സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!ഗാന്ധര്‍വ്വമോക്ഷം

October 13, 2010 Manoraj


വർഷത്തെ പ്രോഫഷണൽ നാടകങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നാടകത്തിനും സംവിധാനത്തിനുമുൾപ്പെടെ എട്ട്‌ അവാർഡുകളുമായി കലാധാര കലാവേദിയുടെ ഗാന്ധര്‍വ്വമോക്ഷം അവാർഡുകളിൽ നിറഞ്ഞു നിന്നു. അകാലത്തിൽ മലയാള നാടകവേദിയെ വിട്ട്‌ പിരിഞ്ഞ നടനും സംവിധായകനുമായ ശ്രീ കലാധാര ബാലനാണ് നാടകത്തിന്റെ സംവിധായകൻ. വർഷത്തെ മികച്ച സംവിധായകനുള്ള അവാർഡ്‌ മരണാനന്തര ബഹുമതിയായി കലാകേരളം അദ്ദേഹത്തിനു സമർപ്പിക്കുന്നു. മറ്റു അവാർഡ്‌ വിവരങ്ങളിലേക്ക്‌.... ടി.വി. ഓഫ്‌ ചെയ്ത്‌ നാണുവാശാൻ ചാരുകസേരയിലേക്ക്‌ മെല്ലെ കിടന്നു. അകത്തെ മുറിയിൽ നിന്നും ബാലന്റെ വിധവ പൂർണ്ണിമയുടെ ഏങ്ങലടിയിൽ നാണുവാശാന്റെ മനസ്സ്‌ അസ്വസ്ഥമായി..

ടെലിഫോൺ തുടർച്ചയായി അടിച്ചുകൊണ്ടിരുന്നു. നാണുവാശാൻ ഒരു സ്തംഭം കണക്കെ ഇരിപ്പാണ്. വലിച്ചുവാരി ചുറ്റിയ സാരിയുടെ കോന്തലയിൽ കരഞ്ഞ്‌ കലങ്ങിയ കണ്ണൂകൾ ഒപ്പിക്കൊണ്ട്‌ പൂർണ്ണിമ റിസീവർ കൈയിലെടുത്തു.

"ഹലോ..." പൂർണ്ണിമയുടെ ശബ്ദം ചിലമ്പിച്ചിരുന്നു..

"ചേച്ചീ ഇത്‌ ഞാനാ.. ആശാനില്ലേ അവിടെ?" ബിജുവിന്റെ ശബ്ദം തിരിച്ചറിഞ്ഞ പൂർണ്ണിമ ഫോൺ ആശാനുനേരെ നീട്ടിയിട്ട്‌ വിതുമ്പിക്കൊണ്ട്‌ മുറിയിലേക്ക്‌ പോയി. നിർവ്വികാരനായി ആശാൻ റിസീവർ കൈപറ്റി. "ഹും" ഒരു മൂളൽ മാത്രം. അതിനപ്പുറം വാക്കുകൾ പിതാവിന്റെ തോണ്ടയിൽ ആന്‍ കുടുങ്ങി.

"ആശാനേ.. വാർത്ത കേട്ടില്ലേ? അവിടെ ആരെങ്കിലും വിളിച്ചായിരുന്നോ? ഓഫീസിൽ എല്ലാവരും വന്നിട്ടുണ്ട്‌. നമ്മൾ എന്താ ചെയ്യേണ്ടത്‌?" ഒറ്റ ശ്വാസത്തിൽ അത്രയും ചോദ്യങ്ങൾ ചോദിച്ച ബിജു ദ്വേഷ്യം കൊണ്ട്‌ വിറക്കുകയായിരുന്നു..

പിന്നീട്‌ സംസാരിക്കാമെന്ന് പറഞ്ഞ്‌ ഫോൺ ഡിസ്കണക്റ്റ്‌ ചെയ്യുമ്പോൾ എന്തായിരുന്നു മനസ്സിൽ എന്ന് നാണുവാശാനും അറിയില്ലായിരുന്നു. മരുമോളുടെ കണ്ണൂനീരിനു മുൻപിൽ തനിക്ക്‌ ഒന്നിനും കഴിയുന്നില്ല എന്ന തിരിച്ചറിവ്‌ കൂടുതൽ വിഷമിപ്പിച്ചു എന്ന് മാത്രം.

നാണുവാശാൻ വീണ്ടും കസേരയിൽ ഇരുന്നു. ഓരോന്ന് ഓർത്തു. യാതനകൾ ഒട്ടേറെ അനുഭവിച്ച ആദ്യകാലം..

