സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..

February 18, 2010 സൂര്യ


രഞ്ജിത്തിന്‍റെ നിര്‍ബന്ധമാണ്‌ ഇത്രയും ദൂരെ ഒരു സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കാരണം..

ചിലപ്പോള്‍ തോന്നാറുണ്ട് മലയാള സാഹിത്യത്തെ കുറിച്ച് കേരളത്തില്‍ നടക്കുന്നതിനേക്കാള്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നത് പുറത്താണെന്ന്.. പക്ഷെ എല്ലാം അവസാനിക്കുന്നത് പതിവ് പല്ലിട കുത്തി മണക്കലില്‍ തന്നെ.. എന്തൊക്കെ സംസാരിച്ചുവെന്നോ മറുപടികള്‍ പറഞ്ഞുവെന്നോ ഒന്നും ഓര്‍മ്മയില്ല.. "കഥയിലെ പെണ്‍ വഴികള്‍" ആണ് വിഷയം. മടുത്തു പെണ്ണെഴുത്തും ആണെഴുത്തും... തല പെരുത്തപ്പോഴാണ് രഞ്ജിത്തിനെ വിളിച്ച് ഒന്ന് റൂമില്‍ വിട്ടു തരാമോ എന്ന് ചോദിച്ചത്..
കാറില്‍ ഇരിക്കുമ്പോള്‍ അവന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു, പലതിനും അലക്ഷ്യമായി മൂളിക്കൊണ്ടിരുന്നു. ഞാന്‍ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയത് കൊണ്ടാവണം സംസാരം നിര്‍ത്തി അവനേതോ പഴയ ഹിന്ദി ഗാനം മൂളാന്‍ തുടങ്ങി.
'രഞ്ജിത്ത്, എനിക്ക് ഒരുപകാരം ചെയ്യാമോ.. എന്‍റെ കൂടെ ഒരിടം വരെ വരാമോ? എനിക്കാണേല്‍ ഇവിടെ എവിടെയും പരിചയമില്ല, ഭാഷയും വശമില്ല.."
പാട്ട് നിര്‍ത്തി അവന്‍ വാചാലനായി.
"ഇങ്ങനെ ഒരുപാട് അപേക്ഷിക്കേണ്ട കാര്യമുണ്ടോ മാഡം? എന്‍റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയുടെ കൂടെ ഒരു യാത്ര.. അല്‍പ സ്വല്പം കഥയും കവിതയും നെഞ്ചില്‍ കൊണ്ട് നടക്കുന്ന കാലത്ത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്, ഒരിക്കലെങ്കിലും കാണാന്‍.. ഭാഗ്യവാനാണ് ഞാന്‍.. ഒരുപാട് സന്തോഷം തോന്നുന്നു.. "
എനിക്കെന്തോ ചിരിയാണ് വന്നത്.. എഴുതുന്നത്‌ കഥകള്‍ അല്ല, ജീവിതം തന്നെയാണ് അനിയാ എന്ന് പറയണം എന്ന് തോന്നി.
"മാഡം എവിടെയാ പോവേണ്ടത് എന്ന് പറഞ്ഞില്ല.. "
"ഓ അതോ.. ഒരു ദോഡനഹള്ളി.. എന്നെ അവിടെ ഒന്ന് എത്തിക്കാമോ?"
"ഇവിടെ ഒരുപാട് ഹള്ളികളുണ്ട്.. ഇത് കേട്ടിട്ടില്ല.. ഒരുപക്ഷെ സിറ്റിയ്ക്ക് പുറത്തു എവിടെയെങ്കിലും ആയിരിക്കും.. ഞാന്‍ ഒന്നന്വേഷിക്കട്ടെ.. "
അവന്‍ ആരെയൊക്കെയോ വിളിച്ച് തമിഴിലും കന്നടയിലും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഹാന്‍ഡ് ബാഗില്‍ നിന്നും എന്‍റെ പഴയ ഡയറി എടുക്കാന്‍ തുടങ്ങുമ്പോഴേക്കും ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. അനിലാണ്.. ഭാര്യയെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഇപ്പോഴെങ്കിലും സമയം കിട്ടിയല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് ചിരി വന്നു..
