സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



അകാലത്തില്‍ പൊലിഞ്ഞ ചുവന്ന നക്ഷത്രങ്ങള്‍

September 29, 2011 സുരേഷ് ബാബു

തിരക്കേറിയ നഗരത്തിലൂടെ കഴിവതും വേഗത്തില്‍ നടന്നു നീങ്ങുമ്പോള്‍ ഗോപന്‍ നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു . നാവ് മരുഭൂമിപോലെ വരണ്ടുണങ്ങിയിരുന്നു . എന്നിട്ടും ഇരു വശങ്ങളിലും കണ്ട കൂള്‍ബാറുകളിലോ, കഫ്ടീരിയകളിലോ കണ്ണുടക്കാതിരിക്കാന്‍ അയാള്‍ മനപ്പൂര്‍വം ശ്രദ്ധിച്ചു . തൊണ്ട നനയ്ക്കാനെടുക്കുന്ന എണ്ണപ്പെട്ട നിമിഷങ്ങള്‍ പോലും ചിലപ്പോള്‍ .......? പാതി വഴിയില്‍ ഇടറി വീണ ചിന്തയുടെ പ്രതിഫലനം അയാളുടെ മുഖത്ത് ഭീതിയുടെ നിഴലനക്കങ്ങള്‍ തീര്‍ത്തു .

