സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ചുവരുകളുടെ ചുംബനങ്ങള്‍

November 14, 2011 അനില്‍കുമാര്‍ . സി. പി.

എനിക്കിനിയും നിന്നെ മനസ്സിലാകുന്നില്ലല്ലോ.. ഞാന്‍ അറിഞ്ഞ ആളല്ല നീ...'

മാളവികയുടെ  വയറിലെ കൊച്ചു സിന്ദൂരപ്പൊട്ടുപോലെ പടര്‍ന്ന ചുവന്ന മറുകിനു ചുറ്റും വൃത്തം വരച്ചു കൊണ്ടിരുന്ന അനിരുദ്ധന്‍റെ വിരല്‍ ഒരു നിമിഷം നിഛലമായി. അവന്‍ മുഖമുയര്‍ത്തി ചോദ്യ ഭാവത്തിൽ അവളെ നോക്കി... നിര്‍വ്വികാരത നിഴൽ വിരിക്കാൻ തുടങ്ങുന്ന മുഖത്തോടെ അവൾ പറഞ്ഞു..

ഞാന്‍ അറിഞ്ഞെന്നു കരുതിയ ആളേ അല്ല നീ... നിന്‍റെ ജീവിതത്തിൽ ഒരുപാടു സ്ത്രീകള്‍ഒരുപാടു ബന്ധങ്ങള്‍...
 
ഏതോ ആലയില്‍ ചുട്ടുപഴുത്ത ഇരുമ്പ് കഷണത്തിൽ നിന്നും ചിതറി തെറിച്ച തീപ്പൊരികള്‍ പോലെ അവളുടെ വാക്കുകള്‍ ഹൃദയത്തിൽ വന്നു വീണു. അയാള്‍ പെട്ടെന്ന് കൈ പിന്‍വലിച്ചു. പിന്നെ നിവര്‍ന്നു കിടന്നു കണ്ണുകൾ അടച്ചു. ഏതോ വ്യഥയില്‍ അടഞ്ഞ പോളകള്‍ക്കുള്ളിൽ കണ്ണുകൾ പിടഞ്ഞു. കണ്‍കോണിൽ ഉരുണ്ടുകൂടുന്നൊരു നീര്‍ത്തുള്ളിയുടെ നനവ്‌ പടര്‍ന്നു.

ഞാന്‍ നിന്നെ നോവിച്ചോ?‘

കഷണ്ടി കയറി തുടങ്ങിയ നെറ്റിയില്‍ മാളവികയുടെ വിരലുകൾ അലസമായി അലഞ്ഞു.

മാളൂനീ എന്നെ പൂര്‍ണ്ണമായും അറിയണം എന്നെനിക്ക് തോന്നി. അതുകൊണ്ടല്ലേ ഞാന്‍ എല്ലാം നിന്നോടു പറഞ്ഞത്... ഈ കാലത്തിനിടയില്‍ എന്റെ ജീവിതത്തില്‍ വന്നുപോയവരെ കുറിച്ചു എല്ലാം.. എല്ലാത്തരം ബന്ധങ്ങളും. അതെല്ലാം രസമുള്ള കഥകൾ പോലെ നീ കേട്ടിരുന്നതല്ലേ?’

'ശാന്തമായി കുഞ്ഞലകളുമായി ഒഴുകുന്ന അരുവിയെ പോലെ ആയിരുന്നു നീ എനിക്ക്. വെറുതെ അതിന്‍റെ ഓരത്തങ്ങനെ നോക്കിയിരിക്കാനെ ആദ്യം തോന്നിയുള്ളൂ... പിന്നെ പിന്നെ  അതില്‍ നിറയെ കണ്ണീരെന്നറിഞ്ഞപ്പോൾ, ആരൊക്കെയോ തീര്‍ത്ത മുറിപാടുകളുടെ അഗാധമായ തടങ്ങൾ കണ്ടപ്പോൾ, അതിനൊപ്പം ഒഴുകി ഒരു തെളിനീരുറവയാക്കാനാണ് ഞാൻ ശ്രമിച്ചത്..

