സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



സാന്ധ്യമേഘങ്ങള്‍

March 04, 2011 ശിവകാമി

ജീവിതം ഒരു മഹാത്ഭുതമാണ് എന്ന് ഈയിടെ എവിടെയോ വായിച്ചതായി മത്തായിചേട്ടന്‍ ഇളയമകന്‍ ജോണിക്കുട്ടിയുടെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഓര്‍ത്തു. അപ്രതീക്ഷിതമായത്‌ വന്നു നമ്മെ അത്ഭുതപ്പെടുത്തും. ചിലപ്പോള്‍ സങ്കടക്കടലില്‍ ആഴ്ത്തിക്കളയും. അല്ലെങ്കില്‍ പിന്നെ സ്വര്‍ഗമായിരുന്ന വീട്ടില്‍ കാലത്തെ പുട്ടും കടലയും ഉണ്ടാക്കി കെട്ട്യോനെയും പിള്ളേരേം കഴിപ്പിച്ച്, പഴങ്കഞ്ഞീം കാ‍ന്താരിമുളകുടച്ചതും കൊണ്ട് അടുക്കളവാതുക്കല്‍ ഇരുന്ന ഏലിക്കുട്ടിയെ കര്‍ത്താവ് നെഞ്ചുവേദനേടെ രൂപത്തില്‍ വന്നു വിളിക്കേണ്ട കാര്യമുണ്ടായിരുന്നോ? ‍ പോരാത്തതിന് അവളില്ലാത്ത വീടിനെ നരകമാക്കി മാറ്റുകയും ചെയ്തു! മക്കളുടെയും മരുമക്കളുടെയും പീഢനം സഹിക്കാതെ വീടുവിട്ടിറങ്ങി ലക്ഷ്യമില്ലാതെ ചെന്നുകയറിയ ബസില്‍ സ്നേഹസദനത്തിലെ കൊച്ചച്ചന്‍ അടുത്തിരുന്നതും, തന്‍റെ പകച്ചമുഖവും കാലിപോക്കറ്റും കണ്ടു പന്തികേട്‌ തോന്നി, കഥകള്‍ അന്വേഷിച്ചറിഞ്ഞതും കൂടെ കൂട്ടിയതും, അന്ന് വൈകുന്നേരം അഞ്ചേമുക്കാല്‍ മുതല്‍ കൃഷ്ണേട്ടനും കരുണന്‍മാഷും അബ്ദുക്കയും അഴകപ്പനും വാര്യര്മാഷും പീലിപോസും ദേവസിക്കുട്ടിയും എല്ലാമടങ്ങുന്ന വലിയ കുടുംബത്തില്‍ തനിക്കുമൊരു അംഗത്വം തന്നതും തനിക്കായി കാത്തുവെച്ച അത്ഭുതങ്ങള്‍ തന്നെ. നാലുമാസങ്ങള്‍ക്ക്ശേഷം അപ്പനെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരണമെന്ന് ജോണിക്കുട്ടിയെ തോന്നിപ്പിച്ചതും കര്‍ത്താവ് തന്നെയാവും. പീലിപോസ് പറഞ്ഞതുപോലെ ഏലിക്കുട്ടി അങ്ങേലോകത്ത് കര്‍ത്താവിന് സ്വൈര്യം കൊടുത്തുകാണത്തില്ല.

ജീവിതത്തില്‍ എങ്ങനെയോ ഒറ്റപ്പെട്ടുപോയവര്‍ സ്നേഹസദനത്തില്‍ ഒരുമിച്ചപ്പോള്‍ എല്ലാവരും പ്രായം തന്നെ മറന്നുപോയി. കളിയും തമാശയും പഴങ്കഥകളും കൊണ്ട് തങ്ങളുടെ സങ്കടഭാണ്ഡങ്ങള്‍ മൂടിയിട്ടു. ഒടുവില്‍ അവരോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കുഴിച്ചുമൂടിയതില്‍ തന്റേതുമാത്രം എങ്ങുനിന്നോ തോളില്‍ വന്നു വീണപോലെ...

