സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!എഞ്ചിൻ ഡ്രൈവർ

May 12, 2011 Salini S

വെള്ളിയാഴ്ച്ച അസംബ്ലി സമയം.ഐഡി കാർഡ്‌ തൂങ്ങി കിടക്കുന്ന കഴുത്തുകളും,എണ്ണയിട്ടു മിനുക്കിയ തലകളുമുള്ള 10 A ക്ലാസ്സിന്റെ വരി. ആ വരിയുടെ പിന്നില്‍ ഒരു ചപ്രത്തല ഞാൻ ശ്രദ്ധിച്ചു. വെറും തോന്നലാണോ എന്നറിയാന്‍ വീണ്ടും നോക്കി. തോന്നലായിരുന്നില്ല, അതു സുജിത്തായിരുന്നു!

"അറിയ്വോ മാഷേ?"

സ്റ്റാഫ്‌ റൂം വാതിലിനു പിന്നില്‍ ‍, ഉടലിന്റെ പകുതിയും മറച്ച്, തല മാത്രം പുറത്തേയ്ക്ക് നീട്ടി അവന്‍ വീണ്ടും ചോദിച്ചു.
"അറിയ്വോ മാഷേ?"

"അറിയ്വോന്നോ? നീ '10 Aയില്‍ പഠിച്ച സുജിത്തല്ലേ?" അല്പം ദേഷ്യത്തോടെയാണ്‌ ഞാന്‍ മറുപടി പറഞ്ഞത്.
പഠിച്ചിറങ്ങി പോയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. പക്ഷെ, സുജിത്തിനെ മറക്കാന്‍ എനിക്കീ ജന്മം സാധിക്കില്ല. അതിനൊരു കാരണമുണ്ട്. കുറച്ചു പഴയ സംഭവമാണ്.

ആറു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു മേയ് മാസം. ഞാനന്ന് 9-C യില്‍ ക്ലാസ്സ്‌ ടീച്ചര്‍ ആണ്. പത്തിലേയ്ക്ക് ക്ലാസ്സ്‌ കയറ്റം കിട്ടിയവുടെ ലിസ്റ്റ്,സ്കൂളില്‍ കൊടുത്തിട്ടു വീട്ടില്‍ വന്നതേയുള്ളൂ,ഹെഡ് മാഷിന്റെ വിളി വന്നു. അത്യാവശ്യമായി സ്കൂള്‍ വരെ ചെല്ലണം.

സ്കൂളില്‍, ഞാന്‍ കൊടുത്ത പ്രമോഷന്‍ ലിസ്റ്റും, ചാണകം ചവിട്ടിയ മുഖഭാവവുമായി ഹെഡ് മാഷിരിക്കുന്നു. അപ്പോഴേ തോന്നി, എന്തോ അൽകുൽത്ത്‌ കേസാണ്! എന്റെ തല കണ്ട പാടെ ഹെഡ് മാഷ്‌ ചോദിച്ചു.

"9-c യിലെ സുജിത്ത്‌ ദിവാകരൻ! അവനു കണക്കിനു പാസ്സ്‌ മാർക്കല്ലെയുള്ളൂ മാഷേ? മാഷെന്തിനാ അവനെ ജയിപ്പിച്ചത്‌? സുജിത്തിനെ പത്തിലേയ്ക്കു കയറ്റി വിട്ടാൽ, അടുത്ത വർഷം നമ്മുടെ 100% താഴെക്കിടക്കും!"

SSLC വിജയ ശതമാനമായിരുന്നു പ്രശ്നം.മന്ത്രിസഭ താഴെക്കിടക്കും എന്നൊക്കെ പറയുന്നതു പോലെ, സുജിത്ത് കാരണം SSLC പരീക്ഷയില്‍ സ്കൂളിന്റെ 100% വിജയം നഷ്ട്ടപ്പെടുമോയെന്ന് ഹെഡ് മാഷ്‌ ഭയന്നു. ഒരു അണ്‍എയ്ഡഡ്‌ സ്കൂളിനു, 100% വിജയം നിലനിർത്തുക‌, ബിസിനസ്സിന്റെ ഭാഗമായിരുന്നു.

