സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ശവമുറിയിലെ 358-ആം നമ്പര്‍ പെട്ടി

March 27, 2012 അനില്‍കുമാര്‍ . സി. പി.


കയ്യിലിരുന്ന സ്പ്രേ ഗണ്ണില്‍ നിന്നും റോസയ്യ യാന്ത്രികമായി ക്ലീനിംഗ് ലിക്വിഡ്‌ മോര്‍ച്ചറി ട്രേയിലേക്ക് സ്പ്രേ ചെയ്തു. പേരറിയാത്ത ഏതോ പൂവിന്‍റെ സുഗന്ധം മുറിയിൽ നിറഞ്ഞു.

ഇതാകുമോ മരണത്തിന്‍റെ ഗന്ധം?

ഈ സുഗന്ധം ആയിരുന്നോ ഉണങ്ങിവരണ്ട പാടവരമ്പിലെ ഒറ്റമരക്കൊമ്പിലേക്ക് തന്‍റെ ബസന്തിയെ കൂട്ടിക്കൊണ്ടു പോയത്?

റോസയ്യവേഗം ആ ട്രേ വൃത്തിയാക്കു 

അടുത്തുകൂടി പോയ സൂപ്പര്‍വൈസർ ഓര്‍മ്മിപ്പിച്ചു.

അയാള്‍ ക്ലീനിംഗ് ടവ്വൽ കൊണ്ട് സ്റ്റീൽ ട്രേ വൃത്തിയാക്കാൻ തുടങ്ങി. കുറച്ചപ്പുറത്ത് തറ വൃത്തിയാക്കുന്ന ബംഗാളി പയ്യൻ കേട്ടുമറന്ന ഒരു ഗാനം പതുക്കെ മൂളുന്നു. ഇന്നത്തെ സ്പെഷ്യല്‍ അലവന്‍സിന്റെ സന്തോഷം!

സൂപ്പര്‍വൈസറുടെ മുറിവാതില്‍ക്കൽ മോര്‍ച്ചറി ക്ലീനിംഗ് ഡ്യുട്ടി ചോദിച്ചു വാങ്ങാൻ നില്‍ക്കുന്നവരുടെ  ചെറിയ നിര കാണുമ്പോഴൊക്കെ തോന്നാറുണ്ട് അവരെല്ലാം സെമിത്തേരിയില്‍ നിന്നും എണീറ്റ് വന്നു നില്‍ക്കുകയാണെന്ന്.. അത്രയ്ക്കും നിര്‍വ്വികാരമായിരുന്നു ആ മുഖങ്ങള്‍!

കഴിഞ്ഞ കുറെ ദിവസങ്ങളായി വേദന കൊണ്ട് പുളയുന്ന അമ്മയുടെ ദയനീയ രൂപം ഉറക്കം കെടുത്തിയപ്പോഴാണു തൊട്ടടുത്ത് കിടക്കുന്ന റാംസിംഗ് ധൈര്യം തന്നത്

നീ ഈ മാസം മോര്‍ച്ചറി ഡ്യുട്ടി എടുക്കു. അമ്മയുടെ ഓപ്പറേഷന് കൊടുക്കേണ്ട കൈക്കൂലിക്കുള്ള തുക കൂടുതല്‍ കിട്ടും. നമുക്ക് രാവിലെ സൂപ്പര്‍വൈസറെ പോയി കാണാം. ഇപ്പോള്‍ കുറച്ച് ഉറങ്ങാൻ നോക്ക്.

പിറ്റേ ദിവസം അതിരാവിലെ തന്നെ സൂപ്പര്‍വൈസറുടെ മുറിവാതില്‍ക്കലെത്തി. ആ കസേരയില്‍ ഇരിക്കേണ്ട ആളായിരുന്നു താനും. പക്ഷെ തന്നത് ക്ലീനിംഗ് ജോലി. ആറു മാസം കഴിയുമ്പോള്‍ ജോലി മാറ്റി തരാമെന്നു മാനേജർ പറയുന്നു... പ്രതീക്ഷയില്‍ കുരുക്കിയിടുന്ന വെറും പാഴ്വാക്ക്!

"ഭാഗ്യം ഇന്ന് ക്യു ഇല്ല..."

റാംസിങ്ങിന്‍റെ ആത്മഗതം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ റോസയ്യ നിന്നു.

ക്ലീനിംഗ് വര്‍ക്കെഴ്സിന്‍റെ ഇടയിലെ ഏക ബിരുദാനന്തര ബിരുദക്കാരനായ തന്നോടു അല്പം പരിഗണന ഉള്ളത് കൊണ്ട് വേഗം ഡ്യുട്ടി ശെരിയായി. സൂപ്പര്‍വൈസർ ജോലി വിവരിച്ചു കൊണ്ട് മോര്‍ച്ചറിയിലേക്ക് തനിക്കൊപ്പം നടന്നു. തൊണ്ട വരളുന്നു... കാലുകള്‍ മരവിക്കുന്ന പോലെ.

നിരനിരയായി ബാങ്ക്‌ലോക്കറുകള്‍ പോലെ അടുക്കി വെച്ചിരിക്കുന്ന പെട്ടികള്‍. ഓരോ പെട്ടിയുടെ മുൻ‌വശത്തും രേഖപ്പെടുത്തിയിരിക്കുന്ന അക്കങ്ങൾ ...   സൂപ്പര്‍വൈസർ ഒരു വശത്തെ പെട്ടികൾ ചൂണ്ടിക്കാട്ടി.

