സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പുതിയ (ഗുരുത്വാകര്‍ഷണ)നിയമം - എല്‍ദോസ് വേഴ്സസ് കര്‍ത്താവ്..

March 08, 2010 പ്രൊമിത്യൂസ്

ഈ കളി സാക്ഷാല്‍ കര്‍ത്താവും കളത്തിങ്കല്‍ തങ്കച്ചന്‍ സാറിന്‍റെ സീമന്ത സന്തതി സാക്ഷാല്‍ ശ്രീമാന്‍ എല്‍ദോസ് തങ്കച്ചനും തമ്മിലാണ്. കൂനമ്മാക്കല്‍ അച്ചന്‍ പല തവണ പറഞ്ഞതാ കളി കര്‍ത്താവിനോടു വേണ്ടാന്ന്. പിന്നെ എല്‍ദോസിനോടാണോ കളി?
വളരെ കുറച്ചു നേരമുള്ള അഗാധമായ ഉറക്കം മൂന്നാമത്തെ ഗിയറിലേക്ക് വീണപ്പോള്‍ എല്ദോസിന്റെ തലയിണയുടെ അടിയില്‍ ഭദ്രമായി വെച്ച നോട്ടു പുസ്തകം കര്‍ത്താവ് അടിച്ചു മാറ്റി.

"എല്‍ദോസേ..."

"ന്തോ ..? ആരാ...??"

"ഞാനാ കര്‍ത്താവ്.. അതേയ്, ആ പുസ്തകം ഞാനങ്ങ് എടുത്തോണ്ട് പോകുവാ.. ആരേം കാണിക്കാണ്ടേ നീ എന്നതാ ഈ എഴുതി വെച്ചതെന്ന് അറിയാഞ്ഞിട്ട്‌ ഒരസ്കിത... "

"അതേയ്.. അതേല്‍ തൊട്ടു കളി വേണ്ടാ.. എന്‍റെ പൊസ്തകത്തീ തൊട്ടാ കര്‍ത്താവാണ് എന്നൊന്നും ഞാന്‍ നോക്കുവേല.. കളിക്കല്ലേ..."

"ഹോ.. നീ എന്നാ പറഞ്ഞാലും ഇത് ഞാനങ്ങെടുക്കുവാ.. ഹല്ല പിന്നെ..."

കര്‍ത്താവ് പുസ്തകം തുറന്നു. വലിയ അക്ഷരത്തില്‍ തലക്കെട്ട്‌..
'എല്ദോസിന്‍റെ, എല്ദോസിന്‍റെ മാത്രം സ്വപ്‌നങ്ങള്‍....

അടുത്ത പേജില്‍ തങ്കച്ചന്‍ സാര്‍ കണ്ണുരുട്ടി. ദേഷ്യം മുഴുവന്‍ നല്ല പാതി റോസമ്മ ചേടത്തിയോടാണ്. ഒന്നിലും ഒരു താല്പര്യവുമില്ലാത്ത പൊന്നുമോന്‍റെ കൊണവതികാരം.. കൂടെ പഠിച്ചവന്മാരെല്ലാം യൂക്കേലും യൂഎസ്സിലും ജോലിയെടുക്കുമ്പോ ആറ്റിന്‍ കരേലും തൊടിയിലും കറങ്ങി നടക്കുന്നത് അവന്റമ്മച്ചി വഷളാക്കുന്നത് കൊണ്ടാണെന്ന്.. അവനു പത്രത്തീ പണി വേണത്രേ.. പിന്നേ.. കണ്ടവന്റെ തെറീം അടീം ചവിട്ടും കിട്ടാന്‍... ഹും.. !

അതിനടുത്ത പേജില്‍ തങ്കച്ചന്‍ സാര്‍ റോസമ്മ ചേടത്തിയോട് സ്വകാര്യം പറഞ്ഞു..
"ഡീ .. അവന്‍ വേണേല്‍ പത്രത്തില് പണിക്കു പൊയ്ക്കോട്ടേ അല്ലേ...?"

എല്‍ദോ തുള്ളിച്ചാടി.. പിന്നെ ലൈബ്രറിയിലേക്കുള്ള വഴിയിലൂടെ വെച്ച് പിടിച്ചു.. ആവുന്നത്ര വേഗത്തില്‍ ഓടി നോക്കി.. കാലു മാത്രം നീങ്ങുന്നില്ല..