വര്‍ഗീസിന്റെ ഫോണ്‍ കോള്‍ വന്നപ്പോള്‍ തന്നെ ഓഫീസില്‍ നിന്ന് ചാടിയിറങ്ങിയതാണ് . വര്‍മ്മ സാറിന്റെ എക്സ്റ്റന്ഷനിലേയ്ക്ക് വിളിച്ചു വിവരം പറയുമ്പോള്‍ മേലാസകലം നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു ..
"സാര്‍ ഞാനിറങ്ങുന്നു ..എം.ഡി യോട് എമര്‍ജന്‍സിയെന്ന് പറഞ്ഞാല്‍ മതി .."
അതും പറഞ്ഞു മറുപടി കാക്കാതെ റിസീവര്‍ വയ്ക്കുമ്പോള്‍ എം.ഡി രാജശേഖര റാവു ക്യാബിനിലുണ്ടോ, അതോ പുറത്താണോ എന്നു കൂടി തിരക്കാന്‍ അയാള്‍ മറന്നിരുന്നു . പുറത്തിറങ്ങി അഞ്ച് മിനിട്ടിനുള്ളില്‍ തന്നെ രണ്ട് ടാക്സികള്‍ നിര്‍ത്താതെ പോയപ്പോഴേ അടക്കാനാകാത്ത പിരിമുറുക്കത്തില്‍ മനസ്സ്‌ അസ്വസ്ഥമായിത്തുടങ്ങിയിരുന്നു.'നീ ഇതു വരെ പുറപ്പെട്ടില്ലേ'? എന്ന വര്‍ഗീസിന്റെ ചോദ്യവുമായി മൊബൈല്‍ പാതി വഴിയില്‍ നിലവിളിച്ചു ചത്തതോടെ കാത്തുനില്‍പ്പിനുള്ള അവശേഷിച്ച മനസ്സുറപ്പും ഇല്ലാതായി .ചാര്‍ജില്ലാത്ത മൊബൈല്‍ പാന്റ്സിന്റെ പോക്കറ്റിലേയ്ക്ക് തിരുകി കയറ്റി ആയത്തില്‍ നടക്കുമ്പോള്‍ ആരോടെന്നില്ലാതെ കയര്‍ത്തു പിറുപിറുക്കുന്നുണ്ടായിരുന്നു.
സിറ്റി ഹോസ്പിറ്റല്‍ എന്ന വലിയ ബോര്‍ഡില്‍ കണ്ണുടക്കിയപ്പോള്‍ അയാള്‍ ബ്രേക്കിട്ട പോലെ നിന്നു. ഇത്ര വേഗം താനിവിടം വരെ നടന്നെത്തിയോ എന്ന ചിന്ത അയാളെ തെല്ലമ്പരപ്പിക്കാതിരുന്നില്ല. റിസപ്ഷനില്‍ നിന്നും മൂന്നാം നിലയിലെ ഐ.സി.യു. ലഷ്യമാക്കി സ്റ്റെപ്പുകള്‍ ഓടിക്കയറുമ്പോള്‍ അയാള്‍ ലിഫ്റ്റിനു മുന്നില്‍ കാത്തുനില്‍ക്കുന്നവരെ ശ്രദ്ധിച്ചിരുന്നില്ല.അല്ലെങ്കില്‍ അങ്ങനൊരു കുറുക്ക് വഴി ആ സമയം മനസ്സില്‍ തെളിഞ്ഞില്ല എന്നു തന്നെ പറയാം. കോറിഡോറിലെ തൂക്കിയിട്ടിരിക്കുന്ന ബോര്‍ഡുകളിലൂടെ കണ്ണുകള്‍ ഓട്ടപ്രദക്ഷിണം നടത്തുമ്പോള്‍ തന്നെ പിറകില്‍ നിന്നും വര്‍ഗീസിന്റെ തണുത്ത കൈകള്‍ ചുമലില്‍ സ്ഥാനം പിടിച്ചിരുന്നു .
"അവിടെ ആ കോര്‍ണറിലാ, സ്ട്രയിറ്റു പോയിട്ട് ലഫ്റ്റിലേയ്ക്ക്.."
വര്‍ഗീസ്‌ വിരല്‍ ചൂണ്ടിക്കോണ്ട് പറഞ്ഞു.
"ഇപ്പോള്‍ എങ്ങനുണ്ട്? ഡോക്ട്ടേറ്സ് എന്തെങ്കിലും പറഞ്ഞോ ?"
ഗോപന്‍റെ മുഖം ഉല്‍കണ്ഠയുടെ വിവിധമാനങ്ങള്‍ തേടിനടന്നു.
"ബ്ലഡഡു വേണ്ടി വരുമെന്ന് പറഞ്ഞിട്ട് ?"
"തല്‍ക്കാലം അതിന്റെ ആവിശ്യമില്ലെന്നു പറഞ്ഞു ..മാത്രമല്ലാ ഇവിടുത്തെ ബ്ലഡഡ് ബാങ്കില്‍ ഇന്ഫോം ചെയ്തിട്ടുമുണ്ട് ."
"മം.."
ഗോപന്‍ എന്തോ ആലോചിച്ചു മൂളുക മാത്രം ചെയ്തു .
"ഇവിടെയിപ്പോള്‍ ആരൊക്കെയുണ്ട് ?"
അയാള്‍ വീണ്ടും ചോദിച്ചു
"വിജയന്‍റെ ഭാര്യ മാത്രമേയുള്ളൂ ...കുട്ടികള്‍ സ്കൂളിലാണ് അറിഞ്ഞ ട്ടുണ്ടാവാന്‍ വഴിയില്ല "
വര്‍ഗീസ്‌ നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു .
"റിലേറ്റീവ്സ് ആരും വന്നിട്ടില്ലേ ?"
"ഇല്ല ..ആദ്യം അറിയിച്ചതെന്നെയാണെന്നു തോന്നുന്നു ..മാത്രമല്ല സരിതയുടെ ബന്ധുക്കള്‍ വിജയനുമായി അത്ര സുഖത്തിലുമല്ലല്ലോ?
വിജയന്‍റെ ചേട്ടന്‍ അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു ..ചിലപ്പോള്‍ ഉടനെ എത്തിയേക്കും ."