എന്തൊക്കെയോ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു അനില്‍. ഏതോ മീറ്റിങ്ങിനു ചെന്നെയില്‍ പോകണം, താക്കോല്‍ താഴത്തെ ഫ്ലാറ്റിലെ രാമചന്ദ്രനെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നൊക്കെ എന്തൊക്കെയോ.. ഞാനും വരാന്‍ വൈകിയേക്കും എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.. അവനു ദേഷ്യം പിടിച്ചു കാണുമോ? സാധ്യത കുറവാണ്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ ഒന്ന് വെറുതെ വഴക്ക് പറയാന്‍ പോലും സമയമില്ലാതെ.. തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്കുള്ള ഒളിച്ചോട്ടങ്ങള്‍.. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഒരേ മുറിയില്‍ ചെറുതാകുന്ന രണ്ടു ദ്വീപുകള്‍.. വിവാഹം എന്നത് ചിലപ്പോള്‍ ഉത്തരം കണ്ടു പിടിക്കാന്‍ ആവാതെ നീണ്ടു നീണ്ടു പോകുന്ന ഒരു പസില്‍ ആണ് എന്ന് തോന്നിപ്പോകുന്നു..
"മാഡം, ആ സ്ഥലം ഇവിടെ നിന്ന് രണ്ടു മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്യാന്‍ കാണും.. സിറ്റിയുടെ അടുത്തൊന്നും അല്ല.. ഒരു കാട്ടുപ്രദേശമാണ് എന്നാണ് അറിഞ്ഞത്. തെറ്റിദ്ധരിക്കില്ലെങ്കില്‍ ചോദിക്കട്ടെ, ആരെയാണ് കാണേണ്ടത്?"
എന്‍റെ ജോഫിയെ കാണാനാണ് എന്ന് വിളിച്ച് പറയാന്‍ തോന്നി.. വേണ്ട, ഒരു സുഹൃത്തിനെ എന്ന് മാത്രം പറഞ്ഞൊഴിഞ്ഞു...
" ഇപ്പൊ ഇവിടെ നിന്നും തുടങ്ങിയാല്‍ എത്തുമ്പോള്‍ ആറു മണിയെങ്കിലും ആവും.. ഇന്ന് തന്നെ പോകണോ അതോ നാളെ കാലത്തോ..?"
"ഒരു നിമിഷം എങ്കില്‍ ഒരു നിമിഷം നേരത്തെ എത്തിയാല്‍ നന്നായിരുന്നു രഞ്ജിത്ത്.. "
എന്‍റെ മനസ്സ് വായിച്ച പോലെ അവന്‍ കാറ് തിരിച്ചു. ക്ഷീണം തോന്നുന്നെങ്കില്‍ ഒന്ന് മയങ്ങിക്കോളൂ, എത്താറാകുമ്പോള്‍ വിളിക്കാം എന്ന് പറഞ്ഞു പരമാവധി വേഗത്തില്‍ പോവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, അവന്‍...
ഡയറിയുടെ പഴക്കം മണക്കുന്ന പേജുകളില്‍ അവിടവിടെയായി ജോഫിയുടെ കുറിപ്പുകള്‍.. ലിറ്റരേച്ചര്‍ ക്ലാസിലെ മരണത്തെ സ്നേഹിച്ചു നടന്ന പൊട്ടിപ്പെണ്ണിന് ജീവിതത്തെ എത്രമാത്രം സ്നേഹിക്കണമെന്നു പഠിപ്പിച്ചു തന്നിരുന്ന വരികള്‍ ..
പല്ലപ്പോഴും ഞാനവനോട് പറഞ്ഞിട്ടുണ്ട്, എടോ അച്ചന്‍കുഞ്ഞേ, നീയൊരു പുരോഹിതന്‍ ആവേണ്ടവനാണ്, അല്ലാതെ ഇത്രയും പൈങ്കിളി ആവല്ലേ എന്ന്.. പൊട്ടിച്ചിരിച്ചു കൊണ്ട് അവന്‍ പറയും, ലളിതാ, ജീവിതം പലപ്പോഴും ഒരു പൈങ്കിളിക്കഥയേക്കാള്‍ പൈങ്കിളി ആണെന്ന്..
അവസാനത്തെ പേജില്‍ എഴുതിയിരിക്കുന്നു.. 'പശുക്കളെ പോലെയാണ് നമ്മള്‍.. സ്വാതന്ത്ര്യം കഴുത്തില്‍ കുരുങ്ങിയ ഒരു കയറു വരയ്ക്കുന്ന ചെറിയൊരു വൃത്തത്തിലെ ഒരു ആഘോഷം മാത്രമാണ്...- ജോസഫ്‌ സാമുവല്‍.'
പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്, ശരി തന്നെ ആവും അതെന്ന്‌... എന്‍റെ ജോഫി, ഞാന്‍ എന്താണെന്ന്, എന്‍റെ പ്രണയം എന്തെന്ന് നിനക്കറിയുന്ന പോലെ മറ്റാരും അറിഞ്ഞിട്ടില്ല എന്നത്.. അതിരുകള്‍ക്കുള്ളിലെ നിലകിട്ടാത്ത കറക്കങ്ങള്‍..
"മാഡം, അവിടെ എവിടെയാണ് പോവേണ്ടതെന്നു ഇനിയും പറഞ്ഞിട്ടില്ല ട്ടോ.."
അവിചാരിതമായി കാണു മുട്ടിയ ഒരു പഴയ സുഹൃത്തിന്റെ വിസിറ്റിംഗ് കാര്‍ഡിന്റെ പിറകില്‍ കുറിച്ച് വെച്ച അഡ്രെസ്സ് ഒന്ന് കൂടെ ഉറപ്പിച്ചിട്ട്‌ അവിടെ ഒരു സ്നേഹാശ്രമം ഉണ്ട് എന്ന് പറഞ്ഞു.. അവന്‍ വീണ്ടും മൂളിപ്പാട്ടിലേക്ക് മടങ്ങി..
എപ്പോഴാണ് മയങ്ങിപ്പോയത് എന്നോര്‍മ്മയില്ല. ഇവിടം വരെയേ വണ്ടി പോവൂ, ഇനി ഒന്നൊന്നര കിലോമീറ്റര്‍ നടക്കാനുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത് എന്ന് രഞ്ജിത്ത് പറഞ്ഞപ്പോഴാണ് ഉണര്‍ന്നു പോയത്..
അവനും കൂടെ വരാന്‍ തുടങ്ങി. നാളെ ഉച്ചയ്ക്ക് മുന്‍പ് വന്നു കൂട്ടിയാല്‍ മതി എന്ന് ഒരുപാട് നിര്‍ബന്ധിച്ചപ്പോഴാണ് അവന്‍ പോകാന്‍ പകുതി മനസ്സോടെ സമ്മതിച്ചത്.. മൊബൈല്‍ റേഞ്ച് കിട്ടാത്ത സ്ഥലമായത് കൊണ്ട് പന്ത്രണ്ടു മണിക്ക് തന്നെ റെഡി ആകണം എന്ന് രണ്ടു മൂന്നു തവണ അവന്‍ പറഞ്ഞു. കുറെ ദൂരം നടന്നു തിരിഞ്ഞു നോക്കിയപ്പോഴും അവന്‍ അവിടെ നിന്ന് അനങ്ങിയിട്ടില്ലായിരുന്നു..
ശരിക്കും നഗരങ്ങളില്‍ നിന്നും കാടുകളിലേക്ക് അകലം വളരെ കുറവാണെന്ന് തോന്നി. ചീകി വെച്ച പോലെ വെട്ടിയൊതുക്കി വെച്ച ചെടികളാണ് രണ്ടു വശങ്ങളിലും.. പുതിയ ജീവനും ഉന്മേഷവും കൊണ്ട് വരുന്ന ശുദ്ധ വായു.. ദൂരെ നിന്നും കാണുമ്പോള്‍ ഒരു ഫാം ഹൌസ് ആണെന്ന് തോന്നിച്ചു, സ്നേഹാശ്രമം..
മുന്‍പില്‍ ഒരു വലിയ മണി തൂക്കി വെച്ചിട്ടുണ്ട്, സന്ദര്‍ശകര്‍ക്ക് വേണ്ടി.. കയറിന്റെ തുമ്പില്‍ പിടിച്ചു വലിച്ചു..
വാതില്‍ തുറന്നു വന്നത്, ജോഫി.. എന്‍റെ ജോഫി.. പെട്ടെന്ന് പഴയ കോളേജ് വിദ്യാര്‍ഥിനി ആയ പോലെ..
ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം അവന്‍ പറഞ്ഞു..
"ലളിത, എനിക്കറിയാമായിരുന്നു എന്നെങ്കിലും ഒരിക്കല്‍ ഈ വഴി തേടി നീ വരുമെന്ന്.. പക്ഷെ ഇത്ര പെട്ടെന്ന് .. വാ അകത്തേക്കിരിക്കാം..."
സ്വപ്നമല്ല എന്ന തിരിച്ചറിവിലേക്ക് വരാന്‍ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു..
എന്‍റെ സാഹിത്യ ജീവിതത്തെക്കുറിച്ചും ഏറ്റവും അടുത്തു പുറത്തിറങ്ങിയ കഥാ സമാഹാരത്തെക്കുറിച്ചും അവന്‍ വാചാലനായി.. എന്‍റെ കണ്ണുകള്‍ അപ്പോഴും ചുവരിലെ ഫോട്ടോകളില്‍ തന്നെ ഉടക്കി നിന്നു... ഒരു മൂലയ്ക്ക് ഞങ്ങളുടെ ഫെയര്‍വെല്‍ ഫോട്ടോ. കൃത്യമായി പറഞ്ഞാല്‍ ഞങ്ങള്‍ ഇതിനു മുന്‍പ് അവസാനമായി കണ്ട ദിവസം.. രണ്ടു വര്‍ഷത്തോളം പറയാതെ കൂട്ടിവെച്ചത് എന്തൊക്കെയോ പറഞ്ഞു പൊട്ടിക്കരഞ്ഞത്.. എവിടെയാണെന്ന് നില്‍ക്കുന്നത് എന്ന് പോലും മറന്ന് പ്രൊഫസര്‍ അച്ചന്മാരുടെ മുന്‍പില്‍ വെച്ച് ജോഫിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചത്.. അതിനു ജോഫിയെ പണിഷ് ചെയ്തു വേറെ എങ്ങോട്ടോ മാറ്റി എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു അറിഞ്ഞത്..
