എന്താണെന്നറിയില്ല...ഇന്ന് നേരത്തെ എണീറ്റു..കുറെ സമയം കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നതാണ്..പക്ഷെ ഉറക്കം വരുന്നില്ല...പതിയെ എണീറ്റു...എല്ലാവരും നല്ല ഉറക്കത്തില്‍...ശബ്ധമുണ്ടാക്കാതെ വാതില്‍ തുറന്നു മുകളിലേക്ക് നടന്നു...
വെയില്‍ എത്താന്‍ ഇനിയും സമയം പിടിക്കും..മഞ്ഞിന്റെ നേര്‍ത്ത കണങ്ങള്‍ അന്തരീക്ഷത്തില്‍ പാറി നടക്കുന്നു ...നാട്ടിലാണെങ്കില്‍ ഈ സമയത്ത് ഒരു കോഴിയുടെ കൂവലോ, ഏതെങ്കിലും പേരറിയാത്ത പക്ഷിയുടെ പാട്ടോ...മറ്റെന്തെങ്കിലുമോ കെട്ടേനെ ..ഒന്നുകൂടി ചെവി വട്ടം പിടിച്ചു നോക്കി..ദൂരെ ഏതോ മരക്കൊമ്പിലിരുന്നു ഒരു കാക്ക കരയുന്നു...ഭക്ഷണം കണ്ടുപിടിച്ചതിന്റെ സന്തോഷം കൂട്ടുകാരെ വിളിച്ചറിയിക്കുകയായിരിക്കും ..പങ്കുവെക്കലിന്റെ ഈ പാഠങ്ങള്‍ അവയെ ആരു പഠിപ്പിച്ചു???
ഞാന്‍ ചുറ്റും നോക്കി..രാത്രിയില്‍ ആരോ ഫോണ്‍ ചെയ്യുവാന്‍ കൊണ്ടുവന്നിട്ട ഒരു കസേര മൂലയ്ക്ക് കിടക്കുന്നുണ്ട്..മഞ്ഞുത്തുള്ളികള്‍ അതില്‍ നേര്‍ത്ത നീര്‍ച്ചാലുകള്‍ തീര്‍ത്തിരിക്കുന്നു..ഒരു പ്രണയ കഥ അത് വിളിച്ചു പറയുന്നുണ്ടാവണം..പതിയെ പോയി അതില്‍ ഇരുന്നു...മുന്‍പില്‍ mc റോഡ്..ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങള്‍..അജ്ഞാതരായ ആളുകള്‍, ആരൊക്കെയോ എങ്ങോട്ടോ പോകുന്നു...
കുട്ടിക്കാലത്ത് കണ്ടിരുന്ന ഒരു സ്വപ്നത്തിലേക്ക് പതിയെ മനസ് ഊളിയിടുകയായിരുന്നു ..അതിനെ സ്വപ്നമെന്ന് വിളിക്കാമോ എന്ന് എനിക്ക് അറിയില്ല ഇന്നും..സ്വപ്‌നങ്ങള്‍ വളരെ കുറച്ചേ ഞാന്‍ കാണാറുള്ളൂ..കഴിഞ്ഞ വര്‍ഷത്തെ കോളേജ് മാഗസിനില്‍ മിനു എഴുതിയ പോലെ സ്വപ്‌നങ്ങള്‍ എന്നും എന്നില്‍ നിന്നും അകന്നു നിന്നിട്ടെ ഉള്ളു..ചിലപ്പോള്‍ എന്റെ ഈ സ്വപ്നം ഒരു പ്രതീക്ഷയാകാം..ആഗ്രഹമാകാം ..അറിയില്ല...
ഈ ലോകത്തിലെ ഏറ്റവും നിഗൂഡമായ ഒന്നാണ് മനുഷ്യ മനസ്..ഇത് ഞാന്‍ പറഞ്ഞതല്ല, മറ്റാരോ പറഞ്ഞതാണ്..എന്നും ഈ മനസ് എനിക്കൊരു കടംകഥ ആയിരുന്നു..കണ്മുന്നിലൂടെ നീങ്ങുന്ന ആളുകളെ കാണുമ്പോള്‍, അവരുടെ മനസ് ഒന്ന് വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍, ഒരു നിമിഷത്തേക്ക് മറ്റൊരാള്‍ ആകുവാന്‍ സാധിച്ചിരുന്നെങ്കില്‍...എന്റെ മനസ് വെമ്പല്‍ കൊല്ലും..പരകായ പ്രവേശമെന്നൊക്കെ കഥകളില്‍ പറഞ്ഞു കേട്ടിട്ടുള്ളത് എന്നെങ്കിലും ഒരിക്കല്‍ സാധ്യമായിരുന്നെങ്കില്‍...ഒരു കാലത്ത് ഞാന്‍ സച്ചിനും ഷാരുഖുമൊക്കെ ആയിട്ടുണ്ട്..ആഗ്രഹിച്ചിട്ടുണ്ട്..ഒരു നിമിഷാര്‍ധത്തെക്കെങ്കിലും...
അങ്ങിനെ ചിന്തിച്ചു ചിന്തിച്ചു ഭൂതകാലത്തില്‍ ഹാപ്പിയായി ഇരുന്ന ഞാന്‍ വര്‍ത്തമാനകാലതിലെതിയത് ഫോണ്‍ ബെല്‍ അടിക്കുന്നത് കേട്ടാണ്..'മെസേജ് '..നോക്കിയപ്പോള്‍ പഴയ ഒരു ചെങ്ങാതിയാണ്..മെസേജ് വായിച്ച ഞാന്‍ നേരെ ചെന്നെത്തിയത് ഭാവി കാലത്തില്‍..ഒരു 5,6 വര്‍ഷം കഴിഞ്ഞുള്ള സമയം..ഭൂതത്തിനും ഭാവിക്കുമിടയില്‍ വര്‍ത്തമാനത്തിനു ഒരു മെസേജിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു...ആ മെസേജ് കോളേജിനെ കുറിച്ച് ആയിരുന്നു..ആ ജീവിതത്തിന്റെ അന്ത്യത്തെ കുറിച്ച് ആയിരുന്നു...അതിന്റെ ഭാവിയെ കുറിച്ച് ആയിരുന്നു...
"ഒരു പ്രഭാതത്തില്‍ - വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു പ്രഭാതത്തില്‍ - നമ്മള്‍ തിരക്കിലായിരിക്കും ..നമ്മുടെ ജീവിതവുമായി.. അനന്തമായി നീളുന്ന ജോലി സമയങ്ങള്‍, പ്രാരബ്ധങ്ങള്‍ , കഷ്ടപ്പാടുകള്‍ ..
അന്ന് ബോറടിപ്പിക്കുന്ന ക്ലാസുകള്‍ ഉണ്ടായിരിക്കില്ല, കൂട്ടുകാരില്ല , ഫ്രീ മെസേജിന്റെ കാലഘട്ടം അവസാനിച്ചിരിക്കും..ആരുടെയൊക്കെയോ വിവാഹം കഴിഞ്ഞിരിക്കും..ഒന്നിനും നമുക്ക് സമയം ഉണ്ടായിരിക്കയില്ല...
അങ്ങിനെ, ഒരു പ്രഭാതത്തില്‍ , നിങ്ങള്‍ തുറന്നിട്ട ജാലകങ്ങളിലൂടെ വിദൂരതയിലേക്ക് നോക്കുമ്പോള്‍ പഴയ ഒരു പിടി ഓര്‍മ്മകള്‍ നിങ്ങളെ തേടി എത്തും..കട്ട് ചെയ്തു കറങ്ങി നടന്ന ക്ലാസുകള്‍, ഇടി കൂടി ടികെറ്റ് എടുത്തു കണ്ട സിനിമകള്‍, അന്ന് വലിയ കാര്യമായും പിന്നീട് ആലോചിക്കുമ്പോള്‍ തികച്ചും ബാലിശവുമായി തോന്നുന്ന കാര്യങ്ങള്‍ക്കു വേണ്ടിയുള്ള ഒരു കൂട്ടം അടിപിടികള്‍, കൂട്ടുകാരുമൊത്തുള്ള ആഘോഷങ്ങളുടെ രാവുകള്‍, യാത്രകള്‍, ഒരുപാട് പ്രണയങ്ങള്‍ വിടരുകയും പൊട്ടി തകരുകയും ചെയ്ത വാകമരച്ചുവടുകള്‍...എല്ലാം എല്ലാം നിങ്ങളുടെ കണ്മുന്നിലൂടെ പാഞ്ഞു പോകും..അപ്പോള്‍ ഒരു ചെറു പുഞ്ചിരിയുടെ അകമ്പടിയോടെ രണ്ടു തുള്ളി കണ്ണുനീര്‍ നിങ്ങളറിയാതെ അടര്‍ന്നു വീഴും..നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും ഒരു നിമിഷത്തേക്കെങ്കിലും ആ കാലത്തിലേക്ക് തിരിച്ചു പോവാന്‍ പറ്റിയിരുന്നെങ്കില്‍..എല്ലാം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്.......ഈ സമയം നിങ്ങളെ ആരെങ്കിലും ഭാര്യ /അമ്മ വാതിലില്‍ മുട്ടി വിളിക്കും.." ഓഫിസില്‍ പോവാന്‍ സമയമായി...."
ഒരു മരവിപ്പായിരുന്നു ഇത് വായിച്ചു കഴിഞ്ഞപ്പോള്‍..അനിവാര്യമായ ഒരു ഭാവികാല ദുരന്തം മുന്‍പില്‍ കണ്ട അവസ്ഥ..ക്രമേണ ആ മരവിപ്പിലേക്ക് ഞാന്‍ സ്വയം താദാത്മ്യം പ്രാപിക്കുകയായിരുന്നു...എന്റെ കോളേജ്......
ജോലി കിട്ടുമെന്ന കാര്യത്തില്‍ വലിയ ഉറപ്പോന്നുമില്ലെങ്കിലും പണിയൊന്നുമില്ലാതെ ഉണര്‍ന്നെനീല്‍ക്കുന്ന ഒരു പ്രഭാതവും തുറന്നിട്ട ജാലകവും എന്റെ പ്രഗ്ഞ്ഞയില്‍ തെളിഞ്ഞു വന്നു..കോളേജിലെ പകലുകളും ഹോസ്ടലിലെ രാവുകളും അവയ്ക്ക് കൂട്ടായി എത്തി...പിന്നാലെ കുറെ അടിപിടികളുടെ ചിരിപ്പിക്കുന്ന ഓര്‍മ്മകള്‍...എല്ലാം വരി വരിയായി കടന്നു വരികയാണ്..ആ മേസേജിലെ പോലെ പ്രണയ സന്ദേശങ്ങള്‍ കൈമാറിയിരുന്ന വാകമരചുവടുകളും വിശാലായ ക്യാന്റീനുമൊന്നും എന്റെ കോളെജിനു അവകാശപ്പെടാനില്ലെങ്കിലും അതിന്റെ 4 കോണ്ക്രീറ്റ് ചുവരുകള്‍ക്കും പറയാനുണ്ടാകും ഒരുപിടി കഥകള്‍....ഒരിക്കലും മറക്കാത്ത കുറെ ഓര്‍മ്മകള്‍...
ചിന്തകള്‍ അങ്ങിനെ അങ്ങിനെ പോവുകയാണ്...നഷ്ടങ്ങളുടെ കണക്കു പുസ്തകങ്ങളും തേടി...
മുഖം പൊളളാന്‍ തുടങ്ങിയപ്പോളാണ് എനിക്ക് ബോധം വന്നത്..വീണ്ടും വര്‍ത്തമാനകാലത്തില്‍..ചുറ്റും നോക്കി..ടെറസില്‍ മുഴുവന്‍ വെയില്‍ പരന്നിരിക്കുന്നു...പ്രണയകാവ്യം രചിച്ച മഞ്ഞുതുള്ളികള്‍ ചരമഗീതമെഴുതി എങ്ങോ പൊയ് മറഞ്ഞിരിക്കുന്നു...ഞാന്‍ എണീറ്റു...
താഴേക്കു പടികളിറങ്ങുമ്പോള്‍ മനസ് തേങ്ങുകയായിരുന്നു..ഇനി 3-ഓ, 4-ഓ മാസങ്ങള്‍..എല്ലാം അവസാനിക്കുകയാണ്..പ്രോജക്ടും സ്റ്റടിലീവും വീണ്ടും മാസങ്ങള്‍ അപഹരിക്കും..ഒരു പാട് പേടിച്ച സെമിനാറും കഴിഞ്ഞിരിക്കുന്നു...സമയം മുന്‍പത്തേക്കാളും കൂടുതല്‍ വേഗം ആര്‍ജിച്ചിരിക്കുന്നുവോ????
താഴെ എത്തി..ഇപ്പോളും ആരും എണീറ്റിട്ടില്ല..ആര്‍ക്കും കോളേജില്‍ പോവാന്‍ പ്ലാന്‍ ഇല്ലാന്നു തോന്നുന്നു...കട്ടിലില്‍ കയറി കിടന്നു...മനസ്സില്‍ എവിടെയൊക്കെയോ ഒരു വിങ്ങല്‍..ഒരു വേദന...പതിയെ മുഖത്ത് കൈ ഓടിച്ചു..ചെറിയ നനവ്..എന്റെ കണ്ണും നിറഞ്ഞിരുന്നുവോ...
മെസേജ്...
Labels: 'കഥ'
ഒരു യാത്ര...
14 Comments, Post your comment
Labels: കഥ
പുഴക്കരയിലൊരു വീട്.
തെരുവിലൂടെ ഒഴുകുന്ന മുഖമില്ലാത്ത മനുഷ്യപ്രവാഹം .രൌദ്രഭാവത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന അട്ടിയട്ടിയായ ബഹുനില കെട്ടിടങ്ങള്‍ .തിരക്കും പ്രയത്നവും ആവര്‍ത്തന വിരസതയും കൊണ്ട് കഥയില്ലാതെയാവുന്ന അസംബന്ധ ജീവിതം .താമസിച്ച നഗരങ്ങളോടെല്ലാം ഇങ്ങനെ പൊതുവായ അകല്ച്ച മാത്രമായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്.
ഓര്‍മ്മകളില്‍ പച്ചപ്പ് പടര്‍ത്തി ഒഴുകുന്ന നാട്ടിന്‍പുറത്തെ പുഴയുടെ തണുപ്പ് ഇടക്കിടെ തികട്ടി വരും .തന്റെ കുഞ്ഞു കാലിലെ വൃണങ്ങളില്‍ കടിച്ച് ഇക്കിളിപ്പെടുത്തിയ പരല്‍ മീനുകള്‍ വെള്ളത്തിനടിയിലൂടെ തെറിച്ച് നീങ്ങുന്നത് അക്വേറിയത്തിലെ മത്സ്യങ്ങളെ കാണുമ്പോയൊക്കെ കൊതിയോടെ സ്മരിക്കും .വഴുവഴുക്കുള്ള പാറയില്‍ തെന്നാതെ, ഒഴുക്കിനൊത്ത് നൃത്തമാടുന്ന പായലുകള്‍ വന്നടിയാതെ ഒരു ചിത്രവും മനസില്‍ അപൂര്‍ണമായി അവസാനിക്കാറില്ല.ആ പുഴക്കരയില്‍ ഒരു വീട് വച്ച് ഒരു വിധ നാഗരിക സങ്കീര്‍ണതകളുടെ സാന്നിധ്യവുമില്ലാത്ത പ്രകൃതിയുടെ മടിത്തട്ടിലെ ജീവിതം വരിക്കാന്‍ എപ്പോഴും കൊതിയാവാറുണ്ട്. രാവിലെയും വൈകിട്ടും വെള്ളത്തില്‍ പോത്തുകളെ പോലെ കിടന്ന് നീന്തി തിമിര്‍ത്ത് ഉല്ലസിച്ചും മീന്‍ പിടിച്ച് തിന്നും കഴിയുന്നത് മോഹിപ്പിക്കുന്ന വിധം ഭാവനയില്‍ തെളിയുന്നു.
എന്നാല്‍ അയാള്‍ക്കറിയാം ,ഗൃഹാതുരത്വം ഭൂതകാലത്തിന്റെ ശാന്തതയില്‍ നിമഗ്നനായി തീരാന്‍ കൊതിക്കുന്ന ഒരു അലസ വികാരമാണ്.അത് തന്നെ എവിടെയും എത്തിക്കുന്നില്ല.ഈ നഗരത്തിരക്കില്‍ ഭ്രാന്തമായി പോരാടാനുള്ള വീര്യമാണ് വേണ്ടത്!ഒരു പടക്കുതിരയുടെ കരുത്തോടെ പായുന്ന ഭാവം ആവശ്യമുണ്ട്.എന്നാല്‍ തളര്‍ന്ന് വീഴാന്‍ തുടങ്ങുന്ന ഒരു കുതിരയുടെ ജീവിതമാണ് താന്‍ നയിക്കുന്നത് എന്ന ഭയപ്പാടാണ് നിറയെ.വൈക്കോല്‍ കൂനകളുളള ഒരു ലായത്തില്‍ തളര്ന്നുറങ്ങാന്‍ അത് കൊതിക്കുന്ന പോലെയാവും തന്റെ മോഹങ്ങള്‍ .
ഈയിടെ കമ്പനി എം ഡി എല്ലാവരേയും വിളിപ്പിച്ചു.പ്രചോദനമേകാനെന്ന പേരില്‍ സുദീര്‍ഘമായ ഒരു ഉപദേശ പ്രഭാഷണം.അതോ ഭീഷണിയോ?'സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ ഒരു യുദ്ധമുന്നണിയിലാണ് നിങ്ങളോരോരുത്തരും നില്ക്കുന്നത് എന്നുളള ജാഗ്രതയാണ് വേണ്ടത്.അവിടെ മുറിവേറ്റ് വീഴുന്നവരെ നോക്കാനോ സംരക്ഷിക്കാനോ ആരും സമയം കളയാറില്ല.'ഉപമകളുടെ യുക്തിരാഹിത്യത്തെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് അയാള്‍ക്ക് തമാശ തോന്നി.പിന്നെയത് ഭീതികള്‍ക്ക് വഴി മാറി.'നിലനില്പ്പ് നിങ്ങളുടെ കഠിനാധ്വാനത്തെ ആശ്രയിച്ചിരിക്കുന്നു. മറിച്ചാണെങ്കില്‍ അതും ബാധിക്കുക നിങ്ങളെ തന്നെ.'
തന്നെ പോലെ തളര്‍ന്ന് വീഴുന്ന കുതിരകളെ പറ്റിയാണോ അദ്ദേഹം പറഞ്ഞത്?തൊഴില്‍ നഷ്ടത്തിന്റെ കഥന കഥകള്‍ ഈ നഗരത്തില്‍ അങ്ങുമിങ്ങും അലയടിച്ച് കൊണ്ടിരിക്കുന്നു.തനിക്കൊന്നും അത്തരമൊരു അവസ്ഥ താങ്ങാന്‍ പറ്റുന്നതല്ല!ദൈനം ദിന ജീവിതത്തില്‍ നിന്നും അത്രയധികം ബാധ്യതകള്‍ തലയില്‍ കുന്നു കൂടിയിട്ടുണ്ട്.സുധാകരന്റെ വാക്കുകള്‍ കേട്ടപ്പോഴും ഇതൊക്കെയാണ് ആദ്യം മനസില്‍ വന്നത്.അതു കൊണ്ടാണ് ഒന്നു മടിച്ച് നിന്നത്.
എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവനെ കാണുന്നത്.നാട് വിട്ടതിനു ശേഷം അങ്ങനെ ബന്ധമൊന്നുമില്ലായിരുന്നു.ഇടയ്ക്കുളള ഹ്രസ്വസന്ദര്‍ശന വേളകളിലും കണ്ടു മുട്ടാന്‍ സാധിച്ചിട്ടില്ല.ബാല്യത്തില്‍ വല്യ സുഹൃത്തുക്കളായിരുന്നു അവര്‍.അന്ന് ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്.ഞാനിതാ ഈ നഗരത്തിലുണ്ട് എന്ന് പറഞ്ഞവന്‍ വിളിച്ചപ്പോള്‍ ആ കാലമൊക്കെ അയാളുടെ ഉള്ളില്‍ വന്നെത്തി നോക്കി.സന്തോഷം തോന്നി.തന്നെ ഒന്ന് ഓര്‍ത്ത് വിളിക്കാന്‍ അവനു തോന്നിയല്ലോ.താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങള്‍ എഴുതിയെടുത്തു.തൊട്ടടുത്ത അവധി ദിനത്തില്‍ തന്നെ ചെന്ന് കാണാമെന്ന് ഉറപ്പും കൊടുത്തു.
പുഴയുടെ കുറുകെ മരപ്പലകകള്‍ കൊണ്ട് കെട്ടിയ ഒരു മേല്‍പ്പാലമുണ്ടായിരുന്നു.അതു കടന്നാണ് അന്നവര്‍ അക്കരയുള്ള സ്കൂളില്‍ പോയിരുന്നത്.താഴെ നീലക്കഴം .ഏറ്റവും ആഴമുളള ഭാഗം.മുകളില്‍ നിന്നും നോക്കുമ്പോള്‍ ജലോപരിതലത്തിനു ഇളം നീല നിറമാണ്.നാട്ടിലെ പേരെടുത്ത നീന്തല്‍ക്കാര്‍ക്ക് പോലും അവിടുത്തെ നിലയില്ലാത്ത വെള്ളത്തിലിറങ്ങാന്‍ കുറച്ച് പേടിയുണ്ടായിരുന്നു.
നീലക്കയത്തെ കുറിച്ചുളള ഒരു പാട് പഴങ്കഥകള്‍ അന്നവനു പറഞ്ഞു കൊടുത്തിട്ടുള്ളതും സുധാകരനാണ്.'ഈ നീലക്കയത്തിനു എത്ര ആഴമുണ്ടെന്നറിയാമോ?'തനിക്ക് മാത്രമേ അറിയുകയുള്ളൂ എന്ന് ആത്മവിശ്വാസം ഉള്ളത് പോലെ മറുപടിയും അവന്‍ കൂടെ തന്നെ പറയും.'പതിനഞ്ചാള്‍ പൊക്കം !' അവനീ വിവരങ്ങളൊക്കെ എവിടുന്നു കിട്ടുന്നു എന്നാലോചിച്ച് അയാളുടെ കുഞ്ഞ് മനസ് അതിശയിക്കും .പാലത്തില്‍ നില്ക്കുമ്പോള്‍ ആ ആഴമോര്‍ത്ത് കാലിനടിയില്‍ ഒരു തരിപ്പ് കയറും.'ഇവിടെ എത്ര പേര്‍ മുങ്ങി മരിച്ചിട്ടുണ്ടെന്നോ?അടിത്തട്ടില്‍ ഒരു ഭൂതത്താന്‍ കോട്ട ഉണ്ട്.അവിടുത്തെ ഭൂതങ്ങള്‍ താഴേക്ക് ആളുകളെ വലിച്ച് കൊണ്ട് പോവും . എത്ര വലിയ നീന്തല്‍ക്കാരാണെങ്കിലും രക്ഷയില്ല.തോണി വരെ ആ ഭൂതങ്ങള്‍ മറിച്ച് കളയും.അതു കൊണ്ടാണല്ലോ ഈ മേല്പ്പാലം കെട്ടിയത്.'
ഓര്‍ക്കുവാന്‍ രസമുളള ആ കഥകളുടെ നിറവില്‍ സുധാകരനെ കണ്ടപ്പോള്‍ ചോദിച്ചു.'ആ മേല്‍പ്പാലമൊക്കെ ഇപ്പോഴുണ്ടോ?'
'അതൊക്കെ എതു കാലത്ത് പൊളിച്ചതാണ്.ഇപ്പോള്‍ കോണ്‍ഗ്രീറ്റ് പാലമല്ലേ?അതു കഴിഞ്ഞിട്ടൊക്കെ നീ നാട്ടില്‍ പോയിട്ടുണ്ടാവുമല്ലോ?'ഉണ്ടാവും.. യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം ഭൂതകാലത്തിന്റെ ഭാവനകളില്‍ ജീവിക്കുന്ന എന്റെ മനസ് അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ?
സുധാകരന്‍ ആളാകെ മാറിയിരിക്കുന്നു.അല്ലെങ്കില്‍ അയാള്‍ വിചാരിച്ചിരുന്ന ഒരു രൂപമേ ആയിരുന്നില്ല എന്ന് പറയുന്നതാവും ശരി.തടിച്ച ശരീരം,ബുള്‍ഗാന്‍ താടി,കയ്യില്‍ സ്വര്‍ണ ചെയിന്‍ ,ധരിച്ചിരുന്നത് വിലയേറിയ സ്യൂട്ട്.ഇവിടെ ഈ വന്‍നഗരത്തിലെ നക്ഷത്രഹോട്ടലില്‍ താമസിച്ച് ഇവന്‍ എന്ത് ചെയ്യുന്നു?
തങ്ങളുടെ സംഭാഷണം എവിടെയോ കൃതൃമമായി തീരുന്നുവെന്നും പഴയ സൌഹൃതത്തിന്റെ ഊഷ്മളത അവശേഷിക്കുന്നില്ലെന്നും അയാള്‍ ഭയപ്പെട്ട് തുടങ്ങിയ വേളയിലാണ് സുധാകരന്‍ വിഷയത്തിലേക്ക് കടന്നത്.'നിങ്ങളെയൊക്കെ പോലെ നമ്മുടെ നാടിനേയും പുഴയേയും സ്നേഹിക്കുന്ന,ആവേശമായി കൊണ്ട് നടക്കുന്ന കുറെ മനുഷ്യരെ മുന്നില്‍ കണ്ട് മാത്രമാണ് ഞങ്ങളുടെ പുതിയ പ്രോജക്റ്റ് 'റിവര്‍ സൈഡ് ജ്യൂവല്സ്' വില്ല പദ്ധതി ആരംഭിച്ചത്.നമ്മുടെ മനോഹരമായ ഗ്രാമത്തില്‍ തന്നെ പുഴക്കരയില്‍ കെട്ടിയുയര്‍ത്തുന്ന എല്ലാ സൌകര്യങ്ങളോടും കൂടിയ ടൌണ്‍ഷിപ്പിനുള്ളിലാണ് വില്ലകള്‍ സ്ഥിതി ചെയ്യുന്നത്.എത്ര കാലമാണ് ഈ വിദേശത്ത് കഴിയുക?എന്നെങ്കിലും ഒരിക്കല്‍ ജന്മനാട്ടില്‍ തിരിച്ച് വരാന്‍ തോന്നുകയാണെങ്കില്‍ താമസിക്കാന്‍ പറ്റിയ ഇടം.ഇല്ലെങ്കില്‍ പോലും നല്ല ഒരു ഇന്‍വെസ്റ്റ്മെന്‍റ്റല്ലേ ഇത്.'