'അവകാശപ്പെട്ടത് ഉപേക്ഷിച്ച് മത്തായി എന്തിനാ ഇങ്ങനെ ഒന്നുമില്ലാത്തവരുടെ കൂടെ കിടക്കുന്നത്' എന്ന് ഒരു പാതിരാത്രിയില്‍ ചോദിക്കുമ്പോള്‍ കൃഷ്ണേട്ടന്റെ തൊണ്ട ഇടറിയിരുന്നു. ജോണിക്കുട്ടീടെ ഇളയകൊച്ചിനെ സ്വപ്നം കണ്ടുണര്‍ന്ന് എഴുന്നേറ്റിരുന്നപ്പോഴായിരുന്നു അപ്പുറത്തെ കട്ടിലില്‍ ഉറക്കം കാത്തുകിടന്നിരുന്ന കൃഷ്ണേട്ടന്‍ അത് ചോദിച്ചത്. ജോലിയില്‍നിന്നും വിരമിച്ചതോടെ വീടും പറമ്പും ഒറ്റപ്പുത്രന് കൊടുത്ത്, കൊച്ചുമക്കളെയും ലാളിച്ചു കഴിയാന്‍ കൊതിച്ചതായിരുന്നു അങ്ങേര്. അവസാനം മകന്‍ വൃദ്ധസദനത്തിന് വലിയൊരു തുക കെട്ടിവെച്ച് കയ്യൊഴിഞ്ഞു. പിന്നെ ആരോരുമില്ലാതെ അലഞ്ഞു തിരിഞ്ഞു പാണ്ടിനാട്ടില്‍ നിന്നോ മറ്റോ എത്തിയ അഴകപ്പന്‍.. പാവം അബ്ദുക്ക ആണെങ്കില്‍ മകളുടെ കല്യാണം നടത്താനും മകനെ ഗള്‍ഫില്‍ അയക്കാനും വേണ്ടി എല്ലാം വിറ്റുതുലച്ച ഹതഭാഗ്യന്‍. മക്കള്‍ക്ക്‌ സ്നേഹമുണ്ടെങ്കിലും കൂടെ നിര്‍ത്താന്‍ വഴിയില്ല. വെള്ളിയാഴ്ചകളില്‍ സ്നേഹാന്വേഷണങ്ങള്‍ മൈക്കലച്ചന്റെ മേശപ്പുറത്തെ ചുവന്ന ഫോണില്‍ എത്തും. സ്നേഹസദനത്തില്‍ ഓരോരുത്തര്‍ക്കും പറയാന്‍ ഓരോ കഥയുണ്ടായിരുന്നു.

എങ്കിലും ഇത്രയും പെട്ടെന്ന് പിള്ളേരുടെ മനസ് മാറി എന്ന് വിശ്വസിക്കാനും പറ്റുന്നില്ല. മക്കള്‍ അപ്പനെ ഓര്‍ത്തു പരിതപിച്ചാല്‍ പോലും അവരുടെ ഭാര്യമാരുടെ മനസ് ഇളകുന്ന കാര്യം സംശയമാണ്.