തെരുവ്‌ നാടകങ്ങളുമായി നാടു ചുറ്റിയിരുന്ന കാലം. തന്നെ മാത്രം ആശ്രയിച്ച്‌ ജീവിക്കുന്ന ഒരു കുടുംബം. പലപ്പോഴും നാടക കളരിയിൽ തന്നെയായിരുന്നു താമസവും. ഭാര്യയും മകനും മകളും യാതൊരു പരാതികളുമില്ലാതെ എന്നും കൂടെയുണ്ടായിരുന്നു. മക്കളുടെ വിദ്യാഭ്യാസം പോലും തന്നിലെ നാടകക്കാരൻ മറന്നു. അല്ലെങ്കിലും ഊരു തെണ്ടി നടക്കുമ്പോൾ എങ്ങിനെയാ പഠനത്തെക്കുറിച്ചൊക്കെ ചിന്തിക്കുന്നേ. മാത്രവുമല്ല, തന്റെ വിപ്ലവമനസ്സിൽ അന്ന് നാടകം മാത്രമേ ഉണ്ടായിരുന്നുള്ളല്ലോ. അങ്ങിനെ എപ്പോഴോ ബാലനും തെരുവുനാടകകാരിൽ ഒരുവനായി. പലപ്പോഴും തങ്ങളുടെ നാടകങ്ങൾ ഉന്നതരായ പലരേയും അസ്വസ്ഥരാക്കുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും, അല്ലെങ്കിൽ പലപ്പോഴായി പലരിൽ നിന്നും മുന്നറിയിപ്പ്‌ കിട്ടിയിട്ടും അതേ വഴി തുടർന്നതിനുള്ള ശിക്ഷ..!! തന്റെ ഭാര്യയെയും മകളെയും തെരുവു വേശ്യകളെന്ന് ചിത്രീകരിച്ച്‌ ജയിലിലടച്ച്‌ പീഢിപ്പിച്ചു സാമദ്രോഹികൾ. അവരുടെ സ്വാധീനശക്തിക്ക്‌ മുൻപിൽ തകർന്ന് പോയില്ലേ അന്ന്. സമിതിയംഗങ്ങളുടെ പിൻതുണ കൊണ്ട്‌ മാത്രമാണ് വീഴാതെ ഇരുന്നത്‌. ഒടുവിൽ നാട്ടുകാരുടെ പരിഹാസം സഹിക്കാനാവാതെ, ജയിലഴികൾക്കുള്ളിൽ വച്ച്‌ ഏമാന്മാർ പാകിയ വിത്തുകൾ മുളപൊട്ടി എന്ന തിരിച്ചറിവിൽ അടുത്തുള്ള പുഴയുടെ ആഴങ്ങളിൽ കണ്ണാരം പൊത്തിക്കളിക്കാൻ ഒന്നിച്ച്‌ കൈപിടിച്ചിറങ്ങിയ അമ്മയും മകളും!! ഒരു തരം മരവിപ്പോടെ മാത്രമേ ഇന്നും തനിക്കത്‌ ഓർമ്മിക്കാൻ കഴിയുന്നുള്ളൂ.

അതോട്‌ കൂടി തളർന്ന് പോയി. എല്ലാം അവസാനിപ്പിച്ചതാണ്. പക്ഷെ, ബാലൻ കീഴടങ്ങാൻ കൂട്ടാക്കിയില്ല. അവൻ നാടകം ഉപജീവനമാർഗ്ഗമാക്കാൻ തിരുമാനിച്ചു. പല സമതികളിലായി ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി, പതുക്കെ അവൻ അറിയപ്പെടാൻ തുടങ്ങി. എന്നാലും തെരുവുനാടകക്കാരന്റെയും തെരുവുവേശ്യയുടെയും മകൻ എന്ന വിളിപ്പേരു അവനെ വിട്ട്‌ പോയില്ല. ഒന്നിനെക്കുറിച്ചും അവൻ ചിന്തിച്ചില്ല. ഒരു പെണ്ണിനെക്കുറിച്ച്‌ പോലും. ഒടുവിൽ അവിടെയും വിധി അവനെ വെറുതെ വിട്ടില്ല. കൂടെ നായികയായി അഭിനയിക്കാൻ വന്ന പെൺകുട്ടിയെയും അവനെയും ചേർത്തായി പുതിയ കഥകൾ... ഒടുവിൽ നാടകത്തിനായി പലപ്പോഴും ഉറക്കം പോലും ഉപേക്ഷിച്ച അവൾ ഒരു കുഞ്ഞുകുപ്പിയുടെ സഹായത്തോടെ നിത്യനിദ്രയെ മാറോടണക്കാൻ തുനിഞ്ഞപ്പോൾ, പാതികൂമ്പിയ കണ്ണുകളുമായി തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിയ അവൾക്ക്‌ കാവലിരിക്കുമ്പോൾ അവളെ കൂടെകൂട്ടാൻ അവൻ തിരുമാനിച്ചിരുന്നു.. എന്നിട്ട്‌ പോലും ബാലൻ നാടകകളരിയെ വിട്ടുപിരിഞ്ഞില്ല.. കൂടെയുണ്ടായിരുന്നവർ നൽകിയ ആത്മബലത്തിന്റെ പിൻതുണയോടെ സ്വന്തം ട്രൂപ്പ്‌ എന്ന സംരംഭവുമായി അവൻ മുന്നോട്ട്‌ വന്നപ്പോൾ പുറംതിരിഞ്ഞ്‌ നിൽക്കാൻ തനിക്കും കഴിഞ്ഞില്ല. നേരിന്റെ നേർക്കുള്ള കണ്ണാടിയാവണം നാടകമെന്നും നാടകവും ജീവിതവും രണ്ടല്ല എന്നും വിശ്വസിച്ച്‌ ജീവിച്ച ഞങ്ങൾക്കൊക്കെ അല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല.