വര്‍ഗീസ്‌ പറഞ്ഞു നിര്‍ത്തി .
ലഫ്റ്റിലേയ്ക്ക് തിരിഞ്ഞപ്പോഴേ കണ്ടു ഐ സി യു വിനു മുന്നില്‍ അക്ഷമയായി സരിത നില്‍ക്കുന്നു .അവര്‍ അടുത്ത് വന്നപ്പോള്‍ സരിത ആയാസപ്പെട്ട്‌ ചുണ്ടുകളുടെ സ്ഥാനം തെറ്റിച്ചു.
"എപ്പോഴാരുന്നു ....സംഭവം ?"
ഗോപന്‍ മടിച്ച് മടിച്ച് ചോദിച്ചു .
"രാവിലെ, കുട്ടികളെ സ്കൂളില്‍ വിട്ടിട്ടു ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ്‌ വാഷ് ചെയ്യുന്നതിനിടെ ഒമിറ്റ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഓടി ചെന്നത് .നോക്കുമ്പോള്‍ വാഷ് ബേസിന്‍ നിറയെ രക്തം ..വിജയുടെ ചുണ്ടിലും ദേഹത്തുമാകെ ചോര പടര്‍ന്നിരുന്നു.....ഈശ്വരാ എനിക്കിപ്പോഴും തല കറങ്ങുന്നു ..ഇതു മുന്‍പത്തെപ്പോലല്ല ഗോപാ നന്നായി ബ്ലഡ് പോയിട്ടുണ്ട് ."
അവരുടെ മുഖം ഭയന്ന് വിളറിയിരുന്നു.
വീണ്ടും ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടാണ് സരിതയ്ക്ക് മാത്രം അകത്തു കയറി കാണാന്‍ അനുമതി കിട്ടിയത് .പുറത്ത് വരുമ്പോള്‍ സരിതയുടെ മുഖം കരഞ്ഞ് വീങ്ങിയിരുന്നു .
ഇത്തവണ അകത്തെ വിവരം തിരക്കാനുള്ള നാവിന്റെ വികടതയെ ഗോപന്‍ പണി പ്പെട്ടു നിയന്ത്രിച്ചു .ഉച്ചയോടെ വിജയിന്‍റെ ചേട്ടനും അടുത്ത ചില ബന്ധുക്കളും വന്നതോടെ വര്‍ഗീസും ഗോപനും അവിടെ നിന്നു മടങ്ങി .
രണ്ട് ദിവസത്തിന് ശേഷം ഗോപന്‍ ചെല്ലുമ്പോള്‍ വിജയനെ റൂമിലേയ്ക്ക് മാറ്റിയിരുന്നു .
"ഇപ്പോള്‍ എങ്ങനുണ്ട് ?"
അയാള്‍ വിജയ്നോടായി ചോദിച്ചു.
"രണ്ട് ദിവസത്തിനകം പോകാമെന്ന് പറഞ്ഞു .മെഡിസിന്‍ കുറച്ച് നാള്‍ കൂടി കണ്ടിന്യൂ ചെയ്യണം ..നതിംഗ് സീരിയസ് .അത്ര തന്നെ."
"വേറൊന്നു കൂടി ഡോക്ടര്‍ പറഞ്ഞു. ഇനി ലിക്കര്‍ വെണമെന്ന തോന്നല്‍ പോലും ഒരു പക്ഷേ ഇവിടെവരെ എത്തിക്കില്ലെന്ന്.."
അത് പറയുമ്പോള്‍ സരിത ഗൌരവത്തോടെ വിജയ്‌യുടെ മുഖത്തേയ്ക്കു തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു .
"ശരിയാണ് വിജയ്‌ ..കുട്ടികള്‍ രണ്ടും നന്നേ ചെറുപ്പ മാണെന്നോര്‍ക്കണം. ഇതൊരു ത്രട്ടനിംഗ് കോള്‍ പോലെ കണ്ടാല്‍ മതി .സൊ യു മസ്റ്റ് ബി ടേക്ക് ഗുഡ് കെയര്‍."
ഗോപന്‍ ഒരുപദേശം പോലെ പറഞ്ഞു.
വിജയ്‌ മേനോന്‍ അതിന് പ്രത്യേകിച്ചൊരു മറുപടിയും പറയാതെ ചുവരിലെയ്ക്ക് നോക്കി വെറുതേ കിടന്നു.
"സരിതയുടെ റിലെട്ടീവ്സ് ആരും വന്നില്ലേ ?"
"അറിയിച്ചിരുന്നു ..പക്ഷേ വന്നില്ല .."
അവര്‍ ഒറ്റവാക്കില്‍ മറുപടി അവസാനിപ്പിച്ചു .
"ഗോപന്‍ ചായ കുടിക്കുന്നോ ..ഫ്ലാസ്ക്കില്‍ ചായയുണ്ട് "?
"ഇല്ല ഞാന്‍ വരുന്ന വഴിക്ക് കുടിച്ചു . ഇറങ്ങട്ടെ ..ഡിസ്ചാര്‍ജായിട്ടു ഞാന്‍ വീട്ടിലേയ്ക്ക് വരാം ."
അയാള്‍ യാത്ര പറഞ്ഞിറങ്ങി .
ഇത്തവണ സരിത കൂടുതല്‍ മനസ്സുറപ്പോടെ പെരുമാറുന്നൂന്നു ഗോപനു തോന്നി . കഴിഞ്ഞതവണ അവര്‍ നന്നേ തളര്‍ന്നു പോയിരുന്നു ..വിജയ്‌ യെ എങ്ങനെങ്കിലും ഉപദേശിച്ച് ഇതില്‍ നിന്നു രക്ഷപെടുത്തണമെന്ന് പല തവണ തന്നോട് പറഞ്ഞിരുന്നു ..

