സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!പൊയ്മുഖം - അന്ത്യമില്ലാത്ത ഒരു കഥയുടെ ഒടുക്കം

May 30, 2011 ദുശ്ശാസ്സനന്‍

       മാ ദേവി കോളെജിനടുത്തുള്ള   സ്റ്റോപ്പ്‌ കഴിഞ്ഞിട്ട് ബസ്‌ വീണ്ടും ഒന്ന് നിര്‍ത്തി. രവി തിരിഞ്ഞു നോക്കി. എന്ത് പറ്റി ? ഇവിടെ സാധാരണ നിര്‍ത്താത്തതാണല്ലോ. ഏതോ ഒരു പെണ്‍കുട്ടി ഇറങ്ങാന്‍ വേണ്ടി നിര്‍ത്തിയതാണ്. പെട്ടെന്നാവട്ടെ ... കണ്ടക്ടര്‍ തിരക്ക് കൂട്ടി. ഒരു കറുത്ത സാരി ഉടുത്ത പെണ്‍കുട്ടി. മുഖം കാണാന്‍ പറ്റുന്നില്ല. പുറം തിരിഞ്ഞു നില്‍ക്കുകയാണ് അവള്‍. പുറകു വശം കണ്ടിട്ട് അവള്‍ ഒരു സുന്ദരി ആണെന്ന് തോന്നുന്നു. കറുപ്പും വെളുപ്പും ചേര്‍ന്ന മനോഹരമായ ഒരു സാരി. അഴകോടെ വെട്ടിയിട്ട മുടിയിഴകള്‍. ചെവിയില്‍ തൂങ്ങി ആടുന്ന കറുപ്പും വെളുപ്പും കലര്‍ന്ന മണികള്‍ കോര്‍ത്ത കമ്മല്‍. തോളത്ത് ചെറിയ ഒരു ബാഗ് ഉണ്ട്. തീര്‍ച്ചയായും അവള്‍ ഒരു സുന്ദരി ആയിരിക്കും. രവി ഓര്‍ത്തു. മുഖം കാണാനും പറ്റുന്നില്ല. ബസിലുള്ള  എല്ലാവരും അവളെ തന്നെ നോക്കുകയാണ്. സന്ധ്യ ആയല്ലോ. അവളെ കാത്തു ആണെന്ന് തോന്നുന്നു ഒരാള്‍ പുറത്തു നില്‍ക്കുന്നുണ്ട്. അവളെ തന്നെ സൂക്ഷിച്ചു നോക്കുകയാണ് അയാള്‍. എന്നാല്‍ അവള്‍ അയാളെ നോക്കുന്നില്ല. ചിലപ്പോ അവള്‍ കണ്ടിട്ടുണ്ടാവില്ല. അവള്‍ ബസിന്റെ പടവുകള്‍  ഇറങ്ങി. എന്നാല്‍ ഇപ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു. പുറത്തു നിന്നിരുന്ന ചെറുപ്പക്കാരന്‍ മുഖം തിരിച്ചു. അവള്‍ അയാളെ കാണാതെ ഇറങ്ങി മുന്നോട്ടു നടക്കുകയും ചെയ്തു. ബസ്‌ പതിയെ നീങ്ങി. രവിയുടെ ഉള്ളില്‍ എന്തോ ഒരു മിന്നല്‍ വീശി. 'ഹേയ്.. ഒരാള്‍ കൂടി ഇറങ്ങാന്‍ ഉണ്ട് ..' രവി ഉറക്കെ പറഞ്ഞു. എന്തോ വലിയ തെറി ശബ്ദം താഴ്ത്തി പറഞ്ഞിട്ട് കണ്ടക്ടര്‍ ബെല്‍ അടിച്ചു വണ്ടി നിര്‍ത്തി. 'എന്താ സാറേ.. ഇപ്പൊ തന്നെ രണ്ടു തവണ ആയി ഇവിടെ നിര്‍ത്തിയത്.. ഉറങ്ങുകയായിരുന്നോ ? ' അവന്‍ ചോദിച്ചു. 'അതെ... സ്റ്റോപ്പ്‌ എത്തിയത് അറിഞ്ഞില്ല...' രവി പറഞ്ഞു... ബസ്‌ വിട്ടു പോയി. രവി ആ ബസ്‌ സ്റൊപ്പിലേക്ക് നടന്നു... ശരിക്കും പറഞ്ഞാല്‍ അതൊരു ബസ്‌ സ്റ്റോപ്പ്‌ അല്ല. പണ്ട് ഇലക്ട്രിക്‌ ലൈന്‍ വലിക്കാന്‍ കൊണ്ട് വന്നിട്ട് അധികം വന്ന രണ്ടു പോസ്റ്റുകള്‍ പൊട്ടിച്ചു അടുത്തുള്ള ഏതോ ക്ലബ്ബുകാര്‍ ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ്‌ ആണ് അത്. അതില്‍ ചേര്‍ന്ന് ഒരു തെരുവ് വിലക്ക് മഞ്ഞ നിറത്തിലുള്ള പ്രകാശം പൊഴിച്ച് നില്‍പ്പുണ്ട്. അതിനടുത് ഒരു ചെറിയ പാന്‍ ഷോപ്പും.  ആ വിളറിയ പ്രകാശത്തില്‍ ഒന്നും നന്നായി കാണാന്‍ പറ്റുന്നില്ല. രവി കുറച്ചു കൂടി അടുത്തേക്ക് നീങ്ങി. അവിടെ ആ കല്‍ ക്ഷണത്തില്‍ അയാള്‍ ഇരിപ്പുണ്ട്. തല താഴ്ത്തിയിരിക്കുന്നത് കാരണം മുഖം കാണാന്‍ പറ്റുന്നില്ല. രണ്ടു കയ്യും കൊണ്ട് മുഖം മൂടി ആണ് അയാള്‍ ഇരിക്കുന്നത്.ഇപ്പൊ അയാളോട് എന്ത് ചോദിക്കാനാ. രവി ഓര്‍ത്തു. പരിചയവും ഇല്ല.. ഒരു കാര്യം ചെയ്യാം. അടുത്ത ബസ്‌ എപ്പോഴാണ് എന്ന് ചോദിക്കാം ... 'ഹേയ് അന്ധെരിക്ക്  അടുത്ത ബസ്‌ എപ്പോഴാ ? " രവി ചോദിച്ചു. പ്രതികരണമൊന്നുമില്ല. രവി പതുക്കെ അയാളുടെ ചുമലില്‍ കൈ കൊണ്ട് ഒന്ന് അമര്‍ത്തി. അതിനു ഫലമുണ്ടായി. അയാള്‍ മുഖം ഉയര്‍ത്തി. അയാളുടെ കണ്ണില്‍ നിന്ന് ഒഴുകി കൊണ്ടിരിക്കുന്ന കണ്ണീര്‍ ആ അരണ്ട വെളിച്ചത്തിലും രവി കണ്ടു. എന്തോ പിറുപിറുത്തിട്ട് അയാള്‍ വീണ്ടും മുഖം താഴ്ത്തി. രവി വല്ലാതായി. അയാള്‍ അവിടെ നിന്ന് നടന്നു നീങ്ങി.

     ദിവസങ്ങള്‍ കടന്നു പോയി. രവി പിന്നൊരിക്കലും അവളെയും അയാളെയും കണ്ടില്ല. സ്വന്തം ജീവിത പ്രശ്നങ്ങള്‍ക്കിടയില്‍ രവിക്ക് അതൊന്നും ഓര്‍ക്കാന്‍ പറ്റിയില്ല എന്നതാണ് സത്യം.
ഓഫീസില്‍ ആകെ പ്രശ്നങ്ങള്‍ ആണ്. മൂന്നു ആഴ്ച രാവും പകലും ഇല്ലാതെ രവി ജോലി ചെയ്തു. ആകെ എരിഞ്ഞു തീരാറായി. ഉടനെ തന്നെ ഒരു ബ്രേക്ക് എടുത്തില്ലെങ്കില്‍ സംഗതി പ്രശ്നമാവും. ഒറ്റയാന്‍ ജീവിതം രവിയെ ആകെ മാറ്റി മറിച്ചിരുന്നു. ശനിയാഴ്ച ഒരു മസ്സാജിംഗ് നു പോകാം. നഗരത്തിന്റെ അതിര്‍ത്തിയില്‍ ഇത്തരം സ്പെഷ്യല്‍ തിരുമ്മു കേന്ദ്രങ്ങള്‍ ഉണ്ട്. തിരുമ്മു കേന്ദ്രം എന്നാണു പേരെങ്കിലും അവിടെ നടക്കുന്നത് വേറെ പലതുമാണ്. നഗരത്തിന്റെ മുഷിപ്പ് പിടിച്ച മണം കളയാന്‍ പലരും വന്നു പോകുന്ന മൂലകള്‍.  രവി അവിടം വല്ലപ്പോഴും ഒക്കെ സന്ദര്‍ശിക്കാറുണ്ട്. ശരീരവും മനസ്സും നഷ്ടപ്പെടുത്തി ജോലി ചെയ്തിട്ട് കിട്ടുന്ന ഇടവേളകളില്‍ രവി അവിടെ ഒക്കെ  സ്വന്തം ദുശീലങ്ങളില്‍ കുളിച്ചു തോര്‍ത്തി രസിക്കും. ശമ്പളമായി കിട്ടുന്ന പതിനായിരം രൂപ ഈ മഹാ നഗരത്തില്‍ ജീവിച്ചു പോകാന്‍ കഷ്ടിച്ചേ തികയൂ. നാട്ടില്‍ ആകെ ഉള്ളത് അമ്മയാണ്. അമ്മയ്ക്ക് ഇതില്‍ നിന്ന് മൂവായിരം അയച്ചു കൊടുക്കും. അതുകൊണ്ട് അമ്മ എങ്ങനെ ആണാവോ ജീവിച്ചു പോകുന്നത്. ബാക്കി ഏഴായിരം രൂപയില്‍ നിന്ന് വാടക, വണ്ടിക്കൂലി, ഭക്ഷണം അങ്ങനെ സര്‍ക്കസ് കാണിച്ചാണ് രവി ജീവിച്ചു പോകുന്നത്. അതിനിടക്ക് ഇത്തരം വിനോദങ്ങള്‍ക്ക് പോകുന്നത് ബോണസ് , ഓവര്‍ ടൈം അലവന്‍സ് ഒക്കെ കിട്ടുമ്പോഴാണ്.

     അങ്ങനെ ഒരു ദിവസം രവി അവിടെയെത്തി. നഗരത്തിലെ ഒരു റെസിടെന്‍ഷ്യ ല്‍ ഏരിയയില്‍ ആണ് ഈ തിരുമ്മു കേന്ദ്രം. രഹസ്യമായി ആണ് അവര്‍ അത് അവിടെ നടത്തുന്നത്. ബോര്‍ഡ് ഒന്നുമില്ല. അവിടെ ചെന്ന് ഫോണ്‍ ചെയ്താല്‍ ഒരാള്‍ വന്നു കൂട്ടികൊണ്ട് പോകും. പതിവ് പോലെ മുന്‍വശം ഒഴിഞ്ഞു കിടക്കുകയായിരുന്നു അന്നും. രവി ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു. ആരോ എടുത്തു. ഇപ്പൊ ആളിനെ വിടാം സര്‍ . എന്ന് പറഞ്ഞു. അതാ ഒരാള്‍ വരുന്നുണ്ട്. സാര്‍ പോകാം. എന്ന് പറഞ്ഞു. രവി അയാളുടെ ഒപ്പം മുന്നോട്ടു നടന്നു. അന്നത്തെ തിരുമ്മലൊക്കെ പെട്ടെന്ന് കഴിഞ്ഞു. ഏതോ ഒരു ബംഗാളി പെണ്ണായിരുന്നു അന്നത്തെ തിരുമ്മുകാരി. സാധാരണ സിന്ധി പെണ്ണുങ്ങള്‍ ആണ് അവിടെ ഉണ്ടാവുക. ഇപ്പൊ അവന്മാര്‍ ബംഗാളികളേയും ഇറക്കി തുടങ്ങി എന്ന് തോന്നുന്നു. പണം  കൊടുത്തിട്ട് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴാണ് രവി തന്നെ കൂട്ടിക്കൊണ്ടു വന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്. അന്ന് ആ ബസ് സ്റ്റോപ്പില്‍ കണ്ട അയാള്‍. പക്ഷെ അയാള്‍  പരിചയ ഭാവം ഒന്നും കാണിക്കുന്നില്ല. മടിച്ചു മടിച്ചു രവി അയാളോട് ചോദിച്ചു. 'നിങ്ങള്‍...അന്ന് ആ ബസ് സ്റ്റോപ്പില്‍...' അത് കേട്ടതും അയാളുടെ മുഖം വിളറി. രക്തം മുഴുവന്‍ മുഖത്ത് നിന്ന് വാര്‍ന്നു പോയത് പോലെ. 'അതെ.. ' അയാള്‍ അത് സമ്മതിച്ചു.. ' എന്താ നിങ്ങളുടെ പേര് ? ' രവി ചോദിച്ചു... പക്ഷെ അയാള്‍ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അപ്പോഴാണ് രവി ശ്രദ്ധിച്ചത്... അവര്‍ തമ്മിലുള്ള സംസാരം നിരീക്ഷിച്ചു കൊണ്ട് വേറൊരു നടത്തിപ്പുകാരന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു.. എന്തായാലും ഇനി അയാള്‍ക്ക് ഒരു പ്രശ്നം ഉണ്ടാവണ്ട. രവി അവിടെ നിന്ന് ഇറങ്ങി..

     ദിവസങ്ങള്‍ കഴിഞ്ഞു. രവി സ്വന്തം ജോലി തിരക്കുകളില്‍ മുഴുകി. പക്ഷെ അതിനിടക്കും അയാളുടെ മുഖം രവിയുടെ മനസ്സിലേക്ക് വരുന്നുണ്ടായിരുന്നു. അടുത്ത തവണ അവിടെ പോകുമ്പോള്‍ എങ്ങനെയെങ്കിലും അയാളെ പരിചയപ്പെടണം എന്ന് രവി ഉറപ്പിച്ചു. ഒരിക്കല്‍ ജോലി കഴിഞ്ഞു തിരികെ വരുന്ന വഴി ആ പഴയ ബസ്‌ സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തി. രവി വെറുതെ ചുറ്റിനും നോക്കി. അയാളോ അവളോ അവിടെയെവിടെയെങ്കിലും ഉണ്ടോ എന്നറിയാന്‍. ഒരു അതിശയം പോലെ അവിടെ അയാള്‍ നില്‍പ്പുണ്ടായിരുന്നു. രവി സ്റ്റോപ്പില്‍ ചാടിയിറങ്ങി. പെട്ടെന്ന് മുന്നില്‍ വന്നു പെട്ട രവിയെ കണ്ടു അയാള്‍ ഒന്ന് പരുങ്ങി. 'ഹേയ് .. പേടിക്കണ്ട. വെറുതെ ഒന്ന് പരിചയപ്പെടാന്‍ ഇറങ്ങിയതാ.' രവി പറഞ്ഞത് കേട്ടിട്ട് അയാള്‍ അവിടെ നിന്നു. ആ മുഖത്ത് ചെറിയ ഒരു സമാധാനം ഉണ്ട് ഇപ്പൊ. 'അന്ന് നിങ്ങള്‍ ഇവിടെ ..ഇതേ സ്ഥലത്ത് നിന്നത് ഞാന്‍ കണ്ടു. ആരായിരുന്നു ആ പെണ്‍കുട്ടി ? അവളെ കണ്ടിട്ടല്ലേ അന്ന് നിങ്ങള്‍ ഇവിടെ ഇരുന്നു കരഞ്ഞത് ? " രവി ചോദിച്ചു..അയാള്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു . 'വിഷമമാണെങ്കില്‍ പറയണ്ട ട്ടോ.ഞാന്‍ ചോദിച്ചു എന്നെ ഉള്ളൂ " രവി പറഞ്ഞു. 'ഇല്ല .. സാരമില്ല. ' അയാള്‍ കണ്ണ് തുടച്ചു. എന്നിട്ട് പതിയെ പറഞ്ഞു..' അവള്‍ ഇപ്പൊ എന്റെ ആരുമല്ല. പക്ഷെ ഒരിക്കല്‍ അവള്‍ എന്റെ എല്ലാമായിരുന്നു' പിന്നെ അയാള്‍ പറഞ്ഞത് അയാളുടെ കഥ ആയിരുന്നു. വിചിത്രമായ ഒരു കഥ..

    സ്വന്തമായി ആരുമില്ലാതെ ആ നഗരത്തില്‍ പണ്ടേ വന്നു പെട്ടതാണ് അയാള്‍. ജീവിക്കാന്‍ വേണ്ടി പല ജോലികളും ചെയ്തു. അങ്ങനെ എത്തിപെട്ടതാണ് ആ തിരുമ്മു കേന്ദ്രത്തില്‍. അയാള്‍ അവിടെ ചെന്ന് ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഒരു ജോലിക്കാരി  ആയി അവിടെ വന്നതാണ് ആ പെണ്‍കുട്ടി. ആദ്യമൊക്കെ അകന്നു നടന്നെകിലും ഒരിക്കല്‍ ആ കുട്ടിയുടെ കഥ കേട്ട് അയാളുടെ മനസ്സ് മാറുകയായിരുന്നു. ഒരു സാധാരണ മസാല സിനിമ കഥ പോലെ ക്ലീഷേകള്‍ നിറഞ്ഞത്‌.
ജോലി വാങ്ങി തരാം എന്ന് പറഞ്ഞു അവളുടെ അമ്മാവന്‍ തന്നെ അവളെ പറ്റിക്കുകയായിരുന്നു.
 എന്തായാലും പതുക്കെ അവര്‍ തമ്മിലുള്ള സ്നേഹം വളര്‍ന്നു. എങ്ങനെയെങ്കിലും ആ നശിച്ച സ്ഥലത്തെ ജോലി മതിയാക്കി രക്ഷപെടാന്‍ അവര്‍ തീരുമാനിച്ചു. പക്ഷെ അത് അത്ര എളുപ്പമായിരുന്നില്ല. അവളെ ഒരു തിരുമ്മുകാരി ആക്കാന്‍ വേണ്ടി നടത്തിപ്പുക്കാര്‍ നോട്ടമിട്ടു വച്ചിരുന്നു. ഒടുവില്‍ വല്ല വിധേനയും അവളെ അയാള്‍ അവിടെനിന്നു രക്ഷപെടുത്തി. അടുത്ത മാസം ഒരു അമ്പലത്തില്‍ വച്ച് വിവാഹം കഴിക്കാനും പിന്നെ വേറെ എങ്ങോട്ടെങ്കിലും രക്ഷപെടാനും ആയിരുന്നു അവരുടെ പദ്ധതി. പക്ഷെ വിവാഹ ദിവസം അവളെയും കാത്തു ക്ഷേത്രത്തിന്റെ അടുത്ത് നിന്ന അയാള്‍ക്ക്‌ നിരാശ ആയിരുന്നു ഫലം.  അവള്‍ വന്നതേയില്ല. കാത്തുനിന്നു മടുത്തിട്ട് അയാള്‍ തിരിച്ചു പോയി. അയാള്‍ക്ക് കൂടുതല്‍ ഞെട്ടല്‍ ഉണ്ടായത് തിരികെ
വീണ്ടും അവിടെ ജോലിക്ക് ചെന്നപ്പോഴാണ്. അവള്‍ അവിടെ തിരുമ്മലിന് വരുന്ന ഒരു യുവാവുമായി പ്രണയത്തില്‍ ആയിരുന്നത്രെ. ആ യുവാവിന്റെ ഒപ്പം അവള്‍ ഒളിച്ചോടി എന്ന് നടത്തിപ്പുകാര്‍ പറഞ്ഞു അയാള്‍ അറിഞ്ഞു. അതിനു ശേഷം അന്നാണത്രേ അവളെ അയാള്‍ വീണ്ടും കാണുന്നത്. കഥ പറഞ്ഞു തീര്‍ന്നപ്പോഴെയ്ക്കും അയാളുടെ ശബ്ദം ഇടറിയിരുന്നു. ആ കഥ കേട്ട് രവിയും ഒന്ന് അമ്പരന്നു. ആവുന്ന പോലെ ഒക്കെ രവി അയാളെ സമാധാനിപ്പിച്ചു. എന്നിട്ട് അവര്‍ പിരിഞ്ഞു.
എന്തോ ഇന്നിനി വീട്ടില്‍ പോകാന്‍ തോന്നുന്നില്ല. ബാറില്‍ പോയി കുറച്ചു നേരം കുടിക്കണം.
ഇനിയും കാണാത്ത ആ പെണ്‍കുട്ടിയുടെ മുഖം അയാളില്‍ ഒരു അസ്വസ്ഥത ഉണ്ടാക്കി. അവളെ എങ്ങനെയെങ്കിലും കണ്ടു പിടിക്കണം എന്നത് ഒരു വാശിയായി അയാളുടെ മനസ്സില്‍ നിറഞ്ഞു.

