അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ നിത്യനിതാന്തമായ നിശബ്ദതയില്‍ നിന്ന് പുറത്തിറങ്ങി ആദ്യമായി പുറംലോകം കാണുന്ന കുഞ്ഞിനെ പോലെ സെറീനാ മേരി ജോസഫ് അന്ന് കണ്ണാടിയിലെ തന്റെ ക്രൂശിത രൂപത്തിലേക്ക് തുറിച്ച് നോക്കി നിന്നു. നരച്ച കുന്നുകള്‍ പോലെയുള്ള തലമുടി , ഇടിഞ്ഞ മലഞ്ചെരിവുകള്‍ പോലുള്ള തോളുകള്‍, ഉറക്കമില്ലാതെ ദാഹിച്ചു വലഞ്ഞ കണ്ണുകള്‍.
അവള്‍ ഒരു ചുളിവു പോലും വീഴാത്ത കിടക്കയിലേക്ക് നോക്കി നിശ്വസിച്ചു. ഇന്നലെ വരെ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ? ഉള്ളതു പോലെ തോന്നിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല....ഒരു മാംസപിണ്ഡം മാത്രം. ചുമലുകള്‍ കുഴഞ്ഞ് പാതി മരിച്ച്....അവരുടെ കിടപ്പറ പണ്ടത്തേതിലും ഉണങ്ങി വരണ്ടിരുന്നു. അവള്‍ ചുണ്ടുകള്‍ കടിച്ച് മുഖത്തിന് ഒരു മയം വരുത്താന്‍ ശ്രമിച്ചു. ജനാലകള്‍ തുറന്നിട്ടു. അപ്പുറത്തെ അപ്പാര്‍ട്ടുമെന്റിലെ സുന്ദരിയായ പെണ്‍കുട്ടി അവളെ നോക്കി ചിരിച്ചു.. തിരിച്ചും ചിരി പോലെ എന്തൊ വരുത്താന്‍ ശ്രമിച്ച് അവള്‍ പരാജയപ്പെട്ടു. അവളുടെ പേര്‍ എന്തായിരിക്കും....?
ജോസഫിന്റെ കണ്ണുകള്‍ക്കു മുന്‍പില്‍ ആ സുന്ദരി വന്നുപെടാതിരിക്കാനായി അവള്‍ ആ ജാലകങ്ങള്‍ തുറക്കാറെ ഉണ്ടായിരുന്നില്ല. അവള്‍ പതുക്കെ നടന്ന് ജോസഫിന്റെ കമ്പോസിംഗ് മുറിയിലെത്തി....അയാളുള്ളപ്പോള്‍ ആര്‍ക്കും ആ മുറിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല....ചുമരില്‍ തൂക്കിയിട്ടിരുന്ന ഗിത്താറ് ജോസഫിന്റെ നിശ്ചലമായ ശരീരം പോലെ.....അവള്‍ വെറുതെ അതിലൂടെ വിരലോടിച്ചു....അയാളുടെ നീണ്ട വിരലുകളുടെ ചൂട് അപ്പോഴും അതിനുണ്ടെന്നു തോന്നി... നിലത്തും
മേശപ്പുറത്തുമായി ചിതറിക്കിടക്കുന്ന മ്യൂസിക് നോട്ടുകള്‍.....ജോസഫിന്റെ മനസ്സു പോലെ അവള്‍ക്ക് മനസ്സിലാവാതെ കിടന്നു. നിറയെ ചിഹ്നങ്ങള്‍......ചിഹ്നങ്ങള്‍ കൊണ്ട് മാത്രം വരച്ചുവെച്ച ആ ജീവിതം ഒരിക്കലും വായിക്കാനാവാതെ....അവള്‍ വിഷമിച്ചിരുന്നു.
എന്നും അയാള്‍ രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കും കാപ്പികുടി കഴിഞ്ഞ് പതിവു നടത്തവും കഴിഞ്ഞു വന്നാല്‍ പിന്നെ വൈകുന്നേരം വരെയും ആ മുറിയിലാണ്....അയാള്‍ അതിനകത്തിരുന്ന് പുതിയ മ്യൂസിക് നോട്ടുകള്‍ ഉണ്ടാക്കുകയും അത് ഗിത്താറിന്റെ തന്ത്രികളില്‍ പരീക്ഷിക്കുകയും ചെയ്ത് നിര്‍വൃതിയടയുന്വോള്‍ അവള്‍ അടുക്കളയില്‍ സാന്വാര്‍ ഉണ്ടാക്കും ഉപ്പുമാവിന് കടുകു താളിക്കും. മുടി ചീകി പിന്നില്‍ കെട്ടി വെക്കും. ഇളം നിറമുള്ള കോട്ടണ്‍ സാരികളില്‍ നിന്നൊന്നെടുത്തുടുത്ത് അമ്മക്കുള്ള പ്രഷറിന്റെ ഗുളികയെടുത്ത് കൊടുത്ത് ചോറ്റുപാത്രവും ബാഗുമായി കോളേജിലേക്കിറങ്ങും.
ഗേറ്റു കടക്കുന്വോള്‍ വീണ്ടും തിരിഞ്ഞു നോക്കും ജോസഫിന്റെ മുറിയിലേക്ക് പിന്നെ, ചുറ്റുപാടുകള്‍ നിരീക്ഷിക്കും സുന്ദരിയായ ആ പെണ്‍കുട്ടിയെ കണ്ടാല്‍ ഇളം കറുപ്പ് മുഖത്ത് ഒരു പുച്ഛഭാവം വരുത്തും.
സുന്ദരമായ ഏതു വസ്തുക്കളോടും അവള്‍ കുട്ടിക്കാലം മുതല്‍ക്കെ പുലര്‍ത്തിയിരുന്നത് അങ്ങിനെ യൊരു ഭാവമായിരുന്നു. കറുത്ത മുഖത്ത് അമ്മ പൌഡറിട്ടു മിനുക്കുന്വോള്‍, കനമില്ലാത്ത മുടിയിഴകള്‍ രണ്ടു വശത്തേക്കായി പിന്നികെട്ടൂന്വോള്‍ പൊട്ടുതൊടുവിച്ച് സുന്ദരിയായിട്ടൂണ്ടെന്ന് സമാധാനിപ്പിക്കു ന്വോളൊക്കെ അവള്‍ ആ ഭാവം മുഖത്ത് വരുത്തിയിരുന്നു. പിന്നീട് കോളേജ് ലക്ചറുടെ നിശബ്ദ ഗൌരവത്തിലേക്ക് ഒതുങ്ങാനും ആ മുഖംമൂടി അവളെ സഹായിച്ചിരുന്നു.
