സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



വിചാരണ

March 23, 2011 KS Binu

ഈ കഥ മൂന്നാല് മാസം മുന്‍പ് ഒരിക്കല്‍ ഋതുവില്‍ ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നതാണ്. ഇപ്പോള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നത് ഒരു സന്തോഷം പങ്കുവയ്ക്കുവാനാണ് . എം ജി സര്‍വകലാശാല പ്രസിദ്ധീകരണവിഭാഗം അഖിലകേരളതലത്തില്‍ നടത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ചെറുകഥാപുരസ്ക്കാരമത്സരത്തില്‍ എന്റെ “വിചാരണ” രണ്ടാമതെത്തിയിരിക്കുന്നു. താമസിയാതെ ഇതില്‍ അച്ചടിമഷി പുരളുമെന്നാണ് അറിയുവാന്‍ കഴിഞ്ഞത്..


വിചാരണ


"അങ്ങനെയൊടുവില്‍ നിനക്കിരുപാര്‍ശ്വങ്ങളിലും നിന്ന് യുദ്ധം നയിച്ച നിന്റെ പ്രിയപ്പെട്ട തേരുകളിലവശേഷിച്ചതും നാമിതാ തകര്‍ക്കുന്നു..!"

ദൈവം വിജയിയുടെ ചിരിയോടെ പറഞ്ഞുകൊണ്ട്‌ തേര്‍ വെട്ടിയെറിഞ്ഞ് തന്റെ മന്ത്രിയെ ഒരു കളം കയറ്റിവെച്ചു. വിദൂഷകന്റെ മുഖത്ത് മ്ലാനത പടര്‍ന്നു."ഇനി എന്ത്‌ ചെയ്യും.? വീണ്ടും ഒരു പരാജയസന്ധിയില്‍ അകപ്പെട്ടുവല്ലോ.."

"ഹേ വിദൂഷകാ.. നിന്റെ പടയോട്ടം ഇവിടെ തീരുകയായി.. നോക്കൂ നിന്റെ രാജാവ് ഇതാ ശിരച്ഛേദം കാത്ത് നില്‍ക്കുന്നു..." വിദൂഷകന്റെ മങ്ങിയ മുഖത്തേക്ക്‌ നോക്കി ദൈവം പിന്നെയും ചിരിച്ചു.

താഴെ, ഭൂമിയില്‍ അപ്പോള്‍ കത്തികയറി ചോര വാര്‍ന്ന ഒരു ഹൃദയം അവസാനമിടിപ്പുകള്‍ക്ക്‌ ആയുസ്സ്‌ കൂട്ടാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടിരുന്നു. അനക്കം നിലച്ചെന്ന് ഉറപ്പ്‌ വരുത്തി, വടിവാളിലെ ചോര വടിച്ചെറിഞ്ഞ്‌, ദൈവത്തിന്‌ ജയ്‌ വിളിച്ച്‌,ദേവദാസന്മാര്‍ നടന്നകന്നു. ചത്തവന്‍ വേറേ മതക്കാരനായിരുന്നു.

മുകളില്‍, ആകാശത്തിനും, മേഘങ്ങള്‍ക്കും, നക്ഷത്രങ്ങള്‍ക്കുമപ്പുറം, അനശ്വരതയുടെ അനന്തവിഹായസ്സില്‍ വിദൂഷകന്‍ അവസാനശ്രമമെന്ന നിലയില്‍ തന്റെ മന്ത്രിയെ മുന്‍പേക്ക്‌ നീക്കിവെച്ചു. വിദൂഷകന്റെ തോല്‍വിയിലേക്ക് നോക്കി ദൈവമപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

സ്വര്‍ഗ്ഗകവാടം തുറന്നടഞ്ഞ നിമിഷത്തിലേക്കാണ് ഇരുവരും മിഴികളുയര്‍ത്തിയത്. നീതുമോള്‍ നടന്ന് വരുന്നു. ഒരു മാലാഖക്കുഞ്ഞിനെ അനുസ്മരിപ്പിക്കും വിധം അവള്‍ വസ്ത്രമാണോ അതോ ചര്‍മ്മമാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലുള്ള ഒരു ശുഭ്രവസ്ത്രം ധരിച്ചിരിക്കുന്നു. അല്ലെങ്കിലും സ്വര്‍ഗ്ഗത്തില്‍ അതാണ്‌ രീതി. അവിടെ എത്തുന്നവരെല്ലാം മാലാഖമാരേപ്പോലെ ആയിത്തീരുന്നു. എല്ലാവര്‍ക്കും ചുറ്റിനും ദിവ്യവെളിച്ചം പൊതിഞ്ഞിരിക്കും. വിശുദ്ധിയുടെ പരിവേഷം എല്ലാവര്‍ക്കും മനോഹരമായ മേലുടുപ്പായിരിക്കും.

നീതുമോളുടെ മുഖത്ത്‌ ആദ്യമായി സ്വര്‍ഗ്ഗത്തില്‍ എത്തിയതിന്റെ അങ്കലാപ്പ്‌ പ്രകടമായിരുന്നു. പരിചയമില്ലാത്ത സ്ഥലത്ത്‌ എത്തിപ്പെട്ടതുപോലെ അവള്‍ പരിഭ്രമിച്ച്‌ ചുറ്റും നോക്കിക്കൊണ്ടായിരുന്നു നടന്ന് വന്നത്‌. മരണത്തിന്റെ മാലാഖമാര്‍ അവളെ അനുഗമിച്ചിരുന്നു.

നീതുമോളെക്കണ്ടതും ദൈവത്തിന്റെ മുഖത്ത്‌ അനശ്വരതയുടെ ദിവ്യസൗന്ദര്യം വെളിവാകുന്ന ഒരു പുഞ്ചിരിവിരിഞ്ഞു.

മഞ്ഞ്‌ പോലെ വെളുത്ത്‌ അഭൗമമായ കൈകള്‍ നീട്ടി വിരിച്ച്‌ ദൈവം അവളെ വിളിച്ചു: "വരൂ പുത്രീ.. നിനക്കായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇനി മുതല്‍ സ്വര്‍ഗ്ഗരാജ്യം നിന്റേത്‌ കൂടിയാണ്‌. അറിയുക മകളേ.. അനന്തവും അനശ്വരവുമായ സ്നേഹം ഞാനാകുന്നു.. എന്നിലേക്ക്‌ വരിക. ഭൂമിയിലെ നിന്റെ കാലം അവസാനിച്ചിരിക്കുന്നു. അവിടെ നിന്റെ ദൗത്യം പൂര്‍ത്തിയായിരിക്കുന്നു. ഇനി നീ വസിക്കുക ഇവിടാണ്‌. ഇത്‌ സ്വര്‍ഗ്ഗമാണ്‌. പതിനാല് ലോകങ്ങള്‍ക്കും അധിപനായ ഞാന്‍ വസിക്കുന്ന ഇടം."

നീതുമോള്‍ അതിന്‌ മറുപടി പറഞ്ഞില്ല. അവളുടെ നോട്ടം താഴേക്കായിരുന്നു.

താഴെ, അങ്ങ്‌ ഭൂമിയില്‍, അവളുടെ കൊച്ചുവീട്ടില്‍, അവളുടെ പ്രിയപ്പെട്ട അമ്മ കിടക്കയില്‍ കിടന്ന് അപ്പോഴും ഏങ്ങിക്കരയുന്നു. അമ്മയുടെ അടുത്ത്‌ തലയില്‍ കൈകൊടുത്ത്‌ അവളുടെ അച്ഛന്‍ മിണ്ടാതിരിപ്പുണ്ട്‌. ഇടയ്ക്ക്‌ ചില നെടുവീര്‍പ്പുകള്‍ മാത്രമേ പുറത്ത്‌ വരുന്നുള്ളു. നീതുമോളുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ക്ക്‌ അമ്മ കരയുന്നത്‌ ഇഷ്ടമായിരുന്നില്ല. അമ്മയുടെ അടുത്തുണ്ടായിരുന്ന നാളുകളില്‍ അമ്മ എന്തിനെങ്കിലും കരയുമ്പോള്‍ അമ്മയെക്കെട്ടിപ്പിടിച്ച്‌ അവളും കൂടെ കരയുമായിരുന്നു. നീതുമോളുടെ കണ്ണില്‍ നിന്ന് നീര്‍ പൊടിഞ്ഞു. താഴേക്ക്‌ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച്‌ കരയണമെന്ന് അവള്‍ക്ക്‌ തോന്നി.

ദൈവം പ്രഭ ചൊരിയുന്ന കൈകള്‍ നീട്ടി നീതുവിന്റെ മിഴിനീരില്‍ തൊട്ടു. ദൈവത്തിന്റെ വിരല്‍ തൊട്ടതും ആ കണ്ണീര്‍ക്കണങ്ങള്‍ അപ്രത്യക്ഷമായി.

"എന്തിനാണ്‌ മകളേ നീ കരയുന്നത്‌.?" ദൈവം അലിവോടെ ചോദിച്ചു.

"താഴെ....
എന്റെ അമ്മ...
കരയുന്നു... എനിക്ക്‌ വിഷമം വരുന്നു...
അമ്മ കരയുമ്പം ഞാനാ അമ്മേടെ കണ്ണീര്‌ തൊടച്ചു കൊടുത്തിരുന്നേ..." നീതുമോള്‍ വിതുമ്പി.

