ചില്ലുഗ്ലാസിലെ സ്വര്‍ണനിറം വാറ്റിയ വിസ്കിയില്‍ ഐസ് ക്യൂബുകള്‍ ഭാരമില്ലാതെ ശൂന്യകാശത്തിലെന്നപോലെ ഒഴുകിനടന്നു ... പശ്ചാത്തലത്തില്‍ ജഗജിത് സിംഗിന്‍റെ നേര്‍ത്ത ഗസലുകള്‍ വിസ്ക്കിക്കൊപ്പം മത്സരിച് ഞരബിലൂടെ തലച്ചോറിലെക്കിഴഞ്ഞു പതിയെ ചൂട് പകരുന്നുടായിരുന്നു ....മുന്നിലിരിക്കുന്ന ഐസക് ജോണ്‍ ഗസലാസ്വദിച്ചു ഇടതു കൈ കൊണ്ട് മേശയുടെ പുറത്ത് താളം പിടിച്ചുകൊണ്ടിരുന്നു ..
ഐസക് ജോണ്‍ എപ്പോഴും പറയാറുണ്ട്
"ഒരു ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ ഈ മഹാ നഗരത്തില്‍ എവിടെയും പിഴച്ചു പോകാം ....ബാറിലോ പെട്രോള്‍ ബങ്കിലോ എവിടെ വേണമെങ്കിലും" ......
കൊടുക്കല്‍ വാങ്ങലുകളുടെ മുഖം നഷ്ട്ടപെട്ട ഒരു വ്യവഹാരം !.
ഐസക് ജോണ്‍ ഇവിടെ എന്‍റെ ഓഫീസില്‍ എത്തിയിട്ട് ആറു മാസം പോലുമായില്ല എങ്കിലും എനിക്കിതേവരെ, മൂന്നു വര്‍ഷത്തിനുള്ളില്‍ കണ്ടുപിടിക്കാനാവാത്ത ഒരു പബ് അതും ഗസലോട് കൂടി മദ്യം വിളമ്പുന്ന ഒരു സ്ഥലം അവന്‍ കണ്ടുപിടിച്ചതില്‍ അനിക്കവനോട് അസൂയ തോന്നി.
അല്ലെങ്കിലും നിന്ന നില്പില്‍ രണ്ടെണ്ണം വലിച്ചുകേറ്റി തിരിച്ചു പോരുന്നതില്‍ എനക്കും തീരെ താല്പര്യമില്ല ..മദ്യത്തിന്‍റെ ഒരു ആദ്യത്മികതയെ തൊട്ടറിയണം ...പതിയെ ....പതിയെ....
വീട്ടിലെത്തി കിടന്നപ്പോഴേക്കും വിസ്കി അതിന്‍റെ ശിങ്കാരി മേളം തുടങ്ങിയിരുന്നു .....അമര്‍ന്നിരുന്നും, ശരീരം വളച്ചും ..... താളമൊപ്പിക്കുന്ന മേളം കൊട്ടുകാരെ പോലെ.... തലയിലുടനീളം ... വിസ്കി രൂപാന്തരം പ്രാപിച്ച് വെളുത്ത് നുരഞ്ഞ് ഓര്‍മകളിലൂടെ ....
ഞാന്‍ ആദ്യമായി കള്ള് കുടിച്ചത് താട്യോട്ട് മടപ്പുരയില്‍ നിന്നായിരുന്നു. മുത്തപ്പന് പൈങ്കുറ്റി വെച്ചപ്പോള്‍ ഇത്തിരി കള്ള് ചിരട്ടയില്‍ ഒഴിച്ച് തന്നത് മാമേട്ടനായിരുന്നു. ഇത്തരം കാര്യങ്ങളില്‍ മുത്തപ്പന്‍റെ അടുത്തയാളായിരുന്നു മാമേട്ടന്‍. അങ്ങിനെ കള്ളും ഞാനുമായുള്ള ബന്ധം വളരെ ചെറുപ്പത്തിലെ തുടങ്ങിയതാണ് .......സ്കൂള്‍ ഇല്ലാത്ത എല്ലാ വൈകുന്നേരങ്ങളിലും അമ്മ പറയുന്നത് കേള്‍ക്കാം...
"മോനെ ,... മണി മൂന്നരയായി ആനന്ദന്‍ അതാ തെങ്ങില്‍ കയറി അടിക്കാന്‍ തുടങ്ങി" ....
ആനന്ദന്‍ തെങ്ങ് ചെത്തുകാരനാണ് ....കറുത്ത ശരീരത്തില്‍ ഒട്ടി നില്‍ക്കുന്ന കള്ളിന്‍റെ നിറമുള്ള വെളുത്ത തോര്‍ത്ത് . കള്ളരിയാന്‍ ഉപയോഗിക്കുന്ന വളഞ്ഞ വീതി കൂടിയ കത്തി ..കത്തി വെക്കാന്‍ മരം കൊണ്ട് കുഴിച്ചിറക്കിയ വീതി കൂടിയ കനം കുറഞ്ഞ ഒരു പലക, അത് ഒരു ചരടുമായി അരയില്‍ ബന്ധിച്ചിരിക്കും ...
