സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പ്രണയം വരുന്ന വഴികൾ

March 01, 2010 mini//മിനി



             സന്ധ്യ കഴിഞ്ഞ്, ഇരുട്ടിന് കനം കൂടിയതോടെ സൻഷ ഗോപിനാഥൻ പേടിച്ച് വിറക്കാൻ തുടങ്ങി. അവളുടെ ചിന്തകൾ കാടും മലയും കയറിമറിഞ്ഞതിനു ശേഷം, ഇപ്പൊൾ പൊട്ടിച്ചിതറാൻ കാത്തിരിക്കുന്ന ഒരു അഗ്നിപർവ്വതം കണക്കെ തിളച്ച്‌മറിയുകയാണ്. മറ്റുള്ളവരുടെ മുന്നിൽ ധൈര്യശാലിയാണെങ്കിലും ഇപ്പോൾ അണകെട്ടി നിർത്തിയ ഭയം നെഞ്ചിനുള്ളിൽ ‘അതിക്രമിച്ച് കടന്ന’ ഒരു ചിലന്തിയെപൊലെ, അവളുടെ ഹൃദയപേശികൾ തകർക്കുകയാണ്. 


ആറ് മണിമുതൽ അവൾ ആ നാൽക്കവലയിലെ സ്ട്രീറ്റ്‌ലൈറ്റിനു സമീപം നിൽക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ രാത്രി എട്ട് മണിയാവാറായി.

             സാധാരണ ഇതേ സ്ഥലത്ത്‌വെച്ചാണ് അവൾ നാട്ടിലേക്കുള്ള ബസ് കയറുന്നത്. എല്ലാ ദിവസവും ‘പ്ലസ്2‘ ക്ലാസ്സിൽ നിന്ന് നേരെ കോച്ചിങ്ങ് സെന്ററിൽ പോകും. തിരിച്ച് വരുമ്പോൾ ടൌണിൽ നിന്നുള്ള ബസ്സിൽ വന്ന്, ഇവിടെ ഇറങ്ങിയ ഉടനെ കൃത്യം ആറ് മണിക്ക് അവളുടെ വീടിനടുത്തേക്കുള്ള ബസ് വരുന്നതാണ്. ആ ബസ്സിൽ നിന്നും ഇറങ്ങി, പത്ത് മിനുട്ട് നടന്നാൽ സൻഷാലയം എന്ന മനോഹരമായ കൊച്ചു വീട്ടിലെത്താം.
  
എന്നാൽ ഇന്ന് എന്താണ് സംഭവിച്ചത്?  

പെട്ടെന്ന് ഒരു വാഹനവും ഓടാതായി; മിന്നൽ‌പണിമുടക്ക്. ഒരു യാത്രക്കാരൻ ഒരു കിളിയെ അടിച്ചതാണ് കാരണം എന്ന് തൊട്ടടുത്തുള്ള പെട്ടിക്കടയിൽ നിന്നും പറയുന്നത് കേട്ടു.

            അരമണിക്കൂർ മുൻപ് നിറയെ ആളുകളെ കുത്തിനിറച്ച ഒരു ജീപ്പ് അവളുടെ സമീപം വന്ന് നിർത്തി; അതിലുള്ള ചിലർ അവളെ വിളിച്ചു,
“ബസ്സൊന്നും പോകുന്നില്ല; ഈ വണ്ടി നാട്ടിലേക്ക് പോകുന്നതാണ് കയറിക്കൊ”
          അകത്തും പുറത്തും ആളുകൾ നിറഞ്ഞ വാഹനത്തിൽ ആണുങ്ങളെ മുട്ടിയുരുമ്മി യാത്രചെയ്യുന്ന കാര്യം അവൾക്ക് ചിന്തിക്കാനെ കഴിഞ്ഞില്ല. അവരുടെ ചോദ്യം കേട്ട ഭാവം നടിക്കാതെ അവൾ മറുവശത്ത് നോക്കിനിന്നു. ജീപ്പ് സ്റ്റാർട്ട് ചെയ്ത് പോകുമ്പോൾ പിന്നിൽ പിടിച്ചു തൂങ്ങുന്ന കിളി കമന്റ് ഇട്ടു,
“സഹായിക്കാമെന്ന് വെച്ച് ചോദിച്ച നമ്മളെയാണ് തല്ലേണ്ടത്”

