സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



<<< എവിടെയോ ഒരമ്മ >>>

November 28, 2010 നൗഷാദ് അകമ്പാടം


"ഇതാര് ടേതാ ഇക്കാ ഈ കത്ത്?"
ഓഫീസില്‍ നിന്നും വന്ന് അഴിച്ചിട്ട പാന്റും ഷര്‍ട്ടും അലമാരിയില്‍ തൂക്കുന്നതിനിടയില്‍ ശ്രീമതി വിളിച്ച് ചോദിച്ചപ്പോഴാണു അയാള്‍ക്ക് ആ കത്തിന്റെ കാര്യം ഓര്‍മ്മവന്നത്..
ജോലിത്തിരക്കിനിടയില്‍ കത്ത് പാന്റിന്റെ ബാക്ക് പോക്കറ്റിലിട്ടത് അയാള്‍ മറന്നു പോയിരുന്നു.
------------------------
അയാള്‍ ആ കത്ത് വാങ്ങി ആകാംക്ഷയോടെ നോക്കി.
പരിചയമില്ലാത്ത കയ്യക്ഷരം!
മുന്‍പ് സ്ഥിരമായി കത്തെഴുതിയിരുന്നവള്‍ ഇതാ ഇപ്പോ കൂടെയുണ്ട്..
പിന്നെയുള്ളത് ചങ്ങാതി ബാപ്പുട്ടിയാണു..
അവനും ഗള്‍ഫിലേക്ക് പോന്നതില്‍ പിന്നെ തനിക്ക് കത്തെഴുതാന്‍ കാര്യമായി ആരുമില്ലാതെയായി..
ഇപ്പോള്‍ മൊബൈലും ഇന്റര്‍നെറ്റ് ഫോണും ഒക്കെ വന്നതില്‍ പിന്നെ ഒരു കത്ത് കണ്ട കാലം തന്നെ മറന്നിരിക്കുന്നു..
------------------------
കവര്‍ തിരിച്ചും മറിച്ചും നോക്കി വെറുതേ ഒന്നാലോചിച്ചു..
ആരുടേതാവും ഈ എഴുത്ത്?
പലമുഖങ്ങള്‍ മാറിമറിഞ്ഞ് വന്നപ്പോള്‍ ഒടുവില്‍ എത്തിയത് പഴയ പ്രണയ കഥയിലെ നായികയുടെ മുഖമാണു...
ഒരിക്കല്‍ ഞാന്‍ എല്ലാം തുറന്നെഴുതാമെന്ന ഏറ്റുപറച്ചിലില്‍ വേര്‍പിരിഞ്ഞ..
ന്റെ റബ്ബേ..ഇനി ചിലപ്പോ ഇതവളുടേതാകുമോ!..
എങ്കിലതു മതി ശ്രീമതിക്ക് ഇന്നത്തേക്ക്..!
------------------------
അയാള്‍ തെല്ലൊരു ബേജാറുകലര്‍ന്ന ആകാംക്ഷയോടെ ആ കത്ത് പൊട്ടിച്ച് വായിക്കാന്‍ തുടങ്ങി..
------------------------
ഓരോ വരികള്‍ പിന്നിടുമ്പോഴും
നിറം മങ്ങിയ കടലാസില്‍ വടിവില്ലാത്ത അക്ഷരങ്ങള്‍ക്ക് അയാള്‍ മറന്ന് പോയ ഒരു പാട് ഓര്‍മ്മകള്‍ അടയിരിക്കുന്നതും പതിയെ അവക്കിടയിലൂടെ ഒരു നീല ജാലകം മെല്ലെ മെല്ലെ തുറക്കുന്നതും അയാള്‍ കണ്ടു..
------------------------
* * * * * * * * * * * * * * * * * * * * * * * * *
------------------------
പ്രവാസജീവിതത്തിലെ നാലാണ്ടുകള്‍ പിന്നിട്ട് കഴിഞ്ഞാണു ഏറെ കൊതിച്ചിരുന്ന ഹജ്ജ് ചെയ്യാനുള്ള സന്ദര്‍ഭം അയാള്‍ക്ക് ആദ്യമായി ഒത്തുവന്നത്..