താന്‍ കോളേജിലേക്ക് പോയിക്കഴിഞ്ഞാല്‍ ജോസഫ് സംഗീതപരിപാടി അവസാനിപ്പിക്കുകയും ഗൂഗിള്‍ ചാറ്റിലേക്കു തിരിയുകയും ചെയുമെന്ന് അവള്‍ക്കറിയാമായിരുന്നു....അതുകൊണ്ടു തന്നെ അവള്‍ ഇടക്കിടെ അയാളെ വിളച്ച് ശല്യം ചെയ്തുകൊണ്ടിരിക്കും. നിനക്കെന്താണു വേണ്ടതെന്നു ചോദിച്ച് ഇടക്കവനവളോട് ദേഷ്യപ്പെടും. വൈകുന്നേരത്ത് അവളുടെ കോളെജിന്റെ സൈറ്റിലെ പച്ചവെളിച്ചം കെടുന്നതോടെ അവനും ചാറ്റ് റൂമിന്റെ വാതിലുകളടച്ച് സ്റ്റുഡിയോവിലേക്ക് പോകാനായി ഖദര്‍കുര്‍ത്ത ധരിച്ച് നില്‍ക്കുന്നുണ്ടാവും. താഴെ കാത്തു നില്‍ക്കുന്ന വണ്ടിയിലേക്ക് എത്തിപ്പെടാനുള്ള തിരക്കിനിടയില്‍ അവളെ വാരിപ്പിടിച്ചൊന്ന് ചുംബിക്കും പിന്നെ ധ്രുതിയില്‍ യാത്ര പറഞ്ഞ് പടിക്കെട്ടുകള്‍ ഇറങ്ങിപ്പോകും.. ഹാഫ് ഹാന്‍ഡികാപ്ഡ് നീളന്‍ കുര്‍ത്ത്ക്കിടയിലൂടെ അവന്റെ നീണ്ടുമെലിഞ്ഞ് സുന്ദരമായ ശരീരം നൊക്കി അവള്‍ പിറുപിറുക്കും....
പിന്നീട് അവള്‍ കമ്പ്യൂട്ടറിന്റെ നീലജാലകം തുറക്കും. അവന്‍ കടന്നുപോയ വഴികളില്‍ അവനെ തിരയും. എല്ലാവഴികളില്‍ നിന്നും സൈന്‍ ഔട്ട് ചെയ്തിട്ടായിരിക്കും അവന്‍ പോയിരിക്കുക.എന്നാലും ചിലപ്പോള്‍ ചെറിയ ചില കച്ചിത്തുരുന്വുകള്‍ കിട്ടും അതിലൂടെ അവള്‍ ഉറുന്വിനെപോലെ അരിച്ചു കയറും പിന്നീട് ചില നീല ഞരന്വുകളില്‍ ഉടക്കി നില്‍ക്കും.ഡീലേറ്റാന്‍ മറന്ന ചില സംഭാഷണ ശകലങ്ങള്‍ വിചിത്രങ്ങളായ ചില പേരുകള്‍, ഫോട്ടോകള്‍ മെസ്സേജുകള്‍ എന്റെ ഭാര്യ പ്രസവിക്കില്ല, അവള്‍ക്ക് വട്ടാണ്....അവള്‍ക്ക് പ്രണയമെന്താണെന്നറിയില്ല.......പിന്നെ ജോലിയും നല്ലൊരു വീടുമുണ്ട് അതുകണ്ടിട്ടാണ് ഞാന്‍.....എന്നിങ്ങനെ നീളുന്നു.....സംസാരങ്ങള്‍....അപ്പോഴേക്കും അവള്‍ ഇന്‍ബോക്സ് അടക്കും.....പിന്നെ ഒറ്റ വീഴ്ചയാണ്. കിടക്കയിലേക്ക്.....അലറിവിളിക്കുന്ന മനസ്സുമായി.
മൂന്നുവര്‍ഷം മുന്‍പ് അയാളെ സ്വന്തമാക്കാന്‍ താന്‍ വീട്ടുകാരോട് നിരന്തരം കലഹിച്ചിരുന്ന നാളുകളോര്‍മ്മയില്‍ വരും. ചെറുപ്പത്തിലേയുള്ള അവളുടെ വാശി അറിയുന്ന വീട്ടുകാര്‍ പിന്നീട് എതിര്‍ത്തില്ല. എന്നാല്‍ വീട്ടുകാര്‍ സമ്മതിച്ച വിവരം പറഞ്ഞിട്ടും ജോസഫിന് പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ഉണ്ടായില്ല. നൊ നൊ അതു ശരിയാവില്ല അയാള്‍ എതിര്‍ത്തു.ഒരു ആക്സിഡന്റിനു ശേഷം ഞാന്‍ ഹാഫിലി ഹാന്‍ഡിക്യാപ്ഡ് ആണ്. പിന്നെ മ്യൂസിക് കോളേജില്‍ വെച്ചുണ്ടായ മന്ദീപ് കോര്‍ എന്ന പഞ്ചാബി പെണ്‍കുട്ടിയുമായുള്ള ബന്ധം ആറുമാസത്തെ ദാന്വത്യത്തിനു ശേഷമുള്ള അവളുടെ ഇറങ്ങി പോക്ക് ...എന്റെ പരാജയപ്പെട്ട ആത്മാഹത്യാശ്രമം ..........എനിക്കറിയില്ല ഇനിയൊരു ജീവിതം സാധ്യമാണോയെന്ന്.......നീയെന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ മരിച്ചു കളയും അവള്‍ അവസാന വാക്കെന്നപോലെ പറഞ്ഞു അതവനെ ഉരുക്കിയെന്നു തോന്നുന്നു.
ഓകെ, നമുക്കൊന്നു ശ്രമിച്ചു നോക്കാം പക്ഷേ ഒരു കാര്യം എന്റെ ഫ്രീഡം അതെനിക്കു വലുതാണ്.