രണ്ടാഴ്ചയ്ക്കു ശേഷം യാദൃശ്ചികമായിട്ടാണ് വര്‍ഗീസ്‌ വിജയ്‌യുടെ കാര്യം പറഞ്ഞത് ..അയാള്‍ ആകെ മാറിയിരിക്കുന്നത്രേ! മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കി. ഇന്നലെ മുതല്‍ ഓഫീസിലും പോയി തുടങ്ങിയിരിക്കുന്നു .
അയാളെ വീട്ടില്‍ പോയി കാണുന്ന കാര്യം മറന്നുവെന്നു അപ്പോളാണോര്‍ത്തത്. ഒരു ഞായറാഴ്ച കിട്ടുന്നത് ഒന്നിനും തികയാതെ വന്നിരിക്കുന്നു .
"വര്‍ഗീസേ ഈ സണ്ടേ നമുക്കവിടം വരെയൊന്നു പോകണം .വിജയ്‌ യിനെ ഡിസ്ചാര്‍ജു ചെയ്തിട്ട് ഇതുവരെയൊന്നു പോകാന്‍ സമയം കിട്ടിയില്ല .."
"അതിനെന്താ പോയ്ക്കളയാം .."
വര്‍ഗീസ്‌ ബൈക്ക് സ്റ്റാര്‍ട്ടു ചെയ്യുന്നതിനിടയില്‍ പറഞ്ഞു.