ഇതിലെ ബോഡികളെല്ലാം കൊണ്ടുപോകുന്നതുവരെ ആഴ്ചയിലൊരിക്കൽ അവ മാറ്റി ട്രേ വൃത്തിയാക്കണം. ഇപ്പോള്‍ ആ ട്രേ വൃത്തിയാക്കു

ശെരി സര്‍ എന്നുപറയാൻ പോലും ശബ്ദം പുറത്തേയ്ക്ക് വന്നില്ല. ഇന്നലെവരെ താന്‍ ഇതിന്റെ വാതിലിനു നേരെ പോലും നോക്കുകയില്ലായിരുന്നു. കുറെ നിര്‍ദ്ദേശങ്ങൾ തന്നുംചെയ്യേണ്ട ജോലികള്‍ കാണിച്ചു തന്നും അയാൾ പോയി.
  
ആദ്യം വൃത്തിയാക്കേണ്ട പെട്ടി നോക്കി റോസയ്യ നിന്നു, 358 ... ജീവിതത്തിന്‍റെ കണക്ക് തെറ്റിയവരുടെ അക്കങ്ങൾ! അയാള്‍ വീണ്ടും ആ നമ്പരിലെയ്ക്ക് ഒന്നുകൂടി നോക്കി. എന്തോ മനസ്സില്‍ കൊള്ളുന്നതുപോലെ... അല്ലെങ്കിലും തനിക്കുള്ളതാണ്, ചില കാര്യങ്ങൾ കാണുമ്പോഴും കേള്‍ക്കുമ്പോഴും മനസ്സിൽ എന്തോ ഒരുതരം കാഴചകൾ നിറയുന്നതുപോലെ...

അന്നത്തെ വേനലവധിയക്ക് കോളേജിൽ നിന്നും വന്നപ്പോൾ ഗ്രാമത്തിൽ മുഴുവൻ പുതിയ കമ്പനിയുടെ സൌജന്യ പരുത്തി വിത്തുംവളവും വിതരണം ചെയ്യുന്നതിന്‍റെ വിശേഷങ്ങൾ ആയിരുന്നു.

എന്തോ കുഴപ്പുമുണ്ട് അപ്പാനമുക്കിത് വേണ്ട" എന്ന് പറഞ്ഞപ്പോള്‍ കഴിഞ്ഞ വിളവില്‍ നല്ല ലാഭം കിട്ടിയവരുടെ കാര്യം അദ്ദേഹം പറഞ്ഞു.

എന്നാലും വേണ്ടപ്പാ ... വലിയവരുടെ സൌജന്യങ്ങളുടെ പിന്നില്‍ പലപ്പോഴും ഒളിച്ചിരിക്കുന്ന ചതി ഉണ്ടാകും"

ഇപ്പോള്‍ ഞാനും ബസയ്യയും മാത്രമേ കമ്പനിവിത്ത് വാങ്ങാതെ കൃഷി ചെയ്യുന്നവരായിട്ടുള്ളുഎന്നാലും നീ പറയുന്നതില്‍ കാര്യം ഉണ്ടാകും... അപ്പനറിയാം.
.
അപ്പന്‍ അഭിമാനത്തോടെ തന്നെ നോക്കി.

അദ്ദേഹത്തിനറിയാത്ത കാര്യങ്ങളില്‍ തന്റെ വാക്കുകൾ ആയിരുന്നു അപ്പന് അവസാന തീരുമാനം. പക്ഷെ ആ തീരുമാനത്തിന് വലിയ വില കൊടുക്കേണ്ടി വന്നു രണ്ടു കുടുംബങ്ങൾക്കും. കമ്പനിയുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങാതെ നിന്നതിനു തനിക്ക് അപ്പനുംബസയ്യക്ക് തന്റെ മകളും നഷ്ടമായി. പിച്ചിച്ചീന്തിയ ബസന്തി ഒരുപകല്‍ മുഴുവൻ ഒറ്റമരക്കൊമ്പിൽ തൂങ്ങി ആടി.

കൃഷിക്കാരുടെ വിശ്വാസം നേടിക്കഴിഞ്ഞപ്പോൾ അന്തകൻ വിത്തു നല്‍കി അവർ എല്ലാവരെയും ചതിച്ചു. പരുത്തി കൃഷിയില്‍ നഷടം വന്നു ആത്മഹത്യ ചെയ്തവർ എന്ന പേരില്‍ തന്റെ ഗ്രാമത്തിലെ മിക്കവാറും കൃഷിക്കാർ സര്‍ക്കാർ കണക്കുപുസ്തകത്തിലെ വെറും അടയാളങ്ങൾ മാത്രമായി. ഇരകള്‍ മാത്രമാകാൻ വിധിക്കപ്പെട്ടവര്‍ക്ക് അതില്‍ കൂടുതൽ എന്ത് മേല്‍വിലാസം ഉണ്ടാകാനാണ്!

സര്‍ക്കാർ ദുരിതാശ്വാസം  ഇടനിലക്കാരിലൂടെ പലരുടെയും കയ്യിലെത്തിയപ്പോള്‍ ശവമടക്കിന്റെ കടം വീട്ടാൻ പോലും തികയാതായി. കമ്പനിക്കെതിരെ പ്രതിഷേധജ്വാലകളുമായി ഇറങ്ങിത്തിരിച്ചവരെ  അന്തകന്‍ വിത്ത് കമ്പനിയുടെ ബിനാമിയായ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ആള്‍ക്കാർ തൊഴില്‍ വാഗ്ദാനങ്ങൾ നല്‍കി വശത്താക്കി. വരണ്ടുണങ്ങിയ പരുത്തി പാടങ്ങള്‍ ഉപേക്ഷിച്ചു നാട് വിട്ടവര്‍ക്കൊപ്പം ജീവിതം നെയ്തെടുക്കാൻ ഈ മണല്‍നഗരത്തിൽ  ഒരുപാടുപേര്‍ എത്തി. എഴുത്തും വായനയും അറിയുന്നവരും അറിയാത്തവരും. അവര്‍ക്കൊപ്പം താനും.

