സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!ലിമിയയുടെ യാത്രകള്‍

February 25, 2010 രാജേഷ്‌ ചിത്തിര

നിറം നഷ്ടപെട്ട ആ തുണികള്‍ യാത്രാസഞ്ചിയുടെ കീശകളിലെ ഒഴിവുകളിലേക്കു തിരുകി വയ്ക്കുന്നതിനിട യില്‍ ‍അവളുടെ നടുവ് വേദന അസഹ്യമായി. കുറെ നേര മായി കുനിഞ്ഞു നിന്നുനിന്നത് കൊണ്ടാവണം; അവള്‍ സ്വയം സമാധാനിച്ച്‌ കൈരണ്ടും അരക്കെട്ടി ല്‍ താങ്ങി നിവര്‍ന്നു നില്‍കാന്‍ ശ്രമിച്ചു .ആ ഒരു മാത്രയില്‍ ചുവരിലെ നില ക്കണ്ണാടി അവളെ പകര്‍ത്തി. കണ്ണാടി അവളെ കൈവിടും മുന്‍പ് ദിവസങ്ങള്‍ക്കുശേഷം അവള്‍ കണ്ണാടിയില്‍ സ്വയം കണ്ടു. മുഖം രക്തച്ഛവി മാഞ്ഞും, കണ്ണുകള്‍ പ്രകാശം കുറഞ്ഞും അവള്‍ അവള്‍ക്ക് മുന്നില്‍ അപരിചിതയായി. അവളുടെ സ്വകാര്യാഭിമാനമായിരുന്ന, അവളുടെ അണിവയര്‍ അവളുടെ മുട്ടെത്തുന്ന കാലുറക്കും ബനിയനും ഇടയിലൂടെ അവളെ നോക്കി പരിഹസിച്ചു. സ്വയമറിയാതെ അവള്‍ നിവര്‍ന്നു കണ്ണാടിക്കു മുന്നില്‍ സ്വയം പ്രത്യക്ഷയായി. സ്വന്തം കണ്ണിലേക്കു കണ്ണുകളാഴ്ത്തി അവള്‍ സ്വയം മറന്നു.
ചിന്തകളുടെ ആട്ടുകട്ടിലില്‍ സ്വയമറിയാതെ നാലുദിവസങ്ങളായി അവള്‍ പതിമയക്കങ്ങളില്‍ ഞെട്ടിയുണര്‍ന്നു കാത്തിരുന്ന മിന്നാമിനുങ്ങിനെ നെറുകയില്‍ ഒളിപ്പിച്ച് അവളെ തേടിയെത്തുമെന്നു ഭയന്ന പോലീസ്സ് വണ്ടി മറന്നു. അന്നു വൈകിട്ട് അവള്‍ക്കായി എത്തുന്ന എലിസയുടെ കാറിനെയും മറന്നു. പാതി മയങ്ങിയ കാഴ്ചകള്‍ക്കിടയില്‍ അവള്‍ മനിലയിലെ പരസ്പരം ഉരുമ്മാതെ കടന്നു പോകാനാവാത്ത ഒരു വീതികുറഞ്ഞ തെരുവില്‍ നിന്നു മുന്നൂറുപേര്‍ക്കൊപ്പം ആകാശയാത്രക്ക് തയ്യാറെടുത്തു നില്‍ക്കുന്ന ലിമിയയായി. അവള്‍ക്കു ചുറ്റും അവളുടെ വേര്‍പാടില്‍ കണ്ണുകളില്‍ നനവു കലങ്ങിയ മിഴികളോടെ അവളുടെ മാതാപിതാക്കളും ഇളയ അനുജനും നിന്നു.