"അരുത്‌ പുത്രീ.. കരയരുത്. അത്‌ വിധിയാണ്‌. നിന്നെ ഗര്‍ഭത്തില്‍ ചുമന്ന്, നിനക്ക് ജന്മം നല്‍കി, നിന്നെ പരിപാലിക്കുക എന്നത്‌ മാതാവെന്ന നിലയില്‍ അവളുടെ ധര്‍മ്മമാണ്. അവളെ സൃഷ്ടിച്ച നിമിഷങ്ങളില്‍ തന്നെ ഞാനവള്‍ക്കേകിയ ധര്‍മ്മങ്ങളിലൊന്ന്. നിന്റെ വിയോഗത്തില്‍ അവള്‍ കരയുന്നത് ഒരു സാധാരണമനുഷ്യസ്ത്രീ എന്ന നിലയിലാണ്. മോക്ഷവഴികളുടെ ഗതിവിഗതികളെക്കുറിച്ച് ജ്ഞാനം സിദ്ധിക്കാത്ത വെറും മനുഷ്യസ്ത്രീ. പക്ഷേ നീ ഇനി അതോര്‍ത്ത്‌ ദുഖിക്കുവാന്‍ പാടില്ല. ഭൂമിയിലെ മായാലോകത്ത് മനസ്സ് തളയ്ക്കപ്പെട്ട വെറുമൊരു മനുഷ്യജന്മം അല്ല നീയിപ്പോള്‍. ദൈവസന്നിധിയില്‍ എത്തിയ വിശുദ്ധമായൊരു ആത്മാവാണ്‌ നീ. ജനിമൃതികളുടെ അന്ത:സാരങ്ങളും ജന്മലക്ഷ്യങ്ങളും തിരിച്ചറിയാന്‍ നിനക്കിപ്പോള്‍ കഴിയും."

നീതുമോള്‍ തുളുമ്പുന്ന മിഴികള്‍ താഴേയ്ക്കയച്ച് നിശബ്ദയായിനിന്നു. നീണ്ട നിമിഷങ്ങള്‍ മൌനപ്രളയത്തില്‍ മുങ്ങിപ്പോയി. ഏതോ ഒരു പ്രളയസന്ധിയില്‍വച്ച് പെട്ടെന്ന് നീതു മുഖമുയര്‍ത്തി ദൈവത്തെ നോക്കി. അഭൌമമായ ഒരു ഭാവപരിണാമം അവളുടെ മുഖത്ത് ദൃശ്യമായി. അഭൂതപൂര്‍വ്വമായ ഒരു ശാന്തതയോടെ അവള്‍ ഒട്ടുനേരം ദൈവംതമ്പുരാന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നു. തികച്ചും അസാധാരണത്വം നിറഞ്ഞ ആ നിമിഷങ്ങളെ നിര്‍വ്വചിക്കുവാനാകാതെ വിദൂഷകനും മാലാഖമാരും കൌതുകം കൊണ്ടുനിന്നു.

"എനിക്കൊന്ന് ചോദിക്കാനുണ്ട്‌ ദൈവമേ.. ശൈശവകാലം മുഴുമിക്കാത്ത ഒരു കുഞ്ഞു ജീവിതം. അതാവട്ടെ നിറയെ രോഗങ്ങളും പീഡകളും. ഇങ്ങനെ വേദനാജനകമായ ഒരു ജീവിതവും ദാരുണമായ ഒരു മരണവും ലഭിക്കാന്‍ എന്ത്‌ അപരാധമാണ്‌ ദൈവമേ ഞാന്‍ ചെയ്തത്‌.?" പെട്ടെന്നായിരുന്നു അവളുടെ ചോദ്യം. വിദൂഷകനും മാലാഖമാരും സ്തബ്ധരായി നിന്നു. എന്തെന്നാല്‍, സ്വര്‍ഗ്ഗത്തില്‍ ദൈവത്തോട്‌ അങ്ങനെ ചോദിക്കാന്‍ ആരും ആ നിമിഷം വരെ ധൈര്യപ്പെട്ടിരുന്നില്ല. നീതുമോള്‍ പക്ഷേ അക്ഷോഭ്യയായി നിന്നു.

ദൈവത്തിന്റെ മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരി പടര്‍ന്നു.

"എന്തുകൊണ്ടെന്നാല്‍, മകളേ വിധി അപ്രകാരമാണ്‌. ആ വേദനകളൊക്കെ നീ അനുഭവിക്കണം എന്നത്‌ പ്രപഞ്ചസൃഷ്ടിയുടെ ആദ്യനിമിഷങ്ങളില്‍ എഴുതപ്പെട്ടതാണ്‌. പീഡകളിലൂടെയും പരീക്ഷണങ്ങളിലൂടെയും നിന്നെ വിശുദ്ധീകരിക്കുക എന്നത്‌ എന്റെ ധര്‍മ്മമാണ്. പരീക്ഷകളില്‍ പതറാതെ ദൈവസ്നേഹം തെളിയിക്കുക എന്നതാണ്‌ എല്ലാ ജീവജാലങ്ങളുടെയും കര്‍ത്തവ്യം." ഗംഭീരമായ ശബ്ദത്തില്‍ ദൈവം വിശദീകരിച്ചു.

"വിധിവിധാതാവ്‌ നീ തന്നെയല്ലേ ദൈവമേ.? ഞാന്‍ നിന്റെ മകളായിരുന്നിട്ടും എന്തിന്‌ നീ എന്റെ വിധിയുടെ താളില്‍ പീഡകള്‍ മാത്രമെഴുതിച്ചേര്‍ത്തു.? ഏത്‌ സ്നേഹസമ്പന്നനായ പിതാവാണ്‌ സ്വന്തം മക്കള്‍ - അത്‌ എന്ത്‌ തെറ്റിന്റെ പേരിലായാലും- ഇത്ര കടുത്ത ദുരിതമനുഭവിക്കണമെന്ന് തീരുമാനമെടുക്കുന്നത്‌.? എന്തിനാണ്‌ ദൈവമേ നീ ഞങ്ങളെ പരീക്ഷിക്കുന്നത്‌.? നിന്നോട്‌ ഞങ്ങള്‍ക്കുള്ള സ്നേഹം, അതിന്റെ ആഴം - എല്ലാം ഞങ്ങള്‍ പറയാതെതന്നെ നിനക്കറിയില്ലേ..?? നീ സര്‍വ്വേശ്വരനല്ലേ..? എല്ലാമറിയുന്നവന്‍.? എന്നിട്ടും നീ എന്തിനെന്റെ യൂകെജിടീച്ചറിനേപ്പോലെ പരീക്ഷകളിടുന്നു.? നീ ഒന്ന് നോക്കു, ഞാന്‍ ജനിച്ച്‌ നാലാമത്തെ വയസ്സില്‍, ലോകമെന്തെന്നും, ജീവിതമെന്തെന്നും, സ്നേഹമെന്തെന്നും തിരിച്ചറിഞ്ഞുതുടങ്ങുന്ന പ്രായത്തില്‍ രക്തം ച്ഛര്‍ദ്ദിച്ചു. ഭൂമിയേയും, പുഴകളേയും പൂക്കളേയും, വയലുകളേയും, ചിത്രശലഭങ്ങളേയും, കിളികളേയും, അപ്പൂപ്പന്‍ താടിയേയും, കണ്ണിത്തുള്ളിയേയും, മിന്നാമിനുങ്ങുകളേയും, നിറങ്ങളേയും, നിലാവിനേയും കണ്ട്‌ കൊതി തീരുന്നതിന്‌ മുന്‍പ്‌ ഞാന്‍ ആശുപത്രിക്കെട്ടിടത്തിലെ നാല്‌ ചുമരുകള്‍ക്കുള്ളിലേക്ക്‌ ഒതുങ്ങിപ്പോയി. രക്തം വെറുതെ ഛര്‍ദ്ദിച്ചിരുന്നെങ്കില്‍ ഞാന്‍ ഒരുപക്ഷേ കരയില്ലായിരുന്നു. പക്ഷേ നീ കേള്‍ക്കു, ഓരോ തവണയും രക്തം ഛര്‍ദ്ദിക്കുന്നതിനൊപ്പം പ്രാണന്‍ പറിഞ്ഞ്‌ പോകുന്ന വേദന ഞാന്‍ അനുഭവിച്ചു. ദൈവമേ, നിനക്കാ വേദനയറിയില്ല. കാരണം നിനക്ക്‌ ബ്ലഡ്‌ ക്യാന്‍സര്‍ വന്നിട്ടില്ലല്ലോ." നീതുമോള്‍ ഒരു നിമിഷം നിര്‍ത്തി.

വിദൂഷകനും മാലാഖമാരും പ്രജ്ഞയറ്റ്‌ നിന്നു. സ്വര്‍ഗ്ഗത്തിന്റെ എല്ലാ കോണുകളിലും ചെന്നെത്തുന്ന നീതുവിന്റെ ഉറച്ച ശബ്ദം കേട്ട്‌ സ്വര്‍ഗ്ഗത്തിലെ മറ്റ്‌ ആത്മാക്കളും മാലാഖമാരും ദൈവസഭയിലേക്ക്‌ ഒഴുകിയെത്തി നിറഞ്ഞു. എന്താണ്‌ സംഭവിക്കുന്നതെന്ന് അറിയാന്‍ ദൈവത്തിനും നീതുവിനും ചുറ്റിനായി അവര്‍ തിക്കിത്തിരക്കി നിന്നു.