'പക്ഷെ, ലോകത്തെ എല്ലാ പങ്കുവെയ്ക്കലിലും ഒരു ഭയം ഒളിഞ്ഞിരുപ്പുണ്ട്. എന്തിന്, സുഹൃത്തിനായി മദ്യം ഒഴിക്കുമ്പോഴും നമ്മള്‍ ഒത്തു നോക്കും ഒന്നിൽ കുറഞ്ഞുപോയോ എന്ന്. പ്രണയത്തിനും ആ ഭയം ഉണ്ട് ... എനിക്കത് താങ്ങാൻ വയ്യ.

'മാളൂ, എന്നില്‍ വന്നുപോയവര്‍ക്കൊക്കെ വേണ്ടിയിരുന്നത് പലതായിരുന്നു.. അവരിലൊക്കെ ഞാനും കണ്ടെത്തിയത് ഞാന്‍ ആഗ്രഹിച്ചവയിൽ ചിലതൊക്കെ മാത്രം. പക്ഷെ എന്‍റെ ഈ കുട്ടിമാളു, ഞാന്‍ ആഗ്രഹിച്ച എന്‍റെ പെണ്ണാണ് നീ... മൈ കമ്പ്ലീറ്റ്‌ വുമൺ. ബാല്യത്തിൽ പോലും അറിയാതെപോയ സ്നേഹവും വാത്സല്യവും ആയിരിക്കാം എല്ലാവരിലും ഞാൻ തിരഞ്ഞത്‌. അത് മാത്രം എനിക്ക് കിട്ടിയതുമില്ല. അതുകൊണ്ടാവാം അവരൊക്കെ നിന്നെപോലെ എന്നെ അറിയാതെ പോയത്... നിന്നില്‍ നിന്ന് എനിക്കത് അനുഭവിക്കാന്‍ കഴിയുന്നു ... എനിക്കെന്നെത്തന്നെ മനസ്സിലാക്കാൻ കഴിയുന്നു. ഞാന്‍ ഇപ്പോഴാണ്‌ പ്രണയം എന്തെന്നറിയുന്നത്.. എന്നോടൊത്തു നീയില്ലെങ്കില്‍ ഞാൻ ഒന്നുമല്ലാതായിപ്പോകും.'

മാളവികയുടെ ചുണ്ടുകള്‍ അവന്‍റെ കണ്ണുകളിൽ അമര്‍ന്നു.

അനീഎന്നേക്കാള്‍ നന്നായി നിന്നെ ആരാണ് അറിയുകമാതൃഭാവം കൂടി താൻ സ്നേഹിക്കുന്ന പെണ്ണിൽ നിന്ന് അറിയാനും അനുഭവിക്കാനും കഴിഞ്ഞാൽ മാത്രമേ പുരുഷന് അവള്‍ എല്ലമാവുകയുള്ളു. തിരിച്ചും അങ്ങനെയാണ്. അപ്പോള്‍ അവര്‍ക്കിടയിൽ പ്രണയത്തിന്‍റെ കടൽ ഉണ്ടാവും.'

'ഉം.... നീ കേട്ടിട്ടില്ലേ ലവ് തിയറി? ലസ്റ്റും, അട്രാക്ഷനും കടന്ന് ഇന്റിമേറ്റായ അറ്റാച്ച്മെന്‍റിൽ എത്തുന്നതാണ് യാഥാര്‍ത്ഥ പ്രണയം. ശാസ്ത്രം പറയുന്നത് പ്രണയിക്കുന്നവരില്‍ ഓക്സിടോസിൻ എന്ന ഹോർമോൺ ധാരാളം ഉണ്ടാകും എന്നാണു. ഇത് നല്ല വേദനസംഹാരി കൂടിയാണ്. അതുകൊണ്ടാണത്രെ പ്രായമായാലും തീവ്രമായി പ്രണയിക്കുന്ന സ്ത്രീകളെ ശാരീരിക വേദനകൾ അലട്ടാത്തത്.