------------------------
മാസങ്ങള്‍ക്കു മുന്‍പ് തന്നെ പുസ്തകങ്ങള്‍ വായിച്ചും ചോദിച്ചറിഞ്ഞുമൊക്കെ
ഹജ്ജ് കര്‍മ്മത്തെക്കുറിച്ചു നല്ല ധാരണ ഉണ്ടാക്കിയെടുത്തിരുന്നു.സഹപ്രവര്‍ത്തകനായ സ്വദേശിപൗരന്‍ വഴി സംഘടിപിച്ച അനുമതി പത്രം കയ്യിലുണ്ടായതിനാല്‍ തടസ്സങ്ങളില്ലാതെ മക്കയിലെത്തി തൂവെള്ള ഇഹ്റാം ധരിച്ച ലക്ഷക്കണക്കിനു വിശ്വാസികള്‍ക്കിടയില്‍ വലിയ ആവേശത്തോടെ തന്നെ അയാള്‍ തന്റെ പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളില്‍ മുഴുകി..
------------------------
പ്രായമായവരും കുട്ടികളും പലവര്‍ണ്ണത്തിലും രൂപത്തിലുമുള്ള നൂറില്പരം രാഷ്ട്രങ്ങളിലെ വിശ്വാസികള്‍ ഒത്തൊരുമയോടെ നാവില്‍ "ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക്..." എന്ന ത്കബീര്‍ ധ്വനി മുഴക്കി മുന്നോട്ട് നീങ്ങുമ്പോള്‍ അയാളോര്‍ത്തു...
സര്‍‌വ്വ ശക്തനായ നാഥാ..ഈ നിമിഷങ്ങള്‍ക്കെത്ര കൊതിച്ചതാണു ഞാന്‍ !
------------------------
മക്കയില്‍ നിന്നും പുറപ്പെട്ട് ലക്ഷക്കണക്കിനു ടെന്റുകള്‍ നിറഞ്ഞ മിനാ നഗരത്തിലെ രാത്രി താമസത്തിനു ശേഷം അറഫാ എന്ന സ്ഥലത്തേക്ക് പുലര്‍ച്ചേ അയാള്‍ ആ വന്‍ ജനാവലിയോടൊപ്പം യാത്ര തിരിച്ചു.
ശാന്തമായും എന്നാല്‍ താളാത്മകമായ ഒഴുക്കോടെ നീങ്ങുന്ന ഒരു നദി പോലെ ആ ജനലക്ഷങ്ങള്‍ക്കിടയിലൂടെ അയാളും എല്ലാം മറന്ന് തക്ബീര്‍ ധ്വനികള്‍ മുഴക്കി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു..
------------------------
പെട്ടന്നാണു വഴിയരികില്‍ ഒരു വൃദ്ധയായ മലയാളി ഉമ്മ യാത്രാക്ഷീണത്താല്‍ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍ക്കുമ്പോള്‍ വീഴാന്‍ പോകുന്നത് അയാള്‍ കണ്ടത്..
അയാള്‍ ധൃതിയില്‍ അവര്‍ക്കരികെ എത്തി എഴുന്നേല്‍ക്കാന്‍ സഹായിച്ചു..
മെല്ലെ അവരെ നടത്തിച്ചു അയാള്‍ സലാം പറഞ്ഞു മുന്നോട്ട് നടക്കുകയും ചെയ്തു.
ഈ യാത്രക്കിടയില്‍ അതു സാധാരണ അനുഭവം തന്നെ..
ഒരു കൈ സഹായിച്ച് അല്ലാഹുവിന്റെ രക്ഷയും ആശംസിച്ച് പിരിയുകയാണു പതിവ്..
------------------------
പക്ഷേ എന്തു കൊണ്ടോ അയാള്‍ക്കധികം പോവാന്‍ കഴിഞ്ഞില്ല..
തിരിഞ്ഞ് നോക്കുമ്പോള്‍ ആ വൃദ്ധയായ ഹജ്ജുമ്മ വളരെ വിഷമത്തോടെ മുന്നോട്ട് നടക്കുന്നത് തിരക്കിനിടയിലൂടെ അയാള്‍കണ്ടു.
അയാള്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നടത്തയുടെ വേഗം കുറച്ചു..
അവരുടെ കൂടെ ആരും ഇല്ലേ?
ഏതെങ്കിലും ഗ്രൂപ്പിലാവുമല്ലോ അവര്‍ വന്നത്..
ഇനിയിപ്പോള്‍ ഒറ്റപ്പെട്ട് പോയതാണോ അവര്‍?
------------------------
ഒന്നു സഹായിക്കേണമോ..