വിമാനത്തിലെ ചെറുതണുപ്പില്‍ നിന്നു ബസ്സിലെ തിരക്കിലൂടെ നീളം കൂടിയ ഇമിഗ്രേഷന്‍ നിരയിലൊരാളായി നില്‍ക്കുമ്പോള്‍ പരസ്പരം വേര്‍തിരിച്ചറിയാനാവാത്ത പലഭാഷകള്‍ക്കിടയില്‍ അവളുടെ തഗാലോഗ് അവള്‍ക്കു പോലും തിരിച്ചറിയാനാവാതെ മുങ്ങിത്താണു പോയി.അവളുടെ പച്ച പാസ്പോര്‍ട്ടില്‍ അമര്‍ന്ന മഷിക്കറ ഉണങ്ങും മുന്‍പേ പുറത്തെ ഉഷ്ണം പൊതിഞ്ഞ പൊടിക്കാടുപോലെയുള്ള നിരത്തിലൂടെ അവളെ കാത്തു നിന്ന പാക്കിസ്താനി യജമാനനൊപ്പം ആ സായാഹ്നത്തില്‍ അബുദാബിയില്‍ നിന്നകലെ പെയിന്റും വാര്‍ണിഷും മണക്കുന്ന വില്ലയുടെ പൂമുറ്റത്തു അവള്‍ വലതുകാല്‍ വച്ചു കയറി. കടലുകള്‍ക്കക്കരെ നാലുപേരടങ്ങുന്ന അവളുടെ കുടുംബത്തിന്‍റെ പ്രാര്‍ത്ഥനകളില്‍ അവളൊരു പേരായി. ആ പേര്‍ അവരുടെ കൃത്യമായ ഇടവേളകളില്‍ അവരുടെ മണി എക്സ്ചേയ്ഞ്ചിലേക്കുള്ള സൂചികയായി.

പുറത്തുനിന്നകത്തെക്കോ അകത്തു നിന്നു പുറത്തേക്കോ കാണാനാവാത്ത കൂറ്റന്‍ മതിലിനുള്ളില്‍ മൂന്നുരാജ്യങ്ങളുടെ പ്രതിനിധികള്‍ പോലെ അതിര്‍ത്തി രേഖകളുടെ അദൃശ്യ നിയന്ത്രണങ്ങള്‍ക്കുള്ളിലെ മൂന്നു കുടുംബങ്ങളിലൊന്നിലെ അവളുടെ യജമാനന്മാര്‍ പകലുകളില്‍ ജോലിസ്ഥലങ്ങളിലേക്ക് ഒഴുകി നീങ്ങുന്ന മാതാപിതാക്കളുടെ രണ്ടു വയസുള്ള മകന് അവള്‍ അമ്മയായി. സ്നേഹം കവിയുന്ന കബായാന്‍ വിളികള്‍ക്ക് പിന്നില്‍ കാമത്തിന്റെ വിഷവിത്തുകളൊളിപ്പിച്ച ഗൃഹനാഥനില്‍ നിന്നു തന്നെ ഒളിച്ചു വെയ്ക്കാന്‍ , കറുത്ത കന്തൂറക്കുള്ളില്‍ വെളുത്ത മനസ്സിനെ മറയ്ക്കാത്ത യുവതിയായ വീട്ടമ്മയുടെ പുറകിലും അവരില്ലാത്തപ്പോള്‍, വില്ലയിലുള്ള മറ്റു കുടുംബങ്ങളിലെ ജോലിക്കാരായ രണ്ടു ശ്രീലങ്കന്‍ പെണ്‍കുട്ടികള്‍ അവള്‍ക്കു തുണയായി.

മൂന്നു കുടുംബങ്ങളാണു ആ വലിയ വില്ല പങ്കിട്ടെടുത്തിരുന്നതു. വില്ലയുടെ നെഞ്ചില്‍ ഏല്ലാവരുടെതും എന്നാല്‍ ആരുടേതുമല്ലാതെ അവശേഷിച്ചിരുന്ന മറ്റു മുറികളെക്കാള്‍ വലിപ്പമുണ്ടായിരുന്ന മുറി അവര്‍ മൂന്നു പെണ്‍കുട്ടികളുടെ വാചികാജുഗല്‍ബന്തികളില്‍ സ്വയം മറന്നു ചിരിച്ചതോര്‍ത്തു ലിമിയയുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു. ആരുടേതുമല്ലാതിരുന്ന ആ മുറിയിലെ അവരുടെ സ്വകാര്യതകളിലേക്ക് നാലുഭാഷ സംസാരിക്കുന്ന യുവാക്കളായ ഇന്ത്യക്കാര്‍ കടന്നു വന്നത് ഒരു സന്ധ്യക്കാണ്.നാലുമൂലകള്‍ പകുത്തെടുത്ത് ആ പുതിയ താമസക്കാര്‍ അവരുടെ ലോകം സൃഷ്ടിച്ചു .അവരില്‍ മൂന്നുപേര്‍ കൃത്യമായ ഇടവേളകളില്‍ ഉള്‍ക്കടലിലെ എണ്ണതോട്ടങ്ങളിലേക്ക് പോയി വന്നു. പലപ്പോഴും ആ മുറിയില്‍ നാലാമന്‍ തനിച്ചായി.