"ജോഫി, ഒരുപാട് അന്വേഷിച്ചിരുന്നു ഞാന്‍..."
"ലളിതാ, ഞാന്‍ ഇപ്പൊ ആ പഴയ ജോഫി അല്ല കേട്ടോ.. ഇപ്പോള്‍ ഫാദര്‍ ജോസഫ്‌ തോട്ടനാനി.. ഹ..ഹ.."
"താന്‍ പോടോ.. എനിക്ക് എന്നും നീ എന്‍റെ ജോഫി തന്നെയാണ്.. എന്‍റെ അതിരില്ലാത്ത പ്രണയം..."
ഭര്‍ത്താവിനെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും ചോദിച്ചു അവന്‍ വിഷയം മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു..
"ജോഫീ, ഇപ്പോഴും നീ സൂക്ഷിച്ചിട്ടുണ്ടോ, എന്‍റെ പ്രണയ സമ്മാനം... നീ ചോദിച്ചു വാങ്ങിയത്.. നീ പറഞ്ഞിരുന്നില്ലേ എത്ര കാലം കഴിഞ്ഞാലും നീയത് സൂക്ഷിച്ചു വെക്കുമെന്ന്.. "
പ്രതീക്ഷിക്കാത്ത ചോദ്യമായത്‌ കൊണ്ടാവണം, പരിഭ്രമത്തിന്റെ ഒരു നിഴല്‍ മുഖത്തു കൂടെ മിന്നി മാഞ്ഞത്.. അകത്തു പോയി അവന്‍ ഒരു ചെറിയ പെട്ടിയുമായി തിരിച്ചു വന്നു.. എന്‍റെ മുന്‍പിലേക്ക് നീക്കിവെച്ചു തുറന്നു...
അതെ, അതേ സാനിട്ടറി നാപ്കിന്‍. എന്‍റെ ആര്‍ത്തവ രക്തം പുരണ്ടത്.. ലോകത്തില്‍ ഇന്നേവരെ ഒരു കാമുകനും ആവശ്യപ്പെടാത്ത പ്രണയ സമ്മാനം.. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നു.. എന്‍റെ ജോഫീ.. നിനക്ക് വട്ടാണ്.. മുഴുവട്ട്..
"ലളിതാ, ചിലതെല്ലാം അങ്ങനെ തന്നെയാണ്.. സ്വപ്‌നങ്ങള്‍, ജീവിതങ്ങള്‍.. ഒരു ജീവനായി പിറക്കണം എന്ന് ആഗ്രഹിക്കും.. അതിനു പകരം ഒന്നും ഒന്നുമാവാതെ ബീജസങ്കലനം നടക്കാതെ ചോര ചൊരിഞ്ഞു പുറന്തള്ളി പോയേക്കും.. ഒടുവില്‍ ആരും കാണാതെ ചുരുട്ടി മടക്കി പിന്നാമ്പുറങ്ങളിലേക്ക് വലിച്ച് എറിയപ്പെടുന്നവ.. ചിലപ്പോള്‍ പ്രണയവും അങ്ങനെ..."
ഒന്നുറക്കെ കരയണം എന്ന് തോന്നി.. വസ്ത്രങ്ങള്‍ ഒരു മറ ആണെന്ന് അവന്‍റെ വസ്ത്രങ്ങള്‍ ഒരു വെളുത്ത ചിരിയില്‍ എന്നെ ഓര്‍മ്മിപ്പിച്ചു.. ഒരു മറവില്‍.. ഒരുപാട് പശുക്കള്‍ക്കൊപ്പം...
എന്‍റെ എത്രയും പ്രിയപ്പെട്ട ജോഫീ, ശരിതെറ്റുകളില്‍ എന്‍റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.. വിശ്വാസങ്ങളും വസ്ത്രങ്ങള്‍ പോലെ തന്നെ ഒരു മറ ആവണം, അല്ലെ?
ഒരിക്കല്‍, ഒരു നിമിഷമെങ്കിലും എനിക്ക് ഞാനായിരിക്കണം.. വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞു നിന്‍റെ മുന്‍പിലെങ്കിലും എനിക്ക് നഗ്നയാവണം... മറന്നു പോയ കരച്ചിലുകള്‍ എല്ലാം തന്നെ എനിക്ക് കരഞ്ഞു തീര്‍ക്കണം.............