"സുജിത്തിനെ 9ൽ തോൽപ്പിക്കുന്നതല്ലേ സേഫ്‌? ഈ കുട്ടിക്കു വേണ്ടി മാത്രം ഒരു മാറ്റം വേണോ?"

പത്തിൽ തോൽക്കും എന്നു സംശയം തോന്നുന്ന കുട്ടികളെ, ഇനി അവർ 9ൽ കഷ്ടിച്ചു ജയിച്ചാൽ കൂടി 10ലേയ്ക്കുള്ള ഗേറ്റ്‌ കടത്താറില്ല.ഒന്‍പതില്‍ തന്നെ ഒരുവര്‍ഷം കൂടി ഇരുത്തി, പ്രത്യേകം ശ്രദ്ധിച്ചു പഠിപ്പിക്കും. സ്കൂൾ തുടങ്ങിയതു മുതലുള്ള കീഴ്‌വഴക്കം! പക്ഷേ സുജിത്തിനോടതു ചെയ്യാൻ എനിക്കു തോന്നിയില്ല. ഉഴപ്പനാണെങ്കിലും അവൻ നല്ല ബുദ്ധിയുള്ള കുട്ടിയാണ്.അൽപം മടിച്ചാണെങ്കിലും അന്നു ഞാൻ പറഞ്ഞു.

"മാഷെ, 10ലെ വിജയശതമാനം മാത്രം നോക്കി ആ ചെറുക്കന്റെ ഒരു വർഷം കളയാൻ പറ്റില്ല. അതു മാത്രമല്ല, പേരന്റ്സ്‌ ഒന്നും പണ്ടത്തെ പോലെയല്ല. പ്രത്യേകിച്ചു,പോസ്റ്റ്‌ മാസ്റ്റർ ദിവാകരൻ സാർ.വരുത്തനാണെങ്കിലും നല്ല പിടിപാടുള്ള കക്ഷിയാ.. പോരാത്തതിനു യൂണിയന്റെ ഒക്കെ വലിയ ആളും. സുജിത്തിനെ 9ൽ തോൽപ്പിച്ചാൽ,പരീക്ഷാ പേപ്പറിന്റെ ഫോട്ടോകോപ്പി വേണമെന്നു പറഞ്ഞ്‌ അങ്ങേരിവിടെ സത്യാഗ്രഹമിരിക്കും. ഞാനും തൂങ്ങും, മാഷും തൂങ്ങും!"

ഹെഡ്‌ മാഷിന്റെ പത്തി മടങ്ങി.പക്ഷേ കാർമേഘം മൂടിയ മുഖവുമായാണു അന്ന് അദ്ദേഹം സമ്മതിച്ചത്‌. അടുത്ത വർഷം റിസൽട്ട്‌ വന്നപ്പോൾ അതു ഇടിവെട്ടി മഴയായി പെയ്തു.സുജിത്തു മനോഹരമായി തോറ്റു. കണക്കിനു മാത്രമല്ല. ഒരു ബോണസ്സായി കെമിസ്ട്രിക്കും!ഇതിന്റെ പേരില്‍ സ്റ്റാഫ്‌‌ മീറ്റിംഗ്, മാനേജ്‌മന്റ്‌ മീറ്റിംഗ് ഇങ്ങനെ പല വേദികളില്‍ എനിക്ക് കൊട്ട് കിട്ടി.

ഓർമ്മകൾ... സ്കൂളിന്റെ ചരിത്രത്തിൽ SSLC തോറ്റ ഒരേയൊരു മഹാൻ! ആ സുജിത്താണു ചോദിക്കുന്നത്‌, "അറിയ്വോന്നു!"

"മാഷേ," സുജിത്തെന്നെ ഓർമ്മകളിൽ നിന്നു മടക്കി വിളിച്ചു.

"നീയെന്തിനാ അസംബ്ലിയിൽ കയറി നിന്നത്‌?"

സുജിത്ത്‌ മടിച്ചു മടിച്ചു പറഞ്ഞു.

"അത്‌, ഞാൻ വന്നപ്പത്തേക്കും നേരം വൈകി,പിന്നെ എഡ്മാഷ്‌ കാണണ്ടാന്ന് വിചാരിച്ച് 10Aന്റെ ബേക്കിൽ കേറി നിന്ന്!"

"നീയെന്താ ഈ വഴിക്ക്‌?"