പകല്‍ സമയം വീട്ടിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് വേണ്ടി ഒഴിവു സമയങ്ങളില്‍ ലിമിയയോടൊപ്പം മറ്റു പെണ്‍കുട്ടികളും ചേര്‍ന്ന് ആ വലിയ മുറി തുടച്ചു വൃത്തിയാക്കി. ചിലപ്പോള്‍ അവരുടെ വെയിലേറ്റു വരണ്ട തുണികള്‍ അടുക്കി അലമാരയില്‍ വച്ചു. മറ്റു ചിലപ്പോള്‍ അവരവരുടെ അടുക്കളകളില്‍ നിന്നു വ്യത്യസ്ത മണങ്ങളുതിര്‍ക്കുന്ന കറികള്‍ ആ ചെറുപ്പക്കാരനായി മേശപ്പുറത്തു അടച്ചു വച്ചു. പകരമായി വെള്ളിയാഴ്ചകളില്‍ ചെറുപ്പക്കാരന്‍ അവരെ നിറം പിടിച്ച ചില്ലലമാരികളിരുന്നു ചുവന്നു തുടുത്ത മാലാഖമാര്‍ മാടിവിളിക്കുന്ന കടകളുടെ വിശാലതയിലേക്കും വറുത്തുമൊരിഞ്ഞു പുറത്ത് തഴമ്പു തോന്നിപ്പിക്കുന്ന കോഴിക്കഷണങ്ങള്‍‍ വിളമ്പുന്ന കടകളിലേക്കും കൂട്ടിക്കൊണ്ടു പോയി. അവര്‍ പറഞ്ഞു കൊടുത്ത വിലാസങ്ങളിലേക്ക് അവരുടെ മാസവേതനങ്ങള്‍ അയച്ചു കൊടുത്തു.

പലപ്പോഴും മുറിയില്‍ ഒറ്റക്കാവുന്ന ചെറുപ്പക്കാരനുമായി ലിമിയ അവള്‍ക്കറിയാവുന്ന ഇംഗ്ലീഷില്‍ സംസാരിച്ചു.അവന്‍ അവളെ അവന്‍റെ ഭാഷ പറഞ്ഞു കേള്‍പ്പിച്ചു ഒപ്പം അവളുടെ ഭാഷ അറിയാന്‍ ഇഷ്ടപ്പെട്ടു. ലിമിയക്ക്‌ മുന്നില്‍ അവര്‍ മാത്രമുള്ള നിമിഷങ്ങളില്‍ വാക്കുകളിലൊതുങ്ങാത്ത മനസ്സ് കണ്ണുകളിലൂടെ പരസ്പരം തുറന്നു കാട്ടിയ നിമിഷങ്ങള്‍ ഒരു ചിത്രത്തിലെന്നോണം മിഴിവാര്‍ന്നു വന്നു. രാവിലെ പുറത്തു പോകുന്ന ചെറുപ്പക്കാരന്റെ തിരിച്ചുവരവിനു വേണ്ടി അവളുടെ കണ്ണുകള്‍ മുന്‍വാതിളോളം ചെന്നു തറച്ചു നിന്നു.അവന്‍റെ അസാന്നിധ്യത്തില്‍ അവളുടെ കണ്ണുകളില്‍ വേര്‍പാട് ഇരുട്ടിന്റെ ഒരു പാട പുതപ്പിച്ചു. ന്യൂനസമ്മര്‍ദ്ദത്തിന്‍റെ ഇടനാഴികളില്‍ അവള്‍ സ്വയം നഷ്ടപെട്ടു. അവനോ അവള്‍ മനസ്സില്‍ കാണുന്ന നിമിഷങ്ങളില്‍ അവള്‍ക്കിഷ്ടപെട്ട വിഭവങ്ങളുടെ പ്ലാസ്റ്റിക് കൂടകള്‍ അവള്‍ക്കായ്‌ സമ്മാനിച്ചു. അവര്‍ക്ക് ചുറ്റുമുള്ള ലോകത്തിന്‍റെ കണ്ണില്‍ പെടാതെ, അവര്‍ അവരുടെതായ ലോകത്തില്‍ ഒരുമിച്ചു.

