിടഞ്ഞു. മദ്യത്തിന്റെ ലഹരിയേക്കാളേറെ തന്റെ ബോധമണ്ഡലത്തെ ഇരുളിലാഴ്ത്തുന്നത് ആ സ്വപ്നങ്ങളുടെ രക്തം കിനിയുന്ന ശേഷിപ്പുകളാണെന്ന് തോമാച്ചനറിഞ്ഞു. നാവില്‍ നുരയുന്ന മദ്യത്തില്‍ രക്തം ചുവച്ചപ്പോള് അയാള്‍ തിരിഞ്ഞ് വാഷ്ബേസിനിലേയ്ക്ക് ഛര്‍ദ്ദിച്ചു. വെള്ളത്തിന്റെ ജഗ്ഗ് കൈയ്യിലെടുത്തെങ്കിലും വായിലേയ്ക്കൊഴിക്കാനയാള് ഭയപ്പെട്ടു. വായിലവിടവിടെ പറ്റിപ്പിടിച്ചിരുന്ന ഛര്‍ദ്ദിയുടെ അവശിഷ്ടങ്ങള്‍ വാഷ് ബേസിനിലേയ്ക്കുതന്നെ കാര്‍ക്കിച്ചുതുപ്പിയിട്ട് കീശയില്‍ നിന്നും പണമെടുത്ത് മേശപ്പുറത്ത് വെച്ചശേഷം അയാള്‍ എഴുന്നേറ്റുനടന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ധാരാളം മദ്യം അകത്താക്കിയതിനാല്‍ പെട്ടെന്നുതന്നെ തോമാച്ചന്റെ ശരീരവും മനസ്സും തോമാച്ചനോട് പിണങ്ങിയിരുന്നു. ഉറയ്ക്കാത്ത കാലടികളോടെ ആടിയാടി പുറത്തിറങ്ങിയ തോമാച്ചന് കാറിന്റെ ഡോര്‍ തുറക്കാന്‍ നന്നേ പണിപ്പെട്ടു.
ഫോണ്‍ ബെല്ലടിക്കുന്നു. വര്‍ക്കിച്ചനാണ്. തോമാച്ചന് മടുപ്പോടെ ഫോണ്‍ കട്ട് ചെയ്തിട്ട് സ്വിച്ചോഫ് ചെയ്തു. "ക്ലബ്ബിലേക്ക് പോകണോ.?" കാറിലിരുന്ന് തോമാച്ചന് സ്വയം ചോദിച്ചു. ചോദിച്ച ആ നിമിഷം തന്നെ താന്‍ ആ ചോദ്യത്തെ നിരാകരിച്ചതായി അര്‍ദ്ധബോധാവസ്ഥയിലും അയാള്‍ കണ്ടു. പെട്ടെന്ന് തോമാച്ചന് ഏയ്ഞ്ചലയെയും ഇസബെല്ലയെയും ഓര്‍മ്മ വന്നു. വീട്ടിലേയ്ക്ക് പോകാനായി അയാള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
കാറോടിക്കൊണ്ടിരുന്നു. തോമാച്ചന്റെ മനസ്സ് ബോധത്തിന്റെയും അബോധത്തിന്റെയും ഇടയില്‍ ഒരു പെന്‍ഡുലം പോലെ ആടിക്കളിച്ചുകൊണ്ടിരുന്നു. എതിരെ വരുന്ന വാഹനങ്ങളുടെ പ്രകാശം കണ്ണിനുനേരെ മിന്നിമറയുന്ന ചില നിമിഷാര്‍ദ്ധങ്ങളില്‍ ദീനമായി പിടയ്ക്കുന്ന ഒരു തൊണ്ടക്കുഴിയെയും, ശൂന്യവും കഠിനവുമായ ഇരുളിന്റെ ചില നിമിഷസന്ധികളില് നിഷ്ക്കളങ്കമായ രണ്ടുകുഞ്ഞുകണ്ണുകളിലെ കാത്തിരിപ്പിനെയും അയാള്‍ക്ക് കാണായി. അങ്ങനെ തീര്‍ത്തും അസഹ്യമായിത്തീര്‍ന്ന ഏതോ ഒരു നിമിഷത്തില്‍ കണ്ണുകള്‍ വലിച്ചുതുറന്ന് നോക്കിയപ്പോള്‍ തോമാച്ചനറിഞ്ഞു ; താന്‍ വീട്ടിലേയ്ക്കല്ല പോകുന്നത്.