"സ്നേഹമൊക്കെ താനേ ഉണ്ടായിക്കൊള്ളും മത്തായിചേട്ടാ.. ആ കൊച്ച് വിദേശത്ത് ലക്ഷങ്ങളല്ല്യോ സമ്പാദിക്കുന്നെ.. പോരാത്തേന് ജോണിക്കുട്ടിയേം കൊണ്ടുപോവും. ഇതേ ചോദ്യം തന്നായിരുന്നില്ലേ മൂത്തവന്റെ കാര്യത്തിലും ചേട്ടന്‍ ചോദിച്ചത്.. എന്നിട്ടിപ്പം എന്നതാ ഒരു കൊറവ്? രണ്ടുപേരും കൂടെ നാല് തലമുറയ്ക്കുള്ളത് ഇപ്പോത്തന്നെ ഒണ്ടാക്കിക്കാണും!" ബ്രോക്കര്‍ തങ്കച്ചന്റെ വാചകമടിയില്‍ മയങ്ങിയാണ് അമേരിക്കയില്‍ നേഴ്സ് ആയ ക്ലാരയെ രണ്ടാമത്തെ മകന്‍ ജോയിക്കുട്ടിക്കുവേണ്ടി ആലോചിച്ചത്. പെണ്ണ് കണ്ടു വന്നയന്നുമുതല്‍ ചെറുക്കന് അവളെ തന്നെ മതി എന്ന ഒറ്റ നിര്‍ബന്ധം! മനസ്സമ്മതത്തിന്റെയന്ന് ഉടുപ്പിന്റെ തുമ്പില്‍ കറിയുടെ ഒരു തുള്ളി എങ്ങാണ്ട് കണ്ടപ്പോള്‍ മുതല്‍ ക്ലാരകൊച്ച് അമ്മായിയപ്പനെ വൃത്തിയില്ലാത്തവന്‍ എന്ന് മുദ്രകുത്തിയതാണ്. പിന്നീടവള്‍ രണ്ടുവര്‍ഷം കഴിഞ്ഞുവന്ന മൂന്നാമത്തെ മരുമകള്‍ ആഷയോടും അപ്പന്റെ വൃത്തിരാഹിത്യത്തെ പൊടിപ്പും തൊങ്ങലും വെച്ച് അറപ്പോടെ വിളമ്പി. രണ്ടു ചേട്ടന്മാരും വിദേശത്ത്‌ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ അപ്പന്‍ കൊടുത്ത റബ്ബര്‍തോട്ടം വിറ്റ കാശും സ്ത്രീധനവും ചേര്‍ത്ത് ടൌണില്‍ കെട്ടിയ ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍ നിന്ന് കിട്ടുന്നത് കുറച്ചിലായി കരുതി, അപ്പനെയും ചേട്ടന്മാരെയും ചീത്ത വിളിക്കാന്‍ വയറുനിറച്ച് മദ്യം അകത്താക്കുന്ന ഇളയവന്‍ ജോണിക്കുട്ടി... തന്‍റെ എല്ലാ ദുഃഖത്തിനും കാരണക്കാരന്‍ ഈ കിളവന്‍ ആണെന്ന ഭാവത്തില്‍ കുഞ്ഞുങ്ങളെപോലും അപ്പാപ്പനോട് അടുപ്പിക്കാത്ത മരുമകള്‍...

തോളിലെ സങ്കടങ്ങളുടെ മാറാപ്പ് ചോര്‍ന്ന്, അപമാനത്തിന്റെയും വ്യഥയുടെയും രംഗങ്ങള്‍ കണ്മുന്നില്‍ തെളിഞ്ഞുതുടങ്ങിയപ്പോള്‍ മത്തായിചേട്ടന്‍ വര്‍ത്തമാനത്തിലേക്ക്‌ ഇറങ്ങാന്‍ ശ്രമിച്ചുകൊണ്ട് പുറത്തേക്കു നോക്കി. വഴിയോരത്തെ കല്യാണമണ്ഡപത്തിനുമുന്നില്‍ പലനിറത്തില്‍ പട്ടുവസ്ത്രങ്ങള്‍ ധരിച്ച മനുഷ്യര്‍. പണ്ട് അതൊരു സിനിമാകൊട്ടക ആയിരുന്നു. ഏലിക്കുട്ടിയെയും കൂട്ടി പച്ചക്കറിചന്തയില്‍ നിന്നുമുള്ള മടക്കയാത്രയില്‍ തുലാഭാരവും ഇണപ്രാവുകളും ഒക്കെ കൈകോര്‍ത്തിരുന്നുകണ്ടത് ഇവിടെവെച്ചാണ്.

