സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പഞ്ചചാമരം

June 01, 2011 anju minesh


ജടകടാഹസംഭ്രമഭ്രമനിലംബനിര്‍ഝരീ
വിലോലവീചിവല്ലരീവിരാജമാനമൂര്‍ദ്ധന

സരയൂ നദിയുടെ കൊടും തണുപ്പില്‍ മുങ്ങിനിവരുമ്പോഴും  അംഗദന്റെ ചുണ്ടില്‍ ശിവസ്തുതി  നിറഞ്ഞു നിന്നിരുന്നു.  രോമകൂപങ്ങള്‍ക്കിടയിലൂടെ  തണുപ്പ് ഉള്ളിലേക്ക്   അരി ച്ചിറങ്ങുമ്പോഴും അംഗദന്റെ മനസിലെ താപം അടങ്ങിയിരുന്നില്ല. ആ താപം പെട്ടന്നൊന്നും തീരുന്നതല്ലെന്ന്  അംഗദന്  അറിയാമായിരുന്നു.

തെറ്റ് കൂടാതെ ശിവതാണ്ഡവ സ്‌തോത്രം നാവിന്‍ത്തുമ്പില്‍ വഴങ്ങിയപ്പോള്‍ അംഗദന് അതിശയമാണ് തോന്നിയത്.  കുട്ടിക്കാലത്ത് നാരായണ നമ എന്നു ജപിച്ചു പഠിച്ച നാവില്‍  പഞ്ചചാമരം വഴങ്ങില്ലായിരുന്നു. ശിവസ്തുതിയുടെ ഘോരശബ്ദം ശൈവരുടെ സ്വന്തമാണെന്നും നമ്മള്‍ വൈഷ്ണവരാണെന്നും  അമ്മ ഏത്രയോ വട്ടം ആശ്വസിപ്പിച്ചിരിക്കുന്നു. 

എങ്കിലും കേട്ടു വളര്‍ന്ന കഥകളില്‍ രാവണനോടു ആരാധന തോന്നിപ്പിച്ച ഘടകം പഞ്ചചാമരത്തിന്റെ തീവ്രതയായിരുന്നു. കൈലാസശൃംഗങ്ങളെ ഇളകിമറിയിച്ച ആ ശബ്ദഗാംഭീര്യമാണ് ചന്ദ്രഹാസ ലബ്ദിക്കു പിന്നിലെന്ന്  അംഗദന് തോന്നിയിട്ടുണ്ട്.  ഒരിക്കലെങ്കിലും നികുംഭിലയിലെ ഇരുള്‍ വീണ ഗുഹയിലിരുന്ന് നെയ്മണമേറ്റ പുകച്ചുരുളുകള്‍ ശ്വസിച്ച് പഞ്ചചാമരം കേള്‍ക്കണമെന്ന് എത്രയോവട്ടം ആശിച്ചിട്ടുണ്ട്.

എന്നാല്‍ ഒടുവില്‍ ആ ജന്മസാഫല്യം സ്വായത്തമായപ്പോള്‍ നഷ്ടപ്പെട്ട മനസമാധാനം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്ന തിരിച്ചറിവ് സൃഷ്ടിച്ച അംഗദന്റെ കണ്ണുനീര്‍ത്തുള്ളികള്‍ സരയുവില്‍ വീണലിഞ്ഞു.
തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണുനീര്‍ ചില്ലുകളിലൂടെ കണ്ട സ്ത്രീരൂപത്തിനു ആരുടെ മുഖമാണെന്നു തിരിച്ചറിയാന്‍ അംഗദനായില്ല. വെണ്ണച്ചോറിന്റെ തെളിമയുള്ള മുഖം തന്റെ അമ്മയ്ക്കു മാത്രമല്ല ഉള്ളതെന്നു അംഗദനിപ്പോള്‍ നല്ല ബോധ്യമുണ്ട്.