കൂടി കാഴ്ചയിലെ അത്തരമൊരു വഴിത്തിരിവ് അയാള്‍ക്ക് അപ്രതീക്ഷിതമായിരുന്നു.അതു കൊണ്ട് തന്നെ പെട്ടെന്ന് എന്താണ് പറയേണ്ടതെന്ന് ധാരണയില്ലാതായി. 'ഞാന്‍ ഒന്നാലോചിക്കട്ടെ' എന്ന് പറഞ്ഞ് ഒഴിയാന്‍ ഭാവിക്കുമ്പോഴും സുധാകരന്‍ മോഹനമായ വാക്കുകളോടെ പിന്തുടര്‍ന്നു.'ഫൈനാന്‍സിന്റെ കാര്യമാണെങ്കില്‍ ആലോചിച്ച് ബുദ്ധിമുട്ടേണ്ട.കുറഞ്ഞ തവണ വ്യവസ്ഥയില്‍ ലോണ്‍ ഒപ്പിച്ച് തരുന്ന പാര്‍ട്ടിയൊക്കെ നമ്മുടെ കയ്യിലുണ്ട്.നീ ഒന്നും അറിയേണ്ട.'
മടക്ക യാത്രയില്‍ 'റിവര്‍ സൈഡ് ജ്യൂവല്സിന്റെ' ബ്രോഷറുകള്‍ പുഴക്കരയിലെ മനോഹരമായ വീടുകളുടെ ചിത്രങ്ങളുമായി അയാളെ ഒറ്റു നോക്കി.നഗരത്തിന്റെ പരിഭ്രമങ്ങളില്‍ നിന്നും അത് തന്നെ ഭാവനയുടെ സ്വപ്നലോകത്തേക്ക് ആനയിക്കുന്നു.അത്തരമൊരു വീട് വളരെക്കാലമായി തന്റെ മോഹങ്ങളിലുണ്ട്.തീര്‍ച്ചയായും ഇത് തന്നെയാണ് പറ്റിയ അവസരം.ഇപ്പോള്‍ വാങ്ങിച്ചിട്ടാല്‍ ഒരിക്കലെങ്കിലും അതെല്ലാം പൂവണിയും എന്നു കരുതാം.തീരുമാനത്തിലേക്ക് എത്തിപ്പെട്ടത് എത്ര വേഗമാണ്!
ഭാര്യക്ക് എതിര്‍പ്പായിരുന്നു.'ഈ പൈസക്ക് എന്തിനു നാട്ടിന്‍പുറത്ത് ഒരു വീട് വാങ്ങുന്നു?പകരം എറണാകുളമോ ബാംഗ്ലൂരോ പോലെയുള്ള നഗരങ്ങളിലായാല്‍ വാടകയെങ്കിലും നന്നായി കിട്ടും.വയസ് കാലത്ത് പോയി താമസിക്കുകയും ചെയ്യാം.'തന്റെ ഗ്രാമത്തോടുളള അവജ്ഞയും അവിടെ പോയി താമസിക്കാന്‍ സാധ്യമല്ല എന്ന ധ്വനിയും ആ വാക്കുകളില്‍ ഉണ്ടായിരുന്നു എന്നയാള്‍ക്ക് തോന്നി.അതു കൊണ്ട് വീട് വാങ്ങണം എന്ന തീരുമാനം വാശിയോടെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്. ബാംഗ്ലൂരില്‍ പഠിക്കുന്ന മക്കള്‍ക്ക് വേണ്ടി വരുന്ന ചിലവുകള്‍ ,ഇവിടുത്തെ ഭീമമായ വാടകത്തുക, വണ്ടിയുടേയും ക്രഡിറ്റ് കാര്‍ഡിന്റെയുമൊക്കെ അടവുകള്‍ എല്ലാം കഴിച്ച് മാസം എത്ര തുക ലോണിനു മിച്ചം പിടിക്കന്‍ കഴിയും എന്നത് കൂട്ടിക്കിഴിച്ച് കണക്കാക്കി.എന്നാല്‍ ആവേശം കൊണ്ടുളള ഒരു എടുത്തുചാട്ടമായിരുന്നോ തന്റേത് എന്ന ആശങ്ക ലോണിന്റെ അടവ് തുടങ്ങുമ്പോഴും അവസാനിച്ചിരുന്നില്ല.
സ്വപ്നങ്ങള്‍ക്കെല്ലാം പക്ഷെ പുതു വര്‍ണങ്ങള്‍ കൈവരുന്നു.ജീവിതത്തെ സംബന്ധിച്ച സുന്ദരമായ ചിത്രങ്ങളുടെ ആയാസരഹിതമായ പ്രവാഹങ്ങളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിളിച്ചറിയിക്കുന്ന ഓരോ ഈ-മെയിലുകളും കൊണ്ട് വന്നത്. ഹാ ഇതാ പുഴക്കരയിലെ തന്റെ സ്വന്തം ഭവനം!സ്വപ്നങ്ങള്‍ക്കൊത്ത വസ്തുക്കള്‍ വിപണനം ചെയ്യുന്നവന്‍ തന്നെയാണ് ഇന്ന് അതിജീവിക്കാനറിയുന്ന വ്യാപാരി. സുധാകരന്റെയൊക്കെ ബുദ്ധിസാമര്‍ത്ഥ്യം സമ്മതിക്കണം. കാരണം സാമ്പത്തിക സമ്മര്‍ദങ്ങളും പ്രയാസങ്ങളും അടിച്ചേല്പ്പിച്ച അവന്റെ വിപണനതന്ത്രത്തെ പോലും അയാളിന്ന് സ്‌നേഹിക്കുകയാണല്ലോ?
സുന്ദരമായ ചിത്രങ്ങള്‍!പുഴയുടെ അടിത്തട്ടില്‍ നിന്നും ഞാന്‍ മുങ്ങിയെടുത്ത് കൊടുത്ത വെള്ളാരം കല്ലിനെ അദ്ഭുതാതിക്യത്തോടെ നോക്കുന്ന പേരക്കുട്ടികള്‍.'സൂക്ഷിച്ച്..സൂക്ഷിച്ച്' എന്ന് ഉരുവിട്ടു കൊണ്ടിരിക്കുന്ന തന്റെ പരിഭ്രമത്തെ തെല്ലും കൂസാതെ പുഴക്കരയിലെ പാറക്കെട്ടിനു പിന്നിലായി അവരുടെ ഉത്സാഹം നിറയുന്ന കളിചിരികള്‍.വീണ്ടും പിന്നിലായി ആ മനോഹരമായ വീട്.ജീവിതത്തിന്റെ സൌന്ദര്യത്തിനും സമാധാനത്തിനും മീതെ ഒഴുകുന്ന പുഴയുടെ പശ്ചാത്തല സംഗീതം.നാലുപാട് നിന്നും കിനിഞ്ഞിറങ്ങുന്ന പച്ചപ്പ്!
'ഒരു ഹോളീഡേ മൂഡിനൊക്കെ പറ്റിയ സ്ഥലം തന്നെ.പണിയൊക്കെ തകൃതിയില്‍ നടക്കുന്നു.സുധാകരനങ്കിളിനെ മീറ്റ് ചെയ്തു.'ബാംഗ്ലൂരില്‍ പഠിക്കുന്ന മകന്‍ നാട്ടില്‍ പോയി അന്വേഷിച്ച് വന്നിട്ട് ഫോണില്‍ പറഞ്ഞു.ഒരു പക്ഷെ താനും ഭാര്യയും ഒറ്റയ്ക്കാവും വാര്‍ധക്യത്തില്‍ അവിടെ താമസിക്കുക എന്നയാള്‍ക്ക് അപ്പോള്‍ തോന്നി.മക്കളൊക്കെ അവരവരുടെ തിരക്കുകളില്‍ വ്യാപൃതരാവില്ലേ?ഭാവി പൊടുന്നന്നെ എങ്ങനെയൊക്കെയാണ് രൂപപ്പെടുകയെന്ന് ആര്‍ക്കറിയാം?
നഗരത്തിലെ പ്രമുഖമായ ഒരു സാമ്പത്തിക ഭീമന്റെ തകര്‍ച്ചയെ കുറിച്ചുള്ള വാര്‍ത്തകള്‍ എങ്ങും ചര്‍ച്ചാവിഷയമായ സമയത്താണ് സുഹൃത്ത് പറഞ്ഞത്.ലോക സാമ്പത്തിക പ്രതിസന്ധിയുടെ ഉത്ഭവകാരണം തന്നെ വീടിനായുള്ള ലോണുകള്‍ അമേരിക്കയില്‍ വ്യാപകമായി തിരിച്ചടക്കാന്‍ കഴിയാതിരിക്കുക മൂലമായിരുന്നുവത്രെ.മനുഷ്യരുടെ വീട് സ്വപ്നങ്ങളിലും അതിന്റെ വില്പനയിലും ഇത്രയധികം ആഗോള പ്രശ്നങ്ങള്‍ നിലനില്ക്കുന്നു എന്നറിയുമ്പോള്‍ മനസിലെവിടെയോ ഒരു മൂകത.പുഴക്കരയിലെ തന്റെ വീട്...
നിര്‍മ്മാണ പുരോഗതിയുടെ ഈ- മെയില്‍ അറിയിപ്പുകള്‍ മുടങ്ങി തുടങ്ങിയതോടെയാണ് അത് വര്‍ദ്ധിച്ചത്.സുധാകരനെ വിളിച്ച് നോക്കിയിട്ട് കിട്ടുന്നുമില്ല.എന്തോ പ്രശ്നങ്ങള്‍ ഉണ്ട് എന്നുറപ്പിച്ചു.ഇതിലൊന്നും പണം മുടക്കേണ്ടെന്ന് ഞാന്‍ അന്നേ പറഞ്ഞിരുന്നതല്ലേ എന്ന ശാഠ്യത്തില്‍ ഭാര്യയുടെ ശല്യം.ഒടുവില്‍ സുധാകരനെ കിട്ടി..
"ഒന്നും പറയണ്ട!തിരക്കു കൊണ്ട് നില്ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.നമ്മുടെ പ്രൊജക്റ്റിനു ഒരു സ്റ്റേ കിട്ടിയിരിക്കുന്നു.ഒന്നും പേടിക്കേണ്ടതില്ല.കാരണം സാമ്പത്തിക പ്രശ്നങ്ങളോ അങ്ങനെയൊന്നുമില്ല.ഇത്,അറിയാമല്ലോ നാട്ടുകാരുടെ ഒരു സ്വഭാവം.നല്ലത് എന്തെങ്കിലും വരുന്നത് ആര്‍ക്കും സഹിക്കില്ലല്ലോ?പരിസ്ഥിതിയുടെ പേരും പറഞ്ഞാണ് ചിലര്‍ ഇറങ്ങിയേക്കുന്നത്.നമ്മള്‍ പുഴയുടെ അരികില്‍ മണ്ണടിക്കുന്നെന്നോ പുഴേന്ന് മണല്‍ വാരുന്നെന്നോ ഒക്കെ പറഞ്ഞ് പുഴയേ രക്ഷിക്കാന്‍ കുറേ എണ്ണം.!.ഓ ഇവമ്മാരു രക്ഷിച്ചിട്ട് വേണ്ടേ!!."സുധാകരന്റെ ശബ്‌ദത്തില്‍ അമര്‍ഷം പതഞ്ഞുയരുന്നു."ഒന്നും പേടിക്കേണ്ട.എല്ലാം എനിക്ക് വിട്ട് തന്നേക്ക്.കൃത്യ സമയത്ത് പ്രൊജക്റ്റ് കംപ്ലീറ്റാക്കി കയ്യില്‍ തന്നിരിക്കും ..പോരെ?"
മതിയോ?ശരിക്കും എന്താണ് സംഭവിക്കുന്നത്?മുടക്കിയ പണത്തിന് തനിക്കാ വില്ലയുടെ പണി പൂര്‍ത്തിയായി കിട്ടിയാല്‍ മതി.പക്ഷെ ഈ മണലു വാരലിന്റെയും അടിക്കലിന്റെയുമൊക്കെ കഥയെന്താണ്?മരിക്കുന്ന പുഴകള്‍ എന്ന പേരിലോ മറ്റോ ടീവിയില്‍ ഒരു ഡോക്യുമെന്ററി കണ്ടിരുന്നു.ഉണങ്ങി വരണ്ട് പെരുമ്പാതകള്‍ പോലെ നഷ്‌ടബോധത്തോടെ നീണ്ട് കിടക്കുന്ന പുഴകളുടെ അസ്ഥികൂടങ്ങള്‍!തന്റെ പുഴയും രക്ഷക്കായി കേഴുന്നുണ്ടോ?ഈ ചോദ്യങ്ങള്‍ക്കപ്പുറം ലോണിന്റെയും സാമ്പത്തിക കഷ്‌ടപ്പാടുകളുടേയും സമ്മര്‍ദ്ദം വില്ലയുടെ നിര്‍മാണത്തെ സംബന്ധിച്ച ആശങ്കകളില്‍ അഭിരമിക്കുന്നതിനാണ് തീര്‍ച്ചയായും ഇഷ്‌ടപ്പെട്ടത്.അതാണ് സത്യം.
അപ്പോഴും ഭാവനയുടെ അടിത്തട്ടില്‍ നിന്നും അതൃപ്തിജനകമായ ഒരു രേഖാചിത്രം തിരിതെളിക്കുന്നുണ്ടായിരുന്നു.വറ്റി വരണ്ട് വിണ്ടു കീറിയ ഭൂമിക്ക് അരികിലായി വെയിലില്‍ നിറം മങ്ങി നില്ക്കുന്ന ഒരു വീടിനു മുന്നില്‍ സ്വപനഭംഗത്തിന്റെ, ഏകാന്തതയുടെ താഢനമേറ്റ് നില്ക്കുന്ന ഒരു മനുഷ്യന്‍.
പക്ഷെ താന്‍ ഞെരുക്കം സഹിച്ച് എത്ര കഷ്‌ടപ്പെട്ടാണ്,ഈ ലോണ്‍ അടച്ച് തീര്‍ക്കുന്നത്!ആ പണം മുഴുവന്‍..?ഈ നശിച്ച പ്രകൃതി സ്നേഹികള്‍!!
(© ഹസീം മുഹമ്മദ്-)
Labels: കഥ
രാത്രിയില്‍ യാത്രയില്ല
ഇവിടെ പറയുന്നത് എന്റെ സ്വന്തം കഥയാണ്. യാതൊരു പുതുമയും ഈ കഥയിലില്ല. എങ്കിലും ഒരല്പം എനിയ്ക്കു വേണ്ടി സഹിയ്ക്കുക. പ്ലീസ് ഒരപേക്ഷയാണ്.
ഇപ്പോള്‍ സമയം രാത്രി പതിനൊന്നര കഴിഞ്ഞിരിയ്ക്കുന്നു. നാട്ടാരെല്ലാം ഉറങ്ങിയ ഈ നേരത്ത് ഞാന്‍ മാത്രമെന്താ ഉറക്കമിളച്ച് കഥ പറയുന്നതെന്ന് നിങ്ങള്‍ സംശയിച്ചേക്കാം. ഒന്നുമല്ല അല്പം മദ്യം കഴിച്ചാല്‍ ഞാനിങ്ങനെയാണ്.വല്ലപ്പോഴുമേ ഞാന്‍ കഴിയ്ക്കു, അതും താഴ്ന്ന ബ്രാന്‍ഡുകള്‍ വല്ലതും. മക്ഡവല്‍ , ഹണീബീ ഇതൊക്കെ. എന്നാല്‍ ഇന്ന് ഗ്രീന്‍ലേബലാണ് കഴിച്ചത്. കുറേ നാളത്തെ ആഗ്രഹമായിരുന്നു ഇത്. വിസ്കി കോളയിലൊഴിച്ചു കഴിയ്ക്കാന്‍ ഒരു പ്രത്യേകസുഖമുണ്ട് .അത്രയ്ക്കങ്ങു ഫിറ്റായിട്ടൊന്നുമില്ല കേട്ടോ. ചെറിയൊരു തരിപ്പ്.. അതിങ്ങനെ നീറി നീറി പിടിച്ചു കയറും. അപ്പോള്‍ മനസ്സിന്റെ കെട്ടൊക്കെ ഒന്നഴിയും. പിന്നെ നല്ല ധൈര്യമാ..ആകെപ്പാടെ ഒരു സുഖം!
ഓ..കഥ തുടങ്ങിയില്ലല്ലോ അല്ലേ? എനിയ്ക്കിപ്പോ നാല്പത്തൊന്നു വയസ്സുണ്ട്. കണക്കു പ്രകാരം ഇപ്പോഴും യുവാവു
തന്നെ. ചെറിയൊരു കട നടത്തുകയാണ്‍ തൊഴില്‍ . ഞാനും ഭാര്യയും രണ്ടു പെണ്മക്കളുമുള്ള എന്റെ കുടുംബം മുന്നോട്ട്പോകുന്നത് ഈയൊറ്റ കടയുടെ ബലത്തിലാണ്. ദാ ഈ വീടു കണ്ടോ? ഇതൊന്നു സിമന്റു പൂശണമെന്ന്
വിചാരിച്ചിട്ട് ഒത്തിരി കാലമായി, സാധിച്ചിട്ടില്ല. എനിയ്ക്ക് കുടുംബസ്വത്തൊന്നും കിട്ടിയിട്ടില്ല. ഒത്തിരിപ്പേരുള്ള ഒരുകുടുംബത്തിലേതായതുകൊണ്ട് പെങ്ങന്മാരുടെ കല്യാണം കഴിഞ്ഞപ്പോള്‍ ഒന്നും മിച്ചമില്ലായിരുന്നു. എന്നാലും
അധ്വാനം കൊണ്ട് ഞാനിത്രയൊക്കെ നേടി.
എന്റെ ഭാര്യ, എത്ര നല്ലവളാണെന്നോ! എന്റെ എല്ലാ കഷ്ടപ്പാടിലും എന്നോടൊപ്പം ഉണ്ടായിരുന്നു അവള്‍ .
വല്ലപ്പോഴുമുള്ള ചില്ലറ വഴക്കുകള്‍ ,പിണക്കങ്ങള്‍ .അതൊക്കെ ജീവിതത്തിലെ ഒരു രസമല്ലേ? ഇങ്ങനെയൊരു
പാവം! ഞങ്ങളുടെ ജീവിതം ആരംഭിച്ചിട്ട് പതിനേഴ് വര്‍ഷമായി. ഇത്രയും കാലത്തിനിടയില്‍ ഞങ്ങള്‍ വേറിട്ട്
താമസിച്ചത് അവളുടെ രണ്ടു പ്രസവങ്ങള്‍ക്കു മാത്രമാണ്. നിറമിത്തിരി കുറവാണെങ്കിലും അതി സുന്ദരിയാണെന്നു
ഞാന്‍ പറയും. അല്പം തടിച്ച ആ ചുണ്ടിന്റെയും മുഴുത്ത മാറിടത്തിന്റെയും ഒതുങ്ങിയ അരകെട്ടിന്റെയും ഭംഗി.. എന്റെ ഭാഗ്യം തന്നല്ലേ ഇതൊക്കെ..പ്ലീസ് മറ്റൊന്നും വിചാരിയ്ക്കരുത്, അവളോടുള്ള എന്റെ സ്നേഹം വിവരിച്ചെന്നേ ഉള്ളു.ഈ വീടിന്റെ ഓരോ ഇഷ്ടികയും ഞാനും അവളും കൂടിയാ ചുമന്നത്. കാശിനത്ര കഷ്ടപ്പാടായിട്ടാ, അല്ലെങ്കില്‍
ഒരിയ്ക്കലും ഞാനതിനു സമ്മതിക്കില്ല.
എന്റെ മൂത്തമോള്‍ക്കിപ്പോള്‍ പതിനാറ് വയസാണ് നടപ്പ്. അമ്മയേക്കാള്‍ സുന്ദരി മോളാണെന്നെല്ലവരും പറയും.
സത്യമാണ്.ചെറുപ്പത്തിലേ തന്നെ മോള്‍ക്ക് ഡാന്‍സും പാട്ടുമൊക്കെയായിരുന്നു കമ്പം. എവിടുന്നെങ്കിലും പാട്ടുകേട്ടാല്‍ മതി മോളു ഡാന്‍സു ചെയ്യും. ഭാര്യയ്ക്ക് ഒരേ നിര്‍ബന്ധം കൊച്ചിനെ ഡാന്‍സു പഠിപ്പിയ്ക്കണമെന്ന്. ശരി ആവട്ടെ, കഴിവുണ്ടെങ്കില്‍ നമ്മളു തടയരുതല്ലോ? പതിമൂന്നാം വയസിലായിരുന്നു അരങ്ങേറ്റം. കുറച്ച് കാശ് കടമായെങ്കിലും സംഗതി ജോറായിരുന്നു. കണ്ടവരെല്ലാം മോളെ അഭിനന്ദിച്ചു. ആ വേഷത്തില്‍ എന്റെ കൊച്ചിനെ ഒന്നു കാണണം.ഒരു രാജകുമാരിയെപ്പോലുണ്ട്. അവളുടെ അമ്മയ്ക്കാണ് കേട്ടോ ഏറ്റവും അഭിമാനം. അവളു കൊച്ചിനെപറ്റി വാതോരാതെയല്ലോ സംസാരിയ്ക്കുന്നത്.
അല്ലാ, നിങ്ങള്‍ക്ക് ബോറടിയ്ക്കുന്നുണ്ടോ എന്റെ കഥ കേട്ടിട്ട്? ക്ഷമിയ്ക്കണേ, ഞാന്‍ പറഞ്ഞല്ലോ കഥപറച്ചിലില്‍
ഞാന്‍ പുറകോട്ടാന്ന്. എന്റെ കടയെന്നു പറഞ്ഞാ കുറച്ച് പലചരക്കുകളും അല്ലറചില്ലറ സ്റ്റേഷനറി
ഐറ്റംസുമൊക്കെയാണ്. ഇതത്ര വലിയ ടൌണൊന്നുമല്ലല്ലോ. നല്ലോണം കടം പോകും. അതൊക്കെ
തിരിച്ചുകിട്ടിയാ കിട്ടി. എന്നാലും ഒരു വിധം തട്ടിമുട്ടി ഞങ്ങളു കഴിഞ്ഞു വന്നു. പിന്നെ ഒരു പ്രശ്നമുള്ളത് കുറച്ച്
കടമുള്ളതാണ്. അത് ബ്ലേഡ് പലിശയ്ക്കുള്ള കടമാണ്. അതിന്റെ പലിശ അടച്ചാണ് മടുക്കുന്നത്. അല്ലായിരുന്നെങ്കില്‍ ഈ വീടിന്റെ ബാക്കി പണിയൊന്നും ഒരു ബുദ്ധിമുട്ടേ ആകില്ലായിരുന്നു.
ഇളയമോള്‍ക്ക് വയസ്സ് പത്തായി. പഠിത്തം അഞ്ചാം ക്ലാസില്‍ . അവളും ഡാന്‍സിനൊക്കെ മിടുക്കിയാ.
എതായാലും ഡാന്‍സു പഠിയ്ക്കാനൊന്നും വിട്ടിട്ടില്ല. കുട്ടികളെത്ര പെട്ടെന്നാ വലുതാവുന്നത്?
കഴിഞ്ഞവര്‍ഷത്തെ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഡാന്‍സിന് എന്റെ മൂത്ത മോള്‍ക്കായിരുന്നു ഫസ്റ്റ്. കാശു ഞാന്‍വിചാരിയ്ക്കാത്തത്ര ചിലവായി. ഭാര്യയ്ക്കൊരേ നിര്‍ബന്ധം; “കൊച്ചിനെ എങ്ങെനെയെങ്കിലും വിടണം.
ഇന്നത്തെക്കാലത്ത് സിനിമ, സീരിയല്‍ ,ടി.വി. അങ്ങനെ എന്തെല്ലാം അവസരങ്ങളാ. കഴിവുള്ള കുട്ടികള്‍ക്ക്
വളരാന്‍ ഒരു വിഷമവുമില്ല. കാണുന്നില്ലേ, ചില മിടുക്കന്മാരും മിടുക്കികളും പത്തുലക്ഷത്തിന്റെയും
അന്‍പതുലക്ഷത്തിന്റെയുമൊക്കെ ഫ്ലാറ്റും വില്ലയുമൊക്കെ നേടുന്നത്. നമ്മളെപോലുള്ളവര്‍ക്ക് ജോലിയെടുത്ത് നല്ല
നിലയിലാവാമെന്നുള്ള വിശ്വാസമൊന്നും വേണ്ടാ..“ ഇങ്ങനെയൊക്കെയാണ് അവളുടെ വാദങ്ങള്‍.
ആലോചിച്ചപ്പോള്‍ അവളു പറയുന്നതില്‍ കാര്യമില്ലേ എന്നെനിയ്ക്കും തോന്നാതിരുന്നില്ല കേട്ടോ.
ദാ ആയിരിയ്ക്കുന്ന ടി.വി. സഹകരണബാങ്കില്‍ നിന്നും ലോണെടുത്തു മേടിച്ചതാ.. ഇനിയുമുണ്ട് ബാക്കി അടയ്ക്കാന്‍ .
ഇന്നത്തെക്കാലത്ത് ടി.വി.യില്ലാത്ത വീടേതാ? എന്തെല്ലാം പരിപാടികളാ അതില്‍. എനിയ്ക്കിതൊക്കെ കാണാന്‍
എവിടെ സമയം? എങ്കിലും അവരു കാണട്ടെ. ഇതൊക്കെയല്ലേ ജീവിതത്തിലെ രസം. ആ ടി.വി.യില്‍ ഞാനും ഇടയ്ക്കു കണ്ടിട്ടുണ്ട്, കാണാന്‍ ചേലുള്ള പെണ്‍കുട്ടികള്‍ ചാടുന്നതും തുള്ളുന്നതുമൊക്കെ. ഒക്കെ ഫ്ലാറ്റും കാശുമൊക്കെ
കിട്ടുമെന്ന വിശ്വാസത്തില്‍ ..വിശ്വാസമല്ലേ എല്ലാം.
