സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ദീപക് ജോസഫിന്റെ തിരോധാനം

September 04, 2011 JIGISH











പ്രിയപ്പെട്ട വായനക്കാരാ, ഒരു പ്രവാസിയുടെ വൈകുന്നേരങ്ങൾ, എത്രയനാഥമാണെന്ന് നിങ്ങൾക്കറിയുമോ.? വേരുകളെല്ലാം പിഴുതെടുത്ത്, മരുഭൂമിയിലുപേക്ഷിക്കപ്പെട്ട ഒരു കിളുന്തുചെടിയെപ്പോലെ എന്റെ ആത്മാവ് തേങ്ങുന്ന സമയമാണത്. നിനച്ചിരിക്കാതെ, ഇന്റർനെറ്റിന്റെ കിളിവാതിലുകൾ കൂടി കൊട്ടിയടക്കപ്പെടുന്ന ചില ദിവസങ്ങളിൽ, എന്തുചെയ്യണമെന്നറിയാതെ ഞാൻ ആകെ അസ്വസ്ഥനാകും. ആർക്കും വേണ്ടാത്തവനായിപ്പോയല്ലോ എന്നോർത്ത് മനസ്സ് കാടു കയറും. അല്ലാത്ത ദിനങ്ങളിൽ, ജി ടോക്കിന്റെയും ഫേസ് ബുക്കിന്റെയും ഓർക്കൂട്ടിന്റെയും വാതിലുകൾ തുറന്നിട്ട് എന്റെ ജീവൻ നിലനിർത്തിപ്പോരുന്ന സൌഹൃദങ്ങൾക്കായി ഞാൻ കാത്തിരിക്കും. അതോടൊപ്പം, എന്റെ ഇഷ്ടചാനൽ തുറന്നുവെച്ച്, ശബ്ദം താഴ്ത്തി ലോകത്തിന്റെ സ്പന്ദനങ്ങൾക്കായി കാതോർക്കും.!

അന്നൊരു വ്യാഴാഴ്ചയായിരുന്നു. കൃത്യമായിപ്പറഞ്ഞാൽ, വി.എസ്.അച്യുതാനന്ദൻ ബെർലിൻ കുഞ്ഞനന്തൻ നായരെ കാണാൻ പോയതിന്റെ പിറ്റേദിവസം. ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയതേയുള്ളു. ഒരു ചായയിട്ടു കുടിച്ചുകൊണ്ട്, പതിയെ സോഫയിലേയ്ക്കു ചാഞ്ഞു. കോമഡിസിനിമകളിലെ നിലവാരമില്ലാത്ത പതിവുതമാശകളിൽ മനംമടുത്ത്, കുറെക്കൂടി മികച്ച തമാശകൾക്കായി ഞാൻ വാർത്താചാനലുകളിലേക്കു തിരിഞ്ഞിരുന്നു. റിമോട്ട് അമർത്തിയതും കണ്ടത് കുഞ്ഞനന്തൻ നായരുടെ മുഖമാണ്. കഴുകൻകണ്ണുകളുള്ള ഒരു മനുഷ്യന്റെ ആർത്തിപൂണ്ട ചോദ്യങ്ങൾക്കു മുന്നിൽ അയാൾ സംഘടനയ്ക്കുള്ളിലെ പഴയ വിഴുപ്പുകൾ അലക്കുകയായിരുന്നു. ഒരിക്കൽ എന്റെയും ജീവനായിരുന്ന പ്രസ്ഥാനത്തിനുള്ളിലെ ചരിത്രപരമായ തമാശകൾ കേട്ട് ഞാനങ്ങനെയിരുന്നു.

