::::::::: "മൊഞ്ചത്തി ഫൗസിയ":::::::::
Labels: 'കഥ'
നക്ഷത്രങ്ങള്‍..
Labels: 'കഥ'
ഊര്‍മ്മിള
അന്തപ്പുരത്തില്‍ ഊര്‍മ്മിള തനിച്ചായിരുന്നു. വര്‍ഷങ്ങള്‍ എത്രയായി അവള്‍ ഈ ഉറക്കറയില്‍ തനിച്ചായിട്ട്.. ലക്ഷ്മണനെ പിരിഞ്ഞിട്ട്...പത്തോ അതോ പതിനൊന്നോ...ഇപ്പോള്‍ അവള്‍ ദിവസങ്ങള്‍ കൊഴിയുന്നതോ ആഴ്ചകള്‍ നീങ്ങുന്നതോ ശ്രദ്ധിക്കാറില്ല.എത്രയോ കാലം അവള്‍ കാത്തിരുന്നു വര്‍ഷങ്ങള്‍ കൊഴിയുന്നതും കാത്ത്...ഈ ജന്മത്തില്‍ കാത്തിരിപ്പാണു തന്റെ നിയോഗമെന്ന് അവള്‍ മനസ്സിലാക്കിയിരിക്കുന്നു.
കൈകേയി അമ്മ ദശരഥ മഹാരാജാവിനോട് വരം ചോദിച്ചപ്പോള്‍ രാമനു ലഭിച്ചത് പതിനാലു വര്‍ഷത്തെ വനവാസമാണെങ്കില്‍ ഈ ഊര്‍മ്മിളക്കു ലഭിച്ചത് പതിനാലു വര്‍ഷത്തെ വൈധവ്യമാണ്.തന്റെ മനസ്സ് ലക്ഷ്മണന്‍ പോലും മനസ്സിലാക്കിയില്ലല്ലോ.. .ജനകന്റെ മക്കള്‍ക്ക് സന്തോഷം എന്നൊന്നു വിധിച്ചിട്ടില്ലെന്നോ...ഈ അന്തപ്പുരത്തിലെ സുഖങ്ങളെക്കാളും എത്രയോ ഭേദമായിരുന്നു ലക്ഷ്മണന്റെ കൂടെ കാട്ടിലേക്കു പോയിരുന്നെങ്കില്‍. സീത കാണിച്ച ധൈര്യം തനിക്കില്ലാതെ പോയല്ലോ..അദ്ദേഹം എന്തേ തന്നെയും കൂടെ കൂട്ടാതിരുന്നത്..അതേ ഭ്രാതു ഭക്തിയുടെ പാരമ്യം മൂലം തന്നെ മറന്നു കളഞ്ഞതാണോ.....അദ്ദേഹത്തോടൊപ്പം ഞാനും കൂടെ എന്നു പറഞ്ഞ് ധൈര്യപൂര്‍വം ഇറങ്ങേണ്ടിയിരുന്നു..അതായിരുന്നില്ലേ ഒരു ഭാര്യയുടെ ധര്‍മ്മം..? കാട്ടിലെ ദുരിതപൂര്‍ണ്ണമയ ജീവിതം ഇതിലെത്രയോ ഭേദമായിരുന്നു.
അവള്‍ എഴുന്നേറ്റ് പതിവു പോലെ ജാലകം തുറന്ന് അതിന്റെ പട്ടു വിരികള്‍ മാറ്റി പുറത്തേക്കു നോക്കി നിന്നു. കൊട്ടാരവും അന്തപ്പുരവുമെല്ലാം ചന്ദ്രികയില്‍ കുളിച്ചു നില്‍ക്കുകയാണ്.അവള്‍ ആകാശത്തിലേക്കു നോക്കി..ഓ..ഇന്നു പൌര്‍ണ്ണമിയാണല്ലോ...ആകാശം നിറയെ താരകങ്ങളും പൂര്‍ണ്ണ ചന്ദ്രനും. ഈ ഊര്‍മ്മിളയുടെ ഉറക്കറയില്‍ എന്നും അമാവാസിയായിരിക്കുമ്പോള്‍ പുറത്തെ പൌര്‍ണ്ണമിക്കെന്തു പ്രസക്തി...അന്തപ്പുരത്തിനടുത്തുള്ള ഉദ്യാനത്തില്‍ നിന്നും നിശാ പുഷ്പങ്ങള്‍ പരത്തുന്ന സൌരഭ്യം ജനാലയിലൂടെ അവളുടെ ഉറക്കറയിലേക്ക് നുഴഞ്ഞു കയറി. നിലാവുള്ള രാത്രികളില്‍ താനുമായി ഉദ്യാനത്തില്‍ ഉലാത്തുന്നത് അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു.ഇപ്പോള്‍ അദ്ദേഹവും ഉറങ്ങിക്കാണുമോ..അതോ കാട്ടിലെ കുടിലിനു വെളിയില്‍ വന്ന് ആകാശത്തേക്ക് നോക്കുന്നുണ്ടാകുമോ.ഈ പൂര്‍ണ്ണചന്ദ്രനെയും ആകാശം നിറഞ്ഞു നില്‍ക്കുന്ന താരങ്ങളെയും കാണുന്നുണ്ടാകുമോ... ഉദ്യാനത്തില്‍ വച്ച് തന്റെ മടിയില്‍ തലചായ്ച്ച് പ്രേമ പരവശനായി അദ്ദേഹം പറഞ്ഞിട്ടുള്ള വാക്കുകള്‍ അദ്ദേഹം ഓര്‍ക്കുന്നുണ്ടാകുമോ..
ആകാശത്തിലേക്ക് നോക്കി നില്‍ക്കവേ മറ്റു നക്ഷത്രകൂട്ടത്തില്‍ നിന്നും മാറി നില്‍ക്കുന്ന ഒരു കുഞ്ഞു നക്ഷത്രം തന്നെത്തന്നെ നോക്കുന്നതായി അവള്‍ക്കു തോന്നി. ലക്ഷ്മണന്റെ ദൂതാളായിരിക്കുമോ ആ കുഞ്ഞു നക്ഷത്രം.അതിന്റെ ചിമ്മല്‍ ലക്ഷ്മണന് തന്നോട് പറയാനുള്ള സന്ദേശം കൈമാറലായിരിക്കുമോ...അവള്‍ വീണ്ടും ആ നക്ഷത്രത്തെതന്നെ നോക്കി നിന്നു...അതാ...അതു തുടരെ തുടരെ ചിമ്മുന്നു..അതെ..ഇതു തന്റെ പ്രാണേശ്വരന്റെ ദൂതാളു തന്നെ.അവള് നിശ്ചയിച്ചു.എന്തായിരിക്കും ഈ ചിമ്മലിന്റെ അര്‍ഥം..?
“ഊര്‍മ്മിളാ...വിരഹത്തിലേ നമുക്ക് നമ്മുടെ സ്നേഹത്തിന്റെ ആഴം അളക്കാനൊക്കൂ..” എന്നാണോ..?
“അതേ..ഈ ഊര്‍മ്മിള അതു അളന്നുകഴിഞ്ഞു..ആ ആഴം ഞാന്‍ മനസ്സിലാക്കി.ഈ കാണുന്ന നക്ഷത്രങ്ങളെക്കാളേറെ..ആഴിയിലെ മണല്‍ത്തരികളെകാളേറെ..“ഊര്‍മ്മിള മറുപടി പറഞ്ഞു.
വീണ്ടും നക്ഷത്രം അവളോട് ചോദിക്കുന്നു....
“ഊര്‍മ്മിളാ..നീയെന്നെ വെറുത്തോ ഇത്രയും കാലം ഞാന്‍ നിനക്കു തന്ന വിരഹം കൊണ്ട്..?”
“ഇല്ലാ..എനിക്കങ്ങയെ വെറുക്കാനാകില്ല..ഞാന്‍ വെളിപ്പെടുത്തിയല്ലോ എനിക്ക് അങ്ങയോടുള്ള സ്നേഹം .പിന്നെങ്ങനെ അങ്ങയെ വെറുക്കാനാകും.”
“നമ്മുടെ സ്നേഹം അസ്തമിക്കാത്തോളം കാലം ഈ വിരഹത്തിന് നമ്മെ എന്തു ചെയ്യാന് കഴിയും..? എന്റെ ഈ കാനന വാസത്തിന്റെ കഠിനതകള്‍ക്ക് എന്നെ തപിപ്പിക്കാനാകുമോ..എന്റെ ഓര്‍മ്മകള്‍ മായ്ക്കാനാകുമോ..?”
“ഇല്ലാ..ഒരിക്കലുമില്ലാ..”ഊര്‍മ്മിള സന്തോഷത്തോടെ ഉത്തരമരുളി.
പെട്ടെന്ന് ഒരു മേഘം വന്ന് ആ നക്ഷത്രത്തെ മറച്ചു ഊര്‍മ്മിള പെട്ടെന്നു പരിഭ്രാന്തയായി..പിന്നീടവള്‍ക്കു മനസ്സിലായി..പുതിയ സന്ദേശത്തിനായി അത് ലക്ഷ്മണന്റെ അരികില്‍ പോയിരിക്കുകയാണ്.ജനലിനരികിലുള്ള ചിത്രപ്പണിചെയ്ത ഒരു പീഠത്തില്‍ അവള് നക്ഷത്രം വീണ്ടും വരുന്നതും കാത്തിരുന്നു..അദ്ദേഹം ഇപ്പോള്‍ എവിടെയായിരിക്കും ഇരിക്കുന്നത്.വെറും നിലത്തോ അതോ കല്ലിലോ പാറയിലോ...എത്രയോ വര്‍ഷങ്ങളായി രാത്രിയുടെ ഓരോരോ യാമങ്ങള്‍ കടന്നുപോകുന്നത് അവള്‍ ഈ പീഠിലിരുന്നു മനസ്സിലാക്കിയിരിക്കുന്നു..ഊര്‍മ്മിള എന്നാല്‍ ഉറക്കം വരാത്തവള്‍ എന്ന് അര്‍ത്ഥമുണ്ടോ..അവള്‍ ഇടക്കു സംശയിച്ചിട്ടുണ്ട്..പെട്ടെന്നവള്‍ തിരുത്തും ഊര്‍മ്മിള എന്നാല്‍ വിരഹിണി എന്നര്ത്ഥം.അതു ഈ ത്രേതാ യുഗത്തിലും വരുവാനിരിക്കുന്ന യുഗങ്ങളിലും അവള്‍ അങ്ങനെ തന്നെ അറിയപ്പെടും.അങ്ങനെയെങ്കിലും ഊര്‍മ്മിളക്ക് ലോകത്തില്‍ ഒരു സ്ഥാനം ഉണ്ടാകട്ടെ..
നക്ഷത്രം നിന്നിരുന്ന ഭാഗത്തെ മേഘപ്പാളി മെല്ലെ മാഞ്ഞു പോകുന്നത് നോക്കി ഊര്‍മ്മിള പ്രതീക്ഷയോടെ കാത്തിരുന്നു.ഇപ്പോള്‍ അതാ വീണ്ടും ആ കുഞ്ഞു തോഴന്‍ പ്രത്യക്ഷനായി.അവളെ നോക്കി കുസൃതിയോടെ ചിമ്മി..
“എന്തേ..നീ തിരിച്ചു വരാന്‍ അമാന്തിച്ചത്..ഇത്രയേറെ സന്ദേശങ്ങള്‍ കൈമാറാനുണ്ടായിരുന്നോ എന്റെ പ്രിയന്‍..?”
“അതെ...ലക്ഷ്മണന് തന്റെ പ്രാണ പ്രേയസിക്കു കൊടുക്കുവാനുള്ള സന്ദേശങ്ങള്‍ എത്ര പറഞ്ഞിട്ടും തീരുന്നില്ല”
“ഇപ്പോള് അദ്ദേഹവും എന്നെപ്പോലെ ഉറങ്ങാതിരിക്കുകയാണോ അവിടെ..”
“എന്തൊരു വിഡ്ഡിച്ചോദ്യമാണിത് ഊര്‍മ്മിളേ..?”ഇത് “നക്ഷത്രം അവളോടു ചോദിച്ചു..പിന്നെ തുടര്‍ന്നു..“
“ഇതാണ് ഈ ഭൂമിയിലെ മനുഷ്യരുടെ ഒരു കാര്യം.സ്നേഹം മനസ്സിലാക്കുവാന്‍ അവര്‍ക്കു വളരെ പ്രയാസമാണ്.അവര് എപ്പോഴും തെളിവുകള്‍ ആവശ്യപ്പെടും“
ഊര്‍മ്മിള കുറ്റബോധത്തോടെ നക്ഷത്രത്തെ നോക്കി..
“സാരമില്ല..” എന്നു പറഞ്ഞ് നക്ഷത്രം വീണ്ടും കണ്ണു ചിമ്മി
“പിന്നീടെന്തു പറഞ്ഞു എന്റെ പ്രാണേശ്വരന്‍..?”അവള്‍ ഉദ്വേഗത്തോടെ ചോദിച്ചു
“അതു പറയാന്‍ എനിക്കു നാണമാകും”നക്ഷത്രം വീണ്ടും കുസൃതിയോടെ കണ്ണു ചിമ്മി
”എന്താ ഇത്..പിന്നെന്തിനാണു നീ എന്റെ ലക്ഷ്മണന്റെ സന്ദേശവാഹകനാകുവാന്‍ സമ്മതിച്ചത്...മടിക്കാതെ പറയൂ”ഊര്‍മ്മിള അക്ഷമയായി
“പറയാം, അദ്ദേഹത്തിന്റെ വാക്കുകളില്‍ത്തന്നെ..“
നക്ഷത്രം തുടര്‍ന്നു...
“ഊര്‍മ്മിളേ.....നീ ഇത്രയും വര്‍ഷങ്ങള്‍ രാത്രികളില്‍ ജാലകവിരികള്‍ മാറ്റി പുറത്തേക്കു നോക്കിയിരിക്കുന്നത് എന്റെ പ്രിയ ദൂതന്‍ ഈ കുഞ്ഞുനക്ഷത്രം വഴി ഞാന്‍ അറിഞ്ഞിരുന്നു.. എത്രയോ രാത്രികളില്‍ അവന്‍ എന്നോടു വന്നു പറഞ്ഞിരിക്കുന്നു നീ അവിടെ വിരഹിണിയായി എന്നെയും ചിന്തിച്ചിരിക്കുന്ന കാര്യം...ഈ പ്രിയ സ്നേഹിതന്‍ വര്‍ഷങ്ങളയി പരിശ്രമിക്കുന്നു നിന്റെ ഒരു കടാക്ഷം ലഭിക്കുവാന്‍...ഇന്ന് അതു ലഭിച്ചു എന്ന സന്തോഷ വാര്‍ത്തയുമായാണ് അവന്‍ എന്റെ അരികില്‍ തിരികെയെത്തിയത്. എന്റെ സന്ദേശം നിന്നെ അറിയിക്കുവാന്‍ കഴിഞ്ഞു എന്നത് എന്നെ എത്ര ആഹ്ലാദ ഭരിതനാക്കിയെന്നോ...അപ്പോള്‍ എന്റെ ഇത്രയും വര്‍ഷത്തെ കാനന ജീവിതത്തിന്റെ എല്ലാ വൈഷമ്യവും ഞാന് മറന്നു പ്രിയേ..”
ഊര്‍മ്മിളയുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞൊഴുകി....ആനന്ദാശ്രുക്കളോടെ അവള്‍ നക്ഷത്രത്തെ നോക്കി.എന്നിട്ട് പറഞ്ഞു
“ഇത്രയും വര്‍ഷം നീ എനിക്കായി എന്റെ മുന്നില്‍ വന്നു ചിമ്മിയിട്ടും ഞാനതു കണ്ടില്ലല്ലോ കൂട്ടുകാരാ..”
“സാരമില്ല..ഇപ്പോഴെങ്കിലും നമുക്കു കണ്ടുമുട്ടാറായല്ലോ...എന്റെ പ്രിയ തോഴന്‍ ലക്ഷ്മണന്റെ സന്തോഷം എനിക്കു കാണാനായല്ലോ..”