------------------------
അയാള്‍ പിന്നെ അമാന്തിച്ചില്ല..അവരുടെ അടുത്തേക്ക് ചെന്നു കൈ പിടിച്ചു.
ജരാനര ബാധിച്ചു തുടങ്ങിയ ആ കൈകള്‍ തൊട്ടപ്പോള്‍ നല്ല പനിയുണ്ടെന്നു മനസ്സിലായി..
നാട്ടില്‍ നിന്നും വന്ന ഹജ്ജ് ഗ്രൂപ്പില്‍ നിന്നും ഒറ്റപ്പെട്ട് പോയ ആ പാവം സ്ത്രീ വല്ലാതെ ചകിതയായിരുന്നു..കയ്യിലെ കടലാസില്‍ നോക്കി ഗ്രൂപ്പിന്റെ അഡ്രസ്സും ഫോണ്‍ നമ്പരും ചികഞ്ഞെടുത്ത അയാള്‍ അവരെ ഉടനേ കണ്ടു പിടിക്കാമെന്ന് അവരെ സമാധാനിപ്പിച്ചു..
മിനായില്‍ ആണു അവരുടെ ഗ്രൂപ്പിന്റെ ടെന്റ് ഉള്ളത്..മിനായില്‍ നിന്നും അറഫായിലേക്ക് പുറപ്പെട്ടാല്‍ പിന്നെ ആ പകല്‍ മുഴുവനും അറഫയിലും രാത്രി മുസ്ദലിഫ എന്ന സ്ഥലത്തും കഴിഞ്ഞ് പിറ്റേന്നേ വീണ്ടും മിനായില്‍ തിരികെ എത്തുകയുള്ളൂ..അതിനിടക്ക് ഗ്രൂപ്പുമായി ബന്ധപ്പെടാന്‍ ബുദ്ധിമുട്ടായിരുന്നു എന്നയാള്‍ക്ക് അറിയാമായിരുന്നു.
------------------------
പലതവണ കയ്യിലുള്ള മൊബൈല്‍ ഫോണില്‍ അവരുടെ അമീറിനെ വിളിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ ഫോണ്‍ ഓഫ് ആയ നിലയിലായിരുന്നു..
അയാള്‍ തല്‍ക്കാലം അവരെ തന്റെ കൂടെ കൂട്ടി..
വഴിയിലെ മെഡിക്കല്‍ സെന്റ്ററില്‍ അവരെ കാണിച്ചു മരുന്നുകളും മറ്റും വാങ്ങിക്കുകയും ചെയ്തു.
------------------------
അറഫായിലെ അതി കഠിനമായ ചൂടില്‍ ദിനം മുഴുക്കേയുള്ള പ്രാര്‍ത്ഥനയിലും ഖുര്‍ ആന്‍ പാരായണത്തിലും തളര്‍ന്നു പോയ അവരെ അയാള്‍ തന്റെ ഭാണ്‍ഡത്തിലെ തുണി ചെടികള്‍ക്കു മുകളില്‍ വിരിച്ച് തണലാക്കി കിടത്തി..
അവരുടെ ചുളിവ് വീണ മുഖത്തേക്ക് നോക്കി കൗതുകത്തോടെ അയാളോര്‍ത്തു..
തന്റെ ഉമ്മയുണ്ടായിരുന്നുവെങ്കില്‍ ഇപ്പോ ഏകദേശം ഇതേ പ്രായവും രൂപവുമൊക്കെയായിരിക്കും.
------------------------
തിരിച്ച് രാത്രി മുസ്ദലിഫയിലും പുലര്‍ച്ചെ മിനായിലേക്കും എത്തിച്ചേര്‍ന്നപ്പോഴേക്കും അവര്‍ക്കിടയില്‍ വാല്‍സല്യപൂര്‍‌വ്വമായ ഒരു ബന്ധം ഉടലെടുത്തിരുന്നു..
അനാഥനായി വളര്‍ന്ന അയാള്‍ തല്‍ക്കാലത്തേക്കെങ്കിലും ഒരുമ്മയെ കിട്ടിയതില്‍ അതിയായി ഉള്ളില്‍ സന്തോഷിച്ചു..
------------------------
യാത്രക്കിടെ അവരുടെ കഥയറിഞ്ഞപ്പോള്‍ അയാള്‍ക്ക് ഉള്ളില്‍ വല്ലാതെ നീറ്റല്‍ അനുഭവപ്പെടു.