              വളരെ ഫാസ്റ്റ് ആയി കറുപ്പ് നിറത്തിൽ, അവൾക്ക് ചുറ്റും, അന്ധകാരത്താൽ ആവരണം ചെയ്യപ്പെടുന്നത് കണ്ട് സൻഷ ഞെട്ടി. ജീവിതത്തിൽ ആദ്യമായി, ഇരുട്ടിനെ മുഖാമുഖം കാണുന്ന അവൾക്ക് ഭയപ്പെട്ട് നിലവിളിക്കാൻ തോന്നിയെങ്കിലും ശബ്ദം പുറത്തുവന്നില്ല. അപ്പോൾ ആ ഇരുട്ടിനെ കീറി മുറിച്ച് മദ്ധ്യവയസ്ക്കനായ ഒരാൾ അടുത്തുവന്ന് അവളെ നോക്കി,
“അല്ല ഇത് ഗോപിയേട്ടന്റെ മകളല്ലെ? മോളേ, ഇന്നിനി ബസ് വരില്ല; ഒരു ഓട്ടോ വിളിക്കട്ടെ, ഞാൻ കൊണ്ടുവിടാം”
“അത് വേണ്ടാ”
മുഖത്തടിച്ചപോലെ പെട്ടെന്നുള്ള അവളുടെ മറുപടിയിൽ ആ മനുഷ്യൻ ഒന്ന് ഞെട്ടി; പിന്നെ ഒന്നും പറയാതെ പിറുപിറുത്തുകൊണ്ട് തിരിച്ച് നടന്നു.

              സൻഷ വീടിനെ പറ്റി ഓർക്കാൻ തുടങ്ങി. ഇപ്പോൾ വീട്ടിലെത്തി ചായയും ചപ്പാത്തിയും കഴിച്ച് സ്വന്തം മുറിയിൽ പഠിക്കാനിരിക്കുന്ന സമയമായി. അമ്മ ഇപ്പോൾ എന്തായിരിക്കും ചെയ്യുന്നത്? താൻ വീട്ടിലെത്തുന്നതിന് അര മണിക്കൂർ മുൻപ്‌തന്നെ വഴിക്കണ്ണുമായി നിൽക്കാറുള്ള അമ്മയുടെ അവസ്ഥ എന്തായിരിക്കും? കരഞ്ഞ്‌ കരഞ്ഞ് തളർന്നപ്പോൾ അറിയാവുന്ന അമ്പലങ്ങളിലെല്ലാം ദൈവത്തെ വിളിച്ച് നല്ലൊരു തുക പ്രോമിസ് ചെയ്തിരിക്കും. വളരെ പാവമായ; ഭർത്താവിനെയും മക്കളെയും ജീവനുതുല്യം സ്നേഹിക്കുകയും അവർക്ക് വേണ്ടി മാത്രം ജീവിക്കുകയും ചെയ്യുന്ന അമ്മ; ഇപ്പോൾ മകളെ കാണാതെ പേടിച്ച് മനമുരുകി പ്രാർത്ഥിക്കുന്നുണ്ടാവും. വീട്ടിൽ ഒരു ജോലിയും തന്നെക്കൊണ്ട് ചെയ്യിക്കാത്ത, വീട്ടിനു പുറത്ത് ഒരു ലോകമില്ലാത്ത ആ അമ്മയുടെ മകളായി ജനിച്ചതിൽ അവൾക്ക് എന്നെന്നും അഭിമാനമാണ്.

              ഏകാന്തതയുടെ ഭീകരത ആ പെൺ‌കുട്ടി ശരിക്കും തിരിച്ചറിഞ്ഞു. വീടും വിദ്യാലയവും അല്ലാതെ മറ്റൊരു ലോകത്തെപറ്റി അറിയാത്ത അവൾ ആകെ വിയർത്തു കുളിച്ചു. നാട്ടി‌പുറത്തായിട്ടും ‘അയൽ‌പക്കത്തെ വീടുകളിൽ ആരൊക്കെയാണ് താമസിക്കുന്നത്’, എന്ന് അറിയാത്ത ചുറ്റുപാടിലാണ് അവൾ വളർന്നത്. കൂലിപ്പണി മതിയാക്കിയ അച്ഛൻ ജോലി തേടി ഗൾഫിലേക്കും, കളിക്കൂട്ടുകാരനായ ചേട്ടൻ അന്യസംസ്ഥാനത്ത് ഉപരിപഠനത്തിനും പോയതോടെ വീട്ടിൽ അമ്മയും മകളും മാത്രം. ആവശ്യത്തിനു മാത്രം എത്തിചേരുന്ന അകലെയുള്ള ബന്ധുക്കളെയാണ് അവർ എപ്പോഴും ആശ്രയിക്കുന്നത്.