    അന്ന് അവള്‍ ഇറങ്ങിയ ബസ് സ്റ്റോപ്പില്‍ രവി പോയി. അതിനടുത്തുള്ള പെട്ടിക്കടക്കാരന്റെ അടുത്ത് ചെന്ന് ഒരു സിഗരറ്റ് വാങ്ങി. ഇനി എന്ത് ചോദിക്കണം എന്നറിയില്ല. രവി നിന്നു പരുങ്ങുന്നത് കണ്ടപ്പോള്‍ കടക്കാരന്‍ ചോദിച്ചു.'എന്താ ചേട്ടായി നിന്നു തിരിയുന്നത് ? ലൈലയുടെ വീടന്വേഷിച്ച്‌ വന്നതാണോ ? " അയാള്‍ ചോദിച്ചു. ലൈലയെ അന്വേഷിച്ചാണ് അവിടെയ്ക്ക് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വരുന്നതത്രേ.. എന്തായാലും ഇവിടെ വരെ വന്നതല്ലേ. ലൈലയെ ഒന്ന് കണ്ടേക്കാം..രവി കരുതി. തൊട്ടടുത്ത ഒരു കോട്ടിയില്‍ ആണ്  ലൈല ഉള്ളത് എന്ന് കടക്കാരന്‍ പറഞ്ഞു തന്നു. ആ നിരയില്‍ ഉള്ള വീടുകളില്‍ എല്ലാം കുഴപ്പം പിടിച്ച പെണ്ണുങ്ങള്‍ ആണെങ്കിലും ലൈല ആണ് ഏറ്റവും പോപ്പുലര്‍. ആ കടക്കാരന്‍ ലൈലയെ പറ്റി കുറെ വര്‍ണിച്ചു. എന്നാല്‍ എല്ലാ സാധാരണ കഥകളെയും പോലെ ആ അന്ത്യം ഇവടെയും സംഭവിച്ചു. കതകു തുറന്ന ആ പെണ്‍കുട്ടിക്ക് രവി കേട്ട കഥയിലെ നായികയുടെ മുഖം. അവളുടെ വേഷവും അത് തന്നെ. അവള്‍ അയാളെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. കുറച്ചു നേരം സംസാരിച്ചിരുന്നതിനു ശേഷം രവി അവളോട്‌ ഒരു കഥ പറഞ്ഞു. അയാളില്‍ നിന്നു കേട്ട ആ കഥ.
അത് കേട്ടിരുന്ന അവളുടെ മുഖം വിളറി. കഥ പൂര്‍ണമായപ്പോഴെയ്ക്കും അവളുടെ മുഖത്ത് നിന്നു രക്തം വാര്‍ന്നു പോയി. അവള്‍ക്കും ഒരു കഥ പറയാനുണ്ടായിരുന്നു. വിവാഹ ദിവസം അവള്‍ വരാതിരുന്നതിനു കാരണം. അതിന്റെ തലേ ദിവസം തല ചുറ്റി വീണ അവളെ ആശുപത്രിയില്‍ ആരോ എത്തിച്ചു. അപ്പോഴാണ്‌ അവളുടെ തലച്ചോറില്‍ മഹാരോഗത്തിന്റെ വളര്‍ച്ച അവര്‍ തിരിച്ചറിഞ്ഞത്. താന്‍ കാരണം അയാളുടെ ജീവിതം കൂടി തകര്‍ക്കണ്ട എന്ന് കരുതി അവള്‍ പിന്മാറിയതായിരുന്നു. രോഗം ചികിത്സിച്ചു നേരെ ആക്കാനുള്ള തത്രപ്പാടിലാണ് ലൈല ഇപ്പോള്‍.
ഇതെല്ലം കേട്ട് രവി ആകെ വല്ലാതായി. ഇങ്ങനെ ഒരു വഴിത്തിരിവ് രവി ഇവിടെ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അമ്മയ്ക്ക് അയച്ചു കൊടുക്കാന്‍ കയ്യില്‍ ബാക്കി ഉണ്ടായിരുന്ന രണ്ടായിരം രൂപ അവള്‍ക്കു കൊടുത്തിട്ട് രവി പടിയിറങ്ങി.

     ദിവസങ്ങള്‍ വീണ്ടും കടന്നു പോയി. പിന്നൊരിക്കലും രവി അയാളെയോ അവളെയോ കണ്ടില്ല. ആ തിരുമ്മു കേന്ദ്രത്തില്‍ പിന്നെ ചെന്നപ്പോള്‍ അയാളുടെ സ്ഥാനത് വേറൊരാള്‍ ആയിരുന്നു. മറക്കാന്‍ ശ്രമിച്ചെങ്കിലും പലപ്പോഴും അയാളുടെ നിറഞ്ഞ കണ്ണുകളും ലൈലയുടെ നിസ്സഹായമായ മിഴികളും രവിയെ ഉറക്കത്തിലും മറ്റും കൊതി വലിച്ചു കൊണ്ടിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ജോലി കഴിഞ്ഞു രവി തിരിച്ചു വരികയായിരുന്നു. ലോക്കല്‍ ട്രെയിന്‍ ജോഗേശ്വരിയില്‍ എത്തിയപ്പോള്‍ മണി ആറ്. ട്രെയിനില്‍ നിന്നിറങ്ങിയ ആയിരങ്ങള്‍ക്കൊപ്പം രവി പുറത്തിറങ്ങി. സ്റെഷന്റെ തൊട്ടടുത്ത്‌ തന്നെ ഒരു ചെറിയ ചായ മക്കാനി ഉണ്ട്. മലപ്പുറത്തുള്ള ഒരു കോയാക്ക നടത്തുന്നത്. ഒരു ചായ കുടിച്ചേക്കാം. രവി അകത്തേക്ക് കയറി. ചെറിയ ഒരു ഷെഡ്‌ ആണ്. അതില്‍ ഒരു പോര്‍ടബില്‍ ടി വി ഉണ്ട്. അതില്‍ വാര്‍ത്ത‍ കാണിക്കുന്നുണ്ട്. ഏതോ ലോക്കല്‍ മറാഠി ചാനല്‍  ആണ്. ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ചു പണം തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍ എന്നൊരു ന്യൂസ്‌ അതില്‍ കാണിക്കുന്നുണ്ട്. ചായ അടിക്കുന്നതിനിടയില്‍ കോയാക്കയും അത് ശ്രദ്ധിക്കുന്നുണ്ട്. 'ഇത് ഇവറ്റകളുടെ സ്ഥിരം പണിയാണ് മോനെ.. ജീവിക്കാന്‍ വയ്യെന്നായി.. ' കോയാക്കയുടെ കമന്റ്‌. അപ്പോഴാണ്‌ രവി ആ വാര്‍ത്ത‍ ശ്രദ്ധിച്ചത്.. അറസ്റ്റു ചെയ്തു കൊണ്ട് പോകുന്ന രണ്ടു പേരുടെയും മുഖത്തേക്ക് ഒരിക്കലെ രവി നോക്കിയുള്ളൂ.. അയാളുടെ അകത്തും മുകളില്‍ ആകാശത്തും ഒരു മിന്നല്‍ വീശി. ഗ്ലാസ് മേശപ്പുറത്തു വച്ചിട്ട് പുറത്തു നനു നനെ പെയ്യുന്ന ചാറ്റല്‍ മഴയിലേക്ക്‌ അയാള്‍ ഇറങ്ങി നടന്നു...

ഒറ്റക്കയ്യന്‍ മൃഗം

May 22, 2011 binoj joseph1987 June 7 ഞായറാഴ്ച സമയം പതിനൊന്നടുത്താവുന്നു . ശാന്തമായിരുന്ന പ്രസവ വാര്‍ഡിലേക്ക് ഒരു ഫോണ്‍ കോള്‍, മാസിക വായിച്ചിരുന്ന നേഴ്സുമാര്‍ ഉഷാറായ് . അന്ന് ഓഫ് എടുത്തിരുന്ന വീണ ഡോക്ടര്‍ ഓടിയെത്തി. അന്നമ്മ നേഴ്സു വരാന്തയിലൂടെ മേരിക്കുട്ടിയുടെ ഭര്‍ത്താവിനെ തേടി നടന്നു.
"കുഞേ കുഴപ്പം ഒന്നും വരില്ല ദേ ഡോക്ടര്‍ വരുന്നു" ആദ്യ പ്രസവത്തെ വെറുക്കാന്‍ തുടങിയിരുന്ന മേരിക്കുട്ടിയെ ചെല്ലമ്മ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു
ഓഫ് ഡേ നഷ്ടപെട്ട സങ്കടവും കളക്ടര്‍ പറഞ്ഞ വഴക്കിന്റെ ദേഷ്യവും എല്ലാം മുഖത്തുണ്ടെങ്കിലും അതെല്ലാം മറച്ചുവച്ച്
നിങളാണോ മേരിക്കുട്ടി ? നിങളുടെ ഭര്‍ത്താവ് വന്നിട്ടില്ലേ എന്നു വീണ ഡോക്ടര്‍ ചോദിച്ചു
" ഉണ്ട് ആ വരാന്തയിലെവിടേലും കാണും " ഭര്‍ത്താവെവിടെയെന്ന് അറിയില്ലാഞ്ഞിട്ടും മേരിക്കുട്ടി വേദന സഹിച്ചു പറഞ്ഞു
"ഈ ആശുപത്രി പരിസരത്തെങും ഇവളുടെ ഭര്‍ത്താവില്ല" നടന്നു ക്ഷീണിച്ച അന്നമ്മ നേഴ്സ് മേരിക്കുട്ടിയുടെ കള്ളം പൊളിച്ചു
"ഇതു നിങളുടെ അമ്മയാണോ" ചെല്ലമ്മയെ നോക്കി വീണ ഡോക്ടര്‍ ചോദിച്ചു
മേരിക്കുട്ടി പിന്നെയും കള്ളം പറഞ്ഞു "അതെ"!
മേരിക്കുട്ടിയെ ഓപ്പറേഷന്‍ റൂമിലേക്കു മാറ്റുന്നതിനിടെ ചെല്ലമ്മ തനിക്കു മനസ്സിലാവാത്ത പേപ്പറുകളില്‍ വിരലടയാളം പതിച്ചു.
മേരിക്കുട്ടിയുടെ ഭര്‍ത്താവ് കശാപ്പുകാരന്‍ ഇട്ടൂപ്പ് അപ്പോള്‍ അകന്ന ബന്ധത്തില്‍ പെട്ട കളക്ടര്‍ക്കു നന്ദി പറഞ്ഞ് ആശുപത്രിയിലേക്കു ഓടുകയായിരുന്നു.ആശുപത്രിയുടെ മുന്നിലെത്തിയപ്പോള്‍ അയാളുടെ കൈകാലുകള്‍ വിറക്കാന്‍ തുടങി. അവിടെ കണ്ട തമിഴന്റെ പെട്ടിക്കടയില്‍ ധൈര്യത്തിന് എന്തെങ്കിലും കിട്ടുമോ എന്നു തിരക്കി.
"തമ്പി ചാര്‍ളീ!! സാറുക്ക് തണ്ണി കൊട്റാ" തമിഴന്‍ തന്റെ ആറേഴു വയസ്സു തോന്നിപ്പിക്കുന്ന കുഞ്ഞിനെ നോക്കി അലറി
ചാര്‍ളിയുടെ വള്ളിനിക്കറില്‍ ഒളിപ്പിച്ചിരുന്ന കുപ്പിയില്‍ നിന്നും ധൈര്യം നേടി ഇട്ടൂപ്പ് ആശുപത്രിയിലേക്കു കയറി.
അപ്പൊഴേക്കും മേരിക്കുട്ടി ഒരു സുന്ദരി കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. അവര്‍ ആ സുന്ദരിക്കുട്ടിയെ നീനയെന്ന് വിളിച്ചു. നീനയെ കണ്ട ഇട്ടൂപ്പിനു മേരിക്കുട്ടിയോട് സ്നേഹം കൂടി ആ സ്നേഹം മേരിക്കുട്ടിയേ പിന്നെയും ഗര്‍ഭിണിയാക്കി.മേരിക്കുട്ടി പിന്നെയും പെറ്റു അപ്രാവശ്യം ഒരാണ്‍കുഞ്ഞ് .ഇട്ടൂപ്പിന് രണ്ടു പെറ്റ മേരിക്കുട്ടിയോടുള്ള സ്നേഹമൊക്കെ കുറഞ്ഞു. ഇട്ടൂപ്പിന്റെ വീട്ടില്‍ വരവു തന്നെ വല്ലപ്പോഴും ആയി. മക്കളെ വളര്‍ത്താന്‍ മേരിക്കുട്ടി ജോലിക്കു പോയി.
അയനൂര്‍ ഗ്രാമം ഞായറാഴ്ചകളില്‍ ഉണരുന്നത് ഇട്ടൂപ്പ് തലക്കടിച്ചു കൊല്ലുന്ന കാളയുടേയും പശുവിന്റെയുമൊക്കെ കരച്ചില്‍ കേട്ടാണ്. ഞായറാഴ്ചകളില്‍ കശാപ്പും ബാക്കിയുള്ള ദിവസങ്ങളില്‍ മദ്യത്തില്‍ മുങ്ങിയും അയാള്‍ നടന്നു. ചിലപ്പോള്‍ ഓടയില്‍ ചിലപ്പോള്‍ കശാപ്പുശാലയില്‍ അതുമല്ലെങ്കില്‍ ശാപ്പില്‍ അയാള്‍ ഉറങ്ങി.
നീന വളര്‍ന്നു! ആരോടും അധികം മിണ്ടില്ലെങ്കിലും നിഷ്കളങ്കയായ കണ്ണുകളിലെ പ്രകാശം മങ്ങാത്ത അവളെ എല്ലാവരും സ്നേഹിച്ചു. അവളെ ശുണ്ടി പിടിപ്പിക്കാന്‍ കൂട്ടുകാര്‍ അവളുടെ അടുത്തു ചെന്ന് കാള കരയുന്നതുപോലെ കരയും ആദ്യമൊക്കെ അത് കേട്ട് അവളും കരഞ്ഞു പിന്നെ ചിരിച്ചു പിന്നെ ദേഷ്യത്തോടെ മുഖം തിരിച്ചു.നീന അപ്പനെ തിരിച്ചുകിട്ടാന്‍ മാതാവിനോട് ദിനവും തിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു . മേരിക്കുട്ടി മക്കളുടെ ഭാവിയെക്കുറിച്ചു മാത്രം ഓര്‍ത്തു പ്രാര്‍ത്ഥിച്ചു . നീന പ്ലസ് ടു നല്ല ശതമാനത്തില്‍ പാസായ് മെരിക്കുട്ടിയും നീനയും കുഞ്ഞനിയനും മാതാവിനു നന്ദി പറഞ്ഞു. ഇട്ടൂപ്പും അതാഘോഷിച്ചു അയനൂര്‍ കവലയില്‍ ഇട്ടൂപ്പ് നൃത്തം വച്ചു. അവള്‍ക്കുവേണ്ടി ആ ഞായറാഴ്ച മുഴുത്ത കാളയേയും ആട്ടിന്‍ കുട്ടിയേയും കോടാലി കൊണ്ടു തലക്കടിച്ചു കൊന്നു, എങ്കിലും അയാള്‍ വീട്ടില്‍ പോയില്ല!.
കോളേജില്‍ ചേരാന്‍ കൊതിച്ചിരുന്ന നീനയെ മേരിക്കുട്ടി തന്റെ നിസഹായവസ്ഥ പറഞ്ഞു ബോധിപ്പിച്ചു. അങ്ങനെ നീന അയനൂരിലെ ഒരു തുണിക്കടയില്‍ ജോലിക്കാരിയായ് . പുസ്തകം പൊതിഞ്ഞിരുന്ന കൈകള്‍ തുണി പൊതിഞ്ഞു, എങ്കിലും ഒരു ജോലിക്കാരിയായതിന്റെ സന്തോഷത്തില്‍ അവള്‍ കോളേജ് ജീവിതത്തിന്റെ നഷ്ട്ടത്തെ മറന്നു. ടൗണിലെ പുതിയ മാളില്‍ തന്റെ കട ബ്രാഞ്ചു തുറന്നപ്പോള്‍ നീനക്ക് അങ്ങോട്ട് പോകേണ്ടിവന്നു. കൂടുതല്‍ ശമ്പളവും മമ്മിക്കും അനിയനും താമസിക്കാന്‍ വീടും തരാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ മറ്റൊന്നാലോചിക്കാതെ സമ്മതം മൂളി.സ്വപ്നങ്ങളും മോഹങ്ങളും നിറഞ്ഞ മനസ്സുമായ് നീന അയനൂര്‍ വിട്ടു. മേരിക്കുട്ടിക്കു മോളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നി. മേരിക്കുട്ടി അവള്‍ക്കുവേണ്ടി അലോചനകള്‍ തുടങ്ങിയിരുന്നു.
2011 February 1 പെണ്ണുകാണല്‍ ചടങ്ങിനായ് നീന ഉച്ച കഴിഞ്ഞ് വീട്ടിലേക്കു തിരിച്ചു. ട്രെയിനിലെ ജനാലയിലൂടെ അവള്‍ അനുരാഗത്തോടെ ഭൂമിയെ നോക്കുന്ന ആകാശത്തെനോക്കി ഒന്നു ചിരിച്ചു. ഒഴിഞ്ഞു കടന്ന കംബാര്‍ട്ടുമെന്റില്‍ അവളും അവളുടെ സ്വപ്നങ്ങളും മാത്രം . കുറച്ചകലെ നിന്നും ഒരാള്‍ തന്നെ നോക്കുന്നത് നീന കണ്ടു. അയാള്‍ നീനയുടെ അടുത്ത സീറ്റില്‍ വന്നിരുന്നു. നീന മാതാവിന്റെ ലോക്കറ്റില്‍ മുറുകെ പിടിച്ചു എത്രയും ദയയുള്ള മാതാവിന്റെ പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങി. പെട്ടെന്ന് അടുത്തിരുന്ന ഒറ്റക്കയ്യന്‍ അവളുടെ നേര്‍ക്കു ചാടിവീണു അവള്‍ കുതറിമാറി, അയാള്‍ അവളെ തന്നിലേക്ക് വലിച്ചടുപ്പിക്കാനും മാറോട് ചേര്‍ത്ത് അവള്‍ പിടിച്ച ബാഗിനെ അയാള്‍ പറിച്ചെടുക്കാനും നോക്കി തിരിഞ്ഞോടാന്‍ ശ്രമിച്ച അവളെ അവന്‍ വാതിക്കലേക്കു പിടിച്ചു തള്ളി, വീഴാതെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്കു കഴിഞ്ഞില്ല
" ഈശൊ മറിയം ഔസേപ്പേ എനിക്കു കൂട്ടായിരിക്കണേ " നീനയുടെ കരച്ചിലില്‍ ആ പ്രാര്‍ത്ഥനയും കൂട്ടുചേര്‍ന്നു. പക്ഷെ ദൈവങ്ങളാരും എത്തിയില്ല
തീവണ്ടിപാളത്തിലേക്കു തന്നെ വലിച്ചെഴച്ച ഒറ്റക്കയ്യന്‍ മൃഗത്തിന്റെ ശക്തിയില്‍ ആ പനിനീര്‍പുഷ്പ്പം ചതഞ്ഞരഞ്ഞു. തന്റെ തലക്കുനേരെ ഉയര്‍ന്ന കരിങ്കല്ലു കണ്ടവള്‍ നിലവിളിച്ചു, പക്ഷെ മനുഷ്യ കുലത്തിലാരും അതു കേട്ടില്ല . പിന്നെ അവര്‍ കേട്ടത് വാര്‍ത്തകളായിരുന്നു. നേതാക്കള്‍ പ്രസംഗിച്ചു, സാംസ്ക്കാരിക നായകരും വനിതാപ്രവര്‍ത്തകരുമൊക്കെ കണ്ണീരൊഴുക്കി. വികാരങ്ങള്‍ എടുത്ത് മാറ്റപ്പെട്ട മനസ്സുമായ് നിന്ന മേരിക്കുട്ടി മാത്രം കരഞ്ഞില്ല. ഇട്ടൂപ്പ് ഓടി അവള്‍ ജനിച്ച ദിവസം ആശുപത്രിയിലേക്കോടിയതിനേക്കാള്‍ വേഗത്തില്‍, നീനയുടെ പൊതിഞ്ഞ ശരീരം കണ്ടയാള്‍ ലഹരിയില്ലാതെ അലറി. തന്റെ കോടാലിയടിയേറ്റു വീഴുന്ന കാളയെപ്പോലെ അയാള്‍ കുഴഞ്ഞുവീണു.
പോലീസ് ആ ഒറ്റക്കയ്യന്‍ മൃഗം ചാര്‍ളിയെന്ന തമിഴനെ അറസ്റ്റു ചെയ്തു. കുറച്ചുനാള്‍ ചര്‍ച്ച ചെയ്തിട്ടു പത്രങ്ങളും ജനവുമെല്ലാം നീനയെ മറന്നു. ചാര്‍ളി താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ പറഞ്ഞു ആ മൃഗത്തിനുവേണ്ടി വേറെയും കുറേ മൃഗങ്ങള്‍ കോടതിയില്‍ വാദിച്ചു. എല്ലാം നഷ്ട്ടപ്പെട്ട മേരിക്കുട്ടി ഓര്‍ത്തു അന്നമ്മ നഴ്സിനെയും വീണ ഡോക്ടറേയും ചെല്ലമ്മയേയും തന്നോട് ഒട്ടികിടന്ന കുഞ്ഞിനേയും.ഇട്ടൂപ്പ് പിന്നെ കശാപ്പ് ചെയ്തില്ല അയാളുടെ കണ്ണില്‍ മുഴുവനും തലക്കടിയേറ്റ മകളായിരുന്നു. അവളുടെ ചിത്രം നോക്കി ഇട്ടൂപ്പ് ക്ഷമ ചോദിച്ചു കരഞ്ഞു.
2011 June 7അന്നത്തെ പത്രവാര്‍ത്ത കണ്ട ഇട്ടൂപ്പ് കരഞ്ഞില്ല പകരം അയാളുടെ രക്തം കട്ടപിടിച്ച കണ്ണുകള്‍ തിളച്ചു!!!!
"തെളിവുകളുടെ അഭാവത്തില്‍ കോടതി ചാര്‍ളിയെ വെറുതെ വിട്ടു"
പിറ്റേന്നു രാവിലെ അയനൂര്‍ ഗ്രാമം ഒരു ഒറ്റക്കയ്യന്‍ മൃഗത്തിന്റെ കരച്ചില്‍ കേട്ടു , കുറേ നാളായ് കശാപ്പില്ലാതിരുന്ന കശാപ്പുശാലയില്‍ നിന്നും കേട്ട നിലവിളി അയനൂര്‍ ഗ്രാമത്തെ ഉണര്‍ത്തി. ഇറച്ചി കൊതിച്ചെത്തിയ ജനവും കാക്കകളും കാവാലി പട്ടികളും ആ കാഴ്ച കണ്ടു, രക്തത്തില്‍ കുളിച്ചു കിടന്ന ഒറ്റക്കയ്യന്‍ ചാര്‍ളിയേയും കാളയെറച്ചി തൂക്കിയിടുന്ന കയറില്‍ കിടന്നാടുന്ന ഇട്ടൂപ്പിനേയും.

അവന്‍ വീണ്ടും ജനിക്കുന്നു !

May 16, 2011 സുരേഷ് ബാബു

ചീരു അപ്പോള്‍ മൈഥിലിയെ മടിയിലിരുത്തി ഇടത്തേ കൈ മടക്കില്‍ ശിരസ്സ്‌ താങ്ങി പ്ലാവില കുമ്പിളില്‍ കുറുക്ക് കോരി നാവില്‍ ഇറ്റിക്കുകയായിരുന്നു. കുഞ്ഞ്നാവ് നുണച്ചിറക്കുന്നതിനിടയില്‍ അവള്‍ അമ്മയെ നോക്കി മോണ കാട്ടി, കുറുക്ക് നീട്ടിയ വിരല്‍തുമ്പു കളില്‍ അള്ളിപ്പിടിച്ച് വിടര്‍ന്ന കണ്ണുകളില്‍ കസൃതി വിരിയിച്ചു .ചീരുവിനു മേലാകെ കുളിരുകോരി രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നപോലെ തോന്നിച്ചു.
പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നപോലെ അവളുടെ മുഖം വാടിയ പൂവു പോലെ ഒളി മങ്ങി .മനസ്സു നീറ്റിയ ചിന്തകളില്‍ ചിലത് വിതൂമ്പലുകളായി പുറത്ത് ചാടി .
"ന്നാലും ന്റെ ദൈവേ....ന്റെ ആള്‍ക്ക് ഇങ്ങനൊക്കെ നിരീക്കാന്‍ ഏനും ന്റെ ചെറുതുകളും എന്തു പെഴച്ചോ ?"

ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ചീരുവിന്റെ കഴുത്തില്‍ മന്‍മഥന്‍ മഞ്ഞ ചരടില്‍ താലി കോര്‍ത്ത്‌ ചാര്‍ത്തിയത് .രണ്ട് വീട്ടുകാരും ഒരേ കോളനിയിലെ പൊറുതിക്കാരായിരുന്നിട്ടും മന്‍മഥനും ചീരുവും താലികെട്ടിനു മുന്‍പ് പരസ്പരം കണ്ടിട്ടേയില്ലാരുന്നു .പെണ്ണു കാണാന്‍ വന്ന കാര്‍ന്നോന്മാര്‍ ചീരുവിനോട് തിരക്കിയത് വെച്ചുണ്ടാക്കാനും, ഈറ്റ വെട്ടാനും, കുട്ട നെയ്യാനും മറ്റും അറിയുവോന്നായിരുന്നു .മന്‍മഥന്‍ ആ നേരമെല്ലാം മുറ്റത്തെ ചെമ്പകച്ചോട്ടില്‍ നിന്ന് തെറുപ്പ് ബീഡി വലിച്ചൂതി വിടുകയായിരുന്നു .

"ഒനെവിടെ ? ഓന്ക്ക് പെണ്ണിനോട് മിണ്ടേം,, പറേം .........അങ്ങനെ വെല്ല പൂതീം ണ്ടോന്നു ചോയിക്ക്‌ .."
കൂട്ടത്തില്‍ മൂപ്പ് കൂടിയ കാര്‍ന്നോര്‍ വിളിച്ചു ചോദിച്ചു .
"ല്ലാ ...പൂവാം .."
ബീഡിക്കുറ്റി പടിമുറ്റത്ത്‌ ചവിട്ടി കെടുത്തുന്നതിനിടയില്‍ മന്‍മഥന്‍ കനത്തില്‍ മുരണ്ടു .
കെട്ടാന്‍ വന്നോനെ നിനക്ക് പിടിച്ചോന്ന്‍ ചീരുവിനോട് ആരും ചോദിച്ചില്ല .മാത്രമല്ല അത് പെണ്ണുകാണല്‍ ചടങ്ങിന്റെ ഭാഗമായിരുന്നില്ല . അല്ലെങ്കില്‍ പുറം ലോകത്തിന്റെ പരിഷ്കാര ചിഹ്നങ്ങള്‍ ആദിവാസി കോളനികളില്‍ കൊടി കുത്തി തുടങ്ങിയിരുന്നില്ല .

മംഗലം കഴിഞ്ഞ്‌ വര്‍ഷം ഒന്നു കഴിഞ്ഞപ്പോള്‍ ചീരു കടിഞ്ഞൂല്‍ പെറ്റു. പുലര്‍ച്ചെ കിഴക്കേ മലമുകളില്‍ സൂര്യഭഗവാന്‍ ചിരിച്ചെഴുന്നള്ളിയ നേരത്ത് പൂജാതയായ സ്ത്രീജന്മം കുലത്തിനു വിളക്കാണെന്ന് മൂപ്പന്മാര്‍ പുകള്‍ പറഞ്ഞു . മകം പിറന്ന മങ്കയായതു കൊണ്ട് , മന്‍മഥന്റെ തന്ത, കുഞ്ഞിനു മങ്കമ്മ എന്നു പേരും അരുളി .പുറം നാട്ടില്‍ നിന്ന് വന്ന തടി മുതലാളി ഗംഗാധരന്റെ കൂപ്പില്‍ പണിയെടുത്തും , ഒഴിവു സമയങ്ങളില്‍ കാട്ടില്‍ നിന്ന് തേനെടുത്തും മന്‍മഥന്‍ ചീരുവിനേം കുഞ്ഞിനേം അല്ലലറിയിക്കാതെ പോറ്റി.

ചീരു പിന്നെയും രണ്ട് പെറ്റു. രണ്ടും പെണ്‍കുട്ടികള്‍ .. മൂന്നാമത്തെ കുഞ്ഞും പെണ്ണായപ്പോള്‍ മന്‍മഥന്‍ കലശലായ സങ്കടം ചീരുവിനെ അറിയിച്ചു .
"ന്നാലും ന്റെ ചീരുവേ .. ദീവം നെമ്മക്ക് ഒരാണിനെ തെന്നീലാല്ലോ ഇതേവരെ ..!?"
"ദെയ് വം നിരീച്ചത് അദാരിക്കും .. അയിനു നമ്മക്ക് എന്തു കാട്ടാന്‍ കയിയും ."
ചീരു കെട്ടിയവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

ആയിടയ്ക്കാണ് മന്‍മഥന്റെ സ്വഭാവത്തില്‍ സൂക്ഷ്മമായ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത് . അത് ആദ്യമറിഞ്ഞതും ചീരു തന്നെ. സംസാരം വടിവൊത്ത ഭാഷയായി ..പലപ്പോഴും വാചകങ്ങള്‍ക്ക് നീളം കൂടി ..വായ് മൊഴികള്‍ പലതിന്റെയും മുന്നില്‍ചീരു വായ് പിളര്‍ന്നു നിന്നു. തന്റെ കൈ പിടിച്ചവന്റെ മണ്ടയില്‍ ഏതൊ കൊടിയ ബാധ കേറിയെന്ന ചിന്തയില്‍ ചീരു നെഞ്ചു പൊട്ടി നിലവിളിച്ചു .
കാണിക്കുടിലുകളില്‍ പെണ്ണുങ്ങള്‍ കൂട്ടം കൂടി അടക്കം പറഞ്ഞു:
"അറിഞ്ഞീനോ ?..മ്മടെ ചീരൂന്റെ ഓന് ബാധ കൂടീന്ന്.. പാവം ഓടേം ചെറുതുകളുടെം ഒരു തുരിതം ..!"

കാട്ടുമൂപ്പന്‍ ചതുരപ്പലകയില്‍ വെളുത്ത കരുക്കള്‍ നിരത്തി കൂട്ടിക്കുറച്ചു.
"മം !..രച്ചയില്ല..മുടിഞ്ഞോനാ മണ്ടേല് ....മാടന്‍ ..!"
"ഒയിപ്പിക്കാന്‍ എന്തേ മേണ്ടെന്നു ചൊല്ലീന്‍ മൂപ്പാ ..?"
മന്‍മഥന്റെ തന്തയുടെ ശബ്ദം, അത് പറയുമ്പോള്‍ ഇടറിയിരുന്നു ..
"മം ..കിഴക്കന്‍ മല തുള്ളണം ..തുള്ളിച്ചെന്ന് കാട്ടാറും കടന്ന് മരക്കൊമ്പിലെ തേന്‍ മുളങ്കുറ്റിയിലാക്കണം .. ന്നീട്ട്.. അതില് പൊടി ചാലിച്ച് ഉള്ളീ കൊടുക്കണം ....അമാന്തിക്കണ്ടാ ..മല തുള്ളാന്‍ ആളെ വിട്ടോളീന്‍."

പിന്നീടുള്ള ദിവസങ്ങളില്‍ മന്‍മഥന്‍ കൂപ്പില്‍ പോക്ക് നിര്‍ത്തി .ഈറ്റക്കൂട്ടങ്ങളോടും , കാറ്റിനോടും കിളികളോടും മന്‍മഥന്‍ ഉച്ചത്തില്‍ സംസാരിച്ചു . ഈറ്റ വെട്ടാന്‍ വന്ന കാണിപ്പെണ്ണുങ്ങള്‍ കണ്ണു തുടച്ച് മൂക്കത്ത് വിരല്‍ വെച്ച്‌ ദൈവത്തെ വിളിച്ചു..

മറ്റ് ചിലപ്പോള്‍ അയാള്‍ മലമുകളില്‍ കയറി നിന്ന് ഇരു കൈകളും മേലേയ്ക്കുയര്‍ത്തി ആകാശത്ത് നോക്കി വേദാന്തം പറഞ്ഞു . മലവേടന്മാരെ തടഞ്ഞു നിര്‍ത്തി ജന്തുഹത്യ പാപമെന്ന് ഉത്ബോധിപ്പിച്ചു . പഴ വര്‍ഗ്ഗങ്ങള്‍ തിന്ന് വിശപ്പടക്കുവാനും ,അരുവിയിലെ തെളിനീരു കുടിച്ച് ദാഹമകറ്റാനും അരുളി ചെയ്തു .

അന്ന് രാത്രി ചീരുവിനെ കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ അയാള്‍ പറഞ്ഞു :
"ചീരു... യിനി നമുക്കൊരു ആണ്‍ കുരുന്നു വേണം .ചൂര്യനെപ്പോലെ തിളക്കമുള്ളോന്‍ .അവന്‍ നിന്റെ പള്ളേ ന്ന് വരുന്ന ദെവസം ഇടി വെട്ടി മാരി പെയ്യും , പൂക്കള്‍ ചിരിച്ചു വിടരും, കിളികള്‍ ആര്‍പ്പു വിളിക്കും . അവന്റെ പിറവിയില്‍ പ്രകൃതി എല്ലാം മറന്നു മദിക്കും!."

"ഇനിക്കിനി പെണ്ണിനെക്കൊണ്ടും മേണ്ട , ആണിനീക്കൊണ്ടും മേണ്ട .അടുത്തതും പെണ്ണായി പിറന്നീന ങ്ങടെ അവസ്ഥ ....യ്ക്ക് പേടിയാ ..മ്മക്ക് ഈ നാലെണ്ണം മതീ ..ങ്ങക്ക് എന്തീനാ ഈ പിടിച്ച പിടി ..?"

"അത് പറ്റില്ല ചീരൂ ..നമുക്കൊരാണ്‍കുഞ്ഞ് വേണം .അതെന്‍റെ ഗുരുഭൂതന്‍ പ്രവചിച്ചതാ ..അവന്‍ വെറും ഉണ്ണിയായല്ല പിറക്കുന്നെ.. എല്ലാം തികഞ്ഞവന്‍ ..പഴയതും , പുതിയതുമായ എല്ലാ ശാസ്ത്രങ്ങളും, തത്വങ്ങളും തിരുത്തുവാനുള്ളതാണ് അവന്റെ പിറവി. ഗര്‍ഭത്തിലേ ബ്രഹ്മത്തെ അറിഞ്ഞു വരുന്നവന്‍ ..തലയ്ക്കു മുകളില്‍ എരിയുന്ന സൂര്യനെപ്പോലെ അവന്‍ മണ്ണില്‍ ജ്വലിച്ചു നില്‍ക്കും .രക്തം ചൊരിയാതെ അവന്‍ മണ്ണിലെ തിന്മയുടെ കറുപ്പ് മായിക്കും.യുഗങ്ങള്‍ അവനെ വാഴ്ത്തി പാടും. എന്റെയും നിന്റെയും തിരുശേഷിപ്പിയായി അവനെന്നും ജ്വലിച്ചു നില്‍ക്കും. ""ങ്ങടെ മണ്ടയ്ക്ക് ചൂടാണ് ..പോയ്ക്കൊളീന്‍..ന്റടുത്ത് ഒന്നും ആക്കാന്‍ നിക്കേണ്ട ..നിക്കിനി ആണിനേം മേണ്ട ..പെണ്ണിനേം മേണ്ട .."
ചീരുവിന്റെ വിതുമ്പല്‍ മന്‍മഥനെ പൊള്ളിച്ചു . അയാള്‍ കിടക്കപ്പായില്‍ നിന്നെണീറ്റ് മുറ്റത്തെയ്ക്കിറങ്ങി. അരണ്ട നിലാ വെളിച്ചത്തില്‍ അയാള്‍ ബീഡി കത്തിച്ച് പുകയൂതി
ഉലാത്തി ക്കൊണ്ടിരുന്നു ..


പിറ്റേന്നു രാവിലേ മുതല്‍ മന്‍മഥനെ കാണാതായി ..ചീരു നിലവിളിച്ചുകൊണ്ട് കാണിക്കുടിലുകള്‍ തോറും ഓടി നടന്നു .
"ഓന്‍ മലമോളിക്കാണും ..കറുപ്പ് മണ്ടേക്കേറി ചൊരുക്കീനും..കെട്ട് വിട്ടീനാ ഓന്‍ തിര്യെ വന്നീക്കും."
മന്‍മഥന്റെ തന്ത ചീരൂനെ സമാധാനിപ്പിച്ചു ..

മന്‍മഥന്‍ ആ സമയം മലയിറങ്ങി നാട്ടുവഴിയെ ലക്ഷ്യമില്ലാതെ നടക്കുന്നുണ്ടായിരുന്നു . കല്ലും, മുള്ളും നഗ്നപാദങ്ങളെ കുത്തി നോവിക്കുമ്പോഴും അയാളെ അലട്ടിയത് സ്വപുത്രന്റെ ഉജ്ജ്വല പിറവിയെക്കുറിച്ചുള്ള പൊള്ളുന്ന ചിന്തകളായിരുന്നു ..
"ചീരു അവന് ദിവ്യഗര്‍ഭം നിഷേധിച്ച സ്ഥിതിക്ക് അവന്റെ ജീവകോശങ്ങള്‍ എവിടെ കൂടിച്ചേരും"?

നടത്തത്തിന്റെ വേഗത അയാളുടെ കിതപ്പ് കൂട്ടി .
അടിവാരത്തില്‍ കണ്ട ചാരായ ഷാപ്പില്‍ കയറി ഒരു കോപ്പ റാക്ക് കുടിച്ചു. കൈയ്യിലെ മുഷിഞ്ഞ നോട്ടുകള്‍ കടക്കാരന് നല്‍കി പുറത്തിറങ്ങി യാത്ര തുടര്‍ന്നു .നേരം ഇരുണ്ടു തുടങ്ങിയപ്പോഴേക്കും അയാള്‍ നഗരത്തിലെ തീവണ്ടി ആപ്പീസിനു മുന്നിലെത്തിയിരുന്നു ... പ്ലാറ്റ്ഫോര്‍മിലെ ബഞ്ചിലിരിക്കുമ്പോള്‍ അയാള്‍ വീണ്ടും അസ്വസ്ഥനായി . കൂകി വിളിച്ചു കൊണ്ട് ഒരു തീവണ്ടി ഞരങ്ങി നീങ്ങി ..ആയിരം കാലുകളുള്ള ഒരു കുതിര ചിനച്ചു കുതിക്കുന്ന പോലെ അയാള്‍ക്ക്‌ തോന്നി .. പെട്ടെന്ന് പിന്നില്‍ നിന്ന് ഒരു തണുത്ത കൈ അയാളുടെ ചുമലില്‍ സ്ഥാനം പിടിച്ചു. അയാള്‍ തല ഉയര്‍ത്തി തറപ്പിച്ചു നോക്കി. ഇരു കൈകളും നിറച്ച് പല നിറത്തിലുള്ള കുപ്പിവളകള്‍ അണിഞ്ഞ ഒരു പെണ്‍കുട്ടി . അവള്‍ തിളങ്ങുന്ന പല്ലുകള്‍ കാട്ടി ചിരിച്ചു .


"എന്താ ഒറ്റയ്ക്കിരിക്കുന്നത് ..വരൂ നമുക്ക് അപ്പുറത്തേയ്ക്ക് പോകാം ..ടെന്‍റ്റുണ്ട് . "
"എന്തിന് ?"
അയാള്‍ നെറ്റി ചുളിച്ചു .
"പറയാം ..നിങ്ങള്‍ വരൂ ..എന്തിനാ പേടിക്കുന്നത് ?..ഞാനൊരു പെണ്ണല്ലേ ?"
"ആണായാലും പേടിയൊന്നുമില്ല"
അയാളുടെ ശബ്ദം കൂടുതല്‍ പരുക്കനായി
"എങ്കില്‍ വരൂ.."
ഇത്തവണ അവള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ അയാളുടെ കൈകളില്‍ പിടിച്ചു വലിച്ചു.
സ്റ്റേഷന്റെ പിറകുവശത്തായി കണ്ട നാടോടി കൂടാരങ്ങളിലൊന്നിലേയ്ക്ക് അവള്‍ അയാളെ കൂട്ടിക്കോണ്ടു പോയി .തുണി കൊണ്ട് നാല് വശവും മറച്ച, മുറി പോലെ തോന്നിക്കുന്ന ഒന്നില്‍ അവള്‍, അയാളെ പുല്‍പ്പായില്‍ ഇരുത്തി .
തഴപ്പായ കൊണ്ടുണ്ടാക്കിയ വാതില്‍പ്പാളി ചാരി അവള്‍ അയാള്‍ക്കരികിലിരുന്നു . അരണ്ട വെളിച്ചത്തില്‍ ഇരുവര്‍ക്കും കാഴ്ച അവ്യക്തമായിരുന്നു .
'ഇനിയെന്ത് 'എന്ന മട്ടില്‍ അയാള്‍ അവളെ നോക്കി.
അവള്‍ ചിരിച്ചു കൊണ്ട് അയാളെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് കഴുത്തില്‍ കൈകള്‍ കോര്‍ത്ത്‌ മെയ്യോടു ചേര്‍ത്ത് പുല്പ്പായിലേയ്ക്ക് ചരിഞ്ഞു . അയാളുടെ ക്ഷൌരം ചെയ്യാത്ത മുഖത്ത് അമര്‍ത്തി ചുംബിക്കുമ്പോള്‍ അവള്‍ സൂചിമുനയേറ്റപോലെ ഞരങ്ങി . ഞരമ്പുകളില്‍ കാട്ടു കടന്നല്‍ കുത്തുന്നപോലെ മന്‍മഥനു തോന്നി. അവളെ മാറിലേയ്ക്ക് വലിച്ചടുപ്പിച്ച് ചെഞ്ചുണ്ടില്‍ ചുംബിക്കാനൊരുങ്ങവേ കാതുകളില്‍ ഗുരുഭൂതന്റെ ഇടിമുഴക്കം കേട്ടു.
"മന്‍മഥാ .നിന്റെ തേജസ്വരൂപന്റെ പിറവിയ്ക്ക് വിളനിലം ഇതല്ല ..ഇതു വെറും പാഴ് മണ്ണ് .. നിന്റെ ഊര്‍ജ്ജവും സമയവും ഇവിടെ പാഴാക്കാനുള്ളതല്ലെന്നോര്‍ക്കുക ..!"

പിന്നീടെല്ലാം മിന്നല്‍ വേഗതയിലായിരുന്നു . അയാള്‍ ഊക്കോടെ അവളെ തള്ളി മാറ്റി .. പെണ്‍കുട്ടി ആകെ അങ്കലാപ്പിലായി ..
" എന്തു പറ്റി ..എന്താ എന്നെ ഇഷ്ടമായില്ലേ ?"
അവള്‍ വീണ്ടും അയാള്‍ക്ക്‌ നേരേ കൈ നീട്ടി ..പൊടുന്നനെ അയാള്‍ വാതില്‍ വലിച്ചു തുറന്ന് ശരവേഗതയില്‍ പുറത്തേയ്ക്ക് പാഞ്ഞു .
"നാശം ..താടീം മീശേം കണ്ടപ്പോഴേ തോന്നിയതാ ..ഇതുതകില്ലെന്ന്.. കുളിക്കാത്ത നാറി ..ഗുണം പിടിക്കില്ല.!"
അവള്‍ വഴുതിപ്പോയ ഇരയെ മനസ്സറിഞ്ഞു പ് രാകി.


മന്മഥന്‍ അപ്പോഴേക്കും കാതങ്ങള്‍ പിന്നിട്ടിരുന്നു .
ലക്ഷ്യമില്ലാതെയുള്ള യാത്ര അയാളെ ഒരു നദിക്കരയില്‍ എത്തിച്ചു . അവിടെ ഏറെ നേരം അയാള്‍ കണ്ണടച്ചു നിന്നു.ആ നില്‍പ്പില്‍ അയാള്‍ തന്റെ മുന്‍ ജന്മങ്ങളിലൂടെ സഞ്ചരിച്ചു . ജന്മ പാപങ്ങളും, മരണവും മാറി മറിഞ്ഞ് ഒടുവില്‍ മന്‍മഥനിലെത്തിയപ്പോള്‍ അയാള്‍ കണ്ണു തുറന്നു.
"അമ്മേ, ഒടുവില്‍ ഞാന്‍ സഹായഹസ്തം തേടി നിന്റെ മുന്നിലെത്തിയിരിക്കുന്നു . ഒരുപാടലഞ്ഞു.ഇഴ പിരിഞ്ഞ വഴികള്‍ പലതു താണ്ടെണ്ടി വന്നു. ഒടുവില്‍ നിന്റെ മുന്നിലേയ്ക്ക് തന്നെ നേര്‍ വഴി തുറന്നു കിട്ടി ".
അയാള്‍ നദീ ജലം കൈക്കുമ്പിളില്‍ കോരി മുഖം നനച്ചു.

"ആദിമ ജീവന്റെ പ്രഭവകേന്ദ്രമായി ഭവിച്ച മാതൃഗര്‍ഭമേ..
ഈയുള്ളവനെ നിന്നിലര്‍പ്പിക്കുന്നു .. ഇവനെ നിന്നിലേയ്ക്കു തിരിച്ചെടുത്ത്‌ പരിണാമങ്ങളുടെ രഹസ്യ അറകളില്‍ ആറ്റിക്കുറുക്കി വീണ്ടുമൊരുജ്ജ്വല പിറവിയ്ക്ക് കളമൊരുക്കിയാലും.."


മന്‍മഥന്‍ കാലു കൊണ്ട് നദിയുടെ ആഴമളന്നു. പിന്നെ പിന്നെ നദി മന്മഥനെ തന്നിലേയ്ക്കു അളന്നു ചേര്‍ത്തു. ഉടല്‍ മുഴുവന്‍ മാതൃഗര്‍ഭത്തില്‍ ലയിച്ചപ്പോള്‍ മന്‍മഥന്റെ ഭൌതിക ചേതന പ്രാണഗതി തേടി മുകള്‍ തട്ടിലെത്തി കുമിളകള്‍ തീര്‍ത്തു .

കാണിക്കുടിയിലപ്പോള്‍ ചീരു കരഞ്ഞ് വിളിച്ചുകൊണ്ടിരുന്ന മൈഥിലിയുടെ നാവിലേയ്ക്കു മുളങ്കുറ്റിയുടെ കൂര്‍ത്ത തുമ്പില്‍ നിന്ന് തേനിറ്റിയ്ക്ക്ന്നുണ്ടായിരുന്നു ..