ആഹാതാന്‍ ഇതുവരെ അത് വൃത്തിയാക്കിയില്ലേഇങ്ങനെ ആലോചിച്ചു നിന്നാല്‍ പണി തീരില്ല... 

സൂപ്പര്‍വൈസർ അല്പം ഈര്‍ഷ്യയോടെ നോക്കി. പിന്നെ 358-ആം നമ്പര്‍ പെട്ടിയുടെ മൂടി തുറന്നു. കട്ടിയുള്ള വെള്ളത്തുണിയിൽ പൊതിഞ്ഞിരുന്ന രൂപത്തിൽ നിറയെ ഐസ് പറ്റിപിടിച്ചിരുന്നു.... നാവു കുഴയുന്നു ... ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍.. അയാള്‍ വേഗം കണ്ണുകൾ ഇറുക്കി അടച്ചു. റാംസിങ്ങിന്റെ സഹായത്തോടെ ട്രേയില്‍ നിന്നും ബോഡി എടുത്ത് വൃത്തിയാക്കിയ മറ്റൊരു ട്രെയിലേക്ക് മാറ്റി.. ഗ്ലൌസുകള്‍ക്കുള്ളിലും കൈ വിരലുകൾ തണുത്തു മരവിച്ചു.

ആരായിരിക്കും ഇതില്‍... ഓര്‍ക്കാപ്പുറത്ത് ജീവിതത്തില്‍നിന്നും ഇറങ്ങിപ്പോയതാണോഅതോ ഇഷ്ടത്തോടെ മരണത്തിനോപ്പം പോയതാണോഒന്ന് മുഖം കണ്ടിരുന്നെങ്കില്‍..

അയാളുടെ ചിന്തയില്‍ മിന്നൽ പിണരുകൾ പോലെ ഒരു രൂപം മിന്നി മറഞ്ഞു. അടച്ചു വെച്ചിരിക്കുന്ന പെട്ടിയില്‍ നിന്നും ഒരു സുതാര്യമായ നിഴൽരൂപം തന്റെ മുന്നിൽ വന്നു നില്‍ക്കുന്നപോലെ... അതിന്റെ വയറിന്റെ ഭാഗത്ത് പതിച്ചിരിക്കുന്ന നമ്പര്‍ 358! ആ രൂപത്തിന്‍റെ ചുണ്ടുകൾ പതുക്കെ അനങ്ങി  

"ഹേയ്.. എന്തിനാ എന്നെപറ്റി ഇങ്ങനെ ആലോചിക്കുന്നത്ഞാന്‍ ആരെന്നറിയണോ .. അതാ നോക്ക്.. "

അയാളുടെ ബോധമണ്ഡലങ്ങളുടെ പാളികൾ ഒന്നൊന്നായി അടര്‍ന്നു വീണു. ഗോദാവരിയുടെ കരയിലെ ആശ്രമ മണ്‍പാതയിൽ പുലർ മഞ്ഞിൽ നടന്നു പോകുന്ന ഗുരുജി... കയ്യില്‍ താൻ വരച്ച ബസന്തിയുടെ ചിത്രം... അദ്ദേഹം പതിഞ്ഞ ശബ്ദത്തിൽ തന്നോട് സംസാരിക്കുന്നുണ്ട്... 

"നിന്‍റെ ചിത്രം കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്... കല കച്ചവടം ചെയ്യാനുള്ളതല്ലപക്ഷെ കലയും കണക്കും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ട്. ഇത് ‘ഗോള്‍ഡൻ റേഷ്യോയിലുള്ള‘ ചിത്രമാണ്. നീ കേട്ടിട്ടുണ്ടോ,3,5.8,13 ... ഇങ്ങനെ ഒരു പ്രത്യക ശ്രേണിയിലുള്ള സംഖ്യകളെ പറ്റി. അതിലെ സംഖ്യകള്‍ക്ക് നിയതമായ ഒരു താളമുണ്ട്ദൂരമുണ്ട്. ഭൂമിയിലെ അതിമനോഹരമായവ എല്ലാം ഈ ക്രമത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്... നിന്‍റെ ബസന്തിയും. ഈ അനുപാതത്തില്‍ അവയവങ്ങൾ ഉള്ളവള്‍ ആരെയും മോഹിപ്പിക്കുന്നവൾ ആയിരിക്കും...

ചിത്രകലയില്‍ മാത്രമല്ല എല്ലാ മേഖയിലയിലും ഇതിന്‍റെ സിദ്ധാന്തം പ്രയോഗിക്കുന്നുണ്ട്. വ്യവസായത്തില്‍, ആര്‍ക്കിടെക്ചറിൽ, എന്തിനു ഫിനാന്‍സിൽ പോലും ഉപയോഗിക്കുന്നു. നീ ചരിത്രം പഠിക്കാനുള്ളവന്‍ അല്ലനിന്റെ ലോകം ചിത്രകലയാണ്. ദരിദ്രന്റെ ശരീരഭാഷ നീ ആദ്യം മാറ്റ്... നിന്റെ കഴിവുകള്‍ വില്‍ക്കാൻ പഠിക്ക് കുഞ്ഞേ...