പാനിയില്‍ നിന്നും കള്ള്ഒഴിച്ചെടുക്കാന്‍ കറുത്ത കൂജ പോലുള ഒരു പാത്രം. അതും അരയില്‍ കെട്ടിഞാത്തിയിരിക്കും. ചവിട്ടു പടിയായി തെങ്ങില്‍ കെട്ടിയിട്ട ചികരി മടലിലൂടെ ആനന്ദന്‍ ഒരുഉടുമ്പിനെ പോലെ വലിഞ്ഞ് കയറുന്നത് ഞാന്‍ നോക്കി നില്‍ക്കാറുണ്ട്. ആനന്ദന്‍റെ കൈ മുട്ടിലും കാലിനു പുറത്തും നിറയെ തഴംബുകളാണ് ആനന്ദന്‍ തെങ്ങിന്‍റെ കൂമ്പ് അടിച്ച് പതം വരുത്തുന്നതിന്‍റെ ഒച്ചയാണ് അമ്മയുടെ മൂന്നരയുടെ അലാറം. അതൊരിക്കലും തെറ്റാറില്ല .... കുട്ടിക്കാലത്ത് ആനന്ദനെ പോലെ തെങ്ങില്‍ വലിഞ്ഞ് കയറാന്‍ നോക്കിയതിനു നെഞ്ചിലെ തൊലി കുറേ കളഞ്ഞിട്ടുണ്ട് .
പൈങ്കുറ്റിയുടെ കള്ള് കുടിച്ചു വന്നപ്പോള്‍ വീട്ടില്‍ ഞാന്‍ പരസ്യമായി പ്രഖ്യാപിച്ചു
" ഞാനിന്ന് കള്ള് കുടിച്ചു "
അത് കേട്ട മൂത്ത പെങ്ങള്‍ എന്നെ വിളിച്ചു അമ്മയുടെ അടുത്ത് പരാതിപെട്ടു ...
മെല്ലെ തലയ്ക്കു തടവി അമ്മ പറഞ്ഞു
"സാരല്ലിയാ മോനെ .. മുത്തപ്പന്‍റെ പ്രസാദല്ലേ... പക്ഷെ ഷാപ്പിലെ കള്ള് വെഷാണ്... അത് കുടിക്കാമ്പാടില്ല"...
പക്ഷെ അപ്പോഴും എനിക്കൊരു സംശയം ബാക്കിയുണ്ടായിരുന്നു ....മാമേട്ടന്‍ പൈങ്കുറ്റി വെക്കാന്‍ ഷാപ്പില്‍ നിന്നും കള്ള് വരുത്തിക്കുന്നത് ഞാന്‍ കണ്ടതായിരുന്നു .....ചിലപ്പോള്‍ ദൈവത്തിനു കൊടുത്ത് കഴിയുമ്പോള്‍ പ്രസാദമാകുമായിരിക്കും..., അങ്ങിനെ ഞാന്‍ സമാധാനിച്ചു.
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വയലിനക്കരെ ഉള്ള ഷാജനാണ്...എന്നോടത് പറഞ്ഞത് ....മുത്തപ്പന്‍ സോഷ്യലിസ്റ്റ് ആണത്രേ !
അതിന്‍റെ കാരണവും ഷാജന്‍ പറഞ്ഞിട്ടുണ്ട് . മുത്തപ്പന്‍റെ ഏറ്റവും വലിയ ക്ഷേത്രം പറശിനി കടവിലാണ് ഏത് മതക്കാര്‍ക്കും ഉച്ചഭക്ഷണം കൊടുക്കുന്ന മുത്തപ്പന്‍ സാക്ഷാല്‍ സോഷ്യലിസ്റ്റ് അല്ലാതെ മറ്റാരാണ് ?
അങ്ങിനെ ചെറുപ്പത്തില്‍ ഞാനും ഒരു സോഷ്യലിസ്റ്റ്കാരനായി ....അന്ന് തുടങ്ങിയതാണ് തട്ട്യോട്ടു മടപ്പുരയോടും മുത്തപ്പനോടും ഉള്ള സ്നേഹം.
പശു ഒരുദിവസം ചാണകമിടാഞ്ഞാല്‍ ഉടനടി അമ്മ ഒരു പൈങ്കുറ്റി നേരും!. നേര്‍ച്ച മിക്കവാറും കൊടുക്കുന്നത് ...... ശനിയാഴ്ചയോ ഞായറാഴ്ചയോ ആയിരിക്കും.
നേര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം മാമേട്ടനായിരിക്കും. കാശ് കൈയോടെ കൊടുത്താല്‍ മതി. കള്ളും തീയില്‍ ചുട്ടെടുത്ത ഉണക്ക മീനും വേവിച്ച പയറും അവിലുമാണ് പ്രധാന നിവേദ്യം. മുത്തപ്പന്‍ നായാടിയായിരുന്നുപോലും ! പിന്നീടു ദൈവമായി രൂപാന്തരം പ്രാപിച്ച മുത്തപ്പന്‍! സോഷ്യലിസ്റ്റുകാരനായ മുത്തപ്പന്‍ ! ഒരു ദൈവത്തിനോടും എനിക്കതിനു മുമ്പോ ശേഷമോ ഇത്ര കണ്ട് ആരാധന തോന്നിയിട്ടില്ല. കന്നുപൂട്ടലാണ് മാമേട്ടന്‍റെ ജോലി കണ്ണെത്താ ദൂരത്തോളം കിടക്കുന്ന പാടങ്ങള്‍ വിതക്കാനൊരുക്കുന്നത് മാമേട്ടനും കാളകളുമാണ് ....
