സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ഒരു അഹങ്കാരിയുടെ കഥ

February 21, 2010 Renjishcs

സുകു നിനക്കറിയാമോ എന്റെ അടുത്ത കഥ നിന്നെക്കുറിച്ചാണ്.“
അവന്റെ മടിയിൽ തലവെച്ചുകിടന്നുകൊണ്ട് നീലിമഅതുപറയുമ്പോൾ സുകുവിന്റെ കണ്ണുകളിൽ അത്ഭുതമായിരുന്നു. അവളുടെ മുടിയിഴകളിൽ നിന്ന് പെട്ടന്ന് കൈവലിച്ച്തെല്ലൊരാകാംക്ഷയോടെ അവൻ ചോദിച്ചു:

“എന്നെക്കുറിച്ചോ?

“അതെ സുകൂ, നിന്നെക്കുറിച്ചു തന്നെ. ജീവിതസന്ധികളിലെവിരഹത്തിന്റെ കയ്പും ഏകാന്തതയുടെ നഷ്ടങ്ങളും മരണത്തിന്റെശൂന്യതയും ഒക്കെ ഒരുപാടെഴുതി മടുത്തിരിക്കുന്നു.! ഇനിപുതിയതെന്തെങ്കിലും വേണം. ഇതിലൂടെ നീലിമയെന്നഎഴുത്തുകാരിയുടെ ഒരു പുതിയ മുഖം പുറംലോകം കാണട്ടെ. സമൂഹം എന്റെ മേൽ ഒട്ടിച്ചുവെച്ച സദാചാരത്തിന്റെ മുഖംമൂടിഅഴിഞ്ഞുവീഴട്ടെ.“


“കുറെ വിവാദങ്ങൾ ഉണ്ടാക്കാം എന്നല്ലാതെ നിങ്ങൾക്കിതുകൊണ്ട് പ്രത്യേകിച്ചെന്തുനേട്ടമുണ്ടാകാനാണ്?” “അല്ലെങ്കിൽത്തന്നെ ഒരു കഥയുമില്ലാത്ത എന്നെക്കുറിച്ച് എന്തെഴുതാൻ.“
“ഇല്ല സുകു.. കഥയില്ലായ്മകളുടെ ഈ ലോകത്ത് നിന്റെ കഥയ്ക്ക് പ്രസക്തിയേറെയാണ്.“
“ഹും ഒരു പൈങ്കിളിക്കഥക്കപ്പുറമൊന്നും അതിനു പ്രസക്തിയുണ്ടാവുമെന്ന് എനിക്കു തോന്നുന്നില്ല.”
“തീർച്ചയായും ഉണ്ട് സുകു. സ്നേഹിക്കാൻ കൊള്ളരുതാത്തവളെന്ന് മുദ്രകുത്തി, എന്നെയീ നഗരത്തിന്റെതിരക്കുകളിൽ തനിച്ചാക്കി, പറിച്ചെടുത്ത താലിയുമായി അയാൾ നടന്ന കന്നപ്പോൾ, ശൂന്യമായ എന്റെലോകത്തേക്ക് ആശ്വാസത്തിന്റെ പുതിയ കഥകൾ കൊണ്ടുവന്നത് നീയാണ്.“ “ഇന്ന് നമുക്കിടയിൽപിരിയാനാവാത്ത വിധം ഒരടുപ്പം രൂപപ്പെട്ടതായി എനിക്ക് തോന്നുന്നു.”

വാചാലയായ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്ന അവന്റെ കവിളിൽ തലോടികൊണ്ട്അവൾ പറഞ്ഞുകൊണ്ടേയിരുന്നു. പിന്നെയും പല ചോദ്യങ്ങളും ഉത്തരങ്ങളും.