ഐ വില്‍ ബി എ ഫ്രീ മേന്‍ ഓള്‍വേയ്സ്.......മ്യൂസിക്....സംഗീതമാണ് എനിക്ക് ഏറ്റവും വലുത്. അതിനു ശേഷമേ ബാക്കിയെല്ലാം ഉള്ളൂ.....കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ എന്നെ കെട്ടിയിടാന്‍ നോക്കരുത്. അവള്‍ എല്ലാം സമ്മതിച്ചു ഒരു വിഡ്ഡിയെപ്പോലെ....
പക്ഷേ വിവാഹം കഴിഞ്ഞതിന്റെ രണ്ടാം നാള്‍ തുടങ്ങി പൊരുത്തക്കേടുകളും...വളര്‍ന്നു വളര്‍ന്ന് അതിന് മറയില്ലാതായി.......പാതിരാത്രിയില്‍ അവരുടെ മുറിയില്‍ നിന്നുള്ള അലര്‍ച്ചകളും, അപശബ്ദങ്ങളും മല്‍പ്പിടുത്തങ്ങളും അച്ഛനേയും അമ്മയേയും ഭയപ്പെടുത്തി.....ദേഷ്യം വരുന്വോള്‍ അവള്‍ പൂച്ചയെപ്പോലെ അവനെ മാന്തിപ്പറിച്ചു. ചവിട്ടി താഴെയിട്ടൂ. അയലത്തെ സുന്ദരിയെ നോക്കിയതിന്, ചാറ്റുറൂമിലെ അവിഹിതസംസാരങ്ങള്‍ക്ക്,കണ്‍സര്‍ട്ടിനാണെന്നും പറഞ്ഞ് ഒരു പാട്ടുകാരിയുമായി കറങ്ങിയതിന്...
അങ്ങിനെയങ്ങിനെ നിരന്തരം വഴക്കുകള്‍ മാത്രമായി..വീടിനുചുറ്റുമുള്ള നിഴലിനെപോലും അവള്‍ ഭയന്നു. സുന്ദരികളുള്ള ബന്ധുവീട്ടില്‍ പോലും അവനുമായി പൊകാതെയായി.കണ്ണു തെറ്റിയാല്‍ കട്ടു തിന്നുന്ന കണ്ടന്‍പൂച്ചയായിരുന്നു അവള്‍ക്ക് അവന്‍.. അപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് അപ്പാര്‍ട്ടുമെന്റുകളിലേക്ക് മാത്രം നടന്നു ശീലമുള്ള അവള്‍ക്കറിയില്ലായിരുന്നു.പ്രചണ്ഡമായ സംഗീതലോകത്തിന്റെ വിചിത്ര സ്വാതന്ത്ര്യ സാധ്യതകളെക്കുറിച്ച്..
സംഗീതപരിപാടികളില്ലാത്ത രാത്രികളില്‍ അവള്‍ ഉറങ്ങിക്കഴിയുന്വോള്‍ അവന്‍ കാമുകിമാരുമായി ചാറ്റ് റൂമില്‍ സല്ലപിച്ചു.ചാറ്റ്രൂമില്‍ കണ്ട വിചിത്രപേരിലെ സുന്ദരിമാര്‍ക്കെല്ലാം അവള്‍ വെടിപുള്ള ഇംഗ്ലീഷില്‍ ഭീഷിണി മെസ്സെജുകള്‍ അയച്ചു, അയാളെ വിട്ടുതരാന്‍ ആജ്ഞാപിച്ചു. നിങ്ങള്‍ക്ക് നാണമില്ലെ അയാള്‍ക്ക് ഒരു ഭാര്യയുണ്ടെന്നറിയില്ലെ ..........അവള്‍ അവരോട് ചോദിച്ചു. ജോസഫ് പലപ്പോഴും അവളോട് പിണങ്ങി സ്റ്റുഡിയോയില്‍ ആക്കി ഉറക്കം .പിന്നെ അതെല്ലാം വെറുതെയാണെന്നും അയാളുടെ തന്നെ ഫേയ്ക്ക് ഐഡികളാണെന്നു പറഞ്ഞ് സമാധാനിപ്പിച്ചു.,
ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങളില്‍ കടല്‍ത്തീരത്തു കൊണ്ടുപോയി സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു.
എങ്കിലുമവള്‍ അടങ്ങിയില്ല എല്ലായ്പ്പോഴും അയാളെ സംശയത്തോടെ വീക്ഷിച്ചു.അയാളുടെ പോക്കറ്റ്മണികള്‍ വെട്ടിച്ചുരുക്കി.കണ്‍സര്‍ട്ടുകളില്‍ നിന്ന് കിട്ടുന്ന പണത്തിന്റെ കണക്കുകള്‍ ചോദിച്ച് വഴക്കുണ്ടാക്കി.ചീരയും പൂവും വില്‍ക്കുന്ന പെണ്‍കുട്ടിയെപോലും ഗേറ്റിനിപ്പുറത്തേക്ക് കയറ്റരുതെന്ന് അമ്മയോട് നിര്‍ദ്ദേശിച്ചു.അവന്‍ കണ്‍സര്‍ട്ടിന് പോയ ദിവസങ്ങളില്‍ അസ്വസ്ഥമായ മനസോടെ ഫേയ്സ്ബുക്കിലും മൈസ്പേസിലുമൊക്കെയുള്ള അവന്റെപേജുകള്‍ പരിശോധിച്ചു.അതിലെ പേരുകള്‍ക്ക് പിറകിലുള്ള അറിയാത്ത മുഖങ്ങളോട് വഴക്കടിച്ചു. ഉനമാദിനിയെപ്പോലെ ഉറക്കമിളച്ച് മുറികളില്‍ നിന്ന് മുറികലിലേക്ക് നടന്നു.മങ്ങിയ നിറമുള്ള സാരികള്‍ ധരിച്ച് ആള്‍ത്താരയിലെ ചോര വാര്‍ന്നൊലിക്കുന്ന ക്രൂശിത രൂപത്തിന് മുന്‍പില്‍ നിന്ന് മുട്ടുകുത്തി പ്രാര്‍ഥിച്ചു.
