സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



നാട്ടുവിശേഷങ്ങള്‍...

May 05, 2011 ബിജുകുമാര്‍ alakode

നേരം ഇരുട്ടി വരുന്നു. കൂട്ടുകാരോടൊത്ത് വൈകിട്ടത്തെ “ബിശ്യം“ പറച്ചിലിനു ശേഷം ഞാന്‍ നായരുമല കയറുകയായിരുന്നു. മലയുടെ പള്ളയ്ക്കാണല്ലോ എന്റെ വീട്. കൂവേരിക്കാരന്‍ കോരേട്ടന്റെ പുരയുടെ മീത്തലെ പറമ്പത്താണ് ഞങ്ങടെ പുര. അങ്ങേരുടെ വീട്ടെറയത്ത് തുടലില്‍ പൂട്ടിയ കറുമ്പന്‍ നായ എപ്പോ കണ്ടാലും എന്നെ നോക്കി കുരയ്ക്കും. എനിയ്ക്കാണെ അവനെ കണ്ണെടുത്തു കണ്ടൂടാ. വീട്ടിലെ മുട്ടയിടുന്ന ഒന്നാന്തരമൊരു പുള്ളിക്കോഴിയെ ആ നായീന്റെ മോന്‍ കഴുത്തിന് പിടിച്ച് കുടഞ്ഞത് ഇപ്പോഴും എനിയ്ക്കോര്‍മ്മയുണ്ട്. അന്നു മുതലാണ് ഞങ്ങള്  തെറ്റിയത്. അവനെ എവിടെ കണ്ടാലും ഞാന്‍ കല്ലെടുത്ത് അവന്റെ പള്ള നോക്കി കീച്ചും. അവനെന്ന കണ്ടാല്‍ കുരക്കുകേം ചെയ്യും. അതോടെയാവാം കോരേട്ടന്‍ കറമ്പനെ തുടലില്‍ പൂട്ടിയത്.

എന്തായാലും ഇന്ന് കറമ്പന്റെ കുരയെക്കാളും മേലെയാണ് കോരെട്ടന്റെ തെറീം മേളോം. എമ്മാതിരി തെറിയാണപ്പനേ പറയുന്നത്..! അടിച്ചു പൂക്കുറ്റിയായി വരുന്ന ദിവസങ്ങളില്‍ കോരേട്ടന്‍ പുര പൊളിച്ച് പണിയും. അങ്ങേരുടെ ഓള് രമണിയേച്ചിയും അത്ര മോശക്കാരിയല്ല.  പലപ്പോഴും അവരോട് കോരേട്ടന്റെ അഭ്യാസം ഫലിയ്ക്കാതെ വരുമ്പോള്‍ ബാക്കി ദേഷ്യം  തീര്‍ക്കുന്നത് പുരയോടാവും. പാവം രണ്ടു പിള്ളേരുണ്ട്, അതുങ്ങടെ കാര്യാണ് കഷ്ടം. ഇതൊക്കെ പലപ്പോഴും കേട്ടിട്ടുള്ളതുകൊണ്ട്, ഞാന്‍ അത്ര ശ്രദ്ധിയ്ക്കാതെ പുരയ്ക്കലേയ്ക്കു നടന്നു.

രാത്രി പത്തു മണിയോടെ പതിവില്ലാതെ രമണിയേച്ചിയും പിള്ളേരും വീട്ടില്‍ കയറി വന്നു. പാവം കുട്ടികള്‍ നിന്നു വിറയ്ക്കുന്നു. മര്യാദയ്ക്ക് കിടന്നുറങ്ങേണ്ട സമയമല്ലേ..

“എന്താ രമണീ ഈ പാതിരയ്ക്ക് കുട്ട്യോളുമായി..” അമ്മ ഉത്കണ്ഠയോടെ ചോദിച്ചു.

“എന്റെ ഏച്ചീ.. ആ കാലമാടന്‍ ഇന്നും കെടത്തിപ്പൊറുപ്പിയ്ക്കൂലാ.. വീട്ടിന്റെ ഓടെല്ലാം പൊളിച്ചു കളയണ്..  രാത്രി ഈ പിള്ളേരേം കൊണ്ട് ഞാനെവിടെ പോകാനാ..”

പാതി കരച്ചിലായും പാതി കലിപ്പായും രമണിയേച്ചി പറഞ്ഞു. താഴെ പുരയ്ക്കല്‍ കോരേട്ടന്‍ ഓട് എറിഞ്ഞു പൊട്ടിയ്ക്കുന്നതു കേള്‍ക്കാം.