ശാരദ ആയിരുന്നു ഏലിക്കുട്ടിയുടെ ഇഷ്ടതാരം. തുലാഭാരം കണ്ടിറങ്ങുമ്പോള്‍ അവളുടെ കണ്ണും മുഖവും ചുവന്നിരുന്നതിന്റെ പേരില്‍ ദേഷ്യം നടിച്ചു മിണ്ടാതെ കിടന്നപ്പോള്‍ "ഇനി ഞാന്‍ ഒരു പടത്തിനും കരയത്തില്ല, ദേ എന്റിച്ചായനാണെ സത്യം" എന്ന് പറഞ്ഞുകൊണ്ട് തലചായ്ച്ച നെഞ്ചില്‍ മത്തായിചേട്ടന്‍ കൈത്തലം ചേര്‍ത്തു. ഓര്‍മ്മകള്‍ തിങ്ങിനിറഞ്ഞ് നീറ്റലായി പടരുന്നു...

വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറില്‍നിന്നും പുറത്തേക്കിറങ്ങി അഴിഞ്ഞുതുടങ്ങിയ മുണ്ട് മുറുക്കിയുടുത്തു തിരിഞ്ഞപ്പോള്‍ വീണ്ടുമൊരു അത്ഭുതക്കാഴ്ച മത്തായിചേട്ടനായി ഒരുങ്ങിയിരുന്നു. വിദേശത്തുള്ള മക്കളും മരുമക്കളും കൊച്ചുമക്കളും സുസ്മേരവദനരരായി അരികിലേക്ക് ഓടിവരുന്നു. സ്നേഹപ്രകടനങ്ങള്‍ക്ക് മുന്നില്‍ മത്തായിചേട്ടന്‍ കരഞ്ഞുപോയി. എല്ലാവരെയും വിഷമിപ്പിച്ച് ആരോടും പറയാതെ നാട് വിട്ടതിന് മാപ്പ് ചോദിച്ചു.

സ്വീകരണമുറിയില്‍ കൊച്ചുമക്കളെ ചേര്‍ത്തുപിടിച്ചിരിക്കുമ്പോള്‍ മത്തായിചേട്ടന്റെ കണ്ണ് നിറഞ്ഞു. വിദേശത്ത് വളര്‍ന്നവര്‍ക്ക് അപ്പാപ്പനുമായി ആശയവിനിമയം കഷ്ടമായിരുന്നുവെങ്കിലും അവധിക്കാലത്ത്‌ അപ്പാപ്പന്റെ കയ്യും പിടിച്ചു പപ്പയും മമ്മിയും കാണാതെ വെള്ളത്തിലും ചെളിയിലും തിമിര്‍ത്ത ഓര്‍മ്മകളുണ്ട്‌.

ഉച്ചക്ക് അപ്പന്റെ ഇഷ്ടവിഭവങ്ങള്‍ നിരത്തിയ തീന്‍മേശയ്ക്കരികിലിരുന്ന് മൂത്തമകന്‍ ജോമോനാണ് ആദ്യം സംസാരിച്ചത്.

" കഴിഞ്ഞതൊക്കെ കഴിഞ്ഞു. അപ്പനോട് ഇവനും കുറെ തെറ്റൊക്കെ ചെയ്തു. അവനതില്‍ വിഷമമുണ്ട്. "

ജോണിക്കുട്ടി കുറ്റബോധത്തോടെ തലകുനിച്ചിരുന്നു. ജോമോന്‍ പറഞ്ഞു നിര്‍ത്തിയിടത്തു നിന്നും ജോയിക്കുട്ടി തുടര്‍ന്നു.

"ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍നിന്നും വലുതായിട്ടൊന്നും അവനു കിട്ടുന്നില്ലെന്നാ പറയുന്നേ.. പുതിയൊരു ബിസിനെസ്സ് കൂടി തുടങ്ങിയാല്‍.... അതിന് അപ്പന്‍ കൂടെ മനസുവെക്കണം..."