'എനിയ്ക്ക് വയസ്സാകട്ടെ, അപ്പോള്‍ പറയാം തിയറി ശെരിയാണോ എന്ന്.'

'വേണ്ട ഇപ്പോള്‍ ഒന്ന് നോക്കട്ടെ' അയാള്‍ ചിരിച്ചുകൊണ്ട് അവളെ വലിച്ചടുപ്പിച്ചു.  

അവളുടെ മാറിലെ ചൂടില്‍ അവനൊരു കുഞ്ഞായി.

'നമ്മളിങ്ങോട്ട് വന്നത് എന്തിനാണെന്ന് നീ മറന്നോ?'

അവന്റെ കണ്ണുകളില്‍ ഒരു കുസൃതിച്ചിരി വിരിഞ്ഞു.

'എപ്പോഴും പെയ്യുന്ന ‘അകുംബയിലെ‘ മഴയിൽ കെട്ടിപ്പിടിച്ചു നടക്കാൻ അല്ലേ?'
 
'പോടാ ...ഇന്നലകളില്‍ മാത്രം ജീവിച്ച് നീ നിന്‍റെ കഴിവുകൾ എല്ലാം നശിപ്പിക്കും...'

എന്തോ പറയാന്‍ തുടങ്ങിയ അനിരുദ്ധന്‍റെ ചുണ്ടുകളിൽ അവൾ വിരൽ ചേര്‍ത്തു,

'വേണ്ടമനസ്സ് ശൂന്യമാണ്, ഒന്നും എഴുതാന്‍ കഴിയില്ലെന്ന പതിവ് പല്ലവിയല്ലേ?'
 
എത്രയോ നാളായി ഒന്നും എഴുതാതെ വിണ്ടുണങ്ങിയ മനസ്സുമായി തിരക്കുകളില്‍ അലയുകയായിരുന്നു. അപ്പോഴാണ് മാളവിക പറഞ്ഞത്,

നീ വരൂ... ഈ മഴക്കാടുകളിലേക്ക് ... എന്‍റെ സാമീപ്യം മഴപോലെ നിനക്ക് ഹൃദ്യമല്ലേ? തീര്‍ച്ചയായും ഈ യാത്രയിൽ നിന്‍റെ ഏറ്റവും പ്രിയപ്പെട്ട കഥ എഴുതാൻ കഴിയും. വരണം .... ഞാന്‍ കാത്തിരിക്കും...

വര്‍ഷം മുഴുവൻ മഴ പെയ്യുന്നഎപ്പോഴും ഇരുള്‍ പരത്തുന്ന വന്മരങ്ങള്‍ക്ക് താഴെ ഇണചേരുന്ന രാജവെമ്പാലകളുള്ള കാടുകളാല്‍ നിറഞ്ഞ കർണാടകയിലെ ഈ ഒറ്റപ്പെട്ട സ്ഥലം തിരഞ്ഞെടുത്തതു മാളവിക ആയിരുന്നു. ഹോംസ്റ്റേ ശരിയാക്കിയിട്ട് അവൾ പറഞ്ഞു,

'അവിടെ ചെന്ന് മഴയും കണ്ട് മടി പിടിച്ചു കിടക്കാം എന്ന് കരുതേണ്ട കേട്ടോ.'

ഹോംസ്റ്റേക്കായി കിട്ടിയ പഴയ വീടിന്‍റെ നിറം മങ്ങിയ ജനൽ ചില്ലുകളിൽ മഴത്തുള്ളികൾ വീണു ചിതറാൻ തുടങ്ങി.
 
'അനീ ...ഞാനൊരു കഥ പറയട്ടേ ... വീടന്‍റെ ഏകാന്തതയിൽ ഭിത്തികളോടു മാത്രം കാര്യം പറഞ്ഞുംസ്വപ്നങ്ങള്‍ പങ്കുവെച്ചും വീടിന്‍റെ ഒരു ഭാഗം മാത്രമായിപ്പോയചുവരുകള്‍ മാത്രം കൂട്ടുകാരായ ഒരു പെണ്ണിന്റെ കഥ?'