------------------------
അത്യാവശ്യം സമ്പത്തുണ്ടായിരുന്ന കുടുംബത്തിലെ നാഥന്‍ മരണപ്പെട്ടതോടെ ഒറ്റപ്പെട്ടു പോവുന്ന വൃദ്ധയായ ഉമ്മ..മക്കള്‍ ഒരാള്‍ കുടുംബവുമായി ഗള്‍ഫില്‍..മറ്റൊരാള്‍ ഭാര്യയുടെ നാട്ടില്‍ കച്ചവടം..ഒരു മകള്‍ ഭര്‍ത്താവിനു കൂടെ കുറച്ചകലെ..
സ്വത്ത് വിറ്റു ഭാഗം വെപ്പുകഴിഞ്ഞതോടെ ഒരോരുത്തര്‍ ഓരൊ വഴിക്കായി..
സ്വന്തം ഓഹരിയുമായി വയസ്സായ ഉമ്മ..
ഉമ്മയുടെ ഓഹരി നല്‍കുമെങ്കില്‍ ഒപ്പം താമസിപ്പിക്കാമെന്ന് മക്കള്‍..
പഴകി ഇടിഞ്ഞ് വീഴാറായ തറവാട്ടില്‍ ആ ഉമ്മ തനിച്ചാവുന്നു..
ഉമ്മ ചെയ്തതാകട്ടെ..തന്റെ ഭാഗം കിട്ടിയ കാശു കൊണ്ട് അവരേറ്റം ആഗ്രഹിച്ച ഹജ്ജ് കര്‍മ്മത്തിനുള്ള അപേക്ഷ കൊടുത്തു..
മക്കള്‍ യാത്രയയപ്പിനു വരാന്‍ പോലും താല്പര്യം കാണിച്ചില്ല..
തിരിച്ച് വീട്ടിലേക്കെത്തുമ്പോള്‍ ആരുസ്വീകരിക്കാന്‍ വരുമെന്നോ അറിയില്ല..
------------------------
ഉമ്മ ഉള്ളത് കഴിച്ച് ഒരു ഭാഗത്ത് ഇരുന്നു കൂടെ..
ആകെയുള്ളതൊക്കെ വിറ്റ് പെറുക്കി വെറുതേ വേണ്ടാത്ത പണിക്ക് പോകണമോ എന്ന ചിന്തയായിരുന്നുവത്രേ മക്കള്‍ക്ക്..
------------------------
ഹജ്ജ് കര്‍മ്മത്തിലായതിനാല്‍ കൂടുതല്‍ കഥ പറയുന്നതും കേള്‍ക്കുന്നതും ഔചിത്യമല്ലാത്തതിനാല്‍ അയാള്‍ സംസാരം അവസാനിപ്പിച്ചു..
പടച്ചവന്‍ നമ്മെയെല്ലാം രക്ഷിക്കട്ടെ!
------------------------
ഒടുവില്‍ അല്പ്പം ബുദ്ധിമുട്ടിയെങ്കിലും ഗ്രൂപ്പിന്റെ ടെന്റ് കണ്ടു പിടിച്ച് അയാള്‍ ഉമ്മയെ അവരുടെ ക്യാമ്പില്‍ എത്തിച്ചു..
അയാള്‍ക്ക് അവരെയും അവര്‍ക്കയാളേയും വേര്‍പിരിയാന്‍ വിഷമം തോന്നി..
പിരിയാന്‍ നേരം ആ ഉമ്മ കണ്ണീരിലൊപ്പിച്ച് അയാളുടെ മൂര്‍ദ്ധാവില്‍ മുത്തി..
------------------------
" മകനേ..നീയെന്റെ വയറ്റില്‍ പിറക്കാതെ പോയല്ലോ..
പടച്ചവന്‍ നിന്നെ രക്ഷിക്കും..
നിനക്ക് വേണ്ടി ഞാനെന്നും പടച്ചവനോട് തേടും..
ഈ പാവം ഉമ്മാക്ക് വേണ്‍ടി നീയും പ്രാര്‍ഥിക്കണം..
എന്റെ മക്കള്‍ക്ക് നല്ല ബുദ്ധി കൊടുക്കാനും ..."
തിരികെ നടക്കുമ്പോള്‍ അയാള്‍ തനിക്കെന്തോ നഷ്ടമായെന്ന് തിരിച്ചറിയുകയായിരുന്നു..