എന്റെ സുഹൃത്തേ, എട്ടു മാസം മുന്‍പാണ് പത്രത്തിലൊരു പരസ്യം കണ്ടത്. ആല്‍ബത്തില്‍ അഭിനയിയ്ക്കാന്‍
പെണ്‍കുട്ട്യോളെ വേണംന്നു പറഞ്ഞ്. മോള് പത്താം ക്ലാസ് കഴിഞ്ഞ് നില്പാണ്. ഭാര്യയെന്നെ നിര്‍ബന്ധിച്ചു
കൊണ്ടേയിരുന്നു; അപേക്ഷ അയയ്ക്കണംന്ന് പറഞ്ഞ്.ശരി അയയ്ക്ക്. ഞാന്‍ സമ്മതിച്ചു.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ദേ ഒരു കാറില്‍ ഒരു “ആന്റി“യും രണ്ടാണുങ്ങളും. അവരാണ് ആല്‍ബം പിടിയ്ക്കുന്നതത്രേ.
എന്റെ മോളെ അവര്‍ക്ക് വല്ലാതെ ബോധിച്ചു. ഒറ്റ നോട്ടത്തില്‍ തന്നെ തീരുമാനിച്ചു, കൊച്ച് തന്നെ നായിക!
ആല്‍ബം ,നായിക എന്നൊക്കെ കേട്ടപ്പോള്‍ എനിയ്ക്കും കുറച്ച് താല്പര്യമൊക്കെ തോന്നി കേട്ടോ.
ഇങ്ങനെയൊക്കെയാണല്ലോ ഒരു തുടക്കം . ഇനി സീരിയല്‍ , ഭാഗ്യമുണ്ടെങ്കില്‍ സിനിമ. ഓരോ താരങ്ങളൊക്കെ ഇതു പോലെ എത്ര കഷ്ടപ്പെട്ടാ ഇന്നത്തെ നിലയിലെത്തിയത്!
എന്റെ സുഹൃത്തേ ഞാന്‍ സമ്മതിച്ചു, കൊച്ചിനെ കൂട്ടിക്കോളാന്‍ ..
രണ്ടു മാസത്തോളമുണ്ടായിരുന്നു ഷൂട്ടിങ്ങ്. എനിയ്ക്കു കടയും പൂട്ടി ഇതിനു പോകാന്‍ പറ്റുമോ? ഭാര്യയെ ആണെങ്കില്‍
കൂടെ വിട്ടിട്ടും കാര്യമില്ല. അവള്‍ക്കതിനുള്ള കഴിവൊന്നുമില്ല. പിന്നെ, ആ ആന്റി ഒരു നല്ല സ്ത്രീ ആയതിനാല്‍ എല്ലാ കാര്യവും അവരു നോക്കിക്കോളാമെന്നു പറഞ്ഞു. സ്വന്തം മകളെപോലാ എന്റെ മോളവര്‍ക്ക്. ആഴ്ചയില്‍ രണ്ടും മൂന്നുംദിവസം ഷൂട്ടിങ്ങ് കാണും. ആന്റി തന്നെ കാറുമായി വന്ന് മോളെ കൂട്ടിക്കോളും.
ആദ്യത്തെ ആല്‍ബം കഴിഞ്ഞയുടനെ രണ്ടാമത്തെ ആല്‍ബവും തുടങ്ങി. സംഗതി നല്ല ലാഭകരമാണെന്നാ
തോന്നുന്നത്.
ആദ്യത്തേതിന്റെ സി.ഡി. ഞങ്ങളെല്ലാവരും കൂടി ഒന്നിച്ചിരുന്നാ കണ്ടത്. പാട്ടുകളൊക്കെ സൂപ്പര്‍ . ഡാന്‍സും
മോശമില്ല. ചുരിദാറൊക്കെ ഇട്ടു കഴിഞ്ഞപ്പം മോളൊരു വലിയ പെണ്ണാണന്നേ തോന്നൂ. എന്തോ പ്രേമപ്പാട്ടാണെന്നു തോന്നുന്നു, കുറച്ചു കെട്ടിപ്പിടുത്തമൊക്കെ ഉണ്ട്. എനിക്കെന്തോ അതു കണ്ടിട്ടൊരു വിഷമം തോന്നി. എന്നാ ഭാര്യയ്ക്കും മോള്‍ക്കുമൊക്കെ നല്ല സന്തോഷായിരുന്നു. കാശായിട്ട് പതിനായിരം രൂപ മോളെന്റെ കൈയില്‍ തന്നപ്പോള്‍ എനിയ്കാകെയൊരു അഭിമാനം തോന്നി. ഒരു കലാകാരിയുടെ അച്ഛന്‍ !എന്റെ മോള്‍ടെ അധ്വാനത്തിലൂടെ കിട്ടിയ പണം!
രണ്ടാമത്തെ ആല്‍ബം ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ മോള്‍ടെ കൈയിലിരുന്ന മൊബൈല്‍ കണ്ട് ഞാനതിശയിച്ചു
പോയി. ഫോട്ടോ പിടിയ്ക്കാനും വീഡിയോ പിടിയ്ക്കാനുമൊക്കെ പറ്റുന്ന മൊബൈലുണ്ടെന്നു കേട്ടിട്ടുള്ളതല്ലാതെ
ഞാനാദ്യമായിട്ടാ അതു കാണുന്നത്. ഒരു പതിനയ്യായിരം രൂപയെങ്കിലും വില വരും. ആന്റി മേടിച്ചു
കൊടുത്തതാണെന്നാ അവള്‍ പറഞ്ഞത്. എത്ര നല്ലവളാ ആന്റി.
ഇപ്പോള്‍ മൂന്നാമത്തെ ആല്‍ബം ഷൂട്ടിങ്ങു ആരംഭിച്ചിട്ടുണ്ടത്രേ. ഇതു കൂടി കഴിഞ്ഞാല്‍ സീരിയല്‍ തുടങ്ങാനാണ്
പരിപാടി.അതിലും എന്റെ മോളു തന്നെ നായിക! വൈകിട്ടു വീട്ടില്‍ വരുമ്പോള്‍ ഭാര്യയാണ് മോള്‍ടെ
വിശേഷങ്ങളൊക്കെ പറയുക. കൊച്ച് മുറിയടച്ച് അകത്ത് ഉറക്കം പിടിയ്ക്കും. പകലത്തെ ക്ഷീണം.
മോള് വീട്ടിലുള്ളപ്പൊഴൊക്കെ ഫോണ്‍ വിളിയാ..എപ്പോഴും ചിരിച്ചുല്ലസിച്ച് വിളിയോടു വിളി.. രാത്രിയിലും വിളി.
വിളിച്ച് വിളിച്ച് അവളെന്നെ അച്ഛാന്നു വിളിയ്ക്കാന്‍ തന്നെ മറന്നെന്നെനിയ്ക്കു തോന്നി. പണ്ടു മുതലേ എന്നും രാത്രി
ഞാന്‍ വരുമ്പോള്‍ പിള്ളേര്‍ക്ക് എന്തെങ്കിലും പലഹാരമോ മുട്ടായിയോ കൊണ്ടു വരും. എന്റെ ഒച്ച കേട്ടാല്‍
ഓടിവന്നു പൊതി തട്ടിപ്പറിച്ചിട്ടെ അവരടങ്ങു. അതിനു വേണ്ടി ഒരു ബഹളം തന്നെ നടക്കും. ഇപ്പോള്‍
അങ്ങനെയൊന്നുമില്ല. ആ ഫോണൊന്നു താഴെ വച്ചിട്ടു വേണ്ടെ?
ഞാന്‍ നിങ്ങളെ വല്ലാതെ മുഷിപ്പിച്ചോ? വേഗം പറഞ്ഞു തീര്‍ത്തേക്കാം. തന്നെയുമല്ല ഗ്രീന്‍ ലേബല്‍ പതുക്കെ പിടിമുറുക്കുന്നുണ്ട്. അത്രക്കങ്ങു ഫിറ്റാകാന്‍ പാടില്ല. ഇന്നലെ വൈകുന്നേരമായിരുന്നു. എനിയ്ക്കു പരിചയമുള്ള ഒരു
ചെറുപ്പക്കാരന്‍ കടയില്‍ വന്നു. പേര് ഞാന്‍ പറയില്ല. എന്നെ ഒരു മൂലയിലേയ്ക്ക് വിളിച്ച് മാറ്റിനിര്‍ത്തി. അവന്റെ
കൈയിലൊരു മൊബൈല്‍ . മോളുടെ കൈയിലേതുപോലെ വില കൂടിയത്. അവന്റെ വിരലുകള്‍ മൊബൈലില്‍
ഓടി നടന്നു. എന്നിട്ട് എന്റെ കൈയില്‍ തന്ന് കാണാന്‍ പറഞ്ഞു. ചെറിയൊരു സിനിമാപ്പടം പോലെ.
ഞാനാദ്യമായാ മൊബൈലില്‍ വീഡിയോപ്പടം കാണുന്നതു കേട്ടോ!
അതൊരു വല്ലാത്ത കാഴ്ചയായിരുന്നു! ഒരു പെണ്‍കൊച്ചിനെ ഒരുത്തന്‍ കെട്ടിപ്പിടിയ്ക്കുകയും ഉമ്മ വയ്ക്കുകയുമൊക്കെ
ചെയ്യുന്നു. അല്പം ശ്രദ്ധിച്ചപ്പോള്‍ മൊബൈല്‍ പിടിച്ച വിരലില്‍ കൂടി ഒരു വിറയല്‍ നെഞ്ചിലേയ്ക്ക് പാഞ്ഞു വന്നു.അതു ഷൂട്ടിങ്ങൊന്നുമല്ലാന്നു കാണുമ്പോഴേ അറിയാം. ഒരു കട്ടിലില്‍ കിടയ്ക്കുകയാണെന്റെ കൊച്ച്. ആ വീഡിയോ അത്രയേ ഉണ്ടായിരുന്നുള്ളു.
ആ ചെറുപ്പക്കാരന്‍ മൊബൈല്‍ പിടിച്ചു മേടിച്ചിട്ടു പറഞ്ഞു.
“ചേട്ടാ.. ഇതൊന്നുമല്ല, ബാക്കി ചേട്ടനെ കാണിയ്ക്കാന്‍ പറ്റില്ല. മകളെ സൂക്ഷിച്ചാ നല്ലത്. ഇതൊക്കെ നാട്ടുമുഴുക്കെ എല്ലാ മൊബൈലിലും കേറീട്ടുണ്ട്”.
ഇത്രയും പറഞ്ഞ് അവന്‍ ചാടിയിറങ്ങിപ്പോയി.
എന്റെ സുഹൃത്തേ, ശരീരം മുഴുവന്‍ തേരട്ട ഇഴഞ്ഞു കേറുന്നതു പോലെ തോന്നി.. നൂറുകണക്കിന് കുറുക്കന്മാരാണ്
ചുറ്റിനും നിന്ന് കൂവിയത്. ഇടത്തു നിന്നും വലത്തു നിന്നും കനത്ത ഇരുട്ട് നല്ല ശക്തിയോടെ എന്റെ ഇരു
ചെവിയിലേയ്ക്കും ആഞ്ഞടിച്ചു.
ഒരഞ്ചു മിനിട്ട്. എല്ലാം ശാന്തമായി.ഞാന്‍ കടയടച്ച് മിണ്ടാതെ വീട്ടിലേയ്ക്ക് നടന്നു. വീട്ടില്‍ ചെന്നപ്പോഴും എന്റെ
പൊന്നുമോള്‍ ഫോണില്‍ മുങ്ങിത്തപ്പുകയാണ്. റ്റി.വി.യില്‍ പെണ്‍കുട്ടികള്‍ ആടിത്തിമിര്‍ക്കുന്നു. എന്റെ കൊച്ചുമോള്‍ അതുനോക്കി ആഹ്ലാദിച്ചു ചിരിയ്ക്കുകയാണ്. അവള്‍ക്കും നായികയാകണമോ?
ഞാനാരോടും ഒന്നും ചോദിച്ചില്ല. നേരത്തെ വന്നതിനെക്കുറിച്ച് ചോദിച്ചിട്ട് ഒന്നും പറഞ്ഞുമില്ല.. നല്ല തലവേദന.
ഒന്നു കിടക്കണമെന്നു മാത്രം പറഞ്ഞു.
കാളരാത്രി. തിരിഞ്ഞിട്ടും മറിഞ്ഞിട്ടും ഉറക്കമൊന്നും വന്നില്ല. കണ്ണടച്ചാല്‍ തേരട്ടകളും കുറുക്കന്മാരും.
ഇന്നു പകല്‍ ഞാനൊരു യാത്ര പോയി കേട്ടോ. കാവിലമ്മയുടെ അടുത്ത്.. രുധിര ഭദ്രയുടെ മുന്‍പില്‍ കുറച്ചു നേരം
പ്രാര്‍ത്ഥിച്ചു.
സമയം ഇപ്പോള്‍ പന്ത്രണ്ടു മണിയായി. എല്ലാവരും ഉറങ്ങിയിട്ടുണ്ടാവും. ഉറങ്ങട്ടെ, നന്നായി ഉറങ്ങട്ടെ. ഇന്ന്
വൈകിട്ട് ഞങ്ങള്‍ ഒന്നിച്ചിരുന്ന് ബിരിയാണിയാണ് കഴിച്ചത്. ഒന്നാന്തരം ചിക്കന്‍ ബിരിയാണി. കൊച്ചുമോള്‍ക്ക്
വലിയ കൊതിയാണ് ബിരിയാണി കഴിയ്ക്കാന്‍ , എന്റെ ഭാര്യയ്ക്കുമതെ. അവളിതൊക്കെ എവിടുന്നു കഴിയ്ക്കാനാ? വലിയ ബോട്ടില്‍ കോള കൊടുത്തപ്പോള്‍ അതിലും വലിയ സന്തോഷം.
വലിയ മോളിതൊക്കെ കഴിച്ചിട്ടുള്ളതിനാല്‍ വലിയ പുതുമയൊന്നും കാണില്ല. മൂന്നു പേര്‍ക്കായതു കൊണ്ട് ആറു
ഗുളിക മതിയാവും. അതില്‍ കൂടുതല്‍ കിട്ടാന്‍ യാതൊരു മാര്‍ഗവുമില്ലായിരുന്നു. കോളയുടെ ടേസ്റ്റിനിടയില്‍ ഉറക്ക
ഗുളിക പൊടിച്ചു ചേര്‍ത്തത് അറിഞ്ഞിരിയ്ക്കാന്‍ യാതൊരു വഴിയുമില്ല.
കഥ പറച്ചില്‍ ഞാനിവിടെ നിര്‍ത്തുകയാണ്. ഇനി നിങ്ങള്‍ എന്റെ കൂടെ വരൂ. ദാ ആ മുറി കണ്ടോ അവിടെയാണ് എന്റെ മോള്‍ കിടക്കുന്നത്. വരൂ, ഇത് പൂട്ടിയിട്ടൊന്നുമില്ല. അതാ അവള്‍ കിടക്കുന്നതു കണ്ടോ. നല്ല ഉറക്കത്തിലാണ്. രണ്ടു ഗുളികയല്ലേ ചെന്നിരിയ്ക്കുന്നത്. ഒരു രാജകുമാരിയേ പോലല്ലേ അവള്‍ ..
അവളുണ്ടായിട്ട് മൂന്നാം മാസത്തിലേ ഞാനവളെ കൈയിലെടുത്തുള്ളു. മറ്റൊന്നും കൊണ്ടല്ല, എന്റെ ഈ മയമില്ലാത്ത കൈകൊണ്ട് തൊടുമ്പോഴേ അവള്‍ കരയാന്‍ തുടങ്ങും. അപ്പോള്‍ എന്റെ മനസ്സു കലങ്ങും.. പല്ലില്ലാത്ത ആ മോണ കാട്ടിയുള്ള കരച്ചില്‍ എനിയ്ക്കിഷ്ടമേ അല്ല. എന്റെ മോളെപ്പോഴും ചിരിച്ചു കൊണ്ടിരിയ്ക്കണം. പിന്നെ പിന്നെ എന്റെ തോളില്‍ നിന്നവള്‍ ഇറങ്ങിയിട്ടില്ല. കുഞ്ഞിക്കൈകള്‍ കൊണ്ടീ മുഖത്തെത്ര അടിച്ചിരിയ്ക്കുന്നു. ഈ മാറിലെത്ര പുണ്യാഹം തളിച്ചു!എന്റെ മടിയില്‍ വച്ചാണ് അവള്‍ക്ക് ചോറൂണ് നടത്തിയത്. അപ്പോഴവള്‍ കുഞ്ഞരി പല്ലുകള്‍ കൊണ്ടെന്റെ വിരലില്‍ കടിച്ചു. ഹോ.. അതിന്റെയൊരു പുളകം! അവളുടെ കൈവളര്‍ന്നതും കാല്‍ വളര്‍ന്നതുംമുടിവളര്‍ന്നതും പല്ലുകള്‍ കൊഴിഞ്ഞതും പിന്നെ വന്നതും ഒക്കെ ഇപ്പോഴും ഈ കണ്ണിലുണ്ട്.
ആ മോളാണോ ഈ കിടക്കുന്നത്? ആ കവിളിലും ചുണ്ടിലും ആരുടെയൊക്കെയോ ദന്തക്ഷതങ്ങള്‍ തെളിഞ്ഞു
കിടപ്പുണ്ട്..പിന്നെ...? വേണ്ട കൂടുതല്‍ പറയാന്‍ എനിയ്ക്കു പറ്റില്ല. ഞാനൊരച്ഛനല്ലേ.
ഈ കഠാര ഞാനിന്നലെ വാങ്ങിച്ചതാണ്. നല്ല സ്റ്റീലാണ്. അപ്പോള്‍ നിങ്ങള്‍ കണ്ണിറുക്കി അടച്ചു കൊള്ളൂ..
ഒന്ന്, രണ്ട്, മൂന്ന്....മൂര്‍ഖന്റെ ശീല്‍ക്കാരം.
കഠാരമുന വായുവില്‍ ഊളിയിട്ടതാണ്. നെഞ്ചിലായതുകൊണ്ട് പെട്ടെന്നു കാര്യം കഴിയും.ഇളം രക്തം മുഖത്തേയ്ക്കല്പം തെറിച്ചിട്ടുണ്ട്. സാരമില്ല സ്വന്തം ചോര തന്നെയല്ലേ. കഴുത്തറത്ത
കോഴിയുടേതു പോലൊരു പിടച്ചില്‍. കഴിഞ്ഞിരിയ്ക്കുന്നു. തുറിച്ച കണ്ണുകളുടെ നോട്ടം എന്റെ നേരെയാണോ?
കണ്ണടച്ചേക്കു മോളെ.
വരൂ..ആ മുറിയില്‍ എന്റെ ഭാര്യയും കൊച്ചു മോളുമുണ്ട്. നോക്കിക്കേ, രണ്ടു പേരും കെട്ടിപ്പിടിച്ചാണ് കിടപ്പ്.
കിടക്കയില്‍ എനിയ്ക്കുള്ള സ്ഥലം ഒഴിച്ചിട്ടിരിയ്ക്കുന്നു. എന്നും ഞങ്ങളൊന്നിച്ചാണല്ലോ ഉറങ്ങുന്നത്.
കൊച്ചിനെ അല്പം മാറ്റിക്കിടത്താം.
അഞ്ചേകാല്‍ അടി നീളമുള്ള , പതിനേഴ് വര്‍ഷം എനിയ്ക്ക് ചൂട് പകര്‍ന്ന ശരീരം. ഇന്നലെയും ചേര്‍ന്നു കിടന്നവള്‍ . എന്റെ മോളുടെ അമ്മ. മോളിപ്പോള്‍ ആകാശത്ത് നക്ഷത്രമായുദിച്ചുകാണും. അവളൊറ്റക്കല്ലേ. നീയും വേണം
അവിടെ.
ഒന്ന്, രണ്ട്, മൂന്ന്, നാല്. ..വീണ്ടും ശീല്‍ക്കാരം. ആ ഹൃദയ രക്തത്തിലെ സ്നേഹകണങ്ങള്‍ എന്നെ പുല്‍കട്ടെ.
ഞാനെത്ര തലചായ്ച്ച മാറിടം..! പാവം എന്തൊരു പിടച്ചില്‍ ...! ങാ.. കഴിഞ്ഞെന്നു തോന്നുന്നു.
കൊച്ചുമോള്‍ ഒന്നുമറിയാതെ ഉറക്കമാണ്. ആ കവിളില്‍ ഒന്നു ചുംബിയ്ക്കട്ടെ. അവള്‍ക്കും ഡാന്‍സ്
ഇഷ്ടമായിത്തുടങ്ങിരിയ്ക്കുന്നു. വേണ്ട മോളെ.. മോളും പൊയ്ക്കോ. ആകാശത്ത്, ആവോളം പറന്നു നടക്കാലോ.
മേഘത്തുണ്ടുകളില്‍ തെന്നി തെന്നി നൃത്തം ചെയ്യാലോ..അവിടെയാകുമ്പോള്‍ അമ്പിളിമാമന്‍ കഥകള്‍ പറഞ്ഞു തരും, നക്ഷത്രക്കുഞ്ഞുങ്ങള്‍ കൂട്ടു വരും..കൊള്ളിമീനുകള്‍ ഊളിയിട്ട് കണ്ണില്‍ വിസ്മയം വിരിയിയ്ക്കും.
ഈ.. കത്തി..വേണ്ട കൊച്ചുമോള്‍ക്കതു വേണ്ട. ആ നെഞ്ച് തീരെ ചെറുതല്ലേ. ഈ തലയിണ മതിയാവും.
രണ്ടു മിനിട്ട്.. പിടയുന്നുണ്ട്. അല്പം കൂടി അമര്‍ത്തട്ടെ.മോളുറങ്ങിക്കഴിഞ്ഞു.
ങാ വരൂ സുഹൃത്തേ, നമുക്ക് പുറത്തിറങ്ങാം. ദാ ആകാശത്തേയ്ക്ക് നോക്കിക്കേ.. അതാ ആ കാണുന്ന മൂന്നു
നക്ഷത്രങ്ങള്‍ കണ്ടോ? അതവരാണ്. ഇപ്പോള്‍ എത്തിയതേ ഉള്ളൂ. അവര് കണ്ണു ചിമ്മി എന്നെ വിളിയ്ക്കുകയാണ്.
എന്റെ കൊച്ചു മോളാണ് ആ നടുക്കത്തേത്. ഇനിയിപ്പോ എനിയ്ക്കു വൈകാന്‍ പറ്റില്ല.
മനസ്സിന്റെ കെട്ടെല്ലാം അഴിഞ്ഞിരിയ്ക്കുന്നു. നനുത്ത ഒരു മൂടല്‍ മഞ്ഞ് എന്നെ തഴുകി പോകുന്നല്ലോ. അതിന്റെ
കണങ്ങള്‍ എന്റെ രോമകുത്തുകളില്‍ ഇക്കിളിയിടുന്നുണ്ട്. പുകപിടിച്ച കൃഷ്ണമണികള്‍ക്കിടയിലൂടെ എനിയ്ക്കെല്ലാം
കാണാം. നില്‍ക്കുന്നിടത്തെല്ലാം അടുക്കടുക്കായി കറുത്ത ഇരുട്ട്. അവിടവിടെ തീ പോലെ ജ്വലിയ്ക്കുന്ന ചെന്നായ്
കണ്ണുകള്‍ തുറിച്ചു നോക്കുന്നു ..തുറന്ന വായകളില്‍ നിന്നും തീയും പുകയും . അവറ്റകളുടെ ദുര പിടിച്ച അണപ്പ് എനിയ്ക്കു കേള്‍ക്കാം..കൂമന്റെ പട പട ചിറകടികള്‍ . കരിനാഗങ്ങള്‍ കാല്‍ചുവട്ടില്‍ ഇഴയുന്നുണ്ട്.. ഇരട്ടനാവുകള്‍ പാദങ്ങളെ സ്പര്‍ശിയ്ക്കുമ്പോള്‍ മരവിയ്ക്കുന്ന തണുപ്പ്..
ഈ കയറിന് ആറടി നീളമുണ്ട്. അത് ധാരാളം.
എന്നാല്‍ പിന്നെ...സുഹൃത്തേ, രാത്രിയില്‍ യാത്രയില്ല.
55 Comments, Post your comment
Labels: കഥ
ഒരു ട്രെയിന്‍ യാത്ര...
[ ആദ്യമേ പറയട്ടെ.....ജാഫര്‍...ഞങ്ങളുടെ ഹോസ്റ്റലിലെ ഇടുക്കികാരന്‍...ഇടുക്കിയിലേക്ക് ട്രെയിന്‍ ഇല്ല എന്നാ ഒറ്റ കാരണം കൊണ്ട് അവന് ഏറ്റുവാങ്ങേണ്ടിവന്ന കളിയാക്കലുകള്‍ കേട്ടാല്‍ ആരും കരഞ്ഞു പോകും...അതില്‍ ഒന്നാണ് ഇത്...അവന്റെ കൂടെയുള്ള ജോമിനും രോഹിതുമെല്ലാം ഞങ്ങളുടെ ഹോസ്റ്റലിലെ - ഞങ്ങളുടെ "തറവാട്ടിലെ" അന്തേവാസികള്‍ തന്നെ...ഇത് മൊത്തത്തില്‍ നുണ ആണെന്ന് വിചാരിക്കരുതേ...സത്യങ്ങള്‍ എവിടെയൊക്കെയോ ഒളിഞ്ഞു കിടക്കുന്നുണ്ട്...]
13-02-2010, ശനിയാഴ്ച
നമ്മുടെ ജാഫറിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു ദിവസമായിരുന്നു അത്.. കാരണം എന്താണെന്നല്ലേ??? പറയാം.....
തന്റെ വളരെ കാലമായിട്ടുള്ള ഒരു ആഗ്രഹം..അത് സാധിച്ചെടുത്ത ദിവസം...ഒരുപാട് സ്വപ്നങ്ങളുടെ സാക്ഷാത്കാരമായ ദിവസം...ജാഫെര്‍ ആദ്യമായി ട്രെയിനില്‍ കയറിയ ദിവസം..അതായിരുന്നു 13-02-2010...