"നൂറുകണക്കിന്‌ സൂചികള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ എന്റെ കിളുന്ന് ശരീരത്തില്‍ നിര്‍ദ്ദാക്ഷിണ്യം കയറിയിറങ്ങി. ഡോക്ടര്‍മാര്‍ മാറിമാറി കുത്തിവെയ്ക്കുന്ന മരുന്നുകള്‍ കൊണ്ട്‌ എന്റെ ശരീരം തളര്‍ന്നു, ശോഷിച്ചു. മരുന്നുകളുടെ കാഠിന്യത്തില്‍ എന്റെ രോമകൂപങ്ങളെല്ലാം കൊഴിഞ്ഞു. അതെല്ലാമെനിക്ക്‌ സഹിക്കാമായിരുന്നു. പക്ഷേ ആവേദന.. അതെത്ര വന്യവും ഭീകരവുമായിരുന്നെന്നോ.. രാത്രികളില്‍ ശിശുസഹജമായ നിഷ്ക്കളങ്കതയോടെ ഉറങ്ങാനാവാതെ, പകലുകളില്‍ കൂട്ടുകാരോടൊത്ത്‌ കളിക്കാനാവാതെ, ഞാന്‍ വേദന തിന്നു. വേദന മാത്രം. കണ്ണ് തുറന്നാലും കണ്ണടച്ചാലും വേദന.. ഓരോ നിമിഷവും വേദന.. നിനക്കറിയുമോ എനിക്കെത്ര പ്രിയപ്പെട്ടതായിരുന്നു എന്റെ അമ്മ എനിക്ക്‌ വാരിത്തരുന്ന ചോറുരുളകളെന്ന്.? ആ ഉരുളകളുടെ രുചി തിരിച്ചറിയാനാവാതെ ഞാന്‍ എന്ത്‌ കരഞ്ഞെന്നോ.. നിനക്ക്‌.. നിനക്കാ രുചി അറിയില്ല.. കാരണം നിനക്കമ്മയില്ലല്ലോ.. നീ സ്വയംഭൂവല്ലേ.." നീതുവിന്റെ ശബ്ദമിടറി.

ദൈവം ക്ഷമയോടെ കാതോര്‍ത്തിരുന്നു. "അവള്‍ പറഞ്ഞത്‌ ശരിയാണ്‌. തനിക്കമ്മയില്ല. തനിക്ക്‌ ബ്ലഡ്‌ ക്യാന്‍സര്‍വന്നിട്ടില്ല.. ക്യാന്‍സറിന്റെ വേദനയും അമ്മ വാരിത്തരുന്ന ചോറുരുളയുടെ രുചിയും താനറിഞ്ഞിട്ടില്ല.."

"ജീവന്റെ സമസ്തസൌന്ദര്യങ്ങളും ഇരുളിലുറഞ്ഞുപോയ ആ ദിവസങ്ങളുടെ സന്നിയില്‍ ഞാന്‍ ആശുപത്രിക്കിടക്കയില്‍ രക്തം ഛര്‍ദ്ദിച്ച്‌ കിടന്നു. ഞാന്‍ രക്തം തുപ്പുമ്പോള്‍ എന്റെ അച്ഛന്റെയും അമ്മയുടെയും ഹൃദയം കടഞ്ഞ രക്തം മിഴിനീരായി.. മിഴികളില്‍ നിന്നത് ഉറവയായി, പ്രളയമാ‍യി.. എന്റെ വേദനയ്ക്കൊപ്പം ഞാന്‍ ആ മിഴിനീര്‍ കുടിച്ചു.. ആ പ്രളയത്തില്‍ ഞാന്‍ മുങ്ങിത്താണു.. പ്രപഞ്ചം മുഴുവനും എന്നോടൊപ്പം ആ പ്രളയത്തില്‍ മുങ്ങിപ്പിടഞ്ഞിട്ടും എന്തേ അത് നിന്റെ സന്നിധിയോളം എത്തിയില്ല എന്നത് എന്നെ അല്‍ഭുതപ്പെടുത്തുന്നു.” - ഗദ്ഗദങ്ങള്‍ അവളുടെ ശബ്ദത്തെ അവ്യക്തമാക്കിത്തുടങ്ങിയിരുന്നു.“അവരുടെ മിഴി തെറ്റുന്ന ഏതെങ്കിലുമൊരു നിമിഷം ഞാന്‍ മരിച്ച്‌ പോകുമോ എന്ന് ഭയന്ന് അവര്‍ ഉണ്ണാതെ, ഉറങ്ങാതെ എനിക്ക്‌ കാവലിരുന്നു. ഓരോ നിമിഷവും അവര്‍ നിന്നോട്‌ കേണു. "ആറ്റുനോറ്റുണ്ടായ ഒരേ ഒരു മകളെ നീ രക്ഷിക്കേണമേ.. ഇവള്‍ക്ക്‌ വേണ്ടിയാണ്‌ ഞങ്ങള്‍ ജീവിക്കുന്നതത്രയും.. ഇവളില്ലെങ്കില്‍ പിന്നെ എന്താണ്‌ ഞങ്ങളുടെ ജീവിതത്തിനര്‍ഥം.? ഇവള്‍ പോയാല്‍ പിന്നെ അച്ഛന്‍, അമ്മ എന്ന പദങ്ങള്‍ക്ക്‌ ഞങ്ങളെ സംബന്ധിച്ച്‌ എന്താണര്‍ഥം.? നീയല്ലേയുള്ളു ഞങ്ങള്‍ക്കാശ്രയം. വേറെ ആരോടാണ്‌ ഞങ്ങള്‍ ഞങ്ങളുടെ കുഞ്ഞിന്റെ ജീവനുവേണ്ടി യാചിക്കുക..??" എന്ന് അവര്‍ നിന്നോട്‌ മുട്ടിപ്പായി, കരഞ്ഞ്‌ പ്രാര്‍ഥിച്ചു. ഓര്‍മ്മയുണ്ടോ നിനക്ക്‌.? അതോ നീ അത്‌ കേട്ടില്ലെന്നുണ്ടോ.?" നീതുവിന്റെ ശബ്ദം കോപതാപങ്ങളില്‍ വിറ കൊണ്ടു.

"അത്‌...
അത്‌... മകളേ.. ഭൂമിയില്‍ നീ കണ്ടതൊക്കെയും നശ്വരമായ മായകള്‍ മാത്രം‌.. അവിടെ നീ കണ്ടതും അനുഭവിച്ചതുമായ ദു:ഖങ്ങളൊന്നും ദു:ഖങ്ങളല്ല.. സുഖങ്ങളൊന്നും സുഖങ്ങളുമല്ല.. ഇതാണ്‌, ഈ സ്വര്‍ഗ്ഗമാണ് അനശ്വരത.. ഇതാണെന്നേക്കും നിലനില്‍ക്കുന്നത്‌.. ഇതിലാണ്‌ നീ ആനന്ദം കണ്ടെത്തേണ്ടത്‌.." ദൈവം താണ സ്വരത്തില്‍പറഞ്ഞു.

"അനശ്വരമായ സുഖം.!! നീയെന്താണ്‌ കരുതുന്നത്‌.? ഇവിടുത്തെ മരണമില്ലാത്ത ജീവിതവും ദേവദാരുമരത്തിന്റെ തണലും അമൃതിന്റെ രുചിയുമാണ്‌ ഏറ്റവും മനോഹരമെന്നോ..? എന്റെ അമ്മേടെ ചോറുരുളേടത്രേം രുചിയുള്ളതെന്തെങ്കിലുമുണ്ടോ ഈ സ്വര്‍ഗ്ഗത്ത്‌..? നിലാവില്‍ കുളിച്ച ഭൂമിയേ പോലെ ഭംഗിയുണ്ടോ ഈ മഞ്ഞ്‌ മൂടിയ മരച്ച താഴ്‌വര പോലെ കിടക്കുന്ന സ്വര്‍ഗ്ഗത്തിന്‌.? സ്നേഹത്തിനു വേണ്ടി വിങ്ങുന്ന ഹൃദയം നഷ്ടപ്പെട്ട, തന്നെ സ്നേഹിക്കുന്ന മറ്റുള്ളവര്‍ക്ക്‌ വേണ്ടി കണ്ണ് നനയാത്ത, പ്രിയപ്പെട്ടവരെ ഓര്‍ത്ത്‌ ആര്‍ദ്രമാവാത്ത മനസ്സുകള്‍ക്കുടമകളായ ആത്മാക്കള്‍ വികാരരഹിതരായി ഏത് സമയവും ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന അനശ്വരതയുടെ ഈ ശൂന്യത എങ്ങിനെയാണ്‌ സ്വര്‍ഗ്ഗമാവുക.? ഞാനൊരു സത്യം പറയട്ടെ ദൈവമേ; ഇതിലും ഭേദം ഭൂമിയായിരുന്നു. ഒന്നുമില്ലെങ്കിലും എനിക്ക്‌ വേണ്ടി വേദനിക്കുവാനും കണ്ണ് നിറയ്ക്കുവാനും, ഹൃദയം വിങ്ങുവാനും കുറെ ആളുകള്‍ എന്റെ ചുറ്റിനും എപ്പോഴുമുണ്ടായിരുന്നു ഞാന്‍ പോരുന്നത്‌ വരെ.." ഭൂമിയില്‍ ഉപേക്ഷിച്ചുപോരേണ്ടിവന്ന പ്രിയജനങ്ങളുടെ ഓര്‍മ്മ അലയിളകുന്ന കടല്‍ പോലെ നീതുവിന്റെയുള്ളില്‍ ഇരമ്പിയാര്‍ത്തു‍.