“എന്തായിരുന്നു സുകൂ, ശരിക്കും നമുക്കിടയിലുണ്ടായിരുന്നത്..? പ്രണയമാണോ….അതോമറ്റെന്തെങ്കിലുമോ.?“
“അതെ. ഒരു തരത്തിൽ പ്രണയം തന്നെ അല്ലേ.? മനസ്സിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്ന് ബാധ്യതകൾസ്യഷ്ടിക്കാത്ത പ്രണയം!!“
“നമ്മൾ ആദ്യമായി കണ്ടതെന്നാണെന്ന് നിനക്കോർമ്മയുണ്ടോ.? അല്ലെങ്കിലും അതിനെന്തു പ്രസക്തിഅല്ലെ.?” “നീ ചോദിക്കാറുള്ളതു പോലെ, അടുത്ത ഫോൺകോൾ എപ്പോഴാവണം…അതുമാത്രമേഞാനും ചിന്തിക്കാറുള്ളു.“
തന്റെ മാറിലെ രോമക്കൂട്ടങ്ങൾക്കിടയിൽ അവളുടെ കൈകൾ എന്തിനോവേണ്ടി പരതുമ്പോഴും ഒരുവിസ്മയം മാത്രം ബാക്കി വച്ച മുഖവുമായി അവൻ അവളെ കേൾക്കുക
മാത്രം ചെയ്തു..

“നിന്നോടൊത്തിരിക്കുമ്പോൾ കിട്ടുന്ന ലഹരി. വേറൊരു പെണ്ണിനും കിട്ടിപ്പോകരുത് എന്ന് ഞാൻ ശഠിച്ചുപോകുന്ന ലഹരി. എന്തൊക്കെയോ വെട്ടിപ്പിടിച്ചെന്ന് സ്വയം അഹങ്കരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നലഹരി. ഞാനാഗ്രഹിച്ചതും നീ എനിക്ക് ആവോളം തന്നതും അതു മാത്രമായിരുന്നല്ലോ. പകരമായി എന്തുവേണം എന്ന് ചോദിച്ച പ്പോഴൊക്കെ എന്റെ വാനിറ്റിബാഗിൽ നിന്ന് നോട്ടമെടുക്കാതിരുന്ന നിന്നോട്എനി ക്കൊട്ടും വെറുപ്പ് തോന്നിയിരുന്നില്ല.“
കണ്ണീരുപോലെ വെളുത്തും ചുവന്നും നീലിച്ചും നേർത്ത ചില പാടകൾ മാത്രമേ നമുക്കിടയിൽഎന്നുമൊരു തടസ്സമായുണ്ടായിരുന്നുള്ളൂ. ഒരുപക്ഷേ, അവ അകറ്റി നിർത്തി യത് രണ്ടുമനസ്സുകളെയായിരുന്നോ.? ഞാൻ പറഞ്ഞ വഴികളിലൂടെ എന്റെ നീലിമകൾ തേടിയുള്ള നിന്റെയാത്രകൾ…വികാരങ്ങളുടെ ആ വേലിയേറ്റങ്ങൾക്കൊടുവിൽ ഓരോ സുഖാലസ്യത്തിലേക്കും എന്നെ നീഎടുത്തുയർത്തുമ്പോൾ വിശ്വം ജയിച്ച പുരുഷനെ, സ്വയം വരഞ്ഞിട്ട വരയിലൂടെ നടത്തിയഭാവമായിരുന്നോ എനിക്ക്.?“

