സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



കണ്ണിനു കുളിരായ് ....!!!!

July 20, 2011 Minesh Ramanunni


പുതിയോരംഗം ജീവിതത്തിലേക്ക് കയറിവരുമ്പോള്‍ ആരുടെയും ജീവിതചര്യകള്‍ ഒന്ന് താളം തെറ്റും. അങ്ങനെ എന്റെ ജീവിതത്തില്‍ ഈയിടെ ഒരു പുതിയ അംഗം കയറി വന്നു.
ഒരു കറുത്ത സുന്ദരി!
  
മറ്റാരുമല്ല ഒരു കൂളിംഗ് ഗ്ലാസ്!!!

പൊരിവെയിലത്ത് ഒന്ന് രണ്ട് ദിവസം സൈറ്റില്‍ നിന്നു കണ്ണില്‍ ഇരുട്ട് കയറിയപ്പോള്‍ ആണ് ചില നയന പരിപാലന ചിന്തകള്‍ തലയിലേക്ക് ഓടിവന്നത് . ഒന്നാമത് വെയിലില്‍ കണ്ണ് കാണാന്‍ വയ്യ. ഈ വെയിലടിച്ചു എന്റെ നയനങ്ങള്‍ കരിഞ്ഞുപോയാല്‍ ? മറ്റൊരു കാര്യം ഒരു ഗള്‍ഫുകാരന്റെ ഗമൊക്കെ ഒന്ന് കാണിച്ചു ഒരു കൂളിംഗ് ഗ്ലാസ് ഇവന്ടു കൂടി നടത്താമല്ലോ..

ഈ ചിന്ത തലച്ചോറില്‍ കയറിയതും വേഗം അടുത്തുള്ള കടകളില്‍ കയറി പെണ്ണ് കാണല്‍ തുടങ്ങി. അതാ ഇരിക്കുന്നു കടയുടെ ഒരു മൂലയില്‍ എന്റെ മനസ്സ് കവര്‍ന്ന കറുത്ത സുന്ദരി. ബോസ്സ് എന്ന കമ്പനിയുടെ സാധനം. നാല്പതു ദിനാര്‍ എന്താണ്ട് അയ്യായിരം രൂപ. കണ്ണടച്ച് ഞാന്‍ പറഞ്ഞു.

'എനിക്ക് ഈ ബോസ്സ് മതി.'

ഇന്ത്യക്കാരനായ കടക്കാരന്‍ അമ്പരന്നു.

'ഒരു മലയാളി ദരിദ്രവാസി അയ്യായിരം രൂപയുടെ കണ്ണട വാങ്ങുകയോ? അതും ബാര്‍ഗെയിനിംഗ് പോലും ഇല്ലാതെ?'

ചോദ്യത്തിനു ശേഷം ശബ്ദം താഴ്ത്തി 'ആശ്വത്ഥാമാവല്ല ആനയാണ് മരിച്ചത്' എന്ന് യുധിഷ്ടിരന്‍ പറഞ്ഞ ടോണില്‍ പതുക്കെ ഞാന്‍ ചോദിച്ചു.

'ബോസ്സ് ഇറ്റലി വേണ്ട, കണ്ട്രി ഓഫ് ഒറിജിന്‍ കുന്നംകുളം ഉണ്ടോ?'

അയാള്‍ എന്റെ മൂന്നു തലമുറ വരെ ഉള്ള പൂര്‍വികരെ വിളിച്ചു . ഞാന്‍ ഉളുപ്പില്ലാതെ ചിരിച്ചു അടുത്ത ലോക്കല്‍ കടയില്‍ പോയി അതേ മോഡല്‍ ബോസ്സ് ഇരുനൂറു രൂപയ്ക്കു വാങ്ങി. എന്നിട്ട് അതും കണ്ണില്‍ ഫിറ്റു ചെയ്തു ഒറിജിനല്‍ ബോസ്സ് ഇരിക്കുന്ന കടയില്‍ കയറി ആ കടക്കാരനെ 'നീ കുന്നംകുളം ഇല്ലാത്ത മാപ്പ് വില്‍ക്കും അല്ലേ' എന്ന മട്ടില്‍ ഒരു നോട്ടം നോക്കി തിരിച്ചു പോന്നു.