"ഇനി നീ പറയൂ. ഭൂമിയില്‍ ജീവിക്കുമ്പോഴാണല്ലോ മനുഷ്യര്‍ തെറ്റ്‌ ചെയ്യുന്നത്‌. എട്ടും പൊട്ടും തിരിയാത്ത ആ ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാനെന്ത്‌ അപരാധമാണ്‌ ചെയ്തത്‌; ആ മഹാവേദന അനുഭവിക്കാനും മാത്രം.? നീ താഴേക്ക്‌ നോക്കൂ.. ക്യാന്‍സര്‍ സെന്റര്‍ എന്ന ആ ആശുപത്രിയില്‍ എന്റെ ജീവിതം ഹോമിക്കപ്പെട്ട കുട്ടികളുടെ വാര്‍ഡില്‍ എന്നേപ്പോലെ എത്ര കുഞ്ഞുങ്ങളാണ്‌ വേദന തിന്ന് പ്രതീക്ഷകള്‍ നശിച്ച്‌ മരണത്തിന്റെ കാലൊച്ച കാതോര്‍ത്ത്‌ കിടക്കുന്നത്‌.? എത്രയെത്ര മാതാപിതാക്കളാണ്‌ മക്കളെ മരണം കൊണ്ടുപോവാതിരിക്കാന്‍ ആശയറ്റ്‌, കണ്ണീര്‍ വാര്‍ത്ത്‌, പട്ടിണി കിടന്ന്, ഉറക്കമിളച്ച്‌ കാവലിരിക്കുന്നത്‌.? എന്റെ അമ്മയെ ഒരു നിമിഷം നോക്കൂ; അമ്മ എന്തെങ്കിലും ആഹാരം കഴിച്ചിട്ട്‌, നിര്‍ത്താതെ കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട്‌ മൂന്ന് ദിവസമാവുന്നു. എന്നും നിന്നെ നിത്യവും വിളിച്ച്‌ പ്രാര്‍ഥിച്ചിരുന്നവളല്ലേ എന്റെ അമ്മ.? നീ കാരുണ്യവാനല്ലേ.? സര്‍വ്വസങ്കടനാശകന്‍.? എന്നിട്ടും നീ കണ്ണ്‌ തുറക്കുന്നില്ല എങ്കില്‍ പിന്നെ നിത്യവും നിന്നെ പ്രാര്‍ഥിക്കുന്നതില്‍ എന്ത്‌ അര്‍ഥമാണുള്ളത്‌.?"

"അത്‌ അവള്‍ ചെയ്ത പാപങ്ങളുടെ ഫലമാണ്‌ മകളേ." ദൈവം ഒരു വിസ്മൃതിയില്‍ നിന്നെന്നവണ്ണം പറഞ്ഞു.

"എന്റെ അമ്മ ചെയ്ത പാപങ്ങള്‍..??" നീതുവിന്റെ മുന്‍പില്‍ ആ വാചകം ഭീമാകാരമായ ഒരു ചോദ്യച്ഛിഹ്നം പോലെ പെട്ടെന്നു തലയുയര്‍ത്തി നിവര്‍ന്നുനിന്നു. . അവള്‍ അവളുടെ ബോധമണ്ഡലത്തിലുടനീളം ആ വാചകത്തിന്റെ പൊരുള്‍ തേടിയലഞ്ഞു. അനന്തരം സന്ദേഹഭരിതമായ സ്വരത്തില്‍ അവള്‍ ചോദിച്ചു. " എന്റെ അമ്മയുടെ പാപങ്ങളുടെ പേരില്‍ പക്ഷേ.... പക്ഷേ എന്നെ എന്തിനാണ്‌ നീ പീഡിപ്പിച്ചത്‌.? ഞാന്‍ ഒരാളെ കൊന്നാല്‍ തുറങ്കിലടയ്ക്കേണ്ടത്‌ എന്നെയല്ലേ.? എന്തിന്‌ എന്റെ മക്കളെ തുറങ്കിലടയ്ക്കണം.? പറയൂ.. ഏത് വിചിത്രവും നീതിരഹിതവുമായ വിധിയുടെ പേരിലാണ് എന്റെ വേദനകള്‍ നീ നിന്റെ പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.?"

"നിന്റെ മുജ്ജന്മപാപങ്ങളുടെ ഫലം നീ ഈ ജന്മത്തില്‍ അനുഭവിച്ച്‌ തീര്‍ക്കണമെന്നത്‌ വിധിവിഹിതമാണ്‌." ദൈവത്തിന്റെ ശബ്ദം ഉറച്ചതായിരുന്നു.

നീതുമോള്‍ പെട്ടെന്ന് നിശബ്ദയായി. അതിന്‌ എന്ത്‌ മറുപടി പറയണമെന്ന് അവള്‍ക്ക്‌ ഒരു ഊഹവും കിട്ടിയില്ല. പാപങ്ങളുടെ ജന്മജന്മാന്തരക്കണക്കുകളെപറ്റി അവള്‍ ചിന്തിച്ചിരുന്നില്ല അതു വരെ.

"ഞാനൊന്ന് ചോദിക്കട്ടെ ദൈവമേ.." പെട്ടെന്ന് കൂടി നിന്ന ആത്മാക്കള്‍ക്കിടയില്‍ നിന്ന് ഒരു ആത്മാവ്‌ മുന്നിലേക്ക്‌ വന്നു.

"നീയല്ലേ ഈ പ്രപഞ്ചസൃഷ്ടാവ്‌.? അഖിലചരാചരങ്ങളേയും സൃഷ്ടിച്ചവന്‍.? ആകാശവും ഭൂമിയും സമുദ്രങ്ങളും ജീവജാലങ്ങളേയും മണ്ണിനേയും മനസ്സിനേയും സൃഷ്ടിച്ചവന്‍.? അങ്ങനെയുള്ള സര്‍വ്വേശ്വരനായ നീയെന്തിനാണ്‌ പാപം എന്നൊരു സങ്കല്‍പ്പമുണ്ടാക്കിയത്‌.? എന്തിനാണ്‌ ചെകുത്താനെ സൃഷ്ടിച്ചത്‌.? എന്തിനാണ്‌ ചെകുത്താന്‌ സ്വാധീനിക്കുവാന്‍ തക്കവണ്ണം മനുഷ്യന്റെ ഹൃദയത്തെ ചഞ്ചലമാക്കിയത്‌.? സ്നേഹസുന്ദരമായ ഒരു ലോകമാണ്‌ നിന്റെ ആഗ്രഹമെന്നിരിക്കില്‍ നീയെന്തിന്‌ ഇരുണ്ട ശക്തികളെ സൃഷ്ടിച്ചു.?"

ദൈവം അതിന് പെട്ടെന്നൊരു മറുപടി കൊടുത്തില്ല. അല്ലെങ്കില്‍ ചുറ്റും കൂടി നില്‍ക്കുന്ന ആ‍ത്മാക്കള്‍ക്ക് ബോധ്യമാവുന്ന ഒരു മറുപടിക്ക് വേണ്ടി ദൈവം സ്വയം കാക്കുന്നതുപോലെ തോന്നി.

"പാപവും ചെകുത്താനുമൊക്കെ ലോകസന്തുലനത്തിന്‌ ആവശ്യമാണ്‌. മനുഷ്യനെ ഞാന്‍ സൃഷ്ടിച്ചപ്പോള്‍ അവന്റെ മനസ്സിനെ നിയന്ത്രിക്കുവാനുള്ള ശക്തി കൂടി അവന്‌ ഞാന്‍ നല്‍കി. പുണ്യപാപങ്ങളില്‍ നിന്ന് അവന്‌ വേണ്ടത്‌ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഞാന്‍ നല്‍കി. നല്ലത്‌ തിരിച്ചറിയാനുള്ള വിവേകവും നല്‍കി. എന്നിട്ടും അവന്‍ പാപങ്ങളെ തിരഞ്ഞെടുത്തതിന്‌ ഞാന്‍ എന്ത്‌ പിഴച്ചു.? സത്യത്തില്‍ ലോകമിങ്ങനെ നശിക്കുന്നതില്‍ ഏറ്റവും അധികം വേദനിക്കുന്നത്‌ ഞാനാണ്‌." ദൈവം ഹതാശനായി ഒട്ടൊരൂ സന്ദേഹമോടെ ഉത്തരം പറഞ്ഞു.