എങ്കിലും വെള്ളച്ചേല കൊണ്ട് പാതി മുഖം മറച്ച സ്ത്രീ അമ്മയാണെന്നു മനസ്സിലാക്കാന്‍ അംഗദനു അധികസമയം വേണ്ടി വന്നില്ല. 'താരയുടെ മകനു ഇങ്ങനെയൊക്കെ ആകാന്‍ കഴിയുമോ' എന്ന ശബ്ദം അംഗദന്റെ ഉള്ളില്‍ വീണുടഞ്ഞു. അമംഗലിയായ അമ്മ ചെറിയമ്മയോടൊപ്പം അയോദ്ധ്യയിലെത്തിയത് പട്ടാഭിഷേകം കാണാനായിരിക്കില്ല എന്നതു ഉറപ്പാണ്. ആ കണ്ണുകള്‍ കാണാന്‍ ആശിച്ചതാരെയായിരിക്കും. അതു സീതാദേവിയെയല്ലാതെ ആരെയാണ്? ഉത്തരവും അംഗദന്‍ തന്നെ കണ്ടെത്തി.
ഈറന്‍ ശരീരത്തോടെ നദിക്കരയില്‍ ചെന്നു കയറുമ്പോള്‍ അമ്മയുടെ മുഖത്തു പതിവില്ലാത്ത കാളിമ പടര്‍ന്നിരിക്കുന്നതു അംഗദന്‍ കണ്ടു. നനഞ്ഞ വിരലുകള്‍ അമ്മയുടെ കാലിലേക്കു നീണ്ടപ്പോള്‍ താര പുറകിലേക്കു മാറി. അമ്മയുടെ മനസ്സില്‍ നിന്നു തന്റെ സ്ഥാനം പൊയ്ക്കഴിഞ്ഞുവെന്നു അംഗദന്‍ ഞെട്ടലോടെ മനസ്സിലാക്കി.

അമ്മയെ നോക്കാതെ നടക്കാനാഞ്ഞപ്പോള്‍ താര ശബ്ദിച്ചു.

“കിഷ്‌കിന്ധയില്‍ നിന്ന് അയോദ്ധ്യയില്‍ എത്തിയത് പട്ടാഭിഷേകം കാണാനല്ല. മകന്റെ വീരപരാക്രമത്തിനു അഭിനന്ദനം അിറയിക്കാനാണ്.”

താരയുടെ ശബ്ദത്തിനു മൂര്‍ച്ചയുണ്ടായിരുന്നു. അമ്മ ഒരിക്കലും ഇങ്ങനെ സംസാരിച്ചിട്ടില്ലെന്നു അംഗദന്‍ ഓര്‍ത്തു
.
നദിക്കരയിലെ പൂഴിമണലില്‍ ഇരുന്ന്  അംഗദന്‍ പൊട്ടിക്കരഞ്ഞു. എത്രയോ നാള്‍ മനസ്സിലിരുന്നു വിങ്ങിയ കുറ്റബോധം കണ്ണുനീരായി പെയ്തിറങ്ങി.   
അംഗദന്റെ നനഞ്ഞ മുടിയിഴകളില്‍ താരയുടെ വിരലുകള്‍ പരതി നടന്നു.
“ എന്താ ഉണ്ണീ, ഇതാണോ അമ്മ നിനക്കു നല്കിയ പാഠങ്ങള്‍. അച്ഛനെ കൊന്ന രാമനൊപ്പം നില്ക്കാനാണ് ഞാന്‍ നിന്നോടു ആവശ്യപ്പെട്ടത്. അല്ലാതെ രാമന്റെ കണ്ഠത്തില്‍ ഖഡ്ഗമോങ്ങാനല്ല. എനിക്കറിയാമായിരുന്നു അതാണ് ധര്‍മ്മമെന്ന്. ഒളിപ്പോരില്‍ ആണ് രാമന്‍ ബാലിയെ വധിച്ചത്. അതൊരു യുദ്ധമുറയാണെന്നു നീയും പഠിച്ചതല്ലേ? എന്നാല്‍ ഉണ്ണീ നീയെന്താണു ചെയ്തതു വിജയിക്കാനുള്ള  ലഹരി നിന്റെ സിരകളില്‍ ഇത്രത്തോളം ആവേശിച്ചോ?  ”
മുടിയില്‍ പരതിയിരുന്ന താരയുടെ വിരലുകള്‍ക്കു മുറുക്കമേറുന്നതായി അംഗദനു തോന്നി.

ഒന്നും പറയാതെ താര നടന്നു നീങ്ങുന്നതു പുടവ ഉലയ്ക്കുന്ന കാറ്റിന്റെ മന്ത്രണത്തിലൂടെ അംഗദന്‍ അറിഞ്ഞു. താന്‍ ഈ ലോകത്ത് അനാഥനായെന്നു അംഗദനു മനസ്സിലായി. ബാലി മരിച്ചിട്ടും തോന്നാത്ത ഒരു തണുത്ത വികാരം അംഗദന്റെ ഹൃദയത്തെ കൊളുത്തിവലിച്ചു.

സരയുവിലെ തണുത്ത കാറ്റും ദേഹത്തു തങ്ങി നിന്ന ജലത്തുള്ളികളും രോമകൂപങ്ങള്‍ക്കിടയിലൂടെ അരിച്ചു കയറിയപ്പോള്‍ അംഗദന്റെ ശരീരം വിറച്ചുത്തുടങ്ങി.