ആലുവയില്‍ പ്രോജക്റ്റ് ചെയ്യുവാന്‍ പോകുന്ന വഴിയായിരുന്നു ജാഫര്‍, കൂടെ രോഹിതും...നമ്മുക്ക് ബൈക്കില്‍ പോകാം, അല്ലെങ്കില്‍ ബസില്‍ പോകാം എന്ന് രോഹിത് ഒരു ആയിരം വട്ടം പറഞ്ഞിട്ടും, പിടിച്ചു വലിച്ചിട്ടും ജാഫര്‍ ട്രെയിനില്‍ തന്നെ അള്ളിപ്പിടിച്ചു കിടന്നത് ട്രെയിന്‍ കണ്ടിട്ടില്ലാത്ത ഒരു ഇടുക്കി കാരന്റെ വേദനയായി നമുക്ക് മനസിലാക്കാം എങ്കിലും, ആദ്യമായി ട്രെയിനും റെയില്‍വേ സ്റെഷനും കണ്ട ജാഫര്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ കേട്ടാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വച്ച് പോകും...
രാവിലെ ജോമിന്‍ ജാഫറിനെ കായംകുളം റെയില്‍വേ സ്ടഷനില്‍ കൊണ്ട്പോയി വിട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് കഥകള്‍...ജോമിന്‍ കൊണ്ടുപോയി വിട്ടത് ജാഫറിനെ മാത്രമായിരുന്നെങ്കിലും പുറകെ മണ്ടത്തരങ്ങളും വണ്ടിയും വിളിച്ചു എത്തി...തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഓരോ സീനുകള്‍ ആയി വിവരിക്കാം...
സീന്‍ 1:
റെയില്‍വേ സ്ടഷനിലേക്ക് കയറിവരുന്ന ജാഫറും ജോമിനും...ടിക്കെറ്റ് എടുക്കണ്ടെ എന്ന് ചോദിക്കാന്‍ തിരിഞ്ഞ ജോമിന്‍ കാണുന്നത് പ്ലാട്ഫോമിലേക്ക് ബാഗുംതൂക്കി ഓടുന്ന ജാഫരിനെയാണ്...എന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പുതന്നെ ജാഫര്‍ ആദ്യം കണ്ട ട്രെയിനില്‍ ചാടി കയറി, തുള്ളി ചാടുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി എന്നാണ് ജോമിന്‍ പറഞ്ഞത്...
സീന്‍ 2:
ആ ട്രെയിന്‍ തിരുവന്തപുരത്തിന് പോകുന്നതാണെന്ന് പറഞു ജോമിന്‍ ഒരു വിധത്തില്‍ ജാഫറിനെ പുറത്തിറക്കി... പുറത്തിറങ്ങിയ ജാഫര്‍ പ്ലാട്ഫോര്‍മിലൂടെ ഓടുന്നത് കണ്ടു തലയില്‍ കൈ വച്ച് നില്‍ക്കുന്ന ജോമിന്‍ രണ്ടാമത്തെ സീനിന്റെ ദുഖമാണ് ...
സീന്‍ 3:
30 മിനിട്ട് കഴിഞ്ഞു ട്രെയിന്‍ വരുന്നത് വരെ പ്ലാട്ഫോമിലൂടെ ' നാഗവല്ലി ' സ്റ്റൈലില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന ജാഫര്‍ ഒടുവില്‍ നടന്നുമടുത്തു അടുത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ കയറി സീറ്റിനെ തൊട്ടും തലോടിയും ഇരിക്കുമ്പോള്‍ പുറത്ത് വേറൊരു കഥ അരങ്ങേറുകയായിരുന്നു ..
ജോമിന്‍ പ്ലാട്ഫോമില്‍ പത്രം വായിച്ചു നിന്ന ആളോട് : " ചേട്ടാ , ഈ എറണാകുളം പോകുന്നത് ഏതു സൈടിലെക്കാ??
ചേട്ടന്‍ ജോമിനെ മൊത്തത്തില്‍ ഒന്ന് നോക്കി..തൊട്ടു മുന്‍പില്‍ എര്നാകുളതിനുള്ള ട്രെയിന്‍ കിടക്കുന്നുണ്ട്...ഒന്നും മനസിലാവാത്ത ഭാവത്തില്‍ ജോമിന്‍...അവസാനം ചേട്ടന്‍ വഴി പറഞ്ഞു കൊടുത്തു..
ജോമിന്‍ കുറച്ചു സമയം എന്തോ ആലോചനയില്‍ ആയിരുന്നു.. അയാളെ വീണ്ടും തോണ്ടി വിളിച്ചിട്ട് ജോമിന്‍ ചോദിച്ചു... " അപ്പോള്‍ ചേട്ടാ, ഈ ആലപ്പുഴയോ??"
ചേട്ടന്‍ ഒന്നും മിണ്ടിയില്ല...പതിയെ പേപ്പറും എടുത്തു അടുത്ത കസേരയില്‍ പോയി ഇരുന്നു..
സീന്‍ 4:
ഈ സംഭവം ജാഫറും കാണുന്നുണ്ടായിരുന്നു...കുറച്ചു കഴിഞ്ഞപ്പോള്‍ അവനും ഒരു സംശയം...ശരിക്കും ഏറണാകുളം എങ്ങോട്ടാ ??? ജോമിന്‍ കാണിച്ചു കൊടുത്ത സൈഡില്‍ വിശ്വാസം വരാതെ ജാഫര്‍ അവനെ പുച്ചിച്ചിട്ടു നേരെ നടന്നു...അന്തംവിട്ട ജോമിന്‍ നോക്കിയപ്പോള്‍ കാണുന്നത് ജാഫെര്‍ എന്ക്വയറിയിലേക്ക് പോനതാണ് ..ജോമിന് ആദ്യം കാര്യം മനസിലായില്ല..ഒടുവില്‍ അര മണിക്കൂര്‍ " Q " നിന്ന് ജാഫെര്‍ അന്വേഷിച്ചു..." സര്‍, ഏറണാകുളം ഏതു വശത്തെക്കാ?? അങ്ങോട്ടോ അതോ ഇങ്ങോട്ടോ??? "
സീന്‍ 5:
5 മിനിട്ട് കഴിഞ്ഞപ്പോള്‍ ഒരു പാസഞ്ചര്‍ വരുന്നു...അതിന്റെ ഓരോ കമ്പാര്‍ട്ട്മെന്റിലും കയറി ഇറങ്ങിയ ജാഫര്‍ ഉറക്കെ വിളിക്കുന്നു ..." രോഹിത്തേ , രോഹിത്തേ ..." ആളില്ലാത്ത ട്രെയിനില്‍ ആര് കേള്‍ക്കാന്‍..
സീന്‍ 6:
രോഹിത് ജാഫെറിനെ വിളിച്ചു പറയുന്നു..." ഡാ ഞാന്‍ ' വേണാടിനു' ഉണ്ട്..എഞ്ചിന്റെ അടുത്തുനിന്നു രണ്ടാമത്തെ കംപാര്‍ത്മെന്റില്‍..
ജാഫര്‍ : " മുന്‍പില്‍ നിന്നോ അതോ പുറകില്‍ നിന്നോ ??"
രോഹിത് ഫോണ്‍ കട്ട് ചെയ്തു..
സീന്‍ 7:
അന്വേഷിച്ചപ്പോള്‍ അറിഞ്ഞു വേണാട് പ്ലാട്ഫോം 2-ല്..അങ്ങനെ വെയിറ്റ് ചെയ്തു നിന്ന സമയത്താണ് പ്ലാട്ഫോം 2-ലേക്ക് ഒരു ട്രെയിന്‍ വരുന്നത് കണ്ടത്...ജാഫെര്‍ ഓടി, ഓവര്‍ ബ്രിട്ജുകള്‍ ചാടി കയറി, എണീറ്റ് നടക്കാന്‍ പോലും വയ്യാതിരുന്ന ഒരു അമ്മൂമ്മയെ ഉരുട്ടിയിട്ട്, ബാഗുകള്‍ തട്ടി മറിച്ച് പ്ലാട്ഫോമില്‍ എത്തിയപ്പോള്‍ ട്രെയിനും കൂടെ എത്തി..എഞ്ചിന്റെ ഒപ്പം ഓടി ജാഫര്‍ 2-ആമത്തെ കംപാര്‍ത്മെന്റ്റ് കണ്ടുപിടിച്ചു..പക്ഷെ നോക്കിയപ്പോള്‍ കമ്പാര്ടുമെന്റിനു ആകെപ്പാടെ ഒരു ഷേപ്പ് മാറ്റം...അകത്തേക്ക് കയറാനുള്ള വാതിലും കാണുന്നില്ല...സിലിണ്ടര്‍ പോലെ ഇരിക്കുന്നു..ഒടുവില്‍ പ്ലാട്ഫോമില്‍ വീഴാതെ ജോമിന്‍ പിടിച്ചു മാറ്റിയപ്പോലാണ് ജാഫറിനു മനസിലായത് അതാണ് ' ഗുഡ്സ് ട്രെയിന്‍' എന്ന്...
ഇനി ക്യാമറ ട്രെയിനിന്റെ അകത്തേക്ക്...പുറത്തു നടന്നതിനേക്കാള്‍ വലിയ സംഭവങ്ങളാണ് അകത്തു നടക്കുന്നത്...
സീന്‍ 8:
രോഹിതിനെ കണ്ടപാടെ ചുറ്റും നോക്കിയിട്ട് ജാഫര്‍ " അളിയാ, കണ്ടക്ടര്‍ എവിടെ ടിക്കെറ്റ് എടുക്കെണ്ടെ???"
രോഹിത് ഒന്ന് ഞെട്ടി.. ആ ഞെട്ടല്‍ പിന്നീട് ഒരു നിത്യ സംഭവമായി തുടര്‍ന്ന് കൊണ്ടേ ഇരുന്നു...
സീന്‍ 9:
ആരോടും ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കിയിരിക്കുന്ന ജാഫര്‍..എന്തോ കാര്യമായ ആലോചനയിലാണ്...ഇടയ്ക്കു ഇടയ്ക്കു " yes" "yes" എന്ന് പറയുന്നത് കേള്‍ക്കാം...
സീന്‍ 10:
എണീറ്റ് ഡോറിന്റെ അടുത്തേക്ക് നടക്കുന്ന രോഹിത്...മുഖം കണ്ടാലറിയാം കാര്യമായി ഒന്ന് ഞെട്ടിയ മട്ടുണ്ട്..
നമ്മുക്ക് ചോദിച്ചാലോ???
" രോഹിതെ, എന്ത് പറ്റി ????"
രോഹിത് : " ഇതിലും വലുത് ഇനി എന്ത് പറ്റാന്‍ ??? പറഞ്ഞതൊന്നും നിങ്ങള്‍ കേട്ടില്ലല്ലോ??? ഞാന്‍ തന്നെ പറയാം...ഒരുത്തന്റെ സംശയങ്ങള്‍...അവന്‍ പുറത്തേക്കു നോക്കിയിരുന്നപ്പോള്‍ ഇത്രേം കണ്ടുപിടിത്തം നടത്തുമെന്ന് വിചാരിച്ചില്ല...ഇന്നാ കേട്ടോ...
1. അളിയാ, ട്രെയിനിനു ഗിയര്‍ ഉണ്ടോ???
2. സ്ടീയരിന്ഗോ ???
3. ലൈസന്‍സ് കിട്ടാന്‍ നല്ല പാടായിരിക്കും അല്ലെ???
4. "H" എടുക്കേണ്ടി വരുവോ???
ഇത് കഴിഞ്ഞു കണ്ടുപിടുത്തങ്ങള്‍ തുടങ്ങി..
" അളിയാ, ട്രെയിനിനു ഇപ്പൊ ഒരു 50-60 കിലോമീറ്ററ് സ്പീഡ് കാണും അല്ലെ..." കോട്ടയം സ്ടഷനിന്നു വണ്ടി എടുത്തിട്ടില്ല അപ്പോള അവന്റെ കണ്ടുപിടിത്തം.. പിന്നെ അവിടെ ഇരുന്നില്ല ..ഞാന്‍ എണീറ്റ് പോന്നു...
...................................................
ഇത് ടൈപ്പ് ചെയ്യുമ്പോള്‍ ജാഫര്‍ അവന്റെ യാത്ര തുടങ്ങിയിട്ടേ ഉണ്ടായിരുന്നൊള്ളൂ...ഇനി ആലുവ വരെ...ഒരുപാട് സംശയങ്ങളും അതിലും കൂടുതല്‍ കണ്ടുപിടിത്തങ്ങളും ആയി അവന്‍ യാത്രയിലാണ്....ഇനി എന്തൊക്കെ കാണേണ്ടി വരും എന്നത് മാത്രം ദുരൂഹം...
Labels: കഥ
ജമീലഅസ്ലംഖാന്റെ മിശ്ര വിവാഹം
Islam is a good religion,
But Muslims are bad followers
- Bernard Sha -
വിറയ്ക്കുന്ന കൈകളോടെ ജമീലാഅസ്‌ലംഖാന്‍ തന്റെ മൊബൈലില്ജമീലയുടെ മുന്‍പിലേക്ക് കോസ്മെറ്റിക് ക്രീമുകളുടെ പായ്കറ്റുകള്‍ നിരത്തിവയ്ക്കുന്നതിനിടയില്‍ ഓരോ ക്രീമിന്റെയും ഉപയോഗക്രമത്തെപറ്റി കടയിലെ സെയില്‍സ് ഗേള്‍ ജമീലയോട് വാതോരാതെ വിവരിച്ചുകൊണ്ടിരുന്നു. വിവിധതരം കോസ്മെറ്റിക് പായ്കറ്റുകള്‍ കണ്ടു ജമീല ആശയകുഴപ്പത്തിലായി. നാളെ മേര്യെജ് ബ്യൂറോയില്‍ തന്നെ കാണാന്‍ വരുന്ന പുരുഷന്‍ ആരായിരുന്നാലും അക്ഷരാര്‍ത്ഥത്തില്‍ അതൊരു പെണ്ണുകാണല്‍ ചടങ്ങ് തന്നെയല്ലേ എന്ന് ജമീല ബില്ല് പേ ചെയ്യുന്നതിനിടയില്‍ ഓര്‍ത്ത് ചിരിച്ചു പോയി. വീട്ടിലേക്കുള്ള ബസ് യാത്രയില്‍ തന്റെ ഭര്‍ത്താവ് അസ്ലംഖാന് അയക്കാന്‍ പോകുന്ന രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ എഴുതേണ്ട മുഖവുരയെക്കുറിച്ചും തന്റെ തീരുമാനത്തെ സാധൂകരിക്കുന്ന വാചകങ്ങളെക്കുറിച്ചും അവള്‍ ഗൌരവമായിത്തന്നെ ചിന്തിച്ചു. പിന്നെ ഇതിലെന്തുഗൌരവമിരിക്കുന്നു എന്നോര്‍ത്തു ചിരിക്കുകയും ചെയ്തു. ആറു വര്‍ഷങ്ങള്‍ക്കുമുന്‍പ് ചെയ്യേണ്ട കാര്യത്തെ ഇത്രയും കാലം നീട്ടികൊണ്ട് പോയതില്‍ അവള്ക്ക് തന്നോട് തന്നെ പുച്ഛം തോന്നി. പേര്ഴ്സു തുറന്നു ടിക്കറ്റിനായി കശുകൊടുക്കുന്നതിനിടയില്‍ പേര്ഴ്സിലെ ചെറിയ കണ്ണാടിയില്‍ പ്രതിഫലിച്ചു നിന്ന തന്റെ മുഖത്തെ അവള്‍ ഒന്നു കൂടി തറപ്പിച്ചു നോക്കി. ഇല്ല ഇപ്പോഴും തന്നെ കണ്ടാല്‍ ആരും, തന്നെ മുപ്പതു കഴിഞ്ഞവളാണന്നു പറയില്ലന്നോര്‍ത്തു അവള്‍ സ്വയം സമാധാനിച്ചു. നാളെ ഖാദര്‍ മുസ്ലിയാരുടെ കാര്‍മികത്വത്തില്‍ തന്റെ ജമാആത്തിലെ രണ്ടു സാക്ഷികള്‍ മുന്‍പാകെ താന്‍ തന്റെ ഭര്‍ത്താവ് അസ്ലംഖാനെ കാരണങ്ങള്‍ നിരത്തി മോഴിചോല്ലുമ്പോള്‍ അവരില്‍ നിന്നുണ്ടാകുന്ന പുരുഷസഹജമായ സംശയത്തിന്റെ ചാട്ടുളി നോട്ടങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ അവളുടെ മനസ്സാകെ കലങ്ങിമറിഞ്ഞു. ഇതുവരെ സംഭരിച്ചുവച്ചിരുന്ന ധൈര്യമെല്ലാം ചോര്ന്നുപോകുന്നതായി അവള്ക്ക് തോന്നി. കോസ്മെറ്റിക് പയ്ക്കറ്റിന്റെ കവറില്‍ തെരുപ്പിടിപ്പിച്ചുകൊണ്ട് അവള്‍ അസ്തമയ സൂര്യനെ നോക്കിയിരുന്നു.
എന്തിനാണ് പേടി, ഒന്നുമല്ലെങ്കിലും മറ്റു മുസ്ലിം ഭവനങ്ങളിലെ പെണ്‍കുട്ടികളെ അപേക്ഷിച്ച് തനിയ്ക്കല്‍പ്പം വിദ്യാഭ്യാസം കൂടുതലായി തന്നെയുണ്ട്. വിവാഹത്തിനു മുന്‍പേ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന സ്വഭാവവും കൈമുതലായുണ്ട്. അപ്പോള്‍ താനല്‍പ്പം ധൈര്യം സംഭാരിച്ചേ പറ്റൂ. നമ്മുടെ നരകം നാം സ്വയം തീര്‍ക്കുന്നതാണ്. അതില്‍ നിന്നും എനിക്ക് കുതറി മാറിയെ മതിയാകൂ. ജീവിതത്തിലെ ഓരോ അഞ്ചുവര്‍ഷവും കാത്തിരിപ്പിന്റെ മേഘപാളികള്‍ കൊണ്ട് മൂടാന്‍ ഏതായാലും ഇനി ഞാന്‍ തയ്യാറാകില്ല. ഹേ ! തിരമാലകളെ നിങ്ങള്‍ മുത്തമിട്ട ഈ മണല്‍ത്തരികളിലൂടെ സ്വപ്‌നങ്ങള്‍ നെയ്തു നടന്നവളാണ് ഞാന്‍. ഇതാ ആ ഞാന്‍ തന്നെ ആ സ്വപ്നങ്ങളെ കുഴിച്ചു മൂടിയ മുറിയുടെ ജനല്‍കമ്പികള്‍ ഇളക്കി നിങ്ങള്ക്ക് നേരെ വലിച്ചെറിയുന്നു. അങ്ങനെയെങ്കിലും ഞാന്‍ എന്റെ അത്മരോക്ഷത്തിനു ശാന്തി തേടട്ടെ.
ഇടയ്ക്കിടെ ജമീലയുടെ ദിവാസ്വപ്നങ്ങളില്‍ ഒരു നടപ്പാത കയറി വരാറുണ്ട്. അതെ! ഇരുവശവും പിങ്ക് നിറത്തിലും, മഞ്ഞനിറത്തിലും, ചുവന്നനിറത്തിലും പൂക്കള്‍ പൊഴിക്കുന്ന മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന ഏതാണ്ട് വിജനമായ നടപ്പാത. വില്‍ഫ്രെഡ്നുള്ള മറുപടിക്കത്തില്‍ താനത് അയാളോട് സൂചിപ്പിച്ചിരുന്നു. അയാളത് തമാശയായി ചിരിച്ചുതള്ളുമെന്നുള്ള കരുതലോട് കൂടിത്തന്നെ. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ചില ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനായി ഇത്തരം നടപ്പാതകള്‍ ധാരാളമുണ്ടെന്നു പിന്നീട് ഫോണ്‍ ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞിരുന്നു.
ഒരിക്കല്‍ ഫോണ്‍ സംഭാഷണത്തിനിടയില്‍ താന്‍ വച്ചു നീട്ടിയ ഓഫര്‍ സ്വീകരിക്കാത്തതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടോയെന്നു ഒട്ടും നിനച്ചിരിക്കാതെ അയാള്‍ ചോദിച്ചു. ഒരുനിമിഷം മറുപടി പറയാന്‍ കഴിയാതെ കുഴങ്ങിയ താന്‍, ഉടന്‍ തന്നെ സംയമനം വീണ്ടെടുത്തു അയാളോട് ചോദിച്ചു, വില്‍ഫ്രെഡ് എന്തെ ഇതുവരെ വിവാഹിതനാകാത്തത് എന്ന്.
അങ്ങനെ വാദപ്രതിവാദങ്ങളിലൂടെ പലപ്പോഴും ഞങ്ങളുടെ സംഭാഷണങ്ങള്‍ അലമ്പാകാറാണു പതിവ്. പക്ഷെ ഒരിക്കല്‍ അയാള്‍ സീരിയസ്സായിതന്നെ വീണ്ടും ചോദിച്ചു, എന്തേ ഭര്‍ത്താവുണ്ടായിട്ടും ഇങ്ങനെ വിധവയെപ്പോലെ നാട്ടില്‍ കഴിഞ്ഞു കൂടുന്നത്, ഞാന്‍ വിസ അയക്കട്ടെ കയറിപ്പോരുന്നോ. ഒന്നുമല്ലെങ്കിലും ഞാന്‍ തന്റെ കവിതകളുടെ കടുത്ത ആരാധകന്‍ കൂടിയല്ലേ. അപ്പോള്‍ തിമിര്‍ത്തു പെയ്യുന്ന മഴയിലേക്കിറങ്ങി നിന്ന് മുകളിലേക്ക് കൈകളുയര്‍ത്തി ഉറക്കെ കരയണമെന്നു തോന്നി എനിക്ക്.
വില്‍ഫ്രെഡ് നെ പരിചയപ്പെടുന്നത് അഞ്ചു വര്ഷം മുന്നേയാണ്. അതെ ഗള്‍ഫ് വോയ്സ് മാസികയിലെ എന്റെ കവിതയിലെ വരികളിലൂടെ അയാള്‍ എന്നിലെക്കടുക്കുകയായിരുന്നു. കലാകാരന്മാരുടെയും, കലകാരികളുടെയും വികാരവിചാരങ്ങള്‍ക്ക് തീവ്രത കൂടുതലാണന്നും അത് താങ്കളുടെ കവിതയില്‍ ധാരാളമുണ്ടെന്നുമെന്നുള്ള ഒറ്റ വാചകമായിരുന്നു, അയാളുടെ ആദ്യത്തെ കത്തില്‍.
ഹാളിലെ ജനലിനോട് ചേര്‍ത്തിട്ട കട്ടിലില്‍ ദൂരേക്ക് വരിവച്ചുനീങ്ങുന്ന ദേശാടനപക്ഷികളെ നോക്കിക്കൊണ്ട് കിടക്കുന്ന അലസസായാഹ്നങ്ങളില്‍ ചിലപ്പോഴൊക്കെ അയാളുടെ ഫോണ്‍കോള്‍ എന്നെത്തെടിയെത്തെറുണ്ട്. ഒരിക്കല്‍ അയാളുടെ ചടുല സംഭാഷണത്തില്‍ ലയിച്ചു ഉറക്കെ ചിരിച്ചുകൊണ്ട് അയാളോട് ചോദിക്കുകയുണ്ടായി, നിങ്ങളുടെ സംഭാഷണങ്ങളിലെ വികാരവിചാരങ്ങള്‍ക്കും തീവ്രത കൂടുതലാണന്നു. ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ ചെറിയ നഷ്ടബോധം തോന്നി. പക്ഷെ ഒരുതരം കുറ്റബോധം എന്നിലുണ്ടാകുന്നതും ഞാനറിഞ്ഞു. അറിഞ്ഞോ അറിയാതയോ ഞാന്‍ അയാളെ എന്നിലെക്കടുപ്പിക്കുകയാണോ. അവിവാഹിതനായ ഒരു യുവാവിനെ വിവാഹിതയായ തന്നിലെക്കടുപ്പിക്കുന്നത്തിലെ വൈരുധ്യമോര്‍ത്തല്ല. വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് പത്തു വര്ഷം, വിവാഹം കഴിഞ്ഞിട്ട് തന്റെ ഭര്‍ത്താവ് അസ്ലംഖാന്‍ നാട്ടി വന്നു പോയിട്ട് ഇന്നേക്ക് ആറു വര്ഷം പൂര്‍ത്തിയാവുന്നു. അതെ ഇന്നെന്റെ പത്താം വിവാഹവാര്ഷികമാണ്. ഇന്നോ നാളെയോ വരാവുന്ന തന്റെ ഭര്‍ത്താവിന്റെ ഫോണ്‍ കോളിലെങ്കിലും പ്രണയ നിര്‍ഭരമായി അദ്ദേഹം രണ്ടു വാക്ക് സംസാരിക്കുമോ ആവോ.
ഉച്ചമയക്കത്തിലായിരിക്കുമ്പോള്‍ പുറത്തു പാദസരത്തിന്റെ കിലുക്കം കേട്ട് ഞെട്ടിയുണര്‍ന്നു. കതകു തുറന്നു നോക്കുമ്പോള്‍ സബീന മുന്നില്‍ നില്‍ക്കുന്നു. എന്റെ നാത്തൂന്‍, എത്രയോ നാളുകളായി അവളിവിടെ വന്നിട്ട്. കുറെ നാളുകളെങ്കിലും എനിക്ക് കൂട്ടായിരുന്നവള്‍. അസ്ലം ഖാന്റെ തറവവാട്ടു വീട്ടില്‍ നിന്നും ആരുംതന്നെ ഇപ്പോള്‍ തന്റെ വീട്ടിലേക്കു വരാറില്ല. അസ്ലം ഖാന്റെ വീട്ടില്‍ പ്രതീക്ഷിക്കാതെ ഏതെങ്കിലും അതിഥികള്‍ എത്തിയാല്‍ കിടക്കാന്‍ സ്ഥലമില്ലാതെ വരുമ്പോള്‍ രാത്രിയാവുമ്പോള്‍ സബീന എന്റെ വീട്ടിലെക്കോടിയെത്താറുണ്ട്. ഈയിടെയായി അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പോലും അവള്‍ ഇവിടെ വരാറില്ല.
