സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!::::::::: "മൊഞ്ചത്തി ഫൗസിയ":::::::::

October 30, 2010 നൗഷാദ് അകമ്പാടം
ചില കുഞ്ഞു രഹസ്യങ്ങള്‍..
മാഞ്ഞുപോവാത്ത ബാല്യകാലസ്മരണകളില്‍ ഇടക്കെപ്പഴോ
ഒരുള്‍നോവുണര്‍ത്തി പൊടുന്നനെ മിന്നിമറയുന്ന അവളുടെ ദൃശ്യങ്ങള്‍..
എന്തുകൊണ്ടെന്നറിയാതെ പോയ ആകസ്മികമായ അനുഭവങ്ങള്‍..

തനിച്ചാവുന്ന സന്ധ്യകളില്‍ ഒരു കൂട്ടായി പലപ്പോഴും അവളെനിക്കൊപ്പമുണ്ട്..
മനസ്സിനെ ഓര്‍മ്മകളുടെ മേച്ചില്പ്പുറങ്ങളില്‍ മേയാന്‍ വിട്ടിരിക്കുമ്പോള്‍
കാലത്തിന്റെ പൊടിതട്ടിയെടുക്കുന്ന പുസ്തകത്തില്‍
മെല്ലെ മറിയുന്ന താളുകളള്‍ക്കൊപ്പം അറിയാതെ
ഞാനെന്റെ ഒളിപ്പിച്ചുവെച്ച മയില്‍‌പീലിത്തുണ്ട് തിരയുകയാണ്..

പഴയ ആ പത്തു വയസ്സുകാരന്റെ ആകാംക്ഷയോടെ....

-----------------------------------------------------------------------------------------------

പണ്ടു ഞങ്ങളുടെ ഗ്രാമത്തിലെ കാടു കടന്നു വേണമായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് സ്കൂളിലേക്കെത്താന്‍.
കാറ്റിലുലഞ്ഞു നില്‍കുന്ന വന്മരങ്ങള്‍ക്കിടയില്‍ കളകളമിളകിപ്പായുന്ന കാട്ടാറും
കാട്ടിലെ കൂത്താട്ടക്കാരായ കുറുനരികളും ഊര്‍ന്നുനില്‍ക്കുന്ന വള്ളികളില്‍ ഊഞ്ഞാലാടി കലപില കൂട്ടുന്ന കുരങ്ങന്മാരും കുറുകെ പായുന്ന കാട്ടുകോഴികളും ഇടക്ക് ഒറ്റപ്പെട്ടു പാഞ്ഞു പോകുന്ന പന്നികളും ശ്രദ്ധിച്ചില്ലെങ്കില്‍ കാലിനടിയിലൂടെ ഇഴഞ്ഞു അലസം നീങ്ങുന്ന പാമ്പുകളും നിറഞ്ഞതായിരുന്നു ആ വനപ്രദേശം..
----------------------------------------------------------------------------------------------

ഇരുവശവും ഇല്ലിക്കാടുകള്‍ പരസ്പരം കെട്ടുപിണഞ്ഞ് നില്‍ക്കുന്ന പഞ്ചാര മണല്‍ പാകിയ നടവഴിയിലൂടെ ഇത്തിരിദൂരം നടന്നാല്‍ കാട്ടു ചോലക്കരികിലെത്തും.നല്ല തെളിനീരോടെ പതിഞ്ഞൊഴുകുന്ന ആ കുളിര്‍ വെള്ളത്തില്‍ മുഖം കഴുകാതെ..വെള്ളമൊന്നു തട്ടിത്തെറിപ്പിക്കാതെ ഒരിക്കലും ഞങ്ങള്‍ ആ വഴി പോകാറില്ല..ചോലക്കരികില്‍ പീച്ചിക്കയും പാറോത്തുമരവും ഞാവലും പൂവ്വത്തിയും അരിനെല്ലിക്കാമരവും കാട്ടുചെടികളും നിറഞ്ഞ് നില്‍ക്കുന്ന മനോഹരമായ ഒരു കാഴ്ചയായിരുന്നു അവിടെ.
അന്ന് ആ ഭാഗത്തിലൂടെ കുട്ടികള്‍ തനിച്ച് സ്കൂളില്‍ പോവാറില്ലായിരുന്നു.
അഞ്ചാം ക്ലാസ്സിലേക്കായതോടെ ചുറ്റുവട്ടത്തുള്ള പച്ചത്തട്ടവും നീണ്ട കണ്മഷിയുമിട്ട ഹൂറിമാരൊക്കെ ഞങ്ങള്‍ ആണ്‍കുട്ടികളുടെ ഒപ്പമായിരുന്ന് സ്കൂളിലേക്ക് വന്നും പോയുമിരുന്നിരുന്നത്.
ധീരരായ സീ കണ്ണനും ബാപ്പുട്ടിയും അസിയും ഉണ്ണിയുമൊക്കെ നേതൃത്ത്വം കൊടുക്കുന്ന
ആ ഗാങ്ങില്‍ ഞാനുമുണ്ടായിരുന്നു.
----------------------------------------------------------------------------------------------