അപ്പോഴാണ്, നെഞ്ചിൽ തീ കോരിയിട്ടുകൊണ്ട്, ഫ്ലാഷ് ന്യൂസായി ആ വാർത്ത സ്ക്രീനിലൂടെ മിന്നിമറഞ്ഞത്: “പ്രമുഖ ചാനൽ റിപ്പോർട്ടർ ദീപക് ജോസഫിനെ കാണാനില്ല.” ഇതു കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ ദീപുവിന്റെ മൊബൈലിലേയ്ക്ക് ഡയൽ ചെയ്തു. സ്വിച്ചോഫ് ചെയ്തിരിക്കുകയാണെന്ന സന്ദേശം കിട്ടി. ഉടൻതന്നെ, അവന്റെ ഭാര്യ ജെസ്സിയെ വിളിച്ചു. അവളുടെ അച്ഛനാണ് ഫോണെടുത്തത്.
‘എന്തുപറ്റി.? എന്താണച്ഛാ സംഭവിച്ചത്?
‘അരുണേ, നിനക്കറിയാമല്ലോ.? ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യാൻ അവൻ ഗോവയിലായിരുന്നു. നല്ല സുഖമില്ലെന്നറിയിച്ച് ഫോൺ വന്നപ്പോൾ ഞാൻ അങ്ങോട്ടുപോയതാ. ചാനലിൽ വിളിച്ച് പകരം സംവിധാനമുണ്ടാക്കി, ഞാനവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. നല്ല ടെൻഷനുണ്ടെന്നു തോന്നി. ഒന്നും സംസാരിച്ചില്ല. അവർ അവിടെ കിടത്തി എന്തോ മരുന്നു കൊടുത്തു. ഒന്നുറങ്ങിയെണീറ്റപ്പോൾ എല്ലാം ശരിയായെന്നുതോന്നി. വേഗം നാട്ടിൽ പോകണമെന്നു പറഞ്ഞു. ഇന്നലെ രാത്രി, ട്രെയിനിൽ ഇങ്ങോട്ടു വരികയായിരുന്നു ഇടയ്ക്കെപ്പോഴോ ടോയ് ലറ്റിൽ പോവുകയാണെന്നു പറഞ്ഞ് അവൻ സീറ്റിൽ നിന്നെണീറ്റുപോയി. 10-15 മിനിറ്റ് കഴിഞ്ഞിട്ടും കാണാത്തപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അവനെ കണ്ടില്ല. അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ, ഞാൻ എല്ലായിടത്തും പോയി നോക്കി. ഒരിടത്തുമുണ്ടായിരുന്നില്ല. വിളിച്ചുനോക്കി. ഫോൺ സ്വിച്ചോഫ് ആയിരുന്നു..“
‘അതേ, ഞാനും ഇപ്പോൾ വിളിച്ചുനോക്കിയച്ഛാ.. സ്വിച്ചോഫ് ആണ്.”
“എന്തെങ്കിലും വിവരം ലഭിച്ചാൽ പറയണേ മോനേ. ഞാൻ പിന്നെ വിളിക്കാം.”

എല്ലാ സമാധാനവും നഷ്ടപ്പെട്ടു. പ്രിയചങ്ങാതീ, എല്ലാവരെയും കബളിപ്പിച്ച് നീ എങ്ങോട്ടാണ് പോയത്.? ഇപ്പോൾ 24 മണിക്കൂർ പിന്നിടുന്നു. ഇതിനിടയിൽ, നിന്റെ മന:സ്സാക്ഷിസൂക്ഷിപ്പുകാരനായ എന്നെപ്പോലും നീയൊന്നു വിളിച്ചില്ലല്ലോ.? ചാനലിലിപ്പോൾ മറ്റേതോ വാർത്തയാണ് ഫ്ലാഷ് ചെയ്യുന്നത്. ഞാൻ ടീവിയും കമ്പ്യൂട്ടറുമെല്ലാം ഓഫ് ചെയ്ത്, കട്ടിലിൽ കയറി വെറുതെ കണ്ണടച്ചുകിടന്നു.