             അമ്മയെകുറിച്ചുള്ള ചിന്തകളുടെ നോവ് അവൾക്ക് താങ്ങാവുന്നതിലപ്പുറമായി. അമ്മയിപ്പോൾ തന്റെ കൂടേ പഠിക്കുന്നവരെയും ബന്ധുക്കളെയും ഫോൺ ചെയ്തിരിക്കുമോ? ഒന്നിച്ച് ക്ലാസ്സിലുള്ളവരെല്ലാം വീട്ടിലെത്തി എന്നറിയുന്ന അമ്മ എന്തായിരിക്കും ചിന്തിക്കുന്നത്? സ്ക്കൂളിൽ മൊബൈൽ നിരോധിച്ച സർക്കാറിനെ അവൾ ശപിച്ചു. വീട്ടിലേക്ക് ഒന്ന് ഫോൺ ചെയ്യാൻ ആ പരിസരത്ത് ആകെയുള്ള കോയിൻ ബോക്സ് രണ്ട് വർഷം മുൻപ്  തുരുമ്പ് പിടിച്ച് തകർന്നു.

             ഏകാകിയായ പെൺ‌കുട്ടിയെ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ കണ്ടപ്പോൾ ആരൊക്കെയോ ഇരുട്ടിന്റെ മറവിൽ‌നിന്നും, കഴുകൻ കണ്ണുകളുമായി ഒളിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. ചെറുപ്പക്കാരുടെ അടക്കം‌പറച്ചിൽ കേട്ട് അവൾ ഞെട്ടാൻ തുടങ്ങി. നാളത്തെ പത്രവാർത്തയുടെ ഫ്രണ്ട്‌പേജ് അവളുടെ മനസ്സിൽ തെളിഞ്ഞു; അതിന്റെ അടിയിൽ അവളുടെ ഫോട്ടൊയല്ലെ? എന്റെ ഈശ്വരാ ഇതെന്ത് പരീക്ഷണം?

               റോഡിലൂടേ ഹൈ സ്പീഡിൽ പോയ ഒരു ‘റ്റു വീലർ’ സഡൻ‌ബ്രെയ്ക്കിട്ട് അല്പം മുന്നിൽ നിർത്തിയപ്പോൾ അത് കാലന്റെ വാഹനമായി അവൾക്ക് തോന്നി. ബൈക്കിൽനിന്നും താഴെയിറങ്ങിയ ചെറുപ്പക്കാരൻ അവളുടെ സമീപം വന്ന് വിളിച്ചു,
“സൻഷാ നീയിവിടെ ഒറ്റക്ക്”
               പരിചയമുള്ള ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ അവൾ കണ്ടത് പ്ലസ്2 ക്ലാസ്സിൽ പിൻബെഞ്ചിലിക്കുന്ന സഹപാഠിയെയാണ്. സ്ഥിരം തല്ലിപ്പൊളിയായ, അദ്ധ്യാപകർക്ക് തലവേദന സൃഷ്ടിക്കുന്ന, ക്ലാസിന്റെ അച്ചടക്കം നശിപ്പിക്കുന്ന തടിയൻ. തിരിച്ചങ്ങോട്ട് വിളിക്കാൻ അവന്റെ ഒറിജിനൽ പേരുപോലും അവൾക്കറിയില്ല. 
അവൻ പറയാൻ തുടങ്ങി,
“വീട്ടിലേക്ക് പോകാൻ ബസ് കിട്ടിയിരിക്കില്ല; പെട്ടെന്നാണല്ലൊ മിന്നൽ പണിമുടക്ക്. ഓ, രാത്രിയായിട്ടും ആരും വീട്ടിൽ‌നിന്നും വരാനില്ലെ? വണ്ടിയുടെ പിന്നിൽ കയറിയിരിക്ക് ഞാൻ വീട്ടിൽ കൊണ്ടുവിടാം”
അവൻ ബൈക്കിൽ കയറിയിരുന്ന് സ്റ്റാർട്ട് ചെയ്തു.
                അവൾ കൂടുതൽ ചിന്തിക്കാതെ ചൂരിദാറിന്റെ ഷാൾ പിന്നിലൊതുക്കിയ ശേഷം പിൻസീറ്റിൽ ഒരു വശം‌ചേർന്ന് കയറിയിരുന്നു. ഭാരമുള്ള ബാഗ് മടിയിൽ വെച്ച്, മുറുകെ പിടിച്ചശേഷം വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു.