ഉണ്ണീശോപ്പള്ളിയുടെ വളവിന് അന്‍പതുവാര ഇപ്പുറം തോമാച്ചന് കാറുനിര്‍ത്തി ഇറങ്ങുമ്പോള്‍ അവിടെ രണ്ട് മനുഷ്യരൊഴികെ മറ്റാരുമുണ്ടായിരുന്നില്ല. ചളുങ്ങിപ്പോയ ബൈക്ക് റോഡരികിലേയ്ക്ക് മാറ്റി പാര്‍ക്ക് ചെയ്തിരിക്കുന്നു. അഴിഞ്ഞുപോകാറായ മുണ്ട് മുറുക്കിയുടുക്കാന്‍ പണിപ്പെട്ട് ശ്രമിക്കുന്നതിനിടയില്‍ തോമാച്ചന് അവിടെനിന്നവരില്‍ ഒരാള്‍ മുന്‍പ് തന്നോട് സംസാരിച്ച ചെറുപ്പക്കാരനാണെന്ന് മനസ്സിലാക്കി.
"ഇവിടെക്കിടന്ന ആള്.. എവിടെ..?" അവര്‍ക്കരികിലേയ്ക്ക് നടന്ന് തോമാച്ചന് കഴഞ്ഞുപോകുന്ന ശബ്ദത്തെ പരമാവധി നിയന്ത്രിച്ചുകൊണ്ടു ചോദിച്ചു.
"ഓഹ്.. അത് ആള് തീര്‍ന്നുപോയി ചേട്ടാ.. ബോഡി ഇപ്പോ അങ്ങോട്ട് കൊണ്ടുപോയതേയുള്ളു.."
തുടര്‍ന്ന് അവര്‍ പറഞ്ഞതൊന്നും തോമാച്ചന് കേട്ടില്ല. അയാള്‍ ഒന്നും മനസ്സിലാവാതെ ഒരു ബധിരനേപ്പോലെ നിന്നു. അല്ലെങ്കില്‍ ഭാഷയറിയാത്ത ഒരുവനെപ്പോലെ നിന്നു. പിന്നീട് ബോധമണ്ഡലത്തില്‍ വെളിച്ചം വീണ എതോ നിമിഷം കണ്ണഞ്ചിപ്പിക്കുന്ന, കാതടപ്പിക്കുന്ന ഒരു സ്ഫോടനമായി ആ സത്യം തോമാച്ചനെ പൊതിഞ്ഞു. വേച്ചുപോകുന്ന കാലടികളോടെ തോമാച്ചന് ആ മനുഷ്യന് കിടന്നിരുന്നിടത്തേയ്ക്ക് നടന്നു. അനന്തരം മെല്ലെ, വളരെ മെല്ലെ അയാള്‍ അവിടെ മുട്ടുകുത്തിയിരുന്നു. അവിടെ ഒരു രക്തക്കളം അയാള്‍ കണ്ടു. അതില്‍ കുരുതികഴിക്കപ്പെട്ട പരശതം കിനാവുകളെ അയാള്‍ കണ്ടു. ആ കുരുതിക്കളത്തില്‍ വെച്ച് അനാഥമായിപ്പോയ ഒരുപറ്റം ആത്മാക്കളെ അയാള്‍ കണ്ടു. ഒരു നിമിഷാര്‍ദ്ധം കൊണ്ട് ശൂന്യമാക്കപ്പെട്ട അവരുടെ ജീവിതങ്ങളെ അയാള്‍ കണ്ടു. ഒരു നിലവിളിത്തുമ്പില്‍ തോരണം പോലെ തൂങ്ങിക്കിടക്കുന്ന അവരുടെ സ്വപ്നങ്ങളെയും അവയില്‍ നിന്ന് ഇറ്റുവീഴുന്ന രക്തത്തുള്ളികളെയും അയാള്‍ കണ്ടു. യുഗങ്ങളോളം അയാള്‍ ആ ദാരുണമായ കാഴ്ചകളില്‍ ഭ്രാന്തമായുറഞ്ഞു.