അംഗദന്റെ ഓര്‍മ്മയിലൂടെ ജീവിതം ഒഴുകി നടന്നു. പഠിച്ച പാഠങ്ങള്‍, വൈഷ്ണവസ്‌തോത്രങ്ങള്‍, കാലം ലക്ഷ്യമില്ലാതെ വിട്ട അസ്ത്രം പോലെ  എങ്ങോട്ടോ പായുന്നു.

അമ്മയാണ് ആദ്യമായി രാവണനെ പറ്റി പറയുന്നത്. അത്താഴമുണ്ണാന്‍ പിണങ്ങുമ്പോഴൊക്കെ അമ്മ പറഞ്ഞു തന്ന വീരന്മാരുടെ കഥകളില്‍ രാവണനും  ഉണ്ടായിരുന്നു. കൈലാസത്തിന്റെ താഴ്‌വരയില്‍  ശിവസ്തുതി പാടി രാവണന്‍ നേടിയ ചന്ദ്രഹാസം ഒരിക്കലെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് അന്നൊക്കെ ആശിച്ചിട്ടുണ്ട്. താഴ്ന്ന ശബ്ദത്തില്‍ പെറുക്കി പെറുക്കി അമ്മ പറഞ്ഞു തന്ന അക്ഷരങ്ങളിലൂടെയാണ് പഞ്ചചാമരം പരിചയം.
എന്നാല്‍ ഒരിക്കല്‍ രാവണന്റെ ഘോരശബ്ദത്തില്‍ ഇടതടവില്ലാതെ അതു കേള്‍ക്കാനുള്ള ഭാഗ്യം തനിക്കുണ്ടായി. ആ രംഗം ഓര്‍മ്മ വന്നപ്പോള്‍ അംഗദന്റെ മിഴികള്‍ നിറഞ്ഞു.

ഹനുമാന്റെ വാല്‍ത്തുമ്പില്‍ തൂങ്ങിയാണ് രാമന്‍ യുദ്ധം ജയിച്ചതെന്നു പറയാതെ വയ്യ. എങ്കിലും സ്വന്തം ശക്തിയില്‍ അംഗദന്‍ എന്നും വിശ്വസ്തനായിരുന്നു. പതിനാലു വര്‍ഷത്തെ കഠിനം വ്രതത്തിന്റെ ബലത്തില്‍ ലക്ഷ്മണന്‍ നികുംഭിലയില്‍ കടന്നു ഇന്ദ്രജിത്തിനെ വധിച്ചപ്പോള്‍ ഗുഹാകവാടത്തില്‍ കാവലായി താനുണ്ടായിരുന്നു.

പിന്നീട് യുദ്ധവിജയത്തിനായി രാവണന്‍ നികുംഭിലയിലേക്കു ചെന്നതറിഞ്ഞ് ജാംബവാന്‍ തന്നെ തിരക്കി വന്നപ്പോള്‍ താന്‍ കടല്‍ത്തീരത്ത് അലകളെണ്ണി ഇരിക്കുകയായിരുന്നെന്നു അംഗദന്‍ ഓര്‍ത്തു.

യുദ്ധവിജയത്തിനായി രാവണന്‍ നടത്തുന്ന യാഗം മുടക്കാന്‍ നിനക്കേ കഴിയൂ എന്നദ്ദേഹം പറഞ്ഞപ്പോള്‍ അഹങ്കാരമാണ് തോന്നിയത്. ഹനുമാനു സാധിക്കാത്ത ഒന്ന് എന്ന നിലയില്‍ ആവേശത്തോടെയാണ് പുറപ്പെട്ടത്ത്. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നു തനിക്കു ഇന്നും അറിയില്ലെന്നു അംഗദന്‍ ഓര്‍ത്തു.

നികുംഭിലയുടെ കവാടത്തിലേക്കു പൂക്കള്‍ നിറച്ച തളികയുമായി നടന്നടുത്ത സ്ത്രീക്കു അമ്മയുടെ മുഖമായിരുന്നോ? പെട്ടെന്ന് അങ്ങനെയാണ് തോന്നിയത്. പിന്നില്‍ നിന്ന ജാംബവാന്‍ മന്ത്രിച്ചു,

“അതാണ് മണ്‌ഡോദരി, രാവണന്റെ പത്‌നി”

പെട്ടെന്നുണ്ടായ പ്രേരണയില്‍ അവരുടെ തിളങ്ങുന്ന ഉത്തരീയത്തില്‍ കടന്നു പിടിച്ചു, സ്വന്തം ശരീരത്തേക്കടുപ്പിച്ചു. പതിവ്രതകള്‍ക്കു അന്യപുരുഷ സ്പര്‍ശം മരണത്തിനു സമമാണെന്നു പറഞ്ഞതു അമ്മയായിരുന്നു. മണ്‌ഡോദരിയുടെ തകര്‍ന്ന മുഖം കണ്ടപ്പോള്‍ മനസ്സു കൊണ്ട് ക്ഷമ യാചിച്ചതു അമ്മയോടായിരുന്നെന്ന് അംഗദന്‍ ഓര്‍ത്തു.

