സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!ഇരുട്ടില് നെഴലുണ്ടാവ്വ്വോ?

November 14, 2010 ശിവകാമി

"നിയ്ക്ക് തലയ്ക്കു സുഖോല്ല്യെ കുട്ടീ? "

നീണ്ട വരാന്തയിലൂടെ വിദ്യയുടെയും പ്രശാന്തിന്റെയും കൈ പിടിച്ച് പതിയെ നടന്ന് സൈക്യാട്രി വിംഗ് എന്ന വലിയ ബോര്‍ഡ്‌ ചൂണ്ടുന്നിടത്തേക്ക് തിരിയുമ്പോള്‍ ലീലാവതിയമ്മ തിരിഞ്ഞുനിന്നു.

വിദ്യ വിതുമ്പിവന്ന കരച്ചില്‍ ചുവരോരത്തേയ്ക്ക് ഒതുക്കുമ്പോള്‍ പ്രശാന്ത് അവരുടെ കയ്യില്‍ മുറുകെ പിടിച്ചു.
"ഏയ്‌.. ഒന്നൂല്ല്യാ... എല്ലാത്തിന്റെയും ചെക്കപ്പ്‌ അല്ലെമ്മേ? ഇതൊക്കെ ഓരോ ഫോര്‍മാലിറ്റി എന്നേയുള്ളൂ.. "

വിശ്വാസമാവാതെ നടക്കുന്ന അമ്മയുടെ പിന്നിലൂടെ ഭാര്യയെ ശകാരഭാവത്തില്‍ അയാള്‍ നോക്കി.

അടുത്തിരിക്കുന്ന ആളുകളെ ഓരോരുത്തരെയും വെറുതെ നോക്കുമ്പോഴും അമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവിടെ ആരും ആരെയും ശ്രദ്ധിച്ചില്ല. വിദ്യയും പ്രശാന്തും അമ്മയുടെ കയ്യില്‍ പിടിച്ചുകൊണ്ടുതന്നെയാണ് കസേരയില്‍ ഇരുത്തിയത്.

"ലീലാവതിയമ്മ ടീച്ചര്‍ ആയിരുന്നുവല്ലേ? അമ്മേ എന്ന് വിളിക്കണോ അതോ ടീച്ചറേന്നു വിളിക്കണോ? " മലയാളി ഡോക്ടര്‍ ചോദിച്ചതുകേട്ട് അമ്മ ഒന്നാലോചിച്ചു. പിന്നെ ചിരിച്ചു.

"എന്നാല്‍ ടീച്ചറമ്മേന്നു വിളിക്കാം, ന്താ? ഞാന്‍ പ്രശാന്തിന്റെ കൂടെ കോളേജില്‍ പഠിച്ചതാ.. അമ്മയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.."

"ഒന്നുകില്‍ വല്ലാത്ത ചിന്ത, അല്ലെങ്കില്‍ എപ്പോഴും സംസാരം.. അച്ഛന്‍ മരിച്ചതിനു ശേഷാ ഇങ്ങനെ... " വിദ്യയുടെ സംസാരത്തിന് ഡോക്ടറുടെ ഇടത്തേ കൈപ്പത്തി തടയിട്ടു.

"ടീച്ചറമ്മ പറയൂ... എന്തൊക്കെയാ വിശേഷങ്ങള്‍?"

"വിശേഷം.... എന്താ പറയ്യാ... എല്ലാം പോയില്ല്യെ... "
പെട്ടെന്നെന്തോ ഓര്‍ത്തുനിര്‍ത്തിയിട്ടു ഇളം നീലസാരിയുടെ തുമ്പുകൊണ്ട് മുഖം തുടച്ചു, കസേരയില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു ചുറ്റും നോക്കി പെട്ടെന്ന് എവിടെയോ സ്വയം നഷ്ടപ്പെട്ടിരുന്നു.

"ടീച്ചറമ്മ എന്താ ആലോചിക്കുന്നത്?"

"എല്ലാര്‍ക്കും മൂപ്പരെ പേടിയായിരുന്നു.. വലിയ തറവാട്ടിലെ കാര്‍ന്നോരല്ലേ.. പോരാത്തതിന് കോളേജിലെ മാഷും! ആരും മുന്നില്‍ നിക്കില്ല്യാ... മൂപ്പരടെ പെണ്ണായിട്ടാ വരണതേ... യ്ക്കും പേട്യന്നെ! പെണ്ണുകാണാന്‍ വന്നപ്പളും ഒന്നും ചോദിച്ചില്ല്യാ.. അതെങ്ങന്യാ... അന്ന് ഏടത്തീടെ നിഴലല്ലേ ഞാന്‍!

"ഓ... തുടങ്ങി പഴമ്പുരാണം!" വിദ്യ തെല്ലുജാള്യതയോടെ പ്രശാന്തിനെ നോക്കി.