"ദൈവമേ.. നീ പറയുന്നതിലെ ന്യായം എനിക്ക്‌ മനസ്സിലാവുന്നില്ല." നീതു ഏറ്റുപിടിച്ചു. "നീ ഭൂതവും വര്‍ത്തമാനവും ഭാവിയുമറിയുന്നവനല്ലേ.? നീയറിയാതെ ലോകത്ത്‌ ഒന്നും സംഭവിക്കുന്നില്ലല്ലോ.. കാട്ടില്‍ ഒരില പോലും നീപറയാതെ വീഴുന്നില്ല. ശ്രദ്ധിക്കൂ; ഞാന്‍ ഒരു കുറ്റം ചെയ്യുവാന്‍ പോകുന്നു. നിനക്കറിയാം ഞാന്‍ അത്‌ ചെയ്യുവാന്‍ പോകുന്നു എന്ന്. എന്നിട്ടും നീയെന്നെ തടയാത്തതെന്ത്‌.? ചെകുത്താന്റെ പിടിയില്‍ നിന്നെന്നെ വേര്‍പെടുത്തി എന്റെ ഉള്ളില്‍ നന്മയുടെ ദിവ്യവെളിച്ചം നിറയ്ക്കാത്തതെന്ത്‌.? അതല്ലേ സര്‍വ്വശക്തനായ, നന്മ മാത്രം പുലരണമെന്ന് ആഗ്രഹിക്കുന്ന നീ ചെയ്യേണ്ടത്‌.? പകരം നീ ചെയ്യുന്നതോ.? ഞാന്‍ കുറ്റം ചെയ്യുന്നത്‌ നോക്കിയിരുന്നിട്ട്‌, അത്‌ ചെയ്തതിന്‌ ശേഷം എന്നെ വിസ്തരിച്ച്‌ ശിക്ഷ വിധിക്കുന്നു. ഇത്‌ നീ ആദ്യത്തെ മനുഷ്യന്റെ കാലം മുതള്‍ ചെയ്തുവരുന്നു. ജ്ഞാനത്തിന്റെ പഴം അവന്‍ കഴിക്കാന്‍ പോയപ്പോള്‍ നീയവനെ തടയുന്നതിന്‌ പകരം ദൈവമേ, നീ അവന്‍ തെറ്റ്‌ ചെയ്യാന്‍ കാത്തിരുന്നു. എന്നിട്ട്‌ ആ തെറ്റിന്‌ നീ അവന്റെ കുലത്തെ ഒന്നടങ്കം ശിക്ഷിച്ചു. സ്വന്തം പ്രജകള്‍ തെറ്റ്‌ ചെയ്യാന്‍ കാത്തിരിക്കുന്ന ക്രൂരനായൊരു ഭരണാധികാരിയും നീയും തമ്മിലുള്ള വ്യത്യാസമെന്താണ്‌.? നിന്റെ മക്കളല്ലേ ഞങ്ങള്‍.? നീ നേര്‍വഴിക്ക്‌ നടത്തിയില്ലെങ്കില്‍ പിന്നെ ആര്‌ നേര്‍വഴി നടത്താനാണ്‌ ഞങ്ങളെ.?"

നീതു പറഞ്ഞ്‌ മുഴുമിക്കുന്നതിന്‌ മുന്‍പ്‌ മറ്റൊരു ആത്മാവ്‌ ഇടയില്‍ കയറി : "എനിക്ക്‌ മറ്റൊരു ചോദ്യമുണ്ട്‌ തമ്പുരാനേ.. നീ പറഞ്ഞു, പാപവും ചെകുത്താനുമൊക്കെ ലോകസന്തുലനത്തിനാണെന്ന്. ആദ്യത്തെ മനുഷ്യന്‍ ജ്ഞാനത്തിന്റെ ഫലം കഴിക്കുന്നതിന്‌ മുന്‍പത്തെ കാര്യങ്ങള്‍ നീ തന്നെ ഞങ്ങള്‍ക്ക്‌ ബോധ്യപ്പെടുത്തിയിട്ടുണ്ടല്ലോ. അതുപ്രകാരം ഏറ്റവും സന്തുലിതമായിരുന്ന കാലം അതല്ലേ.? ചെകുത്താന്‍ ജീവജാലങ്ങളെ സ്വാധീനിക്കുവാന്‍ തുടങ്ങുന്നതിന്‌ മുന്‍പുള്ള കാലം.? സര്‍വ്വചരാചരങ്ങളും പരസ്പരസ്നേഹത്തോടും സഹവര്‍ത്തിത്വത്തോടും ജീവിച്ചിരുന്നകാലം.? പക, വിദ്വേഷം തുടങ്ങിയ വികാരങ്ങള്‍ എല്ലാവര്‍ക്കും അന്യമായിരുന്ന സമത്വസുന്ദരസ്നേഹസുരഭിലകാലം അതല്ലായിരുന്നോ.? ചെകുത്താന്‍ ജീവികളെ സ്വാധീനിക്കുകയും മനുഷ്യന്‍ വിലക്കപ്പെട്ട കനി തിന്നുകയും ചെയ്തതിന്‌ ശേഷമാണ്‌ ലോകത്ത്‌ പാപികള്‍ ഉണ്ടായതും സ്പര്‍ദ്ധകള്‍ വളര്‍ന്നതും കുറ്റങ്ങള്‍ പെരുകിയതും ലോകത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടതും. എന്നിട്ട്‌ നീ പറയുന്നു ചെകുത്താനും പാപങ്ങളും ദുഖങ്ങളും ലോകസന്തുലനത്തിനാണെന്ന്. എന്തൊരു വൈരുദ്ധ്യമാണിത് പ്രഭോ.?

ആ ചോദ്യത്തിനുത്തരം ദൈവത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. ദൈവം തികഞ്ഞ അല്‍ഭുതത്തോടെ ആ ചോദ്യത്തെ വീക്ഷിച്ചു. താനിതുവരെ എന്തുകൊണ്ട് അങ്ങനെയൊരു ചോദ്യത്തെ കണ്ടെത്തിയില്ല എന്ന് ദൈവം ആശ്ചര്യപ്പെട്ടു. അതിനുള്ള മറുപടി നല്‍കുവാന്‍ തനിക്കൊരിക്കലും കഴിയുകയില്ലെന്ന് ദൈവത്തിന് ഏറെക്കുറെ ബോദ്ധ്യമായിരുന്നു.

"ദുഖങ്ങളില്ലെങ്കില്‍ മനുഷ്യര്‍ സ്വയം മറക്കും. ദൈവചിന്തകള്‍ കൈവെടിയും. ഭൂമിയില്‍ പാ‍പങ്ങള്‍ പെരുകും. അങ്ങനെ സംഭവിക്കാതിരിക്കാനാണ്‌ ദുഖങ്ങള്‍ സര്‍വ്വശക്തന്‍ നല്‍കിയിരിക്കുന്നത്‌." ചകിതനായി നിശബ്ദമിരുന്ന ദൈവത്തിന്‌ വേണ്ടി മറുപടി പറഞ്ഞത്‌ വിദൂഷകനായിരുന്നു.

വിദൂഷകനെ പാടേ അവഗണിച്ചുകൊണ്ട് നീതു ദൈവത്തിന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു. "കഷ്ടം തന്നെ. ദൈവമേ, നിനക്ക്‌ അത്രയേറെ വിശ്വാസമില്ലാതായിരിക്കുന്നുവോ സ്വന്തം സൃഷ്ടികളെ.? നോക്കൂ; പാപികള്‍ പെരുകുവാതിരിക്കുവാനായി നീ ഞങ്ങള്‍ക്കേകിയ ദു:ഖങ്ങള്‍ യത്ഥാര്‍ഥത്തില്‍ പാ‍പികളുടെ എണ്ണം കൂട്ടുകയാണോ കുറയ്ക്കുകയാണോ ചെയ്തതെന്ന് നീ സ്വന്തം മിഴികള്‍ തുറന്ന്, ആത്മാവിനാല്‍ നോക്കൂ.“

“അതൊക്കെ പോകട്ടെ, മനുഷ്യന്‌ നീ വിവേകം നല്‍കി.. പക്ഷേ നല്ലത്‌ മാത്രം തിരഞ്ഞെടുക്കുന്നതിന്‌ നീ എന്തേ അവനെ, അവന്റെ മനസ്സിനെ രൂപപ്പെടുത്തിയില്ല.? ഒരു ഉപകരണം വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത്‌ ഉപകരണത്തിന്റെ കുറ്റമോ അതോ നിര്‍മ്മാതാവിന്റെ കുറ്റമോ.? അല്ല, എന്തിനാണ്‌ നീ പക, ഈര്‍ഷ്യ, ഗര്‍വ്വ്‌, തുടങ്ങിയ വികാരങ്ങളെ സൃഷ്ടിച്ചത്‌.; അവ നാശത്തിന്റെ വികാരങ്ങളാണെന്നറിഞ്ഞിട്ടും.? ആ വികാരങ്ങളല്ലേ ലോകത്തെ ദുഷിപ്പിച്ചത്‌.? സ്നേഹം, അനുകമ്പ, വാല്‍സല്യം, പ്രണയം, ദയ തുടങ്ങിയ മൃദുലവികാരങ്ങള്‍ മാത്രം സൃഷ്ടിച്ചാല്‍ പോരായിരുന്നോ.? മനുഷ്യന്‌ വഴി പിഴച്ച്‌ പോവാനുള്ള സാഹചര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തിട്ട്‌, നന്മ മാത്രം ചിന്തിക്കുവാനുംമാത്രം പക്വമല്ലാത്ത മനസ്സ്‌ അവന്‌ നല്‍കിയിട്ട്‌ പിന്നെ വെറും സാധാരണനായ, പ്രപഞ്ചത്തെ അപേക്ഷിച്ച്‌ ഒരു കീടം മാത്രമായ മനുഷ്യനെ എന്തിന്‌ പഴിക്കണം.? സ്വന്തം സൃഷ്ടാവ്‌ അവനെ വേണ്ട രീതിയില്‍ വാര്‍ത്തെടുക്കാഞ്ഞതിന്‌ അവന്‍ എന്ത്‌ പിഴച്ചു.?" നാലാമതൊരു ആത്മാവിന്റെ വേദന നിറഞ്ഞ പരിദേവനമായിരുന്നു അത്‌.