വൈകുന്നേരങ്ങളില്‍ മറ്റുള്ളവര്‍ ക്രിക്കറ്റ് കളിക്കാനിറങ്ങുമ്പോള്‍ ഞാന്‍ മാമേട്ടനെ ചുറ്റിപറ്റി നില്‍ക്കും. ശര്‍ക്കരയും കൊപ്രാ പിണ്ണാക്കും കൂടി അരച്ച് വലിയ ഉരുളകളാക്കി മാമേട്ടന്‍ കാളകളുടെ വായില്‍ വച്ച് കൊടുക്കും. കാളകള്‍ അതങ്ങിനെ തലയാട്ടി ആസ്വദിച്ച് കഴിക്കുന്നതും നോക്കി ഞാനിങ്ങനെ നില്‍ക്കും ....
കല്യാണത്തിനു പോകുന്ന സമയത്തൊഴിച്ച് ബാക്കി എല്ലയ്പ്പോഴും മാമേട്ടനെ ഒരു തോര്‍ത്ത് മുണ്ടും മുറിക്കയ്യന്‍ കുപ്പായവും ധരിച്ചു കാണാം .. രണ്ടിലും കാലാകാലങ്ങളായി അടിഞ്ഞു കൂടിയ ചെളി നിറം പടര്‍ന്നു കിടക്കുന്നുണ്ടാകും. അലക്കിയാലും പോകാത്ത മണ്ണിന്‍റെ ഹൃദയത്തഴമ്പ്!. നാട്ടിലെ ഏതെങ്കിലും കല്യാണത്തിനു മാത്രം ഒരു നീലക്കുപ്പയവും വെള്ള മുണ്ടും ധരിച്ച് മാമേട്ടനെ കാണാം അതും വളരെ വിരളമായി .വീടിനു മുന്നില്‍ പരന്ന് കിടക്കുന്ന നെല്പ്പാടമാണ്. ഞങ്ങളുടെ വീടിന്‍റെ ഉമ്മറത്തിരുന്നാല്‍, വയലിനപ്പുറത്തുനിന്നും വരമ്പിലൂടെ ഒരാള്‍ നടന്നു വരുന്നത് മുമ്പൊക്കെ വെയക്തമായി കാണാമായിരുന്നു. പാടത്ത് നിന്നും വരുന്ന കാറ്റെറ്റ് അമ്മാവനൊക്കെ ഒരുച്ച മയക്കമുണ്ട് .
ഇന്ന് പാടം തട്ട് തട്ടായി തിരിച്ചു വാഴയും മരച്ചീനിയും കൃഷി ചെയ്യുന്നു .. ഇന്നാവഴിയിലൂടെ നടന്നു പോകുമ്പോള്‍ വാഴത്തോട്ടങ്ങളുടെ നിഗൂഡമായ ഒരിരുള്‍ നമ്മളെ പൊതിയാന്‍ തുടങ്ങും....കാറ്റിന്‍റെ ഒരു ഏങ്ങലടി പോലും അവിടെ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല .......... മുമ്പൊക്കെ കൊയ്ത്തിന്‍റെ ഈറ്റ് നോവേറ്റ പാടം കണ്ണെത്താദൂരത്തോളം മലര്‍ന്നു കിടക്കും. മാമേട്ടന്‍ കാളകളെ തെളിക്കുന്ന ശബ്ദവും വായുവില്‍ വെറുതെ പുളയുന്ന പാണല്‍ വടിയുടെ ശബ്ദവും അവിടെങ്ങും ഉയര്‍ന്നു കേള്‍ക്കാം .മമേട്ടന്‍ കാളകളെ തല്ലുന്നത് ഞാന്‍ ഇതേവരെ കണ്ടിട്ടില്ല .
വൈയ്കുന്നേരം കാളകളെ കുളിപ്പിക്കുംബോഴാണ് മാമേട്ടന്‍റെ കാലില്‍ ഒരു പാട് കണ്ടത്. മുറിവിന്‍റെ നീണ്ട ഒരു വടു .
"ഐ കെ ജിനെ കാണാന്‍ പോയതാ .... ഇന്ദിരാ ഗാന്ധീടെ ആ നായിന്‍റെ മക്കള് പോലീസ് കാരിണ്ടല്ലോ .. ഓടിച്ചു ലാത്തി കൊണ്ടടിച്ചതാ .....ഒരുമാസം ഞമ്മള് കെടപ്പിലായിപ്പോയി.... പക്കേങ്കില് ഞമ്മള് പിന്നേം പോയി കേട്ടാ"....
മറയാന്‍ തുടങ്ങുന്ന സൂര്യന്‍ മാമേട്ടന്‍റെ മുഖത്ത് ഒരു ചെങ്കൊടി നിവര്‍ത്തി ....
"മ്മളെ മൂത്ത ചെക്കന്‍ ഗംഗന് ഇത്തിരി തണ്ടും തടീം എള്ള കൊണ്ട് ഞാള് മൊത്തം കഞ്ഞി കുടിച്ചു പോയി".
അപ്പൊ ഇന്ദിരാ ഗാന്ധീടെ പോലീസ് അത്ര ബെടക്കാ ?
" പിന്നല്ലാതെ ? ..... കണാരന്‍ തീയ്യന്‍റെ ബീട്ടില് രാത്രി രണ്ടുമണിക്കല്ലേ ബന്നു മുട്ടീത്" .........
ഞീ ആരെയാടാ ഇബിടെ ഒളിപ്പിച്ച്ചെക്കുന്നെ ? എന്നും ചോയ്ചായിരുന്നു അടി.