                വണ്ടി മുന്നോട്ടെടുക്കുമ്പോൾ അതുവരെ ഇരുട്ടിൽ ഒളിച്ചവർ സ്ട്രീറ്റ്‌ലൈറ്റിന്റെ ചുവട്ടിൽ ഒത്തുകൂടുന്നത് ഒറ്റ നോട്ടത്തിൽ കണ്ടു.
അല്പദൂരം പോയി ഒരു വളവ് തിരിയുമ്പോൾ പെട്ടെന്ന് അവളുടെ ബാഗ് താഴെ വീണു,
“അയ്യോ,,”
അവൻ വണ്ടി നിർത്തിയശേഷം ഇറങ്ങിപോയി ബാഗുമായി തിരിച്ച് വരുമ്പോൾ പറഞ്ഞു,
“എന്തൊരു കനമാ? വീട്ടിലുള്ള എല്ലാ ബുൿസും വാരിനിറച്ചാണല്ലൊ ഈ പെൺകുട്ടികളുടെ വരവ്”
ബാഗ് ബൈക്കിന്റെ കെരിയറിൽ വെച്ചശേഷം കയറിയിരുന്ന് സ്റ്റാർട്ട് ചെയ്യുമ്പോൾ അവൻ ചോദിച്ചു,
“ഇതുവരെ ബൈക്കിന്റെ പിന്നിലൊന്നും ഇരുന്നിട്ടില്ലെ? നിന്റെ ടെൻഷൻ കണ്ട് ചോദിച്ചതാ”
“ഇല്ല”
“എന്നാൽ സൈഡിൽ പിടിച്ച് താഴെ ചവിട്ടി ഉറപ്പിച്ചിരുന്നോ. പിന്നെ വീഴുമെന്ന് പേടിയുണ്ടെങ്കിൽ എന്റെ ചുമലിലോ കോളറിലോ എവിടെയായാലും പിടിക്കാൻ മടിക്കേണ്ട”

               അവന്റെ ശരീരം തൊടാതെ മുറുകെപിടിച്ച് ഇരുട്ടത്ത് ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ അവൾ പലതും ചിന്തിച്ചു.
‘ആണിനെ ഒരിക്കലും വിശ്വസിക്കെരുതെന്നാണ് അമ്മ അവളെ പഠിപ്പിച്ചത്. സ്വന്തം അച്ഛനെപോലും വിശ്വസിക്കാൻ പാടില്ല എന്നാണ് ഒരിക്കൽ അവളോട് പറഞ്ഞത്. ക്ലാസ്സിലെ ആൺ‌കുട്ടികളോട് എപ്പോഴും അകൽച്ച കാണിക്കുന്ന അവൾക്ക് സഹപാഠികൾ നൽകിയ ഓമനപ്പേരുണ്ട്; 
വെർജിൻ മൊബൈൽ’.
                അങ്ങനെയുള്ള സൻഷക്കാണ് ഇപ്പോൾ ക്ലാസ്സിലെ ഏറ്റവും തല്ലിപ്പൊളി പയ്യനെ വിശ്വസിക്കേണ്ടി വന്നത്. ബൈക്കുമായി ഇങ്ങനെയൊരുത്തൻ വന്നില്ലെങ്കിൽ തന്റെ അവസ്ഥ എന്താകുമായിരിക്കും? അപകടത്തിൽ‌നിന്നും രക്ഷപ്പെട്ടത് വീട്ടിലിരുന്ന്‌കൊണ്ട്, തനിക്ക് വേണ്ടി അമ്മ പ്രാർത്ഥിച്ചതു കൊണ്ടാവാം.