വീണ്ടും ഫോൺ റിംഗ്‌ ചെയ്യുന്നത്‌ കേട്ട്‌ നാണുവാശാൻ എഴുന്നേറ്റു. ഓഫീസിൽ നിന്നും തന്നെയാണ്. അവിടെ എല്ലാവരും കാത്തിരിക്കുകയാണെന്നും പെട്ടെന്ന് ചെന്നിട്ട്‌ വരാമെന്നും പൂർണ്ണിമയോട്‌ പറഞ്ഞ്‌, അവൾക്ക്‌ മുഖം കൊടുക്കാതെ ഇറങ്ങാൻ തുടങ്ങി. പുറകിൽ ഒരു തേങ്ങൽ അമർത്താൻ കുട്ടി പാട്‌ പെടുന്നത്‌ മനസ്സിലായി. "മോളേ". വാക്കുകൾ തോണ്ടയിൽ കുടുങ്ങുന്നത്‌ ശരിക്കറിഞ്ഞു.

"ഇല്ല.. അച്ഛൻ പൊക്കോളൂ.. എനിക്കൊന്നും ഇല്ല.. പോയി ഉചിതമായ തീരുമാനങ്ങൾ എടുക്കൂ അച്ഛാ... അച്ഛൻ കൂടി തളർന്നാൽ പിന്നെ...." സത്യത്തിൽ മരുമോളോട്‌ ബഹുമാനം കൂടിയ നിമിഷങ്ങൾ. ഇവൾക്കിതെങ്ങിനെ സാധിക്കുന്നു!!


നാണൂവാശാൻ പോയി കഴിഞ്ഞപ്പോൾ അടക്കിവച്ചിരുന്ന കരച്ചിൽ മുഴുവൻ പൂർണ്ണിമയിൽ നിന്നും അണപൊട്ടി. ആശാന്റെ മുൻപിൽ വച്ച്‌ കണ്ണ് നനയരുതെന്ന് തിർച്ചപെടുത്തിയിരുന്നു. അച്ഛനെ ഒരിക്കലും വിഷമിപ്പിക്കരുതെന്ന് ബാലേട്ടനു നിർബന്ധമായിരുന്നു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ.. കണ്ണുകൾ തെക്കേതൊടിയിലേക്ക്‌ പാളി. അദ്ദേഹത്തെ ദഹിപ്പിച്ച സ്ഥലത്ത്‌ നവധാന്യങ്ങൾ മുളപൊട്ടിയിട്ടുണ്ട്‌. കുഞ്ഞ്‌ തുളസി കാറ്റിൽ ആടുന്നു. ‘സാരമില്ലെടോഎന്ന് പറയും പോലെ. അച്ഛനെ അടക്കിയതിനടുത്ത്‌ എന്തോ തിരഞ്ഞ് കൊണ്ട് ദയമോൾ നിൽക്കുന്നു. ഒരു പക്ഷെ അവൾക്കുള്ള കൈനീട്ടം നൽകാതെ ഒളിച്ചിരിക്കുന്നതിനുള്ള പയ്യാരം പറയുകയാവും. പാവം കുഞ്ഞ്‌!! മനസ്സിൽ നിന്നും ദിവസം മായുന്നില്ല. ഇന്നിപ്പോൾ പതിനേഴ്‌ രാത്രികൾ പിന്നിട്ടെന്ന് തോന്നുന്നേയില്ല.

രാവിലെ ശരിക്കൊന്ന് യാത്രകൂടി പറയാതെയല്ലേ അന്ന് ബാലേട്ടൻ പോയത്‌. അവസാനയാത്രയാവുമതെന്ന് ഒരിക്കലും നിരീച്ചില്ല. ചെറുതായി ഒന്ന് പിണങ്ങുകയും ചെയ്തല്ലോ ഞാനാ പാവത്തോട്‌.

