സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!എനിക്കും നിനക്കുമിടയിൽ

August 02, 2011 JIGISH
പ്രിയപ്പെട്ട മരണമേ,

എനിക്കും നിനക്കുമിടയിൽ ഇനിയവശേഷിക്കുന്നത് കാലത്തിന്റെ ഏതാനും കണികകൾ മാത്രമാണ്. വിപുലമായ നിന്റെ സാമ്രാജ്യത്തിലേക്ക് ഒരു പ്രജയെക്കൂടി ലഭിക്കുന്നതിൽ നിനക്കു ന്യായമായും സന്തോഷിക്കാം. എങ്കിലും, നിന്നോടൊപ്പം, അനന്തമായ ആ നിശ്ശബ്ദതയുടെ ലോകത്തിലേയ്ക്കു വരുന്നതിനു മുൻപ് എനിക്കു നിന്നോടു ചിലതു പറയാനുണ്ട്. കാരണം, ഇപ്പോൾ എന്നെ പ്രതീക്ഷിക്കുന്ന ഒരേയൊരു സുഹൃത്തും ബന്ധുവും വഴികാട്ടിയും നീ മാത്രമാണ്.!

നീ കേൾക്കുന്നുണ്ടോ.? പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കപ്പെട്ട്, സുഖദമായ തണുപ്പു നിറഞ്ഞ ഈ മുറിയിലിങ്ങനെ കിടക്കുമ്പോൾ ഇന്നെന്റെ മനസ്സ് അല്പം ശാന്തമാണ്. എന്റെ കാഴ്ചയുടെ ലോകം എത്രയോ ചുരുങ്ങിയിരിക്കുന്നു.! ഇടതുഭാഗത്തായി നഗരഹൃദയത്തിലേയ്ക്കു തുറക്കുന്ന ജനാല.. ഇടയ്ക്കിടെ മെല്ലെ ചലിക്കുന്ന അതിന്റെ നീലത്തിരശ്ശീലകൾ...അതിലൂടെ വല്ലപ്പോഴും കടന്നെത്തുന്ന നഗരത്തിന്റെ ശബ്ദവീചികൾ..ഇരുവശത്തുമായി, എന്റെ ഹൃദയമിടിപ്പും നാഡീസ്പന്ദനവും കൃത്യമായി അളന്നുകുറിക്കുന്ന മോണിട്ടറുകൾ.. എനിക്കു ജീവശ്വാസവും അന്നവും പകർന്നു തരുന്നതിൽ ജാഗരൂകരായ യന്ത്രസാമഗ്രികൾ. ഇതാണിപ്പോൾ എന്റെ ലോകം.! ദിവസത്തിന്റെയും ആഴ്ചയുടെയും കാലഗണനകൾ എനിക്കെന്നോ അന്യമായിക്കഴിഞ്ഞു. സിരകളിൽ ജീവന്റെ അവസാന തുടിപ്പുയരുന്ന ഈ നിമിഷം മാത്രമാണ് എനിക്കിപ്പോൾ സ്വന്തം. അതുമാത്രമാണ് എന്റെ സത്യം.