അവിടെ എത്തുന്നതിനു മുന്‍പേ കര്‍ത്താവ് പിന്നേം പേജു മറിച്ചു..
റോസമ്മ ചേടത്തി കലിതുള്ളി..
" നീ എന്തേലും ചെയ്തു നാല് കാശുണ്ടാക്കി അങ്ങോരുടെ മൊഖത്തേക്ക് വലിച്ച് എറിഞ്ഞു കൊടുക്കടാ... പുള്ളിക്കാരന്‍ കലിപ്പ് തീര്‍ക്കണത്‌ എന്‍റെ പൊറത്താ.."

അതേ റോസമ്മ ചേടത്തി എല്ദോസിനെ ചേര്‍ത്തിരുത്തി പറഞ്ഞു..
"പുള്ളിക്കാരന്‍ സമ്മതിച്ചു ട്ടാ.. ഇനിയേലും നന്നായി ഈ നിഷേധമോക്കെ കൊറച്ച് നല്ല മോനാവ്...!"

എനിക്ക് പത്രത്തില് ജോലി കിട്ടിയേ എന്ന് വിളിച്ചു കൂവി, എല്‍ദോസ്.. പക്ഷെ ഒച്ച മാത്രം വരുന്നില്ല..

കര്‍ത്താവിന്റെ കണ്ണില്‍ അമ്പരപ്പ് കേറി.. അപ്പോഴേക്കും അടുത്ത പേജില്‍ കൂനമ്മാക്കല്‍ അച്ചന്റെ വെളുത്ത വസ്ത്രത്തിനുള്ളിലെ തേനീച്ച കുത്തിയ പോലുള്ള കറുത്ത മുഖം.

"നിഷേധി.. കര്‍ത്താവിനെ ധിക്കരിച്ചാ നീ കൊണം പിടിക്കുവേല എല്‍ദോസേ.. നീ മാത്രം എന്തേ ആ കുടുംബത്തില്‍ ഇങ്ങനെ...? ഇപ്പോക്ക് പോയാല്‍ നിന്‍റെ പേര് മാറ്റി വല്ല ലൂസിഫര്‍ എന്നോ മറ്റോ ആക്കേണ്ടി വരൂലോ..."

നല്ല വൈനിന്‍റെ മണമുള്ള കൈമുത്തി എല്‍ദോസ് പറഞ്ഞു..
"എനിക്ക് ജോലി കിട്ടി അച്ചോ.. പത്രത്തിലാ.. കോട്ടയത്ത്.."

ആ മുഖത്തു പടരുന്ന ചിരിക്കൊപ്പം വൈന്‍ ഭരണി പോലെ വീര്‍ത്ത അച്ചന്‍റെ വയറു പൊട്ടും പൊട്ടില്ല എന്ന അവസ്ഥയില്‍ എത്തിയപ്പോഴേക്കും പുരോഹിതനല്ലേ എന്ന് പേടിച്ച് കൊണ്ടാവണം കര്‍ത്താവ് അടുത്ത പേജിലേക്ക് പോയി..
റബ്ബര്‍ക്കാടിറങ്ങി ആലീസ് വരുന്നു.. ചെരുപ്പ് കമ്പനി മൊതലാളി തോമാച്ചായന്റെ മൂത്ത മോള്‍.. സെന്റ്‌ ജോണ്‍സ് കോളേജില്‍ മൂന്നാം വര്ഷം ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിനി.. റോട്ടില്‍ ലാസറു ചേട്ടന്റെ പെട്ടിക്കടയുടെ അടുത്ത് ബലൂണ് വില്‍ക്കുന്ന തമിഴ്നാട്ടുകാരന്‍ മുരുകണ്ണന്റെ ബലൂണുകള്‍ സീന്‍ മൊത്തം കളര്‍ഫുള്‍ ആക്കി..
അടുത്തെത്തിയപ്പോള്‍ മുഖം വെട്ടിച്ച് അവള്‍ പ്രാകി..
"വായ്നോക്കി.."

എല്ലാ എഫ്ഫെക്ടും ചേര്‍ത്ത് എല്‍ദോസ് വിളിക്കുന്നു..
"ആലീസേ.."

"എന്തേ..??"

"എനിക്ക് ജോലി കിട്ടീ ട്ടാ.. കോട്ടയത്ത്.. പത്രത്തിലാ..."