“എന്റെ കഥാകാരീ, ഇന്ന് നീ നല്ല മൂഡിലാണല്ലോ.?” അവളുടെ വെളുത്തു ചുവന്ന കവിളിനെ ഒരുകുഞ്ഞുനുള്ളുകൊണ്ട് ഒന്നുകൂടി തുടുപ്പിക്കുന്നതിനിടയിൽ ഒരു തമാശ പോലെ അവൻ ചോദിച്ചു.
“എന്താ സുകൂ, നിനക്ക് ബോറടിക്കുന്നുണ്ടോ?”
“ഏയ്, തീരെയില്ല. ഞാനൊരു നല്ല കേൾവിക്കാരൻ കൂടിയാണ്.”
“ഒരുപാടുതവണ ചോദിക്കാനോർത്ത് ഒഴിവാക്കിയ ഒരു ചോദ്യം ഞാനിപ്പോൾ ചോദിക്കട്ടെ സുകൂ.?“
“ഉം .?”
“നീ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ?”
“നിങ്ങളോട് മാത്രമല്ല എനിക്കെല്ലാവരോടും സ്നേഹമാണ്.! പക്ഷേ, ഒന്നു ഞാൻ പറയാംപകൽവെളിച്ചത്തിൽ എന്റെ നേരെ തിരിയ്ക്കാനറയ്ക്കാത്ത ഈ മുഖത്തോട് മാത്രം എനിക്കൊരു പ്രത്യേകമമത തോന്നിയിട്ടുണ്ട്. അത്രമാത്രം. അതിനപ്പുറമൊന്ന്...... ഇല്ല അതു ഞാൻ ആഗ്രഹിക്കാൻ പാടില്ലഎന്ന് തോന്നുന്നു.”
ഇതിൽ നിന്നൊക്കെ ഒരു മാറ്റം നീ ആഗ്രഹിക്കുന്നില്ലേ സുകൂ?
“ഇതു ഞാൻ തിരഞ്ഞെടുത്ത എന്റെ ജീവിതമാർഗ്ഗമാണ്. ഒരു തിരിച്ചു പോക്ക് കാര്യങ്ങൾ ദുഷ്കരമാക്കുംഅതുമല്ല, നിങ്ങളടക്കം പലരും അത് ആഗ്രഹിക്കുന്നുമുണ്ടാവില്ല.”
“നീ ഈ ചെയ്യുന്നതൊക്കെ ശരിയാണെന്നാണോ പറഞ്ഞു വരുന്നത്?”
“ഞാൻ ശരിതെറ്റുകളെ തേടിപ്പോകാറില്ല. എന്നെ തേടിവരുന്നതിനെ നിരാശപ്പെടു ത്താറുമില്ല. നിങ്ങളുടെ സുഖം, ആനന്ദം അതാണെന്റെ നിലനിൽ‌പ്പ്…അത്രമാത്രം.”
“അപ്പോൾ എന്റെ മുന്നിൽ നീ അഭിനയിക്കുകയായിരുന്നു എന്നാണോ?”
“ഉം...നല്ല അഭിനേതാവിനേ, ഈ മേഖലയിൽ മാർക്കറ്റുള്ളൂ.” ചുണ്ടിലൊരു ചെറുചിരി ബാക്കി വച്ച്അവനതു പറയുമ്പോൾ അവൾക്കും വല്ലാത്ത ചിരി വന്നു. അവൾ സ്വയം പിറുപിറുത്തു : “മണ്ടി..! മരമണ്ടി..!! അപ്പോൾ ഇത്രയും കാലം...ഓരോ തവണ ‘ഇനി വേണ്ടാ‘ എന്നു മനസ്സുപറയുമ്പോഴുംഒരിക്കൽ കൂടി‘ എന്നു തോന്നിപ്പിക്കുന്ന അവന്റെ സാമീപ്യം…അതു നൽകുന്നസംത്യപ്തി…അപ്പോഴൊക്കെ ശരിക്കും അവൻ ജയിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.”
“വീണ്ടും ഒരു പുരുഷനു മുന്നിൽക്കൂടി ഞാൻ......”
“എങ്കിലും നിന്നെ ഞാൻ സ്നേഹിച്ചു പോകുന്നു സുകൂ.”

പുറത്ത് വെളിച്ചം വീണുതുടങ്ങിയിരിക്കുന്നു. ബെഡ്‌റൂമിലെ മേശമേൽ മിഴി തുറന്നിരി ക്കുന്നടേബിൾലാമ്പ് കമ്പ്യൂട്ടർ മോണിറ്ററിലെ സ്ക്രീൻ-സേവർ മീനുകൾ നിർബാധം നീന്തിത്തുടിക്കുകയാണ്. ആഴ്ന്നിറങ്ങാൻ കൊതിക്കുന്ന പ്രകാശരശ്മികളെ, തടുത്തു നിർത്താൻ കെല്പില്ലാത്ത ഒരു നൈറ്റ്ഗൌണിൽ പൊതിഞ്ഞ നീലിമയുടെ രൂപം. മേശമേൽ കൈവച്ചുള്ള അവളുടെ ഉറക്കം. ഡ്രസ്സ്ചെയിഞ്ച് ചെയ്‌ത് പുറപ്പെടാനൊരുങ്ങുമ്പോൾ സുകു ഒരു നിസ്സംഗ മന്ദഹാസത്തോടെ അതൊക്കെനോക്കിക്കാണുകയായിരുന്നു. റെഡിയായി കഴിഞ്ഞപ്പോഴേക്കും അവൻ അവളെ പതിയെ ഒന്നു കുലുക്കിവിളിച്ചു.