കൂട്ടുകാരാ, ബോധവും അബോധവും മാറിമറിയുന്ന, സ്വപ്നവും സത്യവും കൂടിക്കുഴയുന്ന, ഓർമ്മകളിൽ ഇടയ്ക്കിടെ ഞെട്ടറ്റു വീഴുന്ന ഈ അവസ്ഥയിലും ഞാൻ നിന്നെ കാണുന്നുണ്ട്. ഈ മുറിയുടെ പരിസരത്തുനിന്നു മാറാതെയുള്ള നിന്റെ ഒളിച്ചുകളികൾ...നിന്റെ കറുത്ത ശിരോവസ്ത്രവും, മുഖത്ത് സദാ തങ്ങിനിൽക്കുന്ന നിഗൂഢമായ കള്ളച്ചിരി പോലും എനിക്കു കാണാം. എനിക്കറിയാം, നീ എന്നെ കൂട്ടിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. അരൂപികളായ നിഴലുകൾ നൃത്തംവെയ്ക്കുന്ന നിന്റെ ലോകത്തേയ്ക്കു വരാൻ ഞാനും ഒരുങ്ങിക്കഴിഞ്ഞു. ഇനി, എന്റെ സന്ദേഹങ്ങൾ നിന്നോടല്ലാതെ മറ്റാരോടാണു ഞാൻ പറയുക.? ഒളിച്ചുകളിക്കാതെ, ഇനിയെങ്കിലും നീ എന്റെയടുത്തു വരൂ..ഇവിടെ ഈ കിടക്കയിൽ, എന്റെ ഹൃദയത്തോടു ചേർന്നിരിക്കൂ. ആ ശിരോവസ്ത്രമൊന്നു നീക്കിയാൽ എനിക്കാ മുഖമൊന്നു വ്യക്തമായി കാണുകയും ചെയ്യാം. നീ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഞാനൊന്നു പറയട്ടെ. എനിക്കിപ്പോൾ നിന്നെ ഒട്ടും ഭയമില്ല.!

ഒരുപക്ഷേ, നിനക്കറിയുമായിരിക്കാം, എണ്ണമറ്റ ജീവിതാഭിലാഷങ്ങളും ആസക്തികളുമായി ഒരിടത്തും നിൽക്കാതെ പായുന്ന പാവം മനുഷ്യന്റെ വിധിയെപ്പറ്റി. എങ്കിലും പറയുകയാണ്…സന്ദിഗ്ദ്ധമായ ഈ ഘട്ടത്തിൽ‌പ്പോലും, ചിലനേരങ്ങളിൽ എനിക്ക് സമചിത്തതയോടെ ചിന്തിക്കാൻ കഴിയുന്നുണ്ട്. ഒരിക്കൽ, ഞാനും ഇങ്ങനെയൊക്കെയായിരുന്നു. ഒരിക്കലും തൃപ്തിപ്പെടാത്ത ആഗ്രഹങ്ങളിലൂടെ, പിടിതരാത്ത ആർത്തികളിലൂടെ എന്റെ ജീവിതവും ഇരമ്പിപ്പായുകയായിരുന്നു. ജീവിതം എനിക്കൊരു പരീക്ഷണവസ്തു തന്നെയായിരുന്നു. ഒരിക്കൽ മാത്രം കരഗതമാകുന്ന ഈ വിസ്മയത്തുരുത്ത് ആരെയാണ് ഭ്രമിപ്പിക്കാത്തത്.? ആരെയും മോഹിപ്പിക്കുന്ന ഈ നാടകത്തിൽ ഞാനും സ്വയം മറന്നാടുകയായിരുന്നു. അതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി നിന്റെയീ രംഗപ്രവേശം. രംഗബോധമില്ലാത്ത കോമാളിയെന്ന് ചിലർ നിന്നെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല.! ഇപ്പോൾ, നാം സുഹൃത്തുക്കളായ സ്ഥിതിയ്ക്ക് എന്നോടു പറയൂ..ഇങ്ങനെ വിളിക്കുന്നതിൽ നിനക്ക് തെല്ലുപരിഭവം തോന്നുന്നുണ്ടോ.?