ചോറടക്കം ബീട്ടിലെ ചട്ടീം കലോം മീങ്കറീം എല്ലാം ബെലിചെറിഞ്ഞല്ലേ അബര് പോയത് .... കണാരന്‍ തീയ്യന്‍റെ ഊരക്ക് ബൂട്ട് കൊണ്ടാ അന്ന് ചവിട്ടിയെ...... ഇപ്പയും അബന് കുന്തിച്ചിരുന്നു എയ്ന്നെക്കുംബം ഒരു പിട്ത്തല്ലേ ഊരക്ക്.
മാമേട്ടന്‍റെ ഭാര്യ ചിരുതമ്മ വളരെ നല്ല ഒരു സ്ത്രീ ആയിരുന്നു. കൊയ്യാനും മെതിക്കാനുമൊക്കെ സമര്‍ത്ഥ. ഞാറു നടുമ്പോള്‍ ചിരുതമ്മ പാടുന്ന ഞാറ്റുപാട്ടിനു എന്തോരീണമാണെന്നോ ....
തച്ചോളി ഒതേനന്‍റെ പട പാട്ടൊക്കെ ഞാന്‍ കേട്ട് പഠിച്ചത് ഇങ്ങനെയായിരുന്നു. പലപ്പോഴും ആരും അറിയാതെ ഒരുപാട് അരിയുണ്ട ഞാന്‍ അവരുടെ കൈയില്‍ നിന്നും വാങ്ങി കഴിച്ചിട്ടുണ്ട്. അറിഞ്ഞാല്‍ അമ്മമ്മ വഴക്ക് പറയും, അമ്മയൊന്നും പറയില്ല. പക്ഷെ ഞാനാരോടും പറയാറില്ല .
"നെല്യാട്ടെ അച്ചു നായര് മ്മളെ ബീട്ടില് മങ്ങലത്തിനു ബന്നാ ചോറ് ബൈയിക്കില്ല .... പക്കേങ്കില് ഷാപ്പില് ഒരുകുപ്പി കള്ള് ഞമ്മള് രണ്ടാക്കും ഒരേ പാത്രതീന്നു മീങ്കറി തൊട്ടു നക്കും."
മാമേട്ടന്‍ ചിരിച്ചു കൊണ്ട് പറയും.
വൈകുന്നേരങ്ങളില്‍ കള്ള് കുടിച്ചുവരുന്ന മാമേട്ടനെ കണ്ടാല്‍ പെട്ടന്ന് തിരിച്ചറിയാം ..... ഷോകേസില്‍ വെക്കുന്ന വയറന്‍ പട്ടരുടെ പ്രതിമപോലെ ഇപ്പോഴും തലയാട്ടികൊണ്ടിരിക്കും ... ഒരു കയ്യില്‍ മീനിന്‍റെ ഒരു സഞ്ചിയും, മറുകയ്യില്‍ തോര്‍ത്ത് മുണ്ടില്‍ കെട്ടിപൊതിഞ്ഞ സാധനങ്ങള്‍ ചുമലിലൂടെ തൂക്കിയിട്ടിരിക്കും.....വഴിയില്‍ വെച്ച് കണ്ടാല്‍ ഇത്തിരി വളഞ്ഞു മുഖം മുന്നോട്ടടുപ്പിച്ചു ചോദിക്കും
"മേനോങ്കുട്ടി എങ്ങട്ടാ"?
ഉത്തരം തൃപ്തികരമാണെങ്കില്‍ പറയും "മേനോങ്കുട്ടി സൂച്ചിച്ചു പോണം കേട്ടാ"
വൈകുന്നേരം ചിരുതമ്മക്ക് പിടിപ്പത് പണിയുണ്ടാകും. ഉള്ള മീനൊക്കെ മുറിച്ച് പാചകം ചെയ്യുമ്പോഴേക്കും രാത്രിയാകും. ചിരുതമ്മ എന്‍റെ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.
"ന്‍റെ തീയ്യന്‍ കുടിക്കാണ്ട് ബന്നാല്‍ നക്കൊരു സമാധനോടാവില്ല .. കുടിച്ചിട്ട് ബരുമ്പോ എല്ലാം കെട്ടി പൊതിഞ്ഞു കൊണ്ടെരും"
വൈകുന്നേരങ്ങളില്‍ വീടിന്‍റെ ഉമ്മറത്തിരുന്നു മാമേട്ടന്‍റെ പട്ടു കച്ചേരി ഉണ്ടാകും .
"കാത്തും ബാലെ കാഞ്ചന ബാലെ
കശ്യാ പുത്രി കനകലതായെ "
മാമേട്ടന്‍ നീട്ടി പാടും. ഇന്നും ആ പാട്ടിന്‍റെ അര്‍ഥം എന്താണെന്നെനിക്കറിയില്ല, ഏത് ഭാഷയാണെന്നും!
കന്നുപൂട്ടലിന്‍റെ എല്ലാ കരാറുകളും ഒപ്പിടുന്നത് കള്ളുഷാപ്പിലോ അതിന്‍റെ പരിസരത്തോ വെച്ചാണ്. ഒരുകുപ്പി കള്ളിന്‍റെ പുറത്ത് കരാറുരപ്പിച്ചാല്‍ പിറ്റേന്ന് കാലത്ത് മാമേട്ടനും കാളകളും വയലിലെത്തിയിരിക്കും. വയിലിന് ചൂട് പിടിക്കുന്നത് വരെ കാള പൂട്ടും. കരാര്‍ കള്ളിന്‍റെ പുറത്താണെങ്കിലും കൂലി കൃത്യമായി കയില്‍ കൊടുക്കണം കള്ള് കരാര്‍ വേറെ കൂലി വേറെ അതാണ് മാമേട്ടന്‍റെ പോളിസി.