അങ്ങനെ ഒരു കൂട്ടം സുന്ദരിമാര്‍ക്കൊപ്പം സ്കൂളിലേക്ക് സൊറപറഞ്ഞ് പോകുമ്പോള്‍ അവരുടെ സ്നേഹവും ആദരവും പിടിച്ചു പറ്റാനായി പലരും പല വിക്രിയകളും കാണിക്കുമായിരുന്നു..
മരത്തില്‍ കണ്ണുമിഴിച്ചിരിക്കുന്ന കുരങ്ങനെ കല്ലെറിയുക, നീര്‍ച്ചോലയില്‍ നിന്നും ചേമ്പില്‍ ഇലയില്‍ പരല്‍ മീന്‍ ശേഖരിക്കുക,കാട്ടുമരങ്ങളില്‍ ഊഞ്ഞാലാടി അടുത്ത മരത്തിലേക്ക് ചാടിപ്പിടിക്കുക,ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ കാട്ടുചോല മുറിച്ച് കടക്കുമ്പോള്‍ പെണ്‍കുട്ടികളുടെ പുസ്തകം ചുമക്കുക, കടം കഥകള്‍ക്കുത്തരം പറയുക തുടങ്ങി ഒരു പാടുകാര്യങ്ങളില്‍ ഞങ്ങള്‍ അവരുടെ സ്നേഹാദരവ് നേടാന്‍ മല്‍സരിച്ചിരുന്നു.
----------------------------------------------------------------------------------------------

പക്ഷേ മിടുക്കരായ കൂട്ടുകാര്‍ക്കൊപ്പം എനിക്ക് പിടിച്ച് നിക്കാന്‍ കഴിയാതെ പോയത് മറ്റൊരു കാര്യത്തിലായിരുന്നു.
പെണ്‍കുട്ടികളുടെ മുന്നില്‍ ഹീറോ ആകാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായിരുന്നു കാടുനിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഞൊട്ടങ്ങയും പൂവ്വത്തിയും ഞാവല്‍പ്പഴവും അരിനെല്ലിക്കയും ഒക്കെ ശേഖരിച്ച് അവര്‍ക്ക് സമ്മാനിക്കുക എന്നത്. അതിനാല്‍ അവര്‍ ആ മരങ്ങളിലൊക്കെ വലിഞ്ഞു കയറും. അവരെപ്പോലെ മരത്തിനു മുകളില്‍ കയറാനുള്ള ധൈര്യമില്ലാത്തതിനാല്‍ ഞാനവരുടെ പുസ്തകവും പിടിച്ച് താഴേ വീഴുന്നത് പെറുക്കിയെടുക്കാന്‍ നില്‍ക്കും..
നല്ല പഴുത്ത പഴങ്ങള്‍ അവര്‍ വള്ളിനിക്കറിന്റെ കീശയിലാക്കി താഴേ ഇറങ്ങിവന്ന് ഹൂറികള്‍ക്ക് വിതരണം ചെയ്യും. പലപ്പോഴും എനിക്ക് അവഗണനയാവും കിട്ടുക..അതിന്റെ കെറുവുമായിട്ടായിരിക്കും കുറേ നേരം ഞാന്‍ നടക്കുകയെങ്കിലും സ്കൂളിലെത്തിയാലുള്ള കളികളില്‍ പിന്നെ അതൊക്കെ മറക്കുകയും ചെയ്യും.
----------------------------------------------------------------------------------------------