ഓർമ്മകൾ പഞ്ഞിക്കെട്ടുകൾ പോലെയാണ്. അടുക്കും ചിട്ടയുമില്ലാതെ മനസ്സിൽ അവ പറന്നുകളിക്കുന്നുണ്ട്. മനോഹരമായ ആ സാ‍യാഹ്നത്തിൽ, വെയിൽ ചായുന്ന നേരത്ത് അനൂപിനോടൊപ്പം സിനിമാപ്രദർശന ത്തിനായി ലൈബ്രറിഹാൾ ഒരുക്കുന്നത് എനിക്കു വ്യക്തമായി ഓർമ്മയുണ്ട്. മൃതിയുമായുള്ള ഒരു മനുഷ്യന്റെ ചതുരംഗം തത്വചിന്താപരമായി ചിത്രീകരിച്ച ബെർഗ് മാന്റെ ‘ഏഴാംമുദ്ര‘യിലെ രംഗങ്ങൾ...മാരകമായ പ്ലേഗിന്റെ പിടിയിലമർന്ന നഗരത്തിന്റെ ഇരുണ്ട ദൃശ്യങ്ങൾ...ഒരുവേള, ആ സിനിമ തന്നെ അന്നു ഞങ്ങൾ സ്ക്രീനിങ്ങിനു തെരഞ്ഞെടുത്തതിനു പിന്നിൽപ്പോലും നിന്റെ അദൃശ്യമായ ഇടപെടൽ ഉണ്ടായിരുന്നോ എന്നു ഞാൻ സംശയിക്കുന്നു. പിന്നെ, രാത്രി വൈകി അനൂപിനെ പിന്നിലിരുത്തി ഞാൻ നഗരത്തിലൂടെ ബൈക്കോടിക്കുന്ന ദൃശ്യം. റോഡിലേയ്ക്കു തെറിച്ചുവീണ എന്റെ നേർക്ക് ഉരുണ്ടുവരുന്ന ഒരു വലിയ ടയറിന്റെ ക്ലോസ്സപ്പ്..! എന്റെ ഓർമ്മകൾ ഇവിടെ പെട്ടെന്നു നിലയ്ക്കുന്നു. ഇടയ്ക്കൊന്നു ചോദിച്ചോട്ടെ. സുഹൃത്തേ, പൊടിമഴ പെയ്തു കൊണ്ടിരുന്ന ആ രാത്രിയിൽ, ആ കൊടുംവളവിലെ ഇരുട്ടിൽ നീ ഒളിച്ചിരിപ്പുണ്ടായിരുന്നോ..?

നിനക്കറിയുമോ.? ചിലപ്പോഴൊക്കെ പേടിപ്പെടുത്തുന്ന ഓർമ്മകളിൽ മുങ്ങിത്താണ് എനിക്കു ശ്വാസംമുട്ടാറുണ്ട്. അപ്പോഴൊക്കെ, ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങും. ദീർഘമായി ഒരു ശ്വാസമെടുത്ത് അല്പസമയത്തിനകം, ഞാൻ സമനില കൈവരിക്കും. ഒരു ഇടവേളയ്ക്കു ശേഷം പിന്നെയും ഓർമ്മകൾ വിരുന്നുവരും…വളരെ നീണ്ട ഒരുറക്കത്തിൽ നിന്ന് പെട്ടെന്നുണർന്ന ആ ദിവസം ഞാനിപ്പോൾ ഓർക്കുന്നു. ചെവിയിൽ ആരോ പേരു ചൊല്ലി വിളിക്കുന്നതു പോലെയാണു തോന്നിയത്. മെല്ലെ കണ്ണു തുറന്നപ്പോൾ കണ്ടത് അനൂപിന്റെ മുഖമാണ്. അവന്റെ ചുണ്ടിൽ ആശ്വാസത്തിന്റെ ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു. തളർന്ന എന്റെ കൈവിരലുകളിൽ അവൻ കൈകൾ കോർത്തുപിടിച്ചിരുന്നു. നെറ്റിയിൽ തലോടിക്കൊണ്ട് അവൻ എന്നോട്, ‘വേദനയുണ്ടോ‘ എന്നു ചോദിച്ചു. അപ്പോഴാണ് ശരീരത്തെപ്പറ്റി എനിക്കോർമ്മവന്നത്. പതിയെപ്പതിയെ, ശരീരത്തിൽ പലയിടത്തുനിന്നുമായി വേദനകൾ ഉണർന്നു വരുന്നുണ്ടായിരുന്നു.