“എത്ര കാലായി രമണി ഈ കൂത്ത് തൊടങ്ങീട്ട്. നിനക്ക് പോലീസിലൊരു കടലാസ് കൊടുക്കാമ്പാടില്ലേ..? ഇപ്പോ ഏതാണ്ട് നെയമോക്കെണ്ട്.. പെണ്ണുങ്ങളെ തല്ലാമ്പാടില്ലാന്നൊക്കെ പറഞ്ഞ്. കടലാസ് കിട്ടിയാ അവര് പുഷ്പം പോലെ അവനെ പൊക്കിയെടുത്ത് അകത്തിടും..”

അമ്മ പത്രത്തില്‍ കണ്ട വാര്‍ത്ത വെച്ച് തന്റെ നിയമ വിജ്ഞാനം പകര്‍ന്നു. എനിയ്ക്കും അതു തോന്നാതിരുന്നില്ല. ഇതു പണ്ടത്തെ കാലമൊന്നുമല്ല. പെണ്ണുങ്ങളെ തല്ലിയാല്‍ ഒന്നാന്തരം ശിക്ഷ കിട്ടും, ഭാര്യയാണെന്നു പറഞ്ഞിട്ടു കാര്യമില്ല.

“എന്റെ ഏച്ചീ, നേരമൊന്നു വെളുത്തൊട്ടെ.. ഇപ്രാവശ്യം കടലാസു കൊടുത്തിട്ടേ ബാക്കിയുള്ളു. കെട്ട്യോനല്ലേന്നു വച്ച് ഇക്കാലമത്രേം ഷെമിച്ചു.. ഇനിയില്ല..”

രമണ്യേച്ചി ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. ആ പറച്ചിലില്‍ വല്യകാര്യമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. എത്രകാലമായി ഇങ്ങനെ..!

“എന്തായാലും നീയാ കുട്ട്യോളേം കൊണ്ട് വെളിയില്‍ നില്‍ക്കാതെ കയറി വാ. ആ ചായ്പ്പിലെ കട്ടിന്മേല്‍ കിടന്നോ.. “ അമ്മ അവരെ ചായ്പ്പിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.

താഴെ ആരവം അടങ്ങിയിട്ടില്ലാന്നു തോന്നുന്നു. കറുമ്പന്‍ പട്ടി ഇടയ്ക്കിടെ കുരയ്ക്കുന്നുണ്ട്. കോരേട്ടന്റെ തെറികള്‍ അവ്യക്തമായി കേള്‍ക്കാം. കുടിയ്ക്കാത്തപ്പോള്‍ എത്ര നല്ല മനുഷ്യനാണ്. എവിടെ കണ്ടാലും വലിയ വിനയോം ബഹുമാനോമൊക്കെ കാണിയ്ക്കും. സന്ധ്യയ്ക്കു റാക്ക് മോന്തിക്കഴിഞ്ഞാല്‍ എല്ലാം പോയി. നേരില്‍ കണ്ടാല്‍ ആടിയാടി മുന്നില്‍ വന്നിട്ടൊരു ചോദ്യമുണ്ട്.. ”എന്നാലും ഇയ്യെന്റെ കറമ്പന്റെ പള്ളയെറിഞ്ഞു പൊളിച്ചില്ലേ.?അദൊരു മിണ്ടാപ്രണിയല്ലേ..? ദണ്ണോണ്ട്..” അവന്‍ ഞങ്ങടെ കോഴിയെ പിടിച്ചിട്ടല്ലേ എന്നു ചോദിയ്ക്കാനൊരുങ്ങുമ്പോഴേയ്ക്കും കോരേട്ടന്‍ സ്ഥലം വിട്ടിരിയ്ക്കും. പിറ്റേന്നു കണ്ടാലോ, ഒരു മാതിരി ചിരിയും ചിരിച്ച് വലിയ വിനയം കാട്ടല്‍.

പിറ്റേന്ന് നേരം പുലര്‍ന്നപ്പോഴാണ് രമണ്യേച്ചി, പോലീസില്‍ പരാതി കൊടുക്കുമെന്നു പറഞ്ഞത് കാര്യായിട്ടു തന്നെയെന്ന് മനസ്സിലായത്.

“ഏടാ മോനെ, ഇയ്യ് കൂടി എന്റൊപ്പരം വാ സ്റ്റേഷന്‍ വരെ. എനിയ്ക്കവിടെ പരിജയമില്ല..”