ആയിടെയാണു ഞങ്ങളുടെ വീടിനടുത്ത് കുന്നിന്‍ ചെരിവിനപ്പുറം ഒരു പുതിയ കുടുംബം താമസത്തിനു വന്നത്..
അവിടെയുള്ള ഫൗസിയ എന്ന സുന്ദരി പെട്ടന്ന് തന്നെ ഞങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി..അതിനുകാരണം അവളുടെ നല്ല വെളുത്ത് മൊഞ്ചെഴുന്ന രൂപവും പല നിറങ്ങളിലുള്ള തിളങ്ങുന്ന ഫോറിന്‍ കുപ്പായവും എപ്പോഴുമുള്ള അത്തറിന്റെ മണവുമായിരുന്നു.അവളുടെ കയ്യിലാകട്ടെ അക്കം കാണിക്കുന്ന പുത്തന്‍ കറുത്ത വാച്ചുമുണ്ടായിരുന്നു.
അവളുടെ ബാപ്പ ദുബായിലാണു. അതിന്റെ പവറും പത്രാസും അവള്‍ക്കെപ്പോഴുമുണ്ടായിരുന്നു.
അവള്‍ ഞങ്ങളുടെ കൂട്ടത്തിലായിരുന്നു സ്കൂളില്‍ വന്നിരുന്നത്.അതോടെ പഴയ ഹൂറിമാരെ ഞങ്ങള്‍
ശ്രദ്ധിക്കാതെയായി എന്നു മാത്രമല്ല ഫൗസിയയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ എന്തു സാഹസവും ചെയ്യാന്‍ ഞങ്ങള്‍ മല്‍സരിക്കുകയും ചെയ്തു.
----------------------------------------------------------------------------------------------

പാട്ടു പാടിയും ഓടിക്കളിച്ചുമൊക്കെ അവര്‍ കഴിവ് കാട്ടി അവളുടെ മുന്നില്‍ ആളായപ്പോള്‍ പലപ്പോഴും ഞാന്‍ ഒറ്റപ്പെട്ട് നടന്നു.
എനിക്ക് പാടാനറിയില്ല..മരം കേറി പഴം പറിക്കാനുള്ള ധൈര്യവുമില്ല..
അടിപിടി കൂടാനും വാക്പയറ്റ് നടത്താനും മോശവും..
----------------------------------------------------------------------------------------------

ദിവസങ്ങള്‍ കൊണ്ട് തന്നെ ഫൗസിയ എല്ലാവര്‍ക്കും പ്രിയങ്കരിയായി.
ഹൂറിമാരൊക്കെ അവളുടെ സില്‍ബന്ധികളായി അവള്‍ക്കു ചുറ്റും ഒപ്പമുണ്ടാവും..
പിന്നെ എന്റെ കൂട്ടുകാരും. അവരോടൊക്കെ പ്രിയത്തിലും നയത്തിലും പെരുമാറിയിരുന്ന അവള്‍ പക്ഷേ എന്നെ ശ്രദ്ധിച്ചതേയില്ല.
അങ്ങിനെ എന്നെ ഒറ്റപ്പെടുത്തി നാളുകള്‍ മെല്ലെ കടന്നു പോയിക്കൊണ്ടിരുന്നു.
----------------------------------------------------------------------------------------------

ഞങ്ങളുടെ കൂട്ടത്തില്‍ ബാപ്പുട്ടിയുമായിട്ടായിരുന്നു അവള്‍ക്ക് കൂടുതല്‍ കൂട്ട്.
അവനാകട്ടെ അവളെപ്പോലെ നല്ല വെളുത്തനിറവും എപ്പോഴും കുപ്പായമൊക്കെ ഇസ്തിരിയിട്ട് മോടിയില്‍ നടക്കുന്നവനുമായിരുന്നു.
അതില്‍ പിന്നെ ഞങ്ങള്‍ക്കവനോട് വല്ലാത്ത അസൂയയായി.
അവളവനു സമ്മാനമായി കളര്‍ പെന്‍സിലും തീരാറായ സ്പ്രേയുടെ ഭംഗിയുള്ള കുപ്പിയും
ഒക്കെ കൊടുത്തു. ഒപ്പം ഒരു ദിവസം മക്കയും മദീനയും കാണുന്ന ഒരു ചെറിയ യന്ത്രവും കൂടി കൊണ്ടു വന്നതോടെ അവളുമായി ലോഹ്യം കൂടാന്‍ എല്ലാവര്‍ക്കും തിടുക്കമായി.
----------------------------------------------------------------------------------------------

ഒന്നുരണ്ടു തവണ അവന്റെ കണ്ണുവെട്ടിച്ച് ചില തമാശകളുമായി ഞാന്‍ അവളെ സമീപിച്ചെങ്കിലും
അതൊന്നും അവളുടെ ശ്രദ്ധ തിരിക്കാന്‍ മാത്രം ശക്തമല്ലായിരുന്നു.
അതോടെ അവളുമായി ലോഹ്യം കൂടുക എന്ന ശ്രമകരമായ ദൗത്യത്തില്‍ നിന്നും
ഞാന്‍ പിന്തിരിഞ്ഞു..
----------------------------------------------------------------------------------------------