അപ്പോളാണ് ഒരുവിധം എല്ലാ പുരുഷന്മാരും നേരിടുന്ന ഒരു ആഗോള പ്രതിസന്ധി ഞാനും നേരിട്ടത്. രണ്ട് മൊബൈല്‍ (കമ്പനി, പേര്‍സണല്‍), ഒരു പേഴ്സ്, റൂമിന്റെ കീ, പിന്നെ അല്പമാത്രമുള്ള മുടി ചീകാന്‍ ഒരു ചീര്‍പ്പ്, ഇപ്പോള്‍ കൂളിംഗ് ഗ്ലാസും. ഇതിനൊക്കെ അക്കൊമോടെറ്റ് ചെയ്യാന്‍ ഷര്‍ട്ടിനു ഒരു പോക്കറ്റ്, പാന്റിന് ഫ്രെണ്ടില്‍ രണ്ട് പോക്കറ്റ്, ബാക്കില്‍ ഒരു പോക്കറ്റ്. പേഴ്സ് പാന്റിന്റെ ഫ്രണ്ടിലെ പോക്കറ്റില്‍ വെക്കണം.അല്ലേല്‍ വീണു പോകും. ചീര്‍പ്പ് തലക്കാലം ബാക്കിലിരിക്കട്ടെ . രണ്ട് മൊബൈലും സാധാരണ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ആണ് ഇടാറു. അതുകൊണ്ട് തന്നെ എന്റെ ഷര്‍ട്ടിന്റെ ഇടതു ഭാഗം ഷക്കീല ബ്ലൌസ് ഇട്ട പോലെ മുഴച്ചിരിക്കാരുണ്ട്. പാന്റിന്റെ പോക്കറ്റില്‍ മൊബൈല്‍ വെച്ചാല്‍ വെച്ചാല്‍ റെഡിയേഷന്‍ കാരണം പോക്കറ്റിന്റെ സമീപത്തുള്ള ചില വസ്തുക്കള്‍ക്ക് സാരമായ അപകടങ്ങള്‍ വരും എന്ന പഠനങ്ങള്‍ ആരോഗ്യമാസികയില്‍ വായിച്ചതിനു ശേഷം ചെറിയ ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ട് .അതുകൊണ്ട് തല്‍ക്കാലം മൊബൈല്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഇരിക്കട്ടെ. അവിടിരുന്നാല്‍ ഹൃദയത്തിനു മാത്രമല്ലെ കുഴപ്പമുണ്ടാകൂ .മറിച്ചാണെങ്കില്‍ ????

പക്ഷെ ഗ്ലാസ് വാങ്ങിയത് മുതല്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഗ്ലാസ് വെക്കേണ്ടി വന്നു. അല്ലെങ്കില്‍ ശ്രദ്ധിക്കാതെ അത് പൊട്ടും. അതുകൊണ്ട് കൊണ്ട് വേദനയോടെ, പേടിയോടെ രണ്ട് മോബൈലുകളെയും പാന്റിന്റെ ഒരു പോക്കറ്റില്‍ ഒതുക്കി. പേഴ്സിനോടും താക്കോലിനോടും സമാധാനത്തോടെ മറ്റേ പോക്കറ്റില്‍ വിഹരിക്കാന്‍ ഉത്തരവിറക്കി .

പുതിയോരംഗം ദിനചര്യയില്‍ ഉണ്ടാക്കുന്ന മാറ്റം എന്നോര്‍ത്ത് തല്ക്കാലം ഇതു അട്ജ്സ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു .ദിവസവും ഓരോ പേന വീതം വഴിയില്‍ കളയുന്ന എനിക്ക് ഈ പുതിയ അംഗത്തെ കളയാതിരിക്കാന്‍ എക്സ്ട്ര കെയര്‍ എടുക്കേണ്ടി വന്നു . ഈ കാര്യം പറഞ്ഞപ്പോള്‍ ഓഫിസിലെ കൂട്ടുകാരന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു .'ഇങ്ങനെ ആയാല്‍ നീ പെണ്ണ് കെട്ടിയാലോ? അതും പുതിയ ഒരാളെ അകൊമെഡേറ്റ് ചെയ്യല്‍ അല്ലേ ?'