* * * *

ഓർമ്മകൾ തുടങ്ങുന്നത് എട്ടുവർഷം മുൻപ്, പ്രസ്സ് അക്കാദമിയിലെ ജേർണലിസം ക്ലാസ്സിലാണ്. അവിടെവെച്ചാണ് ആദ്യമായി അവനെ പരിചയപ്പെടുന്നത്. ദീപക് ജോസഫ്-പരുക്കൻ ജീൻസും ഷർട്ടും ബുൾഗാൻ താടിയുമായി എല്ലാവരെയും അകറ്റി നിർത്തിയിരുന്ന ഒരു റിബൽ കഥാപാത്രം. വളരെ പെട്ടെന്നാണ്, കൂട്ടുകാരൻ എന്നതിനപ്പുറം എന്നെ പൂരിപ്പിക്കുന്ന എന്റെതന്നെ മറുപുറമായി അവൻ മാറിയത്. അരാജകമായ ആ പുറംമോടി അതിലോലമായ അവന്റെ മനസ്സിനെ മറയ്ക്കുന്ന ജാട മാത്രമായിരുന്നു. ബുദ്ധിമാനായ അവന് എല്ലാ ജീവിത സമസ്യകൾക്കും അവന്റേതായ ഉത്തരമുണ്ടായിരുന്നു. ലളിതസുന്ദരമായ പരിഹാരങ്ങളുണ്ടായിരുന്നു. ഏതു പരീക്ഷയിലും ഒന്നാമനായി. കഥ, കവിത, ചിത്രകല, സംഗീതം... തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു മാന്ത്രികവിദ്യ അവനു വശമായിരുന്നു.. കോഴ്സ് പൂർത്തിയാക്കും മുൻപേ പ്രമുഖചാനലിൽ സബ് എഡിറ്റർ ജോലി സമ്പാദിച്ച് മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ താരമായി. പിന്നീട് നാലുവർഷം ജോലിതെണ്ടി നടന്ന എന്നെ, ദുബായിലെ ഒരു കമ്പനിയിലെത്തിച്ച് എന്റെ രക്ഷകനുമായി.! പക്ഷേ...ജീവിതത്തിന്റെ ദിക്കുകൾ ആരറിയുന്നു.!

വിദേശത്തെത്തി, ഒരു മാസത്തിനു ശേഷം ജി ടോക്കിന്റെ സ്വകാര്യതയിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി.
“ഡാ, നായിന്റെ മോനേ...നീ എവിടെയാ..? കാണുന്നില്ലല്ലോ.?”
“തിരക്കായിപ്പോയെടാ...കഴിഞ്ഞാഴ്ചയാ താമസം ശരിയായത്. നെറ്റ് കണക്ഷൻ ഇന്നലെ കിട്ടിയതേയുള്ളു.”
“ഉം..ഒന്നും പറയണ്ട..ഇപ്പോൾ സിറ്റി റിപ്പോർട്ടറാ..എനിക്കീ ജോലി ശരിയാകുമെന്നു തോന്നുന്നില്ല. മിക്കവാറും ഞാനിവരുമായി തല്ലിപ്പിരിയും...വല്ലാത്ത ടെൻഷൻ.. ലോകത്തെന്തു നടന്നാലും നമ്മളറിയണം..അല്ലെങ്കി മൊതലാളി നമ്മളെ വെച്ചേക്കില്ല..നമുക്കു കിട്ടാത്ത ഒരു വാർത്ത മറ്റേ ചാനലിൽ വന്നാപ്പിന്നെ പറയുകയും വേണ്ട.! മര്യാദയ്ക്കൊന്നൊറങ്ങീട്ട് എത്ര ദിവസായെന്നറിയാമോ.? മിക്കവാറും, ഞാൻ ഇതുപേക്ഷിക്കും...!”
“എടാ, ദീപൂ, നീ പെട്ടെന്നൊരു തീരുമാനമെടുക്കല്ലേ...ക്ഷമിക്ക്..കുറച്ചുനാൾ കഴിഞ്ഞാൽ വീണ്ടും ഡെസ്കിലേക്കു പോകാമല്ലോ.?”
“എന്റേടാ, വല്ലാത്ത മടുപ്പ്.. വാർത്ത അയയ്ക്കാൻ നേരമായി..ഞാൻ പിന്നെ വരാം.”

