സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



സ്വപ്നങ്ങളുടെ തിരുശേഷിപ്പുകള്‍

February 27, 2010 Anonymous

അരികുകള്‍ പൊട്ടിപ്പൊളിഞ്ഞ് മങ്ങിത്തുടങ്ങിയ ബ്ലാക്ക് അന്റ് വൈറ്റ് ചിത്രം പോലെ, ഓര്‍മ്മകള്‍ വരി വരിയായി....
ഹൃദയത്തിന്നിടയിലൂടെ വേദന ഒളിച്ചു കളിക്കുന്നു, ശ്വാസം ഒരപരിചിതനെപ്പോലെ മടിച്ചു മടിച്ചു മാത്രം ....
അടഞ്ഞ കണ്ണിന്റെ മുന്നിലൂടെ പാഞ്ഞു കളിക്കുന്ന കുറേ ചിത്രങ്ങള്‍....

വളഞ്ഞു പുളഞ്ഞോടുന്ന പാടവരമ്പിലൂടെ, അതിനെയും തോല്‍പ്പിച്ച് മുന്നിലോടാന്‍,
കറുത്ത് മെലിഞ്ഞൊരു സൈക്കള്‍ ടയര്‍ കൂടെ വേണമെന്ന് ആദ്യം സ്വപ്നം കണ്ടത്, തലേന്ന് രാജുവിന്റെ കയ്യിലന്നൊന്ന്കണ്ടപ്പോളാണ്...
നീണ്ട കരച്ചിലിനൊടുവില്‍, ഇരുണ്ടു തുടങ്ങിയ ഒരു ഞായറാഴ്ച്ച വൈകുന്നെരമാണ്, ആ സ്വപ്നം, കയ്യിലേക്കെത്തിയത്...

നരച്ച ബോര്‍ഡിലെ, തെളിയാത്ത അക്ഷരങ്ങളെണ്ണി മടുത്തപ്പോള്‍, പതിനാലുകാരന്റെ പൊടിമീശയുടെ കനത്തില്‍,
മതിലു ചാടി, വര്‍ഗ്ഗീസിന്റെ, സൈക്കിളിന്റെ പിറകില്‍ യവനികയില്‍ 'അര നാഴിക നേരം' കാണാന്‍ പോയ രാത്രി,
ഒരു സൈക്കിളായിരുന്നു സ്വപ്നത്തില്‍.....
ആരും ഒരു സാധ്യതയും കാണാഞ്ഞിട്ടും, ആ വര്‍ഷം അവന്‍ പത്ത് പാസ്സായി...
വീടിന്റെ പിന്നാമ്പുറത്തെ ചായ്പ്പിലേക്ക് ഒരു സൈക്കിളും...

വര്‍ഷങ്ങള്‍ നീണ്ട് നിവര്‍ന്ന് ഓടുന്നതിനിടയില്‍,
പല സ്വപ്നങ്ങളുടെയും നിറം മങ്ങി, ചിലതിന്റെ നിറമിളകി..ഇടയില്‍ ചിലതിനു നിറം വെച്ചു..

സ്വപ്നങ്ങള്‍, മാരത്തോണിനിടയില്‍ ഊര്‍ജ്ജം പകരുന്ന ഗ്ലൂക്കോസ് പൊടി പോലെ....
എന്തോ..എപ്പോഴും ആ വെളുത്ത പൊടിമഴ തൂവിക്കൊണ്ടേയിരുന്നു....

നനഞ്ഞ മണ്ണ് നിറഞ്ഞു നിന്ന മുറ്റം, കോണ്‍ക്രീറ്റിനും;
വാഴയും കപ്പയും, റോസിനും ആന്തൂറിയത്തിനും;
മുള്ളു വേലി, കരിങ്കല്‍ കെട്ടിനും, വഴിമാറിയപ്പോ...
അയല്‍ വാസികളുടെ, നോട്ടവും സംരക്ഷണവും, തൊപ്പിവച്ച ഗൂര്‍ക്കയ്ക്കും, വാലു വെച്ച പട്ടിക്കും തീറെഴുതി.....
ഇതിനിടയിലെവിടൊക്കെയോ എന്തൊക്കെയോ കരിഞ്ഞെങ്കിലും,
അപ്പോഴും ഒരു സ്വപ്നം നിറഞ്ഞു കത്തി നിന്നിരുന്നു......