കുപ്പിഗ്ലാസ്സില്‍ പറ്റിപ്പിടിച്ചിരുന്ന കുഞ്ഞു കുമിളകള്‍ നോക്കിയിരുന്ന മത്തായിചേട്ടന്‍ പതിയെ മുഖമുയര്‍ത്തി മക്കളെ നോക്കി.

"അപ്പന്‍ ആ വീട് അവനു എഴുതി കൊടുത്താല്‍......."
മക്കള്‍ മൂവരും തുടര്‍ന്നുപറഞ്ഞതൊന്നും മത്തായിചേട്ടന്‍ കേട്ടില്ല.

വലിയ വയറും താങ്ങി തിടുക്കപ്പെട്ടു വരുന്ന ഏലിക്കുട്ടിയെ ശകാരിച്ചുകൊണ്ട് അവളുടെ ഇച്ചായന്‍ പറമ്പില്‍ നിന്നും കയറിവന്നു.
"ഞാനങ്ങു വരത്തില്ലായിരുന്നോ കൊച്ചെ... നീയീ വയ്യാത്തിടത്ത് ഇതും കൊണ്ട് വരണമായിരുന്നോ.."
"ഓ.. എന്റിച്ചായാ... നമ്മളീ കഷ്ടപ്പെടുന്നതൊക്കെ ആര്‍ക്കു വേണ്ടിയാ.. ദേ ഇതിനകത്ത് കിടക്കുന്നവന് വേണ്ടിയല്ലേ...! "
********************
പുതിയ വീടിനുള്ള ഓല മേടഞ്ഞുകൊണ്ടിരിക്കുന്ന അപ്പന്റെ അരികില്‍ കയ്യില്‍ പീപ്പിയും കാറ്റാടിയും കൊണ്ട് ഓടി ക്കളിക്കുന്ന ജോമോന്‍. ഏലിക്കുട്ടിയുടെ ഒക്കത്ത് ജോയിക്കുട്ടി ഉണ്ട്.. അവളുടെ മുഖത്തും കാലിലും കുറേശ്ശെ ഗര്ഭാലസ്യത്തിന്റെ നീര്‍ക്കെട്ടുണ്ട്.
"നീ ഇങ്ങനെ കളിച്ചു നടക്കുവാണോ മോനെ.. അപ്പന് ഓല എടുത്തു കൊടുക്കെടാ.. "
"ഓ.. അവനവിടിരുന്നു കളിച്ചോട്ടെ പെണ്ണെ... "
"ഇല്ലിച്ചായാ.. നമ്മടെ കഷ്ടപ്പാടും ദുരിതോം കണ്ടുതന്നെ വളരട്ടെ അവര്.. അപ്പോഴേ വലുതാവുമ്പം അപ്പനേം അമ്മയേം നല്ലപോലെ നോക്കത്തൊള്ളൂ.."

"അപ്പന്‍ ഒന്നും പറഞ്ഞില്ല.. "

കയ്യിലെ ചോറുരുള പാത്രത്തിലേക്ക് തന്നെയിട്ടുകൊണ്ട് മത്തായി ചേട്ടന്‍ ഒന്ന് മൂളി. കൈ കഴുകുമ്പോഴും അയാള്‍ ഭൂതകാലത്തിനും വര്‍ത്തമാനത്തിനുമിടയിലെ നേരിയ നൂല്‍പാലത്തിന്മേല്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.