അത് സംഗീതമയമായ ഒരു രാത്രിയായിരുന്നു. ദില്ലിയിലെ കലാസാംസാരികവേദി സംഘടിപ്പിച്ചത്. വിവിധ ഭാഷയിലുള്ള പ്രശസ്തരായ സംഗീതഞ്ജര്‍ പങ്കെടുത്തത്.. ജോസഫ് മതിമറന്ന് ഗിറ്റാര്‍ ആലപിച്ച ഒരു രാത്രിയായിരുന്നു അത്. സെറീന വേദിയിലിരുന്ന് അയാളെ സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. ഇടക്കിടെ അയാളുടെ മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്നുണ്ടായിരുന്നു. അസ്വസ്ഥതയോടെ അയാളതെടുത്ത് ജൂനിയറായ സദാശിവനെ ഏല്‍പ്പിക്കുന്നതും അവള്‍ കണ്ടിരുന്നു.വേദിയുടെ ഒരു മൂലയില്‍ പോയിനിന്ന് സദാശിവന്‍ തമിഴ് കലര്‍ന്ന ഇംഗ്ലീഷില്‍ എന്തൊക്കെയോ പറയുന്നതും അവള്‍ ശ്രദ്ധിച്ചിരുന്നു.
മടക്കയാത്രയില്‍ ജോസഫ് വളരെയധികം അസ്വസ്ഥനായി കാണപ്പെട്ടു. കാറിലെ ഏസിയുടെ തണുപ്പിലും അയാള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു.പെട്ടന്ന് ഒരു വളവുതിരിഞ്ഞതും കാറ് എതിരെ വന്ന ലോറിയുടെ മേല്‍ ഇടിച്ചു തെറിച്ചതും സ്വപ്നത്തിലെന്നപോലെ അവളറിഞ്ഞു.. നിണ്ട ഉറക്കത്തില്‍ നിന്നെന്ന പോലെയുണര്‍ന്നപ്പോള്‍ ആദ്യം അന്വേഷിച്ചത് ജോസഫിനെയായിരുന്നു. കട്ടിലില്‍ ചാരിവെച്ച ഗിത്താര്‍ പോലെ ജോസഫ് ജീവച്ഛവമായി.....ഗിത്താറില്‍ പതിഞ്ഞുപോയ ആ വിരലുകള്‍ പിന്നെ ചലിച്ചില്ല.....
അയാളുടെ ജീവിതം ആ കിടപ്പുമുറിയിലെക്കു ചുരുങ്ങി....അടഞ്ഞ ജനവാതിലുകള്‍ ഉള്ള ആ മുറിയില്‍ പാതിജീവനുള്ള ജോസഫിന് അവള്‍ കൂട്ടിരുന്നു.രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് രാത്രിയില്‍ അയാള്‍ അവളെ അരികത്തേക്കു വിളിച്ചത്. എന്തോ പറയാന്‍ ആ ചുണ്ടുകള്‍ വിതുന്വുന്നതായി കുറെദിവസ മായി അവള്‍ക്ക് തോന്നിയിരുന്നു. കമ്പ്യുട്ടറിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നറിഞ്ഞ് അവള്‍ അത് തുറന്നു. അയാളുടെ മെയില്‍ ഐഡി അടിക്കാനുള്ള ആവശ്യത്തെയും അനുസരിച്ചു..അവള്‍ ഒരുപാടു തവണ ചോദിച്ചിട്ടും പറയാത്ത പാസ് വേഡിനായി അയാള്‍ അവളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി.അവള്‍ സ്വന്തം പേര്‍ അതില്‍ റ്റൈപ്പ് ചെയ്ത നിമിഷം അയാളൂടെ സ്വകാര്യതകളുടെ വാതായനങ്ങള്‍ ഒന്നൊന്നായി അവള്‍ക്കു മുന്നില്‍ തുറക്കപ്പെട്ടു. അതിസുന്ദരിയായ ഒരു യുവതിയുടെ നൃത്തവേഷത്തിലുള്ള ചിത്രങ്ങളാണ് ആദ്യം മോണിറ്ററില്‍ തെളിഞ്ഞത്. ഗായത്രിദേവി എന്നായിരുന്നു അവരുടെ പേര്‍. നിന്നിലേക്ക് മടങ്ങുന്നത് ഞാന്‍ എന്നിലേക്കു മടങ്ങുന്നപോലെയെന്നു ജോസഫ് അടിക്കുറിപ്പ് കൊടുത്തിരിക്കുന്ന അടുത്ത ചിത്രത്തില്‍ ഗായത്രിയുടെ കൈയില്‍ ചിത്രശലഭത്തെ പ്പോലെ ഒരു കുഞ്ഞ് ജോസഫിന്റെ അതേ തീക്ഷ്ണ നയനങ്ങളുള്ള...........നീണ്ട കൈവിരലുക ളുള്ള......അവള്‍ അതിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി. പിന്നെ കമ്പ്യൂട്ടര്‍ തട്ടിത്തെറിപ്പിച്ചു എന്നിട്ട് ജോസഫിന്റെ കട്ടിലിന്റെ അടുത്തേക്ക് പാഞ്ഞുചെന്നു.വിറക്കുന്ന കൈകള്‍ അയാളുടെ കഴുത്തിനു നെരെ നീട്ടി.........യൂ ചീറ്റ്...........