ദീപ്തമായ മറ്റൊരോർമ്മ ആലീസെന്ന നഴ്സിന്റെ കരുണ കത്തുന്ന കണ്ണുകളാണ്. എനിക്കിഷ്ടപ്പെട്ട പേരായതിനാൽ ആലീസിനെ ഞാൻ മറക്കില്ല. വിളക്കു കൊളുത്തിവെച്ചതു പോലെ പ്രകാശിക്കുന്ന അവളുടെ മുഖം കാണുമ്പോൾ ഏതോ ചുമർചിത്രത്തിൽ പണ്ടെന്നോ കണ്ട ഒരു മാലാഖയെ എനിക്കോർമ്മ വരും. ഈ മാലാഖയാണ് എന്റെ വേദനകളെ ശമിപ്പിക്കുന്നത്. സ്നേഹത്തോടെ അവൾ എന്റെ കൈത്തണ്ടയിൽ കുത്തിവെക്കുന്ന മരുന്നാണ് എന്നെ എല്ലാ വേദനകളിൽ നിന്നും മോചിപ്പിക്കുന്നത്. പാദം മുതൽ ശിരസ്സുവരെയുള്ള എന്റെ കോശങ്ങളെ പടിപടിയായി നീണ്ട ഉറക്കത്തിലേക്കു നയിക്കുന്നത്. കൂട്ടുകാരാ, നിന്റെ ഗാഢാലിംഗനത്തിലും ഇതുപോലുള്ള ഒരനുഭവമായിരിക്കാം എന്നെ കാത്തിരിക്കുന്നത് അല്ലേ..?

ഒരുപക്ഷേ, നീ ശ്രദ്ധിച്ചുകാണും...ആദ്യമൊക്കെ എന്റെ മുറിയ്ക്കു മുന്നിൽ ബന്ധുക്കളുടെ തിരക്കായിരുന്നു. മുൻപിൽ വന്നുനിന്നു കണ്ണീരൊഴുക്കാൻ അവർ മത്സരിക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്. ഇത്രയേറെ സ്നേഹിക്കപ്പെടു ന്നുണ്ടോയെന്ന് ഞാൻ സ്വയം അത്ഭുതപ്പെട്ടു. ബോധാബോധങ്ങൾക്കിടയിലൂടെ അമ്മയുടെ അമർത്തിയ ഗദ്ഗദവും അച്ഛന്റെ പതിഞ്ഞ സ്വരത്തിലുള്ള നിർദ്ദേശങ്ങളും ഞാൻ കേട്ടു. പിന്നെയും നീണ്ട ഉറക്കത്തിലേയ്ക്കു വഴുതി. പതിയെപ്പതിയെ, സന്ദർശകരുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വന്നു. ഇടയ്ക്കിടെയുള്ള ഉണർവിന്റെ വേളകൾ ബന്ധങ്ങളുടെ നെല്ലും പതിരും എനിക്കു വേർതിരിച്ചുതന്നു. നേർത്തുനേർത്തുവരുന്ന നൂലിഴകൾ.! ഒടുവിലിപ്പോൾ, എനിക്കു ബന്ധുക്കളായി, എന്റെ ആത്മസുഹൃത്തായ അനൂപും ആലീസും പിന്നെ നീയും മാത്രമായി.

