07:50
ഏഴേമുക്കാലിന്‍റെ ലോക്കലിനു വേണ്ടി വീട്ടീന്നെറങ്ങിയപ്പഴത്തെ ടൈമാണ് (എങ്ങനണ്ട് ?). ഇന്‍സൈഡൊക്കെ സ്റ്റോപ്പിലേക്ക് ഓടുന്ന വഴിക്ക് ചെയ്തു (നമുക്ക് ലുക്സ് വേണ്ടേ ?), പക്ഷെ കീര്‍ത്തി എന്നെ കാത്തുനിക്കാതെ പോയി (ആയിട്ടില്ല, ഇതല്ല മ്മടെ നായിക, ഇത് കീര്‍ത്തി ബസ്സ്). യാത്ര ക്യാന്‍സല്‍ ചെയ്തു ഞാന്‍ തിരിച്ചു വീട്ടിലേക്കു നടന്നു.
"അല്ലാ, എവിടുന്നാപ്പ ഇത്ര രാവിലെ ?"
ആ പസ്റ്റ്, ബസ്സ് പോയി നിക്കുന്നവനോട് ചോദിക്കാന്‍ പറ്റിയ ചോദ്യം. കീര്‍ത്തി പോയ വിഷമം ഞാന്‍ അവിടെ തീര്‍ത്തു .
"രാത്രി കാക്കാന്‍ പോയി വര്യാ, കൊറച്ച് ലേറ്റ് ആയി ". പിന്നെ ചോദ്യങ്ങളുണ്ടായില്ല.
07:55
വീടിന്‍റെ പടിക്കലെത്തിയപ്പോഴുണ്ട് ഫ്രീക്കുസ്മാന്‍ പള്‍സറില്‍ പെടപ്പിച്ചു വരുന്നു. എന്‍റെ മുന്നില്‍ വെച്ച് അവന്‍ അതിന്‍റെ ഡിസ്ക് ബ്രേക്ക് ടെസ്റ്റിംഗ് നടത്തി. എന്നിട്ട കൂളിംഗ് ഗ്ലാസ്സൂരാതെ ഒറ്റ ചോദ്യം, " കുറ്റിപ്പുറത്തിക്ക്ണ്ട്രാ ?"
'അല്ലങ്കെ, കൈകൊട്ടി വിളിച്ചാലും നിര്‍ത്താതെ പോണ മൊതലാ, ഇന്നെന്താണാവോ ഇങ്ങനെ ?'
ഞാന്‍ ചാടികേറി അള്ളി പിടിച്ചിരുന്നു. അവന്റെ 'സ്മാരക' ഡ്രൈവിങ്ങ് എന്നെകൊണ്ട് കുറ്റിപ്പുറത്തെത്തും വരെ ശരണം വിളിപ്പിച്ചു (ശബരിമല കേറുമ്പോപോലും ഞാന്‍ ഇത്രേം ശരണം വിളിച്ചിട്ടില്ല )
08:00
ആരോടെയോ ഗുരുത്വം കൊണ്ട് കുറ്റിപ്പുറത്തെത്തി. എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തേണ്ടതായിരുന്നു (വഴിയില്‍ രണ്ടു മൂന്നു 'ടര്‍ണിങ്ങ് പോയന്റു'ണ്ടായിരുന്നു, പക്ഷെ എതിരെ വന്ന വണ്ടിയുടെ ഡ്രൈവര്‍മാര്‍ക്ക് പണിയറിയാവുന്നത് കൊണ്ട് കഴിച്ചിലായി).
ഉസ്മാനെ ഞാന്‍ കെട്ടിപിടിച്ചു നന്ദി പറഞ്ഞു.
ലോക്കല് അന്നാദ്യമായി പതിവ് തെറ്റിച്ച് കൃത്യസമയത്തിന് പോയി.
"പുത്യേ ഇന്‍റര്‍സിറ്റി ഇന്ന് ഓട്ടം തൊടങ്ങാ, അതാ ലോക്കല് ഇന്ന നേരത്തെ പോയത്". ട്രെയിന്‍ പോയി കഷ്ടം വെച്ചിരിക്കുന്ന ഒരു സീസണ്‍ ടിക്കറ്റുകാരന്റെ വ്യസനം കേട്ടു.