എന്തായാലും ഒരാഴ്ച കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചു എ ക്ലാസ് പൌരന്‍ ആയി നോം നാട് വാണു.

ഒരാഴ്ചക്ക് ശേഷം പതിവ് പോലെ കസ്ടമര്‍ വിസിറ്റ് എന്ന കുന്ത്രാണ്ടം നടത്താന്‍ ഒരു പ്ലാന്റില്‍ പോകേണ്ട ഊഴം വന്നു. ഓഫിസില്‍ നിന്നും ഒരു അമ്പതു കിലോമീറ്റര്‍ അകലെ. വണ്ടി ഓടിക്കണമെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് വേണം എന്ന കരിനിയമം നിലനില്‍ക്കുന്നത് കൊണ്ട് ഒരു കൂട്ടുകാരനെ മണിയടിച്ചു. ആ കമ്പനിയുടെ മീറ്റിംഗ് റൂമിലെത്തി. വിശാലമായ കോണ്‍ഫറനസ് റൂം. എത്തിയ ഉടന്‍ തന്നെ ഞാന്‍ രണ്ട് മൊബൈലും സൈലന്റ് ആകി മേശപ്പുറത്തു വെച്ചു. കൂടെ ഗ്ലാസും .ഇതു ഈയിടെ ആയി ചെയ്തുവരുന്ന ഒരു ആചാരമാണ്‌. മൊബൈല്‍ കൂടെ ഉണ്ടെങ്കില്‍ ഗ്ലാസ് മറക്കില്ലല്ലോ?

നേരെ മുന്നില്‍ കമ്പനി മാനേജര്‍ എന്റെ അടുത്ത സീറ്റില്‍ അയാളുടെ സെക്രട്ടറി ഫിലിപ്പീനി തരുണീ മണി.

'കൊള്ളാം, കുട്ടിക്കറിയാമോ ഇന്ത്യയും ഫിലിപീന്സും തമ്മില്‍ അതിപുരാതനമായ നയതന്ത്ര ബന്ധങ്ങള്‍ ഉണ്ട്' ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്നത്തെയും പോലെ മാനേജരെ മണിയടിച്ചു ചാക്കില്‍ കയറ്റി ഞാന്‍ തിരികെ പോരുമ്പോള്‍ ഫിലിപ്പീനി പെണ്ണ് എന്നെ നോക്കി ചിരിച്ചു. 'ഹോ ഞാന്‍ എന്താ മൊതല്, അല്ലേ?' എന്ന മട്ടില്‍ ചിരിച്ചു നോമും. തിരികെ ഓഫിസില്‍ ഇരുന്നു എന്റെ പ്രിയമാന തോഴി കണ്ണട എടുത്തു ഒന്ന് വെച്ചുനോക്കിയപ്പോള്‍ എന്തോ ഒരു വ്യത്യാസം.

' ഇതു എന്റെ കുന്നംകുളം കണ്ണടയല്ല. എന്റെ കണ്ണട ഇങ്ങനല്ല. പക്ഷെ കമ്പനി ബോസ്സ് തന്നെ. എന്റെ കണ്ണടക്കു ചെറിയ ഒരു മാനുഫക്ച്ച്വരിംഗ് ഡിഫക്റ്റ് ഉണ്ട്. അതിന്‍റെ കാലില്‍ ഒരു ചെറിയ പ്ലാസ്റ്റിക്‌ ഗ്രോത്ത് പോലെ ഉണ്ട്. സൂക്ഷിച്ചു വെച്ചില്ലെങ്കില്‍ ഈ ഗ്രോത്ത് തൊലിയില്‍ ഉരയും. ഈ പുതിയ കണ്ണടക്കു അതില്ല. ഞാന്‍ സൂക്ഷിച്ചു നോക്കി. കോളടിച്ചു

