സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പച്ച നെറത്തില് ഒരു കാട്....

March 05, 2010 സൂര്യ




ഇയ്യെടബയീല് ഒറ്റയ്ക്ക് നടക്കരുത്ന്ന് അമ്മ പലവട്ടം പറഞ്ഞേക്കണ്.. പാമ്പ് ണ്ടാവൂന്ന്.. ന്നാലും ഇനിക്കി നടക്കാണ്ടിരിക്കാന് പറ്റൂലാല്ലോ.. കാരാപ്പൊയ നീന്തിക്കടന്ന് തെയ്യോന്‍, ന്റെ ചെക്കന്‍ ബെരും.. പനച്ചിപ്പാറേടെ പിന്നില് കാത്ത് കുത്തിരിക്കും.. ഈ കുന്നും കൂടി കേറി എറങ്ങണം.. ഇന്ന് ഇത്തിരി ബൈഗീക്ക്ണ്.. ഓന്‍ കൊറേ നേരായിട്ട് കാത്ത് നിക്കണണ്ടാവും... കരിമ്പച്ച നെറത്തില് കാട് കൂട്ടിരിക്കും..
"പറായിയേ.. ങ്ങ്യെന്താ ബരാന്‍ ബയ്ക്യേ? നിക്ക് തിരിച്ച് പോണംന്ന് അനക്കറിഞ്ഞൂടേ?"
"എല്ലാടത്തും പോലീസ്കാരല്ലേ... കണ്ണീപ്പെടാണ്ടെ പോരണ്ടേ.. ആരേലും കിട്ടാന് കാത്ത് നില്‍ക്കാ അവനുമ്മാര്..."
"അണക്കത് പറയാ തെയ്യോനേ.. ഇബടെ പ്പോ ഓരോ പെണ്ണിന്റേം ജീബിതം ഈ കാടിന്റെ പോലെ തന്നെ.. ഒറങ്ങാതെ പേടിച്ച് പേടിച്ച്... ന്റെ കണ്ണിന്റെ മുമ്പില് ബെച്ചല്ലേ അന്നെ ഓരൊക്കെ കൂടി ബെലിച്ചു കൊണ്ടോയത്.. മറക്കൂലാ ഒന്നും ഞാന്..."
"ഉം...."
"നോക്ക്.. ഏതോ ഒര് ബെളിച്ചം.. അന്നേം തെരഞ്ഞ് ബെരുന്നോര് ആരേലും ആയിരിക്കും... ഒന്ന് കേറി മറഞ്ഞ് നിക്കാന് ഒര് കുറ്റിക്കാട് പൊലും ബെച്ചേക്കണില്ലല്ലോ എല്ലാരും... ബിറ്റാ കാശ് കിട്ടുംന്നാ എല്ലാം ബിക്കും ഓര്.. കാടും, അമ്മേം, പെങ്ങളേം.. എല്ലാം...."
"ഒച്ച ബെക്കല്ലേ.. ഓരൊക്കെ ബെറും യന്ത്രങ്ങള് മാത്രാണ്... മോളിലിരിക്കുന്നോമ്മാര് പറയണത് കേട്ട് മാത്രം ജീബിക്കുന്ന പണിക്കാര്... അബര് അടിക്കാന്‍ പറഞ്ഞാല് അടിക്കും.. തുള്ളാന്‍ പറഞ്ഞാല് തുള്ളും.. പാവകള്.... അനക്കതൊന്നും പറഞ്ഞാല് മനസ്സിലാഗൂലാ..."
"ഓ.. ഇനിയ്ക്കൊന്നും മനസ്സിലാഗൂലാ.. അന്നെപ്പൊലെ ഞാന് പള്ളിക്കൂടത്തില് പോയിക്കിണില്ലാലോ... ഒരു ബെല്യ പടിത്തക്കാരന്.... "
"ഇങ്ങന കെറുബിക്കല്ലേ പറായിക്കുട്ട്യൊ... അനക്കിപ്പൊ എങ്ങന.. ബേദന കൊറവ്ണ്ടാ? പിന്നേം ബന്നിനാ അബമ്മാര്....?"
"ഹ്ം... ഇദ് കണ്ടാ.. ചോര കല്ലിച്ചീക്ക്ണ്... അന്നേശണം ന്ന് പറഞ്ഞ് ബെരുന്ന നായ്ക്കള് ചെയ്യിന്നതാ.. ഇനിക്കറിയാ.. എന്തിനാ അബമ്മാര് ചൊറഞ്ഞ് കളിക്കണത്ന്ന്... "