ലിമിയ, അവളുടെ ജീവിതത്തിലെ ഏറ്റവും വര്‍ണാഭമായ നിമിഷങ്ങളില്‍ അവളല്ലാതായി മാറിയ നിമിഷങ്ങളെ ഓര്‍ത്തു. രാത്രിയുടെ വൈകിയ നിമിഷങ്ങളില്‍ മറ്റുള്ളവരില്‍ നിന്നു മറഞ്ഞു അവര്‍ വീടിന്റെ ഉഷ്ണം നിശ്വസിക്കുന്ന മേല്‍ക്കൂരയില്‍ വിയര്‍പ്പില്‍ കുളിച്ച നിമിഷങ്ങളെ ഓര്‍ത്തു സ്വയം പൊള്ളിച്ചു. വെളിച്ചത്തിന്റെ കനല്‍ തെളിയും മുന്‍പേ മുറിഞ്ഞ ഹൃദയത്തിന്റെ കഷണങ്ങളായി പരസ്പരം പിരിഞ്ഞു. അവളുടെ കണ്ണുകളില്‍ അവനെ കണ്ട ഉറക്കം അവളില്‍ നിന്നകന്നു നിന്നു. എല്ലാവരുടെയും കണ്ണുകളില്‍ ഉറക്കം ചേക്കേറുന്ന ഉച്ചകളില്‍ മറ്റുള്ളവരുടെ കണ്ണു വെട്ടിച്ചു അവള്‍ വീടിനു വെളിയില്‍ ഒട്ടേറെ വളവുകള്‍ക്കപ്പുറം അവനു വേണ്ടി കാത്തു നിന്ന നിമിഷങ്ങളോര്‍ത്തു .അവന്‍റെ വിരല്‍ തുമ്പിന്‍റെ തണുപ്പില്‍ തൂങ്ങി അവള്‍ അവന്‍റെ സുഹൃത്തിന്‍റെ ഒഴിഞ്ഞു വിടന്ന ഫ്ലാറ്റില്‍ അവന്‍റെ വീട്ടമ്മയായി. അവന്‍ അവര്‍ക്കിടയിലേക്ക് പലപ്പോഴും കരുതി വെച്ച റബറിന്‍റെ ലക്ഷ്മണരേഖകളെ അവള്‍ മറികടന്നു. സുര്യസ്തമനത്തിനു മുന്‍പ് അവര്‍ വെവ്വേറെ സമയങ്ങളില്‍ തിരിച്ചെത്തി.