പിറ്റെന്നുച്ചയോടെയാണ് ഞെട്ടിപ്പിക്കുന്ന ആ വര്‍ത്ത അറിഞ്ഞത് .സരിതയും രണ്ട് കുട്ടികളും സിറ്റിയില്‍ വെച്ചു കാര്‍ ആക്സിടന്റില്‍ കൊല്ലപ്പെട്ടിരിക്കുന്നു .ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല .സരിതയ്ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയിട്ട് രണ്ട് വര്‍ഷത്തിലധികം ആയിക്കാണും ..മാത്രമല്ല അവര്‍ തരക്കേടില്ലാതെ വണ്ടിയോടിക്കുകയും ചെയ്യും .ഒന്നു രണ്ട് തവണ വിജയനും സരിതയ്ക്കുമൊപ്പം യാത്ര ചെയ്തപ്പോള്‍ അത് നേരിട്ടറിഞ്ഞതുമാണ് ..പക്ഷേ പതിയിരിക്കുന്ന ഒരപകടത്തില്‍ നിന്നും മാറി സഞ്ചരിക്കാന്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്ത് ഒരു മുതല്‍ക്കൂട്ടേയല്ലെന്നത് പച്ചയായ യാഥാര്‍ത്ഥ്യം മാത്രം .

സരിതയുടെയും കുട്ടികളുടെം അടക്കം കഴിഞ്ഞ്‌ പിറ്റേ ദിവസം വൈകുന്നേരം വരെയും ഗോപനും വര്‍ഗീസും വിജയനോടൊപ്പം തന്നെയുണ്ടായിരുന്നു . കഴിഞ്ഞ രണ്ട് ദിവസവും വിജയ്‌ മേനോന്‍ ഒരു വാക്ക് ഉരിയടുകയോ ജലപാനം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഗോപന്‍ ഓര്‍ത്തു. ഒരിക്കല്‍ പോലും അയാളുടെ കണ്ണു നിറഞ്ഞിട്ടുമില്ല. ഒരു പക്ഷേ ഭാര്യയുടെയും കുട്ടികളുടെയും മരണം എന്ന യാഥാര്‍ത്യത്തോട് അയാളുടെ മനസ്സ്‌ ഇതുവരെ പൊരുത്ത പ്പെട്ടിട്ടുണ്ടാവില്ല. അങ്ങനെയെങ്കില്‍ ഇനിയുള്ള ദിവസങ്ങളെ അയാള്‍ എങ്ങനെ അതിജീവിക്കും എന്ന ചിന്ത ഗോപനില്‍ അസ്വസ്ഥത പടര്‍ത്തി.
കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ഒരു വൈകുന്നേരം ഓഫീസില്‍ നിന്നു തിരിച്ച് പോകും വഴി ഗോപന്‍ വീണ്ടും വിജയ്‌ മേനോനെ സന്ദര്‍ശിച്ചു ..അയാളും വേലക്കാരനും തനിച്ചായിരുന്നു വീട്ടില്‍ .
"വിജയന്‍റെ ബന്ധുക്കളെല്ലാം തിരിച്ച് പോയോ ?"
ഗോപന്‍ രണ്ടുപേരോടുമായി ചോദിച്ചു .
"സാറിന്‍റെ ചേട്ടനും അമ്മാവനും അടുത്താഴ്ച വരാമെന്ന് പറഞ്ഞാ പോയത് ..അപ്പോഴേക്കും അടിയന്ത്രത്തിന്‍റെ ചടങ്ങുകളും ആകുമല്ലോ.."
ജോലിക്കാരനാണ് മറുപടി പറഞ്ഞത് ..
"ഗോപനു ചായ കൊടുക്കൂ രാഘവാ "
വിജയന്‍ സംസാരിച്ചു കേട്ടതില്‍ ഗോപന് ആശ്വാസം തോന്നി .
"വിജയന്‍ പുറത്തേക്കൊക്കെ ഇറങ്ങണം ..ഇതിനകത്ത് തന്നെ ഇങ്ങനെ ഒതുങ്ങിക്കൂടിയാല്‍ മനസ്സ്‌ കൂടുതല്‍ അസ്വസ്തമാകുകേയുള്ളൂ ..ലീവ് കൂടുതല്‍ നീട്ടെണ്ടെന്നു തന്നെയാ എന്‍റെ അഭിപ്രായം ..എന്തിലെങ്കിലും എന്ഗേജിടായാല്‍ തന്നെ പകുതി റിലീഫ് കിട്ടും ."
"ഊം .."
അയാള്‍ മറുപടിയായി വെറുതേ നീട്ടി മൂളുക മാത്രം ചെയ്തു .
"ഇടയ്ക്ക് ഞങ്ങളുടെ ഫ്ലാറ്റിലേയ്ക്കു ഇറങ്ങണം .അടുത്ത ആഴ്ച ഞാന്‍ വര്‍ഗീസിനെയും കൂടെ കൂട്ടാം ..അയാളും ഇങ്ങോട്ട് വരണമെന്നു പറയുന്നുണ്ടായിരുന്നു .."
ഇത്തവണ വിജയ്‌ മേനോന്‍ മറുപടിയൊന്നും പറഞ്ഞില്ല ..വെറുതേ ഗോപന്‍റെ മുഖത്തേയ്ക്കു നോക്കുക മാത്രം ചെയ്തു .
രണ്ടുപേര്‍ക്കുമിടയില്‍ കുറേ നിമിഷങ്ങള്‍ ശബ്ദമില്ലാതെ കടന്നു പോയി..കൂടുതല്‍ ഇരുന്നാല്‍ സംസാരിക്കാന്‍ വിഷയങ്ങള്‍ കണ്ടുപിടിക്കാന്‍ താന്‍ നന്നേ പാടുപെടുമെന്നു മനസ്സിലാക്കിയ ഗോപന്‍ ചായക്കപ്പ് ടീപോയില്‍ വെച്ച്‌ യാത്ര പറഞ്ഞിറങ്ങി .