അസ്ലംഖാനുപോലും അറിഞ്ഞുകൂടായിരുന്നു എനിക്ക് എഴുതുന്ന ശീലമുണ്ടെന്നു. പക്ഷെ അസ്ലം ഖാന്‍ വിദേശത്തേക്ക് പോയ ശേഷമുള്ള ഒരു രാത്രിയില്‍ സബീന അത് കണ്ടുപിടിക്കുകയുണ്ടായി. പലപ്പോഴും പുലര്‍ച്ചെ മൂന്നു മണിക്ക് എഴുന്നെല്‍ക്കാനായി അലാറം വയ്ക്കാറുണ്ടെങ്കിലും അതിനും പതിനഞ്ചു മിനുട്ട് മുന്‍പേ ഞാന്‍ എഴുന്നെല്‍ക്കാറുണ്ട്. ഒരുനാള്‍ അലാറം കേട്ട് അവള്‍ എഴുന്നേറ്റു നോക്കുമ്പോള്‍ ടേബിള്‍ ലാമ്പിന്റെ വെളിച്ചത്തില്‍ എഴുതിക്കൊണ്ടിരിക്കുന്ന എന്നെ കണ്ടു പേടിച്ചു പോയി. ഇതൊന്നും അവള്‍ക്കു പരിചിതമായിരുന്നില്ല. പതിയെ ഞാനവളെ പുസ്തകങ്ങളുടെ അത്ഭുത ലോകത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എഴുതുമ്പോഴുള്ള നിര്‍വൃതികളെക്കുറിച്ചും ഞാനവളോട് വാചാലയായി. ഒരു ചൂയിന്ഗം ചവച്ചുകൊണ്ട് ഞാന്‍ എഴുതിതീര്‍ക്കുന്ന പേജുകള്‍ കണ്ടപ്പോള്‍ അവള്‍ക്കത്ഭുതമായി.
അവള്‍ എന്റെ സൌഹൃദ വലയത്തില്‍ നിന്നും തെന്നിമാറാന്‍ തുടങ്ങിയ ദിവസം എനിക്കിപ്പോഴും ഓര്‍മയുണ്ട്. എന്റെ ഉമ്മ എന്നോടൊപ്പം കുറച്ചുനാള്‍ താമസിക്കണമെന്നുള്ള ആഗ്രഹത്തോടെ എന്നോടൊപ്പം അല്പദിവസം നില്‍ക്കുകയും എന്റെ മടിയില്‍ കിടന്നു തന്നെ ഉമ്മ എന്നോട് വിട പറയുകയും ചെയ്ത ദിവസം. ഉമ്മയുടെ മയ്യിത്ത് കിടത്താനായി ഞാനും സബീനയും കൂടി മുറി വൃത്തിയാക്കുകയായിരുന്നു. എന്റെ പുസ്തക ശേഖരത്തില്‍ തസ്ലീമ നസ്രിന്റെയും, സല്‍മാന്‍ റുഷ്ദിയുടെയും പുസ്തകങ്ങള്‍ കണ്ടത് മുതല്‍ അവളെന്നോട് അപരിചിതയെപ്പോലെ പെരുമാറാന്‍ തുടങ്ങി.
എന്തോ പറയാനെന്ന മട്ടില്‍ അവള്‍ മുന്നില്‍ നില്‍ക്കുന്നു. അകത്തു കയറാന്‍ പറഞ്ഞപ്പോള്‍ അവള്‍ കൂട്ടക്കുന്നില്ല. ഞങ്ങള്‍ക്കിടയില്‍ മൌനത്തിന്റെതായ ഒരു മതില്‍ ഇടക്കെപ്പോഴോ ഉയര്‍ന്നത് ഞാനറിഞ്ഞിരുന്നു. അവള്‍ക്കു പടച്ചവന്‍ സൌന്ദര്യം വാരിക്കോരി കൊടുത്തിട്ടുണ്ട്. പക്ഷെ അതിനൊത്ത് തലക്കകത്ത് ഒന്നും തന്നെയില്ല. ചിലപ്പോള്‍ അവളെ കാണുമ്പോള്‍ പാവം തോന്നും.
എന്റെ ഇക്കാനെയും ഞങ്ങളെല്ലവരെയും നാണം കെടുത്താനായിട്ടാണോ നെന്റെ ഭാവം. മൊഴി ചൊല്ലാനായി ഒരുത്തി ഇറങ്ങിയിരിക്കുന്നു, ഹറാം പിറന്നോള്.
അവളില്‍ നിന്നും ഇങ്ങനെയൊരു സംഭാഷണം പെട്ടെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ തീരുമാനം നാട്ടില്‍ പാട്ടായിരിക്കുന്നു. ഇനി അല്പം സൂക്ഷിച്ചേ മതിയാവൂ. ചില നേരങ്ങളിലെങ്കിലും മനുഷ്യശബ്ദം വളരെ അരോചകമായി തോന്നാറുണ്ടെന്ന സത്യം അംഗീകരിക്കാന്‍ ഞാന്‍ മനസ്സിനെ ശാസിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് മഴപെയ്തു കുടയെടുക്കട്ടെയെന്നു ചോദിക്കുന്നതിനു മുന്‍പേ അവള്‍ മഴയിലേക്കിറങ്ങിയിരുന്നു.. ഇന്നലെ പെയ്ത മഴയില്‍ വഴിയരുകിലെ മാവിന്റെ വലിയ ചില്ല താഴ്ന്നു വഴിക്ക് കുറുകയായി ഒരു കംമാനം സൃഷ്ട്ടിച്ചിരിക്കുന്നു. അതിനിടയിലൂടെ അവള്‍ നടന്നു മറയുന്നത് നോക്കി ഞാന്‍ നിന്നു.
എങ്കിലും അസ്ലംഖാന്റെ കുടുംബത്തില്‍ നിന്നും തനിക്കെതിരെ എറിയുന്ന ആദ്യത്തെ കല്ല് താനേറെ വാത്സല്യത്തോടെ കണ്ട സബീനയുടെ വകയായതില്‍ അല്‍പ്പം വിഷമം തോന്നാതിരുന്നില്ല.
നന്നായി തലവേദനിക്കുന്നു. നെറ്റിയില്‍ നിറയെ ബാം പുരട്ടി തലയണയില്‍ മുഖമമര്‍ത്തി കമിഴ്ന്നു കിടന്നു. വേദന മാറി ഉറക്കത്തിലേക്ക് ആണ്ടിറങ്ങണമെന്ന ഉദ്യെശ്യത്തോട് കൂടി തന്നെയാണ് അങ്ങനെ കിടന്നത്. വേദന മാറി, പക്ഷെ ഉറക്കം മാത്രം വന്നില്ല. ഇപ്പോള്‍ വില്‍ഫ്രെഡ് വിളിച്ചിരുന്നെങ്കിലെന്നു ആഗ്രഹിച്ചുപോയി. ചിലപ്പോഴൊക്കെ ഞാന്‍ അയാളുടെ ഫോണ്‍ സംഭാഷണങ്ങളെ അതിയായി ആസ്വദിച്ചിരുന്നു. അയാളുടെ പതിയെയുള്ള സംഭാഷണം കേള്‍ക്കുമ്പോള്‍ പ്രണയനിര്‍ഭരമായി ആരോ കവിളില്‍ തലോടുന്നതായി തോന്നും. അതെ! എന്റെ മുഖം അയാളുടെ കൈകുമ്പിളിലൊതുക്കി എന്റെ കണ്ണുകളില്‍ ഉറ്റു നോക്കി അയാള്‍ എന്നോട് സംസാരിക്കുന്നതായി തോന്നും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഞാന്‍ ഏതെങ്കിലും കവിത ചോല്ലുവാനായി അയാളോടപേക്ഷിക്കും. വില്‍ഫ്രെഡ് എന്റെ കവിത തന്നെ വളരെ താളാത്മകമായി ചൊല്ലുമ്പോള്‍ ശരീരം മുഴുവന്‍ പൂത്തുലയുന്നതായി അനുഭവപ്പെടും. ഞാന്‍ അയാളില്‍ കണ്ട ക്വാളിറ്റി, അയാള്‍ ഇതുവരെ തന്റെ സംഭാഷണമദ്ധ്യേ അയാളുടെ ലൈംഗികാവശ്യം എന്നോട് അവതരിപ്പിച്ചിട്ടില്ല എന്നുള്ളകാര്യമാകുന്നു. അതിനു പകരം അയാള്‍ എന്നെ അയാളുടെ ജീവിതത്തിലേക്ക് വിളിക്കുകയാണ് ചെയ്തത്.
ഇന്നലെ സ്വപ്നത്തില്‍ നിറയെ കരിമ്പനക്കൂട്ടങ്ങളായിരുന്നു. കരിമ്പനകള്‍ക്ക് മുകളില്‍ നിന്നിരുന്ന മഴമേഘങ്ങള്‍ കാറ്റില്‍ മാറിപ്പോകുന്നത് കണ്ടു. അപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ ചുട്ടുപഴുത്ത മണല്‍ എന്റെ മേലാകെ മൂടുന്നതായി എനിക്ക് തോന്നി. ഞാന്‍ പിടഞ്ഞെണീറ്റു. എനിക്കെങ്ങനെ എന്റെ ഇച്ഛാശക്തിയെ കുഴിച്ചുമൂടാന്‍ കഴിയും.
നാളെ ഭാരത് ബന്ദാണ്. എല്ലാ പാര്‍ട്ടികള്‍ക്കും, എല്ലാ പിന്തിരിപ്പന്‍ സംഘടനകള്‍ക്കും, എന്തും കാണിക്കുവാനുള്ള സുവര്‍ണാവസരം. എനിക്കെതിരെ രോക്ഷാകുലരായി നില്‍ക്കുന്ന അസ്ലംഖാന്റെ കുടുംബത്തിനും, മറ്റുള്ളവര്‍ക്കും, എന്നെ ചുട്ടെരിക്കാന്‍ പറ്റിയ അവസരമായും അത് മാറാം. രാഷ്ട്രീയ പ്രേരിതമെന്ന നിലയില്‍ കേസ് തേഞ്ഞു മഞ്ഞു പോകാനും സാധ്യതയുണ്ട്. സൂക്ഷിച്ചേ മതിയാകൂ.
ഏതായാലും എഴുതാനിരിക്കണം. കതകെല്ലാം ഭദ്രമായി പൂട്ടി, എഴുത്തുമുറിയില്‍ വന്നിരുന്നു. ജനല്‍ മാത്രം തുറന്നിട്ടു. എഴുതുമ്പോള്‍ ഇന്ദ്രിയാനുഭൂതി. എല്ലാ ഇന്ദ്രിയങ്ങളും ഉണര്‍ന്നെണീക്കുന്നു. ചടുലമായ വാക്കുകള്‍, അവയെന്നെ പ്രണയിക്കുന്നു. ഞാനവയേയും. വിരല്‍ നോവുന്നതുവരെ ഞാന്‍ വാക്കുകളെ, വാക്യങ്ങളെ തലോടിക്കൊണ്ടിരിക്കും. ഒടുവിലാ പേജുകള്‍ വായിക്കുമ്പോള്‍ ഒരു ജന്മ സാഫല്യം. വാക്കുകള്‍, വാക്യങ്ങള്‍ അവയെന്നെ താരാട്ടിയുറക്കുന്നു.
പാതിരാ പ്രസംഗം കേള്‍ക്കാനായി, (അല്ല അവര്‍ അവരുടെ മസ്തിഷ്കങ്ങളെ ഫ്രീസറില്‍ വയ്ക്കുവാനായി എന്ന് പറയുന്നതാവും ശരി) പെണ്ണുങ്ങള്‍ വരിവച്ചു നീങ്ങുന്നത് കാണാം. ഏറ്റവും പിറകിലായി സബീനയുമുണ്ട്. ജനലിനരികില്‍ ഇരുന്നു എഴുതുന്ന എന്നെ കണ്ടപാടെ അവള്‍ വഴിയരുകില്‍ നിന്നും ഒരു കല്ലെടുത്ത് എന്റെ നേര്‍ക്കെറിഞ്ഞു. പക്ഷെ അത് ഉന്നം തെറ്റി അതിരില്‍ ഇണചേര്‍ന്നു നിന്ന പട്ടികള്‍ക്ക് നേരെയാണ് കൊണ്ടത്. വീണ്ടും കല്ലെടുക്കാന്‍ തുനിഞ്ഞ അവളെ ആരോ വിലക്കി കൂട്ടികൊണ്ടുപോകുന്നതും കണ്ടു.
തിരക്കുകളുടെ നടപ്പുദീനങ്ങല്‍ക്കൊടുവില്‍ മച്ചിലേക്ക് നോക്കിയിരുന്നു, ഓ ! എന്റെ എഴുത്ത് മുടങ്ങുന്നല്ലോ, എന്നോര്‍ക്കുമ്പോള്‍ മനസ്സിന്റെ ആഴങ്ങളില്‍ നിന്നും ഒരു വേദന എന്നെ കാര്‍ന്നു തിന്നാറുണ്ട്. എന്നവസാനിക്കും ഈ തിരക്കുകള്‍, ഒരു നിശ്ചയവുമില്ലായിരുന്നു. ഇടയ്ക്കിടെ തിരക്കൊഴിഞ്ഞ നിമിഷങ്ങള്‍ വരുമെന്ന പ്രതീക്ഷയില്‍ സഞ്ചിയില്‍ തിരുകിവയ്ക്കുന്ന പുസ്തകങ്ങള്‍ ഒരു കടങ്കഥ പോലെ എന്നെ നോക്കി ചിരിക്കുന്നു. ഉമ്മ വിടപറയുന്നതുവരെ തിരക്കുതന്നെയായിരുന്നു. ഉമ്മയുടെ പരിചരണം, ഉമ്മയെ കാണാനെത്തുന്ന ബന്ധുക്കളുടെ ബാഹുല്യം, വല്ലാത്ത ബഹളമയമായിരുന്നു കുറച്ചുകാലം. ഉമ്മ പോയി, എല്ലാം ശാന്തം. പക്ഷെ അശാന്തത എന്നും എന്റെ കൂടപ്പിറപ്പായിരുന്നു. ഒരു സത്യം പറയട്ടെ, തീപിടിച്ച മനസ്സുമായിട്ടാണ് ഞാന്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. അസ്ലം ഖാന്റെ കുടുംബത്തില്‍ എല്ലാ അംഗങ്ങളും ആരെയോ ബോധ്യപ്പെടുത്താനെന്നവണ്ണം വേഷങ്ങള്‍ കെട്ടുന്നു. മൌലൂധു പാരായണവും, മതപ്രസംഗ കാസറ്റുകളുമായി അവര്‍ രാത്രികളെ മഹാബോറാക്കുന്നു. അസ്ലം ഖാന്റെ വീട്ടിലാണ് അത് പ്ലേ ചെയ്യുന്നതെങ്കിലും അതിന്റെ ശബ്ദ വീചികള്‍ ജനല്‍ വഴി എന്നെ ആക്രമിക്കുന്നു. ഈ ഇയര്‍ ഫോണും പണ്ഡിറ്റ് ജസ് രാജിന്റെയും, കുന്നക്കുടിയുടെയം റെക്കോര്‍ഡ്‌കളും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെത്തന്നെ ആത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നു. ജനങ്ങളെ എത്ര സമര്‍ത്ഥമായാണ് മത മേലധികാരികള്‍ മുതലാക്കുന്നത്. പാവങ്ങള്‍ ആട്ടിന്‍ പറ്റത്തെപ്പോലെ തെളിക്കപ്പെടുന്നു. എന്നിക്കറിയാം ഇവരൊക്കെ ആത്മീയതയിലെ കള്ളനാണയങ്ങളാണന്നു.
പക്ഷെ ആ ശാന്തതതക്ക് അധികമായുസുണ്ടായില്ല. വില്‍ഫ്രെഡ്ന്റെ ഫോണ്‍ കോളുകള്‍ അതിനു മേല്‍ ചിറകുവിടര്‍ത്തി എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്നു. പിന്നെ അശാന്തമായ മനസ്സോടെ വില്‍ഫ്രെഡ് നെ കുറിച്ചുള്ള ദിവാസ്വപ്നങ്ങളില്‍ മുഴുകി. അപ്പോഴും എഴുത്ത് എന്റെ കൈപ്പിടിയിലോതുങ്ങാതെ തെന്നി മാറിക്കൊണ്ടിരുന്നു.
ഇതാ ഇപ്പോള്‍ ഉമ്മയുടെ ആണ്ടറുതി വന്നിരിക്കുന്നു. ആ വരവറിയിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും ഉമ്മയുടെ തസ്ബീഹിലെ (തസ്ബീഹു - ജപമാല) ആ മുത്തുകള്‍ വീടിന്റെ പല ഭാഗത്തായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ഞാനവയെ ശ്രദ്ധിക്കാറില്ല. ആദ്യദിവസങ്ങളില്‍ ചെറിയ കൌതുകത്തോടെ അവയെ ഒന്ന് നോക്കും, അവയുടെ നിറങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം വന്നിട്ടുണ്ടോയെന്നറിയാന്‍ മാത്രം. പക്ഷേ, എന്നെ നിരാശയാക്കികൊണ്ട് അവ ആ കടുംവര്‍ണ്ണത്തില്‍ തന്നെ നിലനില്‍ക്കുന്നു. ഞാനൊരിക്കലും അവയെടുത്ത് സൂക്ഷിച്ചു വയ്ക്കാറില്ല. തൂത്തെറിഞ്ഞാലും പോകാതെ അവ കുറച്ചു ദിവസം വീടിന്റെ പരിസരത്തുതന്നെയുണ്ടാകും. അസ്ലം ഖാന്റെ മൂത്ത സഹോദരിയുടെ ആണ്‍ മക്കള്‍ കൌതുകത്തോടെ അവയെടുത്ത് കീശയിലിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഉമ്മയില്‍ അന്തര്‍ലീനമായിരുന്ന ചില അന്ധവിശ്വാസങ്ങളുടെ ഭാഗമായിരുന്നു ആ മുത്തുകളെന്നതിനാല്‍ ഞാനവയില്‍നിന്നും കഴിവതും അകലം പാലിച്ചു. എന്നിലൂടെ അടുത്ത തലമുറയിലേക്കു ഉമ്മയുടെ അന്ധവിശ്വാസങ്ങള്‍ പകര്‍ച്ചവ്യാധി പോലെ പടരുമോ എന്നാ ഭയത്തോടെ. എന്റെ കിടപ്പ് മുറിയിലും, വായനാമുറിയിലുമുള്ള അവയുടെ കടന്നുകയറ്റമാണ് എന്നെ പ്രകോപിതയാക്കുന്നത്. അവ ചിലന്തികളായി രൂപാന്തരം പ്രാപിച്ചു എന്റെ സര്‍വ സ്വാതന്ത്ര്യങ്ങള്‍ക്കുമേലും വല കെട്ടുന്നതുപോലെ എനിക്കനുഭാവപ്പെടും. അതെ ! വളരെ വളരെ പഴക്കമേറിയ ചിലന്തിവലകള്‍.
അസ്ലം ഖാന്റെ കുടുംബവീട്ടില്‍ സബീനയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. എല്ലാ അംഗങ്ങളും വീട് വൃത്തിയാക്കുന്ന തിരക്കിലാണ്. സാധനങ്ങള്‍ എല്ലാം വലിച്ചുവാരി പുറത്തിട്ടിരിക്കുന്നത് ജനലിലൂടെ നോക്കിയാല്‍ കാണാം. അസ്ലം ഖാന്റെ മരുമകന്‍ ഹാളില്‍ നിന്നും ഒരു വലിയ പെയിന്റിങ്ങ് ചുമന്നു കൊണ്ട് പുറത്തെ ചുമരില്‍ ചാരി വയ്ക്കുന്നത് കാണാം. ചിത്രങ്ങളെന്നോ പെയിന്റിങ്ങുകളെന്നോ പറയാനായി ആ ഒന്ന് മാത്രമേ അവിടെയുള്ളൂ. അതെ തീ പിടിച്ചു മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു പായ് ക്കപ്പല്‍, അതാണ് അതിലെ വിശേഷപ്പെട്ട ചിത്രം. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു എപ്പോഴും ബോധാവാനായിരിക്കാന്‍ വേണ്ടിയാണ് ആ പെയിന്റിംഗ് ഹാളില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നതെന്ന്, അസ്ലം ഖാന്റെ ഇസ്ലാമിക് ഹിസ്റ്ററിക്കു പഠിക്കുന്ന മരുമകന്‍ സെയ്ത് ഇടയ്ക്കിടെ വമ്പു പറയാറുണ്ട്. എന്തിനാണ് ഇവര്‍ ഇങ്ങനെ അന്ധകാരത്തില്‍ കഴിയുന്നത് എന്നാണു ഞാനെപ്പോഴും ആശങ്കയോടെ ഓര്ക്കാറുള്ളത്. പേടിച്ചു പേടിച്ചു ഇവര്‍ ജീവിതത്തെ നരകതുല്യമാക്കികൊണ്ടിരിക്കുന്നു. ഞാന്‍ എന്റെ പക്കലുള്ള രാധാ കൃഷ്ണ ലീലയുടെ മ്യൂറല്സ് , ഫ്രെയിം ചെയ്തു തൂക്കാന്‍ കഴിയാതെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വളരെ താത്പര്യത്തോടെ വില്‍ഫ്രെഡ്നോട് പറഞ്ഞു വരുത്തിച്ചതാണത്. ചുവരില്‍ തൂക്കാന്‍ ഒരു ധൈര്യക്കുറവ്. പ്രകടമായതരത്തില്‍ ഞാന്‍ മതനിരാസം കൊണ്ടുനടക്കുന്നവളാണന്നുള്ള ഖ്യാതി ഉണ്ടാവാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ വീട്ടുതടങ്കലില്‍ ആകാനും.
എന്റെ ഒരു കവിതയാണ് വില്‍ഫ്രെഡ്ന് എന്നിലേക്ക് ചേക്കേറുവാന്‍ പ്രചോദനമായതെന്നു ഒരിക്കല്‍ എനിക്കുള്ള കത്തില്‍ എഴുതി കണ്ടു. അതെ വില്‍ഫ്രെഡ് നിങ്ങള്‍ എനിക്കൊരു ദേശാടന പക്ഷിയെപ്പോലെയാണ്. ഇന്നത്തെ കൌമാരക്കാരെപ്പോലെ പെട്ടെന്നുള്ള ഒരു ഫാസിനേഷന്‍ കാരണമായി നിങ്ങള്‍ എന്നോടടുത്തതായിരിക്കാം. എന്തായാലും വില്‍ഫ്രെഡ് താങ്കളെ ഞാന്‍ നേരിട്ട് കാണുന്നതുവരെ താങ്കളെനിക്കൊരു ദേശാടനപ്പക്ഷിതന്നെയാണ്. വില്‍ഫ്രെഡ് ഞാന്‍ പലപ്പോഴും ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ത്തന്നെയുണരുന്നു. അതെ വില്‍ഫ്രെഡ് , എന്നെയും, അസ്ലം ഖാനെയും, അദ്ദേഹത്തിന്റെ ബന്ധുക്കളെയും, ഇന്നാട്ടിലെ സകല തെമ്മാടികളെയും തമ്മില്‍ വേര്‍തിരിക്കുന്ന മാനസിക ഔന്നത്യത്തിന്റെ രാസപ്രക്രിയകള്‍ നടക്കുന്ന സമയം. വില്‍ഫ്രെഡ് ഒരിക്കല്‍ താങ്കള്‍ എന്നെ ഉപദേശിച്ചില്ലേ, എല്ലാം ഇട്ടെറിഞ്ഞിട്ടു എഴുതി ജീവിക്കുവാനായി. പക്ഷെ വില്‍ഫ്രെഡ് എഴുത്ത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ജീവിതോപാധിയല്ല. എന്റെ മാനസിക സംഘര്‍ഷങ്ങളെ ചുട്ടെരിക്കുവാനായി മനസിന്റെ ചുടലക്കളത്തില്‍ ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള തീനാളാമാകുന്നു എനിക്ക് എഴുത്ത് എന്നത്. . ശ്ലീലാശ്ലീലങ്ങളുടെ അതിര്‍വരമ്പില്‍ നില്‍ക്കുമ്പോള്‍ ഏതു നന്മ ഏതു തിന്മ എന്ന് ഞാന്‍ പതറിപ്പോയിട്ടുണ്ട്. അപ്പോഴൊക്കെ എനിക്ക് എന്റേതായ ശരികള്‍ കരുത്തു പകര്‍ന്നിട്ടുണ്ട്. ഞാന്‍ എഴുത്തുകാരിയാണ്എന്നറിഞ്ഞപ്പോള്‍ എന്റെ കുടുംബക്കാര്‍ എനിക്ക് ചാര്‍ത്തിത്തന്ന ഒരു പേരുണ്ട്. അതെന്താണന്നു അറിയാമോ വില്‍ഫ്രെഡിന് . "ഹറാം പിറന്നോള് ". അതായത് ഒരു മേത്ത ചെക്കനും ഒരു ഹിന്ദു പെണ്ണിനും, അല്ലെങ്കില്‍ ഒരു ഹിന്ദു ചെക്കനും മേത്ത പെണ്ണിനും (അത് ക്രിസ്ത്യാനിയും ആവാം) ഉണ്ടായ സന്തതി. ചിലപ്പോള്‍ തോന്നും ഈ കുറ്റ പ്പെടുത്തലുകളായിരിക്കും എനിക്ക് കരുത്തു പകരുന്നതെന്ന്. ഈ കുറ്റപ്പെടുത്തലുകള്‍ ആയിരിക്കാം എന്നെ നിലനിര്‍ത്തുന്നതെന്ന്.
