സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പിശാചുക്കൾ വാഴും ലോകത്ത്

November 04, 2011 mini//മിനി


                            മുലപ്പാൽ മണം മാറാത്ത മകളെ മാറോടടക്കിപ്പിടിച്ച്, നിലവിളിച്ചുകൊണ്ട് അവൾ ഓടുകയാണ്. തന്റെ പിന്നാലെ ഓടിവരുന്ന മരണത്തിന്റെ ദൂതനിൽ നിന്നും സ്വന്തം കുഞ്ഞിനെ രക്ഷിക്കണം; ഒപ്പം തനിക്കും രക്ഷപ്പെടണം.
ഇടവഴിയിലൂടെ, കുറ്റിക്കാട്ടിലൂടെ, മൊട്ടക്കുന്നുകളിലൂടെ, വരണ്ട മരുഭൂമികളിലൂടെ, വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലൂടെ, മാലിന്യങ്ങൾ നിറഞ്ഞ ചതുപ്പിലൂടെ, റെയിൽ‌പാളത്തിന്റെ ഓരങ്ങളിലൂടെ അവൾ സ്വന്തം കുഞ്ഞിനെ മാറോടണച്ച്‌കൊണ്ട് ഓടുകയാണ്. ഓട്ടത്തിനിടയിൽ അവളുടെ കാലുകൾ മുറിവേറ്റ് ചോര ഒഴുകുന്നുണ്ടെങ്കിലും അതൊന്നും അവൾ അറിയുന്നതേയില്ല.  
                          അവളുടെ പിന്നാലെ ഓടുന്നത് ഒറ്റക്കയ്യൻ പിശാചാണ്. ഓട്ടത്തിന്റെ വേഗത കൂടുന്തോറും ആ പിശാചിനെ സഹായിക്കാനായി പിന്നാലെ ഓടിവരുന്നവരുടെ സംഖ്യ വർദ്ധിക്കുകയാണ്. പിശാചിന് വിശപ്പകറ്റാൻ പെൺകുഞ്ഞിന്റെ മാംസം വേണം, ദാഹമകറ്റാൻ പെണ്ണിന്റെ ചോരവേണം. അത് അമ്മയായാലും പെങ്ങളായാലും മകളായാളും പെണ്ണായാൽ മതി.

                         ഒറ്റക്കയ്യന്റെ പിന്നാലെ ഓടുന്നവരെല്ലാം രണ്ട് കയ്യും രണ്ട് കണ്ണും രണ്ട് കാതും ഉള്ളവർ; അവരെല്ലാം അമ്മ പെറ്റ മക്കൾ. ലാഭക്കൊതിമൂത്ത പെണ്ണിനെ ചരക്കാക്കിമാറ്റിയ അവർ ഒറ്റക്കയ്യൻ പിശാചിനെ സംരക്ഷിക്കാൻ ഒപ്പം കൂടിയവരാണ്. ആ ഓട്ടത്തിനിടയിൽ പിശാചിന് പരിക്ക് പറ്റിയാൽ ചികിത്സിക്കാൻ, അവന് വിശപ്പും ദാഹവും ഉണ്ടെങ്കിൽ ഭക്ഷണം നൽകാൻ, അവന് വിയർക്കുമ്പോൾ കാറ്റുവീശി അവന്റെ ചൂടകറ്റാൻ, അവന്റെ ഊർജ്ജം കുറഞ്ഞാൽ ഉത്തേജകം കുത്തിവെക്കാൻ, അവന്റെ ചെയ്തികളിൽ നിയമക്കുരുക്ക് വീഴാതെ രക്ഷിക്കാൻ, അവൻ ചെയ്യുന്ന ഓരോ ദൃശ്യങ്ങളും മൊബൈലിൽ പകർത്തിയിട്ട് വിറ്റ് പണമാക്കാൻ,,,,
അവളുടെ പിന്നാലെ ഓടുന്ന പിശാചിന് ശക്തിയും ഉത്തേജനവും ധൈര്യവും നൽകാൻ കൂടെയുള്ളവർ വിളിച്ച് പറയുന്നുണ്ട്,
“ഒറ്റക്കയ്യൻ പിശാചേ,
ലക്ഷം ലക്ഷം പിന്നാലെ,”