35 Comments, Post your comment:

പാമരന്‍ said...

good one.

സൂര്യ said...

പാമരന്‍,
സ്വീകരിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം..

ശ്രീനന്ദ said...

അഭിനന്ദനങ്ങള്‍ !!

സൂര്യ said...

thank you sreenanda..

അഭി said...

ആശംസകള്‍

സൂര്യ said...

thank you abhi..

Manoraj said...

സൂര്യ,
നല്ല കൈയൊതുക്കം.. അസാധാരണമായ ഒരു പ്രണയ സമ്മാനം .. ഒരിക്കലും ചിന്തിക്കാൻ വയ്യാത്തത്‌.. വളരെ നല്ല എഴുത്ത്‌.

റോസാപ്പൂക്കള്‍ said...

നല്ല കഥ...

താരകൻ said...

ഹോശ് വാലോം കൊ ഖബർ ക്യാ..
മൈകശീ ക്യാ ചീസ് ഹെ..
ഇശ്ക് കീജീയെ ഫിർ സമജിയെ
സിംന്ദഗീ ക്യാ ചീസ് ഹെ..(മദ്യം മോന്തിയട്ടില്ലാ
ത്തവനറിയുമോ മദോന്മത്തത യെന്തെന്ന്,പക്ഷെ
ജീവിതലഹരി അറിയണമെങ്കിൽ പ്രണയിക്കുക തന്നെ വേണം..)