"അദ്‌, മാഷേ എനക്ക് ജോലി കിട്ടി!.." എന്റെ ആകാംഷ അവനെ മുഴുമിപ്പിക്കാൻ അനുവദിച്ചില്ല.

"അപ്പോ നീ പത്തു ജയിച്ചൊ?" ശബ്ദത്തിൽ ആശ്ചര്യം കലരാതിരിക്കൻ ഞാൻ ശ്രമിച്ചു. പക്ഷെ നടന്നില്ല.

"ജയിച്ചു മാഷേ, വിക്ടോറിയ ട്യൂട്ടോറിയലിന്റെ നോട്ടീസ്സു മാഷു കണ്ടില്ലേ?അതിലെന്റെ ഫോട്ടോ ണ്ടാർന്ന്!"

എനിക്കു ചിരി വന്നു. അതവന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.അവൻ ആവേശത്തോടെ തുടർന്നു.

"പണ്ട്‌ പത്തിൽ തോറ്റപ്പോ,ഞാളാടെ, സേവ്യറേട്ടന്റെ വർക്ക്ഷോപ്പിൽ പോയീനല്ലോ ഒരു കൊല്ലം.ആടെ വൈക്കിന്റേം കാറിന്റേം ഗ്രീസ്സു തൊടച്ചു മത്യായി മാഷേ!അപ്പൊ തോന്നീ, എനക്കും ഒരു ഗവൺമന്റ്‌ ജോലീക്കെ വേണ്ടേ? പിന്നെ മരണ പഠിത്താരുന്ന് മാഷേ! അവസാനം ജോലി കിട്ടി!"

"നിനക്കോ? ഗവൺമന്റ്‌ ജോലിയോ?"ഇത്തവണ എനിക്കു ആശ്ചര്യം അടക്കണമെന്നു തോന്നിയതേയില്ല.

"അതെ മാഷേ, ട്രെയിനിലെ എഞ്ചിൻ ഡ്രൈവറായിട്ടാ.ഇന്ന് ഞാൻ ട്രെയിനിങ്ങിനു പോവ്വാ"

അവന്റെ അരികിലിരുന്ന വലിയ ബാഗ്‌ ഞാനപ്പോഴാണ് ശ്രദ്ധിച്ചത്‌‌.സ്റ്റാഫ്‌ റൂമിൽ പലരും സുജിത്തിനെ തിരിച്ചറിഞ്ഞിരുന്നു.അവരോടൊക്കെയും, ജോലിയുടെ വിശേഷങ്ങൾ അവൻ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.

"സുജിത്തേ ഞാൻ ക്ലാസ്സിൽ പോകുന്നു. ഇനിയും ഇതിലെ വരണം."

രണ്ടാമത്തെ പീരിയഡിനു ബെല്ലടിച്ചപ്പോൾ ഞാൻ സുജിത്തിനോടു പറഞ്ഞു.

"മാഷിനു ഏടെയാ ക്ലാസ്സ്‌?"

"10-A യിൽ"

അവൻ അൽപം ജാള്യതയോടെ ചോദിച്ചു.

"എന്നാ മാഷിന്റൊപ്പരം ഞാനും വരട്ടെ? ഞാൻ കുറച്ച്‌ മുട്ടായി കൊണ്ടന്നിട്ടുണ്ട്‌!"

എനിക്കു സന്തോഷം തോന്നി. സുജിത്തിനെ പോലെയുള്ളവരെ കാണുന്നത്‌ കുട്ടികൾക്ക്‌ തീർച്ചയായും ഒരു പ്രചോദനമാകും. അവനെയും കൂട്ടി ഞാൻ 10A യിലേയ്ക്കു നടന്നു.10A യിലെ കുട്ടികളോട്‌ ഞാൻ സുജിത്തിനെ കഥ പറഞ്ഞു. തോറ്റാലും പൊരുതാനുള്ള ആവേശം ഉണ്ടാകണമെന്നു പറഞ്ഞു. വിനയാന്വിതനായി,ഒരു മൂലയിൽ
പുഞ്ചിരിച്ചു നിന്നതേയുള്ളു സുജിത്ത്‌.മിഠായി കൊടുക്കുമ്പോൾ പല കുട്ടികളും അവന്റെ കൈ പിടിച്ചു കുലുക്കുന്നതു കണ്ടു.ഒരുപാടു സന്തോഷം തോന്നി.