                         ഓട്ടത്തിനിടയിൽ അനന്തമായി നീണ്ടുപോകുന്ന റെയിൽ‌പ്പാളത്തിൽ കയറിയപ്പോൾ ക്ഷീണം കൊണ്ട് കണ്ണുകൾ അടയാൻ തുടങ്ങിയ നേരത്ത് അകലെനിന്നും വരുന്ന തീവണ്ടിയുടെ കൂവൽ അവളിൽ കുളിർമഴ പെയ്യിച്ചു; ആശ്വാസത്തിന്റെ ജീവിതാന്ത്യത്തിന്റെ മധുരസ്വരം. അവളുടെ വേഗത കുറയുന്തോറും പിശാചിന്റെയും സഹായികളുടെയും വേഗത വർദ്ധിക്കുകയാണ്, അവർ ആവേശം‌മൂത്ത് വിളിച്ചുകൂവി,
“പിശാചെ വിടല്ല, പെട്ടെന്ന് പിടിച്ചോ”
തന്റെ അന്ത്യം അടുത്തെന്ന് തിരിച്ചറിഞ്ഞ അവൾ ഇത്രയും നേരം മാറോടണച്ച് ജീവന്റെ ഭാഗമായ മകളെ നോക്കിയപ്പോൾ ഞെട്ടി,
അമ്മയുടെ നിസ്സഹായത അറിഞ്ഞെന്നവണ്ണം ആ കുഞ്ഞ് കണ്ണടച്ച് അന്ത്യശ്വാസം വലിച്ച് വാടിയ താമരപൂവ് പോലെ മാറോട് പറ്റിച്ചേർന്ന് കിടക്കുകയാണ്. കുഞ്ഞുമോളുടെ മൂക്കിൽ നിന്ന് ചോരയും വായിൽ‌നിന്ന് നുരയും പതയും ഒഴുകുന്നത് നോക്കിയിരിക്കെ അവളുടെ കാൽ‌വിരലിൽ നിന്ന് ആരംഭിച്ച മരവിപ്പ് ദേഹം മുഴുവൻ സഞ്ചരിച്ച് തലയിൽ തളംകെട്ടി. ഈ കുരുന്നുജീവനു വേണ്ടിയാണല്ലൊ ഇത്രയും നേരം ഓടിയത്,,
ഇനിയെന്തായാലെന്ത്?
അവൾ അമ്മയാണ്,
അമ്മ,,, മകളുടെ അമ്മ,,, 

                       ഓട്ടം നിർത്തിയ അവൾ തന്നെ സമീപിക്കുന്ന പിശാചിനെ തീഷ്ണമായി ഒന്ന് നോക്കിയതിനുശേഷം, വലതുകൈകൊണ്ട് ഇടത്‌മുല പറിച്ചെടുത്ത് അവന്റ ഇടതുകണ്ണ് നോക്കി വലിച്ചെറിഞ്ഞു. ലക്ഷ്യസ്ഥാനത്ത് പതിച്ച ഏറിന്റെ ആഘാതത്തിൽ ചോരയും മുലപ്പാലും ചിതറിതെറിച്ച് പിന്നാലെ ഓടുന്നവരുടെയെല്ലാം കണ്ണിൽ തെറിച്ചു. കണ്ണുണ്ടെങ്കിലും ഇരുട്ടിന്റെ ലോകത്ത് ജീവിക്കുന്ന പുരുഷന്മാരെനോക്കി ചോരയിൽ മുങ്ങിക്കുളിച്ച അവൾ അലറി,
“ഒരു പെണ്ണ് ജന്മം നൽകിയിട്ടും, അവളെ സംരക്ഷിക്കാൻ കഴിയാത്ത, അവളെ ചരക്കാക്കി മാറ്റിയ പുരുഷവർഗ്ഗം അന്ധന്മാരായി മാറട്ടെ”
മോചനത്തിന്റെ, മരണത്തിന്റെ,,, കാഹളവുമായി ഓടിയടുക്കുന്ന തീവണ്ടിയുടെ ഒച്ചയെക്കാൾ അവളുടെ ശബ്ദം ഉയർന്നപ്പോൾ പിന്നാലെ ഓടിയെത്തിയവർക്ക് മുന്നിൽ, ഇരുട്ടിന്റെ ലോകം തുറക്കുകയാണ്.  