ദേവസഭ ഒരു നിമിഷം നിശ്ചലമായിരുന്നു. പ്രപഞ്ചചരിത്രത്തില്‍ ആദ്യമായി ദൈവം വിചാരണ ചെയ്യപ്പെടുന്നു.! അതും പീഡിതരായ ഒരു കൂട്ടം മനുഷ്യാത്മാക്കളാല്‍.! ന്യായാധിപന്‍ കുറ്റവാളിയും കുറ്റവാളി ന്യായാധിപനുമാവുന്ന അവസ്ഥാവൈപരീത്യത്തിന്റെ അത്യപൂര്‍വ്വമായ നിമിഷങ്ങള്‍..!!

"നോക്കൂ ദൈവമേ," ഒരു സ്ത്രീയുടെ ആത്മാവ്‌ മുന്നിലേക്ക്‌ കയറി വന്നു. "ഭൂമിയില്‍ ജീവിച്ച കാലമത്രയും സുഖമെന്തെന്ന് ഞാനറിഞ്ഞില്ല. ദാരിദ്ര്യമായിരുന്നു. കൊടിയ ദാരിദ്ര്യം. അതെത്ര ഭീകരമായ അവസ്ഥ ആയിരുന്നുവെന്ന് ഞാനെത്ര വിവരിച്ചാലും കേട്ട്‌ നില്‍ക്കുന്നവര്‍ക്ക്‌ മനസ്സിലാവുകയില്ല. അനുഭവിച്ചറിഞ്ഞാലേ ഏതൊരാള്‍ക്കും അതിന്റെ തീവ്രത മനസ്സിലാവൂ. ആകെയുണ്ടയിരുന്ന ആലംബമായിരുന്ന ഭര്‍ത്താവ്‌ മൂന്ന് കൈക്കുഞ്ഞുങ്ങളെ എനിക്കൊറ്റയ്ക്ക്‌ വിട്ടു തന്നിട്ട്‌ പോയപ്പോള്‍ കുഞ്ഞുങ്ങളെ പോറ്റാനായി ശരീരം വില്‍ക്കുകയല്ലാതെ മറ്റ്‌ മാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നില്ല എനിക്ക്‌. കാരണം ദരിദ്രയായിരുന്നെങ്കിലും ഞാന്‍ ചന്തമുള്ളവളയിരുന്നു. എന്റെ കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ എന്റെ ശരീരത്തിന്‌ വില പറഞ്ഞു എനിക്ക്‌ ജോലി തന്നവര്‍. ഒന്ന് അറിയൂ ദൈവമേ, ഭ്രാന്ത്‌ പിടിച്ച ഇന്നത്തെ ലോകത്തില്‍, ഒറ്റയ്ക്ക്‌ ജീവിക്കുന്ന നിരാലംബയായ ഒരു പെണ്ണിന്‌, അവള്‍ സുന്ദരിയല്ലെങ്കില്‍ കൂടി സ്വന്തം വിശുദ്ധി കാത്തു സൂക്ഷിക്കുക എന്നത്‌ മരിച്ചു കിടക്കുമ്പോള്‍ പോലും സാധ്യമല്ല. ശരീരം വിറ്റതിന്റെ സമ്പാദ്യമായി എനിക്ക്‌ കിട്ടിയത്‌ ഒരു കുഞ്ഞിന്റെ കൂടി നിഷ്കളങ്കമായ ചിരിയും എയിഡ്സ്‌ എന്ന രോഗവും. എന്നിട്ടോ, ഞാന്‍ ശരീരം വിറ്റതിന്‌ നീ എനിക്കൊപ്പം ആ പാവം കുഞ്ഞിനെയും ശിക്ഷിച്ചു. എയിഡ്സ്‌ എന്ന മാരകവ്യാധി ഭൂമിയിലെ എന്റെ ജീവിതം യൗവ്വനത്തില്‍ തന്നെ അവസാനിപ്പിച്ചപ്പോള്‍ ഭൂമിയില്‍ അവശേഷിച്ചത്‌ അനാഥരായ നാല്‌ പിഞ്ചുകുഞ്ഞുങ്ങള്‍. തെരുവില്‍ അലയുന്ന അവരെ ഇനി ആര്‌ വളര്‍ത്താനാണ്‌.? ആര്‌ അവര്‍ക്ക്‌ വിശപ്പടക്കാന്‍ ആഹാരം നല്‍കും.? തീര്‍ന്നില്ല; എന്നില്‍ നിന്ന് വ്യാധി പകര്‍ന്നുകിട്ടിയ ആ കുഞ്ഞിനെ നീ നോക്കൂ. അവന്റെ സഹോദരങ്ങളടക്കം എല്ലാവര്‍ക്കും ഭയമാണവനെ. ലോകം മുഴുവന്‍അവനെ ആട്ടിയോടിക്കുന്നു. ഓര്‍ക്കണം; ലോകം മുഴുവന്‍.! തെരുവോരത്തെ എച്ചില്‍കൂനയില്‍ പോലും അവന്‌ ഭ്രഷ്ടാണ്‌. ലോകത്ത്‌ അവനെ സ്നേഹിക്കാന്‍ ഒരു മനുഷ്യന്‍ പോലും അവശേഷിക്കുന്നില്ല; ഒന്നൊഴിയാതെ ഒരു മനുഷ്യന്‍ പോലും.! എന്ത്‌ തെറ്റാണവന്‍ ചെയ്തത്‌ ഈ രോഗപീഡകളും ആട്ടും തുപ്പും ഏറ്റ്‌ വാങ്ങാന്‍.?"

ദൈവത്തിന്റെ ശിരസ്സ്‌ കുനിഞ്ഞു.

നീതുവിന്‌ വേണ്ടി ആദ്യം സംസാരിച്ച ആത്മാവ്‌ വിചാരണ ഏറ്റെടുത്തു. " ഇത്‌ ഒരു കുടുംബത്തിന്റെ കാര്യം. ഇതു പോലെ എത്രയോ കോടി മനുഷ്യര്‍ ദാരിദ്ര്യത്തിന്റെയും, പട്ടിണിയുടെയും, രോഗപീഡകളുടെയും അഴുക്കുചാലില്‍ വീണ്‌ കൃമികളേപ്പോലെ പുളയുന്നു; നിരാശയുടെയും വേദനയുടെയും ആഴങ്ങളില്‍ ആലംബമില്ലാതെ ശ്വാസം മുട്ടി മുങ്ങിത്താഴുന്നു. ലോകജനസംഖ്യയുടെ പകുതിയലധികവും കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്നു. മനസ്സിലായോ.? കൊടിയ ദാരിദ്ര്യം.! അത്‌ അതിന്റെ എല്ലാ അര്‍ഥത്തിലും അങ്ങനെ തന്നെയാണ്‌. ഉടുക്കാന്‍ വസ്ത്രമില്ലാത്തതും പാര്‍ക്കാന്‍ പാര്‍പ്പിടമില്ലാത്തതും സഹിക്കാം. ഒരു നേരം പോലും കഴിക്കുവാന്‍ ആഹാരമില്ലാത്ത അവസ്ഥയേക്കുറിച്ച്‌ ചിന്തിക്കാന്‍ പറ്റുന്നുണ്ടോ.? എത്ര ഭീകരമാണത്‌.!! അതാ ഭൂമിയിലേക്ക് നോക്കൂ, അസ്ഥികൂടത്തിന്മേല്‍ ഉണങ്ങിവരണ്ട തൊലി മാത്രം അവശേഷിക്കുന്ന ജനകോടികള്‍ വരണ്ട് വന്ധ്യമായ, കറുത്ത പൊടിമണ്ണില്‍ നിരങ്ങി നീങ്ങുന്നു. ആ അമ്മയെക്കണ്ടോ.? പാല്‌ പോയിട്ട്‌ മാംസം പോലും ശേഷിക്കാത്ത, വരണ്ട്, കറുത്ത്, ചുക്കിച്ചുളിഞ്ഞ തൊലി മാത്രം ശേഷിക്കുന്ന, ഇടിഞ്ഞ്‌ തൂങ്ങിയ മുലകളുമായി - അവയെ മുലകള്‍ എന്ന് വിളിക്കാമോ എന്ന് തന്നെ സംശയമാണ്‌ - ഒരു അമ്മ.. അവളുടെ കുഞ്ഞ്‌ ആ മുലയില്‍ നിന്ന് പാല്‍ വലിച്ച്‌ കുടിക്കുവാന്‍ ശ്രമിക്കുന്നുണ്ട്‌. പാല്‌ പോയിട്ട്‌ രക്തം പോലും അവശേഷിക്കുന്നുണ്ടെങ്കിലല്ലേ അവന്‌ എന്തെങ്കിലും കിട്ടൂ.!! ഇതുപോലെ എത്രയോ അമ്മമാര്‍.! എത്രയോ കുഞ്ഞുങ്ങള്‍.!" അത്‌ പറയുമ്പോള്‍ ആ ആത്മാവിന്റെ വിരല്‍ത്തുമ്പ്‌ പോലും വികാരാവേശത്താല്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