ഫ്ലാറ്റില്‍ തിരിച്ചെത്തിയിട്ടും ഗോപന്‍റെ മനസ്സ്‌ അസ്വസ്ഥമായിരുന്നു. അവിവാഹിതനായ തന്‍റെ മനസ്സിനെ ഇത് ഇത്രത്തോളം അലട്ടുന്നുവെങ്കില്‍ ഒരു നിമിഷം കൊണ്ട് കുടുംബം വേരോടെ നഷ്ടപ്പെട്ട അയാളുടെ അവസ്ഥ എത്ര ഭീകരമാകും..ഹൊ! ഗോപന്‍ അറിയാതെ തലകുടഞ്ഞു.
അലമാര തുറന്ന് കഴിഞ്ഞയാഴ്ച ബാക്കി വെച്ചിരുന്ന മദ്യക്കുപ്പി പുറത്തെടുത്ത് ഗ്ലാസ്സ് നിറച്ചു .അതും സിപ് ചെയ്തു ചൂരല്‍ കസേരയില്‍ കണ്ണുകളടച്ചു ചാരിക്കിടന്നു. നിറഞ്ഞ ഗ്ലാസ്സുമായി കൈയ്യുകള്‍ ഊഴം മാറി ചുണ്ട് തേടി പൊയ്ക്കൊണ്ടിരുന്നു . ഇടയ്ക്കെപ്പോഴോ അയാള്‍ കണ്ണു തുറന്ന് ചാടിയെണീറ്റു . അയാളുടെ മുഖഭാവം എന്തോ ഓര്‍ത്ത് പേടിച്ചിട്ടെന്നപോലെ വിളറിയിരുന്നു .
"ഒരു പക്ഷേ ..വിജയന്‍ വീണ്ടും കുടി തുടങ്ങിയിരിക്കുമോ ?
എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നലില്‍..............??"
ആകുല ചിന്തകള്‍ അയാളില്‍ നിന്നു പിറുപിറുക്കലുകളായി രൂപാന്തരം പ്രാപിച്ചു കൊണ്ടിരുന്നു .
"ഇനി ലിക്കര്‍ വേണമെന്ന ചിന്ത പോലും ഒരു പക്ഷേ................!?"
ഓര്‍മ്മയില്‍ സരിതയുടെ വാക്കുകള്‍ അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി.
'ഛെ! താനെന്തൊരു വിഡ്ഢിത്തമാണ്‌ ചെയ്തത് ..ഒരു ദിവസമെങ്കിലും അവിടെ തങ്ങി അയാളെ സമാശ്വസിപ്പിക്കേണ്ടതിനു പകരം തിരിഞ്ഞു നോക്കാതെ വന്നിരുന്നു കുടിച്ച് മറിയുന്നു . അയാള്‍ക്ക്‌ തന്നോട് തന്നെ പുച്ഛം തോന്നി.ഒന്നു വിളിച്ചു നോക്കിയാലോ ? അല്ലെങ്കില്‍ അവിടം വരെ ഒന്നു പോയി നോക്കാന്‍................പക്ഷേ നേരം കുറേ വൈകിയിരിക്കുന്നു .....'
അയാള്‍ ബാല്‍കണിയില്‍ ചെന്നു പുറത്തേയ്ക്ക് നോക്കി നിന്നു ..ആകാശത്ത് നക്ഷത്രങ്ങള്‍ കൂട്ടം തെറ്റി നില്‍ക്കുന്നു ..ഇടയ്ക്ക് കൂടിച്ചേര്‍ന്നു മൂന്ന് നക്ഷത്രങ്ങള്‍. അവ ഒരു പോലെ ചിരി തൂകുന്നപോലെ അയാള്‍ക്ക്‌ തോന്നി.സരിതയും കുട്ടികളും ചിരിക്കുന്ന പോലെ ..
"ഗോപന്‍, വിജയ്‌യെ ശ്രദ്ധിച്ചോണേ ... ഞങ്ങള്‍ പിരിഞ്ഞെന്ന വിഷമത്തില്‍ ചിലപ്പോള്‍ അദ്ദേഹം വീണ്ടും കുടി തുടങ്ങിയേക്കും ..വിജയ്ക്ക് വേറെയാരുമില്ലെന്നറിയാല്ലോ.."
"അങ്കിള്‍ ..ഞങ്ങള്‍ടെ പപ്പെയേ നോക്കിക്കോണേ..പ്ലീസ് അങ്കിള്‍ .."
രണ്ട് കുരുന്നു നക്ഷത്രങ്ങളും ഒരേ സ്വരത്തില്‍ കൊഞ്ചിച്ചിലമ്പുന്നു ...
അയാളുടെ നെഞ്ചിടിപ്പ് ക്രമാതീതമായിത്തുടങ്ങിയിരുന്നു .