അങ്ങിനെ ഒരു ദിവസം സ്കൂളില്‍ യുവജനോല്‍സവത്തിനു പേരുകൊടുക്കേണ്‍ട അറിയിപ്പുമായി മാഷ് ക്ലാസ്സില്‍ വന്ന് നോട്ടീസു വായിച്ചു..
ചിത്രരചനക്ക് എല്ലാവര്‍ഷവും സമ്മാനം വാങ്ങുന്നത് ഞാനായിരുന്നു..
സ്റ്റേജിനമല്ലാത്തതിനാല്‍ പക്ഷേ അതിനു പെരുമ കുറവായിരുന്നു.
"ഓ..ഓന്റെയൊരു കുത്തിവര.." എന്നതല്ലാതെ മൊഞ്ചത്തി ഹൂറിമാരൊന്നും മാപ്പിളപാട്ടുകാരെപ്പോലെയോ ഒപ്പനകളിക്കാരെ പോലെയോ ചിത്രകാരനു വലിയ നിലയും വിലയുമൊന്നും നല്‍കിയതുമില്ല.
അങ്ങിനെ കൂട്ടുകാരോടു മൊത്തം ഉള്ളില്‍ കെറുവ് കേറി നില്‍ക്കുമ്പോഴാണു ഞാന്‍ ഞെട്ടിക്കുന്ന മറ്റൊരു വിവരം അറിയുന്നത്..
മൊഞ്ചത്തി ഫൗസിയയും ചിത്ര രചനക്ക് പേര്‍ കൊടുത്തിരിക്കുന്നു..!
അങ്ങനെ എനിക്കൊരു എതിരാളി കൂടിയായി.
----------------------------------------------------------------------------------------------

ചിത്രരചനക്ക് ഞങ്ങള്‍ എട്ടൊന്‍പത് പേര്‍.
അതിലൊരു തരുണീ മണി മൊഞ്ചത്തി ഫൗസിയ മാത്രം.
എന്റെ കയ്യില്‍ ജലച്ചായത്തിനുള്ള പഴയ ഒരു കളര്‍ ബോക്സാണുണ്ടായിരുന്നത്..
അതിലാകട്ടെ അമ്പതു പൈസ വലുപ്പത്തില്‍ ഉണങ്ങിപ്പിടിച്ച് അലങ്കോലമായ ഇത്തിരി കളര്‍കട്ടകളും ഒപ്പം കുറ്റി ചൂലു പോലെ നാരു പോയ ഒരു ബ്രഷും.
തൊട്ടരുകില്‍ ഫൗസിയ അവളുടെ നീല നിറമുള്ള പ്ലാസ്റ്റിക് വയറു കൊണ്ടു നെയ്ത പുസ്തകപ്പെട്ടിയില്‍ നിന്നും മനോഹരമായ കളര്‍ബോക്സ് പുറത്തെടുത്തു.

അതിന്റെ ചന്തം കണ്ട് എന്റെ കണ്ണ് മഞ്ഞളിച്ചു പോയി..!

ചെറിയ മഷിക്കുപ്പിയോളം വരുന്ന കുപ്പികളില്‍ അതിമനോഹരമായ ഒരോ നിറങ്ങളും നിറച്ച് വെച്ചിരിക്കുന്നു.
ഞാനാദ്യമായാണു അത്തരത്തിലുള്ള ഒന്ന് കാണുന്നത്..
അതവളുടെ ബാപ്പ ദുബായില്‍ നിന്നും കൊണ്ട് വന്നതായിരുന്നു.
അവയെല്ലാം അവള്‍ ഇളകിയാടുന്ന ഡെസ്ക്കില്‍ ശ്രദ്ധയോടെ വെച്ചു..
ഒപ്പം നാലഞ്ചു ചെറുതും വലുതുമായ അറ്റം കൂര്‍ത്ത ബ്രഷുകളും..
----------------------------------------------------------------------------------------------

ചുറ്റുമുള്ള കുട്ടികളേയൊക്കെ അവളൊന്നു കണ്ണോടിച്ചു..
ഞാന്‍ എന്റെ പഴകിയ കളര്‍ ബോക്സ് അവള്‍ കാണാതിരിക്കാന്‍ വരക്കാന്‍ തന്ന പേപ്പറിന്റെ അടിയിലേക്ക് ഒളിപ്പിക്കാന്‍ ശ്രമിച്ചു. അത് വെറുതേയായെന്ന് അവളുടെ പുച്ഛം കലര്‍ന്ന നോട്ടം കണ്‍ടപ്പോള്‍ മനസ്സിലായി..
----------------------------------------------------------------------------------------------