എഞ്ചിൻ ഡ്രൈവർ

May 12, 2011 Salini Vineeth

വെള്ളിയാഴ്ച്ച അസംബ്ലി സമയം.ഐഡി കാർഡ്‌ തൂങ്ങി കിടക്കുന്ന കഴുത്തുകളും,എണ്ണയിട്ടു മിനുക്കിയ തലകളുമുള്ള 10 A ക്ലാസ്സിന്റെ വരി. ആ വരിയുടെ പിന്നില്‍ ഒരു ചപ്രത്തല ഞാൻ ശ്രദ്ധിച്ചു. വെറും തോന്നലാണോ എന്നറിയാന്‍ വീണ്ടും നോക്കി. തോന്നലായിരുന്നില്ല, അതു സുജിത്തായിരുന്നു!

"അറിയ്വോ മാഷേ?"

സ്റ്റാഫ്‌ റൂം വാതിലിനു പിന്നില്‍ ‍, ഉടലിന്റെ പകുതിയും മറച്ച്, തല മാത്രം പുറത്തേയ്ക്ക് നീട്ടി അവന്‍ വീണ്ടും ചോദിച്ചു.
"അറിയ്വോ മാഷേ?"

"അറിയ്വോന്നോ? നീ '10 Aയില്‍ പഠിച്ച സുജിത്തല്ലേ?" അല്പം ദേഷ്യത്തോടെയാണ്‌ ഞാന്‍ മറുപടി പറഞ്ഞത്.
പഠിച്ചിറങ്ങി പോയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. പക്ഷെ, സുജിത്തിനെ മറക്കാന്‍ എനിക്കീ ജന്മം സാധിക്കില്ല. അതിനൊരു കാരണമുണ്ട്. കുറച്ചു പഴയ സംഭവമാണ്.

ആറു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു മേയ് മാസം. ഞാനന്ന് 9-C യില്‍ ക്ലാസ്സ്‌ ടീച്ചര്‍ ആണ്. പത്തിലേയ്ക്ക് ക്ലാസ്സ്‌ കയറ്റം കിട്ടിയവുടെ ലിസ്റ്റ്,സ്കൂളില്‍ കൊടുത്തിട്ടു വീട്ടില്‍ വന്നതേയുള്ളൂ,ഹെഡ് മാഷിന്റെ വിളി വന്നു. അത്യാവശ്യമായി സ്കൂള്‍ വരെ ചെല്ലണം.

സ്കൂളില്‍, ഞാന്‍ കൊടുത്ത പ്രമോഷന്‍ ലിസ്റ്റും, ചാണകം ചവിട്ടിയ മുഖഭാവവുമായി ഹെഡ് മാഷിരിക്കുന്നു. അപ്പോഴേ തോന്നി, എന്തോ അൽകുൽത്ത്‌ കേസാണ്! എന്റെ തല കണ്ട പാടെ ഹെഡ് മാഷ്‌ ചോദിച്ചു.

"9-c യിലെ സുജിത്ത്‌ ദിവാകരൻ! അവനു കണക്കിനു പാസ്സ്‌ മാർക്കല്ലെയുള്ളൂ മാഷേ? മാഷെന്തിനാ അവനെ ജയിപ്പിച്ചത്‌? സുജിത്തിനെ പത്തിലേയ്ക്കു കയറ്റി വിട്ടാൽ, അടുത്ത വർഷം നമ്മുടെ 100% താഴെക്കിടക്കും!"

SSLC വിജയ ശതമാനമായിരുന്നു പ്രശ്നം.മന്ത്രിസഭ താഴെക്കിടക്കും എന്നൊക്കെ പറയുന്നതു പോലെ, സുജിത്ത് കാരണം SSLC പരീക്ഷയില്‍ സ്കൂളിന്റെ 100% വിജയം നഷ്ട്ടപ്പെടുമോയെന്ന് ഹെഡ് മാഷ്‌ ഭയന്നു. ഒരു അണ്‍എയ്ഡഡ്‌ സ്കൂളിനു, 100% വിജയം നിലനിർത്തുക‌, ബിസിനസ്സിന്റെ ഭാഗമായിരുന്നു.

"സുജിത്തിനെ 9ൽ തോൽപ്പിക്കുന്നതല്ലേ സേഫ്‌? ഈ കുട്ടിക്കു വേണ്ടി മാത്രം ഒരു മാറ്റം വേണോ?"

പത്തിൽ തോൽക്കും എന്നു സംശയം തോന്നുന്ന കുട്ടികളെ, ഇനി അവർ 9ൽ കഷ്ടിച്ചു ജയിച്ചാൽ കൂടി 10ലേയ്ക്കുള്ള ഗേറ്റ്‌ കടത്താറില്ല.ഒന്‍പതില്‍ തന്നെ ഒരുവര്‍ഷം കൂടി ഇരുത്തി, പ്രത്യേകം ശ്രദ്ധിച്ചു പഠിപ്പിക്കും. സ്കൂൾ തുടങ്ങിയതു മുതലുള്ള കീഴ്‌വഴക്കം! പക്ഷേ സുജിത്തിനോടതു ചെയ്യാൻ എനിക്കു തോന്നിയില്ല. ഉഴപ്പനാണെങ്കിലും അവൻ നല്ല ബുദ്ധിയുള്ള കുട്ടിയാണ്.അൽപം മടിച്ചാണെങ്കിലും അന്നു ഞാൻ പറഞ്ഞു.

"മാഷെ, 10ലെ വിജയശതമാനം മാത്രം നോക്കി ആ ചെറുക്കന്റെ ഒരു വർഷം കളയാൻ പറ്റില്ല. അതു മാത്രമല്ല, പേരന്റ്സ്‌ ഒന്നും പണ്ടത്തെ പോലെയല്ല. പ്രത്യേകിച്ചു,പോസ്റ്റ്‌ മാസ്റ്റർ ദിവാകരൻ സാർ.വരുത്തനാണെങ്കിലും നല്ല പിടിപാടുള്ള കക്ഷിയാ.. പോരാത്തതിനു യൂണിയന്റെ ഒക്കെ വലിയ ആളും. സുജിത്തിനെ 9ൽ തോൽപ്പിച്ചാൽ,പരീക്ഷാ പേപ്പറിന്റെ ഫോട്ടോകോപ്പി വേണമെന്നു പറഞ്ഞ്‌ അങ്ങേരിവിടെ സത്യാഗ്രഹമിരിക്കും. ഞാനും തൂങ്ങും, മാഷും തൂങ്ങും!"

ഹെഡ്‌ മാഷിന്റെ പത്തി മടങ്ങി.പക്ഷേ കാർമേഘം മൂടിയ മുഖവുമായാണു അന്ന് അദ്ദേഹം സമ്മതിച്ചത്‌. അടുത്ത വർഷം റിസൽട്ട്‌ വന്നപ്പോൾ അതു ഇടിവെട്ടി മഴയായി പെയ്തു.സുജിത്തു മനോഹരമായി തോറ്റു. കണക്കിനു മാത്രമല്ല. ഒരു ബോണസ്സായി കെമിസ്ട്രിക്കും!ഇതിന്റെ പേരില്‍ സ്റ്റാഫ്‌‌ മീറ്റിംഗ്, മാനേജ്‌മന്റ്‌ മീറ്റിംഗ് ഇങ്ങനെ പല വേദികളില്‍ എനിക്ക് കൊട്ട് കിട്ടി.

ഓർമ്മകൾ... സ്കൂളിന്റെ ചരിത്രത്തിൽ SSLC തോറ്റ ഒരേയൊരു മഹാൻ! ആ സുജിത്താണു ചോദിക്കുന്നത്‌, "അറിയ്വോന്നു!"

"മാഷേ," സുജിത്തെന്നെ ഓർമ്മകളിൽ നിന്നു മടക്കി വിളിച്ചു.

"നീയെന്തിനാ അസംബ്ലിയിൽ കയറി നിന്നത്‌?"

സുജിത്ത്‌ മടിച്ചു മടിച്ചു പറഞ്ഞു.

"അത്‌, ഞാൻ വന്നപ്പത്തേക്കും നേരം വൈകി,പിന്നെ എഡ്മാഷ്‌ കാണണ്ടാന്ന് വിചാരിച്ച് 10Aന്റെ ബേക്കിൽ കേറി നിന്ന്!"

"നീയെന്താ ഈ വഴിക്ക്‌?"

"അദ്‌, മാഷേ എനക്ക് ജോലി കിട്ടി!.." എന്റെ ആകാംഷ അവനെ മുഴുമിപ്പിക്കാൻ അനുവദിച്ചില്ല.

"അപ്പോ നീ പത്തു ജയിച്ചൊ?" ശബ്ദത്തിൽ ആശ്ചര്യം കലരാതിരിക്കൻ ഞാൻ ശ്രമിച്ചു. പക്ഷെ നടന്നില്ല.

"ജയിച്ചു മാഷേ, വിക്ടോറിയ ട്യൂട്ടോറിയലിന്റെ നോട്ടീസ്സു മാഷു കണ്ടില്ലേ?അതിലെന്റെ ഫോട്ടോ ണ്ടാർന്ന്!"

എനിക്കു ചിരി വന്നു. അതവന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.അവൻ ആവേശത്തോടെ തുടർന്നു.

"പണ്ട്‌ പത്തിൽ തോറ്റപ്പോ,ഞാളാടെ, സേവ്യറേട്ടന്റെ വർക്ക്ഷോപ്പിൽ പോയീനല്ലോ ഒരു കൊല്ലം.ആടെ വൈക്കിന്റേം കാറിന്റേം ഗ്രീസ്സു തൊടച്ചു മത്യായി മാഷേ!അപ്പൊ തോന്നീ, എനക്കും ഒരു ഗവൺമന്റ്‌ ജോലീക്കെ വേണ്ടേ? പിന്നെ മരണ പഠിത്താരുന്ന് മാഷേ! അവസാനം ജോലി കിട്ടി!"

"നിനക്കോ? ഗവൺമന്റ്‌ ജോലിയോ?"ഇത്തവണ എനിക്കു ആശ്ചര്യം അടക്കണമെന്നു തോന്നിയതേയില്ല.

"അതെ മാഷേ, ട്രെയിനിലെ എഞ്ചിൻ ഡ്രൈവറായിട്ടാ.ഇന്ന് ഞാൻ ട്രെയിനിങ്ങിനു പോവ്വാ"

അവന്റെ അരികിലിരുന്ന വലിയ ബാഗ്‌ ഞാനപ്പോഴാണ് ശ്രദ്ധിച്ചത്‌‌.സ്റ്റാഫ്‌ റൂമിൽ പലരും സുജിത്തിനെ തിരിച്ചറിഞ്ഞിരുന്നു.അവരോടൊക്കെയും, ജോലിയുടെ വിശേഷങ്ങൾ അവൻ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.

"സുജിത്തേ ഞാൻ ക്ലാസ്സിൽ പോകുന്നു. ഇനിയും ഇതിലെ വരണം."

രണ്ടാമത്തെ പീരിയഡിനു ബെല്ലടിച്ചപ്പോൾ ഞാൻ സുജിത്തിനോടു പറഞ്ഞു.

"മാഷിനു ഏടെയാ ക്ലാസ്സ്‌?"

"10-A യിൽ"

അവൻ അൽപം ജാള്യതയോടെ ചോദിച്ചു.

"എന്നാ മാഷിന്റൊപ്പരം ഞാനും വരട്ടെ? ഞാൻ കുറച്ച്‌ മുട്ടായി കൊണ്ടന്നിട്ടുണ്ട്‌!"

എനിക്കു സന്തോഷം തോന്നി. സുജിത്തിനെ പോലെയുള്ളവരെ കാണുന്നത്‌ കുട്ടികൾക്ക്‌ തീർച്ചയായും ഒരു പ്രചോദനമാകും. അവനെയും കൂട്ടി ഞാൻ 10A യിലേയ്ക്കു നടന്നു.10A യിലെ കുട്ടികളോട്‌ ഞാൻ സുജിത്തിനെ കഥ പറഞ്ഞു. തോറ്റാലും പൊരുതാനുള്ള ആവേശം ഉണ്ടാകണമെന്നു പറഞ്ഞു. വിനയാന്വിതനായി,ഒരു മൂലയിൽ
പുഞ്ചിരിച്ചു നിന്നതേയുള്ളു സുജിത്ത്‌.മിഠായി കൊടുക്കുമ്പോൾ പല കുട്ടികളും അവന്റെ കൈ പിടിച്ചു കുലുക്കുന്നതു കണ്ടു.ഒരുപാടു സന്തോഷം തോന്നി.

സുജിത്ത്‌ യാത്ര പറഞ്ഞു പോയി.

ഒരാഴ്ചകഴിഞ്ഞു. ഇന്നലെ വൈകുന്നേരം പച്ചക്കറിക്കടയിൽ വച്ചു പോസ്റ്റ്‌ മാസ്റ്റർ ദിവാകരൻ സാറിനെ കണ്ടു.

"സുജിത്ത്‌ പോയിട്ട്‌ വിളിച്ചിരുന്നോ? അവനു സുഖമല്ലേ?" ഞാൻ സൗഹൃദത്തോടെ ചോദിച്ചു.

ദിവാകരൻ സാറിന്റെ കറുത്ത മുഖം ഒന്നു കൂടി ഇരുണ്ടു. പച്ചമുളകു കൂട്ടിയിട്ടിരിക്കുന്ന മൂലയിലേയ്ക്കെന്നെ മാറ്റി നിർത്തി അദ്ദേഹം പിറുപിറുത്തു.

"കുടുംബദ്രോഹി! ഓൻ കഴിഞ്ഞാഴ്ച്ച നാടു വിട്ട്‌ പോയി മാഷേ.എഞ്ചിൻ ഡ്രൈവർ
എന്ട്രന്‍സ് ന്ന് പറഞ്ഞ് എന്റെ തോനെ കാശ് ഓൻ തൊലച്ച്! ഒടുക്കം എന്ട്രന്സും തോറ്റ്,കഴിഞ്ഞ മാസത്തെ എന്റെ പെൻഷൻ കാശും അടിച്ചോണ്ട് അവന്‍ നാട് വിട്ടു പോയി മാഷേ..കഴിഞ്ഞ വെള്ളിയാഴ്ച!"


© ശാലിനി

പ്രേമത്തിന്റെ ഭാഷ

May 09, 2011 binoj joseph
എന്റെ പേര് അലക്സ് , ജനനം 1983 മരണം 2009 അതെ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ മരിച്ചു . അതിനുശേഷം പ്രായം കൂടിയിട്ടില്ലാത്തതിനാല്‍ ഞാന്‍ ഇന്നും ഒരു ഇരുപത്തിയാറുകാരനായ്‌ തുടരുന്നു . മരിച്ചുവെങ്കില്‍ പിന്നെ ചിന്തിക്കുന്നതും സംസാരിക്കുന്നതും അത് എഴുതുന്നതുമൊക്കെ ആര് എന്ന്‍ നിങ്ങള്‍ക്ക് സ്വാഭാവികമായും ചിന്തിക്കാം അതിനുത്തരമായ് ഞാന്‍ എന്താ പറയുക ഞാന്‍ ജിവിച്ചിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു . ഞാന്‍ സംസാരിച്ചതാരും കേട്ടില്ല ഞാന്‍ എഴുതിയതാരും വായിച്ചതുമില്ല. ഏകാന്തത ഒരു ശാപമാണെന്ന് കേട്ടിട്ടില്ലേ ? എനിക്കങ്ങനെ തോന്നിയിട്ടില്ല, എന്റെ ഏകാന്തത ഞാന്‍ ആസ്വദിക്കുകയായിരുന്നു ഓരോ നിമിഷവും അതെനിക്കു സുഖവും ഉന്മാദവുമൊക്കെ തന്നു. എന്നെക്കാള്‍ നന്നായ് അത് ആരെങ്കിലും ആസ്വദിച്ചിട്ടുണ്ട് എന്നെനിക്കു തോന്നുന്നില്ല. ഒരു ചില്ലുകൊട്ടാരം പണിത് അതില്‍ നിന്നും പുറം ലോകത്തെ അകറ്റിനിര്‍ത്തി ഞാന്‍ ഞാനെന്ന സ്വാര്‍ഥന്‍ ജിവിച്ചു. പക്ഷെ മരണം എന്റെ കൊട്ടാരത്തെ തകര്‍ത്ത്‌ എന്റെ സുഖത്തെ നശിപ്പിച്ച് എന്നെയും കൊണ്ടെങ്ങോട്ടോ പോയ്‌ .

പിന്നെ കുറെ നാള്‍ ഞാന്‍ ഒന്നും അറിഞ്ഞില്ല, നിദ്ര സ്വപ്‌നങ്ങള്‍ പോലുമില്ലാത്ത നിദ്ര!. പിന്നിടെപ്പോഴോ ജീവിതം എന്നില്‍ നിന്നകന്നുപോയ് എന്ന സത്യം മനസ്സിലാക്കി ഞാന്‍ ഉണര്‍ന്നു. മരണം എന്റെ ചില്ലുകൊട്ടാരത്തെ ശവപറമ്പിലേക്ക് മാറ്റിയിരിക്കുന്നു , ദേഷ്യവും സങ്കടവും കൊണ്ട് ഞാന്‍ നിലവിളിച്ചു പക്ഷെ ഇവിടെയും അത് കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. പിന്നെയും ഞാന്‍ ഒറ്റക്ക് എന്ന്‍ നിങ്ങള്‍ ധരിക്കരുത് ഇവിടെ നിറച്ച് ആള്‍ക്കാരുണ്ട് കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശന്മാര്‍ വരെ. ഇവിടെ കിടന്നു നോക്കിയാല്‍ സുര്യന്റെ അസ്തമയം കാണാം, പിന്നെ ചക്രവാളം മുറിച്ചുകടന്നു സുര്യന്‍ മറയുന്ന അതെ താഴ്വാരത്തിലേക്ക് പക്ഷികള്‍ കുടണയാന്‍ പോകുന്നതും കാണാം. അതിരാവിലെ സുര്യന്റെയും പക്ഷികളുടെയും മടങ്ങിവരവ് ആദ്യമായ് കാണുന്നതും ഞാനാണ്. എന്റെയടുത്ത് ആരോ ഒരു തണല്‍മരം വളര്‍ത്തിയിരിക്കുന്നു അതിനാല്‍ എനിക്ക് വെയിലും ഏല്‍ക്കില്ല. രാവിലെ ഇലകളില്‍ നിന്നും ഇറ്റുവിഴുന്ന മഞ്ഞുതുള്ളികള്‍ എന്റെ കണ്ണിലേക്കാണു വിഴുക. മരണത്തെ ഞാന്‍ അങ്ങനെ സ്നേഹിക്കാന്‍ ആരംഭിച്ചു ഇത്രയും സുന്ദരമായ്‌ എന്നെ ആരും ഉണര്‍ത്തിയിട്ടില്ല ഇത്രയും സുന്ദരമായ കാഴ്ചകള്‍ ഇതിനു മുമ്പ് ഞാന്‍ കണ്ടിട്ടുമില്ല. അങ്ങനെ ഈ ശവപറമ്പിലെ ജിവിതം ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി .
ഒരു ദിവസം ഉച്ചമയക്കത്തില്‍ നിന്നും എന്നെ ഉണര്‍ത്തിയത് കുടണയാന്‍ പോയ പക്ഷികള്‍ അല്ലായിരുന്നു കരച്ചിലും നിലവിളിയും ആരൊക്കൊയോ ഒരു ശവപെട്ടിയും താങ്ങി വരുന്നു അവരുടെ കുടെ പള്ളീലച്ചനും കുറേ ജനങ്ങളും അവരുടെ കരച്ചിലും നിലവിളിയും സഹിക്കാവുന്നതിലും അപ്പുറം. എന്റെ സുഖജീവിതത്തിന്റെ അവസ്സാനമായിരുന്നു പിന്നീട്, അവര്‍ എന്റെയടുത്താണ് പുതിയ ആളെ കുഴിച്ചുമൂടിയത്. പിന്നെ കുറേ നാള്‍ ഒരു സ്വസ്തതയും ഇല്ല! വല്ലാത്ത നാറ്റവും രാവിലെയും വൈകിട്ടുമൊക്കെ പ്രാര്‍ഥനയും എന്റെയടുത്ത് അവര്‍ വീടുകെട്ടുന്ന അവസ്ഥ!, സഹിക്കെട്ട് ഞാന്‍ തിരിഞ്ഞുകിടന്നു .
താഴത്തെ വരിയിലെ പലിശകാരന്റെയോപ്പം വരില്ലെങ്കിലും ഒരുവിധം മനോഹരമായ കല്ലറയായിരുന്നു അവര്‍ എന്റെയടുത്ത് പണിതിട്ടത് . ഞാന്‍ വളഞ്ഞും തിരിഞും പാടുപട്ടത് വായിക്കാന്‍ ശ്രമിച്ചു റോയ് ജനനം 1985 മരണം 2011 . രണ്ടു ഇരുപത്തിയാറുകാരെ ഒരുമിച്ചിടാന്‍ അവര്‍ക്കെങനെ തോന്നി?
ചില വൈകുന്നേരങളില്‍ എന്റെ നെഞ്ജത്തിരുന്നു മദ്യപിക്കാനും മഞ്ഞപുസ്തകം വായിക്കാനും എത്തുന്നവരില്‍ നിന്നും അവന്റെ കഥ ഞാന്‍ കേട്ടറിഞ്ഞു.
അവന്‍ എന്നെപോലെയല്ല ലോകത്തിന്റെ പല ഭാഗങ്ങളും ഇത്രയും കുറച്ചുനാള്‍ കൊണ്ട് അവന്‍ കണ്ടിരുന്നു, ഇങ്ലീഷും ഹിന്ദിയും കൂടാതെ ഫ്രെഞ്ച് ഇറ്റാലിയന്‍ സ്പാനിഷ് തുടങ്ങിയ ഭാഷകളും അവനറിയാം. അവന്‍ എടുത്തതും വരച്ചതുമായ ചിത്രങള്‍ വക്കുകള്‍ക്കു വര്‍ണ്ണിക്കാന്‍ പറ്റാത്തത്ര സുന്ദരങ്ങളത്രെ. അവന്റെ അകാലമരണത്തില്‍ നാട് മൊത്തം കരഞ്ഞു, കടകള്‍ തുറന്നില്ല, വിദ്യാലയങ്ങളില്‍ കുട്ടികള്‍ കറുത്ത ബാഡ്ജ് ദരിച്ചു. അവന്റെ അല്പ്പായുസ്സിനെക്കുറിച്ചോര്‍ത്ത് എല്ലാവരും വിലപിച്ചു.അറിഞ്ഞോ അറിയാതയോ എന്റെ ഭ്രാന്തന്‍ മനസ്സ് അവനുമായ് എന്നെ സാമ്യപ്പെടുത്താന്‍ തുടങ്ങി. അവന്‍ കണ്ട ലോകങ്ങള്‍ അവന്‍ സംസാരിച്ച ഭാഷകള്‍ അവന്‍ എടുത്തതും വരച്ചതുമായ ചിത്രങ്ങള്‍ അവന്റെ വിടവാങ്ങലില്‍ വിലപിച്ച ജനങ്ങള്‍. എന്റെ ഭ്രാന്തന്‍ മനസ്സിന്റെ ചിന്തകളില്‍ ഞാന്‍ കോപിച്ചു , അവനെയും എന്നെയും എങ്ങനെ സാമ്യപ്പെടുത്താന്‍ കഴിയും? എന്നെക്കാള്‍ സുന്ദരമായ ജിവിതം വേറെ ആര്‍ക്കാണുള്ളത് കുറെ ഭാഷകള്‍ സംസാരിച്ച് കുറേ രാജ്യങ്ങളില്‍ കൂടി തെണ്ടി നടന്നു കുറെ പടമെടുക്കുന്നതില്‍ എന്ത് സുഖം ? ഒന്നുമില്ല ! പിന്നെ ചത്തുകഴിഞ്ഞിട്ടു ജനം വിലപിച്ചെട്ടെന്തുകാര്യം? അതിനേക്കാള്‍ എത്രയോ ഭാഗ്യവാനാണ് ഞാന്‍ ജീവിതത്തില്‍ ഒരുത്തരവാദിത്വത്തിലും ചെന്നു പെടാതെ സുന്ദരമായ എകാന്തജീവിതം, മരിച്ചുകഴിഞ്ഞപ്പഴോ താഴ്വാരത്തില്‍ നിന്നും സൂര്യന്‍ ഉണരുന്നതും പക്ഷികള്‍ കൂടണയുന്നതും ഒക്കെ കണ്ടു സുന്ദരമായ വിശ്രമം. എന്തുകൊണ്ടും ഞാന്‍ തന്നെയാണ് ഭാഗ്യവാന്‍ . തല തിരിച്ച് റോയിയെ നോക്കി പുച്ഛം തോന്നി പാവം എവിടെയൊക്കെ പോയി എന്തൊക്കെ കണ്ടു എന്തൊക്കെ പറഞ്ഞു എന്ത് ഭലം അവസാനം നീയും ഞാനുമെല്ലാം ദേ ഇവിടെ കിടക്കുന്നു. മരണത്തിനു ശേഷം നീയും ഞാനുമെല്ലാം ഒരുപോലെ!, വിലപിച്ച ജനവും ബന്ധുക്കളും എല്ലാം അകലെ! മരണത്തിനപ്പുറം എന്തു സ്നേഹം ? എന്നെ എന്റെ എകാന്തചില്ലുകൊട്ടാരത്തിലാക്കിയ സിന്ദാന്തങള്‍!! അവയെല്ലം സത്യങ്ങളാവുകയാണ് . സൂര്യന്‍ മറഞ്ഞിരിക്കുന്നു, അകാശത്ത് നക്ഷത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു മാനത്തുനിന്നും കണ്ണിറുക്കി ചന്ദ്രന്‍ ഉറങ്ങാന്‍ അനുവാദം തന്നു.