അന്ന് വിഷുവായിരുന്നു. രാവിലെ എഴുന്നേൽക്കുന്ന ശീലം പൊതുവെ കുറവായതിനാൽ കണികാണാനൊന്നും വിളിച്ചില്ല. അല്ലെങ്കിലും കോഴി കൂവാറാവുമ്പോൾ വീട്ടിൽ വന്ന് കട്ടിലിലേക്ക്‌ തളർന്ന് വീഴുന്ന നാടകക്കാരന് എന്ത്‌ വിഷുക്കണി. ഫോൺ റിംഗ്‌ ചെയ്യുന്നത്‌ കേട്ടിട്ടും പുതപ്പ്‌ തലവഴി മൂടി കിടക്കുന്ന ബാലേട്ടനെ കണ്ടപ്പോൾ പാവം തോന്നി.

"ദേ ഫോൺ അടിക്കുന്നു, ഒന്നെഴുനേൽക്കെന്നേ.. വിഷുവായിട്ട്‌." ഒരു വിധം കുത്തിപൊക്കി. ഫോൺ അറ്റെന്റ്‌ ചെയ്ത്‌ കഴിഞ്ഞ്‌ കാര്യം പറഞ്ഞപ്പോൾ തന്നെ വിളിക്കാതിരുന്നാൽ മതിയായിരുനെന്ന് തോന്നി. ചങ്ങനാശ്ശേരിയിൽ നാടകം ഇന്ന് കളിക്കണമത്രെ. പരിപാടിയിൽ എന്തോ ഭേദഗതി. വേണ്ടപ്പെട്ട ആൾക്കാരാ. ഒഴിവു പറയാൻ പറ്റില്ല. അത്‌ തനിക്കും അറിയാം. എന്നാലും... ഇന്ന്..വിഷുവായിട്ട്‌..അറിയാം, ഇത്‌ നാടകക്കാരന്റെ വിധിയാണെന്ന്. വേണ്ടപ്പെട്ടവർ മരിച്ച്‌ കിടന്നാൽ പോലും ബുക്ക്‌ ചെയ്ത ദിവസം കളിനടന്നേ പറ്റു. ഒത്തിരി കുടുംബങ്ങളുടെ ജിവിത മാർഗ്ഗമാണ്. പക്ഷെ, അന്നേരം അതൊന്നും മനസ്സിൽ തോന്നിയില്ല. ഒരു സാദാ വീട്ടമ്മയാവാനേ കഴിഞ്ഞുള്ളു.

മോൾക്ക്‌ ഇനി അച്ഛന്റെ കൈനീട്ടം മാത്രമേ കിട്ടാനുള്ളൂന്ന് പറഞ്ഞു പിണങ്ങിയാ അപ്പുറത്തെ വീട്ടിലേക്ക്‌ പോയതെന്ന് പറഞ്ഞു നോക്കി. അപ്പോൾ അവളെ വിളിക്കെന്നായി. കൊടുത്തിട്ട്‌ പോകാത്രെ.. അതു കേട്ടപ്പോൾ എന്തോ വീണ്ടും വഴക്കടിക്കാനാ തോന്നിയത്‌. വിളിക്കാൻ കൂട്ടാക്കിയുമില്ല. ബാലേട്ടൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും ഞാൻ പിണങ്ങിയാൽ ഒന്നും മിണ്ടാതെ കേൾക്കാറാ പതിവ്‌. അപ്പോഴേക്കും നാടക വണ്ടി വന്നിരുന്നു. വണ്ടിയിൽ കയറിയിട്ട്‌ തിരിഞ്ഞെന്നെ നോക്കി. അത്‌ പതിവില്ലാത്തതാണ്. അത്‌ അവസാന നോട്ടമാണെന്ന്.... മനസ്സ്‌ ഇപ്പോളും വിങ്ങുകയാണ്. എന്തോ തെറ്റു ചെയ്തപോലെ..