സൂര്യ said...

Manoraj, റോസാപ്പൂക്കള്‍, താരകൻ...

thank you all for these inspiring comments...

ചന്ദ്രകാന്തന്‍ said...

"ചിലതെല്ലാം അങ്ങനെ തന്നെയാണ്.. സ്വപ്‌നങ്ങള്‍, ജീവിതങ്ങള്‍.. ഒരു ജീവനായി പിറക്കണം എന്ന് ആഗ്രഹിക്കും.. അതിനു പകരം ഒന്നും ഒന്നുമാവാതെ ബീജസങ്കലനം നടക്കാതെ ചോര ചൊരിഞ്ഞു പുറന്തള്ളി പോയേക്കും.. ഒടുവില്‍ ആരും കാണാതെ ചുരുട്ടി മടക്കി പിന്നാമ്പുറങ്ങളിലേക്ക് വലിച്ച് എറിയപ്പെടുന്നവ.. ചിലപ്പോള്‍ പ്രണയവും അങ്ങനെ..."

ഈ വീക്ഷണം എനിക്കിഷ്ടപ്പെട്ടു.. ഇതിന്റെ ഭാഷയും.. ആദ്യമായാണ് സൂര്യയുടെ എഴുത്തിലൂടെ പോകുന്നത്.. സ്നേഹത്തിന് വേണ്ടി മാത്രമാണ് മനുഷ്യന്‍ ജീവിക്കുന്നതെന്ന ആത്യന്തികമായ സത്യം നന്നായി അവതരിപ്പിച്ചിരിക്കുന്നു.. ഇടയില്‍ എപ്പോഴെക്കെയോ ചെറിയ ചില ഇടര്‍ച്ചകളും അതിഭാവുകത്വവും തോന്നിയിരുന്നു.. എങ്കിലും പ്രമേയവും അവതരണത്തിന്റെ ടോട്ടാലിറ്റിയും മികച്ച് നില്‍ക്കുന്നു..

JIGISH said...

ഒരു നഷ്ടപ്രണയത്തിന്റെ പതിവുഫോര്‍മാറ്റില്‍ നിന്ന്, മനുഷ്യമനസ്സിന്റെ കാണാപ്പുറങ്ങളിലേക്ക്
സൂര്യ കഥയെ ഒരുപാടു ദൂരം കൊണ്ടുപോയി..! പൂര്‍ണ്ണമായ സമര്‍പ്പണത്തിലധിഷ്ഠിതമായ നിരുപാധികപ്രണയത്തിന്റെ സൌന്ദര്യംവഴിയുന്ന കഥ, പിന്നെപ്പിന്നെ, സ്വാതന്ത്ര്യത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ പൊരുള്‍ തേടിക്കൊണ്ട് ഭയരഹിതമായ ഒരു സ്ത്രീമനസ്സിന്റെ കണ്ണാടിയായി മാറി...!!

ലളിതയെപ്പോലെ, തന്റെ പ്രണയത്തെ നിര്‍ഭയമായി വെളിപ്പെടുത്തി സ്വതന്ത്രയാകാന്‍
എത്ര പേര്‍ക്കു കഴിയും..? സൂര്യയുടെ കഥ സത്യത്തെക്കുറിച്ച് ഞെട്ടിക്കുന്ന ഉള്‍ക്കാഴ്ച നല്‍കുന്നു..!!

arun said...

നന്നായിരിക്കുന്നു

Aasha said...

amazing love story... !!!! orikkalum vattatha pranayam ... pranayam niranja manasine tholpikkan aavilla ... nice :)... ALL THE BEST

കൊച്ചുതെമ്മാടി said...

ലളിതാ, ചിലതെല്ലാം അങ്ങനെ തന്നെയാണ്.. സ്വപ്‌നങ്ങള്‍, ജീവിതങ്ങള്‍.. ഒരു ജീവനായി പിറക്കണം എന്ന് ആഗ്രഹിക്കും.. അതിനു പകരം ഒന്നും ഒന്നുമാവാതെ ബീജസങ്കലനം നടക്കാതെ ചോര ചൊരിഞ്ഞു പുറന്തള്ളി പോയേക്കും.. ഒടുവില്‍ ആരും കാണാതെ ചുരുട്ടി മടക്കി പിന്നാമ്പുറങ്ങളിലേക്ക് വലിച്ച് എറിയപ്പെടുന്നവ.. ചിലപ്പോള്‍ പ്രണയവും അങ്ങനെ...