തല ചരിച്ച് അനിരുദ്ധൻ മാളവികയുടെ കണ്ണുകളിലേ വരണ്ട ശൂന്യതയിലേക്ക് നോക്കി, പിന്നെ അവളേ ചേര്‍ത്തു പിടിച്ചു. അവന്‍റെ നെഞ്ചിൽ ചാരിയിരുന്നു അവൾ പറഞ്ഞു തുടങ്ങി ...

ബാല്യം തൊട്ടേ അവളുടെ ജീവിതം പങ്കു വെച്ചെടുത്തത് ഒരുപാടു വീടുകള്‍ ആയിരുന്നു. എപ്പോഴും പുകയുന്ന അടുക്കളയുള്ള പുഴവക്കത്തെ വലിയ വീട്ടിലേക്കു വലതുകാല്‍ വെച്ച്  കയറി ചെന്നപ്പോള്‍ അതൊരാളിന്‍റെ ഹൃദയത്തിലെയ്ക്കും കൂടിയാണെന്ന് അവൾ വിചാരിച്ചു. സ്നേഹവാത്സല്യങ്ങളുടെ തണലില്‍ നിന്നും വന്നവളെ  കാത്തിരുന്നത് ഒറ്റപ്പെടലിന്‍റെ ഇരുട്ടുമുറികൾ ആയിരുന്നു.

പല നഗരങ്ങളില്‍ പഠിച്ചു വളര്‍ന്നവൾ ഏറെയിഷ്ടത്തോടെ തനി ഗ്രാമജീവിതത്തിന്‍റെ ഭാഗമായി.  തന്നെ കൂടുതല്‍ അറിയുമെന്നവൾ ഓരോ രാത്രി അവസാനിക്കുമ്പോഴും ആശ്വസിച്ചു. പക്ഷെ എന്തുകൊണ്ടോ ഓരോ ദിവസവും നാളത്തെക്കുള്ള ജീവിതത്തിന്‍റെ തയ്യാറെടുപ്പുകൾ മാത്രമായി. വല്ലപ്പോഴും ഉതിര്‍ന്നു വീഴുന്ന വാക്കുകളിലേയ്ക്ക് പിന്നെ ജീവിതവും ചുരുങ്ങി പോയത് അവൾ പോലും അറിഞ്ഞില്ല. നിര്‍വ്വികാരതയിൽ തളർന്നുറങ്ങിയ ഏതോ ദിവസത്തിലാണവൾ അറിഞ്ഞത് അവർക്കു സ്വന്തമായി ഒരു വീടുണ്ടാകാൻ പോകുന്നു!

പകല്‍സ്വപ്നങ്ങളിൽ അവൾ സ്വപ്നവീടിന്‍റെ ഓരോ മുറിയിലും കയറി ഇറങ്ങി... മുകളിലെ മുറിയിലെ ആട്ടുകട്ടിലിൽ പുസ്തകം വായിച്ചു കിടന്നു.. മുല്ലമൊട്ടുകൾ വിരിയുന്ന ജനാലയ്ക്കരികിലെ കട്ടിലിൽ ചിത്രതുന്നലുള്ള തലയിണകൾ അടുക്കി വെച്ചു... കുളികഴിഞ്ഞ് താൻ മാത്രമുള്ള അടുക്കളയിൽ ജോലിചെയ്യുമ്പോൾ പുറകിലൂടെ വന്നു ചേര്‍ത്ത് പിടിച്ചു കഴുത്തിൽ ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളിൽ അദ്ദേഹം മുഖം അമര്‍ത്തി ചുംബിക്കുന്നതോര്‍ത്തു ലജ്ജിച്ചു..  