ഒരു പകലിന്റെ പാതി നടന്നാല്‍ തീരാത്തത്ര നീളത്തില്‍ കമ്പനി‍,
പേരിന്റെ തുമ്പില്‍ കെട്ടിയിട്ടാല്‍ നിലത്തിഴയുന്നത്ര പദവികള്‍, പെരുമകള്‍...
എന്നും പുതിയ ഒരോ നേട്ടങ്ങള്‍, ലാഭക്കണക്കുകള്‍....
ഒന്നിനു പിറകെ ഒന്നായി, ഒരോന്ന് ഓങ്ങിയെടുക്കുമ്പോളും ആ വെളുത്ത് പൊടിമഴ പിന്നെയും പിന്നെയും പെയ്തുകൊണ്ടേയിരുന്നു....
നിര്‍ത്താത്ത ഓട്ടത്തിനിടയില്‍, അന്നന്ന് കറുത്തു കൊണ്ടിരുന്ന കൈകളിലേക്ക്...

നിറം മങ്ങുന്ന സ്വപ്നങ്ങള്‍ക്ക് പകരം ഇരട്ടിയായി നിറമുള്ള സ്വപ്നങ്ങള്‍ വന്നപ്പോള്‍...
ആ ഓട്ടത്തിനൊരിക്കലും മുട്ടു വന്നില്ല... തളര്‍ച്ചയും....
പക്ഷെ, ഇതിനിടയില്‍ ചുറ്റും നിറമിളകി നിലം പതിച്ച ഒരുപാട് സ്വപ്നങ്ങള്‍ കാണാന്‍ മറന്നു..
മകന്റെ ഉയര്‍ച്ചയില്‍ സന്തോഷിച്ച്, ഒരു പാട് സ്വപ്നങ്ങള്‍ നെയ്ത അച്ഛനമ്മമാര്‍,
സ്വപ്നം തെളിച്ച രഥത്തില്‍ കയറി ആ വീട്ടുമുറ്റത്തിറങ്ങിയ ഭാര്യ.....
മടിയിലിരുത്തിയുള്ള ലാളന സ്വപ്നം കണ്ടുറങ്ങി മടുത്ത മക്കള്‍...
എല്ലാം, എല്ലാം....ഇപ്പൊള്‍ ഇതാ വരിവരിയായി...ഉടയാതെ...കണ്ണിനു മുന്നിലൂടെ......

കൂടെ നടന്ന എല്ലാവരും പലപ്പോഴായി കൈ വിട്ടു...ചില കൈകള്‍ പലപ്പോഴായി വിടീപ്പിച്ചു....
എന്നും എപ്പോഴും കൂടെ ഉണ്ടായിരുന്ന സ്വപ്നങ്ങള്‍ ഇന്ന്, ആദ്യമായി ആ കൈ വിട്ടു...
പിന്നെ...ദാ, ഇപ്പോ...ജീവിതം മുഴുവന്‍ വരി വരിയായി മുന്നില്‍ നിറഞ്ഞു നിന്നപ്പോള്‍,
താന്‍ നഷ്ടപ്പെടുത്തിയ ജീവിതം അയാളെ നോക്കി കൊഞ്ഞനം കുത്തി...
കണ്‍കോണീലേക്ക് ഒരു നീര്‍തുള്ളിയെ ഉരുട്ടി വിട്ട്, ഹൃദയം അത് ശരി വെച്ചു....
ഹൃദയത്തിനരികിലൂടെ വേദന അരിച്ചിറങ്ങുന്നതയാള്‍ അവസാനമായൊന്നറിഞ്ഞു.....

തണുത്തു മരവിച്ച ആ ആശുപത്രി മുറിയില്‍ നിന്നും, ആ ജീവനൊപ്പം ആനാഥമായ കുറേ ‘സ്വപ്നങ്ങളും‍’ ഊര്‍ന്നിറങ്ങി....
മരണം വരെ തങ്ങള്‍ക്ക് പിറകേ മരണപ്പാച്ചില്‍ പാഞ്ഞ്, ജീവിതം നഷ്ടപ്പെടുത്താനുള്ള അടുത്ത ഇരയെയും തേടി..

© കൊച്ചുതെമ്മാടി

18 Comments, Post your comment:

Rakesh R (വേദവ്യാസൻ) said...

ഒരു ജീവിതത്തെ ഈ ചുരുക്കം വാക്കുകളില്‍ മുന്നിലെത്തിച്ചല്ലോ :)

എന്തിനെന്നോ , ഏതിനെന്നോ അറിയാതെ നാം തിരക്കുകളുണ്ടാക്കുന്നു, ഒന്നില്‍ നിന്ന് വേറൊന്നിലേയ്ക്ക് പായുന്നു. വൃഥാ :)

mini//മിനി said...

സ്വപ്നങ്ങൾ അതാണല്ലൊ മനുഷ്യന്റെ വിജയത്തിനും പരാജയത്തിനും കാരണം, അതിനിടയിൽ ഓർമ്മകളായി ജീവിതം തുടിക്കട്ടെ.

JIGISH said...