സ്വപ്നങ്ങള്‍ എന്റെ മനസ്സില്‍നിന്നും അകന്നുപോയെന്നു ഞാന്‍ കരുതിയെങ്കിലും അതാ മാലാഖയെപ്പോലെ ഒരു പെണ്‍കുട്ടി എന്റടൂത്തേക്ക് നടന്നു വരുന്നു. അതെ അവള്‍ എന്റെടുത്തേക്കുതന്നെയാണു വരുന്നത് . മാലാഖയെപ്പോലെയെങ്കിലും അവളുടെ മുഖവും കണ്ണുകളും ദുഖത്താല്‍ താണിരിക്കുന്നു. ഒതുങ്ങിയിരുന്ന മുടികളില്‍ ചിലത് ഇടക്ക് ഇടക്ക് അലസ്സമായ് അഴിഞ്ഞു പറക്കുന്നു.എന്തിനാണ് നിന്റെ മുഖത്തീ ദുഖം അവളോട് ചോദിക്കുവാന്‍ തോന്നി, വേണ്ട അവളുടെ കൊലുസ്സിന്റെ സംഗീതത്തെ തടസ്സപ്പെടുത്തുന്നതെങ്ങനെ ? തണല്‍ മരത്തിന്റെ ചില്ലയില്‍ നിന്നും ഒരു മഴത്തുള്ളി എന്റെ കണ്ണില്‍ വീണു! ഞാന്‍ കണ്ണുതുറന്ന് താഴ്വാരത്തില്‍ നിന്നും മടങ്ങിവരുന്ന സൂര്യനെ നോക്കി പക്ഷെ അതിനേക്കാള്‍ ശോഭയോടൂകൂടി അവള്‍ അടുത്തേക്കുവരുന്നു. പ്രഭാതസൂര്യന്റെ ആഗമനത്തെ ഞാന്‍ സുന്ദരമായ കാഴ്ച്ച എന്നു വിളിച്ചെങ്കില്‍ അവളുടെ വരവിനെ ഞാന്‍ എങനെയാണു വര്‍ണ്ണിക്കുക. അതിസുന്ദരം! പണ്ടെപ്പോഴോ കണ്ട നാടകത്തിലെ വരികള്‍ ഓര്‍മ്മ വരുന്നു പ്രിയേ നിന്റെ സൗന്ദര്യം ഒരു നിമിഷം കൊണ്ടെന്നെ കലാകാരനാക്കിയിരിക്കുന്നു, ഒരടിമയെപ്പോലെ ഇതാ ഞാന്‍ നിന്റെ മുന്നില്‍ മുട്ടുകുത്തുന്നു!!!.

ഞാന്‍ അവളുടെ മുന്നിലല്ല അവള്‍ റോയിയുടെ മുന്നില്‍ മുട്ടുകുത്തി.എന്റെ വേദന ഞാന്‍ സഹിക്കാതെ നിവര്‍ത്തിയില്ല.

അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു, കണ്ണുനീരില്‍ അവളുടെ മുഖം തിളങ്ങുന്നു.അവര്‍ സംസാരിക്കുകയാണ് പക്ഷെ അവരുടെ ഭാഷ എനിക്കു മനസ്സിലായില്ല. എന്നും പ്രഭാതസൂര്യന്റെയൊപ്പം അവള്‍ വന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ കരച്ചില്‍ മാറി ഇപ്പോള്‍ അവള്‍ സന്തോഷവതിയാണ്. അവര്‍ സംസാരിക്കുന്നതെന്തെന്നറിയാന്‍ ഞാന്‍ ഒത്തിരി ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല.

സ്നേഹത്തെയും അതു തന്ന ബന്ദനങ്ങളേയും എന്റെ ചില്ലുകൊട്ടാരത്തിനു പുറത്താക്കിയ സിദ്ദാന്തങ്ങളുടെ തോല്‍വി ഞാനിപ്പോള്‍ അറിയുന്നു. മരണത്തില്‍ അവസ്സാനിക്കാത്ത സ്നേഹം എന്തെന്ന് ഞാനറിയുന്നു ആ സ്നേഹത്തെ ഞാന്‍ കാണുന്നു പക്ഷെ അത് വര്‍ണ്ണിക്കുവാന്‍ എനിക്കു ആവില്ല കാരണം പ്രേമത്തിന്റെ ഭാഷ എന്തെന്നെനിക്കറിയില്ല. റോയിക്കു നെറ്റിയില്‍ ചുംബനം നല്‍കി അവള്‍ തിരിഞ്ഞു നടക്കുകയാണ് . താഴ്വാരത്തില്‍ നിന്നും മടങ്ങി വന്ന പക്ഷികള്‍ എന്നെ കളിയാക്കി പറന്നു പോയ്.......!.

നാട്ടുവിശേഷങ്ങള്‍...

May 05, 2011 ബിജുകുമാര്‍ alakode

നേരം ഇരുട്ടി വരുന്നു. കൂട്ടുകാരോടൊത്ത് വൈകിട്ടത്തെ “ബിശ്യം“ പറച്ചിലിനു ശേഷം ഞാന്‍ നായരുമല കയറുകയായിരുന്നു. മലയുടെ പള്ളയ്ക്കാണല്ലോ എന്റെ വീട്. കൂവേരിക്കാരന്‍ കോരേട്ടന്റെ പുരയുടെ മീത്തലെ പറമ്പത്താണ് ഞങ്ങടെ പുര. അങ്ങേരുടെ വീട്ടെറയത്ത് തുടലില്‍ പൂട്ടിയ കറുമ്പന്‍ നായ എപ്പോ കണ്ടാലും എന്നെ നോക്കി കുരയ്ക്കും. എനിയ്ക്കാണെ അവനെ കണ്ണെടുത്തു കണ്ടൂടാ. വീട്ടിലെ മുട്ടയിടുന്ന ഒന്നാന്തരമൊരു പുള്ളിക്കോഴിയെ ആ നായീന്റെ മോന്‍ കഴുത്തിന് പിടിച്ച് കുടഞ്ഞത് ഇപ്പോഴും എനിയ്ക്കോര്‍മ്മയുണ്ട്. അന്നു മുതലാണ് ഞങ്ങള്  തെറ്റിയത്. അവനെ എവിടെ കണ്ടാലും ഞാന്‍ കല്ലെടുത്ത് അവന്റെ പള്ള നോക്കി കീച്ചും. അവനെന്ന കണ്ടാല്‍ കുരക്കുകേം ചെയ്യും. അതോടെയാവാം കോരേട്ടന്‍ കറമ്പനെ തുടലില്‍ പൂട്ടിയത്.

എന്തായാലും ഇന്ന് കറമ്പന്റെ കുരയെക്കാളും മേലെയാണ് കോരെട്ടന്റെ തെറീം മേളോം. എമ്മാതിരി തെറിയാണപ്പനേ പറയുന്നത്..! അടിച്ചു പൂക്കുറ്റിയായി വരുന്ന ദിവസങ്ങളില്‍ കോരേട്ടന്‍ പുര പൊളിച്ച് പണിയും. അങ്ങേരുടെ ഓള് രമണിയേച്ചിയും അത്ര മോശക്കാരിയല്ല.  പലപ്പോഴും അവരോട് കോരേട്ടന്റെ അഭ്യാസം ഫലിയ്ക്കാതെ വരുമ്പോള്‍ ബാക്കി ദേഷ്യം  തീര്‍ക്കുന്നത് പുരയോടാവും. പാവം രണ്ടു പിള്ളേരുണ്ട്, അതുങ്ങടെ കാര്യാണ് കഷ്ടം. ഇതൊക്കെ പലപ്പോഴും കേട്ടിട്ടുള്ളതുകൊണ്ട്, ഞാന്‍ അത്ര ശ്രദ്ധിയ്ക്കാതെ പുരയ്ക്കലേയ്ക്കു നടന്നു.

രാത്രി പത്തു മണിയോടെ പതിവില്ലാതെ രമണിയേച്ചിയും പിള്ളേരും വീട്ടില്‍ കയറി വന്നു. പാവം കുട്ടികള്‍ നിന്നു വിറയ്ക്കുന്നു. മര്യാദയ്ക്ക് കിടന്നുറങ്ങേണ്ട സമയമല്ലേ..

“എന്താ രമണീ ഈ പാതിരയ്ക്ക് കുട്ട്യോളുമായി..” അമ്മ ഉത്കണ്ഠയോടെ ചോദിച്ചു.

“എന്റെ ഏച്ചീ.. ആ കാലമാടന്‍ ഇന്നും കെടത്തിപ്പൊറുപ്പിയ്ക്കൂലാ.. വീട്ടിന്റെ ഓടെല്ലാം പൊളിച്ചു കളയണ്..  രാത്രി ഈ പിള്ളേരേം കൊണ്ട് ഞാനെവിടെ പോകാനാ..”

പാതി കരച്ചിലായും പാതി കലിപ്പായും രമണിയേച്ചി പറഞ്ഞു. താഴെ പുരയ്ക്കല്‍ കോരേട്ടന്‍ ഓട് എറിഞ്ഞു പൊട്ടിയ്ക്കുന്നതു കേള്‍ക്കാം.

“എത്ര കാലായി രമണി ഈ കൂത്ത് തൊടങ്ങീട്ട്. നിനക്ക് പോലീസിലൊരു കടലാസ് കൊടുക്കാമ്പാടില്ലേ..? ഇപ്പോ ഏതാണ്ട് നെയമോക്കെണ്ട്.. പെണ്ണുങ്ങളെ തല്ലാമ്പാടില്ലാന്നൊക്കെ പറഞ്ഞ്. കടലാസ് കിട്ടിയാ അവര് പുഷ്പം പോലെ അവനെ പൊക്കിയെടുത്ത് അകത്തിടും..”

അമ്മ പത്രത്തില്‍ കണ്ട വാര്‍ത്ത വെച്ച് തന്റെ നിയമ വിജ്ഞാനം പകര്‍ന്നു. എനിയ്ക്കും അതു തോന്നാതിരുന്നില്ല. ഇതു പണ്ടത്തെ കാലമൊന്നുമല്ല. പെണ്ണുങ്ങളെ തല്ലിയാല്‍ ഒന്നാന്തരം ശിക്ഷ കിട്ടും, ഭാര്യയാണെന്നു പറഞ്ഞിട്ടു കാര്യമില്ല.

“എന്റെ ഏച്ചീ, നേരമൊന്നു വെളുത്തൊട്ടെ.. ഇപ്രാവശ്യം കടലാസു കൊടുത്തിട്ടേ ബാക്കിയുള്ളു. കെട്ട്യോനല്ലേന്നു വച്ച് ഇക്കാലമത്രേം ഷെമിച്ചു.. ഇനിയില്ല..”

രമണ്യേച്ചി ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. ആ പറച്ചിലില്‍ വല്യകാര്യമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. എത്രകാലമായി ഇങ്ങനെ..!

“എന്തായാലും നീയാ കുട്ട്യോളേം കൊണ്ട് വെളിയില്‍ നില്‍ക്കാതെ കയറി വാ. ആ ചായ്പ്പിലെ കട്ടിന്മേല്‍ കിടന്നോ.. “ അമ്മ അവരെ ചായ്പ്പിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.

താഴെ ആരവം അടങ്ങിയിട്ടില്ലാന്നു തോന്നുന്നു. കറുമ്പന്‍ പട്ടി ഇടയ്ക്കിടെ കുരയ്ക്കുന്നുണ്ട്. കോരേട്ടന്റെ തെറികള്‍ അവ്യക്തമായി കേള്‍ക്കാം. കുടിയ്ക്കാത്തപ്പോള്‍ എത്ര നല്ല മനുഷ്യനാണ്. എവിടെ കണ്ടാലും വലിയ വിനയോം ബഹുമാനോമൊക്കെ കാണിയ്ക്കും. സന്ധ്യയ്ക്കു റാക്ക് മോന്തിക്കഴിഞ്ഞാല്‍ എല്ലാം പോയി. നേരില്‍ കണ്ടാല്‍ ആടിയാടി മുന്നില്‍ വന്നിട്ടൊരു ചോദ്യമുണ്ട്.. ”എന്നാലും ഇയ്യെന്റെ കറമ്പന്റെ പള്ളയെറിഞ്ഞു പൊളിച്ചില്ലേ.?അദൊരു മിണ്ടാപ്രണിയല്ലേ..? ദണ്ണോണ്ട്..” അവന്‍ ഞങ്ങടെ കോഴിയെ പിടിച്ചിട്ടല്ലേ എന്നു ചോദിയ്ക്കാനൊരുങ്ങുമ്പോഴേയ്ക്കും കോരേട്ടന്‍ സ്ഥലം വിട്ടിരിയ്ക്കും. പിറ്റേന്നു കണ്ടാലോ, ഒരു മാതിരി ചിരിയും ചിരിച്ച് വലിയ വിനയം കാട്ടല്‍.

പിറ്റേന്ന് നേരം പുലര്‍ന്നപ്പോഴാണ് രമണ്യേച്ചി, പോലീസില്‍ പരാതി കൊടുക്കുമെന്നു പറഞ്ഞത് കാര്യായിട്ടു തന്നെയെന്ന് മനസ്സിലായത്.

“ഏടാ മോനെ, ഇയ്യ് കൂടി എന്റൊപ്പരം വാ സ്റ്റേഷന്‍ വരെ. എനിയ്ക്കവിടെ പരിജയമില്ല..”

രമണ്യേച്ചിയുടെ ചോദ്യം കേട്ടപ്പോള്‍ എന്റെ രോമം എഴുന്നു കയറി. ഹൈ..പോലീസ് സ്റ്റേഷനിലേയ്ക്കോ..! വഴിയെ പോകുന്നവനിട്ടു കയറി പെടയ്ക്കുന്ന പോലീസാണ് ഇവിടുത്തെ.  രമണ്യേച്ച്യേം കൂട്ടി ചെന്നാ ചിലപ്പോ അവിഹിതബന്ധത്തിന് എന്നെ പിടിച്ച് അകത്താക്കാനും മതി. അതും കഴിഞ്ഞ് ഇറങ്ങിയാല്‍ തന്നെ കോരേട്ടന്‍ വെറുതെ വിടുമോ..?

“രമണ്യേച്ച്യേ..ഒന്നൂടെ ആലോചിയ്ക്ക്. കേസു കൊടുക്കണൊന്ന്.. കോരേട്ടന്‍ ഇപ്പൊ പൂസൊക്കെ ഇറങ്ങി നിങ്ങളെ അന്വേഷിയ്ക്കുന്നുണ്ടാവും. കേസൊക്കെ ആയാല്‍ അവര് കോരേട്ടനെ പിടിച്ച് നന്നായി പെരുമാറും..”

“അതെ അദന്ന്യാ വേണ്ടേ.. കാലമാടനിട്ട് നല്ല രണ്ട് പൂശ് കിട്ടാഞ്ഞിട്ടാ...അനക്ക് വരാമ്പറ്റ്വോ..”

“ഓന് വരാമ്പറ്റൂലാ രമണീ.. തെങ്ങിന്‍ വളപ്പ് കൊത്തിമൂടാന്‍ പണിക്കാറുണ്ട്..ഓനിവിടെ പണീണ്ട്. ഇയ്യ് പോയാ മതീല്ലോ.. ഇപ്പോ പെണ്‍‌പോലീസ് തൊപ്പനെയുണ്ടല്ലോ..” അമ്മ കൃത്യസമയത്ത് ഇടപെട്ടതു കൊണ്ട് ഞാന്‍ രക്ഷപെട്ടു.

രമണ്യേച്ചീം കുട്ടികളും രാവിലെ തന്നെ വീട്ടില്‍ നിന്നും പോയി. ഞാന്‍ രാവിലത്തെ ചില്ലറ പണിയൊക്കെ കഴിഞ്ഞ് രയറോത്തിറങ്ങിയപ്പോഴാണ് അറിഞ്ഞത്, രമണിയേച്ചീം പിള്ളേരും ആലക്കോട്ടെ പോലീസ് സ്റ്റേഷനിലേയ്ക്ക് തന്നെയാണ് പോയതെന്ന്. ഇത്ര കൃത്യമായി അറിയാന്‍ കാരണം, റയറോത്തെ പോസ്റ്റ് മാഷാത്രെ പരാതി എഴുതിക്കൊടുത്തത്. വിവരം അറിഞ്ഞ് കോരേട്ടനും ആലക്കോടിന് പോയിട്ടുണ്ട്. കോരേട്ടനെ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നത്രേ. അത് പേടികൊണ്ടാണെന്നും അല്ല രാവിലെ ഒരു ഗ്ലാസ് റാക്ക് അടിയ്ക്കാത്തതു കൊണ്ടാണെന്നും രണ്ടഭിപ്രായമുണ്ട്. എന്തായാലും സംഗതി സീരിയസായിരിയ്ക്കുന്നു. മിക്കവാറും പോലീസുകാര് കോരേട്ടന്റെ കൂമ്പു വാട്ടും, ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍.

ഞാന്‍ മമ്മാലിയ്ക്കാന്റെ ചായപ്പീടികേന്ന് ഒരു ചായേം പരിപ്പുവടേം കഴിച്ചിട്ട് വിജയേട്ടന്റെ തയ്യല്‍ കടയിലേയ്ക്കു പോയി. തിരക്കില്ലെങ്കില്‍ രണ്ടു ഗെയിം ചെസ് കളിയ്ക്കാം. അവിടെ ചെന്നപ്പോള്‍ കക്ഷി എന്നെ കാത്തിരിയ്ക്കുന്നു.

“അല്ലാടാ.. ഇന്നലെ കോരന്റവിടുത്തെ രമണി നെന്റെ പുരയിലാര്‍ന്നോ കെടന്നേ..?”

ഹും.. വിജയേട്ടന്റെ ചിരിയില്‍ ഒരു വല്ലാത്ത ചുവയുണ്ട്.

“ദേ വിജയേട്ടാ, ഒരു മാതിരി മറ്റേ വര്‍ത്താനം പറയാതെ. അവര് പൊരേന്നു തല്ലുകൂടി പിള്ളേരേം കൂട്ടി രാത്രീ വീട്ടിക്കേറി വന്നാ എന്താ ചെയ്ക..? എറങ്ങിപ്പോകാന്‍ പറയാമ്പറ്റ്വോ..?”

“ഓള് കേസു കൊടുക്കാമ്പോയീന്നോ കോരന്‍ പൊറകേ പോയിട്ടുണ്ടെന്നോ ഒക്കെ ആള്‍ക്കാരു പറേന്നെ കേട്ടു..”

“അത് വിട്.. ഇങ്ങക്ക് ടൈമുണ്ടെ വാ നമുക്ക് ഒന്നു നെരത്താം..”

പിന്നെ രണ്ടു മണിയ്ക്കൂര്‍ നേരത്തേയ്ക്ക് ഞങ്ങള്‍ വളരെ കുറച്ചേ സംസാരിച്ചുള്ളു. തന്ത്രവും മറുതന്ത്രവും വെട്ടും കുത്തുമായി നേരം പോയതറിഞ്ഞില്ല. ഒരു ജയവും ഒരു തോല്‍‌വിയുമായി സമാസമം പിരിഞ്ഞ് ഞാന്‍ വീട്ടിലെയ്ക്ക് നടക്കുമ്പോഴാണത് കണ്ടത്. തൊട്ടുമുന്‍പില്‍ ഒരു നാല്‍‌വര്‍ സംഘം നായരുമല കയറുന്നു. തലയില്‍ വലിയൊരു സഞ്ചി നിറയെ സാധനങ്ങളുമായി കോരേട്ടന്‍. ഒപ്പം തൂക്കിപ്പിടിച്ച സഞ്ചിയുമായി രമണ്യേച്ചി. പിള്ളേരുടെ കൈയില്‍ ചൂട് പഴമ്പൊരിച്ചത് ഓരോന്ന്. അവരത് തിന്നുകൊണ്ടാണ് നടക്കുന്നത്.