പക്ഷെ ബാലേട്ടനു തന്നോട്‌ പിണക്കമൊന്നും ഇല്ലായിരുന്നല്ലോ? അല്ലെങ്കിൽ പിന്നെ, പോകുന്ന വഴി അരമണിക്കൂറിനു ശേഷം ഇങ്ങോട്ട്‌ വിളിക്കുമോ? അതും പതിവില്ലാത്തതായിരുന്നു. വിളിച്ചിട്ട്‌ മോളോട്‌ പിണങ്ങരുതെന്നും രാത്രി വരുമ്പോൾ അവളുടെ കൈനീട്ടം തരുമെന്നും പറയാനും... അച്ഛനോട്‌ പറയാതെയാണ് പോന്നതെന്നും ധൃതിയിൽ മറന്നാതാണെന്ന് സൂചിപ്പിച്ചേക്കണമെന്നും ഒപ്പം വിഷു കഞ്ഞി എടുത്ത്‌ വേച്ചേക്കണമെന്നുംഅങ്ങിനെ അങ്ങിനെകൂടെ കുറെ സോറിയും പറഞ്ഞു. അപ്പോളും അതൊന്നും അവസാനമായി തന്നെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നതാണെന്ന് തോന്നിയില്ല. പാവത്തിന്റെ അവസ്ഥയോർത്ത്‌ സങ്കടം വന്നു. ഇപ്പോൾ അച്ഛൻ കളിക്ക്‌ പോകാത്തത്‌ കാരണം ഉത്തരവാദിത്വങ്ങൾ ഏറിയിരിക്കുന്നല്ലോ എന്നത്‌ താൻ മറക്കാൻ പാടില്ലായിരുന്നെന്ന് ഓർത്തുപോയി.

അടുക്കളയിലെ പണികളൊക്കെ തിർക്കുന്നതിനിടയിലാണ് അച്ഛനോട്‌ പറഞ്ഞില്ലല്ലോ എന്നോർത്തത്‌. വരാന്തയിലേക്ക്‌ ചെല്ലുന്നതിനിടയിൽ വീണ്ടും ഫോൺ റിംഗ്‌ ചെയ്തു. എടുത്തപ്പോൾ ബിജുവായിരുന്നു. "ചേച്ചീ" എന്തോ ഒരു പന്തികേട്‌ തോന്നി വിളിയിൽ. ആശാനെന്തിയേ എന്ന് ബിജു ചോദിച്ചപ്പോൾ തിരിച്ച്‌ ബാലേട്ടനെന്തിയേ എന്ന് ചോദിച്ചുപോയി. എന്തോ . . അങ്ങിനെ തോന്നി. ഫോണിന്റെ മറുതലക്കൽ എന്തൊ ഒരു പന്തിയില്ലായ്മ തോന്നിയതിനാൽ വീണ്ടും വീണ്ടും ചോദിച്ച്‌ കൊണ്ടിരുന്നതോർമ്മയുണ്ട്‌. പിന്നെ ബിജു പറഞ്ഞതൊന്നും ഇന്നും വിശ്വസിക്കാൻ മനസ്സ്‌ സമ്മതിക്കുന്നില്ല. ഇവിടേക്ക്‌ വിളിച്ച്‌ കഴിഞ്ഞ്‌ വണ്ടിയിൽ വച്ച്‌ തന്നെ പതിവു പോലെ ഒരു ചെറിയ റിഹേഴ്സൽ എടുക്കുന്ന ബാലേട്ടൻ. പിറകിൽ നിന്നും നിയന്ത്രണം വിട്ട്‌ വന്ന ഒരു ലോറി.. ട്രൂപ്പിന്റെ വണ്ടിയിൽ ഇടിച്ചെന്നോ... പിറകിൽ നിന്ന് റിഹേഴ്സൽ എടുക്കുകയായിരുന്ന ബാലേട്ടൻ ഇടിയുടെ ആഘാതത്തിൽ തെറിച്ച്‌ മുൻപിൽ വീണെന്നോ.. ഓടിക്കൂടിയ നാട്ടുകാർ അടുത്തുള്ള ഏതോ ഹോസ്പിറ്റലിൽ എത്തിക്കുമ്പോളേക്കും.... എല്ലാം കേട്ടത്‌ താൻ തന്നെയാണോ എന്ന് തോന്നി. ബോധം മറയുന്നപോലെയും.

വണ്ടിയിൽ നിന്നും നാണുവാശാനോടൊപ്പം ഇറങ്ങുമ്പോൾ ബാലേട്ടാ എന്ന് അലറിവിളിച്ച്‌ ഓടി വരുന്ന പൂർണ്ണീമേച്ചിയെ ആണ് കണ്ടത്‌. വന്നത്‌ ഞങ്ങളാണെന്ന് മനസ്സിലാക്കിയപ്പോൾ സാരിത്തുമ്പ്‌ കടിച്ച്‌ പിടിച്ച്‌ പാവം ഉൾവലിഞ്ഞു. ചിലപ്പോൾ അന്നത്തെ ഓർമ്മയാവും. അന്നും ഇങ്ങിനെ തന്നെയായിരുന്നു. അലമുറയിട്ട്‌ കൊണ്ട്‌.. ബിജു അന്നത്തെ ദിവസത്തിലേക്ക്‌ ഊളിയിട്ടു.