പക്ഷെ ഈയിടെയായി താങ്കളാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. എങ്ങനെയൊക്കെയോ താങ്കളുടെ ഫോണ്‍ കോളുകള്‍ അതിനു കാരണമായിത്തീരുന്നുണ്ട്. ഞാന്‍ ചിലപ്പോള്‍ ദിവാസ്വപ്നങ്ങളില്‍ മുഴുകുന്നു. അതിനു ശേഷം ഗാഢമായി ഉറങ്ങുന്നു. ചിലനേരങ്ങളില്‍ നേര്‍ത്ത ചിന്തകളില്‍ ഞാന്‍ കുടുങ്ങിപ്പോകാറുണ്ട്. അനാവശ്യമായ ചില ലോല ചിന്തകളില്‍. ചിലപ്പോള്‍ ആള്‍കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോകാറുണ്ട്. അപ്പോഴൊക്കെ താങ്കളെക്കുറിച്ചുള്ള ചിന്തകള്‍ എനിക്ക് കരുത്തേകും. ചിലപ്പോള്‍, കൌരവപ്പടയുടെ നടുവില്‍ ഒറ്റപ്പെട്ടുപോയ ഭീമനെപ്പോലെ. അതെ! ഇടയ്ക്കൊക്കെ ഭീമന്‍ ഒരു ഒറ്റപ്പെട്ട ദുഃഖമായി എന്റെ ചിന്തകളില്‍ പടരാരുണ്ട്. സ്ത്രീകളായ എഴുത്തുകാരെയെല്ലാം മഹാഭാരതത്തിലെ ധീരരായ കഥാപാത്രങ്ങളോടാണ് ഞാന്‍ ഉപമിപ്പിക്കാറുള്ളത് . യുദ്ധാവസാനം വരെ പൊരുതി നിന്നശേഷം അവസാനം വിധിക്ക് കീഴടങ്ങുന്നവരെപ്പോലെ, അവര്‍ അവസാനം വ്യവസ്ഥിതിക്കു കീഴടങ്ങുന്നു.
ഒരു സ്ത്രീക്ക് ഭീമനെപ്പോലെ കരുത്തുണ്ടാകുമോ. പക്ഷെ മാനസികമായി ഞാന്‍ കരുത്തര്‍ജിച്ചുകൊണ്ടിരിക്കുന്നു. ചിരപരിചിതമായ ആചാരങ്ങളെയെല്ലാം മനസ്സില്‍ നിന്നും പറിച്ചെറിയുമ്പോള്‍ വില്‍ഫ്രെഡ് ഞാന്‍ മാനസികമായി കരുത്താര്‍ജിക്കുന്നുണ്ട്. അസ്ലംഖാന്റെ കുടുംബത്തില്‍ നിന്നും അനുസരണയില്ലാത്തവള്‍ എന്നുള്ള പരാതി കേള്‍ക്കുമ്പോള്‍ ഞാന്‍ വളരെയധികം സ്വതന്ത്രയായവള്‍ എന്ന് മനസ്സില്‍ അഭിമാനം തോന്നുന്നു.
ബുക്സ്ററാളില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മഴ തോര്‍ന്നിരുന്നു. ഉത്സവകാല, ഉറൂസ് ശബ്ദകോലാഹലങ്ങള്‍ക്കെല്ലാം അല്പം അറുതി വന്നിരിക്കുന്നു. ഇനി നാടല്‍പ്പം ശാന്തമായിരിക്കും. വായിക്കാനും, ചിന്തിക്കാനും, എഴുതാനും പറ്റിയ സമയങ്ങള്‍. പുതിയ പുസ്തകങ്ങള്‍ കുറച്ചധികംതന്നെ വാങ്ങി. ശബ്ദങ്ങളെ എനിക്ക് ഭയമാണ്. അത് സഹിഷ്ണുതയില്ലാത്തവന്റെ പക്കല്‍ നിന്നും വരുന്ന നേരിയ ശബ്ദമായാല്‍പ്പോലും.
ബസ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് കണ്ടത്. സെയ്തു അവിടെ സായാഹ്നപ്പത്രം വായിച്ചുകൊണ്ട് നില്‍ക്കുന്നു. അവന്‍ മുഖമുയര്‍ത്തി എന്നെയൊന്നു നോക്കി. അവന്റെ നോട്ടം എന്നെ ചൂളിക്കുമെന്നു കരുതിയിട്ടാവണം അവജ്ഞയുള്ള ഒരു പരിഹാസം അവന്‍ മുഖത്ത് ഒളിപ്പിച്ചിരുന്നു. പിന്നെ അവന്‍ ആകാംഷയോടുകൂടി പത്രത്തിലേക്ക് നോട്ടമെറിഞ്ഞു. അവന്‍ ആ ഗോസിപ്പുകള്‍ വായിക്കുകയല്ല ഐസുപോലെ നുണയുകയാണന്നു എനിക്ക് തോന്നി. ഇന്ന് ജങ്ങ്ഷനില്‍ അവന്റെ നേതാവിന്റെ തീപ്പൊരി പ്രസംഗമുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് അവന്റെ സുഹൃത്തുക്കള്‍. അവര്‍ സ്റ്റേജിനു മുന്‍വശം ടാര്പോളില്‍ വലിച്ചുകെട്ടുന്നുണ്ട്. സ്റ്റേജില്‍ സിംഹാസനം പോലുള്ള കുറച്ചു കസേരകള്‍. പുറത്തു ചുവന്ന കളറില്‍ നൂറുകണക്കിന് കസേരകള്‍. അവയൊക്കെ വെറും കസേരകളായി എനിക്ക് തോന്നിയില്ല. തെരുവിന്റെ പലമൂലകളിലായി കുത്തേറ്റും, വെട്ടേറ്റും ചോരയൊലിപ്പിച്ചു പിടയുന്ന കുറെ ശരീരങ്ങളായി എനിക്ക് തോന്നി. ഞാന്‍ നടത്തത്തിനു വേഗത കൂട്ടി. അവന്റെ നേതാവ് വരുന്നതിനു മുന്‍പ് സ്ഥലം കാലിയാക്കണം. അല്ലെങ്കില്‍ ബസ്, ട്രാഫിക്കില്‍ കുടുങ്ങി ഇന്നത്തെ ദിവസം ബോറാകാന്‍ സാധ്യതയുണ്ട്.
ബസ്സില്‍ കയറിയിരുന്നു കണ്ണുകളടച്ചു. പുറത്തുള്ള കാഴ്ചകളെല്ലാം പതിവു കാഴ്ചകള്‍. സിറ്റി, വീട് എന്നിങ്ങനെ എത്രയോ ദിവസങ്ങളായി ഈ വഴിയിലൂടെ യാത്ര ചെയ്യുന്നു. ചിലപ്പോള്‍ പ്രകൃതിയോടു പോരുത്തപ്പെടാനെന്നവണ്ണം കണ്ണടച്ചിരുന്നു ശ്വസനക്രിയ ചെയ്യാറുണ്ട്. ഓരോ ഋതു ഭേദങ്ങളിലും പ്രകൃതി വ്യത്യസ്തമായിരിക്കും. പക്ഷേ ഈയിടെ ഋതുഭേദങ്ങളോരോന്നും ഓരോ ദുരന്തങ്ങളുമായാണല്ലോ കടന്നുവരുന്നത്. അങ്ങനെയുള്ള വാര്‍ത്തകളുടെ ആഴങ്ങളിലേക്ക് കഴിയുന്നതും ഇറങ്ങിചെല്ലാതിരിക്കാന്‍ ശ്രമിക്കും. തലക്കെട്ടുകളില്‍ ഒന്ന് കണ്ണോടിക്കുക മാത്രമേയുള്ളൂ. ചിലപ്പോള്‍ അവയൊക്കെ എന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നതായി തോന്നും. എന്റെ നിലനില്‍പ്പിനെ പരിഹസിച്ചുകൊണ്ട്, എന്നെ ഘോര ഘോരം പ്രഹരിക്കുന്നതായി തോന്നും. പിന്നെ എന്താണിങ്ങനെ എന്താണിങ്ങനെ എന്ന് ഞാന്‍ സ്വയം ചോദിച്ചുകൊണ്ടേയിരിക്കും. ഗുല്‍മോഹര്‍ മരങ്ങളുടെ ചുവട്ടില്‍ പോഴിഞ്ഞുകിടക്കുന്നത് അതിന്റെ തന്നെ പുഷ്പങ്ങള്‍ തന്നെയായിരിക്കണമെന്ന് മനസ്സ് പറയും. അല്ലാതെ അവയ്ക്ക് പകരമായി ആ മരച്ചുവടുകളില്‍ രക്തത്തുള്ളികള്‍ നിറഞ്ഞ ബാലിക്കല്ലുകള്‍ വരരുതെന്ന് ആഗ്രഹിച്ചുപോകും.
അകലെ നിന്നും അറവുമാടുകളുടെ ദീനരോദനം കേള്‍ക്കാം. കുറച്ചു കഴിയുമ്പോള്‍, അവയുടെ പച്ച ചാണകത്തിന്റെയും, രക്തത്തിന്റെയും മണം മുറിയിലേക്ക് വരാന്‍ സാധ്യതയുള്ളതിനാല്‍ ജനാലകള്‍ അടച്ചിട്ടു. ദേശാടന പക്ഷികളുടെ മനോഹരമായ സഞ്ചാര കാഴ്ചകള്‍ തന്നിരുന്ന ജാനാലകളെ ഇതുപോലെ ഇടയ്ക്കിടെ അടച്ചിടേണ്ടി വരുന്നതില്‍ ദുഖം തോന്നി. നിരന്തരമായി വെട്ടിമുറിക്കപ്പെട്ട മൃഗ ശരീരങ്ങള്‍ തൂങ്ങിയാടുന്ന ആ മരച്ചില്ലകളുടെ അവസ്ഥ എന്തായിരിക്കും. മരവിച്ച ആത്മരോദനങ്ങളുമായി അവ അകാല ചരമത്തിലേക്ക് കൂപ്പുക്കുത്തുകയാവാം. മനസ്സു ശുഷ്കമാവാതെ സൂക്ഷിക്കാന്‍ എന്താണ് വഴി. വായനതന്നെ. അനന്തമായ ഭൂപ്രദേശങ്ങളിലൂടെ ഒരു സങ്കല്‍പ്പയാത്ര. തീര്‍ത്ഥയാത്ര പോകുന്ന മേഘങ്ങളെപ്പോലെ, എവിടെയെങ്കിലും പെയ്തോഴിയാനായി ഒരു യാത്ര.
വായിച്ചുകൊണ്ട് കിടക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്, അസ്ലം ഖാന്‍, വില്‍ഫ്രെഡ് , ആരായിരിക്കാം മറുതലക്കല്‍. അസ്ലം ഖാന്‍ തന്നെ, ഒരു ചിലമ്പിച്ച ശബ്ദം ദൂരെ നിന്നെങ്ങോ വന്നു പിന്നെ ഉച്ചസ്ഥായിയിലെത്തിയത് പോലെ അസ്ലം ഖാന്‍ സംസാരിച്ചു തുടങ്ങി. താനെന്തെങ്കിലും പറയുന്നതിന് മുന്‍പേ ശരവര്ഷങ്ങള്‍ തൊടുത്ത പോലെ അയാള്‍ സംസാരിച്ചു കൊണ്ടിരുന്നു. എന്താണ് നിന്റെ ഉദ്ദേശ്യം. എന്നെയും എന്റെ കുടുംബത്തിനെയും താറടിക്കുന്ന നിന്റെ ഈ സ്വഭാവം നീ നിര്ത്തിക്കോളണം. വായിച്ചും എഴുതിയും നിനക്ക് ഭ്രാന്തായോ. എല്ലാം അപ്പപ്പോള്‍ ഞാന്‍ അറിയുന്നുണ്ട്. . . . . . . . . . . . . . . !
ആത്മസംയമനം പാലിക്കാന്‍ ശക്തി തണമേയെന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ അസ്ലം ഖാനോട് സംസാരിക്കാന്‍ ആരംഭിച്ചു.
അറിയാം എനിക്ക്, നിങ്ങള്‍ എല്ലാം അറിയുന്നുണ്ടെന്ന്. നിങ്ങള്‍ പറയുന്നതു പോലെ ഞാന്‍ ഒരു നിരീശ്വരവാദിയല്ല. ഞാന്‍ അന്ധവിശ്വാസി അല്ലാത്ത ഒരു ദൈവ വിശ്വാസിയാണ്. എന്നെയും നിങ്ങളുടെ കുടുംബത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ വരമ്പ് അവിടെയാണ്. ഒരു പുഷ്പത്തെ കണ്ടാല്‍, ഒരു ചിത്രശലഭത്തെ, ഒരു പക്ഷിയെ ഒക്കെ കണ്ടാല്‍. എനിക്കവയെ ആസ്വദിക്കാനും അതെ സമയം ദൈവത്തെ ക്കുറിച്ച് ഓര്‍ക്കുവാനും അറിയാം. നിങ്ങള്‍ എനിക്കുണ്ടെന്ന് പറയുന്ന ഭ്രാന്ത് ഇതാണെങ്കില്‍ ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നു.,
അറിയില്ലേ! വൃക്ഷം നാട്ടവനാണ് അതിന്റെ ഫലം തിന്നുവാന്‍ ആദ്യം അര്‍ഹതയുള്ളത്, അവന്റെ ആയുസ്സ് അനുവദിക്കുകയാണങ്കില്‍. അവനതു വേണ്ടങ്കില്‍ പക്ഷികള്‍ കൊണ്ട് പോകും. അല്ലെങ്കില്‍ അത് മണ്ണിനോട് ഇഴുകിച്ചേര്‍ന്ന് അതിന്റെ ജന്മം സഫലമാക്കും. കുറച്ചു നാളുകളായി ഈ ചിന്തകള്‍ എന്നെ വേട്ടയാടുന്നുണ്ട്. ഒരു ഇഴുകിച്ചേരല്‍ ഞാനും കൊതിക്കുന്നുണ്ട്.
നിങ്ങള്‍ എപ്പോഴാണ് ഫോണ്‍ കട്ട് ചെയ്യുന്നതെന്ന് എനിക്കറിയില്ല. അതുകൊണ്ട് ഞാന്‍ തന്നെ ആദ്യം ഫോണ്‍ കട്ട് ചെയ്യുന്നു.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തപ്പോള്‍ എന്തോ തൊണ്ടയില്‍ തടഞ്ഞപോലെ , ഒരിറക്ക് വെള്ളത്തിനായി ദാഹിച്ചു കൊണ്ട് ഹൃദയം അമിതവേഗത്തില്‍ മിടിച്ചുകൊണ്ടിരിക്കുന്നു. ചാര് കസേരയില്‍ നീണ്ടു നിവര്‍ന്നിരുന്നു. ശക്തിയായി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു. മഴത്തവളകള്‍ ചിലസമയത്ത് ഉണ്ടാക്കുന്നത് പോലെയുള്ള ശബ്ദം ശ്വാസകോശത്തില്‍ നിന്നും പുറപ്പെട്ടുകൊണ്ടിരുന്നു. സിറപ്പ് കൈക്കലാക്കി അളവൊന്നും നോക്കാതെ വായിലേക്കൊഴിച്ചു കണ്ണടച്ചു കിടന്നു.
അല്പമൊന്നു മയങ്ങിയോ ആരോ മനസ്സിലിരുന്നു പാടുന്നപോലെ തോന്നുന്നു.
കാലമേ, പ്രണയകാലമേ,
നീ പൂക്കാതിരിക്കുക.
നിന്‍ അധരം ചുവക്കാതിരിക്കുക.
മാറിടം ചുരക്കാതിരിക്കുക.
കാരണം,
വേര്‍പാടിനുശേഷം
മറവിയുടെ അന്ധകാരം.
വിഷുക്കാലമേ, കണിപ്പൂക്കളെ,
നിങ്ങള്‍ തന്നതും പ്രണയകാലം.
അതിനാല്‍
നിങ്ങളും പൂക്കാതിരിക്കുക.
ഇഷ്ടമില്ലാത്ത വാക്കുകള്‍ ചിലപ്പോള്‍ മനസ്സിലേക്ക് കയറിയിറങ്ങി നടക്കാറുണ്ട്. വില്‍ഫ്രെഡ്നെ പ്രണയിച്ചു തുടങ്ങിയപ്പോള്‍ ഈ വാക്കുകളെ ഞാന്‍ മനസ്സില്‍ നിന്നും പറിച്ചെറിഞ്ഞതാണ്. പക്ഷെ ഇഷ്ടമില്ലാത്ത ഗാനങ്ങള്‍ എവിടെ നിന്നെങ്കിലും നമ്മെ ശല്യപ്പെടുത്താന്‍ എത്തുന്നതുപോലെ ഇവയും ഈയിടെയായി എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. മനസ്സില്‍ ഒരുതരം വിജനത ബാക്കിയാക്കി അവ കടന്നുപോകുന്നു. ക്ഷണിക്കപ്പെടാത്ത സന്ദര്‍ശകര്‍ കതകില്‍ മുട്ടുന്ന പോലെ അവയെന്നെ നിരന്തരം തുരത്തിക്കൊണ്ടിരിക്കുന്നു. സന്തൂര്‍ വാദനത്തിന്റെ എക്സൈറ്റ്മെന്റിലൂടെ മനസ്സ് ഹിമാലയാരോഹണം നടത്തുമ്പോള്‍ എല്ലാം തകര്‍ത്തെറിയാന്‍ വരുന്ന ചപ്പടാച്ചി ഗാനങ്ങള്‍ പോലെ അവ എന്നെ കൊല്ലാക്കൊലചെയ്യുന്നു . ഈ കാലഘട്ടവും ശബ്ദങ്ങളും എന്നെ ഭയപ്പെടുത്തുന്നു. ഇതാ വീണ്ടും ഉറക്ക ഗുളികകള്‍ വിഴുങ്ങാന്‍ ഞാന്‍ നിര്‍ബന്ധിതയാകുന്നു. നല്ലൊരു ഉറക്കത്തിനു വേണ്ടിയല്ല, അബോധത്തിന്റെ ആഴക്കയങ്ങളിലേക്ക് അവയെന്നെ വലിച്ചെറിയാന്‍ വേണ്ടിത്തന്നെ. മനസ്സ് ഇപ്പോള്‍ ഇരുള്‍ നിറഞ്ഞ വനാന്തരത്തിലൂടെ സഞ്ചരിക്കുന്നു. പുറത്തു ചെറിയ ശബ്ദം കേള്‍ക്കുന്നുവോ ആരാണ് നടന്നു വരുന്നത്. കുഞ്ഞിക്കാലുകളാണോ, അതോ വില്‍ഫ്രെഡ് ആയിരിക്കുമോ ! അറിയാന്‍ കഴിയുന്നില്ല, ഞാന്‍ മനസ്സില്‍ താലോലിച്ച കുഞ്ഞുങ്ങളെ, എന്റെ വില്‍ഫ്രെഡെ നിങ്ങളിലേക്ക് എനിക്ക് തിരിച്ചുവരുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്നെ ആ ഗാനം തുരത്തിയോടിക്കുന്നു, ഈ ഭൂമിയില്‍ നിന്നുതന്നെ. ഇതാ ഇപ്പോഴും മനസ്സിലിരുന്നു ആരോ മന്ത്രിക്കുന്നു.
കാലമേ
പ്രണയകാലമേ
നീ പൂക്കാതിരിക്കുക.
പൂക്കാതിരിക്കുക . . . . . . !
(© തബാരക് റഹ്മാന്‍ )
ആഞ്ജലിക
ഇത് ഉദകക്രിയയുടെ ദിവസം.
ബലിയിട്ടത് ആർക്കെല്ലാം വേണ്ടി..
തിരിച്ചറിഞ്ഞത് ആരെയെല്ലാം.
ജ്യേഷ്ഠനെ.അമ്മയെ.
ഒടുക്കം ഒന്ന് മുങ്ങിനിവർന്നപ്പോഴേക്ക് അപ്രതീക്ഷിതമായ ഒരാക്രമണമായിരുന്നു അത്.
തടഞ്ഞു നിർത്താൻ കഴിയാഞ്ഞ ഒരസ്ത്രം മർമ്മഭേദിയായി.
അത് ആഞ്ജലികാബാണം ആയിരുന്നൊ?
പിന്നീട് ഒന്നും കേൾക്കാൻ നിന്നില്ല.
ചോദിക്കാനും.
പതിവു പോലെ വിജയം ഭിക്ഷ കിട്ടിയിരിക്കുന്നു.
ആരുണ്ട് അത് അഞ്ചായി പങ്കിട്ടെടുക്കാൻ..?
ദ്രൗപദിയെ കാണണമെന്നു തോന്നി.
കണ്ടില്ല.
എല്ലാവരും വെള്ളവസ്ത്രം ധരിച്ചതുകൊണ്ടാണോ..അതോ
തനിക്കും കാണാൻ കഴിയുന്നില്ലെ അവളെ?
മരവിപ്പ് ബാക്കി.
കുറച്ചിലകൾ ബാക്കി വന്ന വൃക്ഷത്തണലിൽ കിടന്നു.
“പാർത്ഥാ” എന്ന് വിളിച്ച് കൃഷ്ണൻ വരുന്നത് വരെ.
ആ വിളിയില്ലായിരുന്നെങ്കിൽ എന്നേ തീർന്നേനെ എല്ലാം.
പക്ഷേ..ആഞ്ജലിക തൊടുക്കും മുൻപും ഇതെ ശബ്ദമായിരുന്നില്ല്ലേ
അഭിമന്യുവിനെക്കുറിച്ച് ,ദ്രൗപദിയെക്കുറിച്ച് ,ദ്യൂത സഭയെക്കുറിച്ച്...എല്ലാം എല്ലാം ഓർമ്മിപ്പിച്ചത്...
ഒന്നും മറന്നില്ലെങ്കിലും..
അസ്ത്രത്തിന്റെ വേഗം ഇപ്പോഴും അറിയാൻ കഴിയുന്നുണ്ട് കൈകൾക്ക്,
അതാണ് ആദ്യത്തെ ജയമെന്നു കരുതി ഓർത്തു വെച്ചതുകൊണ്ട് തന്നെ.
മുൻപെ ഉള്ളതെല്ലാം,
ഏകലവ്യൻ,അഭ്യാസക്കാഴ്ച
അങ്ങനെ അങ്ങനെ എല്ലാം ഭിക്ഷ കിട്ടിയ ജയങ്ങൾ..
അല്ലെങ്കിൽ സ്വയംവരത്തിലേതുപോലെ പങ്കുവെക്കപ്പെട്ടത്..
ദക്ഷിണവെച്ച പെരുവിരലിലെ ചോര ഇപ്പോഴും കാണാൻ കഴിയുന്നുണ്ട്.
കൂട്ടത്തിൽ ഉന്നമില്ലാത്ത അനുജന്മാരിലാരോ എയ്ത ഒരമ്പുകൊണ്ട് മുറിഞ്ഞതു പോലെ നിസ്സാരമായിരുന്നു അന്നത്.
പരിശീലനത്തിൽ അത് പതിവുള്ളതുമാണല്ലൊ.
പിന്നീട് പാശുപതാസ്ത്രം തന്ന് കൈലാസനാഥൻ മകനെപ്പോലെ ആശ്ലേഷിക്കുമ്പോൾ എന്തുകൊണ്ടോ പെരുവിലൽ മുറിഞ്ഞ നിഷാദനെ ഓർമ്മവന്നു.
ഒരു വ്രണം പഴുത്ത് തുടങ്ങുകയായിരുന്നു.
നിരായുധനായ എതിരാളിയെ നോക്കി
“അർജ്ജുനാ അതാ കർണ്ണൻ ..അയക്ക് അർദ്ധചന്ദ്രാകൃതിയിലുള്ള ആഞ്ജലികാസ്ത്രം..”
ദയ കാണിക്കുകയായിരുന്നോ കൃഷ്ണൻ?
ആരോടാണ് ദയ കാട്ടിയത്?
എന്തുകൊണ്ടാണ് ചിലരുടെ തോൽവി ആരും അറിയാതെ പോകുന്നത്?
അന്ന് പക്ഷെ
മുറിവേറ്റ സൂതപുത്രനെ നോക്കി അലറണമെന്നുണ്ടായിരുന്നില്ലേ...
ഇതാ പാർത്ഥൻ ഒരു യുദ്ധം ജയിച്ചിരിക്കുന്നെന്നു പറഞ്ഞ്...
എന്നിട്ടും..?
“എന്തിനായിരുന്നു കൃഷ്ണാ..”
പതിവ് ചോദ്യം.
ഗംഗയുടെ ആഴക്കയങ്ങൾക്ക് പോലും തീർക്കാൻ കഴിയാത്തത്ര ദാഹം തോന്നി.
കൃഷ്ണൻ പതിവിലും ശാന്തനായിരുന്നു.
ഒരുത്തരം മുൻപേ കരുതി വെച്ചതുപോലെ.
“നീ ആരെ വധിച്ചു?മുൻപേ മരിച്ചു പോയ ഒരാളെയൊ..കർണ്ണൻ എന്നേ മരിച്ചു.."
കൃഷ്ണൻ അടുത്തിരുന്നു.
തേരാളിയുടെ കൈകൾ.എന്നിട്ടും ആദ്യമായാണ് കാണുന്നത് എന്ന് തോന്നി.
എവിടെ നിന്നെല്ലാം രക്ഷിച്ചു.
“എന്തിനായിരുന്നു കൃഷ്ണാ..”
ഈ ചോദ്യം ഒരിക്കലും മാറ്റാൻ എന്തേ കഴിയുന്നില്ല?
"ഒന്നുമില്ല.ജീവിതം മുഴുവൻ തോറ്റുപോയ ഒരാളെ ജയിപ്പിക്കണമെന്നു തോന്നി.
ഒരിക്കലെങ്കിലും...ആഞ്ജലിക തൊടുക്കാൻ പറയുമ്പോൾ അത്രയേ ഉണ്ടായിരുന്നുള്ളൂ മനസ്സിൽ.."
”ജയിച്ചത് ജ്യേഷ്ഠൻ തന്നെ പാർത്ഥാ, ജയിപ്പിച്ചത് നീയും.."
"എനിക്ക് ഇഷ്ടമായിരുന്നു ജ്യേഷ്ഠനെ,....ഒരുപക്ഷെ നിന്നെക്കാളും...”
കൃഷ്ണൻ ഒന്ന് നിറുത്തി.
ഇത് പതിവില്ലാത്തതാണ്.
“പ്രകടിപ്പിക്കാൻ കഴിയാതെ പോയ സ്നേഹത്തിന്റെ വേദനയെക്കുറിച്ച് ഞാൻ പറഞ്ഞിട്ട് അറിയണോ പാർത്ഥന്?”