“നീ വലിയൊരു പുണ്യ പ്രവൃത്തിയാണു കൂട്ടുകാരാ ചെയ്യുന്നത്.പിന്നീടെന്തു പറഞ്ഞൂ ആര്യപുത്രന്‍...“നക്ഷത്രം ലക്ഷ്മണന്റെ വാക്കുകളില്‍ വീണ്ടും പറഞ്ഞു
“ഊര്‍മ്മിളേ...ഞാന്‍ എപ്പോഴും നിന്റെ തൊട്ടരികിലുണ്ട്. നിലാവുള്ള രാത്രികളില് നിന്റെ കോമളമായ മുഖത്തേക്കു വീഴുന്ന ചന്ദ്രിക ഞാന്‍ തന്നെയാണ്.ഏകാന്ത രാവുകളില് ജാലകവിരികള്‍ വകഞ്ഞ് മാറ്റി പുറത്തേക്കു നോക്കുമ്പോള്‍ നിന്നെ തഴുകുന്ന പൂന്തെന്നലിന് എന്റെ ഗന്ധം അനുഭവപ്പെറ്റുന്നില്ലെ..?”
“അതേ...അതേ നാഥാ..”ഊര്‍മ്മിള സന്തോഷത്തോടെ പറഞ്ഞു.
“നിന്റെ ഈ വിരഹദിനങ്ങളിലെ ശീതകാലത്ത് നിന്നെ പുണരുന്ന കുളിര് ഞാന്‍ തന്നെ പ്രിയേ..വര്‍ഷകാലങ്ങളില്‍ നീ കേള്‍ക്കുന്ന മഴയുടെ സംഗീതം ഞാന്‍ നിനക്കായി പാടുന്ന പ്രേമ കാവ്യങ്ങളാണ്..വേനലില്‍ നിന്റെ പൂമേനി വിയര്‍ത്തു കുളിക്കുംന്നുന്നത് എന്റെ ചുടു ചുംബനങ്ങളില്‍ നീ തളരുന്നതിനാലാണ്...”
ഊര്‍മ്മിള ലക്ഷ്മണന്റെ സന്ദേശങ്ങള്‍ കേട്ട് കോരിത്തരിച്ചു നിന്നു അവളുടെ കണ്ണുകളിലെ ആനന്ദാശ്രുക്കളുടെ അരുവികള്‍ നിറഞ്ഞൊഴുകി.അവള്‍ നന്ദിയോടെ ആ കുഞ്ഞു നക്ഷത്രത്തെ നോക്കി..കണ്ണീര്‍പാടയിലൂടെയുള്ള കാഴ്ച ആ നക്ഷത്രത്തിന്റെ ചിമ്മല്‍ വര്‍ദ്ധിപ്പിക്കുന്നതായി അവള്‍ക്കു തോന്നി...അവള്‍ ജാലകത്തൊടു കുറച്ചു കൂടെ ചേര്‍ന്നു നിന്നു.പെട്ടെന്ന് ഒരു മേഘക്കീറു വന്ന് ആ കുഞ്ഞു നക്ഷത്രത്തെ പിന്നെയും മറച്ചു.ഊര്‍മ്മിള പ്രതീക്ഷയോടെ തന്റെ പ്രാണേശ്വരന്റെ അടുത്ത സന്ദേശങ്ങള്‍ക്കായി കാത്തു നിന്നു....
@Rosili
15 Comments, Post your comment
Labels: കഥ
കുഞ്ഞു നക്ഷത്രങ്ങള്‍...!!!
ഞങ്ങളുടെ നാട്ടില്‍ ഒരു കുഞ്ഞു മാലാഖയുണ്ടായിരുന്നു ,തിളങ്ങുന്ന കുഞ്ഞു കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള അവളെ ഞങ്ങള്‍ അമ്മു എന്ന് വിളിച്ചു, എങ്കിലും അവളൊരിക്കലും .... ഞങ്ങളോട് സംസാരിക്കുകയോ ... ഞങ്ങളെ കാണുകയോ ചെയ്തിരുന്നില്ല.
അമ്മുകുട്ടി ഞങ്ങളുടെ വേദനയായിരുന്നുവെങ്കിലും ഒരിക്കല്‍ അവളെ കണ്ടവര്‍ പിന്നെ ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല അത്ര മാത്രം ഓമനത്തവും നിഷ്കളങ്കവുമായിരുന്നു ആ മുഖത്ത് . ആരിലും വാത്സല്യം ഉളവാക്കുന്ന രീതിയില്‍ അവള്‍ ഹൃദ്യമായി പുഞ്ചിരിക്കുമായിരുന്നു പതിനാലാം രാവില്‍ പൂനിലാവ് പൊഴിയുന്നത് പോലെ.
പക്ഷേ അവളുടെ നൊമ്പരങ്ങളെ വേദനകളെ ഒരിക്കല്‍ പോലും വേറെ ആളുകള്‍ അറിയിക്കുവാന്‍ മാത്രം അവള്‍ക് ഭാഷ ഇല്ലായിരുന്നു .പെറ്റമ്മയുടേ ഭാഷ അവളില്‍ അന്യമായി നിന്നു. നൊന്തു പെറ്റ അമ്മയെ കണ്ണ് കുളിര്‍ക്കെ ഒരു നോക്കു കാണുവാന്‍ ..... “ അമ്മേ “ എന്നു വിളിക്കുവാന്‍ അവള്‍ കൊതിച്ചിട്ടുണ്ടാവാം അവളുടെ നിസ്സഹായതയില്‍ അവള്‍ വിതുമ്പുന്നുണ്ടാകാം......പലപ്പോഴും അവളുടെ അകം നിറഞ്ഞു കവിഞ്ഞ വാക്കുകള്‍ ദഹിക്കാതെ പുറത്തേക്ക നിര്‍ഗമിച്ചപോള്‍ കുരളിയില്‍ കുരുങ്ങി അവ്യക്തമായ ചില ഗദ്ഗദങ്ങള്‍ മാത്രമായി മാറിപോവാറുണ്ട് ....
അന്തകാരം നിറഞ്ഞു ആടിയ അവളുടെ ജീവിതത്തില്‍ സ്വപ്നങ്ങള്‍ മാത്രമായിരിക്കാം അവളോട് കിന്നാരം പറഞ്ഞിരുന്നത് ....
ഒരു ദിവസം , അന്ന് അമ്മുവിന്‍റെ ജന്മ ദിനമായിരുന്നു.സ്വന്തം ജന്മദിനം പോലും തിരിച്ചറിയുവാന്‍ കഴിയാത്ത അമ്മുവിനെ തേടി ,പുലര്കാല സ്വപ്നത്തില്‍ എന്ന പോലെ ആകാശത്തിലെ താരാഗണത്തില്‍ നിന്ന് ഒരു കുഞ്ഞു നക്ഷത്രം , ഒരു ബാലന്റെ രൂപം പൂണ്ടു ഭൂമിയിലേക്കിറങ്ങി വന്നു , അവന്റെ കണ്ണുകളില്‍ ഞങ്ങളുടെ കുഞ്ഞു മാലാഖ തിളങ്ങി നിന്നു , അവന്‍ കൊണ്ട് വന്ന സ്വര്‍ഗത്തിലെമാലാഖമാരുടെ വെള്ള വസ്ത്രം അവളെ അണിയിച്ചപ്പോള്‍ അവള്‍ ശരിക്കും ഒരു കുഞ്ഞു മാലാഖയായി മാറി.
അവന്റെ ചൂണ്ടു വിരല്‍ അവള്‍ക്ക് സംസാര ശേഷിയും കാഴ്ചയും കൊടുത്തപ്പോള്‍ അവള്‍ അവനെ അച്ചു എന്ന് വിളിച്ചു .അവള്‍ ആദ്യമായി കണ്ടത് അവനെയായിരുന്നു.
അവള്‍ക്ക് അവളുടെ അമ്മയെ കാണിച്ചു കൊടുത്തു ,അവള്‍ “അമ്മേ” എന്ന് വിളിച്ചു പക്ഷേ അവളുടെ വിളിക്ക് അപ്പുറത്തായിരുന്നു അമ്മ.അത് അവളില്‍ ഒരു സങ്കടം നിഴലിച്ചുവെങ്കിലും അച്ചുവിന്റെ സാനിദ്ധ്യം അവള്‍ക്ക് പ്രിയപ്പെട്ടതു കൊണ്ട് തന്നെ എല്ലാം എളുപ്പം മറന്നു.
അച്ചു, അമ്മുവിനെ കൂട്ടി കടല്‍ കരയിലേക്ക് പോയി . കടല്‍ കണ്ടു ,കര കണ്ടു .തിര കണ്ടു .മണ്‍ തരികളെ കണ്ടു .അമ്മുവിന്‍റെ കണ്ണുകളില്‍ പൂത്തിരി വിടര്‍ന്നു,അമ്പരപ്പും കൌതുകവും കൊണ്ട് അവള്‍ പുഞ്ചിരിച്ചു. മണിമുത്തുകള്‍ പോഴിക്കുന്നത് പോലെ പൊട്ടി പൊട്ടി ചിരിച്ചു .ആര്‍ത്തിരമ്പുന്ന തിരമാലകളേക്കാള്‍ ഉച്ചത്തില്‍ അവള്‍ വിളിച്ചു കൂവി ..... ആ മണ്‍ന്തരികളില്‍ കൂടി തുള്ളി ചാടി നടന്നു .ആര്‍ത്തിരമ്പുന്ന തിരമാലകളെ കൈ കുമ്പിളില്‍ കോരി എടുത്തു അത് വരെ തൊട്ട് മാത്രം അറിഞ്ഞ തിര ഇളക്കങ്ങളെ കണ്ടും അറിഞ്ഞു. അച്ചുവും അമ്മുവും ഈ ഭൂമിയിലെ മാലാഖമാരായി പറന്നു നടന്നു, അവരുടെ ലോകത്ത് അവര്‍ മാത്രം ,അവര്‍ക്ക് മാത്രം അറിയാവുന്ന ഭാഷയില്‍ അവര്‍ സംസാരിച്ചു, അവര്‍ക്ക് മാത്രം കാന്നുന്ന കാഴ്ചകള്‍ അവര്‍ കണ്ടു . പിന്നെ , .
അച്ചു അവള്‍ക്ക് മുത്തശ്ശിയെ കാണിച്ചു കൊടുത്തു .മുത്തശ്ശിക്കഥകള്‍ പറഞ്ഞു കൊടുത്തു ,ആ കടപുറത്തു മണ്ണപ്പം ചുട്ടും കണ്ണാരം പൊത്തിയും കളിച്ചു .അങ്ങനെ അവര്‍ അവരുടെ ലോകത്ത് ആരത്തുലസിച്ചു നടന്നു.
ചിലപ്പോ അങ്ങനെ ആണ് നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മുടെ കൂടെ ഉണ്ടായല്‍ സമയത്തിനു വേഗത കൂടി പോവും.നേരം പോകുന്നത് അവര്‍ അറിയില്ല .നേരം സന്ധ്യാ മയങ്ങി .
ഇത് ഒന്നും അവരും അറിഞ്ഞില്ലെന്ന് തോന്നുന്നു ... ..സുര്യന്‍ പടിഞ്ഞാറ് ചാഞ്ഞു ....ചന്ദ്ര ബിംബം കാര്‍ മേഘങ്ങളേ തള്ളി മാറ്റി മെല്ലെ തല പൊക്കി അവരെ നോക്കി ചിരിച്ചു.അമ്മു അത്ഭുതത്തോടെ അതിലും മേറെ അഹളാദം അടക്കാന്‍ വയ്യാതെ ഹായ് ഹായ് എന്ന് പറഞ്ഞു കൈ കൊട്ടി പൊട്ടി ചിരിച്ചു ,
അപ്പോള്‍ അമ്മുനെ നോക്കി അച്ചു മെല്ലെ പറഞ്ഞു "എനിക്ക് പോവാന്‍ നേരമായി"
"എവിടേക്ക് " അമ്മുവിന്റെ ചിരി മാഞ്ഞു
ആകാശത്തിലേക് തെളിഞ്ഞു വരുന്ന നക്ഷത്രങ്ങളെ നോക്കി അച്ചു പറഞ്ഞു " ദെ നോക്ക് അങ്ങോട്ട് നോക്ക് .കണ്ടോ ..ഒരു പാട് നക്ഷത്ര കൂട്ടങ്ങളെ കണ്ടോ ?അവരാണ് എന്റെ കൂട്ടുകാര്‍ , അവരുടെ അടുത്തേക്ക് പോവണം "
"പോവണോ ? പോവാതിരുനൂടെ ? അമ്മു ചോദിച്ചത് വളരെ പെട്ടന്നായിരുന്നു.
"പോവതിരിക്കാനാവില്ല ,പോവാതിരുന്നാല്‍ അവിടെ നിന്നു ആര് ചിരിക്കും , ആകാശത്തെ നക്ഷത്ര കൂട്ടങ്ങള്‍ എന്നെ കാത്തിരിക്കുന്നു . ഇല്ലെങ്കില്‍ അവര് പിണങ്ങും ." ഒരു ഇടി തീ പോലെ അവള്‍ അത് കേട്ടു
" എങ്കില്‍ ......എന്നെ കൂടെ കൊണ്ട് പോകാമോ? "അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചു .."എനിക്ക് വയ്യ .. കൂട്ടുകാര്‍ ഇല്ലാത്ത ലോകം,അമ്മേ എന്ന് വിളിക്കാന്‍ സാധി ക്കാനോ .. അമ്മയെ കാണാന്‍ ആവാതെയുള്ള ലോകം എനിക്ക് വേണ്ട "
അവള്‍ കരയാന്‍ തുടങ്ങി . അച്ചുവിന് അത് കണ്ടു നില്‍ക്കാആണോ ഒന്ന് ആശ്വസിപ്പിക്കന്നോ കഴിയുമായിരുനില്ല.വിതുമ്പി കരയുന്ന അവളുടെ
കണ്ണില്‍ നോക്കി .....മനസില്ലാ മനസോടെ അച്ചു സമ്മതിച്ചു...
അവള്‍ക്ക് സന്തോഷമായി ..അമ്മുവില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
അച്ചു അവന്റെ ചിറകുകള്‍ അവള്കായി വിടര്‍ത്തി കൊടുത്തു ,അമ്മു അതില്‍ കയറി ആ താരപദത്തിലെക്ക് പറന്നു പോയി ....
ആകാശത്തിലെ നക്ഷത്ര ഗണത്തില്‍ നിന്ന് രണ്ട് കുഞ്ഞു നക്ഷത്രങ്ങള്‍ നമ്മളെ നോക്കി ചിരിക്കുനില്ലേ അത് അച്ചുവും അമ്മുവും ആയിരിക്കാം
എന്റെ വീടിന്റെ മുറ്റത്തും ഞാന്‍ ഒരു ചെടി നട്ടു, നക്ഷത്രങ്ങള്‍ മാത്രം പൂക്കുന്ന ഒരു ചെടി.....
നിദ്രാവിഹീനമായ രാത്രിയുടെ യാമങ്ങളില്‍ അത് പൂത്തു തളിര്‍ത്തത് കാണാന്‍ ഞാന്‍ ചില്ല് ജാലകത്തിലുടെ അങ്ങ് ദൂരേയ്ക്ക് ഉറ്റ് നോക്കാറുണ്ട് ...
പലപ്പോഴും മഞ്ഞുപാളികള്‍ ചില്ലുകളില്‍ പതിഞ്ഞു കിടന്നത് കൊണ്ടോ അമ്മുവിന്‍റെ വിരഹത്താല്‍ ഓര്‍ത്തു തേങ്ങിയിരുന്ന എന്റെ കണ്ണുകളില്‍ കണ്ണീര്‍ പടര്‍ന്നതിനാലോ എന്തോ എനിക്ക് തെളിഞ്ഞു കാണുവാനും കഴിഞ്ഞില്ല. എന്നാലും വെറുതെ ആണ് എങ്കിലും എന്റെ കണ്ണുകള്‍ ഇന്നും അങ്ങ് ദൂരേക്ക് സഞ്ചരിക്കാറുണ്ട്
എന്റെ പ്രണയം...
അങ്ങിനെ ഓര്‍ക്കുട്ടിലെ അവസാനത്തെ ചെങ്ങാതിയും യാത്ര പറഞ്ഞു പിരിഞ്ഞു..നിദ്രയുടെയും സ്വപ്നങ്ങളുടെയും ലോകത്തിലേക്കുള്ള ക്ഷണം ഇതുവരെയും കിട്ടിയിട്ടില്ലെങ്കിലും മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് കിടക്കാന്‍ തന്നെ തീരുമാനിച്ചു...കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്തു കട്ടിലില്‍ കയറി..തുറന്നു കിടന്ന ജനലിലൂടെ പ്രകാശം കണ്ട് പറന്നു വന്ന ഒരു വണ്ട് കറങ്ങുന്ന ഫാനില്‍ തട്ടി മുറിയുടെ ഒരു മൂലയിലേക്ക് വന്നതിനെക്കാളും വേഗത്തില്‍ തലകുത്തനെ ക്രാഷ് ലാന്‍ഡ് ചെയ്തു...കൈകാലുകള്‍ ഇളക്കി നേരെ നില്‍ക്കാന്‍ അത് ശ്രമിച്ചെങ്കിലും ഒരു പാരഗണ്‍ ചെരുപ്പ് ആ ശ്രമങ്ങളെ എന്നെന്നേക്കുമായി നിഷ്ഫലമാക്കി...അടുത്തുകിടന്ന പഴയൊരു ബുക്കിന്റെ താളില്‍ കോരിയെടുത് പുറത്തെ ഇരുളിലേക്ക് വലിച്ചെറിയുമ്പോള്‍ ചെറിയൊരു സഹതാപം ആ പാവം ജീവിയോട് എനിക്ക് തോന്നാതിരുന്നില്ല...