“നീലീ, ഞാൻ പോകുന്നു. വീണ്ടും കാണാം.” തിരിഞ്ഞു നടക്കാനായുമ്പോൾ അവന്റെ കൈകളിൽ അവൾബലമായൊന്നു പിടിച്ചു. “നിനക്ക് ഇന്നുകൂടി എന്നോടൊപ്പം നിൽക്കരുതോ?”
അവനതത്ര കാര്യമാക്കിയില്ല എന്നു തോന്നുന്നു. മേശപ്പുറത്തെ അവളുടെ വാനിറ്റി ബാഗിൽ നിന്ന്അവനു പ്രിയപ്പെട്ട നൂറിന്റെ നോട്ടുകൾ എണ്ണം തെറ്റാതെ കൈപ്പറ്റി മുറിക്കു പുറത്തേക്കിറങ്ങുമ്പോൾഅവനൊന്നെ പറഞ്ഞുള്ളു :

“നീലിമമാർ പലതുള്ള ഈ നഗരത്തിൽ ഇന്നെനിക്കല്പം തിരക്കുണ്ട്. പക്ഷെ ഞാൻ വരും..എന്റെ കഥനീ പൂർത്തിയാക്കുന്നതിനു മുമ്പ്, ചിലപ്പോൾ അനിവാര്യമായ ചില നിർദ്ദേശങ്ങളുമായി.“
മുറിക്കു പുറത്ത് തന്റെ ഫ്ലാറ്റിന്റെ ഡോർ അടയുന്ന മ്യദുശബ്ദം കേൾക്കവേ, അവൾ കീ ബോർഡിൽവിരലമർത്തി പകുതി പോലുമെത്താത്ത, ഇനിയുമൊരുപാടു തിരുത്തുകൾ അവകാശപ്പെട്ടേക്കാവുന്നതന്റെ പുതിയ കഥയ്ക്ക് പേരിട്ടു.
“ഒരു അഹങ്കാരിയുടെ കഥ”. ‘

19 Comments, Post your comment:

പട്ടേപ്പാടം റാംജി said...

പണം നല്‍കി കൈക്കലാക്കാന്‍ ശ്രമിക്കുന്ന തിരിച്ചറിയാത്ത എന്തൊ ഒന്നിന്റെ (സ്നേഹത്തിന്റെ) കഥ കൊള്ളാം.
അവതരണം നന്നായി.

മുരളി I Murali Mudra said...

സാധാരണ കണ്ടു വരുന്ന പ്രമേയങ്ങളില്‍ നിന്നും തികച്ചും വേറിട്ട്‌ നില്‍ക്കുന്നു ഈ കഥ. ആണ്‍ വേശ്യയുടെ കഥയ്ക്ക് "ഒരഹങ്കാരിയുടെ കഥ" എന്ന പേരിട്ട,വിലകൊടുത്തു വാങ്ങുന്നതു സ്നേഹമാണോ ആസക്തിയാണോ എന്ന് തിരിച്ചറിയാത്ത കഥാകാരിയും, 'നീലിമമാര്‍ ഒരുപാടുള്ള നഗരത്തില്‍' പൂര്‍ത്തിയാക്കപ്പെടാത്ത തന്റെ കഥയില്‍ "അനിവാര്യമായ നിര്‍ദേശങ്ങള്‍" നല്‍കാമെന്ന് പറഞ്ഞു പോകുന്ന സുകുവും ഒരു പാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ തന്നെ.

ഇവിടെ ചോദ്യം ഒന്നേയുള്ളൂ..ശരി തെറ്റുകള്‍ക്കിടയിലെ അതിര്‍വരമ്പ് എവിടെയാണ്..

നല്ല രചന.പ്രമേയപരമായി നല്ല പുതുമ തോന്നിച്ചു..

സംഭാഷണ ശില്‍പ്പം ഈ കഥയുടെ ഒരു പ്രത്യേകതയായി തോന്നി.

mini//മിനി said...

അസാധാരണമായ കഥ. മനോഹരമായ അവതരണശൈലി. ഒരു സംശയം ബാക്കിയുണ്ട് സ്ത്രീകൾ ചതിക്കപ്പെടുന്ന ഈ കാലത്ത് ആൺ‌വേശ്യമാരെ സ്ത്രീകൾ പണം കൊടുത്ത് സ്വീകരിക്കാറുണ്ടോ?

Renjishcs said...