പെട്ടന്നെന്‍റെ തലയില്‍ ഒരു ബള്‍ബ് കത്തി. ബസ്സില്‍ കോഴിക്കോട്ടെത്താന്‍ പത്തരയാവും, അമ്പതുപ്പ്യേം പോയി കിട്ടും. കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത പുത്യേ ഇന്‍റര്‍സിറ്റിക്ക് തിരൂരില്‍ നിന്ന 8.55ന് കേറിയാല്‍ 9.40ന് കോഴിക്കോടെത്താം. അതുമാത്രമല്ല ഒരു ചുറ്റിക്കളി വേറെ കെടക്കണ്ട്. ഒരു ട്രെയിനിന്റെ കന്നിയാത്രയില്‍ ഹാജര്‍ പറയാന്‍ പറ്റാന്നു പറഞ്ഞാ അതൊരു വെയിറ്റാണ്. കുംബമേള വരണ പോലെയാണ് കേരളത്തിന് പുത്യേ ട്രെയിന്‍ അനുവദിച്ചുകിട്ടാറ്, അതോണ്ട് അതികാര്‍ക്കും ഈയൊരു ക്രെഡിറ്റുണ്ടാവില്ല. ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടാല്‍ മിനിമം പത്തു ലൈക്കെങ്കിലും കിട്ടും.
08:05
അങ്ങനെ ഞാന്‍ പാലക്കാട് - മംഗലാപുരം ഇന്‍റര്‍സിറ്റി ഉദ്ഘാടനം ചെയ്യാനായി തിരൂരിലേക്ക് ബസ്സ് കയറി. അവടെത്താനെടുത്ത 45 മിനുട്ടും ഞാന്‍ ഫേസ്ബുക്കിലും ട്വിറ്റെറിലും ഇടേണ്ട സ്റ്റാറ്റസിനെ കുറിച്ചാലോചനയിലായിരുന്നു. ഇംഗ്ലീഷല്ലേ ? ഗ്രാമര്‍ തെറ്റിയാല്‍ ക്ഷീണാണ്. പറ്റുമെങ്കില്‍ തീവണ്ടിടെ മുന്നില്‍ നിന്നൊരു ഫോട്ടോയുമെടുക്കണം ( 3.1 മെഗാ പിക്സല്‍ )
08:50
തിരൂര്‍ സ്റ്റേഷന്‍. ബസ്സിറങ്ങി ഓടിപെടഞ്ഞ് സ്റ്റേഷന്‍റെ ഉള്ളില്‍ ചെന്നപ്പോഴേക്കും, അലങ്കരിച്ചു വൃത്തികേടാക്കിയ തീവണ്ടി എത്തിയിരുന്നു. അവിടെ അടുത്ത വാഗണ്‍ ട്രാജഡി സൃഷ്ടിക്കാനുള്ള ആള്‍ക്കാരുണ്ട്. ഭാഗ്യത്തിന് ഒക്കെ തീവണ്ടി കാണാന്‍ വന്നവരായിരുന്നു. അല്ല , ഇതുപോലുള്ള ദിവസം യാത്ര ചെയ്യാനും വേണം ഒരു യോഗം (ജാഡ ജാഡ).
ഞാന്‍ മുന്നില്‍ കണ്ട കമ്പാര്‍ട്ട്മെന്റിലേക്കു ചാടികയറി.
തെന്താത്.... ലേഡീസ് ഹോസ്റ്റലില്‍ കേറിയ പോലുണ്ടല്ലോ !! മനസ്സില്‍ ലഡ്ഡു ഭരണിയോടക്കനെ പൊട്ടുകയായിരുന്നു, അമ്മാതിരി കളക്ഷനാ ഉള്ളില്‍ !! ഇതുഗ്രന്‍ സ്കീമാണല്ലോ ,ഇനി എന്നും ഇങ്ങനെതന്നെ വരണം .
"ഇത് ലേഡീസ് കമ്പാര്‍ട്ട്മെന്ടാ...."
പോയി, സകലതും പോയി. അക്കൂട്ടത്തിലെ ഏറ്റവും ഗ്ലാമറുള്ള പെണ്‍കുട്ടിയാണ് അത് പറഞ്ഞത്, അതാ കൂടുതല്‍ സങ്കടം.
പുറത്തെക്കിറങ്ങുമ്പോള്‍ ഞാന്‍ ഒന്നൂടെ തിരിഞ്ഞു നോക്കി, സങ്കടം കൂടി. അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക്......
പുതിയ വണ്ടിയാണെന്ന് പറഞ്ഞിട്ടെന്താ ? ഇന്ത്യന്‍ റെയില്‍വേടെ ട്രേഡ്മാര്‍ക്ക് നാറ്റം അതേപോലുണ്ട്. ഫോണ്‍ നമ്പരുകൊണ്ട് ചുമര്‍ ചിത്രകല തുടങ്ങിയിട്ടില്ല , ആശ്വാസം.