ജനലുകള്‍ തുറന്നുതന്നെ കിടന്നു...ലൈറ്റ് ഓഫ് ആക്കി ഞാന്‍ തിരിച്ചു കട്ടിലില്‍ കയറി..അടുത്ത മുറിയില്‍ നിന്നും മുത്തച്ഛന്റെ ഉച്ചത്തിലുള്ള കൂര്‍ക്കം വലി ഒഴിച്ചാല്‍ ബാക്കിയെല്ലാം നിശബ്ദം..ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുംബോളാണ് വളരെ കാലത്തിനു ശേഷം ആ പേര് എന്റെ മനസിലേക്ക് കയറിവന്നത്...
പ്രണയം എന്താണെന്നോ എങ്ങിനെയാനെന്നോ ഇന്നുള്ള അത്രയും വിവരങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത്, വെറും 3-ഒ 4-ഒ മാസത്തെ ഓര്‍മ്മകള്‍ മാത്രം നല്‍കിക്കൊണ്ട്, 2003-ലെ SSLC പരീക്ഷ കഴിഞ്ഞ ഒരു മാര്‍ച്ച് മാസത്തില്‍ അവസാനിച്ചു പോയ എന്റെ പ്രണയം..പിന്നീട് ഇന്നുവരെയുള്ള 7 വര്‍ഷങ്ങളില്‍ അവളെ കണ്ടതുതന്നെ വിരലിലെണ്ണാവുന്ന തവണ മാത്രം..പിന്നെന്താണാവോ ഇപ്പോള്‍ ഈ നേരത്ത്????
വെറുതെ പുറത്തേക്ക് ശ്രദ്ധിച്ചുനോക്കി..മഴ പെയ്യുന്നുണ്ടോ??ഇന്നലെ വീണ്ടും കണ്ട തൂവാനതുമ്പികളുടെ ഹാങ്ങ് ഓവര്‍ ഇതുവരെ മാറിയിട്ടില്ല..ആകെക്കൂടി പുറത്തു നിന്നുള്ള ശബ്ദം അടുത്ത വീട്ടിലെ കണ്ടന്‍ പൂച്ച അതിനെകൊണ്ട് ആവുന്ന ഏറ്റവും വൃത്തികെട്ട ശബ്ദത്തില്‍ കരഞ്ഞുകൊണ്ട് കറങ്ങി നടക്കുന്നുണ്ട്...മഴ പോയിട്ട് മഴക്കാറുപോലും ഇല്ല...
10-അം ക്ലാസ്സിന്റെ അന്ത്യത്തിലേക്ക് അടുക്കുന്ന കാലം..ട്യുഷന്‍ ക്ലാസ് കട്ട് ചെയ്യലും, വീട്ടില്‍ പറയാതെ സിനിമക്ക് പോവലും, അല്പസ്വല്പം കളികളും, കുറെ പരീക്ഷകളും ഒക്കെയായി തരക്കേടില്ലാതെ ജീവിച്ചു പൊയ്ക്കൊണ്ടിരുന്ന സമയത്താണ് അത്ര പരിചയമില്ലാത്ത പുതിയൊരു സംഗതി ഞങ്ങളുടെ ഇടയിലേക്ക് കടന്നു വരുന്നത്...പരിച്ചയമില്ലാത്തത് എന്നതുകൊണ്ട് ഉദേശിച്ചത് ഞങ്ങളുടെ ആ ഗ്രൂപ്പില്‍ പുതിയത് എന്നുമാത്രമാണേ...
ഒരു ദിവസം ഉച്ചക്ക് ഏതോ സിനിമാക്കഥ ( മീശമാധവന്‍ ആണെന്നാണ് ഓര്‍മ്മ) പറഞ്ഞുകൊണ്ടിരുന്നപ്പോളാണ് ഹോട്ട് ന്യൂസ് എത്തിയത്..
" ഡാ, അറിഞ്ഞോ, അവരുതമ്മില്‍ ലൈനാ.."
"ഓഹോ"
ദൂരെ നടന്നു പോകുന്ന 2 പേരെ ചൂണ്ടിയാണ് ചങ്ങാതി അതീവ രഹസ്യമായി കാര്യം അറിയിച്ചത്..പിന്നീടങ്ങോട്ട് പ്രണയത്തിന്റെ വസന്ത കാലമായിരുന്നു ക്ലാസ്സില്‍...രാവിലെയും ഉച്ചക്കും വൈകിട്ടുമൊക്കെ കൂടെ നടന്നിരുന്നവര്‍ പെട്ടെന്ന് ബിസി ആയി..തിരക്കൊഴിഞ്ഞ ക്ലാസ് മുറികളിലോ മരത്തനലിലോ, ഗ്രൌണ്ടിലെ ഗ്യലറിയിലോ ഒക്കെയായി പലരുടെയും ജീവിതം മാറിയപ്പോള്‍ അവശേഷിച്ചത് ഞങ്ങള്‍ കുറച്ചു പേര്‍ മാത്രം...
പലരുടെയും പ്രണയം പല രീതിയിലായിരുന്നു...എന്നും വൈകിട്ട് കളിക്കാന്‍ ഞങ്ങളുടെയൊപ്പം നിന്നിരുന്ന ഒരു ചങ്ങാതി, ഒരു ദിവസം നോക്കുമ്പോള്‍ ക്ലാസ് വിട്ടപാടെ സൈക്കിളും എടുത്ത് വെടിയുണ്ടപോലെ പായുന്നത് കണ്ടു..പിറ്റേന്നാണ് ഞങ്ങള്‍ സംഭവം അറിഞ്ഞത്.. അവന്‍ നോക്കുന്ന പെണ്‍കുട്ടി പോകുന്നത് സ്കൂള്‍ ബസില്‍ ആണ്..രണ്ടുപേരും ഒരേ റൂട്ടില്‍..അളിയന്‍ സൈക്കിളില്‍ സ്കൂള്‍ബസിനെ ഓവര്‍ടെയ്ക്ക് ചെയ്യാന്‍ പോയതാണ് ഞങ്ങള്‍ കണ്ടത്...അന്ന് അവന്‍ കഷ്ടപ്പെട്ട് സ്കൂള്‍ ബസിനെ ഓവര്‍ ടെയ്ക്ക് ചെയ്തു മുന്‍പിലെത്തിയപ്പോള്‍ സൈകിളിന്റെ ചെയിന്‍ പൊട്ടിയതും ഡ്രൈവറിന്റെ ചീത്ത വിളികേട്ടു ബുസിലുള്ളവര്‍ മുഴുവന്‍, അവന്റെ കുട്ടി ഉള്‍പ്പെടെ എല്ലാവരും ചിരിച്ചതും , പാവം അവസാനം സൈക്കിളും തള്ളി വീട്ടില്‍ പോയതും ചരിത്രം...
മറ്റുള്ളവരുടെ കുടുംബ ജീവിതം സുസ്ഥിരമാക്കാന്‍ സാധിക്കുന്ന എല്ലാ സഹായവും ഞങ്ങള്‍ ചെയ്തു കൊടുത്തിരുന്നു...ഒരു ദിവസം അങ്ങിനെയൊരു സഹായം ചെയ്തുകൊടുക്കാന്‍ പോയ ഞാന്‍ ചെന്ന് ചാടിയത് എന്റെ അച്ഛന്റെ മുന്നില്‍..അന്ന് പുള്ളി എന്നെ കൊന്നില്ലാന്നെ ഉള്ളു...സ്കൂള്‍ ബസ് ഇല്ലാതിരുന്നതുകൊണ്ട് 5-അം ക്ലാസില്‍ പഠിക്കുന്ന അനിയത്തിയെയും കൂട്ടിയെ വൈകിട്ട് ചെല്ലാവൂ എന്ന് പറഞ്ഞുവിട്ടതാണ്...പക്ഷെ, ഒരു കുടുംബം രക്ഷപെടുത്താനുള്ള ശ്രമത്തിനിടയ്ക്ക് അനിയത്തി പകുതിവഴിയിലാനെന്നുള്ള കാര്യം മറന്നുപോയി..എന്റെ കഷ്ടകാലത്തിന് പെട്ടത് അച്ഛന്റെ മുന്‍പിലും..ബാക്കി കാര്യം പറയേണ്ടതില്ലല്ലോ...ഞാന്‍ രക്തസാക്ഷി ആയിട്ടാണെങ്കിലും വേണ്ടില്ല അവരുടെ പ്രണയം സഫലമായതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യം ഉണ്ടായി...
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ പോകുന്നതിനിടക്കാണ് എനിക്ക് തോന്നിയത്.."എനിക്കും വേണ്ടേ ആരെങ്കിലുമൊക്കെ??"അന്വേഷണം തുടങ്ങി..അധികം കഷ്ടപ്പെടേണ്ടി വന്നില്ല ഞാന്‍ കണ്ടുപിടിച്ചു..കാണാന്‍ കുഴപ്പമില്ല, അത്യാവശ്യം പഠിക്കും, പിന്നെ എന്റെ ഡിമാന്‍ട്സ് ആയ മുടി, ചിരി..മൊത്തത്തില്‍ നല്ല കുട്ടി..ആകെ പ്രശ്നം ഞാന്‍ ക്രിസ്ത്യന്‍ അവള്‍ ഹിന്ദു..പക്ഷെ, അതിപുരോഗമനചിന്താഗതിക്കാരനായ എന്നെ സമ്പന്ധിച്ചിടത്തോളം ജാതിയും മതവും ഒരു പ്രശ്നമേ അല്ലായിരുന്നു..ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നുപറഞ്ഞ ശ്രീ നാരായണ ഗുരുവിനെ ഞാന്‍ എന്റെയും ഗുരുവായി സ്വീകരിച്ചു...
കാര്യം ഒരാഴ്ചകൊണ്ട് തപ്പിയെടുത്തതാണെങ്കിലും ഞാന്‍ വളരെ കാലം മുന്‍പുതന്നെ അവളെ ശ്രദ്ധിച്ചിരുന്നു..7-അം ക്ലാസില്‍ വച്ച് ഏതോ ഒരു മലയാളം പദ്യം പഠിക്കാത്തതിന് ക്ലാസ് ടീച്ചര്‍ ആയിരുന്ന സിസ്റ്റര്‍ വഴക്ക് പറഞ്ഞപ്പോള്‍ കരഞ്ഞത്, 9-അം ക്ലാസില്‍ കമ്പ്യുട്ടെരിന്റെ സെമിനാര്‍ എടുക്കാന്‍ ഒരു നീല ചുരിദാറില്‍ വന്നതും സര്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാത്തതുകൊണ്ട് റിപീറ്റ് കിട്ടിയതും, 10-ആം ക്ലാസിന്റെ തുടക്കത്തില്‍ ക്ലാസ് തിരിച്ചപ്പോള്‍ കൂട്ടുകാര്‍ വേറെ ക്ലാസ്സില്‍ ആയി പോയതിനു കണ്ണ് നിറച്ചതും...അങ്ങിനെ പലപ്പോളും...
അവസാനം എനിക്കും ലൈന്‍ ആയി...ഇനി പ്രശ്നം ഇത് അവളോട് എങ്ങിനെ പറയും എന്നുള്ളതാണ്...മറ്റുള്ളവരെ സഹായിക്കാന്‍ ഉണ്ടായിരുന്ന ധൈര്യം സ്വന്തം കാര്യം വന്നപ്പോള്‍ എവിടെപോയി എന്നറിഞ്ഞുകൂടാ..അവളുടെ അടുത്തുക്കൂടെ പോവാന്‍ തന്നെ ഒരു പേടി..അവസാനം ഞാന്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്തിനോട് കാര്യം പറഞ്ഞു..അവന്‍ അവന്റെ ആത്മാര്‍ഥത ആത്മാര്‍തമായിത്തന്നെ കാണിച്ചു...അവന്‍ അവന്റെ ഒരു കൂട്ടുകാരിയോട് സംഭവം പറഞ്ഞു...ഒരുപാടൊന്നും കാത്തിരിക്കേണ്ടി വന്നില്ല..അന്ന് വൈകിട്ടുതന്നെ BBC-യില്‍ ഫ്ലാഷ് ന്യൂസ് വന്നു...ഇതൊന്നുമറിയാതെ പിറ്റേന്ന് ഞാന്‍ ക്ലാസില്‍ എത്തിയപ്പോള്‍ കൂട്ടുകാരന്‍ ഹാപ്പിയായി പറഞ്ഞു..."അളിയാ, ഞാന്‍ എല്ലാം റെഡി ആക്കിയിട്ടുണ്ട്..." ഞാനും ഹാപ്പിയായി..ഉച്ചക്ക് മുന്‍പുള്ള 4 പീരിടുകള്‍ക്ക് 4000 വര്‍ഷങ്ങളുടെ താമസം...അവസാനം ബെല്‍ അടിച്ചു..ചോരുന്നാനോന്നും നില്‍ക്കാതെ ഓടി അടുത്ത ക്ലാസ്സിലേക്ക്...( ഞാന്‍ A ഡിവിഷനില്‍ , അവള്‍ B യില്‍). ദൂരെനിന്നെ കണ്ടു അവളുടെ മുഖത്ത് എന്തോ ഒരു പന്തികേട്..അപ്പോളേക്കും എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് വന്നു പറഞു.."നീ ഇപ്പൊ അവളോട് ഒന്നും ചോദിക്കേണ്ട..ഞാന്‍ വൈകിട്ട് നിന്നെ വിളിക്കാം.."
വൈകിട്ട് അവന്റെ ഫോണ്‍ വന്നു..."പോട്ടെ ഡാ, സാരമില്ല, അവള്‍ക്കു നിന്നെ ഇഷ്ടമല്ലാന്നു പറഞ്ഞു.."തീയേറ്ററില്‍ 2 മണിക്കൂര്‍ ക്യു നിന്ന് അവസാനം ടിക്കെട്ടിനായി കൈ നീട്ടിയപ്പോള്‍ ഹൌസ് ഫുള്‍ ആയ അവസ്ഥ..ഉറങ്ങിയിട്ടില്ല അന്ന് ഞാന്‍...എന്തൊക്കെ പ്രതീക്ഷകളായിരുന്നു....പിറ്റേന്ന് ഞാന്‍ തീരുമാനം എടുത്തു...ആരുടേയും സഹായം വേണ്ട..ഞാന്‍ തനിയെ സംസാരിച്ചോളാം ...പക്ഷെ സ്കൂളില്‍ ചെന്ന് അവളുടെ മുന്നിലെത്തിയപ്പോള്‍ വീണ്ടും മുട്ടിടിച്ചു..അവളാണെങ്കില്‍ കാണാത്ത ഭാവത്തില്‍ നടന്നുപോയി...
ഇതിനിടയില്‍ മറ്റൊരു ഇരുട്ടടി കൂടി എനിക്ക് കിട്ടി...രാവിലെ നേരത്തെ എനില്‍ക്കാന്‍ വയ്യ എന്ന ഒറ്റ കാരണംകൊണ്ട് ഞാന്‍ ട്യുഷന്‍ നിര്‍ത്തിയതിനു തൊട്ടടുത്ത ദിവസം അവള്‍ അവിടെ ചേര്‍ന്നു...എനിക്ക് എന്നോട്തന്നെ സഹതാപം തോന്നിപ്പോയി...ആദ്യമായി ആ ട്യുഷന്‍ ക്ലാസിന്റെ ചുമരുകളെ ഞാന്‍ കൊതിയോടെ ഓര്‍ത്തു..