റാംജി, മുരളി നിങ്ങള്‍ രണ്ടുപേരും എന്റെ കഥകളോടൊപ്പം എന്നും സഞ്ചരിച്ചവര്‍...
ഈ പ്രോത്സാഹനങ്ങളാണ്. ഇങ്ങനെയെന്തെങ്കിലും എഴുതി ഒപ്പിക്കാന്‍ എനിക്കെന്നും പ്രചോദനം.

@മിനി:
അഭിപ്രായങ്ങള്‍ക്ക് പ്രോത്സാഹനങ്ങള്‍ക്ക് ആദ്യമേ നന്ദി പറയട്ടെ. ഒരു പാട് സന്തോഷം.

പിന്നെ സ്ത്രീകള്‍ എല്ലാം തന്നെ ചതിക്കപ്പെട്ടവരാണെന്നോ ചതിക്കപെടാനായി മാത്രം പിറന്നവരാണെന്നോ ഞാന്‍ കരുതുന്നില്ല. എനിക്കു പരിചയമുള്ള ചില സ്ത്രീകളെങ്കിലും പുരുഷനെ വിസ്മയിപ്പിക്കുന്ന ജീവിത ശൈലികള്‍ സ്വന്തമായുള്ളവരാണ്.

ഇത്തരം ആൺ‌ വേശ്യകൾ വികസിത നഗരങ്ങളുടെ ഒരു അഭിവാജ്യ ഘടകമായി മാറിയിരിക്കുന്നു എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യം. പക്ഷെ അവരെ സമീപിക്കുന്ന സ്ത്രീകളുടെ മാനസിക വ്യാപാരം, അല്പനേരത്തെ വൈകാരിക സുഖം മാത്രം അന്വേഷിച്ചു പോകുന്ന ഒരു പുരുഷന്റേതിനോട് സാദ്യശ്യപെടുത്താൻ പലപ്പോഴും കഴിയില്ല എന്ന് എനിക്കു തോന്നി. ആ തോന്നലിൽ നിന്നാണീ കഥയുടെ രൂപപ്പെടൽ.

ഒരിക്കൽ കൂടി നന്ദി, ഈ തുറന്നെഴുത്തിന്.

Anonymous said...

രെഞ്ജു ഞ്ഞെട്ടിച്ചു ട്ടോ....
ഇനി ഈ ബ്ലോഗിന്റെ പ്രത്യേകത ആണോ ആവോ എല്ലാരും കിടുക്കന്‍ കഥകളും ആയി വരുന്നു...
നല്ല എഴുത്ത്,
പുതുമയുള്ള പ്രമേയം,
മനോഹരമായ അവതരണം....

congraats once again.....

JIGISH said...

പുതിയ മൂല്യങ്ങളും പുതിയ ധാര്‍മ്മികതയും
നഗരങ്ങളില്‍ രൂപപ്പെടുന്നു..വേശ്യ എന്ന പദം തന്നെ ഇല്ലാതായി വരുന്നു..ആനന്ദം മാത്രം തേടുന്ന സമൂഹത്തില്‍ വ്യഭിചാരമെന്ന വാക്കും പുതിയ മാനം തേടുന്നു..എല്ലാ സങ്കീര്‍ണ്ണതകള്‍ക്കിടയിലും പെട്ട്, സ്നേഹമെന്ന വാക്കു മാത്രം ഞെരുങ്ങുന്നു.! അപ്പോഴും ഒരു പ്രണയത്തിനായി മനസ്സുകള്‍ വിഫലമായി ദാഹിക്കുന്നു..!!

രഞ്ചുവിലെ കഥാകാരന്‍ പുതിയ പാതകള്‍ താണ്ടാന്‍ ശ്രമിക്കുന്നു..ശുഭലക്ഷണം..! സംഭാഷണങ്ങളിലൂടെ‍, കഥാപാത്രങ്ങളൂടെ ആത്മസത്തയെ, മനോഭാവത്തെ അല്പം കൂടി വെളിപ്പെടുത്തിയിരുന്നെങ്കില്‍ എന്നു തോന്നി..!!

Renjishcs said...

നന്ദി കൊച്ചു, ജിഗിഷ്ജി.......