ഏതോ ഒരു യുഗസന്ധിയില്‍ അടുത്തുകൂടി പോയ വാഹനത്തിന്റെ ഹോണിന്റെ കാതുതുളയ്ക്കുന്ന ശബ്ദത്തിലേയ്ക്ക് തോമാച്ചന് ഞെട്ടിയുണര്‍ന്നു. ഒരു നിമിഷം ചകിതനായി ആ രക്തക്കളത്തിലേയ്ക്ക് അയാള്‍ പകച്ചുനോക്കി. അനന്തരം വിങ്ങിക്കരഞ്ഞുകൊണ്ട് അയാള്‍ ഒഴുകിപ്പടര്‍ന്ന ആ രക്തത്തെ ഇരു കൈകളും കൊണ്ട് കോരിയെടുക്കുവാന്‍ വൃഥാ ശ്രമിച്ചു. ഉടഞ്ഞുപോയ സ്വപ്നങ്ങള്‍ വാരിയെടുക്കാന്‍ ശ്രമിക്കുന്ന ഒരുവനേപ്പോലെതോന്നിച്ചു ആ നിമിഷങ്ങളില്‍ അയാള്‍. കൈകളില്‍ പുരണ്ട ഉണങ്ങിത്തുടങ്ങിയ ചോരയുടെ കറയുമായി വിങ്ങിക്കരഞ്ഞുകൊണ്ട് അയാള്‍ ആകാശത്തേയ്ക്ക് മിഴികളുയര്‍ത്തി. അപ്പോള്‍ ദൂരെ ഉണ്ണീശോപ്പള്ളിയും പള്ളിക്കുമുന്പിലെ കുരിശടിയും രൂപക്കൂടും അയാള്ക്കുമുന്പില് വെളിവായി. നീണ്ട കുറേ നിമിഷങ്ങള്‍ അയാള്‍ അങ്ങോട്ടുതന്നെ നോക്കി വിങ്ങിവിങ്ങിക്കരഞ്ഞുകൊണ്ടിരുന്നു.
പെട്ടെന്ന് ഒരുവെളിപാടിലെന്ന പോലെ ചാടിയെഴുന്നേറ്റ തോമാച്ചന് പള്ളിക്ക് നേരെ ആയാസപ്പെട്ട് കാലുകള്‍ വലിച്ചുവെച്ച് ധൃതിയില്‍ നടന്നു.
രൂപക്കൂടിന് മുന്പിലെത്തിയ തോമാച്ചന് നിസ്സഹായനായ, നിരാശനായ ഒരു ആത്മാവിനേപ്പോലെ വെറുതെ അതിനുള്ളിലെ ഉണ്ണീശോയുടെ മുഖത്തേയ്ക്ക് നോക്കി നിന്നു. പിന്നെ വളരെ മെല്ലെ ആ തിരുരൂപത്തിന് മുന്പില് മുട്ടുകുത്തിനിന്നു. ആയുധങ്ങളും ആടയാഭരണങ്ങളും എല്ലാമുപേക്ഷിച്ച് നിരുപാധികം കീഴടങ്ങുന്നവനേപ്പോലെ ദയനീയമായി ആ രൂപക്കൂട്ടിലേയ്ക്ക് നോക്കി അയാള്‍ ആ നില്‍പ്പ് നിന്നു. "കര്‍ത്താവേ, ഇതാ ഞാന്‍.. നിന്റെ കാലടികളെ പിന്തുടര്ന്നവന്. ഞാന്‍ നിന്നെ സ്നേഹിക്കുന്നതുപോലെ നീ മറ്റുള്ളവരെ സ്നേഹിക്കുക എന്ന് ഞങ്ങളെ ഉപദേശിച്ച നിന്റെ കുഞ്ഞാട്. നിന്റെ വിശുദ്ധമായ അതേ ഉപദേശത്തെ പുല്ലുവിലപോലും കല്‍പ്പിക്കാതെ ചവിട്ടിയരച്ച കൊടും പാപി. സഹോദരനെ, അവന്റെ ജീവനെ, അവന്റെ കിനാവുകളെ മരണത്തിന് വിട്ടുകൊടുത്ത് നോക്കി നിന്ന കൊടും ക്രൂരന്. അവനെ ചൂഴ്ന്നു നിന്നിരുന്ന ഒരു കൂട്ടം ആത്മാക്കളെ അന്ധമായ അനാഥത്വത്തിന്റെ നിലയില്ലാക്കയങ്ങളിലെറിഞ്ഞ നരകസന്തതി.!"
"എന്റെ കര്‍ത്താവേ, എന്റെ ദൈവമേ, എന്താണ് ഈ ഭൂമിയില്‍ ജീവിച്ചിരിക്കുവാനെനിക്ക് യോഗ്യത.? നിന്റെ കല്‍പ്പനകളെ വലിച്ചെറിഞ്ഞവന്‍.! നിന്റെ രാജ്യത്തെ നിഷേധിച്ചവന്.! സര്‍വ്വോപരി നീ ഞങ്ങള്‍ക്കേകിയ വിശുദ്ധമായ സ്നേഹത്തെയും മാനുഷികമൂല്യങ്ങളെയും ഒറ്റനിമിഷം കൊണ്ട് കഴുത്തുഞ്ഞെരിച്ച് കൊന്നവന്.!"