ഭംഗിവാക്കുകള്‍ ഒരുപാട് എഴുതിയിട്ടുണ്ട്...
സുഖിപ്പിക്കല്‍ വേറെയും...
പക്ഷെ, എന്തോ ഇതങ്ങ് വല്ലാതെ ഇഷ്ടപ്പെട്ടു ട്ടോ...
ശരിക്കും,,,,മനസ്സില്‍ തട്ടി...
ആ വരികള്‍ വീണ്ടും എടുത്തെഴുതണ്ട എന്നു കരുതിയതാ...
പക്ഷെ.....


ഒരുപാടിഷ്ടായി ട്ടോ...

മുരളി I Murali Nair said...

അതിശക്തമായ ഒരു പ്രണയ കഥ. ഈ കഥയിലെ ലളിത ഒരു സമൂഹത്തിന്റെ വക്താവ് കൂടിയാണ്.കുഴിച്ചു മൂടിയ പ്രണയത്തിന്റെ തീയില്‍ എരിഞ്ഞു ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ..
കഥയിലെ പ്രണയബിംബം ഏറെ നന്നായി..
"ബീജ സങ്കലനം നടക്കാതെ, ചോരപുരണ്ടു പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയുന്ന പ്രണയം."
അതിഗംഭീരം സൂര്യാ..
ഇനിയും എഴുതൂ ഒരുപാട്..

സൂര്യ said...

ചന്ത്രകാന്തന്‍,
ഇത്രയും വിശദവും ആത്മാര്‍ത്ഥവും ആയ പഠനത്തിനു എങ്ങനെ സന്തോഷം അറിയിക്കണം എന്നറിയില്ല.. വൈകാരികത പല ഇടങ്ങളിലും അതി ഭാവുകത്വം സൃഷ്ടിച്ചിരുന്നോ എന്ന് എനിക്കും തോന്നിയിരുന്നു പുനര്‍വായനയില്‍.. ഇനിയുള്ള ശ്രമങ്ങളില്‍ ഈ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതായിരിക്കും.. ഒരുപാട് നന്ദി..

ജിഗിഷ്,
നല്ലൊരു പഠനത്തിനു ഒരുപാട് നന്ദി.. ഇവിടെ ഋതുവില്‍ എഴുതാനുള്ള വഴി തുറന്നു തന്നതിനും.. താങ്കളുടെ വാക്കിലെ കഥാ ചര്‍ച്ചയിലെ വെല്ലുവിളി എന്ന് തോന്നിയ വിഷയം തന്നെയായിരുന്നു ഈ വരികളുടെ പ്രചോദനം.. സന്തോഷം വെറും ഭംഗി വാക്കുകളില്‍ ഒതുക്കുന്നില്ല..

അരുണ്‍,
അഭിനന്ദനങ്ങള്‍ക്ക് നന്ദി..

ആശ,
നല്ല പ്രണയങ്ങളുടെ കഥകള്‍ അവയുടെത് മാത്രമായ വഴികളിലൂടെ എന്നും സ്വതന്ത്രമായി നടക്കും എന്ന് കരുതാം, അല്ലെ? ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം, നന്ദി..

കൊച്ചു തെമ്മാടി,
ഒരുപാട് സന്തോഷം തോന്നുന്നു, ഒരാള്‍ മനസ്സില്‍ നിന്നും നേരിട്ട് സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍.. തുടര്‍ന്നും എന്റെ വരികളോട് സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കാം..

മുരളി നായര്‍,
എഴുത്തിലും വായനയിലും സജീവമായവര്‍ പ്രോത്സാഹിപ്പിക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യം തന്നെയാണ്.. തുടര്‍ന്നുള്ള എഴുത്തുകളില്‍ എങ്ങനെ എവിടെ ഇമ്പ്രൂവ് ചെയ്യാന്‍ കഴിയും എന്നുള്ള പോലെ നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു..