ആദ്യമായി കൃഷ്ണന്റെ ശബ്ദം വിറച്ചു.
ആ മുഖം എന്തുകൊണ്ടോ ദ്രൗപദിയുടെ മുഖം പോലെയും തോന്നി..
പ്രകടിപ്പിക്കാൻ കഴിയാതെ പോയ സ്നേഹം എന്ന് കേട്ടതുകൊണ്ടാണോ?
ആയിരിക്കില്ല.
അവർക്കിരുവർക്കും അല്ലെങ്കിലും ഒരുപാട് സമാനതകൾ ഉണ്ട്.
തീരാത്ത ദയ.
അല്ലെങ്കിൽ ഭാര്യയായും ജ്യേഷ്ഠത്തിയായും അനുജത്തിയായും ഇടവേളകളിൽ കണ്ടുമുട്ടുമ്പൊഴൊക്കെ സ്നേഹിക്കുക മാത്രം ചെയ്തത് എന്തുകൊണ്ടാണ്?
ധർമ്മം പാലിക്കുകയാണോ ചെയ്തത്?
ധർമ്മം...
എന്നാണ് അതിനെ അനുസരിക്കാതിരുന്നത്?
അത് ഒരു കാലഘട്ടത്തിന്റെ മാത്രം ന്യായീകരണം ആണെന്ന് അറിയാമായിരുന്നിട്ടും.
ആണും പെണ്ണും കെട്ട് വിരാടന്റെ അന്തപുരിയിൽ ദ്രൗപദിയെ കണ്ടുമുട്ടുമ്പോഴൊക്കെ എന്താണവളുടെ മനസ്സിലെന്ന് അറിയണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്.
പെൺകുട്ടികളുടെ ഇടയിൽ ആഹ്ലാദിക്കുകയായിരുന്നെന്നാണോ എല്ലാവരും ധരിച്ചത്.
അത് ചലം പൊട്ടിയൊലിച്ച മറ്റൊരു വ്രണം.
പിതാമഹനെ ശരശയ്യയിൽ കാണുമ്പോഴൊക്കെ ചോദിക്കണമെന്ന് കരുതും:
ഇതിനേക്കാൾ വേദന സഹിച്ചിരുന്നില്ലെ ബൃഹന്നള എന്ന്.
യുദ്ധത്തിനിടയിൽ കൊന്നു തള്ളുമ്പോഴൊക്കെയും ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുകയായിരുന്നൊ
അതോ ഇരന്നു വാങ്ങിക്കിട്ടിയ ജയത്തേക്കാൾ വലിയ മരണമില്ലെന്ന് സ്വയം പഠിക്കുകയായിരുന്നൊ.
അങ്ങനെയെങ്കിൽ
ജയം..അല്ല ജയമല്ല..അങ്ങനെയൊന്നില്ല..
തോൽവി ആരുടെതാണ്?
ജ്യേഷ്ഠന്റെ
അനുജന്റെ
അമ്മയുടെ..
എന്നും കൂടെയുണ്ടാകാറുള്ള
ഈ പ്രിയപ്പെട്ടവൻ ചിരിക്കാൻ മറന്നുപോയ നിമിഷം ഏതാണ്?
(C)ലിഡിയ
Labels: 'കഥ'
വിചാരണ
കണ്ണടച്ചാ പതഞ്ഞൊഴുകുന്ന ചോരയാ മുന്നിൽ വരുന്നത്. പോലീസ്സ് സ്റ്റേഷനിലെ ഇരുപ്പു തുടങ്ങീട്ട് നേരം കൊറേയായല്ലോ!ഇപ്പോ എത്ര മണിയായിക്കാണും? എത്രയായാ എന്നാ! പലരും വന്നും പോയുമിരിക്കുന്നു.തല പെരുക്കുന്നുണ്ടോ?തൊണ്ട വരളുന്നു. ആരേലും കൊറച്ചു വെള്ളം തന്നാരുന്നേ... ഇല്ല, വേണ്ട.വെള്ളം കിട്ടാതെ ഇവിടെ കെടന്നു മരിക്കട്ടെ! അത്രേം വലിയ ദോഷവല്ലേ ചെയ്തത്! മരിച്ചാ മതീന്നാ തോന്നുന്നത്. പക്ഷേ അന്നാമ്മേ ഓർക്കുമ്പോഴാ...അവളിപ്പം വീട്ടീ തനിച്ചാരിക്കും. അതോ വീട്ടിലെത്തിക്കാണുവോ? വഴീലെവിടേലും തല തിരിഞ്ഞു വീണു കാണുവോ? എന്റെ കർത്താവേ എനിക്കു ഓർക്കാൻ മേല. അവളു കരഞ്ഞും പിഴിഞ്ഞും എന്റെ അടുത്തുന്നു മാറാതെ നിൽക്കുവാരുന്നു.കുറേ കഴിഞ്ഞപ്പം പോലീസ്സുകാരു ഓടിച്ചു വിട്ടു. അല്ലേലും രാത്രി പെണ്ണുങ്ങൾക്കു വന്നിരിക്കാൻ കൊള്ളാവുന്ന സ്ഥലം വല്ലോമാണോ ഇത്! ഞാനിനി എന്നു പുറം ലോകം കാണാനാ...കാണാനൊട്ട് ആശേമില്ല. അന്നാമ്മ ആരുമില്ലാതെ കെടന്നു വലയുമാരിക്കും,എന്നാലും ആ കൊച്ചിന്റെ മൊഖമോർക്കുമ്പോ വല്ലിടത്തും കെട്ടിത്തൂങ്ങി ചാവണമെന്നേയുള്ളൂ.
ആറു വയസ്സു കാണുവാരിക്കും. മനസ്സീന്നാ മൊഖമങ്ങു പോണില്ല.വണ്ടിയിടിച്ച ഒടനെ തെറിച്ചു പോയി.എന്റെ കർത്താവേ, ഒന്നേ ഞാൻ നോക്കിയൊള്ളൂ.ആ മഞ്ഞക്കൊടേം കുഞ്ഞിച്ചെരുപ്പുമെല്ലാം ചോരേക്കുളിച്ച്!മണ്ണിലോട്ടു താന്നു പോയാ മതീന്നാ തോന്നിയത്. പത്തമ്പതു വർഷം വണ്ടിയോടിച്ചിട്ട് വളയമെന്നെ ചതിച്ചല്ലോ!എന്റെ കയ്യീ ഏതു ചെകുത്താനാണോ കൂടിയത്, ആ കൊച്ചിനെ ഇടിച്ചിടാൻ.
“കൊച്ചിനെ കൊന്നല്ലോടാ കാലമാടാ..” എന്നും പറഞ്ഞ് ആൾക്കാർ ഓടിക്കൂടിയതും,എന്നെ എടം വലം വളഞ്ഞ് അടിച്ചതും,പിന്നെ പോലീസ്സ് വന്നു കൊണ്ടു പോന്നതും, ഒക്കെ ഒരു പുകമറ പോലത്തെ ഓർമ്മയേയുള്ളൂ. പോലീസ്സുകാർ വന്ന കൊണ്ട് തല്ലു കൊണ്ടു ചത്തില്ല.
കൊറച്ചു നാളായി വണ്ടിയോടിക്കുമ്പോ ചെറിയ ഏനക്കേടുകളൊക്കെ തോന്നുവാരുന്നു. വയസ്സു പത്തറുപതായിക്കാണില്ലേ! വാതത്തിന്റെ ഭയങ്കര ശല്യവാ...കർക്കിടക മാസമല്ലേ, വണ്ടിയോടിക്കുമ്പോ കാലു മുഴുവൻ ഒരു തരിപ്പാ... ചെലപ്പോ മുട്ടിന്റെ കീഴോട്ടു മരച്ചു പോകും.പ്രഷറിന്റെ സൂക്കേടുമുണ്ട്.തലയ്കകത്ത് കൊതുകു മൂളുന്നതു പോലെ ഒരു തോന്നലാ.വണ്ടിയോടിക്കാൻ പറ്റുകേലെന്നു മൊതലാളിയോടു പറയാരുന്നു.പക്ഷേ ഇതല്ലാതെ വല്ല തൊഴിലും എനിക്കറിയാവോ? രണ്ടു ജീവൻ കെടക്കണ്ടേ? ഇനിയിപ്പം മൊതലാളിക്കും കേസൊക്കെ വരുവാരിക്കും. എനിക്കു വയ്യ. കയ്യും കാലുമൊക്കെ തളരുന്നു. ആ കൊച്ചിന്റെ തള്ളേടെ നെലവിളി കേൾക്കണാരുന്നു.രണ്ടു കാതിലോട്ടും ഈയം ഉരുക്കി ഒഴിക്കന്ന പോലാ തോന്നിയെ...ഈ കേസ്സിനെന്നെ തൂക്കുകേലാരിക്കും. കോടതീ ഞാൻ പറയും എന്നെ തൂക്കി കൊല്ലാൻ...
എന്നാലുമെന്റെ കർത്താവേ, നീയെന്റെ കൈകൊണ്ടു ആ കൊച്ചിനെ കൊല്ലിച്ചല്ലോ.എന്റെ തലേ ഇടിവെട്ടിച്ചാ പോരാരുന്നോ? കൊച്ചുങ്ങളെ എനിക്കു ജീവനാ...എല്ലാ കൊല്ലവും ആദികുർബാന കൊള്ളപ്പാടിനു പിള്ളേരു വെള്ളയുടുപ്പും ഇട്ടു നിൽക്കുന്നതു ഞാൻ കൊതിയോടെ നോക്കി നിൽക്കുവാരുന്നു.സ്വർഗ്ഗത്തീന്നിറങ്ങി വന്ന മാലാഖമാരല്ലിയോ.. സ്വന്തമായൊന്നിനെ കർത്താവു തന്നില്ല.
നെഞ്ചിനൊരു പിടുത്തം പോലെ...കണ്ണടഞ്ഞു പോകുന്നുണ്ടോ?ഞെട്ടി ഞെട്ടി ഒണരുവാ പിന്നേം...ഇനിയെനിക്കു സമാധാനമുണ്ടോ? ഞാമ്പറയും കോടതിയോട് എന്നെ തൂക്കാൻ....
ഹൃദയം സമാധാനത്തിലേയ്ക്കുള്ള യാത്ര തുടങ്ങിയിട്ടും, അയാളുടെ മനസ്സ് വിചാരണ തുടർന്നു കൊണ്ടേയിരുന്നു.
-- ശാലിനി
Labels: കഥ
ഭാവസങ്കലനങ്ങളിൽ ഒരു മഴ
ഒരു മഴ വന്നു.
1.
നെടുവീർപ്പുകളിൽ ചുട്ടുപഴുത്തു കിടക്കുകയായിരുന്ന പാടവരമ്പുകളിലിരുന്ന് ആരോ പറഞ്ഞു;
"ഹാവൂ...ഇപ്പഴെങ്കിലും ഒന്നു വരാൻ തോന്നീലോ...!"
2.
ഉണക്കാനിട്ടിരുന്ന സാരിയും വാരിയെടുത്തുകൊണ്ടോടുന്നതിനടയിൽ അമ്മിണിയേടത്തി പിറുപിറുത്തു;
"നശിച്ച മഴക്ക് വരാൻ കണ്ടൊരു സമയം...നാളെ കല്യാണത്തിനു പോവാനിട്ടിരുന്ന സാരിയായിരുന്നു...."
3.
മധുരമായ ഒരാലസ്യത്തിൽ മഴയിലേക്കു നോക്കിയിരുന്ന അവളുടെ കാതിൽ അവൻ പറഞ്ഞു;
"നമ്മുടെ കുഞ്ഞ്, നിന്നിലുയിർക്കേണ്ടത് ഈ മഴയിലൂടെയാവണം...."
4.
മെഡിക്കൽ കോളേജിന്റെ മോർച്ചറിക്കു മുൻപിൽ കാത്തുനിൽക്കുകയായിരുന്ന എതോ ഒരമ്മ, പെട്ടെന്ന്, ഒരു ഭ്രാന്തിയെപ്പോലെ മഴയിലേക്കോടിയിറങ്ങി, ഹൃദയം പൊട്ടുമാറ് നിലവിളിച്ചു;
"എന്റെ മോനേ..."
5.
മഴയത്ത് കളിയവസാനിപ്പിക്കേണ്ടിവന്ന അർജന്റീനക്കാരൻ കുഞ്ഞഹമ്മദും ബ്രസീലുകാരൻ രാജേഷും,മെസ്സിയുടെയും കക്കായുടേയും ടിഷർട്ടുകളൂരി, കൈമാറി ,പരസ്പരം ആശ്ലേഷിച്ചു പിരിഞ്ഞു.
അങ്ങനെയങ്ങനെ,പ്രതീക്ഷയുടെ പുൽനാമ്പിൽ തലോടിയും പ്രണയപാരവശ്യങ്ങളിൽ കുളിർത്തും പരിഭവക്കാറ്റിൽ കലമ്പിയും സങ്കടക്കടലിൽ കാലിടറി വീണും പിന്നേയും പേരറിയാത്ത ഏതൊക്കെയോ ഭാവങ്ങളിൽ മിന്നിമറഞ്ഞും മഴ ഈ വഴി കടന്നുപോയി.
© ശ്രീദേവ്
10 Comments, Post your comment
Labels: കഥ
...പ്ലീസ്...
പ്രിയപ്പെട്ട എന്റെ ഭാര്യയുടെ പഴയ സുഹൃത്തിന്,
ഞാന്‍ പിന്നെ എന്തു ചെയ്യണം, നാലഞ്ചാളുകള്‍ കയറിയിറങ്ങിയ അവളുടെ ശരീരം പൂവിട്ടു പൂജിക്കണോ? അവളുടെ മാറിടത്തില്‍, കഴുത്തില്‍, നാഭിയില്‍ കാണുന്ന കടിച്ച പാടുകളും, നഖത്തിന്റെ നീണ്ട പാണ്ടുകളും കണ്ടു ഞാന്‍ കോള്‍മയിര്‍ കൊള്ളണോ? നിങ്ങള്‍ക്ക് ആശ്വസിപ്പിക്കാന്‍ എന്തും പറയാം, പക്ഷെ ഞാന്‍ അനുഭവിക്കുന്ന മനോവേദന ആരോട് പറയും, എന്നെ കാണുമ്പോള്‍ അവള്‍ മുഖം തിരിച്ച് വിതുമ്പുമ്പോള്‍ എന്റെ നിസഹായത ഒന്ന് ആലോചിച്ചു നോക്കൂ.
ബന്ധുക്കളും, സുഹൃത്തുക്കളും അവളെ വന്നു കാണുമ്പോള്‍ അവര്‍ മനസിന്റെ ഭാവനയില്‍ കണ്ടു രമിക്കുന്ന ആ വേഴ്ചയുടെ രംഗം എനിക്കവരുടെ മുഖത്ത് നിന്നും വായിക്കാം. കൌണ്‍സിലിംഗ് എന്ന് പറഞ്ഞുകൊണ്ട് നടന്നു അവളെയൊരു കാഴ്ചവസ്തുവായി സമൂഹത്തിന്റെ, പരിചയക്കാരുടെ മുമ്പിലോ പ്രദര്‍ശിപ്പിക്കാന്‍ എനിക്ക് താല്പര്യമില്ല. വിഷയപരമായ ഒരു ആഗ്രഹവും എനിക്കിന്ന് അവളോടോ എന്തിനു മറ്റാരു പെണ്ണിനോടോ തോന്നുന്നില്ല.....എല്ലാം കൂട്ടികിഴിച്ചു നോക്കിയാല്‍ ഒരു ഭര്‍ത്താവ് എന്ന നിലയില്‍ ഞാനിന്നോരു പരാജയമാണ്.
പണ്ട് നിങ്ങളുടെ യൌവ്വനകാലത്ത് നിങ്ങളും എന്റെ ഭാര്യയും പ്രണയിച്ചിരുന്നുവല്ലോ. ജീവിതത്തിന്റെ ഒരു നിര്‍ണായക ഘട്ടത്തില്‍, അവള്‍ക്കായി നീട്ടാന്‍ ഒരു ജീവിതം നിങ്ങള്‍ക്കുണ്ടയിരിക്കില്ല, അല്ലെങ്കില്‍ താങ്കളെക്കാള്‍ നല്ലൊരു ജീവിതം അവള്‍ക്ക് കിട്ടട്ടെയെന്ന് കരുതി നിങ്ങള്‍ മാറി നിന്നിരിക്കാം. ഒരു തരത്തില്‍ പറഞ്ഞാല്‍ എനിക്ക് കിട്ടിയത് നിങ്ങളുടെ ഭിക്ഷ. മനസ്സ് കൊടുക്കുന്നിടത്ത് ശരീരം കൊടുക്കുമ്പോഴേ ജീവിതത്തില്‍ ആനന്ദം കിട്ടുകയുള്ളൂവന്ന്, നിങ്ങളെ പോലെ ഫിലോസഫി പഠിച്ചില്ലെങ്കിലും എനിക്കറിയാം. അവളുടെ മനസ്സ് എനിക്കൊരിക്കലും കിട്ടിയിട്ടില്ല, അതിനാല്‍ തന്നെ മറ്റൊന്നും, പക്ഷെ ഏതൊരു ആണിനേയും മോഹിപ്പിക്കുന്ന അവളുടെ ശരീരത്തിന്റെ ഉടമ അല്ലെങ്കില്‍ അവളുടെ ഭര്‍ത്താവ് എന്ന നിലയില്‍ സമൂഹത്തില്‍ എനിക്കിത്തിരി അഹംഭാവം ഉണ്ടായിരുന്നു. ഇപ്പോള്‍ ആ ഉടമസ്ഥതയും ആരൊക്കെയോ വന്നു കവര്‍ന്നെടുത്തിരിക്കുന്നു.
ഒരു ഭര്‍ത്താവ് എന്ന നിലയില്‍ ആ മനുഷ്യരുടെ ആക്രമണത്തില്‍ നിന്നും അവളെ എനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഞാനൊരു സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ഒന്നുമല്ല, നാലഞ്ചു പേരെ ഒറ്റയ്ക്ക് നേരിട്ട് അവളെ രക്ഷിക്കാന്‍. എല്ലാം സംഭവിച്ചു. പക്ഷെ അവളുടെ കണ്ണില്‍ നിന്നും ഞാനറിയുന്ന അവജ്ഞ, അതെന്റെ ഉറക്കം കളയുന്നു. രാത്രികളില്‍ ഉറക്കമില്ലാതെ ഞാനെന്തിനു ജീവിക്കുന്നു.
ഒരു പക്ഷെ നിങ്ങള്‍ പറയുമായിരിക്കും ഒരു ഡെറ്റോള്‍ കുളിയില്‍ ശരീരത്തില്‍ നിന്ന് കഴുകിമാറ്റാവുന്ന കറയല്ലേ അവളുടെ ശരീരത്തില്‍ പറ്റിയതെന്നു, പക്ഷെ ആ കറ, അതെന്റെ ഹൃദയത്തില്‍ നിന്നും പോവേണ്ടേ. നിങ്ങളുടെ മനസ്സില്‍ നിന്നും പോവുമോ? എല്ലാവരും പറയുന്നു ജീവിതം വിജയിക്കുന്നവര്‍ക്ക് മാത്രമാണെന്ന്. എനിക്കും ഒരു ദിവസം, അല്ലെങ്കില്‍ ഒരു പ്രാവിശ്യം ഈ ജീവിതത്തില്‍ ഒന്ന്‍ ജയിക്കണം. അതിനാല്‍ ഞാന്‍ അവളെ കൊന്നു ഞാനും മരിക്കുന്നു.എന്റെ ജീവിതത്തിലെ ആദ്യത്തെ വിജയം............
എന്ന്...............ഞാന്‍
കൂട്ടിച്ചേര്‍ക്കലുകള്‍
മൂന്നാഴ്ചകള്‍ക്ക് ശേഷം, ഒരു വൈകുന്നേരം
അയാളുടെ പ്രവൃത്തികള്‍ തീര്‍ത്തും വ്യത്യസ്തങ്ങളായിരുന്നു, അതോ എനിക്ക് തോന്നുന്നതോ, ഞാന്‍ ഡ്രൈവ് ചെയ്യുന്ന സമയത്ത് അയാള്‍ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച സിഡികള്‍ പരതുകയായിരുന്നു.,
നിങ്ങള്‍ക്ക് ദൈവവിശ്വാസമില്ലെ.....?????
അതെന്താ.....ഞാന്‍ ചിരിച്ച് കൊണ്ട് ചോദിച്ചു.
നിങ്ങളുടെ കാറില്‍ ഒരു ഡെവോഷണന്‍ സോങ്ങിന്റെ സിഡിപോലും കാണാനില്ല.
എന്റെ മറുപടി വീണ്ടും ഒരു ചിരിയായിരുന്നു., പിന്നെ അയാളെ ഒന്നു വേദനിപ്പിക്കണം എന്നു കരുതിതന്നെയാണു ഞാന്‍ ആ ചോദ്യം അയാള്‍ക്ക് നേരെ ചോദിച്ചത്.
“നിങ്ങള്‍ ഇത്രത്തോളം ഒരു ദൈവവിശ്വാസിയാണെങ്കില്‍ അവളെ കൊന്നു നിങ്ങള്‍ എന്തിനു ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു?”
“ഞാനതിന്റെ കാരണം ആ മെസ്സേജില്‍ എഴുതിയിരുന്നല്ലോ, ആ ദുര്‍ബലനിമിഷത്തില്‍ എനിക്കങ്ങനെ തോന്നി. സത്യമായിട്ടും നിങ്ങള്‍ തിരിച്ച് വിളിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ അവളെ കൊന്ന് ആത്മഹത്യ ചെയ്തേനെ”.
“ആത്മഹത്യ ജീവിതത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം ആണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് സ്വന്തംജീവനെക്കാള്‍ തന്റെ ജീവിതത്തെ അത്രമേല്‍ സ്നേഹിക്കുന്നവര്‍ക്കെ ആത്മഹത്യ ചെയ്യാന്‍ കഴിയുകയുള്ളു എന്നാണ് എന്റെ വിശ്വാസം”.
തീര്‍ത്തും അപ്രതീക്ഷമായിരുന്നു മൂന്നാഴ്ച മുമ്പ് അയാളുടെ മെസ്സേജ്, എനിക്കെഴുതിയ ഒരു കത്തായി എന്റെ ബ്ലാക്ക്ബെറിയില്‍ വന്നത്, വായിച്ചപ്പോള്‍ ശരീരമാസകലം ഒരു വിറയല്‍ ആണ് അനുഭവപ്പെട്ടത്, ആലോചിച്ച് നോക്കുമ്പോള്‍ എനിക്കുതന്നെ മനസ്സിലാവുന്നില്ല എന്തുപറഞ്ഞാണു ഞാനിയാളുടെ മനസ്സ് മാറ്റിയതെന്ന്. പക്ഷെ ഒന്നുറപ്പായിരുന്നു, ഇയാള്‍ അവളെ അത്രമേല്‍ സ്നേഹിച്ചിരുന്നെന്ന്, ഒരു പക്ഷെ ഞാന്‍ അവളെ പണ്ട് സ്നേഹിച്ചതിനെക്കാള്‍.. പണ്ട് യൌവ്വനകാലത്ത് അവളെ എന്റെ സ്വപ്നരഥത്തിലേറ്റി ലോകത്തിന്റെ ഏതെല്ലാം കോണിലേക്ക് ഞങ്ങള്‍ പറന്നിരുന്നു, എന്നിരുന്നാലും ഒരു വേള ഞാന്‍ ആഗ്രഹിച്ചിരുന്നു. ദൈവം എനിക്ക് പറക്കാനുള്ള കഴിവ് തന്നിരുന്നെങ്കില്‍ ആകാശത്തിലെ പ്രകാശം വിതറിനില്‍ക്കുന്ന ആ നക്ഷത്രങ്ങളെയെല്ലാം കൊണ്ട് വന്ന് അവളിരിക്കുന്ന ആ ഉദ്യാനത്തില്‍ തോരണമായി ഞാന്‍ തൂക്കിയിടുമായിരുന്നുവെന്ന്. അല്ലെങ്കില്‍ മധുരമനോജ്ഞവും പ്രണയസുരഭിലമായ ആ പ്രണയകാലഘട്ടത്തില്‍, കാമിനിയായ അവളുടെ പ്രണയാദ്രമായ കടക്കണ്ണില്‍ നിന്നുള്ള ഒരു നോട്ടത്തില്‍ ഏത് മലയും എനിക്ക് ഒരു കടുകായി മാത്രമേ തോന്നിയിരുന്നുള്ളു.
പക്ഷേ പ്രണയജീവിതത്തിലെ കാല്പനികത, യാഥാര്‍ത്യവുമായി പൊരുത്തപെടാതെ വന്നപ്പോള്‍ അനിവാര്യമായ വിടപറയല്‍ അതായിരുന്നു ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്. അല്ലെങ്കില്‍ പ്രണയത്തിന്റെ മിനുമിനുപ്പില്‍ നിന്നും, എന്റെ ജീവിതത്തിന്റെ പരുപരിപ്പിലേക്ക് അവളെ കൂട്ടികൊണ്ടു വരാനുള്ള എന്റെ വൈമുഖ്യമായിരിക്കാം. പക്ഷെ എതൊരു കാമുകന്റെയും ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണ്, വര്‍ത്തമാനജീവിതത്തില്‍ തനിക്ക് ലഭിച്ച സമ്പന്നതയില്‍, താന്‍ സ്നേഹിച്ച പെണ്‍ക്കുട്ടിയെ, തന്റെ നഷ്ടപ്രണയിനിയെ വളരെ ദുരിതപൂര്‍ണമായ ഒരു ജീവിതചുറ്റുപാടില്‍ കാണെണ്ടിവരികയെന്നത്. ഒരു പക്ഷെ, ആലോചിക്കുമ്പോള്‍ സ്വയം തോന്നുമായിരിക്കും. പണ്ട് എന്റെ വിരലോന്ന് നീട്ടിയാല്‍, ആ വിരലിലൂടെ എന്റെ ജീവിതത്തെ ചുറ്റി അവള്‍ ഇന്നും തളിര്‍ത്ത് നിന്നിരുന്നേനെയെന്ന്.. ആ വിങ്ങല്‍ എത്ര വേദനാജനകമായിരിക്കും., അത് കൊണ്ടായിരിക്കാം പുരുഷന്‍, ലോകത്തിനു മുമ്പില്‍ തന്റെ പ്രണയത്തിന്റെ കാവ്യബിംബമായി ഒരു താജ് മഹല്‍ ഉയര്‍ത്തികാണിക്കുമ്പോള്‍, സ്ത്രീ തന്റെ മനസ്സിന്റെ ശ്മശാനത്തില്‍ അനേകായിരം നഷ്ട പ്രണയത്തിന്റെ താജ് മഹലുകള്‍ കുഴിച്ച് മൂടുന്നത്.