12 Comments, Post your comment:

Cv Thankappan said...

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പിശാചിന്റെയും,
സാത്താന്റെയും പൈശാചികതാണ്ഡവം!
രാക്ഷസീയതയെ മൂലച്ഛേദം ചെയ്യാന്‍
മനുഷ്യത്വം ഉണരട്ടേ!
നൊമ്പരപ്പെടുത്തുന്ന രചന.
ആശംസകളോടെ
സി.വി.തങ്കപ്പന്‍

സങ്കൽ‌പ്പങ്ങൾ said...

സ്ത്രീശബദം മുഴങ്ങട്ടെ....

khaadu.. said...

ഒരു പെണ്ണ് ജന്മം നൽകിയിട്ടും, അവളെ സംരക്ഷിക്കാൻ കഴിയാത്ത, അവളെ ചരക്കാക്കി മാറ്റിയ പുരുഷവർഗ്ഗം അന്ധന്മാരായി മാറട്ടെ”

binoj joseph said...

പുരുഷന്‍ ഓട്ടിക്കുമ്പോള്‍ ഓടേണ്ടവള്‍ അല്ല സ്ത്രീ. ഒറ്റക്കണ്ണും ഒറ്റക്കയ്യുമായ് നോക്കുന്നവനെ കൊഞ്ഞനം കുത്താനുള്ള കരുത്ത് സ്ത്രീക്കുണ്ടായാലെ ഒറ്റക്കയ്യന്‍ ചെകുത്താന്മാര്‍ നാണിച്ച് തല കുനിക്കൂ.മിനി ഒരു മെഗാസ്റ്റാര്‍ ആയി വളരട്ടെ എന്ന് ആശംസിക്കുന്നു.

inzight said...

valare arthavathanu... Asamsakal

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയപ്പെട്ട മിനീ,
ഇതിനെ കഥ എന്നുതന്നെ വിളിക്കണോ.കഥയായില്ലെന്നാണ് എന്‍റെ അഭിപ്രായം.
മിനി ആത്മരോഷത്തെ പത്രങ്ങളുടെ എഡിറ്റോറിയല്‍ പേജില്‍ വരുന്ന പോലുള്ള ഒരു ലേഖനമാക്കി എഴുതിയാല്‍ അര്‍ത്ഥവത്താകുമായിരുന്നു.പ്രത്യേകിച്ചും സൌമ്യ വധത്തിന്‍റെ വിധി വരുന്ന ഈ കാലത്ത്.
പറഞ്ഞ കാര്യങ്ങള്‍ എതിരഭിപ്രായമില്ലാത്ത ശരികളാണ്.പക്ഷേ അത് കഥയായില്ല എന്നു വിനയപൂര്‍വ്വം പറയട്ടെ.
ക്ഷമിക്കണം.
സ്നേഹത്തോടെ,
സുസ്മേഷ്.

mini//മിനി said...

@c.v.thankappan,chullikattil.blogspot.com, @സങ്കൽ‌പ്പങ്ങൾ, @khaadu.., @binoj joseph, @dsignx, @സുസ്മേഷ് ചന്ത്രോത്ത്,
കഥയെക്കുറിച്ച് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

faisu madeena said...