അചഛനേയും അമ്മയേയും തീര്‍ഥാടനക്കാരുടെ വണ്ടിയില്‍ യാത്രയയച്ച് വീടിന്റെ വാതില്‍ പൂട്ടിയിറങ്ങുന്വോള്‍ അവളുടെ മനസ്സ് ശാന്തമായിരുന്നു. ഇനിയൊന്നിനേയും ഭയക്കാനില്ല..വിലപിടിച്ച വസ്തുക്കളൊന്നും അകത്തില്ല.ജോസഫിന്റെ സംഗീത ഉപകറണങ്ങളെല്ലാം പ്രിയപ്പെട്ട ഗിറ്റാര്‍ അടക്കം അവള്‍ മ്യൂസിയംകാര്‍ക്ക് കൊടുത്തിരുന്നു.ഓര്‍മ്മകള്‍ ഒന്നും ബാക്കിവെക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടീല്ല. നീളന്‍ കാറ്റാടിമരങ്ങള്‍ക്കിടയിലൂടെ നടന്ന് അവള്‍ പ്രിന്‍സിപ്പാളുടെ റൂമിലെത്തി.ഒരു മാസത്തേക്കുള്ള ലീവ് ലെറ്ററില്‍ ഒപ്പിടൂന്വോള്‍ അയാള്‍ പ്രത്യേകിച്ച് ഒന്നും ചോദിച്ചില്ല
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഒറ്റ്ക്കൊരു യാത്ര വേണ്ടിവരുമെന്ന് വിചാരിച്ചതല്ല. ജോസഫ് ഒരിക്കല്‍ കൊണ്ടുപോകാമെന്നു പറഞ്ഞതായിരുന്നു അമ്മച്ചിയെ കാണിക്കാന്‍.......... പിന്നെയെന്തൊക്കെയോ കാരണങ്ങളാല്‍ അതു നടന്നില്ല. കണ്‍സര്‍ട്ട് എന്ന് പറഞ്ഞ് ഇടക്കുള്ള യാത്രകളെല്ലാം ഇങ്ങോട്ടായിരിക്കണം.വളരെ നിര്‍ബന്ധിച്ചതിനു ശേഷമാണ് സദാശിവന്‍ അഡ്രസ് തന്നത് .അവനു ഭയമുള്ളതുപോലെ തോന്നി ഞാന്‍ അവരെയെന്തെങ്കിലും ചെയ്യുമോയെന്ന്..
അഗ്രഹാരങ്ങള്‍ വരിവരിയായുള്ള ഒരു തെരുവ്. മുല്ലപ്പൂവിന്റെ മണം. എവിടെയൊക്കെയോ കറങ്ങി തിരിഞ്ഞ് അവസാനം അവര്‍ അവിടെ എത്തിച്ചേര്‍ന്നു. വാതില്‍ തുറന്നത് അവള്‍ തന്നെയാണ്. ഗായത്രി. അവളുടെ കൈയില്‍ ചിത്രശലഭം പോലെയുള്ള ആ കുഞ്ഞ് ജോസഫിന്റെ അതേ തീക്ഷ്ണ നയനങ്ങള്‍. അവള്‍ കുറെനേരം ആ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കി. ഏതോ അജ്ഞാത രാഗത്തിന്റെ മ്യൂസിക്നോട്ടുകള്‍ വായിച്ചെടുക്കാനെന്നപോലെ...
.
ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍


Labels: കഥ
Subscribe to:
Post Comments (Atom)
38 Comments, Post your comment:
hm
manoharam manoharam
വളരെ നന്നായി എഴുതി.ഒറ്റ ശ്വാസത്തില്‍ വായിച്ചു
വെറുതെ ബ്ലോഗ് തിരച്ചിലിനിടയ്ക്കാണ് നിങ്ങളുടെ ബ്ലോഗ്
കണ്ണില്‍പെട്ടത്..തുടക്കം വായിച്ചപ്പോള്‍ പൂര്‍ണ്ണംമായും വായി
ക്കണമെന്ന് തോന്നി.
''ആറുമാസത്തെ ദാന്വത്യത്തിനു ശേഷമുള്ള അവളുടെ ഇറങ്ങി പോക്ക് ...എന്റെ പരാജയപ്പെട്ട ആത്മാഹത്യാശ്രമം ..........എനിക്കറിയില്ല ഇനിയൊരു ജീവിതം സാധ്യമാണോയെന്ന്.......''
ഒരു നവംബര്‍മാസത്തിലെ ഓര്‍മ്മയിലേയ്ക്ക് ഞാന്‍ കടന്നുപോയി..
എനിക്ക് പരിചയമില്ലാത്ത ഒരാള്‍ എങ്ങിനെ എന്നറിയില്ല ഓണ്‍ലൈനില്‍
പരിചയപ്പെടുന്നു... നിങ്ങളുടെ കഥയിലെ കഥാപാത്രത്തേപോലെ ഒരു ആത്മഹ
ത്യയുടെ മുനമ്പില്‍ നിന്ന് ആപെണ്‍കുട്ടി (ചേച്ചി) എന്നോട് സംസാരിച്ചു..
അവരെ അതില്‍ നിന്ന് പിന്മാറ്റണമെന്നുറച്ച് ഞാന്‍ പറഞ്ഞവാക്കുകള്‍
ഒക്കെ എന്നിലൂടെ വീണ്ടും കടന്നുപോയി
;അവരിന്ന് നല്ലൊരു ദാമ്പത്യം നയിക്കുന്നു. ഇത്രയും പറഞ്ഞത്
ഒരു ജീവനുള്ള കഥയാണിത് എന്ന് തോന്നിയതുകൊണ്ടാണ്..എനിക്ക് നിങ്ങളെ
പരിചയമില്ല എങ്കിലും പറയട്ടെ ഏറെകാലത്തിന് ശേഷമാണ് ബ്ലോഗില്‍
ഇങ്ങിനെ ഒരു കഥവായിക്കുന്നത്...
തുടക്കവും ഒടുക്കവും മനോഹരമാക്കി...വായിച്ചുതീര്‍ന്നത് അറിഞ്ഞ
തേയില്ല...
അടുത്ത പോസ്റ്റിടുമ്പോള്‍ ലിങ്ക് അയക്കുമല്ലോ??
(ബ്ലോഗില്‍ മികവുള്ള രചനയ്ക്കൊന്നും കമന്‍റ് കിട്ടാത്ത അവസ്ഥയുണ്ട്..അത്
അത് മാറണം എങ്കിലേ രക്ഷയുള്ളു.. കറുപ്പിനെ കറുപ്പെന്നും വെളുപ്പിന്നെ
വെളുപ്പെന്നും വിളിച്ചുപറയാന്‍ ആരും തയ്യാറാവുന്നില്ല..നമുക്ക്
പ്രത്യാശിക്കാം.)
സസ്നേഹം.
thanks rosili, dineshan and unnimol
ജീവിതം ഒരു ഒളിച്ചുകളി പോലെയാണ്..! പിടി കിട്ടി എന്നു പലപ്പോഴും തോന്നുമെങ്കിലും ഒരു നിമിഷത്തില്‍, അതു നമ്മെ വെട്ടിച്ചുകടന്നു കളയുന്നു..എല്ലാം കീഴ്മേല്‍ മറിയുന്നു..! പ്രവചനാതീതമായ ഈയൊരു അനിശ്ചിതത്വം, യാദൃശ്ചികത...എല്ലാം ജോസഫിന്റെ യും
സെറീനയുടെയും കഥയായി മാറുകയാണ്..അതു വായിക്കവെ, ഹോ..ഈ ജീവിതം..എന്നു നാം പറഞ്ഞു പോവുന്നു.!