ഇപ്പോള്‍ എല്ലാ നക്ഷത്രങ്ങള്‍ക്കും ചുവപ്പ് നിറമാണെന്നയാള്‍ക്ക് തോന്നി ..
അകലെ മാറി മറ്റൊരു ചുവന്ന താരം കൂടി തെളിഞ്ഞിരിക്കുന്നു...മറ്റുള്ളവയെക്കാള്‍ കടുത്ത നിറമാ ണതിനെന്നയാള്‍ക്ക് തോന്നി ...ഇപ്പോള്‍ വിടര്‍ന്ന ചുടു ചോരയുടെ കടും ചുവപ്പ് ..
"നോക്ക് ഗോപാ ചോര തുപ്പി പൊലിഞ്ഞ എത്ര നക്ഷത്രങ്ങളെ നിനക്ക് കാണാം ..ശരിക്ക് നോക്ക് വിരലിലെണ്ണാന്‍ പോലും നിനക്ക് തികയില്ല ..അപ്പോള്‍ പിന്നെ ചോര തുപ്പാതെ അകാലത്തില്‍ പൊലിഞ്ഞവയോടു നീ എന്തു കാരണം പറയും ....പുണ്യ മെന്നോ പാപമെന്നോ? ..അതോ രണ്ടും കൂടിച്ചേര്‍ന്ന വിധിയെന്നോ ? എന്റെ കുരുന്നു ചോരപ്പൂക്കള്‍ നിന്നോട് ചോദിച്ചില്ലേ അവരുടച്ഛനെക്കുറിച്ച് ??"
"ഹൊ ! "
വല്ലാത്തൊരു ശബ്ദത്തോടെ ഗോപന്‍ പിന്നിലേയ്ക്ക് പിടഞ്ഞു മാറി ..വാതിപ്പടിയില്‍ നിന്നു നിലതെറ്റി അയാള്‍ മുറിയ്ക്കുള്ളിലെയ്ക്ക് തെന്നി വീണു . മദ്യക്കുപ്പിയിരുന്ന ടേബിളിനടുത്തെയ്ക്ക് അയാള്‍ ഇഴഞ്ഞു നീങ്ങി . മൂടി തുറന്ന് കുപ്പിയുടെ കഴുത്തപ്പാടെ വായ്ക്കുള്ളിലെയ്ക്ക് തള്ളി ..തന്റെയുള്ളിലേയ്ക്ക് കത്തിയിറങ്ങുന്ന കൊഴുത്ത ദ്രാവകത്തിനു ചുടു രക്തത്തിന്റെ രൂക്ഷ ഗന്ധവും രുചിയുമാണെന്നയാളറിഞ്ഞു. മുറിയിലെമ്പാടും ചുവന്ന നക്ഷത്രങ്ങള്‍ മിന്നാമിനുങ്ങുകളെപ്പോലെ പറന്നു നിറയുന്നു ..അവയുടെ കണ്ണുകളില്‍ നിന്നു ചുടു നിണം പൊഴിഞ്ഞു വീണ് മുറിയാകെ നിറഞ്ഞ് തന്നെ മൂടുന്നു...ഇറുകിയടഞ്ഞ കണ്ണുകളുമായി തുടര്‍ച്ചയില്ലാത്ത ഒരു ഞരക്കത്തോടെ അയാള്‍ ടേബിളിനു മുകളിലേയ്ക്ക് തല കുത്തി .
....................

7 Comments, Post your comment:

khaadu.. said...

മദ്യം വിഷമാണ്...
നന്നായി എഴുതി,..ആശംസകള്‍...

സങ്കൽ‌പ്പങ്ങൾ said...

aasamsakal

प्रिन्स|പ്രിന്‍സ് said...

മദ്യപാനം താൽക്കാലിക സുഖം നൽകിയേക്കും. പക്ഷേ അതിന് നൽകേണ്ടിവരുന്ന വില ഒരുപക്ഷേ സ്വന്തം ജീവൻ തന്നെയായിരിക്കാം.
നന്നായിട്ടുണ്ട്. ആശംസകൾ

അനാമിക പറയുന്നത് said...

madyam visham ennarinjittum janam athinu pinnale thanne......katha nannayi.

വാവാച്ചി said...

nalla katha,,,, madyathinte thalkkalika sugam thedunna manushyante yathra maranathilekkanennu avan thirichariyunnathennanavo,,,,,,

Varun Aroli said...

കഥ നന്നായി.

Unknown said...

good one