പക്ഷെ പുതിയ വീട്ടില്‍ ജീവിതം പഴയതിന്‍റെ തുടര്‍ച്ച മാത്രമായി കടന്നുപോയി. അവള്‍ സ്വയം സംസാരിച്ചു ജീവനുണ്ടെന്നു ബോധ്യപ്പെട്ടു.
 
മഞ്ഞവെളിച്ചം നിറഞ്ഞ ഏതോ തുരങ്കത്തിലൂടെ ഒരുപാടു ദൂരം സഞ്ചരിച്ച ഉറക്കത്തിനും ഉണർവ്വിനും ഇടയിലെ ഒരു പകലിൽ ആണ് ആദ്യം ഉറക്കുമുറിയിലെ ചുവര്‍ അവളോടു സംസാരിച്ചത്..

എന്നെ വിട്ടു പോകാന്‍ തോന്നിയോ നിനക്ക്...?‘

ങേ.. ഞാനോ.. എവിടെപോയി..?‘

ഞാന്‍ അതിനെങ്ങും പോയില്ലല്ലോ.. നീയെന്തിനാ വെറുതെ മുഖം വീര്‍പ്പിക്കുന്നത്?‘ അവള്‍ പിറുപിറുത്തു.

ജനാലക്കപ്പുറത്ത് എങ്ങു നിന്നോ പറന്നു വന്ന രണ്ടു വണ്ണാത്തിക്കിളികള്‍ കൊത്തിപ്പെറുക്കി നടന്നു.

നോക്ക് നീ കണ്ടില്ലല്ലോ..അവരുടെ കൂട്..അതാ സിറ്റ്ഔട്ടില്‍ തൂങ്ങി കിടക്കുന്നു.

അയ്യോടാ..ഞാന്‍ കണ്ടില്ല കേട്ടോ..

അവള്‍ വേഗം എണീറ്റ്‌ പുറത്തേയ്ക്ക് നടന്നു. മുറ്റത്തെ മാവിന്‍ ചോട്ടിൽ നിന്ന് വീടിനെ നോക്കി. നല്ല പ്രകാശമുള്ള മുറ്റം ആയിരുന്നു... ഇന്ന് ആകെ മങ്ങിയിരിക്കുന്നു.. വീട് മൌനമായി കരയുന്നപോലെ.

സിറ്റൌട്ടിന്റെ കോണിൽ കാറ്റത്താടുന്ന കിളിക്കൂട്.

ഇതെന്താ.. മാളുചെച്ചി ഒറ്റയ്ക്ക് സംസാരിക്കുന്നത്? അടുത്ത വീട്ടിലെ സുമ വിളിച്ചു ചോദിച്ചത് അവൾ കേട്ടില്ല.

ഇരുള്‍ വീണു തുടങ്ങിയപ്പോൾ അവൾ യാന്ത്രികമായി അകത്തേക്ക് നടന്നു. 

'നിനക്ക് തണുക്കും എന്റടുത്തു വന്നിരിക്കു... എന്നോടു ചേര്‍ന്ന്.'
ചുവർ അവളോട് പറഞ്ഞു.
 
അവള്‍ ഉറക്കുമുറിയിലെ ചുവരിനോടു ചേര്‍ന്നിരുന്നു. നനുത്ത ചൂടു അവളുടെ ദേഹത്ത് പടര്‍ന്നു.. മണ്ണിന്റെ മണമുള്ള ശ്വാസം അവളെ തഴുകി..

പരുപരുത്ത കൈകള്‍ കൊണ്ട് ചുവർ അവളെ ചേര്‍ത്തുപിടിച്ച് ചോദിച്ചു,

'നിനക്ക് മരിക്കാന്‍ ഇപ്പോഴും തോന്നുന്നുണ്ടോ..?'

ഇല്ലെന്നവള്‍ മെല്ലെ തലയാട്ടി..
 