               അവൾ പറഞ്ഞ വഴിയെ വണ്ടിയോടിച്ച് വളവും തിരിവും കഴിഞ്ഞ് വീടിന്റെ ഗെയിറ്റ് കടക്കുമ്പോൾതന്നെ മകളെയും പ്രതീക്ഷിച്ച് വരാന്തയിൽ നിൽക്കുന്ന അമ്മയെ കണ്ടു. ബസ് ഓടാത്ത കാര്യമൊന്നും അമ്മ അറിഞ്ഞിരിക്കാൻ ഇടയില്ല. മുറ്റത്ത് നിർത്തിയ വണ്ടിയിൽ നിന്നും ഇറങ്ങിയ അവൾ, കെരിയറിൽ നിന്നും എടുത്ത ബാഗ് കൈനീട്ടി വാങ്ങുമ്പോൾ തന്നെ സഹായിച്ചവനോട് പറഞ്ഞു,
“ഇത്രത്തോളം വന്നില്ലെ; ഒന്ന് വീട്ടിൽ കയറി എന്റെ അമ്മയെ പരിചയപ്പെട്ടശേഷം ചായകുടിച്ച് പോകാം”
“അത് വേണ്ട, എനിക്ക് പോകാൻ തിരക്കുണ്ട്. പിന്നെ അമ്മ പേടിച്ചിരിക്കയാ, മോള് വേഗം പോയാട്ടെ”

               മരണത്തിന്റെ വായിൽ‌നിന്നും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ അവൾ വരാന്തയിൽ കയറി അമ്മയെ വിളിച്ചു,
“അമ്മെ ഞാൻ .”
“ഠേ,”
മുന്നോട്ട് വന്ന അമ്മ അപ്രതീക്ഷിതമായി മകളുടെ ചെകിട്ടത്ത് അടിച്ചു. അമ്മയിൽ നിന്നും ആദ്യമായി കിട്ടിയ അടിക്ക് നല്ല ശക്തിയുണ്ടായിരുന്നു. ദേഷ്യം തീരാത്ത അമ്മ അവൻ കേൾക്കെ പറയാൻ തുടങ്ങി,
“കണ്ട് തെണ്ടിയോടൊപ്പം കറങ്ങിയിട്ട് രാത്രി കയറി വന്നിരിക്കയാ; എടീ നിനക്കൊന്നും ചോദിക്കാനും പറയാനും ആളില്ലാന്നാ വിചാരം?”

              സൻഷ ശരിക്കും ഞെട്ടി. അടിയെക്കാൾ വേദനിപ്പിച്ചത് വാക്കുകളായിരുന്നു. ഒരു വലിയ അപകടത്തിൽനിന്നും രക്ഷപ്പെട്ട് വരുന്ന മകളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതിനു പകരം അടിക്കുക. രക്ഷപ്പെടുത്തിയവന്റെ മുന്നിൽ വെച്ച് കാര്യമറിയാതെ അപമാനിക്കുക. തന്റെ അമ്മയിൽ നിന്നും ഇങ്ങനെയൊരു പ്രതികരണം ഒരിക്കലും അവൾ പ്രതീക്ഷിച്ചിരുന്നില്ല.

              ഓടിപ്പോയി സ്വന്തം മുറിയിൽ കടന്ന് വാതിലടക്കുമ്പോൾ അമ്മയുടെ ശബ്ദം ഉയർന്ന് കേട്ടു,
“എടാ തെണ്ടീ, നിനക്കൊക്കെ കറങ്ങിനടക്കാൻ എന്റെ മകളെത്തന്നെ വേണമായിരുന്നോ? നിന്റെ തലയിൽ ഇടിത്തീ വീഴും. അച്ഛനും അമ്മക്കും നാണക്കേടുണ്ടാക്കാനായി, ഇവിടെ ഒരുത്തി കണ്ട എരപ്പാളിയുടെകൂടെ പാതിരാത്രിക്ക് കയറി വന്നിരിക്കുന്നൂ”

              അവൾക്ക് കരച്ചിൽ നിയന്ത്രിക്കാനായില്ല. അമ്മയിൽ നിന്നും ഇതുവരെയില്ലാത്ത ഒരു സമീപനം! മകളുടെ ജീവൻ രക്ഷിച്ചവനെ കാര്യം അറിയാതെ ഇങ്ങനെ അപമാനിക്കുക. നാളെ ക്ലാസ്സിൽ പോയാൽ ആ കുട്ടിയുടെ മുഖത്ത് എങ്ങനെ നോക്കും? അമ്മയെ കുറിച്ച് അതുവരെയുള്ള ധാരണകളെല്ലാം തകിടം മറിയുകയാണ്. ക്ലാസ്സിൽ മറ്റുള്ളവർക്കെല്ലാം മിനിമം ഒരു ലൈൻ ഉണ്ടെങ്കിലും ഇതുവരെ അതൊരു പോരായ്മയായി സൻഷക്ക് തോന്നിയിട്ടില്ല. 