ഇതെന്തു മറിമായം..!

അവരെ മറികടക്കുമ്പോള്‍ ഞാന്‍ കണ്ണുവെട്ടിച്ച് രമണ്യേച്ചിയെ നോക്കി. അവരെന്നെ ശ്രദ്ധിയ്ക്കാതെ കോരേട്ടനോട് എന്തോ പറയുകയാണ്. കോരേട്ടന്‍ അതു കേട്ട് ചിരിയ്ക്കുന്നുമുണ്ട്. “കേസുകൊടുത്തില്ലേ ചേച്ച്യേ“ എന്നു ചോദിയ്ക്കണമെന്നുണ്ടായിരുന്നെങ്കിലും ഞാനൊന്നും മിണ്ടിയില്ല. കറമ്പന്‍ പട്ടിയെ അഴിച്ചു വിട്ടിരിയ്ക്കുകയാണെങ്കില്‍ അവനെന്റെ നേരെ കുരച്ചു കൊണ്ടു വരും. ഞാന്‍ ചെറിയൊരു കല്ലെടുത്ത് കരുതി വച്ചു.

അലന്‍

May 03, 2011 KS Binu

താഴേത്തൊടിയുടെ കിഴക്കേ അതിരില്‍, ഇലഞ്ഞിമരത്തിന്റെ തണലില്‍, മന്ദാരക്കൂട്ടത്തിനരികില്‍, നാലുപാടും പൊഴിഞ്ഞ്‌ നിലം മൂടുന്ന ഇലഞ്ഞിപ്പൂക്കള്‍ക്കുമേലെ കുത്തിയിരിക്കുകയായിരുന്നു അലന്‍. തൊടിയിലെങ്ങും ആരുമുണ്ടായിരുന്നില്ല. അലനും ഇലഞ്ഞിയും മന്ദാരക്കാടും പിന്നെക്കുറേ മരങ്ങളും മാത്രം. അലന്റെ കൈയ്യില്‍ മൂര്‍ച്ചപോയൊരു ഷേവിംഗ്‌ ബ്ലേഡ്‌ ഉണ്ടായിരുന്നു. നീണ്ടുരുണ്ട മന്ദാരമൊട്ടുകള്‍ ആ ബ്ലേഡുകൊണ്ട്‌ പ്രയാസപ്പെട്ട്‌ മുറിച്ചെടുക്കുകയായിരുന്നു അവന്‍. ആ നേരം അലന്‍ അമ്മയായിരുന്നു. അവന്‍ മക്കള്‍ക്ക്‌ കഴിക്കുവാന്‍ ആഹാരമുണ്ടാക്കുകയായിരുന്നു.

"എന്റെ മക്കള്‍ക്കിപ്പോ അമ്മ കഴിക്കാന്‍ തരാമേ.. മക്കളുവിഷമിക്കണ്ടേ.." അലന്റെ ചുണ്ടുകള്‍ അലനും മന്ദാരക്കാടിനും ഇലഞ്ഞിപ്പൂക്കള്‍ക്കും മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറഞ്ഞുകൊണ്ടിരുന്നു. അവന്‍ മന്ദാരമൊട്ടുകള്‍ ചെറിയതുണ്ടുകളായി മുറിച്ച്‌ വട്ടയിലയില്‍ ഇടുകയായിരുന്നു.

"മക്കള്‍ക്ക്‌ വിശന്നോടീ.? അമ്മയിപ്പോ ചോറുതരാവേ.." അലന്റെ മാതൃഹൃദയം ഒരു വിങ്ങലിന്റെ വരമ്പിലൂടെ, തുളുമ്പലിന്റെ അതിരിലൂടെ സഞ്ചരിക്കുകയായിരുന്നു. നിലത്ത്‌ കിടന്നിരുന്ന ഇലഞ്ഞിപ്പൂക്കള്‍ അതുനോക്കി അല്‍ഭുതപ്പെട്ടു. "മക്കളെ ഊട്ടുമ്പോള്‍ എല്ലാ അമ്മമാരുടെയും ഹൃദയം ഇങ്ങനെ തുളുമ്പുമോ?"

അലന്‍ വട്ടയില കൈയ്യിലെടുത്ത്‌, അരിഞ്ഞുകൂട്ടിയ മന്ദാരമൊട്ടിന്‍ കഷ്ണങ്ങള്‍ വാരിയെടുത്ത്‌ നീട്ടി. "ഇന്നാ... അമ്മ മോന്‌ ചോറുതരാമല്ലോ.... എന്റെ മക്കള്‍ക്കമ്മ...." പെട്ടെന്ന് അലന്റെയുള്ളിലെ അമ്മ തുളുമ്പിപ്പോയി. പൂക്കള്‍ നോക്കി നില്‍ക്കേ അലന്റെ കണ്ണുകള്‍ നിറഞ്ഞു. അവന്റെ ചുണ്ടുകള്‍ വിതുമ്പുന്നതും നെഞ്ച്‌ കുതിക്കുന്നതും പൂക്കള്‍ കണ്ടു. അവരെല്ലാം അന്യോന്യം നോക്കി.

അലന്‍ വട്ടയില താഴെ വെച്ചു. കൈനിലത്തുകുത്തി താഴേയ്ക്ക്‌ പടഞ്ഞിരുന്നു. അലന്റെ മുഖത്ത്‌ ഇപ്പോള്‍ അമ്മമുഖമല്ലെന്ന് പൂവുകള്‍ കണ്ടു. എങ്കിലും അലന്റെ മുഖം വിതുമ്പുകതന്നെയായിരുന്നു. പെട്ടെന്ന് അലന്റെ കണ്ണില്‍ നിന്ന് ഒരുതുള്ളി കണ്ണുനീര്‍ പൂവിന്റെ മുഖത്തുവീണു. കണ്ണീരിന്റെ ചൂടില്‍ ഞെട്ടിപ്പിടഞ്ഞുപോയ പൂവ്‌ ചോദിച്ചു:

"അലന്‍, നീ കരയുന്നതെന്തിന്‌? നിന്റെ ഹൃദയം വിറയ്ക്കുന്നതെന്തിന്‌?"

അലന്‍ നിശബ്ദനായിരുന്നു. കണ്ണീര്‍ പൂക്കള്‍ക്കുമേലെ ചിതറിക്കൊണ്ടിരുന്നു. അവരെല്ലാം ആകാംക്ഷയോടെ അലനോട്‌ കാരണംതേടി.

"എനിക്കാരുമില്ലല്ലോ... അലനൊറ്റയ്ക്കാണല്ലോ... അലന്റെ അച്ചനുമമ്മേംചേച്ചീമെല്ലാം മരിച്ചുപോയി" അലന്‍ പറഞ്ഞത്‌ മുഴുവന്‍ പൂക്കളും കേട്ടു. അവരെല്ലാം വിഷമത്തോടെ പരസ്പരം നോക്കി.

"അവരെങ്ങിനെയാണ്‌ മരിച്ചത്‌ അലന്‍?"

"അവരെല്ലാം വിഷംകഴിച്ച്‌ മരിച്ചുപോയി....." തൊണ്ടയില്‍ കുരുങ്ങി മുറിവുകള്‍ വീണ ശബ്ദത്തില്‍ അലന്‍ പറഞ്ഞു.

ഒരു നിമിഷം അലന്റെയും പൂക്കളുടെയുമിടയില്‍ നിശബ്ദത കയറിനിന്നു.

"അവരെന്തിനാണ്‌ വിഷം കഴിച്ചത്‌ അലന്‍?"

"എനിക്കറിയില്ലല്ലോ... അലന്മോന്‌ അറിയില്ലല്ലോ അതൊന്നും..." അതുപറഞ്ഞപ്പോള്‍ അലന്റെ ചുണ്ടുകള്‍ കൂടുതല്‍ വിതുമ്പിവിറയ്ക്കുന്നതും നെഞ്ച്‌ കുതിക്കുന്നതും പൂവുകള്‍ കണ്ടു. അവരെല്ലാം അലന്റെയൊപ്പം സങ്കടപ്പെട്ടു. അവരെല്ലാം ഉന്മേഷം നഷ്ടപ്പെട്ട്‌ വെറുതെ വാടിക്കിടന്നു.

പടിഞ്ഞാറ്‌ പാടത്തുനിന്നും, പറമ്പുകയറി, പൂക്കളില്‍നിന്ന് മണമെടുത്ത്‌ മടങ്ങിപ്പോകുവാന്‍ വന്ന കാറ്റില്‍ അവരെല്ലാം ഉണര്‍ന്നു. ഇലഞ്ഞിപ്പൂമണം കാറ്റില്‍ പരന്നു. പിന്നെ കാറ്റില്‍ കുഴഞ്ഞു. കാറ്റ്‌ തിരികെപ്പോകുമ്പോള്‍ കൂടെപ്പോകുവാന്‍ നിര്‍ബന്ധിതരായ പൂക്കള്‍ അലനെ തിരിഞ്ഞു നോക്കി. മന്ദാരപ്പൂമൊട്ടിന്റെ ചെറിയകഷ്ണങ്ങളെ വട്ടയിലയിലിട്ടു കുഴയ്ക്കുന്ന അലന്‍. അപ്പോള്‍ അവന്‍ അമ്മയായിരുന്നോ അതോ അലന്‍ തന്നെയായിരുന്നോ എന്ന് അവര്‍ക്ക്‌ വ്യക്തമായിരുന്നില്ല. അവന്‍ വട്ടയിലയിലേയ്ക്ക്‌ മുഖം കുനിച്ചിരിക്കുകയായിരുന്നു.

പരന്നുകിടക്കുന്ന തൊടിയിലേക്ക്‌ തിരിഞ്ഞ്‌, കാറ്റിന്റെയൊപ്പം പടിഞ്ഞാറേയ്ക്ക്‌ പറക്കുവാനാഞ്ഞ പൂക്കള്‍ ദൂരെയല്ലാതെ, അരികിലല്ലാതെ, പടിഞ്ഞാറേപാടത്തിന്റെ പച്ചനിറത്തിലും, അതിനുമുകളിലെ ആകാശത്തിന്റെ നീലനിറത്തിലുമായി പ്രകാശിനെയും മിനിയെയും സ്നേഹയെയും കണ്ടു. അവരും തൊടിയില്‍ത്തന്നെയായിരുന്നു. ആകാശത്തിനുകീഴെ, ചുവന്ന മണ്ണിനുമേലെ നില്‍ക്കുകയായിരുന്നു അവര്‍.

കാറ്റ്‌ അവര്‍ക്കടുത്തെത്തിയപ്പോള്‍ പെട്ടെന്ന് പൂക്കള്‍ പറഞ്ഞു: "കാറ്റേ, നീ ഒരു നിമിഷം നില്‍ക്കുക."

കാറ്റ്‌ ചോദ്യരൂപത്തില്‍ പൂക്കളെ നോക്കി. കാറ്റ്‌ ഉറഞ്ഞു.

പൂക്കള്‍ അവരുടെ മുന്‍പില്‍ നിന്നു. പൂക്കള്‍ അവരുടെ മുഖങ്ങളിലേയ്ക്ക്‌ നോക്കി. അവര്‍ പക്ഷേ പൂക്കളെ കാണുകയായിരുന്നില്ല. അവര്‍ അലനെ കാണുകയായിരുന്നു. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

"നിങ്ങള്‍ കരയുന്നതെന്തിന്‌?" പൂക്കള്‍ ചോദിച്ചു.

"എന്റെ അലന്മോന്‍......" മിനിയായിരുന്നു പറഞ്ഞത്‌. അവളുടെ ശബ്ദത്തില്‍ അല്‍പ്പം മുന്‍പ്‌ അലന്റെ ശബ്ദത്തില്‍ അറിഞ്ഞ അമ്മയുടെ തുളുമ്പല്‍ പൂക്കള്‍ തിരിച്ചറിഞ്ഞു.

"നീ എന്തിന്‌ കരയണം? നിന്റെ മകനെ ഒരുനിമിഷത്തിനപ്പുറത്തെ അനന്തമായ ശൂന്യതയിലേയ്ക്ക്‌ കടത്തിവിട്ടവള്‍ നീ. നിനക്ക്‌ കരയുവാനവകാശമില്ല. നോക്കൂ, ഞങ്ങളെപ്പെറ്റ അമ്മപോലും വളര്‍ച്ചയെത്താതെ ഞങ്ങളെ ഉപേക്ഷിക്കുന്നില്ല. പ്രകൃതിയിലൊരമ്മയും അത്‌ ചെയ്യുന്നില്ല. പക്ഷേ നീയത്‌ ചെയ്തു. അലന്‍.. അവനൊരു പൂമൊട്ടുപോലെ.. കാലംതെറ്റിക്കൊഴിഞ്ഞ്‌, വെയിലേറ്റ്‌ വാടിമയങ്ങുന്ന ഒരു പൂമൊട്ടുപോലെ. ഇനി നീയെന്തിന്‌ കരയണം?

മിനി നിശബ്ദം നിന്നു. എങ്കിലും അവള്‍ തുളുമ്പിക്കൊണ്ടുമിരുന്നു. പ്രകാശും സ്നേഹയും അവള്‍ക്കൊപ്പം നിശബ്ദം, വേദനതികട്ടി, കണ്ണുനിറഞ്ഞ്‌..

പൂക്കള്‍ തിരിഞ്ഞുനോക്കി. അലന്‍ അലന്റെ മാത്രം ലോകത്തില്‍. അലനും മന്ദാരക്കാടും ഇലഞ്ഞിപ്പൂക്കളും. അലന്‍ ഒറ്റയ്ക്കായിരുന്നു.

കാറ്റ്‌ തിടുക്കം കൂട്ടി. കടന്നുപോകുന്നതിന്‌ മുന്‍പ്‌ പൂക്കള്‍ ദയവില്ലാത്ത മുഖങ്ങളോടെ പ്രകാശിനെയും മിനിയെയും നോക്കി. പിന്നെ അലിവോടെ സ്നേഹയുടെ കവിളില്‍ തൊട്ടു. അപ്പോള്‍ സ്ഫടികം പോലെ സുതാര്യമായ അവളുടെ കവിളില്‍ ഓളമുയര്‍ന്നു. വെള്ളത്തില്‍ ഒരു കല്ലുവീണാലെന്നപോലെ ഓളങ്ങള്‍ നാലുദിശയിലും പടര്‍ന്നു വായുവിലേയ്ക്ക്‌ പകര്‍ന്നു.

കാറ്റ്‌ പൂമണം പേറി അവരെ കടന്നുപോയി. പൂക്കള്‍ കാറ്റിനൊപ്പം അവരിലൂടെ പടിഞ്ഞാറേയ്ക്ക്‌ പോയി. കാറ്റില്‍ അവര്‍ മൂവരും അലകളായി ഇളകിപ്പരന്നു.

*********

കനലിട്ടെരിച്ച വെയിലിനെ പ്രസാദ്‌ മുറ്റത്തെ ഒട്ടുമാവിന്റെ തണലിനപ്പുറം നിര്‍ത്തിയിരുന്നു. പക്ഷേ ഉറക്കം പലവഴിയലഞ്ഞ രാത്രികളും, അലച്ചിലും ആധിയും വേര്‍പിരിയാതിടചേര്‍ന്ന പകലുകളും പ്രസാദിനൊപ്പം തന്നെയുണ്ടായിരുന്നു. സിറ്റൗട്ടിലെ കസേരയില്‍ ഇരിക്കുകയായിരുന്നു പ്രസാദ്‌.

"ചേച്ചിയും യാത്രയായി; അലന്‍ ഇനി തനിച്ച്‌." മയക്കം വിട്ട്‌, ഇടതുവശത്തേയ്ക്കു തല ചെരിച്ച പ്രസാദിനോട്‌ അവിടെ, മൂലയ്ക്ക്‌ കിടന്നിരുന്ന സ്റ്റൂളില്‍നിന്നും പത്രം പ്രകടമായൊരു സഹതാപത്തോടെ പറഞ്ഞു.

താഴെ ഫോട്ടോയില്‍ അലന്റെ ചിരിക്കുന്ന മുഖം. അവന്‍ കൈനീട്ടി ഒരു ചെത്തിപ്പൂങ്കുല പറിക്കുന്നു.

"ഇന്നലെ എപ്പോഴാണ്‌ അലന്‍ ചിരിച്ചത്‌? അതോ ഇനി ഫോട്ടോയ്ക്കുവേണ്ടി പത്രക്കാര്‍ അവനെ ചിരിപ്പിച്ചതാണോ?" പ്രസാദ്‌ ആശ്ചര്യപ്പെട്ടു.

ഇരുണ്ടുകലങ്ങിപ്പോയ ഇന്നലെ എന്തൊക്കെ നടന്നിരിക്കാം!"

അയാള്‍ കൈനീട്ടി പത്രം കൈയ്യിലെടുത്തു.

"ഒരു ദിവസത്തിന്റെ ഇടവേളയില്‍ അച്ഛനും അമ്മയ്ക്കും പിന്നാലെ സ്നേഹയും യാത്രയായപ്പോള്‍ ഒന്നുമറിയാതെ കളിച്ചുചിരിച്ചുനടന്ന അലന്റെ ചിത്രം കണ്ടു നിന്നവരെ കണ്ണീരണിയിച്ചു. വിധി അനാഥമാക്കിയ അലന്റെ ജീവിതം ഒരു ദുരന്തത്തിന്റെ ബാക്കിപത്രം പോലെ...." കടലാസിലൂടെ വാര്‍ത്ത പുഴയായൊഴുകിയപ്പോള്‍ പ്രസാദ്‌ അസ്വസ്ഥതയോടെ പത്രം സ്റ്റൂളിലേയ്ക്ക്‌ തിരികെയിട്ടു.

"അനാഥമായ അലന്റെ ജീവിതം!" പ്രസാദ്‌ ലോകത്തോടുമുഴുവന്‍ മൗനമായി ദേഷ്യംകൊണ്ടു. "ജീവിതമെങ്ങനെ അനാഥമാകാനാണ്‌; ചുറ്റിനും ആളുകളുള്ളപ്പോള്‍..!അതെപ്പോഴും ഇളകിയാര്‍ത്ത്‌ ഒഴുകിക്കൊണ്ടേയിരിക്കും.. നിശ്ചലത എന്നൊന്ന് അതിനില്ലല്ലോ.!"

"അലനെ ചുറ്റിപ്പറ്റി പ്രളയം പോലെ നിറയുന്ന ജീവിതമാണ്‌ അവനെ ഇനി വിഷമിപ്പിക്കുക.. ജീവിതമല്ല, അലനാണ്‌ അനാഥനായത്‌.!"

"പ്രസാദേട്ടാ, അലനെക്കണ്ടോ.?" രശ്മി മാക്സിയില്‍ കൈതുടച്ചുകൊണ്ട്‌ സിറ്റൗട്ടിലേയ്ക്ക്‌ വന്നു.

"ഉച്ചയ്ക്ക്‌ ഞാനിത്തിരി ചോറുകൊടുത്തതാ. പിന്നെ കണ്ടില്ല. ഞാനോര്‍ത്തു മുറ്റത്ത്‌ കളിക്കുവായിരിക്കുമെന്ന്.. ഇപ്പോ നോക്കീട്ട്‌ കണ്ടില്ല." അവള്‍ തൊടിയിലേയ്ക്ക്‌ നോക്കിക്കൊണ്ട്‌ പറഞ്ഞു.

"അലന്‍....അലന്‍..." പ്രസാദ്‌ ഒരു വെളിപാടുപോലെ പിറുപിറുത്തു. പിന്നെ പെട്ടെന്നെഴുന്നേറ്റ് വെളിയിലേയ്ക്കിറങ്ങി.

*********

തൊടിയുടെ താഴേത്തട്ടിന്റെ തെക്കേഅതിരില്‍, വേലിക്കമ്പില്‍ പിടിച്ചുകൊണ്ട്‌ അലന്‍ നില്‍പ്പുണ്ടായിരുന്നു. അപ്പുറത്തെ പറമ്പിന്റെ തെക്കേ അറ്റത്തേയ്ക്ക്‌ നോക്കിനില്‍ക്കുകയായിരുന്നു അവന്‍. അലന്‍ ഒറ്റയ്ക്കായിരുന്നു. വേലിയ്ക്കപ്പുറം ഭൂമി അലന്റെ മുന്‍പില്‍ കപ്പ പറിച്ചതിന്റെ ശേഷപത്രമായി, ശൂന്യമായി, നീണ്ട്‌ നിവര്‍ന്നു കിടന്നു; ഒരു മരമോ ചെടിയോ പോലുമില്ലാതെ. അലന്‍ ഒറ്റയ്ക്കായിരുന്നു.

"അലന്‍.." പ്രസാദ്‌ അരികില്‍ ചെന്നിട്ട്‌ വിളിച്ചു.

അലന്‍ തിരിഞ്ഞുനോക്കി. പ്രസാദിന്റെ ഉള്ള് പൊള്ളി. അലന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. പക്ഷേ അവന്‍ കരയുകയായിരുന്നില്ല. അവന്റെ കണ്ണുകളില്‍ കണ്ണീര്‍ ഉണ്ടായിരുന്നുവെന്ന് മാത്രം. മുഖത്തും കണ്ണിലും ശൂന്യത നിറഞ്ഞുകനത്തിരിക്കുന്നു.

"അലന്‍.. വാ.. ഇവിടെന്തിനാ ഒറ്റയ്ക്ക്‌ നിക്കുന്നേ.?" പ്രസാദ്‌ അവന്റെ പുറകില്‍ ചെന്നിട്ട്‌ ഇരുതോളുകളിലും കൈ വച്ചു.

അലന്‍ ഒന്നും മിണ്ടിയില്ല. അവന്‍ വീണ്ടും നോട്ടം പഴയ ലക്ഷ്യത്തിലേയ്ക്ക്‌ തിരിച്ചു. അവിടെ അണഞ്ഞ ചിതകള്‍ക്കുമേലെ മൂന്ന് മാലിപ്പുരകള്‍ ഉയര്‍ന്നുനിന്നിരുന്നു.

"അലന്‍....."

"എനിക്കെന്റെ അമ്മേ കാണണം.." അലന്റെ ശബ്ദം അടഞ്ഞിരുന്നു.

"അലന്‍..." പ്രസാദ്‌ അലന്റെ മുന്‍പില്‍ മുട്ടുകുത്തിനിന്നുകൊണ്ട്‌ അവന്റെ തോളില്‍ പിടിച്ച്‌ തിരിച്ചു. ഒരു നിമിഷം അവന്റെ മുഖത്തേയ്ക്ക്‌ നോക്കി നിന്നു. അലന്റെ ചുണ്ടുകള്‍ വിറകൊണ്ടുനില്‍ക്കുന്നത് അയാള്‍ കണ്ടു.