തണുത്ത കാറ്റില്‍ ഒരു മഞ്ഞുപാളിക്കൊപ്പം അദ്ദേഹം മറഞ്ഞു. ഗോദാവരിയില്‍ നിന്നും വന്ന ശക്തമായ കാറ്റ് ഗുരുജിയുടെ കയ്യിലിരുന്ന ചിത്രം തട്ടിയെടുത്തു. കുറേനേരം അത് പലയിടത്തും തട്ടിയും തടഞ്ഞും കീറി പറിഞ്ഞു തന്റെ മുഖത്ത് വന്നു വീണു. അതില്‍ നിന്നുംഇറുന്നു വീഴുന്ന ചുണ്ടും മുലക്കണ്ണുകളുമായി ഒരു പെണ്‍കുട്ടി ഇറങ്ങി വന്നു. നഖങ്ങള്‍ ആഴ്ന്നിറങ്ങിയ അടിവയറിൽ എന്തോ എഴുതി വെച്ചിരിക്കുന്നു... റോസയ്യ ഒന്നുകൂടി സൂക്ഷിച്ചു നോക്കി 358! പിന്നെ അത് രൂപരഹിതമായ ഒരു നിഴലായി അയാളെ ആലിംഗനം ചെയ്തു  .. അയാള്‍ അലറിക്കരഞ്ഞു...

റോസയ്യാ ... കണ്ണ് തുറക്കു..

ആരാണ് തന്നെ കുലുക്കി വിളിക്കുന്നത്‌ചുണ്ടില്‍ തണുത്ത വെള്ളത്തിന്‍റെ നനവ്‌... ബസന്തി ചൂടാറുള്ള കൊളുന്തിന്‍റെ മണം.

താന്‍ എന്‍റെ ജോലി കൂടി കളയുമല്ലോ.

താഴെ വീണുകിടന്ന അയാളെ താങ്ങി എഴുനേൽ‌പ്പിച്ച് സൂപ്പര്‍വൈസർ പറഞ്ഞു.

നാശം ... ഇനി ഡ്യുട്ടി മാറ്റാനും പറ്റില്ല.

ഇല്ല സര്‍, ഞാൻ ... ഇനി ഇങ്ങനെ ഉണ്ടാവില്ല

റോസയ്യ തളര്‍ന്ന മുഖത്തോടെ അയാളെ നോക്കി.

ജീവിതത്തിന്‍റെ നോവും വേവുമായി ഭൂമിയുടെ അങ്ങേ തലയ്ക്കലോളം നടന്നു തളർന്നവനെപ്പോലെ ചുരുണ്ടുകൂടി ഇരിക്കുന്ന റോസയ്യയുടെ മുഖത്തേയ്ക്ക് നോക്കുവാനാവാതെ അയാൾ കയ്യിലിരുന്ന വെള്ളത്തിന്‍റെ കുപ്പി നീട്ടി. പിന്നെ അവന്‍റെ ശോഷിച്ച ചുമലിൽ തട്ടി ചോദിച്ചു...

ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ ആവാത്തവര്‍ക്ക് ശവമുറികളും വരാന്തകളും ഒരുപോലല്ലേ റോസയ്യാ?“

റോസയ്യ വേച്ച് വേച്ച് എഴുന്നേറ്റ് ജോലി ചെയ്യാന്‍ തുടങ്ങി. 358-ആം നമ്പർ ശവപ്പെട്ടിയില്‍   നിന്നും ഇറങ്ങിയ രൂപരഹിതമായ ഒരു നിഴൽ അപ്പോഴും അയാള്‍ക്ക് ചുറ്റും ഒഴുകുന്നുണ്ടായിരുന്നു ...

@ അനില്‍കുമാര്‍ സി. പി.
http://manimanthranam.blogspot.com

ജീവിതം ഒരു റോഡ് മൂവീ

March 04, 2012 JIGISH










യാ
ത്ര
ജീവിതത്തെ ത്രസിപ്പിക്കുന്ന ഇന്ധനമാണെന്ന് പറഞ്ഞതാരാവാം.? അഥവാ ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ.? അതെന്തായാലും, ഞാനുൾപ്പെട്ട കാമ്പസ്സിലെ അരാജകസംഘത്തെ സംബന്ധിച്ച്, യാത്രകൾ മനസ്സിനെ ഹരം കൊള്ളിയ്ക്കുന്ന ഉത്സവങ്ങളായിരുന്നു. ഒരുവേള, പലർക്കും വിചിത്രമായിത്തോന്നാം. ഞങ്ങളുടെ യാത്രകൾ ഒരിക്കലും പ്രശസ്തമായ ടൂറിസ്റ്റു കേന്ദ്രങ്ങളിലേക്കോ നിസ്സഹായരായ മനുഷ്യർ തിക്കിത്തിരക്കുന്ന പുണ്യസ്ഥലങ്ങളിലേക്കോ ഒന്നുമായിരുന്നില്ല അവ മിക്കവാറും പ്രകൃതിയിലേക്കുള്ള മടക്കയാത്രകളായിരുന്നു. കാടും മലയും വെള്ളച്ചാട്ടങ്ങളും പുഴയും കായലും കാറ്റും കടൽത്തീരവും മാത്രമല്ല. വൈവിധ്യമാർന്ന മനുഷ്യപ്രകൃതിയും വാക്കുകൾക്കതീതമായ അനുഭവങ്ങൾ ഞങ്ങൾക്കു പകർന്നുതന്നു.!