അരനാഴികനേരത്തിലെ കുഞ്ഞേനാച്ചനെ ഓർമ്മ വന്നു..!! സ്വപ്നങ്ങളെ പിന്തുടരുന്ന തിരക്കിൽ, ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുന്നതറിയാത്ത പാവം മനുഷ്യർ..

ചുരുക്കം വാക്കുകളിൽ കാര്യം പറയുന്ന ക്രാഫ്റ്റ് കൊള്ളാം..

...sijEEsh... said...

മരണം വരെ തങ്ങള്‍ക്ക് പിറകേ മരണപ്പാച്ചില്‍ പാഞ്ഞ്, ജീവിതം നഷ്ടപ്പെടുത്താനുള്ള അടുത്ത ഇരയെയും തേടി..

:)

എറക്കാടൻ / Erakkadan said...

വേദവ്യാസൻ പറഞ്ഞതെ പറയാനുള്ളൂ...മനുഷ്യജന്മത്തിന്റെ അർത്ഥമില്ലാത്ത ചെയ്തികൾ ഒറ്റ തെമിലൂടെ പറഞ്ഞിരിക്കുന്നു

മുരളി I Murali Mudra said...

ജീവിതത്തില്‍, ഭൂതകാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് നടത്താത്തവര്‍ ചുരുക്കമാണ്. ചിലര്‍ അഹങ്കരിക്കുന്നു,ചിലര്‍ ആശ്വസിക്കുന്നു ചിലര്‍ നെടുവീര്‍പ്പിടുന്നു.
അവിടെ സ്വയം തിരിച്ചറിയുന്നവര്‍ വിരളമാണ്. നിസ്സംഗമായി ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍‍.
ഈ ചിന്ത നന്നായി..ക്രാഫ്റ്റും

Unknown said...

ചുരുങ്ങിയ വാക്കുകളില്‍ മനുഷ്യന്റെ സ്വപ്നങ്ങള്‍ക്ക് പിറകെയുള്ള നിര്‍ത്താത്ത ഓട്ടം മനോഹരമായി എഴുതി. അഭിനന്ദനങ്ങള്‍.

രാജേഷ്‌ ചിത്തിര said...

nalla kadha

nannaayi kochu....

:)

പട്ടേപ്പാടം റാംജി said...

നേരത്തെ കണ്ടിരുന്നു.

നന്നായി.

കൃഷ്ണഭദ്ര said...

നല്ല കാഴ്ച പാട്

സൂര്യ said...

കൊച്ചു തെമ്മാടി,
ഇതിനെ ഒരു കഥയെന്നു വിളിക്കാന്‍ എനിക്ക് പറ്റില്ല, ഇതൊരു നല്ല കവിതയാണ്.. കുറച്ചു നീട്ടി എഴുതിയ ഒരു കവിത.
ഭാവുകങ്ങള്‍...

Manoraj said...

സ്വപ്നങ്ങൾ ഇല്ലാതെ ജീവിതമില്ല.. നല്ല പോസ്റ്റ്

സിന്ധു മേനോന്‍ said...

NALLa vayanasugamundu

Renjishcs said...

കൊച്ചൂ കൊള്ളാട്ടോ.... എങ്കിലും...

"സ്വപ്നങ്ങള്‍, സ്വപ്നങ്ങളെ നിങ്ങള്‍
സ്വര്‍ഗ്ഗ കുമാരികളല്ലോ
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍
നിശ്ചയം ശൂന്യമീ ലോകം.."

എന്നാണല്ലോ....

thalayambalath said...

അഭിനന്ദനങ്ങള്‍

ശിവകാമി said...

നല്ല വരികള്‍... നന്നായി എഴുതി കൊച്ചൂസ്..

വിനയന്‍ said...

കഥയും കവിതയും ഇഴ ചേര്‍ന്ന് ഒരു നല്ല വായനാനുഭവം. സ്വപ്നങ്ങള്‍ക്ക് പിറകെ പായുന്ന മനുഷ്യന്‍റെ അവസ്ഥ ചിത്രങ്ങളായും കവിതയായും മുന്‍പും കണ്ടിട്ടുണ്ട്. എന്നാലും ഇവിടെ കുറച്ചു പുതുമ തോന്നി. നന്നായിരിക്കുന്നു.

സജി said...

തെമ്മാടീസ്,
ഇതെനിക്കു ഇഷ്ടമായി..
ഒരു തിരിച്ചു നടത്തത്തിനുള്ള സാധ്യത അവശേഷിപ്പിക്കാതെ, ആരോ വലിച്ചുപോകുന്ന ജീവിതം. ഞാനും നിസ്സാഹയനായി നടക്കുന്നു..

ഒരു ദിവസം തണുത്തു വെറുങ്ങലിച്ചു...ഹോ..