"അന്നെ ഓര് കൈബച്ചാ..? തൊട്ടാ ബെട്ടി കൊന്നേക്ക്.. ജയിലീ പോയാലും കൊയപ്പല്ല... ഒന്നൂല്ലെല്, ഞാനൂണ്ടല്ലാ അട്ത്ത ജെയില്ല്..."
"ബെട്ടാന്‍ മടി ണ്ടായിട്ടല്ലാ.. പള്ളേല് പെടക്ക്ണ അന്റെ ജീബനുണ്ടല്ലാ... അത് ആലോയിച്ച് മാത്രാണ്... ന്നാള്, ഒരുത്തന്‍ കേറി പിടിക്കാന്‍ ബന്നതാ... ഞാന് ബാക്കത്തി ബീശി... ഓന്‍ കാട്ടിലേക്ക് പാഞ്ഞ് പോയി.. ആ പോക്കിലാന്ന് അന്നായി കയിഞ്ഞ മാസം മാത്രം ബയസുക്ക് ബന്ന ബെള്ളന്റെ മോളെ.... പിറ്റേന്ന് ചോരേല് കുളിച്ച് കെടക്കണ്.. ഈ കാരാപ്പൊയേട കരേല്... പച്ചയ്ക്ക് കരിക്കണ്ടേ ഓനെയൊക്കെ.... "
" ഉം... നാട് മുടിഞ്ഞപ്പോ എല്ലാര്‍ക്കും കാടു ബേണം.. ഈ പൊയ ബേണം.. നമ്മന്റെ പെണ്ണുങ്ങള് ബേണം... ലോകം ബല്ലാണ്ട് കെട്ടു പോയേക്കണ് പറായിയേ... "
"ഉം.. അന്നെ ജയിലിന്ന് ഓലിപ്പളും....?!"
" ഓരോര്ത്തര് മാറി മാറി ബെരും.. കൈത്തരിപ്പ് തീര്‍ക്കും.. ഇനിക്കി ചന്നനം കടത്തലാ പണീന്ന് എല്ലരോടും പറഞ്ഞ് നടക്ക്ണ് എല്ലാരും.. നാള പാറ പൊട്ടിക്കാന്‍ കൊണ്ടൊവാണ്... പൊലച്ച തന്ന എണീപ്പിച്ചോണ്ടു പോഗും... "
"ന്നാ ബെറുതേ ബൈക്കണ്ടാ... ഒറങ്ങിക്കോ.. പൊലച്ച എണീക്കണ്ടേ.. ഒറങ്ങിക്കോ.."
"ന്നാ ഇങ്ങ്യും ഒറങ്ങിക്കോ.. രണ്ട് ജീബനുണ്ടല്ലേ.. ഇബ്ബയ്യാത്ത ഒടലും കൊണ്ട് പോയി കൊട്ട മടയണ്ടേ അട്പ്പില് തീയ് പൊകയാന്.. ഒറങ്ങിക്കോ..."
" ഉം.. ഒറങ്ങണം. എല്ലാ ദൈബങ്ങളോടും ഒന്ന് മാത്രേ ഇനിക്ക് പറയാനുള്ളൂ... ഇത്തറ ദൂരത്താണേലും നെന്റെ കൂട ഒറക്കത്തിലെങ്കിലും ഇങ്ങന ഇരിക്കാന്‍ പറ്റണേന്ന്... "
"എല്ലാ ബേദനേം ഞാന് സഹിക്കണതും ഇയ്യൊരൊറ്റക്കാരണം കൊണ്ടു മാത്രാ ന്റെ പറായിയേ... ന്റെ സൊപ്നത്തില് നിന്ന് അന്റെ സൊപ്നത്തിലേക്ക് കേറി ബരുമ്പോ തോക്കും ചൂണ്ടി ഒര് നായിന്റെ മോനും ബരൂല്ലല്ലോ...."
"ഉം.. മ്മളെ സൊപ്നത്തില് കേറി ആട്ത്തെ പച്ചക്കാട് ബെട്ടാന്‍ ഒരുത്തനും പറ്റൂല്ലല്ലോ... മ്മളെ കാരാപ്പയേല് മരം ഒലിപ്പിച്ചോണ്ട് പോഗാന്‍ ആരിക്കും പറ്റൂല്ലല്ലോ..."
"എന്നാ ഇങ്ങി ഒറങ്ങിക്കോ.. നാളേം ബരണം..."
"ഇയ്യും ഒറങ്ങിക്കോ.... ഇനിയ്ക്കറിയാം അനക്ക് നാളേം ബരാണ്ടിരിക്കാന്‍ പറ്റൂലാന്ന്.... "
..............
____________________________________________
Image courtesy:http://google.com
Thanks to Jigish's discussion @http://vaakku.ning.com