രമണ്യേച്ചിയുടെ ചോദ്യം കേട്ടപ്പോള്‍ എന്റെ രോമം എഴുന്നു കയറി. ഹൈ..പോലീസ് സ്റ്റേഷനിലേയ്ക്കോ..! വഴിയെ പോകുന്നവനിട്ടു കയറി പെടയ്ക്കുന്ന പോലീസാണ് ഇവിടുത്തെ.  രമണ്യേച്ച്യേം കൂട്ടി ചെന്നാ ചിലപ്പോ അവിഹിതബന്ധത്തിന് എന്നെ പിടിച്ച് അകത്താക്കാനും മതി. അതും കഴിഞ്ഞ് ഇറങ്ങിയാല്‍ തന്നെ കോരേട്ടന്‍ വെറുതെ വിടുമോ..?

“രമണ്യേച്ച്യേ..ഒന്നൂടെ ആലോചിയ്ക്ക്. കേസു കൊടുക്കണൊന്ന്.. കോരേട്ടന്‍ ഇപ്പൊ പൂസൊക്കെ ഇറങ്ങി നിങ്ങളെ അന്വേഷിയ്ക്കുന്നുണ്ടാവും. കേസൊക്കെ ആയാല്‍ അവര് കോരേട്ടനെ പിടിച്ച് നന്നായി പെരുമാറും..”

“അതെ അദന്ന്യാ വേണ്ടേ.. കാലമാടനിട്ട് നല്ല രണ്ട് പൂശ് കിട്ടാഞ്ഞിട്ടാ...അനക്ക് വരാമ്പറ്റ്വോ..”

“ഓന് വരാമ്പറ്റൂലാ രമണീ.. തെങ്ങിന്‍ വളപ്പ് കൊത്തിമൂടാന്‍ പണിക്കാറുണ്ട്..ഓനിവിടെ പണീണ്ട്. ഇയ്യ് പോയാ മതീല്ലോ.. ഇപ്പോ പെണ്‍‌പോലീസ് തൊപ്പനെയുണ്ടല്ലോ..” അമ്മ കൃത്യസമയത്ത് ഇടപെട്ടതു കൊണ്ട് ഞാന്‍ രക്ഷപെട്ടു.

രമണ്യേച്ചീം കുട്ടികളും രാവിലെ തന്നെ വീട്ടില്‍ നിന്നും പോയി. ഞാന്‍ രാവിലത്തെ ചില്ലറ പണിയൊക്കെ കഴിഞ്ഞ് രയറോത്തിറങ്ങിയപ്പോഴാണ് അറിഞ്ഞത്, രമണിയേച്ചീം പിള്ളേരും ആലക്കോട്ടെ പോലീസ് സ്റ്റേഷനിലേയ്ക്ക് തന്നെയാണ് പോയതെന്ന്. ഇത്ര കൃത്യമായി അറിയാന്‍ കാരണം, റയറോത്തെ പോസ്റ്റ് മാഷാത്രെ പരാതി എഴുതിക്കൊടുത്തത്. വിവരം അറിഞ്ഞ് കോരേട്ടനും ആലക്കോടിന് പോയിട്ടുണ്ട്. കോരേട്ടനെ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നത്രേ. അത് പേടികൊണ്ടാണെന്നും അല്ല രാവിലെ ഒരു ഗ്ലാസ് റാക്ക് അടിയ്ക്കാത്തതു കൊണ്ടാണെന്നും രണ്ടഭിപ്രായമുണ്ട്. എന്തായാലും സംഗതി സീരിയസായിരിയ്ക്കുന്നു. മിക്കവാറും പോലീസുകാര് കോരേട്ടന്റെ കൂമ്പു വാട്ടും, ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍.

ഞാന്‍ മമ്മാലിയ്ക്കാന്റെ ചായപ്പീടികേന്ന് ഒരു ചായേം പരിപ്പുവടേം കഴിച്ചിട്ട് വിജയേട്ടന്റെ തയ്യല്‍ കടയിലേയ്ക്കു പോയി. തിരക്കില്ലെങ്കില്‍ രണ്ടു ഗെയിം ചെസ് കളിയ്ക്കാം. അവിടെ ചെന്നപ്പോള്‍ കക്ഷി എന്നെ കാത്തിരിയ്ക്കുന്നു.

“അല്ലാടാ.. ഇന്നലെ കോരന്റവിടുത്തെ രമണി നെന്റെ പുരയിലാര്‍ന്നോ കെടന്നേ..?”

ഹും.. വിജയേട്ടന്റെ ചിരിയില്‍ ഒരു വല്ലാത്ത ചുവയുണ്ട്.

“ദേ വിജയേട്ടാ, ഒരു മാതിരി മറ്റേ വര്‍ത്താനം പറയാതെ. അവര് പൊരേന്നു തല്ലുകൂടി പിള്ളേരേം കൂട്ടി രാത്രീ വീട്ടിക്കേറി വന്നാ എന്താ ചെയ്ക..? എറങ്ങിപ്പോകാന്‍ പറയാമ്പറ്റ്വോ..?”