"കുട്ട്യായിരുന്നപ്പോ അമ്മമ്മടെ നെഴലാ നീയ്യെന്നു കളിയാക്കീര്ന്നു ഏടത്തീം അമ്മുത്തലെത്തെ പാറൂം.. പാടത്തും പറമ്പിലുമൊക്കെ അമ്മമ്മടെ പിന്നാലെയല്ലേ നടന്നേര്‍ന്നെ...
അമ്മമ്മ കിടപ്പായപ്പോഴാ ഏടത്തീടെ പിന്നാലെ കൂടീത്.. നിയ്ക്കതല്ലേ പറ്റുള്ളൂ... ഇസ്കൂളില് പ്രാര്‍ത്ഥനയ്ക്ക് വരീല് നിക്കുമ്പോ മുമ്പില് നിക്കാന്‍ പറേം കണക്കുമാഷ്. അപ്പളും ജാനകീടെ പിന്നിലെ നിക്കുള്ളൂ.. "

"അതെന്തേ അങ്ങനെ? പേടിച്ചിട്ടാ? "

"പേടീണ്ടോ ന്നു ചോദിച്ചാ ഇല്ല്യാന്നു തോന്നും... ന്നാലും മുന്നില്‍ നിക്കാന്‍ എന്താവോ..
കല്യാണായി അവടയ്ക്ക് പോവുമ്പോ അമ്മമ്മ പറഞ്ഞതാ.. ദൈര്യായിരിക്കണംന്ന്... ന്നാലും മൂപ്പര്‍ടെ നെഴലാവാനല്ലേ പറ്റുള്ളൂ.. അവിടേള്ളോരന്നെ ഉമ്മറത്ത്‌ നിക്കില്ല്യാ.. അപ്പഴാ ഞാന്‍! "

മൌനത്തിനിടയില്‍ അമ്മയുടെ കയ്യില്‍ പിടിക്കാനൊരുങ്ങിയ വിദ്യയെ ഡോക്ടര്‍ ആംഗ്യത്താല്‍ തടഞ്ഞു.

"ന്നാലും സ്നേഹായിരുന്നു... ഇരുട്ടില് തോളില് കൈ വെച്ചിട്ട് ഊണു കഴിച്ച്വോ..ന്ന് ചോദിച്ചാല്‍ മതീലോ...."
ലീലാവതിയമ്മ ഓര്‍മ്മകളില്‍ മുഴുകി മന്ദഹസിച്ചു.

"ടീച്ചറമ്മക്ക് കുടിക്കാന്‍ ചായ ആയാലോ?"

"അമ്മേ... "

"കുട്ടി ഇപ്പൊ പറഞ്ഞില്ല്യെ.. ടീച്ചര്‍ ആയിരുന്നൂന്നു നിയ്ക്കന്നെ വിശ്വസല്ല്യാ... മൂപ്പര് കൊണ്ടു വിടും.. തിരിച്ചും കൂട്ടീട്ടു വരും... പെന്ഷനായിട്ടു പത്തുപതിനഞ്ചു കൊല്ലായില്ല്യെ... അദൊന്നും ഓര്‍മ്മേം കൂടീല്ല്യ... മൂപ്പരടെ കാര്യങ്ങള് നോക്കി നടത്ത്വാ.. മൂപ്പര് പറയണത് ചെയ്യാ... ദാ.. ഒറ്റമോളാ.. ഇവളെ അയക്കണവരെ ഇവള്‍ടെ കാര്യോം നോക്കീരുന്നു... അദന്നെ... "

"ഓ... ഐ സീ...പെട്ടെന്നായിരുന്നോ വിദ്യേടെ അച്ഛന്‍...?"

"മൂപ്പര് സൂക്കെടായി കെടന്നപ്പോ അറിയായിരുന്നു ഒരുപാട് കാലോന്നും 'ണ്ടാവില്ല്യന്ന്.. ന്നാലും... പെട്ടെന്നൊരു ദിവസം ഒന്നും പറയാണ്ട്.... ഒറക്കത്തിലന്നെ..."

"ടീച്ചറമ്മ ഈ ചായ കുടിയ്ക്കൂ..."

"അമ്മ തനിച്ചു അവടെ ഇരിക്കണ്ടാന്നു പറഞ്ഞു കൂടെ കൂട്ടീതാ ഇവള്... ഷാരത്തെ വല്സലേം അതന്ന്യാ പറഞ്ഞെ...
ഇപ്പൊ ദാ.. ഇവരും പൂവാത്രേ... അമേരിക്കക്ക്..."

"അമ്മേ... രാജമാമയും അമ്മായീമൊക്കെ നോക്കിക്കോളാംന്ന് പറഞ്ഞിട്ടല്ലേ... പോരാത്തതിന് പ്രശാന്തിന്റെ അമ്മേം അച്ഛനുമൊക്കെയില്ല്യെ? അമ്മ ഇങ്ങനെ വാശി പിടിച്ചാലെങ്ങനെയാ? പ്രശാന്ത്‌ പോവുമ്പോള്‍ ഞാനെങ്ങനെയാ ഇവടെ നിക്ക്വാ?" അതുവരെ ഉള്ളില്‍ ഉറഞ്ഞുകൂടിയതെല്ലാം വിദ്യ ഒറ്റയടിക്ക് ഒഴുക്കിക്കളഞ്ഞത് അമ്മ കേട്ടില്ല.