"അതിന്..??!!"

"ഇനിയെങ്കിലും നിനക്കെന്നെ ഇഷ്ടാണെന്ന് പറഞ്ഞു കൂടെ...?"

അവളുടെ നാണം കലര്‍ന്ന പുഞ്ചിരി പല നിറത്തിലുള്ള ബലൂണുകള്‍ക്കുള്ളില്‍ ഒളിച്ചു കളിച്ചു..

അടുത്ത പേജ് തുറന്നപ്പോള്‍ കര്‍ത്താവിനു തല കറങ്ങി.. വല്യ അക്ഷരത്തില്‍ എഴുതി വെച്ചേക്കുവാ, 'കര്‍ത്താവിന് എന്തിനാ മെഴുകു തിരി...? അങ്ങോര് ഇപ്പൊ അതാണോ കഴിക്കുന്നേ ?' എന്ന്..
ഇനിയും തുടര്‍ന്നാല്‍ പണി പാളുവേ... കര്‍ത്താവ് വിളിച്ചു..
"എല്‍ദോസേ.. എനിക്കിട്ടും പണിയാന്‍ തൊടങ്ങി അല്ലേ..? എന്‍റെ പേജ് ഒക്കെ ഞാനിങ്ങു കീറുവാ.. ബാക്കി ഒക്കെ ഞാന്‍ എത്തേണ്ടിടത്ത് എത്തിച്ചോളാം, കേട്ടാ ...?"

"ദേ, കര്‍ത്താവേ, എന്‍റെ കയ്യീന്ന് മേടിക്കുവേ..."

"എന്തോന്നാടെ ചെറുക്കാ കാലത്ത് കിടന്നു പിച്ചും പേയും പറയണത്... ? അവനും അവന്‍റെ ഒരു പത്രത്തിലെ ജോലീം.. പരീക്ഷ ഇനീം കെടക്കുവാ കടല് പോലെ.. അത് പഠിച്ചു പാസാവാന്‍ നോക്കാതെ അവന്‍റെ ഒരുദ്യോഗം... "

റോസമ്മ ചേടത്തി ഫോമില്‍ ആണ്.. എവിടെയോ എന്തോ കരിഞ്ഞു മണക്കുന്ന പോലെ.. ബ്രഷില്‍ പേസ്റ്റും എടുത്തു എല്‍ദോസ് മുറ്റത്തിറങ്ങി..

"ഹോ.. ജേര്‍ണലിസ്റ്റ് എണീറ്റോ...? ഉരുപ്പെടാത്തവന്‍..."

തങ്കച്ചന്‍ സാര്‍ എല്ലാ ദേഷ്യവും കൂടെ കാര്‍ക്കിച്ചെടുത്തു തുപ്പി നടന്നു...

എല്‍ദോസ് ലൈബ്രറിയിലേക്കുള്ള ഇടവഴിയിലേക്ക് ഇറങ്ങി.. ഓടി.. ഇപ്പോള്‍ കാലെല്ലാം നീങ്ങുന്നുണ്ട്... കുറച്ചു പോയപ്പോള്‍ തൊട്ടു മുന്നില്‍ കൂനമ്മാക്കല്‍ അച്ചന്‍..
"എല്‍ദോസേ..."
കണ്ണീപ്പെട്ടില്ല എന്ന് കരുതി ഊരാന്‍ തുടങ്ങുമ്പോള്‍ അച്ചന്‍ വിളിച്ചു...

"ഒന്ന് നിന്നേ.. എങ്ങോട്ടാ ഇത്ര ധൃതിയില്... കോട്ടയത്തേക്ക് ആണോ? പത്രാപ്പീസിലേക്ക്...??"

കണ്ണില്‍ ഇരുട്ട് കയറുന്നു.. വീണ്ടും ഓടാന്‍ തുടങ്ങുമ്പോള്‍ പിറകില്‍ നിന്നും അച്ചന്‍ വിളിച്ചു പറയുന്നുണ്ടാരുന്നു,
"അതേയ്.. ഞാന്‍ വൈന്‍ കുടി കുറച്ചു ട്ടോ " എന്ന്..