അവള്‍ വസ്ത്രങ്ങൾ ഓരോന്നായി ഊരി എറിഞ്ഞു. പിന്നെ തണുത്ത തറയില്‍ കമഴ്ന്നു കിടന്നു. അവളുടെ മേല്‍ കല്ച്ചുമരുകൾ ഒന്നൊന്നായി അമര്‍ന്നു...'

'എത്ര വര്‍ഷങ്ങൾ അങ്ങനെ പോയി എന്നെനിക്കറിയില്ല അനീ... ഇപ്പോള്‍ നിന്റടുത്തിങ്ങനെ കിടക്കുമ്പോൾ ഞാൻ ആ ദിവസങ്ങൾ ഓര്‍ത്തുപോകുന്നു.‘

നിരന്തരമായി നമ്മുടെ ശ്വാസനിശ്വാസങ്ങള്‍ ഏല്‍ക്കുന്ന എതൊന്നിനും നമ്മോടു അദമ്യമായ ഒരിഷ്ടം ഉണ്ടാകും അല്ലെവീടിനും ചുവരുകള്‍ക്കും എല്ലാം... ഒറ്റപ്പെടലില്‍ ചുരുണ്ട് കൂടുമ്പോൾ അവയും നമ്മോടൊപ്പം ദുഖിക്കുന്നുണ്ടാകും... പറയുവനാകാത്ത ആയിരം വാക്കുകള്‍ കൊണ്ട് നമ്മളെ തഴുകുന്നുണ്ടാകും.'
 
നേര്‍ത്ത് പെയ്തിരുന്ന മഴക്ക് താളം തെറ്റി. മുറ്റത്തെ മരങ്ങളിൾ മഴ നൃത്തം വെച്ചു. അകലെ ഇരുള്‍ നിറഞ്ഞ മാളങ്ങളിൽ നിന്നും രാജവെമ്പാലകൾ ഇണകളെതേടുന്ന സീല്‍ക്കാരങ്ങൾ കാറ്റിൽ  നിറഞ്ഞു. അനിരുദ്ധന്റെ കയ്ക്കുള്ളിലെ മാളവികയുടെ ശരീരം തണുത്തു വിറച്ചു. അവളെ ഒന്നുകൂടി തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു അയാൾ പറഞ്ഞു,

'ഇനിയെന്നും ഞാനുണ്ടാകും... കാറ്റായ്കനവായ്നിന്നെ തഴുകിനിനക്ക് ചുറ്റും പ്രണയത്തിന്റെ കടലായ്‌, ഈ ശ്വാസം നില്യ്ക്കുവോളം നിന്നെയും നിന്‍റെ ഭ്രാന്തുകളെയും എനിക്കു വേണം...‘
അവള്‍ ഇരുകൈകൊണ്ടും അനിരുദ്ധന്റെ മുഖം മാറിൽ ചേര്‍ത്ത് പിടിച്ചു. പാല്‍നുരയില്ലാത്ത ചുണ്ടുകൾ അവളുടെ മാറിൽ അരിപ്പൂക്കൾ ഉതിര്‍ത്തു...  വിരല്‍ത്തുമ്പുകൾ ചുവന്ന മറുകിനെ തലോടി താഴ്വാരങ്ങളിലലഞ്ഞു... ദര്‍ഭപ്പുല്ലുകളിൽ അവ മോതിരവളയങ്ങൾ തീര്‍ത്തു ... ചെറു നനവുകള്‍ നീരുറവകളായി ... പ്രണയത്തിന്‍റെ ഉടലുകൾ തീര്‍ത്ത രണ്ടു മഴനൂലുകൾ പോലെ അവർ ഒന്നായി ഒഴുകി... നനഞ്ഞൊട്ടിയ ശരീരങ്ങളില്‍ നിന്നും വിയര്‍പ്പുമണികൾ ഉരുണ്ടു വീണു..

'മാളു എനിക്കിപ്പോള്‍ ഒരു കഥ എഴുതാൻ തോന്നുന്നു...'