അന്തിമമായ കണക്കെടുപ്പിന്റെ ഈ വേളയിൽ, നിന്നോടുമാത്രമായി ഒരു രഹസ്യം പറയട്ടെ. എന്റെ നഷ്ടങ്ങളെപ്പറ്റി ഇനിയെനിക്കു വേവലാതിയില്ല. പുലർവേളയിൽ എന്നെ വിളിച്ചുണർത്തിയ കിളിപ്പാട്ടുകൾ, എന്റെ ഹൃദയത്തിൽ കുളിർനിറച്ച പാടങ്ങൾ, പുഴകൾ; എന്റെ ഇഷ്ടസിനിമകൾ, എനിക്കു പ്രിയപ്പെട്ട പുസ്തകശേഖരം..ഒക്കെയും ഞാനെന്റെ ഓർമ്മയിൽ നിന്നു മായ്ച്ചുകളയുന്നു. ബാധ്യതയായി മാറിക്കഴിഞ്ഞ വ്യർത്ഥബന്ധങ്ങളിലേയ്ക്കു മടങ്ങാൻ എനിക്കിനി ആഗ്രഹമില്ല.! പകരം, നിന്റെ സാമ്ര്യാജ്യത്തിന്റെ നിഗൂഢരഹസ്യങ്ങൾ എനിക്കറിയണം. ദയവായി, സ്നേഹപൂർവമുള്ള ഒരാലിംഗനത്താൽ അഴുകിജീർണ്ണിച്ച ഈ പാഴ് വസ്ത്രത്തിൽ നിന്ന് എന്നെ മോചിപ്പിക്കുക....കൂട്ടുകാരാ, എനിക്കെന്തോ വല്ലാത്തൊരു ക്ഷീണം തോന്നുന്നു. ഞാനൊന്നു മയങ്ങട്ടെ..ഒരുപക്ഷേ ഇനി ഞാനുണരുമ്പോൾ, അത് മായികമായ നിന്റെ ലോകത്തിലേയ്ക്കാണെങ്കിൽ ഹാ..എന്റെ ജന്മം സഫലമായി.!

9 Comments, Post your comment:

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം ഒരുപാടിഷ്ടപ്പെട്ടു ഈ കഥ.

^^ ^^ വേനൽപക്ഷി ^^ ^^ said...

മുന്നോട്ടുള്ള വഴിയിലെവിടെയോ കാത്തിരിക്കുക്കുന്ന കൂട്ടുകരനാണു മരണം....ഒരിക്കൽ എവിടെ വച്ചെങ്കിലും അവനെ കണ്ടുമുട്ടും, അന്ന് കൂടെയുണ്ടായിരുന്ന മറ്റെല്ലാവരെയും വിട്ട് അവന്റെ കത്തിരിപ്പിനു വിരാമമേകി പുതിയൊരു ലോകത്തേക്ക്..........ഒരുപാടിഷ്ടപ്പെട്ടു!

lekshmi. lachu said...

ഇവിടെ ഈ കിടക്കയിൽ, എന്റെ ഹൃദയത്തോടു ചേർന്നിരിക്കൂ. ആ ശിരോവസ്ത്രമൊന്നു നീക്കിയാൽ എനിക്കാ മുഖമൊന്നു വ്യക്തമായി കാണുകയും ചെയ്യാം. നീ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഞാനൊന്നു പറയട്ടെ. എനിക്കിപ്പോൾ നിന്നെ ഒട്ടും ഭയമില്ല.! ee varikal hrudhayathil thodunna pole..nannaayirikkunu..

INTIMATE STRANGER said...

ജിഗിഷിന്റെ ബ്ലോഗില്‍ ഈ കഥ വായിച്ചിരുന്നു ..മരണത്തിനോടുള്ള മരണമൊഴി ... തെറ്റും ശെരിയും തിരിച്ചറിഞ്ഞുള്ള അന്ത്യ യാത്ര .

priyag said...

എനിക്കും നിനക്കും ഇടയില്‍ മരണം എന്നാ സത്യം മാത്രം . വായിക്കുമ്പോള്‍ തൊട്ടടുത്ത്‌ മരണത്തെ അറിയുന്നപോലെ

jayarajmurukkumpuzha said...

valare nannayittundu...... aashamsakal.......

ക്രിസ്റ്റിയുടെ ഡയറി said...

നന്നായിരിക്കുന്നു

Aadhi said...

മരണം അതിനെ ഭയക്കുന്നവന്‍ ഭീരു അല്ലെ ?????????

ക്രിസ്റ്റിയുടെ ഡയറി said...

നമുക്ക് മരണത്തിന്‍റെ കൊഴുത്ത ചവര്‍പ്പ് കുടിച്ചിറക്കാന്‍ ആവുമോ?,
പക്ഷെ അത് സാധ്യമാക്കിയെതീരു....