കവിയുടെ പദസ്വാധീനം ഈ കഥയെ വേണ്ടു വോളം സഹായിച്ചിടുണ്ട്. പ്രമേയത്തിന്
ഒരു യൂണിവേഴ്‍സല്‍ സ്വഭാവമുണ്ട്.. സ്ത്രീ വ്യക്തിത്വത്തിന്റെ ഭിന്ന ഭാവങ്ങളുണ്ട്..ആണിന്റെ അലസമേല്‍ക്കോയ്മയുണ്ട്..! എന്താണില്ലാ ത്തത്..? കല/കഥ ജീവിതം തന്നെ..!
ദിനേശന്‍ വരിക്കോളി പറഞ്ഞ ജീവിതാനുഭവം എനിക്കില്ലെങ്കിലും ഒരുകാര്യം ഞാനും ഊന്നിപ്പറയുന്നു.ബ്ലോഗില്‍ പലപ്പോഴും കാണുന്ന പ്രതികരണങള്‍ കഴമ്പില്ലാത്തതാണ്. നല്ലതു പലതും തമസ്ക്കരൈക്കപ്പെടുകയും ചെയ്യുന്നു. ഈ കഥക്ക് പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും ജീവിതയാഥര്‍ഥ്യം ഇതില്‍ ഉണ്ട്. പ്രണയം, ഇഷ്ടം തുടങ്ങിയ മൌലികമായ ചിന്തകള്‍ പലപ്പോഴും നഷ്ടമാവുന്നത് നാം മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കേണ്ടി വരുമ്പോഴാണ്. ജീവിതം നമുക്കുവേണ്ടിയുള്ളതായി തീരണം. പ്രതീക്ഷകള്‍ വെറുതെയാണ്. നല്ല ശ്രമം...തുടരുക.
വളരെ ടച്ചിങ് ആയി എഴുതി കേട്ടോ.. അഭിനന്ദനങ്ങൾ
ശ്രീ ദിനേശന്‍ വരിക്കോളി,ബാലു പുതുപ്പാടി എന്നിവര്‍ പറഞ്ഞ അഭിപ്രായം ശ്രദ്ധിച്ചു.നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു.ബ്ലോഗില്‍ പലപ്പോഴും നല്ല രചനകള്‍ക്ക് അംഗീകാരം കിട്ടാത്ത ഒരു അവസ്ഥയുണ്ട്.
'ഋതു' എന്ന ഈ ബ്ലോഗ് ഇവിടെ അവതരിപ്പിക്കുമ്പോള്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകരുടെ ഉള്ളില്‍ ഈയൊരു ചിന്ത തന്നെയായിരുന്നു.മികവുറ്റ രചനകള്‍/കഥകള്‍ ജനങ്ങളിലെക്കുത്തിക്കുക,അവ വിശകലം ചെയ്യുക,വേരറ്റു തുടങ്ങിയ സാഹിത്യ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ആവുന്നത് ചെയ്യുക,ചര്‍ച്ച ചെയ്യപ്പെടേണ്ട സൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളിലൂന്നിയാണ് 'ഋതു'വിന്റെ പ്രവര്‍ത്തനം.
മികച്ച രചനകള്‍ എന്നും വായിക്കപ്പെടുക തന്നെ വേണം.'ഋതു'വിലെ വായന നല്ല കഥകളെ/എഴുത്തുകാരെ,അത് വലിപ്പചെറുപ്പമില്ലാതെ തന്നെ പ്രോല്സാഹിപ്പിക്കുമെന്നു തന്നെ പ്രത്യാശിക്കട്ടെ.
'ഋതു'വില്‍ ഇത് വരെ വന്നിട്ടുള്ള കഥകളെല്ലാം തന്നെ നല്ല നിലവാരം പുലര്‍ത്തി എന്നുള്ളത് ഞങ്ങള്‍ക്ക് നിറഞ്ഞ സന്തോഷം തരുന്നു.അത് കൊണ്ട് തന്നെ ഇനി വരാന്‍ പോകുന്ന കഥകളിലെല്ലാം ഈയൊരു മിഴിവ് 'ഋതു' വിലെ എഴുത്തുകാര്‍ കാത്തു സൂക്ഷിക്കുമെന്നു കരുതട്ടെ.
സീരിയസായ വായന ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി 'ഋതു'വിന്റെ വാതിലുകള്‍ എന്നും തുറന്നിട്ടിരിക്കുന്നു.
മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കേണ്ടി വരുമ്പോഴാണ്
സ്വന്തം വികാരങ്ങളും വിചാരങ്ങളും അന്യമാകുന്നത്.
വായിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്.
അവനവനുവേണ്ടി ജീവിക്കാൻ സ്ത്രീകൾ ചിന്തിക്കുന്നത് വളരെ വൈകിയാണല്ലൊ, കഥ വളരെ നന്നായി.
നല്ല കഥ."ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍"എന്ന പേര് ഏറെ ഹൃദ്യമായി.ഈ കഥയ്ക്ക് ജിഗീഷ് പറഞ്ഞപോലെ ഒരു ഒരു യൂണിവേഴ്‍സല്‍ സ്വഭാവമുണ്ട്..
ചിലപ്പോഴൊക്കെ വ്യാകുലതകള്‍ മാത്രമാണ് സ്ത്രീകളെ മുന്നോട്ടു നയിക്കുന്നതെന്ന് പോലും തോന്നിയിട്ടുണ്ട്.സ്വയം തിരിച്ചറിയുന്നവര്‍ അപൂര്‍വവും.
നല്ല നിലവാരമുള്ള കഥ.
നല്ല എഴുത്ത്. ബ്ളോഗിലെ എഴുത്തിനും വായനയ്ക്കും വേണ്ടത്ര ഗൌരവം പലപ്പോഴും ഉണ്ടാവാറില്ല. കുറച്ചെങ്കിലും ഗൌരവമുള്ള എഴുത്തും വായനയും വരുന്നത് കവിതയിലാണ്. കവിതയുടെ വായന നടക്കുന്നത് പലപ്പോഴും കണ്ണിലൂടെ അല്ലല്ലോ. അതായിരിക്കാം കാരണം.