ഓരോ പാടവും മാമേട്ടന്‍റെ കലപ്പയുടെ സുരതത്തില്‍ തളര്‍ന്നു കിടന്നു.ആ മണ്ണില്‍ ഒരിയ്ക്കല്‍ പോലും ഒരു പടുമുള പൊട്ടിയിട്ടില്ല!
മാമേട്ടന്‍റെ കലപ്പ രേതസ്സ് നല്‍കിയ വളക്കൂറുള്ള മണ്ണ് ........
വരമ്പുകളുടെ നീണ്ട ചതുര വടിവുകളുമായി പരന്ന് കിടക്കുന്ന കൊയ്ത്ത് കഴിഞ്ഞ പാടം. രാവിലെ പറന്നിറങ്ങുന്ന കൊറ്റികളുടെ വെളുത്ത പുതപ്പുകള്‍ പാടത്ത് അങ്ങിങ്ങ് ചിതറിക്കിടക്കുന്നു. കാലത്താണ് ആ അത്ഭുതം പാടത്തിറങ്ങിയത് ..... പിന്നില്‍ രണ്ടു വലിയ ടയറുകളും മുന്നില്‍ രണ്ടു ചെറിയ ടയറുകലുമുള്ള ഒരു വണ്ടി. അതിന്‍റെ ഡ്രൈവര്‍ മനോഹരന്‍ അതിനെ ട്രാക്ടര്‍ ഇന്ന് വിളിക്കുന്നത് കേട്ടു. മുന്‍വശത്ത് ചുരുട്ട് കത്തിച്ചു വച്ചപോലെ സാദാ പുകവിടുന്ന ഒരു കുഴല്‍. പിന്‍വശത്ത് മണ്ണ് കിളച്ചിടാനുള്ള ഒരു മണ്ണ് മാന്തി ഘടിപ്പിച്ചിരിക്കുന്നു. അതിന്‍റെ ഘറ .. ഘറ ശബ്ദം പാടത്ത് മുഴുവന്‍ മാറ്റൊലി കൊണ്ടു. അന്നുവരെ ഞങ്ങളുടെ നാട്ടുകാര്‍ പാടത്ത് കാണാത്ത ഒരു വാഹനം. മാമേട്ടന്‍റെ കാളകളുടെ കുതിപ്പും കിതപ്പും കണ്ട ഞങ്ങള്‍ക്ക് അതിന്‍റെ ശബ്ദം പോലും അത്ഭുതമായി.......
.ട്രാക്ടര്‍ നിര്‍ത്തി സിഗരറ്റുമായി മനോഹരന്‍ ചാടിയിറങ്ങി. അയാളുടെ ലതെറിന്‍റെ ചെരിപ്പില്‍ ചെളിയുടെ ഒരു പാട് പോലും ഉണ്ടായിരുന്നില്ല. മനോഹരന്‍ ഞങ്ങളുടെ നാട്ടുകാരനാണെങ്കിലും പയ്യന്നുരിലാണ് ജോലി. ട്രാക്ടര്‍ ഓടിക്കാന്‍ പഠിച്ചതും അവിടെ വച്ചാണ്.
ട്രാക്ടറിന്‍റെ ശബ്ദം കേട്ടു പാഞ്ഞു വന്ന ഞങ്ങള്‍ കുട്ടികളതിനെ തൊട്ടുനോക്കി.
"മാറി നിക്കിന്‍ കുട്ട്യോളെ"- മനോഹരന്‍ ചീറി.
"അല്ല മനോരാ ഇതിപ്പോ എബ്ടുന്നു കൊണ്ടന്നു "?- കേളപ്പേട്ടന്‍ തിരക്കി.
"ഇത് പയ്യന്നൂരിന്നാ ..... ഞമ്മളെ മൊതലാളിയോടു ഒരു മാസത്തെ ബാടകക്ക് മേടിച്ചതാ" .... ഷര്‍ട്ട്‌ന്‍റെ കോളര്‍ പിന്നോട്ടാക്കി പുകവിട്ട് മനോഹരന്‍ പറഞ്ഞു.
"ഇങ്ങക്കെല്ലാര്‍ക്കും കൂടി ദാന്നു പറയുമ്പോഴേക്കും നെലം റെഡ്യാക്കിത്തരാ കേളപ്പേട്ടാ ........
"പക്ഷെ മ്മക്ക് മണിക്കൂറിനാ കൂലി" .....
പറഞ്ഞത് പോലെ മനോഹരന്‍ അഞ്ച് മിനുട്ട് കൊണ്ടു ചതുരത്തില്‍ അഞ്ചാറാവര്‍ത്തി ഓട്ട പ്രദക്ഷിണം നടത്തി. പാടത്തിന്‍റെ നനഞ്ഞ മണ്ണിലൂടെ അതിന്‍റെ മുള്ളുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു.നിമിഷ നേരം കൊണ്ട് പാടം റെഡി!
വൈകുന്നേരം കള്ള് ഷാപ്പില്‍ വെച്ച് മീന്‍കറി വിരലുകൊണ്ട് തൊട്ടു വായിലാക്കി ശ്ശ്....... ശ്ശ് എന്നൊരു ശബ്ദത്തോടെ കുമാരേട്ടന്‍ പറഞ്ഞു,
" ശശിയെ ........ ഞീ കണ്ടാ ഓന്‍റെയാ വണ്ടി ..... എദാന്നു പറയുംപ്ളക്കല്ലേ മൂന്ന് നെലം റെഡ്യാക്കിയെ ........ഇനി മ്മക്ക് മാമന്‍ തീയ്യന്‍റെ കാല് പിടിക്കണ്ടി ബരില്ല.