"നിനക്ക്‌ കടല്‌ കാണണ്ടേ അലന്‍.? ചിറ്റപ്പന്‍ ഇന്ന് നിന്നെ കടല്‌ കാണിക്കാന്‍ കൊണ്ടുപോവുന്നുണ്ട്‌.."

"എനിക്കെന്റെ അമ്മേം അഛനേം ചേച്ചിയേം കാണണം.." അലന്റെ മിഴികള്‍ പെട്ടെന്ന് തുളുമ്പി.

"എന്റെ മോനേ..." കാറ്റുപോലെ പ്രസാദ്‌ പെട്ടെന്ന് അലനെ ഇറുകെകെട്ടിപ്പുണര്‍ന്നു. തന്റെയും കണ്ണുകള്‍ നിറയുന്നതായും നെഞ്ച്‌ വിങ്ങുന്നതായും അയാള്‍ മനസ്സിലാക്കി. അലനെ എടുത്തുകൊണ്ട്‌ അയാള്‍ തിരിഞ്ഞുനടന്നു. അലന്‍ നിശബ്ദനായി പ്രസാദിന്റെ കഴുത്തില്‍ കൈചുറ്റി, തോളില്‍ മുഖം ചേര്‍ത്ത്‌ കിടന്നു. പ്രസാദിന്റെ തോള്‍ നനയുന്നുണ്ടായിരുന്നു. ഒരു ഏഴുവയസ്സുകാരനാണ്‌ തോളത്ത്‌ കിടക്കുന്നതെന്ന് അയാള്‍ക്ക്‌ തോന്നിയില്ല. വാടിയ ഒരു പൂ പോലെ മാത്രമായിരുന്നു അലന്‍.

*********

അന്നത്തെ ദിവസം വേനല്‍മഴയുടേതായിരുന്നു. അന്നുതന്നെയായിരുന്നു അലന്‍ ആദ്യമായി മഴവില്ലിന്റെ രഹസ്യമറിഞ്ഞതും മഴവില്ലിന്റെ ഉടമയായതും.

തൊടിയിലെ മാവിന്റെ ചുവട്ടില്‍ ഒരു കട്ടില്‍ പോലെ കെട്ടിയ, കമ്പുകള്‍കൊണ്ടുള്ള തട്ടില്‍ മൂവാണ്ടന്‍ മാങ്ങ ഉപ്പും മുളകും ചേര്‍ത്ത്‌ തിന്നുകയായിരുന്നു പ്രകാശും പ്രസാദും രശ്മിയും. മിനി മാങ്ങ അരിഞ്ഞുകൊടുക്കുകയായിരുന്നു. സ്നേഹയും അലനും മാങ്ങയുടെ പുളി നുണഞ്ഞുകൊണ്ട്‌ പറമ്പില്‍ കളിക്കുകയും.

ആകാശം ഇരുണ്ടുമൂടിയിരുന്നു. മിനിയാണ്‌ അലനെയും സ്നേഹയെയും വിളിച്ച്‌ മഴവില്ല് കാണിച്ചുകൊടുത്തത്‌. അത്‌ തൊടിയിലെ മരങ്ങളുടെ തലപ്പില്‍ ഒരറ്റമൂന്നി ആകാശം മുട്ടെ വളര്‍ന്ന് നില്‍ക്കുകയായിരുന്നു. എന്നിട്ടും അതിന്‌ മറ്റേ അറ്റത്തെ തൊടിയിലേയ്ക്ക്‌ നാട്ടുവാനായിരുന്നില്ല. ആകാശത്തിന്റെ മുകളിലെത്തി, തിരിച്ച്‌ താഴേയ്ക്ക്‌ വളഞ്ഞ്‌, ഏതാണ്ട്‌ പകുതി എത്തിയപ്പോഴേയ്ക്കും അതിന്റെ വളര്‍ച്ച നിന്നുപോയിരുന്നു.

അലനും സ്നേഹയും കോളുകണ്ട മയിലുകളേപ്പോലെ തോന്നിച്ചു. അവര്‍ മഴവില്ലിനുനേരെ വെറുതെചാടി; എത്തിപ്പിടിക്കാനെന്നപോലെ.

"അതെന്താ ചിറ്റപ്പാ ഈ മഴവില്ല് ഇടയ്ക്കുവെച്ചുനിന്നുപോയേ..?" സ്നേഹ അടുത്തു തട്ടില്‍ ഇരുന്നിരുന്ന പ്രസാദിനോട്‌ ചോദിച്ചു.

"അതേ അവിടെ സൂര്യപ്രകാശം ശരിക്ക്‌ തട്ടാത്തതുകൊണ്ടാടി പെണ്ണേ.." പ്രസാദ്‌ അവളെ വലിച്ച്‌ മടിയിലിരുത്തി.

"സൂര്യപ്രകാശം തട്ടിയില്ലേലെന്നാ..?"

"അതോ... ഈ കാര്‍മേഘത്തില്‌ നെറയെ വെള്ളമൊണ്ട്‌.. ആ വെള്ളത്തുള്ളിയേല്‌ സൂര്യപ്രകാശം കറക്റ്റായിട്ടടിക്കുമ്പോഴാ ഈ മഴവില്ലുണ്ടാവുന്നേ.. അങ്ങനെ സൂര്യപ്രകാശമടിക്കാത്ത ഭാഗത്ത്‌ മഴവില്ലുണ്ടാകത്തില്ല.. മനസ്സിലായോ..?" പ്രസാദ്‌ സ്നേഹയുടെ കുഞ്ഞുകവിളില്‍ ഒരുമ്മ കൊടുത്തു.

വ്യക്തമായി മനസ്സിലായില്ലെങ്കിലും സ്നേഹയും കേട്ടുനിന്ന അലനും തലയാട്ടി.

"എനിക്കും വേണം മഴവില്ല്.!" അലന്‍ അഛന്റെ അടുത്തുനിന്ന് മഴവില്ലിലേയ്ക്കുനോക്കി ചാടിക്കൊണ്ടു പറഞ്ഞു.

അന്ന് പ്രകാശ്‌ മൂന്ന് കഷണം കണ്ണാടിച്ചില്ലുകളെ ചേര്‍ത്തുവെച്ചുണ്ടാക്കിക്കൊടുത്ത പ്രിസത്തിലൂടെ അലന്‍ ആദ്യമായി ഒരു മഴവില്ലിന്റെ ഉടമയായി.

*********

കാലില്‍ എത്തിപ്പിടിക്കാന്‍ ആര്‍ത്തിപൂണ്ട്‌ കയറിവരുന്ന ഇരുണ്ട തിരകളെ കബളിപ്പിക്കുകയായിരുന്നു അലന്‍. അവന്‍ തിരയിലേയ്ക്ക്‌ കൂടുതല്‍ ഇറങ്ങിപ്പോകാതിരിക്കുവാന്‍ പ്രസാദ്‌ അവന്റെ കൈപിടിച്ച്‌ കൂടെ നിന്നു.

സൂര്യന്‍ കടലിലേയ്ക്ക്‌ അരിച്ചരിച്ച്‌ ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. അതോ കടല്‍ സൂര്യനെ വിഴുങ്ങിത്തുടങ്ങിയതോ.?

പ്രസാദ്‌ അലനെ ചേര്‍ത്തുപിടിച്ച്‌ മണലില്‍ ഇരുന്നു. അലന്‍ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല; പ്രസാദും. തിരയില്‍ കളിച്ചപ്പോള്‍ കിട്ടിയ ഉന്മേഷം തിരയില്‍ തന്നെ അലന്‌ നഷ്ടപ്പെട്ടിരുന്നു.

സൂര്യനെ വിഴുങ്ങിയ കടല്‍ ഇരവിഴുങ്ങിയ പാമ്പിനെപ്പോലെ അസ്വസ്ഥമായിളകി. അത്‌ ഇരുണ്ടും കറുത്തും കിടന്നിരുന്നു. തിരകള്‍ സംഘമായിവന്ന് കരയെ വാരിയെടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. കര ചെറുത്തുനിന്നുകൊണ്ടുമിരുന്നു.

"സൂര്യനെങ്ങോട്ടാ താന്നുപോയേ..?" അലന്‍ അരണ്ട ഇരുട്ടിലിളകുന്ന ചക്രവാളത്തിലേയ്ക്ക്‌ നോക്കിക്കൊണ്ട്‌ ചോദിച്ചു.

"സൂര്യനെ കടല്‍ വിഴുങ്ങിയതാണ്‌ അലന്‍.."

"എന്തിനാ കടല്‌ സൂര്യനെ വിഴുങ്ങുന്നേ.?"

"കടല്‍ അങ്ങനെയാണ്‌.. അത്‌ എപ്പോഴും എന്തിനെയും വിഴുങ്ങും. മുന്നില്‍ കിട്ടുന്നതെന്തിനെയും. അരുവികളെയും, നദികളെയും, കരകളെയും, സൂര്യനെയും, ചന്ദ്രനെയും നക്ഷത്രങ്ങളെയും, ആകാശത്തെയും എല്ലാം.." മദിച്ചുയരുന്ന ഇരുണ്ട കടലിനെ നോക്കി ഒരു നിമിഷം പ്രസാദ്‌ നിശബ്ദനായിരുന്നു. തണുത്ത തിരക്കൈകൊണ്ട്‌ അത്‌ പ്രസാദിന്റെയും അലന്റെയും കാല്‍ വിരലുകളില്‍ തൊട്ടു.

കാലിന്റെ ചുവട്ടില്‍ നിന്ന് മണല്‍ വാരിക്കൊണ്ട്‌ തിരികെ കടലിലേയ്ക്ക്‌ മടങ്ങുന്ന തിരകളില്‍ നോക്കി ഒരു വിസ്മൃതിയിലെന്ന പോലെ പ്രസാദ്‌ മന്ത്രിച്ചു: "കടല്‍ എല്ലാം കൊണ്ടുപോകും.. എല്ലാം.."

പറഞ്ഞുകഴിഞ്ഞപ്പോള്‍ പ്രസാദിന്‌ എന്തോ വല്ലായ്ക തോന്നി. ഹൃദയത്തില്‍ എന്തോ വിങ്ങുന്നതുപോലെ. അയാളുടെ കണ്ണുകള്‍ നിറഞ്ഞു.

*********

മഴ പെയ്ത്‌ തോര്‍ന്നിരുന്നു. വലിയ മഴ. എന്നിട്ടും ആകാശത്താകെ മേഘങ്ങള്‍ നിറഞ്ഞിരുന്നു. മഞ്ഞനിറമായിരുന്നു പക്ഷേ അവയ്ക്ക്‌. മഴയ്ക്കു ശേഷമുള്ള, തിളങ്ങുന്ന തീമഞ്ഞനിറമുള്ള, ചൂടില്ലാത്ത പോക്കുവെയിലില്‍ ചെമ്മണ്ണ്‌ നിറഞ്ഞ വഴി ഉരുകിയ പൊന്നിന്റെ ചാലുപോലെ നീണ്ടുകിടന്നു. അതിന്റെ ഇരുവശങ്ങളിലും നിന്നിരുന്ന പൂമരങ്ങളും മഞ്ഞനിറമായിരുന്നു. മഞ്ഞയും ചുവപ്പും പൂക്കള്‍ വഴിയാകെ നിറഞ്ഞുകിടന്നിരുന്നു. വഴിയുടെ അറ്റം കടലായിരുന്നു. ഇങ്ങേ അറ്റത്തുനിന്ന് നോക്കുമ്പോള്‍ ദൂരെ, ചുവന്ന സൂര്യനും ചുവന്ന ചക്രവാളവും കടലിനെയും ചുവപ്പിച്ചുകൊണ്ട്‌ അനിവാര്യമായ ദുരന്തത്തെ കാത്തുനിന്നു.. അവിടെ വഴിയുടെ പകുതിയില്‍, വഴിയുടെ നടുവില്‍ അലന്‍ നിന്നു. വഴിയില്‍ വേറെ ആരുമുണ്ടായിരുന്നില്ല. വാടിക്കൊഴിഞ്ഞു മരിച്ചുവീണ പൂക്കള്‍ക്കുമേലെ അലന്‍ നിന്നു. അവന്‍ ഒറ്റയ്ക്കായിരുന്നു. വളരെ ദൂരെ നിന്നിരുന്നതുകൊണ്ട്‌ അവന്റെ മുഖം വ്യക്തമായി കാണുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നിട്ടും... ഒരു വിഷാദരാഗം പോലെയായിരുന്നു അലന്‍. കടലിനെയും കരയെയും ആകാശത്തെയും പൊതിയുന്ന, പുണരുന്ന, മഞ്ഞനിറമാര്‍ന്ന ഒരു വിഷാദരാഗം പോലെ. അതിന്റെ അലകള്‍ മരിച്ചുവീണ എല്ലാ പൂക്കളിലും ചെന്ന് മുട്ടിവിളിച്ചുകൊണ്ടിരുന്നു.

*********

ഇപ്പോള്‍ അലന്‍ കടലിന്‌ നടുവില്‍ ഒരു തുരുത്തിലാണ്‌. ഒറ്റയ്ക്ക്‌, ഒരു കുട്ടിക്ക്‌ മാത്രം ഇരിക്കുവാനാവുന്ന, ഒരു തുരുത്തില്‍. അവന്‍ കാല്‍മുട്ടുകളിന്മേല്‍ കൈകള്‍ വെച്ച്‌ മുഖം കൈകള്‍മേലെ വെച്ച്‌ ഇരിക്കുകയായിരുന്നു. അന്തരീക്ഷത്തിന്‌ മാത്രം മാറ്റമുണ്ടായിരുന്നില്ല. പോക്കുവെയിലിന്റെ മഞ്ഞനിറം ഹൃദയത്തില്‍ ഓര്‍മ്മകളുടെയോ നഷ്ടബോധത്തിന്റെയോ അതോ പേരറിയാത്ത മറ്റേതെങ്കിലുമൊക്കെ വേദനയുടെയോ ഗന്ധം പകര്‍ന്ന് ചുറ്റും നിറഞ്ഞിരുന്നു. കടല്‍ അലന്റെ തുരുത്തിനുചുറ്റും അലറിയിളകിക്കൊണ്ടുമിരുന്നു. അതിനും ഇരുണ്ട മഞ്ഞനിറമായിരുന്നു. അലന്‍ ഒറ്റയ്ക്കായിരുന്നു. പൊന്നുരുകിയ വഴിയില്‍ നിന്ന് നോക്കുമ്പോള്‍ ആകാശത്ത്‌, അലന്റെ തലയ്ക്ക്‌ മീതെ, ചക്രവാളം മുതല്‍ ചക്രവാളം വരെ ചെന്നെത്തുന്ന വലിയ മഴവില്ലുകള്‍ പെയ്തുകൊണ്ടിരുന്നു.. പെയ്തുപെയ്തു തീര്‍ന്നുകൊണ്ടിരുന്നു.. അലന്റെ മഴവില്ലുകള്‍..

അലന്‍....അലന്‍....

അലനെ വിറയ്ക്കുന്നുണ്ടോ.? സൂര്യപ്രകാശം തട്ടാത്ത, ഘനീഭവിച്ച ഒരു മേഘത്തുണ്ട്‌ പോലെ അലന്‍.. ചുറ്റിനും നിറഞ്ഞുപെയ്യുന്ന മഴവില്‍ മേഘങ്ങള്‍ക്കിടയില്‍, മഴവില്ലില്ലാത്ത, ഇരുണ്ടുപോയ ഒരു മേഘത്തുണ്ട്‌ പോലെ..

അലന്‍....ഓഹ്‌...എന്റെ അലന്‍...

"വിഷമിക്കാതെ.. വിഷമിക്കാതെ.. അവന്‌ നമ്മളില്ലേ....
പ്രസാദേട്ടാ.... വിഷമിക്കാതെ..."

രശ്മി അയാളുടെ മുഖത്തെ വിയര്‍പ്പുതുടച്ചുകൊണ്ട്‌ ചേര്‍ത്തുപിടിച്ചു. ഉറക്കത്തിന്റെ നൂലിഴകളില്‍ ചിലത് പൊട്ടാതവിടവിടെ നിന്നിരുന്നിട്ടും മുറിയിലെ അരണ്ട നാട്ടുവെളിച്ചത്തില്‍ പ്രസാദിന്റെ പാതിയടഞ്ഞ കണ്ണുകളുടെ അരികില്‍ നിന്നും ചെന്നിയിലേയ്ക്ക് ഒഴുകിയിറങ്ങുവാന്‍ ആഞുനില്‍ക്കുന്ന രണ്ടു കണ്ണീര്‍ത്തുള്ളികളെ അവള്‍ കണ്ടു. അവളുടെയും മിഴികള്‍ നിറഞ്ഞിരുന്നു.

പ്രസാദ്‌ വിതുമ്പിക്കൊണ്ട്‌ അവളുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു. മരിച്ചവരേക്കുറിച്ച്‌ താന്‍ ചിന്തിക്കുന്നേയില്ലെന്ന് പ്രസാദ്‌ ഓര്‍ത്തു. മരണമല്ല; പിന്നെയോ, ജീവിതമാണ്‌ വേദനയെന്ന് അയാള്‍ തിരിച്ചറിഞ്ഞു. പ്രളയം പോലെ ചുറ്റും നിറയുന്ന, കരകാണാത്ത, ജീവിതം.

"അലന്‍..." പ്രസാദ്‌ രശ്മിയെകെട്ടിപ്പുണര്‍ന്നു. അവരിരുവരും കരയുകയായിരുന്നു.

********************************

ഒരു വാക്ക്‌ : ഞാന്‍ ഇതുവരെ നേരിട്ട്‌ കണ്ടിട്ടില്ലാത്ത, കെട്ടിപ്പുണര്‍ന്നിട്ടില്ലാത്ത എന്റെ അലന്‌..

ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌ ഇന്റര്‍നെറ്റിന്.

യുക്തിവാദി !

May 01, 2011 സുരേഷ് ബാബു

അപ്പുണ്ണി മാഷിന്റെ വീട് ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഗൌതമന്‍ ലക്ഷ്മിയെക്കുറിച്ചാണ് ചിന്തിച്ചത് .മീനമാസത്തിലെ സൂര്യന്‍ തലയ്ക്കു മുകളില്‍ കനല്‍ കൂട്ടിയിടുന്നതൊന്നും അയാള്‍ അറിയുന്നതേ ഉണ്ടായിരുന്നില്ല . ഒരു പക്ഷേ അതിനെ വെല്ലുന്ന പൊള്ളുന്ന ചിന്തകള്‍ ഉള്ളിലുണ്ടായിരുന്നത് കൊണ്ടാകാം . സ്ഥിരചിത്തനല്ലാത്ത ഒരുവന്റെ തോക്കില്‍ നിന്നു ലക്ഷ്യമില്ലാതെ തെറിക്കുന്ന വെടിയുണ്ടകള്‍ പോലെ തലങ്ങും വിലങ്ങും കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ കുതിക്കുന്ന വാഹനങ്ങള്‍ ..ഈ നട്ടുച്ചയ്ക്കും ആളുകള്‍ പരക്കം പായുന്നതില്‍ അയാള്‍ക്കല്‍ഭുതം തോന്നിയില്ല , മറിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി താന്‍ ഓഫീസില്‍ പോകാറെയില്ലെന്ന ചിന്തയിലേക്ക് അത് വഴി തുറന്നപ്പോള്‍ അസ്വസ്ഥത തോന്നുകയും ചെയ്തു .

അപ്പുണ്ണി മാഷിന്റെ വീടിന്റെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തുമ്പോള്‍ മാഷുണ്ടാകുമോ എന്നൊരാശങ്ക തോന്നാതിരുന്നില്ല. ചിന്തിച്ചു നില്‍ക്കുമ്പോള്‍ തന്നെ ഡോര്‍ തുറന്നു..ചോറ് കുഴച്ച വലത്തേ കൈ മടക്കിപ്പിടിച്ചു കൊണ്ട് മാഷ്‌ വാതില്‍ മലക്കെ തുറന്നു ..
"ആഹാ ..ഗൌതമനോ ? വാ.. കേറി വന്നാട്ടെ .താന്‍ വന്നത് നല്ല സമയത്ത് തന്നെ ..കൈ നനച്ചിട്ടിരുന്നോ.ഞാന്‍ പ്ലേറ്റെടുക്കാം.."
"വേണ്ട മാഷേ ..ഇപ്പോള്‍ വേണ്ട ......."
അയാള്‍ തിടുക്കത്തില്‍ പറഞ്ഞു ..
"എന്താ..താന്‍ ഊണ് കഴിഞ്ഞിട്ടാ വരുന്നേ ?"
"അതല്ലാ.......ഇ..പ്പൊ ..."
ഊണ് കഴിച്ചതാണ് എന്നൊരു കള്ളം പറയാത്തതില്‍ അയാള്‍ നാവിനെ പഴിച്ചു.
"ആഹാ ..ഇതാപ്പോ നന്നായെ ..കൈ കഴുകി ഇരുന്നോളൂ ..ഇനീപ്പോ എന്തു വലിയ കാര്യമായാലും ഊണ് സമയത്ത് അത് തന്നെ മുഖ്യം ."
ഊണ് കഴിക്കുന്നതിനിടയില്‍ മാഷിന്റെ സംസാരം മുഴുവനും തന്റെ നള പാചകത്തിലെ പൊടിക്കൈകളെക്കുറിച്ചായിരുന്നു .. വര്‍ഷങ്ങളായി ഒരേ വീട്ടില്‍ ഒറ്റയ്ക്ക് സ്വന്തം ഇഷ്ടത്തിനൊത്ത് വെച്ചുണ്ടാക്കി തിന്നും കുടിച്ചും ശരിക്കും ഒറ്റപ്പെട്ട തുരുത്തുപോലെ മാഷ്‌ ജീവിച്ചു പോരുന്നു ..ഇഷ്ടങ്ങളും അനിഷ്ടങ്ങളും, വിശ്വാസങ്ങളും അവിശ്വാസങ്ങളും ഒന്നും തര്‍ക്കിച്ചിരമ്പാതിരിക്കാന്‍ ഇതിലും നല്ല പോം വഴി വേറെയില്ലെന്ന് ഗൌതമന് തോന്നി .