നാട്ടുമ്പുറങ്ങളിലെ നെൽ‌പ്പാടങ്ങൾക്കും പുഴയോരങ്ങൾക്കും ഒറ്റയടിപ്പാതകൾക്കുമായി ഒഴിവുദിനങ്ങൾ വിട്ടുകൊടുത്ത ഞങ്ങൾ വിരസമായ ദിനാന്തങ്ങളിൽ ഭ്രമാത്മകമായ നഗരത്തിരക്കിലലിഞ്ഞു നടന്നു..പുലരിമഞ്ഞിന്റെ പുതപ്പിനുള്ളിലൂടെ പാടത്തു പണിയ്ക്കിറങ്ങുന്ന കർഷകർ എന്നിൽ ശരിക്കും രോമാഞ്ചമുണ്ടാക്കി. എന്റെ ക്യാമറയിൽ ഏറ്റവുമധികം പതിഞ്ഞത് അധ്വാനത്തിന്റെയും, വിയർപ്പിന്റെയും ഈ നിഴൽച്ചിത്രങ്ങളത്രേ.! നഗരത്തെയും ഞങ്ങൾ വെറുതെ വിട്ടില്ല. ഒരിടത്തും നിൽക്കാതെ പായുന്ന അവളുടെ പദചലനങ്ങളെ ഞങ്ങൾ മാറിനിന്ന് വീക്ഷിച്ചു. ലക്ഷ്യമില്ലാതെയുള്ള ഈ അലസഗമനങ്ങൾക്കിടെ ഞങ്ങൾ ജീവിതത്തെപ്പറ്റി ചിന്തിച്ചു...സംസാരിച്ചു. ഒരിക്കലും പിടിതരാത്ത അതിന്റെ വിസ്മയങ്ങളുടെ തലനാരിഴ കീറി. തളരുമ്പോൾ താവളത്തിലേയ്ക്കു മടങ്ങി. ചുരുക്കത്തിൽ, ഏതു യാത്രയും നവ്യാനുഭൂതികളുടെ ഒരു പുതുലോകം ഞങ്ങൾക്കു മുന്നിൽ തുറന്നു. പതിയെപ്പതിയെ, ജീവിതം ഒരു റോഡ് മൂവിയായി ഞങ്ങൾ ആസ്വദിക്കാൻ തുടങ്ങുകയായിരുന്നു.!

ഒരു മുഖവുരയുമില്ലാതെ കഥയിലേയ്ക്കു പ്രവേശിച്ചതിൽ നീരസം തോന്നുന്നുണ്ടോ.? എങ്കിൽ, നമുക്കൊന്നു പരിചയപ്പെടാം. എന്റെ പേർ സൂരജ്. ശിവൻ, ജോൺസൺ, ബാലു എന്നിവർ കൂടിച്ചേർന്നതാണ് ഞങ്ങളുടെ നാൽവർസംഘം. സുഹൃത്തുക്കളെന്നൊക്കെ ഒറ്റ വാക്കിൽപ്പറഞ്ഞാൽ ഒരുപക്ഷേ, കാര്യങ്ങൾ വ്യക്തമാവണമെന്നില്ല. ജീവിതമെന്ന മായികതയിൽ പരസ്പരം കണ്ടുമുട്ടുമ്പോൾ ഞങ്ങൾ ബിരുദവിദ്യാർത്ഥികളായിരുന്നു. സസ്യങ്ങളുടെ നിശ്ചലജീവിതമായിരുന്നു ക്ലാസ്സിലെ പഠനവിഷയമെങ്കിലും യഥാർത്ഥ ജീവിതം ക്ലാസ്സിനു പുറത്തായിരുന്നു. മാലാഖമാരുടെ സ്വപ്നജീവിതം.! ബാച്ചിലെ സുന്ദരികളായ 16 പെൺകുട്ടികൾക്കൊപ്പം ഞങ്ങൾ നാല് ആൺതരികൾ മാത്രം.! വിജയകരമായ മൂന്നു വർഷത്തിനപ്പുറം ബിരുദധാരികളായി മാറുമ്പോൾ, നഗരവും ആ കലാലയവും ആത്മാവിന്റെ ഭാഗമായിത്തീർന്നിരുന്നു. ബിരുദാനന്തരത്തിനും അതേ കാമ്പസ്സിൽ, ഒരേ ക്ലാസ്സിൽത്തന്നെ പ്രവേശനം ലഭിച്ചതാണ് ഞങ്ങളുടെ സൌഹൃദത്തെ ഒരു ചരിത്രസംഭവമാക്കി മാറ്റിയത്.

അദൃശ്യമായ ഏതോ ചരടിനാൽ ബന്ധിക്കപ്പെട്ട ആത്മാക്കളെപ്പോലെ എല്ലായിടത്തും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. കോളെജിലും ഹോസ്റ്റലിലും ബീച്ചിലും ബാറിലും ബസ്സിലും തട്ടുകടയിലും ഹോട്ടലിലും തീയേറ്ററിലും എന്നുവേണ്ട, ഞങ്ങളുടെ വഴികൾ എന്നും ഒരേ ദിശയിൽത്തന്നെ സഞ്ചരിച്ചു.! അഞ്ചാം വർഷത്തിൽ ഒരേ ജോലിക്കുള്ള പ്രവേശനപരീക്ഷ ഒരുമിച്ചു പാസ്സാകുംവരെ ഈ അനുയാത്ര തുടർന്നു.! ശിവനും ജോൺസണും ജോലി ലഭിച്ചപ്പോൾ ഞാനും ബാലുവും ഇന്റർവ്യൂ എന്ന കടമ്പയിൽ തടഞ്ഞു വീണു.! അപ്പോഴും ജോലിയല്ല; അനിവാര്യമായിത്തീർന്ന വേർപാട് മാത്രമായിരുന്നു ഞങ്ങളെ വിഷമിപ്പിച്ചത്.! അഞ്ചു സംവത്സരങ്ങളുടെ സഹവാസത്തിനു ശേഷം ആദ്യമായി ഞങ്ങളുടെ ജീവിതങ്ങൾ നാലു ദിക്കിലേക്കു ചിതറി. ഈ വിരഹം അംഗീകരിക്കാത്ത ഞങ്ങളുടെ മനസ്സുകൾ തപാൽവകുപ്പിനെ ആശ്രയിച്ച് ആശയവിനിമയവും അവസാനിക്കാത്ത സൈദ്ധാന്തിക ചർച്ചകളും തുടർന്നുകൊണ്ടേയിരുന്നു. ശിവന്റെയും ജോൺസന്റെയും അവധിദിനങ്ങൾ പിന്നെയും ഞങ്ങളുടെ സംഗമവേദികളായി മാറി. ഗൃഹാതുരമായ പോയകാലത്തെ മടക്കിവിളിക്കാൻ, ഈ സമാഗമങ്ങളെല്ലാം ഞങ്ങൾ യാത്രകൾക്കായി മാറ്റി വെച്ചു.