ഇനി എന്തുവേണം എന്നു ആലോചിചിരുന്നപ്പോളാണ് ഒരു കൂട്ടുകാരി വഴി അവളുടെ നമ്പര്‍ കിട്ടിയത്...പലതവണ ആലോചിച്ചു ഒടുവില്‍ വിളിക്കാന്‍തന്നെ തീരുമാനിച്ചു...പലരും പറഞ്ഞു കേട്ടിട്ടുണ്ട് സെന്ടിമെന്‍സ് ആണ് പ്രണയത്തിന്റെ ബേസിക് ഫാക്ടര്‍ എന്നു...അതുകൊണ്ട് അവളോട് പറയാന്‍ കുറെ കിടിലന്‍ സെന്റി ഡയലോഗുകളും ഞാന്‍ കാണാതെ പഠിച്ചു...വീട്ടില്‍ ആരും ഇല്ലാതിരുന്ന ഒരു ശനിയാഴ്ച എങ്ങിനെയൊക്കെയോ ധൈര്യം സംഭരിച്ചു ഞാന്‍ അവളെ വിളിച്ചു...(ങ്ങാ, അത് പറയാന്‍ മറന്നു..ഈ മെയിന്‍ കോളിനു മുന്പ് ഞാന്‍ ഒന്ന് രണ്ടു തവണ ട്രയല്‍ നടത്തി നോക്കിയിരുന്നു..അവളുടെ വീട്ടിലേക്കു വിളിച്ചു ഹെലോ കേള്‍ക്കുമ്പോള്‍ മിണ്ടാതിരിക്കുക, കട്ട് ചെയ്യുക തുടങ്ങിയ പഴഞ്ചന്‍ പരിപാടികള്‍) ...അവസാനം ഞാന്‍ വിളിച്ചു...
"ഹലോ", ഭാഗ്യത്തിന് അവളാണ് ഫോണ്‍ എടുത്തത്..
"ഞാനാണ്"
:മനസിലായി.."
പേടികാരണം ഞാന്‍ പഠിച്ച ഡയലോഗെല്ലാം മറന്നുപോയി...ഫോണിന്റെ റിസീവര്‍ എന്റെ കൈയിലിരുന്നു കൊല്ലാന്‍ പിടിച്ച കോഴിയെപ്പോലെ ആടാന്‍ തുടങ്ങി...അവസാനം വായില്‍ വന്നത് ഇങ്ങനെ..
"ഞാന്‍ എന്തിനാ വിളിച്ചത് എന്നു അറിയില്ലേ???"
"ഇല്ല"
"അത് വെറുതെ...എന്തായാലും പറയാം..എനിക്ക് നിന്നെ ഇഷ്ടമാണ്..."
ഫോണ്‍ കട്ട് ചെയ്തു...ഞാനല്ല..അവള്‍...വിയര്‍ത്തു കുളിച്ചു, 100 മീറ്റര്‍ റെയ്സ് നടത്തുന്ന ഹൃദയവുമായി ഞാന്‍ ബെഡ്ഡിലേക്ക് വീണു...നോര്‍മലാവാന്‍ 5 മിനിറ്റ് എടുത്തു എന്നാണു ഓര്‍മ...
2 ദിവസത്തേക്ക് ഞാന്‍ അവളെ കണ്ടില്ല...അങ്ങോട്ട് പോയില്ല എന്നതാണ് സത്യം...പിന്നീട് അറിഞ്ഞു ഞാന്‍ വിളിക്കുമ്പോള്‍ അവളുടെ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നു എന്നും, അവര്‍ എന്താണ് സംഭവമെന്ന് ചോദിച്ചെന്നും, ഒരു വിധത്തില്‍ രക്ഷപെട്ടെന്നും...
എന്തായാലും ഒരു കാര്യം ഉറപ്പായി..അവള്‍ക്കു എന്നെ യാതൊരു മൈന്ടും ഇല്ല...
അങ്ങിനെ ഇരിക്കുമ്പോളാണ് ഞാന്‍ ഒരു കാര്യം കണ്ടു പിടിച്ചത്..ഞാന്‍ വീട്ടില്‍ നിന്നും വരുന്ന ബസില്‍ തന്നെയാണ് മിക്കവാറും ദിവസങ്ങളില്‍ ട്യുഷന്‍ കഴിഞ്ഞു സ്കൂളിലേക്ക് പോകാന്‍ അവള്‍ കയറുന്നതും..ചില ചെറിയ ഐഡിയാസ് മൊട്ടിട്ടു...ഒരു ദിവസം അവള്‍ ബസ് ഇറങ്ങി സ്കൂളിലേക്ക് നടക്കുന്നത് ഞാന്‍ കണ്ടതാണ്..പക്ഷെ ഒപ്പം ചെല്ലാന്‍ ധൈര്യം വന്നില്ല..എന്തായാലും അടുത്ത ദിവസം ഒന്നുമറിയാത്തത്‌പോലെ ഞാന്‍ നേരെ അവളുടെ മുന്‍പില്‍ എത്തി...'അപ്രതീക്ഷിതമായി' അവളെ കണ്ടപ്പോള്‍ എനിക്ക് വന്‍ അത്ഭുതം...എന്തൊക്കെയോ നാട്ടു വര്‍ത്തമാനങ്ങളും പറഞു ഞങ്ങള്‍ നടന്നു..സ്കൂള്‍ വരെ...അന്ന് പെട്ടെന്ന് സ്കൂള്‍ എത്തിയത് പോലെ...ക്ലാസിലേക്ക് കയറുന്നതിനു മുന്പ് അവള്‍ പറഞ്ഞു...
"നിന്നെ ഞാന്‍ സമ്മതിച്ചു..നിനക്ക് എങ്ങിനെയാ ഇത്രയും ധൈര്യം കിട്ടിയേ...എന്റെ വീട്ടിലേക്കു വിളിക്കാന്‍???"
"ഓ.. അതിനിപ്പോ ഇത്ര ധൈര്യം എന്തിനാ..എനിക്ക് നിന്നെ ഇഷ്ടമാണ്...അത് വിളിച്ചു പറഞു..അത്രയേ ഉള്ളു.."
അവള്‍ ക്ലാസിലേക്ക് കയറി..ഞാന്‍ എന്റെ ക്ലാസിലേക്കും...അന്നത്തെ ഫോണ്‍ കോളിന്റെ വിറയല്‍ അപ്പോളും മാറിയിരുന്നില്ല..എന്തായാലും അന്നത്തോടെ ഒരു ഉപകാരം ഉണ്ടായി...അതില്‍ പിന്നെ അവള്‍ ആ ബസില്‍ കയറിയിട്ടില്ല...
10-ആം ക്ലാസിന്ട്വ അവസാനത്തോടടുക്കുന്നു...എന്റെ പ്രണയം എന്റെ ഉള്ളില്‍ തന്നെ എരിഞ്ഞുകൊണ്ടിരുന്നു..ആനിവേഴ്സറിയുടെയും , ഒറ്റൊഗ്രാഫിന്റെയും സമയം ആഗതമായി...പുറം ലോകം അറിയാതിരുന്ന പല പ്രണയങ്ങളും ഓട്ടോഗ്രാഫിന്റെ നിറമുള്ള താളുകളില്‍കൂടി പുറത്തു വന്നു..അതിന്റെ ചില്ലറ കോലാഹലങ്ങള്‍ വേറെയും..എന്തെങ്കിലും ഒരു സംഭവം കിട്ടിയാല്‍ അത് പിന്നെ നാട് മുഴുവന്‍ അറിയിച്ചില്ലെങ്കില്‍ ആര്‍ക്കും (ഞാന്‍ ഉള്‍പ്പെടെ) സമധാനമാകില്ലാത്തതുകൊണ്ട് എന്റെ ഓട്ടോഗ്രാഫ് ബുക്കില്‍ കൂട്ടുകാര്‍ എഴുതുന്ന ഓരോ വരിയിലും അവളുടെ പേര്‍ ഉണ്ടായിരുന്നു...
അന്നത്തെ ആനിവേഴ്സറി ദിവസം രാത്രി എന്റെ ഓട്ടോഗ്രാഫ് കറങ്ങിത്തിരിഞ്ഞ് അവളുടെ കൈകളിലൂടെ എന്റെ അടുക്കല്‍ മടങ്ങിയെത്തി..അവള്‍ എഴുതിയ താളിനായി ഞാന്‍ പരതി...2 lines..
" love fails...but friendship never fails.."
ആ ബുക്ക് വലിച്ചെറിയാന്‍ തോന്നിയെങ്കിലും അടുത്തിരുന്നവര്‍ക്ക് ആ വരികളും ആഘോഷിക്കാനുല്ലതായിരുന്നു ...ഞാന്‍ എണിറ്റു മാറി ഇരുന്നു അധികം തിരക്കില്ലാത്ത ഒരു വശത്തേക്ക്...എന്തോ..ചെറിയൊരു സങ്കടം...
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു...pre model, model, study leave, അവസാനം SSLC exam...എനിക്ക് ഉറപ്പായിരുന്നു എല്ലാം ഇവിടംകൊണ്ട് അവസാനിക്കും എന്ന്... അങ്ങിനെയിരുന്നപ്പോള്‍ തോന്നി അവളോട് ഒരു സോറി പറഞ്ഞേക്കാം...കാരണവും ഉണ്ട്..ആ ഇടക് എനിക്ക് കുറെ ചെറിയ കാര്‍ഡുകള്‍ കിട്ടി...അവയില്‍ ഒന്ന് രണ്ടു അതിലും ചെറിയ വരികളും...ആ വരികളില്‍ ഒന്നില്‍ i'm sorry എന്നുണ്ട്...ആ ഇത്തിരി സ്ഥലത്ത് ഞാന്‍ എഴുതി...
" i'm sorry for everything..i know love fails..but friendship?????
i'm sorry once again..."
പരീക്ഷ കഴിഞ്ഞ ഒരു വൈകുന്നേരം കൂട്ടുകാരന്റെ സൈക്കിളും എടുത്ത് ഞാന്‍ ഇറങ്ങി..ആ കാര്‍ടെങ്കിലും അവള്‍ക്കു കൊടുക്കണമെന്ന് എനിക്ക് അത്രക്ക് ആഗ്രഹം ഉണ്ടായിരുന്നു...വീട്ടിലേക്കു നടക്കുന്ന അവളുടെ ഒപ്പമെത്തി ഞാന്‍ കാര്‍ നീട്ടി..
"എന്താ ഇത്??"
"ഒരു കാര്‍ഡ്...just ഒരു sorry"
"എനിക്ക് വേണ്ട"
"പ്ലീസ്..ഇത് വാങ്ങിക്..."
"എനിക്ക് പേടിയാ.." അവള്‍ നടന്നു...കുറെ സമയം ഞാന്‍ അവിടെത്തന്നെ നിന്നു...അവസാനം ആ കാര്‍ഡ് പല തുണ്ടുകളായി വഴിയരികിലെ ഓടയിലേക്കു വീണു...അവസാനത്തെ തുണ്ടും ഒഴുകി മറയുന്നത് നോക്കിനിന്ന ശേഷം ഞാന്‍ സൈക്കിള്‍ തിരിച്ചു...ദേഷ്യം, സങ്കടം, ചമ്മല്‍...എല്ലാം ഒരുമിച്ചായിരുന്നു അപ്പോള്‍...
പ്രതീക്ഷിച്ചതുപോലെ അതോടുകൂടി എല്ലാം അവസാനിച്ചു...പരീക്ഷ കഴിഞ്ഞു ...റിസള്‍ട്ട് വന്നു...+1,+2, പിന്നീട് 2,3 വര്‍ഷത്തേക്ക് ഞാന്‍ അവളെ കണ്ടിട്ടേ ഇല്ല...ഇടക്ക് അവളുടെ കൂടെ പഠിക്കുന്ന ആരെങ്കിലും പറഞ്ഞു കേട്ടങ്കിലായി ..അതും വല്ലപ്പോഴും...3 വര്‍ഷം കഴിഞ്ഞാണ് ഞാന്‍ പിന്നീട് അവളെ കണ്ടത്..ഒരു വൈകിട്ട് ഹോസ്റ്റലിലേക്ക് പോവാന്‍ ഇറങ്ങിയ ഞാന്‍ ടൌണിലെ തിരക്കില്‍ അവള്‍ നടന്നു പോകുന്നു...അന്ന് ഹോസ്റ്റെലില്‍ എത്തിയ ശേഷം ആദ്യം ചെയ്തത് ഓര്‍ക്കുട്ടില്‍ അവളെ തപ്പി എടുക്കുക ആയിരുന്നു...അധികം കഷ്ടപ്പെടാതെ ആ പ്രൊഫൈല്‍ കിട്ടി...വെറുതെ കയറി നോക്കി..2 ദിവസം കഴിഞ്ഞു അവളുടെ friend request വന്നു...കൂടെ ഒരു സ്ക്രാപ്പും..."ഓര്‍മ്മയുണ്ടോ???എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍???ഇപ്പോള്‍ എവിടെയാ??"
ഓര്‍മ്മയുണ്ടോന്നു...എന്നോട്...!!!!!!!!! അത് അങ്ങനെ അവസാനിച്ചു...
ഇപ്പോള്‍ 7 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു..ആകെ കൂടി അവളെ കണ്ടത് മൂന്നോ നാലോ തവണ മാത്രം...അതും ബസില്‍ വച്ചു...അവള്‍ എന്നെ കണ്ടിട്ടേ ഇല്ല...ഓണത്തിനോ ക്രിസ്തുമസിനോ, പിറന്നാളിനോ മറ്റോ വരുന്ന ഒരു സ്ക്രാപ്പ്, ഒരു ആശംസ...അതിനൊരു റിപ്ലേ.."thanks...,same to u.." ഇത്രമാത്രം....പക്ഷെ ഒന്നുണ്ട്...അവസാനം വിളിച്ച ഫോണ്‍ നമ്പര്‍ പോലും മറന്നു പോകുന്ന ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നുണ്ട് 7 വര്‍ഷം മുന്പ് വിളിച്ച ആ നമ്പര്‍... ഇന്നും ഞാന്‍ പ്രതീക്ഷികാരുണ്ട്..എന്നെങ്കിലും ഒരിക്കല്‍ ,എവിടെയെങ്കിലും വച്ചു, അവളെ വീണ്ടും കണ്ടുമുട്ടിയിരുന്നെങ്കില്‍ എന്ന്...അന്ന് ഏതെങ്കിലും ഒരു കോഫീ ഷോപ്പിന്റെ ടേബിളിന്റെ മുന്‍പിലിരുന്നു ഒരിക്കല്‍ കൂടി അവളോട് പറയാന്‍...ആ പഴയ ഇഷ്ടം ഇപ്പോളും മനസിന്റെ കോണുകളില്‍ എവിടെയോ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന്.....
15 Comments, Post your comment
Labels: കഥ
പൊട്ടിച്ചി
മഴ കനത്തു. ചിങ്ങത്തിലെ മഴയ്ക്കും ഇത്ര രൌദ്രഭാവമൊ? തുള്ളിക്കൊരു കുടം എന്ന കണക്കെ കോരിച്ചൊരിയുകയാണ്. ഭീകരമാകുന്ന മഴയുടെ ഭാവത്തിന് മിന്നലും ഇടിവെട്ടും കൊഴുപ്പേകി. ശക്തിയോടെ വെള്ളം കുത്തിയൊലിച്ച് പലവഴിക്കും പായുന്നു.
പാടത്തെ കീറിമുറിച്ച് കടന്നു പോകുന്ന റോഡ് ഉയരത്തില്‍ മണ്ണിട്ട് നിര്‍മ്മിച്ചതാണ്. രണ്ട് സൈഡും കരിങ്കല്ല് കൊണ്ട് ഭദ്രമായി കെട്ടിയിട്ടുണ്ട്. പാടനിരപ്പില്‍ നിന്ന് പത്ത് പന്ത്രണ്ടടി ഉയരത്തിലാണ് റോഡ്. സമതലനിരപ്പില്‍ നിന്ന് കരിങ്കല്‍ കെട്ടിന്റെ അരികു ചേര്‍ന്ന് പാടത്തേക്ക് ഇറങ്ങിപ്പോകാന്‍ നടന്നു നടന്ന് ചാലായ വഴിയുണ്ട്. ആ വഴിക്കരുകിലാണ് പുറമ്പോക്ക് കിടക്കുന്ന സ്ഥലത്ത് അഞ്ചെട്ട് കുടിലുകള്‍ അടുപ്പിച്ചടുപ്പിച്ച്.
മുകളില്‍ നിന്ന് മഴവെള്ളവും ചളിയും കുത്തിയൊലിച്ച് വഴിച്ചാലിലൂടെ പാടത്തേക്ക് പതിക്കും. പലപ്പോഴും വഴിച്ചാല് തിങ്ങി നിറഞ്ഞ് കുടിലുകള്‍ക്കകത്തേക്ക് കലക്കവെള്ളം കയറും. വെള്ളം കയറുന്നതില്‍ അതിനകത്തുള്ളവര്‍ക്ക് പരാതി ഇല്ലായിരുന്നു. മഴയിലും കാറ്റിലും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാതിരുന്നാല്‍ മതിയെന്നാണ് അവരുടെ പ്രാര്‍ത്ഥന.