"താനെന്താ ഹെ! ..പരലോക ചിന്തയിലാണോ ? മതിയാക്കി എണീക്കാന്‍ നോക്ക് ..അതോ ഒന്നും വായ്ക്കു പിടിച്ചില്ലാന്നുണ്ടോ? "
മാഷിന്റെ ചോദ്യം അയാളെ ഉണര്‍ത്തി .
"ഹേയ് അങ്ങനൊന്നുമില്ല എല്ലാം നന്നായിട്ടുണ്ട് .."
പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒട്ടും ആത്മാര്‍ഥതയില്ലാത്ത ഒരു മറുപടിയായിരുന്നു അതെന്നു അയാള്‍ക്ക്‌ തോന്നി .അല്ലെങ്കില്‍ തന്നെ ഹോട്ടല്‍ ഭക്ഷണത്തിന്റെ പുളിച്ച രുചികള്‍, നല്ലതും ചീത്തയും തിരിച്ചറിയാനുള്ള നാവിന്റെ വിരുത് ക്രമേണ ഇല്ലാതാക്കിയിരുന്നു.
"ആട്ടെ ..താനെന്താ ഈ നേരത്ത് ..? വിശേഷി ച്ചെ ന്തെങ്കിലും ...?"
ഊണ് കഴിഞ്ഞ്‌ ഒരു സിഗരറ്റിനു തീ കൊളുത്തി , പായ്ക്കറ്റ് അയാള്‍ക്ക്‌ നേരേ നീട്ടുന്നതിനിടയില്‍ മാഷ്‌ ചോദിച്ചു .
കുറച്ച് നേരത്തേയ്ക്ക് അയാള്‍ നാവനക്കിയില്ല .പിന്നെ നേര്‍ത്ത ശബ്ദത്തില്‍ മറുപടി പറഞ്ഞു ..
"ഞാന്‍ ഓഫീസില്‍ പോയിട്ട് കുറേ ദിവസങ്ങളായി ."
"എന്താ ലീവാണോ ? എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ..?"
"അല്ല മാഷേ ..ഒന്നിലും മനസ്സുറയ്ക്കുന്നില്ല ..ആകെ ഒരു തരം .....എന്താ പറയുക ..ഒറ്റയ്ക്കായീന്നൊക്കെ നമ്മള്‍ പറയില്ലേ .. വായില്‍ നിന്നു വെറുതേ പൊട്ടി വീഴുന്ന വാക്കുകള്‍ പോലും ശത്രുക്കളെ ഉണ്ടാക്കുന്നു. വയ്യ മാഷേ ..മുറിയില്‍ നിന്നു പുറത്തിറങ്ങുന്നത് തന്നെ വിരളമായിട്ടുണ്ട്..ആള്‍ക്കാരുടെ കണ്ണില്‍ ഞാനേതാണ്ടൊരു മനോരോഗിയെപ്പോലാണ് .അല്ലെങ്കില്‍ തന്നെ സ്വബോധമുള്ള ഒരു ഭര്‍ത്താവിനെ പ്രത്യേകിച്ചോരു കാരണവുമില്ലാതെ ഒരു ഭാര്യ ഉപേക്ഷിച്ചു പോകുമോ .."
ചൂണ്ടു വിരല്‍ ഉയര്‍ത്തി തട്ടി സിഗരറ്റ് ചാരം തെറിപ്പിച്ച്‌ വീണ്ടും ചുണ്ടത് വെച്ചു പുകയൂതുന്ന തിനിടയില്‍ അയാള്‍ അപ്പുണ്ണി മാഷിനെ നോക്കി .
"അല്ലാ ..ഇപ്പൊ പെട്ടെന്നിങ്ങനെ ചിന്തിക്കാനൊക്കെ....ലക്ഷ്മി പോയിട്ട് കാലം കുറേ ആയില്ലേ..?ഞാന്‍ കഴിഞ്ഞ ആഴ്ച തന്റച്ഛനെ കണ്ടിരുന്നു ...തനിക്കൊരു പുതിയ ബന്ധത്തിന്റെ കാര്യം ഞാന്‍ അദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തു...ഇനി നാട്ടുകാരുടെ തല്ലു കൂടി കൊള്ളണോ എന്നൊരു പൊട്ടിത്തെറി ആയിരുന്നു പ്രതികരണം .."
മാഷ്‌ ചോദ്യ രൂപത്തില്‍ അയാളെ നോക്കി ..
"മ്ഹും .."
അയാള്‍ സിഗരറ്റ് കുറ്റി ആഷ് ട്രെയില്‍ കുത്തിക്കെടുത്തുന്നതിനിടയില്‍ അമര്‍ത്തി മൂളി ..


"ഒന്നോര്‍ത്താല്‍ എല്ലാം താന്‍ വരുത്തി വെച്ചതാണന്നേ ഞാന്‍ പറയൂ ... തന്റെ യുക്തിവാദവും പുരോഗമന ചിന്തേം എല്ലാം നല്ലത് തന്നെ ..ഞാനതിനോടെല്ലാം പൂര്‍ണമായും യോജിക്കുന്നു താനും ..പക്ഷേ സ്വന്തം ജീവിതത്തിന്റെ താളം തെറ്റുന്ന രീതിയില്‍ അതിനെ വഴി തെറ്റിച്ചു വിടരുതായിരുന്നു ...താനൊരാള്‍ വിചാരിച്ചാലൊന്നും നാട് നന്നാവില്ല ..അത്ര എളുപ്പമൊന്നും സമൂഹത്തില്‍ ഒരു മാറ്റമൊന്നും ഇത്തരം ചിന്തകള്‍ വരുത്തുകയുമില്ല ..അത്രത്തോളം ആഴ്ന്നിറങ്ങി വേര് പടര്‍ന്നിട്ടുണ്ട് ആചാരങ്ങളും അനുഷ്ടാനങ്ങളും സാധാരണക്കാരുടെ മനസ്സില്‍ ..."


"സമ്മതിച്ചു മാഷേ ...പക്ഷേ സ്വന്തം ഭാര്യയെങ്കിലും എന്നെ മനസ്സിലാക്കിയില്ലെങ്കില്‍ ......അവള്‍ എന്റെ ചിന്തകള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പിന്നെ നാട്ടുകാര്‍ എങ്ങനെ വില വെയ്ക്കും ..
കല്യാണം കഴിഞ്ഞപ്പോഴേ ഞാന്‍ പറഞ്ഞു ...ഞാനൊരവിശ്വാസിയാണ്... അമ്പലങ്ങളിലും പൂജകളിലും എനിക്ക് വിശ്വാസമില്ലന്നും ....മാത്രമല്ല യുക്തിവാദസംഘവുമായി ചേര്‍ന്ന് പ്രവര്ത്തിക്കുകയാണെന്നും ...ആദ്യമൊക്കെ അവളെന്നെ തിരുത്താന്‍ നോക്കി ...നടക്കില്ലാന്ന് കണ്ടപ്പോള്‍ അവളെ അവള്‍ടെ വഴിക്ക് വിട്ടേക്കാന്‍ പറഞ്ഞു ..ഒന്നോര്‍ത്തു നോക്കിക്കേ... ഞാന്‍ ഇരുപത്തിനാല് മണിക്കൂറും യുക്തിവാദി പ്രസ്ഥാനവുമായി നടക്കുമ്പോള്‍ എന്റെ ഭാര്യ എന്ന് പറയുന്നവള്‍ പൂജേം മന്ത്രവാദവുമായി മറുവശത്ത് ..പ്രവര്‍ത്തകര്‍ക്കിടയില്‍ ഞാന്‍ ശരിക്കും നാണം കെട്ടു..അവരെ കുറ്റം പറയാന്‍ കഴിയുമോ ? സ്വന്തം ഭാര്യയെ തിരുത്താന്‍ കഴിയാത്തവന്‍ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങിയാല്‍
എങ്ങനിരിക്കും..?"

"അവിടെയാണ് ഗൌതമാ നിനക്ക് തെറ്റിയത് ...ഒന്നുകില്‍ നീ കല്യാണത്തിന് മുന്നേ തന്നെ അവളോട്‌ എല്ലാം തുറന്ന് പറയണമായിരുന്നു.അത് ചെയ്തില്ലെന്ന് മാത്രമല്ല ,നാട്ടുകാരുടെ മുന്നിലെ നിന്റെ ഇമേജ് നിലനിര്‍ത്താന്‍ നീ പാട് പെട്ടപ്പോള്‍ മറന്നത് നിന്റെ ജീവിതമാണ് ..അവളെ നിനക്ക് തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവളെ അവളുടെ വഴിക്ക് വിടണമായിരുന്നു..എല്ലാ വിശ്വാസങ്ങള്‍ക്കും മീതെയാണ് പരസ്പരം അഗീകരിക്കുക എന്നത് ..അപ്പോള്‍ പിന്നെ വിശ്വാസങ്ങളുടെ നിഴല്‍ യുദ്ധത്തിന് അര്‍ത്ഥമില്ലാതായിക്കോളും..വ്യക്തികള്‍ സമരസപ്പെടുകയും ചെയ്യും ..അത് ഭാര്യയും ഭര്‍ത്താവുമായാലും വ്യക്തിയും സമൂഹവുമായാലും അങ്ങനെ തന്നെ .."


"ഓഹോ ..അത് ശരി .മാഷ്‌ തന്നെ ഇതു പറയണം ....വര്‍ഷങ്ങള്‍ക്കു മുന്‍പ് മാഷിന്റെ പ്രസംഗ വേദികളില്‍ രക്തം തിളച്ച് എന്നെപ്പോലെ കുറേ ചെറുപ്പക്കാര്‍ ഇതിലേക്ക് എടുത്ത് ചാടിയിട്ടുണ്ട്‌ ..ഇപ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ വേദി മാറിയപ്പോള്‍ ഞങ്ങള്‍ മുഖ്യധാരയ്ക്ക് വെറുക്കപ്പെട്ടവരായി മാറി .. അപ്പോള്‍ കാലത്തിനൊത്ത് കോലം മാറുമ്പോള്‍ ആദര്‍ശങ്ങളെ കടലിലെറിയണമെന്നു സാരം ..
അല്ലെങ്കില്‍ എന്നെപ്പോലെ കുറേ കോമാളികള്‍ ആള്‍ക്കാര്‍ക്ക് നേരമ്പോക്കായി നരകിച്ചു തീരും ..അത്ര തന്നെ. "
അയാള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി ..
"ഞാന്‍ നേരത്തേ തന്നെ പറഞ്ഞല്ലോ ഗൌതമാ ഞാനിപ്പോഴും എന്റെ വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നുവെന്ന്...പക്ഷേ നമ്മുടെ ബന്ധുക്കള്‍ ഉള്‍പ്പടെ എല്ലാവരും ഒറ്റയടിക്ക് നമ്മുടെ പാതയില്‍ നില കൊള്ളണമെന്ന വാശി ഗുണത്തെക്കാളേറെ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുമെന്നേ ഞാനുദ്ദേശിച്ചുള്ളൂ ..ലക്ഷ്മി നിന്റെ ജീവിതത്തില്‍ നിന്നകന്നത് തന്നെ ഏറ്റവും വലിയ ഉദാഹരണം ..അത് നിന്നെപ്പോലെ എനിക്കും വളരെ വിഷമമുണ്ടാക്കിയ കാര്യം തന്നെ ....."

"ഞാനതത്ര കാര്യമാക്കിയിട്ടില്ലെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്... വിവാഹമെന്നാല്‍ ഒരു കുരിശെന്ന നിലയില്‍ അവസാനം വരെ ചുമക്കണ്ടതാണെന്നു കരുതുന്നുമില്ല ..അതവള്‍ തന്നെ തുറന്ന് സമ്മതിച്ചിട്ടുമുണ്ട് ..ഒരിക്കല്‍ അവള്‍ പറഞ്ഞു എനിക്ക് വീട്ടുകാര്‍ അറിഞ്ഞു പേരിട്ടതാണെന്ന് ...ഗൌതമ ബുദ്ധനെപ്പോലെ ഞാനും അവളെ ഉപേക്ഷിച്ചു പോകുമെന്ന് ..പറഞ്ഞത് സത്യമായി ..പക്ഷേ പോയതവളാണെന്ന് മാത്രം ......"
കുറച്ച് നേരത്തേയ്ക്ക് ഇരുവരും ഒന്നും മിണ്ടിയില്ല ..ഒടുവില്‍ ഗൌതമന്‍ തന്നെ മൌനത്തെ വാക്കുകള്‍ കൊണ്ട് പൂരിപ്പിച്ചു ..
"ഞാനിറങ്ങുന്നു മാഷേ... വെറുതേ ഇരുന്ന് മുഷിഞ്ഞപ്പോള്‍ മാഷിനെ കാണണമെന്ന് തോന്നി...വരണ്ടായിരുന്നൂന്നു ഇപ്പോള്‍ തോന്നാതെയില്ല ...."
അതും പറഞ്ഞു അയാള്‍ എഴുന്നേറ്റപ്പോള്‍ മാഷ്‌ തടയാന്‍ ശ്രമിച്ചു ..
"ഇരിക്ക് ഗൌതമാ വെയിലാറട്ടേ ...അല്‍പ നേരം കഴിഞ്ഞ്‌ പോകാം ...."
അയാള്‍ അതിന് പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ പുറത്തേക്കിറങ്ങി നടന്നു കഴിഞ്ഞിരുന്നു ...

പിറ്റേന്നു രാവിലെ ഗൌതമന്റെ കൂട്ടുകാരന്‍ മഹേഷിന്റെ ഫോണ്‍ കോളിലൂടെയാണ്‌ അപ്പുണ്ണി മാഷ്‌ ആ വിവരം അറിഞ്ഞത് ..ഗൌതമന്‍ ടൌണിലെ ഹോസ്പ്പിറ്റലില്‍ അഡ്മിറ്റാ ണ് . രാത്രി ഏതോ വണ്ടി തട്ടിയതാണത്രെ...ബന്ധുക്കളെല്ലാരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട് ....താനുടനേ എത്തിക്കോളാമെന്ന് പറഞ്ഞ് കൂടുതല്‍ വിശദീകരണം കാക്കാതെ മാഷ്‌ ഫോണ്‍ വെയ്ക്കുകയായിരുന്നു ..

മാഷ്‌ റിസപ്ഷനില്‍ എത്തിയപ്പോള്‍ തന്നെ ഗൌതമന്റെ അച്ഛനെയും ഒന്നുരണ്ട് അടുത്ത ബന്ധുക്കളെയും പുറത്ത് കണ്ടു ..
"എന്താ ഉണ്ടായത് ?"
മാഷ്‌ തിടുക്കത്തില്‍ അച്ഛനോട് തിരക്കി ..
"വ്യകതമായൊന്നുമറിയില്ല....ഇന്നലെ രാത്രി ആരൊക്കെയോ ചേര്‍ന്നിവിടെ എത്തിക്കുകയായിരുന്നു .. ഏതോ വണ്ടി ഇടിച്ചു വീഴ്തീന്നാ അവര്‍ പറഞ്ഞത് ..വണ്ടി നിര്‍ത്താതെ പോയത്രേ ..."

"ഇപ്പോഴെങ്ങനുണ്ട് ...എന്തെങ്കിലും സീരിയസായി .........??"
മാഷ്‌ പകുതിയില്‍ നിര്‍ത്തി ..
"ഇന്നലെ രാത്രി ബോധമുണ്ടായിരുന്നില്ല ...തലയില്‍ ആഴത്തിലൊരു മുറിവുണ്ട് രക്തം കുറേ പോയിട്ടുണ്ടെന്ന് പറഞ്ഞു..ഇപ്പോള്‍ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട് .."
"ഞാനൊന്ന് കണ്ടിട്ട് വരാം ..ഏതാ റൂം ?"
"ബീ ബ്ലോക്കില്‍ ഏഴാമത്തെ റൂം .."
മാഷ്‌ ചെല്ലുമ്പോള്‍ അടുത്ത് മഹേഷും മറ്റ് ചില സംഘം പ്രവര്‍ത്തകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ ..
"കുറച്ച് മുന്നേ ഒന്നു മയങ്ങി ...ഇനി പേടിക്കാനില്ലെന്നാ ഡോക്ടര്‍ പറഞ്ഞെ ..ബ്ലഡു കൊടുക്കുന്നുണ്ട് .."
മഹേഷ്‌ അപ്പുണ്ണി മാഷിന്റെ അടുത്തേയ്ക്ക് വന്ന് പറഞ്ഞു ..
"ഗൌതമന്റെ അമ്മ വന്നില്ലേ ?"
മാഷ്‌ പെട്ടെന്ന് ചോദിച്ചു ..
"ഇപ്പോള്‍ വീട്ടിലേക്ക്‌ കൊണ്ട് പോയതേയുള്ളൂ..ഇന്നലെ രാത്രി മുഴുവന്‍ കരഞ്ഞ് വിളിച്ചും ,ഉറങ്ങാതെയും ആകെ വല്ലാണ്ടായി ...ഗൌതമന്റെ ചേച്ചീം ഭര്‍ത്താവും വളരെ നിര്‍ബന്ധിച്ചാ കൂട്ടിക്കോണ്ടു പോയത് .."
"മം .."
മാഷ്‌ വെറുതേ മൂളി ..
"നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നാ ഡോക്ടര്‍ പറഞ്ഞത് ...ഒരു പക്ഷേ അങ്ങനെ എന്തേലും ആകാനെ തരമുള്ളൂ ........."
"മ്ഹൂം ... "
മഹേഷിന്റെ ആ മറുപടിക്കും മാഷ്‌ വെറുതേ മൂളുക മാത്രം ചെയ്തു ..

ഉച്ച കഴിഞ്ഞാണ് തികച്ചും അവിചാരിതമായി ലക്ഷ്മിയും ഭര്‍ത്താവും ഗൌതമനെ കാണാനെത്തിയത് ..
അച്ഛനും മഹേഷും അയാള്‍ക്കരുകില്‍ തന്നെയുണ്ടായിരുന്നു ..
ലക്ഷ്മി ഗൌതമന്റെ അച്ഛനെ നോക്കി വളരെ പാടുപെട്ട് ചിരിച്ചെന്നു വരുത്തി..
എന്തെങ്കിലും മറുപടി പറയാതെ അദ്ദേഹം പുറത്തേയ്ക്ക് നടന്നു ..
ഗൌതമന്‍ ലക്ഷ്മിയെ വെറുതേ ഒന്നു നോക്കി ..പിന്നെ മുഖം ചരിച്ച് മിണ്ടാതെ കിടന്നു..
"ഇപ്പോള്‍ എങ്ങനുണ്ട് ഗൌതമാ? പെയിന്‍ തോന്നുന്നുണ്ടോ ?"
ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ വകയായിരുന്നു ചോദ്യം ..
"ഇല്ലാ .."
ഗൌതമന്‍ അയാളെ സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ പറഞ്ഞു..
"എന്റെ ഹസ്ബന്റാണ് .."
ആ നോട്ടം കണ്ടിട്ടെന്നോണം ലക്ഷ്മി അയാളോടായി പറഞ്ഞു ..
"അറിയാം .."
ഗൌതമന്‍ ഒറ്റ വാക്കില്‍ പ്രതിവചിച്ചു ..
"ഞങ്ങള്‍ മണ്ണാറശാലയില്‍ തൊഴുതു വരുന്ന വഴിയാ അറിഞ്ഞത് ... അപ്പോള്‍ തന്നെ ഇങ്ങോട്ട് തിരിക്കുകയായിരുന്നു .."
ഇപ്പോഴും സംസാരിച്ചത് ലക്ഷ്മിയുടെ ഭര്‍ത്താവായിരുന്നു ..
"അമ്പലത്തില്‍ വിശേഷിച്ചെന്തെങ്കിലും ..........."
മഹേഷാണ് ചോദിച്ചത് ..
"രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളാകാത്തത്തില്‍ ഇവള്‍ക്ക് ലേശം പരിഭ്രമം ... അപ്പോഴാണ്‌ അവിടുത്തെ ഉരുളി കമഴ്ത്തല്‍ വഴിപാടിനെക്കുറിച്ച് ഇവളുടെ അമ്മ പറഞ്ഞത് .. അപ്പോള്‍ പിന്നെ എല്ലാരുടെയും ഒരു സമാധാനത്തിന് അത് നടത്തിയേക്കാമെന്ന് വിചാരിച്ചു .."
അയാള്‍ പറഞ്ഞു നിര്‍ത്തി ..
തന്നെ മനപ്പൂര്‍വ്വം ഒന്നിരുത്താന്‍ വേണ്ടി ലക്ഷ്മി അതയാളെ കൊണ്ട് പറയിച്ചതാണെന്ന് ഗൌതമന് തോന്നി ...ഒരു ഭര്‍ത്താവിന്റെ കടമ കണ്ട് പഠിച്ചോളൂ എന്ന് പറയും പോലെ ..
പിന്നെയും കുറച്ച് നേരം എന്തൊക്കെയോ പറഞ്ഞ് അവര്‍ തിരിച്ചു പോയി ..ഗൌതമന്‍ അവരുടെ സംസാരം ശ്രദ്ധിക്കുന്നുപോലുമില്ലായിരുന്നു എന്നതായിരുന്നു സത്യം ..
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ ഒരു വീര്‍പ്പുമുട്ടല്‍ ഒഴിഞ്ഞ പോലെയായി ..

"എന്നാലും അവള്‍ക്കതിന്റെ ആവിശ്യമില്ലായിരുന്നു...."
ഗൌതമന്‍ ആരോടെന്നില്ലാതെ പറഞ്ഞു..
"അതിപ്പോ പറഞ്ഞിട്ടെന്താ കാര്യം ഗൌതമാ ..നിനക്ക് നല്ല വിഷമമായീന്നറിയാം ..അന്ന് നീയൊന്നു മനസ്സ് വച്ചിരുന്നെങ്കില്‍ ലക്ഷ്മി ഇപ്പോളും നിന്റെ കൂടെ കണ്ടേനെ ..ഇനീപ്പോ .........."
മഹേഷ്‌ പാതിയില്‍ നിര്‍ത്തി ...
"അതല്ലാ ഞാനുദ്ദേശിച്ചത് ...അവരുടെ കല്യാണം കഴിഞ്ഞിട്ട് വര്‍ഷം രണ്ടല്ലേ ആയിട്ടുള്ളൂ ...അതിലിത്ര ആധി പിടിക്കേണ്ട എന്തു കാര്യമാ ഉള്ളെ ...അത് മനസ്സിലാക്കാതെ ഉരുളീം, ചെമ്പും കമഴ്ത്താന്‍ പോയിരിക്കുന്നു ...കഷ്ടം !!"

ആ മറുപടി മഹേഷിന്റെ മേല്ച്ചുണ്ടിനും കീഴ്ചുണ്ടിനുമിടയില്‍ ഒരു വിടവ് തീര്‍ക്കുമ്പോഴും ഗൌതമന്‍ പുച്ഛത്തില്‍ മുഖം വക്രിച്ച് ബ്ലഡ് ബാഗില്‍ നിന്നും തന്റെ ജീവ കോശങ്ങളിലേക്ക് ഒഴുകിയിറങ്ങുന്ന രക്ത തുള്ളികളില്‍ കണ്ണുറപ്പിച്ചു കിടന്നു ...