പെട്ടന്ന്‍ ആ കാഴ്ച ഞാന്‍ കണ്ടു , വെള്ള ചുരിദാറിട്ട ഒരു പെണ്‍കുട്ടി ഇരിക്കുന്നു , ഓപ്പോസിറ്റ് ഒരു കാലി സീറ്റും ! എന്‍റെ ടൈം !! ഒറ്റ കാഴ്ച്ചയില്‍ തന്നെ പ്രേമം തൊടങ്ങി. ഇരുന്നൂ.....
08:55
ഡ്രൈവര്‍ തീവണ്ടിയുടെ കിക്കറടിച്ചു, ഫസ്റ്റിട്ടു, ആക്സിലേട്ടറില്‍ ചവിട്ടി, വണ്ടി നീങ്ങി തുടങ്ങി. കന്നിയാത്രക്ക് പച്ചക്കൊടി വീശാന്‍ കൊണ്ഗ്രസ്സുകാരും മാര്‍ക്കിസ്റ്റുകാരുമൊക്കെയുണ്ടായിരുന്നു. ലീഗുകാര് ഇത് കണ്ട് ഉള്ളില്‍ ചിരിക്കുന്നുണ്ടാവും, ടീംസ് പച്ച കൊടിയല്ലേ വീശുന്നത് !!
ഞാന്‍ ബാഗില്‍നിന്നും 'ദ ഹിന്ദു' എടുത്തു, കുട്ടി നോക്കി. ആണ്ട്രോയിഡ് ഫോണെടുത്തു പാട്ടുവെച്ചു, കുട്ടി ചിരിച്ചു.
കുട്ടി മാതൃഭൂമി ആഴ്ച പതിപ്പ് വായിക്കാണ്. ശിവനെ ....എന്റെ കയ്യിലുമുണ്ടല്ലോ അതുപോലൊരു കോപ്പി ! താനൂര് സ്റ്റേഷനെത്തുമ്പോ പുറത്തെടുത്ത്, കുട്ടീടെ മുഖത്ത് നോക്കി ലൈറ്റായിറ്റൊന്നു ചിരിക്കണം, കുട്ടി വീണു !
09:05
മൊബൈലില്‍ ഒരു പ്രേമ ഗാനം, ♪♪ മറന്നോ നീ നിലാവില്‍ നമ്മളാദ്യം....♪♪ അത് കേട്ടപ്പോഴാണ് മറന്നത് ഓര്‍മ്മ വന്നത്. സീസണ്‍ ടിക്കറ്റിന്റെ ഡേറ്റ് ഇന്നലെ തീര്‍ന്നിരിക്കുന്നു !
ട്വിസ്റ്റ്
.
.
.
.
.
.
ഉദ്ഘാടന ദിവസം തന്നെ ടി.ടി.ഇ ക്ക് പണിയുണ്ടാക്കാനാണോ ഞാന്‍ മെനകെട്ടു വന്നത് ?
'ന്നാലും ന്റെ അഹമ്മദിക്കാ.....ഇങ്ങനൊരു ദുല്‍മ് ഇങ്ങള് നീല പെയിന്റടിച്ച് ന്റെ അടുത്തിക്കെന്നെ വിട്ടല്ലോ ??'.
ഫ്രീക്കുസ്മാന്‍ ഇന്ന് മുന്നില്‍ കൊണ്ട് വന്നു ബൈക്ക് നിര്‍ത്തി വിളിച്ചു കേറ്റിയപ്പോഴേ ഞാന്‍ അപകടം മണക്കേ ണ്ടതായിരുന്നു.
സീറ്റില്‍ നിന്നൊഴിയാന്‍ ഞാന്‍ തീരുമാനിച്ചു. ഇനി കഷ്ടകാലത്തിനു ടി.ടി.ഇ വന്നു പോക്കിയാലും (എന്റെ ഇന്നത്തെ സ്ഥിതി വെച്ച് നോക്കിയാല്‍ അത് സംഭവിച്ചിരിക്കും) കുട്ടി അതറിയരുത്, ഇമേജ് പോവും. ഞാന്‍ സീറ്റില്‍ നിന്നും നീക്കേണ്ട താമസം ഒരു യുവകോമളന്‍ അവിടേക്ക് ചാടി വീണു. പട്ടി, തെണ്ടി. ഓന്റെ കയ്യില്‍ ഐ ഫോണാ അതാ പേടി !