"ഭൂമിയിലൊരിക്കല്‍ ഒരു മരുഭൂവില്‍ ലക്ഷ്യമില്ലാതെ ഞാന്‍ അലയുമ്പോള്‍ ഞാന്‍ ഒരു കുട്ടിയെക്കണ്ടു." സാഹിത്യകാരന്റെ ആത്മാവ്‌ തുടര്‍ന്നു. "അവള്‍ വിഷണ്ണയും ക്ഷീണിതയുമായിരുന്നു. വാടിക്കരിഞ്ഞ ഒരു പൂവിനേപ്പോലെ കാണപ്പെട്ടു അവള്‍. അന്വേഷിച്ചപ്പോള്‍ അവള്‍ ആഹാരം കഴിച്ചിട്ട്‌ ദിവസങ്ങളായത്രേ. അവളുടെ കാല്‍ ചുട്ടുപൊള്ളിക്കുന്ന മണലില്‍ നടന്ന് കുമളിച്ചിരുന്നു. മുഖം കരിവാളിച്ച്‌ കറുത്തിരുന്നു. ദേഹമാസകലം തൊലി പൊള്ളി പാമ്പിന്‍പടം പോലെ അടര്‍ന്നിരുന്നു. പൊരിവെയിലില്‍ തളര്‍ന്ന്, മണലില്‍ പടഞ്ഞിരിക്കുകയായിരുന്നു അവള്‍. ഒന്ന് എഴുന്നേറ്റ്‌ നിന്നിരുന്നെങ്കില്‍ ഉറപ്പായും അവള്‍ ബോധം നശിച്ച് താഴെവീഴുമെന്ന് എനിക്കു ബോദ്ധ്യമായിരുന്നു. പക്ഷേ അവളുടെ വേദനയിലേക്ക്‌ ഒരു തുള്ളി തണുത്ത ജലം പോലും ഇറ്റിക്കാന്‍ എനിക്കാവുമായിരുന്നില്ല. ഞാനും ആഹാരം കഴിച്ചിട്ട്‌ ദിവസങ്ങള്‍ ആയിരുന്നു. ചുറ്റുപാടും നോക്കെത്താദൂരത്തോളം മണല്‍പ്പരപ്പ്‌ മാത്രം. ഞാന്‍ കാണുമ്പോള്‍ അവള്‍ മണല്‍ വാരി വായിലിടുവാന്‍ തുടങ്ങുകയായിരുന്നു. അവളെ തടഞ്ഞിട്ട്‌ ഞാന്‍ പറഞ്ഞു : "നീ ദൈവത്തെ വിളിച്ച്‌ പ്രാര്‍ഥിക്കൂ കുട്ടീ.. അവന്‍ വലിയവനാണ്‌. എല്ലാമറിയുന്ന കാരുണ്യനിധി. അവന്‍ നിന്റെ സങ്കടം കേള്‍ക്കാതിരിക്കില്ല." എന്ന്. അപ്പോള്‍ അവള്‍ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു: "വിശപ്പ്‌ തുടങ്ങിയപ്പോള്‍ ഞാന്‍ അപ്രകാരം ചെയ്തു. പക്ഷേ ഒരാഴ്ചയോളം ഒരു വറ്റ്‌ ആഹാരം പോലും കഴിക്കാതിരിക്കുക എന്ന് പറയുന്നത്‌ അസ്സഹനീയമാണ്‌. കഴിക്കുവാന്‍ പറ്റുന്ന തരത്തിലുള്ളത്‌ എന്തെങ്കിലും ഞാന്‍ കണ്ടിട്ട്‌ ഇന്നേക്ക്‌ ദിവസങ്ങളൊരുപാട് കഴിഞ്ഞിരിക്കുന്നു‌. വിശന്ന് മരിക്കാന്‍ പോകുന്ന ഒരാള്‍ക്ക്‌ എങ്ങനെ ദൈവചിന്തയുമായി ഇരിക്കാന്‍ പറ്റും.? അതിജീവനമാണ്‌ ഭൂമിയില്‍ ഏറ്റവും പ്രധാനം. സ്നേഹവും പ്രാര്‍ഥനയും സഹാനുഭൂതിയുമൊക്കെ അതു കഴിഞ്ഞേ വരുന്നുള്ളു. പട്ടിണിയുടെ പരകോടിയില്‍ നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. മനസ്സിലായോ.? അത്‌ തന്നെയാണ്‌ പറഞ്ഞത്‌; പട്ടിണിയുടെ പരകോടി.!!" ഞാന്‍ എന്ത്‌ പറയുവാനാണ്‌ ആ വിശക്കുന്ന മനസ്സിനോട്‌.? ദൈവമേ, ഇതൊക്കെ പറയുന്നത്‌ മറ്റാരെക്കുറിച്ചുമല്ല. നിന്റെ മക്കളെക്കുറിച്ചാണ്‌. സര്‍വ്വശക്തനായ നിനക്ക്‌ ഇതിനൊക്കെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നിസ്സാരനായ മനുഷ്യനെങ്ങനെ സാധിക്കും.? ഇതിന്‌ നീ ഉത്തരം പറഞ്ഞേ മതിയാവൂ." ആ ആത്മാവ്‌ പറഞ്ഞുനിര്‍ത്തി.

"ഒരു പിതാവെന്ന നിലയില്‍ നീ പരാജയപ്പെട്ടു; നിന്റെ മക്കളുടെ പരസ്പരസ്നേഹവും സൌഖ്യവും നീ കാത്തുസൂക്ഷിച്ചില്ല. പക്ഷേ അതിന്‌ നീ പ്രാപ്തനായിരുന്നു. ഒരു ഭരണാധികാരി എന്ന നിലയില്‍ നീ പരാജയപ്പെട്ടു; നിന്റെ പ്രജകള്‍ക്കിടയില്‍ സമത്വവും സാഹോദര്യവും നിലനിര്‍ത്തുവാന്‍ നിനക്ക്‌ സാധിച്ചില്ല. അതും നിനക്ക്‌ പ്രാപ്തമായിരുന്നു. ഭൂമിയില്‍ നിന്റെ മക്കള്‍ നിന്റെ പേരിലും മറ്റുള്ളവരുടെ പേരിലും പരസ്പരം വെട്ടിയും കുത്തിയും വെറുപ്പില്‍ മരിക്കുമ്പോള്‍ അവരെ തിരുത്താന്‍ ശ്രമിക്കാതെ, അവര്‍ക്കുള്ള ശിക്ഷാവിധികളുമായി സ്വര്‍ഗ്ഗത്തില്‍ നീ കാത്തിരുന്നു. നിന്റെ മക്കള്‍ ദാരിദ്ര്യത്തിലും രോഗപീഡകളിലും പെട്ട്‌ നിലവിളിച്ച്‌ കരഞ്ഞപ്പോള്‍ ഒരു ബധിരനേപ്പോലെ നീ ചെവി അടച്ചിരുന്നു. നിന്റെ ക്രൂരവിനോദത്താല്‍ പാപികളായിത്തീര്‍ന്ന നിന്റെതന്നെ സന്താനങ്ങളെ നീ അനന്തകാലത്തോളം നിത്യനരകത്തില്‍ തീയും ഗന്ധകവുമെരിയുന്ന, പുഴു നുരയ്ക്കുന്ന പൊയ്കയിലെറിഞ്ഞു. ഇനി നീ തന്നെ പറയൂ, നിനക്ക് നീതന്നെ കല്‍പ്പിച്ച് നല്‍കിയ പദവിക്ക്‌ ചേര്‍ന്ന വിധത്തിലാണോ നീ ഇത്ര നാളും പ്രവര്‍ത്തിച്ചത്‌ ദൈവമേ.?? " നീതുവിന്റെ ചോദ്യത്തിന് കുന്തമുനയുടെ മൂര്‍ച്ചയുണ്ടായിരുന്നു. ആ ചോദ്യത്താല്‍ ദൈവം അഗാധമായി മുറിപ്പെട്ടുപിടഞ്ഞു.

ആ ദേവസഭയില്‍ ദൈവം ഒരു പരിത്യക്തനേപ്പോലെ കാണപ്പെട്ടു. ഒറ്റപ്പെടലിന്റെ വേദന ദൈവം തീവ്രമായി അനുഭവിച്ചു. ചുറ്റും പീഡിതരായ ശതകോടി മനുഷ്യരുടെ ആത്മാക്കള്‍ ദൈവത്തിന്‌ നേരെ ചോദ്യചിഹ്നം പോലെ നിന്നു. യാഥാര്‍ഥ്യങ്ങളുടെ എരിതീയില്‍ ദൈവം ഉരുകുകയായിരുന്നു. ചെകുത്താനേയും പാപങ്ങളേയും സൃഷ്ടിച്ചതില്‍ ദൈവം ആദ്യമായി പശ്ചാത്താപവിവശനായി.

പ്രപഞ്ചചരിത്രത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തമായിരുന്നു അത്‌. എല്ലാ അര്‍ഥത്തിലും തികച്ചും അവിസ്മരണീയം. എന്തെന്നാല്‍ ദൈവത്തിന്റെ മിഴികള്‍ സജലങ്ങളായി.!! അതെ..!! ദൈവം കരയുന്നു..!! ശരിക്കും അത്‌ സംഭവിച്ചു. പ്രപഞ്ചം നിശ്ചലമായ നിമിഷം.!! ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സര്‍വ്വചരാചരങ്ങളും നിശ്ചലമായ നിമിഷം.!! പശ്ചാത്താപത്താല്‍ നീറുന്ന ആ മിഴികളില്‍ നീര്‍ ഊറിക്കൂടുന്നു.!!!