എല്ലാവര്ക്കും ഒരിക്കല്‍ കൂടെ എന്റെ സ്നേഹം അറിയിക്കട്ടെ..

തെച്ചിക്കോടന്‍ said...

നിര്ഭയ പ്രണയത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും നല്ല കഥ. ശക്തമായ അവതരണം. നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍.

K.P.Sukumaran said...

നന്നായിട്ടുണ്ട്... ആശംസകള്‍!

ദിനേശന്‍ വരിക്കോളി said...

കഥ വായിച്ചു.
മനോഹരമായ കഥ ..പറയാതിരിക്കാന്‍ വയ്യ.

സൂര്യ said...

തെച്ചിക്കോടന്‍ , K.P.Sukumaran, ദിനേശന്‍ വരിക്കോളി
ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം..

Hana said...

Haa Haa Haa Haa Haa Haa
Hoshwalon Ko Khabar Kya
Bekhudi Kya Cheez Hai

it is not mahkashee......

വല്യമ്മായി said...

നല്ല കഥ

പ്രൊമിത്യൂസ് said...

ചില ഭാഗങ്ങളില്‍ കാണുന്ന ഒതുക്കം, മറ്റിടങ്ങളില്‍ അലസത..

blacken alias sijee said...

ഒരു ജീവനായി പിറക്കണം എന്ന് ആഗ്രഹിക്കും.. അതിനു പകരം ഒന്നും ഒന്നുമാവാതെ ബീജസങ്കലനം നടക്കാതെ ചോര ചൊരിഞ്ഞു പുറന്തള്ളി പോയേക്കും.. ഒടുവില്‍ ആരും കാണാതെ ചുരുട്ടി മടക്കി പിന്നാമ്പുറങ്ങളിലേക്ക് വലിച്ച് എറിയപ്പെടുന്നവ.. ചിലപ്പോള്‍ പ്രണയവും അങ്ങനെ..."


Suprb yaah....

bijeesh said...

'പശുക്കളെ പോലെയാണ് നമ്മള്‍.. സ്വാതന്ത്ര്യം കഴുത്തില്‍ കുരുങ്ങിയ ഒരു കയറു വരയ്ക്കുന്ന ചെറിയൊരു വൃത്തത്തിലെ ഒരു ആഘോഷം മാത്രമാണ്...-

സൂര്യ said...

thank you all...

Sabu M H said...
This comment has been removed by the author.
Sabu M H said...

നല്ല വരികള്‍ പലയിടത്തും കണ്ടു . മനസ്സില്‍ തങ്ങി നില്ക്കുന്നവ ..വിചിത്ര പ്രണയമാണ് ഇപ്പോള്‍ എല്ലാവരുടെയും വിഷയം എന്ന് തോന്നുന്നു..

സൂര്യ said...

thank you sabu...

Anonymous said...

Lived through the lines. Thank you for posting this. :)

hAnLLaLaTh said...

മനസ്സ് വല്ലാതെ ഇളക്കിമറിക്കുന്നു ചില വരികള്‍..

നന്ദി...
ഈ നല്ല കഥയ്ക്ക്...

jayanEvoor said...

“വിശ്വാസങ്ങളും വസ്ത്രങ്ങള്‍ പോലെ തന്നെ ഒരു മറ ആവണം, അല്ലെ?”

വിശ്വാസങ്ങളുടെ മറയുരിഞ്ഞ് നഗ്നരാകാൻ....!

അതാണ് നമുക്കു പലപ്പോഴും കഴിയാത്തതും!

ഒ.ടോ: കഴിഞ്ഞ ഒരാഴ്ചയ്ക്കിടേ ഞാൻ വായിച്ച പത്തോളം പെൺ രചനകളിൽ ആറുപേർ മരണത്തെ പ്രണയിക്കുന്നതായി എഴുതിയിരിക്കുന്നു!

റീനി said...

ഒരേ കടല്‍.......

ആശംസകള്‍!

ഹരിപ്രിയ said...

നല്ല കഥ... :)