കുട്ടി അടുത്ത സ്റ്റോപ്പിലിറങ്ങണേന്നു പ്രാര്‍ഥിചിട്ടും കാര്യമില്ല, ഇനി കോഴിക്കോടെ സ്റ്റോപ്പുള്ളൂ. വേദന കടിച്ചമര്‍ത്തി ഞാന്‍ വാതിലിനടുത്തേക്ക് നടന്നു. കാലാകാലങ്ങളായി, ടിക്കറ്റെടുക്കാത്ത മഹാന്‍മാര്‍ക്കായി റിസേര്‍വ് ചെയ്തു വെച്ച സ്ഥലമാണല്ലോ അവിടം.
ഞാന്‍ അവിടെ നിക്കുന്നവരുടെയെല്ലാം മുഖത്തേക്ക് നോക്കി. എല്ലാത്തിന്റെയും മുഖത്ത് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പോണ പോലുള്ള കോണ്‍ഫിഡന്‍സുണ്ട്. അതോടെ കമ്പനിക്കാളെ കിട്ടില്ലെന്നുറപ്പായി.
അവിടെ നിന്ന് ഞാന്‍ മിനുട്ടുകളെണ്ണി.
09:40
കല്ലായി സ്റ്റേഷന്‍. നോക്കിയാ കാണുന്ന ദൂരത്ത് കോഴിക്കോട് സ്റ്റേഷന്‍.വണ്ടി സ്ലോ ആവുന്നു. ഞാന്‍ രക്ഷപെടാന്‍ ഇനി ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി.
അല്ലെങ്കിലും നല്ല കാര്യങ്ങള്‍ നടക്കാനാണല്ലോ മണിക്കൂറുകളും വര്‍ഷങ്ങളും വേണ്ടി വര്യാ. ഇതുപോലുള്ള പണി വരാന്‍ സെക്കണ്ടുകള്‍ തന്നെ ധാരാളമാണ്. കോട്ടിട്ട ആ രൂപം എന്‍റെ തൊട്ടടുത്ത്! ഒന്നര മാസമായി ഞാന്‍ കോഴിക്കോട്ടേക്ക് ഡെയിലി പോണു, ഇതിനിടയില്‍ ദൂരത്തു നിന്ന് പോലും ഈ സാധനത്തിനെ എനിക്ക് കാണാന്‍ കിട്ടിയിട്ടില്ല. ടുഡേ ഈസ് മൈ ഡേ!!
ഞാന്‍ കാലാവധി കഴിഞ്ഞ ടിക്കറ്റെടുത്ത് നീട്ടി. വില്ലന്റെ മുഖത്ത് ചിരി, ഹലാക്കിലെ ചിരി. വളരെ മയത്തിലാണ് തുടങ്ങിയത് .
"മോനെ, ഡേറ്റ് കഴിഞ്ഞതാണല്ലോ. ഉദ്ഘാടന ദിവസം തന്നെ ഓസിനു യാത്ര ചെയ്യാന്‍ നാണമില്ലേ ?"
അയാള്‍ക്ക് പതുക്കെ സംസാരിക്കാന്‍ അറിയില്ലായിരുന്നു. വളരെ പെട്ടന്ന് തന്നെ ഞാന്‍ കമ്പാര്‍ട്ട്മെന്റിലെ താരമായി മാറി. എല്ലാവരും ശ്രദ്ധിക്കുന്നു, കുട്ടി കൂടുതല്‍ ശ്രദ്ധിക്കുന്നു .
"ഒറ്റ ദിവസമല്ലേ, തെറ്റിയിട്ടുള്ളൂ ? ഇന്നാദ്യത്തെ ഓട്ടമല്ലേ , പ്ലീസ് സാര്‍ ...."
ഞാന്‍ അടവുകളോരോന്നായി പുറത്തെടുക്കാന്‍ തുടങ്ങി.
"ഫൈന്‍ അടക്കണം, 307 രൂപ." കോട്ടിട്ട കാലന്‍ കട്ട സ്പിരിറ്റിലാ.
ഞാന്‍ കുട്ടിയെ നോക്കി, എല്ലാം കുട്ടി കേള്‍ക്കുന്നുണ്ട്. കേള്‍ക്കാത്തത് ഐഫോണുകാരന്‍ ഡബ്ബ് ചെയ്ത് പറഞ്ഞു കൊടുക്കുന്നു.
'ഇന്ന്‍ ഈ കമ്പാര്‍ട്ട്മെന്റില്‍ രണ്ടു കൊലപാതകവും, ഒരു ആത്മഹത്യയും നടക്കും.'