എന്നും രാവിലെ പാടത്തുനിന്നും മനോഹരന്‍റെ ട്രാക്ടറിന്‍റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം. രാവിലെ തന്നെ മാമേട്ടന്‍ ഉമ്മറത്തിന്‍റെ കോണില്‍ ചാരുകസേരയില്‍ മലര്‍ന്നു കിടക്കും. മുറ്റത്തിന്‍റെ കോണിലേക്ക് തുടരെ തുടരെ മുറുക്കി തുപ്പും.ഉച്ച വെയിലിലും മനോഹരന്‍റെ ട്രാക്ടര്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നു. കൊറ്റികളുടെ വെളുത്ത പറ്റങ്ങള്‍ ട്രാക്ടറിന്‍റെ ശബ്ദം കേട്ട് പറന്നകന്നു. ഞങ്ങള്‍ കുട്ടികള്‍ മാത്രം മനോഹരനെയും ട്രക്ടറിനെയും ചുറ്റിപറ്റി നിന്നു. പാടത്തെ പടര്‍ന്നു കിടക്കുന്ന ഓയിലില്‍ സൂര്യന്‍ മഴവില്ല് തീര്‍ത്തു. വൈകുന്നേരങ്ങളില്‍ തലയാട്ടാതെ മാമെടന്‍ മുറ്റത്ത് കൂടി ഉലാത്തി. അടുക്കളയില്‍ നിന്ന് ചിരുതമ്മയുടെ അവ്യക്തമായ പ്രാകല്‍ ഉയര്‍ന്നു കേള്‍ക്കാം. എല്ലാ വൈകുന്നേരങ്ങളിലും അവര്‍ ചക്കക്കുരു തൊലികളഞ്ഞ് കൂട്ടാനുണ്ടാക്കി.
അതിരാവിലെ മാമേട്ടന്‍ പാടത്തേക്കു നടന്നു. പതിവുപോലെ മനോഹരന്‍ ട്രാക്ടറുമായി വലം വെക്കുകയാണ് ......മാമേട്ടനെ കണ്ടതും അയാള്‍ ചാടിയിറങ്ങി
"ന്താ മാമേട്ടാ ഇങ്ങള് അതിരാവിലെ "........?
ഏയ് .... ഒന്നൂല്ല ... ഞമ്മള് ബെറുതെ .. അന്‍റെ ബണ്ടി കാണാന്‍ ബന്നതാ ... കുട്യോള് പറഞ്ഞു ....
ന്‍റെ മാമേട്ടാ...... സത്യായിട്ടും ഇങ്ങളെ കഞ്ഞീ പാറ്റയിടണം എന്ന് ബിജാരിച്ചല്ല..... മ്മക്ക് ചെറിയ ബാടകക്ക് ബണ്ടി കിട്ടിയപ്പം .......
ഹൃദയത്തെ ഉഴുതു മറിച്ച് ഏതാനും വാക്കുകളുമായി ഒരു തേഞ്ഞ കലപ്പ മാമേട്ടന്‍റെ തൊണ്ടയിലൂടെ പുറത്തേക്ക് പാഞ്ഞു
പോയി ......
മനോരാ...... ഞ്ഞീ......
അതും പറഞ്ഞു മാമേട്ടന്‍ തിരിഞ്ഞു നടന്നു.......
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ പാടത്തിനു മുകളില്‍ ചെറുതായി പെയ്തു കൊണ്ടിരുന്നു . മനോഹരന്‍ പണി എല്ലാം തീര്‍ത്ത് പയ്യന്നുരിലേക്ക് മടങ്ങിപോയി.
മാമേട്ടന്‍ അപ്പോഴും തലകുനിച്ച മൂങ്ങയെ പോലെ കസേരയില്‍ ഉറക്കം തൂങ്ങി കിടന്നു. മഴ പാടത്തിനു മേല്‍ ശക്തിയാര്‍ജ്ജിച്ചു ......നനഞ്ഞ പാടം ഒരുപിടി വിത്തിനായി കാത്തുകിടന്നു .
അതിരാവിലെ ബണ്ട് തുറക്കാന്‍ പോയ കേളപ്പേട്ടനാണ് അത് കണ്ടത് ...വിത്തിട്ട് നനഞ്ഞു കിടക്കുന്ന പാടത്ത് ചെളിയില്‍ കമഴ്ന്നു കിടക്കുന്ന മാമേട്ടന്‍!. മുഖം പകുതി ചെളിയില്‍ പൂണ്ടിരുന്നു. അള്ളി പിടിച്ച ഇടതു കൈയില്‍ ചെളിയോടു കൂടി മുളക്കാത്ത നെല്‍വിത്തുകളുമുന്ടായിരുന്നു. മാമേട്ടനെ കുളിപ്പിച്ച് കിടത്തിയപ്പോള്‍ കല്യാണത്തിന് പോകുമ്പോള്‍ ഇടാറുള്ള നീല കുപ്പായമായിരുന്നു.......ചിതയിലേക്ക് എടുക്കുന്നതിനു മുമ്പ് കള്ളിന്‍റെ പാട പോലെയുള്ള വെളുത്ത തോര്‍ത്ത് ആരോ മുഖം മറച്ച് വലിച്ചിട്ടു. വിറകുകളെ തീനാമ്പുകള്‍ എടുക്കുന്നതിനു മുന്നേ ചാറ്റല്‍ മഴയിലുടെ ഞാന്‍ വീട്ടിലേക്കു നടന്നു.