------------------------
ഒരുമ്മ മക്കള്‍ക്ക് ഭാരമായി മാറുന്നതെപ്പോഴാണു?
പ്രായം ചെന്നു വീട്ടു ജോലികള്‍ എടുക്കാന്‍ കഴിയാതെ അവശയാകുമ്പോഴോ..
അതോ പ്രായാധിക്യത്തിന്റെ അസുഖങ്ങളുമായി മല്ലടിച്ച് ആശുപത്രി വരാന്തകള്‍ കയറിയിറങ്ങി തളരുമ്പോഴോ..
അതോ ഭാര്യയുടെ വാക്കുകള്‍ക്ക് ഉമ്മയോടുള്ള സ്നേഹത്തേക്കാള്‍ വില കൂടുതല്‍ കൊടുക്കമ്പോഴോ..
എന്തേ സ്നേഹമയിയായ ഉമ്മേ.. മക്കാളിലാര്‍ക്കും ഉമ്മയുടെ സ്നേഹ വാല്‍സല്യങ്ങള്‍ പകര്‍ന്നു കിട്ടാതെ പോയത്..?
അവര്‍ക്കൊന്നും ശരിയായ മതവിദ്യാഭ്യാസം നല്‍കിയില്ലായിരുന്നുവോ..
സ്നേഹം കൊണ്ടും കൊടുത്തും വളര്‍ത്തിയില്ലായിരുന്നുവോ...
------------------------
അന്ന് എപ്പോഴോ അയാള്‍ അവര്‍ക്ക് അയാളുടെ അഡ്രസ്സ് കൊടുത്തിരുന്നു..
വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ ഉമ്മയുടെ എഴുത്തായിരുന്നു അയാള്‍ക്ക് കിട്ടിയത്..
------------------------
എഴുത്തിലെ അവസാന വരികള്‍ ഏകദേശം ഇങ്ങനെയായിരുന്നു..
------------------------
മകനേ..
ഞാനിന്ന് തനിച്ചായിപോയ കുറേ മനുഷ്യര്‍ക്കൊപ്പമാണു..
..ആര്‍ക്കും വേണ്ടാതായ ജന്മങ്ങള്‍..
പടി കടന്നെത്തുന്ന ഓരോ വാഹനത്തിന്റെയും മുരള്‍ച്ച കേള്‍ക്കുമ്പോള്‍
അവരുടെ കണ്ണുകളില്‍ ആറിത്തുടങ്ങിയ പ്രതീക്ഷകള്‍ പിന്നെയും ആളിക്കത്തും..
എന്നെ തിരികെ വിളിക്കാന്‍ അവര്‍ വന്നുവോ എന്ന ഒരിക്കലും നശിക്കാത്ത ആശയോടെ
അവര്‍ ജനല്‍ക്കരികിലേക്ക് ഇഴഞ്ഞെത്തും..ആര്‍ത്തിയോടെ പുറത്തേക്ക് നോക്കും..
------------------------
കുപ്പത്തൊട്ടിയിലുപേക്ഷിച്ചു പോയ ചപ്പു ചവറുകള്‍ ആരാണു തിരികെ വന്നെടുത്തുകൊണ്ട് പോവാറ്?
------------------------
ഇവിടെ ഇപ്പോള്‍ ഞങ്ങളെല്ലാം കാണുന്നത് ഒരേ കിനാവാണു..
മക്കളുടെ കൈ പിടിച്ച് ഈ പടികള്‍ ഇറങ്ങിപ്പോകുന്ന ഒരു കിനാവ്..
ഒരിക്കലും അതു സംഭവിക്കില്ലെന്നു അറിയുമ്പോഴും
മനസ്സ് മാറി മടങ്ങിയെത്തുന്ന മക്കളെക്കുറിച്ചുള്ള ആ പാഴ്‌ക്കിനാവാണു പിന്നേയും ഞങ്ങളെ ജീവിപ്പിക്കുന്നത്..
------------------------
എനിക്കാണെങ്കില്‍ ഹജ്ജ് കഴിഞ്ഞതോടെ പ്രായം ഇരട്ടിച്ച പോലെ..
അസുഖങ്ങളും ഒരു പാട്..
എന്റെ ഓര്‍മ്മകള്‍ എല്ലാം പതിയെ പതിയെ എന്നെ വിട്ട് പൊയ്ക്കൊണ്ടിരിക്കുന്നു..