ഇതൊരു നല്ല സംരംഭം. നല്ല കഥകള്‍ വളരെ കുറച്ചേ ബ്ളോഗില്‍ കണ്ടിട്ടുള്ളു. ഒരു പക്ഷെ ശ്രദ്ധയില്‍ പെടാത്തതും കാരണമായിരിക്കാം. ഇനി ശ്രദ്ധിക്കാം.
പതിവ് പോലെ മനോഹരമായ അവതരണം .
ജീവനുള്ള ഒരു ചിന്ത്രം വാക്കുകളാല്‍ കോറിയിട്ടു
അതെ... ഒരു നോട്ട് പോലും തെറ്റാത ഒരു മെലോഡി പോലെ സുന്ദരം..ഈ കഥ
വീണ്ടും പറയുന്നു സിന്ധു ...വളരെ ഇഷ്ടപ്പെട്ടു.
മനോഹരം, ഈ ഗിത്താര്‍ സംഗീതം..
നല്ല എഴുത്ത്
thanks my dear friends!
കഥ പുതിയതല്ലെങ്കിലും, മനോഹരമായ എഴുത്ത് അതിനെ മായിക്കുന്നു....
ഇഷ്ടപ്പെട്ടു!
കഥകളുടെ തലക്കേട്ടുകളും ചിത്രങ്ങളുമെല്ലാം മനോഹരമായിരിക്കുന്നു.ചില കഥകളും തരക്കേടില്ല.ആശംസകള്‍.
കഥ നന്നായിരിക്കുന്നു...
ആശംസകൾ...
വായിക്കാന്‍ കൊതിതോന്നിപ്പിക്കുന്ന എഴുത്ത്.. സംശയിക്കുന്ന ഭാര്യയുടെ വേവലാതികള്‍... ഒരു നിസ്സഹായയായ സ്ത്രീയുടെ വേദനകള്‍.... എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു..
നല്ല ഒഴുക്കോടെ എഴുതി, വായനാ സുഖം നല്‍ക്കുന്ന രചന.
ആശംസകള്‍.
നല്ല ഒഴുക്കോടെ എഴുതി, വായനാ സുഖം നല്‍ക്കുന്ന രചന.
ആശംസകള്‍.
ജീവിതം വഴി തെറ്റിപ്പോവുന്നത് അതിന്റെ തീവ്രതയോടെ അവതരിപ്പിച്ചു.. പ്രതീക്ഷിക്കുന്ന വഴിയെയൊക്കെ ജീവിതം പോയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ അല്ലേ.. പൊസസീവ്നസ്സ് ആണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.. പക്ഷേ അതില്ലാതെന്ത് ജീവിതം.. എന്ത് സ്നേഹം.. അല്ലെ..? കഥയുടെ വഴികള്‍ പരിചിതമാണ്.. കാവ്യാത്മകമായ ശൈലി അതിന് പുതുമ പകരുന്നു.. (ഒന്ന് രണ്ട് അക്ഷരത്തെറ്റുകള്‍ കണ്ടു.. തിരുത്തിയാല്‍ കൂടുതല്‍ നന്നായിരിക്കും..)
സ്ത്രീകളുടെ ആന്തരിക സംഘര്‍ഷങ്ങളെ വളരെ വ്യക്തമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു..ഹൃദ്യമായ അവതരണം..
ഹൃദ്യമായ അവതരണം.. നന്നായി എഴുതി..
അവതരണം മനോഹരം....
യാദ്രിശ്ചികമായാണ് ഇവിടെ എത്തുന്നത്. ഒറ്റയടിക്ക് വായിച്ചും തീര്‍ത്തു. ആത്മാവുള്ള കഥ. തീര്‍ച്ചയായും ഞാനീ ബ്ലോഗില്‍ വീണ്ടും വരും . വീണ്ടും നല്ല കഥകളുണ്ടാവട്ടെ. നല്ല രചയിതാക്കളും.
കഥയില്‍ കഥയാണ് പ്രധാനം. ഈ കഥയില്‍ ഒരു കഥയുണ്ട്. അത് പ്രനയിച്ചു വിവാഹം കഴിച്ച് ഭര്യാഭര്‍ത്താക്കന്മാരായ രണ്ടു പേരുടെ ദാമ്പത്യത്തിലെ പൊരുത്തക്കേടുകളാണ്. ജോസഫ് ഭാര്യയെ ഒലിച്ചു നെറ്റില്‍ സുന്ദരികളുമായി പ്രണയസല്ലാപത്തില്‍ ഏര്‍പ്പെടുന്നു. അവള്‍ എതിര്‍ക്കുന്നു. ഗത്യന്തരമില്ലാതെ ഇറങ്ങിപ്പോകുന്നു. കെ.സരസ്വതിയമ്മയും ലാലീതാംബിക അന്തര്‍ജ്ജനവും എഴുതുന്ന കാലം മുതല്‍ ഇത്തരം വിഷയങ്ങള്‍ കടന്നു വരുന്നു. ആണ് പെണ്ണിനെ അവോയ്ഡ് ചെയ്യുന്ന കഥ. പെണ്ണിന്റെ നീറ്റലിന്റെ കഥ. മധവിക്കുട്ടിയും, രാജലെക്ഷ്മിയും സാറാജൊസഫൂം അടക്കം എത്രയോ പേര്‍ ഇതൊക്കെത്തന്നെ എഴുതി. അതുകൊണ്ടു സിന്ധുവിന് എഴുതാന്‍ പാടില്ല എന്നില്ല. ഇതില്‍ ഒരുപാടു വിവരങ്ങള്‍ വരുന്നു. മുസിക്, ഇന്റെര്‍നെറ്റ് ചാറ്റ്, ഫേസ്ബുക്ക് അതിന്റെ ദുരുപയോഗങ്ങള്‍.... പക്ഷെ ഒന്നും ജൈവികമാവുന്നില്ല. കഥയുടെ അദ്യ രണ്ടു ഖണ്ഡിക ആധുനികതയുടെ ഹാങോവറില്‍ നിന്നു മുക്ക്തമാവാത്ത പോലെ. മുകൂന്ദന്റെ മയ്യഴിപ്പുഴയിലെ ദാസന്റെ ജനനത്തെ പറ്റി പറയുന്ന ഒരുതരം ലാങ്വേജ്. പുനത്തിലിന്റെ കന്യാവനങ്ങളില്‍ അല്‍ദോസരിയുടെ രണ്ടാം(അതോ മൂന്നോ) ഭാര്യ മരിക്കുമ്പോള്‍ അടക്കം ചെയ്യാനൊരുങ്ങുനു. അപ്പോള്‍ അല്‍ദോസരി പറയുന്നു. അവളെ കുഴിയില്‍ ചരിച്ചു കിടത്തിയാല്‍ മതി, എന്നും അവള്‍ എന്റെ കിറ്റക്കയില്‍ ചരിഞ്ഞേ കിടന്നിട്ടുള്ളൂ. ആ പറച്ചില്‍ ഇവിടെ പെണ്ണു പറയുന്നു. മഴ (ലെനിന്‍ രാജേന്ദ്രന്‍) സിനിമയുടെ മൂഡ് ആദ്യന്തം കഥയിലുണ്ട്.കഥ മോശമാനെന്നല്ല, ഈന്തോ ഒരു ചോര്‍ച്ച . മൈക്കലാഞജലോ
ശീല്പത്തെ പ്പറ്റി പറഞ്ഞത് ഇവിടെ ഓര്‍ക്കുന്നു. കല്ലില്‍ ശില്പമുണ്ട്. ശില്പമല്ലാത്തത് കൊത്തിക്കളയണം. ഇവിടെയും അതുതന്നെ പറയുന്നു. ഇത്രയുമ്പറഞ്ഞത് ഇവിടെ ആയതിനാലാണ്.