“ഓള് കേസു കൊടുക്കാമ്പോയീന്നോ കോരന്‍ പൊറകേ പോയിട്ടുണ്ടെന്നോ ഒക്കെ ആള്‍ക്കാരു പറേന്നെ കേട്ടു..”

“അത് വിട്.. ഇങ്ങക്ക് ടൈമുണ്ടെ വാ നമുക്ക് ഒന്നു നെരത്താം..”

പിന്നെ രണ്ടു മണിയ്ക്കൂര്‍ നേരത്തേയ്ക്ക് ഞങ്ങള്‍ വളരെ കുറച്ചേ സംസാരിച്ചുള്ളു. തന്ത്രവും മറുതന്ത്രവും വെട്ടും കുത്തുമായി നേരം പോയതറിഞ്ഞില്ല. ഒരു ജയവും ഒരു തോല്‍‌വിയുമായി സമാസമം പിരിഞ്ഞ് ഞാന്‍ വീട്ടിലെയ്ക്ക് നടക്കുമ്പോഴാണത് കണ്ടത്. തൊട്ടുമുന്‍പില്‍ ഒരു നാല്‍‌വര്‍ സംഘം നായരുമല കയറുന്നു. തലയില്‍ വലിയൊരു സഞ്ചി നിറയെ സാധനങ്ങളുമായി കോരേട്ടന്‍. ഒപ്പം തൂക്കിപ്പിടിച്ച സഞ്ചിയുമായി രമണ്യേച്ചി. പിള്ളേരുടെ കൈയില്‍ ചൂട് പഴമ്പൊരിച്ചത് ഓരോന്ന്. അവരത് തിന്നുകൊണ്ടാണ് നടക്കുന്നത്.

ഇതെന്തു മറിമായം..!

അവരെ മറികടക്കുമ്പോള്‍ ഞാന്‍ കണ്ണുവെട്ടിച്ച് രമണ്യേച്ചിയെ നോക്കി. അവരെന്നെ ശ്രദ്ധിയ്ക്കാതെ കോരേട്ടനോട് എന്തോ പറയുകയാണ്. കോരേട്ടന്‍ അതു കേട്ട് ചിരിയ്ക്കുന്നുമുണ്ട്. “കേസുകൊടുത്തില്ലേ ചേച്ച്യേ“ എന്നു ചോദിയ്ക്കണമെന്നുണ്ടായിരുന്നെങ്കിലും ഞാനൊന്നും മിണ്ടിയില്ല. കറമ്പന്‍ പട്ടിയെ അഴിച്ചു വിട്ടിരിയ്ക്കുകയാണെങ്കില്‍ അവനെന്റെ നേരെ കുരച്ചു കൊണ്ടു വരും. ഞാന്‍ ചെറിയൊരു കല്ലെടുത്ത് കരുതി വച്ചു.

7 Comments, Post your comment:

priyag said...

"അല്ലെങ്കിലും അതങ്ങനാ "
ഭാഷ ഒരുപാടിഷ്ട്ടായി

Manoraj said...

പ്രിയ പറഞ്ഞത് പോലെ കഥക്കുപയോഗിച്ച നാട്ടുഭാഷ തന്നെ ഈ നാട്ടിവിശേഷങ്ങളുടെ പഞ്ച്..

നികു കേച്ചേരി said...

നാടൻ കഥ ഇഷ്ടപെട്ടു.

ramanika said...

കഥ ഇഷ്ടപെട്ടു.

Nisha.. said...

kollaam ttaaa

Minesh Ramanunni said...

ഒരു നാട്ടുവര്‍ത്തമാനം പോലെ രസിച്ചു. കുറച്ചു കാലമായി ബിജുവേട്ടനെ ഇങ്ങോട്ടൊന്നും കാണുന്നില്ല എന്ന് ആലോചിക്കുകയായിരുന്നു. മാത്രമല്ല ഋതു ഇപ്പോള്‍ അല്പം നിര്‍ജീവമാണ് . കഥകള്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്നുണ്ടെങ്കിലും വായനയും ഗൌരവമായ വിലയിരുത്തലും കുറവാണ്.

എല്ലാവരും ഒന്നുകൂടി ഉഷാരായാലെ ഋതു വീണ്ടും കഥയുടെ വസന്തമാവൂ ...

സുസ്മേഷ് ചന്ത്രോത്ത് said...

ഈ കഥ ഇഷ്ടായി.പ്രത്യേകിച്ചും കണ്ണൂര്‍ ഭാഷ.
ഭാവുകങ്ങള്‍..