പൊട്ടിച്ചിമാതുവിന്റെ കൂരയാണ് ഏറ്റവും മോശം. സിമന്റ് ചാക്കുകളും തുരുമ്പ് പിടിച്ച തകരഷീറ്റുകളും പലനിറത്തിലുള്ള പ്ളാസ്റ്റിക്ക് പേപ്പറുകളുംകൊണ്ട് വികൃതമായ ഒരു പ്രകൃതം. മറ്റുള്ളവയെല്ലാം ഓലക്കീറുകള്‍ കൊണ്ട് ഒതുക്കത്തില്‍ കെട്ടിയുണ്ടാക്കിയ കുടിലുകളായിരുന്നു. കൊച്ച് കുടിലുകളായതിനാല്‍ തല കുനിച്ച് ഞൂണ്ടു വേണം അകത്തേക്ക് കയറാന്‍.
പൊട്ടിച്ചിമാതുവൊഴികെ ബാക്കി എല്ലാവരും തമിഴരായിരുന്നു. അവര്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ പൊട്ടിച്ചിമാതു ഏതെങ്കിലും വീട്ടില്‍ പണിക്ക് പോകും.
കൊച്ചൌസേപ്പ് മാപ്ളയുടെ വീട്ടിലാണ് സ്ഥിരം പണി. അവിടെ പണി ഇല്ലെങ്കിലേ വേറെ എവിടെയെങ്കിലും പോകു.
ഒട്ടനോട്ടത്തില്‍ ഒരു ഭ്രാന്തിയാണെന്ന് തോന്നുമെങ്കിലും ഭ്രാന്തില്ല.
ഒരു പൊട്ടി.
വ്യക്തമല്ലാതെ മൂക്കു കൊണ്ടുള്ള സംസാരം കൂടി ആകുമ്പോള്‍ എല്ലാം തികഞ്ഞു. എന്തിനേറെ, ഒരു പെണ്ണിന്റെ സൌന്ദര്യത്തിന് മാറ്റ് കൂട്ടേണ്ട നെഞ്ചത്തെ ഉയര്‍പ്പ് പോലും പേരിനില്ല.
തൊട്ടടുത്ത കുടിലിലെ തമിഴത്തിത്തള്ളക്ക് പൊട്ടിച്ചിയെ ഇഷ്ടമായിരുന്നു. പൊട്ടിച്ചിയോട് കൂടാനും ചിരിക്കാനും അവര്‍ മാത്രമായിരുന്നു കൂട്ടിന്. പറയുന്നത് മുഴുവന്‍ മനസ്സിലാകില്ലെങ്കിലും തമിഴത്തി വായിലവശേഷിച്ച പല്ലുകള്‍ പുറത്ത് കാട്ടി കുലുങ്ങിച്ചിരിക്കും. മൂക്കിലെ രണ്ട് ഭാഗത്തേയും മൂക്കുത്തികള്‍ക്കൊപ്പം തുള വീണ ചെവിയും ചിരിയില്‍ ലയിക്കും. ആ ചിരി കാണുമ്പോള്‍ പൊട്ടിച്ചി വലിയ തൊള്ള തുറന്ന് ഒരു പ്രത്യേക ശബ്ദത്തോടെ ചിരിയില്‍ പങ്കുചേരും.
കൊച്ചൌസേപ്പ് മാപ്ളയുടെ പറമ്പില്‍ തെങ്ങ് കയറ്റം. പൊട്ടിച്ചി നാളികേരമെല്ലാം പെറുക്കി കൂട്ടുകയാണ്. പരിസരത്ത് മറ്റാരുമില്ല. കൊച്ചൌസേപ്പിന്റെ ഇളയ മകന്‍ ജോസ് അതുവഴി വന്നു. കുനിഞ്ഞുനിന്ന് നാളികേരം മാറ്റിയിടുന്ന പൊട്ടിച്ചിയുടെ ചന്തിയില്‍ ഒറ്റപ്പിടുത്തം. പെട്ടെന്നായതിനാല്‍ ഒന്നു ഞെട്ടിയ പൊട്ടിച്ചി ഒരു കയ്യില്‍ നാളികേരവുമായി ഉയര്‍ന്നപ്പോള്‍ ജോസ് പുറകില്‍. ജോസിനൊരു വെപ്രാളം. ഒരടി പുറകോട്ട് നീങ്ങിയപ്പോള്‍ പൊട്ടിച്ചി കയ്യില്‍ കയറി പിടിച്ചു.
" ഇഞ്ഞിം പിടിക്ക്. നല്ല സൊകം"
പെട്ടെന്ന് കൈ വിടുവിച്ച് ജോസ് തിരിഞ്ഞ് നടന്നു. ഇതൊന്നും അറിയാതെ തെങ്ങുകയറ്റക്കാരന്‍ പട്ട വെട്ടി താഴെ ഇടുന്നുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം കൊച്ചൌസേപ്പ് മാപ്ളയുടെ വീട്ടിലെ പണിക്ക് പോകാന്‍ മാത്രമെ പോട്ടിച്ചിക്ക് ഇഷ്ടമുണ്ടായിരുന്നുള്ളു. തരം കിട്ടുമ്പോഴൊക്കെ ജോസ് പൊട്ടിച്ചിയുടെ ചന്തിക്ക് പിടിച്ച് കൊണ്ടിരുന്നു.
തമിഴത്തിയോട് മാത്രമെ എല്ലാം പറയൂ. എന്ത് കേട്ടാലും ചിരിക്കുക എന്നതാണ് തള്ളയുടെ പണി.
"പൊത്തിച്ചി, ഉന്‍ വയറ് റൊമ്പ പെറ്‍സായിറ്‍ക്ക്. എന്നാച്ച്?" ഉയര്‍ന്ന വയറ് കണ്ട് തള്ളക്ക് ആശങ്ക.
"ആവൊ"
എന്തുകൊണ്ട് വയറ് വീര്‍ത്തു എന്ന് തിട്ടമില്ലാതെ എന്താണ് ഉത്തരം പറയുക. പലതും ചോദിച്ചെങ്കിലും പൊട്ടിച്ചിക്ക് ഒന്നും അറിയില്ലായിരുന്നു. അവസാനമാണ് ജോസിനെക്കുറിച്ച് സംസാരിച്ചത്. ജോസ് എന്ന വാക്ക് കേള്‍ക്കുമ്പോഴേക്കും പൊട്ടിച്ചിയില്‍ ഉണര്‍വും ആവേശവും അണപൊട്ടുന്നത് കണ്ട് തമിഴത്തിത്തള്ള എല്ലം ചോദിച്ചു.
ആരും ഇല്ലാത്ത സമയത്ത് ജോസ് പലപ്പോഴും മേത്ത് കയറിക്കിടക്കാറുണ്ടെന്നും, അങ്ങനെ കയറിക്കിടക്കുന്ന സമയത്ത് പാവാട ഉയര്‍ത്തി മുഖവും തലയും മൂടാറുണ്ടെന്നും, അടിവയറ്റിലൊരു സുഖം വരാറുണ്ടെന്നും ഒക്കെ പറഞ്ഞു.
പൊട്ടിച്ചിക്ക് വയറ്റിലുണ്ടെന്ന് റോഡുവക്കുള്ളവരൊക്കെ പെട്ടെന്നറിഞ്ഞു. ആത്മരോഷം പെരുകിയ നാട്ടുകാര്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇത്രയും നാള്‍ പൊട്ടിപ്പൊളിഞ്ഞ ഒരു കൂരക്കുള്ളില്‍ അവരെങ്ങിനെ ഒറ്റക്ക് കഴിയുന്നു എന്ന് ചിന്തിക്കുക പോലും ചെയ്യാതിരുന്ന കൂട്ടര്‍ ഗര്‍ഭത്തിന്റെ പൊരുള്‍ തേടി കുടിലുകള്‍ക്കിടയിലേക്ക് ഇടിച്ചിറങ്ങി.
ആക്രി പെറുക്കുന്ന തമിഴന്‍മാരുടെ കൂമ്പ് നോക്കി ഇടിച്ചു നാട്ടുകാര്‍. എന്തൊരു ധാര്‍മ്മികരോഷം..! കറുമ്പി പെണ്‍കുട്ടികളുടെ കൈക്ക് പിടിച്ച് വലിച്ചു. സഹികെട്ട തമിഴത്തിത്തള്ള വെട്ടോത്തിയെടുത്ത് പുറത്ത് വന്ന് അലറി.
"ടായ്..പുണ്ടച്ചിമക്കളെ..എന്നാ തിമിറ് ഉങ്കള്‍ക്കെല്ലാം. യാരാവത് അടുത്താല്‍ വെട്ടിടുവേന്‍." വെട്ടോത്തി വീശി തള്ള കോപം കൊണ്ട് വിറച്ചു.
ധാര്‍മ്മിക രോഷക്കാര്‍ റോഡിനു മുകളിലേക്ക് ഓടിക്കയറി.
"നാങ്കെ ആക്രി വേല താന്‍ പണ്ണത്. ആനാല്‍ നായ പോലെ അല്ലൈ. പശിക്കായ് പണി ശെയ്യത്, പാശത്ത്ക്കായ് പാവമാകത്. ആനാല്‍ മലയാലത്ത് മക്കള്‍ അന്തമാതിരി അല്ലൈ. പൊത്തിച്ചിയെ പാക്ക്...മലയാലത്ത്കാരന്‍ യൊരു നായ താന്‍ ഇന്ത മാതിരി പണ്ണി വെച്ചിറ്‍ക്ക്. അങ്കൈ പോയി കേള്." നീട്ടിത്തുപ്പിക്കൊണ്ട് മുകളിലേക്ക് നോക്കി വിളിച്ച് പറഞ്ഞ തമിഴത്തി ചവിട്ടിത്തുള്ളി അകത്തേക്ക് പോയി.
പിന്നെ ഇതാരായിരിക്കും? എല്ലാരും പരസ്പരം മുഖത്തോട് മുഖം നോക്കി. മുഖത്ത് നോക്കിയാല്‍ അടുക്കാന്‍ പോലും അറപ്പ് തോന്നുന്ന അതിന്റെ അടുത്ത് ഏതവനായിരിക്കും ഈ പണി ഒപ്പിച്ചത്. ആര്‍ക്കും അത്തരം ഒരു വ്യക്തിയെ കണ്ടെത്താന്‍ ആയില്ല. ഇക്കാര്യത്തില്‍ സ്വന്തം അച്ഛനെപ്പോലും വിശ്വസിക്കരുതെന്ന ചിലരുടെ അഭിപ്രായമാണ് പലരിലേക്കും സംശയങ്ങള്‍ എത്തിച്ചേരാന്‍ ഇടയാക്കിയത്.
എന്നാലും ജോസിനെ സംശയിക്കാന്‍ പലര്‍ക്കും പ്രയാസമായിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറാത്തവന്‍, സല്‍സ്വഭാവി, ദാനശീലന്‍ എന്നീ ഗുണങ്ങള്‍ക്ക് പുറമെ കൂട്ടുകാര്‍ക്ക് വെള്ളമടിയും അത്യാവശ്യം അല്ലറ ചില്ലറയും നല്‍കുന്നവന്‍. അതുകൊണ്ടുതന്നെ അല്ലെന്നു സമര്‍ത്ഥിക്കാനാണ് പലരും മെനക്കെട്ടത്.
മാസങ്ങള്‍ കഴിയുന്തോറും പൊട്ടിച്ചിയുടെ വയറ് വീര്‍ത്ത് വന്നു. മെല്ലിച്ച ശരീരത്തില്‍ ഒരു വലിയ വയറ് കൂടി ആയപ്പോള്‍ ഒന്നുകൂടി വികൃതമായി. പല മാന്യരുടേയും ധാര്‍മ്മികരോഷം മദ്യത്തില്‍ മുങ്ങിക്കുളിച്ചപ്പോള്‍ പാവം പൊട്ടിച്ചിയും വയറും അനാഥമായി തമിഴത്തിത്തള്ളയുടെ മങ്ങിയ ചിരിക്കുള്ളില്‍ സാന്ത്വനം തേടി.
ഒരു കറുത്ത രാത്രിയില്‍ മഴ വീണ്ടും ഗര്‍ജ്ജിച്ചു. ഇരുട്ടിലൂടെ കലക്കവെള്ളം കുത്തിയൊലിച്ച് വഴിച്ചാലിലൂടെ പാഞ്ഞു. ഇടിവെട്ടിനിടയില്‍ പൊട്ടിച്ചിയുടെ കരച്ചില്‍ തുരുമ്പിച്ചു. സംശയം തോന്നിയ തമിഴത്തി ഓടിയെത്തി കൂര മറച്ചിരുന്ന സിമന്‍റ് ചാക്ക് ഉയര്‍ത്തി നോക്കി. മിന്നലിന്റെ വെളിച്ചത്തില്‍, പൊട്ടിച്ചി അകത്ത് കയറിയ കലക്കവെള്ളത്തില്‍ കാലിട്ടടിച്ച് വയറ് പൊത്തി അലറുന്നത് കണ്ടു.
ശങ്കിക്കാതെ തിരിച്ചോടി സ്വന്തം കുടിലില്‍ നിന്ന് കുറേ പഴന്തുണിയും കറിക്കത്തിയുമായി തമിഴത്തിത്തള്ള, ചാരിവെച്ചിരുന്ന പൊട്ടിച്ചിയുടെ കൂരയുടെ പാട്ടക്കതക് തള്ളിത്തുറന്ന് അകത്ത് കടന്നു. കതകടച്ച് ചിമ്മിനി വെളക്ക് കത്തിച്ചു. അരണ്ട പ്രകാശത്തില്‍ അരക്ക് താഴെ ഉടുതുണിയില്ലാതെ മുക്കിയും മൂളിയും കലക്കവെള്ളത്തില്‍ കാലിട്ടടിക്കുന്നു പൊട്ടിച്ചി. ശകാരങ്ങള്‍ക്കും ഞരക്കങ്ങള്‍ക്കും ഒടുവില്‍ കൊച്ചിന്റെ കരച്ചില്‍. വഴുവഴുപ്പില്‍ നിന്ന് കൊച്ചിനെയെടുത്ത് പൊക്കിള്‍ക്കൊടി കത്തി കൊണ്ട് കണ്ടിച്ചു. വഴുവഴുപ്പെല്ലാം പഴന്തുണികൊണ്ട് തുടച്ച് വെള്ളമില്ലാത്ത ഭാഗത്ത് കൊച്ചിനെ കിടത്തി. പ്രസവച്ചോരയുടെ ചൂര് കൂരയില്‍ നിന്ന് സിമന്‍റ് ചാക്കിനിടയിലൂടെ പുറത്തെ കനത്ത മഴയില്‍ അലിഞ്ഞു കൊണ്ടിരുന്നു. ചെറിയൊരു അനക്കം മാത്രം അവശേഷിച്ച പൊട്ടിച്ചിയില്‍ നിന്ന് നിലയ്ക്കാത്ത ചോര അവശിഷ്ടങ്ങളുമായി ചേര്‍ന്ന് കലക്കവെള്ളത്തിലൂടെ പുറത്തേക്ക് ഇഴഞ്ഞു.
വിടവുകളിലൂടെ അകത്ത് കടന്ന കാറ്റ് ചിമ്മിനിവെട്ടം ഊതി കെടുത്തി.
അമ്മത്തൊട്ടില്‍ മാത്രം അഭയമായ പിഞ്ച് മനസ്സ് ഇരുട്ടില്‍ കാറി കരഞ്ഞു.
പട്ടേപ്പാടം റാംജി.
59 Comments, Post your comment
Labels: ചെറുകഥ
വിമലയുടെ യാത്രകൾ
വിചിത്രമല്ലെന്ന് ഉറപ്പിച്ചു പറയാൻ ഏത് ചിന്തയുണ്ട് കൂട്ടിന്?
ഒന്നുമില്ല.
എത്രത്തോളം സ്വയം ഒറ്റുകൊടുക്കാം എന്നാലോചിക്കുകയായിരുന്നു വിമല.
വിവാഹത്തിനുശേഷമുള്ള ഒൻപത് വർഷങ്ങളിൽ ഒരിയ്ക്കൽ പോലും ഒറ്റയ്ക്ക് യാത്രചെയ്തിട്ടില്ല അവൾ.
ദേശം മാറുന്നതിനനുസരിച്ച് ഭരതിന്റെ ഇടത്തായും വലത്തായും കൂട്ടിരിക്കുക മാത്രമേചെയ്തിട്ടുള്ളൂ..