മുന്നില്‍ അതേ പെട്ടിക്കട.. മുരുകണ്ണന്റെ ബലൂണ്‍.. അതിനുള്ളിലൂടെ ആലീസിന്റെ മുഖം...
എല്‍ദോസ് പിറുപിറുത്തു..
"കര്‍ത്താവേ.. നിനക്കുള്ളത് ഞാന്‍ തരാം ട്ടാ... "

"ദേ, അവിടെ നിക്ക് എല്‍ദോസേ... "
ആലീസാണ്.
"ഉം...??"

"അല്ല.. എന്നെ പ്രേമിക്കാന്‍ പോന്നൊരു മൊതലേ... ഒന്ന് കാണാംന്നു വെച്ചിട്ട് വിളിച്ചതാ... അവനും അവന്‍റെ ഒരു പത്രോം... "
ആലീസിന്റെ ചിരിക്കൊപ്പം മുരുകണ്ണന്റെ ബലൂണുകള്‍ കെട്ടുവിട്ടു പറക്കാന്‍ തുടങ്ങി.. എല്‍ദോസ് ഒച്ചത്തില്‍ അലറി വിളിച്ചു...
"കര്‍ത്താവേ......!!!!"

അപ്പോള്‍ നന്നായി ഒച്ച പുറത്തു വരുന്നുണ്ടായിരുന്നു...
തന്‍റെ എല്ലാ രഹസ്യങ്ങളും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു...ഭാരങ്ങള്‍ നഷ്ടപ്പെട്ടു പോയിരിക്കുന്നു... താന്‍ വീര്‍ത്തു വീര്‍ത്തു വരുന്നതും ഗുരുത്വാകര്‍ഷണ നിയമങ്ങളെ കാറ്റില്‍ പറത്തുന്നതും പതിയെ അന്തരീക്ഷത്തിലേക്ക് ഉയരുകയും ചെയ്യുന്നത് മനസ്സിലാക്കി ശ്രീമാന്‍ എല്‍ദോസ് കണ്ണുകള്‍ ഇറുക്കിയടച്ചു...

"കര്‍ത്താവേ... അടുത്ത പേജ് തൊട്ടു പോകരുത്... ഞാന്‍ പൊട്ടിത്തെറിക്കുവേ...!!!"
എല്‍ദോസ് തങ്കച്ചന്‍ ഒന്നുകൂടെ വീര്‍ത്തു...

_______________

16 Comments, Post your comment:

Unknown said...

ആദ്യമായി എന്റെ വക.
എന്നാലും എല്‍ദോയോടു ഇത് വേണ്ടായിരുന്നു!

റോസാപ്പൂക്കള്‍ said...

ഈ കര്‍ത്താവ് എല്‍ദോയോടെന്താ ഇത്ര പാര..?

Anonymous said...

PADACHONEEEEEEE,NINAGALOKKE ENGANE TUDANGIYAAL NJANGAL ENTH CHEYYUM,ENTE RAHSYAM KOLLAYADIKKAN ENG VARENDA TTO ,VANNAL......PINNE ENTE KARYAM KATTAPOKAYAAAAAAAA

Styphinson Toms said...

എല്‍ദോസെ സൂക്ഷിച്ചു ... കര്‍ത്താവു ഇനിയും വന്നേക്കും ഇത് കാണണ്ട ...

JIGISH said...

കര്‍ത്താവും എല്‍ദോസും തമ്മില്‍ മാത്രമല്ല;
സ്വപ്നവും സത്യവും തമ്മിലുള്ള ഒരു രസകരമായ ചതുരംഗക്കളി കൂടിയായി, കഥ വികസിച്ചു വരുന്നതു കാണാന്‍ നല്ല സുഖമുണ്ട്..!! ഭാഷയും ശില്പവും തന്നെയാണ് താരം..!

പല നിറമുള്ള ബലൂണുകള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന ആലീസിന്റെ പ്രണയം പോലെ, സ്വപ്നജീവിതത്തിന്റെ മായികമായ തലം എന്നെ ശരിക്കും രസിപ്പിച്ചു..!

മുരളി I Murali Mudra said...

കര്‍ത്താവും എല്‍ദോസും തമ്മിലുള്ള കളി മനോഹരമായി.
സ്വപ്നവും ജീവിതവും മാറിമറിയുന്ന മായക്കാഴ്ച.സ്വപ്‌നങ്ങള്‍ അപഹരിക്കപ്പെട്ടു പോകുന്നിടത്തു പത്രം കൂടി വന്നത് നന്നായി.

വിനയന്‍ said...