വണ്ടിയുടെ പിറക്‌ വശത്തായി നാടകത്തിന്റെ ക്ലൈമാക്സിലെ ഒരു മരണരംഗം റിഹേഴ്സൽ എടുക്കുന്ന ബാലേട്ടൻ.. ഒറ്റക്കുള്ള സീനായിരുന്നു.. മാത്രമല്ല നാടകത്തിന്റെ മർമ്മവും അത്‌ തന്നെ. ഞങ്ങളെല്ലാം വികാരഭരിതമായ അഭിനയം കണ്ട്‌ കോരിത്തരിച്ച്‌ ഇരിക്കുകയാണ്. പെട്ടെന്ന് വണ്ടി ഒന്ന് പാളി. എന്താണെന്ന് ശരിക്കും മനസ്സിലായുമില്ല. ബാലേട്ടൻ തെറിച്ച്‌ മുന്നിൽ വീഴുന്നത്‌ കണ്ടു. പിന്നീട്‌ കാണുന്നത്‌ നിലത്ത്‌ വേദനകൊണ്ട്‌ പിടയുന്ന ബാലേട്ടനെയാ.. ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു. അപ്പോളേക്കും...... എല്ലാം കഴിഞ്ഞ്‌ ബോഡി ഹോസ്പിറ്റലിൽ നിന്നും ആംബുലൻസിലേക്ക്‌ കയറ്റുമ്പോഴേക്കും ഒരു വൻ ജനാവലി തന്നെ അവിടെ തടിച്ച്‌ കൂടിയിരുന്നു. എന്നും എല്ലാവരുടേയും കണ്ണിലെ കരടായിരുന്ന ഞങ്ങളുടെ ബാലേട്ടൻ പെട്ടെന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയായ പോലെ!! അതുല്യ പ്രതിഭയുടെ ഭൗതീക ശരീരം 8 കിലോമീറ്റർ അപ്പുറത്തുള്ള ഹോസ്പിറ്റലിൽ നിന്നും വിട്ടിലെത്തിക്കാൻ വേണ്ടി വന്നത്‌ 8 മണിക്കൂറോളം ആയിരുന്നു. അതുവരെ ശത്രുക്കൾ ആയിരുന്നവരെല്ലാം പെട്ടെന്ന് മിത്രങ്ങളായി. ഞെട്ടൽ രേഖപ്പെടുത്തലായീ.. മുതലകണ്ണീരായി... തെരുവുവേശ്യയുടെ മകനിൽ നിന്നും ബാലേട്ടൻ നടനകലയുടെ തമ്പുരാനിലേക്ക്‌ എടുത്തുയർത്തപ്പെട്ടു. ഫൂ..!! കള്ള നായിന്റെ മക്കൾ..!!! എന്നിട്ടിപ്പോൾ അവർ ശവകുടീരത്തിൽ അവസാന ആണികൂടി അടിക്കുകയാ. മികച്ച സംവിധായകൻ... ആഗ്രഹിച്ചിരുന്നു ബാലേട്ടൻ അത്‌.. ഒരിക്കൽ... പക്ഷെ, ഇത്‌.. അന്നത്തെ ചേച്ചിയുടെ ആർത്തലച്ചുള്ള കരച്ചിൽ..ഒന്നും മിണ്ടാതെ ഇരിക്കുന്ന ആശാൻ.. പകപ്പോടെ എല്ലാം കണ്ട കൊച്ചുദയമോൾ.

ബിജുമാമാ, കൈനീട്ടം തന്നിലേല്ലും ദയമോൾക്ക്‌ പിണക്കമില്ല. അച്ചായിയോട്‌ മിണ്ടാൻ പറ മാമാ..” ദയമോളെ വാരിയെടുത്ത്‌ തിരിഞ്ഞ്‌ നോക്കുമ്പോൾ വിതുമ്പിക്കരയുന്ന ചേച്ചി.. തകർന്നിരിക്കുന്ന ആശാൻ... ചേച്ചിയുടെ നെറ്റിയിൽ ഇന്നും മായാതെ നിൽക്കുന്ന പടർന്നൊലിച്ച സിന്ദൂരത്തിന്റെ ചെറിയ ഭൂപടം. അതാ ബാലേട്ടനെ അവിടെ കണ്ടാല്ലോ.. ഇപ്പോൾ.. ബാലേട്ടൻ അവിടെയിരുന്ന് എന്തോ പറയും പോലെ.. എടാ ബിജുവേ എന്ന് വിളിക്കും പോലെ... സിന്ദൂരപൊട്ടിൽ എന്റെ ബാലേട്ടന്റെ ആത്മാവ്‌ ഉറങ്ങുന്നുണ്ട്‌. എനിക്ക്‌ കാണാം എന്റെ ബാലേട്ടനെ അവിടെ.