ഒരു ദിവസം ജോലിക്കിറങ്ങുമ്പോള്‍ ഗംഗന്‍ ചിരുതമ്മയോട് വിളിച്ചു പറഞ്ഞു
" അമ്മേ ഞാന്‍ ആ ബീരനിക്കയോട് വരാന്‍ പറഞ്ഞിട്ടുണ്ട് .ചുമരിന്റെ അരികില്‍ ചാരിവെച്ച ആ കലപ്പ അയാള്‍ക്ക് കൊടുത്തേക്ക്.. ഇനി വെച്ചാല്‍ തുരുംബെടുത്ത് പോകും "... അതും പറഞ്ഞ് ബാഗുമായി ഗംഗന്‍ ഇറങ്ങി നടന്നു.......
എനിക്കും ഓര്‍മ്മകള്‍ക്കും നടുവില്‍ കള്ള് അയ്യപ്പന്‍ തോട്ടിലൂടെ പതഞ്ഞ് ഒഴുകാന്‍ തുടങ്ങി .....
ഏതൊക്കെയോ സ്വപ്നത്തിന്റെ വെളുത്ത നുരകളില്‍ കൂടി ഞാനും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു
രഞ്ജിത്
22 Comments, Post your comment:
ഭൂതകാലത്തിലെ വയൽപാടങ്ങൾ ഒന്നുഴുതുമറിച്ചല്ലോ ചേട്ടാ.
ഒരു നിമിഷം ഞാനും ആ വിടിന്റെ തിണ്ണയിൽ ഇളം കറ്റേറ്റ് കിടന്നോന്നോരു സംശയം.
ആശംസകൾ.
Sulthan | സുൽത്താൻ
entha oru bhangi! nalla shakthiyulla katha! kore neram naattil aano ennu thonni poyi! thanks!!
നല്ല ഹൃദ്യമായ കഥ. നന്നായിരുന്നു
ദേശത്തെ എഴുതുന്നതു തന്നെയാണ് എഴുത്ത്
എന്നു വിളിച്ചോതുന്ന രചന..! ഗ്രേറ്റ് വണ്‍ രഞ്ചിത്...
കഥയുടെ പേര് അത്ര ഉചിതമായില്ല..!
കഥ മികച്ച് നിൽക്കുന്നു.കഥയുടെ പേരു ജിഗി പറഞ്ഞത് പോലെ എനിക്കും അപാകത തോന്നി..
ബാല്യത്തില്‍ അച്ഛന്റെ കൈയും പിടിച്ചു വയല്‍വരമ്പിലൂടെ നടക്കുമ്പോള്‍, തൊട്ടറിഞ്ഞ ഒരുപാടു മാമേട്ടന്റെയും ചിരുതമാരുടെയും സ്നേഹം, വീണ്ടും ഹൃദയം കൊണ്ട് തൊട്ടറിയാന്‍ സഹായിച്ചു....
രഞ്ജിത്ത് , ഹൃദ്യമായ ഭാഷയിലൂടെ ഭൂതകാലത്തെ മുന്നില്‍ കൊണ്ടുവന്നു തന്നതിന് ഒത്തിരി നന്ദി!
ജിഗീ മനോ .... കള്ള് എന്ന പേര് ഞാന്‍ മനപൂര്‍വം ഇട്ടതാണ്. ഗ്രാമീണതയുടെ നിഷ്കളങ്കതയുടെ പരിശുദ്ധിയെ കാണിക്കാന്‍ വേണ്ടി....... പലരെയും നമ്മള്‍ കള്ളുകുടിയന്മാരായി കരുതുന്നുന്റെന്കിലും കള്ളിരൊരു സത്യമുണ്ട് , നന്മയുണ്ട് ....
ഓരോ വരിയും വായിക്കുമ്പോള്‍ ദൃശ്യങ്ങള്‍ ഒരു സിനിമയില്‍ എന്ന പോലെ മനസ്സില്‍ തെളിയുകയായിരുന്നു.
മാമേട്ടന്‍റെ കലപ്പ രേതസ്സ് നല്‍കിയ വളക്കൂറുള്ള മണ്ണ് ........
കൊറ്റികളുടെ വെളുത്ത പറ്റങ്ങള്‍ ട്രാക്ടറിന്‍റെ ശബ്ദം കേട്ട് പറന്നകന്നു. ഞങ്ങള്‍ കുട്ടികള്‍ മാത്രം മനോഹരനെയും ട്രക്ടറിനെയും ചുറ്റിപറ്റി നിന്നു.
വളരെ മനോഹരം..
പിന്നെ അക്ഷര തെറ്റുകള്‍ ഉണ്ട്.. ദയവായി ശ്രദ്ധിക്കുക..
മത്സരിച് ഞരബിലൂടെ , നഷ്ട്ടപെട്ട.... പിന്നീട് നോട്ട് ചെയ്യുന്നത് ഞാന്‍ നിര്‍ത്തി.. പെട്ടെന്ന് വായിച്ചു പോകുമ്പോള്‍ വളരെ മനോഹരമായ വാചകങ്ങളില്‍ അക്ഷര തെറ്റ് കാണുമ്പോള്‍ ഒരു കല്ല് കടി.
oro varikalum pazhayakaalathile ormakalilekku kondu poyi...kalapayil ninnum yanthrathilekulla maattam...kollaam renjith manoharamaya avatharanam.
ഗൃഹാതുരത്വം വിരിയിക്കുന്ന കഥ...