"അപ്പോള്‍ എന്റെ കൈയില്‍ ഇരിക്കുന്നത് സാക്ഷാല്‍ ഒറിജിനല്‍ ബോസ്സ്. ഹോ"

അപ്പോളാണ് ഒരു കാര്യം ഓര്‍മവന്നത് ആ കമ്പനിയിലെ ഫിലിപ്പീനി പെണ്ണ്, എന്റെ തൊട്ടടുത്ത്‌ ചാഞ്ഞിരുന്ന മാന്മിഴിയാള്‍, അവളും ഒരു ഗ്ലാസ് വെച്ചിരുന്നു. അവള്‍ ശ്രദ്ധിക്കാതെ മാറിയെടുത്തതാണ്.

'സാരല്ല്യ, പാവം അവള്‍ കുന്നംകുളത്തുകാരിയായി വിരാജിക്കട്ടെ.'

അങ്ങനെ കുറുക്കന്‍ രാജാവായി എന്ന പോലെ ഒറിജിനല്‍ ബോസ്സ് വെച്ചു ഞാന്‍ ആളാവാന്‍ തുടങ്ങി. ഒരിക്കല്‍ എന്റെ കമ്പനി മാനേജര്‍ ഇതു വാങ്ങി നോക്കിയിട്ട് ചോദിച്ചു 'കൊള്ളാം, ഇതിനു മിനിമം അയ്യായിരം-ആറായിരം രൂപ വരുമല്ലോ, എനിക്ക് തരുമോഡാ കുട്ടാ' എന്ന് . ഞാന്‍ അപ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും ഒരു അയ്യായിരം അടി ഉയര്‍ന്നു .

സംഭവം നടന്നു നാലാമത്തെ പ്രഭാതത്തില്‍ എന്റെ ഫോണിന്‍റെ പടികടന്നെത്തുന്നു ഒരു മഗന്ത സ്വരം (ഫിലിപ്പിനോ ഭാഷയില്‍ മനോഹരം) .

" ഹലോ മൈ ഫ്രണ്ട്, മൈ ഗ്ലാസ്‌ ഈസ്‌ വിത്ത്‌ യു . എടാ ചക്കരകുട്ടാ, ആ ഗ്ലാസ് തിരിച്ചുതാട."

ഞാന്‍ പറഞ്ഞു 'അമ്പതു കിലോമീറ്റര്‍ വന്നു ഗ്ലാസ്‌ തരുക എന്നത് ഇശ്ശി ബുദ്ധിമുട്ടാണ് എന്റെ കുഞ്ഞാത്തോലെ'

' എന്നാല്‍ നോം അങ്ങട് വരാം. എവിടെയാ തിരുമേനി താമസം? '
          ലവള്‍ എന്റെ താമസ സ്ഥലത്തേക്ക് ????????

ഞാനും ചേച്ചിയും അളിയനും താമസിക്കുന്ന ഫ്ലാറ്റിലേക്ക് ഒരു പെണ്ണ് അതും ഒരു ഫിലിപ്പീന അന്നൊരിക്കല്‍ തിരക്കിനിടയില്‍ കൂളിംഗ് ഗ്ലാസ് മാറിപ്പോയി എന്ന് പറഞ്ഞു വന്നാല്‍ ... ഹോ അതോര്‍ക്കാന്‍ വയ്യ. പണ്ടേ അളിയന്റെ കണ്ണിലെ നോട്ടപ്പുള്ളിയാണ് നോം.

ഞാന്‍ വേഗം പറഞ്ഞു 'നമുക്ക് മനാമയിലെ ഏതെങ്കിലും റെസ്ടോറണ്ടില്‍ വെച്ചു ഗ്ലാസ് മീറ്റ്‌ നടത്താം'