ഒരു നനുത്ത കാറ്റായി ഗന്ധർവ്വൻ എല്ലാവരെയും തഴുകുന്നുണ്ടോ? എല്ലാവരുടേയും മുഖത്ത്‌ എന്തോ ഒരു പുതിയ തീരുമാനത്തിലെത്തിയതിന്റെ ദാർഢ്യം. ഒരു സംവിധായകന്റെ ഭാവഹാവാദികളോടെ എല്ലാവർക്കും നിർദ്ദേശം കൊടുത്ത്‌ ബാലേട്ടൻ ഇവിടെയില്ലേ? പെട്ടെന്ന് എന്തോ തീരുമാനിച്ചപോലെ നാണുവാശാൻ എഴുന്നേറ്റു. ചേച്ചിയുടെ കണ്ണുകളിൽ പോലും എന്തോ നിശ്ചയിച്ച ഭാവം. ഒരു ടെലിപ്പതി പോലെ!!!

ഭിത്തിയിലെ ഫോട്ടോയിൽ ഇരുന്ന് എല്ലാം കണ്ട്‌ ബാലേട്ടൻ പുഞ്ചിരിതൂകി. ഫോട്ടോയുടെ അടിയിൽനിന്നും ഒരു ഗൗളി ചിലച്ച്‌ കൊണ്ട്‌ കുതിച്ചു.
© മനോരാജ്

11 Comments, Post your comment:

പട്ടേപ്പാടം റാംജി said...

നേരത്തെ വായിച്ചിരുന്നു.
നാടകത്തെ പശ്ചാത്തലമാക്കി രചിച്ച കഥ ഇഷ്ടപ്പെട്ടു.
ആശംസകള്‍.

എന്‍.ബി.സുരേഷ് said...

മനോ ഒന്നു രണ്ടുപേരുടെ അഭിപ്രായങ്ങൾ എനിക്ക് യുക്തമായി തോന്നി. നീന ശബരീഷ് പറഞ്ഞപോലെ മരണവും ദുരന്തവും മനോയുടെ കഥയിൽ നിരന്തരം വരുന്നു. അതൊരു പ്രശ്നമല്ല. ഒക്കെയും ഫ്ലാഷ്ബാക്കിന്റെ രൂപത്തിൽ ഓർമ്മയുടെ രൂപത്തിലാവുമ്പോൾ ചെടിപ്പുണ്ടാക്കും.
കമ്പർ പറഞ്ഞപോലെ ഒന്നുകൂടി ചുരുക്കാമായിരുന്നു.
മൈത്രേയിയുടെ അഭിപ്രായവും ശ്രദ്ധേയം.

ഒരാളെ അയാളുമായി ബന്ധമുള്ള ആളുകൾ മരണശേഷം ഓർക്കുകയാണല്ലോ.

എനിക്ക് കുറച്ച് അതിവിശദീകരണം തോന്നി.
മൌനം കൊണ്ടു പൂരിപ്പിക്കേണ്ടതിനെ അങ്ങനെ തന്നെ ട്രീറ്റ് ചെയ്യണം.

കഥാനായകൻ ഇതിൽ വരുന്നേയില്ല. അതൊരു നല്ല കഥ പറച്ചിൽ രീതി ആണ് ടി.വി.ചന്ദ്രന്റെ കഥാവശേഷൻ എന്ന സിനിമയിൽ ഈ റ്റെക്നിക് ഉപയോഗിച്ചിട്ടുണ്ട്.

ഖലിൽ ജിബ്രാന്റെ മനുഷ്യപുത്രനായ യേശു എന്ന കൃതിയിൽ യേശുവിനെ അദ്ദേഹത്തിനോടടുപ്പമുണ്ടായിരുന്ന ആ‍ളുകൾ ഓർക്കുന്നുണ്ട്.

പക്ഷെ ഇവിടെ കഥാനായകന്റെ ജീവചരിത്രം ഉൾക്കൊള്ളിക്കാൻ ഒരു ശ്രമം നടത്തിയ പോലുണ്ട്. അത് ഉള്ളിൽ ഒരു യഥാർത്ഥ സംഭവം കിടക്കുന്നതു കൊണ്ടാണ്.

ജൈവികമായ ഒരു കൂടിച്ചേരൽ സംഭവിച്ചില്ല.
സംഭാഷണങ്ങളിലും വിവരണങ്ങളിലും മിതത്വം പാലിക്കേണ്ടതുണ്ട്. അനുഭവത്തെ കഥയാക്കി മാറ്റുമ്പോൽ നമ്മൾ കരുതിയിരിക്കണം.

തൊക്കെ പറഞ്ഞത് കഥ ഇതിലും തീവ്രമാക്കാമായിരുന്നു എന്നു തോന്നിയതിനാലാണ്.

പിന്നെ നാടകത്തെ സംബന്ധിച്ച് ഒരു നോവൽ തന്നെ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അഷ്ടമൂർത്തിയുടെ റിഹേഴ്സൽക്യാമ്പ്.