നോക്കിനില്ക്കവേ മാതാവിന്റെ കൈകളില്‍ കിടക്കുന്ന ഉണ്ണീശോയുടെ കണ്ണുകളില്‍ നിന്ന് നീര് പൊടിയുന്നതായി തോമാച്ചനു തോന്നി. അയാള്‍ സൂക്ഷിച്ചു നോക്കി. ശരിയാണ്. ഉണ്ണീശോ കരയുന്നു. സ്നേഹിക്കുവാന്‍ മാത്രമറിയുന്ന, മറ്റുള്ളവര്‍ക്കുവേണ്ടി തന്റെ ജീവന് ബലികൊടുത്ത കര്‍ത്താവുതമ്പുരാന്‍ കരയുന്നു. തോമാച്ചന് അസഹ്യമായ ആത്മനിന്ദയും ഹൃദയനൊമ്പരവും തോന്നി. അയാള്‍ മുട്ടില്‍ നിന്ന് കൈകള്‍ ആകാശത്തേയ്ക്ക് വിടര്‍ത്തി ഉറക്കെ കരഞ്ഞു.
കരച്ചില് അല്‍പ്പം ശമിച്ച ഏതോ ഒരു ഇടവേളയില്‍ തോമാച്ചന് എഴുന്നേറ്റ് രൂപക്കൂടിന്റെ പടികളിലൂടെ, ഭിത്തിയിലെ ഗ്രില്ലുകളിലൂടെ പിടിച്ചുകയറി രൂപക്കൂടിനുമുന്പിലെ പത്തടിപ്പൊക്കമുള്ള കുരിശിന്റെ വലത്തേക്കൈയില്‍ പൊത്തിപ്പിടിച്ചിരുന്നു. അനന്തരം തന്റെ ഉടുമുണ്ട് പറിച്ച് ഒരറ്റം കുരിശിന്റെ കൈയ്യില്‍ കെട്ടി. മറ്റേ അറ്റംകൊണ്ട് തന്റെ കഴുത്തില്‍ കുരുക്കിടുമ്പോള്‍ തോമാച്ചന് അവസാനമായി ഒന്നുകൂടി കുമ്പസാരിച്ചു. അതു പക്ഷേ തോമാച്ചന്റെ മാത്രം കുമ്പസാരമായിരുന്നില്ല. മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടി തോമാച്ചന് കുമ്പസാരിച്ചു. "തന്റെ അയല്‍ക്കാരനെ, സഹോദരങ്ങളെ, കേവലമാണെങ്കില്‍ പോലുമൊരു ജീവനായ ജീവനെ കാണാതെ, താങ്ങാതെ, രക്ഷിക്കാതെ പോവുന്ന എല്ലാ മനുഷ്യര്‍ക്കും വേണ്ടി... മനുഷ്യര്‍ക്കുവേണ്ടിയുള്ളതാണ് നിയമങ്ങള്‍, അല്ലാതെ നിയമങ്ങള്ക്കുവേണ്ടിയുള്ളതല്ല മനുഷ്യര്‍ എന്ന് തിരിച്ചറിയാത്ത, അറിഞ്ഞാലും അറിഞ്ഞില്ലെന്ന് നടിക്കുന്ന, മനുഷ്യത്വം നശിച്ച എല്ലാ നീതിപാലകര്‍ക്കും വേണ്ടി... സര്‍വ്വോപരി മനുഷ്യനന്മയെക്കുറിച്ച്, പുണ്യപാപങ്ങളെക്കുറിച്ച്, ദൈവസ്നേഹത്തെക്കുറിച്ച് ഊറ്റം കൊണ്ടിരുന്ന തന്റെയുള്ളിലെ പൊള്ളയായ, കപടനായ മനുഷ്യസ്നേഹിക്കുവേണ്ടി..." കഴുത്തില്‍ കുരുക്കു മുറുക്കിയിട്ട് അയാള്‍ ഉണ്ണീശോയുടെ മുഖത്തേയ്ക്ക് ഒന്നുകൂടി നോക്കി.
"ഞാനും എന്നെപ്പോലെ നിന്നെ അറിയാതെ പോയ മനുഷ്യരും ചേര്‍ന്ന് നീണ്ട യുഗങ്ങളിലൂടെ അനാഥമാക്കിയ പരശതം, പരകോടി ആത്മാക്കള്‍ക്കുവേണ്ടി.. അവരോട് മാപ്പുപറഞ്ഞുകൊണ്ട്...."
പിന്നെ പാതിരാക്കുര്‍ബാനയ്ക്ക് ഉണ്ണീശോപ്പള്ളിയിലെത്തിയ ഇടവകയംഗങ്ങള്‍ കണ്ടത് രൂപക്കൂടിനുമുന്‍പില്‍ നിലാവിലേക്കുയര്ന്നുനില്ക്കുന്ന കുരിശില്‍ സ്വയം ക്രൂശിക്കപ്പെട്ട മനുഷ്യപുത്രനെയായിരുന്നു.
*************************************************************