ജോണിക്കുട്ടിയുടെ വീട്ടിലെ വിശാലമായ സ്വീകരണമുറിയില്‍ കുടുംബാംഗങ്ങളെ കൂടാതെ ഉണ്ടായിരുന്നവരില്‍ ഇളംനീല കുപ്പായമിട്ട നരച്ചമുടിക്കാരനെ മത്തായിചേട്ടന് ഇതിനുമുന്‍പും പലതവണ കണ്ടിട്ടുണ്ടായിരുന്നു. ഏറ്റവുമാദ്യം വറീത് മാപ്പിളയുടെ പത്തുസെന്റ്‌ പുരയിടം സ്വന്തം പേരിലേക്ക് എഴുതിച്ച് കച്ചവടം ഉറപ്പിക്കാന്നേരം രെജിസ്ട്രാര്‍ ആപ്പീസില്‍ വെച്ച്.. അന്ന് അയാളുടെ മുടി മുഴുവന്‍ കറുത്തതായിരുന്നു. പിന്നെ അതിനു പിന്നിലെ റബ്ബര്‍ തോട്ടം... പിന്നെയും ഒന്ന് രണ്ടു കൃഷിയിടങ്ങള്‍.. ഒടുവില്‍ ജോണിക്കുട്ടിയുടെ കല്യാണപിറ്റേന്ന്, ആദ്യത്തെ പത്തുസെന്റില്‍ ഏലിക്കുട്ടിയും താനും ചേര്‍ന്നുണ്ടാക്കിയ വീടൊഴിച്ച്‌ മറ്റെല്ലാം മക്കള് മൂന്നിനും കൂടി വീതിച്ചുകൊടുക്കാന്‍ ചെല്ലുമ്പോഴും.. മുഖത്തെ സ്ഥായിഭാവമായ ഭവ്യതയോടെ, സര്‍ക്കാര്‍ തരുന്നത് ശിപായിയുടെ ശമ്പളമെങ്കില്‍ സ്ഥലമിടപാട് മുതല്‍ ഒളിച്ചോട്ട കല്യാണം വരെയുള്ള ഏത് കാര്യവും സാധിച്ചു കൊടുക്കുന്നതിന് ആവശ്യക്കാര്‍ തരുന്നത് തനിക്ക് അവകാശപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്ന പ്യൂണ്‍ വേലായുധന്‍.

"അപ്പന് ബെന്നിയെ അറിയത്തില്ലേ? പുത്തന്‍പുരേലെ ബേബിച്ചായന്റെ മോന്‍.. വക്കീലാ.. ഇവന്റെ പെങ്ങള്‍ക്ക് വേണ്ടിയാ വീട് വാങ്ങുന്നത്"

കൈയ്യിലെ ഫയല്‍ ഒന്നുകൂടെ മുറുക്കെ പിടിച്ച് ഇരിപ്പിടത്തില്‍നിന്നും ചെറുതായൊന്ന് അനങ്ങിയിരുന്നുകൊണ്ട് ബെന്നി പുഞ്ചിരിച്ചു.

"ഇത് രെജിസ്ട്രാര്‍ മാധവന്‍നായര്‍. അപ്പന് അറിയാന്‍ വഴിയില്ല. കഴിഞ്ഞമാസം സ്ഥലംമാറ്റം വാങ്ങി വന്നേയുള്ളൂ.. "

"എല്ലാം വേലായുധന്‍ചേട്ടന്റെ ഏര്‍പ്പാടാ.. " ജോയിക്കുട്ടിയുടെ അഭിനന്ദനപ്രകടനത്തില്‍ വേലായുധന്‍ വീണ്ടും വിനയാന്വിതനായി.

വിദേശനിര്‍മ്മിതസോഫയുടെ ഒത്തനടുക്ക് ആരോ പിടിച്ചിരുത്തി കയ്യില്‍ പേന പിടിപ്പിക്കുമ്പോള്‍ മത്തായിചേട്ടന്റെ തോളില്‍ ഏലിക്കുട്ടി തലചായ്ച്ചിരുന്നു.