09:45
വണ്ടി കോഴിക്കോടെത്തി.
'ഇറങ്ങി ഓടിയാലോ ?' എന്‍റെ ഉള്ളിലെ കുരുട്ടു ബുദ്ധിക്കാരന്‍ സജഷന്‍ വെച്ചു. പക്ഷെ ഉള്ളിലെ കാമുകന്‍ ആ സജഷന്‍ സ്പോട്ടില് തള്ളി, 'കുട്ടി കണ്ടാല്‍ മോശാണ്'.
യാത്രക്കാര്‍ ഓരോരുത്തരായി ഇറങ്ങാന്‍ തുടങ്ങി. ഞങ്ങളുടെ കലാപരിപാടി കഴിഞ്ഞിട്ടില്ലായിരുന്നു.
"50,100,150....." ഞാന്‍ ഒരറ്റത്ത് നിന്ന്‍ പിടിച്ചു തുടങ്ങി . പക്ഷെ ചങ്ങായി അടുക്കണില്ല.
അപ്പോഴാണ് അതുണ്ടായത്, അവളുണ്ട് എന്‍റെ മുഖത്തേക്ക് നോക്കി ആക്കിയൊരു ചിരിയും ചിരിച്ച് ആ ഐഫോണ്‍ ചുള്ളന്റെ ഒപ്പം ഇറങ്ങി പോണു! ഹിന്ദുവും ആഴ്ചപതിപ്പും ഇല്ലാതെ അവന്‍ പണി പറ്റിച്ചിരിക്കുന്നു!! അതാണ് അവസാനം.
പോക്കറ്റില്‍ നിന്നും മുന്നൂറ്റി പത്തു ഉറപ്പ്യ എടുത്ത് നീട്ടി, ഞാന്‍ ഏന്‍ഡ് ഡയലോഗടിച്ചു,
"ഇന്നാ, പൈസ കൊണ്ടോയി പെട്ടീലിട്ടോ. ഇങ്ങള് ഇതൊണ്ട് കല്ലത്താക്കീത് ഒരു പ്രേമാണ്, ഇങ്ങളോട് ദൈവം ചോയിച്ചോളും "
ബാക്കി വാങ്ങാതെ ഞാന്‍ പുറത്തേക്കു നടക്കുമ്പോഴും ഇഷ്ടന്‍ ആലോചിക്കുകയായിരുന്നു ഫൈനും പ്രേമവും തമ്മിലുള്ള ബന്ധം ഇന്ത്യന്‍ റെയില്‍വേയുടെ ഇതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത് എന്ന്.
ദീപു പ്രദീപ്
www.deepupradeep.blogspot.com
10 Comments, Post your comment:
അപ്പൊ തേങ്ങ അങ്ങട് ഒടയ്ക്കുന്നു കമന്റ് വഴിയെ
ചിരിക്ക് ചിരി
കഥക്ക് കഥ
സസ്പെന്‍സും ഉഗ്രന്‍
വലരേഏഏഎ.... ഇഷ്ടായി.
നന്നായി കഥ പറയാന്‍ അറിയാലോ..
പതിമൂന്ന് കമ്പാര്‍ട്ടുമെന്‍റുകളുമായി കൂക്കി വിളിച്ച് വണ്ടി പറളി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താതെ കന്നിയാത്ര പോവുന്നത് കണ്ടപ്പോഴേ എന്തോ അനര്‍ത്ഥം ഉണ്ടെന്ന് എനിക്ക് തോന്നി. അത് ഇതായി
കഥ നന്നായി
നന്നായി അവതരിപ്പിച്ചു, എഴുതി.
കളിയും കാര്യവും ഒപ്പത്തിനൊപ്പം നില്‍ക്കുന്നുണ്ട്,കഥയില്‍ .
അവതരണമാണെങ്കില്‍ അതിമനോഹരവും..
ആശംസകള്‍
ടിക്കറ്റില്ലാതെ 3 മാസം യാത്ര ചെയ്തിട്ടുണ്ട്. ഒരു വട്ടം പിടികൂടപ്പെടുന്നതിന്റെ അടുത്തെത്തിയെങ്കിലും രക്ഷപ്പെട്ടു. ഇതു വായിച്ചപ്പോള്‍ ഓര്‍മ്മകള്‍ ഒന്നു റീവൈന്റ് ആയി.
എല്ലാവര്‍ക്കും നന്ദി
good..കഥ നന്നായി
Post a Comment