കഥ വായിക്കാനാ വന്നത് ...പക്ഷെ ...

Anonymous said...

പ്രിയപെട്ട മിനി
രചന നന്നായിരിക്കുന്നു പക്ഷെ ഒരു കാര്യം
ഇവിടെ പറഞ്ഞ കാര്യങ്ങളില്‍ കുറച്ചു കൂടെ വസ്തുതകള്‍ നമുക്ക് ചേര്‍ക്കാം
അമ്മയുടെ സ്ഥാനത് നില്‍ക്കെണ്ടാവര്‍ കച്ചവടക്കാരായ അവസ്ത്കള്‍
ചേച്ചിയെ പോലെ സ്നേഹികെണ്ടാവര്‍ ഇടനിലക്കാരായ സംഭവങ്ങള്‍
എല്ലാം പറയു ലോകമനസിന്റെ കറുത്ത ഇടനാഴികളിലേക്കു നന്മയുടെ തീഗോളങ്ങള്‍ വലിച്ചെറിയൂ

എന്നും നമ്മകള്‍ നേര്‍ന്നുകൊണ്ട്

ഒരു അപരിചിതന്‍ (പുരുഷനാണ് പക്ഷെ പിശച്ചല്ല) അല്ല ഒരു സഹോദരന്‍

നാമൂസ് said...

ദൈവമേ നിന്‍റെ നാടിതോ
ഈ ചുടലപറമ്പ്
നിണച്ചാലോഴുകുന്ന
പച്ചമാംസത്തിന്‍ ഗന്ധമുയരുന്ന
തോരാത്ത കണ്ണീരുമായിവിടെയമ്മമാര്‍
നൊന്തുപെറ്റരുമക്കിടാങ്ങള്‍തന്‍
ചുടുരക്തം കവിളില്‍ നിന്നൊപ്പുന്നു

ബലിമ്രഗം പോല്‍ നിന്‍ നാരിമാര്‍
നെഞ്ചത്തടിച്ച് നെടുവീര്‍പ്പിടുന്നു
ഇതോ നിന്‍ ഗേഹമീ ഗാന്ധാരം.?

അപകടങ്ങളില്‍ പെടാതെ രക്ഷപ്പെട്ടെത്തിയ അമ്മമാര്‍ക്ക് നഗരജീവികള്‍ക്കിടിയില്‍ പെണ്മക്കള്‍ പെട്ടുപോകുമോ എന്ന ഭയം.അകലുന്തോറും പിടിച്ചടുപ്പിക്കുന്ന നഗരജീവികളില്‍ നിന്ന് എങ്ങോട്ടോടി രക്ഷപ്പെടാനാണ്....???

നല്ല കഥക്കഭിനന്ദനം.
ഇരിപ്പിടം വഴിയെത്തി.
ഇങ്ങോട്ട് വഴി നടത്തിയ ഇരിപ്പിടത്തിനും ശ്രീ അക്ബര്‍ ചാലിയാറിനും നന്ദി.

Jefu Jailaf said...

ആത്മരോഷം പുറന്തള്ളിയ അക്ഷരക്കൂട്ടം.. (എല്ലാ പുരുഷന്മാരും ഒറ്റക്കയ്യന്മാരല്ലാട്ടോ)

mini//മിനി said...

@faisu madeena-, @Anonymous-, @നാമൂസ്-, @Blogger Jefu Jailaf-,
പിശാചുക്കൾ അപൂർവ്വമായി കാണപ്പെടുന്നവയാണ്. എങ്കിലും അവർ ചെയ്യുന്ന ദോഷങ്ങൾ താങ്ങാനാവാത്തതാണ്. അതുപോലെ പിശാചുക്കൾ പുരുഷന്മാർ മാത്രമല്ല. സ്ത്രീകളും ഉണ്ട്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഇരിപ്പിടത്തിന് പ്രത്യേകം നന്ദി.