ബോറടിക്കുന്നുണ്ടോ.? ഉണ്ടെങ്കിൽ പറയണം...അതൊരു ഒക്ടോബർ മാസമായിരുന്നു. നേർത്ത തണുപ്പുകാറ്റിന്റെ തലോടലേറ്റ് രാത്രിവണ്ടിയിൽ ഞാനും ബാലുവും ജോൺസണും എറണാകുളത്തുനിന്നു പേരാമ്പ്രയിലേയ്ക്കു യാത്ര ചെയ്യുമ്പോൾ, വിശേഷിച്ച് ഒരു പദ്ധതിയും മനസ്സിലുണ്ടായിരുന്നില്ല. സൈഡ് സീറ്റിലെ ഷട്ടർ താഴ്ത്തി, ഞങ്ങൾ സുഖമായുറങ്ങി. പുലർച്ചയോടെ ശിവന്റെ വാടകവീട്ടിലെത്തിയതും മനസ്സിലേയ്ക്ക് കാമ്പസ്സും ആ നഷ്ടസ്മൃതികളും മടങ്ങിവന്നു. അല്പനേരം വിശ്രമിച്ച്, കുളിയും തേവാരവുമെല്ലാം കഴിഞ്ഞ് തൊട്ടടുത്തുള്ള ഉഡുപ്പി ഹോട്ടലിൽ നിന്ന് ഞങ്ങൾ ഇഡ്ഡലിയും ചമ്മന്തിയും കഴിച്ചു. ചൂടുചായ ഊതിക്കുടിക്കുന്നതിനിടെ, ‘ഇന്നു നമ്മൾ കക്കയത്തേയ്ക്കാണ് പോകുന്ന‘തെന്ന് ശിവൻ വെളിപ്പെടുത്തി. ഉച്ചഭക്ഷണം പാഴ്സലായി വാങ്ങി, സ്റ്റാൻഡിലെത്തിയ ഞങ്ങളെക്കാത്ത് അബൂബക്കർ എന്ന ടാക്സിഡ്രൈവർ നിൽ‌പ്പുണ്ടായിരുന്നു. ‘ഇതു ബക്കറിക്ക; എന്റെ സ്ഥിരം സാരഥി‘യെന്ന് ശിവൻ പരിചയപ്പെടുത്തി. നരച്ചുതുടങ്ങിയ താടിയിൽ തടവി, ബക്കർ നിഷ്കളങ്കമായി ചിരിച്ചു. പിന്നെ, കാറിൽക്കയറി ഞങ്ങൾ യാത്രയായി.

ശിവന്റെ വക സ്ഥലപുരാണത്തിന്റെ അകമ്പടിയോടെ, വനമേഖലയിലേക്കുള്ള വഴികൾ പിന്നിടുമ്പോൾ, ഞാനോർക്കുകയായിരുന്നു. പത്താം തരത്തിൽ പഠിക്കുമ്പോഴാണ് സാജനെന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ദുരൂഹമായ കസ്റ്റഡിമരണം. അന്നത്തെ പത്രത്താളുകളിലെ ശവഗന്ധമുള്ള വാർത്തകളും വൃദ്ധനായ ഒരു പിതാവിന്റെ ദു:ഖം ഖനീഭവിച്ച മുഖവും എനിക്കോർമ്മ വന്നു. ഉച്ചയോടെ കക്കയത്തെത്തി. ഒരിക്കൽ നിഗൂഢരഹസ്യങ്ങളുടെ കലവറയായിരുന്ന പോലീസ് ക്യാമ്പ് ഇന്ന് വെറുമൊരു ഓഫീസാണ്. ‘സ്വന്തം ഉത്തരവാദിത്തത്തിലാണ് ഡാം സൈറ്റിലേയ്ക്കു പോകുന്നതെന്ന് എഴുതിയൊപ്പിട്ടു നൽകുമ്പോൾ, എന്തിനാണിത്രയും കരുതലെന്ന് ഞങ്ങളോർക്കാതിരുന്നില്ല. ഇരുവശവും ഇടതൂർന്ന ഹരിതവനത്തിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ഇടുങ്ങിയ വഴി, ആ കരുതലിനെപ്പറ്റി ദുരൂഹമായ ചില സൂചനകൾ തന്നുകൊണ്ടിരുന്നു. മുകളിലേക്കു പോകുന്തോറും നിശ്ശബ്ദതയുടെ കനം കൂടിക്കൂടി വരുന്നതുപോലെ.! ഇടയ്ക്കിടെ പുറത്തിറങ്ങി ഞങ്ങൾ ക്യാമറ ക്ലിക്ക് ചെയ്തു. പൊടുന്നനെ എവിടെനിന്നോ മഞ്ഞിൻ പാളികൾ വന്നു നിറഞ്ഞ് വനമാകെ ഒരു വെള്ളക്കടലായി മാറി. പ്രകൃതിയുടെ വന്യഭംഗി ആസ്വദിക്കുന്നതിനൊപ്പം അകാരണമായ ഒരു ഭീതി ഞങ്ങളെ വലയം ചെയ്തു. ‘ഹോ..എന്തൊരു കാട്.! ആളെക്കൊല്ലാൻ പറ്റിയ സങ്കേതം തന്നെ’യെന്ന് ജോൺസൺ ഒരു തമാശ പറഞ്ഞു. ചരിത്രത്തിലെ ആ ദുരന്തസ്മൃതികൾ ഒരിക്കൽക്കൂടി മനസ്സിലേക്കു കടന്നുവന്നു.