"എന്നതാ പെണ്ണെ ഒരു കൊഞ്ചല്?"
"ഇച്ചായാ.. ജോമോന് ഒരു ബൈക്ക് വേണമെന്ന്.. അവന്‍റെ കൂട്ടുകാര്‍ക്കെല്ലാം ഒണ്ടെന്ന്!"
"അതിനൊക്കെ ഒത്തിരി ചെലവല്ല്യോടീ.."
"കഴിഞ്ഞാഴ്ച ഷീറ്റ് വിറ്റുകിട്ടിയ കാശിരിപ്പില്ലേ.. അവന്‍റെ ഒരാശയല്ലേ.. അതുങ്ങടെ മൊഖം വിടര്ന്നിരിക്കുന്നത് കാണുമ്പോഴല്ലേ നമ്മക്കും സന്തോഷം.."
"ആ.... മുട്ടിചേര്‍ന്നിരുന്നു കൊഞ്ചിയപ്പോഴേ തോന്നി, ഏതാണ്ട് മക്കക്കു വേണ്ടി ശുപാര്‍ശയും കൊണ്ട് വരുവാന്ന്!"
"ഒന്ന് പോ ഇച്ചായാ.. ഇല്ലേല്‍ ഞാന്‍ അടുത്ത് വരത്തില്ലായിരിക്കും!"
ഏലിക്കുട്ടി അയാളുടെ കവിളില്‍ നുള്ളി.

നടപടിക്രമങ്ങള്‍ തീര്‍ത്തു രജിസ്ട്രാറെയും കൂട്ടരെയും യാത്രയാക്കി മക്കളും പെണ്ണുങ്ങളും കുട്ടികളും ജോമോന്റെ ടൌണിലെ അവധിക്കാലവസതിയിലേക്ക് പോയപ്പോള്‍ മത്തായിചേട്ടന്‍ ആ വലിയ വീട്ടില്‍ തികച്ചും ഏകനായി.

ഏലിക്കുട്ടിയുടെ വിളികേട്ടു തന്റെ പഴയവീട്ടിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ ജോണിക്കുട്ടിയുടെ മണിമാളിക ഇരുട്ടിലാണ്ടിരുന്നു.

"ഇച്ചായോ.. എന്നായെടുക്കുവാ... വന്നേ... കഴിക്കാം"
അത്താഴം വിളമ്പിവെച്ച്, കര്‍ത്താവിന്റെ പടത്തിനുമുന്നില്‍ മെഴുകുതിരി കത്തിച്ചുകൊണ്ട് ഏലിക്കുട്ടി അയാളെ കാത്തിരുന്നു.

അവിടെങ്ങും ഏലിക്കുട്ടി നിറഞ്ഞുനിന്നിരുന്നു... ചിലപ്പോള്‍ ഇച്ചായാന്നും വിളിച്ചു കൊച്ചുപെണ്ണായി കൊഞ്ചിക്കൊണ്ട്... മക്കളെ ശാസിച്ചുകൊണ്ട്.. ഓടിനടന്നു വീട് വൃത്തിയാക്കുന്ന തിരക്കുള്ള വീട്ടമ്മയായി.. മുണ്ടിന്റെ കോന്തല കയറ്റി കുത്തി, മീന്‍ വെട്ടിക്കൊണ്ട്‌ അടുക്കളമുറ്റത്ത്‌.. "ഈ ഗ്യാസടുപ്പും മറ്റും എന്നെ കൊണ്ട് പറ്റത്തില്ലേ" എന്നു പുലമ്പി, അടുപ്പിലെ കനല്‍ ഊതിയൂതി മുടിയിലും മുഖത്തും ചാരവും പൊടിയുമായി ക്ഷീണിച്ച്... ഒടുവില്‍ ചുണ്ടിന്റെ കോണില്‍ പഴങ്കഞ്ഞിയുടെ ശകലങ്ങള്‍ അവശേഷിപ്പിച്ച്, ചിരിക്കാതെ, ഒരു നിമിഷം മുഖത്തേക്ക് ഉറ്റുനോക്കി, പിന്നെ കണ്ണടച്ച് മിണ്ടാതെ കിടന്നവള്‍..