ഭരതിനാവട്ടെ യാത്രനീളെ സംസാരിച്ച് കൊണ്ടിരിക്കണം,ഒന്നുകിൽ ക്രിക്കറ്റ്,അല്ലെങ്കിൽ ഭൂമിയിടപാട്,ആരോഗ്യസംരക്ഷണം..വിമലയ്ക്ക് താല്പര്യം തോന്നാത്തതെന്തൊക്കെയുണ്ടോ അതെല്ലാം.
ചിലപ്പോൾ അവൾക്ക് തോന്നും കാറിന്റെ വിൻഡോഗ്ലാസ്സ് താഴ്ത്തി മധുസൂദനൻ നായരുടെ ശബ്ദമനുകരിച്ച് ‘ഇരുളിൻ മഹാനിദ്രയിൽ..’പാടണമെന്നൊക്കെ..
പക്ഷേ ചെയ്യില്ല.
പകരം ഭരതിനു വേണ്ടതെല്ലാം പറഞ്ഞു കൊണ്ടേയിരിക്കും.
അവളില്ലാതെ അയാളെക്കൊണ്ട് ജീവിക്കാനേ വയ്യെന്ന തോന്നൽ വരെ ഉണ്ടവൾക്ക്..
ആദി ജനിച്ചതിനു ശേഷം ചിലരാത്രികളിൽ തന്നെ തീരെ ശ്രദ്ധിക്കുന്നില്ലെന്ന് അയാൾ പരാതി പറയാറുണ്ടെങ്കിലും തനിക്ക് വിശേഷിച്ച് മാറ്റമൊന്നുമില്ലെന്ന് അവൾ സ്വയം വിശ്വസിച്ചു.
ശരീരം കൊണ്ട് പൂർണ്ണമായും മനസ്സ് കൊണ്ട് പകുതിയും ,പതിവു പോലെ അയാളിൽ തന്നെ ജീവിയ്ക്കുകയായിരുന്നു അവൾ.
മനസ്സിന്റെ മറ്റേപ്പാതിയാവട്ടെ അവളുടെ അധീനതയിലുമല്ല.
ഭരതിനെ മാത്രമേ സ്നേഹിക്കാനുണ്ടായിരുന്നുള്ളൂ അവൾക്ക്..
എന്നിട്ടും അവളിലെ അത്യാഗ്രഹിയായ സ്ത്രീയെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല ,അയാളുടെ കരുതലിനൊന്നും.
ചിലപ്പോൾ അവൾക്ക് തോന്നും അവളിലെത്തന്നെ പാതി പുരുഷൻ അവളിലെ പാതി സ്ത്രീയുമായി നിരന്തരം പ്രണയത്തിലാണെന്ന്, എത്ര അടുത്താലും മറ്റാർക്കും പതിച്ചു കൊടുക്കാൻ അനുവദിക്കാത്തവണ്ണം സ്നേഹം ശീലിപ്പിച്ച മുരടനായ പപ്പാതി.
അവളിലെ സ്ത്രീയെ മുഴുവനായി അടക്കിപ്പിടിച്ച അവളിലെത്തന്നെ പുരുഷൻ.
അതാണു പറഞ്ഞത് വിചിത്രമല്ലാത്ത ഒരു ചിന്തയും ബാക്കിയില്ലെന്ന്.
ഇനിയുള്ള പത്തറുപത് ദിവസങ്ങളിൽ യാത്രയിൽ മുഴുവൻ വിമലയ്ക്ക് കൂട്ടിരിക്കേണ്ടത് ഈ ഭ്രാന്ത് തന്നെയാണ്.
ഇങ്ങനെയുള്ള ചിന്തകളുണ്ടാകുന്നത് മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഭരതിനോട് പറയാനൊരുങ്ങിയത്.
‘ എങ്ങോട്ടേക്കെങ്കിലും പോണെന്ന്...’
‘ എങ്ങോട്ടേക്കെങ്കിലും ’ എന്നത് അയാൾക്ക് പ്രായോഗികമായി തോന്നില്ലെന്നറിഞ്ഞതു കൊണ്ട് നാട്ടിൽ അമ്പലങ്ങളിലേക്ക് പോകാമെന്ന് പറഞ്ഞു.
തന്റെ ഇതുവരെയുള്ള നിശ്ചലാവസ്ഥയുടെ ലക്ഷ്യം തന്നെ ചലനമാണെന്ന് തോന്നുകയയിരുന്നു അവൾക്ക്, അവസാനമില്ലാത്ത ചലനം..യാത്ര.
നാട്ടിലേക്ക് വരാൻ ഭരതിന് താല്പര്യമുണ്ടായിരുന്നില്ല.ആദിക്ക് സമ്മർ ക്യാമ്പ്.മഴ നനഞ്ഞ് അമ്പലങ്ങൾ കയറിയിറങ്ങാൻ വയ്യെന്ന് തീർത്ത് പറഞ്ഞു അവൻ.
ഇപ്പോഴത്തെ കുട്ടികളിലധികവും പ്രായോഗികവാദികളാണ്.
അവർ വളരെ വേഗത്തിലാണ് വളരുന്നതു പോലും..
ഏഴു വയസ്സേ ആയുള്ളൂ ആദിക്കെന്ന് വിശ്വസിക്കാൻ വിമലയ്ക്കാണ് ഏറ്റവും പ്രയാസം.
‘ തനിച്ച് പോയിക്കോള്ളൂ ’എന്ന് ഭരത്..
‘ അതാണ് നല്ലത്. അമ്മ ഒന്ന് റിഫ്രഷ്ഡ് ആയിട്ട് വാ ’ എന്ന് ആദി..
‘ അപ്പോ നിങ്ങടെ കാര്യമൊക്കെ..’ ചോദിച്ച് കഴിഞ്ഞപ്പോഴാണ് അതിന്റെ പ്രസ്ക്തിയില്ലായ്മയെക്കുറിച്ച് ഓർത്ത് വിമലയ്ക്ക് സ്വയം പരിഹാസം തോന്നിയത്..
പാചകം..പൊടി തുടയ്ക്കൽ..അലക്കൽ..ഇസ്തിരിയിടൽ..ഷൂ പോളിഷിംഗ്..
അതെല്ലാതെ മറ്റെന്താണ് നടക്കാതിരിക്കുക..??
ഒൻപത് വർഷമായിട്ട് ഒറ്റയ്ക്കൊരിയ്ക്കലും ദൂരെ എവിടേക്കും പോയില്ലല്ലോ എന്നൊരു വേവലാതിയും തോന്നി കൂട്ടത്തിൽ.
യാത്ര നീളെ എല്ലാത്തിലുമൊരു കൊച്ചു കുട്ടിയുടെ കൗതുകം കയറിവരുന്നുണ്ടോ എന്ന് സംശയിക്കുകയായിരുന്നു വിമല.
എന്നാലും ,ഇനി മറ്റാരുടേയും ഇടപെടൽ ഇല്ലാതെ തന്നിൽ തന്നെയുള്ള പുരുഷനും സ്ത്രീയ്ക്കും പരസ്പരം സ്നേഹത്തിന്റെ പുതിയ ശീലങ്ങൾ തുടങ്ങാം.
‘ ഒരു സ്പർശനം വരെ മൗനം അസഹ്യമാണെ’ന്നൊക്കെ പ്രണയാക്ഷരങ്ങൾ എഴുതിത്തുടങ്ങാം..
വിൻഡോഗ്ലാസ്സിനു നേരെ വിരൽ ചൂണ്ടി ‘ നക്ഷത്രത്തിന്റെ അരികോളം വിസ്തൃതമായ തൂവാല കൊണ്ട് ഞാൻ നിന്റെ കണ്ണുപൊത്താം ’ എന്ന് പറഞ്ഞു നോക്കാം..
അവളിലെ സ്ത്രൈണതയുടെ മഞ്ഞശലഭങ്ങൾക്ക് പാതിപൗരുഷത്തിന്റെ കല്ലിൽ നിശ്ചലമായി വിശ്രമിയ്ക്കാം.
നാട്ടിൽ സ്വീകരിയ്ക്കാൻ കാത്ത് നിന്നത് കിട്ടേട്ടനാണ്.അവരുടെ വീട് സൂക്ഷിക്കുന്നതും അയാളാണ്.പിന്നെ ഡ്രൈവർ,പാചകക്കാരൻ..അങ്ങനെ അങ്ങനെ.സിനിമയിലൊക്കെ ശങ്കരാടി ചേട്ടനെയോ പപ്പു ചേട്ടനെയോ ഒക്കെ കാണുമ്പോൾ വിമല ഓർക്കാറുള്ളത് കിട്ടേട്ടനെയാണ്.
പുതിയ വീട്ടിലേക്ക് പോകാൻ പക്ഷേ വിമലയ്ക്ക് മനസ്സ് വന്നില്ല.
ആർക്കിടെക്ചറിനു പഠിക്കുമ്പോൾ കുറഞ്ഞത് തനിക്ക് താമസിയ്ക്കേണ്ട വീടെങ്കിലും സ്വന്തമായി പണിയണമെന്നുണ്ടായിരുന്നു അവൾക്ക്.
‘ ഓകെ വിമലാ..അതൊക്കെ ഗണേഷ് നോക്കിക്കൊള്ളും..ഹി ഈസ് ബ്രില്ല്യന്റ് ..അവന്റെ ഡിസൈൻ ഒക്കെ ഫന്റാസ്റ്റിക്കാണ്.. '
ഭരതിന്റെ വിശ്വാസം തെറ്റിയൊന്നുമില്ല.
ഗൃഹപ്രവേശനം കഴിഞ്ഞ് ആഗ്രഹിക്കാതെ തന്നെ ഒരുപാട് അഭിനന്ദനങ്ങളും കിട്ടി അവൾക്ക്.
‘ ഹൗ ഈസ് ഇറ്റ് വിമലാമാഡം? ’ ഗണേഷും ചോദിക്കുകയുണ്ടായി.
രാത്രി വീട്ടിനകത്ത് അലങ്കാരങ്ങൾ നിറച്ച ബാർ കൗണ്ടറിൽ ഭരതിനോടൊപ്പം ആഘോഷിച്ച് തുടങ്ങുകയായിരുന്നു അയാൾ.
അവർ കഴിക്കുന്നതെന്താണെന്നറിയാൻ കുറേ നേരം ഭംഗിയുള്ള ബോട്ടിലിൽ നോക്കിയിരുന്നെങ്കിലും അക്ഷരങ്ങൾ കൂട്ടിവായിക്കാൻ അന്നേരം അവൾക്ക് കഴിഞ്ഞില്ല.
ബാർ കൗണ്ടറിന്റെ സ്ഥാനത്ത് ഒരു പുസ്തകഷെൽഫായിരുന്നു വിമല ആലോചിച്ചു വെച്ചത്.പടികളുടെ ആകൃതിയിൽ.
നീലയും മഞ്ഞയും നിറത്തിലുള്ള മത്സ്യങ്ങൾ എമ്പോസ്സ് ചെയ്ത, മീതേ ഗ്ലാസ്സ് കൊണ്ടുള്ള ഒരു ഷെൽഫ്.
ആഴക്കടലിലേക്കുള്ള പടികളിലിരുന്ന് പുസ്തകങ്ങൾ വായിക്കാൻ കഴിയുന്നതു പോലെ.
‘ പുതിയ വീട്ടിലേക്കില്ല.. കിട്ടേട്ടന്റെ വീട്ടിലേക്ക് പോകാം ’ പിന്നെ അയാൾ വിശ്വസിക്കുന്ന ഒരു കള്ളവും ചേർത്തു: ‘ ഭരതേട്ടനും ആദിയും ഒന്നുമില്ലാതെ..'
അമ്പലങ്ങളിലേക്കുള്ള യാത്രയും സമയവും വഴിപാടുകളും നിശ്ചയിച്ചത് കിട്ടേട്ടനാണ്.വിമലയ്ക്ക് അതിലൊന്നും താല്പര്യം തോന്നിയില്ല.
ദൈവം മനസ്സിലാണുള്ളതെന്ന് അവൾ വിശ്വസിച്ചു.അല്ലാതെ ഇടനിലക്കാരനായ മനുഷ്യൻ വാതിലടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനനുസരിച്ച് കാണുകയും കേൾക്കുകയും , സാരിയുടുത്തോ ഷർട്ടഴിച്ചോ എന്നൊക്കെ ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരാളായി ദൈവത്തെ കാണാൻ അവൾക്ക് പ്രയാസം തോന്നി.
’ ഭണ്ണാരത്തിലിടണ്ടേ? ‘ എന്ന കിട്ടേട്ടന്റെ ചോദ്യത്തിന് സ്വന്തമായി സമ്പാദിക്കാത്ത പണം കാണിക്കയായിടുന്നതിന്റെ അർത്ഥമില്ലായ്മ ഓർത്ത് അവൾ സ്വയം ചിരിച്ചു.
’ എല്ലാം കിട്ടേട്ടൻ തന്നെ ചെയ്യൂ ‘ എന്ന് പറയുകയും ചെയ്തു.
യാത്രകൾക്കിടയിലെല്ലാം മഴയും മരങ്ങളും കണ്ട് തീർക്കുകയായിരുന്നു അവൾ.
ഒരുപാട് മരങ്ങൾ.
മൃഗങ്ങളിലെ ചോര പോലെത്തന്നെ മരങ്ങളിലെ ഹരിതകവും..
അടുത്ത് കാണുമ്പോഴുള്ള രൂപങ്ങളിലെ വൈവിധ്യത്തിനപ്പുറത്ത് ഒരു അകലം കഴിഞ്ഞാൽ പിന്നെ വേർതിരിയ്ക്കാനാവാത്ത സാമ്യതകൾ..
ഓരോരുത്തരിലും ഒരു മരം വളരുന്നുണ്ടെന്ന് തോന്നി വിമലയ്ക്ക്.
ആകാശത്തിന്റെ വഴിയിൽ എത്രദൂരം നടന്നാലും പിറവിയുടെ മണ്ണ് മുറുകെപ്പിടിക്കുന്ന വേരുകളുള്ള ഒരു മരം.
പരസ്പരം പ്രണയിച്ചു ശീലിച്ച പുരുഷനും സ്ത്രീയ്ക്കും ഒപ്പം പരിത്യാഗിയായ ഒരു സന്ന്യാസി കൂടി തന്റെ മനസ്സിൽ അലയുന്നത് വിമല അറിഞ്ഞു.
അപ്രായോഗികമാണ് തോന്നലുകളെല്ലാം.
വൈരുദ്ധ്യമായ പലപല ആഗ്രഹങ്ങൾ കൊണ്ട് അപ്രായോഗികമായിപ്പോകുന്ന തോന്നലുകൾ.
വഴിയിലൊരിടത്ത് മഴ മാറിയ ഒരു വൈകുന്നേരം മഴവില്ല് കൂടി കണ്ടവൾ.
യാത്രയുടെ ദിശയിൽ തന്നെയായിരുന്നതു കൊണ്ട് ഏറെ നേരമുണ്ടായിരുന്നു ആ കാഴ്ച.
’ ഫോട്ടോ എടുക്കായിരുന്നു ‘
കിട്ടേട്ടൻ ആഗ്രഹിച്ചു.
വേണ്ടെന്ന് പറഞ്ഞു വിമല.ഒരു ക്യാമറയുണ്ടാകുമ്പോൾ ഫോട്ടോ നന്നാകണമെന്നേ ഉണ്ടാകൂ..മനസ്സിലേക്ക് കാഴ്ച നിറയ്ക്കാൻ കഴിയില്ല.
യാത്രയിലൊടുക്കം താൻ ജനിച്ചു വളർന്ന വീട്ടിലേക്കും പോകണമെന്നുണ്ടായിരുന്നു അവൾക്ക്.
ആരും നില്ക്കാനില്ലാത്തതു കൊണ്ട് ആർക്കോ വിറ്റുപോയ ഒരു പഴയ വീട്.
വീട് വില്ക്കുമ്പോൾ തന്റെ മുറിമാത്രം ഒഴിച്ച് നിർത്തി വില്ക്കാമോ എന്നൊരു വിഡ്ഢിത്തം കൂടി ചോദിച്ചിരുന്നു അവൾ
അച്ഛനോട് തന്നെക്കാണാൻ ഇങ്ങോട്ട് വരുമോ എന്ന് ചോദിച്ചു വിമല.പിന്നെ കിട്ടേട്ടൻ തന്നെ പറഞ്ഞു:
’ ബാംഗ്ലൂരിപ്പോയ്ട്ട് സാറിനെ കാണാന്നെ ‘
കാറിലാണെങ്കിൽ വയ്യെന്ന് പറഞ്ഞു വിമല.
റോഡ് മോശം.