എന്നാല്‍ ചിത്രരചന ആരംഭിച്ചതും പതിവു പോലെ എനിക്കു ചുറ്റുമായിരുന്നു മാഷുമാരുടെ നിരന്തര സാമീപ്യം.അതവള്‍ക്കും മനസ്സിലായി. ക്രമേണ ഞാന്‍ വരക്കുന്നതിലായി അവളുടെ ശ്രദ്ധ. മുഴുവന്‍ വരച്ച് കഴിഞ്ഞപ്പോള്‍ അവളടുത്ത് വന്ന് ആകാംക്ഷയോടെ ചിത്രം നോക്കി..
അതു കഴിഞ്ഞ് വല്ലാത്ത ഒരു ഭാവത്തോടെ അവളെന്നേയും നോക്കി.
ആ കണ്ണുകളില്‍ ആദ്യമായി ഒരിഷ്ടത്തിന്റെ മധുരം ഞാന്‍ തിരിച്ചറിഞ്ഞു.
----------------------------------------------------------------------------------------------

തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ അന്ന് അവളുടെ കൂട്ട് ഞാനായിരുന്നു..
മറ്റുള്ളവരെയൊന്നും അവള്‍ ഗൗനിച്ചതേയില്ല..
അവളുടെ ഇഷ്ടക്കാരന്‍ ബാപ്പുട്ടിയെ പോലും.
അവന്റെ ഈര്‍ഷ്യം കലര്‍ന്ന നോട്ടത്തെ ഞാന്‍ ബോധപൂര്‍‌വ്വം അവഗണിച്ചു..
അങ്ങിനെ മെലിഞ്ഞുണങ്ങി തലമുടി പാറിച്ചു നടന്ന ഈ പയ്യന്‍ അവളുടെ തോഴനായി..
----------------------------------------------------------------------------------------------

എനിക്ക് അന്ന് വല്ലാത്ത സന്തോഷം തോന്നി..
എല്ലാവരേയും ജയിച്ച ഒരു പ്രതീതി.
----------------------------------------------------------------------------------------------

വീടിനടുത്തെത്താറായപ്പോള്‍ അവള്‍ തിരിഞ്ഞു നിന്നു ചോദിച്ചു.
----------------------------------------------------------------------------------------------

"ഇയ്യ് വരച്ച പടങ്ങളൊക്കെ ഇക്ക് തരണം..
എന്നാ അനക്ക് ഞാനൊരു സമ്മാനം തരാം.."
----------------------------------------------------------------------------------------------

എന്താണു സമ്മാനമെന്ന് ചോദിക്കേണ്ടി വന്നില്ല..
----------------------------------------------------------------------------------------------

"എന്റെ ഉപ്പ ദുബായീന്ന് കൊണ്ടു വന്ന ഒരു കളര്‍പ്പെട്ടി കൂടിയുണ്ട്..
ഞാന്‍ ഉമ്മാനോടു ചോദിച്ച് അത് അനക്ക് തരാം..
അനക്കാന്നു പറഞ്ഞാ ഉമ്മ അത് തരേം ചെയ്യും.."
----------------------------------------------------------------------------------------------

ഹൗ! ഒരു കളര്‍പ്പെട്ടി!! അതും ദുബായീന്ന് കൊണ്ടുവന്നത് !!
എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല..
ഒരിക്കലും അതു പോലെയൊന്നു സ്വപ്നം കാണാന്‍ കൂടി എനിക്ക് കഴിയുമായിരുന്നില്ല..
മുമ്പ് വരച്ചു ചിത്രങ്ങളെല്ലാം എടുത്ത് വെച്ച് സന്തോഷത്തോടെയാണു അന്നു രാത്രി ഞാന്‍ കിടന്നുറങ്ങിയത്..
----------------------------------------------------------------------------------------------

പിറ്റേന്ന് പതിവു പോലെ ഞങ്ങള്‍ കുന്നിന്‍ ചെരിവില്‍ അവളുടെ വരവും കാത്ത് നിന്നു..
അവള്‍ ചങ്ങാത്തം കൂടിയതിന്റെ മാത്രമല്ല..അവളുടെ വക ഇന്നൊരു സമ്മാനവുമുണ്ടല്ലോ
എന്ന പത്രാസില്‍ ഞാനും മറ്റുള്ളവര്‍ക്കൊപ്പം കാത്തുനിന്നു..
അവരുടെ മുന്നില്‍ അവളുടെ സമ്മാനത്തിന്റെ ബലത്തില്‍ വിലസുന്നത് മനക്കണ്ണില്‍ കണ്ട് ഞാന്‍ സായൂജ്യമടഞ്ഞു...
----------------------------------------------------------------------------------------------