തീർച്ചയായും ജിഗിഷ്ജി ഒരു നല്ല കഥാക്യത്തിലേക്ക് എനിക്കിനിയും ഏറെ നടക്കാനുണ്ട്. നല്ല വായനാനുഭവങ്ങൾ തന്നെയാണ് അതിനുള്ള വെളിച്ചം എന്ന് എനിക്ക് തോന്നുന്നു. തീർച്ചയായും നല്ല ക്രാഫ്റ്റുകൾക്കായുള്ള എന്റെ പ്രയത്നം തുടരും....

jayanEvoor said...

നന്നായി എഴുതിയിട്ടുണ്ട് രെഞ്ജി...

എപ്പൊഴും പുതിയ വിഷയങ്ങൾ അവതരിപ്പിക്കുക.

ഭാവുകങ്ങൾ!

Renjishcs said...

ഈ പ്രോത്സാഹനത്തിന് നന്ദി ജയന്‍ജി........

Unknown said...

വ്യത്യസ്തമായ പ്രമേയം, നല്ല അവതരണം.

KS Binu said...
This comment has been removed by the author.
KS Binu said...

പെണ്‍വേശ്യകളുടെ കഥ പലരും പാടിപ്പാടി ചെവിയില്‍ പതിഞ്ഞ് കഴിഞ്ഞു.. ആണ്‍വേശ്യയുടെ കഥ പറയുന്നവര്‍ ചുരുക്കമാണ്.. കഥയുടെ പുതുമ എന്നെ ആകര്‍ഷിച്ചു.. സ്നേഹത്തിന് വേണ്ടി ആളുകള്‍ ഏത് വഴിയെയൊക്കെ സഞ്ചരിക്കുന്നു..?? എന്നിട്ട് പ്രതീക്ഷിക്കുന്ന സ്നേഹം കിട്ടുന്നുണ്ടോ..?? ഓര്‍ത്ത് നോക്കുമ്പോള്‍ ജീവിതമെന്നത് നൊമ്പരത്തിന്റെയും സ്നേഹത്തിന്റെയും ഒരു കടലാണ്.. ഉപ്പുമായി കലര്‍ന്ന് കിടക്കുന്ന വെള്ളം പോലെ, നൊമ്പരവുമായി കലര്‍ന്ന് കിടക്കുന്നത് കൊണ്ട് ഒരു കവിള്‍ സ്നേഹം പോലും സ്നേഹമായി, അതിന്റെ പൂര്‍ണ്ണതയോടെ കോരിക്കുടിക്കാന്‍ പറ്റുന്നുമില്ല..

Renjishcs said...

തെച്ചിക്കോടനും ചന്ദ്രകാന്തനും ഒരുപാട് നന്ദി..
ഈ പ്രോത്സാഹനം ഇനിയും എന്തെങ്കിലുമെഴുതാന്‍ എനിക്ക് ശക്തി പകരും എന്ന് വിശ്വസിക്കുന്നു.

പ്രൊമിത്യൂസ് said...

എല്ലാവരും കാണാത്ത കാഴ്ചകള്‍ കണ്ടു പറയുന്നത് തന്നെയാണ് നല്ല സൃഷ്ടികളുടെ വഴി.. സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ലാതെ പറഞ്ഞിരിക്കുന്നു കഥാകൃത്ത്.. ആശംസകള്‍..

മീരാജെസ്സി said...
This comment has been removed by the author.
മീരാജെസ്സി said...

നല്ല കഥ, പുതുമയുള്ള പ്രമേയവും.. നന്നായിട്ടുണ്ട്..

Renjishcs said...

പ്രൊമിത്യൂസിനും മീരയ്ക്കും എന്റെ നന്ദി.....

Anonymous said...

വളരെ കൃത്രിമമായ ഭാഷ സംഭാഷന്ദങ്ങളില്‍ അതിഭാവുകത്വം മുഴച്ചു നില്‍ക്കുന്നു.. സംസാര ഭാഷയും എഴുത്ത് ഭാഷയും ഒരു വിത്യാസമുണ്ട് ... ധാരാളം വായിക്കുക .. അലെങ്കില്‍ ആള്‍ക്കാരുമായി സംസാരിക്കുക അപ്പോള്‍ ശരിക്കുല്ല്‍ സംസാര ഭാഷ ഉപയോഗിക്കാന്‍ പഠിക്കും

Unknown said...

visayathile puthuma...nalla avatharanam..kollaam renju..