ഞാൻ ദുബായിലെത്തി, ഒരു വർഷത്തിനു ശേഷമായിരുന്നു അവന്റെ വിവാഹം. അതിൽ പങ്കെടുക്കാനാണ് ആദ്യമായി ലീവെടുത്ത് നാട്ടിൽ പോകുന്നതും. ടീവിയിൽ, അവന്റെ ചലനാത്മകമായ വ്യക്തിത്വം കണ്ട് ഇഷ്ടമായ ജെസ്സിയെന്ന പെൺകുട്ടി പ്രണയാഭ്യർത്ഥനയ്ക്കൊന്നും മുതിരാതെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ബാങ്കുദ്യോഗസ്ഥയായ അവളെ ഒരിക്കൽ ജോലിസ്ഥലത്തു ചെന്ന് കണ്ടുസംസാരിച്ച കാര്യം ഇടയ്ക്കെന്നോടു പറഞ്ഞിരുന്നു. ചാനൽ സുഹൃത്തുക്കളെല്ലാം വിവാഹത്തിൽ പങ്കെടുത്തു. ചിലരെയൊക്കെ എനിക്കു പരിചയപ്പെടുത്തി. മടങ്ങിപ്പോരുന്നതിനു മുൻപ് വീട്ടിൽ‌പ്പോയി ഞാനവനെ കണ്ടു. പിരിയാൻ നേരം എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു: “എടാ, പെണ്ണുകെട്ടിയെന്നു കരുതി വിളിക്കാതിരിക്കല്ലേ..അറിയാമല്ലോ.? എനിക്കു നീയൊക്കെയേ ഒള്ളു.!”

പിന്നീട്, ഫേസ് ബുക്കിലും ജി ടോക്കിലുമായി വല്ലപ്പൊഴുമൊക്കെ ഞങ്ങൾ കണ്ടുമുട്ടി. ഓൺലൈനിൽ കാണാത്തപ്പോൾ നഗരത്തിലെ ഏതെങ്കിലും തെരുവിൽ നിന്നോ, അമ്പലപ്പറമ്പിൽ നിന്നോ, ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നോ സമ്മേളനവേദിയിൽ നിന്നോ ഒക്കെ അവൻ ഊർജ്ജസ്വലമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതുകണ്ട് ഞാൻ സന്തോഷിച്ചു. അങ്ങനെയിരിക്കെ, ഒരു ദിവസം, ഫേസ് ബുക്കിലെ ചാറ്റ് റൂമിൽ പച്ചവെളിച്ചം കണ്ട് ഞാനവനെ വിളിച്ചു.
“എടാ, ദീപൂ..”
“എടാ, ഞാൻ നിന്നെ നോക്കിയിരിക്കുവായിരുന്നു.”
“എന്തുപറ്റിയെടാ.?”
“എടാ, എനിക്കു വയ്യ..തീരെ സുഖമില്ല. ഇപ്പോൾ, വീണ്ടും ഡെസ്കിലെത്തി. പക്ഷേ, ഇവിടെയും ടെൻഷനു കുറവൊന്നുമില്ല. പലപ്പോഴും താങ്ങാൻ പറ്റുന്നില്ല തലയ്ക്ക് വല്ലാത്ത ഭാരം..നല്ല തലവേദനയും.. ഉള്ളിലെന്തോ പെരുത്തുവരുന്നതുപോലെ തോന്നുന്നു.“
“സാരമില്ലെടാ, ഹെവി വർക്കിന്റെയാ. നീ പേടിക്കാതെ..വല്ലാതെ അസ്വസ്ഥതയുണ്ടെങ്കിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കണ്ടു സംസാരിക്ക്. എല്ലാം ശരിയാവും, നീ സമാധാനമായിരിക്ക്. എനിക്കൊരാളെ നേരിട്ടറിയാം. ഞാൻ വിളിച്ച് ടൈം ഫിക്സ് ചെയ്തു തരട്ടെ.?”
“വേണ്ട വേണ്ട നീയുള്ളപ്പോൾ പിന്നെന്തിനാ വേറെ സൈക്കോളജിസ്റ്റ്..?” അവനും ഒപ്പം ഞാനും ചിരിച്ചു. “ഇപ്പം, വലിയ കുഴപ്പമൊന്നുമില്ല. ഞാൻ മാനേജ് ചെയ്തോളാം.”