അവളുടെ പരന്ന അടിവയറിന് പതിവില്ലാത്ത രോഷം വന്ന ഒരു വൈകുന്നേരമാണ് അവള്‍ അന്നു പകല്‍ കണ്ടെത്തിയ രഹസ്യം അവനോടു പങ്കു വെച്ചത്. അവന്‍റെ കണ്ണുകളിലെ ഭാവം വായിക്കാന്‍ അന്നാദ്യമായി അവള്‍ക്കായില്ല. അവന്‍റെ തലോടലില്‍ അവള്‍ എല്ലാം മറന്നു. അവനു വേണ്ടാത്ത സമ്മാനം ഉപേക്ഷിക്കാമെന്ന് അവന്‍ പലരോടും ആലോചിച്ചു. നിയമത്തിന്റെ മുഖമില്ലായ്മ അവന്‍റെ ചിന്തകളെ മായിച്ചു. പിറ്റേന്ന് അവനു വേണ്ടി കാത്ത് നില്‍ക്കാന്‍ അവന്‍ അവളോട്‌ പറഞ്ഞു. പറഞ്ഞ സമയത്തിന് ശേഷവും മുറിയുടെ മൂലയില്‍ അവന്‍റെ കിടക്കയിലും അവന്‍ സ്ഥിരമായി നില്‍ക്കാറുള്ള വളവുകളിലും അവളുടെ കണ്ണു കഴച്ചു. അവളുടെ ജനാലയില്‍ പ്രാവുകളുടെ കുറുകലുകളോടൊപ്പം അവന്‍റെ പരിചിതമായ നിശ്വാസങ്ങള്‍ക്കു കാതോര്‍ത്തു.നാലാം ദിവസം ബോധശൂന്യയായിപ്പോയ അവളെ പരിശോധിച്ച ഡോക്ടര്‍ക്ക് അവളോട്‌ തോന്നിയ സ്നേഹമാണ് അവളെ ഇരുമ്പഴികള്‍ക്ക് പിന്നില്‍ പിറക്കേണ്ടി വന്നേക്കാവുന്ന അവളുടെ അതിഥിയുടെ ദൌര്‍ഭാഗ്യത്തെ പറ്റി അവളോട്‌ പറഞ്ഞത്. പെട്ടന്ന് മനിലയിലേക്ക് യാത്രയാവാന്‍ പറഞ്ഞതും ആ ഡോക്ടര്‍ തന്നെ.

അവളുടെ യജമാനന്റെ കാമം വിട്ടുമാറാത്ത കണ്ണുകളില്‍ അവളോടുള്ള വെറുപ്പ്‌ നിറഞ്ഞു കവിഞ്ഞിരുന്നു. ഇന്നാണ് അയാള്‍ വീട് വിട്ടു പോകാന്‍ കൊടുത്ത സമയം അവസാനിക്കുന്നത്. അവളു ടെ നാട്ടുകാരിയായ എലിസ അവളുടെ യാത്രക്കുള്ള സഹായങ്ങളുമായി വൈകിട്ടെത്താമെന്നാണ് പറ ഞ്ഞിരുന്നത്. നിലക്കണ്ണാടിക്ക് മുന്നില്‍ നില്‍ക്കെ അവളുടെ കണ്ണീര്‍പ്പുഴ വറ്റി. അവളുടെ കണ്മുന്നില്‍ അവളുടെ അടി വയര്‍ കനം വച്ചു വന്നു.അതു വളര്‍ന്നു വളര്‍ന്ന് അവളുടെ കാഴ്ച മറച്ചു നിറഞ്ഞു നിന്നു. അവള്‍ക്കു മുന്നില്‍ ലോകം ജനവാസമില്ലാതൊരു ഇരുണ്ട ഗ്രഹമായി ചുരുങ്ങി.

അവള്‍ പതിയെ കവിഞ്ഞൊഴുകിക്കൊണ്ടിരുന്ന ബാത്ത് ടബ്ബിലേക്ക് ഒരു തുവല്‍ പോലെ വീണു നനഞ്ഞു. വെളുത്ത വലതു കൈത്തണ്ടയിലെ നീല ഞരമ്പുകള്‍ക്കു മേലേ ചുവന്ന ലിപികളില്‍ "വസന്ത്' എന്ന് നിമിഷത്തേക്ക് തെളിഞ്ഞു മറഞ്ഞു. പാതി ചാരിയ വാതിലിലൂടെ ബാത്ത് ടബ്ബില്‍ നിന്നുള്ള ഇളം ചുവപ്പ് കലര്‍ന്ന വെള്ളം പടര്‍ന്നിറങ്ങവേ ആറു നനഞ്ഞ കണ്ണുകളെ തന്നിലേ യ്ക്കാവാഹിച്ച് മനില അവള്‍ക്കു മുന്നില്‍ ഒരു ഇരുണ്ട ചുവര്‍ചിത്രമായി.

@രാജേഷ്‌ ചിത്തിര (മഷി തണ്ട് )

foto courtesy @google images

19 Comments, Post your comment:

lekshmi said...

nalla kadha...eshtamaayi

മുരളി I Murali Nair said...

അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു പ്രമേയം..ലിമിയയുടെ പാത്രസൃഷ്ടി മനോഹരമായെന്നു പറയാതെ വയ്യ..
നല്ല കഥയ്ക്ക് അഭിനന്ദനങ്ങള്‍..

പ്രൊമിത്യൂസ് said...

കലക്കി.. പ്രവാസത്തിന്‍ മറ്റൊരു മുഖം...

Manoraj said...

കഥ നന്നായി രാജേഷ്‌.. വളരെ മനോഹരമായി തന്നെ ലിമിയയെ വരച്ചു കാട്ടി...ate

പട്ടേപ്പാടം റാംജി said...

ഓരോ വരികളിലും ഓരോ കഥകള്‍ പോലെ നന്നായി പറഞ്ഞ പ്രവാസ കഥ.
ലിമിയയുടെ കാണലും ചിന്തകളും നന്നായി വരച്ചു.

sindhu menon said...

good one!

റോസാപ്പൂക്കള്‍ said...

വളരെ ഭംഗിയായി എഴുതി..നല്ലൊരു കഥ അഭിനന്ദനങ്ങള്‍

JIGISH said...

അപരിചിത ലോകങ്ങളില്‍, പ്രതികൂല സാഹചര്യങ്ങളോടും തന്നോടു തന്നെയും യുദ്ധം ചെയ്തു തളര്‍ന്ന് ഒടുവില്‍ നിശ്ശബ്ദമായി ഒടുങ്ങുന്ന ലിമിയമാര്‍...

ചിന്തയില്‍ ഒരു നൊമ്പരം അവശേഷിപ്പിക്കുന്ന
നല്ല കഥ..! ഭാഷയിലും വീക്ഷണത്തിലും ഒരു വ്യതിരിക്തത വരുത്താനും ശ്രമിച്ചിട്ടുണ്ട്..! സന്തോഷം...

jayanEvoor said...

പുതുമയുള്ള പശ്ചാത്തലത്തിൽ നന്നായി പറഞ്ഞു ഈ കഥ. തീം പഴയതെങ്കിലും വായനക്കാരനെ പിടിച്ചിരുത്താൻ കഴിഞ്ഞു.

അഭിനന്ദനങ്ങൾ!

mini//മിനി said...

മനസ്സിൽ നൊമ്പരം ഉണർത്തുന്ന കഥ. നന്നായി.

ramanika said...

കഥ നന്നായി!!!

അഭി said...

നല്ല കഥ ഇഷ്ടമായി ....അഭിനന്ദനങ്ങള്‍

sm sadique said...

"അവളുടെ കണ്മുമ്പില്‍ അവളുടെ അടി വയര്‍ കനം വെച്ചു വന്നു" കൊള്ളാം, നല്ല കഥ .

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി
ഏല്ലാവര്‍ക്കും ....

ഇഷ്ടമായതില്‍ സന്തോഷം

ഒരു റീയല്‍ ലൈഫ് ഇന്‍സിഡനട് മായാതെ കിടപ്പുണ്ട് .........ചിലയിടങ്ങളിലെങ്കിലും

Jayesh / ജ യേ ഷ് said...

കഥ നന്നായിട്ടുണ്ട്. പക്ഷേ, വരികളുടെ നീളം വായനയെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ആശംസകള്‍

jumana said...

തിരക്കിന്‌ അവധി നല്‍കുന്ന സമയങ്ങളില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
നാട്ടെഴുത്തു എന്ന പുതിയ സംരംഭത്തില്‍.
സഹ്രദയ മനസ്സേ,ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ.
pls join: www.kasave.ning.com

കൊച്ചുതെമ്മാടി said...

മനോഹരമായി പറഞ്ഞ ഒരു കഥ....
ആശംസകള്‍....
ജയേഷ് പറഞ്ഞ പോലെ വരികളുടെ നീളം ഒരിത്തിരി അലോസരം ഉണ്ടാക്കുന്നു, ചിലയിടത്തെങ്കിലും.....

ശിവകാമി said...

നല്ല കഥ. കവിത പോലത്തെ വരികളും... ഇഷ്ടപ്പെട്ടു. :)

സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) said...

t was nice rajesh....