ഏലിക്കുട്ടി അവസാനമായി കിടന്ന കട്ടില്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പേ ഉപേക്ഷിക്കപ്പെട്ട ഏതോ പാഴ്വസ്തുവാണെന്ന് അയാള്‍ക്ക് തോന്നി. പൊടിയുടെയും ചിതലിന്റെയും ഗന്ധം നിറഞ്ഞുനിന്നിരുന്ന മുറി അയാള്‍ക്ക് തികച്ചും അപരിചിതമായി. ഇത് ഏലിക്കുട്ടിയും അവളുടെ ഇച്ചായനും ചേര്‍ന്ന് സ്വപ്‌നങ്ങള്‍ ചേര്‍ത്തുവെച്ചു കെട്ടിയ വീടല്ല...

വഴിതെറ്റി വന്നുകയറിയിടത്തുനിന്നെന്നപോലെ അയാള്‍ അവിടെനിന്നും ഇറങ്ങി, തിടുക്കപ്പെട്ട് മുറ്റവും കടന്ന് വഴിയിലേക്ക് ‍നടന്നു.

വലിയ വെളിച്ചവും ശബ്ദവുമായി അരികിലൂടെ കടന്നുപോവുന്ന ഒന്നിനെയും അറിയാതെ അയാള്‍ എവിടെയ്ക്കോ ഒഴുകിനീങ്ങി.


"ഒന്ന് വേഗം നടക്കെന്റെ പെണ്ണെ.... പടം തുടങ്ങും കേട്ടോ.."
"ദേ വരുന്നൂ.. " ലൈഫ്ബോയ് സോപ്പിന്റെയും കുട്ടികൂറാ പൌഡറിന്റെയും സമ്മിശ്രമണവും പേറി ഏലിക്കുട്ടി അയാളുടെ ഒപ്പമെത്താനായി ഓടി വന്നു.
"ഇല്ലെന്നേ... ഇത്തവണ ഞാന്‍ കരയത്തില്ല.. ഉറപ്പ്!"

12 Comments, Post your comment:

SHANAVAS said...

Very good story.i am afraid of what it is narrated in this.getting old means get ready for such sweet behavior from our own children.
I enjoyed it.

Saji said...

Good one...

binoj joseph said...

കഥ വളരെ ഇഷ്ട്ടമായ് !!! ഏലിക്കുട്ടിയെ വളരെ നന്നായ് അവതരിപ്പിച്ചിരിക്കുന്നു ....

abith francis said...

കൊള്ളാം...കേട്ടിട്ടുള്ള സംഭവം ആണെങ്കിലും വ്യത്യസ്തമായി നന്നായി പറഞ്ഞു...ആശംസകള്‍..എലിക്കുട്ടിക്കും...

സുരേഷ് ബാബു said...

കഥ വളരെ നന്നായി ശിവകാമി
കഥാപരിസരം പരിചിതമെങ്കിലും പാത്ര സൃഷ്ടിയിലെ തിളക്കം വേറിട്ട്‌ നില്‍ക്കുന്നു ..
ആശംസകള്‍..

Moh'd Yoosuf said...

nice story

ബെഞ്ചാലി said...

നല്ല കഥ. അഭിനന്ദനങ്ങൾ

റോസാപ്പൂക്കള്‍ said...

ശിവകാമിയുടെ നല്ല രചനകളില്‍ ഒന്ന്.
ആശംസകള്‍

Unknown said...

നല്ല കഥ, ഹൃദയസ്പര്‍ശിയായി എഴുതി.

Lipi Ranju said...

ശിവകാമിയുടെ കഥ ഞാന്‍
ആദ്യമായാണ് വായിക്കുന്നത്, ഇഷ്ട്ടമായിട്ടോ....
വിഷയം പുതുമയുള്ളതല്ലെങ്കിലും,
മത്തായിചേട്ടന്റെ നിസ്സഹായ അവസ്ഥ
നന്നായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍...

Anonymous said...

very good storey

saarathi said...

nalla katha