               ഭീതിയുടെ മുൾമുനയിൽ നിന്ന ഏതാനും മണിക്കൂറുകൾ അവളുടെ മനസ്സിൽ ഫ്ലാഷ് ചെയ്തു. ക്ലാസ്സിൽ തരികിടയാണെങ്കിലും തന്റെ മുന്നിൽ വളരെ ഡീസന്റായി പെരുമാറിയ തന്നെ  രക്ഷപ്പെടുത്തിയ പയ്യനെ, തനിക്കേറ്റവും പ്രീയപ്പെട്ട അമ്മ കുറ്റപ്പെടുത്തുന്നു. മകൾ വൈകിയതിന്റെ കാരണം അറിഞ്ഞിട്ട് പോരായിരുന്നോ ഈ പ്രകടനം. അമ്മക്ക് തന്നെ വിശ്വാസം ഇല്ലെങ്കിൽ ഇനി എന്തിന് മര്യാദക്കാരിയായി ജീവിക്കണം? 
വിശ്വാസം അതല്ലെ എല്ലാം.

                 കരച്ചിലിന്റെ ഒടുവിൽ അവൾ കണ്ണുനീർ തുടച്ച് വാതിൽ തുറന്ന് പുറത്തിറങ്ങി. അമ്മയെ കണ്ടഭാവം നടിക്കാതെ അടുക്കളയിൽ പോയി ഭക്ഷണം എടുത്ത് കഴിച്ചു. അപ്പോഴും അവൾ ചിന്തിക്കുകയാണ്; ‘തന്റെ സ്നേഹിതകൾ, സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് പറഞ്ഞ് വീട്ടിൽ‌നിന്നും പുറത്ത്‌ചാടി ബോയ്‌ഫ്രന്റ്സിന്റെ കൂടെ അടിച്ചു പൊളിച്ച് ജീവിക്കുമ്പോൾ താൻ മാത്രമായി എന്തിന് മാറിനിൽക്കണം’.

                   സ്വന്തം ഐഡിയ എടുത്ത് മുറിയിൽ കയറി വാതിലടച്ചശേഷം സൻഷ നമ്പർ കറക്കാൻ തുടങ്ങി. ആദ്യം കിട്ടിയത് സ്വന്തം ക്ലാസ്സിലെ അശ്വതിയുടെ നമ്പറാണ്. ഡിഗ്രിക്ക് പഠിക്കുന്ന ചേട്ടനെ അവൾ ഒരിക്കൽ പരിചയപ്പെടുത്തിയിരുന്നു.

“ഹലോ,, അശ്വതിയല്ലെ?”
“എട കുട്ടാ നിനക്കെന്ത് പറ്റീ, ഇന്ന് പഠിക്കാനൊന്നും ഇല്ലെ?”
“നിന്റെ ചേട്ടനവിടെയുണ്ടോ? കെമിസ്ട്രിയുടെ ഒരു സംശയം ചോദിക്കാനാണ്, ഒന്ന് കൊടുക്ക്,,”
“അതെന്താടാ നിനക്കിപ്പോൾ ഒരു മനം‌മാറ്റം! നേരിട്ട് കണ്ടിട്ടും ഒരക്ഷരം മിണ്ടാത്ത ആൾക്ക് ഇപ്പോൾ എന്റെ പാവം  ചേട്ടനോട് സംസാരിക്കാൻ തോന്നിയത്? ഇപ്പൊത്തന്നെ സംശയം ചോദിക്കണോ?”
“വേണം, എടി നീയാ മൊബൈൽ ഒന്ന് കൊടുക്ക്”
“ഞാൻ കൊടുക്കാം; പിന്നെ എന്റെ ചേട്ടനൊരു പരമസാധുവാ, വല്ല ലൈനാക്കാനാണേൽ നീ ഒന്ന് ട്രൈ ചെയ്ത് നോക്ക്. ഞാൻ സഹായിക്കാൻ റെഡി”
അശ്വതി ചിരിച്ചുകൊണ്ട് മൊബൈൽ അഖിലിന്റെ കൈയിൽ കൊടുത്തു.
“ഹലോ,,,”
അങ്ങനെ സൻഷ ഗോപിനാഥൻ എന്ന ‘വെർജിൻ മൊബൈൽ’ പ്രണയത്തിന്റെ ആദ്യപടി കയറാൻ തുടങ്ങി.