ദിനേശന്‍ വരിക്കോളി പരഞ്ഞതാണ് ശരി. ( ബ്ലോഗില്‍ മികവുള്ള രചനയ്ക്കൊന്നും കമന്‍റ് കിട്ടാത്ത അവസ്ഥയുണ്ട്..അത്
അത് മാറണം എങ്കിലേ രക്ഷയുള്ളു.. കറുപ്പിനെ കറുപ്പെന്നും വെളുപ്പിന്നെ
വെളുപ്പെന്നും വിളിച്ചുപറയാന്‍ ആരും തയ്യാറാവുന്നില്ല) എല്ലാരും ഉപരിതലത്തിലൂടെ കടലാസു വഞ്ചിയോടിച്ചു കളിക്കുന്നു. അവിടെയും സുഖം ഇവിടെയുംസുഖം എന്ന മട്ടില്‍. infotainment ന്റെ കാലത്ത് അതില്‍കൂടുതല്‍ പ്രതീക്ഷിക്കരുത്. അല്ലേ.സിന്ധുവിനേ hurt ചെയ്യാനല്ല ഇത്തൊക്കെ പറഞ്ഞത്. നാളെ ഞാനൊരു കഥ തല്ലിപ്പൊളിയായീഴുതിയാലൌം വെറുതെ വിടാതിരിക്കാനാണ്. positive discourses നടക്കട്ടെ. അതല്ലെ മലയാള കഥയ്ക്കും കഥാകാരന്മാര്‍ക്കും ഋതുവിനും എനിക്കും നിങ്ങള്‍ക്കും നല്ലത്.?
സിന്ധുവിനോടൊരു കാര്യം ചോദിക്കന്‍ വിട്ടുപോയി. ബിജു.സി.പി.യുടെ ചരക്ക് എന്നൊരു പുസ്തകമുണ്ട്. വായിച്ചു കാണുമെന്നു കരുതുന്നു. പുതിയ information technology യുഗത്തില്‍ പെണ്ണിന്റെ ജീവിതമെങ്ങനെ എന്നതിലുണ്ട്. ഈ കഥക്കൂ സമാനമായി വാതപ്പരു എന്നൊരു കഥയുമുണ്ട്. ദയവായി ഓര്‍ക്കുമോ?
ബ്ലോഗില്‍ നല്ല കഥകള്‍ കാണാത്തതു കോണ്ടു തന്നെയാണ് നല്ലവണ്ണം COMMENTS
കിട്ടാത്തതും
ബ്ലാഗുകളിലെ കഥകള്‍ പലപ്പോഴും
കുറച്ച് വായിച്ച് വായന അവസാനിപ്പിക്കാറാണ് പതിവ്, ആ നില മാറണമെങ്കില്‍ നല്ല കഥകള്‍ വരേണ്ടതും അനിവാര്യമാണ്
ഇല്ലാത്തതിനെ ഉണ്ടെന്ന് വരുത്താതിരിക്കുന്നതായിരിക്കും നല്ലത്
നാസു,അനില്‍കുമാര്‍, സിന്ധു,മുരളി നായര്‍ എന്നീ ചുരുക്കം ചില എഴുത്തുകാരുടെ രചനകളില്‍ ബ്ലോഗിലെ കഥകള്‍
അവസാനിക്കുന്നതാണ്.
ഈ കഥ നന്നായി എഴുതി
സാന്റ്വിച്ച് തന്നവരില്‍ നിന്നും
ബര്‍ഗ്ഗറാണ് പ്രതീക്ഷിക്കുന്നത്
ഈ കഥയുടെ വിഷയത്തില്‍ ഒട്ടും പുതുമ അല്ല.
അല്ലെങ്കില്‍ തന്നെ പ്രണയം ദുഃഖം ജീവിതം
വിട പറയല്‍ സംശയം പോരുത്തപ്പെടല്‍ ഇതൊന്നും
ഇല്ലാതെ എന്ത് ജീവിതം ? .ജീവിതം ഇല്ലാതെ പിന്നെന്തു
കഥ..അത് കൊണ്ട് തന്നെ അവതരണത്തിന്റെ ശൈലി
വിഷയത്തിന്റെ ആവര്‍ത്തനത്തെ പൂര്‍ണമായും
കീഴ്പെടുത്തി.മനോഹരം..
kadha vallare isstamayi ,kadhayekahl aa per ''orange niramulla vykunnera nghal
thanks nice story...
thanks for such a nice story...
Post a Comment