മലമുകളിലെ ഡാം സൈറ്റിലെത്തിയപ്പോഴേയ്ക്കും മഴ പെയ്യാനാരംഭിച്ചു. മലയിലെ മഴയ്ക്ക് സമതലങ്ങളിലെ മഴയുടെ ശാന്തസ്വഭാവമല്ല. വലിയ മഴത്തുള്ളികൾ, ചരൽക്കല്ലുകളെപ്പോലെ ശരീരത്തെ നോവിച്ചു. മഴയുടെ ശക്തി കൂടിയതിനാൽ ഞങ്ങൾ ഓടി കാറിൽക്കയറി. ഭക്ഷണപ്പൊതിയഴിച്ച് വിശപ്പകറ്റി, ഞങ്ങൾ മഴയ്ക്കിടയിലൂടെ മലയിറങ്ങാൻ തുടങ്ങി. നിമിഷങ്ങൾക്കകം ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മലഞ്ചരിവിലൂടെ നിരവധി ജലപാതങ്ങൾ രൂപപ്പെട്ടു. പ്രകൃതിയുടെ പെട്ടെന്നുള്ള ഈ ഭാവമാറ്റം ഞങ്ങളെ തെല്ലു ഭയപ്പെടുത്താതിരുന്നില്ല. ‘വഴി ഒട്ടും കാണാൻ കഴിയുന്നില്ല’ എന്നു ബക്കറിക്ക പറഞ്ഞതിനാൽ ഞാൻ ടവ്വലെടുത്ത് മുന്നിലെ ഗ്ലാസ്സ് തുടച്ചുകൊണ്ടിരുന്നു. ഒരു ഹെയർപിൻ വളവു തിരിഞ്ഞ് ബക്കർ പെട്ടെന്ന് വണ്ടി നിർത്തി. പുറത്തേക്കു നോക്കിയ ഞങ്ങൾ ശരിക്കും പേടിച്ചുപോയി. മലമുകളിൽ നിന്ന് വലിയ ഒരു വെള്ളച്ചാട്ടം തൊട്ടുമുന്നിലെ കാട്ടുപാതയിലേയ്ക്ക് ശക്തിയായി പതിക്കുകയാണ്. ‘വണ്ടിയെടുക്കാൻ കഴിയൂല്ല; ഒന്നെറങ്ങി നോക്ക്...’ബക്കറിന്റെ ശബ്ദത്തിലും ആശങ്ക നിറഞ്ഞിരുന്നു.

ഞങ്ങൾ പുറത്തിറങ്ങി രംഗം വീക്ഷിച്ചു. ഒരു കാറിനു മാത്രം സഞ്ചരിക്കാവുന്ന ഇടുങ്ങിയ വഴിനിറഞ്ഞ് വെള്ളമൊഴുകുകയാണ്. പെരുമഴയിൽ രൂപമെടുത്ത വെള്ളച്ചാട്ടങ്ങൾക്ക്, നോക്കിനിൽക്കെ ശക്തി കൂടിവരുന്നു. വണ്ടിയെടുത്താൽ, കാറിനു മുകളിലേയ്ക്കു തന്നെ വെള്ളം ശക്തിയായി പതിയ്ക്കും. തൊട്ടപ്പുറത്ത് നിലയില്ലാത്ത കൊക്കയാണ്. നനഞ്ഞു കുതിർന്ന ഞങ്ങൾ നിസ്സഹായരായി മുകളിലേയ്ക്കു നോക്കി. അല്പമകലെയായി, ഒരു വലിയ പാറ അടർന്നു വീണ ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടിവിറച്ചു. മുന്നറിയിപ്പുപോലെ ഒരു‌ മേഘഗർജ്ജനം കൂടി ഭൂമിയിലേയ്ക്കിറങ്ങിവന്നു. അവിടെ നിൽക്കുന്നതു പന്തിയല്ലെന്നു തോന്നി. രണ്ടും കല്പിച്ച് കാറിൽ കയറി ഞങ്ങൾ ബക്കറിനു ധൈര്യം പകർന്നു. ഗിയർ താഴ്ത്തി, ബക്കർ വണ്ടിയെടുത്തു. ജലപാതത്തിൽ ശക്തമായി ഒന്നുലഞ്ഞെങ്കിലും ഒഴുക്കിൽ‌പ്പെട്ടതു പോലെ കാർ പതിയെ മുന്നിലേയ്ക്കു നീങ്ങി. പുനർജ്ജന്മം ലഭിച്ചവരെപ്പോലെ ഞങ്ങൾ പ്രാർത്ഥനാനിരതരായി.!

വൈകിട്ട് അഞ്ചുമണിയോടെ നഗരത്തിൽ തിരിച്ചെത്തി ബക്കറെ യാത്രയാക്കുമ്പോഴാണ് ആ ചൂടുവാർത്തയറിഞ്ഞത്. വടക്ക് അയോദ്ധ്യയിലേക്കു പുറപ്പെട്ട ഒരു രഥയാത്ര സർക്കാർ തടഞ്ഞിരിക്കുന്നു.! നാട്ടിലാകെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.! പുറം ലോകത്തു നടന്നതൊന്നുമറിയാതെ ഒരു പകൽ മുഴുവൻ ഞങ്ങൾ യാത്രയിലായിരുന്നല്ലോ.? ഒരിക്കൽക്കൂടി, ഞങ്ങൾ വിഷമകരമായ ഒരു ചരിത്രസന്ധിയിലെത്തിച്ചേർന്നതായി എനിക്കു തോന്നി.