23 Comments, Post your comment:

Manoraj said...

ഈ പോസ്റ്റ്‌ നല്ലവരായ മാതാപിതാക്കൾക്ക്‌ സമർപ്പിക്കുന്നു... കുട്ടികളേ.. നിങ്ങളും പറ്റിയാൽ വായിക്കുക.. നന്നാവുമെങ്കിൽ നന്നാവട്ടേ അല്ലേ ടീച്ചറേ, വിശ്വാസം അതല്ലേ എല്ലാം..

Sureshkumar Punjhayil said...

Nalla anubhavam chechy...!
Ashamsakal...!!!!

മനസ്സ്‌ said...

പഴയ കഥകള്‍ പോലെ ഈ അനുഭവവും നന്നായി ടിച്ചര്‍.

പട്ടേപ്പാടം റാംജി said...

അനുഭവം നന്നായി പറഞ്ഞു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ല അവതരണവും പ്രമേയവും. മുന്കൊപക്കാരായ മാതാപിതാക്കള്‍ മക്കളുടെ മനസ്സില്‍ തീ കോരിയിടുന്നത് ഇന്ന് സാധാരണം.കഥയില്‍ അശ്വതി ക്ക് ഫോണ്‍ ചെയ്യുന്നത് വരെ നല്ല rendering ആയിരുന്നു. അവിടന്നങ്ങോട്ട് എന്തോ ഒരു പോരായ്മ പോലെ ..

അഭി said...

നല്ല ഒരു പോസ്റ്റ്‌ ...............
ആശംസകള്‍

റോസാപ്പൂക്കള്‍ said...

നന്നായി...ഈ കഥ.പ്രണയം വന്നില്ലെങ്കിലേ അതിശയിക്കാനുള്ളു..
ഈ കഥ എല്ലാ മാതാപിതാകള്‍ക്കും ഒരു സന്ദേശമാകട്ടെ

സിന്ധു മേനോന്‍ said...

എന്തോ എനിക്കത്ര ഫീല്‍ ചെയ്തില്ല.........എങ്കിലും ഭാവുകങ്ങള്‍

മുരളി I Murali Mudra said...

ഒരു റിയലിസ്റ്റിക് സ്റ്റോറി.ക്ലൈമാക്സ് വേറെ രീതിയില്‍ വരുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്.
കഥയുടെ അവതരണം ഇഷ്ടപ്പെട്ടു..
കൌമാരത്തിന്റെ നിസ്സാരവല്‍ക്കരിക്കപ്പെടുന്ന ആകുലതകള്‍ നന്നായി പറഞ്ഞു..
ഇവിടെ ചോദ്യം ഇതാണ്..ആര്‍ക്കാണ് തെറ്റുന്നത്?? മാതാപിതാക്കള്‍ക്കോ അതോ മക്കള്‍ക്കോ..

ഇ.എ.സജിം തട്ടത്തുമല said...

അങ്ങനത്തെ അമ്മമാരുടെ കാലം കഴിഞ്ഞെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇന്നത്തെ അമ്മമാരും അടിപൊളി കേസുകളാ! ആ ചെറുക്കനെ വീട്ടിൽ കയറ്റി സൽകരിച്ചിട്ട് ലൈനൊക്കെ കൊള്ളാം, പക്ഷെ ഇരുട്ടും മുമ്പ് വീട്ടിൽ എത്തിക്കണം എന്നു പറയാനാണു സാദ്ധ്യത!

രാജേഷ്‌ ചിത്തിര said...

കഥ പറ‍ഞ്ഞ രീതിയും

അവസാനവും നന്നാക്കാമായിരുന്നു

ഭാവുകങ്ങള്‍

Anil cheleri kumaran said...

വിര്‍ജിന്‍ മൊബൈല്‍ പ്രയോഗം പുതുമയുണ്ട്, നന്നായി. ആ ബൈക്കില്‍ കൊണ്ട് വിട്ട ചെക്കനെ തന്നെ വിളിച്ചൂടായിരുന്നോ സന്‍ഷാഗോപിനാഥന്?

anupama said...