അവള്‍ ഒരു ഫിലിപിന റെസ്ടോറണ്ടില്‍ ‍ വൈകുന്നേരം കാണാം എന്ന് പറഞ്ഞു

വൈകുന്നേരം കൃത്യസമയത്ത് അവള്‍ പറഞ്ഞ സ്ഥലത്തെത്തി എത്തി.
അവള്‍ മുട്ടുവരെ എത്തുന്ന മുണ്ടും നേര്യേതും എടുത്തു ഹാജര്‍. എനിക്ക് വേണ്ടി ഏതോ ഒരു മൃഗത്തിന്റെ സാന്ഡ്വിച്ചും അവള്‍ ഓര്‍ഡര്‍ ചെയ്തു. ഇവര്‍ പട്ടിയെ വരെ തിന്നുന്നവര്‍ ആണ് എന്ന് കേട്ടിടുണ്ട്.എരിവും പുളിയും ഒന്നുമില്ലാത്ത ആ കൂതറ ഫുഡ് കഴിച്ചു കൊണ്ടിരിക്കെ ഞാന്‍ പറഞ്ഞു

'ഗ്ലാസ്‌ മാറിയ കാര്യം സത്യായിട്ടും നോം അറിഞ്ഞില്ല"

'എനിക്കും മനസിലായില്ല. ബട്ട്‌ ഈ ഗ്ലാസിന്റെ ( കൂതറ എന്ന പദത്തിന് തത്തുല്യമായ ഒരു മുഖഭാവം പ്രകടിപിച്ചു കൊണ്ട്) കാലില്‍ ഉള്ള എഡ്ജ് കൊണ്ട് എന്റെ ചെവിയില്‍ മുറിവുണ്ടായി '

'അയ്യോട ചക്കരെ, മോളുനു വേദനിച്ചോ 'ഞാന്‍ ഗദഗദ്.

' ഇതു ഒറിജിനല്‍ അല്ലല്ലേ, നിങ്ങടെ ഇന്ത്യന്‍ ദുപ്ലികെറ്റ് ആണല്ലേ ' ഞാന്‍ ചമ്മി.
'അതേയ് എനിക്ക് രണ്ട് ബോസ്സ്, മൂന്ന് അഡിഡാസ് തുടങ്ങി നിരവധി മുന്തിയ കണ്ണടകള്‍ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ സൈറ്റിലും മറ്റും റഫ് യുസ് അല്ലേ, അതോണ്ട് ഒക്കെ ഡാമേജ് ആയി. എന്നെ പോലെ ഒരു റഫ് ആന്‍ ടഫ് ആയ എന്‍ജിനിയര്‍ അതോണ്ട് റഫ് സാഹചര്യത്തിനുതകുന്ന ഇന്ത്യന്‍ ടെക്നോളജിയില്‍ വിശ്വസിച്ചു . അതൊരു തെറ്റാണോ ?'

'അല്ല കണ്ണാ, എന്നാലും ഇന്ത്യന്‍ ക്വളിടി അപാരം തന്നെ . ' അവള്‍ ചിരിച്ചു.

'പോടി പുല്ലേ , ആണവ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഭാരത്‌, അറിയാമോ നിനക്ക്? അയ്യായിരം കിലോമീറ്റര്‍ മിസ്സൈയില്‍, എന്തിനു കൊല്ലത്തില്‍ മൂന്ന് നാലു സാറ്റലൈറ്റ് അതൊക്കെ ഒരു എലിവാണം പോലും വിടാത്ത നിന്‍റെ കുള്ളന്‍ ടീമ്സിനു മുന്നില്‍ പറഞ്ഞു ആളാവേണ്ട കാര്യം എനിക്കില്ല എന്നാലും "
അവള്‍ ഒന്ന് അമ്പരന്നു . ഞാന്‍ ചായ എന്ന പേരില്‍ അവള്‍ ഓര്‍ഡര്‍ ചെയ്ത കാടിവെള്ളം ഒറ്റവലിക്ക് കുടിച്ചിട്ട് അവളുടെ കൂളിംഗ് ഗ്ലാസ് എടുത്തു കൈയില്‍ കൊടുത്തു .

ഒരു ഒറിജിനല്‍ ബോസ്സ് ഉള്ളതിന്റെ അഹങ്കാരം പോലും!