നാട്ടിലായിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. സ്വകാര്യദു:ഖങ്ങൾ അവൻ എന്നോടുമാത്രമേ പറയൂ. അതാണിപ്പോൾ, എന്നെ കൂടുതൽ ദു:ഖിതനാക്കിയത്. പുറംലോകത്തിന് ഒരു പത്രപ്രവർത്തകൻ മാത്രമായ ആ പാവത്തിന്റെ മനസ്സ് താളം തെറ്റുമോയെന്നു ഞാൻ ഭയന്നു. കുറേ നാളത്തേയ്ക്ക് ഓൺലൈനിൽ കണ്ടതേയില്ല. തിരക്കാവുമെന്നു കരുതി. ഞാനും ജോലിത്തിരക്കിലായിരുന്നു. രണ്ടുമൂന്നുവട്ടം വിളിച്ചിട്ടും ഫോൺ എടുത്തതുമില്ല. പിന്നീടൊരു ദിവസം എന്റെ ഫോൺ റിംഗ് ചെയ്തു. അവനായിരുന്നു:
“എടാ, അരുണേ, എനിക്കറിയില്ലടാ..ന്യൂസ്റൂമിൽ റസിയയുമായി സംസാരിച്ചിരിക്കുകയായിരുന്നു. രാത്രി 8-നുള്ള മെയിൻ സ്റ്റോറിയുടെ ‘ലീഡി’നെക്കുറിച്ചാ പറഞ്ഞോണ്ടി രുന്നത്. പെട്ടെന്ന് എന്റെ സമനില തെറ്റിയതുപോലെ എനിക്കു തോന്നി. അവളെന്നോട് എന്തൊക്കെയോ ചോദിച്ചു. എനിക്കൊന്നും വ്യക്തമായില്ല. പിന്നീട്, തളർന്നുവീഴുക യായിരുന്നത്രേ.! ഉണരുമ്പോൾ ഹോസ്പിറ്റലിലായിരുന്നു. എന്റെ ലൈഫ് തീർന്നെടാ.. എനിക്കിനി ഒന്നുമാവില്ല. സത്യത്തിൽ, എന്റെ വിഷമം അസുഖത്തെക്കുറിച്ചല്ല ; ഓഫീസിലാകെ ഞാനൊരു ചർച്ചാവിഷയമായി. എനിക്കു മതിയായെടാ. എന്റെ കരിയർ ഇതോടെ അവസാനിച്ചു.”

അവനെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. സത്യത്തിൽ സംഗതിയുടെ ഗൌരവം അപ്പോളാണ് എനിക്കും വ്യക്തമായത്. അന്നുവൈകിട്ട് ഓൺലൈനിൽ, ഞങ്ങൾ വിശദമായി സംസാരിച്ചു. എന്റെ സുഹൃത്തായ സൈക്കോളജിസ്റ്റുമായി ഫോണിൽ സംസാരിപ്പിച്ചു. ഒടുവിൽ, ജോലി രാജിവെയ്ക്കാനും പുതുതായി തുടങ്ങിയ മറ്റൊരു ചാനലിൽ ജോയിൻ ചെയ്യാനും തീരുമാനമായി. ഒരുപക്ഷേ, മറ്റൊരു സ്ഥാപനത്തിന്റെ സമീപനം അല്പം കൂടി സൌമനസ്യമുള്ളതാണെങ്കിൽ അവന് ആരോഗ്യം വീണ്ടെടുക്കാനാവുമെന്നും ഞാൻ പ്രതീക്ഷിച്ചു. കൃത്യം രണ്ടാഴ്ചകൾക്കു ശേഷം, പുതിയ ചാനലിന്റെ പ്രൈംടൈം ന്യൂസ് അവതരിപ്പിക്കുന്ന അവനെക്കണ്ട് ഞാൻ അളവില്ലാതെ സന്തോഷിച്ചു. എന്നാൽ, ടീവി സ്ക്രീനിലെ ചിരിക്കുന്ന മുഖങ്ങൾക്ക് യഥാർത്ഥമുഖവുമായുള്ള അന്തരമെന്തെന്ന് അപ്പോൾ എനിക്കറിയാമായിരുന്നു. യാഥാർത്ഥ്യവും ഇമേജും തമ്മിലുള്ള വ്യത്യാസം ദീപക് ജോസഫ് എന്ന പത്രപ്രവർത്തകനിലൂടെത്തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു.!