എന്നാല്‍ പതിവില്‍ കവിഞ്ഞ സമയമായിട്ടും അവള്‍ വന്നില്ല..
അന്വേഷിച്ചു ചെല്ലാനുള്ള നേരവുമില്ല..
അന്ന് അവളില്ലാതെ തന്നെ ഞങ്ങള്‍ സ്കൂളിലേക്ക് പോയി..
----------------------------------------------------------------------------------------------

മറ്റുള്ളവര്‍ക്ക് ആദ്യമൊരു സംസാര വിഷയമായെങ്കിലും പിന്നീടവരത് മറന്നു..
ഞാനാകട്ടെ അവളെന്തുകൊണ്ട് വന്നില്ലെന്ന ചോദ്യത്തിനുത്തരം കാണാതെ വിഷമിക്കുകയും ചെയ്തു..അവളു വന്നില്ലെങ്കിലും ആ സമ്മാനം എങ്ങിനെയെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാലോചിച്ച് ഞാന്‍ സങ്കടപ്പെട്ടു.
----------------------------------------------------------------------------------------------

ഒന്നു രണ്ടു പിരീയഡ് കഴിഞ്ഞപ്പോള്‍ സ്കൂളില്‍ ആകെ എന്തോ അരുതാത്ത വാര്‍ത്ത പടര്‍ന്നത് പോലെ ഞങ്ങള്‍ക്ക് തോന്നി..
മാഷുമാര്‍ പരസ്പരം കുശുകുശുക്കുകയും എന്തിനോ തയ്യാറെടുക്കുകയും ചെയ്യുന്നു.
എന്താണെന്ന് കുട്ടികള്‍ ഞങ്ങള്‍ക്ക് മനസ്സിലായില്ല..
മാഷുമാരോട് ചോദിക്കാനും പേടി..
ഒടുവില്‍ കുട്ടികളെ എല്ലാം സ്കൂള്‍ മുറ്റത്ത് വരിവരിയായി നിര്‍ത്തി
നിശബ്ദരായി മുന്നോട്ട് നീങ്ങാന്‍ അവര്‍ കല്പ്പിക്കുകയും ചെയ്തു.
----------------------------------------------------------------------------------------------

പുസ്തകങ്ങള്‍ കൂടെയെടുത്തതിനാല്‍ ഇന്ന് അവധിയാണല്ലോ എന്ന സന്തോഷം ഉള്ളിലൊതുക്കി ഞങ്ങളും മെല്ലെ ആ ജാഥയില്‍ മുന്നോട്ട് നീങ്ങി.
ജാഥ നീങ്ങുന്നത് ഞങ്ങളുടെ ഗ്രാമത്തിലേക്കായിരുന്നു..
വനാന്തര ഭാഗവും കാട്ടാറും പൂഴിമണല്‍ ഇടവഴിയും കടന്ന് ഞങ്ങളുടെ വീടിന്റെ പരിസരത്തേക്കാണു ജാഥ നീങ്ങുന്നത്..
----------------------------------------------------------------------------------------------

ആടുമേയ്ക്കുന്ന കുട്ടനും അലവിയും കയ്യില്‍ മേച്ചില്‍ വടിയുമായി ഇടവഴിക്കരികില്‍ നോക്കി നില്‍ക്കുന്നു. അവരെ കണ്ടപ്പോള്‍ വെളുക്കെ ഒന്നു ചിരിച്ചു കൊടുത്തെങ്കിലും അവര്‍ അത് ഗൗനിക്കാതെ മൗനം പൂണ്ട് നില്പ്പ് തുടര്‍ന്നു.
കിണറ്റിന്‍ കരയില്‍ പാത്രം കഴുകുന്ന ഉമ്മമാരും താത്തമാരും ഞങ്ങളുടെ വരവ് കണ്ട് വേലിച്ചെടിക്കരികില്‍ ഏന്തി നോക്കി നിന്നു..
ഒപ്പം പണ്ടാരി അബൂക്കാന്റെ മക്കാനിയില്‍ പേപ്പറു വായിക്കുന്ന കാക്കമാരും വല്ലാത്ത മൗനത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.
----------------------------------------------------------------------------------------------