മനോ കഥയെ ഗൌരവമായി എടുക്കൂ. ഭാവുകങ്ങൾ.

ഇത് മനോരാജിന്റെ ബ്ലോഗിൽ ഇട്ട കമന്റ് ആണ്.

mini//മിനി said...

ജീവിതം തന്നെ ഒരു നാടകം.

sugathan said...

കൊള്ളാം!

ഹംസ said...

തേജസിൽ നിന്നും വായിച്ചിരുന്നു എൻകിലും ഒന്നുകൂടി വായിച്ചു. മനൂ നല്ല കഥയാണിത് .

pushpamgad said...

nalla kathayanu.
asamsakal...

മുകിൽ said...

ഇടയ്ക്കു വച്ചു രംഗം മാറിയതിൽ(ബിജുവിന്റെ ചിന്തകൾ തുടങ്ങുന്ന രംഗം) പെട്ടെന്നൊരു കൻഫ്യൂഷൻ വന്നു. ഒന്നു കൂടെ പുറകോട്ടു പോയി വായിക്കേണ്ടി വന്നു.
അതു സാരമില്ല. കഥ നന്നായിരിക്കുന്നു.

Echmukutty said...

ഒരു ചെആ‍ാ‍ാ‍ാരിയ കൺഫ്യൂഷൻ തോന്നിയെങ്കിലും നന്നായിട്ടുണ്ട്.
ഞാൻ ഈ കഥ നേരത്തെ വായിച്ചിട്ടുണ്ടല്ലോ.

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ മനോരാജ്‌,
കഥ നന്നായി തോന്നിയില്ല.സമകാലികകഥകള്‍ ധാരാളം വായിക്കൂ..

Minesh R Menon said...

നിലവാരമുള്ള കഥയായി തോന്നിയില്ല..
കുറെ ദുഃഖങ്ങള്‍ നിരത്തി പറഞ്ഞാല്‍ കഥയാവും എന്ന മെഗാ സീരിയല്‍ ട്രെന്റിന്റെ ഒരു എക്സ്റെന്ഷന്‍ ആണോ ഇത് എന്ന് തോന്നിപോവും .

ഈ കഥക്കു ഒരു ഇരുപത്തി അഞ്ചു വര്‍ഷത്തെ പഴക്കം ഉണ്ട്. പ്രയോഗങ്ങള്‍ക്കും ഭാഷക്കും ആ പഴമ മണക്കുന്നു.ഒരു പാട് പേര്‍ പറഞ്ഞ കഥകള്‍ അതെ പടി പറയുന്നതിന് പകരം പുതുമയുള്ള സങ്കേതങ്ങള്‍ തേടു. വിഷയങ്ങള്‍ ആലോചിക്കു മനുവേട്ട .

Manoraj said...

സുസ്മേഷ് : വളരെ സന്തോഷം. എന്റെ കഥ വായിച്ചതിലും അഭിപ്രായം തുറന്നറിയിച്ചതിലും. കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം.

മിനീഷ് : കഥകള്‍ക്ക് ഒരിക്കലും വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കാന്‍ കഴിയില്ല. പിന്നെ കഥനരീതിയെക്കുറിച്ചാണ് മിനീഷ് സൂചിപ്പിച്ചതെങ്കില്‍ ഞാന്‍ സമ്മതിക്കുന്നു. ഇത് ആധുനീക കഥകളുടെ ശൈലിയിലല്ല എഴുതിയിരിക്കുന്നതെന്ന്. പക്ഷെ കഥകള്‍ കാലഘട്ടങ്ങള്‍ക്ക് അതീതമാവണം എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് രചിക്കുന്ന കഥകളില്‍ ഇന്നത്തെ രചനാ സങ്കേതങ്ങളേ വരാന്‍ പാടുള്ളൂ എന്ന് വെറുതെ വാശിപിടിക്കുന്നതിനോട് യോജിപ്പില്ല. പക്ഷെ മിനീഷ് പറഞ്ഞ കമന്റിലെ എല്ലാ പോസിറ്റീവ് വശങ്ങളും ഞാന്‍ ഉള്‍ക്കൊള്ളുന്നു. ഇത്തരം വിലയേറിയ കമന്റുകള്‍ തന്നെ നിങ്ങളില്‍ നിന്നൊക്കെ പ്രതീക്ഷിക്കുന്നതും. ഒത്തിരി നന്ദി.

ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയ റാംജി, സുരേഷ് മാഷ്, മിനി ടീച്ചര്‍, ഹംസ, സുഗതന്‍, എച്മുകുട്ടി, മുകില്‍, പുഷ്പാംഗദ്, എല്ലാവര്‍ക്കും നന്ദി.