ഇഷ്ടപ്പെട്ടു.
"കാത്തും ബാലെ കാഞ്ചന ബാലെ
കശ്യാ പുത്രി കനകലതായെ "
ഞാനും പഠിച്ചിട്ടുള്ള പാട്ടാണ് കുട്ടിക്കാലത്ത്. ആദ്യം അർത്ഥമറിയാതെയും, പിന്നെ അറിഞ്ഞും...!
നന്ദി, ഓർമ്മകൾ ഉണർത്തിയതിന്.
മനോഹരമായ അവതരണത്തിലൂടെ ഭൂതകാല ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി. കഥ ഇഷ്ടപെട്ടു.
ജയൻ, രഞ്ജിത്ത്,
"കാത്തും ബാലെ കാഞ്ചന ബാലെ
കശ്യാ പുത്രി കനകലതായെ " കഥയിൽ അത് കണ്ടപ്പോൾ ഒരു പക്ഷെ മാമേട്ടൻ അറിയാതെയോ അതോ കുടിച്ചിട്ടോ പാടുന്നതായേ തോന്നിയുള്ളൂ. പക്ഷെ ജയന്റെ കമന്റ് കണ്ടപ്പോൾ ഒരു സംശയം.. എന്റെ ഓർമ്മയിൽ ആ കാളിദാസ വരികൾ അങ്ങിനെയല്ല..
“കന്യാബാലേ.. കാഞ്ചനമാല..
കസ്യാ പുത്രേ.. കനകലതായേ..
കിൻ തേ ഹസ്തേ.. കാവാരേഖ..
കിൻ തേ ലിഖ് തേ.. ക.ഖ.ഗ.ഘ..“
അതോ എനിക്ക് തെറ്റിയതാണോ?
രഞ്ജിത്ത് കഥ വളരെ നന്നായി...മാമ്മേട്ടനെ നേരില്‍ കണ്ടപോലെ
കഥ വായിച്ച എല്ലാവര്ക്കും നന്ദി
അയ്യോ മനോരാജ്..!
അതറിയാഞ്ഞെഴുതിയതല്ല!
കുട്ടിക്കാലത്തേ അമ്മ പഠിപ്പിച്ച ഒരു സമസ്യാപൂരണം ആണ് അത്.
ഭോജരാജാവ് ഒരു സഹൃദയനും സമസ്യാപൂരണപപ്രേമിയുമായിരുന്നു.
ഒരിക്കൽ ഭോജരാജൻ കൊടുത്ത സമസ്യയാണ് “ക ഖ ഗ ഘ”
കാളിദാസൻ വഴിനടന്നുപോകുമ്പോൾ എഴുത്തോലയുമായി നടന്നു പോകുന്ന പെൺകുട്ടിയെ കണ്ട കാര്യം ഓർത്തു.
അദ്ദേഹം ഇങ്ങനെ സമസ്യ പൂരിപ്പിച്ചു
“കാ ത്വം ബാലേ? കാഞ്ചന മാലാ
കസ്യാ പുത്രീ? കനകലതായാം
കിം തെ ഹസ്തേ? താലീ പത്ര
കാ വാ രേഖാ? ക ഖ ഗ ഘ!”
ആരാണു നീ പെൺകുട്ടീ? കാഞ്ചനമാല(ഉത്തരം)
ആരുടെ മകൾ? കനകലതയുടെ
എന്താണു നിന്റെ കയ്യിൽ? പനയോല (എഴുത്തോല)
അതിലെന്തണെഴുതിയിരിക്കുന്നത്? ക ഖ ഗ ഘ!
ഇതാണു സംഭവം.
രഞ്ജിത്ത് ഇത് അറിഞ്ഞുകൊണ്ട് എഴുതിയതാണെന്നാ ഞാൻ കരുതിയത്!
ജയൻ,
ഈ കഥ എനിക്കും അറിയാം.. പക്ഷെ വരികളിൽ എനിക്കു ചെറിയ തെറ്റുപറ്റിയെന്ന് തോന്നുന്നു.. ഏതായാലും തിരുത്തിയത് നന്നായി..
ജയന്‍ സാര്‍
"കനകലതായാഃ"
ദാ ഇവിടെ പണ്ടു കൊടുത്തിരുന്നു
ഈ കഥ എനിക്കും അറിയാം.... കാത്തും എന്ന് തന്നെയാണ് പക്ഷെ മാമേട്ടന്‍ പാടുമ്പോള്‍ അതിന്‍റെ രീതിയിലായിരിക്കുമെന്നു മാത്രം ...... വരികളിലെ തെറ്റ് തിരുത്താന്‍ ......മനോ ശ്രമിക്കുക ....ആ കഥാ പാത്രത്തെ ഉള്‍ക്കൊണ്ടു തന്നെ യാണ് ഞാന്‍ കാളിദാസ വരികളിട്ടത് ..... ചിലതുണ്ട്...... വരമൊഴികള്‍ക്കപ്പുരം നില്‍ക്കുന്നത് ......
ജയാ ഞാന്‍ അറിഞ്ഞു കൊണ്ട് തന്നെ യാണ് ഇതു എഴുതിയത് ഇല്ലെങ്കില്‍ എനിക്ക് ഒരു പോന്നരിവാളോ.. പാമ്പുകള്‍ക്കോ .....കൊടുത്താല്‍......മതിയായിരുന്നല്ലോ???
SUPER STORY
BY
BINU KOLLAM
എത്ര ചടുലമായ എഴുത്ത്!
ഗംഭീരം.
Post a Comment