വളരെ വേഗത്തിൽ, നഗരത്തിന്റെ ഭാവം മാറി. ഒരു സാംക്രമികരോഗം പോലെ തെരുവിലുടനീളം ഹർത്താൽ പടർന്നുപിടിച്ചു. കടകളടഞ്ഞു. സ്വയമൊളിയ്ക്കാൻ ശ്രമിക്കുന്നതു പോലെ നഗരവാസികൾ കൂരകൾക്കുള്ളിലേക്കൊതുങ്ങി. ബാക്കിയായവർ കരുതലോടെ കൂട്ടംകൂടി നിന്നു. അവരുടെ തൊണ്ടയിൽ നിന്ന്, ചുരുക്കം വാക്കുകൾ മാത്രം പതിഞ്ഞ ശബ്ദത്തിൽ പുറത്തു വന്നു. ഭയം ഭീമാകാരനായ ഒരു ദിനോസറിനെപ്പോലെ നഗരത്തെ പാതിയും വിഴുങ്ങിക്കഴിഞ്ഞിരുന്നു. അത്താഴത്തിനായി എന്തെങ്കിലും വാങ്ങാമെന്നുകരുതി ഞങ്ങൾ അടച്ചു കൊണ്ടിരുന്ന ഒരു ഹോട്ടലിൽ കയറി. അപ്പോൾ, ദൂരെനിന്ന് ഒരു ജാഥ കടന്നുവരുന്നുണ്ടായിരുന്നു. വളരെപ്പെട്ടെന്ന് തൊട്ടടുത്ത കവലയിൽ നിന്ന് എതിർദിശയിലേക്കും ഒരു ജാഥ രൂപപ്പെട്ടു. അതുവരെ സാധാരണ മനുഷ്യരായിരുന്നവർ പെട്ടെന്ന് ഹിന്ദുവും മുസ്ലീമുമായി മാറിയതായി എനിക്കു തോന്നി. പോർവിളി മുഴക്കിക്കൊണ്ട് ഇരുജാഥകളും നേർക്കുനേർ അടുത്തു. ഞങ്ങൾ ഒരപകടം മണത്തു. നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളുടെ കണ്മുന്നിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. കയ്യിൽ മാരകായുധങ്ങളുമായി ദൂരെനിന്ന് കുറച്ചുപേർ ഓടിവരുന്നതുകണ്ട് ഞങ്ങൾ കടയിൽ നിന്നിറങ്ങിയോടി. അടുത്തു കണ്ട ഒരിടവഴിയിലൂടെ ശിവൻ താമസിക്കുന്ന വീട്ടിലെത്തിയപ്പോഴേയ്ക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.

വാതിലും ജനലുമെല്ലാമടച്ച് ഞങ്ങൾ അകത്തിരുന്നു. ഉള്ളിലും പുറത്തും ഭയാനകമായ ഒരു നിശ്ശബ്ദത കനത്തുവന്നു. ഞങ്ങൾക്ക് ഒന്നും സംസാരിക്കാൻ തോന്നിയില്ല. കുറച്ചു ദൂരെ നിന്ന് ഒരു സ് ഫോടനത്തിന്റെ ശബ്ദം ഉയർന്നുകേട്ടു. ജനൽപ്പാളി തുറന്ന് ഞങ്ങൾ പുറത്തേക്കു നോക്കിയെങ്കിലും ഒന്നും വ്യക്തമായിരുന്നില്ല. പെട്ടെന്ന് വൈദ്യുതി നിലച്ചു. എല്ലാ സങ്കീർണ്ണതകളെയും വിഴുങ്ങിക്കൊണ്ട് ഇരുട്ട് അതിന്റെ ഭീതിദമായ രൂപം പുറത്തുകാട്ടി. എന്തെങ്കിലും സംസാരിക്കാൻ വേണ്ടി മാത്രം, ‘ഈ വീട് ആരുടെയാണെ‘ന്ന് ഞാൻ ശിവനോട് പതുക്കെ ചോദിച്ചു. ‘ഇതു ഷൌക്കത്ത് മാഷിന്റെ വീടാ. രണ്ടുവർഷമായി മാഷും കുടുംബവും ഗൾഫിലാ..’ അവൻ പറഞ്ഞു. ഇതു കേട്ടതോടെ എന്റെ ശ്വാസഗതി അല്പം കൂടി വേഗത്തിലായി. പാവം ബാലുവിന്റെ ശരീരം ആലിലപോലെ വിറയ്ക്കുന്നത് ആ കനത്ത ഇരുട്ടിലും ഞാൻ കണ്ടു. വിശപ്പും ദാഹവുമൊക്കെ മറന്ന് അനിവാര്യമായ വിധിയും കാത്ത് ഞങ്ങൾ അവിടെത്തന്നെയിരുന്നു. ഈയൊരു ദിവസത്തെ അനുഭവത്തിൽ നിന്നുതന്നെ, എനിക്കു മതങ്ങളിലുള്ള വിശ്വാ‍സം എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടിരുന്നു.! വളരെപ്പെട്ടെന്ന്, തികച്ചും യാദൃശ്ചികമായി, യാത്രയുടെ നാനാർത്ഥങ്ങളെപ്പറ്റി ഞാൻ ഒരിക്കൽക്കൂടി ഓർത്തുപോയി. ‘യാത്ര ജീവിതത്തെ ചലിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന ഇന്ധനമാണെന്ന് പറഞ്ഞതാരാവാം.? അഥവാ ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ.?’