ഗോവയിൽ ഫിലിം ഫെസ്റ്റിവൽ കവർ ചെയ്യാൻ പോകുന്നതിന്റെ തലേന്നുരാത്രിയാണ് പിന്നീട് അവനെന്നെ വിളിക്കുന്നത്. വിഷാദമെല്ലാം മാറി, വളരെ ഹാപ്പിയായിരുന്നു.
“ഡാ, നായിന്റെ മോനേ..ഞാൻ ഗോവയ്ക്കു പോകുവാ, നാളെ കാലത്ത്. നീ വരുന്നോ പടം കാണാൻ.?
“ഇല്ലടാ, തൽക്കാലം നിന്റെ റിപ്പോർട്ട് കാണാം.”
ഇനി ഒരാഴ്ച അവിടാ..എന്നെ കാണണമെന്നു തോന്നുമ്പം ടീവീ ഓൺ ചെയ്തോണം കേട്ടാ.. ഫെസ്റ്റിവൽ ലൈവായിട്ടങ്ങോട്ടു തന്നേക്കാം എന്താ.?”
“ഇന്നേതാ ബ്രാന്റ്..? കൊള്ളാമെന്നു തോന്നുന്നല്ലോ.?” ഞാൻ ചിരിച്ചു.
“അതു പിന്നെ മോശം വരുമോ, മിലിറ്ററി വോഡ്ക്ക ഒരെണ്ണം കിട്ടി...കൂട്ടുകാരന്റെ സംഭാവനയാ..തൊടങ്ങീട്ടേ ഒള്ളു..! ആരുമില്ലടാ..ഒറ്റയ്ക്കാ..അവളിന്നലെ വീട്ടിൽ പോയി.! “
“ദീപൂ..ഒരുപാടു കഴിക്കണ്ട. നാളെ യാത്രയുള്ളതല്ലേ..?”
“ഒന്നു പോടാ ചെറുക്കാ..നമ്മളിതൊക്കെ എത്ര കണ്ടതാ...നാളെ എന്റെ റിപ്പോർട്ട് കണ്ടിട്ട് വിവരം പറ. നീയാണല്ലോ ഇപ്പം നമ്മടെ ജൂറി..?”
ഇതായിരുന്നു, ഞങ്ങളുടെ ഒടുവിലത്തെ സംഭാഷണം. പിറ്റേന്ന് വൈകിട്ട് ഫെസ്റ്റിവലിന്റെ ആദ്യദിനം അവൻ മനോഹരമായി റിപ്പോർട്ട് ചെയ്യുന്നതുകണ്ട്, ഞാൻ അതിശയിച്ചു. ഉദ്ഘാടനചിത്രത്തിന്റെ സവിശേഷതകൾ എണ്ണിയെണ്ണിപ്പറഞ്ഞ അവൻ സംവിധായകന്റെ അഭിമുഖവും നൽകി, ആരെയുമാകർഷിക്കുന്ന പുഞ്ചിരിയോടെയാണ് അവസാനിപ്പിച്ചത്. ആഴ്ചകൾക്കു മുൻപ്, മനസ്സു തകർന്നനിലയിൽ എന്നോടു സംസാരിച്ച എന്റെ സുഹൃത്ത് തന്നെയോ ഇതെന്ന് ഞാൻ അമ്പരന്നു. ഒന്നു വിളിച്ച് അഭിനന്ദിക്കാമെന്നു കരുതിയെങ്കിലും തിരക്കിലായിരിക്കുമെന്നു കരുതി, ഞാൻ അതൊഴിവാക്കി…