പുതുമഴയുടെ ദിവസങ്ങളിൽ ടിന്നിലടച്ചിടുന്ന വണ്ടിനെപ്പോലെ സ്വയം ശബ്ദിച്ചും ഇളകിയും മുകളിലേക്ക് തെറിച്ചും ശർദ്ദിച്ചും സമയം കൊല്ലാം.
’ ട്രെയിൻ മതി ‘
അതാകുമ്പോൾ ചില ഓർമ്മകൾ കൂടി കൂട്ടുണ്ടാകും.
പണ്ട് അവളെഴുതാറുള്ള ഡയറിയിൽ പാതിയും ട്രെയിനിന്റെ ലോഹകമ്പികളിൽ നെറ്റിചേർത്ത് കാറ്റിലേക്ക് കൈകൾ പറത്തിവിട്ട് കണ്ട കാഴ്ചകളാണ്..
പഴയ വീട് വില്ക്കുന്നതിനിടെ തന്റെ പുസ്തകങ്ങൾ,ഡയറികൾ എല്ലാം എന്തു ചെയ്തു എന്ന് ചോദിക്കാൻ മറന്നു പോയല്ലോ എന്നോർത്തു അവൾ.
ഇനി ചോദിച്ചിട്ടും കാര്യമില്ല.
അച്ഛൻ കാത്ത് നില്പ്പുണ്ടായിരുന്നു.
പ്രായം കുറഞ്ഞു വരികയാണല്ലേ എന്ന് കളി പറഞ്ഞു.
ആദിയേയും ഭരതിനേയും എത്ര കാലമായി കണ്ടിട്ടെന്ന പരാതി അച്ഛന്.
’ അച്ഛ്നുമമ്മയും ഞങ്ങളുടടുത്ത് മാത്രം വന്ന് നില്ക്കില്ലല്ലോ ‘
അച്ഛൻ സ്മിതചേച്ചിക്കൊപ്പം ബാംഗ്ലൂരിൽ.അമ്മ ജപ്പാനിൽ, രേണു ചേച്ചിക്കൊപ്പം.
അത് ശരിയാണെന്ന് ഒരിയ്ക്കലും തോന്നാറില്ല വിമലയ്ക്ക്.
വയസ്സാകുമ്പോഴാണ് ഒരുമിച്ച് നില്ക്കേണ്ടത്.
അല്ലാതെ ലോകത്തിന്റെ രണ്ടറ്റത്തിരുന്ന് ലാപ്ടൊപ്പിന്റെ ഇത്തിരിക്കുഞ്ഞൻ സ്ക്രീനിൽ മുഖം കണ്ട് ശബ്ദം കേട്ട്..
പക്ഷേ പുറത്ത് പറയാറില്ല.ഒരു കലഹമുണ്ടാക്കണ്ട ചേച്ചിമാരുമായി എന്ന് കരുതി മാത്രം.
മുൻപ് സ്മിതചേച്ചിയുടെ കൂടെ ബാംഗ്ലൂരിൽ നില്ക്കുമ്പോൾ അയലത്ത് ഒരു പഞ്ചാബി കുടുംബമുണ്ടായിരുന്നു. അതിലെ മുത്തശ്ശനും മുത്തശ്ശിക്കും രാവിലെയും വൈകിട്ടും ഒന്നിച്ചൊരു നടത്തമുണ്ടായിരുന്നു.
വിമല ടെറസിനു മുകളിലിരുന്ന് ആ യാത്ര കാണും.
അവൾക്ക് കൊതി തോന്നും.
വേഗം വിവാഹം കഴിച്ച്..വേഗം വയസ്സായി..ഒന്നിച്ച് നടക്കാൻ..
സ്മിതചേച്ചിയുടെ അടുക്കളയിലിരുന്ന് അതെല്ലാം ഓർത്ത് വീണ്ടും ചിരിച്ച് പോയി വിമല.
‘അവരെവിടെ..ആ സുരീന്ദർ സിംഗും ഫാമിലിയും?’
വിമല ചോദിക്കാതിരുന്നില്ല.
പത്ത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
‘നീ ഒന്നും മറക്കുന്നില്ലേ..അവരു തിരിച്ച് പോയി..ആ വീട്ടിലിപ്പോ നായിഡു കുടുംബമാണ്’
ലുധിയാനയിലെ വഴികളിലൂടെ ഓറഞ്ച് തലപ്പാവുകെട്ടിയ വൃദ്ധനും നീളത്തിൽ പിരിച്ചു കെട്ടിയ വെള്ളിമുടിയുള്ള വൃദ്ധയും നടക്കുന്നുണ്ടാകുമെന്ന് അവൾ ആശിച്ചു.
പിന്നെ മറ്റൊരു ചിന്തകൾക്കും ഇടം കൊടുക്കാതെ ഭരതും ആദിയും അവളുടെ മനസ്സിൽ നിറഞ്ഞു.
അവരെല്ലാം അടുത്തുണ്ടാകുമ്പോൾ,അവർക്കെല്ലാം സുഖമാണെന്നറിയുമ്പോൾ, മാത്രമാണ് പ്രണയാക്ഷരങ്ങളിലൂടെ സ്നേഹം ശീലിപ്പിക്കുന്ന പുരുഷനും സ്നേഹത്തോട് അത്യാഗ്രഹം തോന്നുന്ന സ്ത്രീയും ഊരു തെണ്ടിയായ സന്യാസിയും തന്നെ പരീക്ഷിക്കാൻ വരുന്നുള്ളൂ എന്ന് വിമല തിരിച്ചറിഞ്ഞു.
ഇനി മടങ്ങിപ്പോക്ക്..
എല്ലാം സ്വസ്ഥമാണെന്ന് നിശ്ചയിക്കുമ്പോൾ തുടങ്ങുന്ന വികാരവിചാരങ്ങളിലേക്ക്.
14 Comments, Post your comment
Labels: 'കഥ'
ഗാന്ധര്‍വ്വമോക്ഷം
ഈ വർഷത്തെ പ്രോഫഷണൽ നാടകങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നാടകത്തിനും സംവിധാനത്തിനുമുൾപ്പെടെ എട്ട് അവാർഡുകളുമായി കലാധാര കലാവേദിയുടെ ഗാന്ധര്‍വ്വമോക്ഷം അവാർഡുകളിൽ നിറഞ്ഞു നിന്നു. അകാലത്തിൽ മലയാള നാടകവേദിയെ വിട്ട് പിരിഞ്ഞ നടനും സംവിധായകനുമായ ശ്രീ കലാധാര ബാലനാണ് ഈ നാടകത്തിന്റെ സംവിധായകൻ. ഈ വർഷത്തെ മികച്ച സംവിധായകനുള്ള അവാർഡ് മരണാനന്തര ബഹുമതിയായി കലാകേരളം അദ്ദേഹത്തിനു സമർപ്പിക്കുന്നു. മറ്റു അവാർഡ് വിവരങ്ങളിലേക്ക്.... ടി.വി. ഓഫ് ചെയ്ത് നാണുവാശാൻ ചാരുകസേരയിലേക്ക് മെല്ലെ കിടന്നു. അകത്തെ മുറിയിൽ നിന്നും ബാലന്റെ വിധവ പൂർണ്ണിമയുടെ ഏങ്ങലടിയിൽ നാണുവാശാന്റെ മനസ്സ് അസ്വസ്ഥമായി..
ടെലിഫോൺ തുടർച്ചയായി അടിച്ചുകൊണ്ടിരുന്നു. നാണുവാശാൻ ഒരു സ്തംഭം കണക്കെ ഇരിപ്പാണ്. വലിച്ചുവാരി ചുറ്റിയ സാരിയുടെ കോന്തലയിൽ കരഞ്ഞ് കലങ്ങിയ കണ്ണൂകൾ ഒപ്പിക്കൊണ്ട് പൂർണ്ണിമ റിസീവർ കൈയിലെടുത്തു.
"ഹലോ..." പൂർണ്ണിമയുടെ ശബ്ദം ചിലമ്പിച്ചിരുന്നു..
"ചേച്ചീ ഇത് ഞാനാ.. ആശാനില്ലേ അവിടെ?" ബിജുവിന്റെ ശബ്ദം തിരിച്ചറിഞ്ഞ പൂർണ്ണിമ ഫോൺ ആശാനുനേരെ നീട്ടിയിട്ട് വിതുമ്പിക്കൊണ്ട് മുറിയിലേക്ക് പോയി. നിർവ്വികാരനായി ആശാൻ റിസീവർ കൈപറ്റി. "ഹും" ഒരു മൂളൽ മാത്രം. അതിനപ്പുറം വാക്കുകൾ ആ പിതാവിന്റെ തോണ്ടയിൽ ആന്‍ കുടുങ്ങി.
"ആശാനേ.. വാർത്ത കേട്ടില്ലേ? അവിടെ ആരെങ്കിലും വിളിച്ചായിരുന്നോ? ഓഫീസിൽ എല്ലാവരും വന്നിട്ടുണ്ട്. നമ്മൾ എന്താ ചെയ്യേണ്ടത്?" ഒറ്റ ശ്വാസത്തിൽ അത്രയും ചോദ്യങ്ങൾ ചോദിച്ച ബിജു ദ്വേഷ്യം കൊണ്ട് വിറക്കുകയായിരുന്നു..
പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് ഫോൺ ഡിസ്കണക്റ്റ് ചെയ്യുമ്പോൾ എന്തായിരുന്നു മനസ്സിൽ എന്ന് നാണുവാശാനും അറിയില്ലായിരുന്നു. മരുമോളുടെ കണ്ണൂനീരിനു മുൻപിൽ തനിക്ക് ഒന്നിനും കഴിയുന്നില്ല എന്ന തിരിച്ചറിവ് കൂടുതൽ വിഷമിപ്പിച്ചു എന്ന് മാത്രം.
നാണുവാശാൻ വീണ്ടും കസേരയിൽ ഇരുന്നു. ഓരോന്ന് ഓർത്തു. യാതനകൾ ഒട്ടേറെ അനുഭവിച്ച ആദ്യകാലം..
തെരുവ് നാടകങ്ങളുമായി നാടു ചുറ്റിയിരുന്ന കാലം. തന്നെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു കുടുംബം. പലപ്പോഴും നാടക കളരിയിൽ തന്നെയായിരുന്നു താമസവും. ഭാര്യയും മകനും മകളും യാതൊരു പരാതികളുമില്ലാതെ എന്നും കൂടെയുണ്ടായിരുന്നു. മക്കളുടെ വിദ്യാഭ്യാസം പോലും തന്നിലെ നാടകക്കാരൻ മറന്നു. അല്ലെങ്കിലും ഊരു തെണ്ടി നടക്കുമ്പോൾ എങ്ങിനെയാ പഠനത്തെക്കുറിച്ചൊക്കെ ചിന്തിക്കുന്നേ. മാത്രവുമല്ല, തന്റെ വിപ്ലവമനസ്സിൽ അന്ന് നാടകം മാത്രമേ ഉണ്ടായിരുന്നുള്ളല്ലോ. അങ്ങിനെ എപ്പോഴോ ബാലനും തെരുവുനാടകകാരിൽ ഒരുവനായി. പലപ്പോഴും തങ്ങളുടെ നാടകങ്ങൾ ഉന്നതരായ പലരേയും അസ്വസ്ഥരാക്കുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും, അല്ലെങ്കിൽ പലപ്പോഴായി പലരിൽ നിന്നും മുന്നറിയിപ്പ് കിട്ടിയിട്ടും അതേ വഴി തുടർന്നതിനുള്ള ശിക്ഷ..!! തന്റെ ഭാര്യയെയും മകളെയും തെരുവു വേശ്യകളെന്ന് ചിത്രീകരിച്ച് ജയിലിലടച്ച് പീഢിപ്പിച്ചു ആ സാമദ്രോഹികൾ. അവരുടെ സ്വാധീനശക്തിക്ക് മുൻപിൽ തകർന്ന് പോയില്ലേ അന്ന്. സമിതിയംഗങ്ങളുടെ പിൻതുണ കൊണ്ട് മാത്രമാണ് വീഴാതെ ഇരുന്നത്. ഒടുവിൽ നാട്ടുകാരുടെ പരിഹാസം സഹിക്കാനാവാതെ, ജയിലഴികൾക്കുള്ളിൽ വച്ച് ഏമാന്മാർ പാകിയ വിത്തുകൾ മുളപൊട്ടി എന്ന തിരിച്ചറിവിൽ അടുത്തുള്ള പുഴയുടെ ആഴങ്ങളിൽ കണ്ണാരം പൊത്തിക്കളിക്കാൻ ഒന്നിച്ച് കൈപിടിച്ചിറങ്ങിയ അമ്മയും മകളും!! ഒരു തരം മരവിപ്പോടെ മാത്രമേ ഇന്നും തനിക്കത് ഓർമ്മിക്കാൻ കഴിയുന്നുള്ളൂ.
അതോട് കൂടി തളർന്ന് പോയി. എല്ലാം അവസാനിപ്പിച്ചതാണ്. പക്ഷെ, ബാലൻ കീഴടങ്ങാൻ കൂട്ടാക്കിയില്ല. അവൻ നാടകം ഉപജീവനമാർഗ്ഗമാക്കാൻ തിരുമാനിച്ചു. പല സമതികളിലായി ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി, പതുക്കെ അവൻ അറിയപ്പെടാൻ തുടങ്ങി. എന്നാലും തെരുവുനാടകക്കാരന്റെയും തെരുവുവേശ്യയുടെയും മകൻ എന്ന ആ വിളിപ്പേരു അവനെ വിട്ട് പോയില്ല. ഒന്നിനെക്കുറിച്ചും അവൻ ചിന്തിച്ചില്ല. ഒരു പെണ്ണിനെക്കുറിച്ച് പോലും. ഒടുവിൽ അവിടെയും വിധി അവനെ വെറുതെ വിട്ടില്ല. കൂടെ നായികയായി അഭിനയിക്കാൻ വന്ന പെൺകുട്ടിയെയും അവനെയും ചേർത്തായി പുതിയ കഥകൾ... ഒടുവിൽ നാടകത്തിനായി പലപ്പോഴും ഉറക്കം പോലും ഉപേക്ഷിച്ച അവൾ ഒരു കുഞ്ഞുകുപ്പിയുടെ സഹായത്തോടെ നിത്യനിദ്രയെ മാറോടണക്കാൻ തുനിഞ്ഞപ്പോൾ, പാതികൂമ്പിയ കണ്ണുകളുമായി തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിയ അവൾക്ക് കാവലിരിക്കുമ്പോൾ അവളെ കൂടെകൂട്ടാൻ അവൻ തിരുമാനിച്ചിരുന്നു.. എന്നിട്ട് പോലും ബാലൻ നാടകകളരിയെ വിട്ടുപിരിഞ്ഞില്ല.. കൂടെയുണ്ടായിരുന്നവർ നൽകിയ ആത്മബലത്തിന്റെ പിൻതുണയോടെ സ്വന്തം ട്രൂപ്പ് എന്ന സംരംഭവുമായി അവൻ മുന്നോട്ട് വന്നപ്പോൾ പുറംതിരിഞ്ഞ് നിൽക്കാൻ തനിക്കും കഴിഞ്ഞില്ല. നേരിന്റെ നേർക്കുള്ള കണ്ണാടിയാവണം നാടകമെന്നും നാടകവും ജീവിതവും രണ്ടല്ല എന്നും വിശ്വസിച്ച് ജീവിച്ച ഞങ്ങൾക്കൊക്കെ അല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല.
വീണ്ടും ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് നാണുവാശാൻ എഴുന്നേറ്റു. ഓഫീസിൽ നിന്നും തന്നെയാണ്. അവിടെ എല്ലാവരും കാത്തിരിക്കുകയാണെന്നും പെട്ടെന്ന് ചെന്നിട്ട് വരാമെന്നും പൂർണ്ണിമയോട് പറഞ്ഞ്, അവൾക്ക് മുഖം കൊടുക്കാതെ ഇറങ്ങാൻ തുടങ്ങി. പുറകിൽ ഒരു തേങ്ങൽ അമർത്താൻ ആ കുട്ടി പാട് പെടുന്നത് മനസ്സിലായി. "മോളേ". വാക്കുകൾ തോണ്ടയിൽ കുടുങ്ങുന്നത് ശരിക്കറിഞ്ഞു.
"ഇല്ല.. അച്ഛൻ പൊക്കോളൂ.. എനിക്കൊന്നും ഇല്ല.. പോയി ഉചിതമായ തീരുമാനങ്ങൾ എടുക്കൂ അച്ഛാ... അച്ഛൻ കൂടി തളർന്നാൽ പിന്നെ...." സത്യത്തിൽ മരുമോളോട് ബഹുമാനം കൂടിയ നിമിഷങ്ങൾ. ഇവൾക്കിതെങ്ങിനെ സാധിക്കുന്നു!!