ഇടക്കെപ്പോഴോ ഒരു മിന്നായം പോലെ കടന്നുവരുന്ന
ഓര്‍മ്മയുടെ കാരുണ്യത്തിലാണു ഈ എഴുത്ത്..
ഈ കത്ത് നിനക്ക് കിട്ടുമോ..അഡ്രസ്സ് മാറിപ്പോയോ എന്നൊന്നുമെനിക്കറിയില്ല..
ഒരു പക്ഷേ ഈ കത്തിനുള്ള ആയുസ്സ് പോലും എനിക്കില്ല എന്ന്
ഞാനിന്നലെ ആ ഡോക്റ്ററുടെ കണ്ണില്‍ വായിച്ചു..
------------------------
ഇത് കിട്ടിയെങ്കില്‍ നീ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം..
എന്റെ ഭര്‍ത്താവിനു വേണ്ടി പ്രാര്‍ത്ഥിക്കണം..
എന്റെ പൊന്നു മക്കള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം..
അവരോടെനിക്ക് പരാതിയില്ലാ....
പക്ഷേ പേടിയുണ്ട് ഉള്ളില്‍..
കാലം കഴിയുമ്പോള്‍ അവര്‍ക്കും എന്റെ ഗതി വരുമോ..
അവരുടെ മക്കളും അവരെ പഴങ്കെട്ട് പോലെ ഏതെങ്കിലും ഇരുട്ടറയില്‍ തള്ളുമോ..
അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു ഞാന്‍ സദാ നേരവും പ്രാര്‍ത്ഥിക്കുന്നുണ്ട്..
------------------------
എന്റെ ഓരോ പ്രാര്‍ത്ഥനയിലും എന്റെ മകനേ
ഞാന്‍ നിനക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ.
------------------------
മകനേ..
അറഫായിലെ മഹത്തായ ആ ദിനം ഞാനിപ്പോള്‍ ഓര്‍ക്കുന്നു..
മക്കയിലെ പരിശുദ്ധ കഹ്ബാലയം ഞാനിപ്പോള്‍ കണ്ണില്‍ കാണുന്നു.
അവിടത്തെ ബാങ്കു വിളി ഞാന്‍ കേള്‍ക്കുകയും ചെയ്യുന്നു..!
------------------------
സര്‍‌വ്വ ശക്തന്‍ നമ്മളെയെല്ലാം കാത്തുരക്ഷിക്കട്ടെ!
------------------------
ആമീന്‍ !
------------------------
* * * * * * * * * * * * * * * * * * * * * * * * *
------------------------
അവസാന വരികളിലേക്കെത്തുമ്പോഴേക്കും പൊടിഞ്ഞു വന്ന കണ്ണീരിനാല്‍ അയാള്‍ക്ക് വായന മുഴുമിപ്പിക്കാനായില്ല..
അയാള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു എന്തിനേയോ തടയാന്‍ ശ്രമിച്ചു..
കഴിയുന്നില്ല..
വല്ലാത്ത വേദനയോടെ ഒരു തേങ്ങല്‍ ചങ്കില്‍ കുരുങ്ങിക്കിടന്നു പിടക്കുകയാണു..
അധികനേരം പിടിച്ചു നില്‍ക്കാനാവാതെ ഒരു വിതുമ്പലായി അതു പുറത്തേക്കൊഴുകി..
------------------------
"എന്റെ ഉമ്മാ...!"
------------------------
‌‌‌‌‌‌‌-----------------------------
നൗഷാദ് അകമ്പാടം.

3 Comments, Post your comment:

priyag said...

അമ്മമാരേ നഷ്ട്ടപെടുത്തുന്ന മക്കള്‍ക്കുവേണ്ടി ഈ നിമിഷം പ്രാര്‍ ത്തിച്ചോട്ടെ

LiDi said...

അവരോടെനിക്ക് പരാതിയില്ലാ....
പക്ഷേ പേടിയുണ്ട് ഉള്ളില്‍..
കാലം കഴിയുമ്പോള്‍ അവര്‍ക്കും എന്റെ ഗതി വരുമോ..

HIFSUL said...

നൗഷാദ്‌ക്കാ..
ഹൃദയസ്പര്‍ശിയായ പോസ്റ്റ്‌..ആ ഉമ്മക്ക് സംഭവിച്ചത് മറ്റാര്‍ക്കും വരാതിരിക്കട്ടെ.
നന്മകള്‍ നേരുന്നു..