* * * *

ഓർമ്മകളിലമർന്നുകിടന്ന് ഒന്നു മയങ്ങിപ്പോയി. ഉണർന്നപ്പോൾ സമയം 12. പത്തു തവണയെങ്കിലും അവന്റെ മൊബൈലിലേക്കു വിളിച്ചുനോക്കി. നമ്പർ നിലവിലില്ല എന്നാണിപ്പോൾ പറയുന്നത്. സിം കാർഡ് മാറ്റിയിട്ടുണ്ടാവുമോ.? ഒന്നും കഴിക്കാൻ തോന്നിയില്ല. മനസ്സാകെ അസ്വസ്ഥമാണ്. അവനിപ്പോൾ എവിടെയായിരിക്കും.? എന്തെങ്കിലും സാഹസം കാണിക്കുമോ..? എപ്പോഴോ ഉറങ്ങി, വൈകിയാണുണർന്നത്. ഉടനെ, ജെസ്സിയുടെ അച്ഛനെ വിളിച്ചു. അവർക്കും യാതൊരു വിവരവുമില്ല. ഫോൺ നമ്പർ ഉപയോഗിച്ച് സ്ഥലം ട്രെയ് സ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. പക്ഷേ, എത്രത്തോളം വിജയിക്കുമെന്നറിയില്ല. ഇടയ്ക്കിടെ അവന്റെ നമ്പർ ഡയൽ ചെയ്തുകൊണ്ട് ദിവസം മുഴുവൻ റൂമിൽ ചെലവഴിച്ചു. ഒരു ഫലവുമുണ്ടായില്ല. വെറുതെയിരുന്ന് മുഷിഞ്ഞതിനാൽ വൈകിട്ട്, സിറ്റിയിൽ പോയി, കറങ്ങിനടന്ന് തിരിച്ചെത്തി. രാത്രി, പതിനൊന്നര വരെ ഓൺലൈനിൽ എല്ലാ വാതിലുകളും തുറന്നിട്ട് ഞാൻ കാത്തിരുന്നു. ഒരു കള്ളച്ചിരിയുമായി അവൻ എവിടെയെങ്കിലും പ്രത്യക്ഷപ്പെടുമെന്നു കരുതി. വന്നില്ല. ഒരു പ്രവാസിയുടെ നിസ്സഹായതയെന്തെന്ന് പൂർണ്ണമായി ബോധ്യപ്പെട്ട നിമിഷങ്ങൾ.!

വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. രാത്രിയെപ്പോഴോ ഒരു ഫോൺ മെസ്സേജിന്റെ ശബ്ദം എന്നെ ഉണർത്തി. വിറയ്ക്കുന്ന കരങ്ങളോടെയാണ് ഞാൻ മൊബൈലെടുത്ത് ആ സന്ദേശം തുറന്നുവായിച്ചത്. അതിങ്ങനെയായിരുന്നു: “ഡാ, നായിന്റെ മോനേ..നിന്നോടുമാത്രമേ പറയുന്നുള്ളു. പോട്ടേടാ..?“ എന്റെ കയ്യിലിരുന്ന് മൊബൈൽഫോൺ വിറച്ചു. വിദൂരമായ ഏതോ ദേശത്ത്, മനസ്സിന്റെ ഭാരം താങ്ങാനാവാതെ എന്റെ ആത്മസുഹൃത്ത്...എന്റെ നിസ്സഹായത എനിക്കു താങ്ങാവുന്നതിനു മപ്പുറത്തായിരുന്നു. ഇതുവരെ വിശ്വാസിയല്ലാതിരുന്ന ഞാൻ, പേരറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ച് അവനുവേണ്ടി പ്രാർത്ഥിച്ചു. പിന്നെ, ഒന്നും ചെയ്യാനില്ലാതെ പാതിരാത്രിയുടെ നിശ്ശബ്ദതയിലേയ്ക്കു നോക്കിയിരുന്നു. ഞാനറിയാതെ, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. പിന്നെ, സമനില വീണ്ടെടുത്ത്, അവന്റെ ഫോണിലേയ്ക്ക് ഒരിക്കൽക്കൂടി ഡയൽ ചെയ്തു. ‘നിങ്ങൾ വിളിക്കാൻ ശ്രമിക്കുന്നയാൾ പരിധിയ്ക്കു പുറത്താണ്.!“ നിസ്സംഗമായി, ഒരു സ്ത്രീശബ്ദം എന്റെ ചെവിയിൽ മന്ത്രിച്ചു.

16 Comments, Post your comment:

SHANAVAS said...

വളരെ ഹൃദയ സ്പര്‍ശിയായി പറഞ്ഞു ഈ കഥ...അഭിനന്ദനങ്ങള്‍..

Manoraj said...