എനിക്കെന്തോ പന്തികേടു മണക്കാന്‍ തുടങ്ങി..
ജാഥ മെല്ലെ ഇടവഴിയിലൂടേ കുന്നിന്‍ ചേരിവിലേക്ക് പ്രവേശിക്കുകയാണു..
റബ്ബേ..അവിടെയാണല്ലോ ഫൗസിയായുടെ വീട്..
പുതിയ താമസക്കാരായതിനാല്‍ ഒന്നു രണ്ടു തവണയേ അവിടെ പോയിട്ടുള്ളൂ...
----------------------------------------------------------------------------------------------

കുന്നിന്‍ ചെരിവിലെ പാടയിറമ്പ് ഇറങ്ങിക്കടന്ന് കൈതച്ചെടികള്‍ക്കിടയിലൂടെ രണ്ടടി കൂടെ നടന്നാല്‍ അവളുടെ വീടെത്തി...
ഞാന്‍ ഭയപ്പെട്ട പോലെ ജാഥ അങ്ങോട്ട് തന്നെ..
വീടിനോടടുക്കുന്തോറും അകത്തുനിന്നും തേങ്ങിക്കരച്ചിലുയര്‍ന്നു കേള്‍ക്കുന്നു.
ചിലപ്പോഴത് ദീനരോദനമായി ഉച്ചത്തിലാവുന്നുണ്ട്..
തേങ്ങലുകള്‍ക്കിടയില്‍ വിറങ്ങലിച്ച സ്വരത്തിലുള്ള ഖുര്‍-ആന്‍ പാരായണവും കേള്‍ക്കുന്നുണ്ട്..
----------------------------------------------------------------------------------------------

ഞങ്ങള്‍ വരിയായി അവളുടെ വീടിന്റെ മുറ്റത്തേക്ക് കയറി..
സാരി ചുറ്റി മറച്ച ആ പന്തലിനകത്ത് നിറയെ ആളുകള്‍ മൗനമായിരിക്കുന്നു..
ഒത്ത നടുക്ക് ഒരു മയ്യിത്ത് കട്ടില്‍..
അതിനകത്ത് വെള്ളതുണിയില്‍ പൊതിഞ്ഞ് ഒരു രൂപം..
കുട്ടികള്‍ വരി വരിയായി അതിനടുത്തേക്ക് നീങ്ങി..
ചിലരൊക്കെ അവിടെയെത്തുമ്പോള്‍ തേങ്ങിക്കരയുന്നുണ്ട്...
നിരനിരയായി നീങ്ങി ഞാനും അതിനടുത്തെത്തി..
മുഖം മാത്രം തുറന്നു വെച്ച ആ രൂപം ഒന്നേ നോക്കാന്‍ കഴിഞ്ഞുള്ളൂ...
----------------------------------------------------------------------------------------------

കണ്ണുകളില്‍ അറിയാതെ ഇരുട്ട് കയറിയ പോലെ..
ഉള്ളിലെവിടേയോ ഒരാകാശം ഇടിഞ്ഞ് വീണിരിക്കുന്നു...!
----------------------------------------------------------------------------------------------

"റബ്ബേ..ഇത് ഫൗസിയയാണല്ലോ..!!"
----------------------------------------------------------------------------------------------

-----------------------------------------------------------------------------------------------
----------------------------------------------------------------------------------------------

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു പ്രവാസത്തിന്റെ ഇടവേളകളിലൊന്നില്‍ ഞാന്‍ പ്രിയ ചങ്ങാതി ബാപ്പുട്ടിയോട് ചോദിച്ചു
"നിനക്കോര്‍മ്മയുണ്ടോ നമ്മുടെ പൗറുകാരി ഫൗസിയയെ..?"
ശൂന്യമായ അവന്റെ നോട്ടത്തില്‍ നിന്നും അങ്ങനെ ഒരാളെ അവന്റെ ഓര്‍മ്മകളിലേക്ക് വലിച്ചിഴച്ച് കൊണ്ടു വരാന്‍ പിന്നെ ഞാനും മെനക്കെട്ടില്ല..
----------------------------------------------------------------------------------------------

വര്‍ണ്ണങ്ങള്‍ ജീവിതത്തിന്റെ ഭാഗവും ഭാഗ്യവും ഭാഗഥേയവും തീര്‍ത്തപ്പോഴും
ചാലിച്ചെടുക്കാന്‍ കഴിയാതെ പോയ നിറക്കൂട്ട് പോലെ എന്റെ പഴയ കൂട്ടുകാരിയുടെ രൂപം..
അവളെനിക്ക് നല്‍കാന്‍ കൊതിച്ച സമ്മാനം..
----------------------------------------------------------------------------------------------