അവരുടെ നിലവിളികളെയും തളികയില്‍ നിന്നു വീണു ചിതറിയ പൂക്കളെയും കുങ്കുമത്തെയും മറികടന്ന് നികുംഭിലയുടെ കവാടത്തിലെത്തിയപ്പോള്‍ കേട്ട പഞ്ചചാമരത്തിന്റെ തീവ്രതയ്ക്കു മുന്നില്‍ ഒരുമാത്ര തറഞ്ഞു നിന്നുപോയി. രാവണന്‍ വന്നാലും നേരിടാന്‍ ആകും എന്ന അഹങ്കാരമാണ് ആ നില്‍പ്പിനു പിന്നിലെന്നു കരുതി ജാംബവാന്‍ തന്നെ പാളയത്തിലേക്കു കൂട്ടിക്കൊണ്ടു പോയി.

എന്നിട്ടും മണ്‌ഡോദരിയുടെ കണ്ണിലെ ദയനീയത മായാതെ മനസ്സില്‍ നിന്നിരുന്നു. ആ ഒരു വേദനയുടെ ചൂളയില്‍ പിടയുമ്പോഴാണ് ഓടിക്കിതച്ചെത്തിയ ലക്ഷ്മണന്‍ സന്തോഷവാര്‍ത്ത പകരുന്ന ആവേശത്തില്‍ മണ്‌ഡോദരിയുടെ ആത്മഹത്യാവിവരവും രാവണന്റെ യാഗം മുടങ്ങിയ വാര്‍ത്തയും പങ്കുവച്ചപ്പോള്‍ അംഗദന്‍ തന്റെ പരാജയമാണറിഞ്ഞത്.

അന്നു മുതല്‍ കുറ്റബോധത്തിന്റെ ഉമിത്തീയില്‍ നീറാന്‍ തുടങ്ങിയതാണ്. തണുത്തു തുടങ്ങിയ സരയുവിലേക്കു അംഗദന്‍ നടന്നു. കിഷ്‌കിന്ധയിലെ യുവരാജാവിന്റെ കിരീടം യുദ്ധവിജയത്തിനുള്ള സമ്മാനമായി തന്നെ കാത്തു കിടപ്പുണ്ടെന്നു അംഗദന്‍ ഓര്‍ത്തു.

എങ്കിലും ഭ്രമിപ്പിക്കുന്ന അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം മനസ്സിനു വേണ്ട നിതാന്ത ശാന്തിയിലേക്കു അംഗദന്‍ നടന്നു നീങ്ങി. അംഗദന്റെ കുറ്റബോധത്തിന്റെ ഓരോ തീപ്പൊരിയും സരയു ഏറ്റുവാങ്ങി.

ഇനിയും ഒരുപാട് മക്കളുടെ കണ്ണീരും വേദനയും ഏറ്റുവാങ്ങേണ്ടവളാണു താന്‍ എന്ന തിരിച്ചറിവ് സരയുവിനുമുണ്ടായിരുന്നു.

ഇതി രാവണകൃതം ശിവതാണ്ഡവ സ്‌തോത്രം സമ്പൂര്‍ണ്ണം

4 Comments, Post your comment:

प्रिन्स|പ്രിന്‍സ് said...

രാമായണത്തിലെ രോമഹർഷങ്ങളായ നിരവധി രംഗങ്ങളിൽ ഒന്ന്. രാവണന്റെ യാഗം മുടക്കാൻ ലങ്കയിലെത്തി, ലക്ഷ്യം പ്രാപിച്ച അംഗദന് മനസ്സിൽ ഉമിത്തീയായി എരിയുന്ന ചിന്തകളുടെ കുത്തൊഴുക്ക് മാത്രം..

ഇഗ്ഗോയ് /iggooy said...

നന്നയി അംഗതന്റെ മനസ്സ്

Manoj vengola said...

ഇഷ്ടായി അംഗദനെ...

നികു കേച്ചേരി said...

ഇഷ്ടപെട്ടു ...മറ്റൊരപഗ്രഥനം “ഊരുകാവലിൽ” വായിച്ചിരുന്നു.