വളരെ ഇഷ്ട്ടപ്പെട്ടു. കര്‍ത്താവും എല്‍ദോയും പത്രവും ബലൂണും ജീവിതവും സ്വപ്നവും. വളരെ രസകരമായ ഒരു എഴുത്ത്.

jayanEvoor said...

‘എൽദോസ് വേഴ്സസ് കർത്താവ്’കലക്കി!
രസകരമായി വായിച്ചു!

(പുതിയതെന്തെങ്കിലും എഴുതി ‘ഋതു’വിൽ ഇടാൻ കുറച്ചു നാളായി ശ്രമിക്കുന്നു. സമയം പിറ്റി തരുന്നില്ല.... മുന്നെ എഴുതിയ ഒന്ന് ഉടൻ പോസ്റ്റ് ചെയ്യാം)

പ്രൊമിത്യൂസ് said...

മൊത്തത്തില്‍ എല്ദോസിന്റെ സമയം ശരിയല്ലാ എന്ന് തോന്നുന്നു. നേരം തെറ്റി പോസ്റ്റ്‌ ചെയ്തതോണ്ട്‌ ആവണം കൊറേ ബലൂണ്‍ ശൂ ശൂന്നു പൊട്ടിപ്പോയത്.. ഇവിടെ വന്നു വായിച്ച എല്ലാ കൂട്ടുകാര്‍ക്കും എല്ദോസിന്റെ വക ഓരോ ബലൂണ്‍..(പൊട്ടാത്തത്...!) ഒരു പച്ച, ഒരു ചൊമല, ഒരു നീല, അങ്ങനെ കളര്‍ കളര്‍ ആയി...
സ്നേഹം..
:)

രാജേഷ്‌ ചിത്തിര said...

നന്നായി ലാജു ഈ കഥ

ചിരിപ്പിച്ചു :ചിന്തിപ്പിച്ചു

Renjishcs said...
This comment has been removed by the author.
Renjishcs said...

താങ്കളുടെ ഈ കഥ ഒരുപാട് ചിന്തകളിലേക്ക് എന്നെ വലിച്ചു കൊണ്ട്പോയി ലാജൂ.
കഥയുടെ പേരു മുതല്‍ എഴുതി നിര്‍ത്തിയ അവസാന വാക്ക് വരെ.
സ്വപ്നങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഈ കോണ്‍‌ട്രാസ്റ്റ് വളരെ ഹൃദ്യമായി.
അതിലുമുപരി തന്റേതെന്നു നമ്മെളെല്ലാം വീമ്പു പറയുന്ന നമ്മുടേതു മാത്രമായ രഹസ്യങ്ങള്‍, അത് അങ്ങനെയല്ലാതായി തീരുന്ന അവസ്ഥ ഭീകരം തന്നെ അതിന്റെ ഓര്‍മ്മപെടുത്തല്‍ കൂടിയായി ഈ കഥ.
യുവര്‍ റൈറ്റിംഗ് സ്റ്റൈല്‍ ഈസ് ആള്‍സൊ റിയലി ഇന്‍സ്പൈറിംഗ് ....!!

പ്രൊമിത്യൂസ് said...

thank you ink-stem and renju...:)

KS Binu said...

എല്‍ദോസും കര്‍ത്താവും കലക്കി... ലളിതമായ ഭാഷയില്‍ സൂപ്പര്‍ കഥകള്‍ എഴുതാമെന്ന് വീണ്ടും തെളിയുന്നു.. ഫിക്ഷനും യാഥാര്‍ഥ്യവും ഇട കലര്‍ത്തിയിരിക്കുന്നതിന്റെ ചേരുവ അതിമനോഹരം... എല്ലാം പാകത്തിന്... എന്താ പറയ്ക... തകര്‍ത്തു...!!

vinus said...

വൈകി എന്നാലും കഥ നന്നായി വ്യത്യസ്തമായ് ഒന്ന്

Salini Vineeth said...

കിടിലമായി എഴുത്തു.. നല്ല ഒഴുക്ക്.. നല്ല കൈയ്യടക്കം.. സാധാരണക്കാരന് വായിച്ചു മനസ്സിലാക്കാന്‍ പറ്റുന്ന ലാളിത്യം..
വളരെ വ്യത്യസ്തമായ അവതരണം... ഇനിയും എഴുതു..
ആശംസകള്‍...