13 Comments, Post your comment:

thalayambalath said...

എന്താ പറയാ...... ചുരുങ്ങിയ ചില വാക്കുകളില്‍ ഒരു കാലഘട്ടം വരച്ചുവെച്ചിരിക്കുന്നു..... തനിമ ചോരാത്ത വര്‍ത്താനം.... എന്റെ അഭിനന്ദനങ്ങള്‍...

പാമരന്‍ said...

"ന്റെ സൊപ്നത്തില് നിന്ന് അന്റെ സൊപ്നത്തിലേക്ക് ..." wow.. superb Surya..

സൂര്യ said...

പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി - തലയമ്പലത്ത്, പാമരന്‍..

Unknown said...

ഈ കാലഘട്ടത്തിന്റെ കഥ നന്നായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍.

കണ്ണനുണ്ണി said...

സ്വപ്നത്തിലെങ്കിലും പച്ചപ്പ്‌ ബാക്കി നിര്‍ത്താന്‍ കഴിയനുണ്ടല്ലോ അവര്‍ക്ക്..
മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു സൂര്യ

Renjishcs said...

സൂര്യേ.... ആശയങ്ങളൂടെ ഗംഭീര സ്റ്റോക്കാണല്ലേ കൈയ്യില്‍. കഴിഞ്ഞ കഥയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ സമീപനം. ഒറ്റ നോട്ടത്തില്‍ ഈ "സംഭാഷണ രീതിയാണ്" സ്ട്രൈക്കിംഗ് ആവുന്നതെങ്കിലും. രണ്ടാം വായനയില്‍ കൂടുതല്‍ കണ്ടെത്തലുകളിലേക്ക് വായനക്കാരനെ നയിക്കുന്നു.


ആകലത്തിരിക്കുമ്പോഴും സ്വപ്നങ്ങളിലൂടെ പ്രണയം പങ്കുവയ്ക്കുന്ന തെയ്യോന്റെയും പറായിയുടെയും കഥ ഹ്യദയ സ്പര്‍ശിയായി.

എടുത്തു പറയാനുള്ള മറ്റൊരു കാര്യം കഥാപാത്രങ്ങളുടെ മാനസ്സിക വ്യാപാരങ്ങളിലൂടെ കഥാകാരി പറഞ്ഞു വച്ച സാമൂഹിക പ്രശ്നങ്ങളാണ്, അത് ഈ കഥയുടെ മാറ്റ് കൂട്ടുന്നു.

sm sadique said...

"സ്വപ്നങ്ങളിലാണ്‌ പ്രണയം " ഈ കഥ
(വര്ത്തമാനങ്ങളിലൂടെ) വിളിച്ച് പറയുന്നു .

JIGISH said...

ആര്‍ക്കും കേറി വെട്ടാന്‍ പറ്റാത്ത സ്വപ്നത്തിന്റെ പച്ചക്കാടുകള്‍ കാട്ടിത്തന്നതിനു നന്ദി, സൂര്യാ.കഥയില്‍ നിറഞ്ഞു നില്‍ക്കുന്ന ദലിതന്റെ ജീവിതസമരം, നിലവിലുള്ള രാഷ്ട്രീയസത്യം തന്നെ..കാടിന്റെ ആത്മാവായ ആദിവാസിയുടെ ജീവിതം തന്നെയാണ്, ഈ കഥയുടെ പുതുമ..
പിന്നെ സംഭാഷണത്തിലൂടെ സ്വയം വെളിപ്പെടുന്ന ദേശത്തനിമയും, പ്രണയത്തിന്റെ സമര്‍പ്പണവും...

കഥയെ സ്വപ്നവും സ്വപ്നത്തെ കഥയുമാക്കി മാറ്റി..അഭിനന്ദനങ്ങള്‍..!!

മുരളി I Murali Mudra said...

"ന്റെ സൊപ്നത്തില് നിന്ന് അന്റെ സൊപ്നത്തിലേക്ക് ..."
അവിടത്തന്നെയുണ്ട്‌ അടിച്ചമര്‍ത്തപ്പെട്ട പലതിന്റെയും കഥ.
തെയ്യോനും പറായിയും ഒക്കെ അതിന്റെ വക്താക്കള്‍ മാത്രം.
പതിവുപോലെ ഇതും നന്നായി.

jayanEvoor said...

തികച്ചും പുതുമയുള്ള അവതരണം!

ആസയവും അവതരണവും ഭാഷയും നന്നായി.

അഭിനന്ദനങ്ങൾ!

KS Binu said...

ട്വിസ്റ്റ് കലക്കി.. അവതരണവും പ്രമേയവും വേറിട്ട് നില്‍ക്കുന്നു... എന്റെ സ്വപ്നത്തില്‍ നിന്ന് നിന്റെ സ്വപ്നത്തിലേക്ക് ഇങ്ങനെ ഒരു പാലമുണ്ടെന്ന് ഞാന്‍ ഇതുവരെ ചിന്തിച്ചിരുന്നില്ല...

സിന്ധു മേനോന്‍ said...

good one soorya e veshapakarchakal

സഹയാത്രികന്‍...! said...

ഇഷ്ടായിരിക്ക്നു...പെരുത്തിഷ്ടായിരിക്ക്നു.