Dear Friend,
Good Evening!
HAPPY HOLI!
When the girl had the mobile,why she didn't inform her parents about the problems?Unbelievable.
These days chiildren are smart in communications and they are taught how to take care.
Misunderstandings do make the parents lose temper and the children to go through wrong routes.Still,the story could have had a happy ending.
As a blogger,let us give positive messages to the society.
Wishing you a happy March,
Sasneham,
Anu

ജീവി കരിവെള്ളൂർ said...

വിശ്വാസം ഒന്നുമല്ല ടീച്ചര്‍‌..
നല്ല കഥ.

mini//മിനി said...

കഥയിലെ സംഭവങ്ങൾ അല്പം പഴയതാണ്. അമ്മയെ മാത്രം മാതൃകയാക്കി അമ്മയുടെ ചിറകിനടിയിൽ ഒളിക്കുന്ന പെൺകുട്ടിക്ക് പ്രതികൂല ചുറ്റുപാടിനെ തരണം ചെയ്യാനുള്ള തന്റേടം ഇല്ലാതാവുന്നു. അമിതമായി വാത്സല്യം കാണിക്കുന്ന രക്ഷിതാക്കൾ അവർ ചെറിയ തെറ്റ് ചെയ്ത് എന്ന് തോന്നിയാൽ പെട്ടെന്ന് പ്രതികരിച്ച് അപകടം ഉണ്ടാക്കുന്നു. ഈ കഥ വായിച്ച് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ദൂരയാത്ര ചെയ്യുന്ന പെൺകുട്ടികൾക്ക് വളരെ അത്യാവശ്യമാണെങ്കിലും വിദ്യാലയങ്ങളിൽ മൊബൈൽ നിരോധിച്ചിരിക്കയാണ്.

thalayambalath said...

പ്രണയങ്ങള്‍ ഉണ്ടാകുന്നത്......... നന്നായിരിക്കുന്നു... അഭിനന്ദനങ്ങള്‍

സൂര്യ said...

സ്വന്തം അച്ഛനെ അടക്കം എല്ലാ ആണുങ്ങളെയും വെറുക്കണം എന്ന് പഠിപ്പിക്കുന്ന അമ്മമാര്‍.. കൊള്ളാം.. വിര്‍ജിന്‍ മൊബൈല്‍ സ്പൈസ് മൊബൈല്‍ ആകുന്നതില്‍ കുറ്റം പറയാന്‍ പറ്റില്ല... കഥ പറഞ്ഞ രീതിയില്‍ കുറേക്കൂടി ശ്രദ്ധ പുലര്‍ത്താമായിരുന്നു എന്ന് തോന്നി.. യൂത്തിന്റെ സില്ലി ആറ്റിറ്റ്യൂഡ് വെളിവാക്കുന്നു, ഈ വരികള്‍.. ആശംസകള്‍.

JIGISH said...

വളരെ ലളിതം;എന്നാല്‍ ചിന്തോദ്ദീപകം..!
ജീവിതശൈലി മാറിയതറിയാതെ, കുട്ടികളുടെ കയ്യില്‍ മൊബൈല്‍ വേണ്ട എന്നു തീരുമാനിച്ചവര്‍ക്ക് ഒരു നല്ല മറുപടി തന്നെ.!!

നര്‍മ്മത്തിന്റെ ഒരു മേമ്പൊടിയുണ്ടെങ്കിലും പൊള്ളുന്ന അനുഭവം..!!

ഒരു നുറുങ്ങ് said...

so touching

ശിവകാമി said...

‘വെർജിൻ മൊബൈൽ’ കൊള്ളാം ട്ടോ... ഇന്നിന്‍റെ നേര്‍ചിത്രം തന്നെ..

സ്വപ്നസഖി said...

കഥ നന്നായിട്ടുണ്ട്..... ഇന്നത്തെ കാലത്തെ ഒരു പഴയ അമ്മ.....
ആശംസകള്‍!!!

വിനയന്‍ said...

കഥ തുടങ്ങിയപ്പോള്‍ ഒരു പൈങ്കിളി ടച് തോന്നിയെങ്കിലും പിന്നീടങ്ങോട്ട് നന്നായി. അത് വളരെ നന്നായി അവസാനിപ്പിക്കുകയും ചെയ്തഉ.

Susan Sree said...

Nice post.