സുജിത്ത്‌ യാത്ര പറഞ്ഞു പോയി.

ഒരാഴ്ചകഴിഞ്ഞു. ഇന്നലെ വൈകുന്നേരം പച്ചക്കറിക്കടയിൽ വച്ചു പോസ്റ്റ്‌ മാസ്റ്റർ ദിവാകരൻ സാറിനെ കണ്ടു.

"സുജിത്ത്‌ പോയിട്ട്‌ വിളിച്ചിരുന്നോ? അവനു സുഖമല്ലേ?" ഞാൻ സൗഹൃദത്തോടെ ചോദിച്ചു.

ദിവാകരൻ സാറിന്റെ കറുത്ത മുഖം ഒന്നു കൂടി ഇരുണ്ടു. പച്ചമുളകു കൂട്ടിയിട്ടിരിക്കുന്ന മൂലയിലേയ്ക്കെന്നെ മാറ്റി നിർത്തി അദ്ദേഹം പിറുപിറുത്തു.

"കുടുംബദ്രോഹി! ഓൻ കഴിഞ്ഞാഴ്ച്ച നാടു വിട്ട്‌ പോയി മാഷേ.എഞ്ചിൻ ഡ്രൈവർ
എന്ട്രന്‍സ് ന്ന് പറഞ്ഞ് എന്റെ തോനെ കാശ് ഓൻ തൊലച്ച്! ഒടുക്കം എന്ട്രന്സും തോറ്റ്,കഴിഞ്ഞ മാസത്തെ എന്റെ പെൻഷൻ കാശും അടിച്ചോണ്ട് അവന്‍ നാട് വിട്ടു പോയി മാഷേ..കഴിഞ്ഞ വെള്ളിയാഴ്ച!"


© ശാലിനി

10 Comments, Post your comment:

ശാലിനി said...

ഈ കഥ എന്റെ ബ്ലോഗില്‍ ഇട്ടിരുന്നു. പക്ഷെ ആരും കണ്ടില്ലെന്നു തോന്നുന്നു :(
ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ!

Manoraj said...

ശാലിനിയുടെ കഥ വായിക്കാന്‍ വന്നപ്പോള്‍ ഒട്ടേറെ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ നിലനിര്‍ത്തിയില്ല. പെട്ടന്ന് ഇത് വായിച്ചപ്പോള്‍ പ്രാഞ്ചിയേട്ടന്‍ സിനിമ ഓര്‍ത്തുപോയി. ശാലിനിക്ക് ഇതിലും നന്നായി എഴുതാന്‍ കഴിയും. തീര്‍ച്ച.. ഇത് ഒരു പക്ഷെ ഒരു സാദാരണ വിഷയം എടുത്ത് വളരെ സാധാരണമായി പറഞ്ഞതിനാലാവാം.

priyag said...

ഹമ്പട വീര !

Manoraj said...

ശാലിനി,

ഈ കഥ ആദ്യം വായിച്ച് കമന്റ് ചെയ്തത് ഞാനായിരുന്നു. എന്തോ കമന്റ് ഗൂഗിളമ്മച്ചി കട്ടോട്ട് പോയി. ശാലിനി കഥകള്‍ വായിക്കുമ്പോള്‍ കിട്ടുന്ന ആ ഒരു ഫീല്‍ ഇതില്‍ കണ്ടില്ല. കുഴപ്പമില്ലാതെ പറഞ്ഞു എന്ന് മാത്രം.

jayarajmurukkumpuzha said...

nannayittundu....... bhavukangal....

ഫെനില്‍ said...

അവന്‍ ആള് കൊള്ളാമല്ലോ

Lipi Ranju said...

കുടുംബദ്രോഹി!!

Biju Davis said...

ശാലിനീ, സുജിത്തിന്റെ അതിസാമർത്ഥ്യം ഭംഗിയായി അവതരിപ്പിച്ചു. എങ്കിലും, അവൻ രണ്ടാമതും വിദ്യാലയത്തിൽ വന്നതും, മിഠായി കൊണ്ടുവന്നതും എന്തിനായിരിയ്ക്കാം?

rafi said...

kollam..

divakaranpalliyath said...

നന്നായിട്ടുണ്ട്