നാണൂവാശാൻ പോയി കഴിഞ്ഞപ്പോൾ അടക്കിവച്ചിരുന്ന കരച്ചിൽ മുഴുവൻ പൂർണ്ണിമയിൽ നിന്നും അണപൊട്ടി. ആശാന്റെ മുൻപിൽ വച്ച് കണ്ണ് നനയരുതെന്ന് തിർച്ചപെടുത്തിയിരുന്നു. അച്ഛനെ ഒരിക്കലും വിഷമിപ്പിക്കരുതെന്ന് ബാലേട്ടനു നിർബന്ധമായിരുന്നു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ.. കണ്ണുകൾ തെക്കേതൊടിയിലേക്ക് പാളി. അദ്ദേഹത്തെ ദഹിപ്പിച്ച സ്ഥലത്ത് നവധാന്യങ്ങൾ മുളപൊട്ടിയിട്ടുണ്ട്. കുഞ്ഞ് തുളസി കാറ്റിൽ ആടുന്നു. ‘സാരമില്ലെടോ’ എന്ന് പറയും പോലെ. അച്ഛനെ അടക്കിയതിനടുത്ത് എന്തോ തിരഞ്ഞ് കൊണ്ട് ദയമോൾ നിൽക്കുന്നു. ഒരു പക്ഷെ അവൾക്കുള്ള കൈനീട്ടം നൽകാതെ ഒളിച്ചിരിക്കുന്നതിനുള്ള പയ്യാരം പറയുകയാവും. പാവം കുഞ്ഞ്!! മനസ്സിൽ നിന്നും ആ ദിവസം മായുന്നില്ല. ഇന്നിപ്പോൾ പതിനേഴ് രാത്രികൾ പിന്നിട്ടെന്ന് തോന്നുന്നേയില്ല.
രാവിലെ ശരിക്കൊന്ന് യാത്രകൂടി പറയാതെയല്ലേ അന്ന് ബാലേട്ടൻ പോയത്. അവസാനയാത്രയാവുമതെന്ന് ഒരിക്കലും നിരീച്ചില്ല. ചെറുതായി ഒന്ന് പിണങ്ങുകയും ചെയ്തല്ലോ ഞാനാ പാവത്തോട്.
അന്ന് വിഷുവായിരുന്നു. രാവിലെ എഴുന്നേൽക്കുന്ന ശീലം പൊതുവെ കുറവായതിനാൽ കണികാണാനൊന്നും വിളിച്ചില്ല. അല്ലെങ്കിലും കോഴി കൂവാറാവുമ്പോൾ വീട്ടിൽ വന്ന് കട്ടിലിലേക്ക് തളർന്ന് വീഴുന്ന നാടകക്കാരന് എന്ത് വിഷുക്കണി. ഫോൺ റിംഗ് ചെയ്യുന്നത് കേട്ടിട്ടും പുതപ്പ് തലവഴി മൂടി കിടക്കുന്ന ബാലേട്ടനെ കണ്ടപ്പോൾ പാവം തോന്നി.
"ദേ ഫോൺ അടിക്കുന്നു, ഒന്നെഴുനേൽക്കെന്നേ.. വിഷുവായിട്ട്." ഒരു വിധം കുത്തിപൊക്കി. ഫോൺ അറ്റെന്റ് ചെയ്ത് കഴിഞ്ഞ് കാര്യം പറഞ്ഞപ്പോൾ തന്നെ വിളിക്കാതിരുന്നാൽ മതിയായിരുനെന്ന് തോന്നി. ചങ്ങനാശ്ശേരിയിൽ നാടകം ഇന്ന് കളിക്കണമത്രെ. പരിപാടിയിൽ എന്തോ ഭേദഗതി. വേണ്ടപ്പെട്ട ആൾക്കാരാ. ഒഴിവു പറയാൻ പറ്റില്ല. അത് തനിക്കും അറിയാം. എന്നാലും... ഇന്ന്..വിഷുവായിട്ട്..അറിയാം, ഇത് നാടകക്കാരന്റെ വിധിയാണെന്ന്. വേണ്ടപ്പെട്ടവർ മരിച്ച് കിടന്നാൽ പോലും ബുക്ക് ചെയ്ത ദിവസം കളിനടന്നേ പറ്റു. ഒത്തിരി കുടുംബങ്ങളുടെ ജിവിത മാർഗ്ഗമാണ്. പക്ഷെ, അന്നേരം അതൊന്നും മനസ്സിൽ തോന്നിയില്ല. ഒരു സാദാ വീട്ടമ്മയാവാനേ കഴിഞ്ഞുള്ളു.
മോൾക്ക് ഇനി അച്ഛന്റെ കൈനീട്ടം മാത്രമേ കിട്ടാനുള്ളൂന്ന് പറഞ്ഞു പിണങ്ങിയാ അപ്പുറത്തെ വീട്ടിലേക്ക് പോയതെന്ന് പറഞ്ഞു നോക്കി. അപ്പോൾ അവളെ വിളിക്കെന്നായി. കൊടുത്തിട്ട് പോകാത്രെ.. അതു കേട്ടപ്പോൾ എന്തോ വീണ്ടും വഴക്കടിക്കാനാ തോന്നിയത്. വിളിക്കാൻ കൂട്ടാക്കിയുമില്ല. ബാലേട്ടൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും ഞാൻ പിണങ്ങിയാൽ ഒന്നും മിണ്ടാതെ കേൾക്കാറാ പതിവ്. അപ്പോഴേക്കും നാടക വണ്ടി വന്നിരുന്നു. വണ്ടിയിൽ കയറിയിട്ട് തിരിഞ്ഞെന്നെ നോക്കി. അത് പതിവില്ലാത്തതാണ്. അത് അവസാന നോട്ടമാണെന്ന്.... മനസ്സ് ഇപ്പോളും വിങ്ങുകയാണ്. എന്തോ തെറ്റു ചെയ്തപോലെ..
പക്ഷെ ബാലേട്ടനു തന്നോട് പിണക്കമൊന്നും ഇല്ലായിരുന്നല്ലോ? അല്ലെങ്കിൽ പിന്നെ, പോകുന്ന വഴി അരമണിക്കൂറിനു ശേഷം ഇങ്ങോട്ട് വിളിക്കുമോ? അതും പതിവില്ലാത്തതായിരുന്നു. വിളിച്ചിട്ട് മോളോട് പിണങ്ങരുതെന്നും രാത്രി വരുമ്പോൾ അവളുടെ കൈനീട്ടം തരുമെന്നും പറയാനും... അച്ഛനോട് പറയാതെയാണ് പോന്നതെന്നും ധൃതിയിൽ മറന്നാതാണെന്ന് സൂചിപ്പിച്ചേക്കണമെന്നും ഒപ്പം വിഷു കഞ്ഞി എടുത്ത് വേച്ചേക്കണമെന്നും… അങ്ങിനെ അങ്ങിനെ… കൂടെ കുറെ സോറിയും പറഞ്ഞു. അപ്പോളും അതൊന്നും അവസാനമായി തന്നെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നതാണെന്ന് തോന്നിയില്ല. പാവത്തിന്റെ അവസ്ഥയോർത്ത് സങ്കടം വന്നു. ഇപ്പോൾ അച്ഛൻ കളിക്ക് പോകാത്തത് കാരണം ഉത്തരവാദിത്വങ്ങൾ ഏറിയിരിക്കുന്നല്ലോ എന്നത് താൻ മറക്കാൻ പാടില്ലായിരുന്നെന്ന് ഓർത്തുപോയി.
അടുക്കളയിലെ പണികളൊക്കെ തിർക്കുന്നതിനിടയിലാണ് അച്ഛനോട് പറഞ്ഞില്ലല്ലോ എന്നോർത്തത്. വരാന്തയിലേക്ക് ചെല്ലുന്നതിനിടയിൽ വീണ്ടും ഫോൺ റിംഗ് ചെയ്തു. എടുത്തപ്പോൾ ബിജുവായിരുന്നു. "ചേച്ചീ" എന്തോ ഒരു പന്തികേട് തോന്നി ആ വിളിയിൽ. ആശാനെന്തിയേ എന്ന് ബിജു ചോദിച്ചപ്പോൾ തിരിച്ച് ബാലേട്ടനെന്തിയേ എന്ന് ചോദിച്ചുപോയി. എന്തോ . . അങ്ങിനെ തോന്നി. ഫോണിന്റെ മറുതലക്കൽ എന്തൊ ഒരു പന്തിയില്ലായ്മ തോന്നിയതിനാൽ വീണ്ടും വീണ്ടും ചോദിച്ച് കൊണ്ടിരുന്നതോർമ്മയുണ്ട്. പിന്നെ ബിജു പറഞ്ഞതൊന്നും ഇന്നും വിശ്വസിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. ഇവിടേക്ക് വിളിച്ച് കഴിഞ്ഞ് വണ്ടിയിൽ വച്ച് തന്നെ പതിവു പോലെ ഒരു ചെറിയ റിഹേഴ്സൽ എടുക്കുന്ന ബാലേട്ടൻ. പിറകിൽ നിന്നും നിയന്ത്രണം വിട്ട് വന്ന ഒരു ലോറി.. ട്രൂപ്പിന്റെ വണ്ടിയിൽ ഇടിച്ചെന്നോ... പിറകിൽ നിന്ന് റിഹേഴ്സൽ എടുക്കുകയായിരുന്ന ബാലേട്ടൻ ഇടിയുടെ ആഘാതത്തിൽ തെറിച്ച് മുൻപിൽ വീണെന്നോ.. ഓടിക്കൂടിയ നാട്ടുകാർ അടുത്തുള്ള ഏതോ ഹോസ്പിറ്റലിൽ എത്തിക്കുമ്പോളേക്കും.... എല്ലാം കേട്ടത് താൻ തന്നെയാണോ എന്ന് തോന്നി. ബോധം മറയുന്നപോലെയും.
വണ്ടിയിൽ നിന്നും നാണുവാശാനോടൊപ്പം ഇറങ്ങുമ്പോൾ ബാലേട്ടാ എന്ന് അലറിവിളിച്ച് ഓടി വരുന്ന പൂർണ്ണീമേച്ചിയെ ആണ് കണ്ടത്. വന്നത് ഞങ്ങളാണെന്ന് മനസ്സിലാക്കിയപ്പോൾ സാരിത്തുമ്പ് കടിച്ച് പിടിച്ച് പാവം ഉൾവലിഞ്ഞു. ചിലപ്പോൾ അന്നത്തെ ഓർമ്മയാവും. അന്നും ഇങ്ങിനെ തന്നെയായിരുന്നു. അലമുറയിട്ട് കൊണ്ട്.. ബിജു അന്നത്തെ ദിവസത്തിലേക്ക് ഊളിയിട്ടു.
വണ്ടിയുടെ പിറക് വശത്തായി നാടകത്തിന്റെ ക്ലൈമാക്സിലെ ഒരു മരണരംഗം റിഹേഴ്സൽ എടുക്കുന്ന ബാലേട്ടൻ.. ഒറ്റക്കുള്ള സീനായിരുന്നു.. മാത്രമല്ല നാടകത്തിന്റെ മർമ്മവും അത് തന്നെ. ഞങ്ങളെല്ലാം വികാരഭരിതമായ ആ അഭിനയം കണ്ട് കോരിത്തരിച്ച് ഇരിക്കുകയാണ്. പെട്ടെന്ന് വണ്ടി ഒന്ന് പാളി. എന്താണെന്ന് ശരിക്കും മനസ്സിലായുമില്ല. ബാലേട്ടൻ തെറിച്ച് മുന്നിൽ വീഴുന്നത് കണ്ടു. പിന്നീട് കാണുന്നത് നിലത്ത് വേദനകൊണ്ട് പിടയുന്ന ബാലേട്ടനെയാ.. ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു. അപ്പോളേക്കും...... എല്ലാം കഴിഞ്ഞ് ബോഡി ഹോസ്പിറ്റലിൽ നിന്നും ആംബുലൻസിലേക്ക് കയറ്റുമ്പോഴേക്കും ഒരു വൻ ജനാവലി തന്നെ അവിടെ തടിച്ച് കൂടിയിരുന്നു. എന്നും എല്ലാവരുടേയും കണ്ണിലെ കരടായിരുന്ന ഞങ്ങളുടെ ബാലേട്ടൻ പെട്ടെന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയായ പോലെ!! ആ അതുല്യ പ്രതിഭയുടെ ഭൗതീക ശരീരം 8 കിലോമീറ്റർ അപ്പുറത്തുള്ള ഹോസ്പിറ്റലിൽ നിന്നും വിട്ടിലെത്തിക്കാൻ വേണ്ടി വന്നത് 8 മണിക്കൂറോളം ആയിരുന്നു. അതുവരെ ശത്രുക്കൾ ആയിരുന്നവരെല്ലാം പെട്ടെന്ന് മിത്രങ്ങളായി. ഞെട്ടൽ രേഖപ്പെടുത്തലായീ.. മുതലകണ്ണീരായി... തെരുവുവേശ്യയുടെ മകനിൽ നിന്നും ബാലേട്ടൻ നടനകലയുടെ തമ്പുരാനിലേക്ക് എടുത്തുയർത്തപ്പെട്ടു. ഫൂ..!! കള്ള നായിന്റെ മക്കൾ..!!! എന്നിട്ടിപ്പോൾ അവർ ആ ശവകുടീരത്തിൽ അവസാന ആണികൂടി അടിക്കുകയാ. മികച്ച സംവിധായകൻ... ആഗ്രഹിച്ചിരുന്നു ബാലേട്ടൻ അത്.. ഒരിക്കൽ... പക്ഷെ, ഇത്.. അന്നത്തെ ചേച്ചിയുടെ ആർത്തലച്ചുള്ള കരച്ചിൽ..ഒന്നും മിണ്ടാതെ ഇരിക്കുന്ന ആശാൻ.. പകപ്പോടെ എല്ലാം കണ്ട കൊച്ചുദയമോൾ.
“ബിജുമാമാ, കൈനീട്ടം തന്നിലേല്ലും ദയമോൾക്ക് പിണക്കമില്ല. അച്ചായിയോട് മിണ്ടാൻ പറ മാമാ..” ദയമോളെ വാരിയെടുത്ത് തിരിഞ്ഞ് നോക്കുമ്പോൾ വിതുമ്പിക്കരയുന്ന ചേച്ചി.. തകർന്നിരിക്കുന്ന ആശാൻ... ചേച്ചിയുടെ നെറ്റിയിൽ ഇന്നും മായാതെ നിൽക്കുന്ന പടർന്നൊലിച്ച സിന്ദൂരത്തിന്റെ ചെറിയ ഭൂപടം. അതാ ബാലേട്ടനെ അവിടെ കണ്ടാല്ലോ.. ഇപ്പോൾ.. ബാലേട്ടൻ അവിടെയിരുന്ന് എന്തോ പറയും പോലെ.. എടാ ബിജുവേ എന്ന് വിളിക്കും പോലെ... ആ സിന്ദൂരപൊട്ടിൽ എന്റെ ബാലേട്ടന്റെ ആത്മാവ് ഉറങ്ങുന്നുണ്ട്. എനിക്ക് കാണാം എന്റെ ബാലേട്ടനെ അവിടെ.
ഒരു നനുത്ത കാറ്റായി ആ ഗന്ധർവ്വൻ എല്ലാവരെയും തഴുകുന്നുണ്ടോ? എല്ലാവരുടേയും മുഖത്ത് എന്തോ ഒരു പുതിയ തീരുമാനത്തിലെത്തിയതിന്റെ ദാർഢ്യം. ഒരു സംവിധായകന്റെ ഭാവഹാവാദികളോടെ എല്ലാവർക്കും നിർദ്ദേശം കൊടുത്ത് ബാലേട്ടൻ ഇവിടെയില്ലേ? പെട്ടെന്ന് എന്തോ തീരുമാനിച്ചപോലെ നാണുവാശാൻ എഴുന്നേറ്റു. ചേച്ചിയുടെ കണ്ണുകളിൽ പോലും എന്തോ നിശ്ചയിച്ച ഭാവം. ഒരു ടെലിപ്പതി പോലെ!!!
ഭിത്തിയിലെ ഫോട്ടോയിൽ ഇരുന്ന് എല്ലാം കണ്ട് ബാലേട്ടൻ പുഞ്ചിരിതൂകി. ഫോട്ടോയുടെ അടിയിൽനിന്നും ഒരു ഗൗളി ചിലച്ച് കൊണ്ട് കുതിച്ചു.
© മനോരാജ്