'ഫ പുല്ലേ' എന്ന ഭാവത്തില്‍ കമ്മീഷണറില്‍ ശോഭന കോടതിയില്‍ വെച്ചു വിചാരണ ചെയ്യുന്ന സീനിലെ സുരേഷ് ഗോപിയെപ്പോലെ ഞാന്‍ ഇരുന്നു. പിന്നെ പതുക്കെ

'അപ്പൊ ചക്കരെ ഞാന്‍ ഇറങ്ങട്ടെ' എന്ന് അവളോട്‌ ചോദിച്ചിട്ട് എണീക്കാനുള്ള ഭാവത്തില്‍ മുന്നോട്ടാഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .

'ഇനി ഞാനൊരു സത്യം പറയാം .'
'വേഗം പറഞ്ഞു തുലയ്ക്ക്'
'എന്റെ ഗ്ലാസ് ഒറിജിനല്‍ ഒന്നും അല്ല മെയിഡ് ഇന്‍ മനില '
'ഹോ വീരപ്പെന്റെ മീശയില്‍ പോലിസ് ചെക്ക്പോസ്ടോ ? '

'ഇരുനൂറു രൂപകൊടുത്തു നാട്ടില്‍ നിന്നും കൊണ്ട്വന്നതാ. നിന്‍റെ ഗ്ലാസ് കിട്ട്യപ്പോള്‍ നീ ഒരു എന്‍ജിനിയര്‍ അല്ലെ ഒറിജിനല്‍ ആവും എന്ന് കരുതി സന്തോഷിച്ചു എന്റെ ബോയ്‌ ഫ്രണ്ടിനു ഗിഫ്റ്റ് കൊടുത്തു . അവന്‍റെ ചെവിയാ മുറിഞ്ഞത് ..അപ്പോളാ ഇതു നിനക്ക് തന്നെ തന്നു എന്റെ ബെറ്റര്‍ കോപി വാങ്ങാം എന്ന് തീരുമാനിച്ചത് '
'എടി ഭയങ്കരീ!!! എന്നാലും ഒരു മലയാളിയായ എന്റെ അഭിമാനടവറില്‍ നീ വിമാനം കൊണ്ടിടിച്ചല്ലോ'

ഒരു ചമ്മിയ ചിരി പാസ്സാക്കി ഞാന്‍ ഇറങ്ങി ആ കണ്ണടയും വെച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഒന്നോര്‍ത്തു.
"ഈ കുന്നംകുളം അത്ര മോശം സ്ഥലം ഒന്നും അല്ലാട്ടോ, ഇതേപോലെ വേറെയും സ്ഥലങ്ങള്‍ ഈ ഭൂമുഖത്തുണ്ട് അറ്റ്‌ ലീസ്റ്റ് മനിലയിലെങ്കിലും ..."

മിനേഷ്  ആര്‍  മേനോന്‍
ബ്ലോഗ്‌: രവം

6 Comments, Post your comment:

Manoraj said...

ചില ചില പ്രയോഗങ്ങള്‍ നന്നായി ചിരിപ്പിച്ചു. കുന്നംകുളത്തുകാര്‍ മൊത്തമായി കൊട്ടേഷന്‍ തരാതെ നോക്കുക. പാന്റിന്റെ പോക്കറ്റില്‍ മൊബൈല്‍ വെക്കുമ്പോള്‍ ജാഗ്രതൈ!! കളി കാര്യമാവരുത് :)

ശിഖണ്ഡി said...

കൊള്ളാം..... ഉം

ദൃശ്യ- INTIMATE STRANGER said...

കൊള്ളാം ..കുന്നംകുളം റോക്സ് ..

ദീപുപ്രദീപ്‌ said...

ചുണ്ടില്‍ ഒരു ചിരിയോടെ വായിച്ചു തീര്‍ത്തു. ഒരു വരിയിലും രസിപ്പിക്കാതിരുന്നില്ല.
നല്ല ആശയം , ഒഴുക്കോടുള്ള മനോഹരമായ വിവരണം.
പിന്നേ....ഉണ്ണികുട്ടനെ കുറച്ചു കാലമായി കണ്ടിട്ട്, ഈ അടുത്തെങ്ങാന്‍ ഒരു സന്ദര്‍ശനാം ഉണ്ടാവോ?

Minesh Ramanunni said...

Thanks alot dear friends...!

Jayanth.S said...

നന്നായി...വളരെ നന്നായി..