ഓരോ ചിത്രങ്ങള്‍ വര്‍ണ്ണശാലയില്‍ രൂപം കൊള്ളുമ്പോഴും
ഇപ്പോഴും വല്ലാത്ത ഇഷ്ടം കണ്ണിലൊളിപ്പിച്ച ആ നോട്ടം എനിക്ക് പ്രചോദനമാവുന്നുണ്ട്..
ഒപ്പം അവളുടെ കിട്ടാതെ പോയ ആ സമ്മാനവും.
അവളെങ്ങനെ മരിച്ചു പോയി എന്നുള്ളത് കൃത്യമായി ഇന്നുമെനിക്കറിയില്ല..
പിന്നീടറിയാന്‍ ശ്രമിച്ചതുമില്ല..
കാരണം
ചില ഓര്‍മ്മകള്‍ മനസ്സിന്റെ മണിച്ചെപ്പില്‍ നൊമ്പരപൂര്‍‌വ്വം സൂക്ഷിക്കാനുള്ളതാണു..
എന്നാല്‍ ചിലത് വല്ലപ്പോഴും ഓര്‍ത്തെടുത്ത് നെടുവീര്‍പ്പിടാനും..
ചില രഹസ്യങ്ങള്‍ സ്വപ്നങ്ങളേപ്പോലെയാണു..
വിശദീകരണങ്ങളുടെ വാക്കുകളില്‍ അവയെ കീഴടക്കാനാവില്ല..
ഓര്‍മ്മകളുടെ പുസ്തകത്താളില്‍ നിന്ന് പകര്‍പ്പെടുത്ത് വെക്കാനുമാവില്ല..
കാരണം അവ സത്യത്തില്‍ രഹസ്യങ്ങളല്ല..
മറിച്ച് പങ്കുവെക്കപ്പെടാനാവാത്ത നമ്മുടെ തന്നെ
സ്വപ്നങ്ങളുടെ പാഴ്‌ചാരങ്ങളില്‍
വിരിയുകയും കൊഴിയുകയും പിന്നേയും വിരിയുകയും
ചെയ്യുന്ന അപൂര്‍‌വ്വ പുഷ്പങ്ങളാണവ..

------------------------------------------------ O -----------------------------------------------

©നൗഷാദ് അകമ്പാടം

6 Comments, Post your comment:

jazmikkutty said...

ആ ഒരറ്റ ചിത്രം കൊണ്ട് ഫൗസിയയുടെ മനം കവര്‍ന്നത് പോലെ ഈ പോസ്റ്റ്‌ കൊണ്ട് ഞാനും നൗഷാദിന്റെ ആരാധികയായി പോയല്ലോ...
വളരെ വളരേ മനോഹരമായ രചനാ ശൈലി.തീവ്രമായ വേദന സമ്മാനിക്കുന്നു..അവസാന ഭാഗം...

ശാലിനി said...

കഥ നന്നായി ... പറയുന്ന വാക്കുകളില്‍ നല്ല ആത്മാര്‍ഥത ഉണ്ട് ...
ഇനിയും എഴുതുക ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

"മറക്കാന്‍ കഴിയില്ല പഴയകാലം
മനസ്സില്‍ കളിപ്പെണ്ണിന്‍ മെലിഞ്ഞ കോലം."

(ഈ വരികള്‍ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ദാസേട്ടന്‍ പാടിയതാണ്..ആരുടെയെങ്കിലും കയ്യില്‍ ഈ പാട്ടുണ്ടങ്കില്‍ എനിക്കയച്ചു തരണം)

ഇക്കാ..പോസ്റ്റിനെ കുറിച്ച് പറയാനുള്ളത് ഞാന്‍ ഇക്കാടെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്

സ്വപ്നസഖി said...

താങ്കളുടെ ബ്ളോഗില്‍ രണ്ടുദിവസം മുമ്പെ വായിച്ചിരുന്നു. മനസ്സിന്റെ വിങ്ങല്‍ ഇനിയും മാറിയിട്ടില്ല. വായനക്കാരന്റെ മനസ്സിനെ സ്പര്‍ശിക്കുന്ന തരത്തില്‍ അവതരിപ്പിച്ചു.
ആശംസകള്‍

~ex-pravasini* said...

കഥ മനസ്സില്‍ ഒരു നോവായി ഇപ്പോഴും
ബാക്കിനില്‍ക്കുന്നു.

എന്നാലും എങ്ങനെയാണ് ആകുട്ടി മരിച്ചതെന്നറിയാന്‍ ഒരാകാംഷ അവശേഷിക്കുന്നു.

rajeesh said...

spoiled ma time...