നിങ്ങള്‍ എന്തുകൊണ്ട് ഇത് വരെ വിവാഹം കഴിച്ചില്ല. അവളെ നിങ്ങള്‍ക്ക് അത്ര ഇഷ്ടമായിരുന്നോ? അവള്‍ക്ക് പകരം ഒരു പെണ്ണിനും നിങ്ങളുടെ ഹൃദയത്തില്‍ ഇതുവരെ ഇടം കിട്ടിയില്ലെ? അയാളുടെ ആ ചോദ്യമാണ് എന്നെ ചിന്തകളില്‍ നിന്നും ഉയര്‍ത്തിയത്. അതിനും എന്റെ ഉത്തരം ഒരു ചിരിയായിരുന്നു.
ഒപ്പം അയാള്‍ കയ്യില്‍ പിടിച്ച് വച്ചിരിക്കുന്ന സിഡികളില്‍ നിന്നും ഞാന്‍ ഒരു സിഡി പ്രത്യേകം നോക്കിയെടുത്ത് പ്ലെയറില്‍ ഇട്ടു. നേര്‍ത്ത സ്വരത്തില്‍ നളചരിതം ആട്ട കഥയിലെ പ്രണയാദ്രമായ പദങ്ങള്‍ കാറില്‍ ഉയര്‍ന്നു.
..പ്രിയമാനസാ നീ പോയ് വരേണം
പ്രിയയോടെന്റെ വാര്‍ത്തകള്‍ ചൊല്‍വാന്‍....
“ഒരു വ്യക്തിക്ക് മുമ്പ് പ്രണയം ഉണ്ടായിരുന്നെങ്കില്‍, ആ പ്രണയത്തിന്റെ അവസാനം ഒരു തോല്‍വി ഉണ്ടായാല്‍, ആ തോല്‍വിയില്‍ തന്നെ ജീവിക്കുകയാണോ വേണ്ടത്. വേറെ ഒരു വിവാഹത്തിന് ശ്രമിച്ചൂടെ?” അയാള്‍ വീണ്ടും ചോദ്യങ്ങളിലൂടെ എന്നെ അറിയാന്‍ ശ്രമിക്കുകയായിരുന്നു..
മാഷേ, തോല്‍വിയടയാന്‍ പ്രണയം എന്നത് ഒരു പരീക്ഷയോന്നുമല്ലല്ലോ. അത് ഒരു തരം ഫീലിങ്ങ്സ് അല്ലേ. ജീവിതത്തില്‍ യഥാര്‍ത്ഥ പ്രണയത്തിന്റെ ഒരു ഫീലിങ്ങ്സ് വന്നാല്‍, അത് എപ്പോഴും മാറ്റികൊണ്ടിരിക്കാന്‍ കഴിയില്ലല്ലോ നമ്മള്‍ക്ക്”
പ്രണയം നഷ്ടപ്പെട്ടവരായ എത്രപേര്‍, വീണ്ടും വിവാഹം കഴിച്ചു ജീവിക്കുന്നു?
തീര്‍ച്ചയായും, പക്ഷെ അവര്‍ സന്തോഷമായിട്ടാണ് ജീവിക്കുന്നതെന്ന് നമ്മള്‍ക്ക് എങ്ങിനെ പറയാന്‍ കഴിയും, ഉദാഹരണത്തിന് ദൂരെ എങ്ങും പോവേണ്ടല്ലോ. വിവാഹം കഴിച്ചവര്‍ അവരുടെ നെഞ്ചില്‍ കൈ വച്ച് പറയട്ടെ എന്റെ മനസ്സില്‍ ആ പഴയ പ്രേമത്തിന്റെ ഒരു തരിമ്പും ഇല്ലെന്ന്, കാരണം ഹൃദയത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ആ ഓര്‍മ അവരെ വേട്ടയാടികൊണ്ടിരിക്കും.
ഒരു നഷ്ടപ്രണയത്തിനു ഇത്രയും നിങ്ങള്‍ ഫീല്‍ ചെയ്യണോ? ഒരു ചെടിയിലെ പുഷ്പം അടര്‍ന്ന്‍ വീണാല്‍ ആ ചെടിയില്‍ വീണ്ടും പുഷ്പങ്ങള്‍ വിടരാറില്ലെ?
ശരിയാണ്, പക്ഷെ അടര്‍ന്ന്‍ വീണ പൂവിനെ നിങ്ങള്‍ക്ക് വീണ്ടും ഒട്ടിക്കാന്‍ കഴിയുമോ? കഴിയില്ല. അത് പോലെയാണ് എന്റെ പ്രണയവും,
ഇതാണോ നിങ്ങളുടെ മറുപടി?
അല്ല ഇതാണ് എന്റെ ജീവിതം, എന്റെ അവസ്ഥ നിങ്ങള്‍ക്ക് ശോകമായിരിക്കാം. പക്ഷെ ഈ ശോകം പോലും എനിക്ക് സുഖമുള്ള അവസ്ഥയാണ്.“ അത് പറഞ്ഞ് കഴിഞ്ഞു ഞാനിത്തിരി ഉച്ചത്തില്‍ ചിരിച്ചു.
“നിങ്ങള്‍ ഈ ചിരികൊണ്ട് എന്താണ്‍ അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ക്കറിയുമോ, നിങ്ങളുടെ വിരഹജീവിതം അവളെ എത്രത്തോളം അസ്വസ്ഥ ആക്കിയിരുന്നെന്ന്. ടെലിവിഷനില്‍ നിങ്ങളുടെ അഭിമുഖമോ, അല്ലെങ്കില്‍ വാര്‍ത്തയോ വരുമ്പോള്‍ അവള്‍ എണീറ്റ് അടുക്കളയിലേക്ക് പോവുമായിരുന്നു., ഞാനപ്പോള്‍ മനപ്പൂര്‍വ്വം അവള്‍ കേള്‍ക്കാനായി നിങ്ങളുടെ സ്വരം ഉച്ചത്തില്‍ വയ്ക്കും......അതിനെ അവള്‍ പ്രതിരോധിക്കുന്നത്, അടുക്കളയിലെ പാത്രങ്ങള്‍ പരസ്പരം ശക്തിയായി മുട്ടിച്ചും അല്ലെങ്കില്‍ അതെല്ലാം മനപ്പുര്‍വ്വം താഴെക്കിട്ടുമാണ്.. അവള്‍ മാത്രമല്ല ഒരു വിധം സ്ത്രീകള്‍ എല്ലാം അങ്ങിനെയായിരിക്കാം അടുക്കളയില്‍ വച്ച് പ്രതിഷേധിക്കുന്നത്..ഭൂരിപക്ഷം പുരുഷന്മാരും ആ ശബ്ദം വെറുക്കുമ്പോള്‍, ഞാനത് ആസ്വദിക്കുകയാണ് ചെയ്യാറുള്ളത്.“.
നിങ്ങള്‍ ചെയ്യുന്നത് ഒരു തരം സെക്കിക്ക് ടോര്‍ച്ചറിംഗ് ആണ്, അതറിയുമോ? പരുഷമായിട്ടാണ് ഞാനതിനു അയാളോട് പ്രതികരിച്ചത്.
അറിയാം.......പുറത്ത് കാണുന്ന മോടിക്ക് അപ്പുറം ഞങ്ങളുടെ ജീവിതം പരസ്പരം ഒരു തരം ടോര്‍ച്ചറിംഗ് ആയിരുന്നു. അവളായിരുന്നു ഒരു പക്ഷെ അതിന്റെ വേദന കൂടുതല്‍ അനുഭവിച്ചിരുന്നത്., വളരെ ഇന്റലക്ചല്‍ ആയ അവള്‍ സ്വയം ഇഷ്ടപെട്ടിരുന്ന, അല്ലെങ്കില്‍ കണ്ടെത്തിയ അവളുടെ ഏകാന്തത, അത് അവള്‍ ആസ്വദിച്ചിരുന്ന ഒരു തരം ആത്മരതിയാണ്. ഫലം ഉത്പാദിപ്പിക്കാനാവാന്‍ കഴിവില്ലാത്ത ഞാന്‍ അവളില്‍ ചെയ്യുന്ന ശാരീരീകരതിയും അവള്‍ക്ക് ഒരു തരം ടോര്‍ച്ചറിംഗ് ആണ്. അല്ലെങ്കില്‍ അങ്ങിനെ ആയിരുന്നിരിക്കും.
സോറി......ഞാന്‍ ആ വിധത്തില്‍ അല്ല ഉദ്ദേശിച്ചത്” അയാളുടെ മുഖഭാവം മാറുന്നത് കണ്ട് എനിക്ക് തന്നെ കുറ്റബോധം തോന്നി.
നിങ്ങള്‍ എന്തും പറഞ്ഞോ......എനിക്ക് യാതൊരു വിരോധവുമില്ല, മാത്രമല്ല നിങ്ങളുടെ നന്മയെ ഞാന്‍ സ്നേഹിക്കുന്നു. മാത്രമല്ല ബന്ധങ്ങള്‍ നിങ്ങള്‍ സ്വന്തം സുഖത്തിനായി മുതലെടുക്കാറില്ല എന്നും എനിക്കറിയാം.
അതെങ്ങിനെ നിങ്ങള്‍ക്കറിയാം. അത്തരമൊരു ബന്ധം നമ്മള്‍ തമ്മില്‍ ഉണ്ടായിരുന്നില്ലല്ലോ? ഞാന്‍ അത്ഭുതത്തോടെ അയാളോട് പറഞ്ഞു. പക്ഷെ അയാളുടെ മറുപടി ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു..
അവള്‍ തന്നെ അതിനു ഉത്തമ ഉദാഹരണമല്ലെ...... ഒരു ആവറേജ് പുരുഷന്‍ തന്റെ ഭാര്യയുടെ കന്യകാത്വത്തിലേക്ക് ഇറങ്ങുമ്പോള്‍, അവള്‍ക്ക് വേദനിക്കുമെങ്കിലും, ഒരു പുരുഷന്‍ അനുഭവിക്കുന്ന ആ സുഖം അവള്‍ എനിക്കായി കാത്ത് വച്ചിരുന്നു. മറ്റോരു തരത്തില്‍ പറഞ്ഞാല്‍ അവളില്‍ നിന്നും എനിക്ക് കിട്ടിയ സമ്മാനം. അല്ലെങ്കില്‍ നിങ്ങള്‍ അവളില്‍ സുക്ഷിച്ച് വച്ചതായിരിക്കാം. പുരുഷന്റെ നിഷ്കളങ്കമായ സ്നേഹത്തിനു അല്ലെങ്കില്‍ നമ്മുടെ നാട്യത്തിനു മുമ്പില്‍ സര്‍വ്വവും സമര്‍പ്പിക്കുന്നവരല്ലെ സ്തീകള്‍.
ഇത് വെറും ഒരു പുരുഷന് മാത്രം കിട്ടുന്ന സുഖമല്ല മാഷെ......മറിച്ച് സ്ത്രീകളും അനുഭവിക്കുന്നുണ്ട് അത്തരം സ്വകാര്യമായ സുഖങ്ങള്‍, അതിനെക്കുറിച്ച് നമ്മള്‍ പുരുഷന്മാര്‍ അധികം ചിന്തിക്കാറില്ലായിരിക്കാം.. ഒരു പുരുഷന്‍ അറിഞ്ഞ ആദ്യത്തെ സ്ത്രീ ഞാനാണെന്നറിയുന്ന ഏതൊരു സ്ത്രീയിലും ഇത്തരം മാനസീകമായ സന്തോഷം ഉണ്ടാവും, വഴിയില്‍ പകച്ച് നില്‍ക്കുന്ന അവനെ കൈപിടിച്ച് തന്നിലേക്ക് കൊണ്ടുപോവുമ്പോള്‍ സ്തീകളും അനുഭവിക്കുന്നുണ്ട് അത്തരം സുഖം. അത്തരം സുഖം തന്നില്‍ നിന്നും തന്റെ ഭാര്യയ്ക്ക് കിട്ടിയിട്ടുണ്ടോ എന്ന് പുരുഷനും ചിന്തിക്കട്ടെ, എന്നിട്ടുമതിയല്ലോ, സ്തീയുടെ കന്യകാത്വത്തിന്റെ മഹത്വം പറയാന്‍.
അയാള്‍ ഒന്നും മിണ്ടാതെ താഴെക്ക് നോക്കിയിരുന്നു എന്റെ ആ സംസാരം കേട്ടപ്പോള്‍, പിന്നെ കുറച്ച് നേരം പുറത്തേക്ക് നോക്കിയിരുന്നിട്ട്, എന്നോട് പറഞ്ഞു.
എനിക്ക് നിങ്ങളോട് ഒരു സഹായം ചോദിക്കാനുണ്ട്, അതുപോലെ എന്റെ മനസ്സിനെ ഒന്ന് പരുവപ്പെടുത്താനുണ്ട് അവളുടെ അടുത്ത് എത്തുന്നതിനു മുമ്പ്. ഞാനത് പറയുമ്പോള്‍ അവളുടെ മുഖം തുടുക്കുമോ, അതോ പതിവ് നിര്‍വികാരികത തന്നെയാവുമോ എന്നെനിക്കൊരു ആകാംഷ. അതിനാല്‍ തന്നെ ഇനി അവളുടെ മുമ്പില്‍ എത്തുമ്പോള്‍ എനിക്കോരു പുതിയ മനുഷ്യനായി വേണം ചെല്ലാന്‍. നടന്നത് നടന്നു. നിങ്ങള്‍ മുമ്പ് പറഞ്ഞ പോലെ ഒരു ഡെറ്റോള്‍ കുളിയില്‍ കഴുകി മാറ്റാവുന്ന കറയല്ലെ അവളുടെ ശരീരത്തില്‍ പറ്റിയത്. എനിക്കുറപ്പുണ്ട് എന്റെ മനസ്സിലെ കറയും നിങ്ങളുമായുള്ള തുറന്ന സംസാരത്തില്‍ തുടച്ച് നീക്കപ്പെടുമെന്ന്.
അപ്രതീഷിതമായിട്ടാണു അവരുടെ ജീവിതത്തില്‍ ആ സംഭവം നടന്നത്. എനിക്ക് ആ മെസ്സേജ് കിട്ടിയ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നഗരത്തിലെ ഒരു പാര്‍ട്ടി കഴിഞ്ഞു രാത്രി പോവുന്ന സമയത്ത് അവരുടെ കാര്‍ വഴിയില്‍ ബ്രേക്ക് ഡൌണ്‍ ആയത്. ആ സമയം അവള്‍ കാറില്‍ മയങ്ങുകയായിരുന്നു. അവളാണെങ്കില്‍ അന്ന് സോഷ്യല്‍ ഡ്രിംഗ്സ് എന്ന ലേബലില്‍ നല്ല വണ്ണം ആ പാര്‍ട്ടിയില്‍ വച്ച് മദ്യപിച്ചിരുന്നു. ആദ്യമെല്ലാം പാര്‍ട്ടികളില്‍ അത്തരം മദ്യപാനം അയാളുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു അവള്‍ കുടിച്ചിരുന്നത്. പിന്നിടെപ്പോഴോ അവളും അതില്‍ എന്തോ സ്വയം മറക്കാന്‍ കണ്ടെത്തി.
മരണാസന്നനായി വഴിയില്‍ കിടന്നാല്‍ പോലും സഹായിക്കാത്ത സമൂഹം, അയാള്‍ വേച്ച് വേച്ച് റോഡില്‍ വച്ച് കാണിച്ച സഹായഹസ്തങ്ങള്‍ക്ക്... അലറിവിളിച്ച് കടന്നു പോയ വാഹനങ്ങളുടെ ഹോണ്‍ ശബ്ദങ്ങളാണ് ഉത്തരം പറഞ്ഞത്. ഏതോ ഒരു അഭിശപ്തനിമിഷത്തില്‍, ഉറക്കം തെളിഞ്ഞ അവളും, മദ്യലഹരിയില്‍ കാറില്‍ നിന്നും റോഡിലേക്ക് ഇറങ്ങി, പാര്‍ട്ടിവെയറില്‍ അന്നവള്‍ അതീവസുന്ദരിയായിരുന്നു. അവളെ ആരാധനയോടെ പാര്‍ട്ടിയില്‍ വച്ച് ഓരൊരുത്തര്‍ നോക്കുന്നത് ഒരു തരത്തില്‍ സ്വയം അയാളും ആസ്വദിച്ചിരുന്നു.. പക്ഷെ അഴിഞ്ഞും, സ്ഥാനം തെറ്റിയതുമായ വസ്ത്രം ധരിച്ച് അവള്‍ കാറില്‍ നിന്നും റോഡില്‍ ഇറങ്ങിയപ്പോള്‍ അന്നേരം അതിലെ പോയ ഒരു കാര്‍ വേഗത കുറച്ച് കടന്ന് പോയതും, പതിയെ ആ കാര്‍ പുറകോട്ട് തിരിച്ച് മടങ്ങിവന്നതും അയാള്‍ക്കൊര്‍മ്മയുണ്ട്..
പിറ്റേന്ന് നഗരം ഉയരുന്നത്, ആ ബലാത്സംഗത്തിന്റെ റിപ്പോര്‍ട്ടുമായിട്ടാണു, സമൂഹത്തിലെ ഉന്നതനായ ഒരു പുരുഷന്റെ ഭാര്യ, അതും ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കി ഒരു സംഘം യുവാക്കള്‍ ബലാത്സംഗം ചെയ്തത് മാധ്യമങ്ങള്‍ക്ക് ഒരു സെന്‍സേഷണല്‍ വാര്‍ത്തയായിരുന്നു.. അവളെന്റെ പൂര്‍വ്വകാമുകിയായിരുന്നുവെന്ന് ഈ ലോകം മുഴുവന്‍ അറിയുന്നത് കൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ ആ സംഭവത്തെക്കുറിച്ച് എന്റെ അഭിപ്രായം ചോദിച്ചത്. എന്റെ ഉത്തരം ഇത്രമാത്രമായിരുന്നു.. “ഒരു ഡെറ്റോള്‍ കുളിയില്‍ കഴുകികളയാവുന്ന അഴുക്ക്“.
ഇരുട്ട് പതുക്കെ വഴിയില്‍ വീഴാന്‍ തുടങ്ങി, അയാള്‍ വാച്ചിലേക്ക് നോക്കി എന്നിട്ട് “ നമ്മള്‍ ഈ സ്പീഡില്‍ പോയാല്‍ ഒരു മണിക്കൂറിനകം ഹോസ്പിറ്റലില്‍ എത്താമായിരിക്കുമല്ലെ.”.
സമയത്തെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട, എത്ര വൈകിയാലും ഡോക്ടര്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും, ഞാന്‍ രാവിലെ ഡോക്ടറിനെ വിളിച്ചിരുന്നു. അവള്‍ ഒത്തിരി ഇന്‍പ്രൂവ് ചെയ്തിട്ടുണ്ട് എന്നു പറഞ്ഞു. മാത്രമല്ല ഞങ്ങളെല്ലാം ഒന്നിച്ച് കോളെജില്‍ വച്ച് ഒരു ക്ലാസ്സില്‍ പഠിച്ചിരുന്നവരല്ലേ. മാത്രമല്ല അവന്‍ ഇന്ന് കേരളത്തിലെ ഏറ്റവും മിടുക്കനായ സൈക്യാട്രിക്ക് ഡോക്ടര്‍ ആണ്. അവനറിയാം അവളെ എങ്ങിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണമെന്നത്...”
അത് പറഞ്ഞപ്പോള്‍ അയാള്‍ എന്റെ മുഖത്തേക്ക് വല്ലാത്തൊരു ഭാവത്തോടെ നോക്കി, പിന്നെ പതുക്കെ എന്റെ കൈയില്‍ അയാള്‍ കൈത്തലമമര്‍ത്തി.
ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ അവളുടെ സ്വഭാവം ഒത്തിരി മാറുമായിരുന്നു., അവളുടെ ഏകാന്തതയ്ക്കും ഒരു പരിഹാരമായിരുന്നേനെ.. ഞാന്‍ പലവട്ടം പറഞ്ഞതാണ്, ഒരു കുട്ടിയെ ദത്ത് എടുക്കാമെന്ന്. അവള്‍ സമ്മതിക്കുന്നില്ല.. എനിക്കാണെങ്കില്‍ കുട്ടികളെ വലിയ ഇഷ്ടവുമാണ്. പ്രത്യേകിച്ച് പെണ്‍ക്കുട്ടികളെ, കളര്‍ ഉടുപ്പെല്ലാം ധരിപ്പിച്ച് അവരെ കൊണ്ടുനടക്കാന്‍ എന്തു രസമാണ്.
ഇന്ന് പലവിധത്തില്‍ ഉള്ള പുതിയ ടെക്നോളാജികള്‍ ഉണ്ടല്ലോ, അതൊന്നും ശ്രമിച്ചില്ലെ. ഞാന്‍ ചോദിച്ചു
അവള്‍ പറയുന്നത്, അതെല്ലാം വെറുതെ പണം കളയുന്ന പരിപാടികള്‍ ആണെന്നാണ്, ഇന്ന് ഫെര്‍ട്ടിലിറ്റി ഹോസ്പിറ്റലും ഒരു തരം പുതിയ ബിസിനസ്സ് ആണല്ലോ. പിന്നെ എന്റെയൊരു ഗിനിപന്നിയായി അവളെ ആശുപത്രികള്‍ തോറും കെട്ടിയെഴുന്നെള്ളിക്കാന്‍ എനിക്കൊട്ട് ആഗ്രഹവുമില്ല. കാരണം എന്നില്‍ നിന്നും ഒരു ഫലവും ഉത്പാദിപ്പിക്കാന്‍ കഴിയില്ല. അത് മറ്റാരെക്കാളും എനിക്കും അവള്‍ക്കും നന്നായറിയാം..”
ഒന്നും മിണ്ടാതെ ഡ്രൈവിംഗില്‍ മാത്രമായിരു ന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നത്.
ഞാനോരു കാര്യം ചോദിച്ചാല്‍ നിങ്ങള്‍ അതിനു സമ്മതിക്കുമോ?
താങ്കള്‍ ചോദിക്കൂ, ചോദ്യം കേള്‍ക്കാതെ എങ്ങിനെ ഞാന്‍ സമ്മതം മൂളും, പറ്റില്ലെങ്കില്‍ പറ്റില്ല എന്നും ഞാന്‍ പറയും.
അതല്ല, നിങ്ങള്‍ക്ക് മാത്രമേ അതിനു കഴിയൂ, നിങ്ങളെ മാത്രമേ എനിക്കതിനു അംഗികരിക്കാന്‍ കഴിയൂ.
നിങ്ങള്‍ കാര്യം പറയൂ......ഞാന്‍ നിര്‍ബന്ധിച്ചു.
താങ്കള്‍ നേരത്തെ പറഞ്ഞല്ലോ, വിവാഹം കഴിച്ചവര്‍ ആണെങ്കിലും മനസ്സില്‍ ആ പഴയ പ്രണയത്തിന്റെ ഒരു തരിമ്പെങ്കിലും ഉണ്ടാവുമെന്ന്. അല്ലെങ്കില്‍ ഹൃദയത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ആ ഓര്‍മ അവരെ വേട്ടയാടികൊണ്ടിരിക്കുമെന്ന്..
അതെ, അങ്ങിനെ പറഞ്ഞു!!!! അത് ഇവിടെ പറയാന്‍?
നിങ്ങള്‍ വണ്ടി നിറുത്തൂ......ഞാന്‍ പറയാം.
അയാള്‍ പറഞ്ഞ പ്രകാരം വണ്ടി റോഡിന്റെ അരികിലേക്ക് മാറ്റി നിര്‍ത്തി, പിന്നെ എന്റെ രണ്ടു കയ്യും അയാളുടെ കയ്യിലേക്ക് ചേര്‍ത്ത് പിടിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
“നിങ്ങള്‍ അവളെ ഇന്നും പ്രണയിക്കുന്നുവെന്ന് എനിക്കറിയാം, നിങ്ങളുടെ ഒറ്റയ്ക്കുള്ള ജീവിതം തന്നെ അതിനുദാഹരണമാണു,, എന്റെ ഭാര്യയാണെങ്കിലും അവളും നിങ്ങളെ ഹൃദയത്തിന്റെ ഒരു കോണില്‍ വച്ച് പൂജിക്കുന്നുണ്ട്..
ഞാന്‍ അത്ഭുതത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി, അയാള്‍ തുടര്‍ന്നു.
“അനുവാദമില്ലാതെ അവളുടെ ഗര്‍ഭപാത്രത്തില്‍ പതിച്ച ആ കറകള്‍ മാറ്റി, അവളെ ശുദ്ധികരിക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ, അതിലൂടെ നിങ്ങള്‍ രണ്ടാളും ചേര്‍ന്ന് എനിക്കോരു കുഞ്ഞിനെ തരുമോ?........അല്ലെങ്കില്‍ നമ്മുക്ക് മൂന്ന് പേര്‍ക്കും ജീവിതത്തില്‍ അവകാശപ്പെടാവുന്ന ഒരു കുഞ്ഞ്.............സ്വന്തമെന്ന് പറഞ്ഞ് ഒരു കുഞ്ഞിനെ ലാളിക്കാനുള്ള കൊതികൊണ്ടാണു....പ്ലീസ്...അവള്‍ സമ്മതിക്കും.......ഞാന്‍ അവളെ സമ്മതിപ്പിക്കാം......പ്ലീസ്.“
ശക്തിയായി ഒഴുകുകയായിരുന്നു.......മുമ്പോട്ട്.......അത് ഞാനോ, അതോ കാറോ എന്നെനിക്കറിയില്ല.
12 Comments, Post your comment
Labels: കഥ