പ്രപഞ്ചനിര്‍മ്മിതിമുതലുള്ള ഓരോ നിമിഷങ്ങളില്‍ കൂടിയും അഗാധമായ വ്യസനത്തോ‍ടും കുറ്റബോധത്തോടുംകൂ‍ടി ദൈവം മനസ്സാല്‍ വീണ്ടും സഞ്ചരിച്ചു. ഭൂമിതൊട്ടും തൊടാതെയും പോയ ഓരോ ആത്മാവിന്റെയും മുന്‍പില്‍ പ്രപഞ്ചത്തിന്റെ ഓരോ കോണുകളിലും ഓരോ നിമിഷസന്ധികളിലുംവെച്ച് ദൈവം കുറ്റമേറ്റുപറഞ്ഞു. ആത്മനിന്ദയുടെയും ക്ഷമാപണത്തിന്റെയും അക്ഷരകോടികള്‍ ദൈവത്തിന്റെയുള്ളില്‍ നിന്ന് പ്രപഞ്ചമൊട്ടാകെ ഒഴുകിനിറഞ്ഞു. പക്ഷേ പുറത്തുവന്നതായി സര്‍വ്വജീവജാലങ്ങളും ശ്രവിച്ചത് ഇത്ര മാത്രമായിരുന്നു :
"എന്റെ പിഴ.. എന്റെ വലിയ പിഴ..!!"

ആത്മാക്കളെല്ലാം; എന്തിനധികം പറയുന്നു, പ്രപഞ്ചം മുഴുവന്‍ നിശ്ചലമായി ദൈവത്തെ ഉറ്റു നോക്കി. സിംഹാസനത്തിന്റെ സ്വര്‍ണ്ണനിര്‍മ്മിതമായ കൈവരിയില്‍ കൈമുട്ട്‌ കുത്തി, താടിക്ക്‌ താങ്ങ്‌ കൊടുത്ത് വിവശനായിരിക്കുന്ന സര്‍വ്വേശ്വരന്‌ മുന്‍പില്‍ പ്രപഞ്ചം നിശബ്ദം നിന്നു. സമയം കടന്ന് പൊയ്ക്കോണ്ടിരുന്നു. ഓരോ നിമിഷവും ഓരോ യുഗങ്ങള്‍ പോലെ കടന്ന് പോയി. കോടാനുകോടി തലമുറകള്‍ നിശബ്ദം, നിശ്ചലം നിന്നു. സ്ഥലവും കാലവും മൃതതുല്യമായി.

ഒരു നിമിഷം.! ദൈവം മുഖമുയര്‍ത്തി. ആ മുഖത്ത്‌ നിത്യമായ പ്രശാന്തത വിരിഞ്ഞിരുന്നു. അഭൗമമായ പ്രകാശം. അത്രയും ചൈതന്യം അതിന്‌ മുന്‍പ്‌ സ്വര്‍ഗ്ഗവാസികളാരും തന്നെ ദൈവത്തില്‍ കണ്ടിരുന്നില്ല. സഹസ്രകോടി സൂര്യന്മാരേക്കാള്‍ ശക്തമായ ദിവ്യവെളിച്ചത്താല്‍ അനശ്വരതയുടെ മുഖം തേജോമയമായി. അതില്‍ നിന്ന് ഒരു കിരണം നീണ്ട്‌ ചെന്ന് ചെകുത്താനെയും പാപങ്ങളെയും ദുഷ്ടവികാരങ്ങളെയും പീഡകളേയും പൊതിഞ്ഞു. ഒരു നിമിഷം മതിയായിരുന്നു. വെറും ഒരു നിമിഷം.! അതുല്യമായ പ്രകാശത്തില്‍ കണ്ണഞ്ചിപ്പോയ പ്രപഞ്ചം വീണ്ടും കണ്ണ് തുറന്നപ്പോഴേക്ക്‌ തിന്മയുടെ ശക്തികളെല്ലാം തന്നെ യാതൊരു അടയാളവും ശേഷിക്കാതെ മാഞ്ഞ്‌ പോയിരുന്നു. അനന്തരം പൂര്‍വ്വാധികം തേജസ്സോടും, പ്രസന്നതയോടും, സ്നേഹത്തോടും കൂടി ദൈവംതമ്പുരാന്‍ ചരാചരങ്ങളെ, തന്റെ സൃഷ്ടികളെ നോക്കി പുഞ്ചിരി തൂകി. നന്മയുടെയും സ്നേഹത്തിന്റെയും ദിവ്യദീപ്തി ആ പുഞ്ചിരിയില്‍ നിന്നും വര്‍ധിതമായ പ്രഭയോടെ പ്രപഞ്ചത്തിന്റെ എല്ലാ കോണുകളിലേക്കുമെത്തി.

പിറ്റേന്ന് സൂര്യനുദിച്ചത്‌ രോഗങ്ങളും ദാരിദ്ര്യവും പീഡിപ്പിക്കാത്ത, പരസ്പരം വിദ്വേഷവും പകയുമില്ലാത്ത, സ്നേഹം മാത്രം നിറഞ്ഞ ഒരു സമത്വസുന്ദരലോകത്തിലേക്കായിരുന്നു. മനസ്സിലാക്കുക; സ്നേഹം മാത്രം നിറഞ്ഞ ലോകത്തിലേക്ക്‌..!!

9 Comments, Post your comment:

KS Binu said...

ഒരു സമ്പൂര്‍ണ്ണജനതയുടെ മുഴുവന്‍ വേദനയുടെയും തിളയ്ക്കുന്ന ഉച്ചവെയിലില്‍ ഉണര്‍ന്നിരുന്ന് ഞാന്‍ കണ്ട, എന്റെ ആത്മാവിന് ഒരു നിമിഷം പോലും പ്രതിരോധിക്കുവാനാവാത്തവിധം തീവ്രമായ ഒരു സ്വപ്നം..!!

സ്വപ്നസഖി said...

‘പിറ്റേന്ന് സൂര്യനുദിച്ചത്‌ രോഗങ്ങളും ദാരിദ്ര്യവും പീഡിപ്പിക്കാത്ത, പരസ്പരം വിദ്വേഷവും പകയുമില്ലാത്ത, സ്നേഹം മാത്രം നിറഞ്ഞ ഒരു സമത്വസുന്ദരലോകത്തിലേക്കായിരുന്നു.’
അങ്ങനെയൊരു നീതുമോളുകാരണം , ദൈവത്തിനു പശ്ചാത്താപം തോന്നി,ലോകം നന്നായെങ്കില്‍ !!
സ്നേഹം മാത്രം നിറഞ്ഞ നല്ലൊരു ലോകത്തെ സൃഷ്ടിക്കാന്‍ നമ്മളോരോരുത്തരും ഒരുമിച്ച് തീരുമാനമെടുക്കണം. ആശംസകള്‍

റോസാപ്പൂക്കള്‍ said...

ദൈവത്തോടു പലവട്ടം മനസ്സില് ചോദിച്ച ഈ ചോദ്യങ്ങള് മനോഹരമായി ഒരു കഥയുടെ രൂപത്തില് ചോദിച്ച ചന്ദ്രകാന്തന് അഭിനന്ദനങ്ങള്

abith francis said...

ഈ സ്വപ്നത്തിന്റെ പല ഭാഗങ്ങളും ഞാനും വിചാരിചിട്ടുള്ളതുതന്നെയാ...ഓര്‍മ്മിക്കാന്‍ സുഖമുള്ള പ്രതീക്ഷയുടെ ഒരു കൊച്ചു സ്വപ്നം...മനോഹരമായി പറഞ്ഞിരിക്കുന്നു...

Salini Vineeth said...

സമ്മാനം ലഭിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. അഭിനന്ദനങ്ങള്‍!
ഒരിക്കലും ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍! പലരും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ചോദിച്ചു പോകുന്നത്.
ആശയം വളരെ നന്നായിരിക്കുന്നു. പിന്നെ കഥ എന്ന നിലയില്‍ അളക്കുമ്പോള്‍ കുറെ കൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നുന്നു. കഥയ്ക്ക്‌ അവിടെവിടെ ഒരു ലേഖന സ്വഭാവം വന്നു. ആശംസകള്‍!

Anonymous said...

ഈ കഥക്കും അവാര്‍ഡോ ? സമ്മതിക്കണം ആ ജൂറിയെ.നാടകീയമായ കഥപറച്ചിലും വലിച്ചു നീട്ടിയ അവതരണവും പറഞ്ഞു പഴകിയ രചന രീതിയും:(

Salini Vineeth said...
This comment has been removed by the author.
Salini Vineeth said...

പ്രിയപ്പെട്ട അനോണി,
പേര് വെളിപ്പെടുത്താതെ വന്നു ക്രൂരമായി വിമര്‍ശിക്കുന്നത്, ആര്‍ക്കും ഒരു ഉപകാരവും ചെയ്യില്ല എന്ന് മനസ്സിലാക്കൂ.
കഥ ഇഷ്ടമായില്ലെങ്കില്‍ ‍, അത് എങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തകള്‍ പങ്കു വയ്ക്കുകയല്ലേ നല്ലത്?
നമ്മളാരും ജനിക്കുമ്പോള്‍ തന്നെ ബഷീറോ മാധവിക്കുട്ടിയോ ഒന്നുമല്ലല്ലോ!
creative ആയ critisism , മനസ്സ് തുറന്നുള്ള പ്രോത്സാഹനം, ഇതൊക്കെയല്ലേ എഴുതാന്‍ തുടങ്ങുന്നവരെ മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുന്നത്?

Sumith K Nair said...

എല്ലാം അറിയുന്ന തമ്പുരാനെ, താങ്കളും ഇതു വായിച്ചിരുന്നെങ്കിൽ..!!!
ഇഷ്ടപെട്ടു, പക്ഷെ ഒരു കഥയെന്ന രീതിയിൽ നോക്കുമ്പോൾ മെച്ചപ്പെടാനുണ്ട്.