മാളവിക അയാളുടെ ചുണ്ടില്‍ അമര്‍ത്തി ഉമ്മ വെച്ചു. റൈറ്റിങ് പാടുംപേനയും അനിരുദ്ധന്റെ മുന്നിലേക്ക്‌ നീക്കിവെച്ചു.

കമഴ്ന്നു കിടന്ന അനിരുദ്ധന്റെ കഴുത്തില്‍ മുഖം ചേര്‍ത്ത്‌നഗ്നമായ പുറത്ത്‌ മാറമര്‍ത്തി അവൾ കിടന്നു.
 
ചുവരുകളുടെ ചുംബനങ്ങള്‍‘. എന്നെഴുതിയ തലക്കെട്ടിനു താഴെ അയാളുടെ വിരലുകൾ മെല്ലെ ചലിച്ചു തുടങ്ങി. ഒഴുക്ക് നിലച്ച പുഴയ്ക്ക് പുതുമഴയിൽ ജീവൻ വെച്ചതു പോലെ അനിരുദ്ധന്റെ മനസ്സ് ഒഴുകി ... ഇനിയൊരിക്കലും നിലയ്ക്കാത്ത ആ ഊര്‍ജ്ജ പ്രവാഹത്തിൽ കാലദേശങ്ങള്‍ പിന്നിട്ടു കഥകൾ തളിര്‍ത്തു...


(@അനില്‍കുമാര്‍ സി. പി.)
http://manimanthranam.blogspot.com

7 Comments, Post your comment:

ഇസ്മയില്‍ അത്തോളി said...

ഇഷ്ടായി കഥ....ഏറെ നൊസ്റ്റാള്‍ജിക് ആയി തോന്നി....ഇഷ്ടപ്പെട്ട ആളെ മിസ്സായാല്‍ ജീവിതം മീനിംഗ് ലെസ്സായി മാറുമെന്നത് പരമാര്‍ത്ഥം.....എഴുത്ത് തുടരുക....ആശംസകള്‍.......

प्रिन्स|പ്രിന്‍സ് said...

നല്ല വായനാനുഭവം നൽകുന്ന കഥ. മറ്റുള്ളവരുടെ മനസ്സിലേക്കിറങ്ങിച്ചെന്ന് അവിടുത്തെ ചിന്തകളും സ്വപ്നങ്ങളുമൊക്കെ അനാവരണം ചെയ്യുന്നവനാണ് എഴുത്തുകാരൻ. അതുകൊണ്ടുതന്നെ കഥയെഴുതുന്നവന്റെ കഥ എഴുതുക പ്രയാസവുമാണ്. ആ കർമ്മം നന്നായി നിർവഹിച്ചിരിക്കുന്നു.

khaadu.. said...

വ്യത്യസ്തമായ ഒരു നല്ല കഥ... നല്ല ശൈലിയുലുള്ള അവതരണം...

ആശംസകള്‍...

സേതുലക്ഷ്മി said...

അനില്‍,അഗമ്യ ഗമനങ്ങളുടെ കഥകള്‍ ആവശ്യത്തിലേറെയുണ്ട് മലയാള സാഹിത്യത്തില്‍. വിഷയം അതാണെങ്കില്‍ പോലും എന്തെങ്കിലും പുതുമയോടെ എഴുതാം. കേള്‍ക്കാനിമ്പമുള്ള കുറെ വാക്കുകള്‍ക്കുപരിയായി ഈ കഥ ഒന്നും സംപ്രേക്ഷണം ചെയ്യുന്നില്ല എന്നെനിക്ക് തോന്നുന്നു.
better luck next time.

nandhus said...

നിര്‍വചികാന്‍ ആവില്ല നിന്നെ ..എന്നാലും എനിക്ക് നിന്നെ മനസിലാകുനില്ല ഞാന്‍ എന്ത് ചെയാന്‍

ജയരാജ്‌മുരുക്കുംപുഴ said...

PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...................

Vinayan Idea said...

വളരെ ഇഷ്ടപ്പെട്ടു ആശംസകള്‍ ..........