ചായകപ്പ് മേശപ്പുറത്തുവെച്ച് ലീലാവതിയമ്മ പതിയെ എഴുനേറ്റ്, ചുവരിലും കസേരയിലും പിടിച്ചുകൊണ്ടു ജനാലയ്ക്കലേക്ക് നടന്നു.

"സീ വിദ്യ... യു ഷുഡ് അണ്ടര്‍സ്റ്റാന്റ് ഹേര്‍ മൈന്‍ഡ്... "
അവരുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട്‌ ഡോക്ടര്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
" നിങ്ങള്‍ വിചാരിക്കുന്നതുപോലെ കാര്യമായി ഒന്നുമില്ല അമ്മക്ക്... ഇതൊരു തരം ആന്ക്സൈറ്റി...... "

മൂന്നുപേരുടെ ശബ്ദങ്ങള്‍ ഇടതടവില്ലാതെ ഉയരുമ്പോള്‍ ലീലാവതിയമ്മ അവിടുത്തെ കട്ടിലില്‍ ഇരുന്ന് പുറത്തേക്കു നോക്കി.
"ദാ... സൂര്യന്‍ അസ്തമിക്കാന്‍ പോണൂ.. ഇരുട്ടാവ്വ്വാ... ഇരുട്ടില് നെഴലുണ്ടാവ്വ്വോ? ഇനി വെളിച്ചം മാത്രം മതിയോ... നെഴലിനു മുന്നില്‍ നിക്കാന്‍ രൂപോം വേണ്ടേ? ന്തേ ഇദോന്നും ആര്‍ക്കും മനസിലാവാത്തെ?"

14 Comments, Post your comment:

Manoraj said...

ഇത് ശിവയുടെ ബ്ലോഗില്‍ വായിച്ചിരുന്നു. അവിടെ കമന്റുകയും ചെയ്തു. ഇനിയും എഴുതു. ശിവയുടെ എഴുത്തുകള്‍ വായനാസുഖമുള്ളവയാണ്. പ്രമേയത്തിലെ ആവര്‍ത്തന വിരസത അതുകൊണ്ട് തന്നെ മറക്കുന്നു

ചിന്നവീടര്‍ said...

മനസ്സില്‍ തട്ടുന്ന ഒരു കഥ മനോഹരമായ ഭാഷയില്‍ പറഞ്ഞുപോയിരിക്കുന്നു....

പ്രയാണ്‍ said...

വാക്കില്‍ വായിച്ചെങ്കിലും വീണ്ടും വായിച്ചു...........വെളിച്ചം തിരഞ്ഞ് മടുത്ത് ഇരുട്ട് സ്വപ്നം കാണാന്‍ തുടങ്ങിയ ഒരമ്മ എനിക്കുമുണ്ടേയ്........

anju nair said...

bipolar disorder aano? anxiety aavilla...... sorry shivakami psychology padichathinte kuzhappama.....

കുഞ്ഞൂസ് (Kunjuss) said...

മനസ്സില്‍ തട്ടുന്ന ഒരു കഥ മനോഹരമായ ഭാഷയില്‍ പറഞ്ഞു...!

sugathan said...

കഥ നന്നായി!

ശിവകാമി said...
This comment has been removed by the author.
ശിവകാമി said...

അഭിപ്രായം പറഞ്ഞവര്‍ക്കും വെറുതെ വായിച്ചുപോയവര്‍ക്കും നന്ദി..
അഞ്ജു, തെറ്റി.. സൈക്കോളജി പഠിക്കാത്തതിന്റെ കുഴപ്പമാ.. :)

Echmukutty said...

ഇരുട്ടിൽ നിഴലുണ്ടാവില്ല.
കഥ ഇഷ്ടപ്പെട്ടു.

ഉപാസന || Upasana said...

നന്നായി എഴുതി.
സ്ലാങ്ങിനു ഫുള്‍ മാര്‍ക്ക്
:-)

thabarakrahman said...

ശിവകാമിയുടെ കഥ
ഞാന്‍ ആദ്യമായാണ് വായിക്കുന്നത്.
തീര്‍ച്ചയായും, താങ്കള്‍ക്ക് നന്നായി
കഥ പറയാനറിയാം. വീണ്ടും ശിവകാമിയുടെ
കഥകള്‍ക്കായി പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) said...

nice flow of story telling... do writ more :)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നന്നായിട്ടുണ്ട് ശിവകാമി

മുകിൽ said...

അവസാനവരികൾ ശരിക്കും നന്നായിരിക്കുന്നു.... നല്ല കഥ.