ജിഗിയുടെ ബ്ലോഗില്‍ എഴുതിയ കമന്റ് ഇവിടെയും പേസ്റ്റ് ചെയ്യുന്നു:)

പ്രശസ്തമായ ഒരു തിരോധാനകഥയെ ഏറേ വളച്ചുകെട്ടില്ലാതെ പറഞ്ഞു വെച്ചു. ആ ചാനന്‍‌പ്രവര്‍ത്തകന്റെ (പേരു മറന്നു) പിതാവുമായി ഒരു മുഖാമുഖം ചാനലില്‍ കണ്ടിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞ കുറേയേറേ കാര്യങ്ങള്‍ ഒരു പക്ഷെ ഞെട്ടിക്കുന്നതായിരുന്നു. എന്തൊക്കെയോ ദുരൂഹതകള്‍ നിറഞ്ഞ ഒരു തിരോധാനം. പക്ഷെ കഥയിലെ നായകന്റെ തിരോധാനത്തിന് പിന്നില്‍ അത്രയേറേ ദുരൂഹത തോന്നുന്നില്ല. ഒരു പക്ഷെ മന:പൂര്‍വ്വം ആവാം. കഥ നന്നായി പറഞ്ഞു. കാലഘട്ടത്തോട് ലയിച്ച് ജീവിക്കുന്നവനാവണം കഥാകാരന്‍ എന്ന് തെളിയിച്ചു.

മെഹദ്‌ മഖ്‌ബൂല്‍ said...

ജീവിതത്തില്‍ ചിരിക്കാനും ചിരിപ്പിക്കാനുമാണ് ഏറെ ഇഷ്ട്ടം .....
സങ്കടം വരുമ്പോഴും പൊട്ടിച്ചിരിക്കാറാണ് പതിവ് ..

ഇതിപ്പോള്‍ ...ഞാനെന്താ പറയ്യാ ..
മനസ്സില്‍ വല്ലാതെ കൊണ്ടു.. ഒരു എം ടി നോവല്‍ വായിച്ച പ്രതീതി ....

Villagemaan/വില്ലേജ്മാന്‍ said...

വളരെ നന്നായി അവതരിപ്പിച്ചു ...ആശംസകള്‍

പ്രയാണ്‍ said...

ജീഗീഷ് നടന്ന സംഭവമായിരിക്കുമെന്ന് മനസ്സില്‍ തോന്നി.... മനോയുടെ കമന്‍റ് വായിച്ചപ്പോള്‍ ഉറപ്പായി.............................................. ഇങ്ങിനെയുള്ള തിരോധാനങ്ങളില്‍ ഒരു പ്രതീക്ഷ ബാക്കിനില്‍ക്കാറുണ്ടല്ലോ...........

keraladasanunni said...

അമൃത ടി. വി. യിലെ കഥയല്ലിത് ജീവിതം 
എന്ന പരിപാടിയില്‍ സമാനമായ ഒരു സംഭവത്തെ കുറിച്ച് കാണുകയുണ്ടായി. കഥ നന്നായി എഴുതി. ശരിക്കും മനസ്സില്‍ തട്ടും.

ദൃശ്യ- INTIMATE STRANGER said...

ജിഗിഷ് ..കഥ ഇഷ്ടപ്പെട്ടു
യഥാര്‍ത്ഥ സംഭവത്തെ പറ്റിയുള്ള ആര്‍ട്ടിക്കിള്‍ വായിച്ചിരുന്നു.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കഥയല്ലിതു ജീവിതം തന്നെ ,,നന്നായി

Midhin Mohan said...

Nice work.....

khaadu.. said...

നന്നായി പറഞ്ഞു....മനസ്സില്‍ തട്ടി ..വായിച്ചപ്പോള്‍....എല്ലാ ആശംസകളും...

049r829ed said...

visit http://www.sarathcannanore.com/blog/

കുഞ്ഞൂസ് (Kunjuss) said...

ഹൃദയത്തെ തൊട്ട വായന... കഥയല്ലിത് ജീവിതം എന്ന് തിരിച്ചറിയുമ്പോള്‍ ആശ്വാസവാക്കുകള്‍ നിഷ്ഫലം തന്നെ ...

Anonymous said...

nannai paranju!
welcome to my blog
nilaambari.blogspot.com
if u like it follow and suport me

JIGISH said...

നല്ല വാക്കുകൾക്ക് എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു.!

ente lokam said...

നന്നായി എഴുതി ..

അഭിനന്ദനങ്ങള്‍ ...

TRICHUR BLOG CLUB said...

വളരെ വലിയ പൊസ്റ്റാണല്ലോ?

നല്ല അവതരണം. വീണ്ടും വരാം ഈ വഴിക്ക്.

ജെ പി വെട്ടിയാട്ടില്‍ - തൃശ്ശൂര്‍